ചിത്രീകരണം: രാജേഷ് ചിറപ്പാട്

ദസ്വിദാനിയ ലെനിൻ
Good bye Lenin

അധ്യായം 47
രഹസ്യരേഖ

അസഹനീയമായ ചെന്നിക്കുത്ത് തുടങ്ങിയതോടെ സ്റ്റാലിൻ മുറിയിൽ അസ്വസ്ഥനായി നടക്കാൻ തുടങ്ങി. നിലത്തുകൂടി ഇഴഞ്ഞുനീങ്ങിയ ചെറുപ്രാണികളെ ഷൂസിനടിയിൽപെടുത്തി അമർത്തി ഞെരിച്ചുകൊണ്ടാണ് പല രാത്രികളും സ്റ്റാലിൻ പിന്നിട്ടത്. ഉറക്കമില്ലാത്ത രാത്രികളുടെ കാവൽക്കാരനായി മാറുകയായിരുന്നു അയാൾ.

ചേക*യുടെ രൂപീകരണദിവസം ലെനിൻ ഏറെ ആഹ്ലാദവാനായിരുന്നു. ഒക്ടോബർ വിപ്ലവത്തിനുശേഷം പ്രതിവിപ്ലവസാധ്യതയുണ്ടെന്ന വിവരം വന്നുകൊണ്ടിരുന്നു. അത് പലപ്പോഴും ജാഗ്രത വർദ്ധിപ്പിക്കുന്നതും ഉറക്കം നഷ്ടപ്പെടുത്തുന്നതുമായി. അപ്പോഴാണ് എപ്പോഴും എല്ലാ കോണുകളിലും രഹസ്യക്കണ്ണുകൾ വട്ടം കറങ്ങേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സ്റ്റാലിൻ സൂചന നൽകിയത്. ദ്സിയർസിൻസ്കിയെ ലെനിനു പരിചയപ്പെടുത്തിയതും സ്റ്റാലിനാണ്.

ട്രോസ്കിയുടെ വാക്കുകൾക്കുവേണ്ടി കാതോർത്തിരിക്കുന്നവരെയും, അതുകേട്ട് ഉത്സാഹഭരിതരായി എന്തിനും പുറപ്പെടുന്നവരെയും സ്റ്റാലിൻ നോട്ടമിടുന്നത് ലെനിൻ അറിയുന്നുണ്ടായിരുന്നു. പല ഘട്ടങ്ങളിലും ട്രോട്സ്കിയുടെ രാഷ്ട്രീയ നിലപാടുകളോട് ലെനിൻ വിയോജിച്ചിട്ടുള്ളതാണ്. അപ്പോഴും ധിഷണയുടെ വെള്ളിനൂലുകൾ കെട്ടുപിണഞ്ഞിട്ടുള്ള ട്രോട്സ്കിയുടെ ശിരസ്സിൽ പുതിയ കിരണമുണ്ടാകുമെന്ന് ലെനിൻ വിശ്വസിച്ചു. ഡോ. ബെക്തറേവിനോട് ലെനിൻ അക്കാര്യം പലതവണ പറഞ്ഞിട്ടുമുണ്ട്.

എന്തുകൊണ്ടാണ് ലെനിന് ദ്സിയർസിൻസ്കിയെ വരുതിയിൽ നിർത്താനാകാതെ പോയത്? സ്റ്റാലിനും അയാളും ചേർന്നുള്ള ഹീനതകളെ മുളയിലോ തളിരിലോ നുള്ളാൻ കഴിയാതെ പോയതെന്തുകൊണ്ടാണ്? ഡോ. ഇറീന ചോദിച്ചു.

"ഉത്തരമില്ലാത്ത ചില ചോദ്യങ്ങൾ മാത്രമാണ് അതിനുള്ള ഉത്തരം. സ്റ്റാലിനെ ഓരോഘട്ടത്തിലും മുൻനിരയിലെത്തിച്ചത് ലെനിനാണ്. ഒരു ശബ്ദവും ലെനിനു മേലെ ഉയരാതിരിക്കാൻ ബദ്ധശ്രദ്ധനാണ് താനെന്ന് സ്റ്റാലിൻ നിരന്തരം ലെനിനെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. ഒടുവിൽ ലെനിൻ പാർട്ടിക്കെഴുതിയ രഹസ്യക്കത്ത് കൈവശപ്പെടുത്തി സ്റ്റാലിൻ തിരുത്തലുകൾ വരുത്തിയതായി വിശ്വസിക്കുന്നവരുണ്ട്. തന്റെ മരണാനന്തരം ആരാണ് റഷ്യയിൽ അധികാരത്തിലെത്തേണ്ടതെന്ന കാര്യത്തിലുള്ള ലെനിന്റെ തീരുമാനങ്ങളായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. അത് മാറ്റിയെഴുതാൻ സ്റ്റാലിന് ദ്സിയർസിൻസ്കിയെന്ന ഒരാളെ മാത്രമേ ആവശ്യമായുണ്ടായിരുന്നുള്ളൂ’’.

ക്രിസ്റ്റഫർ അത്രനാളും തുറക്കാത്ത ഒരു രേഖയിലൂടെ കണ്ണോടിച്ചു.

"അങ്ങനെതന്നെ സംഭവിച്ചെന്നും ഇല്ലെന്നും വിശ്വസിക്കുന്നവരുണ്ട്. ഒന്നുറപ്പാണ്. ലെനിന്റെ മരണശേഷം സ്റ്റാലിൻ ട്രോട്സ്കിക്കെതിരെ നടത്തിയ ഓരോ പ്രതികാരനീക്കവും ചരിത്രത്തെ കീഴ്മേൽ മറിക്കാൻ വേണ്ടിയുള്ളതായിരുന്നു’’.

ക്രിസ്റ്റഫർ റീഡ് താനെടുത്ത കുറിപ്പുകളിലെ വയലറ്റ് മഷികൊണ്ട് അടിവരയിട്ട ചില ഭാഗങ്ങൾ ഇറീനയ്ക്ക് കാണിച്ചുകൊടുത്തു. അവിശ്വസനീയത ഇറീനയുടെ കണ്ണുകളിൽ ചാരനിറം പുരട്ടുന്നതാണ് പിന്നീട് കാണാനായത്.

ചേക അംഗങ്ങൾ സ്വന്തം പാളയത്തിലാണ് അധികവും ചുറ്റിക്കറങ്ങുന്നതെന്ന് ട്രോട്സ്കിയ്ക്ക് മാത്രമല്ല മറ്റുപലർക്കും അറിയാമായിരുന്നു. ക്രൂപ്സ്കയയെ പോലും അവർ പിന്തുടർന്നു. ലെനിന്റെ ഹിതാനുസാരിയായി റഷ്യയ്ക്കുവേണ്ടി കണ്ണിമവെട്ടാതെ കാവൽ നിൽക്കുന്ന ഒരാളെന്നാണ് സ്റ്റാലിൻ വിശ്വസിച്ചതും മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ ശ്രമിച്ചതും. ഒരു ഘട്ടംവരെ അതിൽഅയാൾ വിജയിക്കുകയും ചെയ്തു.

ദസ്തയേവ്സ്കിയെക്കുറിച്ച് കേൾക്കുന്നത് സ്റ്റാലിന് ചതുർത്ഥിയായിരുന്നു. അയാൾ ഭ്രാന്തമായി ജീവിച്ചു, ഭ്രാന്തമായി എഴുതി എന്ന് സ്റ്റാലിൻ പരസ്യമായി പലയിടത്തും പറഞ്ഞു.

പൊതുസമ്മേളനത്തിൽ യുവകവിയായിരുന്നപ്പോൾ താനെഴുതിയ ചില കവിതകൾ ഉദ്ധരിക്കുന്നത് സ്റ്റാലിന്റെ പതിവായിരുന്നു. ഏകാന്തതയും കവിതയെഴുത്തുമൊക്കെയാണ് തനിക്ക് പ്രിയപ്പെട്ട കാര്യങ്ങളെന്നും, രാഷ്ട്രീയം; അത് ലെനിൻ നിയോഗിച്ച ദൗത്യം നിറവേറ്റാതെ പറ്റില്ലല്ലോ എന്നുമാണ് സ്റ്റാലിൻ പറഞ്ഞുകൊണ്ടിരുന്നത്. യഥാർത്ഥ വൈരിയായി ദസ്തയേവ്സ്കിയുടെ ഭൂതാവിഷ്ടരിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണം ഒന്നോ രണ്ടോ തവണ ഉദ്ധരിക്കാനും സ്റ്റാലിൻ മറക്കില്ല.
‘‘ഭാവി തലമുറയുടെ അനന്തമായ സന്തോഷത്തിനുവേണ്ടി കോടിക്കണക്കിന് തലകൾ ഉരുളേണ്ടതുണ്ടെന്ന് ഭൂതാവിഷ്ടരിൽ പറയുന്നുണ്ട്’’- അത് തന്നെയാണ് താനും ചെയ്തുകൊണ്ടിരിക്കുന്നതെന്ന് സ്റ്റാലിൻ വിശ്വസിച്ചു.

യോഗാനന്തരമുള്ള മടക്കയാത്രയിൽ ഒരു പീറ എഴുത്തുകാരനായിരുന്നു ദസ്തയേവ്സ്കിയെന്ന് സ്റ്റാലിൻ അരിശത്തോടെ പറയും. കാർഡ്രൈവർ ഉൾപ്പെടെയുള്ളവർ അതിനോട് യോജിച്ച് തലകുലുക്കും. ആരൊക്കെ ദസ്തയേവ്സ്കിയെ വായിച്ചിട്ടുണ്ടെന്ന് സ്റ്റാലിൻ ചോദിക്കുമോ എന്നായിരിക്കും മറ്റുള്ളവരുടെ ഭയം. അങ്ങനെ ചോദിച്ചാൽ വായിച്ചിട്ടുണ്ടെന്നു പറഞ്ഞാലാണോ ഇല്ലെന്നു പറഞ്ഞാലാണോ സ്റ്റാലിന്റെ ഭാവം മാറുകയെന്ന ഉത്ക്കണ്ഠയായിരിക്കും മറ്റുള്ളവരെ ചകിതരാക്കുന്നത്. എങ്ങനെയെങ്കിലും ആ യാത്രയെന്ന് അവസാനിച്ചെങ്കിലെന്നായിരിക്കും സഹയാത്രികരുടെ ചിന്ത.

ആരെ ഏതു നിമിഷമാണ് സ്റ്റാലിൻ അവിശ്വസിക്കുകയെന്ന് പ്രവചിക്കാനാവില്ല. തൊട്ടടുത്തിരിക്കുന്നവരോടുപോലും, അടുപ്പക്കാരോടുപോലും അതു പറയാൻ ആരും ഒരുക്കമായിരുന്നില്ല. അഥവാ പറഞ്ഞെന്നിരിക്കട്ടെ അവരുടെ വിധിയെക്കുറിച്ച് അത്ര ശുഭപ്രതീക്ഷയൊന്നും സൂക്ഷിക്കേണ്ടതില്ലെന്ന് ബൽഷെവിക്കുകൾക്കിടയിൽ ഒരു സംസാരവും നിലനിന്നു. പലരിലൂടെ അത് ക്രൂപ്സ്കയയുടെ ചെവിയിലെത്തുകയും ലെനിൻ അറിയുകയും ചെയ്തതാണ്. എന്തിലും യുക്തിഭദ്രമായ നിലപാടുകൾ സ്വീകരിക്കാറുള്ള ലെനിൻ സ്റ്റാലിന്റെ കാര്യത്തിൽ എന്തുകൊണ്ടോ നിശ്ശബ്ദനും മൗനത്തിൽ അകപ്പെട്ടവനുമായി മാറുന്നതാണ് മറ്റുള്ളവർക്ക് ആ നാളുകളിൽ കാണാനായത്. ചിലർ ഇതെക്കുറിച്ച് ചോദിച്ചപ്പോൾ ക്രൂപ്സ്കയ മറുപടി പറയാതെ ഒന്നു ചിരിക്കുക മാത്രം ചെയ്തു. പിഴുതുമാറ്റേണ്ട കളകൾ തക്കസമയത്ത് തായ്‌വേരോടെ അപ്രത്യക്ഷമാക്കുന്ന ജാലവിദ്യ ഇല്ലിച്ചിൽ നിന്നും പ്രതീക്ഷിക്കാമെന്ന് ഏറ്റവും അടുപ്പമുള്ള ചിലരോടു മാത്രം ക്രൂപ്സ്കയ പറഞ്ഞു. പക്ഷേ, അങ്ങനെയൊന്നും സംഭവിക്കുന്നത് തുടർന്നുള്ള ദിവസങ്ങളിൽ ആർക്കും കാണാൻ കഴിഞ്ഞില്ല.

ലെനിൻ പലതും അറിയുന്നുണ്ടായിരുന്നില്ല. എന്താണ് ഓരോ നിമിഷവും സംഭവിക്കുന്നത്? നോക്കിനില്ക്കെ അപ്രത്യക്ഷരാകുന്നവർ! അവർ എവിടെയാണ് അജ്ഞാത ജഡമായി ഉയർന്നുവരുന്നത്? എന്ത് കെട്ടുകഥയാണ് ഓരോ ദാരുണാന്ത്യത്തിനൊടുവിലും മെനഞ്ഞെടുക്കുന്നത് - ഇങ്ങനെ ആർക്കും അവിശ്വസനീയത തോന്നിക്കുന്ന കാര്യങ്ങൾ കളംകയറി നിറഞ്ഞുകൊണ്ടിരുന്നു. ഭയത്തിന്റെ വിത്തുവിതറിയ പാതകൾ മുന്നിൽ പ്രത്യക്ഷമാകുന്നതായി പലർക്കും തോന്നിത്തുടങ്ങി.

ട്രോട്സ്കിയുടെ അരമൂർച്ചയുള്ള വാക്കുകൾ ഉറക്കത്തിൽപോലും സ്റ്റാലിനെ രാകിമുറിച്ചു. ആഴത്തിൽ കിടന്നു വെന്തു പതംവന്ന ട്രോട്സ്കിയുടെ ചിന്തകൾക്കും വാക്കുകൾക്കുമെതിരെ പ്രതിരോധനിര തീർക്കാൻ കഴിയുന്ന സൈന്യം തന്റെയോ ദ്സിയർസിൻസ്കിയുടെയോ മസ്തിഷ്കത്തിൽ വളർന്നിട്ടില്ലെന്ന് മനസ്സിലായതോടെ സ്റ്റാലിൻ തിളച്ചുമറിയാൻ തുടങ്ങി.

വിപ്ലവത്തിന്റെ ശവക്കുഴിവെട്ടുകാരനായി സ്റ്റാലിനെ വിശേഷിപ്പിച്ച ട്രോട്സ്കി. അയാളുടെ വേരുകളോരോന്നായി അറുത്തുമാറ്റുന്നതിനുള്ള നിശ്ചയമറിയിച്ച സ്റ്റാലിനെനോക്കി ദ്സിയർസിൻസ്കി മുമ്പൊരിക്കലും ചിരിക്കാത്തൊരു ചിരി ചിരിച്ചു. വെളിച്ചപ്പാടെന്ന് തന്നെ പരിഹസിച്ച ട്രോട്സ്കിയെ ഇല്ലായ്മചെയ്യാനുള്ള കരുക്കളാണ് ചതുരംഗപ്പലകയിൽ നിരത്തിവച്ചിരിക്കുന്നതെന്നു പറഞ്ഞ് അയാൾ സ്റ്റാലിനെ നോക്കി വീണ്ടും ഉച്ചത്തിൽ ചിരിച്ചു. സ്റ്റാലിൻ മീശത്തുമ്പ് പിരിച്ച് കസേരയിൽ നിന്നുമെഴുന്നേറ്റ് പുറത്തേക്കു നോക്കിനിന്നു. നല്ല തണുപ്പിലും സ്റ്റാലിന് തണുത്തില്ല.

വിഷമൂർഖനായാണ് ട്രോട്സ്കിയെ ദ്സിയർസിൻസ്കിയും സ്റ്റാലിനും വിശേഷിപ്പിച്ചത്. ഇതും ലെനിന് അറിയാമായിരുന്നു. ചേകയ്ക്കു ലഭിക്കുന്ന വിവരങ്ങൾ തന്നെ അറിയിക്കരുതെന്ന് താക്കീത് എവിടെ നിന്നാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചതെന്നും ലെനിൻ മനസ്സിലാക്കി. ഇതുപോലുള്ള വിവരങ്ങൾ ലെനിന്റെ കേൾവിയിലെത്തിക്കുന്നതാരെന്നും സ്റ്റാലിൻ തിരക്കിക്കൊണ്ടിരുന്നു.

ഡോ. ബെക്തറേവിന്റെ ചിത്രങ്ങൾ ഒന്നിലേറെ ഫോട്ടോഗ്രാഫർമാരെക്കൊണ്ടെടുപ്പിച്ചത് ചേകയിലെ ഒരുയർന്ന ഉദ്യോഗസ്ഥനാണ്. അയാൾ ഡോ. ബെക്തറേവിന്റെ ചികിത്സ തേടിയിട്ടുണ്ട്. ലെനിനൊപ്പം ഡോ. ബെക്തറേവ് നഴ്സിങ് ഹോമിന്റെ മുറ്റത്തിരുന്ന് ബിയർ കഴിക്കുന്ന ചിത്രം ചുമരാണിയിൽ നിന്നുമെടുത്ത് ഏറെ നേരം അയാൾ നോക്കി നിന്നതിനെപ്പറ്റി ബെക്തറേവ് ലെനിനോടു പറഞ്ഞതുമാണ്.

ലെനിനെ തുടർന്നുള്ള ദിവസങ്ങളിൽ ആരൊക്കെയാണ് കണ്ടത്? എന്തൊക്കെയാണ് ലെനിൻ മറ്റുള്ളവരോട് പറഞ്ഞത്?

- ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടാതെ ഇറീന നല്കിയ മറ്റൊരു പേനയുടെ മുന ക്രിസ്റ്റഫർ ചുമരിൽ വീണ്ടും ഉരച്ചൊടിച്ചു.

മെൻഷിൻസ്കിയെപ്പോലുള്ളവരുമായി രഹസ്യസംഭാഷണങ്ങൾക്ക് സ്റ്റാലിൻ പാതിരാവുകളിലാണ് സമയം കണ്ടെത്തിയതു്. ഒക്ടോബർ വിപ്ലവത്തിനു മുമ്പ് അരപ്പിരാന്തനായ സാർ പോൾ ഒന്നാമനായി മെൻഷിൻസ്കി ലെനിനെ വിശേഷിപ്പിച്ചു. അധികം വൈകാതെ മനംമാറ്റം സംഭവിച്ച പുരോഹിതന്മാരെപ്പോലെ അയാൾ ചുവടുകൾ മാറ്റി.

പല ഭാഷകളിലുള്ള മെൻഷിൻസ്കിയുടെ ജ്ഞാനം ഭരണരംഗത്ത് പലതരത്തിൽ ഉപയോഗപ്പെടുത്താനാകുമെന്ന നിർദ്ദേശം ലെനിന്റെ മുന്നിൽ ആദ്യം അവതരിപ്പിച്ചത് ട്രോട്സ്കിയാണ്. എന്തെങ്കിലുമൊന്നിൽ അറിവുള്ളവരെ, സർഗ്ഗാത്മകമായ കഴിവുള്ളവരെ, ശാസ്ത്രജ്ഞരെ, ഗായകരെ - ഇങ്ങനെയുള്ളവർക്കൊപ്പം ചേർന്നുനില്ക്കുന്ന മനസ്സായിരുന്നു എന്നും ലെനിന്റേത്.

ഗോർക്കിയോട് ആലോചിച്ചുമാത്രമേ പലപ്പോഴും പ്രധാന തീരുമാനത്തിലെത്താൻ ലെനിൻ ശ്രമിച്ചിരുന്നുള്ളൂ. ചില രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുമ്പോൾ ട്രോട്സ്കിയിൽ നിന്നും വ്യത്യസ്തമായിരുന്നു ലെനിന്റെ കാഴ്ചകൾ. അങ്ങനെയായിരിക്കുമ്പോൾ തന്നെ ട്രോട്സ്കിയുടെ അറിവിനെയും മസ്തിഷ്കബലത്തെയും ലെനിൻ ആദരിച്ചിരുന്നു. പലതും പരസ്യമായി പറയുന്നതിൽ പിശുക്കു കാണിച്ചതുമില്ല. ഇത് പലപ്പോഴും സ്റ്റാലിനെ അലോസരപ്പെടുത്തുകയും ചെയ്തു.

ലെനിൻ ആ കത്തിൽ എന്തായിരിക്കും എഴുതിയിട്ടുണ്ടാവുക? പാർട്ടിയുടെ ഉന്നതാധികാര കമ്മറ്റിക്കു മുന്നിൽ തന്റെ മരണശേഷം മാത്രം വായിക്കണമെന്ന് ലെനിൻ നിർദ്ദേശിച്ച എഴുത്ത്. അതിൽ പാർട്ടി സ്വീകരിക്കേണ്ട നിലപാടുകൾ, ആശയപ്രത്യക്ഷങ്ങൾ - ഇവയൊക്കെ വിശദീകരിച്ചിരുന്നു. അതിൽ പലതും തന്റെ ചിറകുകൾ അരിഞ്ഞു വീഴ്ത്താൻ വേണ്ടിയുള്ളതാകുമെന്ന് സ്റ്റാലിൻ വിശ്വസിച്ചു. ട്രോട്സ്കിയിലേക്കു ചായുന്ന ഒരു മനസ്സ് അന്ത്യനാളുകളിൽ ലെനിനുണ്ടായിരുന്നതായും സ്റ്റാലിൻ കരുതി.

(* ചേക - ഒക്ടോബർ വിപ്ലവത്തിനുശേഷം പ്രതിവിപ്ലവശ്രമത്തെ അമർച്ച ചെയ്യാനായി രൂപീകരിച്ച രഹസ്യപോലീസ് സേന.)

(തുടരും)


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments