അധ്യായം 11
സാഷ, പ്രിയപ്പെട്ട സാഷ
ഇതൊക്കെ മനസ്സിലേക്കെത്തുമ്പോഴാണ് ലെനിൻ കോട്ടിന്റെ പോക്കറ്റിൽ കൈയിട്ട് ആൾക്കൂട്ടത്തിൽനിന്ന് ഒഴിഞ്ഞുമാറി ദൂരേക്ക് നടക്കുന്നത്.
പുസ്തകഷെൽഫുകൾക്കിടയിലൂടെ നടക്കുകയായിരുന്നു ലെനിൻ. പാന്റ്സിന്റെ പോക്കറ്റിൽ വലതുകൈ പൂഴ്ത്തി ജനാലയ്ക്കലുള്ള അലമാരയിൽ ചാരി പുറത്തേക്കു നോക്കി നിൽക്കുമ്പോൾ ഏറെ പരിചിതമായ കാലൊച്ച അടുത്തടുത്തുവരുന്നത് കേൾക്കാനായി. ഈ നേരത്ത് വായനയിലും ആലോചനയിലും മുഴുകി സമയം ചെലവഴിക്കാനാണ് ഇഷ്ടമെന്ന് അടുപ്പമുള്ള ആർക്കും അറിയാവുന്നതാണ്.
എന്തോ പന്തികേടുള്ള ഭാവത്തിൽ ക്രൂപ്സ്കായ ലൈബ്രറിയിലേക്ക് കയറിവന്നു. പ്രത്യേകിച്ച് കാരണമൊന്നുമില്ലെങ്കിലും ചിലപ്പോൾ അങ്ങനെയാണ്. വിവർത്തനം ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ ഏതെങ്കിലുമൊരു വാക്ക് കൃത്യമായി പരിഭാഷപ്പെടുത്താനായില്ലെങ്കിൽ പോലും മട്ടുമാറുന്ന പ്രകൃതമാ് അവരുടേത്.
ക്രൂപ്സ്കായ ആകെയൊന്നുഴിഞ്ഞുനോക്കി. ലൈബ്രറിക്കുനടുവിൽ കിടന്നിരുന്ന കറുത്ത കസേരയിലിരുന്നു. അത്ഭുതപ്പെടുത്തും വിധം ഒരു പുസ്തകം മുന്നിലേക്കെടുത്തുയർത്തി ചോദിച്ചു: ‘ഈ പുസ്തകം വായിച്ചിട്ടുണ്ടോ?’
ലെനിന്റെ വലതുകൈയുടെ പെരുവിരൽ ക്രൂപ്സ്കായ പിടിച്ചമർത്തി.
ഓർമ്മയുടെ അടരുകളിൽ ഒരു പക്ഷിയെ ഓർമ്മപ്പെടുത്തുന്ന ആ പുസ്തകത്തിന്റെ പേര് ലെനിൻ തിരഞ്ഞു.
ആരുടെയാണ് ഈ പുസ്തകം, എന്താണിതിലെ ഉള്ളടക്കം, ഇങ്ങനെ ആലോചിക്കുന്നതിനിടെ പുസ്തകം നിലത്തേക്കുവീണു. ലെനിന് അതൊട്ടും ഇഷ്ടമായിട്ടുണ്ടാവില്ലെന്നു തോന്നിയതിനാൽ നൊടിയിടകൊണ്ട് ക്രൂപ്സ്കായ പുസ്തകം കുനിഞ്ഞെടുത്തു. ചെറുചിരിയോടെ ലെനിനെ നോക്കി.
‘ഈ പുസ്തകം ഓർമ്മയിലേക്ക് തിരികെവരും വരെ ഞാൻ ഇങ്ങനെ നോക്കിയിരിക്കും.’
കണ്ണുകളിലേക്ക് നോക്കിയിരുന്നവർക്കു മുന്നിൽ നിന്ന് എത്രയും പെട്ടെന്ന് ഇല്ലിച്ച് അപ്രത്യക്ഷനാകും. പല ദേശങ്ങളിൽ, രാപകലുകളിൽ, തിടുക്കപ്പെട്ട ജോലികൾക്കിടയിൽ മറ്റുള്ളവരുടെ തുറിച്ചുനോട്ടത്തിൽനിന്നും രക്ഷപെടാനായി കുടുസ്സുമുറികളിലേക്കും പാചകസ്ഥലത്തേക്കുമൊക്കെ ലെനിൻ ഒഴിഞ്ഞുമാറി പോകുന്നത് ക്രൂപ്‌സ്കായ കണ്ടിട്ടുള്ളതാണ്.
‘ഏതാ ഈ പുസ്തകം?’
ലെനിൻ ക്രൂപ്സ്കായയെ നോക്കി. ശബ്ദം നിസ്സഹായമാകാതിരിക്കാൻ ഇല്ലിച്ച് കഴിയുന്നത്ര ശ്രമിക്കുന്നതു പോലതോന്നി.
ക്രൂപ്സ്കായ ആദ്യം മുതൽ വായിക്കാൻ തുടങ്ങി. അടുത്തിടെയായി പഴയതുപോലെ പലതും ഓർത്തെടുക്കാനാകുന്നില്ലെന്ന പരാതി പറയാറുള്ള ഇല്ലിച്ച് ഓരോന്നും കൃത്യതയോടെ ഓർത്തെടുക്കുന്നുണ്ട്. ചിലപ്പോൾ ചിലത് മറക്കുക മനുഷ്യസഹജം. ഒരു തീയതി, അല്ലെങ്കിൽ ഒരക്കം, ഒന്നോരണ്ടോ തവണമാത്രം കണ്ടിട്ടുള്ള വ്യക്തികൾ - ഇതെല്ലാം ഓർത്തുവയ്ക്കുന്നതുകൊണ്ടാണ് ചെറിയ മറവിയെ പർവ്വതീകരിച്ചുകാണുന്നതെന്ന് ക്രൂപ്സ്കായ ഒരിക്കൽ പറഞ്ഞു. അപ്പോൾ ചുണ്ടിന്റെ ഒരു കോണുകൊണ്ടൊന്ന് ചിരിച്ച്, കോട്ടിന്റെ പോക്കറ്റിൽ കയ്യിട്ട് പൈൻമരങ്ങൾക്കിടയിലേക്ക് തന്നെയും കൂട്ടി നടന്നു.
ഇല്ലിച്ച് വായിക്കാൻ തുടങ്ങി. ഇടയ്ക്ക് ക്രൂപ്സ്കായ ഉണർന്നുനോക്കുമ്പോഴൊക്കെ വായന തുടരുകയായിരുന്നു. പുലർച്ചെ കണ്ടത് അമ്മ നെഞ്ചോടു ചേർത്തു കിടന്നുറങ്ങുന്ന ഇല്ലിച്ചിനെയാണ്. ഉറക്കത്തിൽ അമ്മയുടെ ഒരു ഭാഗം ഉല്യനോവ് വായിക്കുന്നതു കേട്ട് ക്രൂപ്സ്കായ നിന്നു.
... അങ്ങനെയൊന്ന് ആലിംഗനം ചെയ്ത് കരയാൻ അവർക്ക് തോന്നി. എന്നാൽ ഓഫീസർ അമ്മയെ പകയോടെ നോക്കുന്നു. ചുണ്ടുവിറയ്ക്കുകയും മീശപിരിക്കുകയും ചെയ്യുന്നു. അമ്മ കരയാനും പരാതിപറയാനും കാത്തിരിക്കയാണയാൾ എന്ന് പാവേലിനു തോന്നി.
അമ്മ മകന്റെ കൈപിടിച്ചമർത്തി.
‘ഗുഡ്ബൈ പാഷാ. നീ ആവശ്യമുള്ളതെല്ലാം എടുത്തോ?’
‘അമ്മ വിഷമിക്കണ്ട.’
‘ക്രിസ്തു നിന്നോടൊപ്പം ഉണ്ട്.’
സ്ഫുടമായി ഓരോവാക്കും ഉച്ചരിക്കുന്നതും, അർത്ഥവും രസവും ഇഴചേർത്ത് ഓരോ വരിയും വായിക്കുന്നതുമാണ് ലെനിന് ഇഷ്ടം. ഏതു മുഷിപ്പൻ ലേഖനമാണെങ്കിലും ഭംഗിയായി വായിക്കുന്നത് കേട്ടിരുന്നാൽ ആ ആശയത്തോടും സങ്കല്പത്തോടുമൊക്കെ നീരസം തോന്നില്ലെന്നും, ആ ശബ്ദം ക്രൂപ്സ്കായയുടേതായാൽ അതിന്റെ മാറ്റ് അധികമാകുമെന്നും ഇല്ലിച്ച് പറയാറുള്ളതാണ്.
‘ഇപ്പോൾ വായിച്ചു തീർത്ത ഈ വരികൾ ആരുടേതാണ്, ഏതു പുസ്തകത്തിൽ നിന്നുള്ളതാണ്?’
- ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞിട്ടുമതി മറ്റെന്തിനെക്കുറിച്ചുമുള്ള സംസാരവും ചിന്തയുമെന്ന് ക്രൂപ്സ്കായ പറഞ്ഞപ്പോൾ സ്വന്തം കൈവിരലുകളിൽ ഇല്ലിച്ച് ഒന്നമർത്തി തിരുമ്മി. പിന്നെയൊരു പൈതൽചിരി ചിരിച്ചു.
സ്‌മോൽനിയിലെ രാപകലുകളെക്കുറിച്ചാണ് ക്രൂപ്സ്കായ അപ്പോഴോർത്തതു്. 1917 ഒക്ടോബറിലെ സോഷ്യലിസ്റ്റ് വിപ്ലവത്തിന് തൊട്ടുമുമ്പുള്ള ഒരുക്കങ്ങളും നിരന്തരപ്രയത്നങ്ങളും സഖാക്കളെ തളർത്തിയ ദിവസങ്ങൾ. അന്നൊരിയ്ക്കൽ വായിച്ചു മടക്കിവച്ച ഒരു പുസ്തകത്തിലെ ഏറ്റവും മൂല്യവത്തായ ഒരു ഭാഗം മറന്നുപോയതായി ലെനിൻ പറഞ്ഞു.
സായുധകലാപത്തിന്റെ ഓരോ കരുവും ഏതൊക്കെ കള്ളികളിൽ നിലയുറപ്പിക്കണമെന്ന് നിശ്ചയിക്കുന്ന ദിവസങ്ങളായിരുന്നു അത്. മറ്റുള്ളവരുടെ മനസ്സ് അവർ പോലുമറിയാതെ വായിക്കാനുള്ള ഒരു കണ്ണാടി തന്റെ കൃഷ്ണമണികൾക്കുള്ളിൽ ഘടിപ്പിച്ചിട്ടുള്ളതായി ആ ദിവസങ്ങളിൽ ഇല്ലിച്ച് പറയാറുണ്ടായിരുന്നു.
കോട്ടുവായിട്ട ഭാര്യയുടെ മനസ്സു മാത്രമല്ല ശരീരവും തന്റെ അരികുപറ്റൽ ആഗ്രഹിക്കുന്നതായി മനസ്സിലായെന്നു പറഞ്ഞ ഇല്ലിച്ച് ചുറ്റും നോക്കി.
‘അവസാനം ഞാൻ വായിച്ചത് ഏതു പുസ്തകം, എഴുത്തുകാരൻ ആര്?’ ഇല്ലിച്ചിന്റെ ചോദ്യം കേട്ടെങ്കിലും ക്രൂപ്സ്കായ മറുപടി പറഞ്ഞില്ല.
ഞാൻ മറന്നിട്ടില്ല. അമ്മയുടെ ഒരു വരിപോലും മറക്കാനാവില്ലെന്ന് ഗോർക്കിയോട് ഞാൻ പറഞ്ഞിട്ടുള്ളതാണ്. ലെനിന്റെ കൺപോളകൾ തുറന്നടയുന്നതു കണ്ടപ്പോൾ ഒരു പുസ്തകത്തെയാണ് ക്രൂപ്സ്കായയ്ക്ക് ഓർമ വന്നത്.
ക്രൂപ്സ്കായ ലെനിനെ നോക്കിയിരുന്നു. എപ്പോൾ എവിടെ ആരൊക്കെ ഏതൊക്കെ ആയുധങ്ങളുമായി സജ്ജരായി നില്ക്കണം? സാർ ചക്രവർത്തിയുടെ കൊട്ടാരത്തിലേക്ക് ഏതു ദിശയിലൂടെ പ്രവേശിക്കണം - ഇതെല്ലാം ഇല്ലിച്ച് എഴുതി തയ്യാറാക്കി വെച്ചതിനുശേഷമാണ് വൃത്തിയുള്ള കുഞ്ഞുമുറിയിലെത്തിയത്. അധികമാരും പ്രവേശിക്കാതെ, ഇല്ലിച്ചിനുവേണ്ടി മാറ്റിവച്ച മുറിയായിരുന്നു അത്.
തണുപ്പ് ഉറഞ്ഞുകുത്തിയ മറ്റൊരു രാത്രി. സ്വറ്ററിനെയും ഓവർകോട്ടിനെയും തുളച്ച് കിടുകിടുപ്പ് അസ്ഥിയെ വിറപ്പിച്ചു. കറുത്ത നിറമുള്ള ഓവർകോട്ട് പെരുവിരലിലെറ്റിനിന്ന് ക്രൂപ്സ്കായ എടുത്തു. നല്ല ഇല്ലിച്ച് മണം. എപ്പോഴും ജീവിതത്തിലേക്ക് ചേർത്ത് നിർത്തുന്നതാണ് പ്രണയത്തിന്റെ ഈ ഗന്ധമെന്ന് ക്രൂപ്സ്കായ ഓർത്തു.
പലായനങ്ങളിലും ഒളിവിലും തെളിവിലും സംഘങ്ങളിലും മീൻപിടുത്തത്തിനിടയിലും വായനയിലും എഴുത്തുവേളയിലുമൊക്കെ അരികുചേർന്നപ്പോൾ ആ മണം ഭൂമിയുടെ ആഴത്തിൽനിന്നും തുടങ്ങി പല വേരുകളിലൂടെ തഴച്ച് പുറത്തേക്ക് തലനീട്ടുന്നതായി തോന്നിയിട്ടുണ്ട്. ഒരു പുരുഷന്റെ ഗാഢമായ ഗന്ധം അവന്റെ സ്ത്രീക്കു മാത്രമേ ആഴത്തിൽ തിരിച്ചറിയാനാവൂ. അത് അറിയുന്നതോടെ പുരുഷൻ അവന്റെ സ്ത്രീയിൽനിന്നും സ്ത്രീ അവളുടെ പുരുഷനിൽനിന്നും ഇഞ്ചോടിഞ്ച് അകന്നുമാറില്ല.
ക്രൂപ്സ്കായ ആ മണം അറിഞ്ഞു. തുറന്നിട്ട വാതിലിലൂടെ ഉറച്ച കാൽ പെരുമാറ്റം അടുത്തുവരുകയാണ്. പിറന്നാൾ ദിനത്തിൽ എന്ത് സമ്മാനമാണ് വേണ്ടതെന്നു ചോദിച്ചപ്പോൾ ഇല്ലിച്ച് പറഞ്ഞ മറുപടിയോർത്തപ്പോൾ ക്രൂപ്സ്കായ ചിരിച്ചുപോയി. അന്ന് ഇല്ലിച്ച് പറഞ്ഞ മറുപടി കേട്ടതോടെ പിന്നീടൊരിയ്ക്കലും അതു വാങ്ങാനുള്ള അവസരം ഒഴിവാക്കിയിട്ടില്ല. പിറന്നാളാണെങ്കിലും മറ്റ് വിശേഷസന്ദർഭങ്ങളാണെങ്കിലും എന്ത് വേണമെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരം മാത്രമേ ഇല്ലിച്ചിൽ നിന്നും കേട്ടിട്ടുള്ളൂ.
‘മരണത്തിന്റെ തൊട്ടുതലേന്നും അമ്മ എനിക്കുവേണ്ടി വാങ്ങിവച്ചത് ഒരു സെറ്റ് ഷൂസും നാലുജോഡി അടിവസ്ത്രങ്ങളുമാണ്’ ഇല്ലിച്ച്.
പഴയകാലങ്ങൾ, അവിടെ തെളിമയാർന്നുവന്ന പല ജീവിതസന്ദർഭങ്ങൾ - ഇതെല്ലാം അടരടരായി സൂക്ഷിക്കുന്നത് വിരസതയിൽനിന്നും നമ്മെ രക്ഷിച്ചുനിർത്തും.
ഇല്ലിച്ച് ഉടനെ വരുമെന്നു പറഞ്ഞതാണ്. അത്രനേരവും കാണാതിരുന്നപ്പോൾ ക്രൂപ്‌സ്‌കായ തിരിച്ചുപോകാൻ തുടങ്ങിയതുമാണ്. പെട്ടെന്ന് മണത്തിനും കാലൊച്ചയ്ക്കുമൊപ്പം ഇല്ലിച്ച് വന്നു. സംസാരിച്ചുകൊണ്ടിരുന്നപ്പോൾ നേരം പുലരും വരെ അത് തുടരുമെന്ന് ക്രൂപ്‌സ്‌കായയ്ക്ക് തോന്നി. ഭാഗ്യം; അങ്ങനെ സംഭവിച്ചില്ല.
ഭാര്യയെ ചേർത്തുപിടിച്ച് ഇല്ലിച്ച് കിടക്കയിലേക്ക് നടന്നു.
ഒരു പുതപ്പിനുള്ളിൽ അവർ വിറയാറ്റി.
ഇരുപത്തൊന്നു ദിവസത്തിനുശേഷമാണ് ലെനിൻ ക്രൂപ്‌സ്‌കായയെ തനിച്ച് കാണുന്നത്. പരസ്പരം പലതും സംസാരിച്ച് നേരം പുലർച്ചയാകുമെന്നുള്ള ഭാര്യയുടെ തോന്നൽ തോന്നലുമാത്രമായി. ഇല്ലിച്ച് ക്രൂപ്‌സ്‌കായയെ ഗാഢമായി ആലിംഗനം ചെയ്തു. പിന്നെ പ്രണയത്തിന്റെ ധനുസ്സെയ്തു. അന്നവർ ശാന്തമായും സൗമ്യമായും ഉറങ്ങി.
ഇല്ലിച്ചിന്റെ ശരീരത്തോടൊട്ടിക്കിടക്കുമ്പോൾ ക്രൂപ്‌സ്‌കായയുടെ മനസ്സിൽ ഓർമ്മകൾ വന്നു നിറയുക പതിവാണ്. അമ്മയെക്കുറിച്ചും അലക്‌സാണ്ടറിനെക്കുറിച്ചുമൊക്കെ പറയുന്നതിനിടയിൽ പലതവണ ലെനിന്റെ കണ്ണുകൾ നിറയുന്നത് ക്രൂപ്‌സ്‌കായ കണ്ടു. ചിലതൊക്കെ പറയണമെന്നു തോന്നിയെങ്കിലും ക്രൂപ്‌സ്‌കായ അതുള്ളിലടക്കി.
ലെനിൻ സെന്റ്പീറ്റേഴ്‌സ് ബർഗിലെത്തിയ കാലം. വോൾഗയിൽ നിന്നും വന്ന ഊർജ്ജസ്വലനും ധിഷണശാലിയുമായ ചെറുപ്പക്കാരനെക്കുറിച്ച് പലയിടത്തും കേൾക്കാനിടയായി. 'ഓൺ മാർക്കറ്റ്‌സ്' എന്ന കൃതിയുടെ കൈയെഴുത്തു പ്രതി വായിച്ച ദിവസം പട്ടംപോലെ മനസ്സിലുണ്ട്. ഹെർമൻ ക്രാസിന്റെയും ലെനിന്റെയും കാഴ്ചകളും അവയുടെ വൈരുദ്ധ്യങ്ങളുമായിരുന്നു ആ പുസ്തകത്തിന്റെ ഉള്ളടക്കം.
ഷ്രോവെറ്റിഡിൽ വച്ചാണ് ഇല്ലിച്ചുമായി ആദ്യം സംസാരിക്കുന്നത് ഒരു സായാഹ്നത്തിൽ. ഇടയ്ക്കിടെ കണ്ടുമുട്ടാറുണ്ടായിരുന്നെങ്കിലും അങ്ങനെ സവിശേഷമായൊരടുപ്പമൊന്നും പരസ്പരം തോന്നുംവിധം സൗഹൃദം അന്ന് ദൃഢപ്പെട്ടിരുന്നില്ല. പതുക്കെ; വളരെപ്പതുക്കെ രൂപപ്പെടുന്ന സൗഹൃദങ്ങൾക്ക് വളരെ പതുക്കെ മാത്രമേ അകലവും സംഭവിക്കൂ.
ക്രൂപ്‌സ്‌കായ ലെനിൻമണത്തിലേക്ക് ചേർന്നും അമർന്നും കിടന്നു. ലെനിൻ ഇടയ്ക്കിടെ ക്രൂപ്‌സ്‌കായയെ പുതപ്പിച്ചു. രണ്ടു ശരീരങ്ങൾ വിപ്ലാവാത്മകമായി…
ഒരേ പ്രത്യയഃശാസ്ത്രമായിരുന്നു അപ്പോൾ അവരുടെ ശരീരങ്ങൾക്ക്.
സ്വപ്നത്തിൽ മക്കായുടെ ഹൃദ്യമല്ലാത്ത സംഭാഷണം കേട്ടുകൊണ്ടാണ് ലെനിൻ ഞെട്ടിയുണർന്നത്. അപ്പോഴേയ്ക്കും ക്രൂപ്‌സ്‌കായ കുളിച്ച് തൂവെള്ളവസ്ത്രം ധരിച്ച് കിടക്കയ്ക്കരികെ വന്നിരുന്നു. വിപണിയെക്കുറിച്ച് ലെനിൻ എഴുതിയ ദീർഘലേഖനം വായിക്കുന്നതിനിടയിലാണ് ഇല്ലിച്ചിന്റെ കൈ മുൻപനുഭവിച്ച ചൂടില്ലാതെ ചുമലിൽ തൊടുന്നത്. ക്രൂപ്‌സ്‌കായ ആ കണ്ണുകളിലേക്ക് നോക്കി.
'അലക്‌സാണ്ടറെ രക്ഷിക്കാനായില്ല!' ലെനിൻ കണ്ണു തുറക്കാതെ പറഞ്ഞു. ''പലതിലേക്കും കണ്ണും കാതും തുറക്കാൻ പ്രേരിപ്പിച്ചതും പ്രോത്സാഹിപ്പിച്ചതും അലക്‌സാണ്ടറായിരുന്നു. ഇപ്പോൾ നമ്മൾ പകുതിയിലേറെ നടന്നു തീർത്ത ഈ പാതയുടെ ആദ്യവളവുകളും തിരിവുകളും വെട്ടി യാത്രായോഗ്യമാക്കിയത് പല കാലങ്ങളിൽ അലക്‌സാണ്ടറും ആയിരക്കണക്കിന് ചെറുപ്പക്കാരുമാണ്.''
അവരെല്ലാം ഇരട്ടച്ചിറകുകളുമായി തിരിച്ചുവരുമെന്നു പറഞ്ഞുകൊണ്ടാണ് ലെനിൻ മിഴികളടച്ചത്. അച്ഛനൊപ്പം എന്നും ചെസ് കളിക്കാൻ വീട്ടിലേക്കു വരുമായിരുന്ന അധ്യാപകൻപോലും അലക്‌സാണ്ടറെ ശിക്ഷിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും അതുവഴി വന്നില്ല. സിംബിർസ്‌കിലേക്ക് അന്ന് തീവണ്ടി വന്നിരുന്നില്ല. അമ്മ കുതിരവണ്ടിയിൽ യാത്ര ചെയ്യാനെത്തിയപ്പോഴൊക്കെ അലക്‌സാണ്ടറെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ മറ്റുള്ളവർ ഒന്നിച്ചു യാത്ര ചെയ്യുന്നതിൽ നിന്നുപോലും ഒഴിഞ്ഞുമാറി. ഭൂരിപക്ഷംപേരും ചിന്തിക്കുന്നത് സ്വന്തം സുരക്ഷിതത്വത്തെക്കുറിച്ച് മാത്രമാണ്. എതിരെ നീന്തുന്നവരുടെ എണ്ണം പലപ്പോഴും വിരലിലെണ്ണാവുന്നതു മാത്രമായിരിക്കും.
ഇല്ലിച്ച് പറഞ്ഞുകൊണ്ടിരുന്നു.
‘അമ്മ; ഒറ്റയ്ക്കായ നേരങ്ങളിൽ ഞാൻ ഒളിച്ചുനിന്നു നോക്കിയിട്ടുണ്ട്. ഏകാന്തതയുടെ ഒറ്റമരമായിരുന്നു അമ്മ. ഞങ്ങൾ മക്കൾക്കുവേണ്ടി ഓരോ ഋതുവിലും പൂക്കുകയും കായ്ക്കുകയും ചെയ്ത ഒറ്റമരം. എല്ലാവർക്കും എല്ലായ്‌പ്പോഴും സ്‌നേഹം മാത്രം വിളമ്പാനറിയുന്ന ഒരു പാത്രം! അമ്മ വളർത്തിയ നായയ്ക്കുപോലുമുണ്ടായിരുന്നു ആ ഹൃദയസ്പന്ദനം’
നല്ലൊരു ഉറക്കത്തിനുശേഷം ഉന്മേഷവാനായി കാണപ്പെട്ട ഇല്ലിച്ച് ഇടതടവില്ലാതെ ജീവിതത്തെ വിവരിച്ചുകൊണ്ടിരുന്നു. അനുഭവത്തിന്റെ ഇരുണ്ടകയറ്റങ്ങളിൽ നിന്നും മൂർച്ചയുള്ള കല്ലുകൾ പെറുക്കിയടുക്കി.
അവയെല്ലാം ആ മനസ്സിൽ ഉരഞ്ഞ് കനൽച്ചൂടോടെ കിടക്കുന്നുണ്ടെന്ന് ക്രൂപ്‌സ്‌കായ്ക്കറിയാം. ആവർത്തനമാണെങ്കിലും അവയിലൂടെയുള്ള സഞ്ചാരം ഇല്ലിച്ചിന്റെ മുന്നോട്ടുള്ള ആയലിന് ആക്കം കൂട്ടുന്നതാണെന്നും!
അലക്‌സാണ്ടർ മൂന്നാമനെ വധിക്കാനുള്ള ഗൂഢാലോചന സാഷ നടത്തിയെന്നത് രഹസ്യപ്പോലീസിന്റെ കഥ ചമയ്ക്കലായിരുന്നെന്ന് ഇല്ലിച്ച് വിശ്വസിച്ചു. പ്രിയപ്പെട്ട ജ്യേഷ്ഠനെ വധിക്കുകയും ജഡം മറ്റുള്ളവർക്കൊരു താക്കീതായി പൊതുദർശനത്തിനു വയ്ക്കുകയും ചെയ്യുമെന്ന് ഏതാണ്ടുറപ്പായ നാളുകൾ. ആ ദിവസങ്ങളിൽ ഇല്ലിച്ചിന് ഉറങ്ങാൻ കഴിഞ്ഞില്ല. അലക്‌സാണ്ടറുടെ ശബ്ദവും സ്‌നേഹമിറ്റുന്ന ശാസനയും കേൾക്കാൻ കൊതി തോന്നിയപ്പോൾ പതുക്കെ ഇറങ്ങി നടന്നു.
അലക്‌സാണ്ടർ കിടന്നിരുന്ന കട്ടിലിൽ ചുമരോടു ചാരിവച്ച തലയണയിൽ അനുജൻ കാതു് ചേർത്തുവച്ചു. അലക്‌സാണ്ടറുടെ വർത്തമാനങ്ങൾ തലയണയിലൂടെ സ്വന്തം കാതിൽ വന്നു വീഴുന്നത് കേട്ടിട്ടുള്ളതായി ഇല്ലിച്ച് പറയാറുണ്ട്. സാഷയെക്കുറിച്ച് പറയാത്ത ഒറ്റദിവസംപോലും ഇല്ലിച്ചിന്റെ ജീവിതത്തിലുണ്ടായിരുന്നില്ല.
നേവയുടെ കരയിലൂടെ വീട്ടിലേക്കു മടങ്ങുമ്പോഴാണ് ഇല്ലിച്ച് ആ ദിനങ്ങളെക്കുറിച്ചു് ക്രൂപ്‌സ്‌കായയോടു പറഞ്ഞത്. അമ്മയോടു സംസാരിച്ചാൽ, ഒരേ സീറ്റിലിരുന്നാൽ അപകടം പതിയിരിക്കുന്നുണ്ടാകുമെന്നും ശവംതീനികളായ സൈനികവൃന്ദം അത് ചക്രവർത്തിയുടെ കാതിലെത്തിക്കുമെന്നും ഭയന്നവരായിരുന്നു അന്നു് ചുറ്റുമുള്ളവരിൽ അധികവും.
(തുടരും)