മഴക്കാലം കഴിഞ്ഞ് മലവെള്ളമിറങ്ങി കിഴക്കൻകാറ്റു വീശാൻ തുടങ്ങുമ്പോഴാണ് കാട്ടൂർക്കടവിലെ കാവുകളിൽ വിളക്കും പാട്ടും നടക്കുക. പാതിര പിന്നിടുമ്പോൾ പല ദിക്കുകളിൽ നിന്ന് ചെണ്ടമുട്ടും അലർച്ചകളും ഉയരും. തുള്ളക്കാരുടെ അലർച്ചയാണ്. കോഴിയുടെ കഴുത്തു കടിച്ച് ചോര കുടിക്കുന്ന കോമരങ്ങളുണ്ടായിരുന്നു അന്ന്. പിന്നെ പൈക്കണ്ണിക്കാവിലേക്കുള്ള മുടിയും കാളയും ദാരികനും കാളിയും വീടുകൾ കയറിയിറങ്ങാൻ തുടങ്ങും. അക്കാലത്ത് കുട്ടികൾ രാത്രിയിൽ ഉറക്കം ഞെട്ടിയുണർന്ന് കരയുക പതിവുണ്ട്. കരഞ്ഞ് അവശരായിപ്പോകുന്ന കുട്ടികളെ ശുശ്രൂഷിക്കേണ്ടത് കണ്ടൻകുട്ടിയാശാന്റെ ഉത്തരവാദിത്തമാണ്.
ആലോചിച്ചാൽ അർത്ഥം കിട്ടാത്ത ചില മന്ത്രവാക്കുകളും വിചിത്രമായ ശബ്ദങ്ങളും കൊണ്ടാണ് ആശാൻ കുഞ്ഞുങ്ങളുടെ പേടി മാറ്റിയിരുന്നത്. ഒപ്പം ചില മുഖചേഷ്ടകളും ഉണ്ട്. പാണലിന്റെ ഒരു ഇല അദ്ദേഹം കുഞ്ഞിന്റെ ചെവിയോട് ചേർത്തു പിടിക്കും. ആ സമയം കുഞ്ഞ് അത്ഭുതത്തോടെ കണ്ണുവിടർത്തി ആശാന്റെ മുഖത്തേക്കു നോക്കും.
"പാങ്കുരുന്നേ പുവാങ്കുരുന്നേ മാങ്കുരുന്നേ തേൻകുരുന്നേ മലർമരുതേ മണിമരുതേ...'
രാത്രി മുഴുവൻ നിറുത്താതെ കരയുന്ന കുട്ടികളെ അമ്മമാർ നേരംവെളുക്കുമ്പോൾത്തന്നെ തുരുത്തിലേക്ക് കൊണ്ടുവരും. വേവലാതിയോടെ അമ്മ പറയും:
"രാത്രി മുഴുവൻ ഒറ്റ വായക്കൊള്ള നെലോളി ആർന്നു. നെലോളിച്ച് വായു കിട്ടാണ്ട് മിണ്ടാട്ടം മുട്ടി. കയ്യീന്ന് പോയീന്നാ വിചാരിച്ചത്.'
"പേടി തട്ടീട്ടാണ്.'
ആശാൻ പറയും. കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ തന്നെ പലവിധ പേടികൾ അവരിൽ വന്ന് കൂടുന്നുണ്ടെന്ന് കണ്ടൻകുട്ടിയാശാൻ പറഞ്ഞു. ഏതു പേടിയാണെന്ന് തിരിച്ചറിയണം. ഊതിക്കഴിഞ്ഞാൽ കുഞ്ഞിന് പൊടിച്ച കൽക്കണ്ടം കൊടുക്കും. കൽക്കണ്ടം നുണഞ്ഞിരുന്ന് കുഞ്ഞ് മെല്ലെ ആശാനെ നോക്കി ചിരിക്കും. പനിയുള്ള കുഞ്ഞുങ്ങൾക്ക് മുലപ്പാലിൽ അരച്ചു കൊടുക്കാനുള്ള മരുന്ന് അമ്മയെ ഏൽപ്പിക്കും.
എന്നാൽ ദിമിത്രി കരയുമ്പോൾ അദ്ദേഹം ഊതിയുഴിയാറില്ല. രക്തബന്ധമുള്ളവർക്ക് ഫലിക്കില്ലെന്നാണ് പറയുക. പനിയോ വയറുവേദനയോ ഉണ്ടെങ്കിൽ മരുന്നു കൊടുക്കും. കേടുവന്ന് വിലങ്ങനെ ഞാത്തിയിട്ടിരുന്ന ഒരു ചെണ്ടക്കുറ്റിയിലാണ് മരുന്നുകൾ സൂക്ഷിച്ചിരുന്നത്. വീട്ടിലെ റേഷൻ കാർഡും മറ്റു രേഖകളും അതിനകത്തുണ്ടായിരുന്നു.
കണ്ടൻകുട്ടിയാശാന്റെ മരുന്നും മന്ത്രവും ദൂരദേശങ്ങളിലും പ്രസിദ്ധിനേടിയിരുന്നു. എണ്ണകളും മറ്റു മരുന്നുകളും അദ്ദേഹം കാച്ചിയെടുക്കും. വീടുകളിൽ ചെന്ന് താമസിച്ചാണ് മരുന്നുണ്ടാക്കുക. ചില മരുന്നുകൾ പാകം നോക്കി ആറ്റിയെടുത്ത് ഭരണിയിലാക്കുമ്പോഴേക്കും ഒരാഴ്ച പിന്നിടും. അത്രയും കാലം അദ്ദേഹം അവിടെ തങ്ങും.
ദിമിത്രി മധ്യമേഖല റിക്കാർഡ്സ് ഡെപ്യുട്ടി ഡയറക്ടറുടെ ക്യാമ്പ് ക്ലർക്ക് ആയിരിക്കെ ഒരിക്കൽ നെല്ലായി സബ് ആപ്പീസിൽ ചെന്നു. കാട്ടൂർക്കടവിലാണ് വീട് എന്നു പറഞ്ഞപ്പോൾ അവിടത്തെ ഒരു ഡോക്യുമെന്റ് റൈറ്റർ പുത്തൂക്കാരൻ ദേവസ്സി ചോദിച്ചു:
"കാട്ടൂർക്കടവില് പണ്ടൊരു കണ്ടൻകുട്ടിയാശാൻ ഉണ്ടാർന്നു. നല്ല എകരത്തില്. വേലനാണ്. ആളെ അറിയ്യോ?'
"അറിയില്ല.'
മുഖം കൊടുക്കാതെ ദിമിത്രി പറഞ്ഞു.
പക്ഷേ ദേവസ്സി വിട്ടുമാറിയില്ല.
"അറിയാണ്ട് വരാൻ വഴീല്ലല്ലോ. സാറിന് ഓർമ്മല്യാണ്ടാവും. ഇന്റെ ജീവിതം കടപ്പെട്ട ആളാ അത്.'
"ഈടെങ്ങളിലൊക്കെ വേലൻ വൈദ്യരുന്നാ വിളിക്ക്യാ. കുട്ട്യോൾടെ ചികിത്സേല് രാപ്പാൾ വേലനേക്കാളും കേമനാ. പിന്നെ മരുന്നുണ്ടാക്കും. രസായനങ്ങളാണ്. ആട്ടിൻ ബ്രാത്ത്ന്ന് കേട്ടിട്ടില്ലേ? മിഥുനം കർക്കടം ആയാൽ ആള് ഒരു ഓലക്കൊടേം ചൂടി ഇവിടെ എവടേങ്കിലോക്കൊണ്ടാവും. ജന്മാന്ത്രം എന്താന്ന്ച്ചാല് നമ്മ കഷ്ടപ്പെട്ട് മനസ്സിലോർത്താല് ആള് പടികടന്നു വരുംന്നാ പറയ്യാ. അതാ അതിശയം. വീട്ടിലെ കുട്ട്യോള്ക്ക് സൂക്കേട് വന്നാല് അമ്മമാര് മനസ്സിൽ ഒന്നു വിചാരിച്ചാ മതി. ആളെത്തും. മ്മടെ വീട്ടുപറമ്പിലെ പുല്ലും പൂവും വേരും ഒക്കെത്തന്ന്യാ മരുന്ന്. കൊറച്ചൊരു മരുന്ന് തുണിസഞ്ചീലുണ്ടാവും. ഒക്കെക്കൂടി കൂട്ടി അരച്ച് കുട്ടിരെ നാവുമ്മെ തേച്ചു കൊടുക്കും. പിന്നെ സൂക്കേടൂല്യ. എറങ്ങേടൂല്ല. പുതുക്കാട്ടെ ഗവർമ്മേണ്ടാസ്പത്രീലെ കുഞ്ഞൻ ഡോക്ടര് കയ്യൊഴിഞ്ഞ കേസുവരെ ഭേദായിട്ടുണ്ട്ന്നാ പറയണ്.'
ഇൻസ്പെക്ഷനിടയിൽ പതിവുള്ള ഉച്ചവിരുന്നിനിടയിലായിരുന്നു ദേവസ്സിയുടെ വിവരണം. ഹൈവേയിൽ പുതുതായി ആരംഭിച്ച ബ്ലുഡയമണ്ട് റെസിഡൻസിയിലായിരുന്നു അത്തവണ ഭക്ഷണം ഏർപ്പാട് ചെയ്തിരുന്നത്. രണ്ട് റൗണ്ട് മദ്യസൽക്കാരത്തിനു ശേഷം വിഭവങ്ങൾ ഒന്നൊന്നായി വന്നുകൊണ്ടിരുന്നു. ദേവസ്സി തുടർന്നു:
"ഞാൻ എന്താ പറയണ്ന്ന്ച്ചാല്ന്റെ വീട്ടിലുണ്ട് അനുഭവം. എന്റെ അമ്മ മരിക്കണവരെ അത് പറയലുണ്ട്. നാലുവയസ്സുള്ള സമയത്ത് ഇനിക്കൊരു പനി വന്നു. പുതുക്കാടാസ്പത്രീലെ മരുന്ന് കഴിക്കണുണ്ട്. ഒരു കൊറവൂല്യ. തീ പൊള്ളണപോലെ പനീങ്ങനെ കൂടിക്കൂടി വര്വാ. അതിനെടക്ക് ബോധക്ഷയം വന്നു. കണ്ണ് മറീണ മാതിരി. അമ്മ നെലോളീം വിളീം. അപ്പൊ അപ്പൻ പറഞ്ഞു: "നീയ്യെന്തിനാണ്ടി നെലോളിക്കണ്? വിധിച്ചതാണെങ്കില് കർത്താവ് നമ്മക്കു തരും. അല്ലെങ്ങെ കൊണ്ടുവും.'
"കാശിന്റെ കാര്യത്തില് അപ്പനിത്തിരി തിരുമ്മലൊള്ള ആളാർന്നേ. തിരുമ്മൽ വർക്കീന്നാ കുറ്റപ്പേര്. അപ്പനും ഇവടെ എഴുത്താർന്നു പണി. ആളേം വണ്ടിം വിളിച്ച് തൃശ്ശര് കൊണ്ടോണെങ്ങല് കാശെത്ര്യാവും? ഒരണ പോയാല് ചാവും.
"അപ്പൊ അമ്മ നെഞ്ചത്ത് കൈവെച്ച് പറഞ്ഞു: "ആ വേലൻ വൈദ്യൻ കണ്ടൻകുട്ടിയാശാൻ ഒന്നിങ്കട് വന്നെങ്കില്.'
"അപ്പൊ മീനം മേടം കാലാണ്. വേലൻ വൈദ്യന് ചെണ്ടക്കാലാ. ആ വഴി വരണ കാലല്ല. ന്നാ അമ്മ പറഞ്ഞ് വായ അടച്ചില്ല. എന്താ കാണണേ? മുളമ്പടി കവച്ചു വെച്ചട്ട് വൈദ്യനുണ്ട് വരണു. വന്നട്ട് എന്റെ കണ്ണുപിടിച്ചു നോക്കി. പറമ്പില് പോയി എല പറിച്ചു. മ്മടെ പറമ്പില് ഏതൊക്കെ മരണ്ട് പുല്ലുണ്ട്ന്ന് മ്മളേക്കാളും ആൾക്കറിയാം. എലകുത്തിപ്പിഴിഞ്ഞ് എന്റെ നാവുമ്മലൊഴിച്ചു. മ്മള് കണ്ണു തൊറന്നു.'
പൂരവും തോറ്റവും ഇല്ലാത്ത കാലത്താണ് ആശാന്റെ ഊരുചുറ്റൽ. കുറച്ചു മരുന്നുകൾ മടിസഞ്ചിയിലാക്കി ഇറങ്ങും. കരുവന്നൂർ പുഴയുടെ അതിരുപിടിച്ചാണ് അന്നത്തെ നടത്തം. ഓലക്കുട ചൂടി സാവധാനം. ശീലക്കുട വന്നപ്പോൾ അദ്ദേഹം കറുത്ത ശീലക്കുമേൽ വെള്ളത്തുണി തുന്നിച്ചേർത്ത് അതിനെ പരിഷ്ക്കരിച്ച് ഉപയോഗിച്ചു. അസാമാന്യമായ ഉയരമായിരുന്നു ആശാന്. എന്നാൽ മെലിഞ്ഞിട്ട്. ഷർട്ട് ധരിക്കാറില്ല. ഒരു രണ്ടാം മുണ്ട് തോളിലുണ്ടാവും.
മടിയിലെ ചാക്കുസഞ്ചിയിൽ മരുന്നു കൂടാതെ ചിലപ്പോൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ ലഘുലേഖകളോ നോട്ടീസോ കാണും. എലക്ഷൻ കാലമാണെങ്കിൽ പരിചയമുള്ള വീടുകളിൽ കയറി പ്രചരണവുമുണ്ട്. കാട്ടൂർക്കടവിൽ പുഴ വളയുന്നേടേത്തു നിന്ന് പുലരാൻ കാലത്ത് നടന്നു തുടങ്ങിയാൽ വെയിലു മൂക്കും മുമ്പെ കാറളത്ത് ആലുംകടവിൽ എത്തും. അവിടെ അന്നു രാജശേഖരൻ മാഷും കൂട്ടരും ചേർന്ന് ഒരു മിഡിൽ സ്കൂൾ നടത്തിയിരുന്നു. ആശാൻ അവിടെ കയറും. മാസ്റ്റർമാരുമായി രണ്ടുമൂന്നു വർത്തമാനം. പിന്നെ കുട്ടികളുടെ വായ്ത്താരികൾ കേട്ടിരുന്ന് കണ്ണടച്ച് ചെറിയ മയക്കമുണ്ട്. രാജശേഖരൻമാഷ് ചെറുവാളിലേക്കും പന്തല്ലൂരിലേക്കുമുള്ള പാർട്ടി കടലാസുകൾ ആശാനെ ഏൽപ്പിക്കുക പതിവുണ്ട്.
കരുവന്നൂർ പുഴയുടെ ഓരത്ത് അന്നും ഇന്നും കൃത്യമായ വഴികളോ നടപ്പാതകളാ ഇല്ല. നിറയെ കാരയും കാഞ്ഞിരവും കാട്ടവണക്കും നിറഞ്ഞു നിൽക്കുന്ന കാട്ടുപൊന്തകളാണ്. എങ്ങനെയാണ് അതിനിടയിലൂടെ ആശാൻ സഞ്ചരിക്കുന്നതെന്ന് ആളുകൾ അതിശയിച്ചിരുന്നു.
"മന്ത്രസിദ്ധിയുള്ള മനുഷ്യനല്ലേ? രൂപങ്ങൾ മാറീട്ടാണ് യാത്ര. കാട്ടില് നടക്കുമ്പൊ മൊയലാവുംന്നാ കേട്ടിരിക്കണ്. പൊഴയിലെറങ്ങ്യാല് മീനാവും. ചെലപ്പോ പറവ. ഏതു രൂപോം എടുക്കാലോ? പണ്ടുകാലത്ത് ഒടിമറഞ്ഞ് ഇൻസ്പെക്ടര് ശങ്കുണ്ണീനെ പറ്റിച്ച ആളല്ലേ?'
പുഴയോട് ചേർന്ന് നിരവധി ജീവിതങ്ങളുണ്ട്. കടവുകൾ. വഞ്ചിക്കാർ. മണലെടുപ്പ്. മീൻപിടുത്തം. കക്കവാരുന്നവർ. തുണിയിലേക്കുന്നവർ. കരക്കു കയറ്റി വെച്ച വഞ്ചികളിൽ അറ്റകുറ്റപ്പണി ചെയ്യുന്നവരെ കാണാം. നീറ്റുകക്കയുടെ പുകയും മണവും ഉണ്ടാവും. കടവുകളിൽ ആളുകൾ വഞ്ചി കാത്തു നിൽക്കുന്നു. പുഴകടന്നു വരുന്ന തോണി ഒരു കാഴ്ചയാണ്. പലനിറത്തിൽ ഉടയാടകൾ ഉടുത്ത മനുഷ്യർ. ആടുമാടുകൾ. പലചരക്ക്. കായ്ക്കറികൾ. മൺകലങ്ങൾ. മിക്കവാറും കടവുകളിൽ കള്ളുഷാപ്പുകൾ ഉണ്ടായിരുന്നു അന്ന്. അല്ലെങ്കിൽ ചായക്കടകൾ. അതെല്ലാം ആശാന്റെ താൽക്കാലിക താവളങ്ങളായിരുന്നു. അവിടെ ഇരുന്നും ചികിത്സയുണ്ട്. ആശാൻ കള്ളുകുടിച്ചിട്ടുണ്ടെങ്കിൽ ചികിത്സ കൂടുതൽ കൃത്യമാവുമെന്ന് ആളുകൾ വിശ്വസിച്ചിരുന്നു. അന്നേരം തോറ്റംപാട്ട് പാടിക്കൊണ്ടാണ് ചികിത്സ.
കാറളം കഴിഞ്ഞാൽ എളംപുഴ, എട്ടുമുന, ആറാട്ടുപുഴ, രാപ്പാൾവാരിയം. ചെറുവാൾ. ഇതിനിടെ ഏതെങ്കിലും വീട്ടിൽ നിന്ന് ഉച്ചഭക്ഷണ കഴിക്കും. പുഴക്കരയിൽ ബോസ് ഗോപാലന്റെ വീടിന്റെ ഇറയത്തു കയറി കാറ്റുകൊണ്ട് ഒന്നു മയങ്ങും.
ആശാനെ കാത്തിരിക്കുന്നവരിൽ പഴയ കമ്യൂണിസ്റ്റു പാർട്ടി പ്രവർത്തകരും ഉണ്ടായിരുന്നു. നാൽപ്പത്തെട്ടു മുതൽക്കുള്ള മർദ്ദനങ്ങൾ കഴിഞ്ഞ കാലമാണ്. അന്ന് പരിയാരം കേസിലെ പ്രതികളിൽ ചിലർ പുഴയോരങ്ങളിലെ വീടുകളിലാണ് ഒളിച്ചു താമസിച്ചിരുന്നത്. അവരെ അന്വേഷിച്ചുവന്ന പൊലീസ് കണ്ണിൽക്കണ്ടവരെയെല്ലാം പിടിച്ച് ഇടിച്ചു. പലരും തീരാരോഗികളായി മാറിയിരുന്നു.
ബോസ് ഗോപാലന് കാൽമുട്ടിനായിരുന്നു വേദന. ആശാൻ ഉപദേശിച്ചു.
"മാഷെ, നിങ്ങളിങ്ങനെ തടിച്ച് പൂർണ്ണിക്ക്യാണെങ്കില് ഉഴിഞ്ഞട്ടൊന്നും കാര്യലാട്ടോ. നിങ്ങടെ ശരീരം താങ്ങാനൊള്ള കരുത്തില്ല കാലിന്. അതവര് അടിച്ചു ചതച്ചിരിക്ക്വാണ്.'
ബോസ് ഗോപാലൻ കാലിൽ തടവി ഒന്നു ചിരിച്ചു. ഇരിഞ്ഞാലക്കുട ലോക്കപ്പിൽ വെച്ചാണ് സബ് ഇൻസ്പെക്ടർ യു.പി.ആർ.മേനോൻ അദ്ദേഹത്തിന്റെ കാൽമുട്ടു ചവിട്ടിയൊടിച്ചത്. മേനോൻ പൊലീസിൽ ചേരുന്നതിന് മുമ്പ് നാഷണൽ ഹൈസ്കൂളിൽ അധ്യാപകനായിരുന്നു. ഗോപാലനെ പഠിപ്പിച്ചിട്ടുണ്ട്. ആ പരിചയം ഭാവിച്ച് മേനോനെ അയാൾ സ്നേഹത്തോടെ വിളിച്ചു:
"മാഷേ?'
അതിനുള്ള പ്രതികരണമായിരുന്നു ആ ചവിട്ട്.
ബോസ് ഗോപാലൻ പറഞ്ഞു:
"ആശാനെ, നിങ്ങളെ കാണാറുണ്ടോന്ന് പി.എസ്.നമ്പൂതിരി എന്നോട് ചോദിച്ചേർന്നു.'
ആമ്പല്ലൂരിലെ നൂൽക്കമ്പനിക്കാരുടെ യൂണിയൻ ആപ്പീസിലാണ് നമ്പൂതിരിയുടെ ഇരിപ്പ്. ആശാന്റെ തല കണ്ടപ്പോൾ പല്ല് മുപ്പത്തിരണ്ടും പ്രദർശിപ്പിച്ച് പി.എസ്. ചിരിച്ചു:
"ഡോ ആശാനെ, തന്നെ ഞാൻ അന്വേഷിച്ചേർന്നു. എന്താ കാര്യംന്ന് ഇപ്പൊ ഓർമ്മേല്യ. കഴിഞ്ഞ പ്രാവശ്യം താൻ കൊണ്ടന്നു തന്ന കൊഴമ്പ് കഴിഞ്ഞേക്കണു. ചെലപ്പൊ അതാവും സംഗതി. എളീലെ വേദന വീണ്ടും കൊറെശ്ശെ തൊടങ്ങീട്ടണ്ട്. ശരീരത്തില് അവടവടെ വേദന വരുമ്പഴാ കണ്ടൻകുട്ടിയാശാനെ മ്മളൊക്കെ ഓർമ്മിക്ക്യാ. ന്നാള് ഡി.സീല് ചെന്നപ്പൊ കീരനും പറഞ്ഞു അത്.'
"തൈലം ഞാൻ കൊണ്ടന്നട്ടുണ്ട്. ഇപ്പ നമ്മക്ക് ഒന്ന് ഉഴിഞ്ഞ് പിടിപ്പിക്കാം."
ആശാൻ പറഞ്ഞു.
ജുബ്ബ ഊരി കസേരയിലിട്ട് പി.എസ്. അകത്തേക്കു കടന്നു. ആശാൻ പിറകെ നടന്നു. അളഗപ്പ ടെക്സ്റ്റയിൽസ് യൂണിയൻ ആപ്പീസും പി.എസ്.നമ്പൂതിരിയുടെ വീടും ഒന്നാണ്. അദ്ദേഹത്തിന്റെ ഭാര്യയും കുഞ്ഞും അവിടെ താമസിക്കുന്നു.
വെളുത്തു മെലിഞ്ഞ ആ ശരീരത്തിൽ എണ്ണപുരട്ടി തടവുമ്പോൾ ആശാൻ ആലോചിച്ചു. എത്രവട്ടം പൊലീസും പട്ടാളവും മെതിച്ച ശരീരമാണിത്. പി.എസ്. പറഞ്ഞു:
"ഇപ്പഴാടോ തന്നെ അന്വേഷിച്ച കാര്യം ഓർമ്മ വന്നത്. നമ്മടെ സി.ജനാർദ്ദനന് വലിവിന്റെ ഒരു സൂക്കേട് തൊടങ്ങീട്ടുണ്ട്. അയാള് ഡൽഹീല് വെച്ച് പലവിധ ചികിത്സകള് നടത്തി നോക്കി. ഒന്നും അങ്കട് നേര്യാവണില്ല. തന്റെ കയ്യില് വല്ല പ്രതിവിധീണ്ടോ?"
ആശാൻ പറഞ്ഞു:
"എല്ലാവരുക്കും ഓരോരോ ഏനക്കേടുകളു കാണാനുണ്ട്. ആർ.വി.വാര്യരും പറഞ്ഞു വയ്യാന്ന്. പാർട്ടിക്കകത്താണെങ്കില് അന്തഛിദ്രം. ആറാം സമ്മേളനം കഴിഞ്ഞപ്പോ കാര്യങ്ങള് അത്ര പന്ത്യല്ലാന്നാ കേട്ടത്. പി.എസും ആന്ധ്രേലിക്ക് പോയേർന്നില്ലേ? കേക്കുമ്പൊ വല്ലാണ്ട് സങ്കടണ്ട്. ഞാനാലോചിക്ക്യാ. ഒരു കളംപാട്ടു കഴിച്ചാലോ നമ്മക്ക്? തോറ്റം? പാർട്ടി ആപ്പീസിന്റെ മിറ്റത്ത് ഒരു ഭദ്രകാളിക്കളം. സഖാക്കളടെ സൂക്കേടുകള് മാറീല്ലെങ്കിലും പാർട്ടിലെ അന്തഛിദ്രം മാറും. അതൊറപ്പാ.'
അപ്പോൾ പി.എസ്. കിടപ്പിൽ നിന്ന് തലയുയർത്തി നോക്കി.
"താൻ എന്തൂട്ടാണ്ടോ ഈ പറഞ്ഞു വരണ്?'
ആശാൻ ചിരിച്ചു. പി.എസ്.പറഞ്ഞു.
"എടോ, കമ്യൂണിസ്റ്റ് പാർട്ടിക്കകത്ത് നടക്കുന്നത് അന്തഛിദ്രല്ല. ആശയസമരാണ്. അതോണ്ട് ഒരു അപകടോംണ്ടാവില്ല. അഭിപ്രായ വ്യത്യാസങ്ങളും സംവാദങ്ങളും നടക്കണം. കൂടുതൽ ശരിയായ വഴി കണ്ടെത്താൻ അതല്ലാണ്ട് മാർഗ്ഗല്യ. ലോകമൊട്ടുക്ക് ദേശീയ സ്വാതന്ത്ര്യസമരങ്ങള് കഴിഞ്ഞു. രാജ്യങ്ങളിലൊക്കെ തദ്ദേശീയ ഗവർമെണ്ടുകളുണ്ടായി. ആ ഗവർമ്മണ്ടുകളോടുള്ള പാർടീസമീപനത്തെക്കുറിച്ചാണ് ചർച്ച. തന്റെ പാട്ടും കളോം മന്ത്രവാദോം ഒന്നും ഇവടെ ആവശ്യല്യ. അത് വെല്ല മരത്തലയൻ പൊലീസുകാരടേം അടുത്ത് എടുത്താമ്മതി. പണ്ട് ശങ്കുണ്ണി ഇൻസ്പെക്ടറെ ഒരു പോത്തിന്റെ പിന്നാലെ ഓടിച്ച ആളല്ലേ താൻ?'
കണ്ടൻകുട്ടിയാശാൻ തന്റെ സഞ്ചാരം തുടർന്നു. പി. എസ്. അങ്ങനെയൊക്കെ പറഞ്ഞെങ്കിലും പാർട്ടിക്കകത്ത് നടക്കുന്ന സംഘർഷങ്ങളെക്കുറിച്ച് ആശാൻ നിരാശയോടെ ആലോചിച്ചു. പ്രശ്നങ്ങൾ നാട്ടിലെ പാർട്ടിയിലും നിഴലിച്ചിരുന്നു. ബ്രാഞ്ചുകമ്മിറ്റിയിൽ ചില സമയത്ത് മുനയും മുള്ളും വെച്ച അഭിപ്രായങ്ങൾ വരുന്നുണ്ട്. രാജശേഖരൻ മാഷും പുല്ലാനിക്കാട്ട് ചന്ദ്രശേഖരനും തമ്മിൽ അത്ര അടുപ്പത്തിലല്ല. വേറിട്ട ആലോചനകൾ പലതും നടക്കുന്നു. കാറളം സ്കൂളിൽ വെച്ച് ഒരു പുതിയ മാസിക ആശാൻ കണ്ടിരുന്നു. "ചിന്ത' എന്നാണ് പേര്. രാജശേഖരൻ മാഷ് പറഞ്ഞു:
"വിജയവാഡാ കോൺഗ്രസ്സിൽ യോജിച്ച രാഷ്ട്രീയപ്രമേയം പാസ്സാക്കാൻ കഴിഞ്ഞില്ല.'
രാപ്പാളിൽ വെച്ച് കരുവന്നൂർ പുഴ മണലിയും കുറുമാലിയുമായി വഴി പിരിയുകയാണ്. കുറുമാലിപ്പുഴ വഴിക്കാണ് പിന്നെ ആശാന്റെ യാത്ര. പുഴക്കരെ മുഴുവൻ വാഴത്തോട്ടങ്ങളാണ്. പിന്നെ നെൽപ്പാടങ്ങളും. പാടങ്ങളിൽ കൊയ്ത് നടക്കുന്നു. എരണ്ടകളുടെ തേർവാഴ്ചയാണ്. കുറുമാലിക്കാവ് ക്ഷേത്രക്കടവ്. നെല്ലായിക്കടവ്, ചെങ്ങാലൂർ, വരന്തരപ്പിള്ളി, നന്തിപുലം. കന്നാറ്റുപാടത്തു ചെന്ന് യാത്ര അവസാനിക്കുന്നു.
കന്നാറ്റുപാടത്ത് കടവിനടുത്താണ് പാലപ്പുറത്ത് വറീതുകുട്ടിയുടെ വീട്. പട്ടാളക്കാരനായിരുന്നു. നാട്ടിൽ വന്ന് പരിയാരം ശങ്കുണ്ണി ഇൻസ്പെക്ടർ വധക്കേസിൽപ്പെട്ടതിനു ശേഷം പരിയാരം വറിതുട്ടി എന്നറിയപ്പെട്ടു. പുഴക്കരയിൽ വലിയൊരു തോട്ടവും അതിനു നടുവിൽ ഇരുനില മാളികയുമാണ്. മക്കൾ പാലപ്പള്ളിയിൽ കരാറെടുത്ത് എസ്റ്റേറ്റുകൾ നടത്തുന്നു. ഇപ്പോൾ നല്ല സ്ഥിതിയാണ്.
"എത്ര കാലായി ആശാനെ? ഇങ്ങട്ടെക്കൊള്ള വഴിയൊക്കെ താൻ മറന്നൂല്ലേ? കൊറച്ചൊക്കെ കരുണ വേണെടോ, കരുണ.'
പറഞ്ഞു തീരുമ്പോഴേക്കും വറുതുട്ടി കരയാൻ തുടങ്ങി. ഒരു കാലത്ത് പൊലീസിനെ വിറപ്പിച്ച ആ മനുഷ്യന്റെ മനസ്സു നിറയെ ഇന്ന് ദു:ഖമാണ്. അകത്ത് അയാളുടെ പ്രിയപത്നി ശോശന്നം തളർന്നു കിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷമായി.
"ആണുങ്ങള് കെടന്നാലും ചത്ത്കെട്ട് പോയാത്തന്നേം ഒരു പ്രശ്നോം വരാനില്ല. കുടുമ്മത്തെ പെണ്ണ് കെടപ്പിലായാലുണ്ടല്ലാ. കഴിഞ്ഞു. കുടുംബം തകർന്നൂന്ന് പറയാം.' വറിത്കുട്ടി പറഞ്ഞു.
"ഞാൻ ജയിലീ കെടക്കുമ്പൊ ശോശന്നം കൈക്കോട്ടെടുത്തു. അവള് കൊത്തിക്കളച്ച് ണ്ടാക്കീതാണ് ഈ കണണ മൊതലൊക്കെ. അന്ന് ന്റെ മിലിട്ടറി പെൻഷൻ സർക്കാര് കട്ടു ചെയ്തത് തനിക്കറിയാലോ? നാലു മക്കളെ കഷ്ടപ്പെട്ട് അവളു വളർത്തി. അടക്കാര വാരീമ്മെ നിന്ന് പൊഴേലിക്ക് കൊട്ട താഴ്ത്തി തേവീട്ടുണ്ട് അവള്. അറിയോ?'
"ഇനിക്കറിഞ്ഞൂടെ വറിതുട്ട്യേ?'
ആശാൻ പറഞ്ഞു.
മുറിയിലെ കട്ടിലിൽ കിടക്കുന്ന ശോശന്നത്തെ ആശാൻ നോക്കിക്കണ്ടു. ഒരു വശം തളർന്നുവെങ്കിലും തേജസ്സു കെട്ടു പോയിട്ടില്ല. ആ കിടപ്പിൽ അവർ ഒന്നു ചിരിച്ചു. വിളക്കുപോലത്തെ ചിരി. അവർ ആശാനോടു പറഞ്ഞു:
"ആ മരമാപ്ലയോട് എറേത്തിരുന്ന് പെണ്ണങ്ങളേപ്പോലെ കരയാണ്ടിരിക്കാൻ പറയ്. ആരു വന്നാലും ഇതാ ഇപ്പഴത്തെ സ്ഥിതി.'
പിന്നെ തിരക്കുപിടിച്ച മരുന്നു നിർമ്മാണത്തിന്റെ ദിവസങ്ങളാണ്. പുറത്തെ കയ്യാലപ്പൂര വെടിപ്പാക്കി നിരവധി അടുപ്പുകൾ കൂട്ടും. ആശാൻ നിർദേശിച്ച പച്ചമരുന്നുകളും കൊണ്ട് പാലപ്പിള്ളിയിൽ നിന്ന് പണിക്കാർ സഹായികളായി വരും. തൈലങ്ങളാണ് വാറ്റിയെടുക്കുക.
അവസാനത്തെ ദിവസം ചില മരുന്നുകൾ ചേർത്തു പോത്തിറച്ചി വരട്ടും. പോത്തിനേയും കൊണ്ട് വെട്ടുന്നവർ വരും. മാംസം വരട്ടി വറ്റിച്ച് വെരുകിയെടുക്കും. അത് നിരവധി ഭരണികളിലാക്കി പലവഴിക്ക് പോകും. അന്നുരാത്രി കണ്ടൻകുട്ടിയാശാൻ ലക്കില്ലാതെ മദ്യപിക്കുക പതിവുണ്ട്. വറുതുട്ടി പട്ടാള ക്വാട്ടയിലുള്ള റം കഴിക്കുമ്പോൾ ആശാൻ നെല്ലുചേർത്ത് വാറ്റിയെടുത്ത ചാരായമാണ് കഴിക്കുക. പിന്നെ രാത്രി മുഴുവൻ പാലപ്പുറത്തെ മാളികമുറിയിൽ നിന്ന് പാട്ടും ബഹളവും കേട്ടുകൊണ്ടിരിക്കും.
ദിവസങ്ങൾക്ക് ശേഷം നെൽപാടത്തിന്റെ നടവരമ്പിലൂടെ കണ്ടൻകുട്ടിയാശാന്റെ വരവു കാണുമ്പോൾ അതിരറ്റ് അഹ്ലാദിച്ച തന്റെ കുരുന്ന് ബാല്യത്തെക്കുറിച്ച് ദിമിത്രി ആലോചിച്ചു. അദ്ദേഹത്തിന്റെ കയ്യിലെ സഞ്ചികളിൽ അവനുള്ള പലഹാരങ്ങൾ ഉണ്ടാവും. അവൻ മുറ്റത്തിറങ്ങി പാടത്തേക്ക് ഓടും.
ദിമിത്രി നടക്കാറായപ്പോൾ അധികം അകലെയല്ലാത്ത ദേശങ്ങളിലെ തോറ്റങ്ങൾക്ക് കണ്ടൻകുട്ടിയാശാൻ അവനെ കൂട്ടിയിരുന്നു. യാത്രക്കായി അവനു ചേർന്ന ഒരു ജുബ്ബയും പൈജാമയും അദ്ദേഹം തുന്നിച്ചു. അത് ധരിച്ചതിന്റെ സന്തോഷത്തോടെ പുലർച്ചക്ക് കോൾപ്പാടവും ബണ്ടും കടക്കും. കണ്ടൻകുട്ടിയാശാന്റെ ഒരു തോളിൽ ചെണ്ട മറുതോളിൽ ദിമിത്രി. വയലിനു മേലെ മകരമാസത്തെ ചെറുകാറ്റടിച്ച് തളിർത്ത നെല്ലുകൾ ഉലയുമ്പോൾ വാദ്യക്കാർ തമ്മിൽ സംസാരിക്കും.
"കൊമരംചെറ ഭരണിക്ക് മുമ്പ് തെക്കേ തറവാട്ടിലെ തോറ്റം കഴിക്കണന്നാത്രെ ചാർത്ത്. നെടുമ്പാളെ തണ്ടാര് കണ്ടപ്പൊ പറഞ്ഞു. എല്ലാം കൂടി ഒന്നിച്ച് വന്നാൽ എവട്യാ നേരം? മുരിയാട് അഞ്ചു കളംണ്ട്. അപ്പൊ രണ്ടുദിവസം. അതു കഴിഞ്ഞാല് വാഴപ്പിള്ളിക്കാരടെ കാവില് വേല. കുരുതി. ഞാൻ പറഞ്ഞു തണ്ടാരോട്: ഭരണിക്ക് മുമ്പ് എന്തായാലും പറ്റില്ല. ആള് മോറ് കറത്തട്ടാ പോയേ.'
ആശാന്റെ അനിയൻ വേലുക്കുട്ടി പറഞ്ഞു.
അപ്പോൾ ചെറുങ്ങാട്ടെ വീരഭദ്രൻ തെല്ല് തെറിച്ച വർത്തമാനം പറഞ്ഞു:
"ഇയ്യ തണ്ടാരുമാരുടെ മുഖം കറക്കണതും വെളുക്കണതും നോക്കീട്ട് ജീവിക്കാൻ പറ്റില്ല വേലുട്ട്യേട്ടാ. ആശാനായാലും വേലുട്ട്യേട്ടനായാലും ഇനിക്കായാലും രണ്ടു കയ്യും രണ്ടു കാലും മാത്രേള്ളു. നെടുമ്പാള് തറവാട്ടിലെ തണ്ടാരടെ കാര്യം ഞാൻ പറയാം. കഴിഞ്ഞ മിഥുനത്തില് പത്തുപറ നെല്ലു ചോദിച്ച് ഞാൻ ഉമ്മറത്ത് ചെന്നു. കാർണോര് പറയ്യാണ്: നിയ്യ് വടക്കോർത്ത് ചെന്നു ചോയിക്കടാ വീരഭദ്രാന്ന്. നമ്മള് ഉമ്മറത്ത് ചെന്നത് ആള്ക്ക് ഇഷ്ടായില്ല. വർഷാവർഷം ചെന്ന് ഭഗവതീരെ കളം വരക്കണ മിറ്റത്താ മ്മള് നിക്കണ്. ഒരു ജാതി ഒരു മതംന്നൊക്കെ പറഞ്ഞ് നടക്കണ ആൾക്കാരാ.'
"വടക്കോർത്ത് ചെന്ന് അര മണിക്കുറ് നിന്നട്ടാ ആ തള്ള പൊറത്തിക്ക് വന്നത്. വന്നപ്പൊ ചോയ്ക്ക്യാ: ആരാണ്ടാ അടുക്കളപ്പൊറത്ത് വന്ന് പതുങ്ങി നിക്കണ്? എറേത്ത് തൊടാണ്ട് ഇത്തിര്യങ്ക്ട് മാറി നിന്നൂടേ?'
"ഇബടെപ്പൊ നെല്ലിന്റെ കച്ചോടൊന്നൂല്യ. പത്തുപറ നെല്ലുമേടിക്ക്യാൻ നീയാരാ? ബ്ലാഹേലെ അധികാര്യോ? കാശും പണോംണ്ടെങ്കില് നീയ്യത് വീട്ടിലെ കുടുമ്മത്ത് വെച്ചോ. കാലം പോയ പോക്കേ? കീഴ്ജാതിക്കാരിക്കൊക്കെ ഇപ്പ നെഗളിപ്പ് കൂടീറ്റുണ്ട്. മുണ്ടലക്കാൻ വിളിച്ചാ വരില്ല. സദ്യ കഴിഞ്ഞാ എലയെടുക്കാൻ പറ്റില്ല.'
"കയ്യിലെ കാശുകൊടുത്ത് നെല്ലുമേടിക്കാൻ പോയപ്പഴത്തെ കാര്യാ പറയണ്. പാട്ടോം കാഴ്ചേം പോയി ഭൂമി സ്വന്തായി കിട്ടീപ്പൊ അവര് തമ്പുരാമ്മാരായി. നമ്മള് ഇപ്പഴും അയിത്തക്കാര്. കാവുകളിലെ വേലക്ക് ഇപ്പൊ നമ്മളെ വിളിക്കണുണ്ടോ. പൂജക്ക് നമ്പൂരി വന്നു. കൊട്ടാൻ മാരാരും. എന്താ മാരാര് കൊട്ട്യാലേ ഭഗോതിക്ക് തൃപ്ത്യാവൂന്നുണ്ടോ?'
ദേഷ്യംകൊണ്ട് വീരഭദ്രൻ വിറച്ചു. ധർമ്മൻ എന്നാണ് അയാളുടെ ശരിക്കുള്ള പേര്. വീരഭദ്രന്റെ കളം വരക്കുന്നതു കൊണ്ട് പേര് അങ്ങനെയായി. കളമെഴുത്തിൽ അസാമാന്യ വൈഭവമാണ്. കൈപ്പിടിയിലെ വർണ്ണപ്പൊടിയിൽ നിന്ന് ഒരു തരി കുറവോ കൂടുതലോ വീഴില്ല. നോക്കി നിൽക്കാൻ തോന്നും. പൂവ് വീടർന്നു വരുന്നതു പോലെയാണ് കളങ്ങൾ തെളിഞ്ഞു വരിക. നോക്കുന്തോറും മുഖരൂപങ്ങൾ ജീവൻ വെച്ചു വരും.
ഒരു പകലും രാത്രിയും നീണ്ടു നിൽക്കുന്നതാണ് മിക്ക കളങ്ങളും. കളത്തിനുള്ള മുറ്റം ചാണകം മെഴുകി വെടിപ്പാക്കിയിട്ടുണ്ടാവും. പന്തൽക്കാലുകളും ഓലയും കുരുത്തോലയും പറയും നെല്ലും പൂക്കിലയും കരിക്കും കുലവാഴയും വീട്ടുകാർ ഒരുക്കും. പിന്നെ തേച്ചുമിനുക്കിയ നിലവിളക്കുകളും കിണ്ടിയും തളികകളും ഓട്ടുരുളിയും അവില്, മലര്, ശർക്കര, കദളിപ്പഴം, കളഭം, തിരിത്തുണി, എണ്ണ തുടങ്ങിയ പൂജാ സാധനങ്ങൾ. നാലുകാൽ പന്തലുയർത്തി കൂറയിടും. അലങ്കാരത്തിന് കുലവാഴകൾ വെച്ചുകെട്ടും. കുരുത്തോല വെട്ടിയരിഞ്ഞ് തോരണമുണ്ടാക്കലാണ് ഒരു പണി. കണ്ടൻകുട്ടിയാശാൻ കുരുത്തോലയിൽ പൂക്കളും കിളികളും ഉണ്ടാക്കും. കൂട്ടത്തിൽ ദിമിത്രിക്കുള്ള ഓലപ്പന്തും പീപ്പിയും.
"ഇതേതാ ആശാനെ, ഇയ്യ ക്ടാവ്? നല്ല പൂവൻപഴം പോലിണ്ടല്ലോ?'
ആളുകൾ വന്നു ചോദിക്കും.
"മോള് മീനാക്ഷീരെ കുട്ട്യാണ്.'
ആശാൻ പറയും.
"ഓ, മ്മടെ പുല്ലാനിക്കാട്ടെ മൂപ്പര്വായിട്ടൊള്ള ചിറ്റത്തില്ണ്ടായത്, അല്ലേ? അതാത്ര തെളിച്ചം. ആശാന്റെ ഒരു ഭാഗ്യം. പാട്ടിന് കൊണ്ടു നടക്കാൻ ഒരാളായല്ലോ.'
ആശാൻ പിന്നെ മിണ്ടാറില്ല.
കുരുത്തോലക്കിടെ മാവില, ആലില, ചെത്തിപ്പൂവ്, പൂക്കാപാക്ക്, നാളികേരം വട്ടത്തിൽ പൂളിയെടുത്തത്, ചെറിയ പഴം എന്നിവയും ഞാത്തിയിടും. പിന്നെ പഞ്ചവർണ്ണപ്പൊടിയുടെ നിർമ്മാണമാണ്. വെള്ള, കറുപ്പ്, പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെയാണ്. ഉമിക്കരി പൊടിച്ച് കറുപ്പുണ്ടാക്കും. വെള്ളക്ക് അരിപ്പൊടി. മഞ്ഞക്ക് മഞ്ഞള്. നെന്മേനിവാകയുടെ ഇല പൊടിച്ചാണ് പച്ചയുണ്ടാക്കുന്നത്. മഞ്ഞളും ചുണ്ണാമ്പും അരിപ്പൊടിയും ചേർത്തു കലർത്തി ചോപ്പുണ്ടാക്കും.
ഉച്ചപ്പാട്ടു കഴിഞ്ഞാൽ കളമെഴുത്ത് തുടങ്ങുകയായി. വലിയ ആകാംഷയോടെയാണ് ദിമിത്രി കളത്തിലേക്ക് നോക്കിയിരിക്കുക. കണ്ടൻകുട്ടിയാശാന്റെ മടിയിലിരുന്നാണ് കാഴ്ച. പിടിനെല്ലിനു മേൽ പൊടിയിട്ട് ഭദ്രകാളിയുടെ മുലകൾ രൂപം കൊള്ളുമ്പോൾ അവൻ വല്ലാതെ ആഹ്ലാദിച്ചിരുന്നു. ആ മാറിൽ സ്നേഹവും കണ്ണിൽ രൗദ്രവുമാണ്. പലവട്ടം കേട്ട് ദാരികന്റേയും കാളിയുടേയും യുദ്ധകഥ അവന് വശമായിരുന്നു. ചില പാട്ടുകൾ പാടാനും അറിയാം. വീട്ടിലിരുന്ന് തകരപ്പാട്ടയിൽ കൊട്ടി അവൻ പാടും:"തലത്തിൽ വെള്ളരി തൂശം നിരത്തിവെച്ച് മേലെയൊരു മുറി നാളികേരം വെച്ച് ചേലൊത്ത ശീലയിൽ അരിത്തിരി കെട്ടുന്നുണ്ട് ആയിരം ദീപങ്ങൾ ചാർത്തുന്നുണ്ട്.........'
അക്കാലത്ത് കണ്ടൻകുട്ടിയാശാൻ കളമെഴുത്ത് പതിവില്ല. കൈക്ക് ചെറിയൊരു വിറയുണ്ടോന്ന് ശങ്കയുണ്ടായിരുന്നു. വേലുക്കുട്ടിയും വീരഭദ്രനും ചേർന്നാണ് എഴുത്ത്. ആശാൻ ചെന്ന് ദേവിയെ ധ്യാനിച്ച് കളത്തിൽ അരിപ്പൊടി കൊണ്ട് ഒരു നേർരേഖ വരച്ചു കൊടുക്കും. ആയുർരേഖയാണ്. പിന്നെ വെച്ചൊരുക്കാണ്. ഉണക്കലരി, നാളികേരം, പൂക്കില, വെറ്റില എന്നിവ കളത്തിൽ വെക്കും. എഴുത്തു തുടങ്ങും. വേലുക്കുട്ടി ശരീരാവയവങ്ങൾ വരയ്ക്കുമ്പോൾ വീരഭദ്രൻ കിരീടവും മുഖവും വരക്കും.
കളമെഴുത്ത് കഴിയുമ്പോഴേക്കും കണ്ടൻകുട്ടിയാശാന്റെ മടിയിൽ കിടന്ന് ദിമിത്രി ഉറങ്ങിയിട്ടുണ്ടാവും. അദ്ദേഹം അവനെ കയ്യാലയിൽ പായ വിരിച്ച് കിടത്തും. പക്ഷേ ഉറക്കത്തിലും അവൻ പാട്ടുകേൾക്കും. പോർവിളികൾ. ഭദ്രകാളിയുടെ ചിലമ്പിന്റെ ഒച്ച. ഘോരസംഘട്ടനം. ദാരികന്റെ ദാരുണമായ കരച്ചിൽ കേട്ടാണ് അവൻ ഞെട്ടിയുണരും. അപ്പോൾ തുള്ളലാണ്. അരമണികളുടെ ഭീകരമായ മുഴക്കം. "ഹീയോ' എന്ന് വെളിച്ചപ്പാട് അലറുന്നു. ചോരയൊഴുകുന്ന പോലെയാണ് അദ്ദേഹത്തിന്റെ അംഗവസ്ത്രം. ആളുകൾ ഭയന്നു വിറച്ചു തൊഴുതു നിൽക്കുകയാണ്.
പിറ്റേന്ന് പുലർച്ചക്ക് ഉറക്കച്ചടവോടെ മടങ്ങുമ്പോൾ അവൻ കണ്ടൻകുട്ടിയാശാനോട് ചോദിക്കും.
"അപ്പെന്തിനാ മുത്തപ്പാ, ഈ ദാരികന് ബ്രഹ്മാവ് മരിക്കില്യാന്ന് വരം കൊടുക്കാൻ പോയത്? അതോണ്ടല്ലേ പിന്നെ ഇയ്യ പൊല്ലാപ്പൊക്കെ ഇണ്ടായത്?'
കണ്ടൻകുട്ടിയാശാൻ ചിരിക്കും.
"ഭക്തര് വന്ന് വരം ചോദിച്ചാ കൊടുത്തില്ലെങ്കില് പിന്നെ ദൈവാന്ന് പറഞ്ഞ് ഇരുന്നട്ട് എന്താ കാര്യം? വരം കിട്ട്യാല് ദാരികൻ ഇങ്ങനെ കൊള്ളരുതായ്മ കാണിക്കുംന്ന് ബ്രഹ്മാവിനുണ്ടോ നിശ്ചയം? വരം കിട്ടീപ്പൊ ചെങ്ങാതി ആളാകെ മാറീല്ലേ? ദേവമ്മാരുടെ മെക്കെട്ടെക്ക്യാ ചെല്ലണ്. മനുഷ്യരുക്കും സൊയ്ര്യല്യാണ്ടായി. കാട്ടിലിരുന്ന് തപസ്സു ചെയ്യണ ഋഷിമാരുണ്ട്. അവരടെ അരൂത്തിക്കും ചെന്നു അവൻ. അപ്പഴാണ് ദേവമ്മാര് നാരദനെക്കൂട്ടീട്ട് കൈലാസത്തിലിക്ക് ചെന്നത്. ഇയ്യ എടങ്ങറ് ഒന്നു അവസാനിപ്പിച്ചു തരണം. അങ്ങന്യാണ് ഭദ്രകാളീണ്ടായത്. പിന്നത്തെ അങ്കം പറയണ്ട.'
കഥ കേട്ട് ദിമിത്രി ആവേശഭരിതനായി. അവൻ പറഞ്ഞു:
"ഭദ്രകാളീരടുത്ത് ദാരികന്റെ ഒരടവും നടക്കില്ല. ദേവി ആരാ മോള്? ആ കണ്ണോണ്ട് ഒന്നു നോക്ക്യാമതി. ആള് ഭസ്മാവും. അല്ലേ, മുത്തപ്പാ?'
"നൂറു കയ്യാണ് ദേവിക്ക്. എല്ലാ കയ്യുമ്മലും വാളുണ്ട്. ഇന്നലെ ഇമ്മള് പതിനാറ് കയ്യിന്റെ കളാ വരച്ചത്. പിന്നെ വേതാളാണ് വാഹനം. അപ്പപ്പിന്നെ ആരുക്ക്വാ അടുക്കാൻ പറ്റ്വാ? യുദ്ധംകൊണ്ട് ഭൂമി കിടുങ്ങി. ദാരികനും വിട്ടില്ല. വാശ്യെന്നെ വാശി. അവസാനം ബ്രഹ്മാവ് തന്നെ വഴി കണ്ടു. കൊടുത്ത വരം തിരിച്ചെടുത്തു. അപ്പൊ പിന്നെ കഴിഞ്ഞില്ലേ കാര്യങ്ങള്. '
"ദാരികന് കിട്ട്യ മാതിരി ഒരു വരം ഇനിക്കു കിട്ട്യാ മത്യാർന്നു.'
ദിമിത്രി പറഞ്ഞു.
"ന്റെ കുഞ്ഞൂട്ടന് എന്തിനാ വരം? പഠിച്ച് പഠിച്ച് നല്ലൊരു യോഗ്യനാവണം. അതിലും വെല്യ വരം മനുഷ്യരുക്ക് കിട്ടാനില്ല കുഞ്ഞുട്ടാ.'
"ഇവനൊരു മിടുക്കനാവുന്നാ തോന്നണ് ചേട്ടാ. ഇനിക്കത് ഒറപ്പുണ്ട്.'
സാന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് വേലുക്കുട്ടി പറഞ്ഞു.
"ആരടെ പേരാ ഇവന് ഇട്ടിരിക്കണ്?" കണ്ടകുട്ടിയാശാൻ പറഞ്ഞു: "സഖാവ് ജോർജി ദിമിത്രോവ്ന്ന്ച്ചാൽ പാർടീരെ ലോകത്തിലെ നേതാവാ. അറുപത്തിനാലില് രാജശേഖരൻ മാഷ്ക്ക് വാറണ്ടുണ്ടാർന്നു. ചൈനാച്ചാരൻന്ന് പറഞ്ഞട്ട്. ആള് ഒളിവിലാ. ഞാനും കുഞ്ഞിമൊയ്തീനും മാഷേം കൊണ്ട് പുല്ലൂര് ദേവസ്സീരെ വീട്ടിന്ന് മടങ്ങ്വാ. കിഴുത്താണി എത്തീപ്പൊ മോള് മീനാക്ഷി പെറ്റൂന്ന് വിവരം കിട്ടി. ആൺകുട്ടി. അപ്പൊ മാഷ് എന്നോടു പറഞ്ഞു: ആശാനെ, ആ കുട്ടിക്ക് ജോർജി ദിമിത്രോവ്ന്ന് പേരിടണം. അവൻ ലോകനേതാവാകട്ടെ.'
ചെറുപുഷ്പം ആശുപത്രിയിൽ ഇരുനൂറ്റിയെട്ടാം നമ്പ്ര് മുറിയുടെ മുന്നിൽ ദിമിത്രിയുടെ അരികത്ത് ശിവരാമൻ കിടന്നുറങ്ങുന്നു. ദിമിത്രി അവനെ തട്ടി വിളിച്ചു. പരിഭ്രമിച്ചു കൊണ്ടാണ് അവൻ എഴുന്നേറ്റത്.
"എന്ത്യേ ദിമിത്രി?'
ദിമിത്രി കുറച്ചു സമയം മിണ്ടാതിരുന്നു. പിന്നെ ചോദിച്ചു.
"കണ്ടൻകുട്ടി മുത്തപ്പൻ മരിക്കുമ്പൊ നിയ്യ് അടുത്തുണ്ടാർന്നോ?'
ശിവരാമൻ എഴുന്നേറ്റിരുന്ന് ഒരു ബീഡി കത്തിച്ചു.
"വെല്യച്ഛന് വയ്യാണ്ടായപ്പൊത്തൊട്ട് ഞാൻ അവടെണ്ടാർന്നു. ഒരു ഉച്ചനേരത്താണ് മരണപ്പെട്ടത്. ആളുക്കൊരു എരിപൊരി സഞ്ചാരം. അപ്പൊ ഞങ്ങള് ചന്ദനം അരച്ച് നെഞ്ഞത്ത് പെരട്ടി. കസ്തൂര്യാദി ഗുളിക ചാലിച്ചു കൊടുത്തു. പിന്നെ അങ്ങനെ കെടന്നു. അനക്കല്യാണ്ടായി.'
"കെടപ്പായപ്പൊത്തൊട്ട് വെല്യച്ചൻ എന്നോടു പറയണതാ നിന്നെ ഒന്നു കാണണംന്ന്. ഞാൻ വീട്ടില് വന്ന് പറഞ്ഞേർന്നു. നീ വന്നില്ല. മരിച്ച വിവരം ആപ്പീസിലിക്ക് ആളെ വിട്ട് അറിയിച്ചേർന്നു. അപ്പഴും നീ വന്നില്ല?'
ദിമിത്രി മിണ്ടാതിരുന്നു. ശിവരാമൻ ചോദിച്ചു.
"കാലെത്യായി വെല്യച്ചൻ മരിച്ചട്ട്. നീയെന്തിനാ ഈ നട്ടപ്പാതിരക്ക് എണീറ്റിട്ട് ഇപ്പൊ അത് അന്വേഷിക്കണ്?'
ദിമിത്രി ചോദിച്ചു:
"മരിച്ചപ്പൊ അയാള് കാണാൻ വന്നേർന്നോ?'
"ആര്?'
കെ. എന്ന എഴുത്തുകാരൻ?'
ശിവരാമന് ആ ചോദ്യം ശരിക്കു മനസ്സിലായില്ല. ദിമിത്രി പിന്നെ വിശദീകരിച്ചുമില്ല.
(തുടരും)