ചിത്രീകരണം: രാജേഷ് ചിറപ്പാട്

ദസ്വിദാനിയ ലെനിൻ
Good bye Lenin

അധ്യായം ഒമ്പത്:
മുയൽ സ്പർശം

വെളുത്ത നിറമുള്ള മുയലിനെ നെഞ്ചോടുചേർത്തുപിടിച്ച് ലെനിൻ ബെക്തറേവിനെ നോക്കി. മുയൽ ശ്വസിക്കുന്നതു നോക്കിയിരിക്കാനായിരുന്നു ബെക്തറേവിന് കൗതുകം.

ലെനിൻ ക്ലിനിക്കിൽ നിന്നും എങ്ങോട്ടാണ് ഇറങ്ങി നടന്നത്? ക്രിസ്റ്റഫർ റീഡ് ആകാംക്ഷാപൂർവ്വം ഡോ. ബെക്തറേവിനോടു ചോദിച്ചു. 'അറിയില്ല, അറിയില്ല ക്രിസ്റ്റഫർ, ഞാൻ എത്രയൊക്കെ ചോദിച്ചിട്ടും അതെക്കുറിച്ച് യാതൊന്നും പറയാൻ കൂട്ടാക്കിയില്ല' ഡോ. ബെക്തറേവ് പറഞ്ഞു.

മില്ലറ്റ് കഞ്ഞി അന്നുരാത്രി മുഴുവൻ ചൂടോടെ ബെക്തറേവ് സൂക്ഷിച്ചു. കരഞ്ഞുകൊണ്ടു കയറിവന്ന പൂച്ചയ്ക്കു ഭക്ഷണം വിളമ്പും മുമ്പ് പലതവണ ബെക്തറേവ് പുറത്തൊക്കെ നടന്നുനോക്കി. ഇരുട്ടുകൂടിയ ഇടനാഴിയിലും പുറത്തേക്കുള്ള വഴിയിലുമൊക്കെ ടോർച്ചു തെളിച്ചു. എവിടെയും ലെനിനെ കാണാനാവാതെ ബെക്തറേവ് ക്ലിനിക്കിൽ തിരിച്ചെത്തി. അന്ന് അത്താഴം കഴിക്കാതെ തണുപ്പ് ചിതറി വീഴുന്ന ജനാലയ്ക്കരികിലുള്ള കിടക്കയിൽ വന്നുകിടന്നു.

വോഡ്കയുടെ ചൂട് മാത്രം പുതച്ച്.

അർദ്ധരാത്രിയോടെ ബെക്തറേവ് വീണ്ടും കൺസട്ടിംഗ് റൂമിലെത്തി. ലെനിന്റെ വീട്ടിലേക്ക് ഫോൺ ചെയ്തു. ആരും മറുപുറത്ത് ശബ്ദിച്ചില്ല.

ക്രിസ്റ്റഫർ ആ രാത്രിയെക്കുറിച്ചുള്ള ബെക്തറേവിന്റെ ചില സൂചനകൾ വച്ച് മുന്നോട്ടു നീങ്ങാൻ തീരുമാനിച്ചു. ക്ലിനിക്കിൽ നിന്നിറങ്ങുകയും വീട്ടിലെത്താതിരിക്കുകയും ചെയ്ത ലെനിൻ ആരും കടന്നുവരാനിടയില്ലാത്ത ഒരിടത്തേക്കാണ് പോയതെന്ന് ക്രിസ്റ്റഫറിന് തോന്നി.

ആ വഴിതേടിയായി തുടർന്നുള്ള സഞ്ചാരം

അതൊരു ഒറ്റപ്പെട്ട വീടായിരുന്നു. അവിടെ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് ചെന്നുകയറിയ അതിഥിയെ കണ്ട് വീട്ടുകാർ അത്ഭുതപ്പെട്ടു നിന്നിട്ടുണ്ടാവണം. ആരുടേതായിരുന്നു ആ വീട്?

എന്തായിരുന്നു ആ സന്ദർശനത്തിന്റെ ഉദ്ദേശം? എഴുത്തിന്റെ വേവുള്ള രാപകലുകളിലൂടെ സഞ്ചരിക്കുന്നതിനിടെ ക്രിസ്റ്റഫർ റീഡ് ചിലതൊക്കെ ഡയറിയിൽ കുറിച്ചിട്ടു.

1920 ജനുവരി 21. ലെനിന്റെയും ലിയോൺ ട്രോട്സ്കിയുടെയും ആത്മസ്‌നേഹിതന്റെ വീടായിരുന്നു അത്. പുതുക്കിപ്പണിഞ്ഞ ഒരു മുറിയിൽ നിന്നും ട്രോട്ഡ്കി പുറത്തേക്കിറങ്ങി. തുറന്നിട്ട ജനാലയിലൂടെ ശീതക്കാറ്റ് അകത്തേക്ക് അലച്ചുപടർന്നുകൊണ്ടിരുന്നു. പതുക്കെ വാതിൽ തുറക്കുന്ന ശബ്ദംകേട്ട് നോക്കുമ്പോൾ തൊട്ടുമുമ്പിൽ ലെനിൻ

പലപേരുകൾ ട്രോട്സ്കി ലെനിനെ മാറിമാറി വിളിക്കാറുണ്ട്. വ്ലാദിമിർ, ഇല്ലിച്ച്, ഉല്യനോവ്, ലെനിൻ - ഇങ്ങനെ ഏതുപേര് വിളിച്ചാലും ആളിന് യാതൊരു നീരസവുമില്ല. എന്തു വിളിച്ചാലും ആ ഹൃദയത്തിന്റെ പ്രകാശമാനമായ കോണുകളിലൊന്നിൽ ആർക്കും മായ്ക്കാനാവാത്ത ഒരിടം തനിക്കുണ്ടെന്ന് ട്രോട്സ്കിറിയാം. തൊട്ടരികെ വന്നുനിന്ന് ലെനിൻ ട്രോട്സ്കിയെ നോക്കി ചിരിച്ചു.

കാണണമെന്ന് അറിയിച്ചപ്പോൾ ഇത്രപെട്ടെന്ന് ലെനിൻ ഇറങ്ങിപ്പുറപ്പെടുമെന്ന് ട്രോട്സ്കി കരുതിയില്ല. വരുന്ന ദിവസങ്ങളിലൊന്നിൽ വീട്ടിലേക്കോ ഡോക്ടർ ബെക്തറേവിന്റെ ക്ലിനിക്കിലേക്കോ ചെല്ലാൻ പറയുമെന്നാണ് കരുതിയത്. ചില പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകൾ നിലനില്ക്കുമ്പോഴും അതിനെയൊക്കെ മറികടക്കുന്നൊരു ചാർച്ച തങ്ങൾക്കിടയിൽ നിലനില്ക്കുന്നതായി ട്രോട്ക്സിക്കു തോന്നിയിട്ടുണ്ട്. ചിലതൊക്കെ തുറന്നു പറയണമെന്നും മറുവഴി തേടാനുള്ള സാദ്ധ്യത വിദൂരമല്ലെന്നും;

അന്ന് രാവു പുലരുവോളം ലെനിനും ട്രോട്സ്കിയും സംസാരിച്ചു. ചില ചോദ്യങ്ങൾക്ക് ഉത്തരവും ചില ഉത്തരങ്ങൾക്ക് ചോദ്യവും കണ്ടെത്താതെ വയ്യെന്ന് അവർ തിരിച്ചറിഞ്ഞു.

യുക്രൈനിലെ യനോവ്ക ഗ്രാമത്തിൽ നിന്നും വന്ന രണ്ടുപേർ അന്ന് ആ വീട്ടിലുണ്ടായിരുന്നു. ട്രോട്സ്കി അവരെ ലെനിന് പരിചയപ്പെടുത്തി. ബാല്യകാല സുഹൃത്തുക്കളുമായുള്ള ട്രോട്സ്കിയുടെ സംഭാഷണവും ചിരിച്ചുമറിയലും ലെനിൻ നോക്കിയിരുന്നു. വോഡ്കയുടെ ഇരമ്പം കയറാൻ തുടങ്ങിയപ്പോൾ അതിഥികളിലൊരാൾ രോഷത്തോടെ സംസാരിക്കാൻ തുടങ്ങി!

അയാൾ റഷ്യയുടെ ഹൃദയത്തിൽ ഒരിയ്ക്കലും ഉണങ്ങാത്ത വടുക്കളുണ്ടാക്കും. ചലവും ചോരയും ഒലിച്ചിറങ്ങുന്നതു കണ്ട് ചിരിക്കും. നരഹത്യകളും അധികാരമുഷ്ക്കും അസ്സഹനീയമായിരിക്കുന്നു. വിശ്വസ്തരെയും അവിശ്വസ്തരെയും തിരിച്ചറിയാനാവാത്തതാണ് ആ ഏകാധിപതിയുടെ പ്രശ്നം!

ഗ്രാമീണൻ ലെനിനെയും ട്രോസ്കിയെയും നോക്കി.

'അറിയില്ല, അയാളൊരു മനുഷ്യനാണോ എന്ന കാര്യം എനിക്കത്ര ഉറപ്പുള്ള കാര്യമല്ല. പലരും ഭയംകൊണ്ടങ്ങനെ കരുതുന്നതായാണ് തോന്നിയിട്ടുള്ളത്!'

മറ്റൊരു ഗ്രാമീണൻ ഒന്നും സംസാരിക്കാതെ ലെനിനെ മാത്രം നോക്കിയിരുന്നു. വർഷങ്ങളായി ആരാധനയോടെ കണ്ടിട്ടുള്ള മുഖം! ഏത് ഇരുൾമറവിലും പ്രകാശത്തിന്റെ കിരണങ്ങൾ പ്രസരിക്കുന്നതാണ് ആ അപൂർവ്വമായ ചിരി. ട്രോട്സ്കിയുമായി ഗൗരവപ്പെട്ട ചില കാര്യങ്ങൾ സംസാരിക്കാനാണ് ലെനിൻ വന്നിരിക്കുന്നത്. അതിനിടയിൽ നിക്കോ എന്തൊക്കെയോ തുറന്നുപറയാനെന്നപോലെ മുന്നോട്ടു വരുന്നതു കണ്ടപ്പോൾ ജോർജി ഇടപെട്ടു.

'ക്ഷമിക്കണം, നിക്കോ ക്ഷുഭിതനാണ്. ലിയോൺ ഇന്നലെ രാത്രിയിൽ പറഞ്ഞതു കേട്ടിരുന്നപ്പോൾ എനിക്കും തോന്നിയതാണ് ഇതേ ഉൾച്ചൊരുക്ക്. എന്തിനാണ് ജോസഫ് സ്റ്റാലിൻ ഞങ്ങളെ ഇങ്ങനെ വിടാതെ പിന്തുടരുന്നത്? എവിടെയും രഹസ്യപോലീസിന്റെ നിഴൽ. ഏതു നിമിഷവും എന്തും സംഭവിക്കാമെന്ന ഭീതിയോടെയാണ് ഞങ്ങൾ ഉണ്ണുന്നതും ഉറങ്ങുന്നതും!

ലെനിൻ ഒരക്ഷരവുമുരിയാടാതെ എല്ലാം കേട്ടിരുന്നു. ട്രോട്സ്കി എഴുതിയ കത്തുകൾ, അസ്വസ്ഥനായി ഓഫീസിലേക്കും വീട്ടിലേക്കും കയറിവന്ന് ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞ ആപത്ശങ്കകൾ, സ്റ്റാലിന്റെ രഹസ്യനീക്കങ്ങൾ, ഗൂഢതന്ത്രങ്ങൾ - എല്ലാം ലെനിൻ ഓർത്തു; പല ഘട്ടങ്ങളിലും താൻ നല്കിയ പിന്തുണ എത്ര കൗശലത്തോടെയാണ് സ്റ്റാലിൻ മറ്റൊരു വഴിയിൽ തിരിച്ചുവിട്ടതെന്നും.

'സൂക്ഷിക്കണം!' പുറത്തേക്കിറങ്ങുമ്പോൾ ഒപ്പം നടന്ന ട്രോട്സ്കിയുടെ ചുമലിൽ പിടിച്ച് ലെനിൻ പറഞ്ഞു.

'എങ്ങോട്ടാണ് ഈ രാത്രിയിൽ?' ട്രോട്സ്കി മുന്നിൽ കയറിനിന്നു.

'ഡോ. ബെക്തറേവിന്റെ ക്ലിനിക്കിലേക്ക്.' ലെനിൻ

'ഞാനും വരാം.' എവിടേക്കാണെങ്കിലും ഒപ്പം വരാൻ തയ്യാറെന്ന മട്ടിലാണ് ട്രോട്സ്കിയുടെ നില്പ്.

'വേണ്ട.'

ദൂരെ നിന്ന ഡ്രൈവർ തിടുക്കത്തിൽ നടന്നു വരുന്നത് ലെനിൻ കണ്ടു.

'സ്നേഹിതരോടൊപ്പം സമയം ചെലവഴിക്കൂ. നിങ്ങളെ കാണാൻ വേണ്ടി മാത്രമല്ലേ അവർ ഇത്രദൂരം യാത്രചെയ്തു വന്നത്?'

ഡ്രൈവർ ഒരു ഇളം വയലറ്റ് നിറമുള്ള ഓവർകോട്ട് ലെനിനു നേരെ നീട്ടി. അതു ധരിച്ച് തിരിഞ്ഞുനിന്ന ലെനിൻ പറഞ്ഞു:

'എനിക്കെല്ലാം മനസ്സിലാവുന്നുണ്ട്. പാർട്ടിയിലും ഭരണത്തിലും അയാൾ നടത്തുന്ന ഹീനനീക്കങ്ങൾ. പക്ഷേ, അതൊന്നും ആരോടും പറയാനാവില്ല. ആരാണ് ശത്രു? ആരാണ് മിത്രം? ഇങ്ങനെയുള്ള വീർപ്പുമുട്ടലുകളിലാണ് നമ്മുടെ സഖാക്കളിൽ പലരും!'

ക്രിസ്റ്റഫർ എഴുതാൻ തുടങ്ങി:

കടുത്ത തലപ്പെരുക്കം പുറത്തു കാണിക്കാതെയാണ് ലെനിൻ യുക്രൈനിൽ നിന്നു വന്ന സഖാക്കളുടെ സംഭാഷണം കേട്ടുകൊണ്ടിരുന്നത്. അവർ അവരുടെ ഉൾക്ഷോഭം പറഞ്ഞുതീർക്കുകയായിരുന്നു. ട്രോട്സ്കിയോട് അവർ പലതവണ എല്ലാം പറഞ്ഞിട്ടുള്ളതാണ്. വിയോജിപ്പുകൾ ലേഖനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും പുറത്തെത്തിക്കാൻ ട്രോട്സ്കി യാതൊരു മടിയും കാണിച്ചില്ല. സ്റ്റാലിന്റെ പകയ്ക്ക് കാരണവും അതു തന്നെയായിരുന്നു. തന്റെ ഹിതത്തിനെതിരായി ചിന്തിക്കുന്ന ഒരു ശിരസ്സുപോലും റഷ്യയിൽ അവശേഷിക്കരുതെന്നാണ് അയാളുടെ തീരുമാനമെന്നു പറഞ്ഞപ്പോഴുള്ള ട്രോട്സ്കിയുടെ കണ്ണുകളിലെ എരിയൽ ലെനിന് മറക്കാൻ കഴിഞ്ഞില്ല.

ഇതൊക്കെ എങ്ങനെയാണ് മറ്റുള്ളവരോട് പറയുക? യുക്രൈനിൽ നിന്നു വന്നവരുടെ ഉള്ളിൽ പുകയുന്നതിനെക്കാൾ അസംതൃപ്തികൾ തന്റെ മനസ്സിൽ നീറിയുയരുന്നുണ്ടെന്നു ട്രോട്സ്കിക്ക് നന്നായറിയാം. സ്റ്റാലിൻ ഏതിരുൾ മറവിലൂടെയും സഞ്ചരിച്ചെത്തും. കാരുണ്യപൂർവ്വം ലെനിനെ ശ്രദ്ധിക്കണമെന്നും, പാർട്ടിയുടെ സർവ്വപിന്തുണയും അക്കാര്യത്തിൽ ഉണ്ടാവണമെന്നും അയാൾ രഹസ്യമീറ്റിങ്ങിൽ പറഞ്ഞെന്നു കേട്ടപ്പോൾ മറുപടി പറയാൻ തോന്നിയില്ല. രോഗത്തിന്റെ മൂർദ്ധന്യവേദനയിൽ സ്റ്റാലിനോടു ലെനിൻ പറഞ്ഞതായി പ്രചരിക്കുന്നതൊക്കെ ദുരന്തതുരങ്കങ്ങൾ സൃഷ്ടിക്കാനാണെന്ന് വ്യക്തം. എന്നാൽ അതു പറയാൻ ആരും കൂട്ടാക്കുന്നില്ലെന്നു മാത്രം.

മൂന്നൂറു വർഷത്തെ രാജവാഴ്ചയാണ് റഷ്യയിൽ അവസാനിച്ചത്. അതിനുവേണ്ടി വീണമർന്ന മനുഷ്യരുടെ നിലവിളി ലെനിന്റെ മനസ്സിലേക്ക് ഇരച്ചെത്തി.

പുറത്തേക്കിറങ്ങിവന്ന ട്രോട്സ്കി കണ്ടത് ഉണക്കു ബാധിച്ച റൊവാൻ മരത്തിന്റെ ചുവട്ടിൽ നില്ക്കുന്ന ലെനിനെയാണ്. അടുത്തേക്കു നടന്നുവരുന്ന പ്രിയസഖാവിനെ നോക്കി ലെനിൻ നിന്നു. ചിലത് പെട്ടെന്ന് പറയണമെന്നു കരുതി. നാവുയരുന്നതിനു മുമ്പ് ട്രോട്സ്കി സ്വയം നിയന്ത്രിച്ചു. എന്തു പറഞ്ഞാലുമത് ലെനിന്റെ അകം മുറിപ്പെടുന്നതിനു കാരണമാകും.

ട്രോട്സ്കി നിശബ്ദനായി നിന്നു.

ഓർമ്മയുടെ ചുവന്ന ഞരമ്പുകൾ ഓരോന്നായി ഇരുവരിലേക്കും വന്നുകൊണ്ടിരുന്നു. ജോസഫ് സ്റ്റാലിന്റെ വേരുകൾ നാലുപാടും പടർന്നുപിടിച്ചത് ലെനിൻ ഉഴുതിട്ട മണ്ണിലാണ്. താഴെത്തട്ടിൽ നിന്നും പലരെയും മെതിച്ചമർത്തി സ്റ്റാലിൻ മുന്നേറി വരുന്നതു കണ്ട നാളുകളിൽ ട്രോട്സ്കി ലെനിനെ കണ്ടിരുന്നു. അന്നു പറഞ്ഞതൊന്നും അതുപോലെ മനസ്സിലാക്കാൻ ലെനിൻ ഒരുക്കവുമായിരുന്നില്ല.

പാർട്ടിപത്രമായ പ്രാവ്ദയുടെ പ്രതിസന്ധിഘട്ടത്തിൽ ധനം ശേഖരിക്കുന്നതിന്റെ ഉത്തരവാദിത്വം ലെനിനാണ് സ്റ്റാലിനെ ഏല്പിച്ചത്. ഏറ്റ സമയത്തിനു മുമ്പ് കടമ നിറവേറ്റി ജോസഫ് സ്റ്റാലിൻ തിരിച്ചെത്തി.

പാർട്ടി കമ്മറ്റിയിലേക്ക് പുകവലിച്ചുകൊണ്ടാണ് അന്ന് സ്റ്റാലിൻ കടന്നുവന്നത്. അതിനോട് വിയോജിപ്പുള്ളവർ പോലും എതിർപ്പു പ്രകടിപ്പിക്കാതെ നിശ്ശബ്ദരായിരുന്നു.

ഡോ. ലൂറിയോട് ആത്മബന്ധമുണ്ടെന്ന ഭാവത്തിലായിരുന്നു സ്റ്റാലിൻ പെരുമാറിയതും സംസാരിച്ചതും. അവരുടെ ജീവിതത്തിൽ അതികാംക്ഷയുണ്ടെന്നായിരുന്നു ഭാവം. ഒടുവിലാണറിയുന്നത് ലൂറിയെ വധിക്കാനുള്ള പദ്ധതിയിൽ സ്റ്റാലിനു പങ്കുണ്ടായിരുന്നെന്നു്.

ആദ്യം ഡോക്ടർ ലൂറിപോലും അത് വിശ്വസിച്ചില്ല. അത്രമാത്രം തന്മയത്വത്തോടെയായിരുന്നു സ്റ്റാലിന്റെ ഇടപെടലും ക്ഷേമാന്വേഷണവും.

എത്രയെത്ര തിരോധാനങ്ങൾ. നാടുകടത്തലുകൾ. അജ്ഞാത മൃതദേഹങ്ങൾ. ദുരൂഹതയുടെ മഞ്ഞുമല തെളിഞ്ഞു വരുമെന്നു തോന്നിയപ്പോഴൊക്കെ കൊടുംചൂട് അവിടങ്ങളിൽ പെയ്തു. ഏറ്റവും പ്രിയങ്കരരെന്നു ധരിച്ചുവശായവരെപ്പോലും സ്റ്റാലിൻ ഉന്മൂലനം ചെയ്തുകൊണ്ടിരുന്നു. ആരും എതിർവാക്കുകൊണ്ടോ എതിർ ചൂണ്ടലുകൊണ്ടോ നോക്കുന്നത് സ്റ്റാലിന് സഹിക്കാനാകുമായിരുന്നില്ല.

ക്രിസ്റ്റഫർ റീഡ് തന്റെ നോവലിന്റെ ഒരദ്ധ്യായം അവസാനിപ്പിച്ചത് ഇങ്ങനെയാണ്:

'..... ട്രോട്സ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ലെനിൻ നേരെ പോയത് ഡോ. ബെക്തറേവിന്റെ നഴ്സിങ് ഹോമിലേക്കാണ്. അവിടെ രാത്രിഭക്ഷണവുമായി കാത്തിരിക്കുകയായിരുന്നു ബെക്തറേവ്. വഴിയിലെവിടെവച്ചാണ് തൂവെള്ള നിറമുള്ള ഒരു മുയലിനെ കാറിൽ കയറ്റിയതെന്ന് ബെക്തറേവ് ചോദിച്ചെങ്കിലും ലെനിൻ മറുപടി പറഞ്ഞില്ല. വേട്ടയ്ക്കു പോകുന്നതിൽ ഹരമനുഭവിച്ചിരുന്ന ലെനിൻ രോഗകാലം തുടങ്ങിയതോടെ അതിലൊട്ടും താല്പര്യം കാണിച്ചിരുന്നില്ല. ചില സ്നേഹിതർ നിർബ്ബന്ധിച്ചെങ്കിലും ആ സമയം കൂടി വായനയിലും ഏകാന്തതയിലും കഴിയാനാണ് ലെനിൻ ഇഷ്ടപ്പെട്ടത്.

'ഇല്ല, വേട്ടയ്ക്ക് ഞാനില്ല!'

'ഇല്ല, ചെസ് കളിക്കാൻ ഞാനില്ല!'

കുട്ടിക്കാലത്ത് സഹോദരനുമായുള്ള ചെസ് കളിയായിരുന്നു ലെനിന് ഏറെപ്രിയം. അങ്ങനെയുള്ള പല ഇഷ്ടങ്ങളും തന്നിൽനിന്നും ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും ലെനിൻ ബെക്തറേവിനോട് പറഞ്ഞു.

'ഈ മുയലിനെ എന്തു ചെയ്യാനാ? വളർത്താനോ ഭക്ഷണത്തിനോ?' ബെക്തറേവ് ചോദിച്ചു.

'എന്റെ അരികെ കിടത്താൻ. തണുപ്പുള്ള നേരങ്ങളിൽ ദാ ഇങ്ങനെ തലോടിക്കൊടുക്കണം. മറ്റാരും അരികത്തൊന്നുമില്ലെങ്കിലും ജീവന്റെ ഒരു തുടിപ്പ് നോക്കിയിരിക്കുന്നത് നല്ല അനുഭവമാണ്.’ ലെനിൻ ചിരിച്ചു.

(തുടരും)


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments