അധ്യായം 53
ഇരുട്ടിന്റെ വ്യാകരണം
എത്ര രാത്രിവേണമെങ്കിലും ഉറക്കമൊഴിയാൻ ഒരുക്കമാണെന്ന് നിശ്ചയിച്ച് ക്രിസ്റ്റഫർ നീണ്ട ഇടനാഴിയുടെ ഇരുൾനദിയിലേക്ക് നോക്കിയിരുന്നു. കണ്ണുതുറിച്ച് ഡോ. ബെക്തറേവ് ഇരുട്ടിലേക്കും ക്രിസ്റ്റഫറിനെയും മാറിമാറി നോക്കി.
ക്രിസ്റ്റഫർ ഫോണിലേക്കു നോക്കി.
ഏറെ നേരമായി റിങ് ചെയ്തുകൊണ്ടിരുന്ന ഫോണിന്റെ മറുതലയ്ക്കൽ ആരാണെന്നേതാണ്ട് വ്യക്തമായിരുന്നു. നോവലിന്റെ അവസാന അധ്യായമെഴുതി അടിവരയിടുമെന്നുറപ്പു കൊടുത്ത ദിവസം കഴിഞ്ഞിട്ട് ഒരാഴ്ചയായിരിക്കുന്നു. അതിനിടയിൽ രണ്ട് തവണ അലക്സ് വിളിക്കുകയും ചെയ്തതാണ്.
ഹൊ, ആശ്വാസമായി. അപ്പുറത്ത് അലക്സിന്റെ ശബ്ദമല്ല കേട്ടത്.
ഇറീന രോഷത്തോടെയാണ് സംസാരിച്ചു തുടങ്ങിയത്. എത്രയും പെട്ടെന്ന് അലക്സിനെ വിളിച്ചതിനുശേഷം തന്നെ വിളിക്കൂ എന്നു മാത്രം പറഞ്ഞ് ഇറീന ഫോൺ കട്ടുചെയ്തു. അവസാനം ഇറീനയെ കണ്ടപ്പോഴും വിചാരിച്ച രീതിയിൽ നോവലെഴുത്ത് മുന്നോട്ടുനീങ്ങുന്നില്ലെന്ന കാര്യം പറഞ്ഞതാണ്. അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ഒരു പക്ഷേ, ഈ നോവലെഴുത്ത് ശ്രമം ഉപേക്ഷിക്കുമെന്നും സൂചിപ്പിച്ചിരുന്നു. അഡ്വാൻസായി വാങ്ങിയ പണം മറ്റെന്തെങ്കിലും വഴിയിൽ തിരിച്ചുകൊടുക്കുന്നതിനെപ്പറ്റി ആലോചിച്ചുകൊണ്ടിരിക്കെ ഇറീനയാണ് വീണ്ടും എഴുത്തിൽ സംഭവിക്കാനിടയുള്ള ചില അവിശ്വസനീയതകളെക്കുറിച്ച് സൂചിപ്പിച്ചത്. നമ്മുടെ കണക്കുകൂട്ടലുകൾ തെറ്റിയെന്നു വരാം. ഒരെഴുത്തുകാരൻ അങ്ങനെ ചില അവിചാരിത അനുഭവങ്ങളിലൂടെ സഞ്ചരിക്കാനുള്ള സാദ്ധ്യത ഏറെയാണ്.
