ചിത്രീകരണം: ഇ. മീര

കാട്ടൂർക്കടവ് 2018

24: പഴയ കോടതി

കൊളംബ് ബംഗ്ലാവിലെ രാത്രി സൽക്കാര ദിവസം; കനാലിലെ ഒഴുക്കിനെതിരെ തുഴഞ്ഞ് വഞ്ചികൾ പോകുന്നതു കാണാൻ എട്ടുപടിപ്പാലത്തിൽ കയറിനിന്ന ദിവസം; പ്രവ്ദ കലാസമിതിയിലെ ‘നല്ലവരുടെ രാത്രി' റിഹേഴ്‌സൽ കാലം.
പിന്നീട് സർക്കാർ ഉദ്യോഗസ്ഥ ജീവിതകാലത്താണ് ദിമിത്രിയും കെ. എന്ന എഴുത്തുകാരനും തമ്മിൽ കൂടിക്കാഴ്ചയുണ്ടാവുന്നത്. ഇരുവരും ഒരു മേൽക്കൂരക്കു കീഴിൽ ജോലി ചെയ്തു. കുറേ വർഷങ്ങൾ.

നഗരത്തിൽ ‘പഴയ കോടതി' എന്നു വിളിപ്പേരുള്ള സ്ഥലത്തായിരുന്നു അവരുടെ ഓഫീസ്. അവിടെ ഒരു ബസ് സ്റ്റോപ്പുണ്ട്. ചെറിയ ഒരു പൂവരശുമരവും.
ഇപ്പോൾ ആ സ്ഥലം അങ്ങനെയാണോ അറിയപ്പെടുന്നതെന്ന് നിശ്ചയം പോരാ. മുപ്പതു വർഷങ്ങൾക്കു മുമ്പും ബസിലെ കിളികൾ മാത്രമാണ് ആ പേര് ഉപയോഗിക്കാറുള്ളത്. പാഞ്ഞു വന്ന ബസ്​ ഒരു മിനിറ്റു നിറുത്തുമ്പോൾ പടിയിൽ നിന്നും ചാടിയിറങ്ങി നിന്ന് അവർ വിളിച്ചു പറയാറുണ്ട്: ‘പഴയ കോടതി; സാറമ്മാരൊക്കെ ഇങ്ങോട്ട് എറങ്ങിയാട്ടെ. ആപ്പീസിൽ പോയിരുന്ന് ഫാനിന്റെ കാറ്റുകൊണ്ടാട്ടെ. നമ്മക്ക് ഇയ്യ പരക്കംപാച്ചിലും മഴയും വെയിലും തന്നെ വിധി.' ഹാൻറ്​ ബാഗും ചെറിയ കുടവയറുമായി ആ സ്റ്റോപ്പിൽ ഇറങ്ങുന്നവരെല്ലാം സർക്കാർ ഉദ്യേഗസ്ഥന്മാരാണെന്നും ബഹുമാന്യരാണെന്നും ബസ്​ ജീവനക്കാർ കരുതിയിരുന്നു.

കോടതികൾ ഒഴിഞ്ഞു പോയെങ്കിലും രാജഭരണത്തിന്റെ ഓർമ നിലനിർത്തുന്ന ഒരുപാട് പഴയ കെട്ടിടങ്ങൾ ആ ഭാഗത്ത് ബാക്കിയുണ്ട്. ചിലതിൽ കൊച്ചിരാജാവിന്റെ ശംഖുമുദ്ര ഇപ്പോഴും തെളിഞ്ഞു കാണാം. ചിലതെല്ലാം ഒഴിഞ്ഞുകിടക്കുന്നു. പലതിലും സർക്കാർ ആപ്പീസുകൾ പ്രവർത്തിക്കുന്നു. അപൂർവ്വം ചില കെട്ടിടങ്ങൾ പൊളിച്ച് പുതിയത് പണിഞ്ഞിട്ടുണ്ട്. പുരാവസ്തു വകപ്പ് ഏറ്റെടുത്തതു കൊണ്ട് ചില കെട്ടിടങ്ങൾ പൊളിക്കുവാൻ നിർവാഹമില്ല. പുരാവസ്തുക്കാർ ഏറ്റെടുക്കാത്തതും എന്നാൽ ഇതുവരെ പൊളിച്ചുപണിയാത്തതുമായ ഒരു കെട്ടിടത്തിലാണ് അന്ന് റീജിയണൽ റിക്കാർഡ്‌സ് ആപ്പീസ് പ്രവർത്തിച്ചിരുന്നത്. നാലോ അഞ്ചോ ഒറ്റയിറക്കുപുരകളാണ്. വകുപ്പിന്റെ ജില്ലാ ആപ്പീസും ഒരു സബ് ബ്യൂറോയും അനുബന്ധമായി ഉണ്ടായിരുന്നു. പഴയ രാജകൊട്ടാരത്തിന്റെ അടുക്കളക്കെട്ടുകളായിരുന്നു ഇവ എന്നു പറയുന്നു. പിന്നീട് കൊട്ടാരം കോടതിയായപ്പോൾ ഇത് വക്കീലുമാരുടെ ക്ലബ്ബും വിശ്രമമുറിയുമായി. കോടതികൾ ഒന്നാകെ നഗരപ്രാന്തത്തിലേക്കു പറിച്ചു മാറ്റിയപ്പോൾ ഇത് റിക്കാർഡ്‌സ് ഓഫീസ് കോംപ്ലക്‌സായി.

കാട്ടൂർക്കടവിലെ കച്ചേരി ബംഗ്ലാവിലേക്ക് സ്ഥലംമാറ്റം കിട്ടുന്നതു വരെ ദിമിത്രി ഇവിടെ ഉണ്ടായിരുന്നു. ഏതാണ്ട് അത്രയും കാലം തന്നെ കെ.യും. നഗരവും, ആൾത്തിരക്കും ദിമിത്രിയെ തെല്ലു ഭയപ്പെടുത്തി. കുഴൽമന്ദത്തെ വെയിലിനു പകരം ഇവിടെ മുഖമില്ലാത്ത മനുഷ്യരുടെ നിലക്കാത്ത പ്രവാഹമാണ്. ആപ്പീസു വിട്ട് റൗണ്ടിലെ ഫുട്പാത്തിലൂടെ ഒറ്റക്കു നടക്കുന്നതിലാണ് ദിമിത്രി രസം കണ്ടെത്തിയത്. ആ നടത്തം ചിലപ്പോൾ പാതിര വരെ നീണ്ടു പോകും. ആ സമയം പലവിധ പ്രതിഷേധ പ്രകടനങ്ങൾ അന്തരീക്ഷത്തെ കിടിലംകൊള്ളിച്ചുകൊണ്ട് കടന്നു പോകുന്നുണ്ടാവും. വിദ്യാർത്ഥി കോർണറിലോ നെഹ്‌റു മണ്ഡപത്തിലോ തെക്കേ ഗോപുരത്തിനു മുന്നിലോ നിന്ന് നേതാക്കൾ പ്രസംഗിക്കുന്നത് അയാൾ കാണും. പക്ഷേ എവിടെയെങ്കിലും ഒരിടത്തു നിൽക്കാനാ സംഭവങ്ങളെ നിരീക്ഷിക്കാനോ അയാൾക്ക് താൽപ്പര്യമില്ലായിരുന്നു. ഒറ്റക്കായിരുന്നു നടത്തം. പിന്നീടൊരു ഘട്ടത്തിൽ അയാൾ തന്റെ മേലുദ്യോഗസ്ഥയായ മോനമ്മ ജോൺ എന്ന സ്ത്രീയെ നടക്കാൻ കൂട്ടി. അവരെയാണ് അയാൾ പിന്നീട് വിവാഹം ചെയ്തത്.

അക്കാലത്ത് തൃശൂർ നഗരം അതിന്റെ ചരിത്രത്തിലെ വ്യത്യസ്തമായ ഒരദ്ധ്യായത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. എൺപതുകളുടെ തുടക്കം എന്നു പറയാം. കോളേജുകളിൽ നിന്നും യൂണിവേഴ്‌സിറ്റികളിൽ നിന്നും പത്രമാപ്പീസുകളിൽ നിന്നും പിരിഞ്ഞ നിരവധി പ്രശസ്ത വ്യക്തികൾ ഇവിടെ വന്നു താമസിക്കാൻ തുടങ്ങി. വടക്കോട്ടും തെക്കോട്ടുമുള്ള പ്രസംഗയാത്രകളുടെ സൗകര്യമാണ് അവരെ ആകർഷിച്ചതത്രെ. നാട്ടിൻപുറങ്ങളിലെ തെങ്ങിൻ തോപ്പുകളും വയലുകളും വിറ്റ ഭീമമായ പണംകൊണ്ട് സ്ഥലം വാങ്ങി അവർ കമനീയമായ വീടുകൾ നിർമ്മിച്ചു. ബേക്കർ ശൈലിയിലായിരുന്നു നിർമ്മാണം. ഇത്തരം വീടുകളുടെ പുറംഭാഗം സിമന്റുകൊണ്ട് പ്ലാസ്റ്റർ ചെയ്യാൻ പാടില്ലത്രെ.

അത് പരിഷ്‌കൃത സമൂഹങ്ങളിൽ പരിസ്ഥിതിവാദം പച്ചപിടിച്ചു വരുന്ന കാലമായിരുന്നു. എല്ലാവരും കോംപൗണ്ടുകളിൽ ധാരാളം മരങ്ങൾ വെച്ചുപിടിപ്പിച്ചു. മുറ്റത്തും ഇറയത്തും അകത്തു പോലും ധാരളം പൂച്ചെടികളും സസ്യലതാതികളും ഉണ്ടായിരുന്നു. പർണ്ണശാല, സബർമതി, ഗയ, ബോധി, ഗീതാഞ്ജലി, ഹരിതം, നാട്ടുപച്ച, ടോൾസ്റ്റായി ഫാം, ഗ്രാമീണഭവനം, സത്യഗൃഹം, ദണ്ഡി, പോർബന്തർ എന്നിങ്ങനെയായിരുന്നു വീടുകൾക്ക് പേരുകൾ. വീടുകൾക്ക് സാമാന്യം ഭേദപ്പെട്ട കോലായകൾ ഉണ്ടായിരുന്നു. ഇത്തരം കോലായകളിൽ വിദ്യാസമ്പന്നരായ യുവാക്കൾ സദാ വന്നിരുന്ന് ചർച്ചകൾ നടത്തി. വീട്ടുടമകളായ പ്രശസ്തർ യുവാക്കളുടെ ചർച്ചകൾ ശ്രവിച്ച് ചാരുകസേരയിൽ കിടക്കുകയായിരുന്നു പതിവ്. ഒന്നു മൂളുകയോ മന്ദസ്മിതം തൂകുകയോ ഒഴികെ എന്തെങ്കിലുമൊന്ന് പറയുക പതിവില്ല.

കോലായകളിൽ എത്തുന്ന യുവാക്കളിൽ മുക്കാൽപങ്കും അക്കാലത്തിനു തൊട്ടുമുമ്പ് എഴുപതുകളിൽ നടന്ന നക്‌സലൈറ്റ് പ്രവർത്തനങ്ങളിൽ മനസ്സുകൊണ്ട് അഭിരമിച്ചവർ ആയിരുന്നു. തങ്ങൾ ചേരുന്നതിനു മുമ്പെ ആ പ്രസ്ഥാനം തകർന്നു പോയല്ലോ എന്നു അവർ വിലപിച്ചു. അവർ നഗരത്തിൽ സാമൂഹ്യ പ്രതിരോധസംഘങ്ങളും പൗരാവകാശ വേദികളും ഉണ്ടാക്കി. ചെറു ചെറു ജാഥകൾ, തെരുവുനാടകങ്ങൾ, ഒറ്റക്കാലിൽ നിന്നുള്ള പ്രതിഷേധം എന്നിവ നടന്നു. നഗരത്തിൽ വ്യാപകമായി അവർ കയ്യെഴുത്ത് പോസ്റ്ററുകൾ പതിച്ചു.

ദിമിത്രി തൃശൂരിൽ എത്തുന്ന കാലത്ത് അവിടെ കാബറേ വിരുദ്ധ സമരമാണ് നടന്നിരുന്നത്. കാബറേ എന്ന പേരിൽ ഹോട്ടലുകളിൽ നടക്കുന്നത് നഗ്‌നനൃത്തമാണ് എന്നായിരുന്നു ആരോപണം. നർത്തകികളുടെ ഭാഗത്തും ആളുണ്ടായിരുന്നു. അവരും പത്രസമ്മേളനങ്ങൾ നടത്തി. മറ്റൊരു തൊഴിൽ ഇല്ലാത്തതുകൊണ്ടാണ് തങ്ങൾ ഹോട്ടലുകളിൽ ചെന്ന് നൃത്തം ചെയ്യുന്നതെന്ന് അവർ വാദിച്ചു. ഇതില്ലെങ്കിൽ ലൈംഗീക തൊഴിൽ ചെയ്യേണ്ടി വരും. നഗരം കൃത്യം രണ്ടുഭാഗമായി പിരിഞ്ഞു. കാബറേ വിരുദ്ധരും അനുകൂലികളും. യുവഗാന്ധിയനായ വിനോഭാ ശ്രീധരൻ എന്നയാളാണ് വിരുദ്ധസമരം നയിച്ചത്. എല്ലാ ഹോട്ടൽ നർത്തകികൾക്കും അദ്ദേഹം മാന്യമായ തൊഴിൽ വാഗ്ദാനം ചെയ്തു.

ചെമ്പൂക്കാവിലെ ഒരു പീടികക്കെട്ടിടത്തിനു മുകളിലെ എൻ.ജി.ഒ. ഹോമിലാണ് ദിമിത്രി താമസിച്ചിരുന്നത്. ഹോമിലെ അന്തേവാസികൾക്കിടയിൽ ഇതു സംബന്ധിച്ച് ചൂടുപിടിച്ച ചർച്ചകൾ നടന്നു. ദിമിത്രി ഒന്നിലും പങ്കാളിയായില്ല. അക്കാലത്ത് അയാൾക്ക് ചില പരിഭ്രമങ്ങൾ ഉണ്ടായിരുന്നു. വലിയ ആപ്പീസ്. പുതിയ അന്തരീക്ഷം. അയാൾ മുൻപ് ജോലി ചെയ്തിരുന്ന സബ് ബ്യൂറോയിൽ നിന്ന് വളരെ വ്യത്യാസപ്പെട്ടതാണ് റീജിയണൽ ഓഫീസ്. അവിടെ നിരവധി മേലാധികാരികൾ ഉണ്ടായിരുന്നു. ജോലിയും വ്യത്യസ്തമാണ്. അതിലേറെ ദിമിത്രിയെ അസ്വസ്ഥനാക്കിയത് അവിടെ കെ.എന്ന എഴുത്തുകാരൻ ജോലി ചെയ്യുന്നുണ്ട് എന്നതാണ്.

മദ്ധ്യകേരളത്തിലെ നാല് ജില്ലകളിലെ റിക്കാർഡ്‌സ് സബ് ബ്യൂറോകളുടെ അഡ്മിനിസ്‌ട്രേഷനും ഇൻസ്‌പെക്ഷനും ഓഡിറ്റിംഗും തൃശൂർ റീജിയണൽ ആപ്പീസിലാണ് നടന്നിരുന്നത്. അക്കാലമായപ്പോഴേക്കും ഓഫീസു കെട്ടിടങ്ങൾ വല്ലാതെ ജീർണ്ണിച്ചിരുന്നു. എല്ലായിടത്തുമായി ഒരുപാട് കടലാസ്സു കെട്ടുകൾ കുട്ടിയിട്ടിരിക്കുകയാണ്. സർവ്വത്ര അഴുക്കും പൊടിയും. പഴയ കടലാസിന്റെ ഗന്ധവും. അടിച്ചു തുടക്കാനായി സ്വീപ്പർമാർ ഉണ്ടായിരുന്നുവെങ്കിലും അവർ നിസ്സഹായരായിരുന്നു. കടലാസ്സുകൾ കൂടിക്കിടക്കുന്നിടത്ത് എങ്ങനെ അടിക്കാനും തുടക്കാനുമാണ്. ഈ കടലാസുകെട്ടുകൾ ആവശ്യമുള്ളതാണോ അല്ലയോ എന്ന് ആർക്കും നിശ്ചയമുണ്ടായിരുന്നില്ല. ചിതൽ പിടിച്ചു നശിക്കുന്നതു വരെയായിരുന്നു അവയുടെ കാലാവധി. ഇവിടേക്കാണ് ഒരിക്കൽ പഴയ സ്‌കൂൾ സഹപാഠി അബൂബക്കർ ദിമിത്രിയെ കാണാൻ വന്നത്. കോളേജ് കാലത്തെ വിദ്യാർത്ഥി നേതാവായിരുന്ന രഘുനന്ദനനും അവിടെ വന്നു.

തൃശൂരിലേക്കുള്ള സ്ഥലംമാറ്റ ഉത്തരവ് വന്നപ്പോൾ കുഴൽമന്ദത്തെ ആപ്പീസിൽ നടന്ന പ്രധാന ചർച്ച കെ.യെ സംബന്ധിച്ചായിരുന്നു.
‘അവിടെ ഒരു പ്രശ്‌നക്കാരൻ ഉണ്ട്. കെ. എന്ന എഴുത്തുകാരൻ. ഇവിടെ കൊടുവായൂർ ആപ്പീസിൽ കുറച്ചുകാലം ഉണ്ടായിരുന്നു. പ്രൊമോഷൻ കിട്ടി വന്നതാണ്. അന്ന് അവിടത്തെ ഡെയിലി ഷെയർ എമൗണ്ട് മൂന്നിലൊന്നായി കുറഞ്ഞു. സ്റ്റാഫ് വല്ലാണ്ട് കഷ്ടപ്പെട്ടു. താൻ തിന്നൂല്യ, ആരേം തീറ്റിക്കൂല്യാന്നാ മൂപ്പരടെ നയം.'
ആപ്പീസർ ശാന്തകുമാരൻ പറഞ്ഞു.

‘എനിക്കറിയാം. നാട്ടുകാരനാണ്.'
ദിമിത്രി പറഞ്ഞു.

അത് കെ. എന്ന എഴുത്തുകാരന് സഹൃദയവേദി അവാർഡ് കിട്ടിയ സമയമാണ്. ആദ്യം ലഭിച്ച പുരസ്‌കാരമാണ് അതെന്നു തോന്നുന്നു. അദ്ദേഹം എഴുത്തുകാരനായി വെളിപ്പെട്ടു തുടങ്ങുന്ന കാലം. അവാർഡിന്റെ പേരിൽ കമ്യൂണിസ്റ്റ് സാംസ്‌കാരിക സംഘടനകൾ എല്ലായിടത്തും സ്വീകരണച്ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു. ലോകൈക സാഹിത്യ നായകൻ എന്ന നിലക്കാണ് അവർ അദ്ദേഹത്തെ അവതരിപ്പിച്ചത്. പാർടി പ്രസിദ്ധീകരണങ്ങളിൽ അയാളെപ്പറ്റി ലേഖനങ്ങളും അഭിമുഖങ്ങളും വന്നു.

ദിമിത്രി ജോയിൻ ചെയ്ത ദിവസം അവാർഡിനെപ്പറ്റിയായിരുന്നു ഓഫീസിനകത്തെ ചർച്ച. സ്വീകരണ യോഗങ്ങളിൽ വെച്ചു കിട്ടിയ മാലകളും ഉപഹാരങ്ങളും കെ. അപ്പീസിൽ കൊണ്ടുവന്നു പ്രദർശിപ്പിച്ചു. അവകണ്ട് സഹപ്രവർത്തകരുടെ പ്രത്യേകിച്ചും സ്ത്രീ ഉദ്യോഗസ്ഥരുടെ മുഖത്തുണ്ടായ പ്രകാശത്തിലും അവരുടെ അഭിനന്ദനങ്ങളിലും അദ്ദേഹം സന്തോഷിച്ചു.

‘നമ്മുടെ ഡിപ്പാർട്ടുമെൻറിനു ശരിക്കും അഭിമാനിക്കാം.'
ഒരു സ്ത്രീ പറഞ്ഞത് ദിമിത്രി കേട്ടു.

‘ഇനിയും എഴുതണം. എഴുതി എഴുതി വലിയ മഹാനാകാണം. നോബൽ പ്രൈസ് ഒക്കെ കിട്ടുമ്പോൾ ഞങ്ങൾക്ക് അഭിമാനിക്കാമല്ലോ. ഒരു കാലത്ത് ഞങ്ങളുടെ കൂടെ ജോലി ചെയ്തിരുന്ന ആളാണെന്ന്.'

‘സ്വീകരണത്തിലും ഘോഷയാത്രയിലും പങ്കെടുത്ത് വെയിലു തട്ടി നിങ്ങളുടെ സൗന്ദര്യം നഷ്ടപ്പെടുത്തരുത്. അങ്ങനെ വന്നാൽ ഞങ്ങൾക്കത് സങ്കടമായിരിക്കും.'
മറ്റൊരു സ്ത്രീ ഉപദേശിച്ചു.

‘അങ്ങനെ ഒരു വെയിലു തട്ടിയാൽ പോകുന്നതൊന്നുമല്ല ഇത്. ഹൃദയത്തിൽ നിന്നുള്ള സൗന്ദര്യമാണ്. എത്രമാത്രം സൗന്ദര്യസൃഷ്ടികൾ പുറപ്പെടുന്ന ഹൃദയമാണത്’; മറ്റൊരാൾ പറഞ്ഞു.

സർവ്വീസിന്റെ തുടക്കകാലത്ത് എഴുത്തുകാരൻ എന്ന നിലക്ക് കെ.ആപ്പീസിൽ നല്ല രീതിയിൽ ആദരിക്കപ്പെട്ടിരുന്നു. മേലുദ്യോഗസ്ഥന്മാർ പോലും അയാളോട് ബഹുമാനത്തോടെ പെരുമാറി. സാഹിത്യകാരൻ ആയതു കൊണ്ട് കെ.ക്ക് വലിയ രാഷ്ട്രീയ ബന്ധങ്ങളുണ്ടാവുമെന്ന് അവർ കരുതി. ചില്ലറ അഴിമതിയും കൈക്കൂലിയും ഉള്ളതുകൊണ്ട് ഡിപ്പാർട്ടുമെന്റിലെ ഉദ്യോഗസ്ഥർ പൊതുവെ ഭീരുക്കളായിരുന്നു.

പക്ഷേ ക്രമേണ ആ ആദരവ് മങ്ങി വന്നു. കൈക്കൂലി വാങ്ങാത്തതിന്റെ പേരിൽ കെ. വലിയ അഹങ്കാരവും അധികാരവും പ്രകടിപ്പിക്കാൻ തുടങ്ങിയിരുന്നു. മറ്റുള്ളവരോട് വലിയ പുച്ഛവും അവജ്ഞയുമായിരുന്നു അദ്ദേഹത്തിന്. തമാശായാണെന്ന മട്ടിൽ കൈക്കൂലിയെക്കുറിച്ച് കുത്തുവാക്കുകൾ പറയും. ഒരു ഘട്ടത്തിൽ ഡിപ്പാർട്ടുമെന്റിൽ ഏറ്റവും വെറുക്കപ്പെട്ടവനായി അദ്ദേഹം മാറി. എല്ലാവരും അയാളിൽനിന്ന് അകന്നു നിന്നു. കെ. ശരിക്കും ഒറ്റപ്പെട്ടു എന്നു പറയാം. ലോകത്തിലെ മറ്റെല്ലാ മനുഷ്യരും പാപികൾ; താൻ മാത്രം വിശുദ്ധൻ എന്ന നിലപാട് എല്ലായ്‌പ്പോഴും വിലപ്പോവില്ലല്ലോ.

ആപ്പീസിനകത്തു മാത്രമല്ല പുറത്തും കൈക്കൂലിയുമായി ബന്ധപ്പെട്ട സംഗതികൾ അദ്ദേഹം പരസ്യമായി വെളിപ്പെടുത്താൻ തുടങ്ങി. പ്രസംഗങ്ങളിലും എഴുതുന്ന കുറിപ്പുകളിലും ലേഖനങ്ങളിലും കഥകളിൽപ്പോലും ആപ്പീസിലെ കൈക്കൂലിയായി വിഷയം. കൈക്കൂലിയെക്കുറിച്ച് മാത്രം ചിന്ത, എഴുത്ത്, സംസാരം. ഏതാണ്ട് ഉന്മാദത്തിന്റെ ഒരു മട്ട്.
‘ഈയാൾക്ക് ആരോ കൈവിഷം കൊടുത്തിട്ടുണ്ട്.'
സഹപ്രവർത്തകർ പറഞ്ഞു.

‘കക്ഷികൾടേം ഏജന്റുമാരടേം കയ്യീന്ന് പൈസ വാങ്ങില്ല എന്നതല്ല കെ.യുടെ പ്രശ്‌നം.'
കുഴൽമന്ദത്ത് വെച്ച് ശാന്തകുമാരൻ പറഞ്ഞിരുന്നു: ‘വാങ്ങാത്തത് നല്ല കാര്യമാണ്. ഓരോരുത്തർക്കും അവരവരടെ ആദർശങ്ങളുണ്ടാവൂലോ. ഞാൻ എറച്ചീം മീനും കഴിക്കില്ല. മദ്യം കൈ കൊണ്ടു തൊടില്ല. അത് എന്റെ ആദർശാണ്. കൈക്കൂലി മേടിക്കാത്ത എത്രയോ ആദർശശാലികളുണ്ട്. ചന്ദ്രശേഖരൻ സാറ് ഉദാഹരണം. സാറ് മേടിക്കില്ല. പക്ഷേ മേടിക്കണോരടെ മെക്കട്ട് കയറാൻ വരാറില്ല. അതാണ് മാന്യതാന്ന് പറയണത്. അതിന് മനുഷ്യൻ തറവാട്ടിൽ ജനിക്കണം. കെ. അർത്ഥം വെച്ച് കുത്തുവാക്ക് പറഞ്ഞ് മറ്റുള്ളവരുടെ മനസ്സ് വെഷമിപ്പിക്കും. അതെന്തിനാണ്? ഒരു ആപ്പീസിൽ അങ്ങനെയൊരു വെഷജീവിണ്ടാവാന്ന് വെച്ചാൽ അത് ബുദ്ധിമുട്ടാണ്.'

കുഴമന്ദത്തു നിന്നു പിരിയുമ്പോൾ ശാന്തകുമാരൻ കുറേ ഉപദേശങ്ങൾ നൽകിയിരുന്നു: ‘എന്തായാലും സ്വന്തം ജില്ലേലിക്കല്ലേ തനിക്ക് ട്രാൻസ്ഫർ? അത് നന്നായി. ഇവടത്തെ ചൂടീന്ന് രക്ഷപ്പെട്ടൂലോ. പക്ഷേ വേഗം തന്നെ താൻ ഒരു നല്ല സബ്ബ് ബ്യൂറോ നോക്കി പിടിക്കണം. തൃശൂരിലെ പ്രിൻസിപ്പൾ സബ് ആയാലും മതി. കുറച്ചെന്തെങ്കിലും കാശ് മുടക്ക്യാ അത് നടക്കും. റീജിയണൽ ആപ്പീസില് ഇരുന്നട്ട് കാര്യല്യ. പണീടുക്കാന്ന് മാത്രേള്ളു. അവടെ ചെല സെക്ഷനുകളില് മാത്രേ എന്തെങ്കിലും കിട്ടൂ. അതും അത്ര സുരക്ഷിതല്ല. എന്തായാലും നമ്മള് നനഞ്ഞു. റിക്കാർഡ് ജീവനക്കാര് മുഴുവൻ കൈക്കൂലിക്കാരാന്നാണല്ലോ ആക്ഷേപം. നനഞ്ഞ സ്ഥിതിക്ക് ഒന്നു മുങ്ങീട്ട് കേറാം. വൈകുന്നേരം ആളെണ്ണി വീതിക്കുമ്പൊ ഒരു ഫൈവ് ഹൺഡ്രടേങ്കിലും കിട്ടണ സബ്ബ് നോക്കി പിടിക്കണം. റീജിയണൽ ആപ്പീസില് ഒരു എസ്റ്റാബ്ലിഷ്‌മെന്റ് സെക്ഷൻ സൂപ്രണ്ടുണ്ടാകും. അങ്ങോരെ പിടിച്ചാ മതി.'

റിലീവ് ചെയ്യുന്ന ദിവസം ബ്യൂറോയിൽ ചെറിയ തേയില സൽക്കാരം ഉണ്ടായിരുന്നു. വൈകീട്ട് ബസ് സ്റ്റോപ്പു വരെ ശാന്തകുമാരൻ വന്നു. അയാൾ വികാരാധീനനായി കാണപ്പെട്ടു.

‘നമ്മളു തമ്മിലെ ബന്ധം പിരിയരുത്’; അദ്ദേഹം പറഞ്ഞു.

അക്കാലത്ത് കൈക്കൂലി വാങ്ങാത്തവരായി രണ്ടുപേരാണ് തൃശൂർ റീജിയണൽ ഓഫീസിൽ ഉണ്ടായിരുന്നത്. പിന്നീട് ദിമിത്രിയുടെ ജീവിതത്തിന് അവലംബമായി മാറിയ ജൂനിയർ സൂപ്രണ്ട് ജയദേവനാണ് മറ്റേ ആൾ. മഹർഷി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കണ്ടാലും ഒരു മഹർഷിയാണെന്ന് തോന്നും. അദ്ദേഹം എന്തെങ്കിലും ഭക്ഷണം കഴിക്കുന്നുണ്ടോ എന്നു സംശയം തോന്നും. അത്രക്കും മെലിഞ്ഞ ശരീരം. കാവിമുണ്ടും ജുബ്ബയുമാണ് ധരിച്ചിരുന്നത്. കണ്ണുകൾ കുഴിയിലാണെങ്കിലും അതു പ്രകാശിക്കുന്നുണ്ട്.

കക്ഷികളിൽ നിന്നു പണം സ്വീകരിക്കാറില്ലെങ്കിലും അങ്ങനെ ചെയ്യുന്നവരെ തടസ്സപ്പെടുത്താനോ വിമർശിക്കുവാനോ അദ്ദേഹം ഒരുമ്പെടാറില്ല. അതു കൊണ്ട് എല്ലാവരും അദ്ദേഹത്തെ ഇഷ്ടപ്പെട്ടു.

‘ശരിക്കും ഒരു മഹർഷി തന്നെയാണ്.'
അദ്ദേഹത്തെപ്പറ്റി സംസാരിച്ചപ്പോൾ എസ്റ്റാബ്ലിഷ്‌മെന്റിലെ സീനിയർ ക്ലർക്ക് സീമന്തിനി മാഡം പറഞ്ഞു; ‘മറ്റൊരാളുണ്ടല്ലോ ഇവിടെ. ഒരു വിശ്വസാഹിത്യകാരൻ? ആപ്പീസിൽ വെച്ച് കക്ഷികൾ അറിഞ്ഞു തരുന്ന എന്തെങ്കിലും വാങ്ങണതാണ് ലോകത്തിലെ ഏറ്റവും വെലിയ പാപം എന്നാണ് അയാൾ വിചാരിച്ചേക്കണ്. അയാൾ മേടിക്കണ്ട. നമ്മൾ മേടിക്കണുണ്ടെങ്കില് അതിനനുസരിച്ച് കൊടുക്കണൂംണ്ട്. തൃക്കുമാരക്കുടം അമ്പലത്തിലെ നവീകരണ കലശത്തിന് ഞാൻ കഴിഞ്ഞാഴ്ച അയ്യായിരം ഉറുപ്പ്യാണ് കൊടുത്തത്. അയാള് ആർക്കെങ്കിലും എന്തെങ്കിലും കൊടുക്കണ് കണ്ടട്ടുണ്ടോ? പോട്ടെ. ഇത്ര കാലായി ഈ ആപ്പീസിലു വന്നട്ട്. ഒരിക്കലെങ്കിലും ഇവടെ ഒരു ടീപാർടി നടത്തീട്ടുണ്ടോ? ഒരു മസാല ദോശ, അല്ലെങ്കില് ബട്ടുറേം ചെനമസാലേം. എത്ര കാശു വരും അതിന്?'

റീജിയണൻ ആപ്പീസിലെ ഫയൽക്കൂമ്പാരങ്ങൾക്കപ്പുറത്ത് ഒരു വശത്താണ് കെ. അടക്കമുള്ള സെക്ഷൻ സൂപ്രണ്ടുമാർ ഇരുന്നിരുന്നത്. ദിമിത്രിക്ക് ചിലപ്പോഴെങ്കിലും അദ്ദേഹത്തിന്റെ സമീപത്ത് ചെല്ലേണ്ടിയിരുന്നു. ചില ഫയലുകളിൽ അദ്ദേഹത്തിന്റെ നോട്ടും ഒപ്പും വേണ്ടിവരും. കടന്നു ചെല്ലുമ്പോഴെല്ലാം അദ്ദേഹത്തിന്റെ മുന്നിൽ ആരെങ്കിലും അതിഥികൾ ഉണ്ടാകും. വായനക്കാരോ ആരാധകരോ മറ്റോ ആണ്. അവരോട് സംസാരിച്ചുകൊണ്ടുതന്നെയാവും ഫയൽ നോക്കുന്നതും ഒപ്പുവെക്കുന്നതും.

ദിമിത്രി കടന്നു ചെല്ലുമ്പോഴൊന്നും നാട്ടുകാരൻ എന്ന ഭാവം കെ.പ്രകടിപ്പിക്കാറില്ല. നേരിയൊരു പുഞ്ചിരി അദ്ദേഹത്തിന്റെ മുഖത്ത് എല്ലായ്‌പ്പോഴും ഉണ്ടാകും. അതു വിട്ട് ഒന്നുമില്ല. ഔദ്യോഗികനില വിട്ട് ദിമിത്രിയും പെരുമാറുക പതിവില്ല.

അക്കാലത്താണ് കെ. ‘എച്ചുമ്മുവമ്മ ഭരണകൂടത്തെ ചോദ്യം ചെയ്തു' എന്ന ഹ്രസ്വകഥ പ്രസിദ്ധീകരിച്ചത്. അത് കഥയാണോ വെറുമൊരു ആക്ഷേപഹാസ്യമാണോ എന്നൊന്നും വ്യക്തമല്ല. എങ്കിലും കഥ എന്നാണ് എല്ലാവരും പരാമർശിച്ചത്. പ്രധാനപ്പെട്ട ഒരു പത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പിലാണ് അച്ചടിച്ചുവന്നത്. അത് റീജിയണൽ ആപ്പീസിലും റിക്കാർഡ്‌സ് വകുപ്പിലാകെയും ഒച്ചപ്പാടുണ്ടാക്കി. അതോടെ റീജിയണൽ ആപ്പീസിൽ കെ. എന്ന എഴുത്തുകാരന്റെ ഒറ്റപ്പെടൽ ഏതാണ്ട് പൂർണ്ണമായി എന്നു പറയാം. കാരണം താൻ ജോലി ചെയ്യുന്ന വകുപ്പിനെയും ആപ്പീസിനേയും അങ്ങേയറ്റം ആക്ഷേപിച്ചു കൊണ്ടായിരുന്നു ആ എഴുത്ത്. ആപ്പീസിൽ എല്ലാവരും അതു വായിച്ചു. പലവട്ടം വായിച്ച് ദിമിത്രിക്ക് അത് ഏതാണ്ട് കാണാപ്പാഠമായിരുന്നു.

ഒരു സബ്ബ് റിക്കാർഡ് ബ്യൂറോ ആപ്പീസാണ് കഥയുടെ അന്തരീക്ഷം. അവിടേക്ക് അപേക്ഷയുമായി എത്തുന്ന എച്ചുമുക്കുട്ടിയമ്മ എന്ന വ്യദ്ധസ്ത്രി. തന്റെ പത്തു സെന്റ് കുടികിടപ്പിന്റെ ബാധ്യതാ സർട്ടിഫിക്കറ്റ് കിട്ടണമെന്നാണ് അവരുടെ ആവശ്യം. അക്കാലത്ത് സാധാരണ ഏജന്റുമാർ മുഖേനയാണ് സബ്ബ് ബ്യൂറോകളിൽ അപേക്ഷകൾ സ്വീകരിച്ചിരുന്നത്. നേരിട്ടു വരുന്നവരെ പരമാവധി നിരുത്സാഹപ്പെടുത്തുകയായിരുന്നു പതിവ്. ആ നടപടിയെ വിമർശിച്ചുകൊണ്ടാണ് കഥ.

എച്ചുമുക്കുട്ടിയമ്മയുടെ ഭർത്താവിനെക്കുറിച്ച് ചില വിശേഷണങ്ങളുണ്ട്. അദ്ദേഹം പേരി നാരായണൻ നായർ എന്ന പാചകവിദഗ്ദന്റെ അസിസ്റ്റന്റാണത്രെ. കുന്തുകാലിൽ ഇരുന്ന് അടുപ്പു കത്തിക്കുന്നതിലാണ് വൈഭവം. നല്ല വിറകല്ലെങ്കിൽ മുഖത്തു ചെറിയ നിരാശയുണ്ടാകും. നിഷ്‌ക്കളങ്കൻ എന്ന് കെ. അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. ‘രാമന്നായരെ, കാളൻ എറക്ക്യ അടപ്പത്ത് ഓലന് കത്തിച്ചോളൂ, എന്നു പറഞ്ഞാൽ 'ആവാലോ' എന്നു മറുപടി പറയും. വേറെ വാക്കോ വാചകമോ ഇല്ല.'

രാമന്നായരുടേയും എച്ചുമുക്കുട്ടിയമ്മയുടേയും മകൾ പത്മാക്ഷി വിവാഹിതയായി. ഓട്ടോറിക്ഷ ഓണറും ഡ്രൈവറുമായ നളിനാക്ഷനാണ് വരൻ. പറഞ്ഞുറപ്പിച്ച സ്ത്രീധനം തികച്ചു കൊടുക്കാത്തതു കൊണ്ട് നളിനാക്ഷൻ പത്മാക്ഷിയെ അവളുടെ വീട്ടിൽ കൊണ്ടു നിറുത്തിയിരിക്കുകയാണ്. നളിനാക്ഷന്റെ വീട്ടിൽ ഗ്യാസ് കണക്ഷൻ പോയിട്ട് ഒരു മണ്ണെണ്ണ സ്റ്റൗ പോലും ഇല്ല. അതുകൊണ്ട് മറ്റു മാർഗ്ഗമില്ല. സ്ത്രീധന ബാക്കിയും കൊണ്ടു തിരിച്ചു ചെന്നാൽ മതി എന്നാണ് പത്‌നിക്കുള്ള നിർദേശം. സഹകരണ ബാങ്കുകാർ എച്ചുമുക്കുട്ടിയമ്മക്ക് ലോൺ കൊടുക്കാമെന്നു പറഞ്ഞിട്ടുണ്ട്. അതിലേക്കാണ് പത്തു സെൻറ്​ കുടിയിരുപ്പിന്റെ ബാധ്യതാ സർട്ടിഫിക്കറ്റ് ആവശ്യം വന്നത്.

പക്ഷേ അപേക്ഷ വായിച്ചു നോക്കിയ സബ്ബ് ആപ്പീസിലെ ഹെഡ് ഗുമസ്തൻ തലയുയർത്താതെ പറഞ്ഞു:
‘ഇതിൽ ചില്ലില്ല.'

അതു കേട്ട് എച്ചുമുക്കുട്ടിയമ്മ അമ്പരന്നു.
​കുപ്പി ഗ്‌ളാസ് പൊട്ടുമ്പോഴത്തെ ചില്ലിനെക്കുറിച്ച് മാത്രമേ അവർ കേട്ടിട്ടുള്ളൂ. നെടുമ്പള്ളി മനക്കൽ ജനലിനു ചില്ലുവെച്ചതും കേട്ടിട്ടുണ്ട്. അപ്പോൾ ഗുമസ്തൻ വിശദീകരിച്ചു. അപേക്ഷയിൽ സർവ്വേ നമ്പ്ര് എന്നെഴുതേണ്ട സ്ഥലത്ത് ‘സവ്വേ നമ്പ്ര്' എന്നാണ് എഴുതിയിരിക്കുന്നത്. ർ എന്ന ചില്ലക്ഷരം വിട്ടുപോയി.

ചില്ലിനു പകരം അക്ഷരത്തിന്റെ മുകളിൽ ഒരു കുഞ്ഞ് ഇട്ടാൽ മതി എന്ന് ആപ്പീസിൽ ആ സമയത്തുണ്ടായിരുന്ന ഒരു പ്രമാണമെഴുത്തുകാരൻ പറഞ്ഞു.
‘ആ കുത്ത് ഇപ്പൊ അവടെ അങ്ങട് ഇട്ടാപ്പോരെ മോനെ?' എന്ന എച്ചുമുക്കുട്ടിയമ്മയുടെ ചോദ്യമാണ് ഭരണഘടനാലംഘനമായി വ്യാഖ്യാനിക്കപ്പെട്ടതെന്ന് കെ.എഴുതുന്നു. ഹെഡ് ഗുമസ്തൻ തന്നിൽ അർപ്പിതമായ നിയമബാധ്യതയോടെയും രാജ്യസ്‌നേഹത്തോടെയും എഴുന്നേറ്റുനിന്ന് ഗർജ്ജിച്ചു.

‘നിങ്ങൾ എന്താ വിചാരിച്ചത്? ഇത് ചന്തയല്ല. അടുക്കളയല്ല. പരിപാവനമായ സർക്കാർ ആപ്പീസാണ്. ഇനീഷ്യൽ വെച്ച് നമ്പറിട്ട് ഡിസ്ട്രിബ്യൂഷൻ രജിസ്റ്ററിൽ പിടിച്ച് സെക്ഷനു കൈമാറി നോട്ടെഴുതി ഫ്‌ലാഗ് ചെയ്ത് സബ്മിറ്റ് ചെയ്ത അപേക്ഷ കക്ഷിക്ക് തിരിച്ചു കൊടുക്കാൻ വകുപ്പില്ല. ഫൈവ് ഡേയ്‌സ് റൂളാണ്. അഞ്ചു ദിവസം കഴിഞ്ഞ് ഇവിടെ വന്നാൽ അപേക്ഷ മടക്കിയ വിവരം നിങ്ങൾക്ക് ലഭിക്കും.'നിരാശയോടെയും അതിലേറെ കുറ്റബോധത്തോടെയും എച്ചുമുക്കുട്ടിയമ്മ അപ്പീസിന്റെ പടികളിറങ്ങി എന്നു പറഞ്ഞാണ് കെ. കഥ അവസാനിപ്പിക്കുന്നത്.

വായിച്ചവരെല്ലാം അമ്പരന്നു. ഡിപ്പാർട്ടുമെന്റിന്റെ പേര് കെ. കഥയിൽ കൃത്യമായി എഴുതിയിരുന്നു. എഴുതിയതാവട്ടെ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനും. മലപ്പുറത്ത് പോലീസ് വകുപ്പിലെ മണമ്പൂർ രാജൻ ബാബു എന്ന ഉദ്യോഗസ്ഥൻ കഥയെഴുതി പ്രസിദ്ധീകരിച്ചതിന് സസ്‌പെൻഷനിൽ ഇരിക്കുന്ന കാലമായിരുന്നു അത്. സാഹിത്യരചന നടത്തുന്നതിന് കെ. സർക്കാരിന്റെ മുൻകൂർ അനുവാദം വാങ്ങിച്ചിട്ടുണ്ടോ എന്ന് ചിലർ അന്വേഷിച്ചു. ഫയലുകൾ പരിശോധിച്ചപ്പോൾ അങ്ങനെയൊന്നും കണ്ടില്ല.

ഊണുമുറിയിൽ വലിയ ചർച്ചകൾ ന്നടന്നു.

ആപ്പീസ് ഹാളിനു പിന്നിലെ ഇടനാഴിയിൽ തപാലുകൾ ഒട്ടിക്കാനായി ശിപായിമാർ ഉപയോഗിച്ചിരുന്ന ഡെസ്പാച്ച് മേശയിൽ വെച്ചാണ് പുരുഷന്മാരായ ഗുമസ്തന്മാർ ഉച്ചഭക്ഷണം കഴിച്ചിരുന്നത്. ഹാന്റ് ബാഗിൽ വെക്കാൻ സൗകര്യമുള്ള വട്ടത്തിലുള്ള ചോറുപാത്രങ്ങളാണ്. പാത്രത്തിന്റെ മുകൾ ഭാഗത്ത് എന്തെങ്കിലും ഒരു തോരൻ പരത്തിയിട്ടിരിക്കും. അല്ലെങ്കിൽ പൊടിഞ്ഞ പപ്പടമോ തണുത്ത ഓംലെറ്റോ. കുപ്പികളിലും ചെറിയ സ്റ്റീൽ ഡവറകളിലുമായിട്ടാണ് മറ്റു കറികൾ. ചിലരുടെ സഞ്ചിയിൽ അഞ്ചും പത്തും ഡവറകൾ കാണും. അതിൽ ചിലതെല്ലാം പരസ്പരം പങ്കുവെക്കാറുണ്ട്. പാത്രങ്ങൾ തുറക്കുമ്പോൾ പലവിധ ഗന്ധങ്ങൾ അവിടെ നിറയും. ആ സമയത്ത് എന്തെങ്കിലുമൊക്കെ അവർ സംസാരിക്കും.

സാഹിത്യത്തെക്കുറിച്ച് നല്ല ധാരണയുള്ളവർ കൂട്ടത്തിൽ ഉണ്ടായിരുന്നു. നന്നായി വായിക്കുന്നവരുമുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമുള്ള മഠത്തിൽ ശങ്കരനാരായണൻ എന്ന ജൂണിയർ ക്ലർക്ക് പറഞ്ഞു:

‘ഇത്തരം കഥകൾ വെറും റിയലിസമാണ്. വേണമെങ്കിൽ പ്രോലിറ്റേറിയൻ സാഹിത്യത്തിൽ ഉൾപ്പെടുത്താം. ഇവക്കൊന്നും സാഹിത്യരംഗത്ത് ഇപ്പോൾ ഡിമാന്റില്ല. ഔട്ട് ഡേറ്റഡ് ട്രീറ്റുമെന്റാണ്. പ്രചരണസാഹിത്യം എന്നു പറയും. ഇതിനൊന്നും ആയുസ്സില്ല. ഇപ്പൊ കൊണ്ടാടി നടക്കാൻ ആളുണ്ടാവും. അത് കഴിഞ്ഞാൽ കഴിഞ്ഞു. ഒരു കാലത്ത് ഡി.എം.പൊറ്റക്കാട് എന്ന സാഹിത്യകാരനുണ്ടായിരുന്നു. പിന്നെ കെ.പി.ജി, കെടാമംഗലം പപ്പുക്കുട്ടി തുടങ്ങിയ കവികൾ. അവരെയൊക്കെ ആരെങ്കിലും ഇന്ന് ഓർമ്മിക്കുന്നുണ്ടോ?

‘ആർട് പെർഫെക്ഷൻ ഇല്ലാത്ത സംഗതികളൊക്കെ വെറും ചവറാണ്. ട്രാഷ് എന്നു പറയും. കാലങ്ങളെ അതിജീവിക്കുക എന്നതാണ് സാഹിത്യത്തിന്റെ ക്വാളിറ്റി. രണ്ടായിരം കൊല്ലത്തേക്കങ്കിലും ഈടു നിൽക്കേണ്ടവയാണ് സാഹിത്യസൃഷ്ടികൾ. സമകാലിക മലയാള സാഹിത്യം വളരെ പരിതാപകരമായ രീതിയിലാണ് മുന്നോട്ടു പോകുന്നത്. ക്ലാസിക് എന്നു പറയാൻ പറ്റുന്ന വല്ലതും ഉണ്ടാകുന്നുണ്ടോ? ഒന്നാമത്തത് ഇവർ പ്രസൻറിനെ, അതായത് വർത്തമാനകാലത്തെയാണ് വിഷയമാക്കുന്നത്. അതുകൊണ്ട് സാഹിത്യമൂല്യമില്ലാത്ത വിഷയങ്ങൾ കൃതികളിൽ ഉൾപ്പെടുന്നു. യഥാർത്ഥ റൈറ്റർ വെയിറ്റു ചെയ്യണം. ശാശ്വതമൂല്യമുള്ള വിഷയങ്ങൾ ഏവ എന്നു കണ്ടെത്തണം. അതിനെക്കുറിച്ച് എഴുതണം. ഞാൻ ഉറപ്പു പറയുന്നു. ഒരു നൂറു കൊല്ലം കഴിഞ്ഞാൽ ഇന്നു കൊട്ടിഘോഷിക്കപ്പെടുന്ന പല കൃതികളും അന്നത്തെ വായനക്കാരുടെ മുന്നിലുണ്ടാവില്ല.'

അക്കൗണ്ടൻറ്​ മുകുന്ദൻ അപ്പോൾ പറഞ്ഞു.
‘അങ്ങനെ സംസ്‌കൃതൊന്നും പറഞ്ഞിട്ട് കാര്യല്ല ന്റെ ശങ്കരാ. മനുഷ്യര് മുഴുവൻ വായിക്കണ ഒരു പത്രത്തിലാണ് ഇതൊക്കെ അച്ചടിച്ച് വന്നിരിക്കണേ. ആപ്പീസിലുള്ള ആളു തന്നെ എഴുതുമ്പോ എല്ലാവരും വിശ്വസിക്കും. മനുഷ്യരടെ മൊഖത്ത് കരിവാരി തേക്കണ പരിപാട്യായി ഇത്. മ്മടെ കുടുമ്മത്തെ ക്​ടാങ്ങളും ഇത് വായിക്കൂലോ? അച്ഛൻ ഹരിചന്ദ്രന്റെ അമ്മാവൻ ആവണംന്ന് വിചാരിക്കണോരാ ഇപ്പഴത്തെ കുട്ടികള്. ഇതുങ്ങനെ വിട്ടാൽ പറ്റില്യാട്ടാ.' ▮

(തുടരും)


അശോകൻ ചരുവിൽ

കഥാകൃത്ത്, നോവലിസ്റ്റ്. സാംസ്​കാരിക പ്രവർത്തകൻ. 2018 മുതൽ പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി. സൂര്യകാന്തികളുടെ നഗരം, അശോകൻ ചരുവിലിന്റെ കഥകൾ, ആമസോൺ, ജലജീവിതം, മരിച്ചവരുടെ കടൽ, കങ്കാരുനൃത്തം, കാട്ടൂർ കടവ്​ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

Comments