അധ്യായം 48
പല വായനകൾ
ക്രിസ്റ്റഫർ അത്രനാളും ഇറീനയെ കാണിക്കാതെ സൂക്ഷിച്ച നോവലിന്റെ അവസാന അദ്ധ്യായങ്ങൾ പുറത്തെടുത്തു. നോവൽരചനയുടെ ആദ്യദിവസങ്ങളിൽ, എഴുതിപൂർത്തിയാക്കിയ അദ്ധ്യായം ക്രിസ്റ്റഫർ ഇറീനയ്ക്ക് നേരെ നീട്ടി.
‘നാളെ വായിക്കാം’, ഇറീന ക്രിസ്റ്റഫറിനോട് യാത്ര പറഞ്ഞ് നടന്നു.
ഒക്ടോബർ വിപ്ലവത്തിനുശേഷം മൂന്നുവർഷം കഴിഞ്ഞിരുന്നു. എച്ച് ജി. വെൽസ് റഷ്യ സന്ദർശിക്കുന്നത് എന്തിനാണെന്നു ചോദിച്ചവരോട് ലെനിൻ ആദ്യമൊന്നും മറുപടി പറഞ്ഞില്ല. അതിന് ചില ഉദ്ദേശങ്ങളുണ്ടെന്നുമാത്രം ഏറെ അടുപ്പമുള്ളവരോട് പറയുകയും ചെയ്തു.
റഷ്യയിൽ സംഭവിക്കുന്നത്, എങ്ങനെയാണ് ലെനിൻ രാജ്യത്തെ ആഴത്തിൽ പുതുക്കിപ്പണിയുന്നത് - ഇങ്ങനെ പല സംശയങ്ങളുണ്ടായിരുന്നു വെൽസിന്റെ ചോദ്യങ്ങളിൽ. അതു കേട്ടിരുന്ന ലെനിൻ 1893- ൽ പീറ്റേഴ്സ് ബർഗിലെത്തിയ നാൾ മുതലുള്ള പല സന്ദർഭങ്ങളും ഓർത്തെടുത്തു. വിശന്നുവലഞ്ഞ മനുഷ്യരുടെ അമർന്ന കരച്ചിലും ദീർഘനിശ്വാസവും അപ്പോൾ പുറംവഴികളിൽ കേൾക്കാമായിരുന്നു. ലെനിന്റെ വിശദീകരണം വെൽസിന് പുതിയ ചോദ്യം ചോദിക്കാനുള്ള ഉന്മേഷം പകർന്നു.
“ഒക്ടോബർ വിപ്ലവത്തിനുശേഷം ഇത്രനാൾ കഴിഞ്ഞിട്ടും ആ നിലവിളികൾക്കും ദീർഘനിശ്വാസത്തിനും അറുതിവരുത്താൻ നിങ്ങൾക്ക് കഴിയാഞ്ഞതെന്തുകൊണ്ടാണ്?” വെൽസ് ചോദിച്ചു.
ലെനിൻ ജനാലയ്ക്കലെത്തി പുറത്തേക്കു നോക്കിനിന്നു. എച്ച്. ജി. വെൽസ് തുടർന്നും ഇതുപോലുള്ള ചോദ്യങ്ങൾ ചോദിക്കുമെന്ന് ലെനിന് ഉറപ്പുണ്ടായിരുന്നു. റഷ്യയ്ക്കെതിരെ, ഇവിടെ പിറന്നുവളരുന്ന രാഷ്ട്രീയത്തിനെതിരെ അമേരിക്കയും വിമതശക്തികളും എഴുതിവിടുന്ന വാർത്തകളും അപസർപ്പകകഥകളെ വെല്ലുന്ന പലതും ലെനിൻ അറിയുന്നുമുണ്ടായിരുന്നു.
ദൈവത്തിന്റ വിധിക്രമങ്ങൾക്കുവേണ്ടി ജന്മം മുഴുവൻ തൊഴുത് മെഴുതിരി കൊളുത്തി കാത്തിരിക്കുന്ന മനുഷ്യരെയല്ല റഷ്യ സ്വപ്നം കാണുന്നതെന്ന് ലെനിൻ പറഞ്ഞപ്പോൾ വെൽസ് ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. കാത്തിരുന്നു കാണാം എന്ന ഭാവമായിരുന്നു വെൽസിന്റെ മുഖത്തപ്പോൾ.
“നിങ്ങൾ പത്തുകൊല്ലം കഴിഞ്ഞ് വീണ്ടും റഷ്യയിൽ വരണം. ഞങ്ങൾ ഏന്തു നേടിയെന്ന് അപ്പോൾ കാണാം’’, നീരസത്തോടെ ലെനിൻ പറഞ്ഞു.
ഗോർക്കിയോടുള്ള ആത്മബന്ധം മറ്റെഴുത്തുകാരെയും അങ്ങനെ കാണാൻ പ്രേരിപ്പിക്കാറുണ്ടെന്നും എന്നാൽ മറ്റു മനുഷ്യരുടെ ജീവിതം കാണാനുള്ള മനസ്സില്ലാത്തവർ പേനാ ജീവികൾക്കിടയിലുണ്ടെന്നും ലെനിൻ ചെറിയ ചിരിയോടെയാണ് പറഞ്ഞത്. അതുകേട്ട് ഗോർക്കി താടിതടവിയിരുന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. ഇടയ്ക്കൊന്ന് ചിരിക്കുക മാത്രം ചെയ്തു.
“ഈ ചിരി എനിക്ക് മനസ്സിലാവുന്നതാണ്. വെൽസ് ഇങ്ങോട്ടു വരുന്നെന്നറിയിച്ചുകൊണ്ടുള്ള കത്ത് കിട്ടിയ ദിവസം ഞാനതെക്കുറിച്ച് പറഞ്ഞതല്ലേ. എന്നെ കാണാൻ അനുവാദം ചോദിച്ചപ്പോഴും ഗോർക്കിയോട് സംസാരിക്കാനാണ് ഞാൻ പറഞ്ഞത്’’.
ഗോർക്കിയുടെ ചിരി അത്ര രസിക്കാത്തതുപോലെ ലെനിൻ കസേരയിൽ നിന്നുമെഴുന്നേറ്റ് അടഞ്ഞുകിടന്ന ഒരു ജനാലകൂടി തുറന്നിട്ടു. തൊട്ടുപിന്നിലെത്തിയ ഗോർക്കി ചോദിച്ചു.
“നോക്കൂ വ്ലജിമീർ, ഏതു സന്ദർഭത്തെയും അനായാസമായി നേരിടാറുള്ള ആൾ എന്തിനാണ് വെൽസിന്റെ ചോദ്യങ്ങളോടിത്രമാത്രം അസഹിഷ്ണുത കാണിക്കുന്നത്?”
ഗോർക്കി ചായ പകർന്നു. പുതുതായെഴുതിയ നോവലിന്റെ ഒരദ്ധ്യായം ആദ്യവായനയ്ക്കായി ലെനിനു നേരെ നീട്ടി.
“എഴുത്തുകാർ ചില കാര്യങ്ങളിൽ അന്ധവിശ്വാസികളാണ്. റഷ്യയിൽ നടക്കുന്നതും നടന്നതുമായ എന്തിനെക്കുറിച്ചും അവരിൽ ചിലർ സംശയാലുക്കളാണ്. മുൻവിധികളുടെ (വെൽസിനെക്കുറിച്ച് അങ്ങനെ പറയാനാണ് എനിക്കു തോന്നുന്നത്) തടവുകാരനായ വെൽസ്. മെഷിൻസ്കിയുടെ ചില വാചകം പോലും സംഭാഷണത്തിനിടയിൽ പരാമർശിച്ചിരുന്നു.”
ലെനിൻ കോട്ടിന്റെ പോക്കറ്റിൽനിന്നും മുഷിഞ്ഞ ഒരു തുണ്ട് കടലാസെടുത്ത് കഷ്ണങ്ങളാക്കി ചവറുകൂനയിലേക്കെറിഞ്ഞു.
“അയാളോടു സംസാരിക്കുന്നതിനുമുമ്പ് ഞാൻ ചിലതൊക്കെ കുറിച്ചുവച്ചിരുന്നു. ഇനി അതാവശ്യമില്ല. ഒന്നെനിക്കുറപ്പാണ്. അയാൾ ഇനിയൊരിക്കൽ കാണുന്ന റഷ്യ ഇന്നത്തെ റഷ്യയായിരിക്കില്ല. ഒരുപക്ഷേ, ഞാൻ അന്നുണ്ടായില്ലെന്നു വരാം’’.
ഗോർക്കി വ്ലജിമീറിനെ നോക്കിനിന്നു. ഉള്ളിൽ പിറക്കുന്ന ചെറിയ ചെറിയ തിരകളെ പോലും പെട്ടെന്ന് തിരിച്ചറിയാനാവുന്ന രണ്ടുപേർ. ഒരാൾ അത് വാക്കുകളിലൂടെ പ്രകാശിപ്പിക്കുന്നു. മറ്റേയാൾ പുതിയ ലോകോദയത്തിൽ മാറ്റുള്ള കിരണങ്ങൾ ചൊരിയുന്നതിനുവേണ്ടി സ്വയം സമർപ്പിച്ചിരിക്കുന്നു.
ഗോർക്കിക്ക് വ്ലജിമീറില്ലാത്ത റഷ്യയെപ്പറ്റി സങ്കല്പിക്കാൻ കഴിയുമായിരുന്നില്ല. ട്രോട്സ്കി, ബുഖാറിൻ, സിനോവീസ് - ഇവരുമായി സംസാരിക്കുമ്പോഴൊക്കെ ഗോർക്കി ഇതുതന്നെ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു.
“നമുക്കാശിക്കാം. ആത്മാവുകൊണ്ട് ശരിയെന്നു തോന്നുന്നതുമാത്രം ചെയ്തുകൊണ്ടിരിക്കുന്ന വ്ലജിമീറിന്റെ ദീർഘായുസ്സിനുവേണ്ടി. അതിനുശേഷം റഷ്യയെ കാത്തിരിക്കുന്നത് തുരുമ്പിന്റെ തുരങ്കദൂരമാണെന്ന് ഭയക്കുന്ന മനസ്സാണ് എന്റേത്’’.
ഇതിനോടൊന്നും വിയോജിച്ചില്ലെങ്കിലും ലെനിന്റെ ചില നേരങ്ങളിലെ നിശ്ശബ്ദതയെ ട്രോട്സ്കി ദാക്ഷിണ്യമില്ലാതെ വിമർശിച്ചു. സ്റ്റാലിന്റെ തായ്‌വേരിൽ നിന്നും പല ദിശകളിലേക്കു പടരുന്ന പരശ്ശതം വേരുകളുടെ മുറുക്കിപ്പിടുത്തത്തിൽ ഒരുനാൾ റഷ്യ ഉഗ്രതാപം പേറുമെന്ന് പ്രവചിച്ച് ട്രോട്സ്കി ഒരപസ്മാരരോഗിയെപ്പോലെ നിന്നു വിറച്ചു. താൻ കാണുന്ന ദുഃസ്വപ്നങ്ങളിലൊക്കെ പത്തുതലകളും നൂറുകൈകളും ആയിരം വിരലുകളുമായി നില്ക്കുന്ന ഒരു നിഴൽച്ചിത്രം കടന്നുവരുന്നതിനെപ്പറ്റി ട്രോട്സ്കി പലതവണ ഗോർക്കിയോടു പറഞ്ഞിട്ടുമുണ്ട്.
“അതെ ക്രിസ്റ്റഫർ’’, ഡോ. ഇറീന പറഞ്ഞു: “ഒക്ടോബർ വിപ്ലവത്തിനുശേഷം ആറുവർഷം കഴിഞ്ഞപ്പോൾ ലെനിന്റെ ആരോഗ്യം പ്രതീക്ഷ കൈവിടും വിധം ക്ഷയിച്ചു തുടങ്ങിയിരുന്നു. തുടക്കത്തിൽ പ്രിയപ്പെട്ടവർ പറയുന്നതുപോലും വ്യാജങ്ങളായി വിശ്വസിക്കാനാണ് ലെനിൻ ശ്രമിച്ചത്. ചില സന്ദേഹങ്ങൾ മനസ്സിലുരുണ്ടുകൂടിയപ്പോഴേക്കും മേഘങ്ങളിൽനിന്നും തിളമഴ വീണുതുടങ്ങിയിരുന്നു’’.
- നടന്നുവന്ന പാതകൾ, അവിടങ്ങളിൽ കരിന്തിരികത്തിയ വിളക്കുമാടങ്ങൾ, മനുഷ്യന്റെ തിളച്ചരക്തത്തിൽ ചവിട്ടി സിംഹാസനത്തിലേക്കു കുതിച്ച രാജപ്രതാപങ്ങൾ! റഷ്യയുടെ ആകാശം നിറയെ സൂര്യച്ചുവപ്പു നിറയുന്നതുകാണാൻ കൊതിച്ചവൻ. ആയിരം ചിറകുള്ള പിന്മുറക്കാരെ സ്വപ്നം കണ്ടവൻ - ഇവയൊന്നും മറക്കാൻ ലെനിന് അവസാനനിമിഷം വരെ സാധിച്ചിരുന്നില്ല. ക്രൂപ്സ്കയയുടെ ചില ചോദ്യങ്ങൾക്കുപോലും മറുപടി പറയാതെ നിശ്ശബ്ദതയുടെ തടവുകാരനെപ്പോലെ ലെനിൻ അന്ത്യനാളുകൾ പിന്നിട്ടു.
നോവൽ വായന ഈ ഭാഗത്തെത്തിയപ്പോൾ ഡോ. ഇറീന തെല്ല് നീരസത്തോടെ എണീറ്റു. അതു മനസ്സിലാക്കിയ ക്രിസ്റ്റഫർ ഒപ്പം നടക്കുമ്പോൾ എന്താണ് ഇറീന ഈ സന്ദർഭത്തിൽ പറയുകയെന്ന ആകാംക്ഷ ചെറുതായിരുന്നില്ല.
“അതെ ക്രിസ്റ്റഫർ, ലെനിനെക്കുറിച്ച് നേരും നുണയും കഥയും കെട്ടുകഥയുമൊക്കെയായി റഷ്യയിൽ മാത്രമല്ല ഭൂമിയിൽ പലയിടത്തും പലതും കേൾക്കാനാകും. പക്ഷേ, അതൊന്നും പൂർണ്ണമായി ശരിയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഒരു കാര്യം അറിയണമെന്നുണ്ട്. അതറിയാൻ സാധ്യതയുള്ള ഒരാളെ നേരിട്ടു കാണാൻ എനിക്കിനി കഴിഞ്ഞെന്നു വരില്ല. പക്ഷേ, അങ്ങനെയൊരാളെ പിന്തുടർന്ന് പോയാൽ ലഭിക്കാനിടയുള്ള വിവരങ്ങളായിരിക്കും ഈ നോവലിനെ ഇനിയും ഏറ്റവും ശ്രദ്ധേയമാക്കുന്നത്. വായനക്കാർ ആ ഒറ്റ അദ്ധ്യായത്തിനുവേണ്ടിയാവും ഈ ബൃഹദാഖ്യായിക മുഴുവൻ വായിച്ചുതീർക്കുക.”
ഇറീന ഇത്രയും പറഞ്ഞ് തണുത്ത സായാഹ്നത്തിലേക്ക് നോക്കിയിരുന്നു.
(തുടരും)