അധ്യായം 55
അതേ കസേര
നിശ്ശബ്ദത ഇത്രമാത്രം ഭയാനകത സൃഷ്ടിക്കുന്ന ഒരനുഭവം അതിനുമുമ്പ് എനിക്കുണ്ടായിട്ടില്ല. ഒരാൾ ഇരുന്നാൽ ഒടിഞ്ഞു വീഴുമെന്നു തോന്നിക്കുന്ന സ്റ്റൂളിലേക്ക് സ്റ്റാലിൻ ഇടതുകൈ ചൂണ്ടി. ആ മുഖത്തേക്ക് നോക്കാൻ ആദ്യമൊന്നും എനിക്ക് കഴിഞ്ഞില്ല. ദുരൂഹമായതെന്തോ ഒന്ന് ചുറ്റും ചൂഴ്ന്നു നില്ക്കുന്ന അനുഭവമാണ് അപ്പോൾ എനിക്കുണ്ടായത്.
ഡോ. ബെക്തറേവ് അർദ്ധവിരാമത്തിൽ സംഭാഷണം അവസാനിപ്പിച്ചു.
ബുഖാറിൻ, സിനോവീവ്, ലിയോൺ ട്രോട്സ്കി - അങ്ങനെ നൂറുകണക്കിനു മുഖങ്ങൾ ഇരുട്ടിൽ മിന്നായംപോലെ തിളങ്ങി. അവരിൽ ചിലരുടെ ശബ്ദവും അവ്യക്തമായി കേൾക്കാം. ഭൂമിയിൽ സഫലമാകാതെപോയ സ്വപ്നങ്ങളുടെ നിലവിളി ഇടയ്ക്കിടെ ഉയർന്നു കേൾക്കുന്നുമുണ്ട്.
"നോക്കൂ ക്രിസ്റ്റഫർ, എഴുതിയ നോവലിന്റെ അവസാനത്തെ അദ്ധ്യായങ്ങൾ കൂടി കയ്യിൽ കരുതിക്കോളൂ. വോൾഗയുടെ തീരത്തുനിന്ന് അതെനിക്കൊന്ന് വായിച്ചുനോക്കണം. മറ്റ് അദ്ധ്യായങ്ങൾ അലക്സ് വായിച്ചു കഴിഞ്ഞിട്ടുണ്ടാവും’’,
ഡോ. ഇറീന പറഞ്ഞപ്പോൾ ക്രിസ്റ്റഫറിന് വിശ്വസിക്കാനായില്ല. എപ്പോഴാണ് അവസാന അദ്ധ്യായമൊഴിച്ചുള്ള നോവൽഭാഗങ്ങൾ അലക്സിനെ ഏല്പിച്ചത്. അയാളെപ്പോഴാണ് തന്റെ എഴുത്തുമുറിയിൽ വന്നത്. ഇതെക്കുറിച്ചൊന്നും വ്യക്തതയില്ലാതെ ക്രിസ്റ്റഫർ എഴുന്നേറ്റു. തൊട്ടടുത്ത കസേരയിലിരുന്ന ഇറീന ശ്രദ്ധിച്ചത് നോവലെഴുത്തിനിടയിൽ ക്രിസ്റ്റഫർ പരിശോധിച്ച രേഖകളും പുസ്തകങ്ങളുമാണ്.
"ഞാനൊന്നു കുളിച്ചുവരാം." ക്രിസ്റ്റഫർ കുളിമുറിയിലേക്ക് കയറി. തലേന്ന് വിറച്ചു പുതപ്പിനുള്ളിൽ അഭയംതേടിയ ക്രിസ്റ്റഫർ പെട്ടെന്ന് ഉന്മേഷവാനായി മാറി. ലെനിനെക്കുറിച്ചുള്ള നോവലിന്റെ തുടക്കം, ക്രിസ്റ്റഫർ അതിനുവേണ്ടി നടത്തിയ അന്വേഷണങ്ങൾ, ഉറക്കമൊഴിഞ്ഞുള്ള വായനയും എഴുത്തും, അതിനിടയിൽ തന്നെക്കൊണ്ടതിന് കഴിയില്ല എന്ന തോന്നൽ, അതിൽനിന്നും ക്രിസ്റ്റഫറിനെ കരകയറ്റാൻ നടത്തിയ ശ്രമങ്ങൾ - ഇതൊക്കെ ഇറീന ഓർത്തു. ഒടുവിൽ നോവലിന്റെ അവസാന അദ്ധ്യായം കഴിഞ്ഞെന്നു പറഞ്ഞ് ക്രിസ്റ്റഫർ ഫോൺ വച്ചപ്പോൾതീരുമാനിച്ചതാണ് വോൾഗയുടെ തീരത്തേക്കുള്ള ഈ യാത്ര.