ക്രിസ്റ്റഫർ റീഡ് ജീവചരിത്രമെഴുതിയ അതേ മനുഷ്യനെക്കുറിച്ച് ഒരു നോവലെഴുതാൻ തുടങ്ങിയ ദിവസം മുതൽ തുടങ്ങിയതാണ് ഈ ഉള്ളുരച്ചിലുകൾ. അനായാസം അതു പൂർത്തിയാക്കാൻ കഴിയാതെ, തുടരാൻ പോലുമാകാതെ പുകഞ്ഞപ്പോഴൊക്കെ ഇന്ധനം പോലെ താനെന്ന വാഹനത്തെ മുന്നോട്ട് നയിച്ചത് ആത്മസുഹൃത്തിന്റെ കഠിനരോഗവും; അതിനുവേണ്ടി വരുമായിരുന്ന പണവുമായിരുന്നു. അങ്ങനെയുള്ള പല സന്ദർഭങ്ങൾ ഓർത്തതോടെ ക്രിസ്റ്റഫർ ഫോണിനടുത്തേക്ക് തിരിഞ്ഞു. അലക്സിന്റെ നമ്പർ പലതവണ ഡയൽ ചെയ്തെങ്കിലും ആരും മറുപുറത്തുണ്ടായിരുന്നില്ല.
അലക്സിന്റെ വിളി വൈകാതെ വരുമെന്നും ചിലത് സംസാരിക്കാൻ കഴിയുമെന്നും കരുതി ക്രിസ്റ്റഫർ കണ്ണുകളടച്ചിരുന്നു.
പോയ അതേ വേഗതയിൽ തിരിച്ചുവന്ന ഡോ. ബെക്തറേവിനു ചുറ്റും ഒരു പ്രകാശവൃത്തം. അതെക്കുറിച്ച് ആദ്യം ചോദിക്കണമെന്നും, ബെക്തറേവിനു പറയാനുള്ളതൊക്കെ തടയില്ലാതെ കേട്ടിരുന്നാൽ പലതും ചരിത്രമുഹൂർത്തങ്ങൾ ഓർമ്മപ്പെടുത്തുന്ന സന്ദർഭങ്ങളായിരിക്കുമെന്നും ക്രിസ്റ്റഫറിന് തോന്നി.
"അതെ ക്രിസ്റ്റഫർ, ഈ നഗരത്തിൽ ഞങ്ങൾ സഞ്ചരിക്കാത്ത വഴികൾ ഒന്നുപോലും കാണാനാവില്ല. ഒരു ചെറിയ ഇടറോഡുപോലും എനിക്ക് മറക്കാനാവുന്നതുമല്ല. അവയൊക്കെ ഒരിയ്ക്കൽക്കൂടി നടന്നുതീർക്കാൻ ഇത്ര സമയം കൊണ്ട് കഴിയില്ലല്ലോ. അതുകൊണ്ട് വളോദ്യ എപ്പോഴും ആവർത്തിച്ചു നടക്കണമെന്ന് ആഗ്രഹിച്ച ചില വഴികളിലൂടെ ഞാൻ ഒറ്റയ്ക്ക് നടന്നു. ആ വഴികളിൽ നിന്നാണ് ഈ പ്രകാശബിന്ദു ഓരോന്നായി എനിക്കുനേരെ പറന്നുവന്നത്’’.
ഡോ. ബെക്തറേവ് പറയുന്നതൊക്കെ കുറിച്ചെടുക്കുന്നതിനായി ക്രിസ്റ്റഫർ കടലാസും പേനയും കരുതിവച്ചിരുന്നു.
ഇറീന പറയാറുള്ളത് ഒരിയ്ക്കൽക്കൂടി ക്രിസ്റ്റഫർ ഓർത്തു: ‘‘അവസരം, പ്രത്യേകിച്ച് നല്ല അവസരം അപൂർവ്വമായി മാത്രമേ നമുക്ക് മുന്നിൽ വരൂ. അത് വേണ്ടവണ്ണം ഉപയോഗിക്കുന്നവർക്കുള്ളതാണ് ഈ ലോകവും വിജയവും മുന്നോട്ടുപോക്കും. അങ്ങനെയുള്ള നേരങ്ങളിൽ സന്ദേഹികളായും പിന്മാറ്റക്കാരായും മാറുന്നവർ ഓരങ്ങളിൽ മാത്രം പ്രത്യക്ഷരാകാൻ വിധിക്കപ്പെട്ടവരാകും."
‘‘എന്തായിരുന്നു വ്ലജിമീറിന്റെ അവസാനനാളുകളിലെ പിരിമുറുക്കങ്ങൾ? മരിക്കുമ്പോൾ എന്തൊക്കെയാവും ആ മനസ്സിൽ കനത്തു നിന്ന ഖേദങ്ങൾ. ഡോക്ടർ ബെക്തറേവ് താങ്കൾ എങ്ങനെയാണ് ഈ ഭൂമിയിൽ നിന്നും പിൻവാങ്ങിയത്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം പ്രഭാതത്തിനു മുമ്പ് പറയാൻ കഴിയുമോ?"
ക്രിസ്റ്റഫർ ഡോ. ബെക്തറേവിനെ നോക്കി. കടലാസുകൾ കൂട്ടിമുട്ടുന്ന ശബ്ദം മാത്രമേ അപ്പോൾ കേൾക്കാനുണ്ടായിരുന്നുള്ളൂ.
നിശ്ശബ്ദത ചില നേരങ്ങളിൽ ആകാംക്ഷയ്ക്ക് വഴിമാറും. ഇമവെട്ടാൻപോലും കഴിയാതെ ക്രിസ്റ്റഫർ തുറുകണ്ണുമായി ഇരുട്ടിലേക്ക് നോക്കിയിരുന്നു. സാവധാനം അണഞ്ഞുപോയ ആ പ്രകാശ രശ്മികൾക്കു ചുറ്റും എന്തോ ഒന്ന് ചലിക്കുന്നതുപോലെ തോന്നിത്തുടങ്ങി.
ക്രിസ്റ്റഫർ വെളിച്ചം തിരഞ്ഞ് ഇരുട്ടിൽ കൈയെത്തി പരതിക്കൊണ്ടിരിക്കെ ആ ശബ്ദം വീണ്ടുമുയർന്നു. ആശുപത്രികളിൽ അനുഭവപ്പെടാറുള്ള ഈഥറിന്റെ മണം ചുറ്റും നിറയുകയാണ്. അപ്രതീക്ഷിതമായ നേരത്ത് ചിലത് സംഭവിക്കുമെന്നും, അത് ജീവിതത്തിൽ വലിയ വഴിത്തിരിവുകൾ സൃഷ്ടിക്കാൻസാധ്യതയുണ്ടെന്നും അപ്പോൾ ക്രിസ്റ്റഫറിനും തോന്നി.
കഴിഞ്ഞ രണ്ടുവർഷം കൊണ്ട് കൂട്ടിയ ഒരു കൂട് ഉടച്ചുവാർക്കണമോ, ഉപേക്ഷിക്കണമോ വാസയോഗ്യമാക്കണമോ എന്ന മൂന്ന് ചോദ്യങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കേണ്ട സമയമാണിത്. മലമുകളിൽ നിന്നും ഒരു പട്ടമെന്നപോലെ പറന്നുവീഴുന്ന തന്നെത്തന്നെയാണ് ക്രിസ്റ്റഫർ ആ സമയത്ത് സങ്കല്പിച്ചത്.
ഇനി ഈ എഴുത്തുവേവ് സഹിച്ച് അധികം മുന്നോട്ടുപോകാനാവില്ല. ഓരോ അദ്ധ്യായവും എഴുതിപൂർത്തിയാക്കുമ്പോൾ തോന്നിയിട്ടുണ്ട് ഇനി ഒരക്ഷരംപോലും എഴുതാനാവില്ലെന്ന്. എങ്കിലും ഇരീനയില്ലാതെ മറ്റൊരു നിഴൽ ഇടയ്ക്കും മുറയ്ക്കും താങ്ങായും തണലായും പിന്തുടരുന്നതായി അനുഭവപ്പെട്ടുകൊണ്ടിരുന്നു. ആ നിഴലാണ് ഇത്ര ദൂരവും കൊണ്ടെത്തിച്ചത്.
പ്രത്യക്ഷനായ ഡോ. ബെക്തറേവിന്റെ സത്യകഥനത്തോടെ നോവലിന്റെ അവസാന അദ്ധ്യായമെഴുതാനാകുമെന്ന് ക്രിസ്റ്റഫർ നിശ്ചയിച്ചു. ബെക്തറേവിൽ നിന്നും അറിയേണ്ടത് രണ്ടു കാര്യങ്ങൾ മാത്രം. ഈ രാത്രി അത് രണ്ടും തന്റെ കാതിൽ വന്നുവീഴുമെന്ന തോന്നൽ ക്രിസ്റ്റഫറിന്റെ കൺപോളകളെ കൂട്ടിമുട്ടാൻ അനുവദിച്ചില്ല.
“ഉല്യാനവിനോട് ആരും അങ്ങോട്ടൊന്നും ചോദിക്കാറുണ്ടായിരുന്നില്ല. അവസാന നാളുകളിൽ പ്രത്യേകിച്ചും. അനാരോഗ്യം ആ കൊടിപ്പടം താഴ്ത്തിക്കെട്ടാൻ തുടങ്ങിയിരിക്കുന്നതായി ക്രൂപ്സ്കയയും മനസ്സിലാക്കി കഴിഞ്ഞിരുന്നു. ലെനിന്റെ സ്വപ്നത്തിലെ റഷ്യൻ ചിറകുകൾ ആയത്തിൽ വീശാൻ തുടങ്ങിയിട്ടില്ലെന്നും അതിനുമുമ്പ് ചിറകിന്റെ ശക്തി കെട്ടുതുടങ്ങിയിരിക്കുന്നതായും ചില സ്നേഹിതരായ ഡോക്ടർമാരിൽനിന്നും ചില സൂചനകൾ ലഭിച്ചിരുന്നു. നേരിട്ടത് പറയാൻ പലരും മടിച്ചിരുന്നെന്നത് നേരാണ്.
നേരിട്ടും ഫോണിലും ഡോക്ടർമാർ എന്നോട് സംസാരിച്ചിരുന്നു. കണ്ടുമുട്ടുമ്പോൾ എങ്ങനെയുണ്ട് ബെക്തറേവ് എന്റെ ശരീരശാസ്ത്രത്തിന്റെ പ്രവർത്തനങ്ങൾ? എത്രകാലം കൂടി ഇങ്ങനെ ഈ വാഹനം മുന്നോട്ടുപോകുമെന്നൊക്കെ പതിവുപോലെ കോട്ടിന്റെ പോക്കറ്റിൽ കൈതിരുകി ചെറിയൊരു ചിരിയോടെ ലെനിൻ ചോദിക്കും. ഞാൻ പരിശോധനാഫലങ്ങളും ഡോക്ടർമാരുടെ നിരീക്ഷണവുമൊക്കെ നോക്കിയശേഷം യാതൊരു മറയുമില്ലാതെ ചിലതൊക്കെ പറയും. സശ്രദ്ധം ആളത് കേട്ടിരിക്കും...”
ഡോ. ബെക്തറേവിന്റെ വാക്കുകൾ കേട്ടുകൊണ്ടിരിക്കെ ക്രിസ്റ്റഫർ റീഡിന് മറ്റൊരു കാര്യം ഓർമ്മവന്നു. വിശദമായ സംഭാഷണത്തിനുള്ള നേരം ഈ രാത്രിയിൽ കിട്ടിയെന്നു വരില്ല. മറ്റൊരുദിവസം ഇങ്ങനെയൊരു രാത്രി ആവർത്തിക്കുമെന്നു കരുതാനുമാവില്ല. സ്വന്തം ഭാവനയുടെയോ ചരിത്രസന്ധികളുടെയോ പശ്ചാത്തലത്തിൽ നോവൽ അവസാനിപ്പിച്ചാൽ വായനക്കാർ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു പുതുമ കൊണ്ടുവരാൻ കഴിഞ്ഞെന്നു വരില്ല. അങ്ങനെ സംഭവിച്ചാൽ പരാജിതമായ അസംഖ്യം നോവലുകളിലൊന്നായി ഈ രചനയും മാറും.
(തുടരും)