അധ്യായം നാല്:
അമ്മയുടെ ഭയം
ബോറിസിനോട് തര്‍ക്കിക്കാന്‍ നില്ക്കാതെ അച്ഛന്‍ നിശ്ശബ്ദനായി ഒലീവ് മരത്തിന്റെ ചുവട്ടിലേക്ക് നടക്കുന്നതാണ് പതിവു കാഴ്ച.
തണുപ്പ് കോച്ചിപ്പിടിക്കാന്‍ തുടങ്ങിയ മറ്റൊരു രാത്രി. നികിതയെയും ഡെനിസിനെയും മൂന്നു വര്‍ഷം വീതം തടവിനു ശിക്ഷിച്ചു. ഇതറിഞ്ഞ് പൃഷ്ഠവും തലയും തുരുതുരെ ചൊറിഞ്ഞുകൊണ്ടാണ് മക്കാ പടവുകള്‍ കയറിവന്നത്. പതിവുപോലെ അന്നും അച്ഛന്‍ അയല്‍ഗ്രാമത്തില്‍നിന്നും ഗോതമ്പ് വാറ്റിയുണ്ടാക്കിയ മുന്തിയതരം മദ്യം കരുതിവച്ചിരുന്നു. ചുട്ട ഇറച്ചി തൈരില്‍ മുക്കിയതും പച്ചമുളകും നേരത്തെ തന്നെ ഒരു പ്ലേറ്റില്‍ യഥാസ്ഥാനത്തുവച്ചശേഷം അച്ഛന്‍ മക്കായെ പ്രതീക്ഷിച്ച് മുറ്റത്ത് നില്ക്കുന്നതുകണ്ടപ്പോള്‍ ഇല്ലിച്ചിന് കലി അടക്കാനായില്ല. പരുത്തി വസ്ത്രത്തിലൂടെ ഇഴഞ്ഞുവന്ന ഒരു പാറ്റയെ നിലത്തേക്കു തട്ടിയിട്ട് ചവിട്ടിയരയ്ക്കാന്‍ തുടങ്ങിയതാണ്. അമ്മയുടെ വാക്കുകള്‍ കൃത്യസമയത്തു മനസ്സില്‍ വന്നതുകൊണ്ടാകണം കാല്‍ പിന്‍വലിക്കാന്‍ തലച്ചോറ് ആജ്ഞകൊടുത്തു. പാറ്റ ജീവനും കൊണ്ട് ഒരു ചെറുവിടവിലേക്ക് പാഞ്ഞുകയറി രക്ഷപെട്ടു.
അച്ഛനും മക്കായും സായാഹ്ന കൂട്ടായ്മക്കാരും എന്തുകൊണ്ടാണ് ഒരു ദിവസം പോലും മുടങ്ങാതെ ഇങ്ങനെ കണ്ടുമുട്ടുന്നതെന്ന് ഇല്ലിച്ച് ആലോചിച്ചിട്ടുണ്ട്. മൈതാനത്ത് കളിക്കാനെത്തുന്ന കൂട്ടുകാരില്‍ പലരും പല ദിവസങ്ങളിലും പല കാരണങ്ങളാല്‍ കളി മുടക്കാറുണ്ട്. നേരെ തിരിച്ചാണ് തന്റെ വീട്ടിലെ അവസ്ഥ.
മക്കായ്‌ക്കൊപ്പം വന്നുചേരാറുള്ള പല തൊഴില്‍ ചെയ്തു ജീവിക്കുന്നവരൊക്കെ പ്രത്യേകിച്ചൊരു നേട്ടവുമില്ലാതെയാണ് ഇവിടേയ്‌ക്കെത്താറുള്ളത്. അവരില്‍ ചിലര്‍ പലതരം മദ്യവും ഭക്ഷണവുമൊക്കെ കരുതാറുമുണ്ട്. അതെല്ലാം മക്കായ്ക്കു വേണ്ടിയുള്ളതാണ്. പല മൃഗങ്ങളുടെയും പക്ഷികളുടെയും ഇറച്ചി ഇവിടെവച്ചാണ് ആദ്യം കണ്ടിട്ടുള്ളത്. മക്കായുടെ മുഖം കണ്ടുകഴിഞ്ഞാല്‍ അച്ഛനെന്നല്ല ആരു നിര്‍ബന്ധിച്ചാലും അതിന്റെയൊന്നും രുചി നോക്കാന്‍പോലും തോന്നിയിട്ടില്ല. ചില ഇറച്ചിയുടെ മണം അസഹ്യമാണെന്നു പറഞ്ഞ് അമ്മ മൂക്ക് പൊത്തുന്നതും കണ്ടിട്ടുണ്ട്.
ഒരിയ്ക്കല്‍ വിശിഷ്ടമായ ചില മത്സ്യവിഭവങ്ങള്‍ വിളമ്പിക്കൊണ്ടിരിക്കുമ്പോള്‍ അച്ഛന്‍ വിളിച്ചു. ഒരു ചെറിയ പാത്രത്തില്‍ കുറേ വറുത്ത ചെറുമത്സ്യക്കഷ്ണങ്ങള്‍ പകര്‍ന്നു. മറ്റൊരു വലിയ പാത്രത്തില്‍ ഒരു വലിയ മീന്‍കഷ്ണവും. ഈ രണ്ടു മത്സ്യവും ജീവിതത്തില്‍ ഒരിയ്ക്കലെങ്കിലും കഴിക്കേണ്ടതാണെന്നു പറഞ്ഞാണ് അച്ഛന്‍ അത് മകന് കൊടുത്തത്. പാത്രങ്ങള്‍ രണ്ടും വാങ്ങി മക്കായുടെ കണ്ണില്‍ നിന്നുമൊഴിഞ്ഞു മാറി ഇല്ലിച്ച് നടന്നകന്നു.
അച്ഛന്‍ അങ്ങനെയാണ്. രുചികരമായതെന്നു തോന്നുന്ന ഏതു ഭക്ഷണവും മക്കള്‍ക്കും ഭാര്യയ്ക്കും കരുതി മാറ്റിവച്ചശേഷമേ കഴിക്കാറുള്ളൂ.
രണ്ടുപേരെ അധികൃതര്‍ അന്വേഷണവിധേയമായി പിടികൂടിയതിനെതിരെ മക്കാ ആക്രോശിക്കാന്‍ തുടങ്ങി.
'നോക്കൂ ഇല്യാ, ഇന്തെന്തു നീതി? ഇതെന്തു നിയമം? ആ അവിവേകിയായ പെണ്ണിനെ നദിയില്‍ മുക്കി കൊന്നതില്‍ എന്താണ് തെറ്റ്? അവളുടെ ശവശരീരത്തെ അനുരാഗത്തോടെ ആരെങ്കിലും തൊട്ടുതലോടിയെങ്കില്‍ എന്താണ് തെറ്റ്? ആ വകതിരിവുകെട്ട നായയെ ഉറുമ്പിനു തീറ്റയാക്കാന്‍ ഇട്ടുകൊടുത്തെങ്കില്‍ അത് ദൈവഹിതമാണെന്നും അതിനെ തിരസ്‌കരിക്കാന്‍ ദൈവഭയമുള്ള ഒരുത്തനും കഴിയില്ലെന്നും ഇവറ്റയ്ക്ക് തിരിച്ചറിവുണ്ടാകാത്തതെന്താ?'
ഇതൊക്കെ കേള്‍ക്കുന്ന രാത്രിയില്‍ അമ്മ കരയുന്നത് പതിവാണ്. രോഗികളായി മുന്നിലെത്തുന്നവരുടെ വേദനകണ്ട് സ്വയം കരയാറുണ്ടായിരുന്ന ഒരു ഡോക്ടറുടെ മകളായിരുന്നു അമ്മ. അമ്മയും മാതാപിതാക്കളും ദൈവത്തിലും ഉടയോന്റെ അത്ഭുതപ്രവൃത്തികളിലും വിശ്വസിച്ചിരുന്നവരാണ്. പക്ഷേ, മക്കായുടെ ദൈവവുമായുള്ള അടുത്തിടപഴകലിനോട് അമ്മയ്ക്ക് യോജിക്കാനായില്ല. ദൈവത്തിന്റെ കരങ്ങള്‍ ഒരു നാള്‍ അയാളെ വേണ്ടവണ്ണം പ്രഹരിക്കുമെന്നു തന്നെ അമ്മ വിശ്വസിച്ചു.
നികിതയും ഡെന്നിസുമാണ് കറ്റിയയെ മരണാനന്തരം കണ്ണില്‍ ചോരയില്ലാത്തവിധം ഭോഗിച്ചത്. അതിനോട് നീതിപീഠം കര്‍ശനനിലപാടു സ്വീകരിച്ചു. പുരോഹിതന്മാരും അധികാരികളുമൊക്കെ തെറ്റായ വിവരങ്ങള്‍ നല്കി കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിച്ചുനോക്കിയതാണ്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ സാല്‍വ നിരവധി ദിവസങ്ങളില്‍ പ്രച്ഛന്നവേഷധാരിയായി ആ നദിക്കരയിലും സൂര്യകാന്തിപ്പാടത്തും സഞ്ചരിച്ചു. കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചു.
'ആരാണീ സാല്‍വ?' മക്കാ നാക്ക് വികൃതമായ രീതിയില്‍ പുറത്തേക്ക് വലിച്ചിട്ട് കണ്ണുതള്ളിച്ച് ആരെയൊക്കെയോ വെല്ലുവിളിച്ചു.
ഒന്നോ ഒന്‍പതോ തൊണ്ണൂറോ പേരടങ്ങുന്നവരല്ല കറ്റിയയെ നദിയിലേക്ക് ചാടിച്ചത്. നീളമുള്ള മരക്കഷ്ണങ്ങള്‍കൊണ്ട് അവളുടെ തല ലക്ഷ്യമാക്കി എറിഞ്ഞവരുടെ എണ്ണവും തിട്ടപ്പെടുത്താനാവുന്നതല്ല. ഒടുവില്‍ ചുവന്ന നിറമുള്ള അവളുടെ വസ്ത്രം നിശ്ചലമായ നദീമുഖത്ത് ഉയര്‍ന്നു വന്നപ്പോള്‍ ആര്‍പ്പുവിളിച്ചവരുടെ എണ്ണവും വിരലിലെണ്ണാനായില്ല.
സെര്‍ജിയെ തിരിച്ചറിഞ്ഞനിമിഷം മുതല്‍ ഉറുമ്പിന്‍കൂനയായി നിലത്തു കിടന്നുരുണ്ട സമയംവരെയുള്ള നേരത്ത് ആ ദുരന്തത്തിനു കാരണമായവര്‍ കുറഞ്ഞത് അഞ്ഞൂറോളം പേരെങ്കിലും വരും. അവരുടെ ഓരോരുത്തരുടെയും ഉന്മത്തമായ പ്രകടനങ്ങള്‍ കണ്ടുനിന്നവരുടെ എണ്ണം അതിന്റെ പത്തോ പന്ത്രണ്ടോ ഇരട്ടിയും. ഇവരൊക്കെ പല വിധത്തില്‍ ഈ പ്രണയദുരന്താന്ത്യത്തിന് സാക്ഷികള്‍ മാത്രമല്ല, അവര്‍ ഒളിഞ്ഞും തെളിഞ്ഞും പല രീതിയില്‍ ആ പങ്കിലകൃത്യത്തില്‍ പങ്കാളികളുമാണ്.
സാല്‍വ പല വഴികളിലൂടെ അന്വേഷണം തുടര്‍ന്നു. അതിന്റെ പലഘട്ടത്തില്‍ മക്കാ അതില്‍ ഇടപെടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. തന്റെ പൗരോഹിത്യദുര്‍മ്മേദസ്സ് പല വിധത്തില്‍ ദുരുപയോഗം ചെയ്യാന്‍ വഴി തേടി. അതില്‍ ഇടയ്ക്ക് വിജയിക്കുമെന്നു വിശ്വസിച്ചത് തുറന്നു പറഞ്ഞ മക്കാ മറ്റുള്ളവരെ നോക്കി ഉച്ചത്തില്‍ ചിരിച്ചു.
ഗ്രാമീണരുടെ ദൈവഭയം നന്നായി മുതലെടുക്കുന്നതായിരുന്നു പുരോഹിതനായ ഗലീനയുടെ തന്ത്രം. തണുപ്പോ ചൂടോ അധികമായാല്‍, വളര്‍ത്തുമൃഗങ്ങളിലൊന്ന് ചത്തു പോയാല്‍, ഒരു സ്ത്രീയുടെ ആര്‍ത്തവക്രമം തെറ്റിയാല്‍ - ഗ്രാമത്തെ പിശാചു വിഴുങ്ങാന്‍ പോകുന്നെന്ന് സേവകന്മാര്‍ വഴി പ്രചരിപ്പിക്കുന്നതും ഗലീനയുടെ വിരുതായിരുന്നു. ഗലീനയെ കണ്ടുവരുന്ന ദിവസം മക്കാ കൂടുതല്‍ ഹീനചിന്തകളുടെ കൂടാരമാകുന്നതാണ് പതിവ്. ദൈവത്തിന്റെ കാവല്‍വാതിലുകളെക്കുറിച്ച് ഇല്ലിച്ചിന്റെ മനസ്സില്‍ ഓരോരോ സന്ദേഹങ്ങള്‍ ഉടലെടുത്തു തുടങ്ങി.
സാല്‍വയാണ് അന്വേഷണത്തിനു നേതൃത്വം നല്കുന്നതെന്നറിഞ്ഞ നിമിഷം മുതല്‍ പുരോഹിതനൊപ്പം മക്കാ നടത്തിയ ഗൂഢശ്രമങ്ങളെക്കുറിച്ചും ഒരു രാത്രി വിശദീകരണമുണ്ടായി. പല ഉന്നതരെയും കണ്ട് മറ്റു ചില തല്പരകക്ഷികളായ പോലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള ശ്രമവും നടത്തി. എന്തുകൊണ്ടോ അതൊന്നും സാധ്യമായില്ല.
പല ദിവസങ്ങളിലും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സാല്‍വ കറ്റിയയുടെയും സെര്‍ജിയുടെയും അപമൃത്യുവിനെപ്പറ്റിയുള്ള അന്വേഷണം തുടര്‍ന്നു. ഒടുവില്‍ നൂറുകണക്കിനു പേജുള്ള കുറ്റപത്രം തയ്യാറാക്കി സാല്‍വ അധികാരികള്‍ക്ക് സമര്‍പ്പിച്ചു.
അധികം വൈകാതെ സൂര്യകാന്തിപ്പാടത്തിനുമപ്പുറമുള്ള മറ്റൊരു ഗ്രാമത്തിലേക്ക് സാല്‍വ രക്ഷപെട്ടു. ജീവിതം അപായത്തിലാകുമെന്ന് മനസ്സിലാക്കിയ രാത്രിയിലായിരുന്നു ആ പലായനം. പിന്നൊരിയ്ക്കലും സാല്‍വ എത്തിച്ചേര്‍ന്ന ഗ്രാമം വിട്ടു പുറത്തു വന്നില്ല.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗലീനയും മക്കായും അനുചരവൃന്ദവും ദീര്‍ഘമായൊരു മൗനത്തില്‍ അമര്‍ന്നു. ഗ്രാമത്തിലെ രണ്ടു ദുര്‍മരണങ്ങള്‍ക്കു കാരണമായവരെ വേണ്ടവിധം ശിക്ഷിക്കുമോ? ഈ ആധിയാണ് അവരുടെ ഉറക്കം കെടുത്തിയത്!
ഗ്രാമത്തിന്റെ മദ്ധ്യേയുള്ള കറുത്ത ബോര്‍ഡില്‍ വെളുത്ത കടലാസില്‍ നീല മഷിയില്‍ ഇങ്ങനെ കുറിച്ചിട്ടു:
'സെര്‍ജിയുടെയും കറ്റിയയുടെയും മരണത്തിനു കാരണമായ നികിതയെയും ഡെന്നിസിനെയും മൂന്നു വര്‍ഷം വീതം തടവിനു ശിക്ഷിച്ചിരിക്കുന്നു!'
ഇതു കണ്ടവരില്‍ പലരും നൊടിയിടകൊണ്ട് അവിടെനിന്നും അപ്രത്യക്ഷരായി. അവരില്‍ പലരും പുരോഹിതന്റെ ഓരം ചേര്‍ന്ന് നിന്ന് കറ്റിയയെ കല്ലെറിഞ്ഞവരാണ്. സെര്‍ജിയെ ഉറുമ്പിന്‍ കൂട്ടിലേക്ക് ബന്ധനസ്ഥനാക്കി വലിച്ചെറിഞ്ഞവരും ആ യുവാവിന്റെ ശരീരത്ത് തേന്‍ പുരട്ടിയവരുമാണ്.
'ആ പുരോഹിതനാരാണ്?' ഇടയ്ക്കു കയറി അച്ഛന്റെ സന്തതസഹചാരിയായ ബോറിസ് ചോദിച്ചു.
മക്കാ ഇതുകേട്ട് ചുറ്റും നോക്കി. കുന്തിരിക്കത്തിന്റെ പുക ഉള്ളിലേക്ക് വലിച്ചെടുത്ത് ഇറച്ചിക്കഷ്ണം കടിച്ചുവലിച്ചുകൊണ്ട് ഓരോരുത്തരുടെയും കണ്ണുകളിലേക്ക് സംശയാലുവായി അയാള്‍ നോക്കി. ബോറിസ് ഒന്നു പകച്ചു. എത്ര മദ്യപിച്ചാലും മക്കാ ചില സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ ജാഗ്രതയുള്ളവനാകും. രഹസ്യങ്ങളോ തനിക്ക് ഭാവിയിലെപ്പോഴെങ്കിലും അപകടമെന്നു തോന്നുന്നതോ ആയ യാതൊന്നും അയാള്‍ വിട്ടു പറയില്ല.

'സൈബീരിയയില്‍ നിന്നും വന്ന ഡിമ. എന്റെ ആത്മ മിത്രം. ദൈവത്തിന്റെ കരസ്പര്‍ശം നിറുകയില്‍ ആവോളം ലഭിച്ചവന്‍. എന്റെ ഓരോ തീരുമാനത്തിനുമുമ്പും ഞങ്ങള്‍ പരസ്പരം ചര്‍ച്ചചെയ്യാറുമുണ്ട്.'
ഒട്ടും സംശയിക്കേണ്ട സദസ്സല്ല ഇല്യാ നികൊളെയെവിച്ചിന്റെ വീട്ടില്‍ തനിക്കു മുന്നില്‍ ഇരിക്കുന്നതെന്നുറപ്പുള്ളതിനാല്‍ മക്കാ ആത്മവിശ്വാസത്തോടെ വിശദീകരിച്ചു.
'ആ ഗ്രാമത്തിലെ പുരോഹിതന്‍ മാറ്റ്വേ അല്ലേ?'
ഇല്യാ ചോദിച്ചു.
ഒരിയ്ക്കല്‍ ആ ഗ്രാമത്തിലെ സ്‌കൂളില്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍ മാറ്റ്വേയെ പരിചയപ്പെട്ടതും ഒന്നിച്ച് ഉച്ചഭക്ഷണം കഴിച്ചതും അച്ഛന്‍ ഓര്‍ത്തെടുത്തു.
'അതെ; മാറ്റ്വേയാണ് ഔദ്യോഗികമായി പൗരോഹിത്യം നിര്‍വ്വഹിക്കുന്നത്. ഡിമയാണ് ഭാവിയില്‍ ആ മഹനീയ സ്ഥാനം ഏറ്റെടുക്കുക. അപ്പോഴേയ്ക്കുള്ള പരിശീലനമാണ് ഇപ്പോള്‍ സഭയ്ക്ക് ഡിമ നല്കി വരുന്നത്.'
മക്കാ വിശദീകരിച്ചു.
'ഒരു പുരുഷനും സ്ത്രീയും; അതും പ്രായപൂര്‍ത്തിയായവര്‍ പ്രണയിക്കുന്നതും വിവാഹിതരാകാന്‍ നിശ്ചയിക്കുന്നതും അത്രവലിയ തെറ്റാണോ?'
ബോറിസ് വിട്ടുകൊടുത്തില്ല.
അല്ലെങ്കിലും മദ്യം തലയ്ക്കു പിടിച്ചു കഴിഞ്ഞാല്‍ ബോറിസ് പുരോഹിതനെന്നോ ഗ്രാമമുഖ്യനെന്നോ വേര്‍തിരിവില്ലാതെ സംസാരിക്കും. എന്നു മാത്രമല്ല മക്കായുടെ അസാന്നിദ്ധ്യത്തില്‍ തനിക്ക് ഈ അസ്സന്മാര്‍ഗ്ഗികളായ പുരോഹിതന്മാരെയും അവരെ നാലുചുറ്റും നിന്ന് സംരക്ഷിക്കുന്ന പൗരോഹിത്യത്തെയും നഖശിഖാന്തമെതിര്‍ക്കാനും ബോറിസ് മടിക്കാറില്ല.
അച്ഛനെക്കാള്‍ നല്ല ഇളപ്പമുണ്ട് ബോറിസിന്. അമ്മയുടെ ചികിത്സാലയത്തില്‍ പലപ്പോഴും സഹായിയായി നില്ക്കുന്നതും അയാളാണ്. രോഗികളില്ലാത്ത നേരത്ത് പുതിയ പുതിയ ശാസ്ത്രലേഖനങ്ങള്‍ വായിച്ച് തുടരെത്തുടരെ സംശയങ്ങള്‍ അമ്മയോട് ചോദിക്കുന്നതും ബോറിസിന്റെ ശീലമായിരുന്നു.
മക്കാ എണീറ്റ് ബോറിസിന് നേരെ നടന്നു. ചുണ്ടില്‍ നിന്നെടുത്ത പൈപ്പിനുള്ളിലേക്ക് കറുത്ത നിറമുള്ള ഒരുനുള്ള് പൊടി മക്കാ തിരുകിക്കയറ്റി. ഓരോ പുക അകത്തേയ്‌ക്കെടുക്കുമ്പോഴും കൂടുതല്‍ ആവേശമുള്ളവനായി അയാള്‍ മാറിക്കൊണ്ടിരുന്നു.
എന്താണ് ഇനി സംഭവിക്കുക?
ഓരോരുത്തരുടെയും നോട്ടത്തില്‍ ഉത്ക്കണ്ഠ മുറുകി.
'നീ തിന്മയുടെ സന്തതി. ദൈവത്തിന്റെ ശാപം നിന്റെ നാവില്‍ മാത്രമല്ല കുമിഞ്ഞുകൂടിയിരിക്കുന്നത്. ഓരോ അണുവിലും നീ സാത്താന്റെ ചിത്രമാണ് വച്ചാരാധിക്കുന്നതു് !'
ബോറിസിന്റെ തൊട്ടുമുന്നില്‍ നിന്ന് അത്രനാളും ആരും കേട്ടിട്ടില്ലാത്ത ഒച്ചയില്‍ പകുതി അലറും പോലെ മക്കാ വിളിച്ചുപറഞ്ഞു.
അമ്മ വേദപുസ്തകത്തിനു പിന്നിലെ കരിങ്കല്‍പീഠത്തില്‍ റോസ് നിറമുള്ള മെഴുകുതിരി കത്തിച്ചുവച്ചു. മക്കായുടെ ഭാവമാറ്റം അമ്മയെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. ൈദവത്തിന്റെ പ്രതിപുരുഷനെന്ന് വിശേഷിപ്പിക്കാറുള്ള മക്കായോട് അമ്മയ്ക്ക് അസഹ്യമായ വെറുപ്പ് തോന്നി. വീടിനുവേണ്ടി കരുതിവച്ച പണം അച്ഛന്‍ മക്കായ്ക്കുവേണ്ടി ചെലവിടുന്നതു മാത്രമായിരുന്നില്ല കാരണം. കാലങ്ങളായി തുടരുന്ന രാത്രിവിരുന്നിനിടയില്‍ എന്നെങ്കിലുമൊരു ദിവസം അച്ഛന്‍ മക്കായുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി മദ്യപാനം തുടങ്ങുമോ എന്ന ഭയം അമ്മയെ എന്നും അലട്ടിക്കൊണ്ടിരുന്നു.
ബോറിസ് ഒരൊത്ത പുരുഷനാണ്. ആറടി പൊക്കം. ബലിഷ്ഠമായ ശരീരം. പരുന്തിന്റെ മുഖച്ഛായ. എതിരിടാന്‍ വരുന്നവര്‍ക്ക് മരണമല്ലാതെ മറ്റൊന്നും അര്‍ഹിക്കുന്നില്ലെന്ന മട്ടിലുള്ള നോട്ടം.
അച്ഛന്‍ ഇന്‍സ്ട്രക്ടറായിരുന്ന സ്‌കൂളിന്റെ മാനേജരായിരുന്നു ബോറിസിന്റെ പിതാവ്. കുട്ടിക്കാലം തൊട്ടുതന്നെ അച്ഛനോട് പിതൃസഹജമായൊരു സ്‌നേഹം ബോറിസിനുണ്ടായിരുന്നു. സ്വന്തം പിതാവ് അകാലത്തില്‍ മരണപ്പെട്ടതോടെ അയാള്‍ അച്ഛനില്‍ സ്വന്തം പിതാവിനെ കാണുന്നുണ്ടെന്ന് പറഞ്ഞ് ഒരു ദിവസം അമ്മയുടെ മുന്നില്‍ വിതുമ്പി കരഞ്ഞു. മക്കായോട് യാതൊരു മമതയും സൂക്ഷിക്കുന്നില്ലെങ്കിലും അയാളില്‍നിന്നും അച്ഛനെ രക്ഷിക്കാനാണ് സായാഹ്നത്തിനു മുമ്പേ ബോറിസ് ഇവിടെ എത്താറുള്ളതെന്നും അമ്മയ്ക്കറിയാമായിരുന്നു.
'എന്താണ് മക്കായുടെ പ്രശ്‌നം? അയാള്‍ എങ്ങനെ പെരുമാറുമെന്നാണ് ബോറിസ് ഭയക്കുന്നത്?' അമ്മ ഒരിയ്ക്കല്‍ ചോദിച്ചു.
'മദ്യപിച്ചു ലക്കുകെട്ടാല്‍ മക്കാ ഒരു കൊലപാതകംപോലും നടത്താന്‍ ഭയക്കില്ല. എന്നു മാത്രമല്ല, അയാള്‍ അങ്ങനെയുള്ള നേരത്ത് സ്ത്രീകളെയും അപമാനിക്കാന്‍ ശ്രമിക്കും. അത് ഏതു പ്രായത്തിലുള്ളവരാണെങ്കിലും എത്ര ആത്മബന്ധമുണ്ടെന്നു കരുതുന്നവരാണെങ്കിലും!' ബോറിസ് രോഷമടക്കാന്‍ ശ്രമിച്ചു.
എതിരെ പോരുകാളയെപ്പോലെ കുതറിവരുന്ന മക്കായെ ബോറിസ് രൂക്ഷമായൊന്നു നോക്കി. അച്ഛന്‍ ആകെ പരിഭ്രമിച്ചു നില്ക്കുകയാണ്. ബോറിസിനെ മക്കാ പരുക്കേല്പിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. മദ്യത്തിന്റെ അളവ് വല്ലാതെ കൂടിയാല്‍ ഭൂതബാധയേറ്റവനെപ്പോലെയാണ് മക്കാ പെരുമാറാറുള്ളത്. മര്‍മ്മം നോക്കി ആക്രമിച്ച് ബോറിസിനെ സ്ഥായിയായി കിടപ്പിലാക്കുമോ എന്നതു മാത്രമായിരുന്നില്ല അപ്പോഴത്തെ ഭയമെന്നും ഇല്ലാത്ത കേസുകള്‍ ചാര്‍ത്തി ഗ്രാമമുഖ്യനെക്കൊണ്ട് കടുത്ത ശിക്ഷ നല്കാനും അയാള്‍ മടിക്കില്ലെന്ന് അച്ഛന്‍ അമ്മയോട് പറഞ്ഞു.
അന്ന് കാര്യങ്ങളൊക്കെ കൈവിട്ടുപോയി. നൊടിയിടകൊണ്ട് പൊള്ളുന്ന അടികൊണ്ടു ചുരുണ്ടു പോയ ഒരു വെള്ളെലിയെപ്പോലെ മക്കാ മലച്ചു വീഴുന്നതാണ് മറ്റുള്ളവര്‍ കണ്ടത്.
ആ സംഭവത്തിനുശേഷം മക്കാ ഏറെനാളുകള്‍ വീട്ടിലേക്കു വന്നില്ല. അമ്മയ്ക്കത് നല്കിയ ആശ്വാസം ചെറുതായിരുന്നില്ല. സാത്താന്റെ അപാരമായ ശക്തി മൂര്‍ദ്ധന്യത്തില്‍ നില്ക്കുന്ന നേരത്ത് മക്കായുടെ വഴിയെ സഞ്ചരിക്കുന്നതാണ് കൂടുതല്‍ അഭികാമ്യമെന്ന് അച്ഛന് തോന്നിയാലോ?
ഇല്ലിച്ച് ആ വഴിക്ക് വളര്‍ന്നു വന്നാലോ?
ഇതുപോലെയുള്ള ചിന്തകളില്‍നിന്നും മോചിതമായ ദിവസങ്ങളില്‍ അമ്മ ആഹ്ലാദവതിയായി കാണപ്പെട്ടു. അച്ഛന്‍ മക്കായുടെ അസാന്നിദ്ധ്യത്തില്‍ കൂടുതല്‍ അസ്വസ്ഥനായതുപോലെയും. ഇടയ്ക്ക് ഒന്നുരണ്ടു തവണ അച്ഛന്‍ ബോറിസിനെ ശകാരിക്കുകപോലുമുണ്ടായി. അപ്പോഴൊക്കെ അച്ഛനോടുള്ള എല്ലാ ആദരവും സൂക്ഷിച്ചുകൊണ്ട് ബോറിസ് നിന്നു: 'ആ ശവംതീനി പട്ടിയെ തല്ലിയതാണ് ഞാന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ സദ്കര്‍മ്മം’, ബോറിസ് പതുക്കെ പറഞ്ഞു.
(തുടരും)