അധ്യായം 52
നിശ്ശബ്ദതയുടെ ആഴം
ബെക്തറേവിന്റെ കണ്ണുകൾ ചുവന്നുകലങ്ങി. ഇനി നാളെ രാത്രിയിൽ കാണാമെന്നു പറഞ്ഞു് ഡോക്ടർ ഇരുട്ടുപുതച്ച പാതയിലൂടെ നഗരത്തിലേക്ക് നടന്നു. തണുപ്പ് അസഹ്യമായിരുന്നു. എന്നിട്ടും ക്രിസ്റ്റഫർ വിയർത്തൊഴുകി.
ഡോ. ബെക്തറേവ് നീണ്ട ഇടവേളയ്ക്കുശേഷം സംസാരിച്ചുതുടങ്ങി.
റഷ്യയ്ക്കുമേൽ വട്ടമിട്ടുപറക്കുന്ന ചൂണ്ടൽ പക്ഷികൾക്കുനേരെ വ്ലജിമീർ വിരൽ ചൂണ്ടി. ഒന്നല്ല പലവട്ടം. ചിറകൊതുക്കി താഴേക്കു പറന്നുവരാൻ തക്കം പാർത്തിരിക്കുകയാണ് അവ. അമേരിക്ക, ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളെക്കുറിച്ച് പറയുമ്പോൾ ആ കണ്ണുകളിൽ മമതയുടെ നീരുറവ കാണാനാകുമായിരുന്നില്ല.
അവർക്ക് സഹിക്കില്ല, റഷ്യയിലെ ഈ മാറ്റങ്ങൾ! ഏതു രീതിയിലൂടെയും അവർ നമ്മുടെ വഴികളിൽ വെടിമരുന്ന് നിക്ഷേപിക്കും. അവരുടെ ലക്ഷ്യം റഷ്യ മുച്ചൂടും എരിഞ്ഞു തീരണമെന്നാണ് - ഇങ്ങനെ പറഞ്ഞുകൊണ്ടാണ് ഒരു നാൾ രാത്രിസംഭാഷണം വ്ലജിമീർ അവസാനിപ്പിച്ചത്. കാറിലേക്കു കയറുമ്പോൾ ഇത്രയും കൂടി പറഞ്ഞു:
"ബെക്തറേവ്, നാളെ ഞാൻ വരും. നമുക്കൊരു ബിയർ കുടിക്കണം."
"അത് വേണമെങ്കിൽ ഇന്നുമാവാം’’, എന്റെ മറുപടി കേട്ടതായി വ്ലജിമീർ ഭാവിച്ചില്ല.
ചില ആഗ്രഹങ്ങൾ മാറ്റിവയ്ക്കുന്നതിനുമുണ്ട് അതിന്റേതായൊരു രസം. കാറിലേക്കു കയറുംമുമ്പ് വ്ലജിമീർ വീണ്ടും എന്റെ അടുത്തേക്ക് വന്നു; "ഇന്ന് ഒറ്റയ്ക്കൊരെണ്ണമായിക്കോ, അതുമതി!" ചിരിച്ചുകൊണ്ടാണ് അരണ്ട വെളിച്ചത്തിൽ വ്ലജിമീർ മറഞ്ഞത്.
1918 ആഗസ്റ്റിൽ നാമ്പിട വ്യത്യാസത്തിലാണ് മരണത്തിൽ നിന്ന് വ്ലജിമീർ രക്ഷപെട്ടത്. അതിനുശേഷം ഉള്ളിലെ അഗ്നി ആഗ്രഹിക്കുംവിധം ഊതിക്കത്തിക്കാൻ കഴിയാത്തതിന്റെ ഖേദം ചെറുതായിരുന്നില്ല. സാധാരണ മനുഷ്യർ ചെയ്യാറുള്ളതുപോലെ ഓർമ്മകളെ തിരികെവിളിച്ച്, വീണ്ടുവിചാരപ്പെടുന്ന ശീലം ഇല്ലിച്ചിന് ഉണ്ടായിരുന്നില്ല.
‘ഇന്നിൽ നിന്ന് നാളെയിലേക്കുള്ള ഒരുരുക്കുപാലം നിർമ്മിക്കുന്നതിനായിരുന്നു എപ്പോഴും ശ്രമം. അത് നിറവേറ്റും മുമ്പ് അരങ്ങിൽ നിന്നും അണിയറയിലേക്ക് പിന്മാറേണ്ടിവരുമോ എന്ന തോന്നൽ ഉണ്ടായിരുന്നെന്നുവേണം കരുതാൻ. അതെക്കുറിച്ച് ചില സൂചനകൾ ലെനിൻ നല്കിയിരുന്നു...'
ബെക്തറേവ് വെളിച്ചം കൊണ്ട് ഇരുട്ടിൽ ലെനിന്റെ കഷണ്ടിത്തല വരച്ചു.
"... ക്രിസ്റ്റഫർ, അതിലേക്കൊന്നും തിരിച്ചുപോകാനുള്ള മാനസ്സികാവസ്ഥയിലല്ല ഞാൻ. ഭൂമിജീവിതം അവസാനിച്ച ഒരാളാണ് ഞാനെന്ന് നല്ല ഓർമ്മയുണ്ടല്ലോ നിങ്ങൾക്ക്’’, ഡോ. ബെക്തറേവ് തുകൽസഞ്ചിയിൽനിന്നുമൊരു ഡയറി പുറത്തെടുത്തു.
അരണ്ട വെളിച്ചത്തിൽ ലെനിന്റെ അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു ചിത്രം.
1919 മേയ് 19- ന് മോസ്കോവിൽ വച്ചുള്ളതാണ് ആ ഫോട്ടോ. പൊതുസൈനിക പരിശീലനത്തിലേർപ്പെട്ടിരുന്ന തൊഴിലാളികൾ റെഡ്സ്ക്വയറിൽ നടത്തിയ പരേഡിന്റേതാണ് പശ്ചാത്തലം. ലെനിനൊപ്പം ക്രൂപ്സ്കയയും മരീയ ഉല്യാനവയുമാണുള്ളത്. പതിവുപോലെ ഇരുകൈകളും പോക്കറ്റിൽ തിരുകി റഷ്യയുടെ സംരക്ഷകരെ നോക്കി നില്ക്കുന്ന ലെനിന്റെ മുഖത്ത് ഭൂമിയുടെ ഭൂമദ്ധ്യരേഖയിൽ ചെന്നുതൊടുന്ന ആത്മവിശ്വാസം നിറഞ്ഞുനില്ക്കുന്നുണ്ട്. വരാൻപോകുന്ന വസന്തകാലത്തിന്റെ അധിപനെന്ന ഭാവത്തിലല്ല ആ നില്പ്. ചുറ്റുമുള്ളവരുടെ കാഴ്ചയിലാണ് അതുള്ളത്.
"ഈ ഫോട്ടോ എടുത്ത ദിവസവും ഞങ്ങൾ കണ്ടുമുട്ടിയിരുന്നു ക്രിസ്റ്റഫർ!" നിശ്ശബ്ദതയെ ഉടച്ചു് ഡോ. ബെക്തറേവ് എഴുന്നേറ്റു.
"ഇനി എന്താണെന്നിൽ നിന്നും അറിയേണ്ടത്?"
“റഷ്യ മറച്ചുവച്ചവ, അമേരിക്കയും മറ്റും ചമച്ചുണ്ടാക്കിയവ, അത്ഭുത പ്രവൃത്തികളെക്കുറിച്ചും മായവിദ്യകളെക്കുറിച്ചുമുള്ള കെട്ടുകഥകൾ - അങ്ങനെ യാഥാർത്ഥ്യത്തിൽ നിന്ന് ഏറെ അകലെ നിലയുറപ്പിച്ച പലതും ചരിത്രമായും, വിവരണമായും രേഖകളിൽ ഇടം പിടിക്കുമെന്നുറപ്പാണ്. അതിനെയൊക്കെ അതിജീവിക്കുന്ന ചില സത്യങ്ങൾ എഴുതി വയ്ക്കേണ്ടതുണ്ട്. അതിന് ഏറ്റവും യോജിച്ച സന്ദർഭം ഇതാണ്. ഡോ. ബെക്തറേവിൽ നിന്നും ലഭിക്കുന്ന വിവരങ്ങളാവണം നോവലിന്റെ അവസാന അദ്ധ്യായങ്ങൾ.
മറ്റുപലരും പറഞ്ഞതും എഴുതിയിട്ടുള്ളതുമായ ലെനിനെ നോവലിന്റെ പല അദ്ധ്യായങ്ങളിലായി ചിത്രീകരിച്ചു കഴിഞ്ഞു. സ്വന്തം നിഴലിലേക്ക് നോക്കി അക്ഷമപ്രകടിപ്പിക്കുകയും, സ്വയം സംസാരിക്കുകയും ചെയ്ത ലെനിന്റെ ഏകാന്തതകളിലൂടെയാവണം എന്റെ നോവൽ അവസാനിക്കേണ്ടത്.
ക്രിസ്റ്റഫർ ഡോ. ബെക്തറേവിനെ നോക്കിയിരുന്നു. ഒരു നിഴൽ അരികെനിന്നും പതുങ്ങി അകന്നുപോകാൻ തുടങ്ങിയിരുന്നു.
ഇരുട്ട്; അത്രനാളും കാണാത്ത ഇരുട്ടുപോലെ തോന്നി. എഴുത്തിന്റെ എരിച്ചിലിലൂടെ കയറിയിറങ്ങിയ നേരങ്ങളിൽ ഇരുട്ട് ആശ്വാസവും തണലുമായി മുന്നിൽ പന്തലിച്ചുകിടക്കുന്നതായി തോന്നിയിട്ടുണ്ട്. ഓർമ്മയുടെ ഒന്നാം തുരുത്തുമുതൽ ഓരോന്നായി അതിൽ തെളിഞ്ഞുവന്നിട്ടുണ്ട്. പലരുടെയും മുഖങ്ങൾ, അവരുടെ നീറ്റലുകൾ, ആഹ്ലാദങ്ങൾ - ഇവയെല്ലാം ഒരു നൃത്തനാടകത്തിലെന്നപോലെ കണ്ടിരുന്നിട്ടുമുണ്ട്.
ഇടനാഴിയിൽ ഡോ. ബെക്തറേവിന്റെ അനക്കമൊന്നും കേൾക്കാനുണ്ടായിരുന്നില്ല. ശ്വാസവേഗംപോലും അറിയാനായതുമില്ല. റെഡ്സ്ക്വയർ ഫോട്ടോയിലെ വെളിച്ചത്തുണ്ട് മാഞ്ഞുകഴിഞ്ഞിരുന്നു. യാത്രപറയാതെ ബെക്തറേവ് മടങ്ങില്ലെന്ന് ക്രിസ്റ്റഫറിന് തോന്നി. അത്രയൊന്നും അടുപ്പമില്ലെങ്കിലും ഇത്രനേരം സംസാരിച്ചിരുന്നതുകൊണ്ടും ലെനിന് ഏറ്റവും പ്രിയപ്പെട്ടവരിലൊരാളെന്ന നിലയിലും ബെക്തറേവിൽ നിന്നും അത്രയുമൊക്കെ പ്രതീക്ഷിക്കാമെന്ന് തീർച്ചയായിരുന്നു.
ബിയർകുപ്പിയോ അതുപോലെന്തോ ഒന്ന് നിലത്തുകൂടി ഉരുണ്ടുവരുന്ന ശബ്ദം ക്രിസ്റ്റഫർ കേട്ടു. നാടകശാലയിൽ കഥാപാത്രങ്ങൾക്കുമേൽ വെളിച്ചം തെളിയുന്നതുപോലെ ഡോ. ബെക്തറേവിനുമേൽ ഇളം ചുവപ്പുനിറം തൂവാൻ തുടങ്ങി. ഇടനേരത്തെ തിരോധാനത്തിനുശേഷം കൂടുതൽ ഊർജ്ജസ്വലനായി കാണപ്പെട്ട ബെക്തറേവ് തന്നെ കണ്ടിട്ടും അങ്ങോട്ടൊന്നും ചോദിക്കാത്തതിൽ പരിഭവിച്ചിട്ടാകണം നിശ്ശബ്ദതയുടെ പുതപ്പ് ഒരിയ്ക്കൽക്കൂടി വീശിപ്പുതച്ചു.
"എനിക്കറിയേണ്ടത് ഒന്നുമാത്രമാണ് ഡോക്ടർ. അന്ത്യനാളുകളിൽ എന്തൊക്കെയാണ് ലെനിൻ താങ്കളോട് പറഞ്ഞത്. അല്ലെങ്കിൽ പറയാതിരുന്നിട്ടും ഡോക്ടർ എന്താണ് മനസ്സിലാക്കിയത്. ചരിത്രത്തിലോ, രേഖയിലോ കടന്നു വരാത്ത ചിലത് അന്ന് സംഭവിച്ചിട്ടുണ്ടെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു" ക്രിസ്റ്റഫർ ശബ്ദം താഴ്ത്തി ചോദിച്ചു.
ഡോ. ബെക്തറേവ് ദീർഘമായൊന്ന് നിശ്വസിച്ചു. കയ്യിലുണ്ടായിരുന്ന ടോർച്ച് തിരിച്ചുപിടിച്ച് കത്തിച്ച് ആ വെളിച്ചത്തിലേക്ക് തുകൽസഞ്ചിയിൽ നിന്നുമെടുത്ത ഫോട്ടോ ഓരോന്നായി ഉയർത്തിപ്പിടിച്ചു. പല കാലങ്ങളിൽ, പല പശ്ചാത്തലത്തിൽ, പല ഫോട്ടോഗ്രാഫർമാർ പകർത്തിയ നിശ്ചല ചിത്രങ്ങൾ. അവയ്ക്കു പിന്നിലെ കഥകൾ. ചിത്രത്തിൽ വരാതെ പോയവർ, വരേണ്ടിയിരുന്നവർ - ഇതേക്കുറിച്ചൊക്കെ പലപ്പോഴായി ലെനിൻ പറഞ്ഞത് ഡോ. ബെക്തറേവ് വിശദീകരിച്ചു. ക്രിസ്റ്റഫർ കസേര ജനാലയ്ക്കരികിലേക്ക് കുറച്ചുകൂടി ചേർത്തിട്ട് ആ വാക്കുകൾക്ക് കാതുകൊടുത്തു.
"ഇത്രയും നാൾ കൊണ്ട് റഷ്യയുടെ ഛായ മാറ്റാൻ കഴിയാത്തതിൽ മാത്രമായിരുന്നില്ല വ്ലജിമീറിന് നിരാശ. പലതും പകുതിവഴിയിൽ നിശ്ചലമായിപ്പോകുന്നുണ്ടോ, പ്രഭുക്കന്മാരിൽനിന്നും നേരിട്ട അതേ തിക്തതകളും തിരസ്കാരവും ജനങ്ങൾ തുടർന്നും അനുഭവിക്കുന്നുണ്ടോ - ഇങ്ങനെയുള്ള സന്ദേഹങ്ങൾ പലരാത്രികളിലും ലെനിൻ പറഞ്ഞുകൊണ്ടിരുന്നു. ദൈവത്തിൽനിന്നും മതത്തിൽനിന്നും ഇറങ്ങിനടന്ന മനുഷ്യർ... അവരുടെ മനസ്സിൽ ഉരുണ്ടുകൂടിയ ഉത്ക്കണ്ഠകൾ - അവസാനിക്കാതെ തുടരുകയാണെന്നും വ്ലജിമീർ സംശയിച്ചിരുന്നു.
"...എന്നെ അസ്വസ്ഥനാക്കിയത് ജോസഫ് സ്റ്റാലിന്റെ കരുനീക്കങ്ങളായിരുന്നു. ഒരു വശത്ത് ലെനിന്റെ വിശ്വസ്തപ്രതിനിധിയെന്ന് തോന്നിപ്പിക്കുവാനുള്ള അയാളുടെ ശ്രമം. മറുവശത്ത് ലെനിനെപ്പോലും നിശ്ശബ്ദനും നിസ്സഹായനുമാക്കുന്ന നിലപാടുകൾ. ഇതിൽ പലതും അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു ഭാവിക്കേണ്ടി വന്നു ലെനിന്.
ഒടുവിൽ, മരണമുഹൂർത്തത്തോടടുത്തെത്തിയെന്ന് തോന്നിയതോടെ താനുമായി ആത്മബന്ധമുള്ളവരുടെയും, തനിക്കുവേണ്ടി സംസാരിക്കുന്നവരുടെയും ഭാവിയെക്കുറിച്ചുള്ള ഉത്ക്കണ്ഠയും ലെനിന്റെ ഉറക്കം കെടുത്തിയിരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്."
(തുടരും)