ചിത്രീകരണം: ഇ. മീര

കാട്ടൂർക്കടവ് 2018

26: അന്തർദ്ധാനം

പ്രളയം കാട്ടൂർക്കടവിനെ അപ്പാടെ മുക്കിയെങ്കിലും ജീവാപായം ഒന്നും ഉണ്ടായില്ല. പലർക്കും പരിക്കുപറ്റി. ചിലർ മരണത്തെ മുഖാമുഖം കണ്ടു. എല്ലാവരും ജീവിതത്തിലേക്ക് തിരിച്ചു നീന്തിക്കയറി എന്നു പറയാം. പക്ഷേ ഒരാൾ അപ്രത്യക്ഷനായി. മദ്യപിച്ച് തന്റെ ഓർമ്മകളും വെളിപാടുകളും ഉറക്കെ വിളിച്ചു പറഞ്ഞു നടന്ന കൽക്കത്താ മാധവനാണത്. അദ്ദേഹത്തിന്റെ കരകരപ്പുള്ള ശബ്ദം ബോട്ടുകടവു മുതൽ പൈക്കണ്ണിക്കാവ് വരെയുള്ള ഗ്രാമപാതയിലെ നിത്യസാന്നിദ്ധ്യമായിരുന്നു. വോയ്സ് ഓഫ് കാട്ടൂർക്കടവ് എന്ന് ചില യുവാക്കൾ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു. വെള്ളമിറങ്ങിക്കഴിഞ്ഞുള്ള സാധാരണ ജീവിതത്തിൽ ആ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടു.

"എന്താ പറ്റീത് മ്മടെ കൽക്കത്തക്ക്?'

"മാധവേട്ടൻ പിന്നേം കൽക്കത്തക്കു പോയിറ്റുണ്ടാവും. അല്ലെങ്കില് മുംബെക്ക്. അവട്യൊക്കെ വെല്യ സർവ്വീസുണ്ടാർന്ന ആളല്ലേ? റൈറ്റേഴ്സില് കേറിച്ചെന്നട്ട് ബുദ്ധദേവിനെ വഴക്കു പറയാറുണ്ടാർന്നൂന്നാ കേട്ടേക്കണ്.'

"ആരുക്ക് നഷ്ടം? വൃന്ദാവൻസ്വാമിക്ക് തന്നെ. നാടു മുഴുവൻ നടന്ന് പിരിവെടുത്ത് ബാറില് കൊണ്ടോയി കൊടുക്കലല്ലർന്നൂ പണി.'

കൽക്കത്താ മാധവന്റെ രണ്ടാമത്തെ തിരോധാനമായിരുന്നു ഇത്. അമ്പതു വർഷങ്ങൾക്ക് മുമ്പ് കമ്യൂണിസ്റ്റ് പാർടിയുടെ പിളർപ്പും തൊട്ടുനടന്ന തെരഞ്ഞെടുപ്പും കഴിഞ്ഞപ്പോൾ അദ്ദേഹം രാത്രിക്കുരാത്രി നാടുവിട്ട സംഗതി നേരത്തേ സൂചിപ്പിച്ചിട്ടുള്ളതാണ്. ആ പലായനത്തിന്റെ കാലത്തുള്ളവർ ഇന്നു കാട്ടൂർക്കടവിൽ അപൂർവ്വമേ ഉള്ളൂ. പക്ഷേ തന്റെ ദേശാന്തരങ്ങളുടെ കഥകൾ മാധവൻ തന്നെ നിരത്തിൽ നിന്ന് പലവട്ടം പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ തലമുറ അതെല്ലാം കേട്ടിട്ടുമുണ്ട്.

"അറുപത്തഞ്ചിലെ തെരഞ്ഞെടുപ്പാണ്. അന്ന് തട്ടിൽക്കാരടെ വീട്ടിലാണ് റേഡിയോ ഒള്ളത്. അവടത്തെ കയ്യാലേൽ വെച്ച് വറുതിന്റെ മകൻ കുഞ്ഞുവറീത് റേഡിയോ ഓൺ ചെയ്തു. അവന് രാഷ്ട്രീയത്തില് ഇത്തിരി താൽപ്പര്യണ്ട്. പൊതുപ്രവർത്തനം ഒന്നൂല്യ. വെളിച്ചെണ്ണ ഹോൾസെയിൽ ഗുദാമില് പൊരിച്ചാക്കു ചാരി വെച്ച പോലെ അങ്ങനെ ഇരിക്കും. ന്നാ ഉള്ളില് കോൺഗ്രസ്സാണ്. ഇരിഞ്ഞാലക്കൊടേല് നുകംവെച്ച കാള ജയിച്ചൂന്നറിഞ്ഞപ്പൊ അവനിത്തിരി ആവേശം വന്നു.

"വാർത്തകള് പതുക്കെപ്പതുക്കെ വര്വാണ്. ഇമ്മടെ ഭാഗത്തെ സ്ഥാനാർത്ഥികള് അടപെടലം തോൽക്കണു. എടതരൊക്കെ അന്ന് ജയിലിലാണ്. എന്നാ അവടെക്കെടന്ന് അവര് കൊറേ പേര് ജയിച്ചു. അപ്പൊ രാത്രി പത്തുമണി ആയിട്ടുണ്ടാവും. കുഞ്ഞുവറിതിന്റെ കെട്ടിയവള് ഒരു അരിക്കിലാമ്പും കത്തിച്ചു വന്നു കയ്യാലേൽക്ക്. അവരു പറഞ്ഞു.
"ഇനി നാളെ കേക്കാം വിവരങ്ങള്. ഇപ്പ നേരം പാതിര്യായി. വന്നു കെടന്നാട്ടെ.'

"കുഞ്ഞുവറീത് റേഡിയോ പൂട്ടാൻ തൊടങ്ങീതാണ് അപ്പൊ ഒരു പുത്യേ വാർത്ത വന്നു. അമ്പലപ്പൊഴേല് സുഗതൻസാറു തോറ്റു. മൂന്നാം സ്ഥാനാണ്.'

"ഞാൻ അവടെന്നെറങ്ങി. അപ്പഴും പടക്കം പൊട്ടണുണ്ട്. കോൺഗ്രസ്സുകാരാടെ ഒരു പന്തംകൊളത്തി ജാഥ വന്നു. അവര് സന്തോഷം കൊണ്ട് സമനില തെറ്റി ആർത്തുവിളിച്ചു:
"ചാത്തൻ പൂട്ടാൻ പൊക്കോട്ടെ;
ഗൗരി ഞാറു പറിക്കട്ടെ.'

"ഞാൻ വീട്ടിൽ ചെന്നു. എല്ലാവരും കെടന്നൊറങ്ങ്വാണ്. പൊറത്തെ ചായ്പ്പിലാണ് മ്മടെ കെടപ്പുവട്ടം. ഇത്തിരിനേരം കെടന്നു നോക്കി. ഒറക്കം വരണില്ല. എണിറ്റിരുന്ന് കൊറേ നേരം ബീഡിവലിച്ചു. ഇതേതാ നാടുന്ന് ഞാൻ ആലോചിച്ചു. സുഗതൻ സാറ് തോറ്റ നാടിന്റെ പേര് കേരളംന്നാണോ? അവസാനത്തെ ബീഡീം കഴിഞ്ഞു. പിന്നെ രക്ഷേല്യ. ഒരു ഷർട്ടും മുണ്ടും സഞ്ചീല് വെച്ച് ഞാൻ പൊറത്തെറങ്ങി.

"പൊറത്തപ്പൊ നല്ല നിലാവെളിച്ചം കണ്ടു. അത് മകരമാസാണ്. കൊറേശ്ശെ മഞ്ഞുണ്ട്. ഞാൻ പട്ടന്റെ കുന്നുകയറി. അന്ന് അപ്പടി മരങ്ങളുണ്ട് കുന്നത്ത്. നാട്ടുമാവുകളാണ്. ഒന്നു തിരിഞ്ഞു നോക്കി ലാവെളിച്ചത്തില് കാട്ടൂക്കടവ് മുഴ്വേനും കാണാം. പൊഴ, കനാല്, പാടം. കുന്നെറങ്ങി ചെറവരമ്പത്തുകൂടെ നടന്നു. ഏതാണ്ട് പെലച്ച്യായി കണിമംഗലം ഗേറ്റു കടന്നപ്പൊ. സ്റ്റേഷനില് ചെന്നട്ട് ഒരു കാലിച്ചായ കുടിച്ചു.

"പത്രങ്ങള് നെരത്തിവെച്ചട്ടുണ്ട്. ഞാൻ ഒന്നു നോക്കി. വെണ്ടക്ക തലക്കെട്ട്: "ആർക്കും ഭൂരിപക്ഷമില്ല: ഇടതർ ഒന്നാം കക്ഷി; വലതു പാർടി തകർന്നടിഞ്ഞു.'

"ആദ്യം വന്ന വണ്ടീല് കേറി. ടിക്കറ്റൊന്നും ഇല്ല. അതിന്റെ കാര്യം തന്നെ നമ്മള് ആലോചിച്ചില്ല. എവെടെക്ക്യാ ഈ വണ്ടി പോണുന്നും നമ്മക്ക് നിശ്ചയല്യ. എവടക്കേങ്കിലും പോട്ടെ. എന്തായാലും ഭൂമി വിട്ട് പരലോകത്തിക്കൊന്നും പൂവ്വില്ലല്ലോ. വണ്ടി ചെന്നു നിക്കണ സ്ഥലത്ത് മണ്ണും മനുഷ്യനും ണ്ടാവും. അതുമതി. പിറ്റേദിവസം നേരം വെളുത്തപ്പൊ വീടും കുടീം ഒന്നൂല്യത്ത ഒരു കൽമരുഭൂമീക്കൂടെ വണ്ടി പൂവ്വാണ്. അപ്പൊ അടുത്തിരിക്കണ ആളോട് ഞാൻ ചോദിച്ചു: ഈ വണ്ടി എവടെക്കാ പോണേ? അയാള് എന്നെ തറച്ചുനോക്കി. ന്നട്ട് ചോദിച്ചു: "തനിക്ക് എവെടെക്ക്യാ പോണ്ടത്?'
ഞാൻ പറഞ്ഞു: "അങ്ങന്യൊന്നൂല്യാ.'
അപ്പൊ അയാള് പറഞ്ഞു: "ഈ വണ്ടി ദാദറ് വരെ പൂവ്വും. അതിനെടക്ക് ഞാൻ കല്യാണില് എറങ്ങും. താൻ എന്റെ കൂടെ എറങ്ങീക്കോ."ഞാൻ എറങ്ങി.'

വെള്ളം ഇറങ്ങിത്തുടങ്ങിയപ്പോൾ പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മാധവനു വേണ്ടി വ്യാപകമായ തിരച്ചിൽ നടത്തി. മുങ്ങൽ വിദഗ്ദർ വന്നിരുന്നു. മാധവൻ താമസിച്ചിരുന്ന വീട് വെള്ളംമുങ്ങി പാടെ തകർന്നിരുന്നു. അതിന്റെ അവശിഷ്ടങ്ങൾ നീക്കി നോക്കി.

"അടിയൊഴുക്കില് പെട്ടട്ടുണ്ടാവും. ഇനീപ്പൊ സംഗതി ഇണ്ടെങ്കില് ചാത്രാപ്പില് കാണും.'

തണ്ണിച്ചിറപ്പാടത്തെ ഏറ്റവും ആഴമേറിയ ജലാശയമാണ് ചാത്രാപ്പ്. അതിനകത്തു ചെന്നുപെട്ടാൽ മനുഷ്യശരീരം കണ്ടെടുക്കുക സാധ്യമല്ല. അടിയിൽ അന്ന് അത്രക്കും ആഴത്തിൽ ചേറുണ്ട്.

"അന്തർദ്ധാനം ചെയ്തട്ടുണ്ടാവും. പണ്ട് നമ്മടെ ചക്രംവാര്യര് ചെയ്ത മാതിരി. ഒന്നുകില് ആകാശത്തിക്ക്. അല്ലെങ്കില് ഭൂമീലിക്ക്. മാധവന് അതിനൊള്ള സിദ്ധിവിശേഷങ്ങളുണ്ട്.'

കൽക്കത്താ മാധവന്റെ സമകാലികനായ ചെമ്മാണിയോട് ശങ്കരൻ പറഞ്ഞു.
"ചക്രപാണിവാര്യര് ആകാശത്തിക്കാണ് പോയത് ഒരു കട്ടപ്പൊകയായിട്ട്. കണ്ടോരുണ്ട്.'

അന്തർദ്ധാനങ്ങളും തിരോധാനങ്ങളും കാട്ടൂർക്കടവിന് പുതിയ സംഗതികൾ അല്ല. തന്റെ ദേശയാത്രകൾക്കിടക്ക് മന്ത്രവാദിയും കമ്യൂണിസ്റ്റുമായ കണ്ടൻകുട്ടിയാശാൻ പെടുന്നനെ മാഞ്ഞു മറയുന്നത് കണ്ടവരുണ്ട്. ഒളിവിലുള്ള പല കമ്യൂണിസ്റ്റ് നേതാക്കളേയും അദ്ദേഹം അദൃശ്യരാക്കി പോലീസിൽ നിന്നു രക്ഷിച്ചതായാണ് ചരിത്രം. അന്ന് കല്ലടതുരുത്തിൽ വടക്കൂട്ട് ഉണ്ണി എന്ന എക്സ് മിലിട്ടറിയുടെ വീടായിരുന്നു പ്രധാന ഷെൽട്ടർ. സി.അച്ചുതമേനോൻ, ഇ.ഗോപാലകൃഷ്ണമേനോൻ, പി.ഗംഗാധരൻ, പി.എസ്.നമ്പൂതിരി തുടങ്ങിയവരുടെ താവളമായിരുന്നു അത്. ചാലക്കുടി പരിയാരത്ത് വെച്ച് ശങ്കുണ്ണി എന്ന പോലീസ് ഇൻസ്പെക്ടർ കൊല്ലപ്പെട്ട കേസിലെ പ്രതികളും അവിടെ ഉണ്ടായിരുന്നു. വിവരമറിഞ്ഞ് പോലീസ് പാഞ്ഞെത്തുമ്പോൾ ഒരാളെയും കാണാൻ കഴിഞ്ഞിരുന്നില്ല. ഒടിവിദ്യയാണ് ആ അപ്രത്യക്ഷങ്ങളുടെ പിന്നിൽ എന്നു പോലീസ് കണ്ടെത്തി. അന്ന് തണ്ണിച്ചിറപ്പാടത്ത് മേഞ്ഞു നടന്നിരുന്ന കന്നുകാലികളെ പോലീസ് പ്രത്യേകം നിരീക്ഷിച്ചിരുന്നു. ഒരു പോത്തിനേയും രണ്ടു പശുക്കളേയും അവർ പാടത്തു വെച്ചു തന്നെ തല്ലിക്കൊന്നു.

അതെല്ലാം ഏതാണ്ട് 1948-50 കാലത്താണ്. എന്നാൽ ചെറുവത്തേരി ചക്രപാണി വാര്യരുടെ അന്തർദ്ധാനം വളരെ പിന്നീടാണ് ഉണ്ടായത്. എന്നുവെച്ചാൽ എൺപതുകളുടെ ആദ്യപകുതിയിൽ. അക്കാലമായപ്പോഴേക്കും വാര്യർ തന്റെ സമരനിർഭരമായ രാഷ്ട്രീയ ജീവിതവും അതിന്റെ ഭാഗമായ ദേശാന്തരവും കഴിഞ്ഞു വന്ന് പുഴക്കരയിലെ വാരിയത്ത് താമസമാക്കിയിരുന്നു. ഏതാണ്ട് തൊണ്ണൂറിനടുത്ത വയസ്സുണ്ടായിരുന്നു അന്ന്. ഏകാന്ത ജീവിതമായിരുന്നു. സമൂഹവുമായുള്ള ബന്ധം പാടെ ഉപേക്ഷിച്ചു. പുറത്തിറങ്ങാനോ ആരെയെങ്കിലും കാണാനോ കൂട്ടാക്കിയില്ല. കരുവന്നൂർ പുഴയിലെ ആഴങ്ങളിൽ നിന്ന് മുങ്ങി മണ്ണെടുക്കുന്ന തൊഴിലാളികൾക്കു മാത്രമാണ് അദ്ദേഹത്തെ ചിലപ്പോഴെങ്കിലും കാണാൻ കഴിഞ്ഞിരുന്നത്. ചെറുവത്തേരിക്കടവിൽ രണ്ടുനേരവും അദ്ദേഹം മുങ്ങിക്കുളിച്ചിരുന്നു. നരച്ച താടിയും മുടിയും വളർന്ന് അദ്ദേഹം ഒരു സന്യാസിയുടെ രൂപത്തിലായിരുന്നുവെന്നാണ് തൊഴിലാളികൾ പറയുന്നത്.

ദിമിത്രിയുടെ അച്ഛനും അമ്മയും തമ്മിലുള്ള വിവാഹത്തിന് മുന്നിൽനിന്ന ചക്രപാണിവാര്യരെ നമ്മൾ കണ്ടതാണല്ലോ. കാട്ടൂർക്കടവ് റിക്കാർഡ് കച്ചേരിയിൽ ആ വിവാഹത്തിന് അദ്ദേഹം സാക്ഷിയായിരുന്നു. ബോട്ടുകടവിലെ പാർട്ടി ആപ്പീസിൽ വെച്ച് ദമ്പതികൾ പരസ്പരം മാലയിട്ടു. ചെറിയൊരു തേയിലസൽക്കാരം ഉണ്ടായിരുന്നു.

"ചക്രപാണി കെട്ടീതാണോ ഈ മാല?'
കല്യാണം കൂടാൻ വന്ന പി.എൻ.പിഷാരടി ചോദിച്ചു.

"എന്താ ഷാരടിമാര് കെട്ട്യാലേ ശരിയാവുള്ളൂന്നുണ്ടോ?'
അവിടെ സന്നിഹിതനായിരുന്ന കെ.വി.കെ.വാര്യർ ചോദിച്ചു.

അപ്പോൾ പി.കെ. ചാത്തൻ മാസ്റ്റർ ഇടപെട്ടു.
"എന്താ ഷാരടീം വാര്യരും തമ്മിൽ തർക്കം? ശൈവ വൈഷ്ണവ സംഘർഷാണോ?'

സൽക്കാരം കഴിഞ്ഞയുടനെ പുല്ലാനിക്കാട്ടെ കൊളംബ് ബംഗ്ലാവിലിക്ക് വിവാഹയാത്ര പുറപ്പെട്ടു. അത് ഏതാണ്ടൊരു പാർടിപ്രകടനം പോലെയായിരുന്നു. രക്തഹാരങ്ങൾ ധരിച്ച വധൂവരന്മാർ മുന്നിൽ. ചെറുവത്തേരി വാര്യർ, കൽക്കത്താ മാധവൻ, അന്ന് തീരെ ചെറുപ്പമായിരുന്ന ചെമ്മാണിയോട് ശങ്കരൻ. സഖാക്കൾ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചു. "ഇൻകുലാബ് സിന്ദാബാദ്, കമ്യൂണിസ്റ്റ് പാർടി സിന്ദാബാദ്, ജാതിവിവേചനം തുലയട്ടെ, മിശ്രവിവാഹം സിന്ദാബാദ്.'

പക്ഷേ ആ വിവാഹബന്ധം തകരുകയാണുണ്ടായത്. ഗർഭിണിയായിരിക്കുന്ന അവസ്ഥയിൽ മീനാക്ഷിക്ക് ആ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നു. തന്റെ മുൻകയ്യിൽ നടന്ന ബന്ധം തകർന്നതിൽ ചെറുവത്തേരി വാര്യർ അതീവ ദു:ഖിതനായിരുന്നു. മീനാക്ഷിയേയോ കണ്ടൻകുട്ടിയാശാനെയോ അഭിമുഖീകരിക്കുവാനുള്ള ധൈര്യം അക്കാലത്തൊന്നും അദ്ദേഹത്തിനുണ്ടായില്ല. ബന്ധം പുനസ്ഥാപിക്കാൻ അദ്ദേഹം പലവഴിക്ക് ശ്രമിച്ചു. അതിനുവേണ്ടി പാർടി ജില്ലാനേതൃത്തത്തെ സമീപിച്ചിരുന്നു. പക്ഷേ അക്കാലത്ത് പാർടിയിൽ പിളർപ്പിന്റെ ലക്ഷണങ്ങൾ തുടങ്ങിയതുകൊണ്ട് ഒന്നും ഫലവത്തായില്ല.

പിന്നീട് ദിമിത്രി ഏതാണ്ട് മൂന്നു നാലു വയസ്സ് വളർന്ന കാലത്താണ് വാര്യർ മണ്ണാൻതുരുത്തിൽ ചെല്ലുന്നത്. ഇറയത്തിരുന്നു കളിക്കുന്ന വെളുത്ത് നീണ്ട് ചന്തമുള്ള ആ കുട്ടിയെ തൊടണമെന്നും ലാളിക്കണമെന്നും അദ്ദേഹത്തിന് അതിയായ ആഗ്രഹം തോന്നി. ഒരു കമ്യൂണിസ്റ്റ് അത്രക്കും വികാരതരളിതനാകാമോ എന്ന സംശയമുള്ളതുകൊണ്ടു മാത്രം അദ്ദേഹം മനസ്സടക്കി.

ആ വരവിൽ ചക്രപാണിവാര്യർ മീനാക്ഷിയോട് വിവാഹാഭ്യർത്ഥന നടത്തി.

കുറച്ചൊക്കെ പ്രത്യയശാസ്ത്രപരവും അതേസമയം വൈകാരികവുമായിരുന്നു അദ്ദേഹത്തിന്റെ വിചാരധാര. ശബ്ദംതാഴ്ത്തി അദ്ദേഹം ആരംഭിച്ചു.

"ചന്ദ്രന്റെ ബംഗ്ലാവിൽ നിങ്ങളെ കൊണ്ടുചെന്നാക്കുമ്പോൾ എനിക്ക് വലിയ പ്രതീക്ഷയായിരുന്നു. പുതിയൊരു ജീവിതവും സമുദായവും ഉയർന്നു വരുന്നത് കണ്ടതിന്റെ ആവേശത്തിലായിരുന്നു ഞാൻ. വിപ്ലവം എന്ന് നമ്മൾ പറയുമ്പോൾ അത് കേവലം അധികാരഘടനയിലും സാമ്പത്തിക ബന്ധങ്ങളിലും വരുന്ന മാറ്റം മാത്രമല്ല. സമഗ്രമായ ഒരു പരിവർത്തനമാണ്. മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിലാകെ അതിന്റെ പ്രതിഫലനം ഉണ്ടാകണം. കുടുംബഘടനയിലും മനുഷ്യർ തമ്മിലെ ബന്ധങ്ങളെ സംബന്ധിച്ച് നിലനിൽക്കുന്ന വ്യവസ്ഥകളിലും മാറ്റം വരണം. ജാതിയുടേയും മതത്തിന്റെയും കെട്ടുകൾക്കൾക്കകത്ത് തടസ്സപ്പെട്ട് ജീർണ്ണിക്കുന്ന മനുഷ്യജീവിതം ഒരു പുതിയ ചാലിലൂടെ ഒഴുകണം.

"പക്ഷേ എന്റെ ആഗ്രഹം അന്നു സഫലമായില്ല. നിങ്ങൾക്ക് അവിടെന്ന് ഇറങ്ങിപ്പോരേണ്ടി വന്നു. നമ്മൾ പ്രത്യക്ഷത്തിൽ കാണുന്ന പോലെയല്ല മനുഷ്യർ എന്ന് വ്യക്തമാവുകയായിരുന്നു. കമ്യൂണിസ്റ്റുകാരനാണ് പാർടി മെമ്പറാണ് എന്നു പറഞ്ഞിട്ടു കാര്യമില്ല. സഖാവ് ചന്ദ്രശേഖരന് തന്നെ നിയന്ത്രിക്കുന്ന സാമൂഹ്യവ്യവസ്ഥയിൽ നിന്ന് മോചനം നേടാൻ കഴിഞ്ഞില്ല. എന്റെ കണക്കുകൂട്ടലുകൾ പിഴച്ചു. ഞാൻ അങ്ങേയറ്റം ദുഃഖിക്കുന്നു. മനസ്സ് വെന്തുനീറുകയാണ് എന്നു പറയാം. അമ്പത്തൊമ്പതിൽ നമ്മുടെ സർക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടപ്പോഴും അറുപതിലെ തെരഞ്ഞെടുപ്പിൽ പാർടി പരാജയപ്പെട്ടപ്പോഴും ഉണ്ടാവാത്ത ദുഃഖമാണ് എനിക്കുണ്ടായത്. സഖാക്കൾ മീനാക്ഷിയോടും കണ്ടൻകുട്ടിയോടും വലിയ തെറ്റു ചെയ്തതിന്റെ കുറ്റബോധത്തിലാണ് ഇപ്പോഴുള്ളത്.

"അതുകൊണ്ട് ഇപ്പോൾ ഞാൻ ഒരു അഭ്യർത്ഥന മുന്നോട്ടു വെക്കുകയാണ്. പറയുന്നതിൽ തെറ്റുണ്ടെങ്കിൽ എനിക്കു മാപ്പു തരണം. ഞാൻ സഖാവ് മീനാക്ഷിയെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു. ഇത് കേവലം ഒരു ദയാവായ്പിന്റെ ഭാഗമായിട്ട് പറയുന്നതായി കരുതരുത്. എന്റെ മനസ്സിൽ എരിയുന്ന നിരാശയുടെ കനൽ അണയണം എന്ന ആഗ്രഹം കൊണ്ടാണ്. അതായത് ഇത് ഇന്ന് എന്റെ ഒരാവശ്യമാണ്. ഈ കുഞ്ഞിനെ കഴിയുന്ന പോലെ ഞാൻ സംരക്ഷിക്കും. എനിക്ക് മറ്റൊരു കുഞ്ഞ് ഉണ്ടാകണമെന്ന് ആഗ്രഹമില്ല. മീനാക്ഷിക്ക് സമ്മതമാണെങ്കിൽ ഇക്കാര്യം ചന്ദ്രശേഖരനോട് ഞാൻ സംസാരിക്കാം. ഔപചാരികമായ വിവാഹമോചനത്തിന് അയാൾ തയ്യാറാവും എന്നാണ് കരുതുന്നത്.

"ഇത്രകാലവും ഞാൻ വിവാഹത്തെക്കുറിച്ചും കുടുംബജീവിതത്തെക്കുറിച്ചും ചിന്തിച്ചിരുന്നില്ല. പാർടിപ്രവർത്തനത്തിന് അത് തടസ്സമാവും എന്നു കരുതി. എന്നാൽ മീനാക്ഷി കൂടെയുണ്ടെങ്കിൽ അത് എന്റെ ജീവിതത്തിനും രാഷ്ട്രീയ പ്രവർത്തനത്തിനും സഹായമാവും എന്നാണ് ഇപ്പോൾ തോന്നുന്നത്.
ഇവിടെ ഒരു തടസ്സമായി ഞാൻ കാണുന്നത് എന്റെ പ്രായമാണ്. നമ്മൾ തമ്മിൽ കുറച്ച് പ്രായവ്യത്യാസം ഉണ്ട്. അത് ഒരു വിഷയമായി തോന്നുന്നുണ്ടെങ്കിൽ മീനാക്ഷി പിന്മാറിക്കോളൂ.'

സംസാരിച്ചു കഴിഞ്ഞ് വളരെ ദയനീയമായ ഒരു ഭാവത്തിലാണ് വാര്യർ മീനാക്ഷിയെ നോക്കിയത്. അദ്ദേഹം കരയുമോ എന്നു പോലും സംശയിച്ചു.

മീനാക്ഷി പക്ഷേ ചിരിക്കുകയാണുണ്ടായത്. നേർത്ത ഒരു ചിരി. കുറേകാലമായി അവർ ചിരിക്കുന്ന മട്ടിൽ തെല്ലു പരിഹാസവും വേദനയും കലർന്നിട്ട്. അവർ പറഞ്ഞു.

"പിന്മാറാൻ ഞാൻ മുന്നോട്ട് വന്നിട്ടില്ലല്ലോ സഖാവെ. പ്രായത്തിന്റെ അന്തരമല്ല; പുരുഷൻ എന്നതാണ് പ്രശ്നം. ഞാൻ ഒരു പുരുഷവിരോധിയായി പരിണമിച്ചു എന്നൊന്നും സഖാവ് വിലയിരുത്തരുത്. പക്ഷേ പ്രണയത്തിന്റെ ഭാഗമായി പുരുഷനെ കാണാൻ എനിക്കിനി കഴിയില്ല. അക്കാര്യത്തെപ്പറ്റി ഞാൻ കുറെയൊക്കെ ആലോചിച്ചിട്ടുണ്ട്. ഒരു പുരുഷന്റെ അവലംബമില്ലാതെ ഈ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാണ് ഞാൻ തീരുമാനിച്ചിട്ടുള്ളത്.

"എന്റെ വിവാഹബന്ധം തകർന്നതിൽ സഖാവിന് മനസ്താപം ഉണ്ടാവേണ്ടതില്ല. എന്റെ പ്രണയം എന്റെ ഉത്തരവാദിത്തമാണ്. അതിന്റെ വിജയപരാജയങ്ങളിൽ മറ്റാരും കുറ്റക്കാരല്ല. പുതിയ സമുദായത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സഖാവു പറഞ്ഞല്ലോ. ഇതുവരെ ഒരു പാർടിക്ലാസിൽ നിന്നും ലഭിക്കാത്ത ചില വസ്തുതകൾ പ്രണയം എന്ന അഗ്നിപരീക്ഷയിലൂടെ കടന്നുപോയപ്പോൾ ഞാൻ പഠിച്ചു. നമ്മളൊക്കെ ജീവിക്കുന്ന സമൂഹത്തെക്കുറിച്ചാണത്. എഴുതപ്പെട്ട വാക്കുകൾ പലതും അർത്ഥശൂന്യമാണ്. ആ തിരിച്ചറിവിന്റെ വെളിച്ചത്തിൽ മുന്നോട്ടു പോകാനാണ് ഉദ്ദേശിക്കുന്നത്. ഞാൻ പ്രസവിച്ച കുഞ്ഞിനെ ഞാൻ വളർത്തും. സഖാവ് വിഷമിക്കാതെ പൊക്കോളൂ. എന്റെ ജീവിതത്തെക്കുറിച്ചുള്ള അങ്ങയുടെ ഉൽക്കണ്ഠയിൽ എനിക്കു നന്ദിയുണ്ട്.'

ആ സമയം ദിമിത്രി ഇറയത്തിരുന്ന് തന്റെ പാട്ടച്ചെണ്ടയിൽ കൊട്ടുന്നുണ്ടായിരുന്നു. കണ്ടൻകുട്ടിയാശാൻ വയലിൽ നിന്ന് കുളിച്ചു കയറി വന്നു. അദ്ദേഹം ചോദിച്ചു:
"എന്തുണ്ട് വാര്യരു സഖാവെ, വിശേഷിച്ച്?'
"ഒന്നൂല്യ കണ്ടൻകുട്ട്യേ.'

കടുത്ത നിരാശയോടെയും ഇച്ഛാഭംഗത്തോടെയുമാണ് ചക്രപാണി വാര്യർ അന്ന് മണ്ണാൻതുരുത്തിൽ നിന്ന് മടങ്ങിയത്. ഏതാണ്ടൊരു വർഷത്തോളം പുറത്തേക്കൊന്നും പോകാതെ അദ്ദേഹം വീട്ടിനകത്തു തന്നെ കഴിച്ചുകൂട്ടി. അതിനിടെ കാട്ടൂർക്കടവിലെ പാർടി സെക്രട്ടറി എന്ന ഉത്തരവാദിത്തത്തിൽ നിന്നും തന്നെ ഒഴിവാക്കിത്തരണം എന്നാവശ്യപ്പെട്ട് അദ്ദേഹം ടി.സി. സെക്രട്ടറിക്ക് കത്തയച്ചിരുന്നു.

പിന്നീട് പുതിയൊരു ജീവിതപ്പാതയാണ് വാര്യർ തെരഞ്ഞെടുത്തത്. കുറച്ചു വസ്ത്രങ്ങളെടുത്ത് അദ്ദേഹം കോഴിക്കോട്ടേക്കു യാത്രയായി. അവിടെച്ചെന്ന് പാർടിയുടെ ഇരുപത്തിയേഴാം ഡിവിഷണൽ കമ്മിറ്റിയുമായി ബന്ധപ്പെട്ടു. അവിടെ നിന്ന് തലശ്ശേരിക്ക്. അങ്ങനെ അദ്ദേഹം അക്കാലത്ത് കുന്നിക്കൽ നാരായണനും കൂട്ടുകാരും തുടങ്ങിവെച്ച സാഹസിക രാഷ്ട്രീയത്തിന്റെ ഭാഗമായി. തുടർന്ന് കേസുകളിൽപ്പെട്ട് ജയിലിലായി.

ഒരു കാലത്ത് വലിയ ഭൂസ്വത്തും ധനസ്ഥിതിയുമുണ്ടായിരുന്ന ഒരു കുടുംബത്തിലാണ് ചക്രപാണി വാര്യർ ജനിച്ചു വളർന്നത്. കുട്ടിക്കാലത്തു തന്നെ അമ്മ മരിച്ചു. ഏതോ മനയ്ക്കലെ ഊരുചുറ്റുന്ന ഒരഫനായിരുന്നു അച്ഛൻ. അമ്മയുടെ മരണശേഷം അച്ഛനുമായുള്ള ബന്ധമറ്റു. അമ്മാവൻമാരുടേയും ചെറിയമ്മമാരുടേയും സംരക്ഷണയിലാണ് വളർന്നത്. ഒൻപതു ക്ലാസുവരെ പഠിച്ചു.

സ്വത്തും പ്രതാപവുമെല്ലാം പെട്ടെന്ന് ഇല്ലാതായി. ക്ഷേത്രത്തിൽ നിന്ന് ചെറിയമ്മമാർ കൊണ്ടുവരുന്ന പടച്ചോറിന് കാത്തിരുന്ന് മടുത്ത് വാര്യർ നാടുവിട്ടു. മദിരാശിയായിരുന്നു ലക്ഷ്യം. പക്ഷേ ആർക്കോണത്തു വെച്ച് തന്നെ അദ്ദേഹത്തിന് ഹോട്ടൽ പണി കിട്ടി. അതൊരു റെയിൽവേ കാന്റീൻ ആയിരുന്നു. പല സ്ഥലങ്ങൾ മാറി. അവസാനം തൃശിനാപ്പിള്ളിയിൽ വെച്ചാണ് അദ്ദേഹം തന്റെ ദൗത്യം തിരിച്ചറിയുന്നത്. ഹോട്ടലിനു മുന്നിലെ കവലയിൽ വെച്ച് ശിങ്കാരവേലുച്ചെട്ടിയാരുടെ പ്രസംഗം കേട്ടു.

പിന്നെ അവിടെ നിന്നില്ല. നാട്ടിൽ വന്ന് കൊച്ചിരാജ്യ പ്രജാമണ്ഡലത്തിൽ ചേർന്നു. മത്തായി മാഞ്ഞൂരാന്റെ അനുയായി ആയിരുന്ന അദ്ദേഹം സ്വാതന്ത്ര്യം കിട്ടിയശേഷം കെ.എസ്.പി.യിലാണ് തുടർന്നത്. കേരളത്തിന്റെ വേറിട്ട ദേശീയതയിലായിരുന്നു ആ പാർട്ടി ഊന്നിയത്. ഒരു സ്വതന്ത്ര ജനാധിപത്യ കേരളരാജ്യത്തിന്റെ രൂപീകരണത്തിനു വേണ്ടി അദ്ദേഹം പദയാത്ര നടത്തിയിട്ടുണ്ട്. പക്ഷേ അതൊന്നും വേണ്ട മട്ടിൽ ആളുകൾ ശ്രദ്ധിച്ചില്ല.

അക്കാലത്ത് ചന്ദ്രശേഖരനും രാജശേഖരനും ചേർന്ന് കാട്ടൂർക്കടവിൽ കമ്യൂണിസ്റ്റു പാർടിയുടെ യൂണിറ്റ് രൂപീകരിച്ചിരുന്നു. കൽക്കത്താ തിസീസിന്റെ കാലത്ത് നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാർടിയിൽ വാര്യർ ചേർന്നു. അപ്പോഴും കെ.എസ്.പി. എന്ന അഡ്രസ് ഉപേക്ഷിച്ചിരുന്നില്ല. ഒളിവിൽ പോകാതെ പരസ്യമായി നടന്ന് അദ്ദേഹം പാർടി ഷെൽട്ടറുകൾ മാനേജ് ചെയ്തു. കെ.എസ്.പി.വാര്യർ എന്നാണ് അന്ന് പാർടിക്കകത്ത് അറിയപ്പെട്ടിരുന്നത്. പക്ഷേ സംഗതി പൊളിഞ്ഞു. അദ്ദേഹം അറസ്റ്റിനും ക്രൂരമായ മർദ്ദനത്തിനും നീണ്ടകാലത്തെ ജയിൽവാസത്തിനും വിധേയനായി.

കോഴിക്കോട്ടേക്ക് പോകുന്നതിനു മുമ്പ് ചക്രപാണി വാര്യർ പാർടി ഡി.സി.ക്ക് കത്തയച്ചു.
"പ്രിയപ്പെട്ട സഖാവെ,
കാട്ടൂർക്കടവ് യൂണിറ്റിന്റെ സെക്രട്ടറി എന്ന ഉത്തരവാദിത്തത്തിൽ നിന്ന് എന്നെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ഞാൻ നേരത്തേ മുകുന്ദപുരം ടി.സി.ക്ക് കത്തയച്ചിരുന്നു. മിനിട്ട്സ് ബുക്കുകളും കണക്കും അനുബന്ധ രേഖകളും ലോക്കലിലെ ടി.സി.അംഗം കുഞ്ഞുമൊയ്തീനെ ഏൽപ്പിച്ചിരുന്നു. ഇപ്പോൾ ഞാൻ പാർടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെക്കുകയാണ്.

സഖാവെ, 1964ൽ അവിഭക്ത പാർടിയുടെ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങിപ്പോന്ന സഖാക്കൾ ചേർന്ന് നമ്മുടെ പാർടി രൂപീകരിച്ചപ്പോൾ ഞാൻ വലിയ ആവേശത്തിലായിരുന്നു. റിവിഷണിസത്തിനെതിരായ പോരാട്ടത്തിലൂടെ ഉയർന്നു വന്ന പുതിയ പാർടി ഇന്ത്യയിൽ ഭൂപ്രഭുത്വത്തിനെതിരായ സായുധവിപ്ലവത്തിന് നേതൃത്തം നൽകുമെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ പാർടി ജീർണ്ണമായ പാർലിമെന്ററി പാതയിലേക്കാണ് നീങ്ങിയത്. അന്നത്തെ പിളർപ്പ് ആശയപരമോ രാഷ്ട്രീയമോ ആയിരുന്നില്ല എന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു.

എന്നാൽ ഇപ്പോൾ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് ശരിയായ ധ്രുവീകരണം നടക്കുന്നതായി ഞാൻ അറിയുന്നു. തെലങ്കാനയിലേയും നക്സൽബാരിയിലേയും വിപ്ലവപ്പോരാളികളുടെ മാർഗ്ഗം ഉയർത്തിപ്പിടിച്ചു കൊണ്ട് ഒരു പറ്റം സഖാക്കൾ മുന്നോട്ടു വരുമ്പോൾ ചക്രവാളത്തിൽ വസന്തത്തിന്റെ ഇടിമുഴക്കം ഉണ്ടാകുന്നു. അത് കേൾക്കാതെ ബധിരനേപ്പോലെ അഭിനയിക്കാൻ എനിക്കു നിവൃത്തിയില്ല.

ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് വന്ന ഒരാളാണ് ഞാൻ. ദേശീയപ്രസ്ഥാനത്തിനും അതിന്റെ രാഷ്ട്രീയ നേതൃത്തത്തിനും സ്വാതന്ത്ര്യാനന്തരം സംഭവിച്ച അപചയങ്ങളിൽ വല്ലാതെ മനസ്സു വിഷമിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ബൂർഷ്വാ പാർടികളെ ഉപേക്ഷിച്ച് സായുധസമരം പ്രഖ്യാപിച്ച കമ്യൂണിസ്റ്റുപാർടിയിൽ 1949 ൽ ഞാൻ ചേരുന്നത്. പിന്നീട് ആ പാർടി 1951ൽ അപചയത്തിനു വിധേയമായി പാർലിമെന്ററിപാത തെരഞ്ഞെടുത്തു. പക്ഷേ 1964 ൽ വീണ്ടും വിപ്ലവപാർടിയായി പുനസംഘടിക്കപ്പെട്ടു. പക്ഷേ ഇപ്പോൾ നമ്മുടെ പാർടി പാർലിമെന്റിലൂടെ വിപ്ലവമുണ്ടാക്കാമെന്ന വ്യാമോഹത്തിലേക്ക് വഴുതിക്കൊണ്ടിരിക്കുന്നു. സംസ്ഥാനത്തെ വിപ്ലവപ്രവർത്തനങ്ങൾക്കുള്ള ഒരു ഉപാധി എന്ന നിലക്കല്ല, മറിച്ച് ബൂർഷ്യാ ഭരണവ്യവസ്ഥ സംരക്ഷിക്കാനും അവരുടെ സാമ്പത്തിക പരിപാടി നടപ്പാക്കാനുമാണ് പാർലിമെന്റിലൂടെ നാം ശ്രമിക്കുന്നത്. ഇത് ലജ്ജാകരമാണ്.

നേതാക്കന്മാരും പ്രവർത്തകരും ഇന്ന് അധികാരലബ്ദിയുടെ ആലസ്യത്തിലാണ്. ഈ പാർടിയിൽ തുടരുവാൻ എനിക്ക് നിർവ്വാഹമില്ല. ഇത്രയും കാലത്തെ ഒന്നിച്ചുള്ള പ്രവർത്തനങ്ങൾ എക്കാലത്തും ഓർമ്മിക്കപ്പെടും. അതിന്റെ ഭാഗമായുണ്ടായ സ്നേഹ സൗഹൃദങ്ങൾ നിലനിൽക്കും.

അഭിവാദ്യങ്ങളോടെ,
ചെറുവത്തേരി ചക്രപാണി വാര്യർ,
കാട്ടൂർക്കടവ് എൽ.സി.
തീയതി 05 11 1968.'

എന്നാൽ തലശ്ശേരിയിലേയോ പുൽപ്പള്ളിയിലേയോ ആക്ഷനുകളിൽ പങ്കെടുക്കാൻ ചക്രപാണിവാര്യർക്ക് കഴിഞ്ഞില്ല. അദ്ദേഹം അവിടെ എത്തിയപ്പോഴേക്കും സംഭവങ്ങൾ കഴിഞ്ഞിരുന്നു. പക്ഷേ തലശ്ശേരി കേപീസ് ട്യൂട്ടോറിയലിൽ സഖാക്കളെ അന്വേഷിച്ചു ചെന്ന വാര്യരെ അവിടെ കാത്തു നിന്ന പോലീസ് അറസ്റ്റു ചെയ്തു. കേസിൽ പ്രതിയാക്കി. ഏഴു കൊല്ലത്തേക്കാണ് അദ്ദേഹത്തെ ശിക്ഷിച്ചത്. ശിക്ഷാകാലാവധി തീർന്നപ്പോഴേക്കും എഴുപത്തഞ്ചിലെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഒരു വർഷം മിസ പ്രകാരവും അദ്ദേഹത്തിനു ജെയിലിൽ കിടക്കേണ്ടി വന്നു.

തിരിച്ചു വന്നപ്പോഴേക്കും അദ്ദേഹം താമസിച്ചിരുന്ന ചെറുവത്തേരി വാരിയം ഏതാണ്ടും ജീർണ്ണിച്ചിരുന്നു. വലിയ നാലുകെട്ടിന്റെ പലഭാഗങ്ങളും തകർന്നു. അന്തേവാസികൾ പലദേശങ്ങളിലേക്കായി നാടുവിട്ടു. ഭാഗം കഴിയാത്തതുകൊണ്ട് വീടും പറമ്പും പരിപാലിക്കാൻ ആരും തയ്യാറായില്ല. മുന്നിലെ പടിപ്പുരയോട് ചേർന്ന ഓലമേഞ്ഞ ഒരു കയ്യാല മാത്രമാണ് ചോർച്ചയില്ലാതെ ബാക്കിയുണ്ടായിരുന്നത്. ചക്രപാണിവാര്യർ അവിടെ താമസമാക്കി.

വിചിത്രമായ ഒരു ജീവിതമാണ് വാര്യർ അവിടെ നയിച്ചത്. അതുപോലെത്തന്നെ വിചിത്രമായ ഒരു പര്യവസാനവും അതിനുണ്ടായി. എല്ലാവിധ സാമൂഹ്യബന്ധങ്ങളും അദ്ദേഹം ഒഴിവാക്കിയിരുന്നു. അരയേക്രയോളം പറമ്പ് ബാക്കി കിടന്നിരുന്നു. അതിൽ എന്തെങ്കിലുമൊക്കെ കൃഷി ചെയ്തിട്ടാവണം അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നത്. പുഴയിലെ തൊഴിലാളികൾക്കും നന്തിപ്പാലത്തിലൂടെ വെളുപ്പിന് നടന്നു പോകുന്നവർക്കും ചെറുവത്തേരിക്കടവിൽ അദ്ദേഹം കുളിക്കുന്നതിന്റെ ദൃശ്യം ലഭിച്ചിരുന്നു.

വാര്യരുടെ നക്സൽ രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണ് ആ ഏകാന്തവാസം എന്ന് കാട്ടൂർക്കടവിലെ ചിലരെങ്കിലും കരുതിയിരുന്നു. രാത്രിയിലോ മറ്റോ സായുധവിപ്ലവകാരികളുടെ വരത്തുപ്പോക്കുണ്ടായിരിക്കും. കയ്യാലയിൽ വെച്ച് ബോംബുണ്ടാക്കുന്നുണ്ടോ എന്ന സംശയവും ഉണ്ടായി. ചിലപ്പോഴെങ്കിലും അസാധാരണമായ വിധത്തിൽ കട്ടിപ്പുക ആകാശത്തേക്ക് ഉയരുന്നത് കാണാമായിരുന്നു. പക്ഷേ ആ പുക പൂജയും ഹോമവും നടത്തുന്നതിന്റെയാണെന്ന് ചിലർ പറഞ്ഞു. അങ്ങനെയുള്ള വലിയ പുക ഉയർന്ന ഒരു ദിവസത്തിനു ശേഷമാണ് അദ്ദേഹത്തെ കാണാതായത്. ചില ശബ്ദങ്ങൾ അവിടെന്നു കേട്ടിരുന്നുവത്രെ. അത് താന്ത്രിക വിദ്യയിൽ ഉപയോഗിക്കുന്ന മന്ത്രങ്ങളാണോ, മാവോയിസ്റ്റ് സൂക്തങ്ങളാണോ? ആർക്കറിയാം?

പുഴയിൽ മുങ്ങി മണ്ണെടുത്തിരുന്ന തൊഴിലാളികൾക്കാണ് ശങ്കതോന്നിയത്. കുറച്ചുനാളായി അദ്ദേഹം കുളിക്കടവിൽ അദ്ദേഹത്തെ കാണാനുണ്ടായിരുന്നില്ല. അവർ രണ്ടും കൽപ്പിച്ച് വാരിയത്തേക്ക് കയറി നോക്കാൻ തീരുമാനിച്ചു. പറമ്പിലും പരിസരത്തും ആരും ഉണ്ടായിരുന്നില്ല. കയ്യാലപ്പുര തുറന്നു കിടക്കുന്നു. അതിനകത്തെ അഴയിൽ രണ്ടു കോണകങ്ങൾ ഉണക്കാനിട്ടിരുന്നു. നിലത്ത് കുറച്ച് അലൂമിനിയ പാത്രങ്ങളും. അന്തർദ്ധാനം ചെയ്ത ചക്രപാണിവാര്യർ എന്നാണ് അദ്ദേഹം പിന്നീട് കാട്ടൂർക്കടവിന്റെ വാമൊഴി ചരിത്രത്തിൽ അറിയപ്പെട്ടത്.

ചക്രപാണി വാര്യരേപ്പോലെ കൽക്കത്താ മാധവനും അന്തർദ്ധാനം ചെയ്തു എന്നു കാട്ടൂർക്കടവുകാരെപ്പോലെ വിശ്വസിക്കാൻ പ്രളയപ്രതിരോധസേന കൂട്ടാക്കിയില്ല. പോലീസും ഫയർഫോഴ്സും നാവികസേനയും ചേർന്ന് കനാലും പുഴയും ചാത്രാപ്പും ഇളക്കിമറിച്ചു. നാട്ടിലുള്ള സകല കിണറുകളും കളങ്ങളും കൊക്കരണികളും പരതി. ഒരവശേഷിപ്പും കണ്ടില്ല. അവസാനം അന്വേഷണം അവസാനിപ്പിച്ചതായി സേന പ്രഖ്യാപിച്ചു. അങ്ങനെ 2018ലെ പ്രളയത്തിൽ കാണാതായവരുടെ ലിസ്റ്റിൽ കൽക്കത്താ മാധവൻ എന്ന തെയ്യപ്പിള്ളി മാധവൻ ഉൾപ്പെട്ടു. ▮

(തുടരും)


അശോകൻ ചരുവിൽ

കഥാകൃത്ത്, നോവലിസ്റ്റ്. സാംസ്​കാരിക പ്രവർത്തകൻ. 2018 മുതൽ പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി. സൂര്യകാന്തികളുടെ നഗരം, അശോകൻ ചരുവിലിന്റെ കഥകൾ, ആമസോൺ, ജലജീവിതം, മരിച്ചവരുടെ കടൽ, കങ്കാരുനൃത്തം, കാട്ടൂർ കടവ്​ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

Comments