ചിത്രീകരണം: രാജേഷ് ചിറപ്പാട്‌

ദസ്വിദാനിയ ലെനിൻ
Good bye Lenin

അധ്യായം 13
പ്രണയലേഖനം

പ്രണയത്തിന്റെ പല തൂവലുകൾ ആ അക്ഷരങ്ങളിൽനിന്ന് പറന്നുയരുന്നതുപോലെ തോന്നി. കിടക്കവിരിയിലെ ക്രൂപ്‌സ്‌കായയുടെ ഗന്ധത്തിലേക്ക് ഇല്ലിച്ച് മുഖം ചേർത്തു.

സെന്റ്പീറ്റേഴ്‌സ് ബർഗിന്റെ എടുപ്പുകളിലും ചത്വരങ്ങളിലും കുഞ്ഞൻവഴികളിൽപോലും ചാരക്കണ്ണുകൾ രാവും പകലും ചുറ്റിനടന്നു. തൊഴിലാളികളെയും അവർക്കു ജീവശ്വാസം പകരുന്നവരെയും പിന്തുടരാൻ ചാരന്മാരെ നിയോഗിച്ചു. ഒരിയ്ക്കലും കാണാത്ത മനുഷ്യരെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും പൊടിപ്പും തൊങ്ങലും കോർത്ത് ചിലർ പോലീസിന് വിവരം നല്കി.

ഇതിനെല്ലാം ഇടയിലൂടെയാണ് ലെനിൻ നിർഭയനായി നടന്നത്. ഫാക്ടറികളിലും തൊഴിലാളികൾ തിങ്ങിപാർക്കുന്ന തെരുവുകളിലും അപ്രതീക്ഷിതമായ നേരങ്ങളിൽ ലെനിൻ എത്തിച്ചേർന്നു. തൊഴിലാളികളെ സമയാസമയങ്ങളിൽ ഭക്ഷണം കഴിക്കാൻ പോലും അനുവദിക്കാത്ത തൊഴിലുടമകൾക്ക് നേരെ ആ ശബ്ദം കയർത്തുകയറി. ഒരുനാൾ ഈ നിസ്സഹായരായ മനുഷ്യർ അവരുടെ വിധി സ്വയം നിർണ്ണയിച്ച് ഈ ചുമരുകളെ ഉടച്ചുവാർക്കുമെന്ന് പറഞ്ഞപ്പോൾ അതു സാധ്യമാകാൻ ഈ നൂറ്റാണ്ട് മതിയാകുമോ എന്നാണ് ഒരു ഫാക്ടറിയുടമ ചോദിച്ചത്. ലെനിൻ അയാളെ നോക്കിയ നോട്ടത്തിൽ ഉരുകിയമരുന്ന കരിമരുന്ന് പോലെയൊന്ന് കാണാനായെന്നാണ് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞത്. നോട്ടത്തിലൂടെ; സംഭാഷണത്തിലൂടെ; ചെറിയൊരു ചലനത്തിലൂടെ; മറ്റുള്ളവരുടെ മനസ്സിലേക്ക് പ്രവേശിക്കാനുള്ള ലെനിന്റെ കഴിവിനെ അതിമാനുഷമെന്ന് പലരും വിശേഷിപ്പിച്ചു.

ലെനിനെ സൈബീരിയയിലേക്ക് നാടുകടത്താൻ തീരുമാനിച്ചു. ഇതറിഞ്ഞ സഹപ്രവർത്തകർ ലെനിനെ തീർത്തും അക്ഷോഭ്യനായിട്ടാണ് കണ്ടത്. പലരെയും അത് അത്ഭുതപ്പെടുത്തി. തണുത്ത ബിയർ ജഗ്ഗ് ചുണ്ടോടടുപ്പിച്ച ലെനിൻ ക്രൂപ്‌സ്‌കായയുടെ കാതോട് ചേർന്നുനിന്ന് സംസാരിച്ചു. അത്രനേരം വേവലാതിയോടെ നിന്ന ക്രൂപ്‌സ്‌കായ മറുപടിയൊന്നും പറയാതെ പിന്നോട്ടു നടന്നു. എത്ര നാളത്തേക്കാണ് നാടുവിട്ടുള്ള നിൽപ്പെന്ന് ആർക്കും കണക്കുകൂട്ടാനായില്ല. രഹസ്യപ്പോലീസിന്റെ നിരീക്ഷണം ഉടനെ തനിക്കുനേരെ നീണ്ടുവരുമെന്നും ലെനിനുമായി കണ്ടുമുട്ടാൻ ഇടയില്ലാത്ത ദേശത്തേക്ക് നാടുകടത്തുമെന്നും ക്രൂപ്‌സ്‌കായ ഭയന്നു തുടങ്ങിയ നാളുകളായിരുന്നു അത്.

1897- ലെ ഒരു രാത്രി. ലെനിൻ തൊട്ടടുത്ത ദിവസം സൈബീരിയയിലേക്ക് പോവുകയാണ്. രഹസ്യപ്പോലീസിന് വായിക്കാനാവാത്ത ഭാഷയിൽ പുസ്തകങ്ങളും ലഘുലേഖകളും തയ്യാറാക്കുന്നതെങ്ങനെയെന്ന് ഇതിനോടകം സഹപ്രവർത്തകരെ ലെനിൻ പഠിപ്പിച്ചു കഴിഞ്ഞിരുന്നു.

ക്രൂപ്‌സ്‌കായയ്ക്ക് ഉറക്കം വന്നില്ല. എന്നുമല്ലെങ്കിലും ഇടയ്ക്കിടെ ലെനിനെ കാണുന്നതും സംസാരിക്കുന്നതുമായിരുന്നു ക്രൂപ്‌സ്‌കായയുടെ ആകെയുള്ള ആനന്ദം. പാർട്ടിയുടെ ഓരോ രഹസ്യനീക്കവും ലെനിൻ ക്രൂപ്‌സ്‌കായയുമായി പങ്കുവച്ചിരുന്നു. എല്ലാവരോടും ഒരേപോലെ പെരുമാറുന്ന ലെനിന്റെ പ്രവർത്തനശൈലി മറ്റുള്ളവരിലുണ്ടാക്കിയ മതിപ്പ് ചെറുതായിരുന്നില്ല.

പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നായ കൂൺ വറുത്തിട്ട മാംസം കഴിക്കുന്നതിനുമുമ്പ് ഒരു പങ്ക് പാഴ്‌സലായി ലെനിൻ വാങ്ങി. ഏറെ രാത്രിയായപ്പോഴാണ് ക്രൂപ്‌സ്‌കായയ്ക്കത് കൊടുത്തത്. മീറ്റിങ് കഴിഞ്ഞു യാത്ര പറഞ്ഞിറങ്ങുമ്പോൾ തൊട്ടടുത്ത് ചെന്ന് ലെനിൻ ക്രൂപ്‌സ്‌കായയോട് പറഞ്ഞു:

'എനിക്ക് ഇഷ്ടമാണ്. എന്നെയും ഇഷ്ടമാണ്. പിന്നെന്താ പ്രശ്‌നം?'
എന്തു മറുപടി പറയണമെന്നറിയാതെ ക്രൂപ്‌സ്‌കായ ചുറ്റും നോക്കി. വാക്കുകൾക്ക് വേണ്ടി എവിടെയും പരതേണ്ടി വന്നിട്ടില്ലാത്ത ക്രൂപ്‌സ്‌കായ അതേ വാചകം തിരിച്ചും പറഞ്ഞു: 'എനിക്ക് ഇഷ്ടമാണ്. എന്നെയും ഇഷ്ടമാണ്. പിന്നെന്താ പ്രശ്‌നം?'
തൊട്ടുപിന്നാലെ എന്തോ പറയാനായി ശ്രമിച്ച ലെനിൻ അത് മുഴുമിപ്പിച്ചില്ല. സൈബീരിയയിലെത്തി ഏകാന്തതടവിൽ രണ്ടുമൂന്നു ദിവസം കഴിഞ്ഞശേഷം എഴുതിയ ആദ്യ കത്ത് ഇങ്ങനെയായിരുന്നു:
'പ്രിയതമേ, ഇങ്ങോട്ട് തിരിക്കുന്നതിന് മുമ്പ് അവസാനമായി കണ്ടപ്പോൾ പലതും പറയണമെന്ന് കരുതിയതാണ്. എന്റെ ജന്മ വൈകല്യമായ വിക്കു കാരണം അതൊന്നും പറഞ്ഞ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. എങ്കിലും അന്ന് പറഞ്ഞ ആ വാചകം നൂറാവർത്തിയായി ഞാൻ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു.'

അന്നു രാത്രിയിൽ ക്രൂപ്‌സ്‌കായ ലെനിൻ മണം ആദ്യമായി അനുഭവിച്ചു.

ലെനിനെ സൈബീരിയയിലേക്ക് നാടുകടത്തിയതിനുശേഷമുള്ള ദിവസങ്ങളിൽ ക്രൂപ്‌സ്‌കായ ശൂന്യമായ ഒരു പേടകത്തിൽ അകപ്പെട്ടതുപോലെയായി. നിശ്ശബ്ദതടവുപോലെ രാപകലുകൾ പിന്നിട്ടു. ചില നേരങ്ങളിൽ ആരോടും പറയാതെ റെയിൽവേസ്റ്റേഷനിലേക്ക് നടന്നു. സിംബിർസ്‌കിലേക്ക് ടിക്കറ്റെടുത്തു. മറ്റാരുടെയും ശ്രദ്ധയിൽ പെടാതിരിക്കാൻ പുറത്തേക്കു നോക്കിയിരുന്നു. ആരെയൊക്കെയോ തിരഞ്ഞുപിടിക്കാനുണ്ടെന്ന പോലെ കടന്നുപോയ രഹസ്യപ്പോലീസുകാരെയും അവരുടെ ഏജന്റുമാരെയും ക്രൂപ്‌സ്‌കായ പലതരത്തിൽ ഒഴിവാക്കാൻ ശ്രമിച്ചു. സൈബീരിയിലെത്തി നേരെ പ്രിയപ്പെട്ടവന്റെ മുന്നിലെത്തുകയായിരുന്നു ലക്ഷ്യം.

വീട്ടിൽ ആ ദിവസങ്ങളിൽ അമ്മയും അച്ഛനും ഓലിയയും മാത്രമാണുണ്ടായിരുന്നത്. മകനെ സൈബീരിയയിലേക്ക് നാടുകടത്തിയെന്നും തിരിച്ചുവരുമ്പോൾ റഷ്യയുടെ വ്യാവസായികകേന്ദ്രങ്ങളിലൊന്നും പ്രത്യക്ഷപ്പെടാൻ അനുവദിക്കില്ലെന്നുമുള്ള സാർ ഭരണകൂട തിട്ടൂരത്തെപ്പറ്റി മേരിയ കേട്ടിരുന്നു. സാഷയെ തൂക്കിക്കൊന്നതറിഞ്ഞശേഷം ആ വീട് പരിഭ്രമത്തിന്റെ നാലു ചുവരുകൾ മാത്രമായി മാറി.

മകനെക്കുറിച്ചുള്ള വേവലാതിയിൽ നീറുന്ന അമ്മ. നെടുവീർപ്പ് മാത്രമായ അച്ഛൻ, സഹോദരനെക്കുറിച്ച് ആധിപ്പെട്ട ഓലിയ. വേദനയുടെ കടുപ്പം സഹിക്കാനാവാതെ ദിവസങ്ങൾ പിന്നിട്ടുകൊണ്ടിരുന്ന ഇവർക്കിടയിലേക്ക് ഒരു ദിവസം കയറിച്ചെന്ന ക്രൂപ്‌സ്‌കായയെക്കുറിച്ച് മേരിയയും ഓലിയയും നേരത്തെ കേട്ടിട്ടുണ്ടായിരുന്നു.

മകൻ സൈബീരിയയിലെത്തി അധികം വൈകാതെ ക്രൂപ്‌സ്‌കായ അവിടെ എത്തിയതും, ലെനിനെ കണ്ടതും, ലളിതമായ ചടങ്ങുകളോടെ വിവാഹിതരായതുമൊക്കെ അറിഞ്ഞിരുന്നെങ്കിലും അമ്മ അതൊന്നും അറിഞ്ഞതായി ഭാവിച്ചില്ല. ക്രൂപ്‌സ്‌കായ അമ്മയോടും സഹോദരിയോടും സംഭവിച്ചതൊക്കെ വിശദമാക്കി. മകനെക്കുറിച്ച് ക്രൂപ്‌സ്‌കായ പറഞ്ഞതൊക്കെ അമ്മയ്ക്ക് ആനന്ദം പകരുന്നവയായിരുന്നു. തടവുകാലം മകനെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ മേരിയയുടെ ഖിന്നത മാറിയിരുന്നില്ല. ഏറെ നേരം ക്രൂപ്സ്‌കായയോട് സംസാരിച്ചു കഴിഞ്ഞതോടെ അത് ശമിക്കാൻ തുടങ്ങി. മരുമകളുടെ കൈവിരലുകളിൽ മേരിയ പതുക്കെ തലോടിക്കൊടുത്തു.

'വളോദ്യ എന്ന് മോചിതനാകും?' ഓലിയ ചോദിച്ചു.
അതേ ചോദ്യം തന്നെയാണ് തനിക്കും ചോദിക്കാനുള്ളതെന്ന ഭാവമായിരുന്നു മേരിയയുടെ കണ്ണുകളിൽ.
'വരും; അപ്രതീക്ഷിതമായ ഏതു നേരത്തും ലെനിൻ നമ്മുടെ മുന്നിൽ വരും. പെട്രോഗ്രാദിനടുത്ത് അതിനുവേണ്ട സജ്ജീകരണങ്ങളൊക്കെ ഒരുങ്ങി തുടങ്ങിയിട്ടുണ്ട്. ഒരു പത്രം തുടങ്ങാനുള്ള ആലോചനയിലാണ് ആളിപ്പോൾ.'

ക്രൂപ്‌സ്‌കായ അമ്മയുടെ വിരലുകൾ ഞൊടിച്ചു. മകന് പ്രിയപ്പെട്ട മില്ലറ്റ് കഞ്ഞി മരുമകൾക്കും മതിയാവോളം മേരിയ വിളമ്പി. സഹോദരനോടുള്ള സ്‌നേഹമത്രയും ക്രൂപ്‌സ്‌കായയോട് ഓലിയയ്ക്ക് തോന്നി. തിരിച്ച് താമസസ്ഥലത്തേക്ക് പോകണമെന്ന് ക്രൂപ്‌സ്‌കായയ്ക്ക് തോന്നിയില്ല. അക്കാര്യം ഓലിയയോട് വീടിന്റെ വരാന്തയിൽ വച്ചാണ് പറഞ്ഞത്.
മകളത് അമ്മയോട് പറഞ്ഞു.
കുളിമുറിയിൽ നിന്നും പുറത്തേക്ക് വന്ന ക്രൂപ്‌സ്‌കായയെ കാത്ത് മേരിയ രാത്രിവസ്ത്രവുമായി വരാന്തയിൽ കാത്തുനില്പുണ്ടായിരുന്നു.
'അതാണ് മുറി. മോൾക്ക് അവിടെ താമസിക്കാം.'
അമ്മയുടെ ശബ്ദമിടറുന്നതുപോലെ ക്രൂപ്സ്‌കായക്ക് തോന്നി. തൊട്ടപ്പുറത്താണ് സാഷയുടെ മുറി.

വളോദ്യയുടെ ചുമലിൽ കൈവച്ചു നില്ക്കുന്ന സാഷയുടെ ഫോട്ടോയിലേക്കു നോക്കി ക്രൂപ്‌സ്‌കായ നിന്നു. മേരിയയും നോക്കിനിന്നത് അതേ ചിത്രത്തിലേക്കാണ്. സാഷയുടെയും ഇല്ലിച്ചിന്റെയും കുട്ടിക്കാല കെട്ടിമറിയലുകളും സംസാരവും കൺവെട്ടത്തു വന്നു നില്ക്കുന്നത് മേരിയയ്ക്ക് എത്രയായിട്ടും മറക്കാനായില്ല. സാഷയുടെ പുറത്തുപോക്കും കൂട്ടുകാർക്കൊപ്പമുള്ള പിറുപിറുക്കലും പതുക്കെപ്പതുക്കെ അവനിൽ കാണാനായ നിശ്ശബ്ദതയുമൊക്കെ തന്നെ കാത്തിരുന്ന വലിയ ദുഃഖത്തിന്റെ സൂചനയായിരുന്നെന്ന് മേരിയയ്ക്ക് ആദ്യമൊന്നും മനസ്സിലായിരുന്നില്ല.

അന്ന് അർദ്ധരാത്രിയാകും വരെ ക്രൂപ്‌സ്‌കായയും ഓലിയയും ലെനിന്റെ മുറിയിലിരുന്നാണ് സംസാരിച്ചത്. ഓലിയ മടങ്ങിയശേഷം ക്രൂപ്‌സ്‌കായ ലെനിൻ മണം പുതച്ച് ഗാഢമായി ഉറങ്ങി.

ഡോ. മിഷയുടെ കാർ വീടിന്റെ മുന്നിൽ വന്നു നിന്നു. ഓലിയയാണ് ഡോക്ടറെ സ്വാഗതം ചെയ്തത്. സാഷയുടെ ഉറ്റസുഹൃത്തായിരുന്നു ഡോ. മിഷ. രഹസ്യപ്പോലീസ് നല്കിയ വിവരങ്ങളുടെ വെളിച്ചത്തിൽ രാജസേവകർ തയ്യാറാക്കിയ പട്ടികയിൽ ആദ്യം മിഷയുടെ പേരുമുണ്ടായിരുന്നു. സ്വാധീനമുള്ള ചില ബന്ധുക്കളുടെ ഇടപെടൽ കൊണ്ട് യുവാവായ ഡോക്ടറുടെ ജീവൻ രക്ഷിക്കാനായി.

മിഷ പ്രിയസുഹൃത്തിന്റെ അമ്മയുടെ കൈത്തണ്ടയിലേക്ക് നോക്കിയിരുന്നു. നാഡിമടിപ്പ് പലതവണ പരിശോധിച്ചു. കൺതടങ്ങളിൽ ശ്രദ്ധയോടെ നോക്കി. തലേന്നു നടത്തിയ പരിശോധനാഫലങ്ങൾ ഓരോന്നായി മിഷ മറിച്ചുനോക്കി.
'ഇല്ല, അങ്ങനെ പറയത്തക്ക രോഗങ്ങളൊന്നും അമ്മയ്ക്കില്ല.'
ഇതുകേട്ടപ്പോൾ മേരിയ ഒന്നു ചിരിച്ചു. തന്റെ പിതാവിനെക്കുറിച്ചാണ് മേരിയയ്ക്കപ്പോൾ ഓർമ്മ വന്നത്. ഗ്രാമത്തിലെ ഏറ്റവും ഖ്യാതിയുള്ള ഡോക്ടറായിരുന്നു അച്ഛൻ. വരുന്ന രോഗിയ്ക്ക് ചികിത്സ വിധിക്കുക മാത്രമല്ല പലപ്പോഴും സ്വന്തം ചെലവിൽ മരുന്നും നല്കുന്നതായിരുന്നു അച്ഛന്റെ പതിവ്. അച്ഛൻ അഭിമാനത്തോടെ ഇങ്ങനെ പറയുമായിരുന്നു: 'മോളേ മേരിയ, രോഗം ഒരവസ്ഥയാണ്. അപ്പോൾ ഒപ്പം നില്ക്കുന്നവരെ മരണമുഹൂർത്തം വരെ ആരും മറക്കാനിടയില്ല.'

അച്ഛനെ അനുസ്മരിപ്പിക്കുന്ന ചലനവും സംഭാഷണ രീതിയുമായിരുന്നു യുവാവായ മിഷയ്ക്കും.
ഡോ. മിഷയ്ക്ക് വിശേഷിച്ചൊരസുഖവും മേരിയ അലക്‌സാണ്ടറോവ്‌നയ്ക്കുള്ളതായി തോന്നിയില്ല. ഓലിയയെയും ക്രൂപ്‌സ്‌കായയെയും നോക്കി ചിരിച്ച ഡോ. മിഷ പറഞ്ഞു: 'അമ്മയ്ക്ക് രോഗം ശരീരത്തിനല്ല. മനസ്സിനാണ്. അമ്മയുടെ മനസ്സ് നിറയെ വളോദ്യയെക്കുറിച്ചുള്ള ആധികളാണ്.. അയാൾ സൈബീരിയയിൽ നിന്നു വരുന്നതോടെ അമ്മ സ്വസ്ഥയാകും. അതുവരെ സ്‌നേഹത്തോടെ മാത്രം പെരുമാറുക.'
'അവിടെ സുഖമാണ്. രാപകൽ ഊണും ഉറക്കവും മറന്നുള്ള പ്രവർത്തനം! ഒരു ജോലിയുടെ ക്ഷീണം ഇല്ലിച്ച മറക്കുന്നത് മറ്റൊരു ജോലി ചെയ്തുകൊണ്ടാണ്', മിഷ പറഞ്ഞു.

മേരിയ ചിരിച്ചു. പെട്രോഗ്രാദിൽ പോയി മകനെ എത്രയും വേഗം കാണണമെന്ന് മേരിയ പറഞ്ഞപ്പോൾ ക്രൂപ്‌സ്‌കായയും ചിരിച്ചു:

'ഒരു പക്ഷേ അടുത്ത ദിവസങ്ങളിൽ അമ്മയുടെ മകൻ ഇങ്ങ് വരും. അമ്മയെ കാണും.'

അതു കേട്ടതോടെ മേരിയയുടെ മുഖം തെളിഞ്ഞു. ഓലിയയ്‌ക്കൊപ്പം പുറത്തേക്കു നടന്ന ക്രൂപ്‌സ്‌കായയെ നോക്കി മേരിയ പതുക്കെ പറഞ്ഞു: 'അവൻ ഭാഗ്യവാനാണ്.'

ക്രൂപ്‌സ്‌കായ പറഞ്ഞതുപോലെ സംഭവിച്ചു. ഇല്ലിച്ച് ഒരർദ്ധരാത്രിയിൽ രഹസ്യപ്പോലീസിന്റെ കണ്ണുവെട്ടിച്ച് വീട്ടിലേക്ക് വന്നു. പിന്തുടർന്ന ചാരപ്പോലീസിന്റെ വിഡ്ഢിത്തത്തെക്കുറിച്ച് ലെനിൻ പറഞ്ഞപ്പോൾ ഓലിയയ്ക്കും അമ്മയ്ക്കും ചിരിക്കാതിരിക്കാനായില്ല.

സൈബീരിയയിൽ വച്ച് ക്രൂപ്‌സ്‌കായയെ വിവാഹം കഴിച്ച കാര്യം എങ്ങനെ അമ്മയോട് പറയുമെന്ന് ആലോചിക്കും മുമ്പ് ഓലിയ ഒരു ഫോട്ടോ ഇല്ലിച്ചിനെ കാണിച്ചു. ക്രൂപ്‌സ്‌കായ വന്നപ്പോൾ അമ്മയ്ക്ക് നല്കിയതായിരുന്നു അത്.

'ഇസ എന്നു തുടങ്ങും' ഓലിയ ചോദിച്ചു.
'ഉടനെ' ലെനിൻ പറഞ്ഞു.

സ്വന്തം മുറിയിലെത്തിയ ലെനിൻ ക്രൂപ്‌സ്‌കായ പറഞ്ഞ പുസ്തകം തുറന്നു. വടിവൊത്ത അക്ഷരങ്ങളിൽ പ്രിയപ്പെട്ടവനേ എന്ന അഭിസംബോധനയോടെ എഴുതിയ അതിദീർഘമായ കത്ത് വായിച്ചു ഇളം നീലനിറമുള്ള കടലാസിൽ വയലറ്റ് മഷികൊണ്ടെഴുതിയ ആ കത്തിൽ നിന്നും പല ശബ്ദങ്ങളിൽ പക്ഷികൾ ചിറകടിച്ചുയർന്നു.

(ഇസ: ലെനിൻ തുടങ്ങാനിരുന്ന പത്രം)

(തുടരും)


Summary: Dasvidaniya Lenin Good Bye Lenin (chapter13)novel written by C. Anoop


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments