ചിത്രീകരണം: രാജേഷ് ചിറപ്പാട്

ദസ്വിദാനിയ ലെനിൻ
Good bye Lenin

അധ്യായം: 12
സ്വാതന്ത്ര്യപ്പോരാട്ടം

പുതിയ ചുവടുവെപ്പിനും പ്രവാഹത്തിനും വേണ്ടി എയ്യാനുള്ള ശരങ്ങൾ ലെനിന്റെ ഓരോ വാക്കിലും മറ്റുള്ളവർ തിരിച്ചറിഞ്ഞു.

ഴുത്തിന്റെ ആദ്യ ദിനങ്ങളിൽ തോന്നിയ ഉൾക്കിതപ്പൊക്കെ ക്രിസ്റ്റഫർ റീഡിനെ വിട്ടകന്നിരുന്നു. ആ ജീവചരിത്രരചനയ്ക്കുവേണ്ടി നടത്തിയ പ്രയത്നങ്ങൾ നിസ്സാരമായിരുന്നില്ല. ചെങ്കനൽ നിറമുള്ള ഒരു ജീവിതം മുന്നിൽ വന്നു നില്ക്കുകയാണ്.

ലക്ഷ്യം, അതിലേക്കുള്ള മാർഗ്ഗം; എത്തേണ്ടിടത്തേക്കെത്താൻ വേണ്ടിയുള്ള നിശ്ചിതമായ ചുവടുവെപ്പ് - ഇതെല്ലാം വരുതിയിലാക്കുക അത്ര പെട്ടെന്നു സാധ്യമാകുന്ന കാര്യവുമായിരുന്നില്ല.

ലെനിന്റെ ജീവചരിത്രത്തിൽനിന്ന് ആ ജീവിതം പ്രമേയമായ നോവലിലേക്കുള്ള ദൂരം ചെറുതല്ല. വോൾഗയുടെ തീരത്ത് സിംബിർസ്ക് പട്ടണത്തിൽ 1870 ഏപ്രിൽ 22 നാണ് വ്ലാദിമിർ ഇല്ലിച്ച് ഉല്യനോവ് ലെനിൻ ജനിച്ചതെന്ന് ചരിത്രം. പിന്നീടുള്ള 54 വർഷങ്ങളിൽ സെന്റ് പീറ്റേഴ്സ്ബർഗിലൂടെ, റഷ്യയുടെ ഹൃദയരേഖയിലൂടെ ഊണും ഉറക്കവുമുപേക്ഷിച്ച് നിരന്തരം യാത്ര ചെയ്ത ലെനിൻ, ഉദാസീനനാകേണ്ടിടത്ത് അങ്ങനെയും ജീനി മുറിഞ്ഞ കുതിരയെപ്പോലെ പായേണ്ടിടത്ത് അങ്ങനെയും സഞ്ചരിച്ച ജീവിതമായിരുന്നു അത്.

ഒരു പുസ്തകം കൊണ്ട് എഴുതി പൂർത്തിയാക്കാനാകുന്നതായിരുന്നില്ല ലെനിന്റെ സഞ്ചാരങ്ങൾ. വോൾഗാ തീരത്ത് പിന്നിട്ട ബാല്യം മുതൽ രോഗം മൂർച്ഛിച്ച അന്ത്യദിവസങ്ങൾ വരെയുള്ള വർഷങ്ങൾ ഇതിഹാസതുല്യമാണ്. ക്രമാനുഗതമായി ആ ജീവിതമെഴുതുന്നതുകൊണ്ട് കാര്യമുണ്ടെന്നു തോന്നുന്നില്ല. ജീവചരിത്ര രചനക്കുവേണ്ടി കണ്ടെത്തിയ വസ്തുതകളും അവയുടെ തെളിവും വെളിവുമൊക്കെ നോവൽരചനക്കു സഹായകമാകുമെന്ന് ക്രിസ്റ്റഫർ ഡയറിയിൽ കുറിച്ചിട്ടു.

മരണത്തിന്റെ മുകിൽമുദ്രകൾ ലെനിന്റെ മേൽ വന്നു വട്ടംചുറ്റാൻ തുടങ്ങിയ ദിവസങ്ങൾ.
അന്നു മുതലുള്ള ആ മനസ്സ്, അതിന്റെ ഞെരിയൽ, പിടച്ചിൽ - ഇവയൊക്കെ എഴുതുകയായിരുന്നു ക്രിസ്റ്റഫർ റീഡ് എന്ന നോവലിസ്റ്റിന്റെ ലക്ഷ്യം. ഇടക്കത് സാധ്യമാകില്ലെന്നു തോന്നി. ഒരു തിമിംഗലവേട്ടക്കാരന്റെ ജീവിതം പോലെ സംഭവബഹുലമായി മാറുന്നതായിരുന്നു പലപ്പോഴും ലെനിന്റെ ജീവിതം. അത് ചില നേരങ്ങളിൽ ഒരു കവിയുടെ കാല്പനികതയും വൈകാരികക്ഷോഭങ്ങളും നെടുവീർപ്പുകളും നിറഞ്ഞ ദിനങ്ങൾ സ്വന്തമാക്കുകയും ചെയ്തു!

ഇതിനെയെല്ലാം അവലംബിച്ച് ലെനിന്റെ ജീവിതം കേന്ദ്രപ്രമേയമായി ഒരു നോവൽ എഴുതണമെന്നതായിരുന്നു പ്രസാധകന്റെ ആവശ്യം. ആദ്യം അതിനനുകൂലമായ നിലപാടു സ്വീകരിച്ചത് അബദ്ധമായെന്ന് തോന്നി പിന്നീട് ക്രിസ്റ്റഫറിന്.

നോവലിന്റെ ഒന്നാം അദ്ധ്യായത്തിന്റെ ആദ്യവരി എഴുതാൻ തുടങ്ങിയപ്പോഴാണ് താൻ ഏറ്റെടുത്തിരിക്കുന്നത് ഭാരിച്ച ഉത്തരവാദിത്വമാണെന്ന് ബോധ്യം വന്നത്. എഴുത്തുമേശയിൽ ലെനിന്റെ ജീവചരിത്രമെഴുതിയ ആത്മവിശ്വാസത്തോടെ ചെന്നിരുന്ന നിമിഷം. പുതിയ പേന, കടലാസ്, സ്റ്റാപ്ലർ, ക്ലിപ്പ്, പലനിറത്തിലുള്ള മഷി - ഇതെല്ലാം ഒരുക്കിവച്ചു. എഴുത്തുമുറിയിൽ പ്രവേശിച്ച നിമിഷം ഒരു നിഴലനക്കം കോട്ടിനു പിന്നിൽ ക്രിസ്റ്റഫർ കണ്ടു. രോഗത്തിന്റെ ചാരനിറമുള്ള കണ്ണുകൾ ലെനിന്റെ ശരീരത്തിൽ പലയിടത്തും തുറന്നുതുടങ്ങിയ നാളുകളായിരുന്നു അത്. അലക്‌സെയ് മാക്സിമോവിച്ചിന് ലെനിൻ എഴുതിയ കത്താണ് അപ്പോൾ ഓർമ വന്നത്. ജീവചരിത്ര രചനയ്ക്കിടയിൽ കണ്ട ഏറ്റവും ഹൃദയസ്പർശിയായ ലെനിന്റെ എഴുത്തുകളിലൊന്നായിരുന്നു അത്.

രോഗത്തിന്റെ പിടിയിലമരുന്നതിന്റെ തൊട്ടുമുമ്പുള്ള നാളുകളിലൊന്നായിരുന്നു അത്. കൃത്യമായി പറഞ്ഞാൽ 1921 ആഗസ്റ്റ് 9 ന്. ലെനിൻ സുഹൃത്തിന് എഴുതി: 'പ്രിയ അലെക്സേയ് മക്ലീമോവിച്ച്, നിങ്ങളുടെ കത്ത് ഞാൻ എൽ.ബി. കാമെനേവിന് അയച്ചിട്ടുണ്ട്. നിങ്ങൾക്ക് ഇപ്പോഴും രക്തംതുപ്പലിന്റെ ഉപദ്രവം വന്നുകൊണ്ടിരിക്കുന്നുണ്ടല്ലോ. എന്നിട്ടും വിശ്രമിക്കാൻ പോവുകയില്ല! അത് ഹൃദയശൂന്യവും ബുദ്ധിശൂന്യവുമാണ്. നിങ്ങൾ യൂറോപ്പിലുള്ള ഒരു നല്ല സാനട്ടോറിയത്തിൽ പോകുകയാണെങ്കിൽ രോഗം ഭേദമാകും. ഇന്നു ചെയ്യുന്നതിന്റെ മൂന്നിരട്ടി കാര്യങ്ങൾ ചെയ്യാനാകും. ഞാൻ വെറുതെ പറയുകയല്ല, ഇവിടെ നിങ്ങളുടെ രോഗം ചികിത്സിച്ചു ഭേദപ്പെടുത്താനാവില്ല. വെറും ഒച്ചപ്പാടും ബഹളവും മാത്രമാണിവിടെ. യാതൊരു പ്രയോജനവുമില്ലാത്ത ഒച്ചപ്പാടും ബഹളവും. ഇവിടെ കാര്യമായിട്ടൊന്നും ചെയ്യാനാവില്ല.
‍ഉടനെ പോയി സുഖം പ്രാപിച്ചു വരുക. വാശി പിടിക്കരുത്. അതാണെന്റെ അപേക്ഷ.
- നിങ്ങളുടെ ലെനിൻ.

ഒരു വർഷത്തിലധികം മക്ലിമോവിച്ചിനെ എഴുത്തിലൂടെ ലെനിൻ പിന്തുടർന്നു. ഒരു യഥാർത്ഥ സഖാവ് പ്രദർശിപ്പിക്കുന്ന തികച്ചും ആത്മാർത്ഥമായ കരുതലായിരുന്നു അന്ന് അവർക്കിടയിൽ കാണാനായത്. പാർട്ടിയുടെ പല ഘടകങ്ങളിൽ ലെനിനെക്കാൾ ഓർമയും ഉത്സാഹവുമുള്ള നേതാക്കൾ ഉണ്ടായിട്ടുണ്ട്. ഇനി ഉണ്ടാവുകയും ചെയ്യും. അതേസമയം ലെനിനെപ്പോലെ സഖാക്കളുടെ ശ്വാസവേഗത്തെപ്പോലും ഹൃദയം കൊണ്ട് ചേർത്തു നിർത്താൻ അവർക്കാർക്കും സാധിച്ചില്ല. അതുകൊണ്ടാണ്, ഏതിരുട്ടിലും കടന്നുവരുന്ന കാലൊച്ച ലെനിന്റേതാണെന്നു പ്രതീക്ഷിച്ച് സഹപ്രവർത്തകർ ആകാംക്ഷാപൂർവ്വം കാത്തിരുന്നത്. ദിവസങ്ങളോളം ഭക്ഷണമില്ലാതെ, തടവറകളിലും ഒളിത്താവളങ്ങളിലും കാത്തിരുന്നവർ. അവർ ലെനിനുവേണ്ടി ഏറ്റവും പ്രിയപ്പെട്ട ഉണക്കമീനും റൊട്ടിയും കരുതിവച്ചു. ലെനിൻ ആരോഗ്യത്തോടെ മുഷ്ടിചുരുട്ടിയാലേ തങ്ങളുടെ തളർച്ച ബാധിച്ച കൈകൾ ആവേശത്തോടെ ഉയർത്താനാകൂ എന്നവർ വിശ്വസിച്ചു. മനുഷ്യജന്മം സാർത്ഥകമാകുന്നത് മറ്റുള്ളവർ നമ്മെ പുഞ്ചിരിയോടെ കാത്തിരിക്കുമ്പോഴാണ്. ലെനിനെ കാത്തിരിക്കുന്നവരുടെ മുഖത്ത് ചിരിയുടെ ചുവന്ന പൂക്കൾ വിരിഞ്ഞുവരുന്നത് എവിടെയും കണ്ടു.

ഒക്ടോബർ വിപ്ലവത്തിന്റെ പ്രകാശവർഷം റഷ്യയുടെ ആകാശത്ത് പല വിതാനങ്ങളിൽ മിന്നായം പോലെ വന്നു നിറഞ്ഞുകൊണ്ടിരുന്ന നാളുകൾ. രാത്രി എത്ര വൈകിയാലും വരുംദിവസമുന്നേറ്റങ്ങൾ ഓരോന്നും കൃത്യമായി രേഖപ്പെടുത്തിവച്ച ശേഷം മാത്രമേ ലെനിൻ ഉറങ്ങാൻ കിടക്കുമായിരുന്നുള്ളൂ. എല്ലാവരും ഉറങ്ങുമ്പോൾ‍ ഉണർന്നിരിക്കും.

വോൾഗയുടെ തീരത്ത് കരയ്ക്കടിഞ്ഞുകിടന്ന വൃക്ഷത്തിന്റെ കൊമ്പുകളിലൊന്നിൽ ചാരിനില്ക്കുകയായിരുന്നു ലെനിൻ. അരികെ ക്രൂപ്സ്കായയുമുണ്ട്. ബെർലിൻ വഴി സ്വിറ്റ്സർലാൻഡിലെത്തിയശേഷം ലെനിൻ തിരിച്ചെത്തിക്കഴിഞ്ഞുള്ള അവരുടെ ആദ്യ കണ്ടുമുട്ടലായിരുന്നു അത്. ക്രൂപ്സ്കായയ്ക്ക് ചെറിയൊരിടവേളയിലാണെങ്കിൽ പോലും ഉല്യനോവിനെ കാണാതിരിക്കുന്നതും സംസാരിക്കാതിരിക്കുന്നതും അസഹ്യമായിരുന്നു. അതു മനസ്സിലാക്കിയ സഹപ്രവർത്തകർ ചെറുതും വലുതുമായ യാത്രകൾക്കു ശേഷം മടങ്ങിവരുന്ന ലെനിന്റെ ആദ്യദിവസം ക്രൂപ്സ്കായയ്ക്ക് മാത്രമായി വിട്ടുനല്കുന്നതും പതിവാക്കിയിരുന്നു.

സ്വിറ്റ്സർലാൻഡിലെയും ബർലിനിലെയും യോഗങ്ങളിൽ വിശദമാക്കാൻ ശ്രമിച്ച രാഷ്ട്രീയപ്രയത്നങ്ങളെക്കുറിച്ച് സംക്ഷിപ്തമായി പറഞ്ഞു. സ്വിറ്റ്സർലാൻഡിൽ വച്ച് പ്ലഖാനോവിനെ കണ്ടതിനെക്കുറിച്ചും അക്സെൽറോദ്, സസൂലിച്ച് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിനെപ്പറ്റിയും വിശദമാക്കി. അവർ മൂവരും നല്കിയതും ആ യാത്രയ്ക്കിടയിൽ സംഘടിപ്പിച്ചതുമായ നിയമവിരുദ്ധ സാഹിത്യവും ലഘുലേഖകളും നിറച്ച സൂട്ട്കേസ് ലെനിൻ ക്രൂപ്സ്കായയ്ക്കു മുന്നിൽ തുറന്നുവച്ചു.

"ദാ, ഇതിൽ രഹസ്യങ്ങളൊന്നുമില്ല" ചെറിയൊരു ചിരിയോടെ ലെനിൻ സൂട്ട്കെയ്സിനുള്ളിലേക്ക് കൈയിട്ട് എന്തോ ഒന്ന് പുറത്തെടുത്തു. രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ വട്ടം പറക്കുന്നുണ്ടെന്നറിയാവുന്ന ക്രൂപ്സ്കായ നേരിയൊരു ഭയപ്പാടോടെ ചുറ്റുംനോക്കി. സ്നേഹപൂർവ്വം പ്രിയപ്പെട്ടവൻ നല്കിയ വയലറ്റ് നിറമുള്ള പേന ക്രൂപ്സ്കായ മുഖത്തോടു ചേർത്തുയർത്തിപ്പിടിച്ചു.

അഗാധമായ ആലോചനയിൽ മുഴുകിയിരിക്കുന്ന മാർക്സിന്റെയും എംഗൽസിന്റെയും കുഞ്ഞു ചിത്രങ്ങളായിരുന്നു ആ പേനയ്ക്കുള്ളിൽ ഓടി നടന്നത്. എഴുതിയപ്പോൾ മഷി ചുവപ്പും.

ആ നാളുകളിൽ രഹസ്യപ്പോലീസിന്റെ കണ്ണുകൾ ലെനിന്റെ ഓരോ ചുവടിനും മഷിയിട്ടുകൊണ്ടിരുന്നു. അഡ്രസ് ബ്യൂറോയിലെ ഉദ്യോഗസ്ഥയായ ബന്ധു ക്രൂപ്സ്കായയോട് ലെനിനെന്ന സ്റ്റേറ്റ് ക്രിമിനലിനെ വലവീശാനുള്ള പോലീസ് നീക്കങ്ങളെക്കുറിച്ചു് മുന്നറിയിപ്പ് നൽകി. അതൊന്നും ആ സഞ്ചാരത്തിന് തടസം സൃഷ്ടിച്ചില്ല. ഏതപരിചിതമായ വഴിയും പരിചിതമാക്കാനുള്ള മായികമായൊരു കഴിവ് ഇല്ലിച്ചൊപ്പമുള്ള ഓരോ യാത്രയിലും ക്രൂപ്സ്കായ കണ്ടിട്ടുണ്ട്. ടോൺടൺ മിൽഡിലെ സ്ത്രീപുരുഷ തൊഴിലാളികളെക്കുറിച്ചാണെങ്കിലും, ഖനിത്തൊഴിലാളികളെക്കുറിച്ചാണെങ്കിലും ലെനിൻ പഠിക്കാൻ ശ്രമിക്കുന്നത് വിഷയത്തിന്റെ അവസാനബിന്ദു മുതൽ പിന്നോട്ടായിരിക്കും. പിന്നോട്ടു നടക്കുന്ന ശീലം അതിൽനിന്നുണ്ടായതാണെന്ന് ലെനിൻ ചിരിയടക്കി പറയാറുള്ളത് ക്രൂപ്സ്കായ ഓർത്തു.

വിടാതെ പിന്തുടരുന്ന ഒരു നിഴലിനെക്കുറിച്ചു പറയുമ്പോൾപോലും യാതൊരു പരിഭ്രമമോ ഇളക്കമോ ലെനിൻ പ്രകടിപ്പിച്ചില്ല. ഒരിക്കൽ പിറ്റേഴ്സ്ബർഗിലൂടെ കോട്ടിന്റെ പോക്കറ്റിൽ കയ്യിട്ട് അലക്ഷ്യമെന്നു തോന്നുമെങ്കിലും കൃത്യമായ ലക്ഷ്യത്തോടെ നടക്കുകയായിരുന്നു. തണുപ്പ് അടിവസ്ത്രത്തിനുള്ളിലും ഷൂസിനുള്ളിലുമൊക്കെ മാന്തിപ്പൊളിക്കുംവിധം കടന്നാക്രമണം നടത്തിയ ഒരു രാത്രി. ചെമ്പോര്വേവ് താൻ എത്തിയിട്ടേ അത്താഴം കഴിക്കൂ എന്നും, സഖാവുമായി ചില ആശയപ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്നും പറഞ്ഞാണ് ലെനിൻ പുറത്തേക്ക് നടന്നത്. ഒരു മഫ്ലർ കൂടി കരുതിക്കോളൂ എന്നുപറഞ്ഞ് അതെടുത്തു നൽകുമ്പോഴേക്കും ക്രൂപ്സ്കായയുടെ ചുമലിലൊന്ന് തൊട്ട് ആൾ നടന്നുതുടങ്ങിയിരുന്നു.

പെട്ടെന്ന് പ്രത്യക്ഷപ്പെട്ട നിഴൽ മുന്നിലും പിന്നിലുമൊക്കെ നടക്കുന്നതുപോലെ തോന്നാൻ തുടങ്ങി. അവിടെ അധികം ആൾസഞ്ചാരമുണ്ടായിരുന്നില്ല. നിഴലുകളെമാത്രം കണ്ടില്ലെന്നു ഭാവിച്ച് നടന്നു. ദൂരെ നിന്നും ഒരു ട്രാം വരുന്നത് കാണുന്നുണ്ടായിരുന്നു.

കറുത്ത കണ്ണട വെച്ച പോലീസ് ഏജന്റിൽ നിന്ന് ഒരു മാന്ത്രികനെപ്പോലെ അന്ന് രക്ഷപ്പെട്ടു. ട്രാമിൽ നിന്നിറങ്ങേണ്ട നേരമായപ്പോൾ രഹസ്യപ്പോലീസുകാരൻ വാതിലിലും സ്റ്റേഷനിലും പരിസരത്തുമൊക്കെ ഓടിനടന്ന് അന്വേഷിച്ചു.  പക്ഷേ, ലെനിനെ കണ്ടെത്താനായില്ല. പലരോടും ചോദിച്ചു. ലക്ഷണങ്ങളൊക്കെ ശരിയാണെന്ന് മറ്റുള്ളവർ സമ്മതിച്ചെങ്കിലും പലരും പ്രിയനേതാവിനെക്കുറിച്ച് വിവരം നല്കാൻ ഒരുക്കമായിരുന്നില്ല.

ലെനിൻ ഒരു മതിലിനുള്ളിലേക്ക്  ഊർന്നുകയറി. അവിടെനിന്ന് മറ്റൊരു മതിൽക്കെട്ടു കടന്നു് അതിനുമപ്പുറത്തേക്ക്. അപ്പോഴേക്കും രഹസ്യപ്പോലീസിന്റെ കണ്ണിൽനിന്നും ബഹുദൂരമെത്തി കഴിഞ്ഞിരുന്നു. കുട്ടിക്കാലത്ത് കളിമൈതാനിയിൽ ഓലിയയും സാഷയുമൊക്കെ നോക്കിനില്ക്കുമ്പോൾ ലെനിൻ ചില പൊടിക്കൈകളൊക്കെ കാട്ടുമായിരുന്നു. അനുജന്റെ കളിമ്പങ്ങൾ നോക്കി അതിലെ രസമാസ്വദിച്ചു നില്ക്കാനായിരുന്നു എപ്പോഴും സാഷയ്ക്ക് ഇഷ്ടം. ഓലിയ സഹോദരനെ അത്ഭുതത്തോടെ നോക്കി നില്ക്കും. ഏതുതരം കളിയാണെങ്കിലും അതിൽ ജയിക്കുകയെന്നതിലായിരുന്നു ഇല്ലിച്ചിന്റെ ശ്രദ്ധ. വിജയാരവത്തിനൊപ്പം നില്ക്കാനായിരുന്നു ഇഷ്ടവും.

ലെനിൻ മുറിയിലെത്തി. ചെറിയൊരു കിതപ്പു തോന്നിയെങ്കിലും അതു സാരമാക്കാതെ ചായയുണ്ടാക്കി. തലേന്നു കരുതിവച്ച റൊട്ടിയും ചായയും വിശപ്പിനെ ശമിപ്പിച്ചു. കടലാസും പേനയുമെടുത്ത് ചില ആലോചനകളിൽ മുഴുകിയിരിക്കുന്നതിനിടയിൽ പെട്ടെന്ന് എഴുതാൻ തുടങ്ങി:

"ആരും നമ്മെ സ്വതന്ത്രരാക്കുകയില്ല. നമ്മുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നാം തന്നെ പൊരുതണം. ശത്രു നമ്മുടെ പിന്നിലുണ്ടെന്നു കരുതി പ്രവർത്തിക്കണം. എതിരാളിയെ സംഘടനകൊണ്ട് തോല്പിക്കണം. ബുദ്ധിയും കൗശലവും ശത്രുവിനെതിരെ പ്രയോഗിക്കണം. അതാണ് വിപ്ലവപ്രവർത്തനം. ആരും നമ്മെ സ്വതന്ത്രരാക്കുകയില്ല. നമ്മുടെ സ്വാതന്ത്ര്യത്തിനുേവണ്ടി നാം തന്നെ പൊരുതണം."

പുറത്തുകേട്ട കാലൊച്ചയിലേക്ക് ഇറങ്ങി നടന്നു. എഴുതിയ ലഘുലേഖകൾ ഓരോന്നായി അന്നത്തെ രാത്രികൂട്ടായ്മയിൽ ശ്രദ്ധയോടെ വായിച്ചു.

(തുടരും)


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments