പാലക്കാടും കുഴൽമന്ദവും അവിടത്തെ ചൂടു വഹിക്കുന്ന കാറ്റും പിന്നീടൊരിക്കൽ ദിമിത്രിയുടെ ജീവിതത്തിന്റെ ഭാഗമായി. പത്തൊൻപതാമത്തെ വയസ്സിൽ അയാൾക്ക് ജോലി കിട്ടിയിരുന്നു. എന്നുവെച്ചാൽ അന്നത്തെ പ്രീഡിഗ്രി കഴിഞ്ഞയുടനെ അയാൾ ഉദ്യോഗസ്ഥനായി. അച്ഛന്റെ മരണത്തെ തുടർന്നുള്ള ആശ്രിതനിയമനമായിരുന്നു. ഇത്രനേരത്തെ സർക്കാർ സർവ്വീസിൽ എത്തുന്നവരെ ഭാഗ്യവാന്മാരായിട്ടാണ് കണക്കാക്കുന്നത്. പ്രമോഷൻ സാധ്യതയുള്ള വകുപ്പുകളിൽ അവർക്ക് പരമാവധി ഉയരത്തിൽ എത്താൻ കഴിയും. പക്ഷേ വകുപ്പുതല പരീക്ഷകൾ പാസ്സാകാത്തതു കൊണ്ട് ദിമിത്രിക്ക് ആ സൗഭാഗ്യം ലഭിച്ചില്ല. ചില ഗ്രേഡുകളും അമ്പതു വയസ്സു കഴിഞ്ഞവർക്ക് ഔദാര്യമായി ലഭിക്കുന്ന ഒരു ഉദ്യോഗക്കയറ്റവും മാത്രമാണ് അയാൾക്ക് ലഭിച്ചത്. അയാൾ അതുകൊണ്ട് തൃപ്തിപ്പെട്ടു.
മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് നിയമന ഉത്തരവുമായി അയാൾക്ക് ചെല്ലേണ്ടിയിരുന്നത് ലാന്റ് റിക്കാർഡ്സിന്റെ കുഴൽമന്ദം സബ് ആപ്പീസിലാണ്. അയാളുടെ അച്ഛൻ പുല്ലാനിക്കാട്ട് ചന്ദ്രശേഖരൻ ദീർഘകാലം ജോലിചെയ്തിരുന്ന ആപ്പീസ്. അയാളുടെ മനസ്സിൽ നിന്നും ആ ആപ്പീസും പരിസരവും മാഞ്ഞിരുന്നില്ല. അച്ഛന്റെ സഹപ്രവർത്തകരിൽ ഒരാൾ അന്നവിടെ ബാക്കിയുണ്ടായിരുന്നു. ഒരു ശാന്തകമാരൻ. അദ്ദേഹമായിരുന്നു അപ്പോൾ റിക്കാർഡ് ആപ്പീസർ. അദ്ദേഹം ദിമിത്രിയോട് പറഞ്ഞു:
"ഓർഡർ കണ്ടപ്പോൾ ഞാൻ ആശ്ചര്യപ്പെട്ടു. നിങ്ങൾ ഇവിടേക്കു തന്നെ എത്തിയല്ലോ. നിങ്ങൾക്ക് എന്നെ കണ്ട ഓർമ്മയുണ്ടോ?"
ദിമിത്രി ഓർക്കാൻ ശ്രമിച്ചു.
"ഞാനന്ന് തീരെ മെല്ലിച്ചിട്ടായിരുന്നു. അന്ന് ഇവിടെ അപ്പർ ഡിവിഷൻ ക്ലർക്ക്. ജോലി കിട്ടിയിട്ട് അപ്പൊ അഞ്ചെട്ടു കൊല്ലേ ആയിരുന്നുള്ളു. എന്നെ ജോയിൻ ചെയ്യിച്ചതും പണികൾ പറഞ്ഞു തന്നതും ചന്ദ്രൻ സാറാണ്. ഇതാ, ഇപ്പൊ ഞാൻ അദ്ദേഹത്തിന്റെ മകനെ ജോയിൻ ചെയ്യിക്കുന്നു. ഇതൊക്കെ ചില നിയോഗങ്ങളാണ്.'
പറഞ്ഞ വാക്കിന്റെ ഗൗരവത്തിൽ അദ്ദേഹം തെല്ലു സമയം നിശബ്ദനായി.
രോഗബാധിതനായ ചന്ദ്രശേഖരനെ രക്ഷപ്പെടുത്താനുള്ള പദ്ധതിയുമായി പണ്ട് കാട്ടൂർക്കടവിലേക്ക് വന്ന സംഘത്തിൽ ഈ ശാന്തകുമാരനുമുണ്ടായിരുന്നു. അദ്ദേഹം തുടർന്നു:
"എനിക്ക് നല്ല ഓർമ്മേണ്ട് നിങ്ങടെ നാട്. ഞങ്ങള് ഈ പാലക്കാട്ന്ന് വരുമ്പൊ അന്നത് ഒരു കൗതുകാർന്നു. എവടെ നോക്ക്യാലും തോടും കൊളങ്ങളും കനാലും. പിന്നെ വയലും. വയല് ഇവടെ ഇല്ലാഞ്ഞിട്ടല്ല. പക്ഷേ അവടെ അന്നതൊക്കെ വെള്ളം നെറഞ്ഞ് കെടക്ക്വാർന്നു. നിങ്ങടെ അമ്മ താമസിച്ചിരുന്ന ആ തുരുത്തിലിക്കും ഞങ്ങളന്നു പോയി. നാനാജാതി മരങ്ങളല്ലേ അവടെ? കാട്ടുപൊന്തകളും കൊളക്കോഴികളും. ഞങ്ങളവടെ മുഴുവൻ നടന്നു കണ്ടു.'
നെറ്റിയിൽ നിന്ന് മേലേക്കു പടർന്ന കഷണ്ടിയും ചെന്നിയിൽ നരച്ച മുടിയുമുള്ള ഉയരം കുറഞ്ഞയാളായിരുന്നു ശാന്തകുമാരൻ. ചന്ദനക്കുറിയും അതിനു മേലെ കുങ്കുമവും ഉണ്ട്. അദ്ദേഹം ദിമിത്രിയെ കൗതുകത്തോടെ നോക്കിക്കണ്ടു.
"ചുരുങ്ങിയ കാലംകൊണ്ട് നിങ്ങൾ വളരെ വലുതായിപ്പോയി.'
അദ്ദേഹം പറഞ്ഞു.
ആപ്പീസിൽ ആ സമയത്ത് നിറച്ച് ആളുകളുണ്ട്. റിക്കാർഡാക്കാൻ വന്ന കക്ഷികളും പ്രമാണമെഴുത്തുകാരും ബ്രോക്കർമാരും. പിന്നെ പകർപ്പിനും ബാധ്യതാ സർട്ടിഫിക്കറ്റിനും വേണ്ടിവന്നവർ. വിളർത്ത് ഏതാണ്ട് ചെമ്പിന്റെ നിറമായിരുന്നു അന്ന് കുഴൽമന്ദത്തുകാർക്ക്. കൊണ്ട വെയിലിന്റെ ക്ഷീണം അവരുടെ മങ്ങിയ മുഖങ്ങളിൽ തെളിഞ്ഞു നിന്നു. മിക്കവരും പഴകി മഞ്ഞച്ച വെള്ളവസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. പ്രാമാണികളായ ചില കാരണവന്മാർ ഒരു മുറിക്കച്ച തോളത്തിട്ടിരുന്നു. ആപ്പീസർ ശാന്തകുമാരൻ അവരെയെല്ലാം അവഗണിച്ച് ദിമിത്രിയോട് സംസാരിച്ചു:
"നിങ്ങളുടെ അമ്മ ഇപ്പോൾ അവിടത്തെ പഞ്ചായത്ത് പ്രസിഡണ്ടാണെന്ന് ഞാൻ കേട്ടു. ഇത്രക്കും ചങ്കൂറ്റോം മനുഷ്യസ്നേഹോം ഉള്ള ഒരു സ്ത്രീയെ ഞാൻ വേറെ കണ്ടിട്ടില്ല. എനിക്കറിയാം കാര്യങ്ങൾ. വിവാഹം കഴിച്ചശേഷം തിരിഞ്ഞു നോക്കാത്ത ഒരു ഭർത്താവിനെയാണ് അന്ത്യകാലത്ത് അവർ ഇവിടെ വന്ന് ശുശ്രൂഷിച്ചത്. എന്നിട്ടെങ്കിലും അവരെ അദ്ദേഹം പരിഗണിച്ചോ? ഇല്ല.'
"നിങ്ങൾ ഇവിടെ വടക്കേഗ്രാമത്തില് രാമസ്വാമി മൂത്താന്റെ വീട്ടില് താമസിക്കുന്ന കാലത്ത് ഞാൻ അവടെ പലതവണ വന്നിട്ടുണ്ട്. നിങ്ങടെ അമ്മ ഉണ്ടാക്ക്യ ഭക്ഷണം കഴിച്ചട്ടുണ്ട്. അവര് ഒരു ഹരിജൻ സ്ത്രീയാണ് എന്നതൊന്നും ഞാൻ നോക്കീല്യ. എന്താന്ന്ച്ചാൽ നിങ്ങടെ അച്ഛനുമായിട്ട് എനിക്ക് അത്രക്കും ബന്ധണ്ട്. പിന്നെ ഈ ജാതീന്ന് പറയണേല് വെല്യ കാര്യല്യ. മൊളയമ്മാരടെ കൂട്ടത്തിലും നല്ല വെടിപ്പും വൃത്തീം ഒള്ളോരുണ്ട്. നമ്മളൊക്കെ ഹിന്ദുക്കളാണ്. ഓരോരോ നിയോഗം കൊണ്ട് പല ജാതികളായി പിരിഞ്ഞു നിൽക്കുന്നൂന്ന് മാത്രം. ഹിന്ദുക്കളായി ജനിച്ചവരിലെല്ലാം ഒരേ ആത്മചൈതന്യമാണ് കുടികൊള്ളുന്നത്.'
"നിങ്ങളന്ന് ചെറിയ കുട്ടി. നിങ്ങൾക്ക് അറിയ്യോന്ന് നിശ്ചയല്യ. നിങ്ങൾക്ക് കൃത്യായിട്ട് ഭക്ഷണം തരാൻ വേണ്ടി നിങ്ങടെ അമ്മ അന്ന് വളരെ കഷ്ടപ്പെട്ടു. അച്ഛന്റെ ശമ്പളം ആൾക്ക് കുടിക്കാനും മരുന്നിനും മാത്രേണ്ടാർന്നുള്ളു. നിങ്ങടെ അമ്മ അന്ന് ഇവടെ തേങ്കുറുശ്ശീല് ഒരു അച്ചാറു കമ്പനീല് പണിക്ക് പോയേർന്നു. കഠിനമായ ജോലിയായിരുന്നു. എന്നാൽ അവർ ആരോടും പരാതി പറഞ്ഞില്ല.'
ദിമിത്രി ഓർത്തു. വെയിൽ തിളക്കുന്ന വയലുകൾക്കിടയിൽ ഒറ്റപ്പെട്ടു നിന്ന ആ ചെറിയ വീട്ടിൽ വെച്ച് തന്റെ കയ്യിലെ ചെറിയ കണ്ണാടിയിൽ നോക്കി അമ്മ മുടി ചീകുന്നത്. ബസ്സുപിടിക്കാനായി വരമ്പിലൂടെ തിരക്കിട്ടു നടക്കുന്നത്. സ്കൂൾ വിട്ടുവന്നാൽ മങ്ങുന്ന വെയിലിനെ നോക്കി ദിമിത്രി തിണ്ണയിൽ ഇരിക്കാറുണ്ട്. സന്ധ്യ കഴിഞ്ഞാലാണ് അമ്മ വരിക. അവരുടെ ശരീരത്തിന് അപ്പോൾ മുളകിന്റെയും ഉലുവയുടേയും മണമുണ്ടായിരിക്കും. വല്ലപ്പോഴും ചില അച്ചാറുകുപ്പികൾ അമ്മ കൊണ്ടു വന്നിരുന്നു. ജവാൻ പിക്കിൾസ് ആന്റ് ഫുഡ് പ്രൊഡക്റ്റ്സ് എന്നായിരുന്നു ആ കമ്പനിയുടെ പേര്. തോക്കുപിടിച്ചു നിൽക്കുന്ന ഒരു പട്ടാളക്കാരന്റെ ഫോട്ടോ കുപ്പിമേൽ ഉണ്ടായിരുന്നു.
ആ സമയത്ത് അച്ഛൻ ചന്ദ്രശേഖരൻ ഇറയത്തെ ചാരുകസേരയിൽ അസ്വസ്ഥനായി ഇരിപ്പുണ്ടാകും. ആപ്പീസിലെ സ്ഥിരം സാക്ഷി ചെന്താമരയെ കാത്ത്. നെഞ്ച് മുന്നോട്ടു തള്ളി വല്ലാതെ മെലിഞ്ഞ് തെല്ലു വളഞ്ഞ ശരീരമാണ് ചെന്താമരക്ക്. കാലുകൾ കൊക്കുകളുടെ പോലെ ആയിരുന്നു. കുറ്റിത്താടിയും വെറിപിടിച്ച മുഖവും. ഭൂമിയെ സ്പർശിക്കാത്ത മട്ടിൽ അയാൾ നടന്നു വരും. മൽമലിന്റെ തുണികൊണ്ടുള്ള ഷർട്ടിൽ സാമാന്യം വലുപ്പമുള്ള ഒരു കീശയും അതിൽ തടിച്ച ഒരു ഫൗണ്ടൻ പേനയും ഉണ്ടായിരുന്നു. ഇടക്കിടെ പേനയെടുത്ത് തുറന്ന് നിബ്ബിൽ വിരൽകൊണ്ടു തൊട്ട് മഷിയുണ്ടോ എന്ന് അയാൾ പരിശോധിക്കാറുണ്ട്.
ചെന്താമരയാണ് പതിവായി ചന്ദ്രശേഖരനുള്ള മദ്യം എത്തിച്ചിരുന്നത്. മിക്കപ്പോഴും റാക്കായിരുന്നു. അതിൽ ചേർക്കാനുള്ള ദശമൂലാരിഷ്ടവും കൂടെ കഴിക്കാനായി പപ്പടവട, മിക്ച്ചർ, പുഴുങ്ങിയ താറാവുമുട്ട എന്നിവയും കൊണ്ടുവരും. അച്ചാറും. ചെന്താമര തന്നെ എല്ലാം ശ്രദ്ധാപൂർവ്വം എടുത്തു കൊടുക്കും. ഒരൽപ്പം തനിക്കു വേണ്ടിയും ഒഴിക്കും. ചന്ദ്രശേഖരന്റെ മദ്യപാനസമയം മുഴുവൻ ബീഡി വലിച്ചുകൊണ്ട് ഇറയത്ത് കുന്തുകാലിൽ അയാൾ ഇരിക്കും.
പണമില്ലാത്ത ദിവസങ്ങളിൽ ആരുടെയെങ്കിലും കയ്യിൽ നിന്ന് കടംവാങ്ങി ചെന്താമര മദ്യം എത്തിക്കും. എഴുത്താപ്പിസുകളിലോ കടകളിലോ ചെന്ന് "റിക്കാട്ടാപ്പീസർക്ക് റാക്കുമേടിക്കാനാണ്' എന്നു പറഞ്ഞ് പണം വാങ്ങിക്കാൻ അയാൾക്ക് യാതൊരു മടിയുമില്ല.
നിവൃത്തിയില്ലാതെ വരുമ്പോൾ ഷാപ്പിൽ കടം പറയാറുണ്ട്. അങ്ങനെ കടംപെരുകിയ രണ്ടുസന്ദർഭങ്ങളിൽ ഷാപ്പു മാനേജർ സത്യാനന്ദൻ ആ വീട്ടിൽ വന്നിരുന്നു. ശമ്പളം കിട്ടുന്ന ദിവസങ്ങളിൽ ആപ്പീസിൽ വെച്ചാണ് അത്തരം കടങ്ങൾ ചന്ദ്രശേഖരൻ തീർത്തിരുന്നത്.
ശാന്തകുമാരൻ പറഞ്ഞു:
"ഒന്നാം തീയതി ശമ്പളം കിട്ടുന്ന ദിവസം ചന്ദ്രൻസാറിനെ കാണാൻ ഒരുപാട് പേര് വരും. ഒക്കെ കടം പിരിക്കാൻ വരുന്നതാണ്. ദൂരദിക്കുകളിൽ നിന്ന് ചില ഉദ്യോഗസ്ഥന്മാർ സ്ഥിരമായി വന്നിരുന്നു. അവരുടെ കയ്യിൽ നിന്നും സാലറി സർട്ടിഫിക്കറ്റ് വാങ്ങി ബാങ്കുകളിൽ നിന്ന് വായ്പയെടുത്തതാണ്. ശമ്പളത്തിൽ കട്ടിംഗു വന്നാൽ മനുഷ്യൻ പരക്കം പായില്ലേ? അങ്ങനെ ഒന്നാം തീയതി തന്നെ വെറും കയ്യായിട്ടാണ് ചന്ദ്രൻ സാറ് ആപ്പീസിൽ നിന്നിറങ്ങിയിരുന്നത്. ആ മദ്യപാനത്തിന്റെ കഥ ഞാൻ പറയണ്ടല്ലോ?'
വൈകുന്നേരങ്ങളിൽ മദ്യപാനം തുടങ്ങി ഒരു ഘട്ടം പിന്നിട്ടാൽ പിന്നെ ചന്ദ്രശേഖരൻ സംസാരിക്കാൻ തുടങ്ങും. ചിരിയും കരച്ചിലും ചിലപ്പോൾ ഉച്ചത്തിലുള്ള നിലവിളിയും കലർന്നുള്ള പരിദേവനങ്ങളാണ്. എല്ലാം ചെന്താമരയോടാണ്. ആ മനുഷ്യൻ മറുപടിയായി മൂളുക മാത്രമേ പതിവുള്ളു. നിർവ്വികാരവും ഏതാണ്ടൊക്കെ ഭീതി തോന്നിപ്പിക്കുന്നതുമായ തന്റെ മുഖം തിരിച്ച് ഗ്ലാസ് ഒഴിയുന്നുണ്ടോ എന്നു ശ്രദ്ധിക്കും. ഇടക്ക് ശബ്ദത്തിൽ ഏമ്പക്കം വിടും.
"ഇന്നു ചാരായം കടം ചോദിച്ചേന് സത്യാനന്ദൻ നിന്നെ വഴക്കു പറഞ്ഞു അല്ലേ?'
ചന്ദ്രശേഖരൻ ചെന്താമരയോടു ചോദിച്ചു. ചെന്താമര അലസമായി മൂളി.
"അവൻ വഴക്കു പറയുന്ന് എനിക്ക് അറിയായിരുന്നു. കഴിഞ്ഞ മാസം കണക്കു തീർക്കാൻ ആപ്പീസിലു വന്നപ്പൊ കക്ഷികളടെ മുന്നിൽവെച്ച് അവൻ എന്നെ അപമാനിച്ചു. ചാരായഷാപ്പില് കടം നിർത്തണേലും ഭേദം പോയി തൂങ്ങിച്ചാവ്വാന്നാ അവൻ പറഞ്ഞത്.'
ചെന്താമര മിണ്ടിയില്ല. ചന്ദ്രശേഖരൻ തുടർന്നു:
"എന്റെ നിഴൽരൂപങ്ങൾ എന്ന നാടകം വടക്കൻ പറവൂരിൽ കളിച്ചപ്പോൾ കൊമേഡിയനായി അഭിനയിച്ചയാളാണ് ഈ സത്യാനന്ദൻ. ഇന്ന് അവൻ എന്നെ വഴക്കു പറയുന്നു. കേവലം ഒരു ചാരായഷാപ്പുകാരന് പുലഭ്യം പറയാവുന്ന തരത്തിലേക്ക് പുല്ലാനിക്കാട് ചന്ദ്രശേഖരൻ തരംതാണു അല്ലേ? ഇനിക്കറിയാം. ഒരു പുഴുത്ത പട്ടീനെപ്പോലെയാണ് ആളുകൾ ഇപ്പോ എന്നെ കാണണ്. ഡാ, ചെന്താമരേ, നീ മാത്രേള്ളൂ ഇനിക്കു രക്ഷ. നീ മാത്രേ എന്നെ സ്നേഹിച്ചിട്ടുള്ളു. എല്ലാവരും എന്നെ ചതിച്ചു. വഞ്ചിച്ചു. നിനക്കറിയോടാ ഞാൻ ആരായിരുന്നൂന്ന്? പറയടാ. ആരായിരുന്നു ഈ പുല്ലാനിക്കാട് ചന്ദ്രശേഖരൻ?'
ചെന്താമര അത് ശ്രദ്ധിക്കാതെ ബീഡി കത്തിച്ചു വലിച്ചു. അവൻ ചോദിച്ചു.
"നക്കാൻ അച്ചാറ് ഇനി വേണോ?'
ചന്ദ്രശേഖരൻ വിവരിച്ചു:
"വയലാർ, പി.ഭാസ്ക്കരൻ, പൊൻകുന്നം ദാമോദരൻ, കാറളം ബാലകൃഷ്ണൻ. നീ കേട്ടട്ടുണ്ടോടാ ഇവരെ? കേരളത്തെ പാടിയുണർത്തിയവരാടാ ഇവര്. ഒരു പത്തുകൊല്ലം മുമ്പ് ഇവരടെ കൂട്ടത്തിലെ ഒരു പേരായിരുന്നു പുല്ലാനിക്കാട്ട് ചന്ദ്രശഖരൻ. ഗായകകവി. കാവ്യഗന്ധർവ്വൻ. അന്ന് രാജശേഖരനും ഞാനും കൂടി തൃശ്ശൂര് നവജീവൻ ആപ്പീസില് കേറി ചെല്ലുമ്പോ അവടെ മുണ്ടശ്ശേരി ഇരിക്കണുണ്ട്. പിന്നെ ടി.കെ.ജി.നായരും. ഞങ്ങൾ മുണ്ടശ്ശേരീടെ അരീത്തിക്ക് പോയില്ല. അദ്ദേഹം ആരാ? സാഹിത്യത്തിലെ മുടിചുടാമന്നൻ. ഞങ്ങൾ പിള്ളേര്. ഞങ്ങൾ ടി.കെ.ജി.രെ അടുത്തിക്ക് ചെന്നു. അങ്ങോര് അപ്പൊ പറഞ്ഞതെന്താന്നറിയോടാ ചെന്താമരേ നിനക്ക്? എവടെന്ന് അറിയാനാണ്. റിക്കാർട്ടാപ്പീസിന്റെ എറേത്തിരിക്കണ ഒരു കഴുതക്ക് എങ്ങനെ വിവരണ്ടാവാനാ?'
ചന്ദ്രശേഖരൻ പൊട്ടിച്ചിരിച്ചു. ആ സമയത്ത് ചെന്താമരയും ചിരിച്ചു.
"ടി.കെ.ജി. പറഞ്ഞു: ഗാനത്തില് പി. ഭാസ്ക്കരനെ വെട്ടിക്കും ഈ പുല്ലാനിക്കാടൻ. കവിതയിൽ വയലാറിനേം. അപ്പൊ ഞാൻ ശ്രദ്ധിച്ചു. രാജശേഖരന്റെ മുഖം മങ്ങുന്നു. പാർടിയിൽ അവനാണല്ലോ അന്ന് പ്രമാണി. ജില്ലാ കൗൺസിൽ മെമ്പർ. തിരു കൊച്ചി പാർടി സമ്മേളനത്തിലെ പ്രായം കുറഞ്ഞ പ്രതിനിധി.'
ചന്ദ്രശേഖരൻ വീണ്ടും ചിരിച്ചു. അദ്ദേഹം പാടി:
"മേഘം മറഞ്ഞു വെയിൽ മങ്ങിയല്ലോ
താഴ്വരക്കാട്ടിൽ ഇരുൾ വന്നുവല്ലോ.'
"ടി.കെ.ജി. പറയണുകേട്ട് മുണ്ടശ്ശേരി മാഷ് തലയുയർത്തി എന്നെ നോക്കി. എണീറ്റ് വായിലെ മുറുക്കാൻ ചണ്ടി തുപ്പിക്കളഞ്ഞ് വന്നട്ട് ഒരു ചോദ്യം: "ഇയാളാണോ ഈ പുല്ലാനിക്കാട്ട് ചന്ദ്രശേഖരൻ എന്ന കക്ഷി?' അങ്ങനെ ഒരു ചോദ്യം മതീടോ അന്ന് ഒരാള് ആകാശം മുട്ടി വളരാൻ. നിനക്കത് പറഞ്ഞാ മനസ്സിലാവ്വോ? ആരാണ് ജോസഫ് മുണ്ടശ്ശേരി?'
രണ്ടു മിനിറ്റ് ഇടവേള. ചന്ദ്രശേഖരൻ ചാരുകസേരയിൽ നിവർന്നു കിടന്നു. മദ്യം തീർന്നിരുന്നു. പിന്നെയാണ് പൊട്ടിക്കരച്ചിൽ:
"എല്ലാം തീർന്നെടോ. പുല്ലാനിക്കാട്ട് ചന്ദ്രശേഖരൻ അസ്തമിച്ചു. ഗ്രഹണംന്ന് കേട്ടട്ടുണ്ടോ നിയ്യ്. ചന്ദ്രശേഖരനെ ഗ്രഹണം ബാധിച്ചു. അയാൾ വഞ്ചിക്കപ്പെട്ടു. അയാൾ അപമാനിക്കപ്പെട്ടു. അയാൾ പുറത്താക്കപ്പെട്ടു. കൊണ്ടാടി നടന്നവർ അയാളെ വെറുത്തു. ഒരു പുഴുത്ത പട്ടിയേപ്പോലെ അകറ്റി നിർത്തി.'
തെല്ലു നേരത്തെ നിശ്ശബ്ദത. പിന്നെ തുടർന്നു:
"ചങ്കരാന്തിക്ക് വെട്ടാനുള്ള പോത്തിനെ റോട്ടില് കൊണ്ടു നടക്കില്ലേ? അതുപോലെ ഒരു ചോന്ന മാല കഴുത്തിലിടുവിച്ചിട്ടാണ് അവർ എന്നെ കൊണ്ടുപോയത്.'
ചന്ദ്രശേഖരൻ തേങ്ങി.
"നീ കേട്ടട്ടുണ്ടോ കറപ്പയ്യാസ്വാമീന്ന്. നാരായണഗുരൂന്റെ ശിഷ്യനാ. കൊളംബ് ടൈലർ കോരുന്ന് കേട്ടട്ടുണ്ടോ? കരുണൻ മാഷ്ന്ന്? കൊളംബ് ബംഗ്ലാവ്? എവെടെന്ന് കേക്കാനാണ്? ആ ബംഗ്ലാവില് ഒറ്റ മോനായിട്ട് ഞാൻ ജനിക്കുമ്പോ കനാലോരത്തെ പറമ്പില് മലപോലെ നാളികേരം കെടക്ക്വാ. പത്തായങ്ങളില് നെല്ല്. ഇപ്പൊ ഒന്നൂല്യ. എല്ലാം പോയി. ദേ, പ്രതാപിയായി ജീവിക്കേണ്ട പുല്ലാനിക്കാട്ട് ചന്ദ്രശേഖരൻ പാലക്കാട്ടെ ഈ കുഴൽമന്ദത്ത് വന്നു കെടന്ന് തെണ്ടുന്നു. ഷാപ്പുകാരന്റെ ശകാരം കേൾക്കുന്നു.'
ആ കരച്ചിൽ നീണ്ടു. കാലങ്ങൾക്കപ്പുറത്തു നിന്ന് ദിമിത്രി അതു കേട്ടു.
"പിന്നെ ഒരു കാര്യണ്ട്.'
കുഴൽമന്ദത്തെ റിക്കാർഡാപ്പീസർ ശാന്തകുമാരൻ ദിമിത്രിയോടുള്ള തന്റെ ചരിത്രവിവരണം തുടരുകയാണ്:
"മദ്യപിച്ചു കഴിഞ്ഞാലും ആ ബുദ്ധീടെ ഷാർപ്പിന് ഒരു കുറവും ഉണ്ടായിരുന്നില്ല. ആപ്പീസിൽ വെച്ചും മദ്യപിച്ചിരുന്നു. കഴിക്കുംതോറും ആൾ ഉഷാറായി വരും. ഫയൽ നോക്കുമ്പോൾ ഒരിക്കലും ശ്രദ്ധ പാളിയിരുന്നില്ല. ഡിപ്പാർട്ടുമെന്റ് മുഴുവൻ അംഗീകരിച്ചതായിരുന്നു ചന്ദ്രൻ സാറിന്റെ അസാമാന്യ ബുദ്ധിവൈഭവം. ആക്ടില് സംശയം വരുമ്പോ ഡയറക്ടറേറ്റിന്ന് വിളിച്ചു ചോദിക്കാറുണ്ട്.'
ശാന്തകുമാരൻ എഴുന്നേറ്റു.
"വരൂ. എനിക്കു നിങ്ങളോട് സ്വകാര്യമായി ചില കാര്യങ്ങൾ പറയാനുണ്ട്.'
അദ്ദേഹം ദിമിത്രിയെ രേഖാസൂക്ഷിപ്പുമുറിയിലേക്ക് കൊണ്ടുപോയി. ജനൽ തുറന്നപ്പോൾ അവിടത്തെ ഇരുട്ടിലേക്ക് വെളിച്ചം വീണു. ഊണുകഴിക്കുന്നതിനു വേണ്ടി അവിടെ ഒരു മേശ ഇട്ടിരുന്നു. ശാന്തകുമാരനും ദിമിത്രിയും അവിടെ ഇരുന്നു സംസാരിച്ചു.
"എന്റെ കീഴിൽ പുതിയതായി ജോയിൻ ചെയ്യാൻ വന്ന ഒരു സ്റ്റാഫ് എന്ന നിലയിലല്ല ഞാൻ ഇപ്പോൾ നിങ്ങളോട് സംസാരിക്കുന്നത്. താങ്കളുടെ അച്ഛന്റെ അടുത്ത സുഹൃത്ത്, സഹപ്രവർത്തകൻ എന്ന നിലക്കാണ്. എന്റെ പിന്നിട്ട ജീവിതത്തിൻ ഏറ്റവും പ്രിയപ്പെട്ട ഒരാളായിരുന്നു ചന്ദ്രൻ സാർ. ഇവിടെ മാത്രമല്ല, മണ്ണാർക്കാട്ടെ ആപ്പീസിൽ വെച്ചും ഞങ്ങൾ ഒന്നിച്ചു ജോലി ചെയ്തിട്ടുണ്ട്.'
ശാന്തകുമാരന്റെ കണ്ണു നിറഞ്ഞു. കുറച്ചുസമയം അയാൾക്ക് സംസാരിക്കാനായില്ല. പിന്നെ തുടർന്നു.
"മണ്ണാർക്കാട്ട് ഒരു ലോഡ്ജിൽ ഞങ്ങൾ ഒന്നിച്ചാണ് താമസിച്ചത്. ഞാൻസർവ്വീസിൽ വന്ന സമയമാണ്. അക്കാലത്ത് ഞാൻ അദ്ദേഹത്തെ മാതൃകയാക്കാൻ നിശ്ചയിച്ചു. അദ്ദേഹത്തെ അനുകരിച്ച് ആപ്പീസിൽ നിന്നു കിട്ടുന്ന ഷെയർ വാങ്ങാൻ വിസമ്മതിച്ചു. നിങ്ങൾക്ക് അറിയാമല്ലോ നമ്മുടെ ഡിപ്പാർട്ടുമെന്റിന്റെ ഒരു പ്രത്യേകത. ഇവിടെ കാര്യങ്ങൾ നടത്തുന്നതിനു വേണ്ടി എത്തുന്ന കക്ഷികൾ എന്തെങ്കിലുമൊക്കെ കൈമടക്ക് തരുന്ന പതിവുണ്ട്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ബ്രിട്ടീഷുകാരുടെ കാലത്തു തന്നെ ഉള്ളതാണെന്നാണ് പറയുന്നത്. ലക്ഷങ്ങൾ കൈമാറുന്ന എടവാടാണ്. അതിനിടയിൽ ഒരോഹരി പ്രമാണം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന് നൽകുന്നു. മനസ്സറിഞ്ഞ് ചെയ്യുന്ന കാര്യമാണ്.
"നിങ്ങളുടെ അച്ഛൻ ചന്ദ്രശേഖരൻ സാർ ആ പണം വാങ്ങാറില്ല. അത് അദ്ദേഹത്തിന്റെ ആദർശം. യൗവ്വനകാലത്ത് അദ്ദേഹം രാഷ്ട്രീയപ്രവർത്തകൻ ആയിരുന്നു എന്നു കേട്ടിട്ടുണ്ട്. അന്ന് അവിടെ വന്നപ്പോൾ ആളുകൾ പറഞ്ഞു. ആ പ്രദേശത്ത് കമ്യൂണിസ്റ്റ് പാർടി സ്ഥാപിച്ചത് അദ്ദേഹമാണെന്ന്. ആദർശവാന്മാരെ നമ്മൾ എപ്പോഴും ബഹുമാനിക്കണം. ഞങ്ങൾ ഒന്നിച്ച് ലോഡ്ജിൽ താമസിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രധാന ജോലി പുസ്തകവായനയായിരുന്നു. അദ്ദേഹത്തിന് അറിയാത്ത ലോകകാര്യങ്ങളില്ല. ഞാൻ ജനിച്ചു വളർന്ന തിരുവേഗപ്പുറയിലെ കാര്യങ്ങൾ അദ്ദേഹം പറയുന്നതു കേട്ട് ആശ്ചര്യപ്പെട്ടിട്ടുണ്ട്. ഇവിടെ കുഴൽമന്ദത്ത് അദ്ദേഹത്തിന്റെ ഉത്സാഹത്തിലാണ് മന്നാടിയാരുടെ കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിൽ നവോദയ ക്ലബ്ബും ലൈബ്രറിയും തുടങ്ങിയത്. ലൈബ്രറിയുടെ വാർഷികം കേമമായി നടത്തിയിരുന്നു. ഇവിടെ പ്രസംഗിക്കാൻ വരാത്ത കവികൾ ഇല്ല എന്നു പറയാം. ചന്ദ്രൻ സാറ് ഒരു കത്തെഴുതിയാൽ മതി. അവരു ബസ്സുകയറി വരും. അത്രക്ക് അടുപ്പമായിരുന്നു.'
"പറഞ്ഞു വന്നത് അന്ന് സർവ്വീസിന്റെ തുടക്കകാലത്ത് ഞാൻ അദ്ദേഹത്തെ മാതൃകയാക്കാൻ ശ്രമിച്ച കാര്യമാണ്. അദ്ദേഹത്തെ അനുകരിച്ച് കൈക്കൂലി വാങ്ങാതെ ഇരുന്നു. ക്ലർക്കുമാർ വൈകുന്നേരം അവർക്കു കിട്ടിയ പണം ഒന്നിച്ചു കൂട്ടി വീതിക്കുമ്പോൾ ഞാൻ പറഞ്ഞു: "എനിക്കു വേണ്ട.' ആ പണം നാണംകെട്ട ഒന്നായി എനിക്കു തോന്നി. അങ്ങനെ നാലഞ്ചു മാസങ്ങൾ കഴിഞ്ഞു.
സംഗതി വീട്ടിൽ അറിഞ്ഞു. പിന്നെ വീട്ടിൽനിന്ന് എന്റെ അച്ഛനും ഭാര്യയുടെ അമ്മാവനും ഒന്നിച്ചു വന്ന് ഉപദേശിച്ചിട്ടാണ് എന്നെ ആ അവസ്ഥയിൽ നിന്ന് രക്ഷിച്ചത്. അവർക്ക് രണ്ടുദിവസം എന്നെ ഉപദേശിക്കേണ്ടി വന്നു. വീട്ടിൽ ചെന്നപ്പോൾ ഭാര്യയുടെ വീർത്ത മുഖവും കരച്ചിലും. അമ്മായിയമ്മയുടെ കുത്തുവാക്ക്. ഒരു പ്രൈമറി സ്കൂൾ അധ്യാപകനായിരുന്നു ഭാര്യയുടെ അമ്മാവൻ. രാഷ്ട്രീയത്തിലും പിടിയുണ്ട്. അദ്ദേഹം പറഞ്ഞു: നിനക്ക് റിക്കാർഡാപ്പീസില് ജോലി കിട്ടീന്നറിഞ്ഞപ്പൊ ഞാൻ വല്ലാണ്ട് സന്തോഷിച്ചു. കടത്തിലും പ്രാരാബ്ദത്തിലും പെട്ട് വലയുന്ന ഈ കുടുംബത്തിന് പരദേവത കൊടിക്കുന്നത്തുകാവ് ഭഗവതി തന്ന അനുഗ്രഹാണ് അതെന്ന് എനിക്കു നല്ല നിശ്ചയയണ്ട്. ധനലക്ഷ്മിയെ നീ വീട്ടിൽ നിന്ന് അടിച്ചെറക്കരുത്. എത്രെത്ര സർക്കാർ വകുപ്പുകളുണ്ട് വേറെ. എണ്ണിച്ചുട്ട അപ്പംപോലെ കിട്ടണ ശമ്പളോം കയ്യിൽ വെച്ച് ഒന്നിനും ഒരു നിവർത്തീല്യാണ്ട് ഗതികെട്ടു നടക്കണ ഉദ്യോഗസ്ഥരുണ്ട്. അവട്യൊന്നും അല്ലാണ്ട് പൊന്നു വെളയണോടത്ത് തന്നെ നിനക്ക് നിയമനം കിട്ട്വാന്ന്ച്ചാ അത് ലതക്കുട്ടീനെ പരദേവത അനുഗ്രഹിച്ചത് തന്ന്യാ. അവൾടെ ജാതകത്തില് രാജയോഗണ്ട് അറിയോ? ദൈവാനുഗ്രഹം തട്ടിത്തെറിപ്പിക്കാനാ നിന്റെ തീരുമാനം ന്ന്ച്ചാ ഞങ്ങക്ക് വേറെ ചെല കാര്യങ്ങള് ആലോചിക്കണ്ടി വരും.'
ശാന്തകുമാരൻ ചിരിച്ചു. അയാൾ തുടർന്നു:
"കാരണവന്മാര് അങ്ങനെ പറയും. വെല്യ പരീക്ഷേം പഠിപ്പും ഡിഗ്രീം ഇല്ലെങ്കിലും ജീവിച്ചു ജീവിച്ചുണ്ടായ ഒരനുഭവജ്ഞാനണ്ടല്ലോ അവരുക്ക്. അതിലൊരിക്കലും തെറ്റുവരില്ല. അതുപോലെ ഒരു കാര്യാ ഇപ്പൊ എനിക്കു നിങ്ങളോട് പറയാനുള്ളത്. അതായത് നിങ്ങൾ നിങ്ങടെ അച്ഛൻ ചന്ദ്രൻ സാറിന്റെ വഴിയിൽ സഞ്ചരിക്കരുത്. ഒരു മകനോട് സ്വന്തം അച്ഛനെ മാതൃകയാക്കരുത് എന്നു പറയുന്നത് അതിക്രമമാണ്. എനിക്കറിയാം. എന്നാലും പറയാതിരിക്കാൻ പറ്റില്ല. ഒരാളും പിന്തുടരാൻ പാടില്ലാത്ത ഒരു ജീവിതമായിരുന്ന അദ്ദേഹത്തിന്റെ.'
"ഏതു മനുഷ്യനും കൊറേ ഗുണങ്ങളുണ്ടാവും. ദോഷങ്ങളും. അതിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് മനുഷ്യന്റെ സ്വഭാവത്തെക്കുറിച്ച് പറയാം. ഞാൻ പറയുന്നത് നിങ്ങൾ അദ്ദേഹത്തിന്റെ ഗുണത്തെയോ ദോഷത്തെയോ മാതൃകയാക്കരുത് എന്നാണ്. നമ്മടെ പോലെ ഒരു വകുപ്പിൽ ജോലി ചെയ്യുമ്പൊ ഇവടത്തെ സമ്പ്രദായത്തീന് തെറ്റി നിക്ക്വാന്ന്ച്ചാ അതിലിത്തിരി റിസ്കുണ്ട്. അറിയാലോ? മറ്റൊന്നും ണ്ടായില്ലെങ്കിൽതന്നെ കൂട്ടത്തീക്കൊത്തീന്ന് പേരുവരും. അല്ലെങ്കിൽ പുല്ലൂട്ടിലെ നായാന്ന്. തിന്നൂല്യ, തീറ്റിക്കൂല്യ. ആള് വല്ലാണ്ട് ഒറ്റപ്പെടും. ഇത്രകാലം ഈ വകുപ്പില് പല പല തസ്തികകളില് മാറി മാറി ജോലി ചെയ്തിട്ടും എത്ര തന്നെ സമ്മർദ്ദോം ഭീഷണീംണ്ടായിട്ടും ചന്ദ്രൻ സാറ് പൈസ മേടിക്കാൻ കൂട്ടാക്കീല്യ. അത് അദ്ദേഹത്തിന്റെ ഐഡിയോളജി. പക്ഷേ എനിക്കു മനസ്സിലാവാത്ത ചില സംഗതികളുണ്ട്.
കൈക്കൂലി കൊണ്ടരണ ഏജന്റുമാരോടും റിയൽ എസ്‌റ്റേറ്റുകാരോടും ചന്ദ്രൻ സാറ് തട്ടിക്കേറാറുണ്ട്. ചെലപ്പൊ വന്നവരെ കണ്ണുപൊട്ടണ മട്ടിൽ ചീത്ത പറയും. ആ സമയത്ത് ആ മുഖത്ത്ന്ന് തീപാറണ പോലെ നമ്മക്കു തോന്നും. ധാർമ്മികരോഷം കൊണ്ടാണ്. എന്നാൽ ശമ്പളം കിട്ടിയ കയ്യിലെ കാശ് തീരുമ്പൊ അദ്ദേഹം ഇതേ ഏജന്റുമാരുടെ അടുത്തു പോയി ഒരു കുപ്പി വാങ്ങിച്ചു തരാൻ യാചിക്കും. ആ സമയത്ത് അവരുടെ മുഖത്തുണ്ടാവണ പുച്ഛം നമ്മക്ക് ആലോചിച്ചാ മനസ്സിലാവും.
അവസാന കാലത്തെ കാര്യങ്ങൾ നിങ്ങൾക്ക് ഓർമ്മേണ്ടാവൂലോ? പാലക്കാട് വിജയശ്രി ആസ്പത്രില് കെടപ്പായിരുന്നു. കഷ്ടായിരുന്നു സ്ഥിതി. എന്നും വയറ്റീന്ന് വെള്ളം കുത്തിയെടുക്കണം. കൊറെ കാശ് ഞങ്ങൾ ഡിപ്പാർട്ടുമെന്റീന്ന് പിരിച്ചു കൊടുത്തു. യൂണിയനും കൊറച്ച് സഹായിച്ചു. അപ്പഴും അടുത്തുചെന്നാൽ ചോദിക്ക്യ ഒരു പെഗ്ഗു കൊണ്ടു വര്വോ ശാന്താ? എന്നാണ്. നാട്ടിലേക്ക് പോയ ആംബുലൻസിൽ മൃതദേഹത്തിന്റെ അരികെ കരയാണ്ട്, ഒന്നും മിണ്ടാണ്ട് ഇരിക്കണ നിങ്ങൾടെ അമ്മയുടെ മുഖം എനിക്ക് ഓർമ്മയുണ്ട്.'
ശാന്തകുമാരൻ എഴുന്നേറ്റു. ദിമിത്രിയുടെ തോളിൽ പിടിച്ചുകൊണ്ട് അയാൾ പറഞ്ഞു:
"ഇത്രകാലവും ആ സ്ത്രീ കഷ്ടപ്പെട്ടു. ഇനിയെങ്കിലും സ്വസ്ഥവും സമാധാനവുമായ ഒരു ജീവിതം നിങ്ങൾ അവർക്ക് നൽകണം.'
ഏകദേശം അഞ്ചു വർഷക്കാലം കുഴൽമന്ദത്തു തന്നെ ദിമിത്രി ജോലി ചെയ്തു. ഹൈവേയുടെ ഓരത്ത് കോൺക്രീറ്റു കൊണ്ടുണ്ടാക്കിയ പുതിയ കെട്ടിടമായിരുന്നു അന്നവിടെ. വെയിൽ മൂക്കുമ്പോൾ ആപ്പീസിനകം ഒരു ഫർണസ്സുപോലെ ചുട്ടുപഴുക്കും. ചുടുകാറ്റാണ് വീശിയിരുന്നത്. കാറ്റു തിരിഞ്ഞു വീശുമ്പോൾ പുറത്തെ കാലിച്ചന്തയിൽ നിന്ന് ചാണകത്തിന്റെ മണം വരും. വൈകീട്ട് വെയിലാറുമ്പോൾ അന്തരീക്ഷത്തിന് സംഭ്രമമാണ്. പാതവക്കത്തെ ഒറ്റപ്പെട്ട മരങ്ങൾ വിറങ്ങലിച്ചു നിൽക്കും.
ഹൈവേയുടെ അപ്പുറത്താണ് പഴയപട്ടണം. ചില ദിവസങ്ങളിൽ ദിമിത്രി അവിടേക്ക് നടക്കാനിറങ്ങാറുണ്ട്. ഇടുങ്ങിയ ചന്തത്തെരുവുകളാണ്. അടുത്തടുത്ത കടകളിൽ പെട്ടിമരുന്നും പലചരക്കും മസാലയും ഇരുമ്പു സാമാനങ്ങളും പച്ചക്കറിയും വിറ്റിരുന്നു. താടിവെച്ച മുസ്ലീം കാരണവന്മാർ ചാരിയിരുന്ന് വിശ്രമിക്കുന്ന ഒരു പള്ളിയുണ്ട്. അവിടം വിട്ടാൽ വയലുകൾക്കിടയിലൂടെ പോകുന്ന റോഡാണ്. അതിലൂടെ നടന്ന് പണ്ട് അച്ഛനുമൊത്ത് താമസിച്ചിരുന്ന ആ വീട് അയാൾ കണ്ടുപിടിച്ചു. അത് ഇപ്പോൾ ഒഴിഞ്ഞുകിടക്കുന്നു. മുറ്റത്തെ വേപ്പുമരത്തിന് വട്ടത്തിൽ ഒരു തറ കെട്ടിയിട്ടുണ്ട്. അതിമേൽ ചുണ്ണാമ്പു തേച്ചിരിക്കുന്നു.
ഒരു ദിവസം അയാൾ പുല്ലാനിക്കാട് ചന്ദ്രശേഖരന്റെ ഉത്സാഹത്തിൽ സ്ഥാപിച്ച നവോദയ വായനശാലയിലേക്ക് കയറിച്ചെന്നു. അങ്ങാടിയിൽ ഏറെ പഴക്കമുള്ള ഒരു പീടികക്കെട്ടിടത്തിന്റെ മുകൾനിലയിലാണത്. പിന്നിലൂടെയാണ് കോവണി. മുന്നിലെ ഇറയത്തിരുന്ന് കുറച്ചു യുവാക്കൾ കാരംസ് കളിക്കുന്നുണ്ടായിരുന്നു. ലൈബ്രറി മുറിയിൽ ഇരുട്ടാണ്. മെലിഞ്ഞ മുഖമുള്ള ഒരു വ്യദ്ധനായിരുന്നു ലൈബ്രറേറിയൻ. അദ്ദേഹത്തെ പരിചയപ്പെട്ടു. നല്ല വായനയും അറിവുമുള്ള ആളാണ് അദ്ദേഹം. ചന്ദ്രശേഖരനെപ്പറ്റി ചോദിക്കണമെന്നാണ് ദിമിത്രി വിചാരിച്ചത്. പക്ഷേ നാവിലൂടെ പുറത്തുവന്നത് ഇങ്ങനെയാണ്:
"ഇവിടെ കെ. എന്ന എഴുത്തുകാരന്റെ പുസ്തകമുണ്ടോ?"
"ചിലതൊക്കെ കാണും. കഥാസമാഹാരങ്ങളായതുകൊണ്ട് അധികം വാങ്ങി വെക്കാറില്ല. നോവലിനാണ് ഡിമാന്റ്. ഓ, കെ. നിങ്ങളുടെ വകുപ്പിലെ ഉദ്യോഗസ്ഥനാണല്ലോ. ആളെ ഞാൻ കണ്ടട്ടുണ്ട്. ഇവിടെ അടുത്ത് കോട്ടായീല് കഴിഞ്ഞ മാസത്തില് പ്രസംഗിക്കാൻ വന്നേർന്നു. പ്രസംഗിച്ചത് മുഴുവൻ രാഷ്ട്രീയാണ്. ഇന്ദിരാഗാന്ധിയോട് എന്തോ മുജ്ജന്മ വൈരാഗ്യം ഉള്ളതുപോലെ. ആൾക്കാരുക്ക് വല്ലാണ്ട് മുഷിഞ്ഞു. പിന്നെ പഴേകാലത്തെ കൊറേ ജാതിക്കാര്യങ്ങള് പറഞ്ഞു. നാരായണഗുരൂന്റെ കാലത്തെ കാര്യങ്ങളാണ്. അന്ന് വഴിനടക്കാൻ പറ്റീരുന്നില്ല. സ്കൂളില് കടത്തീല്യ. പപ്പടം കാച്ചാൻ സമ്മതിച്ചില്ല. അങ്ങനെ ഓരോന്ന്. അതൊക്കെ ഇപ്പ പറയണ്ട കാര്യെന്താ? ജാതി കുത്തിപ്പൊക്കലാ ഇപ്പൊ മൂപ്പരടെ പണീന്ന് തോന്നണു. ആദ്യം ഇവരടെയൊക്കെ ഈ അപകർഷതാബോധം മാറണം.'
"അതു ശരിയാണ്.'
ദിമിത്രി പറഞ്ഞു. അയാൾ അവിടെന്ന് ഇറങ്ങി.
അക്കാലത്ത് ഇറങ്ങിയ ഭാഷാപോഷിണിയുടെ വാർഷികപ്പതിപ്പിൽ കെ.യുടെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചിരുന്നു. അതിൽ പുല്ലാനിക്കാട്ട് ചന്ദ്രശേഖരനെക്കുറിച്ചും അയാൾ എഴുതി.
"ഞാനും ചന്ദ്രൻസാറും ഒരേ നാട്ടുകാരാണ്. ഒരു ഗ്രാമത്തിൽ ജനിച്ചു എന്നതു കൂടാതെ അദ്ദേഹം ജോലി ചെയ്തിരുന്ന സർക്കാർ വകുപ്പിലാണ് പിന്നീട് ഞാൻ ജോയിൻ ചെയ്തത്. ഞാൻ നേരിൽ കണ്ട ആദ്യത്തെ സാഹിത്യകാരനാണ് അദ്ദേഹം. ഒരുകാലത്ത് അദ്ദേഹം ഞങ്ങളുടെ നാട്ടിലെ റൊമാന്റിക് ഹീറോ ആയിരുന്നു. ചങ്ങമ്പുഴയെ കേരളം എങ്ങനെ ആരാധിച്ചുവോ അതുപോലെ കാട്ടൂർക്കടവുകാർ പുല്ലാനിക്കാട്ട് ചന്ദ്രശേഖരനെ ആരാധിച്ചു. അവസാനകാലത്ത് തന്റെ പ്രണയങ്ങളുടെ തകർന്ന സ്മാരകമായി മാറി അദ്ദേഹം.
എന്റെ അച്ഛൻ രാജശേഖരൻ മാഷുടെ ഏറ്റവും അടുത്ത സുഹൃത്തും സഖാവുമായിരുന്നു അദ്ദേഹം. ചന്ദ്രൻസാറിന്റെ "പ്രണയത്തിന്റെ രക്തസിന്ദൂരം' എന്ന ഗാനസമാഹാരം പ്രസിദ്ധീകരിച്ചത് അച്ഛനാണ്. ഞാൻ കണ്ണു തുറന്ന കാലത്ത് ആ പുസ്തകത്തിന്റെ കുറെ കോപ്പികൾ ഞങ്ങളുടെ വീട്ടിൽ ബാക്കിയുണ്ടായിരുന്നു. അതിന്റെ മഞ്ഞനിറമുള്ള പുറംചട്ട ഇപ്പോഴും എന്റെ മനസ്സിലുണ്ട്. അക്ഷരം പഠിച്ചശേഷം ഇടക്ക് ഞാനത് എടുത്ത് വായിക്കുകയും പാടി നോക്കുകയും പതിവുണ്ട്. ചില വരികൾ എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്.'
"തണ്ണിച്ചിറപ്പാടം പൂത്തുലഞ്ഞു
പൊൻവെയിലെങ്ങും പരന്നു.
ഒരു നന്തുണിവീണതൻ തന്ത്രിയിലാത്മാവ്
തേൻകൂട് കെട്ടുന്നു.
എൻ ഹൃദയമഴിഞ്ഞഴിഞ്ഞലിഞ്ഞു പോയി
എൻ സ്വപ്നവും രാഗവും കലർന്നു പോയി.
നിൻ കൺമിഴിയിപ്പോൾ നനഞ്ഞതെന്തേ?
പുഞ്ചിരിയെന്തേ മാഞ്ഞുപോയി?
പറയൂ സഖി.'
"അക്കാലത്ത് തണ്ണിച്ചിറ കോൾപ്പടവിൽ ഞാറുനടുമ്പോൾ കർഷകസ്ത്രീകൾ പുല്ലാനിക്കാട്ടിന്റെ വരികളാണ് പാടിയിരുന്നതെന്ന് കേട്ടിട്ടുണ്ട്. രാജശേഖരൻ മാഷും ചന്ദ്രശേഖരനും ചേർന്നാണ് കാട്ടൂർക്കടവിൽ കമ്യൂണിസ്റ്റു പാർടി രൂപീകരിച്ചത്. പാർടി പിളർന്നപ്പോൾ രണ്ടുപേരും രണ്ടു വഴിക്കായി. എങ്കിലും പരസ്പരസ്നേഹവും ബഹുമാനവും ഇരുവരും പുലർത്തിയിരുന്നു. എന്റെ അച്ഛൻ അകാലത്തിൽ മരണപ്പെട്ടു പോയി. സർക്കാരുദ്യോഗസ്ഥനായതിനെ തുടർന്ന് ചന്ദ്രൻ സാറും രാഷ്ട്രീയപ്രവർത്തനം നിർത്തിയിരുന്നു. പാലക്കാട് ജില്ലയിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്.
യൗവ്വനത്തിൻ പകർന്നു കിട്ടിയ ആദർശധീരത ചന്ദ്രൻസാർ എക്കാലത്തും പാലിച്ചിരുന്നു. ഒരു യഥാർത്ഥ കമ്യൂണിസ്റ്റ് ഒരിക്കലും അനീതികൾക്ക് കൂട്ടുനിൽക്കുകയില്ല എന്ന വസ്തവത്തിന്റെ ശരിയായ ഉദാഹരണമായിരുന്നു അദ്ദേഹം. കൈക്കൂലിക്കു പേരുകേട്ട ഒരു വകുപ്പിലാണ് അദ്ദേഹം ചെന്നുപെട്ടത്. എന്നിട്ടും അഴിമതിയുടെ കറപുരളാതെ മുന്നോട്ടു നീങ്ങി. അതിന്റെ ഭാഗമായി വലിയ എതിർപ്പുകളും പ്രതിസന്ധികളും നേരിടേണ്ടി വന്നു. ഡിപ്പാർട്ടുമെൻറിൽ അദ്ദേഹം ഒറ്റപ്പെട്ടു. അവസാന കാലത്ത് വലിയ സാമ്പത്തിക തകർച്ചക്ക് ഇരയായിട്ടു പോലും അദ്ദേഹം തെറ്റിനോട് വിട്ടുവീഴ്ചക്ക് നിന്നില്ല. സാഹിത്യത്തിലും ഉദ്യോഗത്തിലും ആ മഹനീയമാതൃക പിന്തുടരാനാണ് ഈയുള്ളവൻ ശ്രമിച്ചത്.' ▮
(തുടരും)