ചിത്രീകരണം: രാജേഷ് ചിറപ്പാട്‌

ദസ്വിദാനിയ ലെനിന്‍
Good bye Lenin

അധ്യായം അഞ്ച്​​​:
സാഹോദര്യം

റക്കത്തിലേക്ക് വഴുതിപ്പോകുമ്പോള്‍ ഇല്ലിച്ചിന് അമ്മയുടെ മണം അനുഭവപ്പെട്ടു.

തലവഴി പുതച്ചപ്പോള്‍ ആ മണം കൂടി വന്നതേയുള്ളൂ. ഇടയ്ക്കു പുതപ്പുനീക്കി ഇല്ലിച്ച് സാഷയെ നോക്കിക്കിടന്നു.

പനിച്ചുവിറയ്ക്കാന്‍ തുടങ്ങിയതൊന്നും അച്ഛനോ അമ്മയോ അറിയരുതെന്ന് മകന് നിര്‍ബ്ബന്ധമുണ്ടായിരുന്നു. അറിഞ്ഞാല്‍ രാവു പുലരുംവരെ രണ്ടുപേരും കിടക്കയുടെ ഇരുപുറവും വന്നിരുന്ന് ഉറക്കമൊഴിയും. ചൂട് കൂടുകയാണെങ്കില്‍ അതിനുള്ള മരുന്നുകള്‍ അമ്മ തയ്യാറാക്കും. പിന്നെ കയ്‌പെന്നോ ചവര്‍പ്പെന്നോ പറഞ്ഞിട്ട് യാതൊരു ഫലവുമുണ്ടാകില്ല. ചൂട് കുറഞ്ഞാലും മരുന്ന് നിര്‍ത്തില്ല. അതില്‍നിന്ന് രക്ഷപെടാന്‍ വീട്ടിലെത്തിയപ്പോള്‍ ഇല്ലിച്ച് ഒരുപായം പ്രയോഗിച്ചു. റുസ്ലാനൊപ്പം അവന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചെന്ന് നുണ പറഞ്ഞു. നല്ല ക്ഷീണമുള്ളതിനാല്‍ പെട്ടെന്ന് ഉറക്കത്തിലേക്ക് വീണുപോകുമെന്നും അങ്ങനെ സംഭവിച്ചാല്‍ ഇന്നത്തെ അവസാന ഉമ്മ തൊട്ടടുത്ത ദിവസം പുലര്‍ച്ചെ നല്കാമെന്നും കുറച്ചകന്നു നിന്നാണ് അമ്മയോട് പറഞ്ഞത്. പിന്നീടുള്ള നേരത്ത് അമ്മയുടെ ശരീരത്ത് തൊടാതിരിക്കാന്‍ ശ്രദ്ധിച്ചു. അതു സംഭവിച്ചാല്‍ ആ നിമിഷം അമ്മ ശരീരത്തിന്റെ ഏറിയ ഊഷ്മാവ് എത്രയാണെന്ന് കൃത്യമായി പറയും!

സെര്‍ജിയെയും കറ്റിയയെയും നേരിട്ടു കണ്ടിട്ടില്ല. അവരുടെ ആകാരസൗഷ്ഠവത്തെക്കുറിച്ചും അറിയില്ല. പക്ഷേ, സൂര്യകാന്തിപ്പാട വരമ്പിലൂടെ കൈകള്‍ കൂട്ടിപ്പിടിച്ചു നടന്നുവരുന്ന ആ രണ്ടു യൗവ്വനങ്ങളെ എത്രയായിട്ടും ഇല്ലിച്ചിന് മറക്കാന്‍ കഴിഞ്ഞില്ല. മക്കാ പറഞ്ഞ പല സന്ദര്‍ഭങ്ങളും ഒരു നിലവിളി പോലെ ഉള്ളില്‍ കിടന്നു. മുറിഞ്ഞു നിലത്തുവീണു പിടയുന്ന വാല്‍ത്തുമ്പുപോലെ അത് അലോസരമുണ്ടാക്കി. അവസാനനിമിഷവും പ്രിയപ്പെട്ടവനെ ഒരു നോക്കു കാണാന്‍ ജലോപരിതലത്തിലേക്കു വന്ന കറ്റിയ. ശൂന്യാകാശവും വിജനപ്രദേശവും കണ്ട് നദിയുടെ ആഴത്തിലേക്കു തന്നെ തിരിച്ചുപോയ കറ്റിയയുടെ നിലവിളി ഉള്ളില്‍ കിടന്ന് പ്രതിദ്ധ്വനിച്ചു. സെര്‍ജിയുടെ പകുതി ഉറുമ്പുകള്‍ തിന്ന ശരീരം കഴുകന്മാര്‍ ആര്‍ത്തിയോടെ കൊത്തിവലിച്ചു. അത്രയുമായപ്പോഴേക്കും ഇല്ലിച്ച് സഹോദരന്റെ കിടക്കയ്ക്കരികെ എത്തി. ഉള്‍പ്പിടപ്പ് കേള്‍വിയില്‍ നിറഞ്ഞുനിന്നു.

അലക്‌സാണ്ടര്‍ ഗാഢമായ വായനയിലാണ്. ഷൂസുകള്‍ അഴിച്ചു പുറത്തിട്ടശേഷം കാലും മുഖവും കഴുകി തുടച്ച്, രാത്രിവസ്ത്രം ധരിച്ച്, അനുജന്‍ ജ്യേഷ്ഠന്റെ കിടക്കയ്ക്കരികിലേക്ക് സ്വന്തം കിടക്ക നീക്കിയിട്ടു. പനിച്ചിട്ടുണ്ടെന്നു പറഞ്ഞാല്‍ ചേട്ടന്‍ പുസ്തകവുമായി വരാന്തയിലേക്കു നടക്കും. അതുണ്ടാവരുത്. മനസ്സില്‍ അസ്വാസ്ഥ്യം പേറുന്ന ചോദ്യങ്ങളും സംശയങ്ങളുമൊക്കെ ചോദിക്കണം. തന്നെക്കാള്‍ നാലുവയസ്സ് മൂപ്പുണ്ട് അലക്‌സാണ്ടറിന്. അതിന്റെ ഇരട്ടി വയസ്സുള്ളവര്‍ വായിക്കാത്ത പുസ്തകങ്ങളാണ് സാഷ വായിച്ചുകൊണ്ടിരിക്കുന്നത്. ഏതു വിഷയത്തെക്കുറിച്ച് ഏതു പാതിരാത്രിയില്‍ ചോദിച്ചാലും കൃത്യമായൊരുത്തരം ഇതുപോലെ മറ്റൊരിടത്തുനിന്നും കിട്ടിയെന്നും വരില്ല.

മക്കാ എന്നല്ല അതിഥികളായി വീട്ടിലാരു വന്നാലും സ്വന്തം മുറിയില്‍ നിന്നും ഇറങ്ങി വരാനൊന്നും അലക്‌സാണ്ടര്‍ ശ്രമിക്കുമായിരുന്നില്ല. അതെക്കുറിച്ചു ചോദിച്ചാല്‍ മറുപടി ഇങ്ങനെയാവും:

'നോക്കൂ, നമുക്ക് ആസ്വദിക്കാന്‍ കഴിയാത്ത ഒന്നിനുവേണ്ടിയും ഒരു നിമിഷം പോലും പാഴാക്കാന്‍ പാടില്ല. ഹ്രസ്വമായ ജീവിതത്തില്‍ അതിനുള്ള നേരം നീക്കിവയ്ക്കാന്‍ ശ്രമിക്കരുത്. അതൊരു വലിയ പാഴ്വേലയായിരുന്നെന്ന് തിരിച്ചറിഞ്ഞ് കുറ്റബോധം അനുഭവിക്കാനുള്ള ഇടം നല്കരുത്.'

ചിലപ്പോഴൊക്കെ അമ്മ വന്ന് വാതിലിനു പുറത്തു നില്ക്കും. മക്കള്‍ ഉറങ്ങിയെങ്കില്‍ അവരെ കമ്പിളി പുതപ്പിച്ച് മുറിയുടെ വാതില്‍ ചേര്‍ത്തടച്ച് മടങ്ങും. അമ്മ ചില വൈദ്യശാസ്ത്രപുസ്തകങ്ങള്‍ വായിക്കാന്‍ സാഷയെ പ്രേരിപ്പിക്കുമായിരുന്നു. എത്ര നിര്‍ബ്ബന്ധിച്ചാലും അതനുസരിക്കില്ലെന്നുറപ്പായതോടെ അമ്മ ശ്രമം ഉപേക്ഷിച്ചു. 'എന്തുതന്നെയായാലും അവന്‍ വായിക്കുകയാണല്ലോ!' അമ്മ ആശ്വസിക്കും. അച്ഛന്‍ ഇതുകേട്ട് ചെറുതായി ചിരിക്കും.

'എന്താ നിന്റെ പ്രശ്‌നം?' ശ്രദ്ധിച്ചു നോക്കി കിടക്കുന്ന അനുജനെ നോക്കി സാഷ ചോദിച്ചു.

ഇല്ലിച്ച് സ്വറ്ററിനു മുകളില്‍ കമ്പിളികൂടി വലിച്ചു പുതച്ചു.

അമ്മ പുറത്തുവന്നു നിന്നാല്‍ കേള്‍ക്കരുതെന്ന ഭാവത്തില്‍ വളരെ പതുക്കെ ഇല്ലിച്ച് സെര്‍ജിയുടെയും കറ്റിയയുടെയും ദാരുണാന്ത്യം വിശദീകരിച്ചപ്പോള്‍ കുഞ്ഞനുജന്റെ നെഞ്ചു പിടയുന്നതുപോലെ അലക്‌സാണ്ടറിനു തോന്നി. ഇതെക്കുറിച്ച് ചിലതൊക്കെ ചിലയിടങ്ങളില്‍ കേട്ടിട്ടുള്ളതാണ്. വീണ്ടും അതൊക്കെ വിശദമായി കേള്‍ക്കാനുള്ള ക്ഷമയില്ലാതെ സാഷ ഇല്ലിച്ചിനെ നോക്കി.

'ചേട്ടാ, ദൈവം ഇങ്ങനെയുള്ളവനാണെങ്കില്‍, അയാള്‍ മഹാഘാതകനും ദ്രോഹിയും അല്ലേ?'

അലക്‌സാണ്ടര്‍ ചുണ്ട് ഇടത്തേയ്‌ക്കൊന്ന് ഏങ്കോണിപ്പിച്ച് ചിരിച്ചു. കസേരയില്‍ ഒരു പലകയ്ക്കുമേല്‍ അമ്മ കൊണ്ടുവച്ചിരുന്ന കാഷ മണത്തശേഷം രുചിച്ചുനോക്കി. രണ്ടു സ്പൂണുകളില്‍ ഒന്ന് അനുജന് നല്കി. സാഷ ഭക്ഷണപ്പാത്രം ഇരുവര്‍ക്കുമിടയില്‍ ഉയര്‍ത്തിപ്പിടിച്ചു.

'നീ കഴിക്ക്' അലക്‌സാണ്ടര്‍ പറഞ്ഞു.

'എനിക്ക് നല്ല പനിയുണ്ട്. വായ്‌ക്കൊരു രുചിയും തോന്നുന്നില്ല.'

ഇല്ലിച്ച് സഹോദരന്റെ മുഖത്തേക്ക് നോക്കി.

അനുജന് വേണ്ടത് ദൈവത്തെക്കുറിച്ച് ചോദിച്ച ചോദ്യത്തിനുള്ള ഉത്തരമാണ്. അത് ലഭിക്കുംവരെ ഇവന്‍ ഉറങ്ങാതെ ഇങ്ങനെ നോക്കി ഒരേ ഇരിപ്പിരിക്കും. അല്ലെങ്കില്‍ ഒരേ കിടപ്പു കിടക്കും. പനിക്കുന്നുണ്ടെന്നും വയറ് നോവുന്നുണ്ടെന്നും പറയും!

'ദൈവം ഇല്ല. അതൊരു സങ്കല്പം മാത്രമാണ്. മനുഷ്യരില്‍ ഒരു വിഭാഗത്തെ ഭയപ്പെടുത്തി അധീനതയിലാക്കാന്‍ കൗശലക്കാരായ ആരോ സൃഷ്ടിച്ച ഒരു മിത്തുമാത്രമാണത്. ഇല്ലാത്ത ഒന്നിനെ തങ്ക അങ്കി കെട്ടി അവതരിപ്പിച്ചതാണ്. ശൂന്യതപോലെ ശൂന്യമായ ഒന്ന് !'

ഇല്ലിച്ചിന് സന്തോഷം അടക്കാനായില്ല. കറ്റിയയുടെയും സെര്‍ജിയുടെയും മരണത്തിന്, മരണമല്ല കൊടുംഹത്യയ്ക്ക് യഥാര്‍ത്ഥ കാരണക്കാരന്‍ ദൈവമാണ്. അങ്ങനെയൊരു ദൈവത്തിന്റെ പ്രതിപുരുഷനാണെന്ന് മക്കാ അവകാശപ്പെടുകയും ചെയ്യുന്നു. ആ ദുഷ്ടനെ അന്ധമായി വിശ്വസിക്കുന്ന തന്റെ അച്ഛന്‍. അയാള്‍ക്കുവേണ്ടി വീട്ടിലുള്ള അവസാനത്തെ കോപ്പെക്ക് വരെ അച്ഛന്‍ ചെലവിടുന്നു. അതു നടക്കില്ലെന്നു പറയാനാവാതെ അമ്മ സങ്കടപ്പെടുന്നു. ഉറങ്ങാന്‍ കഴിയാതെ അമ്മ കിടക്കയില്‍ കമിഴ്ന്നു കിടക്കുന്നു.

ഇതെല്ലാം കൂടി കുഴമറിഞ്ഞ് താറുമാറായ മനസ്സുമായാണ് സാഷയുടെ മുന്നിലെത്തുന്നത്. അനുജന്റെ ഉള്‍ത്തിണര്‍പ്പ് പെട്ടെന്ന് മനസ്സിലാക്കിയ ചേട്ടന്‍ യാതൊരു ശങ്കയുമില്ലാതെ ദൈവത്തിന്റെ ലോകപ്രകൃതിയോളം വലുതായ ബിംബത്തെ, അതെക്കുറിച്ചുള്ള ഉത്ക്കണ്ഠകളെ പടിക്കു പുറത്താക്കി. അത്രനേരമുണ്ടായിരുന്ന ചെറിയൊരു സംശയം കൂടി ഇല്ലാതായതോടെ ഇല്ലിച്ച് സ്വന്തം മനസ്സില്‍ വീണുകിടന്ന മറ വലിച്ചുനീക്കി. പിന്നത് ദൂരേയ്ക്ക് വലിച്ചെറിഞ്ഞു.

ആ രാത്രി ഉറങ്ങിയുണര്‍ന്നതോടെ ദൈവത്തെക്കുറിച്ചുള്ള എല്ലാ ആകാംഷയും മനസ്സില്‍നിന്നും വിട്ടൊഴിഞ്ഞതുപോലെ ഇല്ലിച്ചിന് തോന്നി. ഏറെ വൈകി ഉറങ്ങിയ സാഷയുടെ പുതപ്പിനുള്ളില്‍ കയറി ചുരുണ്ടുകൂടി കിടന്നപ്പോഴും ഒരുപോള കണ്ണടയ്ക്കാനായില്ല. ദൈവമില്ലാത്ത ലോകത്ത് താന്‍ സര്‍വ്വതന്ത്ര സ്വതന്ത്രനാണെന്നും, ഇവിടെ ആര്‍ക്കും തടയാനാവാത്ത ചിലതൊക്കെ ചെയ്ത് അസ്തിത്വം ഉറപ്പിക്കുമെന്നും ആ രാത്രിയില്‍ നിശ്ചയിച്ചു. അതിനുശേഷം ഒരിയ്ക്കല്‍പോലും ദൈവത്തെക്കുറിച്ചുള്ള ഭയമോ ഭക്തിയോ ഉള്ളിലേക്ക് പ്രവേശിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. ദൈവത്തിന് മരണം സംഭവിച്ചു.

വാത്സല്യപൂര്‍വ്വമുള്ള ശബ്ദത്തിനു പിന്നാലെ അമ്മയുടെ വിരല്‍ വന്ന് നെറ്റിയില്‍ തൊട്ടപ്പോഴാണ് മകന്‍ കണ്ണുതുറന്നത്. തലേന്നു രാത്രി പുറത്തുനിന്ന് കഴിച്ചെന്ന് പറഞ്ഞെങ്കിലും അമ്മയ്ക്ക് ഉറക്കം വന്നിട്ടുണ്ടാവില്ല. അച്ഛനും മറ്റുമക്കളുമൊക്കെ ഉറങ്ങിക്കഴിഞ്ഞപ്പോള്‍ അമ്മ കട്ടിക്കമ്പിളി പുതച്ച് മകനരികെ എത്തി.

ഇല്ലിച്ച് പതുക്കെ ഉണര്‍ന്നെണീറ്റു. അരണ്ട വെളിച്ചത്തിലൂടെ നടന്ന് പുറത്തെ വരാന്തയിലെത്തും വരെ അമ്മ മകനെ ചേര്‍ത്തു പിടിച്ചു.

'ഓല്യ?' ഇല്ലിച്ച് ചോദിച്ചു.

തന്നെക്കാള്‍ ഒന്നരവയസ്സിന്റെ ഇളപ്പമുള്ള അനുജത്തി അമ്മയുടെ മുഖത്ത് തെരുതെരെ ഉമ്മ നല്കുമ്പോഴും കഴുത്തിലേക്ക് മുഖം പൂഴ്ത്തി ഉറങ്ങുമ്പോഴുമൊക്കെ ചെറിയൊരു നീരസം തോന്നിയിട്ടുണ്ട്. എങ്കിലും അവളെ ഇല്ലിച്ചിന് ജീവനാണെന്ന് അമ്മയ്ക്കറിയാം. അതു മനസ്സിലാക്കണമെങ്കില്‍ മറ്റാരും കാണാതിരിക്കുന്ന നേരത്ത് ഓലിയയെ ഉടപ്പിറപ്പിന്റെ മുന്നില്‍ കിടത്തി മാറിനിന്നു നോക്കണം. കുറച്ചുനേരം അവന്‍ നിറചിരിയോടെ നോക്കി നില്ക്കും. പിന്നെ മുട്ടുകാലില്‍ നിന്ന് കുഞ്ഞിന്റെ അരികിലൂടെ പോകുന്ന ഉറുമ്പുകളെ ഓരോന്നായി വിശറിവീശി തുരത്തും. ഒരു ഈച്ചയെപ്പോലും അതുവഴി വിലങ്ങനെ പറക്കാന്‍ അനുവദിക്കില്ല. അധികം കഴിയുംമുമ്പ് ചമ്രം പടിഞ്ഞിരുന്ന് അവളുടെ കുഞ്ഞു കൈവിരലുകള്‍ പിടിച്ചുയര്‍ത്തി ഓരോന്നിലും ഉമ്മവയ്ക്കും. അങ്ങനെ എത്രനേരമിരുന്നാലും അവന് മുഷിയാറില്ല.

'അവള്‍ നല്ല ഉറക്കത്തിലാണ്.' അമ്മ മകന്റെ ചുമലില്‍ പിടിച്ച് പുറത്തേക്കിറങ്ങി. ദൂരെ വോള്‍ഗ സ്വച്ഛമായൊഴുകുന്നു. തണുത്ത കാറ്റടിച്ചതോടെ അമ്മ മകനെ കൂടുതല്‍ തന്നിലേക്ക് ചേര്‍ത്തുനിര്‍ത്തി.

ഈ നടത്തം പതിവുള്ളതാണ്. അമ്മ മരിയ അലക്‌സാണ്ട്റോവ്ന സ്വന്തം പിതാവിനെക്കുറിച്ചും അദ്ദേഹത്തിന്റെ ചികിത്സാരീതിയെക്കുറിച്ചുമൊക്കെ മകനോട് പറയാറുള്ളത് ഈ നടത്തത്തിനിടയിലാണ്. മകനെ ഫ്രഞ്ചും ജര്‍മ്മനും ഇംഗ്ലീഷും തെറ്റുകൂടാതെ വായിക്കാനും എഴുതാനുമൊക്കെ പഠിപ്പിച്ചതും അമ്മയാണ്.

'ഓലിയ ഉണര്‍ന്നാലോ?' ഇല്ലിച്ച് അമ്മയുടെ മുഖത്തേക്കു നോക്കി.

'അവള്‍ ഇപ്പോള്‍ ഉറങ്ങിയിട്ടേയുള്ളൂ.' അമ്മ ഒരിയ്ക്കല്‍ക്കൂടി മകന്റെ നെറ്റിയില്‍ തൊട്ടുനോക്കി.

'നല്ല ചൂടുണ്ടല്ലോ! എന്നിട്ട് എന്തുകൊണ്ടാണ് വീട്ടിലേക്കു വന്നപ്പോള്‍ അമ്മയോടത് പറയാതിരുന്നത്. അത്താഴം കഴിച്ചെന്നു പറഞ്ഞതും നുണയായിരുന്നില്ലേ?'

ഇല്ലിച്ച് അമ്മയുടെ കൈത്തണ്ടയില്‍ ചെറിയൊരു നുള്ളുകൊടുത്തു. അപ്പോള്‍ അമ്മയ്ക്ക് മനസ്സിലാവും മകന് മറ്റെന്തോ തന്നോട് പറയാനുണ്ടെന്ന്.

'എന്താണ് പെട്ടെന്നൊരു പനി?' അമ്മ ചോദിച്ചു.

'ഇപ്പോള്‍ നല്ല സുഖം തോന്നുന്നുണ്ട്.' അമ്മയോട് ചേര്‍ന്നു നടക്കുന്നതിനിടെ മകന്‍ ശബ്ദം താഴ്ത്തി ഓര്‍മ്മയില്‍നിന്നും ഒരു കവിതാഭാഗം ചൊല്ലി.

'പണപ്പെട്ടിയ്ക്കടുത്തിരുന്ന്
പണക്കാരന്‍ ഉറക്കമില്ലാതെ
രാത്രികള്‍ കഴിച്ചു കൂട്ടുന്നു
കീറിപ്പറിഞ്ഞ തുണിയുടുത്ത
ദരിദ്രനാകട്ടെ ആനന്ദത്തോടെ
പാട്ടുപാടിക്കഴിയുന്നു...'

ദൂരെ സിംബീര്‍സ്‌ക്ക് നഗരം ഉറക്കത്തിലാണ്.

തണുപ്പിന്റെ പരവതാനി വിരിച്ച ആ നഗരത്തിലേക്ക് അമ്മയോടൊപ്പം അടുത്തിടെയൊന്നും പോയിട്ടില്ല. പലതവണ പറഞ്ഞതാണ്. ഒഴിവുകാലമാകുമ്പോള്‍ സിംബിര്‍സ്‌കിലേക്കു പോകാമെന്നാണ് അമ്മയുടെ വാഗ്ദാനം. അച്ഛനും അത് സമ്മതിച്ചിട്ടുള്ളതാണ്.

വോള്‍ഗയില്‍നിന്ന്​ വീശുന്ന തണുത്ത കാറ്റ് സിബീര്‍സക്ക് നഗരത്തിന്റെ കുഞ്ഞുവിടവുകളില്‍പോലും അമര്‍ന്നു പിടിയ്ക്കുന്നുണ്ടാവും. കഴിഞ്ഞ കുറേ വര്‍ഷമായി ഏതു സമയത്തും കാറ്റ് പതിവായിട്ടുണ്ട്. ചിലപ്പോള്‍ ഒരാഴ്ചകൊണ്ട് അല്ലെങ്കില്‍ രണ്ടാഴ്ച കാറ്റിനൊരയവു വരും. അതു കഴിഞ്ഞാലുടന്‍ അപ്രതീക്ഷിതമായി കാറ്റ് കുടഞ്ഞുണരും. അങ്ങനെയുള്ള ദിവസങ്ങളില്‍ അകാരണമായൊരു വേവലാതി അമ്മയെ പിടികൂടുന്നതുപോലെ തോന്നിയിട്ടുണ്ട്. കാറ്റ് മാത്രമല്ല അതിനുപിന്നാലെ വരാന്‍ സാദ്ധ്യതയുള്ള മിന്നലും ഇടിമുഴക്കവുമൊക്കെ അമ്മയുടെ ഉറക്കം കെടുത്തും.

എന്തിനാണ് ഇങ്ങനെയുള്ള ആധിയില്‍പ്പെട്ട് അമ്മ ഉറങ്ങാതിരിക്കുന്നതെന്നും, ഉറക്കത്തില്‍നിന്നും ഞെട്ടിപ്പിടഞ്ഞെണീക്കുന്നതെന്നും എത്ര ആലോചിച്ചിട്ടും ഇല്ലിച്ചിന് ഒരുത്തരം കണ്ടെത്താനായില്ല. ഒരു നാടോടിയായ സ്ത്രീ, മക്കളില്‍ ഒരാള്‍ അകാലത്തില്‍ പൊലിഞ്ഞുപോകുകയോ അപ്രത്യക്ഷമാകുകയോ അത് ആജീവനാന്തവേദനയ്ക്ക് കാരണമാകുകയോ ചെയ്യുമെന്ന് അമ്മയോട് പറഞ്ഞിരുന്നു. അതെക്കുറിച്ച് അമ്മ അച്ഛനോട് പറഞ്ഞു. മക്കായുടെ മുന്നില്‍ വിഷയം അവതരിപ്പിച്ചശേഷമാണ് അച്ഛന്‍ അമ്മയ്ക്ക് അസ്വസ്ഥതയുണ്ടാക്കിയ നാടോടിസ്ത്രീയുടെ പ്രവചനത്തിന് മറുപടി പറഞ്ഞത്.

റഷ്യയുടെ ഓരോ പ്രവിശ്യയിലും ഇതുപോലുള്ള അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നും സഭാവിശ്വാസികള്‍ അതിനെതിരെ ജാഗ്രതപുലര്‍ത്തണമെന്നും മക്കാ അച്ഛനെ ഉപദേശിച്ചു. അടുത്തദിവസം മുതല്‍ അന്യര്‍ വിശേഷിച്ച് അപരിചിതര്‍ വീട്ടിലേക്കു വരുന്നതിനെ അച്ഛന്‍ വിലക്കി. അതിനുവേണ്ടി മിഖായേല്‍ എന്ന പഴയ സൈനികനെ നിയമിച്ചു. അയാള്‍ നേരം പുലരും മുതല്‍ സന്ധ്യവരെ വീടിന്റെ മുന്നിലെ പ്രധാനവഴി തുടങ്ങുന്നിടത്ത് കാവല്‍ നിന്നു.

അമ്മയോട് ചേര്‍ന്ന് കിടന്നാണ് ഇല്ലിച്ച് അന്നുറങ്ങിയത്. വേവലാതിയോടെ അമ്മ മകനെ അമര്‍ത്തിപ്പിടിക്കുന്നുണ്ടായിരുന്നു. ഏങ്ങലടിച്ചു കരഞ്ഞ് അമ്മ പലതവണ ഉണര്‍ന്നു. മെഴുകുതിരി കൊളുത്തിവച്ച് പ്രാര്‍ത്ഥിച്ചു. മകന്‍ കാണുന്ന ദുഃസ്വപ്നങ്ങള്‍ ഇല്ലാതാവാന്‍ ദൈവത്തോടു യാചിക്കുകയും ചെയ്തു.

'എന്തിനാണ് അമ്മ കരയുന്നത്?'
‘നിനക്കത് പറഞ്ഞാല്‍ മനസ്സിലാവില്ല. ഒരമ്മയുടെ മനസ്സ് സ്വന്തം കുഞ്ഞുങ്ങളുടെ കൊക്കിലെ അനപ്പു കാണാന്‍ വേണ്ടിയാണ് എപ്പോഴും ഉണര്‍ന്നിരിക്കുന്നത്. ഒരമ്മ ഉണരുന്നതും ഉറങ്ങുന്നതും മക്കളുടെ മുഖം ഓര്‍ത്തുകൊണ്ടായിരിക്കും.'

രാത്രി ഏറെ വൈകിയപ്പോള്‍ അച്ഛന്‍ വെളിച്ചവുമായി മുറിയിലേക്കു വന്നു. ചിലപ്പോഴൊക്കെ അങ്ങനെ വന്നു നോക്കുമ്പോള്‍ കിടക്കയിലും മുറിയിലും ഭാര്യയെയും മക്കളെയും കണ്ടില്ലെങ്കില്‍ വോള്‍ഗയുടെ തീരത്തേക്ക് വരാറാണ് പതിവ്. അമ്മയെയും ഒട്ടുമിക്കപ്പോഴും ഒപ്പമുണ്ടാകാറുള്ള ഇല്ലിച്ചിനെയും ഇരുകൈകളില്‍ പിടിച്ച് അച്ഛന്‍ വീട്ടിലേക്ക് തിരികെ നടക്കും. അതിനിടയില്‍ അമ്മയോ മകനോ എന്തുചോദിച്ചാലും അച്ഛന്‍ ഒരക്ഷരം ഉരിയാടില്ല. നിശ്ശബ്ദതയാണ് അച്ഛന് പ്രിയപ്പെട്ടതെന്ന് അമ്മ പറയാറുമുണ്ട്.

അമ്മയും അച്ഛനും അപ്പുറത്തെ മുറിയിലേക്കു പോയതോടെ വീണ്ടും ഇല്ലിച്ച് ചേട്ടന്റെ കിടക്കയ്ക്കരികെയെത്തി. അലക്‌സാണ്ടര്‍ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. തടിയന്‍ പുസ്തകത്തിന്റെ പകുതിയിലെ താളുകളിലൊന്നില്‍ ചുവന്ന മഷികൊണ്ട് എന്തൊക്കെയോ കുത്തിക്കുറിക്കുകയായിരുന്നു.
'സാഷ എന്താ അത്?' അനുജന്‍ ചോദിച്ചു.
'നിനക്കത് പറഞ്ഞാല്‍ മനസ്സിലാവില്ല.' അലക്‌സാണ്ടര്‍ ചിരിച്ചു.
കിടക്കയില്‍ കമിഴ്ന്നു കിടന്ന് ഇല്ലിച്ച് അടക്കത്തില്‍ പറഞ്ഞു: 'ഇല്ലിച്ച നിനക്കൊന്നും മനസ്സിലാവില്ല!'

(തുടരും)


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments