ചിത്രീകരണം : ദേവപ്രകാശ്

ഗെറ്റോ

​അമിതാവ് ഘോഷിന്റെ Gun Island എന്ന നോവലിന്റെ മലയാള പരിഭാഷയിൽനിന്നൊരു ഭാഗം

വെനീസും വാരാണാസിയും തമ്മിൽ വിചിത്രമായ ഒരു അടുപ്പമുണ്ടെന്ന് പലപ്പോഴും പറയാറുണ്ട്: രണ്ട് നഗരങ്ങളും ചരിത്രത്തിലേക്കുള്ള കവാടങ്ങളാണ്, നഷ്ടപ്പെട്ടുപോയ ജീവിതരീതികളിലേക്കാണ് രണ്ടും നിങ്ങളെ കൊണ്ടുപോകുക. ലോകത്ത് മറ്റെവിടെയും തോന്നാത്ത ഒരു കാര്യം: രണ്ട് നഗരങ്ങളിലും നിങ്ങൾ മരണത്തെ പറ്റി ഏറെ ബോധവാന്മാരാകും. നോക്കുന്നിടത്തെല്ലാം നാശത്തിന്റെ പതുക്കെ പതുക്കെ മങ്ങിമായുന്ന സൗന്ദര്യം കാണാം.

ഈ നഗരങ്ങൾ തമ്മിലുള്ള അടുപ്പം ഏറ്റവും കാണാൻ കഴിയുന്നത് വെനീസിലെ ഗെറ്റോവിലാണ്: അതിന്റെ ചുറ്റുമുള്ള മതിലുകൾ, അതിലേക്ക് നയിക്കുന്ന ഇടുങ്ങിയ വാതിലുകൾ, മെലിഞ്ഞ വളഞ്ഞ വീടുകൾ - ഇതെല്ലാം വാരണാസിയുടെ ഞാൻ ഇഷ്ടപ്പെടുന്ന ഭാഗത്തെ ഓർമ്മിപ്പിച്ചു: പഞ്ചഗംഗഘട്ടിന് അടുത്തുള്ള ബിന്ദുമാധവക്ഷേത്രത്തിന് ചുറ്റുമുള്ള സ്ഥലം. അവിടത്തെ ശബ്ദകോലാഹലങ്ങളുടെ നടുവിൽ നിങ്ങൾക്ക് ഏകാന്തതയും ശാന്തതയും കിട്ടുമായിരുന്നു; അവിടെയും ലോകത്തിന്റെ കണ്ണിൽ പെടാതെ, പരമ്പരാഗതമായ ആചാരങ്ങൾ കാത്തുസൂക്ഷിക്കുന്ന ഒരു സമൂഹത്തിന്റെ ഭാഗമാണെന്ന തോന്നൽ ഉണ്ടാവുമായിരുന്നു.

പക്ഷെ പ്രധാനപ്പെട്ട ഒരു വ്യത്യാസമുണ്ട്: വെനീസിലെ ഗെറ്റോ വെള്ളത്താൽ ചുറ്റപ്പെട്ട, ഒരു ദ്വീപിനുള്ളിലെ ദ്വീപാണ്. വില്ല് ആകൃതിയിലുള്ള ഒരു മരപ്പാലം നയിക്കുന്നത് തുരങ്കം പോലുള്ള കവാടത്തിലേക്കാണ്. അത് വിസ്താരമുള്ള ഒരു നടുമുറ്റത്തേക്കാണ് നയിക്കുക. അതിന് ചുറ്റും ഉയരമുള്ള വീടുകളും ഭിത്തിയും. ഈ ചത്വരം താരതമ്യേന വിജനമാണ്: സഞ്ചാരികളുടെ ചെറിയ സംഘങ്ങൾ കാറ്റിൽ പറക്കുന്ന ഇലകളെ പോലെ അവിടേക്ക് വന്ന് പോകാറുണ്ട്. അതൊഴിച്ചാൽ ഒരുപാട് സ്ഥിരം താമസക്കാരുടെ വീടുകളുടെ അന്തരീക്ഷമാണവിടം. ജനാലകൾക്കിടയിൽ കെട്ടിയ അയകളിൽ ഉണങ്ങാനിട്ട തുണികൾ പാറിക്കളിക്കുന്നു. സൈക്കിളുകളിലും സ്‌കേറ്റിങ് ബോർഡുകളിലും നീങ്ങിക്കൊണ്ടിരിക്കുന്ന കുട്ടികളെ ധാരാളമായി കാണാം.

ഒരു മൂലയിലെ ബെഞ്ചിലിരുന്ന്, ആ നടുമുറ്റം മൂന്നര നൂറ്റാണ്ടുകൾക്ക് മുമ്പ് എങ്ങിനെ ആയിരുന്നു - പതിനേഴാം നൂറ്റാണ്ടിൽ ബംഗാളിൽ നിന്ന് വരുന്ന ഒരു സഞ്ചാരി കാണുന്ന കാഴ്ച - എന്ന് ഭാവനയിൽ കാണാൻ ഞാൻ ശ്രമിച്ചു. ചുവപ്പും മഞ്ഞയും തലപ്പാവ് ധരിച്ച - വെനീസിലെ നിയമം അനുസരിച്ച് ഗെറ്റോവിലെ താമസക്കാർ കൃസ്ത്യാനികളല്ലെന്ന് തിരിച്ചറിയാൻ ആ വസ്ത്രവിധാനം നിർബ്ബന്ധമായിരുന്നു - ആളുകൾക്കിടയിൽ നിൽക്കുന്ന തോക്ക് വ്യാപാരിയെ ഞാൻ മനസ്സിൽ സങ്കൽപ്പിച്ചു. വെയിലിന്റെ ഇളം ചൂടിൽ, ഞാൻ പകൽക്കിനാവ് കാണാൻ തുടങ്ങി: പെട്ടെന്ന് നല്ല ഉയരവും വിശാലമായ തോളുകളും ഉള്ള, മഞ്ഞ തലപ്പാവ് ധരിച്ച തോക്ക് വ്യാപാരി എന്തോ കാര്യത്തിനായി ധൃതിയൊന്നുമില്ലാതെ നടന്നുപോവുകയാണ്. കടന്നുപോകുമ്പോൾ എന്നെ അലക്ഷ്യമായി നോക്കിയ അയാളുടെ കണ്ണുകളിൽ ഒരു ഭീതിയോ അങ്കലാപ്പോ ഉണ്ടായിരുന്നില്ല. മാനസാദേവിക്കോ അവരുടെ ആജ്ഞാനുവർത്തികളായ ജീവികൾക്കോ ശക്തികൾക്കോ എത്തിപ്പെടാനാവാത്ത ഇവിടം, അയാൾക്ക് രക്ഷാബോധം തോന്നിയിരുന്നു. അമാനുഷികമായ ഒരു ആക്രമണവും ഇവിടെ ഉണ്ടാകാൻ സാധ്യതയില്ല. മനുഷ്യനിർമ്മിതമല്ലാത്തതായി കുറച്ച് മരങ്ങളും ചെടികളും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. അയാളെ നശിപ്പിക്കാൻ ഒരുമ്പെട്ടവരുടെ കൈകളിൽ നിന്ന് സുരക്ഷിതനാണെന്ന് തോക്ക് വ്യാപാരിക്ക് തീർച്ച ഉണ്ടായിരുന്നു - പക്ഷെ ഇവിടെയും മാനസാദേവി അയാളെ തേടിയെത്തി.

എങ്ങിനെ? ഇത്തരം ഒരു സ്ഥലത്ത് ഏത് തരം കാട്ടുജീവിയാണ് എത്തിപ്പെട്ടത്? ഈ ചോദ്യങ്ങൾ സ്വയം ചോദിക്കവേ, വിചിത്രമായ ഒരു അനുഭവം എനിക്ക് ഉണ്ടായി: ഞാൻ ഏതോ ഒരു വാതിലിലൂടെ, അല്ലെങ്കിൽ നേരിയ ചർമ്മപ്പാളിയിലൂടെ കടന്നുപോകുന്നതായി തോന്നി. ഞാൻ വ്യാപാരിയുടെ കണ്ണുകളിലൂടെയല്ലാതെ, അയാളെ പിന്തുടരുന്ന ദേവിയുടെ കണ്ണുകളിലൂടെ കാര്യങ്ങൾ കാണാൻ തുടങ്ങി. അപ്പോൾ മനസ്സിലാക്കാൻ ആകാത്ത ഒരു പ്രതികാര കഥയേക്കാൾ, ഭീതിയും നിരാശയും കൊണ്ട് വേണ്ടിവന്ന ഒരു മൃദുസമീപനം മാത്രമാണെന്ന് തോന്നിത്തുടങ്ങി.

വ്യാപാരിയെ കുറിച്ച് ഞാൻ കേട്ട ബംഗാളി നാടോടിക്കഥകളിൽ മാനസാദേവിയെ ചിത്രീകരിച്ച രീതി ഒരു "ദേവത'ക്ക് ചേരുന്നതായിരുന്നില്ല എന്ന് ഞാൻ ഓർമ്മിച്ചു. പ്രജകളെല്ലാം വിധേയത്വം കാണിക്കുന്ന, സർവ്വശക്തയായ ഒരു ശക്തി ആയിട്ടാണല്ലോ എല്ലാവരും "ദേവത'യെ കാണുക. എന്നാൽ ആ അർത്ഥത്തിൽ കഥകളിലെ മാനസാദേവി ഒരു ദേവത ആയിരുന്നില്ല. പാമ്പുകൾ അവരുടെ പ്രജ ആയിരുന്നില്ല; പറഞ്ഞത് അനുസരിപ്പിക്കാൻ അവർക്ക് പാമ്പുകളോട് അപേക്ഷിക്കേണ്ടി, അവരുമായി വാദിക്കേണ്ടി, അവരെ നിർബ്ബന്ധിക്കേണ്ടി വന്നു. അവരെ വിശേഷിപ്പിക്കേണ്ടത് ഒരു പക്ഷെ, യഥാർത്ഥത്തിൽ ഒരു മദ്ധ്യസ്ഥ, അല്ലെങ്കിൽ ഒരു പരിഭാഷക, അതുമല്ലെങ്കിൽ ഇറ്റാലിയനിൽ പോർട്ടവോസ് (വക്താവ്); രണ്ട് വ്യത്യസ്ത ഭാഷകൾ മാത്രം അറിയാവുന്ന, അല്ലെങ്കിൽ സംസാരമാധ്യമമേ ഇല്ലാത്ത രണ്ട് വംശങ്ങൾ അഥവാ ചേതനകൾ തമ്മിലുള്ള ശബ്ദവിനിമയ ഇടനിലക്കാരി ആയിരുന്നു, ഫലത്തിൽ അവർ. അവരുടെ സാന്നിധ്യം, ഇടപെടൽ ഇല്ലെങ്കിൽ മൃഗങ്ങളും മനുഷ്യരും തമ്മിൽ വെറുപ്പും ആക്രമണവും അല്ലാതെ വേറെ ഒരു ബന്ധവും ഉണ്ടാവുമായിരുന്നില്ല.

പക്ഷെ ഒരു ഇടനിലക്കാരിക്ക് എപ്പോഴും രണ്ട് ഭാഗത്തിന്റെയും വിശ്വാസം ആവശ്യമാണ്. ഒരു ഭാഗം അവരെ തിരിഞ്ഞുനോക്കുന്നില്ലെങ്കിൽ ഒരു പരിഭാഷകക്ക് അവളുടെ ജോലി എങ്ങിനെ ചെയ്യാനാകും? വ്യാപാരിയും കൂട്ടുകാരായ മനുഷ്യരും അവരുടെ ശബ്ദത്തെ പോലും അംഗീകരിക്കാൻ മടി കാണിച്ചാൽ സ്വന്തം ആൾക്കാർ പോലും അവരെ അനുസരിക്കുമോ? അതുകൊണ്ടാണ് അവർ വ്യാപാരിയുടെ പിന്നാലെ കൂടിയത്: കാരണം വ്യാപാരിയെ പോലെ മറ്റുള്ളവരും ലാഭക്കൊതി കൊണ്ട് തന്നെ ധിക്കരിച്ചാൽ എല്ലാ അദൃശ്യസീമകളും ലംഘിക്കപ്പെടും, മനുഷ്യർക്ക് മറ്റ് ജീവികളോട് ഒരു കാരുണ്യവും ഉണ്ടാവില്ല. അതുകൊണ്ടാണ് വ്യാപാരിയെ എങ്ങിനെയും കണ്ടെത്തേണ്ടത്, അവൻ ഒളിക്കാൻ ശ്രമിക്കുന്ന എല്ലായിടവും ഞങ്ങൾ തകിടം മറിക്കുന്നത്...

ബെഞ്ചിനടുത്തേക്ക് ഉരുണ്ടുവന്ന് എന്റെ ഷൂവിൽ തട്ടി നിന്ന ഒരു പന്താണ് എന്നെ പകൽക്കിനാവിൽനിന്ന് ഉണർത്തിയത്. ആ പന്തിന് പിറകെ ഓടിവന്ന പെൺകുട്ടിക്ക് ആ പന്ത് എറിഞ്ഞുകൊടുത്തപ്പോഴാണ് ഞാൻ ശരിക്കും ഉണർന്നത്. ഒരു കെട്ടുകഥയുടെ ചില ചിതറിയ അംശങ്ങളും, ചില യാദൃശ്ചികസംഭവങ്ങളും കൂട്ടിയിണക്കി ആധാരമൊന്നുമില്ലാത്ത ചില സ്ഥിതിവിശേഷങ്ങൾ ഭാവനയിൽ കണ്ടുകൊണ്ട് ഇങ്ങിനെ ഇരിക്കുന്നത് എന്തിനെന്ന് എനിക്ക് തന്നെ മനസ്സിലായില്ല. കുട്ടികളെ പോലെ ഇത്തരം ഒരു സംഭ്രമകഥ മെനയുന്നത് വെറും അസംബന്ധം മാത്രമല്ലേ; ഇവിടെ ലോകത്തിലെ ഏറ്റവും നേരംകൊല്ലി നഗരങ്ങളിലൊന്നിൽ ഇരുന്ന് പിസ്സയും മദ്യവും കഴിച്ച്, ജെയിംസിന്റെ ആസ്‌പ്പെൻ പേപ്പേഴ്‌സ് വായിക്കുന്നതിന് പകരം ഞാൻ പകൽക്കിനാവും കണ്ട് സമയം കളയുകയാണ്.
എന്റെ ചുമലുകളിൽ നിന്ന് ഇപ്പോൾ ഒരു ഭാരം ഒഴിഞ്ഞത് പോലെ തോന്നുന്നു: ഒരു നീണ്ട ഉറക്കത്തിൽ നിന്ന് എണീറ്റത് പോലെ ഞാൻ എഴുന്നേറ്റ് കാലുകൾ നിവർത്തി. ആ നിമിഷം ഓർമ്മിച്ചുവെക്കേണ്ടതാണെന്ന് തോന്നി ഞാൻ ഫോണിൽ കുറച്ച് ഫോട്ടോകൾ എടുത്തു. ചിത്രങ്ങൾ പങ്ക് വെക്കുന്ന ഒരു സൈബറിടത്ത് അത് സ്ഥലവും തീയതിയും ഉൾപ്പെടെ സൂക്ഷിച്ച് വെക്കണോ എന്ന ചോദ്യത്തിന് ഉത്തരമായി ഞാൻ മടിക്കാതെ വേണം എന്ന് അടിച്ചു.

വായുവിലൂടെ വെള്ളുള്ളിയുടെയും ഒലീവ് എണ്ണയുടെയും നല്ല സുഗന്ധം ഒഴുകി വന്നപ്പോൾ എനിക്ക് വിശപ്പ് തോന്നി. ഉച്ചഭക്ഷണത്തിന്റെ സമയം ഏകദേശം ആയതുകൊണ്ട് ഞാൻ തിന്നാൻ എന്തെങ്കിലും തേടി പുറപ്പെട്ടു.
വെനീസിലെ ഗെറ്റോവിന് രണ്ട് ഭാഗങ്ങളുണ്ട്: ഒന്ന് പുതിയ ഗെറ്റോ എന്ന് അറിയപ്പെടുന്ന ഗെറ്റോ ന്യൂവോയും പഴയ ഗെറ്റോ എന്ന ഗെറ്റോ വേഷിയോവും. ആ നഗരത്തിലെ മറ്റെന്തിനെയും പോലെ രണ്ട് ഭാഗങ്ങളും തമ്മിലുള്ള ബന്ധം വളരെ സങ്കീർണ്ണമാണ്: സത്യത്തിൽ പുതിയ ഗെറ്റോക്ക് പഴയതിനേക്കാൾ പഴക്കമുണ്ട്.
രണ്ട് ഭാഗത്തും ഉയരമുള്ള വീടുകൾ ഉള്ള ഒരു ഇടുങ്ങിയ തെരുവാണ്, പുതിയ ഗെറ്റോവിൽ നിന്ന് പഴയതിലേക്കുള്ള വഴി. അന്ന് ഒരു വീടിന്റെ അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു: അതിന്റെ ചുമരിനോട് ചേർത്ത് പലകത്തട്ടുകൾ കെട്ടിയിട്ടുണ്ടായിരുന്നു. ചുറ്റികകളുടെ ഒച്ച ആ തെരുവിൽ മുഴങ്ങിക്കേട്ടു.
തെരുവിന്റെ പകുതിവീതിയും ആ സ്‌കഫോൾഡിങ് അപഹരിച്ചിരുന്നു, ബാക്കിയുള്ള സ്ഥലത്ത് കൂടെ ആ സമയത്ത് ഒരാൾക്ക് ഞരുങ്ങിയേ പോകാൻ കഴിയുകയുള്ളൂ. ഞാൻ അത് കടന്നുകഴിഞ്ഞില്ല, പെട്ടെന്ന് മുകളിൽ നിന്ന് ഒരു മുന്നറിയിപ്പ് കേൾക്കാറായി: "ഷാബ്ധാൻ! ശ്രദ്ധിച്ച്!'

ആ മുന്നറിയിപ്പ് കേട്ടതും ഞാൻ മരവിച്ച് നിന്നുപോയി. ഒരു നിമിഷത്തിനുള്ളിൽ ഒരു വലിയ കഷ്ണം കല്ലുകെട്ട് എന്റെ മുമ്പിൽ വന്നുവീണു. മുന്നറിയിപ്പ് കേട്ടയുടൻ നിന്നില്ലായിരുന്നു എങ്കിൽ അത് എന്റെ തലയിൽ വീഴുമായിരുന്നു. ഒരു ചുവട് മുമ്പോട്ട് വെച്ചിരുന്നെങ്കിൽ ഞാൻ ഇപ്പോൾ മരിച്ചിട്ടുണ്ടാവുമായിരുന്നു എന്ന ബോധം കൊണ്ട് ഞാൻ വിറച്ചുപോയി.

താഴെ തകർന്ന് വീണ കല്ലുകെട്ടിന്റെ അവശിഷ്ടങ്ങൾ അത്ഭുതത്തോടെ, ഭീതിപരവശനായി നോക്കിനിൽക്കേയാണ് എനിക്ക് ഒരു വെളിവ് ഉണ്ടായത്: എന്നെ രക്ഷിച്ച ആ മുന്നറിയിപ്പ് ബംഗാളിയിൽ ആയിരുന്നു!
അതെങ്ങിനെ? വെനീസിലെ ഒരു ഗെറ്റോവിൽ?

മുകളിൽ സ്‌കഫോൾഡിങ്ങിലേക്ക് നോക്കിയപ്പോൾ ഞാൻ കണ്ടത്, കട്ടിത്തൊപ്പി ധരിച്ച ഇരുണ്ട നിറമുള്ള ഒരു തൊഴിലാളിയുടെ മുഖം ആയിരുന്നു: രണ്ട് നില മുകളിൽ ഒരു പലകത്തട്ടിൽ നിൽക്കുകയായിരുന്നു, അയാൾ. "നിങ്ങളാണോ ഇത് താഴേക്ക് ഇട്ടത്?,' ഞാൻ ബംഗ്ലയിൽ ഒച്ച വെച്ചു.
അയാൾ തല കുലുക്കി; അയാളുടെ കണ്ണുകളിൽ ഭീതി ഉണ്ടായിരുന്നു, അയാൾ ആകെ തകർന്നിരുന്നു.

"നിങ്ങളുടെ മുന്നറിയിപ്പ് എനിക്ക് മനസ്സിലായിരുന്നില്ലെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു?'
"മാഫി കോർബേൺ - മാപ്പ് തരൂ, സർ' അയാൾ വിക്കിവിക്കി പറഞ്ഞു.
അവൻ ചെറിയ ഒരു പയ്യനായിരുന്നു, ചുവന്ന കട്ടിത്തൊപ്പിയുടെ അടിയിലൂടെ കറുത്ത ഉലഞ്ഞ തലമുടി കാണാമായിരുന്നു."നീ എന്നെ കൊല്ലുമായിരുന്നു!' ഞാൻ പറഞ്ഞു."തെറ്റ് പറ്റിയതാണ് സർ - ഞാൻ ഈ ജോലിയിൽ പുതിയതാണ്....'
അതിനിടയിൽ പല തൊഴിലാളികളും സ്‌കഫോൾഡിങ്ങിന്റെ മുകളിൽ നിന്ന് താഴെ ഇറങ്ങിവന്നിരുന്നു. എനിക്ക് ചുറ്റും കൂടി നിന്ന് അവർ ബംഗ്ലാദേശി ചുവയുള്ള ബംഗ്ലയിൽ ഒരേസമയം എന്നോട് മാപ്പ് പറഞ്ഞുകൊണ്ട് എന്നെ ശാന്തനാക്കാൻ ശ്രമിച്ചു, അതേ സമയം ആ പയ്യനെ ശകാരിക്കാനും.

"സർ, നിങ്ങൾ അവനെ പറ്റി ക്വസ്ട്യൂറക്ക് (പൊലീസിന്) പരാതിപ്പെടുകയില്ല. അല്ലേ?' അവരിലൊരാൾ എന്നോട് അപേക്ഷാസ്വരത്തിൽ ചോദിച്ചു.
എന്റെ ഉത്തരം കാത്ത് അവർ നിശ്ശബ്ദരായി നിന്നു. ആപത്കരമായ അസ്തിത്വം വിളിച്ചോതുന്ന അവരുടെ കണ്ണുകൾ ഉത്കണ്ഠാകുലമായിരുന്നു. അധികാരികളോട് ഒരു വാക്ക് പറഞ്ഞാൽ അവരുടെ ജീവിതങ്ങൾ നശിക്കുമെന്ന് എനിക്ക് മനസ്സിലായി."ഇല്ല,' ഞാൻ പറഞ്ഞു, "ഞാൻ പരാതിപ്പെടുന്നില്ല, പക്ഷേ.....'
ആശ്വാസമായ അവരിൽ ഒരാൾ എന്റെ കൈ പിടിച്ചു."എന്താ സർ, നിങ്ങൾ വിറക്കുന്നുണ്ടല്ലോ - എവിടെയെങ്കിലും അൽപ്പനേരം ഇരിക്കണം. ഒരു കപ്പ് ചായയോ കാപ്പിയോ കുടിക്കാം.'
ആ പയ്യനെ അവർ മുന്നിലോട്ട് തള്ളി. ഉയരമുള്ള, മെലിഞ്ഞ അവൻ അൽപ്പം തോളുകൾ കുനിച്ച് നിന്നു."പോ,' അവരിൽ പ്രായം ചെന്ന ഒരാൾ അവനോട് പറഞ്ഞു, "ഇദ്ദേഹത്തെ ലുബ്ന-ഖാലയുടെ അടുത്തേക്ക് കൊണ്ടുപോ. അവർ അദ്ദേഹത്തിന് കാപ്പി കൊടുത്ത് കാര്യങ്ങൾ ശരിയാക്കും.'

പയ്യൻ കണ്ണുകൾ ഉയർത്തി; ഞങ്ങൾ ആദ്യമായി മുഖത്തോടുമുഖം കണ്ടു. അവന്റെ കണ്ണുകൾ വിടർന്നു, പിന്നീടവൻ ദൂരത്തേക്ക് നോക്കി - അപ്പോഴാണ് അവന്റെ താഴോട്ട് വളഞ്ഞ വായും കണ്ണുകളും ശ്രദ്ധിച്ചത്.
ഞാൻ അവന്റെ പേര് വിളിക്കാൻ തുടങ്ങിയപ്പോൾ അവന്റെ കണ്ണുകൾ അത് വിലക്കി.

മറ്റുള്ളവർക്ക് കേൾക്കാൻ ആവാത്ത ദൂരത്ത് എത്തിയപ്പോഴാണ് ഞാൻ അവന്റെ പേര് വിളിച്ചത്, "റാഫി?'
ഏറ്റവും വിരസമായ നാഗരികമായ വസ്ത്രങ്ങൾ ആണ് അവൻ ധരിച്ചിരുന്നത് - ഒരു ടീ ഷർട്ട്, ജീൻസ്, ജാക്കറ്റ്, സ്‌നീക്കറുകൾ - പക്ഷെ എന്തോ ഒന്ന് അവന്റെ മെരുങ്ങാത്ത സ്വഭാവം എടുത്തുകാണിച്ചു."നീ തന്നെയാണോ?'
അവൻ ഒരു ഇളിഞ്ഞ ചിരി ചിരിച്ചു. "അതെ, ഞാൻ തന്നെ,' അവൻ പറഞ്ഞു, "പക്ഷെ അവിടെ നിന്ന് അതൊന്നും പറയാത്തതിൽ എനിക്ക് സന്തോഷമുണ്ട്.'"എന്ത് കൊണ്ട്?'"കാരണം, ഞാൻ ഇന്ത്യയിൽ വെച്ച് നിങ്ങളെ കണ്ടിട്ടുണ്ട് എന്ന് വെളിപ്പെടുത്തേണ്ടിവരുമായിരുന്നു. അപ്പോൾ വേറെയും പലതും പുറത്തുവരും.' "എന്ത്?'"കാരണം നിങ്ങൾക്ക് മനസ്സിലാകും,' അവൻ പറഞ്ഞു, "ഞാൻ ഇന്ത്യയിലാണ് വളർന്നതെന്ന് പലർക്കും അറിയില്ല. ഞാൻ ഒരു ബംഗ്ലാദേശി ആണെന്നാണ് എല്ലാവരുടെയും ധാരണ. അതങ്ങിനെ തന്നെ ആവുന്നതാണ് നല്ലത്.'
ഞങ്ങൾ ഒരു മരപ്പാലം കടക്കുകയായിരുന്നു. അപ്പോൾ എന്റെ കാലുകൾ തളരുന്നതായി എനിക്ക് തോന്നി. വൈകി വന്ന ആഘാതം പോലെ. എന്റെ തൊട്ടുമുമ്പിൽ ആ കല്ലുകെട്ട് വന്ന വീഴുന്ന ശബ്ദം എന്റെ ചെവിയിൽ അലയടിച്ചു. അത് എനിക്ക് എന്തോ ഒരു സന്ദേശം, ഒരു മുന്നറിയിപ്പ് തരുന്നതായിരുന്നോ? - പക്ഷെ ആരാണ് ആ സന്ദേശം തരുന്നത്?
പെട്ടെന്ന് സംസ്‌കൃത മൂലപദമായ ഭൂ എന്ന വാക്കിനെ കുറിച്ച് ടിപ്പുവുമായുള്ള സംഭാഷണം എനിക്ക് ഓർമ്മ വന്നു. ആ മൂലപദത്തിന് ഒരേ സമയം "ഉള്ളത്' എന്നും, "ഉണ്ടാവാൻ പോകുന്നത്' എന്നും മറ്റു പല അർത്ഥതലങ്ങളുമുണ്ടെങ്കിലും ഒരേ ഒരു വാക്കിന് മാത്രമേ ഇന്ന് ഗെറ്റോവിൽ ഞങ്ങൾ ഉണ്ടാകാൻ കാരണമാകാൻ സാധ്യതയുള്ളൂ. റാഫിയും ഞാനും കാല-സമയ-ഉണ്മ എന്ന അവിച്ഛിന്ന പ്രതിഭാസത്തിലെ സംയോഗങ്ങളും വിയോഗങ്ങളുമായ ഭൂതങ്ങൾ ആയിരുന്നു.
കഷ്ടപ്പെട്ട് ശ്വാസം കഴിച്ചുകൊണ്ട് ഞാൻ മരപ്പാലത്തിന്റെ അരികിലെ അഴികളിൽ ചാരിനിന്നു.

"അസുഖമൊന്നുമില്ലല്ലോ?' റാഫി ചോദിച്ചു."ഒരു മിനുട്ട്' ഞാൻ പറഞ്ഞു, "അൽപ്പം ശ്വാസമെടുത്തോട്ടെ. ആകപ്പാടെ എന്തോ തോന്നുന്നു... ആ അപകടം... നിന്നെ ഇവിടെ കണ്ടത്... എല്ലാം വിചിത്രം തന്നെ.'
അവൻ പുരികം ഉയർത്തി. "എന്താ അങ്ങിനെ പറയുന്നത്? എന്നെ ഇവിടെ കണ്ടതിൽ വിചിത്രമായി എന്തുണ്ട്?' "നിനക്ക് അത് വിചിത്രമായി തോന്നുന്നില്ലേ?'"ഞാൻ ഇവിടെ ഉള്ളതോ? ഇല്ല. ഞാൻ ഇവിടെ വന്നിട്ട് കുറച്ച് മാസങ്ങളായി. ഇതിൽ എന്താണ് വിചിത്രം?'
അവന്റെ വാക്കുകളിലെ നിസ്സംഗത്വം കണ്ട്, ആകസ്മികമായ ഈ കൂടിച്ചേരലിന് ഞാൻ എന്തോ അമിതപ്രാധാന്യം കൊടുക്കുന്നുണ്ടോ എന്ന് എനിക്ക് തോന്നി. എന്റെ കണ്ണുകൾ താഴെ കനാലിലേക്കും കോട്ടമതിൽ പോലെയുള്ള ഗെറ്റോവിന്റെ ഭിത്തികളിലേക്കും തിരിഞ്ഞു. പെട്ടെന്ന് എനിക്ക് റാഫി തന്നെ പറഞ്ഞ ആ പ്രയോഗം ഓർമ്മ വന്നു - തോക്ക് വ്യാപാരിയുടെ കോട്ടത്തിലെ ചുമരുകളിൽ കണ്ട ബിംബമായ ദ്വീപിനുള്ളിലെ ദ്വീപ്.

"നിനക്കോർമ്മയുണ്ടോ, റാഫി. നമ്മൾ അന്ന് കണ്ട ദിവസം നീ "ദ്വീപിനുള്ളിലെ ദ്വീപിനെ' പറ്റി പറഞ്ഞത്? ഇവിടെ തന്നെ ആയിരുന്നു ആ ദ്വീപ് എന്നും, ഇവിടെയാണ് ബന്ദൂക്കി ശൗദാഗോർ വന്നത് എന്നും പറഞ്ഞാൽ നിനക്ക് എന്ത് തോന്നും?'
പ്രത്യേകിച്ച് ഒരു വികാരവും ഇല്ലാതെ റാഫി തോളുകൾ കുലുക്കി. അവൻ പറഞ്ഞു, "അതൊരു കഥ മാത്രം. അഥവാ അല്ലെങ്കിൽ തന്നെ എന്നെ അത് ബാധിക്കുന്നില്ല. ഞാൻ പണിയെടുക്കാൻ ഇവിടെ വന്നു. ആ പണി കളയാൻ എനിക്ക് താൽപ്പര്യമില്ല.'
അവൻ അക്ഷമനാകുകയാണെന്ന് എനിക്ക് മനസ്സിലായി. പക്ഷെ എനിക്ക് നടക്കാനുള്ള ധൈര്യം വന്നില്ല."ടിപ്പുവിന്റെ വിവരം എന്തുണ്ട്?' ഞാൻ ചോദിച്ചു.
ഒരു നിമിഷത്തേക്ക് റാഫിയുടെ കണ്ണുകളിൽ തിളക്കം കണ്ടു. പിന്നെ ആ മുഖം കനത്തു."ടിപ്പുവിനെ കുറിച്ച് എന്തിനാണ് എന്നോട് ചോദിക്കുന്നത്?' അൽപ്പം കോപത്തോടെ അവൻ ചോദിച്ചു, ' അവൻ എവിടെ ഉണ്ടെന്ന് ഞാൻ എങ്ങിനെ അറിയാനാണ്?'
ഈ വിഷയം അധികം തുടരേണ്ടെന്ന് അവന്റെ നോട്ടത്തിൽ നിന്ന് എനിക്ക് മനസ്സിലായി."എന്നാൽ നിന്റെ കാര്യം പറ, റാഫി. നീ എന്തിന് ഇങ്ങോട്ട് വന്നു? എങ്ങിനെ വെനീസിലെത്തി?'
അവൻ തലയും കുലുക്കി വേഗത്തിൽ പോകാൻ ഒരുങ്ങി. "അത് പറയാൻ ഇപ്പോൾ സമയമില്ല. അതൊരു നീണ്ട കഥയാണ്.'

പാലം കടന്നുകഴിഞ്ഞപ്പോൾ ഇടുങ്ങിയ ഇടവഴികളിലൂടെ ഞങ്ങൾ നടന്നു. എവിടെയാണെന്ന് എനിക്ക് ഒരൂഹവും ഉണ്ടായിരുന്നില്ല. പക്ഷെ റാഫിക്ക് വഴി നല്ല നിശ്ചയമുണ്ടായിരുന്നു. ഒരു ഇടവഴിയിൽ നിന്ന് മറ്റൊന്നിലേക്ക് പോകുമ്പോഴും അവന്റെ ഒപ്പമെത്താൻ ഞാൻ വിഷമിച്ചു.

"നമ്മൾ എങ്ങോട്ടാണ് പോകുന്നത്?' കിതച്ചുകൊണ്ട് ഞാൻ അവനോട് ചോദിച്ചു."നിങ്ങളെ ലുബ്ന-ഖാലയുടെ അടുത്ത് കൊണ്ടുപോകാനല്ലേ അവർ പറഞ്ഞത്. നമ്മൾ അവരുടെ ഓഫീസിലേക്കാണ്.'"ആരാണീ ലുബ്ന-ഖാല?'
റാഫി ചുമൽ ചെരിച്ച് എന്നെ തിരിഞ്ഞുനോക്കി. "അവർ ഒരു ബംഗ്ലാദേശി സ്ത്രീയാണ്. ഇരുപത് കൊല്ലമായി ഇവിടെയാണ്. അവർ ഇറ്റാലിയൻ സംസാരിക്കും. അവർക്ക് എല്ലാമറിയാം.'"അവരെ എന്താ നിങ്ങൾ ഖാല എന്ന് വിളിക്കുന്നത്? അവർ നിന്റെ ഇളയമ്മ ആണോ?'"അല്ല. അവരെ എല്ലാവരും അങ്ങിനെയാണ് വിളിക്കുന്നത്. അവർ ഞങ്ങളെ പല തരത്തിലും സഹായിക്കുന്നുണ്ട്. നിയമം അനുസരിച്ച് ഞങ്ങളുടെ അവകാശങ്ങൾ തുടങ്ങിയ കാര്യങ്ങൾ. എന്ത് പ്രശ്‌നമുണ്ടായാലും ഞങ്ങൾ അവരുടെ അടുത്തേക്കാണ് പോകുക.'
ചെറിയ ഒരു ട്രാവൽ ഏജൻസിക്ക് മുമ്പിൽ അവൻ നിന്നു. അതിന്റെ ജനാലമേൽ, ധാക്കയിലേക്ക് വില കുറച്ച് ടിക്കറ്റുകൾ എന്ന് ബംഗ്ലയിൽ എഴുതി ഒട്ടിച്ചിട്ടുണ്ടായിരുന്നു. വാതിൽ തുറന്ന് റാഫി എന്നെ ചെറിയ, അലങ്കോലപ്പെട്ട ഒരു മുറിയിലേക്ക് നയിച്ചു. അതിൽ ഒന്നുരണ്ട് കസേരകളും ഡസ്‌കിന്മേൽ ഒരു കമ്പ്യൂട്ടർ മോണിറ്ററും ഉണ്ടായിരുന്നു.

ഞങ്ങളെ കണ്ടപ്പോൾ ഡസ്‌കിന് പിന്നിൽ ഇരുന്ന സ്ത്രീ എഴുന്നേറ്റു. അവർ ഇരുണ്ട നിറമുള്ള മേൽവസ്ത്രവും ഇറക്കമുള്ള പാവാടയും ധരിച്ചിരുന്നു. പൂക്കളുള്ള തൂവാല കെട്ടി തല മറച്ചിരുന്നു. ഏതാണ്ട് നാൽപ്പത് വയസ്സ് കഴിഞ്ഞുകാണും. ഹേസൽ നിറമായിരുന്നു, ഉരുണ്ട നുണക്കുഴിയുള്ള മുഖത്ത് വലിയ തവിട്ട് നിറമുള്ള കണ്ണുകൾ.
അവരുടെ നോട്ടം റാഫിയിൽ നിന്ന് എന്നിലേക്കും വീണ്ടും റാഫിയിലേക്കും തിരിഞ്ഞു. "കീ ഹോയെച്ചെ' അവർ ബംഗ്ലയിൽ ചോദിച്ചു. "എന്ത് പറ്റി?'
അപ്പോഴാണ് റാഫിക്ക് ഞാനല്ല, അവൻ തന്നെയാണ് ഒരു വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് എന്ന ബോധ്യം ഉണ്ടായത് എന്ന് എനിക്ക് തോന്നി. ആ കല്ലുകെട്ട് എന്റെ തലയിൽ വീണിരുന്നെങ്കിൽ ഒരു പാട് പ്രശ്‌നങ്ങൾ ഉണ്ടായേനെ. ആ അപകടം വിവരിക്കുമ്പോൾ അവന് പല തവണ ശ്വാസം മുട്ടി.

ലുബ്ന അവൻ പറയുന്നത് മുഴുവൻ കേട്ട ശേഷം അവനെ ശകാരിച്ചു, "ഇനി വേഗം പണിക്ക് പോ - ഇനി ഇങ്ങിനെ അബദ്ധം ഉണ്ടാകാൻ പാടില്ല, കേട്ടോ? അടുത്ത തവണ ഇങ്ങിനെ ശിക്ഷയൊന്നുമില്ലാതെ രക്ഷപ്പെടില്ല. ബുസ്ല? മനസ്സിലായോ?'
റാഫി തലകുലുക്കി സമ്മതിച്ചു. പിന്നെ തല കുനിച്ച് പുറത്തേക്ക് പോയി.
കുറച്ച് നേരം ഇരിക്കാൻ ലുബ്ന പറഞ്ഞിരുന്നില്ലെങ്കിൽ ഞാനും ഉടനെ പോയേനെ. അവർ ചൂണ്ടിക്കാണിച്ച കസേരയിൽ ഞാനിരുന്നു, അവർ എനിക്കെതിരെ ഡസ്‌കിന്റെ പിന്നിലും."ഈ അപകടത്തെ കുറിച്ച് ഖേദമുണ്ട്,' അവരുടെ ബംഗ്ലക്ക് നല്ല ഈണമുണ്ടായിരുന്നു.
എന്തോ, സാധാരണ അപരിചിതരിൽ ഞാൻ കണ്ടിട്ടില്ലാത്ത ഒരു സൗഹാർദ്ദവും അടുപ്പവും അവരുടെ ശബ്ദത്തിൽ ഉണ്ടായിരുന്നു. അത് കൊണ്ടാവാം എന്റെ മനസ്സിൽ നേരത്തെ തോന്നിയ ഉദ്വേഗം ഒഴിഞ്ഞുപോകുന്നതായി എനിക്ക് തോന്നി. ലുബ്ന മാപ്പ് ചോദിക്കാൻ തുടങ്ങുമ്പോൾ ഞാനാണ് അവരെ ആശ്വസിപ്പിച്ചത്."നിങ്ങളുടെ തെറ്റല്ലല്ലോ. ഒരു തരത്തിലും അല്ല.'"എനിക്കറിയാം', അവർ പറഞ്ഞു, "പക്ഷെ ആ കുട്ടികളുടെ ചുമതല എനിക്കാണ്. അവർക്ക് സഹായത്തിന് വേറെ ആരുമില്ല. അവരിൽ ചിലർ അടുത്ത കാലത്ത് എത്തിയതേ ഉള്ളൂ.'"ബംഗ്ലാദേശിൽ നിന്നോ?'"അതെ.' "നിങ്ങളും അവിടെ നിന്നാണോ?'
അവർ തല കുലുക്കി, "നിങ്ങളോ?' "ഞാൻ ഇന്ത്യയിലാണ് ജനിച്ചത്. പക്ഷെ എന്റെ കുടുംബത്തിന്റെ വേരുകൾ ബംഗ്ലാദേശിലാണ്. വിഭജനസമയത്ത് രാജ്യം വിട്ട ഹിന്ദുക്കളായിരുന്നു, അവർ.'"ബംഗ്ലാദേശിന്റെ ഏത് ഭാഗത്തുനിന്ന്?' "എന്റെ അമ്മയുടെ കുടുംബം ധാക്കയിലും അച്ഛന്റെ ആൾക്കാർ മദാരിപ്പുർ ജില്ലക്കാരുമാണ്.'"മദാരിപ്പുർ!' അവർ ശബ്ദത്തിൽ സന്തോഷം വ്യക്തമായിരുന്നു, "ഞാനും അവിടെ നിന്നാണ്.'
അപ്പോഴാണ് അവരുടെ ശബ്ദത്തിലെ അടുപ്പത്തിന്റെ പൊരുൾ എനിക്ക് മനസ്സിലായത്."നിങ്ങൾക്ക് അറിയുമോ?' ഞാൻ പറഞ്ഞു, "നിങ്ങളുടെ ശബ്ദം എന്റെ അമ്മൂമ്മയുടേത് പോലെയുണ്ട്. അവർ ജീവിതം മുഴുവൻ മദാരിപ്പുർ ഭാഷയാണ് സംസാരിച്ചത് - കുട്ടി ആയിരിക്കുമ്പോൾ ഞാൻ അവരെ അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട്.....'
ഞാനത് പറയുമ്പോഴും ആ നാടൻ ഭാഷയുടെ ഈണം എന്റെ വർത്തമാനത്തിൽ വരുന്നുണ്ടെന്ന് ഞാനറിഞ്ഞു. ഇത്രയും കാലം ആ ശബ്ദങ്ങൾ എന്റെ ഓർമ്മയിൽ സുരക്ഷിതമായി കിടന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി, അമ്പരപ്പെടുത്തി. ഞാൻ എവിടെയാണെന്ന് സ്വയം ഓർമ്മപ്പെടുത്താൻ, ജനാലക്കപ്പുറത്ത് കണ്ട ഇടവഴികൾ കാണാൻ തിരിഞ്ഞുനോക്കേണ്ടിവന്നു. എന്റെ അപ്പൂപ്പനും അമ്മൂമ്മയുമായി മാത്രം സംസാരിച്ചിട്ടുള്ള, ഞാൻ കണ്ടിട്ടില്ലാത്ത ഒരു സ്ഥലത്തെ നാടൻ ഭാഷ അര നൂറ്റാണ്ടിന് ശേഷം വെനീസിൽ വെച്ച് സംസാരിക്കുമെന്ന് എനിക്ക് വിശ്വസിക്കാൻ ആയില്ല."നിങ്ങൾ എപ്പോഴെങ്കിലും മദാരിപ്പുരിൽ പോയിട്ടുണ്ടോ?' ലുബ്ന ചോദിച്ചു."ഇല്ല. പക്ഷെ ഞാൻ കുഞ്ഞായിരിക്കുമ്പോൾ എന്റെ അമ്മൂമ്മ എപ്പോഴും മദാരിപ്പുരിനെ പറ്റി പറയുമായിരുന്നു. അവർ അരിയൽഖൻ നദിക്ക് അടുത്തുള്ള വീട്ടിലാണ് അവർ വളർന്നത്.'
ലുബ്നയുടെ മുഖം തെളിഞ്ഞു: "സത്യമോ? വാസ്തവം?'"അതെ. അവർ എപ്പോഴും മദാരിപ്പുരിനെ പറ്റി പറഞ്ഞുകൊണ്ടിരുന്നു.'
അവർ കുനിഞ്ഞ് ഒരു വലിപ്പ് തുറന്നു."നിങ്ങളെ ഒരു കാര്യം ഞാൻ കാണിച്ചുതരാം.'
കടലാസുകൾക്കിടയിൽ ഒരു മിനുട്ട് നേരം തപ്പിയ ശേഷം അവർ ഒരു കവർ പുറത്തെടുത്ത് അതിൽ നിന്ന് ഒരു പഴയ ഫോട്ടോ എടുത്തു."ദേഖൂൻ - നോക്ക്!' അവർ പറഞ്ഞു. "അതാണ് എന്റെ ഉപ്പയുടെ വീട്. ഞാൻ അവിടെയാണ് വളർന്നത്. ഞങ്ങളുടെ ഗ്രാമം അരിയൽഖൻ നദിയുടെ അടുത്ത് തന്നെ ആയിരുന്നു.'
ഫോട്ടോയുടെ നിറമെല്ലാം മങ്ങി ഒരു വയലറ്റ് നിറമായിരുന്നു: വലിയ ഒരു കുടുംബചിത്രമായിരുന്നു അത്. ഇരുമ്പ് ഷീറ്റിന്റെ മേൽക്കൂരയുള്ള, ഇഷ്ടിക കൊണ്ട് നിർമ്മിച്ച ഒരു ഒറ്റനില വീടിന്റെ മുമ്പിൽ."ഞങ്ങളുടേത് ആയിരുന്നു ആ ഗ്രാമത്തിലെ ആദ്യത്തെ ശരിയായ വീട്' ലുബ്ന പറഞ്ഞു. "ഞങ്ങൾ ഇങ്ങോട്ട് താമസം മാറ്റിയ ഉടനെയാണ് ഈ ഫോട്ടോ എടുത്തത്. എന്റെ ഉപ്പയ്ക്ക് കുറേ ഭൂമിയും ഒരു പീടികയും ഉണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെ സ്‌കൂളിൽ വിട്ട് പഠിപ്പിച്ചു. ഞാനായിരുന്നു, ഏറ്റവും മൂത്തത്-' പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന ഒരു ചെറുപ്പക്കാരിയെ ചൂണ്ടിക്കാട്ടി അവർ പറഞ്ഞു, "എന്റെ കല്യാണനിശ്ചയം കഴിഞ്ഞ ഉടനാണ് ഈ ഫോട്ടോ എടുത്തത്.'
അവർ ഫോട്ടോവിൽ വീണ്ടും തൊട്ട് കാണിച്ചു, "ഇതാണ് എന്റെ ഭർത്താവ് മുനീർ. - അന്ന് അദ്ദേഹം ധാക്കയിലാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ കുടുംബം ഗ്രാമത്തിൽ ഞങ്ങളുടെ അയൽക്കാർ ആയിരുന്നു - അവർ കർഷകർ ആയിരുന്നു, സാധാരണക്കാർ. പക്ഷെ മുനീർ സമർത്ഥനായിരുന്നതിനാൽ ധാക്കയിൽ പഠിക്കാൻ സ്‌കോളർഷിപ്പ് കിട്ടി.'
അവരുടെ വിരൽ ഫോട്ടോവിൽ വേറൊരാളെ തൊട്ടു. "അതാണ് മുനീറിന്റെ ഉപ്പ. അടുത്തുള്ള ആൺകുട്ടികൾ സഹോദരന്മാരും. അവർ അവിടെയാണ് താമസിച്ചിരുന്നത്,' ഫോട്ടോവിൽ പിന്നിലുള്ള ഓലമേഞ്ഞ വീട് അവർ ചൂണ്ടിക്കാണിച്ചു.
സാധാരണ ആളുകൾ അവരുടെ കഴിഞ്ഞ കാലത്തെ പറ്റി പറയുമ്പോൾ ഉണ്ടാവുന്ന സന്തോഷകരമായ ഗൃഹാതുര രീതിയിലാണ് അവർ ഇതുവരെ സംസാരിച്ചത്. പക്ഷെ പെട്ടെന്ന് അതിന്മേൽ ഒരു നിഴൽ വീണു, അവരുടെ ശബ്ദത്തിൽ ഒരു കയ്പ്പ് ധ്വനി."ശോബ് ഗാസെ,' അവർ പറഞ്ഞു, "ഇപ്പോൾ എല്ലാം പോയി; വീട്, ആൾക്കാർ - എല്ലാം വെള്ളം കൊണ്ടുപോയി.'
"എന്താ പറ്റിയത്?'"ഈ ഫോട്ടോ എടുത്ത് മാസങ്ങളേ ആയുള്ളൂ, ഒരു ചുഴലിക്കാറ്റ് വന്നു. പേടിപ്പെടുത്തുന്ന ഒരു തൂഫാൻ (കൊടുങ്കാറ്റ്). കാറ്റിന്റെ ശക്തി കാരണം ഞങ്ങളുടെ വീടിന്റെ മേൽക്കൂര പാറിപ്പോയി. പിന്നെ വെള്ളം ഉയരാൻ തുടങ്ങി. ചുമരിന്റെ പകുതി വരെ എത്തി. ഞങ്ങൾക്ക് ഒരു മരത്തിന്മേൽ കയറേണ്ടി വന്നു. ആങ്ങളമാർ ഞങ്ങളെ ഓരോ മരക്കൊമ്പിലാക്കി. പക്ഷെ ആ മരം മുഴുവൻ പാമ്പുകളാണെന്ന് ഞങ്ങൾക്ക് മനസ്സിലായി; പാമ്പുകളും വെള്ളത്തിൽ നിന്ന് രക്ഷപ്പെടാൻ, ഞങ്ങളെ പോലെ തന്നെ, മരത്തിന്റെ മുകളിലേക്ക് കയറിയിട്ടുണ്ട്. ആങ്ങളമാർ അവയെ ആട്ടിയോടിച്ചെങ്കിലും ഒരാളെ പാമ്പ് കടിച്ചു. അവൻ വെള്ളത്തിൽ വീണു. ഞങ്ങളാരും അവനെ പിന്നീട് കണ്ടിട്ടില്ല. എന്റെ ഒരു പെങ്ങളുടെ മകളെയും പാമ്പ് കടിച്ചു - അവൾ അന്ന് രാത്രി മരിച്ചുപോയി.'
അവർ മുഖം ചുളിച്ചു. "അപ്പോൾ, താഴെ കയറിക്കൊണ്ടിരിക്കുന്ന വെള്ളം, ആഞ്ഞുവീശുന്ന കാറ്റ്, മരത്തിന്റെ മുകളിൽ കൊടുങ്കാറ്റ് കൊണ്ടോ പാമ്പ് കടി കൊണ്ടോ മരിക്കുക എന്നറിയാതെ ഇരിക്കുമ്പോൾ എന്താണ് തോന്നുക എന്ന് നിങ്ങൾക്ക് അറിയാമോ?'
ആ ഫോട്ടോ എന്റെ കൈകളിൽ തന്നെ ആയിരുന്നു; അതിലേക്ക് നോക്കും തോറും ആ രംഗത്തിന്റെ യാഥാർത്ഥ്യം എന്നെ അലട്ടി; താഴെ വെള്ളവും മുകളിലെ ശാഖകളിൽ പാമ്പുകളും. "മുനീറിന്റെ ഉപ്പയാണ് ഞങ്ങളെ രക്ഷിച്ചത്,' ലുബ്ന തുടർന്നു. "ഒരു തോണിയിൽ വന്ന അദ്ദേഹം ഞങ്ങളെ താഴേക്ക് കൊണ്ടുവന്നു. പക്ഷേ, അതിനുശേഷം ആ ഗ്രാമത്തിൽ ജീവിക്കാൻ കഴിഞ്ഞില്ല. ഞങ്ങൾ ഭൂമിയെല്ലാം വിറ്റ് ഖുൽനയിലേക്ക് മാറി. മുനീറും ഞാനും അക്കൊല്ലം തന്നെ വിവാഹിതരായി. ധാക്കയിൽ പഠിച്ച് ബിരുദമെടുക്കാൻ മൂന്ന് കൊല്ലം കളയുന്നതിലും നല്ലത്, വിദേശത്ത് പോകുകയാണെന്ന് മുനീർ തീരുമാനിച്ചു. അന്ന് അത് എളുപ്പമായിരുന്നു എന്നു പറയാം - ആദ്യം റഷ്യയിലേക്ക്, പിന്നെ അവിടെ നിന്ന് ബൾഗേറിയ, യുഗോസ്ലാവിയ വഴി ഇറ്റലിയിലേക്കും. സ്വന്തം രേഖകൾ ശരിയായ ശേഷം അവൻ എന്നെയും ഇങ്ങോട്ടെത്തിച്ചു - ഇരുപത് കൊല്ലം മുമ്പുള്ള സംഭവമാണ്.'"നിങ്ങളുടെ ഭർത്താവ് ഇപ്പോൾ എന്ത് ചെയ്യുന്നു?'
മുഖം എന്നിൽ നിന്ന് അകറ്റി, അവർ ഫോട്ടോ കവറിന് ഉള്ളിൽ തന്നെ വെച്ചു. സ്വരം താഴ്ത്തി, അവർ പറഞ്ഞു, "കഴിഞ്ഞ കൊല്ലം അദ്ദേഹം മരിച്ചുപോയി.'"ഓ!' ഞാൻ പറഞ്ഞു, "ഖേദമുണ്ട്. എന്താ പറ്റിയത് എന്ന് പറയാൻ വിരോധമുണ്ടോ?' "അദ്ദേഹം സിസിലിയിൽ ആയിരുന്നു.... വളരെ പെട്ടെന്നായിരുന്നു. എന്താണ് സംഭവിച്ചത് എന്ന് ഞങ്ങൾക്ക് ഇപ്പോഴും വ്യക്തമല്ല.'
ഞാൻ പറയാൻ ശ്രമിച്ച അനുശോചനം അവർ ശ്രദ്ധിച്ചതേയില്ല."അത് പോകട്ടെ' അവർ പറഞ്ഞു, "മുനീറിന്റെ അനിയൻ ഇപ്പോൾ ഇവിടെയുണ്ട്. അതുകൊണ്ട് എനിക്ക് മുൻപത്തെ അത്ര ഏകാന്തത തോന്നുന്നില്ല. അവനും റാഫിയുടെ കെട്ടിട നിർമ്മാണസംഘത്തിലുണ്ട്. നിങ്ങൾ ഒരുപക്ഷേ കണ്ടിട്ടുണ്ടാകാം.'
എന്റെ മുഖത്തേക്ക് തന്നെ നോക്കി അവർ അടക്കിയ പുഞ്ചിരിയോടെ പറഞ്ഞു, "ആ കുട്ടികൾ ഒരുപാട് അനുഭവിച്ചവരാണ്. നിങ്ങൾക്ക് ഇന്ന് ഒരു മോശം അനുഭവം ഉണ്ടായി. പക്ഷെ ദയവ് ചെയ്ത് അവർക്ക് എതിരായി നീങ്ങരുത്.'"തീർച്ചയായും ഞാനത് ചെയ്യില്ല, ' ഞാൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു, "ഭാഗ്യവശാൽ എനിക്ക് ഒന്നും പറ്റിയില്ല. മാത്രമല്ല, എനിക്ക് നിങ്ങളെ പരിചയപ്പെടാനും ഇടയായി. അത് നല്ലൊരു കാര്യം തന്നെ.'
അവർ പുരികമുയർത്തി "ഓ? അതെന്താ?'"ഞാൻ പറയാം. ഞാൻ വെനീസിൽ വരാൻ കാരണം എന്റെ ഒരു ഇറ്റാലിയൻ സുഹൃത്തിനെ സഹായിക്കാനാണ്. അവർ കുടിയേറ്റക്കാരെ പറ്റി ഒരു വാർത്താചിത്രം ഉണ്ടാക്കുന്നുണ്ട്. ഒരു പക്ഷേ, അവരുടെ അഭിമുഖത്തിന് കുറച്ച് പേരെ കൊടുക്കാൻ നിങ്ങൾക്ക് കഴിയും.'
ലുബ്നയുടെ മുഖത്ത് ഒരു തിരശ്ശീല വീണത് പോലെ തോന്നി. "അതിനെ പറ്റി ആലോചിക്കേണ്ടിവരും,' അവർ ശങ്കയോടെ പറഞ്ഞു, "അത്തരം കാര്യങ്ങൾ ഒരുക്കാൻ അത്ര എളുപ്പമല്ല.'"പ്രധാനമായും ഈ കുട്ടികൾക്ക് സമയം കിട്ടില്ല - അവരെല്ലാം ദിവസം മുഴുവൻ പണിയെടുക്കുന്നവരാണ്. ചിലർ ഒന്നിലധികം ജോലി ചെയ്യുന്നു. ഉറക്കം പോലും കഷ്ടി. അത് കൂടാതെ പലർക്കും ഇൻകോൺട്രോ (അഭിമുഖം) കഴിഞ്ഞിട്ടില്ല - അവരുടെ കുടിയേറ്റക്കാര്യം തീരുമാനിക്കുന്ന കമ്മിറ്റിയുമായുള്ള അഭിമുഖം. സത്യത്തിൽ പത്രപ്രവർത്തകരുമായി സംസാരിച്ച പലർക്കും പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട് - മാദ്ധ്യമങ്ങളോട് പറഞ്ഞ പല കാര്യങ്ങളും അവർക്ക് എതിരായി ഉപയോഗിക്കപ്പെടും. നിങ്ങൾക്ക് മനസ്സിലാവുന്നുണ്ടല്ലോ? മറ്റ് ചില പ്രശ്‌നങ്ങളും ഉണ്ട്. വലത് പക്ഷത്തെ ചില കുഴപ്പക്കാർ ടെലിവിഷൻ കണ്ട് പ്രശ്‌നങ്ങൾ ഉണ്ടാക്കും. ഇപ്പോഴത്തെ സ്ഥിതി നിങ്ങൾക്ക് അറിയാമല്ലോ. ഞങ്ങൾ എല്ലാവരും വളരെ

ശ്രദ്ധയോടെ നീങ്ങണം. മുമ്പ് ഞാൻ എപ്പോഴും മാദ്ധ്യമപ്രവർത്തകരെ സഹായിക്കുമായിരുന്നു. പക്ഷെ ഇപ്പോൾ ഞാനും അൽപ്പം കരുതലോടെയാണ്. എനിക്ക് നന്നായി അറിയുന്നവരെ മാത്രമേ ഞാൻ സഹായിക്കാറുള്ളൂ...'
അവരുടെ ശബ്ദം പതുക്കെ കുറഞ്ഞുവന്നു. അവർ വിരൽത്തുമ്പുകൾ ഉയർത്തി ഡെസ്‌കിലേക്ക് തുറിച്ച് നോക്കിക്കൊണ്ട്, നിശ്ശബ്ദമായ ഒരു ആലോചനയിലായി.
"മറുവശത്ത്,' സ്വയം എന്തോ വാദിക്കുന്ന മട്ടിൽ അവർ പറഞ്ഞു, "ഞങ്ങൾക്ക് ഒന്നും മറച്ചുവെക്കാനില്ല. പക്ഷെ ആളുകൾ ഞങ്ങളുടെ ജീവിതത്തെപറ്റി അറിയുന്നത് നന്നായിരിക്കും. ഒരുപക്ഷേ, മറ്റേത് മനുഷ്യജീവിയെയും പോലെ ആവശ്യങ്ങളും ആഗ്രഹങ്ങളും ഞങ്ങൾക്കും ഉണ്ടെന്ന് കാണാൻ അവർ പഠിക്കും.'
ഒരു തീരുമാനത്തിൽ എത്തിയത് പോലെ അവർ ചുണ്ടുകൾ വളച്ച് പുഞ്ചിരിച്ചു. "ടീക് അച്ഛേ' (ശരി) അവർ പറഞ്ഞു. "ശരി. ഞാൻ കുറച്ച് ആളുകളോട് അവർ അഭിമുഖത്തിന് തയ്യാറാണോ എന്ന് ചോദിക്കാം. വേണമെങ്കിൽ നിങ്ങൾക്ക് തന്നെ ചോദിക്കാം. ഒരു പക്ഷേ റാഫിയിൽ നിന്ന് തന്നെ തുടങ്ങാം. അല്ലെങ്കിലും ഇന്നത്തെ സംഭവം പ്രശ്‌നമാക്കാത്തതിന് അവൻ നിങ്ങളോട് കടപ്പെട്ടിട്ടുണ്ടല്ലോ.'
അവർ ഒരു കഷ്ണം കടലാസിൽ ഒരു നമ്പർ എഴുതി എനിക്ക് തന്നു, "റാഫിയുടെ ഡ്യൂട്ടി നാല് മണിക്ക് കഴിയും. അത് കഴിഞ്ഞ് അവനെ വിളിക്കാം. പക്ഷെ ശ്രദ്ധിക്കണം.'"തീർച്ചയായും,' ഞാൻ പറഞ്ഞു, "വിഷമിക്കേണ്ട. നിങ്ങളെ പോലെ തന്നെ അവർക്ക് കുഴപ്പമൊന്നും വരരുത് എന്ന് എനിക്കുമുണ്ട്.'"ശരി. വേറെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നോട് പറയാം.' "നന്ദി,' പോകാനായി എഴുനേൽക്കവേ ഞാൻ ധൃതിയിൽ പറഞ്ഞു, "നിങ്ങളുമായി സംസാരിച്ചതിൽ എനിക്ക് വളരെ സന്തോഷമുണ്ട് - ഞാൻ കുട്ടി ആയിരുന്ന കാലത്തിന് ശേഷം ഇപ്പോഴാണ് മദാരിപ്പുർ ഭാഷ കേൾക്കുന്നത്.'
അവർ പുഞ്ചിരിച്ചു, "എങ്കിൽ നിങ്ങൾ വെനീസിലെ താമസം ആസ്വദിക്കും - മദാരിപ്പൂർകാർ ഒരുപാടുണ്ട് ഇവിടെ.' "സത്യം?'
എന്റെ കൈമുട്ടിന് തട്ടിക്കൊണ്ട് അവർ പറഞ്ഞു, "ഞാൻ നിങ്ങൾക്ക് ഒരു സാധനം കാണിച്ചുതരാം.'
ഇടവഴിയുടെ അങ്ങേ അറ്റം, അത് സഞ്ചാരികളെയും വഴിവാണിഭക്കാരെയും കൊണ്ട് തിരക്കേറിയ റിയോ ടെറാ സാൻ ലീനാർഡോവിൽ ചെന്ന് ചേരുന്നത് വരെ ഞങ്ങൾ പോയി."അങ്ങോട്ട് നോക്ക് - അവിടെ - അവിടെ - അവിടെയും' ആദ്യം ഒരു കഫെയിലെ വെയ്റ്ററെയും, പിന്നെ ഒരു അണ്ടി വില്പനക്കാരനെയും, അത് കഴിഞ്ഞ് ഒരു ഐസ് ക്രീം വില്പനക്കാരനെയും ചൂണ്ടിക്കാട്ടി അവർ പറഞ്ഞു, "അവരെല്ലാം ബംഗാളികളാണ്, പലരും മദാരിപ്പൂരിൽ നിന്നും.'

ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ പരിചിതമായ പല വാക്കുകളും ശബ്ദങ്ങളും എനിക്ക് കേൾക്കാമായിരുന്നു. ഞാൻ ആ തെരുവിലൂടെ നടന്ന് അപരിചിതരായ പലരോടും ബംഗാളിയിൽ സംസാരിച്ചു. വെനീസിൽ ഇങ്ങിനെ ചെയ്യാൻ ആകുമെന്ന് ഞാൻ കരുതിയേ ഇല്ല. ലോകത്ത് ഒരു പാട് പേര് ബംഗ്ല സംസാരിക്കുന്നുണ്ടെങ്കിലും - ജർമ്മനും ഇറ്റാലിയനും സംസാരിക്കുന്നതിന്റെ ഇരട്ടിയിൽ അധികം - എന്റെ മാതൃഭാഷയെ ഒരു "വിശ്വഭാഷ'യായി ഞാൻ അന്നുവരെ കണക്കാക്കിയിരുന്നില്ല. വിദൂരസ്ഥലങ്ങളിൽ വെച്ച് ബംഗ്ലാ സംസാരിക്കുന്നവരുമായി ഇടപെടുന്നത് എന്നെ സന്തോഷിപ്പിച്ചിരുന്നു; പക്ഷെ അത്തരം സന്ദർഭങ്ങൾ വിരളമായിരുന്നു. പൊതുവെ പറഞ്ഞാൽ നമുക്ക് പരിചയമുള്ള ആൾക്കാരുമായി സംസാരിക്കാനുള്ള ഒരു ഭാഷയായാണ് ബംഗ്ലയെ കരുതിയിരുന്നത്. ഇതിനെകുറിച്ച് ഞാൻ സംസാരിച്ച പലരും അതേ അഭിപ്രായക്കാർ ആയിരുന്നെന്ന് ഞാൻ മനസ്സിലാക്കി. അവർ ആദ്യം വിശ്വസിച്ചില്ല, വിനോദസഞ്ചാരിയെപോലെ തോന്നിക്കുന്ന ഒരാൾ ബംഗ്ലാ സംസാരിക്കുന്നുവെന്നോ? പതുക്കെ അവരുടെ മുഖങ്ങൾ പ്രകാശിച്ചു; പിന്നെ മറക്കാനാവാത്ത ആ ചോദ്യം: "ദേശ് കോയി ? നാട് എവിടെയാണ്?'
ബംഗ്ല എനിക്ക് സമ്മാനിച്ച എല്ലാ സമ്മാനങ്ങളിലും ഏറ്റവും അപ്രതീക്ഷിതമായത് ഇതായിരുന്നു: ഏറ്റവും പ്രതീക്ഷിതമായ ഒരു സ്ഥലത്ത് - ബെനാഡിക്ക്, ബന്ദൂക്, വെനീസ് - വെച്ച് എനിക്ക് സ്വയം ഒരു സാംഗത്യം കണ്ടെത്താനായത്. ▮

(മലയാള പരിഭാഷ കെ.ടി. രാധാകൃഷ്ണൻ, പ്രസാധകർ ഏക, വെസ്റ്റ്‌ലാന്റ് പബ്ലിക്കേഷൻസ് ലിമിറ്റഡ്.)


അമിതാവ് ഘോഷ്

ഇംഗ്ലീഷിൽ എഴുതുന്ന പ്രമുഖ ഇന്ത്യൻ- ബംഗാളി എഴുത്തുകാരൻ. സീ ഓഫ്​ പോപ്പീസ്​, റിവർ ഓഫ്​ സ്​മോക്​, ഫ്ലഡ്​ ഓഫ്​ ഫയർ, ദി ഷാഡോ ലൈൻസ്, ദി ഗ്ലാസ്സ് പാലസ്സ്, ദി ഹംഗ്രി ടൈഡ് തുടങ്ങിയവ പ്രധാന കൃതികൾ. 2018ൽ ജ്​ഞാനപീഠം പുരസ്​കാരം ലഭിച്ചു. ആദ്യമായാണ്​ ഒരു ഇന്തോ-ആംഗ്ലിയൻ എഴുത്തുകാരന്​ ഈ പുരസ്​കാരം ലഭിക്കുന്നത്​

Comments