ചിത്രീകരണം: ഇ.മീര

ചുവന്ന ലായനി

പന്ത്രണ്ട്: ചുവന്ന ലായനി

2018 ജൂലൈ മുപ്പതാം തീയതിയാണ് കാട്ടൂർക്കടവ് കച്ചേരി ബംഗ്ലാവിലേക്ക് വിജിലൻസ് സംഘം കടന്നു വന്നത്. അവർ നാലുപേർ ഉണ്ടായിരുന്നു. യൂനിഫോം ധരിച്ചിരുന്നില്ല. ഒരാൾ ഓഫീസറും മറ്റൊരാൾ അസിസ്റ്റന്റും ആയിരുന്നു. പിന്നെയുള്ളത് സാക്ഷികളായി വന്ന രണ്ട് സർക്കാർ ഉദ്യോഗസ്ഥന്മാരായിരുന്നു. അതിൽ ഒരാളുടെ മുഖത്ത് കൗതുകം പുരണ്ട സന്തോഷവും മറ്റേയാളുടെ മുഖത്ത് അസ്വസ്ഥതയും കണ്ടു.

ഓഫീസർ യൗവ്വനം കടന്നിട്ടില്ലാത്ത ആളായിരുന്നു. പക്ഷേ നല്ല കഷണ്ടിയുണ്ട്. മെലിഞ്ഞു ദൃഢമായ ശരീരം. സാധാരണ പോലീസ് ഓഫീസർമാർക്കുള്ളതുപോലെ വലിയ അധികാരഭാവമൊന്നും അയാൾ കാണിച്ചില്ല. മാത്രമല്ല സംസാരിക്കുമ്പോഴും ചോദ്യങ്ങൾ ചോദിക്കുമ്പോഴും അദ്ദേഹം ആരുടേയും മുഖത്തു നോക്കിയിരുന്നില്ല.
"എല്ലാവരും നല്ല ജോലിത്തിരക്കിലാണല്ലേ?' എന്ന് കീഴോട്ടു നോക്കിക്കൊണ്ടു തന്നെ അദ്ദേഹം ചോദിച്ചു. "ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കണം' ആൾ കൂട്ടിച്ചേർത്തു.

മാസത്തിന്റെ അവസാന ദിവസമായതുകൊണ്ട് അന്ന് ആപ്പീസിൽ പതിവുവിട്ട് തിരക്കുണ്ടായിരുന്നു. ആസ്ഥാന ആപ്പീസുകളിലേക്ക് നിരവധി സ്റ്റേറ്റുമെന്റുകൾ തയ്യാറാക്കി അയക്കണം. എ, ബി, സി, ഡി എന്നിങ്ങനെ എച്ച് വരെ അക്കൗണ്ട് ബുക്കുകളുണ്ട്. പലയിനം രസീതുകളും. അവയെല്ലാം പതിവുകൾ ചേർത്ത് സർട്ടിഫിക്കറ്റെഴുതി ക്ലോസ് ചെയ്യണം. പ്രമാണങ്ങൾ റിക്കാർട്ടാക്കാനെത്തിയവരും പകർപ്പ് അപേക്ഷകരും അന്നു കൂടുതലുണ്ടായിരുന്നു.

ആ ദിവസത്തിന്റെ മറ്റൊരു വിശേഷമായി വേണമെങ്കിൽ പറയാവുന്നത് കെ. എന്ന എഴുത്തുകാരൻ തിരുവനന്തപുരത്തെ തന്റെ സർക്കാർ പദവിയിൽ നിന്നു വിരമിച്ചു എന്നതാണ്. രണ്ട് സംഗതികൾക്കും തമ്മിൽ ബന്ധമൊന്നുമില്ല. ഒരു ദിവസം തന്നെ, അല്ലെങ്കിൽ ഒരു മണിക്കൂറിൽ, ഒരു നിമിഷത്തിൽ ലോകത്ത് എന്തെല്ലാം കാര്യങ്ങൾ നടക്കുന്നു. സംഭവങ്ങളെ ഒന്നിനൊന്നുമായി ബന്ധിപ്പിക്കുന്നതിൽ അർത്ഥമില്ല. പക്ഷേ സംഭവങ്ങളുടെ ആകത്തുകയാണ് മനുഷ്യന്റെ സാമൂഹ്യജീവിതം എന്നു പറയാം.

ലാന്റ് റിക്കാർഡ് വകുപ്പിൽ തന്നെ ഉദ്യോഗസ്ഥനായിരുന്നു കെ. എന്നു എന്നു സൂചിപ്പിച്ചിരുന്നുവല്ലോ. അദ്ദേഹം അവിടെ സർക്കാർ ചിട്ടി പരിശോധകൻ എന്നൊരു തസ്തികയിലായിരുന്നു ജോലി ചെയ്തിരുന്നത്. അക്കാലത്ത് ചില കോടതിവ്യവഹരങ്ങൾ മൂലം സംസ്ഥാന സർക്കാരിൽ ചിട്ടികൾ രജിസ്റ്റർ ചെയ്യുന്നത് നിലച്ചിരുന്നു. അതുകൊണ്ട് കെ.ക്ക് കാര്യമായ ജോലിയുണ്ടായിരുന്നില്ല. മാസാന്ത്യത്തിൽ കുറേ NIL സ്റ്റേറ്റുമെൻറുകൾ തയ്യാറാക്കി അയക്കുക, തനിക്കും ശിപായിക്കുമുള്ള ശമ്പളബില്ലുകൾ എഴുതുക, പ്രതിമാസ കോൺഫറൻസുകളിൽ പങ്കെടുക്കുക എന്നതായിരുന്നു പ്രവൃത്തികൾ. ആപ്പീസുകെട്ടിടത്തിലെ വരാന്തയോട് ചേർന്ന് ഒരു ചെറുമുറിയും ബോർഡും അയാൾക്ക് അനുവദിച്ചിരുന്നു. ആ മുറി ഒട്ടുമിക്ക സമയങ്ങളിലും പൂട്ടിക്കിടക്കുന്നുണ്ടാവും. ഓഫീസർ ടൂറിലാണെന്നാണ് പറയുക. എവിടെ അലഞ്ഞു നടക്കുന്നു എന്ന് ആരും അന്വേഷിക്കില്ലല്ലോ. അവിടെ നിന്നാണ് അദ്ദേഹം പിന്നീട് സർക്കാരിന്റെ കൾച്ചറൽ അഡ്വൈസറി കൗൺസിലിന്റെ ഡയറക്ടറായി തിരുവനന്തപുരത്തേക്ക് പോയത്.

വിരമിക്കുന്ന ദിവസം കെ. ഫേസ്ബുക്കിൽ ഒരു പ്രാവിന്റെ പടം പോസ്റ്റു ചെയ്തു. കറുത്ത പശ്ചാത്തലത്തിൽ ചിറകടിച്ചു പറക്കുന്ന ഒരു വെളുത്ത പ്രാവ്. തന്റെ സ്വാതന്ത്ര്യത്തെ പ്രഖ്യാപിക്കാനാണത്രെ അങ്ങനെ ചെയ്തത്. അതിനുള്ള അടിക്കുറിപ്പായി അദ്ദേഹം എഴുതി:
""സാമാന്യം നീണ്ടുപോയ എന്റെ ഔദ്യോഗിക ജീവിതം അവസാനിക്കുകയാണ്. പ്രൈമറിസ്കൂൾ അധ്യാപകനായി അതു തുടങ്ങി. സർക്കാരാപ്പീസുകളിൽ ഇരുന്നു നരകിച്ചു. അവസാനം ഭരണസിരാകേന്ദ്രത്തിൽ എത്തി. ഇവിടെയും മരവിപ്പിനപ്പുറം ഒന്നുമില്ല. ചാൾസ് ലാംബിനെ ഉദ്ധരിച്ച് എം.ടി. പറയാറുണ്ടല്ലോ, ഇരിക്കുന്ന കസേര മനുഷ്യനെ ഉണങ്ങിയ മരമാക്കുന്നതിനെക്കുറിച്ച്. ശരിക്കും വിറകായി മാറിയിരിക്കുന്നു. ഇനി ഇരിഞ്ഞാലക്കുട റൂറൽ ജില്ലാട്രഷറിയുടെ മുന്നിലെ ക്യൂവിൽ വെച്ചു കാണാം. പെൻഷൻ വാങ്ങിച്ച ശേഷം ആൽത്തറക്കലെ കൊച്ചു ഗോവിന്ദൻ നായരുടെ ഹോട്ടലിൽ നിന്ന് ഒരു വടയും ചായയും കഴിക്കാം.''

ആ പോസ്റ്റിനടിയിൽ ആദ്യത്തെ കമന്റായി ഡി.കാട്ടൂർക്കടവ് എഴുതി:
""താങ്കൾക്ക് കാത്തുനിൽക്കാൻ വേണ്ടി തൃശൂരിൽ അഴിക്കോടൻ മന്ദിരത്തിന്റെ മുറ്റം അടിച്ചുവാരി വെടിപ്പാക്കി ഇട്ടിട്ടുണ്ട്.''

കാലത്ത് പതിനൊന്നു മണിക്കാണ് വിജിലൻസ് സംഘം കച്ചേരി ബംഗ്ലാവിലേക്ക് കയറി വന്നത്. ഗേറ്റിനടുത്ത് ജീപ്പു നിറുത്തി ഓഫീസർമാർ ഏതാണ്ട് ഓടിത്തന്നെയാണ് ആപ്പീസിനകത്തേക്ക് കടന്നത്. സാക്ഷികളായ ഉദ്യോഗസ്ഥന്മാർ മെല്ലെ നടന്നു. ഓടുന്നതും കയറുന്നതുമൊന്നും ദിമിത്രി ശ്രദ്ധിച്ചിരുന്നില്ല. അയാൾ ചിരപുരാതനമായ ഒരു റിക്കാർഡ് വാല്യം മുന്നിൽ വെച്ച് അതിൽ നിന്നുള്ള വിവരങ്ങൾ എഴുതിയെടുക്കുകയായിരുന്നു. വിജിലൻസ് ഓഫീസർ മുന്നിൽ വന്നു നിന്ന് തന്റെ ഐഡന്റിറ്റി കാർഡ് നീട്ടി. കാർഡ് വായിക്കുന്നതിനു പകരം ദിമിത്രി തലയുയർത്തി അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കി.
അദ്ദേഹം പറഞ്ഞു: ""വിജിലൻസ് റെയിഡാണ്. സഹകരിക്കണം. താങ്കൾ കസേരയിൽ നിന്ന് എഴുന്നേറ്റ് മാറി നിൽക്കണം.''
ദിമിത്രി എഴുന്നേറ്റു. അത്ര പെട്ടെന്ന് അയാൾക്ക് അവിടെന്ന് മാറുവാൻ പറ്റുന്ന ചുറ്റുപാടായിരുന്നില്ല. കടലാസുകെട്ടുകളും അട്ടിയിട്ട റിക്കാർഡു ബുക്കുകളുമായിരുന്നു പരിസരത്ത്. പിന്നെ വഴിതടഞ്ഞ് കാലൊടിഞ്ഞ കുറേ കസേരകളും ബഞ്ചുകളും. അവയ്ക്ക് മേൽ കയറ്റി വെച്ച പൊടിപിടിച്ച പഴയ ഫയലുകളും.

വിജിലൻസ് ഓഫീസർ കസേര കയ്യേറി നടപടികൾ തുടങ്ങി. അദ്ദേഹം ചോദിച്ചു:""നിങ്ങളുടെ പേര് ജോർജ്, അല്ലേ?'' ""ജോർജി ദിമിത്രോവ്.''""ഏതു സഭക്കാരനാണ്. ആർ.സി. ആണോ?'' ഓഫീസർ ശബ്ദം താഴ്ത്തി ചോദിച്ചു.
ആദ്യം ദിമിത്രിക്കു മനസ്സിലായില്ല. പിന്നെ മറുപടി പറഞ്ഞു:""ഞാൻ ക്രിസ്ത്യാനിയല്ല.''
ഓഫീസർ അയാളെ സൂക്ഷിച്ചു നോക്കി.

ചുറ്റുമുള്ള അന്തരീക്ഷം പാടെ മാറുന്ന പോലെ ദിമിത്രിക്കു തോന്നി. എല്ലാവരും പലയിടങ്ങളിൽ നിന്ന് അയാളെ നോക്കുകയാണ്. പക്ഷേ മുഖങ്ങളെല്ലാം മാറിയിരിക്കുന്നു. അഥവാ എല്ലാവർക്കും മുഖം നഷ്ടപ്പെട്ടിരിക്കുന്നു. ചുറ്റുമുള്ള അലമാരകൾ, മേശകൾ, കടലാസുകെട്ടുകൾ. എല്ലാം കാഴ്ചയിൽ അകന്നകന്നു പോകുന്നു. അന്തരീക്ഷത്തിന് അപരിചിതമായ നിറവും ഗന്ധവും കൈവന്നു.
ദിമിത്രി ഒരു ബഞ്ചിന്റെ ഒഴിഞ്ഞു കണ്ട വക്കത്ത് ഇരുന്നു.

മൂന്നാമത് ഒരു വിശേഷംകൂടി ആ ദിവസത്തിന് ഉണ്ടായിരുന്നു. അച്ഛന്റെ മരണത്തെ തുടർന്ന് ഡയിംഗ് ഹാർനെസ്സിൽ ദിമിത്രി ജോലിയിൽ ചേർന്നിട്ട് മുപ്പതു വർഷം തികയുകയായിരുന്നു. രണ്ടു വർഷമായി അയാൾ കാട്ടൂർക്കടവ് കച്ചേരി ബംഗ്ലാവിൽ വന്നിട്ട്. വന്ന ദിവസം മുതൽ ആപ്പീസുമുറിയുടെ തെക്കുപടിഞ്ഞാറെ മൂലയിൽ ഒരു മരക്കസേരയിൽ സാമാന്യം വലുപ്പമുള്ള ഒരു മേശയെ അവലംബമാക്കി കുനിഞ്ഞിരുന്ന് എഴുതുകയാണ്. തിരച്ചിലും പകർത്തലും എന്നു പറയും. സ്കാൻ ചെയ്യാൻ കഴിയാത്ത ചിരപുരാതനമായ റിക്കാർഡുബുക്കുകളിൽ നിന്നാണ് പകർത്തുന്നത്. പകർത്തി തീരുന്ന മുറക്ക് ശിപായി ബുക്കുകൾ തൊട്ടരികത്തെ ബഞ്ചിൽ കൊണ്ടുവന്നു വെക്കും.

ദ്രവിച്ചു തുടങ്ങിയിരുന്ന പടുകൂറ്റൻ ബയന്റ് ബുക്കുകളിൽ നിന്ന് വാലൻ മൂട്ടകളും വെള്ളപ്പാറ്റകളും തലയുയർത്തി നോക്കും. ക്ലർക്കുമാരും ഇത്തരം പ്രാണികളും തമ്മിൽ ജന്മാന്തര ബന്ധമുണ്ട്.. കണ്ണുരുട്ടി നോക്കുന്ന ആ ജീവികളോട് മാത്രമാണ് ദിമിത്രി മനസ്സുകൊണ്ടെങ്കിലും സംസാരിക്കുക പതിവുള്ളത്.""ജീവിതമൊക്കെ എങ്ങനെ പോകുന്നു?'' എന്നായിരുന്നു അയാളുടെ ചോദ്യം.
വികാരലേശമില്ലാതെ പെരുമാറാനും ആശയവിനിമയം നടത്താനും ഈ പ്രാണികൾക്ക് കെൽപ്പുണ്ട്. അവർ അലസമായി മറുപടി പറയും:""ഓ, ഒരുവിധം.''

പിന്നെ അവസംസാരിക്കാൻ തുടങ്ങും:""നിങ്ങളെന്തിനാണ് ഇടക്കിടക്ക് ഞങ്ങളുടെ സ്വൈര്യജീവിതത്തിൽ കടന്നു കയറി അലോസരമുണ്ടാക്കുന്നത്? തോൽബയന്റിട്ട ഈ വക ബുക്കുകൾ ഞങ്ങളുടെ പാർപ്പിടമാണ് എന്നറിഞ്ഞുകൂടേ? എന്തൊരു കഷ്ടമാണ്. പതിനായിരക്കണക്കിന് തലമുറകളായി ഞങ്ങൾ ഇവിടെ പാർത്തുവരുന്നു. ഞങ്ങളെ കുടിയൊഴിപ്പിക്കാൻ ആരാണ് നിങ്ങൾക്ക് അധികാരം തന്നിട്ടുള്ളത്? ഞങ്ങൾ സ്വതന്ത്രരാണ് എന്ന കാര്യം മനസ്സിലാക്കണം. നിങ്ങളുടെ സർക്കാരിലും നിയമങ്ങളിലും പൗരത്വത്തിലുമൊന്നും ഞങ്ങൾ വിശ്വസിക്കുന്നില്ല."

ഒരു വാലൻമൂട്ടയാണ്. ഒന്ന് വളഞ്ഞ് കൊമ്പുകൾ ആട്ടി വാൽവളച്ച് ഒരു ചോദ്യചിഹ്നം പോലെ നിൽക്കുകയാണത്. ദിമിത്രി തെല്ലു രൂക്ഷമായ ഭാഷയിൽ മറുപടി പറഞ്ഞു:""നിങ്ങൾ വാലൻ മൂട്ടകൾ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. നിങ്ങൾ മാത്രമല്ല; പഴുതാരയും തേരട്ടയും വഴുവഴുപ്പൻ അട്ടകളും. ഒരുപാട് രേഖകളെ മുൻനിർത്തിയുള്ളതാണ് ഞങ്ങളുടെ ജീവിതം. അതാണ് അതിന്റെ മഹത്വം. കോടിക്കണക്കിന് ടൺ കടലാസുകൾ ഞങ്ങൾക്ക് സൂക്ഷിക്കേണ്ടതുണ്ട്. ശരീരം എന്നൊരു വ്യവസ്ഥ മാത്രമുള്ള തികച്ചും അരാജകവാദികളായ നിങ്ങൾക്കത് മനസ്സിലാവില്ല. നിയമരേഖകൾ മാത്രമല്ല; വൈദ്യം, തത്വശാസ്ത്രം സാഹിത്യം, വരവുചിലവു കണക്കുകൾ അങ്ങനെ പലതുമുണ്ട്. അതിന്റെയൊക്കെ മുകളിലാണ് നിങ്ങൾ പാർപ്പിടമുറപ്പിച്ചിരിക്കുന്നത്. നിങ്ങൾക്ക് ഞങ്ങളുടെ നിയമങ്ങളിൽ അറിവുണ്ടാവണമെന്നില്ല. പക്ഷേ അറിവില്ല എന്നത് ഒരു ഒഴിവുകഴിവല്ല.''

വാലൻ മൂട്ട ശരീരം കുടഞ്ഞു പൊട്ടിച്ചിരിച്ചു. അതു പറഞ്ഞു:""മണ്ടത്തരം പറയാതിരിക്കൂ സുഹൃത്തേ. ഞങ്ങൾക്ക് ഞങ്ങളുടെ നിയമങ്ങളുണ്ട്. വാലൻ മൂട്ടകൾക്കുള്ളത്ര സമൂഹ്യബോധവും വ്യവസ്ഥയും നിയമങ്ങളും എന്തായാലും മനുഷ്യർക്കില്ല. ഞങ്ങൾക്കത് എഴുതിവെക്കേണ്ട കാര്യമില്ലെന്നു മാത്രം. എല്ലാം ഞങ്ങളുടെ രക്തത്തിലും മാംസത്തിലുമുണ്ട്. നിയമമുണ്ടാക്കി കുറേ കടലാസുകളിൽ എഴുതിക്കൂട്ടി അട്ടിയിട്ടു സൂക്ഷിച്ചിട്ടു കാര്യമില്ല. നിങ്ങൾ എഴുതിവെച്ചിരിക്കുന്ന അബദ്ധങ്ങൾ ഞങ്ങളേപ്പോലെ പരിശോധിച്ചവരും വ്യാഖ്യാനിച്ചവരും വേറെയില്ല.''

പിന്നിലെ രേഖാസൂക്ഷിപ്പുമുറിക്കകത്താണ് ആയിരക്കണക്കിന് ബുക്കുകളിലായി പ്രാണിസഞ്ചയം താവളമുറപ്പിച്ചിരിക്കുന്നത്. അവിടത്തെ ഇരുട്ടിലേക്ക് വല്ലപ്പോഴും പോകുന്ന ഒരാൾ ശിപായി രാമഭദ്രൻ ആണ്. അവിടെ എത്തുമ്പോൾ ചില വിചിത്ര ശബ്ദങ്ങൾ കേൾക്കാനാവുമെന്ന് അവൻ പറയുന്നു. ചിലപ്പോൾ ഒരു സ്ത്രീ തേങ്ങുന്നതായി കേൾക്കുമത്രെ. അതൊന്നും ശരിയാവണമെന്നില്ല. ഏതു സ്ത്രീയാണ് അവിടേക്ക് തേങ്ങാൻ വരുന്നത്? തട്ടിനു മുകളിൽ മരപ്പട്ടികൾ ഉണ്ട്. ആൾപ്പെരുമാറ്റം ഉണ്ടാവുമ്പോൾ അവ അസ്വസ്ഥരാവുകയും മൂത്രമൊഴിക്കുകയും ചെയ്യും. രൂക്ഷമായ ഗന്ധമാണ് അതിന്. ചില ബുക്കുകൾക്ക് ആ ഗന്ധമുണ്ടായിരിക്കും.

രാമഭദ്രൻ കാൽപ്പനികനാണ്. കുറച്ച് കവിതയും സാഹിത്യവും ഉണ്ട്. ഭദ്രൻ കോട്ടിലപ്പാറ എന്നാണ് തൂലികാനാമം. താൻ കുത്തിക്കുറിച്ച ചില രചനകൾ ഡിപ്പാർട്ടുമെന്റിലെ ഉദ്യോഗസ്ഥൻ കൂടിയായ കെ. എന്ന എഴുത്തുകാരനെ കാണിക്കാൻ അവൻ ശ്രമിച്ചിട്ടുണ്ട്. അതൊരു ദുരനുഭവമായിരുന്നു. ആദ്യഘട്ടത്തിൽ വലിയ സ്വീകരണമാണത്രെ രാമഭദ്രന് കെ.യുടെ വീട്ടിൽ നിന്ന് ലഭിച്ചത്. തോളിൽ കൈവെച്ചു കൊണ്ടാണ് അദ്ദേഹം അവനെ സ്വീകരണമുറിയിലേക്ക് കൂട്ടിയത്.""ആരാ ഈ വന്നേക്കണ്? നമ്മടെ ഭദ്രനല്ലേ? കോട്ടിലപ്പാറ കർത്താക്കന്മാരുടെ രക്തമല്ലേ ഈ സിരകളിലൂടെ ഒഴുകുന്നത്?''

സംസാരിക്കുന്നതിനിടയിൽ കാപ്പി കൊടുത്തു. രാമഭദ്രൻ കൊണ്ടുചെന്ന കയ്യെഴുത്തുപ്രതി വലിയ താൽപ്പര്യത്തോടെ വാങ്ങിവെച്ചു.""ഇത് ഞാൻ വേഗം തന്നെ വായിക്കും. എന്നട്ട് ഞാൻ ഭദ്രനെ ഫോണിൽ വിളിക്കാം.''
പക്ഷേ വിളി ഉണ്ടായില്ല. അങ്ങോട്ട് അന്വേഷിക്കുമ്പോഴൊക്കെ "കുറച്ചൊരു തെരക്കു വന്നുപെട്ടു', "ഇനി വൈകില്ല', "ദാ, രണ്ടുദിവസത്തിനിടക്ക്', "മറ്റന്നാൾ ഒറപ്പ്' എന്നെല്ലാം പറയും. വർഷം രണ്ടു പിന്നിട്ടു. ആ കയ്യെഴുത്തുപ്രതി ഇതുവരെ ഭദ്രന് അദ്ദേഹം മടക്കി കൊടുത്തിട്ടില്ല. പിന്നീടൊരിക്കൽ അന്വേഷിച്ചു ചെന്നപ്പോൾ തണുപ്പൻ മട്ടിലായിരുന്നു സ്വീകരണം. അദ്ദേഹം പറഞ്ഞു:""അത് എവെട്യാ വെച്ചേക്കണന്ന് ഇനിക്കൊരു രൂപോല്യ രാമഭദ്രാ.''

അദ്ദേഹം എഴുന്നേറ്റ് അലമാരയിലും കൂട്ടിയിട്ട പുസ്തകങ്ങൾക്കിടയിലും തെരയാൻ തുടങ്ങി. എന്നിട്ടു പറഞ്ഞു:""ഭദ്രൻ അടുത്താഴ്ച വരൂ. കണ്ടില്ലേ, ഇവിടത്തെ ഒരു അലങ്കോലം? ഒക്കെക്കൂടി കൊഴമറിഞ്ഞ് കെടക്ക്വാണ്. തിരുവനന്തപുരത്തിക്ക് കൊണ്ടുപോയ കടലാസുകളില് അത് പെട്ടുട്ടുണ്ടോന്ന് ഒരു സംശയം. നാളെ ഞാൻ അവടക്ക് പോണുണ്ട്. എന്തായാലും ഒരാഴ്ചക്കകത്ത് ഞാൻ അത് കണ്ടെത്തും. അത് വായിച്ചിട്ട് ഒരു കുറിപ്പെഴുതി പത്രക്കാർക്ക് കൊടുക്കണംന്നുണ്ട്. "ഇരുണ്ട രേഖാസൂഷിപ്പ് മുറിക്കകത്തു നിന്ന് ഒരു കവീന്ന്' പറഞ്ഞട്ട് അവരുക്കൊരു ഐറ്റം ചെയ്യാലോ.''

സത്യത്തിൽ കെ. എന്ന എഴുത്തുകാരനേക്കാൾ വിദ്യാഭ്യാസമുള്ളയാളാണ് രാമഭദ്രൻ. മലയാളസാഹിത്യം എം.എ. വരെ പഠിച്ചിട്ടുണ്ട്. സാംസ്കാരിക പാരമ്പര്യവും ഉണ്ട്. ഭദ്രന്റെ അച്ഛൻ ചങ്ങരംകോത ക്യഷ്ണൻ കർത്താവിന്റെ കുടുംബാംഗമാണ്. ഓരോ ജന്മനിയോഗം എന്നു പറയില്ലേ? തന്റെ ഫസ്റ്റ് ക്ലാസ് എം.എ. സർട്ടിഫിക്കറ്റ് പെട്ടിയിൽ വെച്ച് സർക്കാരാപ്പീസിൽ ശിപായിപ്പണി എടുക്കാനായി ഭദ്രന്റെ നിയോഗം.

ലാസ്റ്റ് ഗ്രേഡ് സെർവെന്റായി ജോയിൻ ചെയ്ത ശേഷം സ്കൂൾ അധ്യാപകന്റെ അപ്പോയിൻമെന്റ് ഓർഡർ രാമഭദ്രനു കിട്ടിയിരുന്നു. അധ്യാപകനാവണമെന്ന് അവൻ ഒരുപാട് ആഗ്രഹിച്ചതാണ്. പക്ഷേ മനസ്സ് വേറെ വഴിക്കു തിരിഞ്ഞു. ചില ചിന്തകൾ മനുഷ്യനെ എങ്ങോട്ടാണ് കൊണ്ടുപോവുക എന്നു പറയാനാവില്ല.

സ്കൂളിൽ ജോയിൻ ചെയ്യുന്നതിനു മുമ്പ് വെറുതെ ഒന്നു കണക്കുകൂട്ടി നോക്കി. സ്കൂളിൽ കിട്ടാൻ പോകുന്ന ശമ്പളം; ശിപായി എന്ന നിലക്ക് റിക്കാർഡാപ്പീസിൽ കിട്ടിക്കൊണ്ടിരിക്കുന്ന ശമ്പളം, അധികം ദിവസേന കിട്ടിക്കൊണ്ടിരിക്കുന്ന സാമാന്യം ഭേദപ്പെട്ട കൈമടക്ക്; ഗുണം ഇരുപത്തിയഞ്ച്. ഒരു നിലക്കും അടുത്തു വരുന്നതായി ഭദ്രനു തോന്നിയില്ല. അതിനകം ചേർന്നു കഴിഞ്ഞ ചിട്ടികളും എടുത്ത ലോണുകളും മുടങ്ങുന്ന അവസ്ഥ വരാൻ അവൻ ആഗ്രഹിച്ചില്ല. ആപ്പീസിൽ തന്നെ തുടർന്നു. അവൻ പറഞ്ഞു:""അന്നത്തെ പൊട്ടബുദ്ധിക്ക് ഇനിക്ക് അങ്ങനെ തോന്നിപ്പോയി. തലേലെഴുത്ത് മാച്ചാ പൂവില്ലല്ലാ. സർക്കാരും പി.എസ്.സീം കൂടി വിചാരിച്ചാലും അതു മായില്ല. ഇനി ഈ പ്രേതകുടീരം തന്നെ നമ്മടെ ലാവണം.''

ഒരു റിക്കാർഡ് ഓഫീസർ, ഒരു ഹെഡ് ഗുമസ്തൻ, രണ്ട് ഗുമസ്തന്മാരും ഒരു ശിപായിയും അടങ്ങിയതാണ് കച്ചേരി ബംഗ്ലാവിലെ സ്റ്റാഫ്. പിന്നെ രണ്ട് സ്ഥിരം സാക്ഷികൾ ഉണ്ട്. അവർ പക്ഷേ അകത്തല്ല പുറത്താണ് ഇരിക്കുക. ഇറയത്ത് തെക്കേ തൂണിൽ ചാരി അടിമക്കണ്ണും വടക്കേ തൂണിൽ ചാരി കൊച്ചുനായരും ഇരിക്കും. അടിമക്കണ്ണ് നൂലുപോലെ മെലിഞ്ഞിട്ടാണ്. താങ്ങാനാവാത്ത വിധം വലിയ ശരീരവും കൊണ്ടാണ് കൊച്ചുനായർ ഇരിക്കുന്നത്. നിൽക്കുമ്പോഴെല്ലാം അദ്ദേഹം കിതക്കും. ഒട്ടും ഔദ്യോഗികമായതല്ല സ്ഥിരം സാക്ഷി പദവികൾ. മാത്രമല്ല, അത് നിയവിരുദ്ധവുമാണ്. പക്ഷേ നിയമത്തിനപ്പുറത്തായി അവർ ഇരിക്കുന്നു.

റിക്കാർഡാക്കാനായി പ്രമാണം ഹാജരാക്കുന്നയാളെ തനിക്ക് നേരിൽ അറിയാം എന്ന് രണ്ടുപേർ ഹാജരായി സാക്ഷി എഴുതി ഒപ്പിടേണ്ടതുണ്ട്. ആളെ തിരിച്ചറിയിക്കൽ എന്നാണ് പറയുക. റിക്കാർഡ് നടപടിയുടെ സാധുത മുഖ്യമായും ഈ സാക്ഷിമൊഴിയുടെ പിൻബലത്തിലാണ്. മറ്റൊരു തെളിവ് കക്ഷി ആധാരത്തിലും തംപ് ഇംപ്രക്ഷൻ റജിസ്റ്ററിലുമായി രേഖപ്പെടുത്തുന്ന കൈവിരൽ പതിപ്പ്. അതിനുവേണ്ടി മഷിയും അതു പുരട്ടിവെക്കാനുള്ള ഒരു ലോഹത്തട്ടും അവിടെ ഉണ്ടായിരിക്കും.

സ്ഥലപേരും വീട്ടുപേരും പേരും രക്ഷകർത്താവിന്റെ പേരും തൊഴിലും എഴുതി ഒപ്പിടാനുള്ള സാക്ഷരതയാണ് ഒരു സ്ഥിരം സാക്ഷിയുടെ യോഗ്യത. കാട്ടൂർക്കടവ് അംശം ദേശം കിഴക്കേ ചെറുക്കിൽ കൊച്ചുനായർ (ഒപ്പ്) സുന്ദരിയമ്മ മകൻ എഴുപത്തിനാല് കൃഷി; ടി.ദേശം ടി.അംശം തിരുനെൽവേലിക്കാരൻ അടിമക്കണ്ണ് (ഒപ്പ്) സുൽത്താൻ മകൻ അറുപത്തി ഒമ്പത്, കച്ചവടം എന്നാണ് എഴുത്ത്. ഓരോ ഒപ്പിനും പത്തോ ഇരുപതോ അതിലപ്പുറമോ കൈമടക്ക് കിട്ടും.
ഒട്ടുമിക്ക സ്ഥിരസാക്ഷികൾക്കും കൃഷി അല്ലെങ്കിൽ കച്ചവടം ആയിരിക്കും തൊഴിൽ. കൊച്ചുനായർ കൃഷി എന്നതിനു പകരം കിർഷി എന്ന് എഴുതും. സാക്ഷിപ്പണി കഴിഞ്ഞുള്ള സമയങ്ങളിൽ ഇരുവരും ആപ്പീസിൽ അത്യാവശ്യം സഹായങ്ങൾ ചെയ്തു കൊടുക്കും. ഗുമസ്തന്മാർക്ക് ചായയും സിഗരറ്റും വാങ്ങിക്കൊടുക്കുക സാധാരണമാണ്. റിക്കാർഡ് ആപ്പീസറുടെ വീട് അടുത്താണെങ്കിൽ ഉച്ചനേരത്തെ ഭക്ഷണം എത്തിച്ചു കൊടുക്കും. അത്തരം സേവനങ്ങൾക്ക് പ്രത്യേകം പ്രതിഫലമൊന്നുമില്ല. പതിവിൽ കവിഞ്ഞ് വരുമാനമുള്ള ദിവസങ്ങളിൽ വൈകുന്നേരത്തെ പങ്കുവെപ്പിൽ എന്തെങ്കിലും കിട്ടിയാലായി. അത്രമാത്രം.

ആപ്പീസിൽ റെയ്ഡ് നടക്കുന്നതിന് രണ്ടുദിവസം മുമ്പ് കൊച്ചുനായർ ദിമിത്രിയുടെ അടുത്തു വന്നിരുന്നു. മേശക്കു മുന്നിൽ തന്റെ തേഞ്ഞ പല്ലുകൾ കാണിച്ചു ചിരിച്ചു കൊണ്ട് അയാൾ നിന്നു. വയർ നിറഞ്ഞ വായുവിനെ ഒരുവിധം മെരുക്കി വായിലൂടെ ശബ്ദമുണ്ടാക്കി പുറത്ത് വിട്ട് അയാൾ പറഞ്ഞു:""ഒമ്പതാംകുഴിക്ക് ഒരു ശത്രൂണ്ട്. സൂക്ഷിച്ചിരിക്കണം.''

ദിമിത്രി അയാളെ ഗൗനിച്ചില്ല. ഇങ്ങനെ അർത്ഥമില്ലാത്ത ചില ശൈലീവാക്യങ്ങൾ അയാൾ ഇടക്കു വന്നു പ്രയോഗിക്കാറുണ്ട്. പണം ചോദിക്കുന്നതിനുള്ള മുഖവുരയാണത്. തന്റെ അസാമാന്യമായി തടിച്ച ശരീരത്തെ പരിപാലിക്കാൻ കൊച്ചുനായർക്ക് ഇടക്കിടെ ഭക്ഷണം കഴിക്കണം. കച്ചേരിക്കു മുന്നിൽ രണ്ട് കടകളാണുള്ളത്. ഒന്ന് കൊങ്ങിണിയുടെ കാപ്പിക്ലബ്ബ്. അവിടെ ദോശയും വടയും ഉണ്ടാവും. തൊട്ടു തന്നെ ഇസ്ലാമിയ്യ ഹോട്ടൽ. പെറോട്ടയും മട്ടൻ ചാപ്സുമാണ് പ്രധാനം. ഉച്ചനേരത്ത് വിഭവങ്ങളുടെ മണം വരുമ്പോൾ കൊച്ചുനായർക്ക് ഇരിക്കപ്പൊറുതിയുണ്ടാവില്ല.

സ്ഥിരസാക്ഷി എന്നതിനു പുറമേ കാട്ടൂർക്കടവിലെ പ്രധാനപ്പെട്ട പ്രമാണമെഴുത്തുകാരൻ നികുഞ്ജത്തിൻ മാധവമേനോന്റെ ആശ്രിതൻ എന്ന ചുമതല കൂടി കൊച്ചുനായർക്കുണ്ട്. അതിന്റെ ഭാഗമായി ആപ്പീസിനകത്ത് കുറച്ചൊരു അധികാരം അയാൾ പുലർത്തിയിരുന്നു. മാധവമേനോന്റെ വരവും പോക്കുമെല്ലാം കൃത്യമായി അറിയുന്ന ആളാണ്. മേനോൻ വരുമ്പോൾ നായർ പിന്നിൽ ഓച്ഛാനിച്ച് നടന്ന് അവിടെ ഒരു ഫ്യൂഡൽ അന്തരീക്ഷമുണ്ടാക്കും.

കൊച്ചുനായർ ദിമിത്രിക്ക് കൊടുത്ത താക്കീത് സത്യമായിരുന്നു. ഒമ്പതാം കുഴിയിലെ ശത്രു ഒരുങ്ങുന്നുണ്ടായിരുന്നു. മാധവമേനോന്റെ സ്ക്രൈബ് സുഗുണനാണ് വിജിലൻസിന് പരാതി നൽകിയത്. റെയ്ഡിനിടയിൽ വിജിലൻസ് ആപ്പീസർ ആ പരാതി വായിച്ചു കേൾപ്പിച്ചു.""ബഹുമാനപ്പെട്ട തൃശൂർ വിജിലൻസ് ഡി.വൈ.എസ്.പി. മുമ്പാകെ മുകുന്ദപുരം താലൂക്ക് കാട്ടൂർക്കടവ് വില്ലേജിൽ തളിയിൽ സുഭദ്രാമ്മ മകൻ സ്ക്രൈബ് സുഗുണൻ എന്ന സുഗുണൻ നായർ ബോധിപ്പിക്കുന്ന പരാതി എന്തെന്നാൽ ..........''

പ്രമാണപ്പകർപ്പ് എഴുതിക്കൊടുക്കാൻ ദിമിത്രി തന്നോട് ആയിരം രൂപ ആവശ്യപ്പെട്ടു എന്നായിരുന്നു സുഗുണന്റെ പരാതി. "കൈക്കൂലിയായി ആയിരം രൂപ ആവശ്യപ്പെട്ടുവെന്നും മുൻകൂറായി അഞ്ഞൂറു രൂപ കൈപ്പറ്റിയെന്നും ബാക്കി തുക ആവശ്യപ്പെട്ടുവെന്നും' എഴുതിയിരുന്നു. ജോർജി ദിമിത്രോവ് എന്ന ഈ ഉപരിമണ്ഡല ഗുമസ്തൻ സ്വതവേ തന്നെ വലിയ അഴിമതിക്കാരനാണെന്നും പൊതുജനങ്ങളോടും ആവശ്യങ്ങൾക്കായി ആപ്പീസിൽ എത്തുന്നവരോടും അപമര്യാദയായി പെരുമാറുന്ന ആളാണെന്നും, കൃത്യനിഷ്ടയോ സേവനമനസ്ഥിതിയോ ഇല്ലെന്നും അതിൽ വിവരിച്ചിരുന്നു.

""പരാതിയിൽ പറയുന്ന കാര്യങ്ങൾ നിങ്ങൾ സമ്മതിക്കുന്നുണ്ടോ?'' വിജിലൻസ് ഓഫീസർ ദിമിത്രിയോട് ചോദിച്ചു.
ദിമിത്രി ഓഫീസറെ മിഴിച്ചു നോക്കി. അയാൾ വേറേതോ ലോകത്തായിരുന്നു. ആപ്പീസർ തെല്ലുറക്കെ വീണ്ടും ചോദിച്ചു:""സമ്മതിക്കുന്നുണ്ടോ?''""കുറ്റം സമ്മതിക്കുന്നുണ്ടോന്ന്?''
അടുത്തു നിന്ന് ആരോ വിശദീകരിച്ചു.""ഇല്ല.'' ദിമിത്രി പറഞ്ഞു.

മറ്റു പ്രമാണമെഴുത്തുകാരേപ്പോലെ കൂടെക്കൂടെ റിക്കാർഡ് കച്ചേരികളിൽ കയറി വരുന്ന ആളല്ല നികുഞ്ജത്തിൽ മാധവമേനോൻ. അദ്ദേഹത്തിന്റെ നരച്ച കുറ്റിത്തല ആപ്പീസിൽ മിന്നിക്കണ്ടാൽ ഒരു കാര്യം ഉറപ്പിക്കാം. ഏതോ ഒരു കനപ്പെട്ട പ്രമാണം റിക്കാർട്ടാക്കാനായി എത്തുന്നുണ്ട്. അദ്ദേഹത്തെ കാണുമ്പോൾ തന്നെ ഉദ്യോഗസ്ഥരുടെ മുഖം പ്രകാശിക്കുകയും വായിൽ വെള്ളം തെളിയുകയും ചെയ്യും. വലിയ ബഹുമാനം അവർ പ്രകടിപ്പിക്കും.

സാധാരണ ദിവസങ്ങളിൽ പ്രമാണങ്ങൾ കൊണ്ടുവരുന്നത് സുഗുണനാണ്.""ചീളുകേസാണ് സാറെ.''
പ്രമാണം കൊടുക്കുമ്പോൾ തന്നെ സുഗുണൻ പറയും.
പത്തു സെന്റ് കുടിയിരുപ്പ് തീറെഴുതുന്നതോ, മരണപത്രമോ, ധന നിശ്ചയമോ, ഒഴിമുറിയോ, മുക്ത്യാറോ മറ്റോ ആയിരിക്കും അത്. അതിനെല്ലാം ചുരുക്കിയ മാമൂൽ നിരക്കുകളാണുള്ളത്. പണയാധാരമാണെങ്കിൽ റിക്കാർട്ടാക്കി പുറത്തെഴുത്ത് കഴിഞ്ഞ് അന്നേക്കന്ന് മടക്കിക്കൊടുത്താൻ എന്തെങ്കിലും ചില്ലറ അധികം കിട്ടും.

കക്ഷികൾക്ക് വേണ്ടി പ്രമാണം ഹാജരാക്കി ഫീസു പതിപ്പിച്ച് റിക്കാർട്ടാക്കി കഴിഞ്ഞാൽ സുഗുണൻ ഗുമസ്തന്മാരുടെ അരികിലേക്കു ചെല്ലും. ഓരോ പ്രമാണത്തിലും അതിൽ ചേർത്ത വിൽപ്പന സംഖ്യയുടെ തോതനുസരിച്ചാണ് ആപ്പീസർക്കും ശിപായിക്കും ഗുമസ്തന്മാർക്കുമുള്ള മാമൂൽ കൈമടക്ക് സംഖ്യ. ഓരോ സീറ്റിനും അടുത്തുചെന്ന് എന്തെങ്കിലും ഒരു നാട്ടുവിശേഷമോ തമാശയോ പങ്കുവെച്ച ശേഷം "ഞാനൊന്നുമറിഞ്ഞില്ല രാമനാരായണാ' എന്ന ഭാവത്തിൽ തുറന്നു വെച്ച മേശകളിൽ പണം നിക്ഷേപിച്ച് അവൻ പോകും.

റെയ്ഡ് നടന്ന ദിവസം കാലത്തും അവൻ പതിവുപോലെ ദിമിത്രിയുടെ മേശക്ക് അടുത്തു ചെന്നിരുന്നു. ദിമിത്രി അവനോട് ചിരിക്കുകയോ സംസാരിക്കുകയോ പതിവില്ല. അവനും സംസാരം പതിവില്ല. പക്ഷേ അന്ന് അവൻ സംസാരിച്ചു. ദിമിത്രിക്ക് നല്ല ഓർമ്മയുണ്ട്. കാനോലി കനാലിനെപ്പറ്റിയായിരുന്നു അത്.""മ്മടെ കനാല് വ്യത്തിയാക്കാൻ പോണൂന്ന് കേക്കണുണ്ടല്ലോ സാറെ. വീതി കൂട്ടുംത്രെ. ദേശീയജലപാതയാക്ക്വാണ്. പഴേ കാലത്തെപ്പോലെ ഇബടെ ബോട്ട് അടുക്ക്വോ? അങ്ങന്യാച്ചാല് അങ്ങാടീം ചന്തേം ഒന്നു തെളിയും.''
ദിമിത്രി മറുപടി പറഞ്ഞില്ല. പക്ഷേ രാമഭദ്രൻ അതിൽ ഇടപെട്ടു.""അതിന് ഇക്കാലത്ത് ആരാണ് ബോട്ടില് കേറാൻ പോണത്. പണ്ട് കുഞ്ഞിക്കുട്ടൻ തമ്പുരാൻ കൊടുങ്ങല്ലൂരുന്ന് വഞ്ചീല് ഇവടെ വന്നെറങ്ങീട്ട് ഇരിഞ്ഞാലക്കുട വരെ കാളവണ്ടീല് പോയ കഥ അമ്മാമൻ പറഞ്ഞ് കേട്ടട്ടുണ്ട്. ഇപ്പൊ ബോട്ടെറക്ക്യാല് വല്ല സായിപ്പന്മാരും വര്വേരിക്കും.''

പിന്നീട് ദിമിത്രി ഓർത്തു: പതിവുപോലെ സുഗുണൻ പണം തുറന്നു വെച്ചിരുന്ന മേശവലിപ്പിൽ നിക്ഷേപിക്കുകയല്ല ഉണ്ടായത്. പകരം അത് മേശപ്പുറത്തു വെച്ചു. താൻ അതെടുത്തു പോക്കറ്റിൽ വെച്ചു.
മഹസ്സർ എഴുതുന്നതിനിടയിൽ വിജിലൻസ് ഓഫീസർ ദിമിത്രിയോട് സ്വകാര്യമായി ചോദിച്ചു.""ചോദിച്ചു വാങ്ങിക്കണോ? അല്ലാണ്ട് തന്നെ വേണ്ടത് കിട്ടണുണ്ടല്ലോ.''
ദിമിത്രി മൗനം പാലിച്ചു.
ഓഫീസർ വീണ്ടും ചോദിച്ചു:""ഒരു ദിവസം ആവറേജ് എന്തു കിട്ടും?''
ദിമിത്രി അപ്പോഴും നിശബ്ദനായി ഇരുന്നു.""രേഖപ്പെടുത്താനൊന്നും അല്ല.'' ഓഫീസർ പറഞ്ഞു.""അറിയാൻ വേണ്ടി വെറുതെ ചോദിക്കണതാണ്. ആൾക്കാര് സന്തോഷായിട്ട് എന്തെങ്കിലും തന്നാൽ അത് വാങ്ങിക്കണേല് വെല്യ കുറ്റൊന്നും ഞാൻ കാണണില്ല. അത്യാവശ്യൊക്കെ ഞങ്ങളും മേടിക്കാറുണ്ട്. പക്ഷേ സൂക്ഷിക്കണം. അതാണ് പ്രധാന കാര്യം. ആരേം വെറുപ്പിക്കാൻ പാടില്ല. ഇങ്ങനെ ഒരു അവസ്ഥയിൽ എത്താൻ പാടില്ല.''

അസിസ്റ്റന്റ് ഓഫീസർ അന്നേരം രാസപരിശോധനക്കുള്ള ലായനി തയ്യാറാക്കുകയായിരുന്നു. എത്ര ശ്രദ്ധിച്ചും സാവധാനവുമാണ് അദ്ദേഹം അതു ചെയ്യുന്നതെന്ന് ദിമിത്രി നോക്കി കണ്ടു. ദ്രാവകത്തിൽ സ്പൂൺ കൊണ്ട് വെളുത്ത പൊടി അൽപ്പാപ്പമായി കലർത്തുന്നു. സിറാമിക് പാത്രമായിരുന്നു അത്. പാത്രത്തിന്റെ അസാമാന്യമായ വെളുപ്പ് ദിമിത്രിയുടെ കണ്ണുകളെ അസ്വാസ്ഥ്യപ്പെടുത്തി. നേരത്തെ തുറന്നു വെച്ചിരുന്ന ദ്രവിച്ച റിക്കാർഡ് വാല്യത്തിനു സമീപത്തായാണ് അദ്ദേഹം അത് കൊണ്ടുവെച്ചത്. ആ സമയം ഒരു വാലൻമൂട്ട ബുക്കിൽ നിന്നു പുറത്തുവന്നു. തലയുയർത്തി കണ്ണുകൾ ഉരുട്ടി എന്താണ് നടക്കുന്നതെന്ന് നിരീക്ഷിച്ചു.

""കൈകൾ ഈ പാത്രത്തിൽ താഴ്ത്തൂ.''
വിജിലൻസ് ഓഫീസർ ആജ്ഞാപിച്ചു.
കയ്യിൽ പുരണ്ട ഫിനോഫ്ത്തലിൻ പൗഡർ കലർന്ന് സോഡിയം കാർബണേറ്റ് ലായനി എതാണ്ട് ചുവന്നു. പിങ്കു നിറം. ദിമിത്രി തന്റെ വിരലുകളിലേക്കു നോക്കി. അവയും ചുവന്നിരുന്നു. ദാരികന്റെ കളം വരക്കുന്ന ശിവരാമന്റെ കൈകളാണ് അവനപ്പോൾ ഓർമ്മ വന്നത്. ▮

(തുടരും)


അശോകൻ ചരുവിൽ

കഥാകൃത്ത്, നോവലിസ്റ്റ്. സാംസ്​കാരിക പ്രവർത്തകൻ. 2018 മുതൽ പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി. സൂര്യകാന്തികളുടെ നഗരം, അശോകൻ ചരുവിലിന്റെ കഥകൾ, ആമസോൺ, ജലജീവിതം, മരിച്ചവരുടെ കടൽ, കങ്കാരുനൃത്തം, കാട്ടൂർ കടവ്​ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

Comments