ചിത്രീകരണം : ഇ. മീര

കാട്ടൂർക്കടവ് 2018

18: കറപ്പയ്യാ സ്വാമി

1928ലാണ് കറുപ്പയ്യ നാരായണഗുരുവിനെ കാണാൻ പാലക്കാട്ടേക്കു പോയത്. ഗുരുവുമായുള്ള അദ്ദേഹത്തിന്റെ അവസാനത്തെ കൂടിക്കാഴ്ചയായിരുന്നു അത്.
ആ വർഷം സെപ്തമ്പറിൽ ഗുരു ലോകവാസം വെടിഞ്ഞുവല്ലോ.
മേയ് മാസത്തിലായിരിക്കണം കറുപ്പയ്യയുടെ യാത്ര. കാരണം തീവണ്ടിയിൽ കോൺഗ്രസ്സിന്റെ പയ്യന്നൂർ സമ്മേളനം കഴിഞ്ഞ് മടങ്ങുന്ന വളണ്ടിയർമാർ ഉണ്ടായിരുന്നതായും കറുപ്പയ്യ അവരുമായി സംഭാഷണത്തിൽ ഏർപ്പെട്ടതായി കേട്ടറിവുണ്ട്. ജവഹർലാൽ നെഹ്രുവിനെ കണ്ടതിന്റെയും പ്രസംഗം കേട്ടതിന്റെയും ആവേശത്തിൽ മതിമറന്നിരിക്കുകയായിരുന്നു വളണ്ടിയർമാർ.

‘സ്വാതന്ത്ര്യപ്രമേയം മാധവൻ നായർ വെടുപ്പായിട്ട് അവതരിപ്പിച്ചു. പൂർണ്ണസ്വരാജാണ് ലക്ഷ്യം. ചെലോരിക്ക് അതങ്ങട് ബോധിച്ചില്ല. നടക്കാത്ത കാര്യാന്ന് അവര് പറഞ്ഞു. അപ്പൊ കേളപ്പൻ എണിറ്റു. നാട്ടില് പോയിട്ട് നന്നായിട്ട് പണീടുക്കണം. കൃഷിക്കാരെ സംഘടിപ്പിക്കണം. ലഡൂം ജിലേബീം തിന്ന് ഇരിക്കാന്ന്ച്ചട്ട് ആരും കോൺഗ്രസ്സില് വരണ്ടാന്നു പറഞ്ഞു അദ്ദേഹം’; ഒരാൾ പറഞ്ഞു.
അതുകേട്ട് കറുപ്പയ്യ ചിരിച്ചു.

‘കവിസമ്മേളനത്തില് ഒരു യുവാവുണ്ടാർന്നു. ഒരു കരിങ്കുട്ടി. പേര് കുഞ്ഞിരാമന്നായര്. നാലപ്പാടനേക്കാളും വള്ളത്തോളിനേക്കാളും എനിക്കു ഗംഭീരായി തോന്നിയത് അയാൾടെ കാവ്യമാണ്’; ഒരു വളണ്ടിയർ പറഞ്ഞു.

‘വിദ്വാൻ പി. കേളുനായരുടെ ഗാനാലാപത്തെ നിങ്ങളൊന്നു സ്മരിപ്പിൻ കൂട്ടരേ.'
മറ്റൊരാൾ പറഞ്ഞു.

എതിർവശത്തിരുന്ന ഒരു കോൺഗ്രസ്സ് വളണ്ടിയർ കറുപ്പയ്യയോടു ചോദിച്ചു:
‘അങ്ങയെക്കണ്ടിട്ട് ഒരു ബഹുമാന്യനാണെന്നു തോന്നുന്നു. അങ്ങ് എവിടേക്കു പോകുന്നു?'
‘പാലക്കാട്ടേക്ക്’; കറുപ്പയ്യ പറഞ്ഞു.
‘അവിടെ ഡോക്ടർ കൃഷ്ണന്റെ വസതിയിൽ നാരായണഗുരുസ്വാമി വിശ്രമിക്കുന്നുണ്ട്. അദ്ദേഹത്തെ ചെന്നു കാണണം.'
‘ഓ, തീയ്യരുടെ ആ ഗുരു; അല്ലേ? അദ്ദേഹം ഇപ്പോൾ വളരെ പ്രശസ്തനായിരിക്കുകയാണല്ലോ. വൈക്കത്ത് ചെന്നു മഹാത്മജി അദ്ദേഹത്തെ സന്ദർശിച്ചു, അല്ലേ? ആട്ടെ താങ്കൾ തീയ്യസമുദായക്കാരനാണോ?'
കറുപ്പയ്യ ഒന്നു പുഞ്ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല.

യുവാവ് തുടർന്നു:
‘തീയ്യരൊക്കെ ഇപ്പോൾ സിലോണിൽ പോയി സമ്പാദിച്ച് ധനാഡ്യന്മാരായിരിക്കുകയാണ്. ഞങ്ങളുടെ ചിറ്റൂരിൽ കേളൻ എന്ന ഒരു തീയ്യൻ വന്ന് പതിനഞ്ചേക്കർ തെങ്ങിൻതോപ്പു വാങ്ങിച്ചു. കള്ളുചെത്താനാണത്രെ. ഇനി നാട്ടിൽ ആൾക്കാരൊക്കെ കള്ളിലാവും കുളിക്കുക’; യുവാവ് പൊട്ടിച്ചിരിച്ചു.

പിന്നെ വളണ്ടിയർമാർ തീവണ്ടിമുറിയിലിരുന്ന് ഗാനങ്ങൾ ആലപിക്കാൻ തുടങ്ങി. കയ്യിലുണ്ടായിരുന്ന ചെറിയ വാദ്യോപകരണങ്ങളും പോരാഞ്ഞ് ചില പാത്രങ്ങളും താളത്തിനായി അവർ ഉപയോഗിച്ചു.‘സ്മരിപ്പിൻ ഭാരതീയരെ നമിപ്പിൻ മാതൃഭൂമിയെ മുലപ്പാൽ തന്നൊരമ്മയെ എന്നാളും! ഹാ മറക്കാമോ.'

അന്തരീക്ഷം ആകെ ബഹളമയമായിരുന്നു.
മറ്റൊരിടത്ത് കയ്യടി മുഴങ്ങി.
മെലിഞ്ഞ ഒരു യുവാവ് താൻ നെഹ്രുവാണ് എന്ന് അവകാശപ്പെട്ടു നിന്ന് ഹിന്ദിയിൽ പ്രസംഗിക്കുകയാണ്. തോളിൽ മടക്കിയ ഷാൾ ഇട്ട ഒരാൾ അടുത്തു നിന്ന് അത് മലയാളത്തിലേക്കു വിവർത്തനം ചെയ്യുന്നു.
‘മാന്യരേ, ദേശാഭിമാനികളേ,
മലബാറിലെ പയ്യന്നൂർ എന്ന ഈ ദേശത്തെ ഞാൻ അഭിവാദ്യം ചെയ്യുന്നു. ഈ ദേശത്തിന്റെ നാമം ഇന്ന് ചരിത്രത്തിൽ തങ്കലിപികൾ കൊണ്ട് രേഖപ്പെടുത്തപ്പെടും. മാതൃഭൂമിയുടെ പൂർണ്ണസ്വാതന്ത്ര്യത്തിനായുള്ള പാഞ്ചജന്യം ഇന്നിവിടെ മുഴങ്ങുകയാണ്.’

‘പൂർണസ്വരാജിനു വേണ്ടി നാം ശബ്ദമുയർത്തുമ്പോൾ അതിന് നമ്മൾ തികച്ചും അർഹരാവേണ്ടതുണ്ട്. ഇന്ന് നമ്മെ മുറുകെ പിടിച്ചിരിക്കുന്ന ദോഷകരമായ സമ്പ്രദായങ്ങളെ നാം ത്യജിക്കണം. മനുഷ്യനെ മനുഷ്യനിൽ നിന്നകറ്റുന്ന എല്ലാവിധ സാമൂഹ്യ അനാചാരങ്ങളെയും തൊട്ടുകൂടായ്മ മുതലായ കൊടും കുറ്റങ്ങളെയും നാം ത്യജിക്കണം. തൊഴിലാളികളോട് മുതലാളിമാരും കൃഷിക്കാരോട് ജന്മിമാരും അനുഷ്ഠിക്കുന്ന ചുഷണത്തെ എതിർത്ത് പരാജയപ്പെടുത്തണം. പാശ്ചാത്യരാജ്യക്കാരിൽ നിന്ന് പ്രകൃതിശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിവ നമുക്ക് പഠിക്കാനുണ്ട്. എന്നാൽ അകറ്റി നിർത്തേണ്ടതായ അനേകം സംഗതികൾ അവർക്കിടയിലുണ്ട്. നിങ്ങൾ വിചാരത്തിൽ വിപ്ലവകാരികളായി തീരുവിൻ. ഏതൊരു കാര്യത്തേയും വിമർശനബുദ്ധിയോടെ വീക്ഷിക്കുവിൻ. യുക്തിക്കും ബുദ്ധിക്കും സമ്മതമല്ലാത്ത കാര്യങ്ങൾ സ്വീകരിക്കാതിരിക്കുവിൻ. എല്ലാവർക്കും സ്വാതന്ത്ര്യവും സമസൗകര്യങ്ങളും നൽകുന്ന ഒരു സാമൂഹ്യവ്യവസ്ഥ രൂപീകരിക്കുക എന്നതാവണം നമ്മുടെ ലക്ഷ്യം.
ഉത്സാഹപൂർവ്വം മുന്നോട്ടു പോവുക.
ഇൻക്വിലാബ് സിന്ദാബാദ്.'

വീണ്ടും കയ്യടി മുഴങ്ങി.
കറുപ്പയ്യയുടെ ഭൃത്യൻ ചാമി തന്റെ മഞ്ഞപ്പല്ലുകൾ കാണിച്ച് പൊട്ടിച്ചിരിച്ച് ഉച്ചത്തിൽ കയ്യടിച്ചു.

നേരം പ്രഭാതമായിരുന്നു. ഭാരതപ്പുഴയുടെ മണൽപ്പരപ്പ് വെളിച്ചത്തിൽ തിളങ്ങിക്കണ്ടു. കറുപ്പയ്യ വീണ്ടും വിചാരങ്ങളിൽ മുഴുകി. എന്താണ് പൂർണ സ്വാതന്ത്ര്യം? എങ്ങനെയൊക്കെയാണ് രാജ്യവും സമൂഹവും മനുഷ്യനും സ്വാതന്ത്ര്യം കൈവരിക്കുന്നത്? പട്ടിണി കിടന്ന് വഴിയിൽ വീണ് പുഴുവരിച്ച് ചാവുന്നവർക്ക് സ്വാതന്ത്ര്യം എന്താണ്? വഴി നടക്കാനോ വിദ്യ അഭ്യസിക്കാനോ ക്ഷേത്രത്തിൽ പോകാനോ അവകാശമില്ലാത്ത ജനകോടികൾ. പകൽവെളിച്ചത്തിൽ പ്രത്യക്ഷപ്പെടാൻ അനുവാദമില്ലാത്ത മറ്റൊരു കൂട്ടർ. പാലക്കാട്ട് ചെല്ലുമ്പോൾ ഗുരുവിനോട് ചോദിക്കേണ്ട അസംഖ്യം ചോദ്യങ്ങളിൽ ഒന്നുകൂടി അദ്ദേഹം ഉൾപ്പെടുത്തി.

‘തണ്ടാരെ, മ്മള് കഞ്ഞി കുടിക്കാറാവുമ്പഴക്കും അങ്ങടെത്ത്വോ?'
ചാമി ചോദിച്ചു.
ഗുരുവിനുള്ള കാഴ്ചകൾ നിറച്ച ചാക്കുകെട്ടുകളുമായി വണ്ടിയിൽ നിലത്ത് ചമ്രം പടിഞ്ഞ് ഇരിക്കുകയാണ് അവൻ.
കറുപ്പയ്യ മൂളി.

പാലക്കാട്ടേക്കുള്ള ആ യാത്രയും അതിനുള്ള ഒരുക്കവും പുല്ലാനിക്കാട്ടെ വെല്യമ്മക്ക് കേട്ടറിവാണ്. ഒരുക്കം എന്നു വെച്ചാൽ അതുപോലൊരു ഒരുക്കം വേറെയുണ്ടാവില്ല. ഗുരുവിനെ കാണാനാണ് പോകുന്നത്. എല്ലാം ശുദ്ധമായിരിക്കണം. അതിനുവേണ്ടി ചെയ്യുന്ന ഓരോ പ്രവർത്തിയും ധ്യാനമായി അന്നത്തെ കുടുംബാംഗങ്ങൾ കരുതി. വസ്ത്രങ്ങൾ കഴുകുന്നു. പലഹാരങ്ങൾ ഉണ്ടാക്കുന്നു. പച്ചക്കറികൾ ശേഖരിക്കുന്നു. ഉമിക്കരിയും ഈർക്കിലയും പൊതിഞ്ഞു കെട്ടുന്നു.

പിന്നീട് പുല്ലാനിക്കാട്ടെ കൊളംബ് ബംഗ്ലാവിലെ ഓരോ തലമുറയും ആ കഥകൾ കേട്ടാണ് വളർന്നത്. വല്യമ്മ ദിമിത്രിയോടു പറഞ്ഞു:
‘ബസ്സും കാറും ഒന്നും ഇല്ലാത്ത കാലാണ് അത്. കാളവണ്ടിയാണ് യാത്രാമാർഗ്ഗം. ചന്തക്കു പോയിവരാനും മില്ലിൽക്ക് നെല്ലു കൊണ്ടുവാനും ആയിട്ട് ഒരു ഒറ്റക്കാളവണ്ടിണ്ടാർന്നു. കോമ്പാറ പൈലീന്നൊള്ള ഒരാളാ അന്ന് വണ്ടി തെളിക്ക്യാ. എടോഴീക്കൂടീം പറമ്പുകളീക്കൂടീം അത് ചാഞ്ചാടി അങ്ങനെ പൂവും.'

വല്യമ്മയും ദിമിത്രിയും അപ്പോൾ ആറാട്ടുകടവിലേക്കുള്ള യാത്രയിലായിരുന്നു. ആറാട്ടുകടവ് കടൽത്തീരമാണ്. അവിടെയാണ് വല്യമ്മയുടെ പിതൃഭവനം ഉള്ളത്. സ്‌കൂൾ അവധിക്കാലമായിരുന്നു അത്. കാലത്ത് ഉണർന്നപ്പോൾത്തന്നെ അവർ ദിമിത്രിയോട് നിർദ്ദേശിച്ചു:
‘ഇന്നു കാലത്തെന്നെ നീ കുളിച്ചോളണം. നമ്മക്കൊരെടം വരെ പൂവ്വാനുണ്ട്.'

നീണ്ടയാത്രയാണ്. നടന്നു പോകണം. ബോട്ടുകടവ് അങ്ങാടിത്തെരുവിലൂടെ നടന്ന് പണ്ടകശാലകൾ പിന്നിട്ടാൽ പിന്നെ എട്ടുപടിപ്പാലം. അതു കയറിയിറങ്ങിയാൽ എടത്തിരുത്തി ദേശമാണ്. കർമ്മലനാഥ പള്ളിക്കരികിലൂടെ നടക്കണം. കുറേ ദൂരം ഇടവയലുകളാണ്. വെള്ളമൊഴുകുന്ന തോടുകൾ ഇറങ്ങി കടക്കണം. തണ്ണിച്ചിറ കോൾപടവുകൾ പോലെയല്ല. തോട്ടുവക്കത്തും വരമ്പുകളിലും മുള്ളുകളുളള വയൽച്ചുള്ളികളാണ്.
ചോലയിലറ എന്ന നാൽക്കൂട്ടക്കവലയുണ്ട്. അവിടന്നങ്ങോട്ട് മണലാണ്. വഴിയിൽ കാലു പൂഴ്ന്നു പോകും. വെളിമ്പറമ്പുകൾ. മണൽക്കുന്നുകൾ. ചുറ്റും കൈതകൾ തഴച്ചു നിൽക്കുന്ന ചെറുകുളങ്ങളുണ്ട്. പിന്നെ നിലംമുട്ടി പടർന്നു കിടക്കുന്ന പറങ്കിമാവുകൾ. മാവുകൾക്ക് കീഴെ കുറച്ചൊരു ഇരുട്ടും തണുപ്പും ഉണ്ടായിരുന്നു. മണൽക്കുന്നുകളിൽ അന്ന് രാമച്ചം കൃഷി ചെയ്തിരുന്നു. വെയിലിൽ നിന്ന് രക്ഷപ്പെടാനായി തലയിൽ തുണികെട്ടിയ പണിക്കാർ കുളങ്ങളിൽ നിന്ന് കുടംകൊണ്ട് വെള്ളമെടുത്ത് രാമച്ചത്തൈകൾക്ക് നനച്ചിരുന്നു. പറിച്ചെടുത്ത് ഉണക്കാനിട്ട രാമച്ചവേരുകൾ പരിസരത്ത് നേർത്ത സുഗന്ധം പരത്തി.

വഴിവക്കത്ത് ഓലകുത്തി മറച്ചുണ്ടാക്കിയ മാടക്കടകൾ ഉണ്ട്. അവിടെ മിഠായികളും ബിസ്‌ക്കറ്റും ചെറിയ ഭരണികളിൽ അച്ചാറും മുളകിട്ടു വറുത്ത ചെമ്മീനും വിൽപ്പനക്കു വെച്ചിരുന്നു. വിഷുക്കാലം അടുത്തതു കൊണ്ട് പടക്കം ഉണ്ട്. കുട്ടികൾ കശുവണ്ടി പെറുക്കിക്കൊണ്ടു കൊടുത്ത് പടക്കം വാങ്ങി പൊട്ടിച്ചു. വല്യമ്മ കുറേ വെണ്ണബിസ്‌ക്കറ്റുകൾ വാങ്ങി. ആ മാടക്കടയിൽ ഭാഗ്യപരീക്ഷണത്തിനുള്ള ഒരു മാന്ത്രികചതുരം ഉണ്ട്. രണ്ടുപൈസ കൊടുത്താൽ കിട്ടുന്ന ചെറിയ കവറിൽ നിങ്ങൾക്കുള്ള സമ്മാനത്തിന്റെ വിവരം ഉണ്ടായിരിക്കും. ഒരു സമ്മാനം ഉറപ്പാണ്. അത് ഒറ്റക്കുരു നിലക്കടല മുതൽ കൂളിംഗ് ഗ്ലാസ് വരെ ഏതെങ്കിലുമാവാം. സമ്മാനങ്ങൾ ബോർഡിൽ പ്രദർശിപ്പിച്ചിരുന്നു.

തന്റെ അച്ഛന്റെ വീട്ടിൽ വല്യമ്മ കുറച്ചുകാലം മാത്രമേ ചെലവഴിച്ചിട്ടുള്ളു. ചെറുപ്പത്തിൽ തന്നെ നല്ല കൗതുകം തോന്നിപ്പിക്കുന്ന കുട്ടിയായിരുന്നുവത്രെ അവർ. മെലിഞ്ഞ് നീളത്തിൽ. മുടി കഴുത്തിനു മുകളിൽ മുറിച്ച് ഫ്രോക്കിട്ട് മഹാത്മാഗാന്ധിയുടെ അരികിലിരിക്കുന്ന ഇന്ദിരാഗാന്ധിയെ അനുകരിച്ചുള്ള ഒരു ഫോട്ടോ അവരുടേതായിട്ട് ഉണ്ട്. നടക്കാൻ തുടങ്ങിയ കാലത്തു തന്നെ അവർ ആറാട്ടുകടവ് വിട്ട് പുല്ലാനിക്കാട്ടേക്കു വന്നു. അവരുടെ അമ്മയുടെ വീടാണത്. അമ്മയുടെ അമ്മക്ക് ആ കുട്ടിയെ പിരിഞ്ഞിരിക്കാൻ വിഷമം തോന്നിയതുകൊണ്ട് അവർ വന്ന് കൂട്ടിക്കൊണ്ടു പോയതാണ്. ബാല്യവും കൗമാരവും അമ്മമ്മയുടെ സംരക്ഷണയിൽ കഴിഞ്ഞു. അമ്മാവന്റെ മകൻ കരുണൻമാഷെ വിവാഹം ചെയ്തതു കൊണ്ട് പിന്നീടുള്ള ജീവിതവും അവിടെത്തന്നെയായി.
അവർ പറഞ്ഞു:

‘ചെറുപ്പത്തിലേ പറിച്ചുനട്ടു. എന്റെ ജീവിതം മുഴുവൻ അങ്ങനെ കാട്ടൂർക്കടവിലായി. കടലോരത്തു നിന്ന് കനാലോരത്തേക്ക്. എവിടെയായാലും അടുക്കളയും, കളപ്പുരയുമാണ് പെണ്ണിന്റെ ലോകം. എത്രകാലായി വെച്ചുവെളമ്പണു. ഒരു മകനുണ്ടായി എന്നതാണ് ആകെ ആശ്വാസം. അവന്റെ കല്യാണോം കുടുംബോം കാത്തിരിക്ക്യായിരുന്നു. അതൊന്നും ശരിയാവണ്ണംണ്ടായില്ല. ഇനീപ്പൊ അന്ത്യാവാറായില്ലേ?'

കറുപ്പയ്യാസ്വാമിയെ നേരിൽ കണ്ടതിന്റെ ചെറിയ ഓർമ മാത്രമേ വെല്യമ്മക്കുള്ളു. അക്കാലത്ത് അദ്ദേഹം വീടുവിട്ട് ദേശാന്തരം തുടങ്ങിയിരുന്നു. മുടിയും താടിയും വളർന്നു. സന്യാസിയാണോ എന്നു ചോദിച്ചാൽ അല്ല. ആരും അദ്ദേഹത്തെ അഭിഷേകം ചെയ്തിരുന്നില്ല. ഒരു സഭയിലും അദ്ദേഹം ഉണ്ടായിരുന്നില്ല. ആളുകൾ സ്വാമി എന്നു വിളിച്ചു പോന്നു. രാജ്യം മുഴുവൻ അദ്ദേഹം സഞ്ചരിച്ചു. പൊതുസത്രങ്ങളിലും ക്ഷേത്രമുറ്റങ്ങളിലുമാണ് കിടന്നിരുന്നത്.
എല്ലായ്‌പ്പോഴും അദ്ദേഹം ദുഃഖിതനായിരുന്നു.

തന്റെ നീണ്ട സഞ്ചാരപഥത്തിനിടക്ക് വല്ലപ്പോഴും അദ്ദേഹം പുല്ലാനിക്കാട്ടും എത്തിയിരുന്നു. അദ്ദേഹം പണികഴിപ്പിച്ച വീടാണത്. കുറച്ചുസമയം അവിടത്തെ തിണ്ണയിൽ ഇരിക്കും. ആരോടും സംസാരിക്കുകയില്ല. വെള്ളവും പഴവും കുറച്ച് തൃത്താവിന്റെ ഇലകളും മാത്രമേ അവിടന്നു ഭക്ഷിച്ചിരുന്നുള്ളു. കറുപ്പയ്യസ്വാമിക്ക് വെള്ളം കൊണ്ടു കൊടുക്കുവാൻ വല്യമ്മക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്.

‘ഞാൻ അന്ന് ചെറ്യേ കുട്ടി. ന്റെ അമ്മമ്മ നിർബന്ധിച്ചു. ഉമ്മറത്ത് പോയി പഴോം വെള്ളോം കൊടുക്കാൻ. കാൽക്കൽ നമസ്‌ക്കരിക്കാനും പറഞ്ഞു. ഇനിക്ക് പേട്യാർന്നു. പരിഭ്രമത്തിന്റെ എടേല് നമസ്‌ക്കരിക്കാൻ മറന്നു. സ്വാമി എന്നെ നോക്കി ചിരിച്ചു. വേദന തട്ടിയ ചിരിയാണ്.’
‘പിന്നെ ആലോചിച്ചപ്പൊ ഇനിക്ക് സങ്കടം വന്നു. ഇക്കാണായ സ്വത്തും പ്രതാപോം കെട്ടിപ്പടുത്ത ആളാണ്. ഇപ്പൊ ഒരു ധർമക്കാരന്റെ മാതിരി എറയത്ത് വന്ന് ഇരിക്കണ്.'

കറുപ്പയ്യസ്വാമി തിളങ്ങി നിന്ന ഭൂതകാലത്തെക്കുറിച്ച് വല്യമ്മക്ക് നല്ല അറിവുണ്ട്. മഹാപണ്ഡിതനും നാട്ടുപ്രമാണിയുമായിരുന്നു അദ്ദേഹം. സദാ ഉല്ലാസവാനും രസികനുമായിരുന്നു. കാട്ടൂർക്കടവ് ബോട്ടുബംഗ്ലാവിലെ പ്രമാണിമാരുടെ രാത്രിസൽക്കാരങ്ങളിൽ പങ്കെടുത്ത് കാവ്യം, കല, രാഷ്ട്രീയം എന്നീ വിഷയങ്ങൾ വിസ്തരിക്കുക പതിവുണ്ട്. അക്കാലത്ത് അദ്ദേഹം മദ്യവും മാംസാഹാരവും ഉപയോഗിച്ചിരുന്നു.
ചെറുപ്പത്തിൽ തന്നെ പഴനി, തൃശ്ശിനാപ്പിള്ളി, മണ്ഡപം വഴി കൊളംബിൽ പോയതാണ് കറുപ്പയ്യസ്വാമി. കറപ്പൻ എന്നാണ് ശരിക്കുള്ള പേര്. കൊളംബിലെ തമിഴ് വേലക്കാർ വിളിച്ച് അത് കറുപ്പയ്യാ എന്നായി.

വളരെ കഷ്ടപ്പെട്ട ഒരു വീട്ടുസാഹചര്യമായിരുന്നു അദ്ദേഹത്തിന് ചെറുപ്പകാലത്തുണ്ടായിരുന്നത്. കള്ളുചെത്തുകാരായിരുന്നു പൂർവ്വികർ. അവർ അക്കരെ മലബാറിൽ നിന്നും പുഴകടന്ന് കൊച്ചിരാജ്യത്തേക്ക് വന്നവരാണെന്ന് കരുതുന്നു. ലിട്ടൺ പ്രഭുവിന്റെ വാഴ്ചക്കാലത്ത് മദിരാശി പ്രൊവിൻസിൻ ഉണ്ടായ ഭീകരക്ഷാമത്തെ പേടിച്ച് ഓടിപ്പോന്നതാണ്. അക്കാലത്ത് മലബാറിൽ മദ്യനിരോധനം ഉണ്ടായിരുന്നു. തൊഴിലും നഷ്ടപ്പെട്ടു. നല്ല തഴച്ച തെങ്ങുകളുള്ള പുഴക്കര കണ്ടപ്പോൾ അവർ ഇവിടെ കുടികെട്ടിപ്പാർത്തു. പക്ഷേ കറുപ്പയ്യ ചെത്തുതൊഴിൽ സ്വീകരിച്ചില്ല. അദ്ദേഹം വെള്ളാനിക്കുന്നിൽ പോയി ചെങ്കല്ല് വെട്ടാൻ ചേർന്നു.

കുനിഞ്ഞുനിന്ന് ചെങ്കല്ലുവെട്ടിക്കൊണ്ടിരിക്കെയാണ് ആ വഴി പ്ലാക്കൽ തോമ, ചരുവിൽ വേലുക്കുട്ടി എന്നിവർ നടന്നു വരുന്നത് കണ്ടത്. രണ്ടുപേരും കറപ്പന്റെ സമപ്രായക്കാരാണ്. തോമ പോർക്കിനെ വളർത്തി വെട്ടി വിൽക്കുന്നു. വേലുക്കുട്ടി തന്റെ അച്ഛനൊപ്പം പുഴവക്കത്തെ അടക്കാമരത്തോട്ടങ്ങളിൽ കിളച്ചും നനച്ചും കഴിയുന്നു.

നടു ഒന്നു നിവർത്തി കറപ്പൻ ചോദിച്ചു: ‘എവെടെക്ക്യാണ്ടോ രണ്ടാളും കൂടീട്ട്?'

‘ഞങ്ങള് നാടുവിട്ടു പൂവ്വാണ്ടോ. ഇവടെ രണ്ടു പോർക്കിനേം കെട്ടിപ്പിടിച്ച് കെടന്നട്ട് ഒന്നും കിട്ടാൻല്ല്യ. ആരും ഇപ്പൊ എറച്ചി മേടിക്കണില്ല. മേടിക്കാൻ ആരടെ കയ്യിലാ കശൊള്ളത്?'; തോമ പറഞ്ഞു.

‘വയറു നെറച്ച് ചോറുണ്ട കാലം മറന്നു.'; വേലുക്കുട്ടി പറഞ്ഞു.

‘ന്നാ ഞാനും വരണു.'; ചെമ്മണ്ണു നിറഞ്ഞ പണിമുണ്ടോടെ കറപ്പൻ അവർക്കൊപ്പം നടന്നു.
തൃശ്ശിനാപ്പിള്ളിയിൽ ചെന്നിട്ടാണ് പിന്നെ മുണ്ടുമാറ്റുന്നത്. അവിടെ മൂന്നുപേരും ബീഡിപ്പണിയെടുത്തു. കുറഞ്ഞൊരു കാലമാണ് തൃശ്ശിനാപ്പിള്ളിയിൽ കഴിഞ്ഞതെങ്കിലും അവിടത്തെ ബീഡിപ്പണിക്കാരുടെ ഇടയിലിരിക്കുമ്പോഴാണ് കറപ്പന് മുന്നിലെ ലോകം തെളിഞ്ഞു കിട്ടിയത്. ആളൊന്നുക്ക് മൂന്നുറുപ്പികയായിരുന്നു അന്ന് കപ്പലിന്റെ ഡെക്കിൽ കൊളംബിലേക്കുള്ള യാത്രക്കൂലി. കപ്പലിൽ നിന്നുള്ള തോണിക്കൂലി ഇരുപത്തഞ്ച് സെന്റ് വേറെ കൊടുക്കണം. തുക ഒത്തുവന്നപ്പാൾ മൂന്നുപേരും തൂത്തുക്കുടിക്കു വണ്ടികയറി. അവിടെന്ന് കൊളംബിലേക്ക്.

ചെന്നിറങ്ങിയ കാലത്ത് സീപോർട്ടിൽ ചുമടെടുപ്പായിരുന്നു പണി. ഉപ്പുകുളത്ത് കോർട്ട് ബോം തെരുവിലെ ഒരു ഗുദാമിൽ നാൽപ്പതു പേർ തിങ്ങിനിറഞ്ഞ ഒരിടത്ത് താമസവും. ശ്വാസംവിടാൻ പറ്റില്ല. ഉറക്കവുമില്ല. പ്ലാക്കാട്ട് തോമ ക്ഷയം പിടിച്ചു മരിച്ചു.

ബർണാഡ് എന്ന ധ്വരയുടെ ഒപ്പം കൂടിയതാണ് കറപ്പന് രക്ഷയായത്. കപ്പലുകളിലെ എലക്ട്രിക് വേലകൾ കരാറെടുത്തു നടത്തുകയായിരുന്നു ബർണാർഡ്. പോർട്ടിലെ ഇംഗ്ലീഷുകാരുടെ പ്രിയപ്പെട്ടവനായി മാറി കറപ്പൻ. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വെച്ചടി കയറ്റം. വെള്ളവത്തയിലും അനുരാധപുരത്തും ഇലക്​ട്രിക്​ റിപ്പയർ വർക്കുകൾ. സ്വന്തം കമ്പനിയായി. പിന്നെ എക്‌സ്‌പോർട്ട് ബിസിനസ്. സമൂഹത്തിൽ പ്രധാനിയായി. ലേബർ പാർട്ടിയിൽ ചേർന്ന് മത്സരിച്ച് മുനിസിപ്പൽ കൗൺസിലറായി.

2018ൽ നാരായണഗുരുവിന്റെ പ്രഥമ സിലോൺ സന്ദർശനത്തിന്റെ മുന്നൊരുക്കങ്ങൾക്കായി ബോധാനന്ദസ്വാമികൾ കൊളംബിൽ വന്നു. അന്നദ്ദേഹം കറുപ്പയ്യയോടൊപ്പമാണ് താമസിച്ചത്. അവർ സിനമൺ ഗാർഡനിൽ പോയി ഗുരുവിന് താമസിക്കാൻ എർപ്പാട് ചെയ്ത ബംഗ്ലാവ് നോക്കിക്കണ്ടു. മണ്ഡപത്തു നിന്ന് തലൈമന്നാറിൽ ഇറങ്ങിയ ഗുരു തീവണ്ടിയിലാണ് കൊളംബിൽ വന്നത്. സത്യവ്രതസ്വാമികളും ചെറുവാരി ഗോവിന്ദനും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. മറുദാന സ്റ്റേഷനിൽ വലിയ സ്വീകരണം നൽകി.

ഗുരു കേരളത്തിലേക്കു മടങ്ങിയ ശേഷമാണ് കൊളംബോവിൽ ഗുരുമന്ദിരം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. പ്രിൻസ് ഓഫ് വെയിൻസ് അവന്യുവിൽ അതിനുള്ള സ്ഥലം വാങ്ങിച്ചു. സത്യവ്രതസ്വാമികൾ സിലോണിൽ തന്നെ തങ്ങിയിരുന്നു. സത്യവ്രതനുമായുള്ള ആത്മബന്ധമാണ് കറുപ്പയ്യയെ മറ്റൊരാളാക്കി മാറ്റിയതെന്ന് പറയുന്നുണ്ട്. പിന്നീട് നാട്ടിൽ ബോട്ടുബംഗ്ലാവിൽ നടന്ന ഒരു അത്താഴവിരുന്നു ചർച്ചയിൽ കറുപ്പയ്യ പറഞ്ഞു: ‘സ്വാമി സത്യവ്രതൻ ഒരു തീക്കനലാണ്.'

വിവാഹശേഷം മധുവിധുവിന് കരുണൻ മാഷ്‌ക്കൊപ്പം പുല്ലാനിക്കാട്ടെ വല്യമ്മ കൊളംബു സന്ദർശിച്ചിരുന്നു. അന്ന് കറുപ്പയ്യസ്വാമി സ്ഥാപിച്ച വ്യാപാരകേന്ദ്രങ്ങൾ കണ്ടു. കുതിരയെ പൂട്ടിയ ജഡ്ക്കാ വണ്ടികളിലായിരുന്നു അവിടത്തെ യാത്രകൾ. ചില സമയത്ത് കാറിലും. കരുണൻ മാഷ്ടെ അച്ഛൻ ടൈലർ കോരു എന്നവർ അന്നവിടെ റെഡിമേഡ് വസ്ത്രക്കമ്പനി നടത്തുന്നുണ്ട്. നൂറു നൂറ്റമ്പത് പേർ നിരന്നിരുന്നു തയ്ക്കുന്നു. സായിപ്പുമാർക്കുള്ള കോട്ടുകളുടെ എക്‌സ്‌പോർട്ടറായിരുന്നു കോരു.

വല്യമ്മ പറഞ്ഞു: ‘ഞാൻ ആദ്യായിട്ട് ഒരു മോട്ടോർ വണ്ടി കാണണ്ടതും കേറണതും അവടെ വെച്ചാണ്. റോട്ടില് എന്താ തെരക്ക്? കുതിരവണ്ടീം മോട്ടോറും കൂടീട്ടൊരു കലമ്പല്. നാനാജാതി ഭാഷ പറയണ ആൾക്കാരങ്ങനെ നെരത്ത് നെറഞ്ഞു നടക്കണു. കറുപ്പയ്യ വല്യച്ഛൻ താമസിച്ചേർന്ന ബംഗ്ലാവ് കണ്ടട്ട് ന്റെ കണ്ണു തള്ളിപ്പോയി കുട്ട്യേ. ശരിക്കും രാജകൊട്ടാരം തന്നെ. ഗേറ്റുമ്മല് പട്ടാളം കവലുണ്ട്. അപ്പൊ അതിന്റകത്ത് സിങ്കളരാ താമസിക്കണ്. ഈ സിങ്കളത്തികളുണ്ടല്ലാ. മനുഷ്യരെ പിടിച്ചു മയറ്റണ പെണ്ണുങ്ങളാണ്. അവരടെ കയ്യീപ്പെട്ടാല് പിന്നെ രക്ഷേല്യ. സ്വത്തും പ്രതാപോം ണ്ടാക്ക്യാല് മാത്രം പോര; അതുഭവിക്കാനും യോഗം വേണം.'

സത്യവ്രതസ്വാമികൾ മടങ്ങിയതിനു ശേഷം കറുപ്പയ്യ പിന്നെ അധികകാലം കൊളംബിൽ നിന്നില്ല. അവിടത്തെ ജീവിതം മടുത്തിരുന്നു. അവിടെ വെച്ച് ഒരു സിംഹള സ്ത്രീയെ വിവാഹം ചെയ്തിരുന്നുവെന്നും മക്കൾ ഉണ്ടായിരുന്നുവെന്നും കുടുംബകലഹം മൂലമാണ് നാട്ടിലേക്ക് മടങ്ങിയതെന്നും ഒരു ശ്രുതിയുണ്ട്.

നാട്ടിലെത്തി നാലഞ്ചു മാസങ്ങൾക്കിടക്ക് അദ്ദേഹത്തിന് ഒരു ദൂതൻ മുഖാന്തിരം ബോധാനന്ദസ്വാമികളുടെ സന്ദേശം ലഭിച്ചു. അത് ഇപ്രകാരമായിരുന്നു.
‘പ്രിയ മിത്രമേ, ഗുരുകടാക്ഷം കൊണ്ട് ക്ഷേമം തന്നെ എന്നു കരുതുന്നു. ഇപ്പോൾ ഇങ്ങനെ എഴുതാൻ സംഗതിയായത് താണിശ്ശേരി മുറിയിലെ മേനാത്ത് കുഞ്ഞികൃഷ്ണൻ എന്നയാളുടെ മരണാനന്തര ചടങ്ങുകൾ സംബന്ധിച്ചാണ്. അടിയന്തിര സദ്യയിൽ പങ്കെടുക്കുന്നതിലേക്കായി നാം 1095 തുലാം 27നു കാലത്ത് എട്ടു മണിക്ക് ചിറക്കലെ അവധൂതമഠത്തിൽ നിന്ന് പുറപ്പെടുന്നുണ്ട്. പുഴകടന്ന് വെള്ളാനിക്കുന്നിൽ എത്തുമ്പോൾ സമയം പത്തു മണി കഴിയും എന്നു കരുതുന്നു. ശങ്കരാനന്ദസ്വാമികളും മി.കെ.എസ്.പണിക്കനും മി.കോലോത്തും കാട്ടിൽ കേശവൻ മുതൽ പേരും എനിക്കൊപ്പം ഉണ്ടാകും. താങ്കൾ അവിടെ വന്ന് സന്ധിക്കണമെന്ന് താൽപ്പര്യപ്പെടുന്നു. ഉപേക്ഷ വിചാരിക്കരുത്.'

താണിശ്ശേരിയിലെ പ്രസിദ്ധമായ നായർ - ഈഴവ ബഹളമായിരുന്നു വിഷയം.
താഴ്ന്ന ജാതിക്കാരോട് അവരുടെ ആചാരങ്ങൾ ലഘൂകരിക്കണമെന്ന് നാരായണഗുരു നിർദ്ദേശിച്ചിരുന്നു. മരണം നടന്നാൽ പതിനാറു ദിവസം പുലയാചരിച്ച് വീട്ടുകാരും ബന്ധുക്കളും ഒത്തുകൂടിയിരിക്കുന്നത് ധനനഷ്ടത്തിനും കുടുംബത്തകർച്ചക്കും കാരണമാവുമെന്ന് അദ്ദേഹം പറഞ്ഞു. പുലയാചരണം പത്തുദിവസമായി ചുരുക്കാനായിരുന്നു നിർദ്ദേശം. പത്താംദിവസം പുലവീടലും ചെറിയൊരു സദ്യയും നടത്താം.

താണിശ്ശേരിയിലെ മേനാത്ത് കുഞ്ഞയ്യപ്പൻ എന്നയാൾ തന്റെ അച്ഛൻ മരിച്ചതിന്റെ പുലയടിയന്തിരം ഈ വിധം നടത്താൻ നിശ്ചയിച്ചു. ഇതേ തുടർന്നാണ് ബഹളം രൂപപ്പെട്ടത്. വിവരമറിഞ്ഞ് തരണനെല്ലൂർ തന്ത്രി ഇടപെട്ടു. പത്തുദിവസത്തെ പുലയാചരണം എന്നത് ബ്രാഹ്‌മണർക്കു മാത്രം വിധിച്ചിട്ടുള്ളതാണ്. അതാണ് ഒരു ഈഴവൻ നടത്തുന്നത്. സമീപപ്രദേശങ്ങളിലെ നായന്മാർ ഇളകി. അടിയന്തിരസദ്യയുടെ ദിവസം ഭേദപ്പെട്ട ഒരു സംഘട്ടനം തന്നെ നടന്നു. ഇരുഭാഗത്തുള്ളവർക്കും പരിക്കുപറ്റി. കയ്യിൽ കിട്ടിയവരെയൊക്കെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. നീണ്ടുനിന്ന കേസിനും വിചാരണക്കും സംഗതി കാരണമായി. കറുപ്പയ്യക്ക് ഒരു കൊല്ലത്തെ കഠിനതടവാണ് വിധിച്ചു കിട്ടിയത്.

ജയിലിൽ ചെന്നപ്പോൾ കല്ലുവെട്ടുന്ന പണിയാണ് കറുപ്പയ്യക്ക് കിട്ടിയത്. സ്വയം ഏറ്റെടുത്തത് എന്നു വേണമെങ്കിൽ പറയാം. എന്തൊക്കെ പണികൾ അറിയാം എന്നു വാർഡൻ ചോദിച്ചപ്പോൾ ചുമടെടുപ്പ്, കല്ലുവെട്ട്, എലക്​ട്രിക്​ വേല, പാചകം എന്നൊക്കെ അദ്ദേഹം പറഞ്ഞിരുന്നു. എല്ലാദിവസവും വാർഡൻ വന്ന് ജയിൽ വളപ്പിലെ നെല്ലിക്കുന്നിലേക്ക് എല്ലാവരേയും കൊണ്ടു പോകും. ഉച്ചവരെ പണിയുണ്ട്. കുനിഞ്ഞു നിന്ന് കല്ലുവെട്ടുന്നതിനിടയിൽ ഒന്നു നിവർന്നു നിന്ന് കറുപ്പയ്യ പൊട്ടിച്ചിരിച്ചു.

‘എന്താ കറപ്പാ ചിരിക്കണേ?'
പതിശ്ശേരി ചിന്നൻ നായർ ചോദിച്ചു.
ചിന്നൻ നായർ താണിശ്ശേരിക്കാരനാണ്.
നായരീഴവ ബഹളത്തിൽ എതിർഭാഗത്തുനിന്ന് പിടിച്ച് ശിക്ഷിക്കപ്പെട്ടയാളാണ് അദ്ദേഹം. ജയിലിൽ അവർ ഒരു സെല്ലിലാണ് കഴിഞ്ഞിരുന്നത്. പാൽക്കറവയും വാഴക്കൃഷിയുമായി കഷ്ടപ്പെട്ട് ജീവിച്ചിരുന്നയാളാണ് ചിന്നൻ നായർ. താൻ ജയിലിൽ കിടക്കുമ്പോൾ വീട്ടിൽ ഭാര്യയുടേയും കുട്ടികളുടേയും സ്ഥിതിയോർത്ത് അദ്ദേഹം സദാ വ്യാകുലനായിരുന്നു. കറുപ്പയ്യ അദ്ദേഹത്തെ സഹായിച്ചു. ഓണത്തിനു മുമ്പ് പത്തു പറ നെല്ല് നായരുടെ വീട്ടിലെത്തിക്കാൻ താമിയെ ഏർപ്പാടാക്കി.

നായർ വീണ്ടും ചോദിച്ചു:
‘തനിക്ക് വല്ല നിധീം കിട്ട്യോ കറപ്പാ? എന്തിനാ നിന്നു ചിരിക്കണേ?'

‘അല്ലടോ നായരെ. ഞാനുങ്ങനെ ഓരോന്ന് ആലോചിക്ക്യായിരുന്നു. പണ്ട് വെള്ളാനീലെ കല്ലുവെട്ടുകുഴീന്ന് കേറീട്ടാണ് ഞാൻ പ്ലാക്കൽ തോമേടേം ചരുവിൽ വേലുക്കുട്ടിച്ചേട്ടന്റേം കൂടെ കൊളംബിലിക്ക് പോയത്. അവടെ ചെന്നട്ട് ചെയ്യാത്ത വേലകള് ഒന്നൂല്യ. അവടന്നു വിടുമ്പൊ എന്റെ പേർക്ക് എട്ടു സ്ഥലത്തായിട്ട് എട്ട് കമ്പനികള് ഉണ്ടായിരുന്നു. ആയിരം വരുന്ന പണിക്കാര്. അതു കഴിഞ്ഞ് ഇവടെ വന്നട്ട് ഞാനിപ്പോ കല്ലുവെട്ട്വാ. അതോർത്തപ്പഴാ ചിരി വന്നത്.'

പതിശ്ശേരി ചിന്നൻ നായരും കറുപ്പയ്യയും ഒന്നിച്ചാണ് ജയിൽവിമോചിതരായത്. നെല്ലായി സ്റ്റേഷനിൽ വണ്ടിയിറങ്ങി ഇരുവരും നാട്ടിലേക്ക് നടന്നു. പുലർച്ചയായിരുന്നു. മുരിയാട് കായൽ പടവകളിൽ നിലാവ് പടർത്തിക്കൊണ്ട് ആകാശത്ത് ചന്ദ്രൻ ബാക്കി നിന്നിരുന്നു. കറപ്പയ്യ ചോദിച്ചു:
‘എന്താണ് നായരെ ഈ ജീവിതംന്ന് വെച്ചാല്?'
നായർ ആശ്ചര്യപ്പെട്ടു.
‘അതെന്താ കറപ്പാ അങ്ങനത്തെ ചോദ്യം? ജീവിതംന്ന് വെച്ചാല് ജീവിതം തന്നെ.'

‘അതുശരി. എന്നാലും അതിനൊരു അർത്ഥം വേണ്ടെ? എന്ന്വച്ചാൽ ഒരു ലക്ഷ്യം?'

‘ഹെയ് എന്തൂട്ടാ നീയ്യീപ്പറേണേ? അർത്ഥോം പര്യായോം നോക്കാൻ ഇതെന്താ, ഗോവിന്ദക്കുറുപ്പിന്റെ എഴുത്തുകളര്യാണോ?'

കറപ്പൻ പിന്നെ ഒന്നും മിണ്ടിയില്ല. അദ്ദേഹം ആലോചനയിൽപ്പെട്ടു നടന്നു.

കറുപ്പയ്യ ജയിൽ മോചിതനായി വന്നതിന്റെ പേരിൽ ബോട്ടുബംഗ്ലാവിൽ വെച്ച് സായിപ്പ് വലിയൊരു സൽക്കാരം ഏർപ്പാടാക്കിയിരുന്നു. കരാഞ്ചിറയിൽ നിന്ന് ബാങ്കർമാരും പൊറത്തൂരിലെ ഷാപ്പ് കോൺട്രാക്ടർമാരും അന്നു വന്നു. നിരവധി വിഭവങ്ങൾ ഉണ്ടായിരുന്നു. കാക്കാത്തുരുത്തിയിൽ നിന്ന് കാവിൽ ചുമന്നാണ് കള്ളു കൊണ്ടുവന്നത്. കൂടാതെ ചാരായവും ശീമമദ്യവും. പക്ഷേ കറുപ്പയ്യ ഒന്നും കഴിച്ചില്ല. അയാൾ നിശ്ശബ്ദനായിരുന്നു.

‘എന്താ കറപ്പാ നിനക്ക് പറ്റീത്?'
പൊറത്തൂരെ കുഞ്ഞിക്കൃഷ്ണത്തണ്ടാർ ചോദിച്ചു

കറുപ്പയ്യ കൂട്ടുകാരെ ബോധിപ്പിക്കാനായി വരട്ടിയ മാട്ടിറച്ചി അൽപ്പമെടുത്തു ചവച്ചു. പക്ഷേ അത് അദ്ദേഹത്തിൽ വായിൽ കിടന്ന് കയ്ക്കുകയാണുണ്ടായത്. പലവിധ ചിന്തകൾ ആ മനസ്സിൽ കിടന്ന് ഇരമ്പുകയായിരുന്നു.
മനുഷ്യജീവിതം പിടിതരാത്ത ഒരു പ്രഹേളികയാകുന്നു.
രക്ഷകനായി ഒരു ദൈവം ഉണ്ടോ? ഉണ്ടെങ്കിൽ അദ്ദേഹം ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും എങ്ങനെയാണ് ഇടപെടുന്നത്? മരണാനന്തരം ശരീരമില്ലാത്ത ആത്മാവിന്റെ സഞ്ചാരപഥങ്ങൾ എങ്ങനെയൊക്കെയാണ്? ആരോടെന്നില്ലാതെ അദ്ദേഹം ചോദിച്ചു:
‘ജീവിതത്തിൽ സംതൃപ്തി അഥവാ സാഫല്യം എങ്ങനെയാണ് ലഭിക്കുന്നത്?'

സെൻറ്​ പോൾസ് ഓയിൽ മില്ലുടമ കുഞ്ഞിപ്പാലു പൊട്ടിച്ചിരിച്ചു.
‘സാഫല്യോ? അതെന്തൂട്ടാണ്ടാ സാധനം?
നീയ്യ് ഒരു കാര്യം ചെയ്യ്. ഞങ്ങടെ മതത്തില് വന്ന് ചേര്. ഇനീപ്പൊ സാഫല്യം കിട്ടീല്യാന്നെച്ചാലും നിനക്ക് നമ്പൂരാരേം മേനോമ്മാരേം ഗൗനിക്കാണ്ട് റോട്ടുമ്മക്കൂടി നടക്കാലോ. പള്ളീപ്പൂവാനും പറ്റും. ക്ടാങ്ങളടെ പെറന്നാളിനും കല്യാണത്തിനും പപ്പടം കാച്ചാനും സദ്യ നടത്താനും ആരോടും ചെന്നു ചോദിക്കണ്ട കാര്യല്യല്ലോ.'
‘അതു ശര്യാണ്.'
പാതി തുറന്നു കണ്ണുകൊണ്ട് നോക്കി അലക്‌സാണ്ട്‌റിയ മദാമ്മ പറഞ്ഞു. അവർ അപ്പോഴേക്കും കുടിച്ചു ലഹരിയിൽപ്പെട്ടിരുന്നു. പുള്ളികളുള്ള ഒറ്റയുടുപ്പാണ് അവർ ധരിച്ചിരുന്നത്. അതിനു താഴെയുള്ള കാൽമുട്ടുകളിൽ മഴവില്ലിന്റെ നിറങ്ങൾ കൂടിക്കലർന്നു.

സിണ്ടിക്കേറ്റ് കൊച്ചെർപ്പായി പറഞ്ഞു: ‘കണ്ടശ്ശാംകടവ് ചന്തേല് മേടിക്കാൻ കിട്ട്വേരിക്കും ഇയ്യ സാഫല്യം. അവടെ കിട്ടാത്തത് ഒന്നൂല്യാന്നല്ലേ പറയണ്. നീയിവടെ വന്നിരുന്ന് എന്തെങ്കിലും ഇടുത്ത് കുടിച്ചേരാ കറപ്പാ. നാള്യേരട്ട് വരട്ട്യ നല്ല പോത്തെർച്ചീണ്ട്. ഒരു കുപ്പി കള്ളും എറച്ചീം. എലേം കത്രീം പോലിരിക്കും. അതിന്റപ്രത്തെ സാഫല്യൊന്നും ഞാൻ കണ്ടിട്ടില്ല. ആരാ സായിപ്പേ എറച്ചി വരട്ട്യേത്? ജാന്വാ?'

‘എന്തായാലും ജയിലു വിട്ടു വന്നപ്പൊ മിസ്റ്റർ കറപ്പൻ കൂടുതൽ യോഗ്യനായി. നെറം ഒന്നുങ്കൂടെ തെളിഞ്ഞു; മദാമ്മ പറഞ്ഞു.
‘ഇയ്യ കറപ്പന്റെ റിയൽ പ്രശ്നം ഞാൻ പറയാം’; കുഞ്ഞിപ്പാലു പറഞ്ഞു; ‘ഇവന്റെ ശിങ്കളത്തീം മക്കളും അവടെ കൊളംബിലാണ് കെടക്കണ്. ഇവൻ ഇവടേം. ഈ പെണ്ണുന്ന് പറഞ്ഞാല് ഒരു വല്ലാത്ത സംഭവാണ്. ഒടിക്കാനും പറ്റില്ല ഉരിയാനും പറ്റില്ല. ആലോചിച്ചാല് ഉള്ളുവെന്ത് മനുഷ്യൻ ചത്തുപൂവും.'

‘എനിക്കു വിശപ്പില്ല സുഹൃത്തുക്കളേ. നിങ്ങൾ എന്നോടു ക്ഷമിക്കണം.'
അങ്ങനെ പറഞ്ഞ് കറുപ്പയ്യ അവിടെന്ന് ഇറങ്ങിപ്പോന്നു.

ആറാട്ടുകടവിലേക്ക് നടക്കുമ്പോൾ വല്യമ്മ ദിമിത്രിയോടു പറഞ്ഞു:
‘പാലക്കാട്ട് യാത്രക്ക് കോമ്പാറ പൈലീടെ ഒറ്റക്കാളവണ്ടീലാണ് കറുപ്പയ്യ വെല്യച്ചൻ തീവണ്ടിയാപ്പീസിലിക്ക് പോയത്. മ്മടെ ചേന്ദന്റെ അച്ചാച്ചൻ ഒരു താമീണ്ടാർന്നു. അവൻ കൂട്ടുപോയി. കല്ലേറ്റുങ്കരേന്ന് ഷൊർണൂർക്ക് വണ്ടീല്. അവടെ ഒരുദിവസം കെടന്ന് പിറ്റേന്ന് പൊലർച്ചക്കാണ് ഒലവക്കോട്ടെക്കൊള്ള വണ്ടി കിട്ട്യേത്. ഷൊർണ്ണൂര് പൊഴേല് പോയിട്ട് അവരു കുളിച്ചു. പൊഴക്കരേലെ മണലില് താമി അടുപ്പുകൂട്ടി കഞ്ഞി വെച്ചു. ചമ്മന്തിപ്പൊടീം അച്ചാറും ഇവടന്ന് കൊണ്ടോയേർന്നു.'

‘ഈ കോമ്പാറ പൈലീണ്ടല്ലോ, അയാളെ ഞാൻ കണ്ടട്ടുണ്ട്, ന്റെ കുട്ടിക്കാലത്താണ്. കൊയ്ത്തു കഴിഞ്ഞാല് വൈക്കോല് കൊണ്ടുവ്വാൻ വരും. ഓട്ടുകമ്പനീപ്പോയി ചാരം കൊണ്ടരും. പിന്നെ മില്ലിലിക്ക് കൊപ്ര കൊണ്ടോണം. പുഴുങ്ങി ഒണക്ക്യ നെല്ല് കുത്തിച്ചോണ്ടുവരും. എപ്പഴും ഇവടത്തെ മിറ്റത്തുണ്ടാവും അയാളും അയാൾടെ വണ്ടീം. കാളേനെ അഴിച്ചു കെട്ടി വണ്ടിത്തണ്ടുമ്മെ അയാള് കെടന്നൊറങ്ങും. എടക്ക് എണീറ്റ് കാളക്ക് വൈക്കോലിട്ടു കൊടുക്കും.'

അകലെ അന്തരീക്ഷത്തിൽ മുരൾച്ച കേൾക്കാനായി.
തെങ്ങുകൾക്കിടയിൽ ചക്രവാളത്തിന്റെ വെളിവു കാണപ്പെട്ടു.
​അങ്ങോട്ടു ചൂണ്ടി വല്യമ്മ പറഞ്ഞു:
‘ദാ കാണണ വെളിവാണ് കടല്. ഇനി ആറാട്ടുകടവിലേക്ക് അരനാഴിക ദൂരേളളൂ.'

നീണ്ട നടത്തം ദിമിത്രിയുടെ ചെറിയ കാലുകളെ വേദനിപ്പിച്ചിരുന്നു. ▮

(തുടരും)


അശോകൻ ചരുവിൽ

കഥാകൃത്ത്, നോവലിസ്റ്റ്. സാംസ്​കാരിക പ്രവർത്തകൻ. 2018 മുതൽ പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി. സൂര്യകാന്തികളുടെ നഗരം, അശോകൻ ചരുവിലിന്റെ കഥകൾ, ആമസോൺ, ജലജീവിതം, മരിച്ചവരുടെ കടൽ, കങ്കാരുനൃത്തം, കാട്ടൂർ കടവ്​ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

Comments