ചിത്രീകരണം: രാജേഷ് ചിറപ്പാട്

ദസ്വിദാനിയ ലെനിൻ|56
Good bye Lenin

അധ്യായം 56
തീരാത്ത നടത്തം

ആ നീണ്ട ഇടനാഴിയിലൂടെ എത്ര നടന്നിട്ടും അവസാനമുണ്ടായില്ല. പല കയറ്റവും ഇറക്കവും പിന്നിട്ട്, കൊടും തണുപ്പും ഉഷ്ണവും മറികടന്ന് നടക്കാൻ തുടങ്ങിയിട്ട് എത്ര വർഷങ്ങൾ. എത്രയെത്ര ഭൂഖണ്ഡങ്ങൾ, സമതലങ്ങൾ, പീഠഭൂമികൾ...

മീൻ പിടിച്ചുകൊണ്ടിരുന്ന വൃദ്ധന്റെ അസ്വാഭാവികമായ ചിരിയും സംസാരവും ഉയർന്നുകേൾക്കാം. ക്രിസ്റ്റഫറും ഇറീനയും അയാളെ നോക്കിനിന്നു. ചൂണ്ടയുടെ അറ്റത്തു കിടന്നു പിടയ്ക്കുന്ന സാൽമണിനെ ഊരി ഭദ്രമായി ഒരു ബക്കറ്റിലേക്കിട്ടശേഷം വൃദ്ധൻ കുറച്ചുനേരം വോൾഗയിലേക്കു നോക്കിനിന്നു. തൊട്ടടുത്തു കിടന്നിരുന്ന പഴക്കമുള്ളൊരു വേരിൽ ഇരുന്ന വൃദ്ധൻ പാത്രത്തിനുള്ളിൽ പിടയ്ക്കുന്ന മീനിനെ നോക്കി ചിരിച്ചു. പിന്നീട് നടന്നുചെന്ന് വോൾഗയിൽ നിന്നും കൈക്കുമ്പിളിൽ വെള്ളം കോരി ബക്കറ്റിൽ ഒഴിച്ചു. ഏറെ നേരം പിടച്ചിൽ തുടർന്ന മത്സ്യത്തെ ഇടയ്ക്ക് വൃദ്ധൻ വെള്ളത്തിലേക്ക് തിരിച്ചു വിട്ട് കൈക്കൊട്ടിച്ചിരിച്ചു. തുള്ളിച്ചാടി.

"ബാക്കി വായിക്കൂ" ക്രിസ്റ്റഫർ കുറച്ചുകൂടി ഇറീനയ്ക്കരിലേക്ക് ചെന്നു.

ഡോ. ഇറീന ശ്രദ്ധിച്ചത് ചുവന്നുകലങ്ങിയ ക്രിസ്റ്റഫറിന്റെ കണ്ണുകളാണ്. നെറ്റിയിൽ തൊട്ടപ്പോൾ കൈ പിൻവലിക്കാതിരിക്കാൻ കഴിഞ്ഞില്ല. അത്രയ്ക്കായിരുന്നു ചൂട്, കനലിൽ തൊടുന്നതുപോലെ.

നോവലിന്റെ അവസാനഭാഗം ഇറീന വായിച്ചു. ഓരോ വരിയും കേട്ടുകൊണ്ടിരുന്ന ക്രിസ്റ്റഫറിന് വിശ്വസിക്കാൻ കഴിഞ്ഞില്ല, ഇത് താൻ തന്നെ എഴുതിയതാണെന്ന്. ഡോ. ബെക്തറേവിന്റെ അവസാന നിമിഷങ്ങൾ നേരിട്ടുകേട്ടതും അത് കടലാസിലേക്കു പകർത്തിയതുമൊക്കെ ഓർമ്മയിൽ നിന്നും എവിടേക്കോ ഇറങ്ങിപ്പോയതായി ക്രിസ്റ്റഫറിനു തോന്നി. കൈപ്പട തന്റേതായതുകൊണ്ട് ആ കടലാസ്സുകളെ അവിശ്വസിക്കാനായില്ലെന്നു മാത്രം.

"എനിക്ക് ഏറ്റവും പ്രിയപ്പെട്ട ലെനിന്റെ ഏറെ പ്രിയപ്പെട്ട ഡോക്ടർ,
- ലെനിൻ എല്ലാ രഹസ്യവും പങ്കുവച്ചിട്ടുള്ള ആത്മസുഹൃത്ത്. ഡോക്ടർ ബെക്തറേവിനെക്കുറിച്ച് അദ്ദേഹം പറഞ്ഞാണ് ഞാൻ കേട്ടിട്ടുള്ളത്. നേരിട്ടുകാണാൻ കഴിഞ്ഞപ്പോഴേയ്ക്കും പ്രിയങ്കരനായ ലെനിൻ മരിച്ചുകഴിഞ്ഞിരിക്കുന്നു’’,
ഇങ്ങനെ പറഞ്ഞുകൊണ്ട് സ്റ്റാലിൻ സംഭാഷണം ആരംഭിച്ചു.

ലെനിൻ മരിച്ചിട്ട് മൂന്നു വർഷം കഴിഞ്ഞിരുന്നു. അത്രനാളും ബെക്തറേവ് കേട്ടുകൊണ്ടിരുന്നത് സ്റ്റാലിനെയോ അനുചരവൃന്ദത്തിലാരെയെങ്കിലുമോ വിമർശിച്ചവരുടെ തിരോധാനത്തെക്കുറിച്ചും അപ്രതീക്ഷിത മരണത്തെക്കുറിച്ചുമാണ്. ലെനിന്റെ അടുപ്പക്കാരായ പലരും സ്റ്റാലിന്റെ നോട്ടപ്പുള്ളികളായി മാറിയിരുന്നു. തന്നെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന് സംശയിച്ചവരെ ഓരോരുത്തരെയായി സ്റ്റാലിൻ തേടിപ്പിടിച്ചു. റഷ്യയുടെ ഓരോ ഊടുവഴികളിലും ചാരക്കണ്ണുകളോടെ റോന്തുചുറ്റുന്നവരുടെ എണ്ണം പെരുകി.

ഡോ. ഇറീന കുറച്ചുകൂടി ക്രിസ്റ്റഫറിനോട് ചേർന്നിരുന്നു. ഡോ. ബെക്തറേവ് അവസാന രാത്രിയിൽ പറഞ്ഞതൊക്കെ കൃത്യമായി കുറിച്ചുവച്ച കടലാസുകൾ. അവ പരസ്പരമുരയുന്ന ശബ്ദം കേൾക്കാം.

"പല ഡോക്ടർമാർ എന്നെ പല സമയത്ത് പരിശോധിച്ചിട്ടുണ്ട്. അതിന്റെയൊക്കെ ഫലം ഒന്നൊന്നായി അടുക്കിവച്ചിരിക്കുന്നത് ദാ, ആ അലമാരയിലാണ്’’.
സ്റ്റാലിൻ മുറിയുടെ മൂലയിലേക്ക് വിരൽചൂണ്ടി.

"അതൊക്കെ വേണമെങ്കിൽ ഡോക്ടർക്ക് പരിശോധിക്കാം".

വേണ്ടെന്നാണ് ബെക്തറേവ് പറയാൻ ഉദ്ദേശിക്കുന്നതെന്ന് സ്റ്റാലിന് മനസ്സിലായി.

"വേണ്ടെങ്കിൽ വേണ്ട. ഡോ. ബെക്തറേവ്, ഒരുകാര്യം പൂർത്തിയാക്കിയാൽ ഡോക്ടർക്ക് ക്ലിനിക്കിലേക്കോ വീട്ടിലേക്കോ തിരിച്ചുപോകാം’’.

സ്റ്റാലിൻ ചിരിച്ച ചിരി ഒരിയ്ക്കലും ഡോ. ബെക്തറേവിന് മറക്കാൻ കഴിഞ്ഞില്ല.

പെട്ടി തുറന്ന് ബെക്തറേവ് ചില പരിശോധനാസാമഗ്രികളൊക്കെ പുറത്തെടുത്തു. ഒട്ടും തിരക്കുകാട്ടാതെ ഇടയ്ക്കെണീറ്റ് കണ്ണാടിയ്ക്കു മുന്നിലെത്തി മീശത്തുമ്പ് പിടിച്ചൊന്നു പിരിച്ച്, ചിരിച്ച് സ്റ്റാലിൻ വീണ്ടും കസേരയിൽ വന്നിരുന്നു.
ഒരു മണിക്കൂർ കൊണ്ട് പരിശോധന അവസാനിപ്പിച്ചു. എന്താണ് സ്റ്റാലിനോടു പറയേണ്ടത്? ശാരീരികമായി വലിയ പരീക്ഷണങ്ങളൊന്നും അയാൾ നേരിടുന്നുണ്ടായിരുന്നില്ല. മറ്റ് പ്രശ്നങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ മുപ്പതുവർഷത്തിലേറെ നീണ്ടു പോകാനുള്ള ആയുർബലം ആ ശരീരത്തിൽ കാണുന്നുണ്ട്. അതു കേട്ടപ്പോൾ സ്റ്റാലിൻ പറഞ്ഞ മറുപടി അത്ഭുതപ്പെടുത്തുന്നതായിരുന്നു: "നോക്കൂ ഡോക്ടർ ബെക്തറേവ്, ഒരാൾ രോഗിയാകുന്നത് ശരീരത്തിൽ മാത്രമല്ല, മനസ്സിലും രോഗങ്ങൾ പിടിപെടാം. രണ്ടും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്."
സ്റ്റാലിൻ ഒരു ഡയറിയിൽ എന്തോ കുറിച്ചിടുന്നതിനിടയിൽ പറഞ്ഞു.

എന്താണ് സ്റ്റാലിൻ ഉദ്ദേശിക്കുന്നത്, എങ്ങനെയുള്ള പരിശോധനയും ഫലവുമാണ് വേണ്ടത്, ഇതെക്കുറിച്ചൊക്കെയുള്ള ആലോചനകൾ ഡോക്ടറെ വല്ലാത്തൊരു മാനസികാവസ്ഥയിലെത്തിച്ചു.
മുന്നിലിരിക്കുന്ന ഒരാൾ രോഗിയാണെങ്കിൽ, അയാളുടെ നാഡീവ്യൂഹങ്ങളുടെ ചിതറിപ്പായൽ ശുഭ്രാകാശത്തിലെന്നപോലെ ബെക്തറേവിന് കാണാനാകും. അതെക്കുറിച്ച് തുറന്നുപറയാൻ ഒരിയ്ക്കലും മടിച്ചിട്ടുമില്ല. അതുകേട്ട് ലെനിൻപോലും പലപ്പോഴുമെണീറ്റ് കലണ്ടറിൽ അടുത്ത പരിശോധനാദിനം ഗുണനചിഹ്നമിട്ട് രേഖപ്പെടുത്തുന്നതായിരുന്നു പതിവ്.

‘എന്നിട്ട്?’, ക്രിസ്റ്റഫറിന്റെ ആകാംക്ഷ വർദ്ധിച്ചു.

"നിങ്ങളുടെ രോഗം അസാധാരണമാണ്. മനസ്സാണ് നിങ്ങളിൽ രോഗത്തിന്റെ വിത്തുകൾ അനുനിമിഷം വിതച്ചുകൊണ്ടിരിക്കുന്നത്. അത് കൊത്തി നശിപ്പിക്കാൻ ഒരു വെട്ടുക്കിളിയെപ്പോലും നിങ്ങൾ അനുവദിക്കില്ല. അതിന് ആരും ധൈര്യപ്പെടുന്നുമില്ല".
ഭയമേതുമില്ലാതെ ഡോക്ടർ പറഞ്ഞു. അതു കേട്ടപ്പോഴും ആദ്യം കണ്ട അതേ ഭാവമായിരുന്നു സ്റ്റാലിന്റെ മുഖത്ത്.

"നോക്കൂ, ഡോക്ടർ ബെക്തറേവ്, ഒറ്റവാചകത്തിൽ എന്റെ രോഗത്തെ എങ്ങനെ നിർവ്വചിക്കും. അതാണ് എനിക്കറിയേണ്ടത്?"

സ്റ്റാലിൻ കസേരയിൽ നിന്നെണീറ്റ് മുറിയുടെ അരണ്ട വെളിച്ചമുള്ള ഭാഗത്ത് തുറന്നുകിടന്ന ജനാലയ്ക്കരികിൽ ചെന്നുനിന്നു. അങ്ങോട്ടു ചെല്ലാൻ പറഞ്ഞില്ലെങ്കിലും നടന്ന് ബെക്തറേവ് സ്റ്റാലിന്റെ മുന്നിലെത്തി.

"ഒരു ചോദ്യം; അതിന് ഒരൊറ്റ ഉത്തരം മാത്രമാണ് ഉണ്ടാവാൻ സാധ്യത. അതാണ് ഞാൻ ഡോക്ടറിൽ നിന്നും പ്രതീക്ഷിക്കുന്നത്’’,
സ്റ്റാലിന്റെ കണ്ണുകളിൽ അത്രനേരവും കാണാതിരുന്ന തിളക്കം കണ്ടുതുടങ്ങി.

"പറയൂ, അതു മാത്രമാണ് എനിക്ക് കേൾക്കേണ്ടത്" സ്റ്റാലിൻ.

ഏറെ നേരം ഡോക്ടർ ബെക്തറേവ് കടലാസിൽ കുറിച്ചുവെച്ചതു പലതും ഒരിയ്ക്കൽക്കൂടി വായിച്ചുനോക്കി. വൈദ്യശാസ്ത്രത്തിൽ പഠിക്കുകയും അന്വേഷിക്കുകയും ചെയ്ത പലതും ആ സമയം തലച്ചോറിൽ തിടുക്കമുണ്ടാക്കി കടന്നുവന്നു.

"നിങ്ങളുടെ നാഡീഞരമ്പുകളിൽ പലതും ഭ്രാന്തിളകിയ മട്ടിലാണ് കുതറിയുയർന്നു കൊണ്ടിരിക്കുന്നത്. അവയെ വരുതിയിലാക്കുക അത്ര എളുപ്പമല്ല. തൊട്ടുമുമ്പുള്ള നിമിഷം ഒപ്പമുണ്ടായിരുന്ന ഒരാൾ ശത്രുപാളയത്തിലെ അന്തേവാസിയാണെന്ന തോന്നൽ. നിങ്ങളെ ഭരിക്കുന്നത് സ്വന്തം മനസ്സുതന്നെയാണ്. അരികിലുള്ളവരൊക്കെ ഒരുനാൾ വഞ്ചിക്കുമെന്നും തള്ളിപ്പറയുമെന്നും വിശ്വസിക്കുന്ന മനസ്സ്. മനസ്സിന്റെ ആ രാകിമുറിയ്ക്കലിൽ നിന്നും നിങ്ങൾക്ക് മോചനമില്ല’’, ഒറ്റശ്വാസത്തിൽ ബെക്തറേവ് പറഞ്ഞു.

ക്ഷമാപൂർവ്വം അതൊക്കെ കേട്ട സ്റ്റാലിൻ ബെക്തറേവിന്റെ തൊട്ടുമുന്നിൽ വന്നു നിന്നു. "അവസാനനാളുകളിൽ എന്നെക്കുറിച്ച് ലെനിൻ എന്തൊക്കെയാണ് പറഞ്ഞത്?" സ്റ്റാലിൻ ചോദിച്ചു.

പെട്ടെന്നൊരുത്തരം പറയാൻ ബെക്തറേവിന് കഴിഞ്ഞില്ല.

പിന്നീടെന്തെങ്കിലും പറയുംമുമ്പ് രണ്ടുപേർ വന്ന് ബെക്തറേവിനെ പുറത്തേക്ക് നയിച്ചു. വാതിലിൽവരെ സ്റ്റാലിനും ഒപ്പം നടന്നു.

"ക്ഷമിക്കണം ബെക്തറേവ്; എന്റെ ഉറക്കം കെടുത്തുന്നതൊന്നുമെടുത്ത് പുതക്കാനാവില്ലല്ലോ." ലെനിൻ പറയാനിടയുള്ള പലതുമുണ്ട്. അതിൽ പ്രതിനായകസ്ഥാനത്ത് തീർച്ചയായും ഞാനായിരിക്കും. മറ്റാർക്കും എന്നെ അങ്ങനെ പ്രതിഷ്ഠിക്കാം. പക്ഷേ, ഉല്യാനവിന്റെ മനസ്സിൽ ഞാൻ അങ്ങനെയായിരുന്നെന്ന് ലോകമറിയരുത്. അങ്ങനെ സംഭവിച്ചാൽ ചരിത്രം എനിക്ക് മാപ്പുതരില്ല. ക്ഷമിക്കണം. ഡോക്ടർ ബെക്തറേവ്, ക്ഷമിക്കണം"

സ്റ്റാലിൻ നടന്നകന്നു.

അത്രയും പറഞ്ഞ് കഴിഞ്ഞതോടെ പെട്ടെന്ന് ഒരു കാറ്റ് വീശിയടിക്കാൻ തുടങ്ങി. അതിലേക്ക് നടനകന്ന ബെക്തറേവ് അപ്രത്യക്ഷമാവുന്നത് കണ്ടതോടെ ക്രിസ്റ്റഫറിന്റെ മനസിൽ മറ്റൊരു കാറ്റ് ചുഴറ്റിയടിക്കാൻ തുടങ്ങി.

(തുടരും)


Summary: Dasvidaniya Lenin Good Bye Lenin novel chapter-56, C. Anoop writes.


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments