ദസ്വിദാനിയ ലെനിൻ
Good bye Lenin

അധ്യായം 46
നിഴൽഭയം

ലെനിന്റെ വിറയ്ക്കുന്ന ചൂണ്ടുവിരലിൽ ഡോ. ബെക്തറേവ് പതുക്കെ തൊട്ടുതലോടി. ഉല്യാനവ് നന്നായി പനിക്കാൻ തുടങ്ങി. മരുന്ന് കഴിച്ചശേഷം പതുക്കെ ഉറക്കത്തിലേക്ക് ലെനിൻ ചാഞ്ഞു.

യലറ്റ് കലർന്ന ചുവന്ന മഷി.
ക്രിസ്റ്റഫർ ആദ്യമായാണ് അങ്ങനെയൊരു നിറം കാണുന്നതും എഴുതുന്നതും. വ്ലജിമീറിന്റെ ജീവിതത്തിലെ അവസാന വർഷങ്ങളിലൂടെ എങ്ങനെയാണ് കടന്നുപോകേണ്ടതെന്ന ചോദ്യത്തിനുള്ള ഉത്തരം ക്രിസ്റ്റഫറിന് ആദ്യമൊന്നും കണ്ടെത്താനായില്ല. അത്രവേഗത്തിൽ അത് സാധ്യമാവില്ലെന്നും അറിയാമായിരുന്നു. ഒക്ടോബർ വിപ്ലവത്തിനുശേഷമുള്ള ഓരോ രാവും പകലും ലെനിൻ മനസ്സുകൊണ്ട് കയറിയിറങ്ങിയ പടവുകൾ എണ്ണിത്തിട്ടപ്പെടുത്താനാവുന്നതായിരുന്നില്ല. അഭിമുഖീകരിച്ച ചോദ്യങ്ങൾക്ക് ഉത്തരം തേടി ഉറക്കമൊഴിഞ്ഞ തണുപ്പുപുതച്ച അർദ്ധരാത്രികൾ. അതും പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നതായിരുന്നില്ല.

സ്റ്റാലിനെ തെക്കൻ യുദ്ധനിരയിലേക്ക് നിയോഗിച്ചത് ലെനിനാണ്. തന്ത്രങ്ങളും മറുതന്ത്രങ്ങളും എങ്ങനെ വേണമെന്ന് വിശദീകരിച്ച സ്റ്റാലിന് ഹസ്തദാനം നല്കി ലെനിൻ പിന്തുണച്ചു. മറ്റാരെക്കാളും വിശ്വാസം ഉല്യാനവിൽ നേടാൻ കഴിഞ്ഞതായി സ്റ്റാലിനും അതോടെ തോന്നാൻ തുടങ്ങി.

വെറോനിഷിൽ വച്ച് ബൽഷെവിക് സൈനികർ ഷ്കുറോയ്ക്കും മമൻതോവിനും തിരിച്ചടി നല്കി. ഉറാൽ തിരിച്ചുപിടിച്ചു. പുൾക്കോർവോ യുദ്ധത്തിലും ബൽഷെവിക്കുകൾ വിജയപതാകയുയർത്തി. അനിഷേധ്യനായി സ്റ്റാലിൻ മുൻനിരയിലേക്ക് കടന്നുവരുന്നത് തുടർന്നുള്ള നാളുകളിൽ മറ്റുള്ളവർ കണ്ടു.

റെഡ് ആർമി ശക്തമാക്കുക, കൂട്ടുകൃഷിയിലൂടെ സ്വയംപര്യാപ്തത കൈവരിക്കുക, ഭൂജന്മിമാർക്കും ധനികർക്കും മുന്നിൽ യാചനാഭാവത്തിൽ നില്ക്കേണ്ടിവരുന്ന തൊഴിലാളികളെ മുൻനിരജനതയാക്കുക - ഇതിനൊക്കെ വേണ്ടിയാണ് ലെനിൻ ഓരോ നിമിഷവും ചെലവിടുന്നതെന്ന് ജനങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. അവർ അവരുടെ ഹൃദയത്തിൽ ഇടം നല്കുക മാത്രമല്ല ലെനിന്റെ ശ്വാസവേഗത്തിലേക്ക് ശുദ്ധവായു എത്തിക്കാൻ സ്വന്തം പ്രാണൻ വെടിയാൻപോലും ഒരുക്കമായിരുന്നു.

ആക്രമിക്കപ്പെട്ടപ്പോൾ തൊഴിലാളികൾ എത്രമാത്രമാണ് തന്നെ സ്നേഹിക്കുന്നതെന്നും വിശ്വസിക്കുന്നതെന്നും ലെനിനു ബോദ്ധ്യം വന്നിട്ടുള്ളതാണ്. ഓരോ മിഴിയടപ്പിലും തുറപ്പിലും സ്വന്തം ജനതയുടെ വേരുകളെ ഉറപ്പുള്ളതാക്കാൻ ശ്രമിച്ചതിനു കിട്ടിയ പ്രതിഫലം എത്ര മഹനീയമാണെന്ന് ലെനിന് മനസ്സിലായിരുന്നു.

രോഗദിനങ്ങൾക്കു ശേഷം ഡോ. ബെക്തറേവും ലെനിനും ആദ്യമായി കണ്ട ദിവസമായിരുന്നു അത്. കഠിനമായ ആയാസങ്ങൾ മനുഷ്യശരീരത്തെ പതുക്കെപ്പതുക്കെ തളർത്തുമെന്ന് ഡോക്ടർ പറഞ്ഞപ്പോഴൊന്നും ലെനിൻ അതത്ര കാര്യമായെടുത്തില്ല.

'നോക്കൂ ബെക്തറേവ്, അലസമായ നേരങ്ങളിലേക്ക് മനസ്സിനെയും ശരീരത്തെയും തുറന്നുവിടുമ്പോഴാണ് രോഗം നമ്മെ കീഴ്‌പ്പെടുത്തുക. അല്ലെങ്കിൽ കടന്നുവരുമ്പോൾ തന്നെ രോഗം തിരിച്ചുപോകാനുള്ള വഴിയും നോക്കി വെച്ചിട്ടുണ്ടാകും! ലെനിന്റെ സംസാരംകേട്ട് ഡോ. ബെക്തറേവ് ചിരിച്ചു. തർക്കിക്കാനുള്ള നേരമല്ല അതെന്ന് ബെക്തറേവ് മനസ്സിൽ പറഞ്ഞു.

"ക്രൂപ്സ്കയയ്ക്കറിയുമോ ഇങ്ങോട്ടാണ് വന്നതെന്ന്?" ബെക്തറേവ്.

"അറിയാം." ലെനിൻ - "തിരിച്ചു ചെല്ലാൻ വൈകുമെന്നും!"

ഡോ. ബെക്തറേവ് രണ്ടു ഗ്ലാസ്സുകളിൽ ബിയർ പകർന്നു. ഇരുപത്തൊന്നു ദിവസം മുമ്പ്, പുതുവർഷരാവിൽ ഇതുപോലെ തിരക്കുകളൊന്നുമില്ലാതെ സംസാരിക്കണമെന്ന് നിശ്ചയിച്ചതാണ്. ഓരോ ദിവസവും മോശമായിക്കൊണ്ടിരുന്ന ആരോഗ്യം അതിന് അനുവദിച്ചില്ല. അപ്പോഴേക്കും എപ്പോൾ എന്ത് സംഭവിക്കണം, ആരു് ആരോട് എന്ത് പറയണം, എപ്പോൾ എവിടെവച്ച് ആരൊക്കെ പരസ്പരം കാണണം - ഇങ്ങനെ എവിടെയും എപ്പോഴും ഒരദൃശ്യശക്തി പിന്തുടരുന്നതായി ലെനിന് മനസ്സിലായി തുടങ്ങിയിരുന്നു.

ആദ്യം ആര് മുന്നറിയിപ്പ് നല്കിയിട്ടും, ക്രൂപ്സ്കയ വിശദീകരിച്ചിട്ടും ലെനിൻ പലതും വിശ്വസിച്ചില്ല. എന്നാൽ അടുത്തിടെ തുടർച്ചയായുണ്ടായ സംഭവങ്ങൾ ചില വീണ്ടുവിചാരങ്ങൾക്ക് കാരണമായി. അതറിഞ്ഞപ്പോൾ ബെക്തറേവിന് തോന്നിയ സന്തോഷം ചെറുതായിരുന്നില്ല.

"എന്താണ് ഇത്രമാത്രം ദീർഘനിശ്വാസം? ഒരു നിഴൽ എപ്പോഴും അപായകരമായി നമ്മെ പിന്തുടരുന്നുണ്ടല്ലോ! പറയൂ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഞാൻ കേൾക്കുന്നതിനപ്പുറം അതെക്കുറിച്ച് പറയാനാകുമല്ലോ. ഇല്ലിച്ചിന്?"

ഡോ. ബെക്തറേവ് ലെനിന്റെ മുഖത്തേക്ക് നോക്കിയിരുന്നു.

"ഒരിയ്ക്കൽ ഞാൻ പറഞ്ഞിട്ടുണ്ടെന്നാണ് ഓർമ്മ. ഇല്ലെങ്കിൽ ഓർമ്മയെ ശകാരിക്കാൻ എന്നെ അനുവദിക്കുക" ലെനിൻ

പുറത്തറിഞ്ഞതും അറിയാത്തതുമായ പലതും ഏറ്റവും സ്വകാര്യമായി ലെനിൻ ബെക്തറേവിനോട് പറഞ്ഞിട്ടുള്ളതാണ്.

അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുടെ പത്തുലക്ഷം വരുന്ന പട്ടാളം റഷ്യയ്ക്കെതിരെ തക്കം പാർത്ത് അതിർത്തികളിലുണ്ട്. സാർ ചക്രവർത്തിയുടെ വെളുത്തസേന ഏതു തുരങ്കത്തിലൂടെയും അമരം അധീനതയിലാക്കാൻ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. ഇതിനിടയിലും പരസ്പരം കണ്ടുമുട്ടുകയും രാജ്യരഹസ്യങ്ങൾവരെ ചർച്ചചെയ്തിട്ടുമുണ്ട്. അന്നൊന്നുമില്ലാത്ത ചില വേവലാതികൾ ഇപ്പോൾ ലെനിനെ ബാധിച്ചിട്ടുണ്ടെന്ന് ഡോ. ബെക്തറേവിന് തോന്നി. എന്തുതന്നെയായാലും എത്ര ഇരുട്ടും വരെ ഒപ്പമിരുന്നിട്ടാണെങ്കിലും ആ ഉൾപ്പിടച്ചിലുകൾ മനസ്സിലാക്കണമെന്നും ‍ഡോക്ടർ ഉറപ്പിച്ചു.

ശരീരത്തേക്കാളേറെ മനസ്സിനെയാണ് ഭയക്കേണ്ടത്. ലെനിന്റെ കാര്യത്തിൽ വിശേഷിച്ചും. ഒട്ടും സുഖകരമല്ലാത്ത പാതകൾ പിന്നിടാൻ തന്റെയും അനുയാത്രികരുടെയും പാദങ്ങൾക്ക് കരുത്തുണ്ടെന്ന് ലെനിൻ എന്നും വിശ്വസിച്ചു. അകത്തും പുറത്തുമുള്ള പ്രതിയോഗികളുടെ വീശിപ്പറക്കാനിടയുള്ള ചിറകുകൾ അരിഞ്ഞു വീഴ്ത്തുന്ന നിമിഷങ്ങളിൽ ലെനിൻ യാതൊരു സന്ദേഹവും അനുഭവിച്ചതുമില്ല.

ലെനിൻ ജനങ്ങൾക്ക് അത്ഭുതങ്ങളുടെ വിമാനപ്പക്ഷിയായിരുന്നു. നരിയായും നരനായും പുലിയായും വേഷം മാറാൻ കഴിയുന്ന അത്ഭുതസൃഷ്ടി. പല കാലങ്ങളിൽ പല സ്ഥലങ്ങളിൽ പല വേഷങ്ങളിൽ പ്രത്യക്ഷനായതായും ശത്രുനിരയെ ഉലച്ചു മുന്നേറിയതായുള്ള കഥകൾ റഷ്യയിൽ പ്രചാരത്തിലുണ്ട്.

പലരും ക്ലിനിക്കിൽ വന്നിരുന്ന് ആ അത്ഭുതകഥകൾ പറയാറുണ്ട്. ചിലപ്പോൾ ക്ലിനിക്കിനുള്ളിലെ വിശ്രമമുറിയിലിരുന്ന് ലെനിൻ മറ്റുള്ളവർ പറയുന്ന കഥകൾ കേട്ടിട്ടുമുണ്ട്. അങ്ങനെയുള്ള ദിവസങ്ങളിൽ ചിരിക്കാറുള്ള ചിരി മറക്കാൻ കഴിയില്ല.

കിടക്കവിട്ടെഴുന്നേല്ക്കണമെന്നും എത്രയും വേഗം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി നടക്കണമെന്നും ലെനിൻ ഡോ. ബെക്തറേവിനോട് നിരന്തരം പറഞ്ഞു. ഒരു രാത്രിയിൽ സന്ദർശകനായെത്തിയ സ്റ്റാലിനോടും അക്കാര്യം ഓർമ്മപ്പെടുത്തി. ചുറ്റും നിന്നവരെ നോക്കി മീശയുടെ തുമ്പൊന്നുകൂടി തിരുമ്മിയ സ്റ്റാലിൻ ചിരിച്ചു:

"സഖാവേ, ആരോഗ്യമാണ് പ്രധാനം. മറ്റെല്ലാം നമുക്ക് പകരം വയ്ക്കാവുന്നതാണ് !" സ്റ്റാലിൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കാൻ മറ്റുള്ളവർക്ക് അധികനേരം വേണ്ടിവന്നില്ല. തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ലിയോൺ ട്രോട്സ്കി, ബുഖാറിൻ, സിനോവിസ എന്നിവരൊക്കെ കാണാൻ രഹസ്യമായി വന്നതും അവർ പറഞ്ഞതുമൊക്കെ ലെനിൻ ബെക്തറേവിനോട് പറഞ്ഞിരുന്നു. ചില കണ്ടെത്തലുകളും തിരഞ്ഞെടുപ്പുകളും ജീവിതത്തിലെ വലിയ തെറ്റിന്റെ വാതിൽ തുറന്നിടലായിരിക്കുമെന്ന് സീനോവീവ് പറഞ്ഞതിന്റെ അർത്ഥം കൂടുതൽ തെളിഞ്ഞുവരുന്നതായി ലെനിൻ ഒന്നല്ല പലവട്ടം പറയുകയും ചെയ്തു.

പെട്ടെന്നാണ് ക്ലിനിക്കിലേക്ക് വരുന്നെന്ന് ലെനിൻ ഫോൺ വിളിച്ചറിയിച്ചത്. രോഗകാലത്ത് വീട്ടിൽ വിശ്രമിക്കുന്ന ദിവസങ്ങളിലൊന്നായിരുന്നു അത്. അങ്ങോട്ടു ചെല്ലാനും ഇത്രദൂരം യാത്ര ചെയ്യേണ്ടതില്ലെന്നും ഡോ. ബെക്തറേവ് പറഞ്ഞ് നോക്കി. ഉല്യാനവ് അത് സമ്മതിച്ചില്ല.

പെട്ടെന്നാണ് ക്ലിനിക്കിലേക്ക് വരുന്നെന്ന് ലെനിൻ ഫോൺ വിളിച്ചറിയിച്ചത്. രോഗകാലത്ത് വീട്ടിൽ വിശ്രമിക്കുന്ന ദിവസങ്ങളിലൊന്നായിരുന്നു അത്.

"വേണ്ട ബെക്തറേവ് ഞാൻ അങ്ങോട്ടു വരാം" - ഇങ്ങനെ പറഞ്ഞതു കേട്ടപ്പോൾത്തന്നെ മൂന്നാമതൊരാൾ കേൾക്കരുതാത്തതെന്തൊക്കെയോ െലനിൻ പറയാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ബെക്തറേവ് ഉറപ്പിച്ചു.

"ആരാച്ചാർ ഒന്നല്ല പലരാണ്. അവരിലൂടെ വീണ്ടും വീണ്ടും മനുഷ്യവേട്ട നടത്താനാണ് അയാളുടെ നീക്കം. കർക്കശമായി ചില തീരുമാനങ്ങൾ നടപ്പിലാക്കേണ്ടിയിരിക്കുന്നു. സ്വന്തം കിടക്കയെപ്പോലും അവിശ്വസിച്ച്, ഏതു നിമിഷവും അത് അഗ്നിക്കിരയാക്കാൻ തീപ്പെട്ടി കരുതുന്ന ഒരാളായി മാറിയിരിക്കുന്നു അയാൾ!" ദീർഘമായി നിശ്വസിക്കുന്നതിനിടെ ലെനിൻ പറഞ്ഞു. അങ്ങോട്ടു സംസാരിക്കരുതെന്ന് ബെക്തറേവ് നിശ്ചയിച്ചിരുന്നു. ഉള്ളിലുള്ളതൊക്കെ പറഞ്ഞ് ഭാരമിറക്കട്ടെയെന്നു കരുതി പ്രിയസുഹൃത്തിനെ നോക്കി ബെക്തറേവ് നിശ്ശബ്ദനായി. പിന്നെ വളോദ്യ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ഡോ. ബെക്തറേവ് പറഞ്ഞു:

"മാർക്സിനെ വായിച്ച ചെങ്കിസ്‌ഖാനെന്നാണ് ബുഹിരിൻ അയാളെ വിശേഷിപ്പിച്ചത്. കൊള്ളക്കാരനും കൊലപാതകിയും ആൾമാറാട്ടക്കാരനും രാജ്യദ്രോഹിയുമായി ട്രോട്സ്കിയും!"

ഇല്ലിച്ച് തുറന്നിട്ട ജനാലയിലൂടെ കമ്പിളി പുതച്ചുപോകുന്ന തൊഴിലാളികളെ നോക്കി. ഒരിയ്ക്കലും പ്രതീക്ഷ മങ്ങാത്ത ആ കണ്ണുകളിൽ നിരാശയുടെ പടലം അന്നാദ്യമായ് ഡോ. ബെക്തറേവ് കണ്ടു.

നിർണ്ണായകസന്ധികളിൽ പലപ്പോഴും പിൻനിരയിൽ നിന്നും മുന്നിലേക്ക് അയാൾക്കിടം നൽകിയതിൽ ഇന്ന് കുറ്റബോധം തോന്നുന്നതായി ലെനിൻ പറഞ്ഞു. രാഷ്ട്രീയകാര്യങ്ങളിൽ ഇല്ലിച്ചിനെപ്പോലെ അറിവില്ലെങ്കിലും മറ്റു ചിലതുകൂടി ചോദിച്ചറിയണമെന്ന് ബെക്തറേവ് നിശ്ചയിച്ചു. ബുഖാറിനെയും ട്രോട്സ്കിയെയും സീനോവീവിനെയും പല സന്ദർഭങ്ങളിലും ലെനിൻ എതിർത്തതാണ്. അവർക്കെതിരെ എഴുതിയ ലേഖനങ്ങൾ പ്രാവ്ദയിലും ലഘുലേഖകളായും വായിച്ചിട്ടുമുണ്ട്.

വലതുകൈവിരലുകൾ ചെറുതായി വിറയ്ക്കുന്നുണ്ട്. തള്ളവിരൽ കൊണ്ട് ചൂണ്ടുവിരലിന്റെ ചലനം തൊട്ടുനിർത്താൻ ശ്രമിച്ചതിനുശേഷം തലയുഴിഞ്ഞുകൊണ്ടിരുന്ന ലെനിൻ സാധാരണയിലേറെ ശബ്ദം താഴ്ത്തിയാണ് അപ്പോൾ സംസാരിച്ചത്.

"അതെ ബെക്തറേവ്, നിങ്ങൾ പറഞ്ഞതൊക്കെ സംഭവിച്ചതാണ്. പ്രതിയോഗികളെ, അതും ആശയപരമായി എതിരിടുന്നവരെ വകവരുത്തുന്നതായിരുന്നില്ല എന്റെ രാഷ്ട്രീയം. ഒരിയ്ക്കലും ഒരിടത്തും ഞാൻ അങ്ങനെ പറയുകയോ എഴുതുകയോ ചെയ്തിട്ടില്ല. വിനാശകാരികളായ സാർ ചക്രവർത്തിമാരോടും പുരോഹിതന്മാരോടും അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് തീർത്തും അനിവാര്യമായതുകൊണ്ടായിരുന്നു.

അയാൾ സ്വന്തം നിഴലിനെപ്പോലും ഭയക്കുകയാണ്. ആരെയും വകവരുത്താൻ അയാൾ മടിക്കില്ല. സംഭവിക്കുന്ന പല അപകടമരണങ്ങൾക്കും, ആത്മഹത്യകൾക്കും കാരണം മറ്റാരുമല്ല."

(തുടരും)


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments