ചിത്രീകരണം: രാജേഷ് ചിറപ്പാട്

ദസ്വിദാനിയ ലെനിന്‍
Good bye Lenin

അധ്യായം മൂന്ന്​:
കറ്റിയയും സെര്‍ജിയും

ക്കായുടെ ശബ്ദം പതിവിലേറെ ഉയര്‍ന്നു.
പെട്ടെന്ന് വീടിന്റെ വിരുന്നു മുറിയില്‍ വെളിച്ചം അണഞ്ഞതെന്തുകൊണ്ടെന്ന ആലോചനയ്ക്കിടയില്‍ ഇല്ലിച്ചിനെ ഉറക്കം വന്നു പുതപ്പിച്ചു.

മക്കാ ഇരുവശം തിരിച്ചറിയാത്ത ഒരാളെപ്പോലെ വീട്ടിലേക്കു നടന്നുവന്നു. അലക്‌സിയില്‍ നിന്നും അയാള്‍ രക്ഷപ്പെട്ടിട്ട് രണ്ടോ മൂന്നോ ദിവസമേ കഴിഞ്ഞിരുന്നുള്ളൂ. യാതൊന്നും സംഭവിക്കാത്ത ഒരാളെപ്പോലെയാണ് അയാളുടെ വരവ്.

അന്ന് വെയില്‍ താഴ്ന്നുതുടങ്ങിയപ്പോള്‍ തന്നെ അച്ഛന്‍ വീട്ടിലേക്ക് വന്നു. അടുക്കളയിലേക്ക് വേണ്ടതൊക്കെ വാങ്ങി കരുതിയിരുന്ന സഞ്ചി അമ്മയ്ക്കുനേരെ നീട്ടി. മറ്റൊന്ന് സന്ദര്‍ശനമുറിയിലേക്ക് കൊണ്ടുപോയി. അച്ഛന്‍ കുളിമുറിയില്‍ കയറിയ നേരത്ത് ഇല്ലിച്ച് ആ പൊതി തുറന്നു നോക്കി.
അതില്‍ ഹോട്ടല്‍ ഡെനിയയില്‍ നിന്നും വാങ്ങിയ പൊരിച്ച കോഴിയുടെ രണ്ട് പായ്ക്കറ്റ്.
ഒരു കുപ്പി വോഡ്ക!

പെട്ടെന്ന് അമ്മ വരുന്നത് ഇല്ലിച്ച് കണ്ടു.
മദ്യം കണ്ടാല്‍ അമ്മ ഉറങ്ങില്ല. മക്കായുടെയോ സാത്താന്റെയോ പ്രലോഭനത്തില്‍ വീണ് അച്ഛന്‍ ഒരുനാള്‍ മദ്യപനാകുമോ എന്ന ആധി അമ്മയ്ക്ക് ചെറുതായിരുന്നില്ല. ഒരുനാള്‍ അമ്മ ജനാലയ്ക്കല്‍ നിന്ന് കറുത്തിരുണ്ട മേഘത്തെ നോക്കി പ്രാര്‍ത്ഥിക്കുന്നത് കേട്ടപ്പോള്‍ സങ്കടം കൊണ്ട് കണ്ണ് കവിഞ്ഞുപോയി.

'കര്‍ത്താവേ, ഉല്യനോവിനെ ആ ഒഴിയാബാധയില്‍ നിന്ന് രക്ഷിക്കണേ... സാത്താന്റെ കഠിന പരീക്ഷണങ്ങളുമായി വരുന്ന മക്കായുടെ വീട്ടിലേയ്ക്കുള്ള വരവ് എങ്ങനെയും തടയണമേ!'

അതൊന്നും ഫലം കണ്ടില്ല. ഓരോ ദിവസവും മക്കാ കൃത്യസമയത്ത് വീട്ടിലേക്ക് വരികയും പതിവു കേളികള്‍ തുടരുകയും ചെയ്തു.

ആ കഥ അച്ഛനോടും മറ്റുള്ളവരോടും മക്കാ പറയുന്നത് കേട്ടപ്പോള്‍ നെഞ്ച് നീറി. ഇതൊക്കെ സംഭവ്യമാണോ എന്ന് ചോദിക്കുന്നതിനായി ചെന്ന ഇല്ലിച്ച് കണ്ടത് മക്കായുടെ കഥ കേട്ട് വിറപൂണ്ടു നില്‍ക്കുന്ന അമ്മയെയാണ്. ചൂടുറ്റ അമ്മയുടെ മടിയില്‍ കിടന്ന് ആ കഥ ഒരിയ്ക്കല്‍ കൂടി ഇല്ലിച്ച് ഓര്‍ത്തു.

കറ്റിയ എന്നായിരുന്നു ആ കര്‍ഷകയുവതിയുടെ പേര്. ലൂണ്‍സ് പക്ഷിയെ അനുസ്മരിപ്പിക്കുന്ന രൂപമായിരുന്നു അവളുടേത്. അഴകിന് തുല്യം അനുഭൂതി തരുന്ന ശബ്ദം കൊണ്ടും അനുഗൃഹീത. അവള്‍ സൂര്യകാന്തിപ്പാടത്ത് ഒറ്റയ്ക്കു നില്‍ക്കുന്ന സെര്‍ജിയെ കണ്ടുമുട്ടിയത് യാദൃച്ഛികമായാണ്. തണുപ്പു കുത്തിയ ഒരു പ്രഭാതത്തില്‍, ആദ്യം സെര്‍ജി അവളെ ഒന്നു നോക്കുകയോ ഗൗനിക്കുകയോ ചെയ്തില്ല. തന്നെപ്പോലെ ആകാരസൗഷ്ഠവവും മധുരശബ്ദവുമുള്ള ഒരുവളെ കണ്ടിട്ടും കാണാത്ത മട്ടില്‍ നടന്നകലാന്‍ ശ്രമിച്ച യുവസുന്ദരനെ കറ്റിയ അങ്ങനെയങ്ങ് വിട്ടകലാന്‍ സമ്മതിച്ചില്ല. കഠിനരശ്മികള്‍ വിക്ഷേപിക്കാന്‍ കഴിവുള്ള നോട്ടത്തില്‍ സെര്‍ജി ഒരു നിമിഷമൊന്നു പരുങ്ങുന്നത് കണ്ടതോടെ കറ്റിയ അടുത്തേക്ക് നടന്നു ചെന്നു.

'അത്ര പരിചയം പോരല്ലോ. ഇവിടെ ഈ നേരത്ത് എന്താ പരിപാടി?' കറ്റിയ ചോദിച്ചു.

കണ്ണില്‍ നേരിയ പാട മൂടുന്ന രോഗത്തിന്റെ ചികിത്സയിലായിരുന്നു സെര്‍ജി. പക്ഷേ അതൊന്നും വിട്ടു പറയാതെ ഇങ്ങോട്ടുവന്നു സംസാരിച്ച പെണ്ണ് അതിസുന്ദരി ആയിരിക്കുമെന്ന് സെര്‍ജിക്കു തോന്നി.

'അതെ ആദ്യമാണിവിടെ. അങ്ങ് ആ കാണുന്ന ആന്റന്റെ സൂര്യകാന്തിപ്പാടത്ത് വിളവെടുപ്പ് കാലത്തിന് മേല്‍നോട്ടക്കാരനായി വന്നതാണ് ഞാൻ', സെര്‍ജി പറഞ്ഞു.

കറ്റിയ സെര്‍ജിയെ ആകെയൊന്നുഴിഞ്ഞു നോക്കി. തൊട്ടുപിന്നാലെ സംഭവിച്ചതൊക്കെ സ്വപ്നമോ യാഥാര്‍ത്ഥ്യമോ എന്നറിയാതെ സെര്‍ജി സൂര്യകാന്തിപൂക്കള്‍ക്കിടയില്‍ കിടന്നു വിയര്‍ത്തു. തുടക്കം എങ്ങനെ ആയിരുന്നു എന്ന് മാത്രമേ അവന് ഓര്‍ത്തെടുക്കാനായുള്ളൂ. ബാക്കിയൊക്കെ കറ്റിയയുടെ ഗന്ധത്തില്‍ മുഗ്​ധമായി മുങ്ങിപ്പോകുകയായിരുന്നു.

കറ്റിയ രൂക്ഷമായൊരു നോട്ടത്തോടെ സെര്‍ജിക്കു നേരെ നടന്നു ചെല്ലുകയായിരുന്നു. പിന്നെ അത്ര നാളും ശരീരം അറിഞ്ഞിട്ടില്ലാത്ത ചൂടില്‍ പുകഞ്ഞ് അവള്‍ സെര്‍ജിയെ ഗാഢമായി ആലിംഗനം ചെയ്തു. സെര്‍ജിക്കും ആദ്യത്തെ അനുഭവമായിരുന്നു അത്.

ഇരുപത്തിനാലു വയസ്സുള്ള സെര്‍ജിയും പത്തൊന്‍പതുകാരിയായ കറ്റിയയും അപരിചിതത്വത്തിന്റെ പുതുവസ്ത്രങ്ങളഴിഞ്ഞു വീണ് ചിരപരിചിതരും പ്രണയതാപത്തില്‍ മുങ്ങിനിവര്‍ന്നവരുമായി. അധികനേരമാകും മുമ്പ് രണ്ടുപേര്‍ക്കുമിടയില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നൊന്നും അവര്‍ ആലോചിച്ചില്ല. ശരീരത്തിന്റെ ഊഷ്മാവുകുറയും വരെ അവര്‍ ചുംബിച്ചു. രതിയുടെ മൂര്‍ദ്ധന്യതയിലേക്ക് കടക്കാതെ സൂക്ഷിച്ചത് സെര്‍ജിയാണ്. പലതവണ കാതോരം മുതല്‍ താഴോട്ട് ചുംബിച്ചിറങ്ങിയ കറ്റിയ സെര്‍ജിയെ അനങ്ങാന്‍ അനുവദിച്ചില്ല. ട്രൗസറിന്റെ ബട്ടണ്‍ അഴിച്ചു നീക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ അതൊഴിവാക്കാന്‍ മുന്‍കൈ എടുത്തതും സെര്‍ജിയാണ്. ഒടുവില്‍ രതിമൂര്‍ച്ചയില്‍ കറ്റിയ സെര്‍ജിയുടെ നെഞ്ചില്‍ അടര്‍ന്നുവീണു.

'ഇതൊക്കെ വെറും ഭാവനയാവില്ലേ? ഇമവെട്ടിത്തുറക്കും മുമ്പ് രണ്ടുപേര്‍ക്കുമിടയില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ?', ഈഗര്‍ ചോദിച്ചു.

മറുപടി ഒരു വലിയ പൊട്ടിച്ചിരിയായിരുന്നു. മക്കാ ദുര്‍മ്മേദസ്സു നിറഞ്ഞു തുളുമ്പിയ ശരീരം പതിവിലേറെ ഉലച്ച് ഇഗോറിന്റെ കണ്ണുകളിലേക്ക് നോക്കി.

‘കഥയുടെ ബാക്കി കൂടി കേള്‍ക്ക്. നമ്മള്‍ കണ്‍മുന്നില്‍ കാണുന്ന ചില സംഭവങ്ങള്‍ക്ക് കഥയെക്കാള്‍ അവിശ്വസനീയതയുണ്ട് ഈഗര്‍, നിനക്കത് മനസ്സിലാക്കാനുള്ള വകതിരിവില്ലാതായി പോയതെന്തുകൊണ്ട്?'

മറുപടി പറയാതെ ഇഗോര്‍ മക്കായുടെ കഥപറച്ചില്‍ ശ്രദ്ധയോടെ കേട്ടിരുന്നു.

ഏറ്റവും ആകാംക്ഷ അച്ഛന്റെ മുഖത്താണ്.

ജനാലയ്ക്കല്‍ നിന്ന് സൂര്യകാന്തിപ്പാടത്തെ പ്രണയകഥയുടെ വികാരത്തള്ളിച്ചയുള്ള അധ്യായങ്ങള്‍ കേള്‍ക്കാന്‍ അമ്മയും കൗതുകം കാണിച്ചു. കഥയുടെ പരിണാമഗുപ്തി എന്താകുമെന്ന ഉത്ക്കണ്ഠയായിരുന്നു ഉല്യനോവിന്റെ മനസ്സിനെ ചുഴിയിലകപ്പെടുത്തിയത്.

സെര്‍ജിയും കറ്റിയയും തമ്മിലുള്ള പ്രണയത്തെപ്പറ്റി അറിയാത്തവരായി സൂര്യകാന്തിപ്പാടത്ത് ആരുമുണ്ടായിരുന്നില്ല. പ്രഭാതമാകും മുമ്പ് സെര്‍ജി കറ്റിയയുടെ ആ പഴയ വീടിനു പിന്നിലെ തടാകക്കരയില്‍ വരുന്നതു കണ്ടവരുണ്ട്. ഒരിയ്ക്കല്‍ കുതിരപ്പുറത്തും മറ്റൊരിയ്ക്കല്‍ അരയന്നത്തിന്റെ മേലും മൂന്നാമതൊരിയ്ക്കല്‍ ഒരു പുഷ്പരഥത്തിലും സെര്‍ജി വന്നിറങ്ങുന്നതു കണ്ടതായി ചിലര്‍ അവകാശപ്പെട്ടു. കണ്ടവരില്‍ ചിലര്‍ അതെക്കുറിച്ച് അമര്‍ത്തിപ്പിടിച്ചു സംസാരിച്ചു. ചിലര്‍ പുതിയ വ്യാഖ്യാനമുണ്ടാക്കി. ആണുങ്ങള്‍ മുന്‍കൈയെടുത്തു തുടങ്ങുന്ന പ്രണയവും വിവാഹവുമൊക്കെ ഗ്രാമത്തില്‍ പതിവുള്ളതാണ്. പെണ്ണൊരുമ്പെട്ടു നടത്തുന്ന ഇതുപോലൊരു ബന്ധം എവിടെച്ചെന്നു നില്ക്കുമെന്ന സംശയവും ചിലര്‍ ഉന്നയിച്ചു. അതിലധികമെന്നല്ല എല്ലാവരും തന്നെ പുരുഷന്മാരായിരുന്നു.

ചിത്രീകരണം: രാജേഷ് ചിറപ്പാട്

ഗ്രാമപുരോഹിതനായ മാറ്റ്വേയാണ് ആദ്യം ആ സംശയം മറ്റുള്ളവരോടു പറഞ്ഞത്. അയാളെക്കുറിച്ച് അധികമൊന്നും പറയാതിരിക്കുന്നതാണ് നല്ലതെന്നും ആള്‍ ഒരു സ്ത്രീവിദ്വേഷിയാണെന്നും ചിലര്‍ വാദിച്ചു. അതിനെയൊക്കെ മറികടക്കുന്നതായിരുന്നു മാറ്റ്വേയുടെ നിരന്തര പ്രചാരണം. കറ്റിയയെ പിശാചുബാധിച്ചെന്നത് തനിക്കു പൂര്‍ണ്ണബോദ്ധ്യമുള്ള കാര്യമാണെന്ന് അയാള്‍ വാദിച്ചു. ഗ്രാമമാകെ കത്തിയമരാന്‍വരെ സാദ്ധ്യതയുണ്ടെന്നും സ്വതഃസിദ്ധമായ വാക്ചാതുരിയില്‍ മറ്റുള്ളവരെ അയാള്‍ ബോദ്ധ്യപ്പെടുത്തി.

ഏതു വലിയ നുണയെയും യാഥാര്‍ത്ഥ്യമെന്നു തോന്നിപ്പിക്കുന്ന തരത്തില്‍ അവതരിപ്പിക്കാന്‍ പുരോഹിതന്മാരെപ്പോലെ മറ്റാര്‍ക്കും കഴിയില്ല. പ്രത്യേകിച്ച് മാറ്റ്വേയെപ്പോലെ പ്രവാചകസദൃശമായ രൂപമുള്ള ഒരാള്‍ക്ക്.

അത് തന്മയത്വത്തോടെ സാധിക്കുന്നതാണ് പതിവ് രീതി.

കറ്റിയയെ പിശാചുബാധിച്ചതായും അതിന്റെ ദുരന്തം അവളും ഗ്രാമവും അനുഭവിച്ചു തുടങ്ങുമെന്നും മറ്റുള്ളവരും വിശ്വസിക്കാന്‍ തുടങ്ങി. ഗ്രാമസഭ കൂടി അക്കാര്യം വിശദമായി ചര്‍ച്ച ചെയ്തു.

മാറ്റ്വേ രണ്ടു ദിവസം മൗനവ്രതത്തിലേക്കു പ്രവേശിച്ചു. മഞ്ഞുവീണ് തണുപ്പ് ഗ്രാമത്തെയാകെ കിടുകിടുപ്പിച്ചു തുടങ്ങിയതും സൂര്യന്‍ ഉദിക്കാന്‍ മടിച്ച് ആകാശത്തുവന്ന് ഒളിഞ്ഞു നോക്കുന്നതുമൊക്കെ കറ്റിയയുടെ ദുര്‍നടപ്പുകൊണ്ടാണെന്നു പ്രചരിപ്പിക്കാന്‍ മാറ്റ്വേ തന്റെ സന്തതസഹചാരിയായ കോലിയയെ ഏല്പിച്ചു. അയാള്‍ കണ്ണില്‍ ചോരയില്ലാത്തവനാണെന്ന് അറിയാത്തതായി ഗ്രാമീണരില്‍ ആരുമുണ്ടായിരുന്നില്ല.

ഏഴാം ദിവസം ഗ്രാമമുഖ്യന്‍ സഭയുടെ നിലപാടു വ്യക്തമാക്കി. പ്രണയത്തില്‍ അകപ്പെട്ട് ഗ്രാമത്തിന്റെ നിലനില്പുതന്നെ മുള്‍മുനയിലാക്കിയ കറ്റിയയെ നദിയില്‍ മുക്കിക്കൊല്ലാനായിരുന്ന ഗ്രാമമുഖ്യന്റെ ആഹ്വാനം. അതിനെ അതേപടി മാനിക്കാനായിരുന്നു ഗ്രാമീണരുടെ നിശ്ചയം. പിന്നെ ആരെങ്കിലും ഈ നിലപാടിനെ എതിര്‍ക്കുന്നുണ്ടോ എന്ന് മുഖ്യന്‍ ചോദിച്ചു. അയാള്‍ ദേവദാരുവിന്റെ ഒരു ചില്ല ഉയര്‍ത്തി കാട്ടി. പുരോഹിതന്റെ മൗനത്തെക്കുറിച്ചും ഗ്രാമം അനുഭവിക്കാന്‍ പോകുന്ന ദുരന്തത്തെക്കുറിച്ചുമൊക്കെ വിശദീകരിച്ചതോടെ ആര്‍ക്കും സന്ദേഹമില്ലാത്ത അവസ്ഥ വന്നു. ഗ്രാമീണര്‍ കറ്റിയയെ ഓടിച്ചിട്ടു പിടികൂടാന്‍ നിശ്ചയിച്ചു. സെര്‍ജി ദൂരെ നഗരത്തില്‍ സൂര്യകാന്തിപ്പൂക്കളുമായി പോയ ദിവസമായിരുന്നു അത്.

ഗ്രാമവാസികള്‍ പാഞ്ഞുവരുന്നതു കണ്ടപ്പോള്‍ കറ്റിയയ്ക്ക് ആദ്യം കാര്യം മനസ്സിലായില്ല. അതേസമയം പിന്നിലൂടെ ഓടിക്കിതച്ചു് തന്റെ വീട്ടിലേക്ക് കയറി വന്ന ഗ്രാമമുഖ്യന്റെ മകള്‍ നതാലിയയാണ് വരാന്‍ പോകുന്ന വിപത്തിനെപ്പറ്റി മുന്നറിയിപ്പു കൊടുത്തത്. കേട്ടപാതി കേള്‍ക്കാത്ത പാതി കറ്റിയ ഓടി. പക്ഷേ, അധികദൂരമാകും മുമ്പ് നീട്ടിയെറിഞ്ഞ ഒരു കയറിന്റെ തുമ്പില്‍ ഒരു പക്ഷിയെപ്പോലെ കറ്റിയ തൂങ്ങിയാടി.

കറ്റിയയെ ആള്‍ക്കൂട്ടം ആഴമളക്കാനാവാത്ത നദിയിലേക്കു വലിച്ചെറിഞ്ഞു. അവള്‍ തണുത്തു കിടന്ന നദിയില്‍ മുങ്ങുന്നതും പൊങ്ങുന്നതും നോക്കി ഗ്രാമീണര്‍ ആര്‍ത്തുചിരിച്ചു. അവരില്‍ ചിലര്‍ മധുരവിതരണം നടത്തി. മറ്റുചിലര്‍ നാടന്‍ മദ്യം നുകര്‍ന്ന് ഉല്ലാസഭരിതരായി.

ആ കാഴ്ച അധികം നീണ്ടുനിന്നില്ല. കറ്റിയ സെര്‍ജിയയുമായി പ്രണയത്തിലായതും അവര്‍ രഹസ്യസമാഗമം നടത്തിയതുമൊക്കെ പിശാചിന്റെ സാമീപ്യംകൊണ്ടാണെന്ന് മക്കാ വീണ്ടും വിശദമാക്കി. കറ്റിയയുടെ അമ്മയും രണ്ടു സഹോദരിമാരും പിതാവുമൊക്കെ ഗ്രാമമുഖ്യന്റെ തീര്‍പ്പു ശരിയാണെന്നു വിശ്വസിക്കുന്നവരായിരുന്നു. ഗ്രാമത്തിലെ യുവാക്കള്‍ സാകൂതം കറ്റിയയെ നോക്കിനിന്നിട്ടുണ്ട്.

അന്ന് കറ്റിയ നദിയില്‍ മുങ്ങിയെന്നും മരിച്ചെന്നും ബോദ്ധ്യമായതോടെ ജനക്കൂട്ടം പലവഴിക്കു പിരിഞ്ഞു. അവര്‍ വലിയവലിയ തിക്തതകള്‍ സംഭവിക്കുന്നതില്‍നിന്നും, പിശാചില്‍നിന്നും ഗ്രാമത്തെ രക്ഷിച്ചതിന് ഗ്രാമമുഖ്യനെ പുകഴ്ത്തി.

എല്ലാവരും പിരിഞ്ഞുപോയെങ്കിലും ഒരാള്‍ മാത്രം നദിയിലേക്കു നോക്കിനിന്നു. ജനക്കൂട്ടവും ഗ്രാമമുഖ്യനും തിരിച്ചറിയാതെ ഒഴിഞ്ഞുമാറി നിന്ന സെര്‍ജിയയെ ആര്‍ക്കും മനസ്സിലായില്ല. കറ്റിയ അത്രപെട്ടെന്നൊന്നും മരണത്തിനു കീഴടങ്ങില്ലെന്നു വിശ്വസിച്ച സെര്‍ജി ആള്‍ക്കൂട്ടം ഇരുട്ടില്‍ മറഞ്ഞശേഷം നദിയിലൂടെ ആഴത്തിലേക്ക് നീന്തി.

എങ്ങനെയും കറ്റിയയെ രക്ഷിച്ച് സൈബീരിയയിലേക്കു കടക്കാനായിരുന്നു സെര്‍ജിയുടെ പദ്ധതി. അത് മണത്തറിഞ്ഞ ഗ്രാമമുഖ്യനും മൂന്ന് കിങ്കരന്മാരും മാരകായുധങ്ങളുമായി അവിടെ വന്നു. അര്‍ദ്ധരാത്രിയോടെ സെര്‍ജി കറ്റിയയെ രക്ഷിച്ച് കരയിലെത്തി. ഗ്രാമമുഖ്യന്റെയും കൂട്ടാളികളുടെയും അപ്രതീക്ഷിതമായ പ്രഹരത്തില്‍ നിലത്തുവീണ സെര്‍ജിയെ അവര്‍ കയറുചുറ്റി ബന്ധനസ്ഥനാക്കി. കരുതിയിരുന്ന തേന്‍കുടം പൊട്ടിച്ച് അയാളുടെ ശിരസ്സിലേക്ക് ഒഴിച്ചു. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് സെര്‍ജിയ്ക്ക് ആദ്യമൊന്നും മനസ്സിലായില്ല.

ഗ്രാമമുഖ്യനും അനുചരന്മാരും സെര്‍ജിയെ വലിച്ചിഴച്ച് ഒരു വലിയ മരത്തിന്‍ചുവട്ടിലെത്തിച്ചു. ബന്ധിതമായ സ്വന്തം ശരീരത്തെ രക്ഷിക്കാന്‍ നടത്തുന്ന ഏതു ശ്രമവും കൂടുതല്‍ ആപത്തു ക്ഷണിച്ചു വരുത്തുമെന്ന് സെര്‍ജിക്ക് ബോദ്ധ്യമായിരുന്നു. എന്തും വരട്ടെയെന്ന ഭാവത്തില്‍ അവന്‍ കിടന്നു. ഗ്രാമമുഖ്യനും സംഘവും തിരിച്ചുപോയശേഷം സ്വന്തം ജീവിതത്തെ വിധിക്കു വിട്ടുകൊടുക്കുന്നതാണ് രക്ഷപെടാനുള്ള ഉപായമെന്ന് സെര്‍ജി നിശ്ചയിച്ചു. ആരെങ്കിലും അതുവഴി കടന്നുവരുന്നതുവരെ അനങ്ങാതെ കിടക്കുകയെന്നുറപ്പിച്ച് സെര്‍ജി എഴുന്നുനിന്ന ഒരു വേരിനോടു ചേര്‍ന്നു കിടന്നു.

പെട്ടെന്നാണ് ഗ്രാമപ്രമുഖന്‍ തൊട്ടുമുന്നില്‍ തൂങ്ങിനില്ക്കുന്ന ഉറുമ്പിന്‍കൂടിലേക്ക് ഒരു ചൂട്ടുകറ്റ വലിച്ചെറിഞ്ഞത്. തൊട്ടുപിന്നാലെ മറ്റുള്ളവരും ഉറുമ്പില്‍കൂടുകളില്‍ അത് ആവര്‍ത്തിച്ചു. നൊടിയിടകൊണ്ട് കുടുകുടാന്ന് ഉറുമ്പുകളും അവയുടെ മുട്ടയും സെര്‍ജിയുടെ ശരീരത്തേക്ക് വീണു. ഒന്നല്ല, നൂറല്ല, ആയിരമോ പതിനായിരമോ അല്ല. ഉറുമ്പുകള്‍ ശരീരത്തോട് ഇരയോടെന്നപോലെ പെരുമാറാന്‍ തുടങ്ങുന്നത് സെര്‍ജി അറിഞ്ഞു. പിടഞ്ഞു, ഞരങ്ങി, അമര്‍ന്നു.

ആദ്യം ഉറുമ്പുകള്‍ ഇക്കിളിയുണ്ടാക്കി. പരഃശ്ശതം ഉറുമ്പിന്‍ കാലുകള്‍ ശരീരത്തിലൂടെ തലങ്ങും വിലങ്ങും ഓടാന്‍ തുടങ്ങി. സ്വന്തം കൈകാലുകള്‍ ഒന്നുകുടയാന്‍ പോലുമാകാതെ നിലത്തു കിടന്നുരുകുന്ന ഒരു മനുഷ്യശരീരം. പെട്ടെന്ന് പലഭാഗങ്ങളില്‍നിന്നും ഗ്രാമീണര്‍ ഒരുത്സവം കാണാനെന്നപോലെ അവിടേക്കു വന്നു. പ്രത്യേകതരം ശബ്ദമുണ്ടാക്കിയ ഗ്രാമമുഖ്യന്റെ ഒച്ച നിലയ്ക്കും മുമ്പ് അതേ ശബ്ദത്തില്‍ ഒപ്പമുള്ളവരും കൂടി. പിന്നീട് അവിടേക്ക് എത്തിച്ചേര്‍ന്നവരും അതാവര്‍ത്തിക്കാന്‍ തുടങ്ങി.

സെര്‍ജി ഉറുമ്പുകടിയേറ്റ് പരവേശപ്പെട്ടു. മൂര്‍ച്ചയുള്ള കല്ലുകളില്‍ ചെന്നിടിച്ച് നിലവിളിച്ചു. അപ്പോഴൊക്കെ കാഴ്ചക്കാര്‍ കൈകൊട്ടിച്ചിരിക്കുകയും പലതരം ഉത്സാഹസ്വരങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു.

കടുംനിറ വസ്ത്രങ്ങളണിഞ്ഞ ചിലര്‍ കറ്റിയയുടെ നനഞ്ഞ ജഡവുമായി വന്നു. ഒലീവിന്‍ തണ്ടുകള്‍ മെടഞ്ഞുകെട്ടിയ ഒരു എടുപ്പുകെട്ടില്‍ കയറ്റി അവളുടെ ശരീരം നദിയുടെ അക്കരെയുള്ള വഴിയിലേക്ക് അവര്‍ കൊണ്ടുപോയി. ഏതൊക്കെയോ ചില ബാധകള്‍ ഗ്രാമീണരെയും ഗ്രാമത്തെയും ഒഴിഞ്ഞുപോയതിന്റെ നന്ദിസൂചകമായി അവര്‍ കൈകള്‍പൊക്കി ചില ആഹ്ലാദചിഹ്നങ്ങള്‍ വരച്ചു.

ഒടുവില്‍ ഉറുമ്പുകള്‍ കാതിനുള്ളിലേക്കും കൃഷ്ണമണിയിലേക്കുമൊക്കെ ഇഴഞ്ഞുകയറാന്‍ തുടങ്ങിയതോടെ സെര്‍ജിയുടെ അനക്കം ഏതാണ്ട് അവസാനിച്ചു. വന്നവരില്‍ പലരും വെളിച്ചം തെളിച്ച് നോക്കുകയും ചീത്ത പ്രവൃത്തിക്കു ലഭിച്ച തക്കതായ ശിക്ഷയെന്ന് അടക്കത്തില്‍ പറയുകയും ചെയ്തു.

'എന്താ, എന്താ ഞാന്‍ ചെയ്ത കുറ്റം? കറ്റിയയെ ആത്മാര്‍ത്ഥമായി പ്രേമിച്ചതാണോ ഞാന്‍ ചെയ്ത തെറ്റ്? അവളെ ജീവിതത്തിലേക്ക് ക്ഷണിച്ചതും അതിനുശേഷം വീട്ടുകാര്യങ്ങള്‍ ഒരുക്കാന്‍ തുടങ്ങിയതുമാണോ ഞാന്‍ ചെയ്ത അപരാധം?'

- ഇങ്ങനെയൊക്കെ ചോദിക്കണമെന്ന് ആലോചിക്കാനേ സെര്‍ജിക്ക് കഴിഞ്ഞുള്ളൂ. അപ്പോഴേക്കും സ്വന്തം ചുണ്ടുകളിലും നാവിലും ഉറുമ്പുകള്‍ കൂട്ടമായി കടിച്ചുവലിക്കാന്‍ തുടങ്ങിയിരുന്നു. പതുക്കെ കാതിനുള്ളിലേക്കും ഉറുമ്പുകള്‍ ഇഴഞ്ഞ് കയറാന്‍ തുടങ്ങിയതോടെ ഓര്‍മ്മകള്‍ ഒരു കടല്‍ക്കാക്കയെപ്പോലെ പറന്നകന്നു.

'അല്ല, ഇതൊക്കെ നീതിക്കു നിരക്കുന്നതാണോ?' ഇല്ലിച്ച് തെല്ല് പരിഭ്രമത്തോടെ പിതാവിനോട് ചോദിച്ചു.

എന്തിനാണ് തന്റെ പിതാവ് മക്കായെ ഇങ്ങനെ ആദരിക്കുന്നത്? എന്ത് സദ്ഗുണമാണ് അദ്ദേഹം ദൈവത്തിനുണ്ടെന്നു കരുതുന്ന പ്രകാശം തീരെ തീണ്ടിയിട്ടില്ലാത്ത ഈ മനുഷ്യന് കല്പിച്ചു നല്കുന്നത്? മകന്റെ ചോദ്യത്തിന് പിതാവ് ഉത്തരം പറഞ്ഞില്ല.

മക്കാ ഒന്നിളകിയിരുന്നു.

ഒരു ഘട്ടത്തില്‍ അതൊരു കഥ മാത്രമല്ലെന്നും സിംബിര്‍സ്‌ക്കെന്ന പട്ടണത്തില്‍നിന്നും അധികദൂരമില്ലാത്ത ഗ്രാമത്തില്‍ യഥാര്‍ത്ഥത്തില്‍ നടന്ന സംഭവമാണെന്നും മനസ്സിലാക്കിയ അമ്മ മക്കായുടെ വിശദീകരണം കേള്‍ക്കാതിരിക്കാന്‍ ദൂരേക്കു നടന്നു.

മക്കായുടെ കണ്ണുകള്‍ ഇരുട്ടില്‍ തിളങ്ങി. അയാളുടെ മഞ്ഞപ്പല്ലുകള്‍ വെട്ടിയൊതുക്കാത്ത താടിരോമങ്ങള്‍ക്കിടയില്‍ കൂടി കാണാം. ക്രിസ്തുമസ് പോലെയുള്ള വിശേഷദിവസങ്ങളില്‍ പുല്‍ക്കൂട്ടിലും മറ്റും കാണാറുള്ള കുഞ്ഞു മഞ്ഞ ബള്‍ബുകളെ അത് ഓര്‍മ്മപ്പെടുത്തി.

കറ്റിയയെ നദിയിലെറിഞ്ഞവരില്‍ ചിലരാണ് വീണ്ടും അവളെ തിരഞ്ഞു നീന്തിത്തുടിച്ചത്. ഗ്രാമമുഖ്യന്റെ അനുമതി ലഭിക്കാതെ അതൊന്നും സംഭവ്യമല്ലെന്ന് മക്കാ തുറന്നടിച്ചു. അവളെ മാനഭംഗപ്പെടുത്തിയതായി പറച്ചിലുണ്ടെന്നും അതില്‍ സത്യമുണ്ടെന്നും അയാള്‍ പറഞ്ഞു.

-ഇതൊക്കെ നാടകീയമായാണ് മക്കാ അവതരിപ്പിച്ചത്.

അമ്മ പുറത്തേക്ക് ഇറങ്ങിവന്നില്ല. അച്ഛന് ഭക്ഷണം വിളമ്പിനല്കാനോ മകനെ പുതപ്പിച്ചുറക്കാനോ അമ്മ അന്ന് താല്പര്യം കാണിച്ചില്ല. കറ്റിയയ്ക്ക് ശിക്ഷവിധിച്ച ഗ്രാമസഭയും പുരോഹിതനുമൊക്കെ ചില്ലറക്കാരല്ലെന്ന് അമ്മയ്ക്ക് മനസ്സിലായിരുന്നു. പക്ഷേ, ദൈവത്തിന്റെ പ്രതിപുരുഷനെന്ന് സ്വയം വിശേഷിപ്പിക്കാറുള്ള മക്കായെ ചെറുതായെങ്കിലുമൊന്ന് വിമര്‍ശിക്കാന്‍ അമ്മയ്ക്ക് ധൈര്യമുണ്ടായില്ല.

ക്ലാസുമുറിയിലും സ്‌കൂള്‍ മതിലകത്തുമൊക്കെ നിഷ്‌കാമകര്‍മ്മിയായ അച്ഛനും മക്കായെ ചോദ്യം ചെയ്യണമെന്ന് ഒരിയ്ക്കലും തോന്നിയില്ല. വ്‌ലാദിമിര്‍ ഇല്ലിച്ച് ഉല്യനോവിന്റെ മനസ്സില്‍ ചില ചോദ്യങ്ങള്‍ ചിറകുവീശി. അതു മനസ്സിലാക്കിയിട്ടെന്നപോലെയാണ് മക്കായുടെ സംഭാഷണത്തിലേക്ക് ആ വാചകം കടന്നുവന്നത്.

'ഇല്ല; സര്‍ക്കാര്‍ ഇടപെടല്‍ തികച്ചും അസ്ഥാനത്തായിരുന്നു. അതുകൊണ്ട് ഒരു മാറ്റവും സമൂഹത്തില്‍ സംഭവിക്കാന്‍ പോകുന്നില്ല. രണ്ടുപേരെ തിരഞ്ഞുപിടിച്ച് ശിക്ഷിച്ചത് ഗുണമായി ഭവിക്കുമെന്നും തോന്നുന്നില്ല!'

(തുടരും)


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments