അധ്യായം 54
അശരീരികൾ
ഡോ. ബെക്തറേവിന്റെ മരണത്തെക്കുറിച്ചുള്ള സംഭാഷണം ക്രിസ്റ്റഫർ കേട്ടത് അശരീരിയായാണ്. അതും പുതപ്പിനുള്ളിൽ പനിച്ചു വിറച്ചുകിടന്നപ്പോൾ.
"...ഒട്ടും ആഹ്ലാദകരമായിരുന്നില്ല വ്ലജിമീറിന്റെ അവസാനദിനങ്ങൾ...", ഡോ. ബെക്തറേവ് ശബ്ദം താഴ്ത്തി പറഞ്ഞു. ദീർഘനിശ്ശബ്ദതയിൽ ആ വാക്കുകൾ ക്രിസ്റ്റഫർ നോട്ടുപുസ്തകത്തിൽ കുറിച്ചിട്ടു.
"...അതെ ക്രിസ്റ്റഫർ; രോഗത്തിന്റെ കഠിനമായ പിടിച്ചമർത്തലിനിടയിൽ എപ്പോഴൊക്കെയോ മരണത്തിന്റെ തുരങ്കത്തിലെത്തി കഴിഞ്ഞതായി ലെനിന് തോന്നിത്തുടങ്ങി. മരണത്തെ ഭയന്നില്ലെങ്കിലും ശേഷിച്ച സ്വപ്നങ്ങളുടെ തൂവലുകൾസ്വന്തം ചിറകിൽ തിളങ്ങിനില്ക്കുന്നതും അവ അകലെ കാണുന്ന നക്ഷത്രത്തിലേക്ക് പോകാൻ വെമ്പുന്നതും ലെനിൻ കാണുന്നുണ്ടായിരുന്നു. അതിനേക്കാൾ ഖേദം തോന്നിയത് റഷ്യയുടെ ആകാശത്തിൽ താനറിയാതെ ചിലത് സംഭവിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോഴാണ്. നെഞ്ചു ലക്ഷ്യമാക്കി തിരപായിച്ചവരെക്കുറിച്ചു പറയുമ്പോൾ പോലും ആ ഭാവം ഇത്രമാത്രം പകർന്നിരുന്നില്ല.
രഹസ്യങ്ങൾ ഒളിപ്പിച്ചു കടത്തുന്നവർ തനിക്കരികെക്കൂടി നടന്നുപോകുന്നത് വളോദ്യ തിരിച്ചറിഞ്ഞിരുന്നതായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അവയൊക്കെ കണ്ടില്ലെന്നു ഭാവിക്കാൻ പതുക്കെപ്പതുക്കെ ആൾ ശീലിച്ചുതുടങ്ങിയിരുന്നു.
ഒരു നാൾ ട്രോട്സ്കി, ബുഖാറിൻ, സിനോവീവ് എന്നിവർ ലെനിനെ കാണാൻ വന്നു. എന്റെ ക്ലിനിക്കിലായിരുന്നു ആ കൂടിച്ചേരൽ. അവരുടെ സംഭാഷണത്തിനിടയിൽ അഞ്ചാമതൊരാൾക്ക് കൂടി ഇടമില്ലെന്നു മുൻകൂട്ടി തോന്നിയതുകൊണ്ട് ഞാൻ ക്ലിനിക്കിൽ നിന്നും പുറത്തേക്കിറങ്ങി നടന്നു. ചില ഭക്ഷണസാധനങ്ങളും വോദ്കയുമൊക്കെ വാങ്ങുകയായിരുന്നു ലക്ഷ്യം.
അന്ന് പതിവിലേറെ വൈകിയാണ് ഞാൻ തിരിച്ചെത്തിയത്. അപ്പോഴും നാൽവർ സംഘത്തിന്റെ കൂട്ടായ്മ അവസാനിച്ചിരുന്നില്ല. ഞാൻ പുറത്തുനിന്നും ക്ലിനിക്കിന്റെ മുൻജനാലയിലൂടെ അകത്തേക്കു നോക്കി. ലെനിൻ താടിക്ക് കൈകൊടുത്ത് മൂവരുടെയും മുഖത്തേക്ക് മാറിമാറി നോക്കിക്കൊണ്ടിരിക്കുന്നു. ട്രോട്സ്കിയുടെ ശബ്ദംമാത്രം ഇടയ്ക്ക് ഉയർന്നു കേൾക്കാം.
അർദ്ധരാത്രി കഴിഞ്ഞപ്പോഴാണ് അവർ വർത്തമാനം പകുതിയിൽ അവസാനിപ്പിച്ചത്. തിരിച്ചിറങ്ങാൻ തുടങ്ങുമ്പോൾ 'ഇനി നേരം പുലർന്നിട്ടു പോരേ മടക്ക'മെന്ന് ചോദിച്ചതാണ്. ക്ലിനിക്കിൽ പലയിടങ്ങളിലായി ഇരുന്നോ കിടന്നോ വിശ്രമിക്കാവുന്നതേയുള്ളു. അവർ ആരും അത് കൂട്ടാക്കിയില്ല. ഇല്ല, ചില അത്യാവശ്യങ്ങളുണ്ട് എന്ന് ആദ്യം പറഞ്ഞത് ട്രോട്സ്കിയാണ്. ബുഖാറിന്റെ മുഖം അപ്പോൾ ഒട്ടും പ്രസന്നമായിരുന്നില്ല. സിനോവീവ് ചിലതൊക്കെ പറഞ്ഞെങ്കിലും അതെന്തായിരുന്നെന്ന് ഓർമ്മയില്ല.
അഞ്ചുപേർക്കുള്ള ഭക്ഷണം വാങ്ങിയിരുന്നു. മൂന്നുപേർ കഴിക്കാതിരുന്നതിനാൽ ബാക്കി വന്നത് മാറ്റിവച്ചു. ഞങ്ങൾ രണ്ടു പേർ ഭക്ഷണത്തിനിരുന്നു. സമയനിഷ്ഠയോടെ ഭക്ഷണവും മരുന്നും കഴിക്കണമെന്ന് പരസ്പരം ഉപദേശിക്കാറുണ്ടെങ്കിലും ഒന്നിച്ചു കൂടുന്ന നേരങ്ങളിലൊന്നും അത് സാധിക്കാറുണ്ടായിരുന്നില്ല.
അവർ പറയുന്നതിൽ ചില ശരികളുണ്ടെന്ന് ലെനിൻ പറഞ്ഞുകഴിഞ്ഞ നിമിഷം വരാന്തയിൽ നിഴലനക്കം കാണാൻ കഴിഞ്ഞു. പതുക്കെ പുറത്തിറങ്ങിയപ്പോൾ ഇരുളിൽ അപ്രത്യക്ഷമാകുന്ന മൂന്നുപേരെ വ്യക്തമായി കണ്ടു. അവർ ആരൊക്കെയാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല.
"എപ്പോഴും ചിലർ നമ്മളെ പിൻതുടരുന്നുണ്ട്. സൂക്ഷിക്കണം", നീണ്ട മൗനത്തിനുശേഷം ലെനിൻ പറഞ്ഞു. അന്നുരാത്രിയാണ് തന്റെ മരണാനന്തരം മാത്രം തുറന്നുവായിക്കാൻ വേണ്ടി പാർട്ടി നേതൃത്വത്തിന് ലെനിൻ കത്തെഴുതി തുടങ്ങിയത്.
സ്റ്റാലിൻ ഭയത്തിന്റെ മുൾക്കെട്ടുകൾകൊണ്ട് അതിർത്തി നിർമ്മിക്കുന്നതും വിയോജിപ്പിന്റെ സ്വരങ്ങളെ ദയാദാക്ഷിണ്യമില്ലാതെ നിശ്ശബ്ദമാക്കുന്നതുമൊക്കെ രാത്രിയിൽ സംസാരവിഷയമായി. അതെക്കുറിച്ച് നന്നായി അറിയുന്നുണ്ടാവുമല്ലോ എന്നു പറഞ്ഞപ്പോൾ മറുപടി പറയാതെ മുന്നിലിരുന്ന കടലാസിൽ ചില ചോദ്യചിഹ്നങ്ങൾ വരയ്ക്കുകയായിരുന്നു വളോദ്യ.
'ലെനിനിൽ നിന്നും സ്റ്റാലിനിലേക്കുള്ള ദൂരം ചെറുതായിരിക്കില്ല. അത് റഷ്യയുടെ ഹൃദയത്തെ നെടുകെ പിളർക്കുക തന്നെ ചെയ്യും. നമ്മൾ സ്വപ്നം കണ്ട ഈ മണ്ണും മനുഷ്യരും അയാളുടെ ക്രൂരവിനോദത്തിന് വിധേയമാകും. സ്വാതന്ത്ര്യത്തിന്റെയോ ജനാധിപത്യത്തിന്റെയോ ശുദ്ധവായു പ്രവേശിക്കാത്ത വലിയ ഇരുട്ടറ ജീവിതം ജനങ്ങൾക്കുമുന്നിൽ വായ് പിളർന്നു വരും'
- ട്രോട്സ്കിയുടെ ഈ വാക്കുകൾ ലെനിൻ ഒരു ഡയറിയിൽ എഴുതിവച്ചതും ഓർക്കുന്നുണ്ട്. അപ്പോഴേക്കും ചുറ്റും സംഭവിക്കുന്നത് പലതും ലെനിന് ബോദ്ധ്യംവന്നിരുന്നു.
ജോസഫ് സ്റ്റാലിനോട് വിയോജിച്ചതുകൊണ്ടോ തെറ്റുകൾ ചൂണ്ടിക്കാട്ടാൻ ശ്രമിച്ചതുകൊണ്ടോ പ്രയോജനമില്ലാത്ത സ്ഥിതി അപ്പോഴേക്കും റഷ്യയിൽ പടർന്നുപിടിച്ചിരുന്നു. നിശ്ശബ്ദതയുടെ തടവുകാരനായി സ്വയം മാറിക്കൊണ്ടിരിക്കുകയാണെന്ന് ലെനിൻ പറഞ്ഞത് ആ ദിവസങ്ങളിലാണ്. അന്നു മാത്രമാണ് ആ കൺകോണുകളിൽ നനവ് തൂവുന്നത് കാണാനായതും.!
മറ്റൊരു ദിവസം വളോദ്യ ക്ലിനിക്കിലേക്ക് കയറി വന്നത് യാതൊരു മുന്നറിയിപ്പുമില്ലാതെയാണ്. അന്നായിരുന്നു അവസാനമായി കണ്ടുമുട്ടിയതും.
ക്ലിനിക്ക് പൂട്ടാൻ തുടങ്ങുന്ന നേരം. വളോദ്യ വന്നാൽ കുശലപ്രശ്നങ്ങളോ ആമുഖമോ ഇല്ലാതെ തൊട്ടുമുമ്പു കണ്ടപ്പോൾ പറഞ്ഞുനിർത്തിയ കാര്യങ്ങളുടെ തുടർച്ചയിലേക്കെന്നപോലെ സംഭാഷണത്തിലേക്ക് കടക്കുന്നതായിരുന്നു പതിവ്.
"ശരിയാണ് ബെക്തറേവ്, നിങ്ങൾ പലരും ഒരേ സ്വരത്തിൽ പറഞ്ഞതാണ് ശരി. അയാളുടെ കാര്യത്തിൽ എനിക്ക് തെറ്റുപറ്റിയിരിക്കുന്നു. സഭാപ്രസംഗകനാകാൻ ഇറങ്ങിത്തിരിച്ച ഒരാൾക്ക് ഇങ്ങനെയൊക്കെയല്ലാതെ മറ്റെന്താകാനാകും. അയാൾ നല്കുന്ന വിപൽസന്ദേശങ്ങൾ എന്റെ ഉറക്കം കെടുത്തുന്നു. അതിജീവനശ്രമം തുടങ്ങേണ്ടത് ഞാൻ തന്നെയാണ്. അതിന് ആരോഗ്യവും ആയുസ്സും എനിക്കുണ്ടാകുമോ? അറിയില്ല."
വളോദ്യ അവസാനമായി പറഞ്ഞത് ഇങ്ങനെയാണ്.
ഡോ. ബെക്തറേവ് തണുപ്പിലും വിയർത്തൊലിച്ചു.
"അന്ന് രാത്രി; കൃത്യമായി പറഞ്ഞാൽ 1924 ജനുവരി 21 ന് രാത്രി അകാരണമായ ചില വേവലാതികളുമായാണ് ഞാൻ കിടക്കയിലെത്തിയത്."
മുന്നിലിരുന്ന് വിയർക്കുന്ന ക്രിസ്റ്റഫറിനെ ശ്രദ്ധിക്കാതെ ഡോ. ബെക്തറേവ് ഒരാൾ അന്ന് വാതിലിൽ വന്നു മുട്ടിയതിനെക്കുറിച്ച് വിശദമാക്കി.
കേട്ട വാർത്ത അവിശ്വസിക്കാൻ കഴിയുമായിരുന്നില്ല. ഏതു നിമിഷവും അങ്ങനെയൊരു സന്ദർഭത്തെ അഭിമുഖീകരിക്കാൻ തയ്യാറായിരിക്കണമെന്ന് ചില സ്നേഹിതന്മാർ സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞിരുന്നു. എങ്കിലും ഇത്രപെട്ടെന്ന് എനിക്കുമുന്നിൽ വളോദ്യയ്ക്കു മാത്രമായി ഒഴിച്ചിടാറുണ്ടായിരുന്ന കസേര അനാഥമാകുമെന്ന് വിചാരിച്ചുതുടങ്ങാൻ മനസ്സ് പാകപ്പെട്ടിരുന്നില്ല. അന്നുരാത്രി, ഉറങ്ങിയില്ല. ഉണർന്നിരുന്നെന്നോ ഏതെങ്കിലുമൊക്കെ പഴയ ദിനങ്ങൾ മനസ്സിലേക്ക് കടന്നുവന്നതായോ ഓർക്കുന്നുമില്ല.
രണ്ട്
... ലെനിനില്ലാത്ത റഷ്യയുടെ ആദ്യ പ്രഭാതം കടുത്ത നിശ്ശബ്ദതയിൽ മൂടപ്പെട്ടിരുന്നെന്നു മാത്രം ഓർത്തെടുക്കാനാകുന്നുണ്ട്. അന്നുമുതലുള്ള ദിവസങ്ങളെക്കുറിച്ച് വ്യക്തമായി പറയാൻ കഴിയുന്നില്ല. അതിനുശേഷം ക്ലിനിക്കിലേക്ക് ആരും കടന്നുവന്നില്ല. എന്റെ ഭാര്യയും മക്കളുമല്ലാതെ മറ്റാരും എന്നോട് സംസാരിക്കാനോ കാണാനോ ധൈര്യപ്പെട്ടതുമില്ല..."
ബെക്തറേവിന്റെ പുരികങ്ങൾ വിറച്ചു.
ക്രിസ്റ്റഫർ റീഡിന് ഒന്നുകൂടി അറിയണമെന്നുണ്ടായിരുന്നു. അതു ചോദിക്കുംമുമ്പ് ഡോ. ബെക്തറേവ് പറഞ്ഞു: "നോക്കൂ ക്രിസ്റ്റഫർ, ഞാനെങ്ങനെയാണ് മരിച്ചതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെന്നു തോന്നുന്നു. പറയാം. അതുകൂടി പറഞ്ഞുകഴിഞ്ഞാൽ നമുക്ക് എന്നെന്നേയ്ക്കുമായി പിരിയാമെന്നു തോന്നുന്നു. നമ്മൾ ഒരിടത്തും കണ്ടതായി ചരിത്രത്തിലെവിടെയും രേഖപ്പെടുത്തുന്നുണ്ടാവില്ല. മരണാനന്തരം ക്രിസ്റ്റഫർ എന്നെ കണ്ടെന്നും സംസാരിച്ചെന്നും പറഞ്ഞാൽ റഷ്യയിലാരുമത് വിശ്വസിച്ചെന്നും വരില്ല."
"എങ്ങനെയാണ് ഡോക്ടർ എങ്ങനെയാണ്?"
ക്രിസ്റ്റഫർ റീഡ് ആധിയോടെ ചോദിച്ചു. ഉത്തരം പറയുന്നതിനുമുമ്പ് ബെക്തറേവ് ബാഗിൽനിന്നും ലെനിൻ എഴുതിയ മറ്റു ചില കുറിപ്പുകളും കത്തുകളുമെടുത്ത് തീ കൊളുത്തി. ആ വെളിച്ചത്തിൽ ബെക്തറേവിന്റെ മുഖത്ത് പരേതമായൊരു ചിരി നിറഞ്ഞു.
"ഒരിയ്ക്കലും മരിച്ചവർ അവരുടെ മരണകാരണം വെളിപ്പെടുത്താൻ പാടില്ല. മരണത്തിലൂടെ ഒരാൾ അയാളെ ദാക്ഷിണ്യമില്ലാതെ കാത്തിരിക്കുന്ന പല ദുഃഖങ്ങളോടും വേദനയോടും വിടപറയുകയാണ്. മരിച്ചവരുടെ മുഖത്ത് പലപ്പോഴും നിരാശയാണ് നാം കാണുന്നത്. കാത്തിരുന്ന കയ്പുനീർക്കയത്തിൽ നിന്നും മോചിപ്പിക്കപ്പെട്ടതിന്റെ സംതൃപ്തിയും ചിലപ്പോൾ കാണാനായേക്കാം..."
സംഭാഷണം വഴിമാറി പോകാതിരിക്കണമെന്ന് ക്രിസ്റ്റഫർ നിശ്ചയിച്ചു. നേരം പുലരാൻ ഇനി അധികനേരമില്ല. അതിനുമുമ്പ് ആ ഒരു കാര്യംകൂടി ബെക്തറേവിന്റെ നാവിൽ നിന്നുതന്നെ കേൾക്കണം. അതോടെ ഈ നോവൽ അവസാനിപ്പിക്കാനും കഴിയേണ്ടതാണ്.
"ഡോക്ടറുടെ മരണം?" ക്രിസ്റ്റഫർ റീഡ് ചോദ്യം ആവർത്തിച്ചു. നടമാടിയ നിശ്ശബ്ദത മറന്ന് ഡോ. ബെക്തറേവ് ആ ദിവസത്തെക്കുറിച്ച് പറയാൻ തുടങ്ങി. മുൻനിശ്ചയത്തിൽനിന്നും പതുക്കെ അയഞ്ഞ് ആരോടും പറയരുതെന്നു കരുതിയ ആ രഹസ്യക്കലവറ ബെക്തറേവ് തുറന്നു.
...അതിന്റെ ആഴം പലർക്കുമറിവുള്ളതായിരുന്നു. അത് ചിലരെയെങ്കിലും അസ്വസ്ഥമാക്കിയിരുന്നെന്നതും നേരാണ്. വളോദ്യയുടെ മനഃസാക്ഷിസൂക്ഷിപ്പുകാരിൽ പ്രധാനപ്പെട്ട ഒരാളെന്ന് ഞാൻ അറിയപ്പെട്ടു. അതിൽ യാതൊരു പരിഭവവും എനിക്ക് തോന്നിയതുമില്ല. ആ നാളുകളിൽ ലെനിൻ എന്നോടു പറയാനിടയുണ്ടെന്ന് സ്റ്റാലിൻ കരുതിയ പലതും ഞാൻ എന്റെ ഉള്ളിൽ തന്നെ ശുശ്രൂഷിച്ചൊതുക്കുകയായിരുന്നു.
അത് മറ്റുള്ളവർ അറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. കുടുംബാംഗങ്ങളോടു പോലും അതൊന്നും പറഞ്ഞില്ല. ജോസഫ് സ്റ്റാലിൻ രഹസ്യ നിരീക്ഷണത്തിന് നിയോഗിച്ചവർ പലവേഷത്തിൽ റഷ്യയിൽ വട്ടം പറന്നു. ചിലതൊക്കെ പുറത്തറിഞ്ഞാൽ ചരിത്രം മാപ്പർഹിക്കാത്തവിധം കുറ്റം വിധിക്കുമെന്നു ഭയന്നവർ പാതിരാനിശ്ശബ്ദതയിൽ ഒറ്റയ്ക്കിരുന്ന് ചതുരംഗം കളിച്ചു. മിത്രസേനയും ശത്രുസേനയുമായി ഒരാൾതന്നെ വേഷം കെട്ടി. അന്ത്യനാളുകളിലെ ലെനിന്റെ നിശ്ശബ്ദത, വിയോജിപ്പുകൾ - ഇത് മറ്റാരെക്കാളും നന്നായി സ്റ്റാലിൻ മനസ്സിലാക്കിയിരുന്നു.
സ്റ്റാലിനോട് വിയോജിച്ചവരെയും വിമർശിച്ചവവരെയും അപ്രതീക്ഷിതമായി കാണാതായിക്കൊണ്ടിരുന്നു. ചിലർ കുഴിബോംബു ചവച്ചരച്ച നായയെപ്പോലെ സംസാരശേഷി നഷ്ടപ്പെട്ടവരായി. മറ്റുചിലർ സ്വയം ഭ്രാന്തഭിനയിച്ചു ഭ്രാന്തരായി. അപകടമരണങ്ങളായി രേഖപ്പെടുത്തിയ പലതും ദുരൂഹതയുടെ കെണിമുറുക്കി. ആരും ഉഗ്രശാസനകളെ മറികടക്കാൻ ശ്രമിക്കരുതെന്ന താക്കീത് എല്ലാവരുടെ മുന്നിലുമെത്തി. പക്ഷേ, ചിലർക്ക് എത്ര നിയന്ത്രിച്ചാലും ചിലത് തുറന്ന് പറയാതിരിക്കാനാവില്ല.
ഡോ. ബെക്തറേവ് പറഞ്ഞതൊക്കെ കുറിച്ചുവച്ചെങ്കിലും നോവലിന്റെ അവസാന അദ്ധ്യായം എഴുതി പൂർത്തിയാക്കാൻ ക്രിസ്റ്റഫറിന് കഴിഞ്ഞില്ല. സഹിക്കാനാവാത്ത ശ്വാസതടസ്സവും ചുമയും പനിയും ക്രിസ്റ്റഫറിനെ തളർത്തി. ഫോണെടുക്കാൻ പോലുമാവാതെ പുതപ്പിനുള്ളിൽ കിടന്ന് കിടുകിടുത്തു.
(തുടരും)