ചിത്രീകരണം: രാജേഷ് ചിറപ്പാട്

ദസ്വിദാനിയ ലെനിൻ
Good bye Lenin

അധ്യായം ഏഴ്​:
പാരീസ് കമ്യൂൺ

ദൈവത്തെയും രാജാക്കന്മാരെയുമെല്ലാം മനസ്സിൽ അഗ്‌നിക്കിരയാക്കിയ ശേഷമാണ് ഇല്ലിച്ച് അന്ന് കിടന്നത്. സാഷയുടെ മണം വർഷങ്ങൾ പലതു കഴിഞ്ഞിട്ടും, മഞ്ഞുകാലങ്ങളും ഋതുഭേദങ്ങളും പിന്നിട്ടിട്ടും വിട്ടകന്നില്ല.

അങ്ങനെ സംഭവിക്കണമെന്ന് ഒരിയ്ക്കൽപോലും ഇല്ലിച്ച് ആഗ്രഹിച്ചതുമില്ല.

ആഴക്കടൽ സ്വപ്നം കണ്ടു കിടക്കുകയാണ് ഇല്ലിച്ച്. കാഴ്ചയിൽ തിമിംഗലങ്ങളും സ്രാവുകളും പേരറിയാത്തതും അറിയുന്നതുമായ പലതരം ജലജീവികളും. ഒരിയ്ക്കൽ സംഭവിച്ച കളിവീഴ്ചയിലെ മുറിവുകൾ ഇടയ്ക്കിടെ വേദനിപ്പിക്കുന്നുണ്ട്. ആ വടുക്കളിൽ വിരലോടിച്ചു കിടക്കുമ്പോഴാണ് കടലേറ്റങ്ങളുടെ ശബ്ദം കാതുകളിൽ നിറയുക. അപ്പോഴാണ് പലതരം ചിന്തകളുടെ ചുഴലിത്തിരകൾ ഓർമ്മയിലേക്കെത്തുക. അവയിൽ ചിലതിനു പിന്നാലെ മനസ്സ് യാത്ര തുടങ്ങും. ഇടയ്ക്ക് ചിലത് പാതിവഴിയിൽ ഉപേക്ഷിക്കും. ചിലതിനൊപ്പം മൂർച്ചയുള്ള കൊമ്പും നീലക്കണ്ണുകളുമുള്ള ഒരു മത്സ്യത്തെപ്പോലെ മുന്നോട്ടു പോകും. അന്ന് ആ ചോദ്യമാണ് ആദ്യം അലോസരമുണ്ടാക്കി കടന്നുവന്നത്. അതിനുള്ള ഉത്തരം സാഷ നല്കിയതോടെ ആ വേവലാതി എന്നന്നേയ്ക്കുമായി ഉരുകിയൊടുങ്ങി. രണ്ടാമതുണ്ടായ സംശയത്തിന് മറുപടി പ്രതീക്ഷിച്ചതും ചേട്ടനിൽ നിന്നു തന്നെയാണ്. പക്ഷേ, ആ ചോദ്യം ചോദിക്കാൻ കാത്തിരുന്ന രാത്രിയിൽ സാഷ കൊല്ലപ്പെട്ട വാർത്തയാണ് കേൾക്കേണ്ടിവന്നത്.

അമ്മ ആദ്യം കരഞ്ഞില്ല. അച്ഛനും അന്നയും ദിമിട്രിയും മറിയയും അമ്മയ്ക്കുചുറ്റും നിശ്ശബ്ദരായി നിന്നു. ഇടിവെട്ടേറ്റ് കരിഞ്ഞുപോയ ഒരു വൃക്ഷത്തെ അനുസ്മരിപ്പിക്കുന്നതുപോലെ അമ്മയ്ക്ക് രൂപാന്തരം സംഭവിക്കുന്നതായി ഇല്ലിച്ചിനു തോന്നി. പെട്ടെന്നൊരു നിമിഷം സാഷ, സാഷയെന്ന് ഉച്ചത്തിൽ വിളിച്ചുകൊണ്ട് അമ്മ ടെറസ്സിൽനിന്നും ചാടാൻ ശ്രമിച്ചു. ദിമിട്രിയുടെ മുറുക്കിപ്പിടുത്തത്തിൽനിന്നും കുതറി മകനൊപ്പം ജീവിതമൊടുക്കാൻ അമ്മ പലതവണ ആഞ്ഞു. മരിയയും അന്നയും അമ്മയ്‌ക്കൊപ്പം ചാടുമെന്നു പറഞ്ഞ് ടെറസ്സിന്റെ അരികിലേക്ക് നടന്നു. അതിനുശേഷമാണ് അമ്മ പടവുകളിറങ്ങി വീടിന്റെ ഒന്നാം നിലയിലേക്കു വന്നത്.

ഓർമ്മയിൽ അങ്ങനെ എത്രനേരം വേണമെങ്കിലും കിടക്കാം.

അകമ്പടിയായി കടലും കടൽജീവികളും.

ആ രാത്രിയിൽ അത്രനാളും കേട്ടിട്ടില്ലാത്ത പലതരം ജലജീവികളുടെ കരച്ചിൽ ഇല്ലിച്ച് കേട്ടുകൊണ്ടിരുന്നു. ഭയപ്പെടുത്തുന്ന മറ്റ് ചില ഒച്ചകളും ഉയർന്നുവന്നു. അച്ഛൻ ആ നേരത്തൊക്കെ ഒരക്ഷരം മിണ്ടാതെ അമ്മയെയും മക്കളെയും നോക്കിയിരുന്നു.

അലക്‌സാണ്ടറുടെ മണം ചുറ്റും നിറയുന്നതായി തോന്നി. ഗുരുക്കന്മാർക്ക് ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു അവൻ. മറ്റൊന്നിലും ശ്രദ്ധയില്ലാതെ രാവുപുലരുംവരെയുള്ള വായന അലക്‌സാണ്ടറുടെ കൺതടങ്ങളിൽ കറുത്ത വടുക്കൾ പടർത്തി. അതു മായുന്നതിനായി അമ്മ ചില പച്ചിലനീരുകൾ പുരട്ടിക്കൊടുക്കാറുണ്ടായിരുന്നു. വായനയ്ക്കിടയിൽ സാഷയ്ക്ക് അതൊന്നും പഥ്യമല്ലെന്ന് അമ്മയ്ക്കറിയാം. മറ്റു മക്കളോടുള്ളതിനെക്കാൾ ശ്രദ്ധ എപ്പോഴും അമ്മ അവന് നല്കിയിരുന്നു. ഭാവിയിൽ മകൻ റഷ്യയിലെ എണ്ണം പറഞ്ഞ പേരുകാരിലൊരാളാകുമെന്ന് അച്ഛൻ മാത്രമല്ല അമ്മയും അദ്ധ്യാപകരും വിശ്വസിച്ചു.

ജനാലയിലൂടെ പുറത്തേക്കു നോക്കിയിരുന്ന അച്ഛനരികെ അമ്മ ചെന്നിരുന്നു. അവർ ഏറെനേരം യാതൊന്നും സംസാരിച്ചില്ല. അമ്മയ്ക്ക് എന്തോ ചിലത് സംസാരിക്കാനുണ്ടെന്ന് അച്ഛന് തോന്നിയിട്ടുണ്ടാവണം.

'എന്തിനാണ് അവനെ പോലീസ് അറസ്റ്റ് ചെയ്തത്?' അമ്മ ചോദിച്ചു.

'ചക്രവർത്തിയെ വധിക്കാൻ ഗൂഢാലോചന നടത്തിയതിന്' അച്ഛന്റെ ശബ്ദമിടറി.

'അതു വിശ്വസിക്കുന്നുണ്ടോ?' അമ്മ വിതുമ്പി.

'ഇല്ല, പക്ഷേ, പോലീസ് അവനെതിരായ തെളിവുകൾ ഹാജരാക്കിയെന്നാണ് കേട്ടത്!'

'അലക്‌സാണ്ടറുടെ ചില സൗഹൃദങ്ങളെക്കുറിച്ച് എനിക്കും പേടി തോന്നിയിരുന്നു.' അമ്മ

'സൗഹൃദങ്ങളെ പഴിച്ചതുകൊണ്ടായില്ല. അവൻ ബുദ്ധിയുള്ള കുട്ടിയായിരുന്നു. കൂട്ടുകാരും. നമ്മെപ്പോലെ വാർദ്ധക്യരക്തയോട്ടത്തിലല്ല അവരുടെ ഞരമ്പുകൾ. വായിക്കുന്ന പുസ്തകങ്ങൾ, കേൾക്കുന്ന സംഗീതം - ഇതൊക്കെ പുതിയ കാലത്തെ സ്വപ്നം കാണാൻ അവരെ പ്രേരിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന് ആരെയാണ് തെറ്റുപറയാനാവുക?' അച്ഛൻ ജനാലയ്ക്കലേക്ക് നടന്നു. ഉറഞ്ഞുനിറഞ്ഞ ഇരുട്ടിലേക്ക് മഞ്ഞു പൊഴിയുന്നുണ്ട്. തണുപ്പ് വിറചിക്കി വീടിനകമാകെ കവിഞ്ഞു.

അലമാര തുറന്ന് അച്ഛൻ പുതുതായി വാങ്ങിവച്ച കമ്പിളിപ്പുതപ്പിന്റെ കെട്ട് പുറത്തെടുത്തു. അതഴിച്ച് ആദ്യം കാപ്പിനിറമുള്ള കമ്പിളി അമ്മയെ പുതപ്പിച്ചു. മറ്റുള്ളവർക്കുള്ളത് സ്റ്റാൻഡിൽ ഓരോന്നായി മടക്കിയിട്ടു. ഒന്നുമാത്രം; അതിന്റെ നിറം സാഷയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു, വയലറ്റ്. അച്ഛൻ ആ പുതപ്പ് എന്തുചെയ്യാനെന്നറിയാത്തതുപോലെ നെഞ്ചോടു ചേർത്തുപിടിച്ചു. അമ്മ നടന്ന് അച്ഛനരികെയെത്തി.

'അതിങ്ങ് തന്നേക്കൂ. ഞാൻ സൂക്ഷിച്ചോളാം!'

ചേട്ടന്റെ കമ്പിളി അമ്മ നെഞ്ചോടു ചേർത്ത് പിടിച്ചു. വരും ദിവസങ്ങളിലൊന്നിൽ അലക്‌സാണ്ടർ വീട്ടിലേക്ക് വരുമെന്നാണ് അച്ഛന് കിട്ടിയ വിവരം. ബന്ധുവും അച്ഛന്റെ സഹപാഠിയുമായ പോലീസ് മേധാവി കോസ്റ്റിയ അങ്ങനെയാണ് അച്ഛനോട് പറഞ്ഞതും. പ്രവിശ്യയിലെ ചക്രവർത്തിയുടെ ഏറ്റവും വിശ്വസ്തനായ ഒരാളുടെ ശുപാർശ തരപ്പെടുത്തിയിട്ടുണ്ടെന്നും കോസ്റ്റിയ ഉറപ്പു നല്കിയതാണ്. അവർ എല്ലാവരും ഒരേ സ്വഭാവമുള്ള കഴുകൻ കണ്ണിന്റെ ഉടമകളായിരുന്നെന്ന് അച്ഛന് പതുക്കെയാണ് ബോദ്ധ്യപ്പെട്ടത്.

പാരീസ് കമ്മ്യൂണിനെപ്പറ്റി ആദ്യമായി വായിച്ചദിവസം ഇല്ലിച്ചിന് മറക്കാനാവുന്നതല്ല. അന്നുരാത്രി സാഷ ഫ്രഞ്ച് വിപ്ലവത്തെക്കുറിച്ചുള്ള ഒരു പുസ്തകം വായിക്കുകയായിരുന്നു. പുറത്തുലയുന്ന ഇലകളുടെ നിഴൽ സാഷയുടെ മുഖത്ത് കാണാം. ഇലയെന്നല്ല എന്തനങ്ങിയാലും വായനയ്ക്കിടയിൽ അലക്‌സാണ്ടറിന്റെ ശ്രദ്ധ തിരിക്കാൻ ആർക്കും കഴിയുമായിരുന്നില്ല. അമ്മ മാത്രമാണ് സാഷയുടെ ചെവി പിടിച്ചു തിരിച്ച് മുഖമുയർത്തിച്ച് തന്റെ കണ്ണുകളിലേക്ക് നോക്കാൻ ഇടയ്‌ക്കെങ്കിലും പറയാറുള്ളത്. ക്യാബേജ് ആവിയിൽ വേവിച്ചെടുത്ത് പാലൊഴിച്ച് അതിൽ തേൻ തൂവി അമ്മയുണ്ടാക്കുന്ന രുചിക്കു മുന്നിൽപോലും സാഷ തോറ്റുകൊടുക്കില്ല. അതു കാണുമ്പോൾ നാവിൽ നനവു പടരും. പെങ്ങന്മാരും ഇല്ലിച്ചും അമ്മ ക്യാബേജ് കഴുകിത്തുടങ്ങുമ്പോൾ മുതൽ അടുക്കളയിലും അയൽമുറികളിലും താളംചവിട്ടി നില്ക്കും. അവിടെയൊന്നും വരാതെ സാഷ വായനയിൽ തന്നെ മുഴുകിയിരിക്കും. രുചി മറക്കും.

'പാരീസ് കമ്മ്യൂണിനെപ്പറ്റി പറയുമോ?'

സാഷ ആദ്യമൊക്കെ മിണ്ടാതിരിക്കാൻ ശ്രമിച്ചു. അനുജൻ വിടില്ലെന്നുറപ്പായതോടെ നേരിയൊരനിഷ്ടം പ്രകടിപ്പുനോക്കി.

'ഈച്ചയെപ്പോലെ നീ കാതിനുചുറ്റും മുരണ്ടു നടക്കാതെ പോയി കിടന്നുറങ്ങാൻ നോക്ക്!'

'ഇല്ല, അതുപറയാതെ ഞാൻ ഈ മുറി വിട്ടുപോകില്ല.' അനുജൻ ശാഠ്യം പിടിച്ചു.

'ഇല്ലിച്ച്, ലോകത്തിൽ ആദ്യമായി തൊഴിലാളികൾ നടത്തിയ വിപ്ലവമായിരുന്നു പാരീസ് കമ്മ്യൂൺ. അധ്വാനിക്കുന്ന വർഗ്ഗത്തിന്റെ അനിഷേധ്യത വിളംബരം ചെയ്ത സമരമുന്നേറ്റം.'

അത്രയും പറഞ്ഞ് അവസാനിപ്പിക്കാനായിരുന്നു സാഷയുടെ ശ്രമം. പതിവുള്ള രീതിയാണത്. അനുജൻ ചോദിക്കുന്ന ആകാംഷനിറഞ്ഞ ചോദ്യങ്ങൾക്കൊക്കെ വളരെ ലളിതമായതും ചുരുങ്ങിയതുമായ മറുപടി മാത്രം നല്കും.

ചേട്ടാ എനിക്ക് അതെക്കുറിച്ച് കുറച്ചുകൂടി അറിയണം.'

ഇല്ലിച്ച് വാശിപിടിച്ചു.

'ഇല്ല, ഇന്നെനിക്ക് നേരമൊട്ടുമില്ല. ദാ നോക്ക് ഈ പുസ്തകം ഇന്നു രാത്രികൊണ്ടെനിക്ക് വായിച്ചുതീർക്കാനുണ്ട്.'

അത് പിന്നെ വായിക്കാം. പാരീസ് കമ്മ്യൂണിനെക്കുറിച്ച് പറ'

'നീ ദാസ് ക്യാപ്പിറ്റൽ വായിച്ചിട്ടുണ്ടോ? അലക്‌സാണ്ടർ

'ഇല്ല. ആദ്യം പാരീസ് കമ്മ്യൂൺ. അതിനുശേഷം ദാസ് ക്യാപ്പിറ്റൽ.'

'ശരി. നീ ആദ്യം എനിക്കൊരു ചൂടൻ ചായയുണ്ടാക്കിക്കൊണ്ടുവാ. അതുകഴിഞ്ഞ് കുറേ നേരം എന്റെ ഇടതുകാലൊന്നു തടവിത്തരണം. വല്ലാത്ത വേദന. കടച്ചിൽ.'

യാതൊന്നും പറയാതെ ഇല്ലിച്ച് നടന്നുപോകുന്നതുനോക്കി നിന്നപ്പോൾ സാഷയ്ക്ക് ചിരി അടക്കാനായില്ല. അവന്റെ മനസ്സിലെ, ആരാകണമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സാഷ. എപ്പോഴും വായനയും ആലോചനയുമായി വീട്ടിൽ വട്ടംചുറ്റുന്ന ചേട്ടനാണ് അവന്റെ ഏക മാതൃക. ഏതു സംശയത്തിനും ഉത്തരം ലഭിക്കുന്ന വിജ്ഞാനകോശമായാണ് ചേട്ടനെ അവൻ കാണുന്നത്.

'ഇനി പറ, പാരീസ് കമ്മ്യൂൺ തൊഴിലാളികൾ നടത്തിയ ആദ്യ വിപ്ലവം എന്നൊക്കെയുള്ള ഒറ്റ വാചകത്തിലുള്ള മറുപടിയല്ല എനിക്ക് വേണ്ടത്. ചേട്ടൻ മറ്റെവിടെയും പറയാത്തതെല്ലാം, അതെക്കുറിച്ച് വായിച്ചതെല്ലാം എന്നോടു പറയണം. അതു കേൾക്കാതെ ഞാൻ തിരിച്ചുപോവില്ല.'

ഇല്ലിച്ച് ചായ മേശപ്പുറത്തു വച്ചു.

'എന്താണ് പാരീസ് കമ്മ്യൂൺ?' അവൻ അലക്‌സാണ്ടറുടെ കണ്ണുകളിലേക്കു തന്നെ നോക്കിനിന്നു.

'ഒറ്റത്തവണ മാത്രമേ ഞാനത് പറയൂ. രണ്ടാമത് ചോദിച്ചാൽ വീണ്ടും പറയുമെന്ന് കരുതണ്ട!'

'ഇല്ല സാഷ, ഇല്ല. ഒരിയ്ക്കൽ മാത്രം മതി!'

ഇല്ലിച്ച് ശ്രദ്ധയോടെ സഹോദരനെ നോക്കിയിരുന്നു.

1871 മാർച്ചിൽ പാരീസിന്റെ അധികാരം പിടിച്ചെടുത്ത് സ്വന്തം ഭരണകൂടം സ്ഥാപിച്ച വിപ്ലവ സർക്കാരിനെയാണ് പാരീസ് കമ്മ്യൂൺ എന്നു വിളിക്കുന്നത്. തൊഴിലാളി വർഗ്ഗബോധവും വിപ്ലവവീര്യവും ഉണ്ടായിരുന്ന പാരീസിലെ പട്ടാളക്കാരും തൊഴിലാളികളുമാണ് ഇതിന് നേതൃത്വം നൽകിയത്. രണ്ടുമാസക്കാലം പാരീസ് പുതിയ സർക്കാരിന്റെ ഭരണത്തിലായിരുന്നു. ഈ കാലയളവിൽ പല വിപ്ലവകരമായ കാര്യങ്ങളും അവിടെ നടപ്പിലായി.

മതത്തെയും ഭരണകൂടത്തെയും വേർതിരിച്ച് ഒരു മതനിരപേക്ഷ പുരോഗമന സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന് അവിടെ തുടക്കം കുറിച്ചു. ബാലവേല നിരോധിച്ചു. പൂട്ടിക്കിടന്ന ഫാക്ടറികൾ ഏറ്റെടുക്കാൻ തൊഴിലാളികളെ അനുവദിച്ചു. വാടകക്കുടിശ്ശിക എഴുതിത്തള്ളി. എന്നാൽ ഒടുവിൽ ഫ്രഞ്ച് സൈന്യം വിപ്ലവത്തെ അടിച്ചമർത്തി അധികാരം തിരിച്ചുപിടിച്ചു. മാർക്‌സിനെയും ഏംഗൽസിനെയും ഏറെ സ്വാധീനിച്ച ഒന്നായിരുന്നു പാരീസ് കമ്മ്യൂൺ. തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തിന്റെ ആദ്യ ഉദാഹരണമായിട്ടാണ് പാരീസ് കമ്മ്യൂണിനെ ചരിത്രം അടയാളപ്പെടുത്തുന്നത്...'

കണ്ണുകളടച്ചിരുന്ന് താൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കുന്ന ഇല്ലിച്ചിനെ അലക്‌സാണ്ടർ തട്ടിവിളിച്ചു.

'നിനക്ക് വല്ലതും മനസ്സിലായോ?' അലക്‌സാണ്ടർ

മറുപടി പറയാതെ പാരീസ് കമ്മ്യൂണിനെപ്പറ്റി അലക്‌സാണ്ടർ പറഞ്ഞത് വള്ളിപുള്ളി വിടാതെ ഇല്ലിച്ച് ആവർത്തിച്ചു. അത്ഭുതത്തോടെ സാഷ അതു കേട്ടിരുന്നു.

ഇനി അനുജന്റെ സംശയങ്ങൾക്ക് കൃത്യഉത്തരം നല്കാൻ ആ കസേരയിൽ അവൻ വന്നിരിക്കില്ല. തണുപ്പുള്ള രാത്രികളിൽ കിടുകിടുത്തു കിടക്കുമ്പോൾ കമ്പിളിയുമായി കാലൊച്ച കേൾപ്പിക്കാതെ അവൻ വരില്ല. മടിയിൽ കിടക്കുന്ന സാഷയുടെ മുടിയ്ക്കുള്ളിലൂടെ അമ്മ വിരലോടിക്കുന്നതും കാണാനാവില്ല.

വെളുത്തചുമരിൽ സാഷയുടെ മുഖം തെളിഞ്ഞുവരുന്നതുപോലെ തോന്നി. ആ മുഖത്ത് അത്രനാളും കണ്ടിട്ടില്ലാത്ത വിഷാദം നിറഞ്ഞുനില്ക്കുന്നുണ്ട്. കണ്ട സ്വപ്നങ്ങളുടെ നിഴൽച്ചിത്രം കണ്ണുകളിൽ. എന്തെങ്കിലുമൊക്കെ ആലോചിച്ചുകൊണ്ടിരിക്കെ സാഷയുടെ നെറ്റിയിൽ ഒരു തുടിപ്പ് വന്നുപോകാറുണ്ട്. അത് ആ സ്വപ്നചിത്രത്തിലും കാണുന്നുണ്ടായിരുന്നു.

'സാഷ!' ഇല്ലിച്ച് കണ്ണുതിരുമ്മി ചുറ്റുംനോക്കി.

'ഇല്യാ' സാഷയുടെ ശബ്ദം നാലുദിശകളിൽനിന്നും കേൾക്കുന്നതുപോലെ...

രാജാവ് സ്രഷ്ടാവല്ലാത്തതു കൊണ്ടുതന്നെ സംഹാരകനുമാകാൻ പാടില്ല. പ്രജകളെ കൊന്നു തള്ളാനുള്ള അധികാരം ആരാണ് ഈ ഛത്രാധിപതിക്ക് നല്കിയത്. മരണഭയത്തിലകപ്പെടുന്നവരാണ് തനിക്കുചുറ്റും മൃത്യുവിന്റെ രക്തക്കണ്ണുകൾ തുറന്നു വരുന്നതായി ഭയപ്പെടാറുള്ളത്. അവരെ അവരുടെ ദൈവത്തിനുപോലും രക്ഷിക്കാനാവില്ല. സാഷ അന്ന് ഇല്ലെന്ന് തീർത്തു പറഞ്ഞതിനുശേഷം ദൈവം ഇല്ലിച്ചിന്റെ മനസ്സിനെ ഒട്ടും അലട്ടാത്ത ഒന്നായി മാറുകയായിരുന്നു.

ദൈവത്തിന്റെ പ്രതിപുരുഷനാണോ രാജാവ്? അങ്ങനെയാണെന്ന് സാധാരണക്കാരെ വിശ്വസിപ്പിക്കുന്നതിലും, പേടിയുടെ പെരുംകെട്ട് അവരുടെയുള്ളിൽ വളർത്തിക്കൊണ്ടു വരുന്നതിനും സാധിക്കുന്നു. അതുകൊണ്ടാണല്ലോ കറ്റിയയെയും സെർജിയെയും വകവരുത്താൻ അവർക്കു നിസ്സാരമായി സാധിച്ചത്.

അന്നു രാത്രിയിൽ സാഷ അരികുപറ്റി നില്ക്കുന്നതായി ഇല്ലിച്ചിന് തോന്നി. അവന്റെ ഗന്ധം അകന്നുപോകരുതെന്ന് കരുതി ഇടതുവശം ചെരിഞ്ഞുകിടന്നു.

പകൽ വന്നു വിളിച്ചപ്പോൾ അമ്മ പുറത്തെ വിജനതയിലേക്കും നിശ്ശബ്ദതയിലേക്കും നോക്കി ഏങ്ങലടക്കാൻ പാടുപെടുന്നു. സഹോദരങ്ങളും അച്ഛനും അമ്മയെ ആശ്വസിപ്പിക്കാനാകാതെ തൊട്ടടുത്തുണ്ട്. ഇല്ലിച്ചിന് കരയാൻ കഴിഞ്ഞില്ല. ഒന്നു പൊട്ടിക്കരഞ്ഞെങ്കിലെന്ന് പലപ്പോഴും തോന്നി. മനസ്സ് ഒന്നയഞ്ഞുവരാൻ അത് സഹായിച്ചേക്കും. ശ്രമിച്ചെങ്കിലും സാധിച്ചില്ല.

(തുടരും)


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments