ദേശാന്തരം പോയ കറുപ്പയ്യത്തണ്ടാർ പിന്നെ ഏറെകാലം കഴിഞ്ഞിട്ടാണ് കാട്ടൂർക്കടവിലക്ക് തിരിച്ചു വന്നത്. പക്ഷേ ആ തിരിച്ചുവരവ് താൽക്കാലികമായിരുന്നു. അദ്ദേഹം തന്റെ സഞ്ചാരം തുടർന്നു. അപ്പോഴേക്കും താടിയും തലയും നരച്ച് വളർന്ന് അദ്ദേഹം പടുവൃദ്ധരൂപം കൈവരിച്ചിരുന്നു. ആളുകൾ കറുപ്പയ്യാ സ്വാമി എന്നു വിളിച്ചു. ആ അതികായൻ മെലിഞ്ഞു ചെറുതായിരുന്നു. ഒറ്റവസ്ത്രമാണ് ധരിച്ചിരുന്നത്. അക്കാലത്ത് അദ്ദേഹം സംസാരിക്കുന്നത് അപൂർവമായിരുന്നു.
അവിരാമമായ തന്റെ സഞ്ചാരങ്ങൾക്കിടക്ക് അദ്ദേഹം വല്ലപ്പോഴും കാട്ടൂർക്കടവിൽ വന്നിരുന്നു. ബന്ധുമിത്രാദികളുടെ വീടുകളിൽ കയറും. അവിടെ ഉമ്മറത്തെ തിണ്ണയിൽ നിശ്ശബ്ദനായി ഇരിക്കും. വീട്ടുകാർ ഉപചാരപൂർവ്വം നൽകുന്ന വിഭവങ്ങളിൽ ഇലകളോ പഴങ്ങളോ ഉണ്ടെങ്കിൽ അൽപ്പമെടുത്ത് കഴിക്കും. പിന്നെ യാത്ര പറയാതെ മടങ്ങും. നാട്ടിൽ തങ്ങുന്ന ദിവസങ്ങളിൽ അദ്ദേഹം പൈക്കണ്ണിനടക്കലെ കൊട്ടിലിലാണ് കിടന്നിരുന്നത്. അമ്പലക്കടവിൽ കുളിക്കും.
പിന്നീട് അദ്ദേഹം വരാതായി.
ആൾ മരിച്ചിട്ടുണ്ടാവുമെന്ന് ജനങ്ങൾ കരുതി.
അദ്ദേഹം നേരിട്ട് സ്വർഗ്ഗത്തിൽ പ്രവേശിച്ചു എന്നാണ് പുല്ലാനിക്കാട്ടെ മുത്തശ്ശിമാർ പേരക്കുട്ടികളോട് പറഞ്ഞിരുന്നത്.
നിന്നനിൽപ്പിൽ അപ്രത്യക്ഷനാവുകയാണുണ്ടായത്. വല്യമ്മ ദിമിത്രിയോട് പറഞ്ഞു: ‘യോഗികൾ അങ്ങനെയാണ്. അവർക്ക് മരണല്യ. ഇവടത്തെ ജീവിതം മതീന്നു തോന്നുമ്പൊ അവര് ധ്യാനിക്കും. അപ്പൊ സ്വർഗ്ഗത്തുന്ന് ദേവേന്ദ്രൻ സ്വർണ്ണം കൊണ്ടുള്ള രഥം കൊടുത്തയക്കും. സ്വർഗ്ഗത്തിൽ ചെന്നാൽ ദൈവങ്ങളുടെ കൂട്ടത്തിലാ അവരു ഇരിക്ക്യാ. നമ്മളേപ്പോലെ സാധാരണ മനുഷ്യരുക്കാ മരണം. വയസ്സാവ്വാ. വയ്യാണ്ടാവ്വാ. ഇന്നട്ട് മരണം കാത്ത് ഇങ്ങനെ കെടക്ക്വാ. പിന്നെ ഊർദ്ധൻ വലിക്കല്. വെപ്രാളം. ഈശ്വരാ, അതിനൊന്നും എടവരുത്താണ്ട് കൊണ്ടു പോവണേന്ന് നമ്മള് പ്രാർത്ഥിക്കണം.'
സ്വർഗം പോലെ ഒരു ലോകമുണ്ടെന്ന് കറുപ്പയ്യ സ്വാമി കരുതിയിരുന്നോ? ഉണ്ടാവാനിടയില്ല. മരണശേഷം എന്ത് എന്ന സംഗതിയാണ് അദ്ദേഹത്തെ അലട്ടിയത്. ആ സംഗതിയെക്കുറിച്ച് ദിമിത്രിയും ആലോചിച്ചിരുന്നു. കുട്ടിക്കാലത്തു തന്നെ തന്റെ അച്ഛൻ പുല്ലാനിക്കാട് ചന്ദ്രശേഖരന്റെ മരണത്തിന് അയാൾക്ക് സാക്ഷിയാകേണ്ടി വന്നു. ആ മരണദൃശ്യം പിന്നീട് കൂടെക്കൂടെ അയാളുടെ മനസ്സിലേക്ക് തേട്ടിയെടുക്കാറുണ്ട്. ഒപ്പം മരണം എന്ന വിരാമത്തെക്കുറിച്ചുള്ള അന്തമില്ലാത്ത ആലോചനകളും. മരണത്തെ മുൻനിർത്തിയാണ് മനുഷ്യൻ ജീവിതം തന്നെ ചിട്ടപ്പെടുപ്പെടുത്തുന്നതെന്ന് അയാൾക്ക് തോന്നിയിട്ടുണ്ട്.
കൈക്കൂലി വാങ്ങുന്നതിനുള്ള ന്യായമായി റിക്കാർഡ്‌സ് കച്ചേരിയിലെ ഗുമസ്തന്മാരും ജീവിതാന്ത്യത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മനുഷ്യന്റെ അന്ത്യമെന്നത് ഒരു ഇല കൊഴിയുന്നതു പോലെ സംഭവിക്കുന്നതല്ലല്ലോ. അതിനിടക്ക് നിരാശ്രയമായ ഒരു വാർദ്ധക്യമുണ്ട്. രോഗങ്ങൾ. നീണ്ടതും വിരസവുമായ കാത്തു കിടപ്പ്. എന്തെങ്കിലും കുറച്ച് സമ്പാദിച്ചു വെച്ചില്ലെങ്കിൽ ആ കാത്തുകിടപ്പ് ഭീകരമായിരിക്കും. ആരും തിരിഞ്ഞു നോക്കാനില്ലാതെ പുഴുവരിച്ചുകിടന്ന് നരകിച്ച് മരിക്കേണ്ടിവരും.
ചില ഉദാഹരണങ്ങൾ ഉണ്ട്: ‘എത്ര പ്രതാപശാലിയുമായും ധർമ്മിഷ്ടനുമായിരുന്നു പുല്ലാനിക്കാട്ട് ചന്ദ്രശേഖരൻ സാർ. പണത്തിന്റെ കുറവു മാത്രമേ ഉണ്ടായിരുന്നുള്ളു. അദ്ദേഹത്തിന്റെ അവസാന കാലം എങ്ങനെയായിരുന്നു എന്ന് നമ്മൾ ഓർക്കണം.'
മുൾച്ചെടികൾ പടർന്ന ഒരു കാട്ടുപറമ്പായിട്ടാണ് മരണത്തെ കുട്ടിക്കാലത്ത് ദിമിത്രി കരുതിയിരുന്നത്. പുല്ലാനിക്കാട്ടെ നെല്ലിടുന്ന അറക്കു പിന്നിലെ കോണിമുറിയിലെ ഇരുട്ടിൽ ഒറ്റക്കു കിടക്കുമ്പോഴായിരുന്നു അവന്റെ ആലോചനകൾ. അവിടത്തെ പരിപൂർണ്ണമായ ഇരുട്ടിൽ അവൻ ചില ദൃശ്യങ്ങൾ കാണാറുണ്ട്. മരിച്ച മനുഷ്യർ കരിയിലകൾ ചവിട്ടി നടന്നു പോകുന്നതാണ്. ചിലർ അരികിൽ കണ്ട മരങ്ങളിൽ തൊട്ടു തൊട്ടു നടക്കും. പള്ളിക്കിണറിൽ നിന്ന് വെള്ളം കോരിക്കുടിക്കും.
‘എന്തൊരു നെയ്ച്ചുവ’; ഒരാൾ താൻ കുടിച്ച വെള്ളത്തെ ആക്ഷേപിക്കുന്നതു കണ്ടു.
അബുവിന്റെ ഒപ്പം നൊച്ചിക്കാട് ഖബർസ്ഥാനിൽ ഒരിക്കൽ ദിമിത്രി പോയിരുന്നു. അതൊരു മഹാ ശ്മശാനമാണ്. മരങ്ങൾ തിങ്ങി ഏതാണ്ടൊരു കൊടുംവനം പോലെയാണവിടം. അടിക്കാട്ടിൽ നിറയെ കാരമുള്ളുകളാണ്. പിന്നെ തൊട്ടാവാടികളും. അതിനിടയിൽ അങ്ങിങ്ങായി പഴയതും പുതിയതുമായ മിസാൻ കല്ലുകൾ.
‘ഓരോ കല്ലിന്റെ ചോട്ടിലും ഓരോ മയ്യത്തുണ്ട്’; അബു പറഞ്ഞു.
കാട്ടൂർക്കടവിൽ അന്ന് മൂന്ന് മുസ്ലിം പള്ളികൾ ഉണ്ടായിരുന്നു.
പക്ഷേ നൊച്ചിക്കാട് പള്ളിയിൽ മാത്രമേ ശ്മശാനം ഉണ്ടായിരുന്നുള്ളു. ഒരുപക്ഷേ അതായിരിക്കും ആദ്യം നിർമിച്ച പള്ളി. ഓടുമേഞ്ഞ ചെറിയ കെട്ടിടമാണ്. ഗൾഫ് പ്രവാസം തുടങ്ങിയതോടെ കാട്ടൂർക്കടവിലെ മുസ്ലിം ജീവിതം ഏറെക്കുറെ മെച്ചപ്പെട്ടിരുന്നു. കൊടിയ ദാരിദ്ര്യത്തിൽ നിന്ന് അവർ കരകയറി. രണ്ടുപള്ളികൾ കമനീയമായി പുതുക്കപ്പെട്ടു. പക്ഷേ നൊച്ചിക്കാട് പള്ളി പഴയമട്ടിൽ തന്നെയായിരുന്നു. ആൾപ്പാർപ്പില്ലാത്ത വിജനമായ പ്രദേശത്തായിരുന്നതുകൊണ്ട് സാധാരണ ആരും അങ്ങോട്ടു പോവുക പതിവില്ല. ചില സന്ദർഭങ്ങളിൽ നിശ്ശബ്ദതയെ അലോസരപ്പെടുത്തിക്കൊണ്ട് മയ്യത്തുകട്ടിൽ കടന്നു വരും.
‘ലാ ഇലാഹ ഇല്ലല്ലാഹ്.'
അല്ലാഹു അല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല.
വാറുണ്ണി മാഷ്ടെ സെൻറ് ആൻസ് എൽ.പി.സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് നൊച്ചിക്കാട് പള്ളിയിലേക്ക് അബുവും ദിമിത്രിയും പോയത്. അങ്ങോട്ട് കുറെ നടക്കാനുണ്ട്. കനാലിന്റെ മറുകരയിലാണത്. ശരിക്കു പറഞ്ഞാൽ പഴയ മലബാറിൽ പെടും. എട്ടുപടിപ്പാലം കടന്ന് പണ്ടകശാലകളും വയലുകളും പിന്നിട്ടു പോകണം. അവിടെ കരുവന്നൂർപുഴ കനാലുമായി ചേർന്ന് പടിഞ്ഞാട്ടൊഴുകുന്നു. അഴിമാവ്, പൈനൂർ തുടങ്ങിയ കടവുകൾ. മണൽ നിറഞ്ഞ പ്രദേശമാണ്. അങ്ങിങ്ങായി ഓലമേഞ്ഞ ചെറിയ വീടുകൾ കാണാം.
ഖബർസ്ഥാനിൽ അധികവും പറങ്കിമാവുകളാണ്. അവയങ്ങനെ തഴച്ചു വളർന്ന് പടർന്നിരിക്കുന്നു. കൊമ്പുകൾ പലതും നിലംമുട്ടിക്കിടക്കകയാണ്. ഇരുട്ടും തണുപ്പും ഉണ്ട്. അബു നിസ്‌ക്കരിക്കുന്ന പളളിയല്ല ഇത്. എങ്കിലും ഇവിടെ ഇടക്കിടെ വരാറുണ്ടെന്ന് അവൻ പറഞ്ഞു. അവന്റെ ബാപ്പ ഇവിടെ ജോലി ചെയ്യുന്ന കാലത്താണ് ഉമ്മയെ നിക്കാഹ് ചെയ്തത്. അവൻ ജനിച്ച് കണ്ണുതെളിയുന്നതിനു മുമ്പ് ബാപ്പ ഉമ്മയെ ഉപേക്ഷിച്ച് നാടുവിട്ടിരുന്നു.
അവൻ പറഞ്ഞു: ‘നമ്മള് ബാപ്പാനെ കണ്ടിട്ടില്ല. അന്നാലും ഇവടെ വന്നാല് ബാപ്പ ഇരുന്ന സ്ഥലങ്ങള് കാണാലോ?'
നൂറുകണക്കിന് മനുഷ്യർ വിശ്രമിക്കുന്ന മണ്ണിൽ ചവിട്ടിയപ്പോൾ ദിമിത്രിക്കു ഭയം തോന്നി. അബു ഉത്സാഹത്തോടെ മുന്നിൽ നടന്നു. അവനവിടെ നല്ല പരിചയമാണ്. ഓരോരോ മരങ്ങളിൽ മാറി മാറി കയറി ചില്ലകളിൽ ഇരുന്ന് അവൻ ചാഞ്ചാടി. അബു പറഞ്ഞു: ‘ഇപ്പഴത്തെ കഥയൊന്ന്വല്ലാട്ടൊ രാത്രീല് ഇവടെ. മരിച്ചോര് മുഴേനും മണ്ണിന്റടീന്ന് പൊറത്തിക്ക് എറങ്ങും. പിന്നെ അവരുതമ്മില് വർത്താനാ. പാട്ട്, നൃത്തം, ദഫ്മുട്ട്, ഒപ്പന, കോൽകളി. ഒച്ചേം ബഹളോം കേക്കും ഇവിടന്ന്.'
നേരം ഉച്ചയോടടുത്തപ്പോൾ അബു പറഞ്ഞു; ‘വാ നമ്മക്ക് പളളീപ്പോയി വെള്ളം കുടിക്ക്യാ.'
ചെറിയ ഒരു ഒറ്റയിറക്കു പുരയാണ് പള്ളി. അവിടേക്ക് പറമ്പിലൂടെ കുറേ ദൂരം നടക്കണമായിരുന്നു. ചെറിയൊരു ഇറയം. നിസ്‌ക്കരിക്കാനുള്ള മുറിയും ചെറുതാണ്. അരികത്തു തന്നെ വെള്ളം നിറക്കാനുള്ള ടാങ്ക് കെട്ടിയിരുന്നു. ചവിട്ടുപടികളോട് ചേർന്ന് തിണ്ണകളുണ്ട്. അതിലൊന്നിൽ അവിടത്തെ മുക്രി ചാരിയിരുന്ന് ഉറങ്ങുന്നുണ്ടായിരുന്നു. കറുത്തു മെല്ലിച്ച് പരവശനായ ഒരു വൃദ്ധൻ. കരിമ്പനടിച്ചു നിറം മങ്ങിയ പോളിസ്റ്റർ വെള്ളക്കുപ്പായമാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. അനക്കം കേട്ടപ്പോൾ അദ്ദേഹം ഉണർന്നു. ശരീരത്തേക്കാൾ ക്ഷീണം ആ കണ്ണുകളിൽ ഉണ്ടായിരുന്നു.
‘ന്താപ്പൊ?’; അദ്ദേഹം ചോദിച്ചു.
‘വെള്ളം കുടിക്കാനാണ്’; അബു പറഞ്ഞു.
വൃദ്ധൻ ചോദിച്ചു: ‘നിയ്യ് അവ്വോക്കര് മുസ്ലിയാരടെ മോനല്ലേ? പറമ്പത്ത് നെബീസൂല്ണ്ടായത്?'
‘അതെ മൊല്ലാക്ക. നമ്മള് കഴിഞ്ഞാഴ്‌ചേം വന്നേരുന്ന്.'
‘ഹ ഹ ഹ. അതു നന്നായി’; അദ്ദേഹം പൊട്ടിച്ചിരിച്ചു. പിന്നെ പറഞ്ഞു: ‘നിന്റെ ബാപ്പ പ്പൊ പട്ടാമ്പി ചേലക്കോട് ദർസിലുണ്ട്. അവടത്തെ മുദ്രീസാണ്. നേർച്ചേം ചന്ദനക്കൊടോം ഒള്ള പള്ള്യാണ് അത്. ഒരു വെള്ളിയാഴ്ച നൂറുപറ അരീടെ നെയ്‌ച്ചോറു വെക്കും. ജിബ്രിൽ വന്ന ജബലന്നൂർ മല പോല്യാണ് അവടെ ചോറു കൂട്ടി ഇടുന്നത്. കെണറു പോലത്തെ വാർപ്പില് എറച്ചിക്കൂട്ടാൻ. നാനാ ദൂരദേശങ്ങളിൽ നിന്ന് ആൾക്കാര് വരും. കൈക്കോട്ടോണ്ട് ചാക്കിലാണ് ചോറു നെറച്ചു കൊടുക്ക്വാ. അവ്വോക്കരുക്കിപ്പൊ നല്ല വരയ്യാണ്. ഓനെ കണ്ടാലറിയൂലാ. അവടെച്ചെന്ന് പെണ്ണ് കെട്ടീക്കണ്. ക്ടാങ്ങളൂണ്ട്. ഏഴഴകാ അവന്റെ ബീവിക്ക്.'
‘ഉവ്വ് മൊല്ലാക്ക. നിങ്ങളിതൊക്കെ കഴിഞ്ഞാഴ്‌ചേം എന്നോടു പറഞ്ഞേർന്നു.'
അദ്ദേഹം വീണ്ടും ചിരിച്ചു.
‘നമ്മള് പറഞ്ഞു അല്ലേ? പറയും. ഇനീം പറേം. നമ്മള് പോണുണ്ട് പട്ടാമ്പിക്ക്. വണ്ടിക്കൂലി ഒത്തുവന്നാല് പൂവ്വും. ന്താ? നമ്മക്കും എറങ്ങൂലേ നെയ്‌ച്ചോറ്?'
പള്ളിമുറ്റത്ത് തന്നെയായിരുന്നു കിണറ്. വട്ടം കുറഞ്ഞ് കുഴലുപോലെയുള്ള കിണറ്റിൽ നിന്നും അബു വെള്ളം കോരിയെടുത്തു. നല്ല തെളിച്ചമുള്ള വെള്ളം. കുടിക്കുമ്പോൾ അബു പറഞ്ഞു: ‘ആയ്. എന്തൊരു തണുപ്പാണ്. ഐശിട്ട മാതിരി.'
‘ഞ്ഞി ഒരു കാര്യം ചെയ്യ്’
മുക്രി അബുവിനോട് പറഞ്ഞു: ‘ഒരു പത്തുപാട്ട വെള്ളം മുക്കി ഈ ടാങ്കില് ഒഴിക്ക്. ഇനിക്ക് വയറുമ്മെ വേദന്യാ മോനെ. രണ്ടുമാസായി ഒരു വറ്റ് തിന്നട്ട്. എണിറ്റു നിക്കാൻ വയ്യ. ഈ ജന്മം കഴിയാമ്പൂവ്വാന്നാ തോന്നണ്. പിന്നെ ഒരു സമാധാനം. ഏടെക്കും പോണ്ട. പള്ളിപ്പറമ്പ് ഈടെത്തന്നിണ്ടല്ലാ.'
അബു വെള്ളം കോരി ടാങ്ക് നിറക്കാൻ തുടങ്ങി.
ദിമിത്രി അവിടെന്ന് വെള്ളം കുടിച്ചില്ല. എത്ര ദാഹിച്ചാലും പള്ളിപ്പറമ്പുകളിൽ നിന്ന് വെള്ളം കുടിക്കരുതെന്ന് അവന് നിർദ്ദേശം കിട്ടിയിരുന്നു. മൃതദേഹങ്ങളിലെ നെയ്പശിമ അതിൽ കലർന്നിരിക്കും. ഇറച്ചീം നെയ്‌ച്ചോറും ബിരിയാണീം മൂക്കുമുട്ടെ കഴിക്കുന്ന മാപ്പിളമാരുടെ ശരീരമാണ്. ധാരാളം നെയ് ഒഴുകി കലരും.
പിന്നീട് ഏതാനും വർഷങ്ങൾക്കു ശേഷമാണ് ദിമിത്രി തന്റെ അച്ഛന്റെ അന്ത്യരംഗം കണ്ടത്. അവൻ മാത്രമേ ആ സമയത്ത് അവിടെ ഉണ്ടായിരുന്നുള്ളു. ആ കാഴ്ചക്കു മുന്നിൽ അവന് അസ്വസ്ഥതകളൊന്നും തോന്നിയില്ല. ഭയവും തോന്നിയില്ല. ദു:ഖം തോന്നിയോ? ഇല്ല. സന്തോഷം? ഇല്ല. അന്നവന് പതിമൂന്നോ പതിനാലോ വയസ്സുണ്ടാവും. ഏറെ കോലാഹലങ്ങൾ കൂട്ടി പറയുന്ന മരണം എന്ന സംഗതി ഇത്ര ലാഘവമുള്ള ഒന്നാണോ എന്ന് അവൻ സംശയിച്ചു. പാലക്കാട്ടെ ഒരു ചെറിയ നഴ്‌സിംഗ് ഹോമിൽ വെച്ചിട്ടായിരുന്നു അത്.
മുതിർന്ന ഒരു നഴ്‌സ് അവനോട് പറഞ്ഞു: ‘നിന്റെ അച്ഛൻ മരിച്ചു കൊണ്ടിരിക്കുകയാണ്. നിനക്ക് അദ്ദേഹത്തിന് ഒരുമ്മ കൊടുക്കണമെന്ന് തോന്നുന്നുണ്ടോ?'
കഷ്ടപ്പെട്ട് ശ്വാസം വലിക്കുന്ന ചന്ദ്രശേഖരന്റെ താടിരോമങ്ങൾ വളർന്ന് ചുളിഞ്ഞ് കോലംകെട്ട മുഖത്തേക്ക് അവൻ നോക്കി. എന്നിട്ടു പറഞ്ഞു: ‘വേണ്ട.'
‘വേണ്ട?'; അവർ കർശനമായി ചോദിച്ചു.
‘എങ്കിൽ ആ ചുണ്ടൊന്നു നനച്ചു കൊടുക്ക്.'
വെള്ളത്തിൽ മുക്കിയ ഒരു തുണ്ട് പഞ്ഞി അവർ അവനു കൊടുത്തു. അവനത് ചന്ദ്രശേഖരന്റെ ചുണ്ടിൽ മുട്ടിച്ചില്ല. മുട്ടിച്ചതായി ഭാവിച്ചു. ആ കൃഷ്ണമണികൾ കുഴിയിൽ നിന്ന് ഉയർന്നു വന്ന് അവനെ നോക്കി.
ശ്വാസം വലിക്കാൻ വേണ്ടി തുറന്ന വായ അതേപടി നിശ്ചലമായി. സർക്കസ്സിലെ കോമാളിയുടെ ഭാവമാറ്റം പോലെയാണ് അയാൾക്ക് തോന്നിയത്. അവന് ഉള്ളിൽ ചിരി വന്നു.
നനച്ച പഞ്ഞിത്തുണ്ട് നഴ്‌സിന് തിരിച്ചു കൊടുക്കാൻ ദിമിത്രി ശ്രമിച്ചു. അവരത് വാങ്ങിയില്ല.
‘ആ വേസ്റ്റ് ബാസ്‌ക്കറ്റിലിട്ടേക്ക്.'
അച്ഛന്റെ അന്ത്യനിമിഷങ്ങളിൽ പരിചരിക്കുവാൻ അയാളും അമ്മയും നിയോഗിക്കപ്പെട്ടിരുന്നു. ഒരു ജന്മകാലത്തെ വേർപാടിനുശേഷം ആ കുടുംബത്തിന്റെ കൂടിച്ചേരലായിരുന്നു അത്. ഒരു ജീവിതത്തിന്റെ പര്യവസാനം. ശരിക്കുമത് ഒരു നാടകരംഗം പോലെയായിരുന്നു. നിരവധി നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്തിട്ടുള്ള പുല്ലാനിക്കാട്ട് ചന്ദ്രശേഖരന്റെ ജീവിതത്തിലെ അവസാനരംഗം.
അദ്ദേഹത്തിന്റെ ശരീരം തീരെ മെലിഞ്ഞു പോയിരുന്നു. വയർ അനുനിമിഷം വീർത്തുന്തി വരികയായിരുന്നു അപ്പോൾ. പക്ഷേ ആ മനുഷ്യന്റെ മദ്യാസക്തി വർദ്ധിച്ചുകൊണ്ടിരുന്നു. ഒരിറ്റു മദ്യത്തിനു വേണ്ടി അദ്ദേഹം പലരോടും യാചിച്ചു. അവസാനം മറ്റാരും അരികത്തില്ലാത്ത സമയത്ത് സ്വന്തം മകനോട് അഭ്യർത്ഥിച്ചു.
‘മോനെ, ഞാൻ നിന്നെ ഒരിക്കലും പരിഗണിച്ചിട്ടില്ല. ശരിക്കുപറഞ്ഞാൽ നിന്നെയും നിന്റെ അമ്മയേയും ഞാൻ വലിച്ചെറിയുകയാണുണ്ടായത്. അച്ഛൻ എന്നു പരാമർശിക്കപ്പെടാൻ തന്നെ എനിക്ക് അർഹതയില്ല. എന്നാലും ഞാൻ നിന്റെ അച്ഛനല്ലാതാവുന്നില്ലല്ലോ. എന്റെ ചോര നിന്റെ രക്തത്തിലൂടെ ഒഴുകുന്നു. നിനക്ക് എന്നോട് സ്‌നേഹമുണ്ടാവില്ല എന്ന് എനിക്കറിയാം. എങ്കിൽപോലും ഈ സന്ദർഭത്തിൽ ഞാൻ അപേക്ഷിക്കുകയാണ്. ഒരല്പം മദ്യം. നീ എങ്ങനെയെങ്കിലും എവിടെ നിന്നെങ്കിലും എനിക്കു കൊണ്ടുവന്നു തരണം. തരില്ലേ?'
തെരുവിൽ ഇരുന്ന് തന്റെ രോഗവും വൈകല്യവും പ്രദർശിപ്പിച്ച് കൈനീട്ടുന്ന അഴുക്കുപുരണ്ട ഒരു യാചകനെയാണ് ദിമിത്രിക്ക് ഓർമ്മവന്നത്. അവന് അറപ്പു തോന്നി. പക്ഷേ അദ്ദേഹത്തെ സഹായിക്കേണ്ടതുണ്ടെന്ന് ദിമിത്രി കരുതി. തലയണക്കീഴിലെ പഴ്‌സിൽ നിന്ന് പണമെടുത്ത് അവൻ പുറത്തു കടന്നു.
പാലക്കാട് പട്ടണത്തിലൂടെ കുറെ നടന്നു അന്ന്. എവിടെയാണ് മദ്യം വിൽക്കുന്നതെന്ന് അവന് അത്ര ധാരണയുണ്ടായിരുന്നില്ല. മദ്യവിൽപ്പന കേന്ദ്രത്തിൽ ചെന്നപ്പോഴാകട്ടെ പ്രായക്കുറവും പരിഭ്രാന്തിയും കണ്ടാവണം അവർ കൊടുക്കാൻ തയ്യാറായില്ല. പക്ഷേ, അവൻ വാശിയോടെ നടന്നു. പട്ടണാതിർത്തിയിലെ ഓലകുത്തി മറച്ചുണ്ടാക്കിയ ഒരു ചാരായഷാപ്പിൽ നിന്നാണ് അവൻ അത് സംഘടിപ്പിച്ചത്. ചുവന്ന അരക്കു സീലുള്ള ഒരു കുപ്പി.
ചാരായം കൊണ്ടുവന്ന് ആളുകൾ ഇല്ലാത്ത സമയം നോക്കി അത് ചന്ദ്രശേഖരനു കൊടുത്തു. എഴുന്നേറ്റിരിക്കാൻ വയ്യാത്തതു കൊണ്ട് കിടക്കുന്ന ആ മനുഷ്യന്റെ വായിലേക്ക് മദ്യം അൽപ്പാൽപ്പമായി ഒഴിച്ചു കൊടുക്കുകയായിരുന്നു. അദ്ദേഹം അത് ആർത്തിയോടെ ഇറക്കിക്കൊണ്ടിരുന്നു. വേദനയും രോഗവുമെല്ലാം വിട്ടകന്ന പോലെ ചന്ദ്രശേഖരൻ സ്വസ്ഥനായി കാണപ്പെട്ടു.
സമചിത്തതയോടെ അദ്ദേഹം സംസാരിച്ചു.
‘ഓ, എന്തൊരു വക ആശ്വാസം. ഇത്രക്കുമൊരു സുഖം ഞാൻ ജീവിതത്തിൽ മുൻപ് അനുഭവിച്ചിട്ടില്ല. മോനെ, ആയിരം വട്ടം ഞാൻ നിന്നോടു നന്ദി പറയുന്നു. ഇതിന് പകരം തരാൻ ഈ അച്ഛന്റെ കയ്യിൽ ഒന്നും ഇല്ല. വലിയ സ്വത്തും പ്രതാപവും കണ്ട് വളർന്നവനാണ് ഞാൻ. എല്ലാം തകർന്നില്ലേ? നീ എന്റെ അടുത്തേക്ക് നീങ്ങിനിൽക്ക്. ഞാൻ നിന്നെ ഒന്ന് അനുഗ്രഹിക്കട്ടെ.'
അദ്ദേഹം അവന്റെ തലയിൽ കൈവെച്ചു. ആ സമയത്ത് അദ്ദേഹത്തിന്റെ വായിൽ നിന്നു വന്ന അസാമാന്യമായ ദുർഗന്ധം കൊണ്ട് അവൻ പൊറുതിമുട്ടി. ഓക്കാനം വന്നെങ്കിലും അവൻ അടക്കി.
അന്നു സന്ധ്യക്ക് പുല്ലാനിക്കാട്ട് ചന്ദ്രശേഖരൻ മരിച്ചു.
ആ മരണത്തിന് ഏകദേശം ഒരു വർഷം മുമ്പാണ് പരിചരണത്തിനു വേണ്ടി ദിമിത്രിയും മീനാക്ഷിയും അവിടെ എത്തിയത്. പാലക്കാട്ടെ കുഴമൽമന്ദത്തായിരുന്നു അദ്ദേഹം അപ്പോൾ. മദ്യപാനവും കരൾരോഗവുമായി വലഞ്ഞിരുന്ന ചന്ദ്രശേഖരനെ രക്ഷിക്കാൻ അദ്ദേഹത്തിന്റെ ആപ്പീസിലെ സഹപ്രവർത്തകർ നടത്തിയ നീക്കത്തിന്റെ ഫലമായിരുന്നു അവരുടെ യാത്ര. ഓഫീസിലുള്ളവർ കാട്ടൂർക്കടവിൽ വന്ന് പലരേയും കണ്ട് സംസാരിച്ചു. രണ്ടു കമ്യൂണിസ്റ്റു പാർടികളും അക്കാര്യത്തിൽ ഇടപെട്ടു. അവസാനം എല്ലാവരും ചേർന്ന് മീനാക്ഷിയെ സമീപിച്ചു.
അന്നു പാർടി സെക്രട്ടറിയായിരുന്ന കുഞ്ഞുമൊയ്തീൻ ആരുടേയും മുഖത്തു നോക്കാതെ സംസാരിച്ചു:
‘നിങ്ങളുടെ കുടുംബബന്ധവും അതിൽ വന്ന തരക്കേടുകളും ഞങ്ങൾക്ക് എല്ലാവർക്കും അറിയാം. ചന്ദ്രശേഖരനും കുടുംബവും മീനാക്ഷിയോട് ചെയ്ത അനീതിയും നിശ്ചയമുണ്ട്. അതെല്ലാം അറിഞ്ഞു കൊണ്ടു തന്നെ ഇപ്പോൾ ഒരു നിർദ്ദേശം മുന്നോട്ടു വെക്കുകയാണ്. അത് മീനാക്ഷി സഖാവും മകനും കുഴൽമന്ദത്ത് പോയി ചന്ദ്രശേഖരന്റെ ഒപ്പം താമസിക്കണം എന്നതാണ്. ഇപ്പോൾ അദ്ദേഹം എന്ത് എങ്ങനെ എന്നതൊക്കെ അവിടെ നിൽക്കട്ടെ. കാട്ടൂർക്കടവിൽ കമ്യൂണിസ്റ്റു പാർട്ടി ഉണ്ടാക്കിയ മുന്നു നാലു പേരിൽ ഒരാളാണ് ചന്ദ്രശേഖരൻ. അദ്ദേഹം ആശ്രയമില്ലാതെ കഷ്ടപ്പെടാൻ പാടില്ല.'
മീനാക്ഷി കർശനമായ നോട്ടത്തോടെ ചോദിച്ചു: ‘പാർട്ടി തീരുമാനമാണോ?'
‘അതെ’; കുഞ്ഞുമൊയ്തീൻ പറഞ്ഞു.
‘പാർട്ടി തീരുമാനം എല്ലായ്‌പ്പോഴും ഞാൻ അനുസരിച്ചിട്ടുണ്ട്. ഇതും അനുസരിക്കുന്നു’; മീനാക്ഷി പറഞ്ഞു.
അപ്പോഴേക്കും ചന്ദ്രശേഖരൻ ദയനീയമായ അവസ്ഥയിൽ എത്തിയിരുന്നു. വളരെ കഷ്ടപ്പെട്ട് ഒരു വിധം ഇഴഞ്ഞു നീങ്ങിയാണ് അയാൾ ഓഫീസിൽ പോയിരുന്നത്. ജോലിയൊന്നും ചെയ്യാൻ അയാൾക്ക് കഴിയുമായിരുന്നില്ല. ചെന്നപാടെ റിക്കാർഡ് റൂമിലെ ഒരു മേശപ്പുറത്ത് കിടക്കും. അത്യാവശ്യ കടലാസുകൾ കൊണ്ടുചെന്നാൽ ഒപ്പുവെക്കും. ആപ്പീസിൽ വരാതിരിക്കാൻ അയാൾക്ക് നിവൃത്തിയുണ്ടായിരുന്നില്ല. ശമ്പളം കിട്ടാതെ ജീവിക്കാൻ കഴിയാത്തവണ്ണം അയാൾ നിർദ്ധനനായി കഴിഞ്ഞിരുന്നു. ചികിത്സക്കും മരുന്നിനും കുറേ പണം വേണം. കാട്ടൂർക്കടവിലെ വസ്തുക്കൾ അയാൾ ഒന്നൊന്നായി വിറ്റിരുന്നു. കൊളംബു ബംഗ്ലാവും സ്ഥലവും ചിട്ടിക്കമ്പനിക്കാർ ലേലം ചെയ്‌തെടുത്തു. പൈക്കണ്ണിക്കാവിൽ വല്യമ്മയുടെ സ്വന്തം പേരിലുണ്ടായിരുന്ന വസ്തു മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അത് വല്യമ്മ ദിമിത്രിയുടെ പേരിൽ മരണപത്രമെഴുതി അവകാശപ്പെടുത്തിയിരുന്നു.
അന്ന് ദിമിത്രി ഒൻപതാം ക്ലാസിലാണ് പഠിച്ചിരുന്നത്. സ്‌കൂളിൽ നിന്നും ടി.സി. വാങ്ങി കുഴൽമന്ദത്ത് മാറ്റിച്ചേർത്തു. കുഴൽമന്ദത്തെ വാടകവീട്ടിൽ അവർ ചെന്നു കയറുമ്പോൾ ചന്ദ്രശേഖരൻ ഇറയത്ത് ചാരുകസേരയിൽ ഇരിപ്പുണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ദിമിത്രി കൊളംബ് ബംഗ്ലാവിന്റെ മുകൾനിലയിൽ വെച്ചു കണ്ടതിൽ നിന്നും ആ മനുഷ്യശരീരം വല്ലാതെ മാറിയിരുന്നു. മെലിഞ്ഞു വിളർത്തു. കൈകാലുകൾ കമ്പുകൾ പോലെയായി. തലമുടി ഏതാണ്ടും കൊഴിഞ്ഞു. ബാക്കിയുള്ളത് നരച്ചിരുന്നു. പല്ലുകൾ പലതും നഷ്ടപ്പെട്ടു. അന്ന് പുസ്തകമായിരുന്നു കയ്യിലെങ്കിൽ ഇന്ന് മദ്യം നിറച്ച ഗ്ലാസാണ്. വിറക്കുന്ന കയ്യിൽ നിന്ന് അതു തുളുമ്പി പോകാതിരിക്കാൻ അദ്ദേഹം പരമാവധി ശ്രമിച്ചു. കസേരക്കടുത്തുള്ള ചെറിയ ടീപ്പോയിൽ മദ്യക്കുപ്പി വെച്ചിരുന്നു. അവശേഷിക്കുന്ന പല്ലുകൾ കാണിച്ച് അദ്ദേഹം ചിരിച്ചപ്പോൾ ദിമിത്രിക്ക് അറപ്പു തോന്നി.
അദ്ദേഹം ഉല്ലാസഭാവത്തിൽ പറഞ്ഞു; ‘വിരുന്നുകാരടെ വരവ് പ്രമാണിച്ച് ഒന്ന് ആഘോഷിക്ക്യാന്നു വെച്ചു. അന്ത്യകൂദാശക്ക് വന്നിരിക്ക്യല്ലേ? വര്വാ, വര്വാ.'
അവർ ചവിട്ടുകല്ലുകൾ കയറുമ്പോൾ അദ്ദേഹം പുച്ഛത്തോടെ വിളിച്ചു പറഞ്ഞു:
‘സൂക്ഷിച്ച്, വലതുകാൽ വെച്ച്.'
വർഷങ്ങൾക്കു ശേഷം മറ്റൊരു മരണത്തിന് സാക്ഷ്യം വഹിക്കാനായി ദിമിത്രി ചെറുപുഷ്പം ആശുപത്രിയിലെ മുറിയിൽ ഇരിക്കുകയാണ്. എന്തുകൊണ്ടോ അയാൾ വല്ലാതെ അസ്വസ്ഥനായിരുന്നു. ആശുപത്രി സ്റ്റാഫ് കൂടെക്കൂടെ മുറിയിൽ വന്നു കൊണ്ടിരുന്നു. ഡോക്ടർ വന്നു. ഏതാനും മണിക്കൂറുകൾക്കകത്ത് തന്റെ അമ്മ മരിക്കുമെന്ന് അയാൾ മനസ്സിലാക്കി. ഇപ്പോഴത്തെ ബോധമറ്റുള്ള ഉറക്കത്തിൽ നിന്നും അവർ ശാശ്വതനിദ്രയിലേക്ക് പ്രവേശിക്കും. പിന്നീട് മരണാനന്തര പരിചരണങ്ങളാണ്. ചടങ്ങുകൾ. അതിനൊക്കെ മുമ്പ് അവിടന്ന് രക്ഷപ്പെടണമെന്ന് അയാൾ ആഗ്രഹിച്ചു.
‘മരണത്തിനു തൊട്ടുമുമ്പ് അമ്മ കണ്ണു തുറക്കുമെന്നും എന്നെ നോക്കുമെന്നും ഞാൻ ഭയന്നു’; ഹെർബർട്ട് സ്പൻസർ ഫാമിലിരുന്ന് ഒരു കുമ്പസാരത്തിൽ എന്നപോലെ ദിമിത്രി മെഹമൂദിനോടു പറഞ്ഞു.
മെഹമൂദ് പറഞ്ഞു; ‘മരണം എന്നത് വലിയൊരു സത്യമാണ്. ജനനത്തേക്കാൾ വലിയ സത്യം. അറിവിലും അറിഞ്ഞവന്റെ ഉരുവിലും പുറത്തും നിറഞ്ഞു നിൽക്കുന്ന കരു എന്ന് ഗുരു പറഞ്ഞത് ഒരുപക്ഷേ ഈയൊരു ശാശ്വതസത്യത്തെക്കുറിച്ചായിരിക്കുമോ?'
ആശുപത്രിമുറിയിൽ അതിഥികൾ തിരക്കുകൂട്ടി വരാൻ തുടങ്ങിയിരുന്നു. ശിവരാമന്റെ നെഞ്ചിൽ സങ്കടം വന്നു മുട്ടി. ഒന്നും മിണ്ടാതെ കണ്ണീരൊഴുക്കിക്കൊണ്ട് ഓരോരുത്തർക്കും നേരെ അവൻ കൈകൂപ്പി. സഖാവ് ദേവദത്തൻ കടന്നു വന്ന സമയത്ത് അവൻ ശരിക്കും പൊട്ടിക്കരഞ്ഞു.
‘കണ്ണു തൊറക്ക് മീനേച്ച്യേ. ദേ, മ്മടെ ദേവദത്തൻ സഖാവ് വന്നക്കണ്.'
പി.കെ.മീനാക്ഷിയുടെ പാർടിയുടെ ജില്ലാ നേതൃത്തത്തിൽ പ്രവർത്തിക്കുന്ന സഖാവാണ് ദേവദത്തൻ. ചെറുപ്പമാണ്. വിളർത്ത് മെലിഞ്ഞ് ഉയരം കുറഞ്ഞ ആ ശരീരം തേച്ചു മടക്കി ധരിച്ചിരുന്ന വെള്ളഷർട്ടിന്റെ സാന്നിദ്ധ്യം കൊണ്ടു മാത്രമാണ് തെല്ലെങ്കിലും ഒരു നേതൃത്തഭാവം കൈവരിച്ചത്. ഏറെസമയം അദ്ദേഹം രോഗശയ്യക്കരികിൽ നിശ്ശബ്ദനായി നിന്നു. ശിവരാമൻ വിവരിച്ചു: ‘ദേവദത്തൻ സഖാവ്ന്ന് ച്ചാ മീനേച്ചിക്ക് ജീവനാണ്. മകനെപ്പോല്യാണ് സ്‌നേഹം.'
ദേവദത്തൻ പറഞ്ഞു: ‘മീറ്റിംഗുകൾ കൂടുമ്പൊ ഞാനും മീനുച്ചേച്ചീം തമ്മില് എപ്പഴും വഴക്കായിരുന്നു. എന്നെ ദത്തുപുത്രൻ ന്നാ വിളിക്ക്യാ. നീയൊക്കെ പ്രസ്ഥാനത്തിലിക്ക് വന്ന വിരുന്നുകാരനാണ് എന്നു പറയും. കഴിഞ്ഞ എ.സി.മീറ്റിംഗിലും ഞങ്ങള് തർക്കിച്ചു. അന്നു കണ്ടപ്പൊ ചേച്ചിക്ക് ആരോഗ്യപ്രശ്‌നാന്നും ഉണ്ടായിരുന്നില്ല.'
‘എല്ലാം പെട്ടെന്നല്ലേണ്ടായത്’; ശിവരാമൻ പറഞ്ഞു.
പാർട്ടി കോൺഗ്രസ്സിൽ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയപ്രമേയം ചർച്ച ചെയ്യാനുള്ള പ്രത്യേക മീറ്റിംഗായിരുന്നു അത്. ദേവദത്തൻ പ്രമേയം അവതരിപ്പിച്ചു. ദളിത് പ്രശ്‌നങ്ങളെ സംബന്ധിച്ച ചില ഭാഗങ്ങളിലാണ് അദ്ദേഹം ഊന്നിയത്. പ്രമേയത്തിലെ ഒരുഭാഗം അദ്ദേഹം വായിച്ചു:
‘നവലിബറൽ പരിഷ്‌ക്കാരങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ദളിതരെയാണ്. സാമൂഹ്യക്ഷേമത്തിനും ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമുള്ള ബഡ്ജറ്റ് വിഹിതം വൻതോതിൽ വെട്ടിക്കുറച്ചിരിക്കുന്നു. കരാർ നിയമനങ്ങൾ വന്നതോടെ സംവരണം ഫലത്തിൽ ഇല്ലാതായി. ക്രൈം റിക്കാർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ ദളിത് വേട്ട വർദ്ധിച്ചത് വ്യക്തമാക്കുന്നു. സംസ്‌കാരത്തിന്റെ പേരിൽ ഹിന്ദുത്വശക്തികൾ ദളിതർക്കെതിരായ വിദ്വേഷം പ്രോത്സാഹിപ്പിക്കുന്നു. ശിക്ഷാഭയമേതുമില്ലാതെയാണ് പ്രബലസമുദായങ്ങളിലെ പ്രമാണിമാർ ദളിതരെ ആക്രമിക്കുന്നത്. ഗോസംരക്ഷകരുടെ ലക്ഷ്യവും അവർ തന്നെ. മനുഷ്യവിസർജ്ജം തലയിൽ ചുമന്നു കൊണ്ടുപോകാൻ അവർ ഇന്നും നിർബന്ധിക്കപ്പെടുന്നു.'
വായന കഴിഞ്ഞ ശേഷം ദേവദത്തൻ മീനാക്ഷിയുടെ മുഖത്തേക്കാണ് നോക്കിയത്.
‘എന്തിനാ ദേവദത്താ നീയ് എന്നെ നോക്കണ്?'
‘ഒന്നും ഉദ്ദേശിച്ചിട്ടല്ല മീനുച്ചേച്ച്യേ. കണ്ണ് അറിയാണ്ട് അങ്ങട്ട് ഒന്നു പാളിയതാണ്.'
‘വയസ്സായപ്പോ ഇനിക്ക് സൗന്ദര്യം കൊറെ കൂടീട്ടുണ്ട്, അല്ലേ? അതാവും നിന്റെ കണ്ണ് പിടിവിട്ട് പാളണത്.'
എല്ലാവരും അപ്പോൾ ചിരിച്ചു.
മീനാക്ഷി പതുക്കെ പറഞ്ഞു; ‘ഒരു കാര്യം ഞാൻ പറയാം ദേവദത്താ. അനുഭവിക്കുന്ന ജനങ്ങൾ കൂടെയുണ്ടാവുമ്പഴാണ് ഏതുകാലത്തും ഏതു പ്രസ്ഥാനോം ശരിക്കുള്ള വഴി കണ്ടെത്ത്വാ. സ്വാതന്ത്ര്യസമരകാലത്ത് ണ്ടായതും അതാണ്. നമ്മൾ പലപ്പഴും രാഷ്ട്രീയപാർടികളടെ മുന്നണിയെയാണ് മുന്നിൽ കാണുന്നത്. അതതു കാലത്തെ ഭരണവർഗ്ഗത്തിന്റെ ആക്രമണം അനുഭവിക്കുന്നവരുടെ മുന്നണിയാണ് വേണ്ടത്. തൊഴിലാളികളും കർഷകരും വന്നാൽ എല്ലാവരും ആയീന്ന് കരുതരുത്. ദളിതർ, സ്ത്രീകൾ, ആദിവാസികൾ, വിവിധ മതന്യൂനപക്ഷങ്ങൾ; പാർടികൾക്ക് അപ്പുറത്തു നിൽക്കുന്ന ആ ജനകോടികളുടെ മുന്നണി ആരുണ്ടാക്കും?'
മീനാക്ഷി തുടർന്നു: ‘ചൂഷണവ്യവസ്ഥയാണ് നിലനിൽക്കുന്നത്. ജനങ്ങളിൽ തൊണ്ണൂറു ശതമാനവും സാമ്പത്തികമായ ചൂഷണത്തിന് വിധേയരാകുന്നു. എന്നാൽ സാമ്പത്തികം എന്നപോലെ സാംസ്‌കാരികമായ ചൂഷണത്തിനു കൂടി വിധേയരാകുന്ന ഒരു വിഭാഗമുണ്ട്. ദളിതുകളും സ്ത്രീകളും വിവിധ ന്യൂനപക്ഷങ്ങളും. അവരെ ആ രീതിയിൽ കാണാൻ കഴിഞ്ഞില്ലെങ്കിൽ പ്രശ്‌നമാണ്. കൂലി കൂടുതൽ കിട്ടിയാൽ അവരുടെ പ്രശ്‌നം അവസാനിക്കുമോ? ഈയൊരു സംഗതി അനുഭവത്തിലൂടെ ഏറ്റവും നന്നായി ബോധ്യപ്പെടേണ്ടത് ഇന്ത്യയിലെ കമ്യൂണിസ്റ്റു പാർട്ടികൾക്കാണ്.'
ആരും ഒന്നും പറഞ്ഞില്ല. ഏറെനേരം അന്ന് കമ്മിറ്റി യോഗം നിശ്ശബ്ദതയിൽ പെട്ടു.
കുറച്ചു കഴിഞ്ഞ് സഖാവ് ചെറുതന ഗോപാലൻകുട്ടിയാണ് നിശ്ശബ്ദത ഭഞ്ജിച്ചത്. അദ്ദേഹം പറഞ്ഞു; ‘അതൊക്കെ പാർട്ടി കോൺഗ്രസ്സ് ചർച്ച ചെയ്ത് തീരുമാനിച്ചോളും സഖാവെ. നമ്മളതിന് തല പുണ്ണാക്കണ്ട കാര്യല്യ.'
‘ആര്? പ്രതിനിധികളെ കൂടാണ്ട് ഹൈദരാബാദിലിക്ക് ദൈവങ്ങൾ ആകാശത്തുന്ന് എറങ്ങി വരാന്ന് പറഞ്ഞട്ടുണ്ടോ കാര്യങ്ങൾ തീരുമാനിക്കാൻ?'
മീനാക്ഷി ശബ്ദമുയർത്തി ചോദിച്ചു.
ദേവദത്തൻ ആശുപത്രിക്കട്ടിലിൽ കിടക്കുന്ന മീനാക്ഷിയെ നോക്കി. ജീവൻ രക്ഷക്കായി ഘടിപ്പിച്ച പലവിധ ട്യൂബുകൾക്കിടയിൽ ആ മുഖം പ്രകാശിക്കുന്നതായി അയാൾക്കു തോന്നി. മങ്ങലേൽക്കാത്ത ഒരു സൗന്ദര്യം ചുളിവു വീണ ആ മുഖത്തിനുണ്ട്. അയാൾ ആ നെറ്റിയിൽ കൈവെച്ചു.
ഇറങ്ങാൻ നേരത്ത് അയാൾ ദിമിത്രിയുടെ അടുത്തുചെന്നു. ഒന്നും മിണ്ടാതെ അവന്റെ കയ്യിൽ ഒന്നു തൊടുകയാണുണ്ടായത്.
പക്ഷേ ദിമിത്രി ദേഷ്യപ്പെട്ടു.
‘കയ്യെടുക്കണം’; അവൻ പറഞ്ഞു.
‘എന്താണ് സുഹൃത്തേ അങ്ങനെ പറയുന്നത്?'; ദേവദത്തൻ ചോദിച്ചു.
‘കയ്യെടുക്കണം എന്നു പറഞ്ഞാൽ കയ്യെടുക്കണം. നിങ്ങളുടെ നാടകത്തിൽ പങ്കെടുക്കാൻ എനിക്കു താൽപ്പര്യമില്ല’; ദിമിത്രി കൂടുതൽ ഉച്ചത്തിൽ പറഞ്ഞു. മുറിയിലുണ്ടായിരുന്ന എല്ലാവരും പകച്ചു.
ശിവരാമൻ കരഞ്ഞു കൊണ്ടു ചോദിച്ചു; ‘എന്താ പറ്റ്യേത് നിനക്ക് ദിമിത്രി?'
‘ഒരു നായിന്റെ മോനും എന്നെ തൊടണ്ട. എന്നോടു സംസാരിക്കണ്ട’; അയാൾ കിതച്ചു കൊണ്ട് പറഞ്ഞു. ▮
(തുടരും)