അലമാരയിൽനിന്ന് കുറേ കടലാസെടുത്ത് ക്രിസ്റ്റഫർഡോ ഇറീനയ്ക്കു നേരെ നീട്ടി. "അവസാനത്തെ അദ്ധ്യായങ്ങൾ" നിലക്കണ്ണാടിക്കുമുന്നിൽ സ്വന്തം മുഖം നോക്കിനിന്ന ക്രിസ്റ്റഫർ വരാന്തയിലേക്ക് ഇറങ്ങി. തൊട്ടുപിന്നാലെ ഇറീനയും നടന്നു. നേരെ പോയത് വോൾഗയുടെ സായാഹ്നത്തിലേക്ക്. പരിചിതരും അപരിചിതരുമായ പലരും എതിരെ വരുന്നതോ കടന്നുപോകുന്നതോ അവർ ശ്രദ്ധിച്ചില്ല.
ചൂണ്ടയിടുന്ന വൃദ്ധനെ നോക്കി ക്രിസ്റ്റഫർ പറഞ്ഞു: "ഇയാൾക്ക് ലെനിനെക്കുറിച്ച് എന്തെങ്കിലുമൊന്ന് പറയാനുണ്ടാകും. ഒരു പക്ഷേ, നേരിട്ടുള്ള അനുഭവം"
ഡോ. ഇറീന അതിന് മറുപടി പറഞ്ഞില്ല.
വൃദ്ധൻ പരിസരത്തെക്കുറിച്ച് തെല്ലും ബോധവാനാകാതെ ചൂണ്ടയിൽ മാത്രം നോക്കിയിരിക്കുകയാണ്. പിടഞ്ഞുയർന്നുവരുന്ന മീനിൽ മാത്രമായിരുന്നു അയാളുടെ ശ്രദ്ധയത്രയും. ഇടയ്ക്കിടെ മത്സ്യങ്ങൾ ഇരപൊട്ടിച്ചെടുത്തിട്ടുണ്ടാകുമെന്ന തോന്നൽ അയാളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.
ഇറീന കടലാസ് നിവർത്തി.
ഡോ. ബെക്തറേവ് സ്വന്തം മരണത്തിന്റെ വർത്തുളതയിലേക്ക് നീങ്ങിയ ഭാഗം മുതൽ തുടർച്ചയായ വെട്ടും തിരുത്തലും. ചില വരികൾക്കുമുകളിൽ കൂടി അടുത്തവരി എഴുതിപ്പോയിരിക്കുന്നു. ചില ചിതറിയ വാക്കുകൾ. അതു വായിച്ചു തുടങ്ങിയ ഇറീനയെ നോക്കി നിന്ന ക്രിസ്റ്റഫറിന്റെ കണ്ണുകളിൽനിന്നും അത്ഭുതം ഉരഞ്ഞൊഴുകാൻ തുടങ്ങി. എഴുത്തുകാരനുതന്നെ ഇത്ര അനായാസം അതുവായിക്കാൻ കഴിയുമായിരുന്നില്ല.
"... അതെ ക്രിസ്റ്റഫർ, രഹസ്യപ്പോലീസ് സ്റ്റാലിന്റെ കൈപ്പടയിലെഴുതിയ ഒരു കത്ത് എനിക്കുനേരെ നീട്ടി. ഞാൻ അതു തുറന്ന് അയാളുടെ മുന്നിൽ വച്ചുതന്നെ വായിച്ചു. കത്തുമായി കാറിൽ കയറി നേരെ ചെല്ലാനുള്ള അറിയിപ്പായിരുന്നു അത്. എനിക്കൊന്ന് കാണണം, എന്നെയൊന്ന് പരിശോധിച്ച് യഥാർത്ഥരോഗമെന്തെന്ന് കണ്ടെത്തണം. മരുന്ന് നിശ്ചയിക്കണം - ഇതായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. എല്ലാ നന്മകളും ആശംസിക്കുന്നെന്നവസാനിക്കുന്ന കത്ത്. വായിച്ചശേഷം ഞാൻ ഭദ്രമായി കോട്ടിന്റെ പോക്കറ്റിൽവച്ചു.
കാറിൽ കയറിയ നിമിഷം ആഗതൻ എനിക്ക് നേരെ കൈനീട്ടി ആ കത്ത് വാങ്ങി അയാളുടെ പോക്കറ്റിൽ വച്ചു. പിന്നീട് ഞങ്ങൾ പരസ്പരം കാര്യമായിട്ടെന്തെങ്കിലും സംസാരിച്ചില്ല. അയാൾ കാറോടിക്കുന്നതിനിടയിൽ തുടർച്ചയായി പുകവലിച്ചുകൊണ്ടിരുന്നു. കാറിന്റെ പിൻസീറ്റിലിരുന്ന എന്നെ ഇടയ്ക്കിടെ അയാൾ നോക്കുന്നുണ്ടായിരുന്നു.
ആ ഇടനാഴികളിലോ അവിടംവരെയെത്തിയ വഴികളിലോ അത്രനേരവും ഞാൻ ആരെയും കണ്ടില്ല. പാറാവുകാർ പോലുമില്ലാത്ത പഴയ കെട്ടിടത്തിലാണ് സ്റ്റാലിൻ വിശ്രമിക്കുന്നതെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. എന്തെങ്കിലും അപായം സംഭവിക്കുമെന്നു തോന്നിയിരുന്നെങ്കിൽ ഞാൻ ചില മുൻകരുതലുകളെടുക്കുമായിരുന്നു. അതിനൊന്നുമുള്ള സാവകാശം നല്കാതെയാണ് രഹസ്യപ്പോലീസുകാരൻ എന്നെ കാറിലേക്ക് നയിച്ചത്.
വ്ലജിമീർ മരിച്ചെന്നറിഞ്ഞ നിമിഷം തുടങ്ങിയ ആ മരവിപ്പ് എന്നിൽ അപ്പോഴും അവസാനിച്ചിരുന്നില്ല. അതിനു ശേഷമുള്ള ദിവസങ്ങളിൽ വീടും ക്ലിനിക്കും വിട്ട് മൂന്നാമതൊരിടത്തേക്ക് ഞാൻ പോകുകയോ മറ്റാരെയും കാണുകയോ ചെയ്തിരുന്നുമില്ല. ഭാര്യയും മകൻ പീറ്ററും എന്റെ മുറിയിലേക്ക് ജനാലയിലൂടെ നോക്കിനിന്നതല്ലാതെ എന്തുകൊണ്ടാണ് ഈ മ്ലാനത, ഉറക്കമില്ലായ്മ എന്നൊന്നും ചോദിച്ചതുമില്ല. അവർക്കറിയാമായിരുന്നു എന്റെ മാനസ്സികാവസ്ഥ. ഉല്യാനവിന്റെ അസാന്നിധ്യത്തിൽ റഷ്യയുടെ മുന്നോട്ടുപോക്ക് എങ്ങനെയാവും എന്ന ഭയം നിറഞ്ഞ ആകുലതയിലായിരുന്നു അവരും. ട്രോട്സ്കിയും ബുഖാറിനും സിനോവീവുമൊക്കെ അപകടകരമായ സന്ദർഭങ്ങൾ നേരിടാനുള്ള ഒരുക്കത്തിലായിരുന്നിരിക്കണം ആ ദിനങ്ങൾ പിന്നിട്ടത്.
ഒടുവിൽ ഞാൻ ജോസഫ് സ്റ്റാലിന്റെ മുന്നിലേക്ക് ചെന്നു. വാതിൽ തുറന്നു തന്ന തടിച്ച മനുഷ്യന്റെ കാലുകൾ വിശറിനെപോലെ വിറച്ചു. ക്ലിനിക്കിൽ നിന്നും എന്നെ കൂട്ടിക്കൊണ്ടുവന്നയാൾ വളരെ നേരത്തേ യാത്രപറഞ്ഞ് പിൻവാങ്ങിക്കഴിഞ്ഞിരുന്നു. അതിനുശേഷം മൂന്നുപേർ മൂന്ന് വ്യത്യസ്ത ഇടനാഴികളിൽ വച്ച് സ്വീകരിച്ചു. അവർ മുന്നോട്ടു നടക്കാൻ ആംഗ്യം കാണിച്ചു. ആരുടെയും മുഖം വ്യക്തമായി കാണാൻ കഴിഞ്ഞില്ല. അവർ സ്വയം വെളിപ്പെടാതിരിക്കാൻ ശ്രമിക്കുന്നതുപോലെ തോന്നുകയും ചെയ്തു.
വിശാലമായ മുറിയുടെ ഒത്തനടുവിൽ സാർചക്രവർത്തിമാരെ അനുസ്മരിപ്പിക്കുംപോലെ രൂപകല്പനചെയ്തിട്ടുള്ള കസേരകളിലൊന്നിലായിരുന്നു സ്റ്റാലിൻ ഇരുന്നത്. എന്നെ കണ്ടതും കയ്യിലുണ്ടായിരുന്ന കടലാസ് സ്റ്റാലിൻ മേശപ്പുറത്തേക്കിട്ടു. ആ മുഖത്തുവന്നു വീണ പ്രകാശത്തിൽ പൊടുന്നനെ ഒരു ചിരി തെളിഞ്ഞു. ഭയപ്പെടുത്തുന്നതായായിരുന്നു അപ്പോഴത്തെ നിശ്ബദ്ത.
(തുടരും)