ചിത്രീകരണം: ഇ. മീര

കാട്ടൂർക്കടവ് 2018

25: നോഹിന്റെ പെട്ടകം

ദൈവം നോഹിനോട് അരുൾ ചെയ്തു; "ജീവജാലങ്ങൾക്ക് അറുതി വരുത്താൻ ഞാൻ ഉറച്ചിരിക്കുന്നു. മനുഷ്യരെല്ലാം അധർമ്മചാരികളായതിന്റെ ശിക്ഷ. അവരെ മുഴുവൻ ഞാൻ ഭൂമിയോടൊപ്പം നശിപ്പിക്കും. നീ ഗോഫർ മരം കൊണ്ട് ഒരു പെട്ടകം ഉണ്ടാക്കുക. പെട്ടകത്തിന് ഒരു കീഴ്​ത്തട്ടും രണ്ടാംതട്ടും വേണം. മേൽത്തട്ടും വേണം. നോക്കൂ ആകാശത്തിനു കീഴിൽ ജീവനുള്ള സകലതിനേയും നശിപ്പിക്കുന്ന ഒരു ജലപ്രളയം ഞാൻ അഴിച്ചുവിടുകയാണ്. നീയും നിന്റെ കുടുംബവും പെട്ടകത്തിനകത്ത് കടന്ന് രക്ഷപ്പെടുക.'

പ്രിന്റർ മാനുവേൽ മുട്ടിന്മേൽ നിന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

ഹെർബർട്ട് സ്പെൻസർ ഫാമിലെ അന്തേവാസികൾ കൂടിയിരുന്ന് ടി.വി.യിൽ കേരളത്തിലെ പ്രളയത്തിന്റെ ദൃശ്യങ്ങൾ കാണുകയായിരുന്നു. അതിനിടയിലാണ് മാനുവേൽ അസ്വസ്ഥനായത്. തെനാദിയർ അയാളെ സമാധാനിപ്പിച്ചു.
"നോഹയുടെ പെട്ടകം ചേന്ദമംഗലം കവലയിലേക്ക് വന്നടാ മാനുവേലേ. അത് നിന്റെ കെട്ട്യോളേം കുട്ട്യോളേം രക്ഷിച്ചു. അവരിപ്പൊ പറവൂർ ഗവർമ്മണ്ട് സ്കൂളില്ണ്ട്ന്ന് കൂനമ്മാവിലെ സെബാസ്റ്റ്യനച്ചൻ എന്നോട് വിളിച്ചു പറഞ്ഞു. നീ പേടിക്കരുത്.'

പക്ഷേ മാനുവേൽ സമാധാനപ്പെട്ടില്ല. അയാൾ വിളിച്ചു പറഞ്ഞു:
"അത്യഗാധതയിലെ ഉറവുകൾ എല്ലാം പൊട്ടി ഒഴുകി. ആകാശത്തിന്റെ വാതായനങ്ങൾ തുറക്കപ്പെട്ടു. നാൽപ്പത് രാവും നാൽപ്പത് പകലും ഭൂമിയിൽ മഴപെയ്തു.'

"ഇവനോട് പറഞ്ഞാലും മനസ്സിലാവില്ല’; തെനാദിയർ അരിശപ്പെട്ടു.

ടി.വി.യിലൂടെ ഭീകരമായ ദൃശ്യങ്ങൾ വന്നുകൊണ്ടിരുന്നു. ജലത്തിന്റെ സംഹാരതാണ്ഡവം. മലകളും കാടുകളും ഇടിഞ്ഞ് ഊർന്നു വീഴുന്നു. കെട്ടിടങ്ങൾ തകർന്നടിയുന്നു. അവലംബം നഷ്ടപ്പെട്ട മനുഷ്യരുടെ ജലയാത്ര. എല്ലാം നഷ്ടപ്പെട്ട് ജീവൻ മാത്രം ബാക്കിയായി മുന്നോട്ടു പോകുന്നവരുടെ മുഖങ്ങൾ എല്ലായ്പോഴും നിർവ്വികാരമായിരിക്കും. വഞ്ചിയുടെ മന്ദഗതി പോലെയാണത്. ഒരു തിടുക്കവുമില്ല. കയ്യിലെ ഭാണ്ഡവുമായി അവർ വളരെ സാവധാനം അഭയാർത്ഥി ക്യാമ്പുകളിലേക്ക് കയറുന്നു.

ഇടക്കെപ്പോഴോ ടി വി യിൽ കാട്ടൂർകടവിന്റെ ദൃശ്യങ്ങളും വന്നു. ബോട്ടുകടവ് അങ്ങാടി പാടെ മുങ്ങിക്കിടക്കകയാണ്. ദിമിത്രിക്ക് നിരാശയോ അത്ഭുതമോ ഉൽക്കണ്ഠയോ തോന്നിയില്ല. മുൻപ് പലപ്പോഴും അയാൾ ആഗ്രഹിച്ചിട്ടുള്ളതാണ് പ്രളയം വന്ന് കാട്ടൂർക്കടവും തൃശൂരും കേരളവും ഈ ലോകവും പ്രപഞ്ചം ഒന്നാകെയും മുങ്ങിപ്പോയെങ്കിൽ എന്ന്. പിന്നീട് എപ്പോഴെങ്കിലും വെള്ളമിറങ്ങുമല്ലോ. മനുഷ്യരില്ലാത്ത ഭൂമിയെക്കുറിച്ച് അയാൾ സങ്കൽപ്പിച്ചു നോക്കും. മനുഷ്യൻ കെട്ടിപ്പടുത്ത പലതും ബാക്കിയുണ്ട്. നഗരങ്ങൾ, രമ്യഹർമ്യങ്ങൾ. സ്മാരകങ്ങൾ, വിനോദശാലകൾ. അവൻ മാത്രം ഇല്ല. വേനലും വർഷവും കാറ്റും പിന്നെ ഉദയാസ്തമയങ്ങുളുമായി പതിവുപോലെ കാലം കടന്നു പോകും. മനുഷ്യർ ആരും കാണാനില്ലാത്തതിന്റെ അഹങ്കാരത്തിൽ മഴ ചാഞ്ഞും ചെരിഞ്ഞും അലച്ചു പെയ്യും.

ടി.വി.യിൽ ദൃശ്യങ്ങൾ ഒന്നിനൊന്നായി വരികയായിരുന്നു.
ലോകത്തിന്റെ പല കോണുകളിൽ നിന്നും ഉൽക്കണ്ഠപ്പെട്ടുള്ള ഫോൺ കോളുകൾ, അന്വഷണങ്ങൾ, നിലവിളികൾ. കേരളം ഇതുവരെ കണ്ടതിൽ ഏറ്റവും വലിയ വെള്ളപൊക്കത്തിന്റെ ദുരിതനിമിഷങ്ങളിലൂടെയാണ് നമ്മൾ കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതുവരെയായി 400 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 1450000 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തി. 250000 കോടി രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായിക്കഴിഞ്ഞു.

പ്രളയത്തിൽ കഷ്ടപ്പെടുന്ന കേരളീയരെ സഹായിക്കാനുള്ള ചില ശ്രമങ്ങൾ പാട്ടമാളിയിലും തുടങ്ങിയിരുന്നു. തിരുവണ്ണാമലയിൽ നിന്നും മലയാളികളായ ഒരു സംഘം യുവാക്കൾ തെനാദിയരച്ചനെ വന്നു കണ്ടു. കൃഷിക്കാരുടെ വീടുകളിൽ കയറി ധാന്യവും പച്ചക്കറികളും സംഭരിക്കാമെന്നാണ് അവർ പറഞ്ഞത്:
"വീടുകളിൽ ചെന്ന് ആളുകളെ കണ്ടിട്ടു കാര്യമില്ല. ദാരിദ്ര്യം പങ്കുവെച്ചിട്ടെന്തു കാര്യം? നമുക്ക് തലൈവർ വേദനായകത്തെ കാണാം. അദ്ദേഹം എന്തെങ്കിലും നിവൃത്തിയുണ്ടാക്കും’; തെനാദിയർ പറഞ്ഞു.

കൃഷിയിടങ്ങൾക്കപ്പുറത്ത് മലയടിവാരത്തായിരുന്നു ഗ്രാമങ്ങൾ.
ആദ്യം കാണുക ചെറിയ ചെറിയ വീടുകളാണ്. തൊട്ടു തൊട്ട്.
ഏതാണ്ട് കോളനി പോലെയാണ്. കുറച്ചകലെയായി വേറെയും കോളനികൾ ഉണ്ട്. വീടുകളോട് ചേർന്ന് കന്നുകാലിത്തൊഴുത്തുകൾ. പല തൊഴുത്തുകളും വീടുകളേക്കാൾ അടച്ചുറപ്പുള്ളതായിരുന്നു. പിന്നെ പൊതുസ്ഥലങ്ങളാണ്. അവിടെ കൃഷിയുപകരണങ്ങൾ സൂക്ഷിക്കാനുള്ള ഷെഡ്ഡുകളുണ്ട്. പിന്നെ കോവിൽ. ഒരു കച്ചവടത്തെരുവും ഉണ്ട്. ഇറച്ചിക്കടകൾ. ഭംഗിയിൽ അടുക്കി നിരത്തി വെച്ച ഉണക്കമീൻ. സ്റ്റേഷനറി സാധനങ്ങൾ വിൽക്കുന്ന മാടക്കടകളിൽ പലയിനം പ്ലാസ്റ്റിക് സാമഗ്രികൾ തൂങ്ങിക്കിടക്കുന്നു. ചെറിയ വഴികളിൽ ശരീരമാകെ ചേറുപുരണ്ട അർദ്ധനഗ്നരായ കുട്ടികൾ കളിച്ചു തിമർക്കുകയായിരുന്നു. അവരെല്ലാം കളി നിർത്തി "പാതിരിയാര്, പാതിരിയാര്' എന്ന് ഒച്ചവെച്ച് തെനാദിയരച്ചനെ അനുഗമിച്ചു.

വീടുകളിൽ ആ സമയത്ത് സ്ത്രീകളും വൃദ്ധരും മാത്രമേ ഉണ്ടായിരുന്നുള്ളു. തെനാദിയർ അവരോട് സംസാരിച്ചു: "കേരളാവുല പെരിയ വെള്ളം വന്ത് എല്ലാമേ മുഴ്കിപ്പോയിടുച്ച്. വീടെല്ലാം ഒടഞ്ച് പോച്ച്. വിവസായം നാശമാച്ച്. നാമ അവങ്കളുക്ക്‌ ഒതവി ചെയ്യണും. നാങ്ക തലൈവർകിട്ട ഇത സൊല്ലിപ്പോറോം.'

സ്ത്രീകൾ കുട്ടികളെ കയ്യിലെടുത്തു നിന്ന് ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല.

കോളനികൾ അവസാനിക്കുന്നേടത്താണ് വേദനായകത്തിന്റെ വീട്. പക്ഷേ അവിടെയെത്തുമ്പോഴേക്കും മണ്ണും പ്രകൃതിയും വല്ലാതെ മാറുന്നുണ്ട്. കമ്പിവേലി കെട്ടിത്തിരിച്ച ഏക്കർ കണക്കിനു ഭൂമിയാണ്. തെങ്ങും കവുങ്ങും വാഴയുമുണ്ട്. നനഞ്ഞു പുല്ലുപിടിച്ചു കിടക്കുന്ന വെളുത്ത മണ്ണ്. അതിനിടയിലൂടെ നീണ്ടപാതയുടെ അറ്റത്താണ് ആ വീട്.

ഓടുമേഞ്ഞതും ഓലമേഞ്ഞതുമായ ഒരുപാട് ഒറ്റനില വീടുകളുടെ സമുച്ചയമാണത്. തൊഴുത്തുകൾ തന്നെ പലതുണ്ട്. ധാന്യപ്പുര. പൊടിമില്ല്. സിമന്റിട്ടുറപ്പിച്ച രണ്ടോ മൂന്നോ കളങ്ങൾ. എണ്ണയാട്ടുപുരകൾ. മീൻ വളർത്തുന്ന കുളങ്ങൾ. കൊമ്പിൽ ചായം തേച്ച് അലങ്കരിച്ചു നിർത്തിയ കാളകൾ. വൈക്കോൽ കൂനകൾ. കൈവേലശാലകൾ. തന്റെ കുട്ടിക്കാലത്തെ പുല്ലാർക്കാട്ട് ബംഗ്ലാവിലെ കയ്യാലപ്പുര ദിമിത്രി ഓർമ്മിച്ചു.

ഇത് വേദനായകത്തിന്റെ ഫാം ഹൗസാണ്. ചില കാലങ്ങളിൽ മാത്രമേ അദ്ദേഹം ഇവിടെ ഉണ്ടാവൂ. സ്ഥിരതാമസം മധുരയിലാണ്. അവിടെ നഗരപ്രാന്തത്തിൽ അദ്ദേഹത്തിന് ഒരു എഡ്യുക്കേഷൻ കോംപ്ലക്സുണ്ട്. വലിയൊരു കോംപൗണ്ടിൽ പ്രീപ്രൈമറി സ്കൂൾ മുതൽ എഞ്ചിനീയറിംഗ് കോളേജ് വരെ ഉണ്ട്.

ഫാംഹൗസിൽ ഓലമേഞ്ഞ ഒരു ഔട്ട് ഹൗസിലാണ് തലൈവർ വേദനായകം അപ്പോൾ കഴിഞ്ഞിരുന്നത്. കുറച്ചുനാൾ മുമ്പ് ഒരു സ്ട്രോക്ക് വന്നതിന്റെ ഭാഗമായി അദ്ദേഹം വിശ്രമത്തിലാണ്. ആയുർവേദ ചികിത്സ നിരന്തരം നടക്കുന്നു. തൊഴിലാളികളും ആശ്രിതരുമായി നിരവധി പേർ പുറത്തു നിന്നിരുന്നു. അവരോട് അനുവാദം വാങ്ങിച്ച് ഫാദർ തെനാദിയർ അകത്തു കടന്നു. മെഹമൂദും സംഘവും പുറത്തെ തിണ്ണകെട്ടിയ വേപ്പിൻ മരച്ചുവട്ടിൽ ഇരുന്നു.
ആശ്രിതരിൽ ഒരാൾ അവരോട് പറഞ്ഞു.

"തലൈവരുക്ക് ഗുണമാക നാങ്ക കടവുള വേണ്ടറോം. അവര് ഇല്ലെന്നാ അപ്രോം നാങ്ക ഊർക്കാരങ്കളോട ഗതി എന്ന ആകും? അവര് മുന്ന മാതിരി എഴുന്തു നടക്കലേന്നാ അവ്ളോ താ... നാങ്ക എല്ലാരും ഒണ്ണാ പോയി റയിലുക്ക് തലവെച്ച് സെത്തിടുവോം.'

തമിഴ്നാട്ടിലെ ഗ്രാമജീവിതത്തെക്കുറിച്ച് മെഹമൂദിനോട് പറഞ്ഞിട്ടുള്ളത് ആരോഗ്യസ്വാമി എന്ന യുവാവാണ്.
"ജീവിതത്തിലെ സുഖം സംതൃപ്തി എന്നിവയെക്കുറിച്ച് നിങ്ങൾ കേരളീയർക്കുള്ള കൺസെപ്റ്റല്ല ഞങ്ങൾ തമിഴർക്കുള്ളത്. കൃഷിയാണെങ്കിലും ദൈവമാണെങ്കിലും സിനിമയാണെങ്കിലും തലൈവരാണെങ്കിലും ഞങ്ങൾ അതിനുവേണ്ടി ജീവിതം സമർപ്പിക്കും. കൃഷിയാണെങ്കിൽ അതിന്റെ ചേറും ചെളിയും മണവും ഞങ്ങൾക്ക് സന്തോഷം തരുന്നു. വയലിൽ നിന്ന് പൊള്ളുമ്പോഴും തലൈവനു വേണ്ടി ചാവുമ്പോഴുമാണ് ജീവിതത്തിൽ സംതൃപ്തി എന്ന സംഗതി ഉണ്ടാകുന്നത്.'

തിരുച്ചിറപ്പള്ളിക്കടുത്തുള്ള താങ്കാൻ ഗ്രാമത്തിൽ ജനിച്ചു വളർന്ന ആരോഗ്യസ്വാമി താംബരത്തെ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ പോയി ഇംഗ്ലീഷ് സാഹിത്യം പഠിച്ചു. സോഷ്യൽ സയൻസിലാണ് ബിരുദാനന്തര ബിരുദം. ഇപ്പോൾ മദ്രാസ് സർവകലാശാലയിൽ അദ്ധ്യാപകനാണ്. കഴിഞ്ഞ ഇംഗ്ലണ്ട് യാത്രക്കിടെ ലണ്ടനിൽ വെച്ച് അദ്ദേഹത്തെ മെഹമൂദ് കണ്ടിരുന്നു. അവരൊന്നിച്ച് ഒരാഴ്ച താമസിച്ചു. ആരോഗ്യസ്വാമിക്ക് മലയാളം ഒരു മാതിരി അറിയാം. ക്രിസ്ത്യൻ കോളേജിൽ രണ്ടാം ഭാഷയായി അദ്ദേഹം മലയാളമാണ് പഠിച്ചത്.

"ഒരു കൗതുകത്തിനു വേണ്ടിയാണ് ഞാനന്ന് അങ്ങനെ ചെയ്തത്. പിന്നെ മലയാളത്തോട് എനിക്കു കുറച്ചൊക്കെ സ്നേഹം വന്നു. പഠിപ്പിക്കുന്ന യൂണിവേഴ്സിറ്റിയിലും മലയാളം ഡിപ്പാർട്ടുമെന്റുണ്ട്. അവിടത്തെ അധ്യാപകർ എന്റെ ഭാഷയെ മെച്ചപ്പെടുത്തി’, ആരോഗ്യസ്വാമി പറഞ്ഞു.

വെസ്റ്റ് മിൻസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫെല്ലോഷിപ്പ് കിട്ടിയിട്ടാണ് സ്വാമി ലണ്ടനിൽ വന്നത്. ദക്ഷിണേന്ത്യയിലെ ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ടാണ് ഗവേഷണം. ബ്രിട്ടീഷ് ലൈബ്രറിയിൽ ഇന്ത്യയുമായി ബന്ധപ്പെട്ട ഒരുപാട് രേഖകൾ ഉണ്ട്. ഹോസ്റ്റലിൽ മുറി ലഭിക്കാത്തതു കൊണ്ട് അയാൾ പല സ്ഥലത്തായി മാറി താമസിക്കുകയായിരുന്നു. മെഹമൂദ് കാണുമ്പോൾ ഈസ്റ്റ് ഹാമിലെ ഇമ്മാനുവൽ തമിഴ് ക്രിസ്ത്യൻ ചർച്ചിലെ ഒരു പുരോഹിതന്റെ അതിഥിയാണ്.

അവിടെ വെച്ചാണ് ദിമിത്രിയുടെ നാട്ടുകാരൻ കെ. എന്ന എഴുത്തുകാരനെക്കുറിച്ച് ആരോഗ്യസ്വാമി മെഹമൂദിനോട് പറയുന്നത്. സ്വാമിക്ക് അദ്ദേഹത്തെ പരിചയമുണ്ട്.
"ഞാൻ അദ്ദേഹത്തിന്റെ ചില കഥകൾ തമിഴിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.'

ലണ്ടനിൽ താമസിക്കുന്നതിനുള്ള ഇടം തേടി നടക്കുമ്പോഴാണ് ആരോഗ്യസ്വാമി മെഹമൂദിന് അവലംബമാകുന്നത്. മെല്ലെ മെല്ലെ തണുപ്പു കൂടി വരികയായിരുന്നു. ചൂടുകിട്ടാൻ സൗകര്യമുള്ള ഒരു പാർപ്പിടം വേണം. അന്ന് സ്വാമി ഫിറ്റ്സ്ട്രോയി സ്ക്വയറിലെ ഇന്ത്യൻ വൈ.എം.സി.എ.യിൽ താമസിക്കുകയായിരുന്നു. അതൊരു കുടുസ്സുമുറിയാണ്. നാലുപേർക്കുള്ള ഡോർമെറ്ററി. മറ്റൊരാളെ താമസിപ്പിക്കാൻ അനുവാദം ഉണ്ടായിരുന്നില്ല. പുതിയൊരു ബെഡ്സ്പേസ് എടുക്കുകയാണെങ്കിൽ വലിയ പണച്ചിലവായിരുന്നു. അതുകൊണ്ട് സ്വാമി വൈ.എം.സി.എ. ഉപേക്ഷിച്ച് മെഹമൂദിനെയും കൂട്ടി ഈസ്റ്റ് ഹാമിലേക്കു പോയി. അവിടെ നാട്ടുകാരനായ ഫാദർ വിൽസന്റെ ക്വാർട്ടേഴ്സിൽ സൗകര്യമുണ്ട്.

എഡിൻബർഗ്ഗിലെ തന്റെ ആതിഥേയരിൽ നിന്ന് എത്രയും വേഗം രക്ഷപെടണമെന്ന് മെഹമൂദ് ആഗ്രഹിച്ചു. എല്ലാദിവസവും പലവീടുകളിലായി പൂജയും ഹോമവും പ്രസാദവിതരണവും ആയിരുന്നു. ഫ്ലാറ്റിലെ മുറികളിൽ ഹോമം. അവിടെ കൂടിയിരുന്നവർക്ക് നാരായണഗുരു ആയിരക്കണക്കിന് ഹിന്ദുദൈവങ്ങളിൽ ഒന്നുമാത്രമായിരുന്നു. ആത്മോപദേശശതകവും വേണ്ട, പ്രഭാഷണവും വേണ്ട. പൂജയും പാദനമസ്ക്കാരവും ദക്ഷിണയും മതി. തലയിൽ കൈവെച്ചുള്ള അനുഗ്രഹങ്ങളും.

അയർലണ്ടിലേക്കാണ് മെഹമൂദ് അവിടെന്ന് പോയത്. അവിടെ അദ്ദേഹത്തിന് കുറച്ച് മലയാളി സുഹൃത്തുക്കളെ കിട്ടി. എല്ലാവരും തൊഴിൽരഹിതരായ പുരുഷന്മാണ്. ഭാര്യമാരുടെ വരുമാനത്തെ ആശ്രയിച്ചു ജീവിക്കുന്നവർ. ചോദിച്ചാൽ ബിസിനസ് ആണെന്നു പറയും. ഓഫ് സീസൺ ആയതുകൊണ്ട് കുറഞ്ഞ നിരക്കിൽ ഭേദപ്പെട്ട ഒരിടം താമസിക്കാനും കിട്ടി. കാലത്ത് കിട്ടുന്ന സമൃദ്ധമായ കോംപ്ലിമെന്ററി ബ്രേക്ക്ഫാസ്റ്റു കൊണ്ട് ഒരു ദിവസം തള്ളി നീക്കാം. പിന്നെ നടക്കുക തന്നെയായിരുന്നു. ഡബ്ലിൻ ബേയുടെ തീരത്തും ബ്ലാക്ക് റോക്കിലും രാപകൽ നടന്നു. നോർത്ത് അത്ലാന്റിക്കിന്റെ വേലിയേറ്റവും വേലിയിറക്കവും കണ്ട് കടൽ തീരത്തെ ബഞ്ചിൽ ഇരുന്നു.

ലണ്ടനിൽ എത്തിയപ്പോഴാണ് അയാൾ ശരിക്കും വലഞ്ഞത്. എല്ലാത്തിനും തൊട്ടാൽ പൊള്ളുന്ന വിലയാണ്. ഒരുനേരം ഭക്ഷണം കഴിക്കണമെങ്കിൽ എട്ടോ പത്തോ പൗണ്ട് വേണ്ടിയിരുന്നു. ഏതാണ്ട് ആയിരം രൂപ. മെഹമൂദിന്റെ പക്കൽ അപ്പോൾ എഡിൻബർഗ്ഗിലെ ആതിഥേയർ കൊടുത്ത ഇരുന്നൂറ്റമ്പതു പൗണ്ടും ഇന്ത്യയിലേക്കുള്ള ഒരു വിമാനട്ടിക്കറ്റുമാണുണ്ടായിരുന്നത്.

"തപ്പ് ഉങ്ക കയ്യില ഇരുക്ക് മെഹമൂദ്.'
ഈസ്റ്റ്ഹാമിലെ പള്ളിക്വാർട്ടേഴ്സിൽ ഇരിക്കുമ്പോൾ ഫാദർ വിൽസൺ പറഞ്ഞു:
"നിങ്ങൾ സന്യാസിയുടെ വേഷം ധരിക്കേണ്ടതുണ്ടായിരുന്നു. അല്ലെങ്കിൽ ഇതുപോലെ ഒരു ളോഹയും കുരിശും. കാവിവസ്ത്രം ധരിച്ച് നിങ്ങൾ പിക്കാഡെല്ലി സർക്കസ്സിലെ ഒരു സ്ട്രീറ്റ് ബഞ്ചിൽ ചെന്നിരുന്നു നോക്കൂ. നിങ്ങളെ വിളിച്ചു കൊണ്ടുപോയി ഭക്ഷണം തരാൻ നൂറ് ആളുകൾ ഉണ്ടാകും. ആ വേഷത്തിൽ ഏതു വാതിലും നിങ്ങളുടെ മുന്നിൽ തുറക്കും.'

മെഹമൂദ് പറഞ്ഞു: "സന്യാസിമാർക്ക് പറഞ്ഞിട്ടുള്ളത് ഭിക്ഷയാണ്. ഭിക്ഷാടനം ആരംഭിച്ചാലോ എന്ന് ഞാൻ ആലോചിച്ചതാണ്. തുല്യദുഃഖിതരെ തെരുവോരത്തും ട്യൂബ് സ്റ്റേഷന്റെ മുന്നിലും ഞാൻ കാണുന്നുണ്ടായിരുന്നു. തന്റെ ദൈന്യാവസ്ഥയെക്കുറിച്ച് എഴുതിയ കട്ടിക്കടലാസ് മുന്നിൽ വെച്ച് തൊപ്പി കൊണ്ട് മുഖം മറച്ച് നിശ്ശബ്ദരായി അവർ ഇരിക്കുന്നു. മുന്നിൽ വെച്ച പാത്രത്തിൽ വല്ലപ്പോഴുമെങ്കിലും സെന്റെ പൗണ്ടുമൊക്കെ വീഴുന്നുണ്ട്. പക്ഷേ അവരൊക്കെ നല്ല വെളുത്ത തൊലിയുള്ളവരായിരുന്നു. ആകെ മുഷിഞ്ഞവരെങ്കിലും യൂറോപ്യർ. തവിട്ടുനിറമുള്ള ഒരു ഇന്ത്യക്കാരൻ അങ്ങനെ ചെന്നിരുന്നാൽ എന്താവും പ്രത്യാഘാതം എന്ന് അറിയില്ലല്ലോ. സ്വന്തം രാജ്യത്തിനുണ്ടാവുന്ന അപമാനത്തേക്കുറിച്ചും ഓർത്തു.'

ഇമ്മാനുവേൽ തമിഴ് ക്രിസ്ത്യൻ ചർച്ച് ഒരു പള്ളി എന്നു പറയാൻ മാത്രം ഒന്നുമില്ല. വിക്ടോറിയൻ ശൈലിയിൽ പണിത ഒരു പഴയ കെട്ടിടസമുച്ചയത്തിലെ ചെറിയ വാടകമുറി മാത്രമാണ്. പക്ഷേ അവിടെ നിത്യേന പ്രാർത്ഥനകൾ നടക്കുന്നുണ്ട്. ഭേദപ്പെട്ട ഒരു തമിഴ് സമൂഹം പരിസരത്തുണ്ട്. അധികവും ശ്രീലങ്കയിൽ നിന്നുള്ളവരാണ്. തമിഴിലും ഇംഗ്ലീഷിലും പ്രാർത്ഥനകൾ നടക്കുന്നു. കൂടാതെ കുട്ടികൾക്കു സൺഡേ ക്ലാസുകൾ, അമ്മമാരുടെ സംഘം എന്നിവയും.

ആരോ ഒരാൾ പ്രാർത്ഥിക്കുന്നുണ്ട്. തമിഴിലേക്ക് വിവർത്തനം ചെയ്യുമ്പോൾ ക്രിസ്തു കൂടുതൽ സൗമ്യനാകുന്നതായി മെഹമൂദിനു തോന്നി.
"പരമണ്ടലങ്കളിലിരിക്കിറ എങ്കൾ പിതാവേ.....
ഉമ്മുടൈയ നാമം
പരിശുത്തപ്പടുവതാക.
ഉമ്മുടൈയ രാജ്ജിയം വരുവതാക.
ഉമ്മുടൈയ സിത്തം പരമണ്ടലത്തിലേ
സെയ്യപ്പടുകിറതു പോല
പൂമിയിലേയും സെയ്യപ്പെടുവതാക...'

"ഇങ്കേ ആരാതനൈക്കാന വസതികൾ എതുവും ഇല്ല.'
ഫാദർ വിൽസൺ പറഞ്ഞു.

"തമിഴുമക്കൾക്ക് പ്രാർത്ഥിക്കാനായി ലണ്ടനിൽ ആദ്യം ആരംഭിച്ച ദേവാലയമാണത്. പക്ഷേ ഇതുവരെ സ്വന്തമായി ഒരു ആസ്ഥാനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ഒരു പള്ളി വാങ്ങാനുള്ള ശ്രമത്തിലാണ്. ഇവിടെ അടുത്തു തന്നെ ഒന്ന് സൗകര്യപ്പെട്ടു കിട്ടിയിട്ടുണ്ട്. നല്ല പഴക്കമുള്ള പള്ളിയാണ്. ആംഗ്ലിക്കൻ സഭക്കാരുടെ ആയിരുന്നു. ഞങ്ങളുടെ എല്ലാ ചടങ്ങുകൾക്കുമുള്ള സൗകര്യമുണ്ട്. ബ്രിട്ടണിൽ ഇപ്പോൾ പള്ളികൾ ലേലം വിളിച്ച് വിൽക്കുകയാണല്ലോ. ചിലത് മ്യൂസിയമായി മാറുന്നു. ചിലയിടത്ത് ആഴ്ചച്ചന്തകൾ നടക്കുന്നുണ്ട്. ചർച്ച് ബാർ എന്നൊരു സംഗതിയുണ്ട്. വലിയ ആകർഷണമാണത്രെ അവിടേക്ക്. ഒരു പക്ഷേ ഇരട്ടി ലഹരി കിട്ടുന്നുണ്ടാവും.' വിൽസൺ ചിരിച്ചു.

മെഹമൂദ്‌ പറഞ്ഞു.
"ആരാധനാലയങ്ങൾ വ്യാപാരസ്ഥാപനങ്ങളോ സ്കൂളുകളോ ആക്കി മാറ്റുന്നതിൽ തെറ്റില്ലെന്ന് നാരായണഗുരു പറഞ്ഞിട്ടുണ്ട്. അദ്ദേഹം നൂറുകണക്കിന്നു ക്ഷേത്രങ്ങൾ സ്ഥാപിച്ചയാളാണ്. അന്നത്തെ അടിമകൾക്കു വേണ്ടി അവ നിർമ്മിക്കുന്ന കാലത്തു തന്നെ അദ്ദേഹം പറഞ്ഞു. മനുഷ്യന് ക്ഷേത്രങ്ങൾ ആവശ്യമില്ലാത്ത ഒരു കാലം വരും. അന്ന് ഇപ്പോൾ പണിയുന്ന കെട്ടിടങ്ങൾ കച്ചവടത്തിനോ, ചികിത്സക്കോ പഠിപ്പിനോ വേണ്ടിയുള്ള ആലയങ്ങളായി മാറ്റേണ്ടി വരും.'

വൈകീട്ട് പള്ളിയിലെ ചടങ്ങുകൾ തീർന്നശേഷം ഫാദർ വിൻസന്റിനൊപ്പം ആരോഗ്യസ്വാമിയും മെഹമൂദും ഹൈസ്ട്രീറ്റിലൂടെ നടന്നു. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നു വന്ന മനുഷ്യർ താവളമുറപ്പിച്ച പ്രദേശങ്ങളാണ്. തെക്കേ ഏഷ്യയിൽ നിന്നും വിശേഷിച്ച് ഇന്ത്യയിൽ നിന്നും നിരവധി പേരുണ്ട്. മുഖം സാരികൊണ്ട് മറച്ച ഹിന്ദുസ്ത്രീകൾ. തൊപ്പി ധരിച്ച് വട്ടത്താടി വെച്ച മുസ്ലീം കാരണവന്മാർ. നേപ്പാളികൾ, ചൈനക്കാർ. ഇന്ത്യൻ ഭക്ഷണശാലകൾ ധാരാളം കണ്ടു. ഹലാൽ മാംസം വിൽക്കുന്നതായി വെളിപ്പെടുത്തുന്ന കടകൾ. തമിഴിൽ എഴുതി വെച്ച ബോർഡുകൾ ചൂണ്ടി ആരോഗ്യസ്വാമി പറഞ്ഞു.

"എവിടേക്കു പോകുമ്പോഴും മനുഷ്യൻ അവന്റെ സംസ്കാരത്തേയും ഭാഷയേയും കൂട്ടുന്നുണ്ട്.'

"ഞങ്ങൾ മലയാളികൾ ഭാഷയെ കൂടെ കൂട്ടുക പതിവില്ല. ജാതിയെയാണ് ഞങ്ങൾ ട്രാവൽ ബാഗിൽ കുത്തിനിറച്ച് കൊണ്ടുവരുന്നത്.' മെഹമൂദ് പറഞ്ഞു.

ആരോഗ്യസ്വാമി പൊട്ടിച്ചിരിച്ചു. ഉഷാറോടെ അദ്ദേഹം സംസാരിക്കാൻ തുടങ്ങി.
"കേരളത്തിലും തമിഴ്നാട്ടിലും ഇന്നു കാണുന്ന ചില ജാതിരീതികളെപ്പറ്റി അന്വേഷിക്കുമ്പോൾ വലിയ അത്ഭുതമാണ് തോന്നുന്നത്. രണ്ടിടത്തും വലിയമട്ടിലുള്ള ജാതിവിരുദ്ധ പ്രക്ഷോഭങ്ങൾ നടന്നിട്ടുണ്ട്. പക്ഷേ എന്തായിരുന്നു അവയുടെ അനന്തര ഫലം? ജാതി അടിമത്തത്തിൽ നിന്നു രക്ഷപ്പെട്ട പിന്നാക്കക്കാർ ഇന്ന് ദളിതുകളെ പുറത്ത് നിറുത്തുന്നു. ചരിത്രത്തിലേക്കു നോക്കിയാൽ ഒരു ഘട്ടത്തിൽ ആരംഭിച്ച ജാതിവിരുദ്ധസമരം മറ്റൊരു ഘട്ടത്തിൽ നിശ്ചലമാകുന്നത് നമുക്കു കാണാം. കേരളത്തിലെ എല്ലാ സമുദായങ്ങളും സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. അതതു ജാതികളിലെ വിദ്യാസമ്പന്നരും ധനപ്രമാണിമാരുമാണ് നേതൃത്തത്തിൽ ഉണ്ടായിരുന്നത്. സവർണ്ണസമൂഹങ്ങളിൽ സമരം അന്തർസംഘർഷമായിട്ടായിരുന്നു. നായർ തൊട്ടു താഴെയുള്ളവർ ജാതിക്കെതിരെ പ്രത്യക്ഷസമരത്തിൽ വന്നു. മലയാളി മെമ്മോറിയലിൽ ബ്രാഹ്മണർ ഒഴികെ എല്ലാവരുമുണ്ടല്ലോ. പിന്നെ ഈഴവ മെമ്മോറിയൽ. വൈക്കത്തെയും ഗുരുവായൂരിലയും സത്യഗ്രഹങ്ങൾ. നിവർത്തനപ്രക്ഷോഭം. ക്ഷേത്രപ്രവേശം. അതോടെ സമരങ്ങൾ അവസാനിക്കുന്നു. താഴെത്തട്ടിലെ കൂലിപ്പണിക്കാർ അവരുടെ ജീവിതത്തിനു വേണ്ടി അണിനിരന്ന സമയത്ത് മുന്നിൽ നേതാക്കളെ കാണാനില്ല. അവരെ പിന്നെ കാണുന്നത് രാജകൊട്ടാരത്തിലേയും ദിവാൻ ബംഗ്ലാവിലെയും സൽക്കാരങ്ങളിലാണ്. സമുദായത്തിലെ ദരിദ്രരുടേയും തൊട്ടു താഴെയുള്ള ദളിത് ആദിവാസികളുടേയും അടിമത്തം ഒരു പ്രശ്നമായി അവർക്ക് തോന്നിയില്ല.'

"തമിഴുനാട്ടിലും ഏതാണ്ട് അതു തന്നെയാണ് സംഭവിച്ചത്. മോചിക്കപ്പെട്ട് ദ്രാവിഡരാഷ്ട്രീയത്തിലൂടെ കരുത്തു നേടിയ പിന്നാക്കസമുദായങ്ങൾ ഇന്ന് ദളിതരെ വേട്ടയാടുകയാണ്. കേരളത്തിൽ നായർ, ഈഴവ സമുദായങ്ങളിൽ നിന്നും ദളിതർക്ക് നേരെ പ്രത്യക്ഷമായ ആക്രമണം നടക്കുന്നില്ലായിരിക്കാം. ജാതിമേധാവിത്തം സാംസ്കാരിക മേധാവിത്തമായിട്ടാണ് അവിടെ പ്രവർത്തിക്കുന്നത്. സംസ്കാരത്തിൽ ജാതിമേധാവിത്തം കലർന്നു കിടക്കുന്നു എന്നതാണ് കേരളം അനുഭവിക്കുന്ന പ്രശ്നം.'

"പക്ഷേ ഞങ്ങളുടെ തമിഴ്നാട്ടിൽ എല്ലാം പ്രത്യക്ഷമാണ്. എല്ലാം തുറന്ന് പ്രകടിപ്പിക്കുന്നവനാണ് തമിഴൻ. കരച്ചിലും ചിരിയും വഴക്കും സ്നേഹവുമെല്ലാം ഉറക്കെയും ഉച്ചത്തിലുമാണ്. വണ്ണിയാന്മാർ പിന്നാക്ക ജാതിയാണ്. തങ്ങളെ അതീവ പിന്നാക്ക ജാതിയാക്കണമെന്നു പറഞ്ഞ് അവർ പ്രക്ഷോഭം നടത്തുന്നു. ഒപ്പം അവർ ചക്കിലീയരെ ആക്രമിക്കുന്നു. ബ്രാഹ്മണമേധാവിത്തത്തിനൊപ്പം ഇപ്പോൾ പിന്നാക്ക ജാതിമേധാവിത്തവും ഉണ്ട്. ബ്രാഹ്മണരുടെ ആക്രമണം ദൂരത്തു നിന്നായിരുന്നു. പക്ഷേ വണ്ണിയാർമാരുടെ ആക്രമണം തൊട്ടടുത്തു നിന്നാണ്. ഒരേ ഗ്രാമത്തിൽ ഒന്നിച്ചു ജീവിച്ചിരുന്നവരാണ്. ഇന്ന് തമ്മിൽ കാണാതിരിക്കാൻ ഇടയിൽ ഉയരമുള്ള മതിൽ കെട്ടുന്നു. റോട്ടിൽ നിന്നും ചായക്കടയിൽ നിന്നും ബാർബർ ഷോപ്പിൽ നിന്നും ക്ഷേത്രത്തിൽ നിന്നും ദളിതരെ അവർ ആട്ടിയോടിക്കുന്നു. ജയിച്ചു ചെന്നാൽ പ്രസിഡണ്ടിന് പഞ്ചായത്ത് ആപ്പീസിൽ കസേര ഇല്ല.'

അവർ നടന്ന് ഹൈസ്ട്രീറ്റിൽ നിന്നും നോർമാൻ റോഡിലേക്ക് തിരിഞ്ഞു. വഴിയോരത്തായി കണ്ട പ്രാചീനമായ ഒരു പള്ളിയിലേക്ക് ഫാദർ വിൽസൺ അവരെ നയിച്ചു. സെയിന്റ് മഗ്ദലെന മേരിയുടെ നാമത്തിലുള്ള പള്ളിയാണത്. വിശാലമായ കോംപൗണ്ട്. ധാരാളം മരങ്ങൾ. അവക്കു താഴെ തണുപ്പും ഇരുട്ടും തേർവാഴ്ച നടത്തുന്നു. എല്ലായിടത്തും കൊഴിഞ്ഞ ഇലകൾ കൂടിക്കിടക്കുന്നു. പഴക്കമുള്ള ഒരു ചെറിയ കെട്ടിടമാണ് പള്ളി. അതിന്റെ ചുമരുകൾക്ക് പൂപ്പൽ പിടിച്ചിരുന്നു. വാതിൽ അടഞ്ഞുകിടക്കുകയാണ്.

"ഇവിടെ പ്രാർത്ഥന നടക്കുന്നുണ്ടോ?', മെഹമൂദ് ചോദിച്ചു.
"ഉണ്ടാവണം’, ഫാദർ വിൽസൺ പറഞ്ഞു: "ഞായറാഴ്ചകളിലും ബുധനാഴ്ചകളിലും പ്രാർത്ഥനയുണ്ടെന്ന് ബോർഡിൽ എഴുതി വെച്ചു കാണുന്നുണ്ട്. ഞാൻ ഇവിടെ ആരെയും കണ്ടിട്ടില്ല. ആരെങ്കിലുമൊക്കെ വരുന്നുണ്ടാവണം. എന്തായാലും ശ്മശാനം പ്രവർത്തിക്കുന്നുണ്ട്. അതെനിക്ക് അറിയാം.'

മെഹമൂദ് ശ്രദ്ധിച്ചു: വലിയ മരങ്ങൾക്ക് താഴെ കല്ലറകളും അടയാളക്കല്ലുകളും മരിച്ചവരെക്കുറിച്ചെഴുതിയ ഫലകങ്ങളും കണ്ടു. ഹൈഗേറ്റിൽ ഉള്ളപോലെ ചിന്നിച്ചിതറിയിട്ടല്ല. ഏതാണ്ടൊക്കെ അടുക്കും ചിട്ടയോടെയുമാണ്.

"പള്ളിയിൽ താൽപ്പര്യമില്ലെങ്കിലും യൂറോപ്യർക്ക് മതം ആവശ്യമുണ്ട്. മാമോദീസ മുങ്ങിയാലേ മനുഷ്യനാവൂ എന്ന് അവർ വിശ്വസിക്കുന്നു. വിവാഹത്തിനും മരണത്തിനും പള്ളിയുടെ ആവശ്യമുണ്ട്. സ്വർഗ്ഗവും നരകവുമൊന്നുമല്ല; കല്ലറയാണ് മരണാനന്തരവീട് എന്നു അവർ കരുതുന്നതു പോലെ തോന്നുന്നു. ഓർമ്മ ദിവസങ്ങളിൽ പൂക്കളും മെഴുകുതിരികളുമായി ബന്ധുക്കൾ അവിടെ വരുമെന്നും’, ഫാദർ വിൽസൺ പറഞ്ഞു.

"ഇവിടത്തെ ഒരു ആകർഷണമായി പറയുന്നത് പഴയ ടൈറ്റാനിക് കപ്പൽഛേദത്തിൽ മരിച്ച ചിലരുടെ ശരീരങ്ങൾ സംസ്ക്കരിക്കപ്പെട്ടിട്ടുണ്ട് എന്നാണ്. ഞാൻ അതു കണ്ടിട്ടില്ല. ഒന്നാമത് ഫലകത്തിലെ അക്ഷരങ്ങൾ വായിക്കാൻ എന്റെ പഴയ കണ്ണുകൾക്ക് ശക്തി പോരാ.'

ഫാദർ തുടർന്നു: "നാട്ടിൽ വെച്ച് അട്ടായംപട്ടി മഗ്ദലിന മേരി ചർച്ചിൽ ഞാൻ കുറേ കാലം പ്രവർത്തിയെടുത്തിരുന്നു. സേലത്തിന് അടുത്താണത്. എന്റെ വൈദീകജീവിതത്തിൽ ഏറ്റവുമേറെ ദൈവസാന്നിദ്ധ്യമനുഭവിച്ച കാലമാണത്. യേശുവിൽ നിന്ന് നേരിട്ട് നിഗൂഡമായ സവിശേഷ ജ്ഞാനം ലഭിച്ചവളാണ് ഈ മേരി. പുനരുത്ഥാനത്തിനു ശേഷം യേശു ആദ്യം വെളിപ്പെട്ടത് അവൾക്കാണ്. ആ ദുഃഖവെള്ളിയാഴ്ച ദിവസം ഉച്ചകഴിഞ്ഞ് പരിശുദ്ധ മാതാവിനോടൊപ്പം മണിക്കൂറുകളോളം അവൾ യേശുവിനെ തറച്ച കുരിശിന്റെ ചുവട്ടിൽ തന്നെ നിന്നിരുന്നു. ഉത്ഥാനദിവസം രാവിലെ മറ്റു സ്തീകൾക്കൊപ്പം അവൾ കല്ലറയിലേക്കു പോയി. കല്ലറക്കു സമീപം പൂന്തോട്ടത്തിൽ വെച്ച് യേശു അവളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഉയിർത്തെഴുന്നേൽപ്പിന്റെ വിവരം അപ്പോസ്തലന്മാരെ ആദ്യം അറിയിച്ചത് അവളാണ്.'

"പക്ഷേ പിന്നീട് ആത്മീയ പ്രതിനിധിയായല്ല കാൽപ്പനിക പ്രതിനിധിയായിട്ടാണ് ലോകം അവളെ ഉൾക്കൊണ്ടത്.' ആരോഗ്യസ്വാമി പറഞ്ഞു.

"പുരുഷൻ നിർമ്മിച്ച ലോകവും കാഴ്ചയുമാണല്ലോ. മാംസശരീരമുള്ള സ്ത്രീക്ക് ആത്മീയതയേക്കാൾ ചേരുക കാൽപ്പനിക ലോകമാണെന്ന് അവർ കരുതിക്കാണും. യേശുവും മേരിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിരവധി കാവ്യങ്ങളും ആഖ്യായികകളും ഉണ്ടായിട്ടുണ്ട്. എഴുത്തുകാരുടെ ഭാവനക്ക് പരിധിയില്ല. മലയാളത്തിൽ മഹാകവി വള്ളത്തോൾ നാരായണമേനോൻ "മഗ്ദലനമറിയം' എന്ന ഖണ്ഡകാവ്യം എഴുതിയിട്ടുണ്ടല്ലോ. 'താഴത്തേക്കെന്തിത്ര സൂക്ഷിച്ചു നോക്കുന്നു താരകളേ, നിങ്ങൾ നിശ്ചലരായ്?'

ആ സമയത്താണ് ആരോഗ്യസ്വാമി കെ. എന്ന എഴുത്തുകാരനെക്കുറിച്ച് മെഹമൂദിനോട് പറയുന്നത്.

"കെ. എന്ന എഴുത്തുകാരൻ എഴുതിയ "ഞായറാഴ്ച' എന്ന കഥ എനിക്ക് ഓർമ്മ വരുന്നു. തീരെ ചെറിയ കഥയാണ്. യേശുവാണ് കഥാപാത്രം. ഞാൻ അത് തമിഴിലേക്ക് വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കാലത്ത് ഞങ്ങൾ തമ്മിൽ ചില കത്തിടപാടുകൾ ഉണ്ടായിരുന്നു. അദ്ദേഹം ചെന്നൈയിൽ വന്നപ്പാൾ നേരിൽ കണ്ടു സംസാരിച്ചു. സാഹിത്യത്തെക്കുറിച്ചല്ല; രാഷ്ട്രീയത്തെക്കുറിച്ച് കേൾക്കാനും പറയാനുമായിരുന്നു അദ്ദേഹത്തിന് അപ്പോൾ താൽപ്പര്യം. മധുരയിലും മറ്റും നടക്കുന്ന ജാതിവിരുദ്ധ സമരങ്ങൾ കമ്യൂണിസ്റ്റ് കക്ഷിക്ക് നേട്ടമുണ്ടാക്കുമോ എന്ന് അദ്ദേഹം ചോദിച്ചു.

"ഞായറാഴ്ച' എന്ന കഥ ലിയോ ടോൾസ്റ്റായിയുടെ "ഉയിർത്തെഴുന്നേൽപ്പ്' എന്ന നോവലിനെ അവലംബിച്ച് എഴുതിയതാണ്. നോവലിൽ ജന്മികുമാരനാൽ വഞ്ചിക്കപ്പെട്ട് ഗർഭിണിയായ കഥാനായിക മാസ്ലോവ പിന്നീട് അപഥ സഞ്ചാരിണിയാവുന്നുണ്ടല്ലോ. കാലങ്ങൾക്കു ശേഷം കൊലക്കുറ്റം ചുമത്തപ്പെട്ട് വിചാരണക്കായി അവൾ ചെല്ലുമ്പോൾ പഴയ ജന്മികുമാരൻ ന്യായാധിപനാണ്. ജയിൽപ്പള്ളിയിലെ രംഗങ്ങളാണ് കെ.യുടെ കഥയിൽ. പള്ളിയിൽ നിന്നും ജയിലിലേക്ക് തന്നെ അനുഗമിച്ചെത്തിയ ക്രിസ്തുവിനെക്കണ്ട് അവൾ കണ്ണീർ വാർക്കുന്നു.'

"കഥയും മതവും തമ്മിൽ എന്നും കലഹത്തിനു മാത്രമേ വഴി കാണുന്നുള്ളു.'
ഫാദർ വിത്സൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

ആ സമയം പള്ളിവളപ്പിലെ മരങ്ങൾക്ക് കീഴിലെ കരിയിലകൾ കാറ്റിൽ പറന്നു. ചെറിയ മൂടൽമഞ്ഞിനിടയിലൂടെ മുറിവേറ്റ യേശു മേരിയുടെ തോളിൽ പിടിച്ച് നടന്നു വരുന്നത് മെഹമൂദ് കണ്ടു.

അൾത്താര മുറിയിലേക്കുള്ള അടച്ചിട്ട വാതിലുമുന്നിൽ ചെറിയ ഒരു ഇറയം ഉണ്ട്. അവിടേക്ക് ചൂണ്ടി മെഹമൂദ് ഫാദർ വിത്സനോട് ചോദിച്ചു. "അൽപ്പസമയം ഞാൻ അവിടെ ഇരുന്ന് പ്രാർത്ഥിച്ചോട്ടെ?'

"തീർച്ചയായും.'

പടികൾ കയറിച്ചെന്ന് മെഹമൂദ് മുട്ടുകുത്തി നിന്നു. അയാൾ മനസ്സിൽ പ്രാർത്ഥിച്ചു.
"കർത്താവെ, സംസാരമാകുന്ന ഈ സമുദ്രം താണ്ടാനുള്ള ആവിക്കപ്പലാകുന്നു ഞങ്ങൾക്ക് നീ. കപ്പിത്താനും നീ തന്നെ. ഞങ്ങളെ ഒരിക്കലും കൈവിടരുത്. അനന്തരം നിന്നിൽ ലയിക്കാൻ ഞങ്ങൾക്ക് സംഗതി വരേണമേ. ആഴിയും തിരയും കാറ്റും ആഴവും പോലെയാകുന്നു ഞങ്ങളും നീയും നിന്റെ മഹിമയും എന്നറിയുന്നു. അന്നവും വസ്ത്രവും മുട്ടാതെ തന്ന് നീ ഞങ്ങളെ രക്ഷിക്കുന്നുണ്ട്. നീ തന്നെയാകുന്നു സൃഷ്ടി. സൃഷ്ടിക്കുന്നവനും സൃഷ്ടിക്കപ്പെടുന്നതും. സൃഷ്ടിക്കുള്ള സാമഗ്രിയും നീ തന്നെ. മായയും മായാവിയും മായാലീലയും മായയെ മാറ്റി സത്യത്തെ വെളിപ്പെടുത്തുന്നവനും നീയാകുന്നു. നീ സത്യവും ജ്ഞാനവും ആനന്ദവുമാകുന്നു. ഭൂതവും ഭാവിയും വർത്തമാനവുമാകുന്നു. നീ തന്നെ വാക്ക്.

"അകത്തും പുറത്തും ഒരുപോലെ തിങ്ങി നിറഞ്ഞിരിക്കുന്ന മഹിമയുള്ള നിന്റെ പദത്തെ ഞങ്ങൾ പുകഴ്ത്തുന്നു. കാരുണ്യക്കടലായ അവിടന്നു ജയിക്കുക. നീയാകുന്ന വെളിച്ചത്തിന്റെ സമുദ്രത്തിൽ ഞങ്ങൾക്ക് ആണ്ടു മുങ്ങണം. അനശ്വരമായി അനന്തകാലം അവിടെ ജീവിക്കണം. പരമസുഖത്തോടെ. ആമേൻ.'

പാട്ടമാളിയിൽ തെനാദിയരുടെ ദൗത്യം ഒരുവിധം വിജയിച്ചു. കഴിയാവുന്ന സഹായം ചെയ്യാമെന്ന് തലൈവർ ദേവനായകം പറഞ്ഞു. താമസിയാതെ മലക്കറികളും ധാന്യപ്പൊടികളും പാൽ ഉല്പന്നങ്ങളും അടങ്ങിയ നാലു മിനിലോറികൾ കേരളത്തിലേക്ക് പുറപ്പെട്ടു. ▮

(തുടരും)


കാട്ടൂര്‍കടവ് നോവല്‍ മറ്റു ഭാഗങ്ങള്‍ വായിക്കൂ…


അശോകൻ ചരുവിൽ

കഥാകൃത്ത്, നോവലിസ്റ്റ്. സാംസ്​കാരിക പ്രവർത്തകൻ. 2018 മുതൽ പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി. സൂര്യകാന്തികളുടെ നഗരം, അശോകൻ ചരുവിലിന്റെ കഥകൾ, ആമസോൺ, ജലജീവിതം, മരിച്ചവരുടെ കടൽ, കങ്കാരുനൃത്തം, കാട്ടൂർ കടവ്​ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

Comments