ചിത്രീകരണം: രാജേഷ്​ ചിറപ്പാട്​

ദസ്വിദാനിയ ലെനിന്‍
Good bye Lenin

അധ്യായം രണ്ട്​:
പാറപ്പുറത്തുവീണ നായ

ദൈവത്തെ സാത്താന്‍ കയ്യേറ്റം ചെയ്തതിനു തുല്യമായി ഈ നായയുടെ സാഹസത്തെ മറ്റുള്ളവര്‍ വ്യാഖ്യാനിക്കും. ചിലപ്പോള്‍ അന്ന് രാത്രി തന്നെ അലക്‌സിയുടെ കഥ കഴിയ്ക്കും. ആ ദുരന്തം സംഭവിക്കാതിരിക്കണമെന്ന പ്രാര്‍ത്ഥനയോടെ ഇല്ലിച്ച് തലകുനിച്ച് പഠനമുറിയിലേക്ക് നടന്നു.

കഠിനമായ തണുപ്പുള്ള രാത്രി.
കാറിന്റെ പിന്‍സീറ്റില്‍ ലെനിന്‍ പുറത്തേക്കു നോക്കിയിരുന്നു. വിന്‍ഡോ ചെറുതായി മാത്രമേ തുറന്നുവച്ചിട്ടുള്ളൂ. ഇങ്ങനെയുള്ള ദീര്‍ഘവും ഹ്രസ്വവുമായ ഏതു യാത്രയിലും ഓര്‍മ്മകള്‍, തകര്‍ന്ന പുറ്റില്‍നിന്നും ചിതലുകളെന്നപോലെ ഇറങ്ങിവരും. അവ ശരീരത്തിന്റെ ഉള്ളിലും പുറത്തും പലയിടങ്ങളിലേക്ക് ഇഴയാന്‍ തുടങ്ങും. കുട്ടിക്കാലരാത്രികളിലെ ഓര്‍മ്മകളാണ് പല നിറങ്ങളുള്ള ചിറകുവിരിച്ച് പലപ്പോഴും പറന്നിരുന്നത്. ഉള്‍ച്ചില്ലകളില്‍ അവ പലതരം ഇലയനക്കങ്ങള്‍ സൃഷ്ടിച്ചു.

മക്കാ എന്ന പുരോഹിതന്റെ മുഖം!
വെറുപ്പോടെ മാത്രമേ അത് ഓര്‍ക്കാനാവൂ. വീട്ടിലേക്കുള്ള അയാളുടെ സന്ദര്‍ശനം!

ഇന്നും ആ ദിവസങ്ങളിലെ സ്മരണകളില്‍ മക്കാ നടന്നിറങ്ങി വരുന്നു; ഒരു മാറ്റവുമില്ലാതെ...

ഒരു മുഴുത്ത പന്നിയുടെ മുഖവും ചേഷ്ടകളുമായിരുന്നു അയാളുടേത്. സ്വയമറിയാതെ നാവില്‍ വന്നത് പന്ന നായ എന്നാണ്. ഒട്ടും സഹിക്കാനാവാത്തവരെയും വായ്നാറ്റമുള്ളവരെയും സാഷ വിശേഷിപ്പിക്കാറുണ്ടായിരുന്ന പതിവ് വിശേഷണം.

ആദ്യം മനസ്സിലേക്കു വന്നത് വീടിന്റെ വിരുന്നുമുറിയുടെ ജനാലകളാണ്. ഇളംപച്ച നിറമുള്ള മുറിയുടെ ചുമരില്‍ ചാരിയിരിക്കുന്ന അമ്മ. അമ്മ മുടിയുഴിയുമ്പോള്‍ തോന്നുന്ന സുഖത്തില്‍ ഇല്ലിച്ച് പതുക്കെ മയക്കത്തിലേക്കു വീണുപോകും.

കണ്ണുതുറന്നപ്പോള്‍ അച്ഛന്റെ ചുറ്റും പല നിറത്തിലുള്ള സ്വറ്ററുകള്‍ ധരിച്ചവര്‍. ഏതാണ്ട് അച്ഛന്റെ പ്രായമുള്ളവര്‍. അവര്‍ ഓരോ ദിവസത്തെയും റഷ്യന്‍ ജീവിതത്തെക്കുറിച്ചു സംസാരിച്ചു തുടങ്ങും. അതു പല ശാഖകളായി വളര്‍ന്നു പടരും. പല ഓഫീസുകളിലും നടക്കുന്ന അഴിമതിയെക്കുറിച്ചും അനാശാസ്യങ്ങളെക്കുറിച്ചും പറയുക മാത്രമല്ല ചിലര്‍ ചില സന്ദര്‍ഭങ്ങള്‍ അഭിനയിച്ചു കാണിക്കുകയും ചെയ്യും. ഏഴെട്ടുപേരുണ്ടാകുന്ന ആദ്യ സംഘം പിരിയുമ്പോഴേക്കും അടുത്ത സംഘമെത്തും. അവര്‍ക്കൊക്കെ തക്ക സമയത്ത് തിന്നാനും കുടിക്കാനുമൊക്കെ ഒരുക്കി കൊടുക്കേണ്ടത് അമ്മയുടെ ജോലിയായിരുന്നു. എപ്പോഴെങ്കിലും അതിനു വീഴ്ചവന്നാല്‍ അച്ഛന്റെ ഭാവം മാറും. അങ്ങനെയുള്ള രാത്രികളില്‍ അമ്മ കരഞ്ഞാണ് ഉറങ്ങാറുള്ളത്.

മക്കാ ലഹരിയുടെ വിസ്മയത്തില്‍ തുള്ളിച്ചാടും. അയാള്‍ ബൈബിള്‍ വചനങ്ങള്‍ തലങ്ങും വിലങ്ങും ഉദ്ധരിക്കും.

'ന്യായം വെള്ളം പോലെയും നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകട്ടെ!'

'നീ നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെ സ്‌നേഹിപ്പിന്‍!'

'ഞാന്‍ നിനക്കുമുമ്പായി എന്റെ ദൂതനെ അയയ്ക്കുന്നു. അവന്‍ നിന്റെ വഴിയൊരുക്കും. കര്‍ത്താവിന്റെ വഴിയൊരുക്കുവിന്‍, അവന്റെ പാത നിരപ്പാക്കുവിന്‍ എന്നു മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ വാക്കുകള്‍.'

'വിശ്വാസം എന്നതോ ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു....'

- രണ്ടു നിയമങ്ങളില്‍നിന്നും പല വാക്യങ്ങള്‍ വിളിച്ചുപറഞ്ഞ മക്കായുടെ വൈഭവത്തില്‍ അത്ഭുതം കൂറിയിരിക്കുകയാണ് മറ്റുള്ളവര്‍. ഇടയ്ക്ക് അയാളുടെ അടിവസ്ത്രം അഴിഞ്ഞ് വീഴും.

അച്ഛന്‍ അകത്തേക്ക് നോക്കും. ഭാഗ്യം; അമ്മ അടുക്കളയിലേക്ക് പോയിരുന്നു. അല്ലെങ്കില്‍ ആ ഹീനപ്പരിഷയുടെ നഗ്‌നത അമ്മ കാണേണ്ടി വരുമായിരുന്നു.

അത് സംഭവിക്കാതിരുന്നതിന് വ്ലാദിമിര്‍ അമ്മ വിശ്വസിക്കുന്ന ദൈവത്തോടു നന്ദി പറഞ്ഞിട്ടുണ്ട്; ഒന്നല്ല പല രാത്രികളില്‍.

ഉദ്യോഗസ്ഥന്മാരും പതിവു സന്ദര്‍ശകരുമൊക്കെ മക്കായുടെ പ്രേതം ബാധിച്ചതുപോലുള്ള പെരുമാറ്റം കണ്ടു മടുത്ത് സ്ഥലം വിടും. അതിനുശേഷവും അച്ഛന്റെ മുന്നില്‍ മക്കാ നിറഞ്ഞാടാന്‍ തുടങ്ങും.

'എന്തിനുവേണ്ടിയാണ് ഈ വഷളന്‍ പാതിരി എന്നും വീട്ടിലേക്കു വരുന്നത്. എന്തിനാണ് അച്ഛന്‍ മക്കായെ ഇങ്ങനെ ചുമക്കുന്നത്?'

- പലതവണ സ്വയം ചോദിച്ചിട്ടുള്ള ചോദ്യമാണ്. അമ്മയോടും ഇതേചോദ്യം ചോദിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അമ്മ ഒരക്ഷരം ഉരിയാടില്ല. മകന്റെ വായ്മൂടിക്കൊണ്ട് അമ്മ പറയും;

'അച്ഛന്‍ കേള്‍ക്കണ്ട. വെറുതെ കലിപിടിപ്പിക്കണ്ട അദ്ദേഹത്തെ.'

മദ്യവും പന്നിയിറച്ചിയും മക്കാ ആര്‍ത്തിപിടിച്ച് അകത്താക്കും. സാധാരണ അച്ഛന്റെ കൂട്ടുകാരൊന്നും ഇതുപോലെയല്ല. ദൈവത്തിന്റെ പ്രതിപുരുഷനെന്നു സ്വയം പറഞ്ഞുതുടങ്ങാറുള്ള മക്കാ മദ്യം അകത്താകുമ്പോഴേക്കും മറ്റൊരാളായി മാറും. അയാള്‍ ലഹരിയില്‍ മുങ്ങി വീണുറങ്ങിയെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ, ഒരിക്കലും അത് സംഭവിച്ചിട്ടില്ല.

മക്കായെ ഒരു പാഠം പഠിപ്പിക്കണമെന്ന് നിശ്ചയിച്ചു. മാംസം കണ്ടാല്‍ ഇടംവലം നോക്കാതെ കടിച്ചുവലിക്കുന്ന ഒരു നായ എട്ടാമത്തെ വീട്ടിലുണ്ടെന്ന് പറഞ്ഞത് കൂട്ടുകാരന്‍ ലിയോ ആണ്. അവനൊപ്പം പലതവണ ആ നായയെ കാണാന്‍ പോയിട്ടുണ്ട്. അതിന് ഏറെ പ്രിയപ്പെട്ടതെന്ന് ലിയോ പറഞ്ഞ വറുത്ത കാളയിറച്ചിനുറുങ്ങുകള്‍ ഒരു പൊതിയില്‍ അപ്പോഴൊക്കെ കരുതിയിരുന്നു. കമ്പിയഴികള്‍ക്കിടയിലൂടെ ഇറച്ചിക്കഷണങ്ങള്‍ ഇട്ടുകൊടുത്തതോടെ നായ് മണത്തും വാലാട്ടിയും ചില ശബ്ദം പുറപ്പെടുവിച്ചു. അവന്റെ നെറ്റിയില്‍ തൊട്ടത് ചെറിയ ഭയത്തോടെയാണ്. യാതൊരു ദാക്ഷിണ്യവുമില്ലാതെ നായ മനുഷ്യന്റെ പച്ചമാംസം കടിച്ചു തിന്നുന്നതിനെപ്പറ്റി ലിയോ പറഞ്ഞിരുന്നു.

ഒരിക്കല്‍ മോഷണശ്രമം നടത്തിയ ഒരു നാടോടിയെ ആ നായ ഓടിച്ചിട്ടു പിടിച്ചു. കടിച്ച് പഴന്തുണിപ്പരുവത്തിലാക്കി. തൊഴില്‍ശാലയില്‍ നിന്നും മടങ്ങി വന്ന വീട്ടുടമ കണ്ടത് നാടോടിയുടെ ശരീരത്തിന്റെ ഏറ്റവും മാംസളമായ ഭാഗങ്ങള്‍ കടിച്ചുമുറിക്കുന്ന നായയെയാണ്. പല ശരീരഭാഗങ്ങളും നായ അപ്പോഴേക്കും തിന്നു കഴിഞ്ഞിരുന്നു. തുടഭാഗത്തെ മാംസം ഭദ്രമായിട്ടുണ്ട്. ഏറ്റവും രുചികരമായ ഭക്ഷണം ഒടുവില്‍ കഴിക്കുന്നതിനുവേണ്ടി മനുഷ്യര്‍ നീക്കിവയ്ക്കുംപോലെയായിരുന്നു നായയുടെ ചെയ്തിയും.

മറ്റൊരു തണുത്ത വൈകുന്നേരം ഇല്ലിച്ച് എട്ടാമത്തെ വീട്ടിലേക്കു നടന്നു. ലിയോയുടെ വീടിനുമുന്നില്‍ കൂടി പോകുമ്പോള്‍ അവന്‍ കാണാതിരിക്കാന്‍ മുഖം ഒരു കടലാസുകൊണ്ട് മറച്ചുപിടിച്ചു. എങ്ങനെയും ഇറച്ചിക്കഷ്ണം നല്കി അനുനയപ്പെടുത്തി നായയെ പിന്നിലെ വഴിയിലൂടെ സ്വന്തം വീടിന്റെ തൊട്ടരികെയുള്ള കല്ക്കരിപ്പുരയിലെത്തിക്കുകയായിരുന്നു ലക്ഷ്യം.

അലക്‌സി എന്നാണ് ആ നായയുടെ പേര്. ആദ്യത്തെ ചില ദിവസങ്ങളില്‍ യാതൊരിണക്കവും കാണിക്കാതെ അകന്നു മാറിയും ഇടയ്ക്ക് അനിഷ്ടത്തോടെ മുറുമുറുത്തും അവന്‍ നിന്നു. അന്ന് ഇറച്ചിക്കഷ്ണത്തില്‍ രുചികരമായ മസാലകള്‍ പുരട്ടിയിട്ടുണ്ടായിരുന്നു. അവ ഓരോന്നായി എറിഞ്ഞു കൊടുത്തു. ചെറുതായൊന്നു മുരണ്ടെങ്കിലും ഓരോ കഷ്ണവും അകത്താക്കാന്‍ തുടങ്ങിയതോടെ നായ ഇണങ്ങിവരുന്നതിന്റെ വാലാട്ടം തുടങ്ങി. പതുക്കെപ്പതുക്കെ വിരല്‍ഞൊടിക്കൊപ്പം ചില ശബ്ദങ്ങള്‍ പുറപ്പെടുവിച്ച് ഒപ്പം നടക്കാന്‍ തുടങ്ങി. ചില നായകള്‍ക്ക് ചില ഗന്ധം പിടിക്കും. ചില ഗന്ധം ചൊരുക്കുണ്ടാക്കും. ആദ്യകൂട്ടര്‍ പിന്നാലെ അനുസരണയോടെ വാലാട്ടി നടക്കും. ചിലരുടെ ഗന്ധം നായകളുടെ ഘ്രാണത്തിലേക്ക് മുള്ളുപോലെ കൊണ്ടുകയറും. ആ അസഹ്യതയില്‍ കലിപിടിച്ചു കുരച്ചും കുതിച്ചു ചാടിയും നായകള്‍ അവരോട് ക്രോധം പ്രകടിപ്പിക്കും.

അലക്‌സിയുടെ നെറ്റിയില്‍ ചൂണ്ടുവിരലിന്റെ തുമ്പുകൊണ്ട് ഇല്ലിച്ച് അമര്‍ത്തി തടവി. ഇല്ലിച്ച് തന്റെ മണത്തിനൊപ്പം നടക്കുന്ന നായയ്‌ക്കൊപ്പം വീടിന്റെ പിന്‍വഴിയിലെത്തി. ഗേറ്റിനരികെയുള്ള ഇരുട്ടില്‍ നിന്നു. ഇറച്ചിക്കഷ്ണങ്ങള്‍ അവിടെയവിടെയായി വാരിവിതറി. മക്കാ വെളിച്ചമില്ലാതെ ഇതുവഴി വരുന്നതുവരെ നായ അവിടെത്തന്നെ വട്ടം ചുറ്റി നില്ക്കണം. അതിനുള്ള ഇറച്ചിക്കഷ്ണങ്ങള്‍ കരുതുകയും പലയിടങ്ങളില്‍ നിക്ഷേപിച്ചതിന്റെ ബാക്കി മതില്‍ക്കെട്ടിനു മുകളില്‍ ഭദ്രമായി സൂക്ഷിച്ചുവയ്ക്കുകയും ചെയ്തു.

അതിനുശേഷമാണ് സ്‌കൂള്‍ബാഗുമായി വീട്ടിലേക്കു നടന്നത്.

എത്ര രാത്രിയായാലും വീടുവിട്ടുപോകാന്‍ കൂട്ടാക്കാത്ത മക്കായോട് മുഖം കറുപ്പിച്ചിട്ടൊന്നും കാര്യമില്ലെന്ന് അമ്മയ്ക്ക് അറിയാം. ഓരോ തവണയും ഗ്ലാസ് കാലിയാക്കി മക്കാ ഉരുണ്ട കണ്ണുകള്‍കൊണ്ട് തുറിച്ചു നോക്കുമ്പോള്‍ അമ്മ പറയും:

'ഇതു കണ്ട് നിന്റെ അച്ഛനും ഒരു മുഴുക്കുടിയനാകുമോ എന്നാ എന്റെ പേടി!'

മകന്‍ പതുക്കെ നടന്നു ചെന്ന് അമ്മയുടെ നെഞ്ച് ചാരിയിരിക്കും. കണ്ണുകളിലേക്ക് നോക്കും. കണ്ണുകളടയ്ക്കും. ഈണത്തിലും ഈണം തെറ്റിച്ചുമൊക്കെയുള്ള പാട്ടുകള്‍ പാടുന്ന മക്കായെ എന്തുകൊണ്ടാണ് ദൈവം ശിക്ഷിക്കാത്തതെന്ന് പലതവണ തോന്നിയതാണ്. ഒരിക്കല്‍ അത് അമ്മയോട് ചോദിച്ചതുമാണ്.

'ദൈവത്തിന് വേറെ പണിയില്ലേ ഇല്ല്യാ. ഇതുപോലുള്ള അസ്സാന്മാര്‍ഗ്ഗികളെ ദൈവം രണ്ടാമതൊന്ന് നോക്കാന്‍ പോലും സാദ്ധ്യതയില്ല' അമ്മ.

'അയാള്‍ എങ്ങനെ പുരോഹിതനായി?' ഇല്ലിച്ച്

'അതും ദൈവത്തിന്റെ പരീക്ഷണമാകും. ഒരിക്കലും അതിനു പരുവപ്പെട്ടിട്ടില്ലാത്ത ചിലരെ ദൈവം ചില പ്രത്യേക വഴിയിലൂടെ നടത്തിക്കും. ഒടുവില്‍ തക്കശിക്ഷ നല്കുകകയും ചെയ്യും.' അമ്മ വിശദീകരിച്ചു.

കുഞ്ഞു ലെനിന്റെ ചുണ്ടില്‍ വിരിഞ്ഞ ചിരി അമ്മ കണ്ടില്ല. ഒരുപക്ഷേ, മക്കായുടെ, തന്റെ വീട്ടിലേക്കുള്ള അവസാനസന്ദര്‍ശനമാകും ഇന്ന്. ഒന്നോ രണ്ടോ ആഴ്ചത്തേക്ക് അച്ഛന് മക്കായുടെ അസാന്നിദ്ധ്യം അസ്വസ്ഥത നല്‍കിയേക്കാം. പതുക്കെപ്പതുക്കെ അത് അവസാനിക്കും. രണ്ടുപേര്‍ തമ്മില്‍ കുറച്ചുനാള്‍ കാണാതിരുന്നാല്‍ സംഭവിക്കുന്നത് ഇവിടെയും സംഭവിച്ചേക്കാം.

മൂന്നുവര്‍ഷം ഒന്നിച്ച് പഠിച്ച നികിത നാലോ അഞ്ചോ മാസം കൊണ്ടു തന്നെ മറന്ന കാര്യം ഇല്ലിച്ച് ഓര്‍ത്തു. അടുത്തടുത്ത സീറ്റിലിരുന്ന് കൈത്തണ്ടയിലെ അവളുടെ നീലഞരമ്പുകളിലൂടെ പേനകൊണ്ട് ചുവന്ന വര വരച്ചപ്പോഴൊക്കെ കരുതിയത് നികിത എപ്പോഴും അരികെ തന്നെ ഉണ്ടാകുമെന്നാണ്. സംഭവിച്ചതോ? സ്‌കൂള്‍ മാറി പോയ അവള്‍ തന്നെ മറക്കുക തന്നെ ചെയ്തു. അതുപോലെ ഇവിടെയും സംഭവിക്കുമെന്ന് ഉറപ്പിച്ചു.

ഹൊ! ആശ്വാസമായി. അമ്മ നെഞ്ചില്‍ കൈവച്ച് ജനലഴികള്‍ക്കിടയിലൂടെ നോക്കി. അഴിഞ്ഞു വീഴാറായ പാന്റ്‌സ് ഉയര്‍ത്തി, ബെല്‍റ്റിട്ട് മുറുക്കി അവസാന മദ്യത്തുള്ളിയും വായിലേക്ക് കമഴ്ത്തി മക്കാ പുറത്തേക്കു നടന്നു. ഒപ്പം അച്ഛനും. അവര്‍ക്കു പിന്നാലെ മെഴുകുതിരിയുമായി രണ്ടുമൂന്ന് സര്‍ക്കാര്‍ ഗുമസ്തന്മാരും. മക്കായെ പുറംവഴിയിലെത്തിച്ചശേഷം അവര്‍ തിരിച്ചുവന്ന് ചില നാട്ടുവിശേഷങ്ങളുമായി കുറച്ചുസമയം കൂടി ഇരുന്നു. ആ സമയത്ത് അമ്മ കടുംചായയുടെ കെറ്റില്‍ നിറയ്ക്കാന്‍ അകത്തേക്കു നടന്നു.

അമ്മയ്ക്കു പിന്നാലെ നടന്ന ഇല്ലിച്ച് അലക്‌സിയെ നിര്‍ത്തിയിരിക്കുന്ന സ്ഥലം കാണാന്‍ പുറത്തേക്ക് നോക്കി. നല്ല തണുപ്പ് അസ്ഥികളെ കോച്ചിപ്പിടിപ്പിച്ചിട്ടും തിരിച്ചുപോരാതെ സംഭവിക്കാന്‍ സാദ്ധ്യതയുള്ള കാഴ്ച കാണാന്‍ അഭിനിവേശത്തോടെ അവിടേക്കു നോക്കി നിന്നു.

മക്കായ്ക്ക് വെളിവില്ലായിരുന്നു. പാന്‍സ് വീണ്ടും ഉരിഞ്ഞുപോകുന്ന മട്ടിലായിരുന്നു. ഒപ്പം മറ്റുപലരുമുണ്ടെന്ന ഭാവത്തിലാണ് അയാളുടെ വരവ്. കൂടെ അലക്‌സാണ്ടറും പാവേലുമുണ്ടെന്നത് നേരാണ്. അവര്‍ മക്കായെ ഒഴിവാക്കി അച്ഛന്റെ ചര്‍ച്ചാ വേളയിലേക്കുപോകാനുള്ള തിടുക്കത്തിലായിരുന്നു. മക്കാ അത് സമ്മതിക്കാതെ കൈയില്‍ പിടിച്ച് അവരെ ഒപ്പം കൂട്ടാന്‍ ശ്രമിക്കുന്നുണ്ട്.

വൃക്ഷശിഖരത്തില്‍ വന്നിരുന്ന് നിര്‍ത്താതെ ചിലയ്ക്കുന്ന ഉറല്‍പക്ഷി. മേലേക്ക് രൂക്ഷമായി നോക്കി നിന്ന മക്കാ നിലത്തുനിന്നുമൊരു ഉരുളന്‍ കല്ലെടുത്തു. ഉന്നം പിടിച്ചു നില്ക്കുന്നതുകണ്ടാല്‍ ചുറ്റുപാടിനെക്കുറിച്ചൊന്നും വേവലാതിപ്പെടാതെ സ്വന്തം സ്വരത്തില്‍ മാത്രം മുഴുകിയിരിക്കുന്ന ഉറാല്‍ പക്ഷി മക്കായുടെ കല്ലേറില്‍ ചിതറിയൊടുങ്ങുമെന്നു തോന്നും.

'ശ്ശൊ! നാശം പിടിച്ചവന്‍!' ഇല്ലിച്ച് തലയില്‍ കൈവച്ചു.

ഉറാല്‍ പക്ഷി ചിറകടിച്ചു പറന്നകന്നതു കണ്ടപ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസം തോന്നി.

തുടര്‍ന്നു കണ്ട കാഴ്ചയില്‍ ചിരിപൊട്ടി. എങ്ങനെ ചിരിക്കാതിരിക്കും. അനുഗമിച്ചവര്‍ തിരിച്ചുപോയെന്നുറപ്പാക്കിയിട്ടെന്നോണമാണ് മക്കായുടെ മുന്നിലേക്ക് അലക്‌സിയുടെ വരവ്.

ഇല്ലിച്ച് നോക്കി നിന്നു. കാലും കയ്യും വിറച്ചു. ഓടി അമ്മയ്ക്കരികിലേക്കു പോയാലോ എന്ന് ആലോചിച്ചു. മറ്റെന്തെങ്കിലും ചിന്തിക്കുംമുമ്പേ സംഭവിച്ചത് മക്കായും അലക്‌സിയും തമ്മിലുള്ള കെട്ടിമറിയലാണ്.

മക്കായെ തുറിച്ചുനോക്കി നിന്ന അലക്‌സി. അലക്‌സിയെ അതിലും രൂക്ഷമായി നോക്കി നിന്ന മക്ക. തന്നെ ആക്രമിക്കാനുള്ള വരവാണ് നായയുടേതെന്ന് മക്കായ്ക്ക് അപ്പോഴും ബോദ്ധ്യം വരാത്തതു പോലെയായിരുന്നു നില്പ്. പെട്ടെന്നൊരു കുതിപ്പിനുശേഷം അലക്‌സി മക്കായുടെ മുഷിഞ്ഞ ഉടുപ്പിലാണ് ആദ്യം കടിച്ചത്. അര്‍ദ്ധബോധാവസ്ഥയിലായിരുന്ന മക്കാ ഒരുറുമ്പിനെ തോണ്ടിക്കളയുന്നതുപോലെ അലക്‌സിയെ തട്ടിയെറിഞ്ഞു. നല്ല ഉറച്ചതും മൂര്‍ച്ചയുള്ളതുമായ പാറക്കഷ്ണങ്ങളിലാണ് അവന്‍ ചെന്നു വീണത്. നന്നായി നൊന്തുള്ള ഒരു ഞരക്കം പുറത്തുവന്നു. രണ്ടാമതൊരു ശ്രമം നടത്താനുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടതുപോലെ അലക്‌സി മക്കായുടെ മുന്നില്‍നിന്നുമോടി മറയുന്നത് കണ്ടതോടെ ഇല്ലിച്ച് ഇരുട്ടിലേക്ക് നടന്നു.

- ഈ ആസൂത്രണം താനാണ് നടത്തിയതെന്നറിഞ്ഞാല്‍ പ്രശ്‌നമാകും. ദൈവത്തില്‍ ഉറച്ചു വിശ്വസിക്കുന്ന അച്ഛനും അമ്മയും മക്കായ്ക്ക് കാര്യമായ ക്ഷതം സംഭവിച്ചാല്‍ മനം നൊന്തുരുകുന്നവരാകും.

(തുടരും)


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments