ചിത്രീകരണം: ഇ. മീര

കാട്ടൂർക്കടവ് 2018

14: ചകിരിയുടെ ഗന്ധം

ണ്ട് ബോട്ടുഗതാഗതത്തിന്റെ കാലത്ത് നെല്ലും തെങ്ങുമായി ബന്ധപ്പെട്ട നിരവധി ഉൽപ്പന്നങ്ങൾ കാട്ടൂർക്കടവിൽ നിന്നും കയറ്റി അയച്ചിരുന്നത് സൂചിപ്പിച്ചിരുന്നല്ലോ. കയർ നിർമ്മിക്കാനുള്ള ചകിരിനാര് അവയിൽ പ്രധാനമായിരുന്നു. ഇവിടത്തെ നാരിന്റെ മിനുക്കവും ഉറപ്പും ദൂരദേശങ്ങളിൽ പോലും കേൾവി കൊണ്ടു. പടുകൂറ്റൻ കെട്ടുകളായിട്ടാണ് ചകിരിനാര് കടവിലെ ഗുദാമുകളിൽ സൂക്ഷിച്ചിരുന്നത്.

കാനോലി കനാലിന്റെ തീരങ്ങളിലായിരുന്നു ചകിരികേന്ദ്രങ്ങൾ. അഴുകിയ തൊണ്ടിന്റെ ഗന്ധമായിരുന്നു പൊതുവെ ആ പ്രദേശത്തിന്. രാത്രിയിൽ ബോട്ടിൽ ഉറങ്ങി സഞ്ചരിക്കുന്ന ദൂരദേശക്കാരായ യാത്രക്കാർ ഉണർന്ന് തമ്മിൽ ചോദിക്കും.
"ഏതാ സ്ഥലം? കാട്ടൂർക്കടവോ, കരിക്കൊടിക്കടവോ?'

അതേസമയം കയർ പിരിക്കുന്ന യൂണിറ്റുകൾ അവിടെ കുറവായിരുന്നു. അപൂർവം ചില വീടുകളിൽ മാത്രം കയറുപിരി ഉണ്ടായിരുന്നു. തൊണ്ടു മൂടുക. അത് തല്ലി നാരാക്കുക. നാരു തിരഞ്ഞ് കെട്ടുകളാക്കുക. അധികവും സത്രീകളാണ് പണിക്കാർ. കാട്ടൂർക്കടവിലെ ചകിരിപ്പണിയെക്കുറിച്ചും അവിടെ നടന്ന സമരങ്ങളെക്കുറിച്ചും കെ. എന്ന എഴുത്തുകാരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പലവട്ടം എഴുതിയിട്ടുണ്ട്.
"ചെത്തുതൊഴിലാളികൾക്ക് പുറമേ കനാൽത്തീരങ്ങളിൽ ധാരാളം ചകിരിപ്പണിക്കാരുണ്ടായിരുന്നു. തൃശൂർ ലേയ്ക്കിനപ്പുറത്തെ ഗ്രാമങ്ങളിൽ അടുപ്പു പുകഞ്ഞിരുന്നത് പ്രധാനമായും ചകിരിത്തൊണ്ടിനെ ആശ്രയിച്ചായിരുന്നു.'

തന്റെ ജീവിതം പോലെത്തന്നെ വളരെ സമർത്ഥമായിരുന്നു കെ.യുടെ എഴുത്തും. ഓരോ വാചകവും ബോധപൂർവ്വമുള്ള കരുനീക്കങ്ങളാണ്. ചരിത്രത്തിൽ നിന്ന് ചില ശകലങ്ങൾ തെരഞ്ഞെടുത്ത് അയാൾ തന്റെ രാഷ്ട്രീയപാർട്ടിക്കുവേണ്ടി ഉപയോഗിക്കുകയാണ്. വായനക്കാർ അത് ഗൃഹാതുരമായ ഓർമ്മകളുടെ ആവിഷ്‌ക്കാരമായി കരുതി ആസ്വദിക്കും. വർത്തമാനകാലത്തെ സംവാദങ്ങളിലൊന്നും അയാൾ ഇടപെടുന്നില്ല. പരാമർശം പോലുമില്ല. ശരിക്കു പറഞ്ഞാൽ ഓർമ്മകൾ കൊണ്ടുള്ള ഒരു കെണിയാണ് ഒരുക്കുന്നത്.
കാറ്റ്, മഞ്ഞ്, വെയിൽ തുടങ്ങി പ്രലോഭനീയമായ ഇമേജുകളുണ്ടാകും. മഞ്ഞുകാലത്ത് മാവുപൂക്കുന്നതിനെക്കുറിച്ചാവും ചിലപ്പോൾ കെ. എഴുതുക. അല്ലെങ്കിൽ രാത്രിയിലെ ചെറിയ കാറ്റിൽ ആടുന്ന തെങ്ങോലകളിൽ നിലാവു തട്ടി തിളങ്ങുന്നതിനെക്കുറിച്ച്.

"അകലെ നിന്ന് നിങ്ങൾ നോക്കുമ്പോൾ തെങ്ങുകളുടെ ഒരു ഹരിതപ്രപഞ്ചമാണ് കനോലിക്കനാലിന്റെ തീരങ്ങൾ. കാറ്റുപിടിക്കുമ്പോൾ അത് മെല്ലെ ഉലയുന്നതു കാണാം. സൗന്ദര്യാനുഭൂതികൾ പകരുന്ന ആ ദൃശ്യവിസ്മയത്തിനടിയിലാണ് കുതറുകയും കുതിക്കുകയും ചെയ്യുന്ന മനുഷ്യരുള്ളത്. അവരുടെ ജീവിതസമരങ്ങളും. നാരായണഗുരു ഇവിടെ വന്ന് രണ്ട് ക്ഷേത്രങ്ങൾ സ്ഥാപിച്ചു. ഒന്ന് പെരിങ്ങോട്ടുകരയിലും മറ്റൊന്ന് കാരമുക്കിലും. കാരമുക്കിൽ ഗുരു വിഗ്രഹത്തിനു പകരം ദീപമാണ് പ്രതിഷ്ടിച്ചത്. ഇതിനിടയിലെ പ്രദേശത്ത് എസ്.എൻ.ഡി.പി.യല്ല; ശക്തമായ കമ്യൂണിസ്റ്റ് പാർട്ടിയാണ് ഉണ്ടായത്. പ്രക്ഷോഭങ്ങളും. ആലപ്പാട്ടുനിന്ന് പെരിങ്ങോട്ടുകരയിലേക്ക് പൂരം കൊണ്ടു പോകുന്ന അതേ ആവേശത്തിൽ ആളുകൾ പ്രകടനങ്ങളിലും സമരങ്ങളിലും പങ്കെടുത്തു.

"സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പുമായി നടന്ന ചെത്തുതൊഴിലാളി സമരങ്ങളിലൂടെയാണ് ആ പ്രദേശം പ്രസിദ്ധമാകുന്നത്. എന്നാൽ അവിടെ നടന്ന ചകിരിപ്പണിക്കാരുടെ സമരങ്ങൾ ചരിത്രത്തിൽ വേണ്ടത്ര ഇടം പിടിച്ചിട്ടില്ല. അന്തിക്കാട് ആയിരുന്നു പ്രധാന സമരകേന്ദ്രം. ഒരു ഘട്ടത്തിലെ സമരം ഏതാണ്ട് ഒരു വർഷം നീണ്ടുനിന്നു. 1955 ന്റെ അവസാനത്തിലാണ് ശക്തി പ്രാപിച്ചത്. കൊടുങ്ങല്ലൂർ കോട്ടപ്പുറം മുതൽ കണ്ടശ്ശാൻകടവ് വരെയുള്ള ഏതാണ്ട് ഇരുപത് കിലോമീറ്റർ നീണ്ട കനാൽത്തീര ഗ്രാമങ്ങളിലെ ചകിരിക്കുഴികളിലായിരുന്നു സമരം. കേരളത്തിൽ സ്ത്രീ തൊഴിലാളികൾ നയിച്ച പ്രധാന സമരം എന്ന പ്രത്യേകത അതിനുണ്ട്. പൊതുവെ വറുതിക്കാലമായിരുന്നു അത്. പുഴക്കക്കരെ ബ്രിട്ടീഷ് മലബാർ ആണ്. അവിടെനിന്ന് അന്ന് പട്ടിണി മരണങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.'

കെ. കണക്കുകൾ നിരത്തി.

അഴുകിയ ചകിരിയുടെ ഗന്ധമായിരുന്നു ദിമിത്രിയുടെ കുട്ടിക്കാലത്തിന്. അക്കാലത്ത് ആ മണത്തിന് വെണ്ണബിസ്‌ക്കറ്റിന്റെ മധുരമുണ്ടായിരുന്നു. തണ്ണിച്ചിറ കോൾപ്പടവുകൾക്കിടയിലെ മണ്ണാൻതുരുത്തിൽ ജനിച്ചപ്പോൾ അയാളെ ആദ്യം സ്പർശിച്ച കൈകൾക്ക് ആ ഗന്ധമുണ്ടായിരുന്നു. അയാളുടെ അമ്മമ്മയുടെ കൈകളായിരുന്നു അത്. പി.കെ.മീനാക്ഷിയുടെ അമ്മ കൗസല്യയുടേത്. തന്റെ മകൾക്ക് പ്രസവവേദന തുടങ്ങിയതറിഞ്ഞ് ചകിരിക്കുഴിയിൽ നിന്നും കയറി വന്നതായിരുന്നു അവർ.

പിന്നീട് ആ മണം അയാൾക്ക് പരിചിതമായി. അമ്മമ്മയുടെ പച്ചജാക്കറ്റിന്റെ നിറം അകലെ വയൽവരമ്പിൽ തെളിയുന്നു. ചേറുപുരണ്ട കൈകൾ കൊണ്ട് അവർ ദിമിത്രിയെ വാരിയെടുക്കും. തോളിലിട്ടിരുന്ന അഴുക്കുപിടിച്ച തോർത്ത് മുണ്ടിലാണ് വെണ്ണബിസ്‌ക്കറ്റുകൾ പൊതിഞ്ഞു കെട്ടിയിരുന്നത്. അത് അഴിക്കും മുന്നേ വെറ്റിലമണമുള്ള ചുണ്ടുകൾ കൊണ്ട് കവിളത്ത് കിട്ടുന്ന ഒരുമ്മക്ക് നല്ല ചൂടുണ്ടായിരുന്നു. വിയർപ്പിന്റെ നനവും.
"അമ്മമ്മേടെ ഇത്തിരിക്കുഞ്ഞൻ എന്തിനാ ഇങ്ങനെ ചിരിക്കണേ?'

മണവും ചൂടും അല്ലാതെ പിന്നീട് ദിമിത്രിക്ക് ആ മുഖം ഓർമ്മിച്ചെടുക്കാനായില്ല. തുണികൊണ്ടും പിന്നെ പായകൊണ്ടും മൂടിക്കെട്ടിയ അവരുടെ മൃതശരീരം മുറ്റത്ത് കിടത്തിയിരുന്നതിന്റെ അവ്യക്തമായ ഓർമ്മ അയാൾക്കുണ്ട്. അന്ന് ആ മുറ്റത്ത് ചെറിയൊരു സംഘർഷം ഉണ്ടായി. അതിനകം പിളർന്നു കഴിഞ്ഞിരുന്ന കമ്യൂണിസ്റ്റ് പാർട്ടിയിലെ ഇരുപക്ഷങ്ങൾ തമ്മിലായിരുന്നു അത്. മൃതദേഹത്തിൽ ചെങ്കൊടി പുതപ്പിക്കാനുള്ള അവകാശത്തെ സംബന്ധിച്ച്.

അത് മണ്ണാൻതുരുത്തിലെ ശ്മശാനത്തെക്കുറിച്ച് തട്ടിൽ ജോസഫുമായി കേസു നടക്കുന്ന കാലമായിരുന്നു. അതുകൊണ്ട് കൗസല്യയുടെ മൃതശരീരം വെള്ളാനിക്കുന്നിലേക്കു കൊണ്ടുപോകേണ്ടി വന്നു. ആരൊക്കെയോ ചേർന്ന് ഒരു മുളങ്കോണിയിൽ അവരെ ചുമന്നു കൊണ്ടുപോയതും തന്റെ അമ്മ അവർക്കു പിറകെ കരഞ്ഞു വിളിച്ച് ഓടിയതും ദിമിത്രി ഓർത്തു. കണ്ടൻകുട്ടിയാശാൻ നിശ്ശബ്ദനായി ആ കാഴ്ച നോക്കി നിന്നു.

പിറ്റേദിവസമാണ് കണ്ടൻകുട്ടിയാശാൻ കരഞ്ഞത്. അത് പി.കെ. എന്ന സഖാവ് പി.കെ.കുമാരൻ വയലിലൂടെ വീട്ടിലേക്ക് നടന്നു വരുന്നത് കണ്ടപ്പോഴാണ്. നല്ല ഉയരത്തിൽ മെലിഞ്ഞ് ജുബ്ബ ധരിച്ച ആളായിരുന്നു പി.കെ. നരച്ച സ്റ്റാലിൻ മീശ. ഉച്ചയായതുകൊണ്ടും അസാമാന്യ വെയിലുള്ളതുകൊണ്ടും അദ്ദേഹം ഒരു തൊപ്പി ധരിച്ചിരുന്നു. വീട്ടിൽ കയറിയ പാടെ അതഴിച്ചു. കണ്ടൻകുട്ടിയാശാന്റെ വാക്കുകൾ കരച്ചിലിൽ പെട്ട് ഞെരുങ്ങി.

ഒന്നും മിണ്ടാതെ പി.കെ. നിന്നു. പിന്നെ മുറ്റത്തേക്ക് കാൽവെച്ച് ഇറയത്ത് ഇരുന്നു. ഏതാണ്ട് ഉച്ചകഴിയുന്നതുവരെ അദ്ദേഹം ആ വീട്ടിൽ ചെലവഴിച്ചു. ഊണുകഴിക്കുമ്പോൾ ദിമിത്രി പി.കെ.യുടെ അരികിലാണ് ഇരുന്നത്. അപ്പോൾ ആ ചെറിയ വീട്ടിൽ നിറച്ച് ആളുകളുണ്ടായിരുന്നു. എല്ലാവരും ചുറ്റും വന്നു നിന്നു. അവരെ നോക്കി പി.കെ. പറഞ്ഞു:
​"ഇവടന്ന് കൗസല്യച്ചേച്ചി ഒഴിച്ചു തന്ന കഞ്ഞി ഞാൻ കൊറെ കുടിച്ചട്ടുണ്ട്.'

കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇരിഞ്ഞാലക്കുടയിലെ മണ്ഡലം സെക്രട്ടറിയായിരുന്നു അന്നു പി.കെ. 1948ൽ പാർട്ടി നിരോധിച്ച കാലത്ത് അറസ്റ്റ് ചെയ്ത അദ്ദേഹത്തെ പൊലീസ് ലോക്കപ്പിൽ വെച്ച് ഭീകരമായി മർദ്ദിച്ചതിന്റെ കഥകൾ അക്കാലത്തും നാട്ടിൽ പ്രചരിച്ചിരുന്നു. അദ്ദേഹത്തെയും മുതിർന്ന ഒരു ദളിത് പ്രവർത്തകയേയും നഗ്‌നരാക്കി അഭിമുഖം നിർത്തി പൊലീസുകാർ അട്ടഹസിച്ചു. അന്നു മനസ്സിനുണ്ടായ കാലുഷ്യം അദ്ദേഹം തീർത്തത് ഒരു ദളിത് പെൺകുട്ടിയെ വിവാഹം ചെയ്തിട്ടാണ്. പത്രപ്പരസ്യം ചെയ്ത് അന്വേഷിച്ച് കണ്ടു പിടിച്ചിട്ടായിരുന്നു ആ വിവാഹം.

ഊണിനു ശേഷം അദ്ദേഹം ഇറയത്തെ പുൽപ്പായയിൽ ഇരുന്നു. തെല്ലുമാറി കണ്ടൻകുട്ടിയാശാനും.
പി.കെ.ചോദിച്ചു:
​"ആശാനെ ഇപ്പഴായിട്ട് തീരെ കാണാൻ പറ്റണില്ല.'

ആശാൻ പറഞ്ഞു:
​"എന്നെ എങ്ങന്യാ കാണാൻ പറ്റ്വാ പി.കെ? കാണണങ്കില് നിങ്ങള് തോറ്റത്തിനു വരണ്ടേ? അല്ലെങ്ങെ കുരുതിക്ക്? കല്ലടക്കാവിലെ വേലക്കു വന്നാലും മത്യാവും. അവടെ എല്ലാക്കൊല്ലോം മേളത്തിന് ഞാനുണ്ടാവും.'

​"അതല്ല. ആശാൻ നമ്മടെ പാർട്ടി ആപ്പീസിൽ തീരെ വരണില്ല.'

തെല്ലു നേരത്തെ നിശ്ശബ്ദതക്കുശേഷം സങ്കടത്തോടെ കണ്ടൻകുട്ടിയാശാൻ ചോദിച്ചു:
​"ഏതു പാർട്ടി ആപ്പീസിലാണ് ഞാൻ വരണ്ടത് പി.കെ?'

​"അത് എന്തൊരു ചോദ്യാണ് ആശാനേ? നമ്മടെ പാർട്ടി ആപ്പീസ് ഇപ്പഴും അവടെത്തന്നെണ്ടല്ലോ. ആൽത്തറക്കല്. എവെടെക്കും മാറ്റീട്ടില്ല. ബോർഡും മാറ്റീട്ടില്ല. കൊടീം അവടെത്തന്നേണ്ട്. അതൊക്കെ ആശാൻ മറന്നോ? കോപ്പക്കുട്ടിമാഷും രാജശേഖരനും അവടന്ന് എറങ്ങിപ്പോയി പയനീറിന്റെ മുമ്പില് ഒരു മുറീടുത്ത് കൂടിട്ടുണ്ട്. അത് ശര്യാണ്. അത് തൽക്കാലത്തേക്കാണ്. അവരു തിരിച്ചു വരും. ദേഷ്യം വന്ന് എറങ്ങിപ്പോയാലും കൊറേ കഴീമ്പൊ മക്കള് വീട്ടിലിക്ക് തിരിച്ചു വരാണ്ടിരിക്ക്യോ?'

"അവരു വരുമ്പൊ ഞാനും വരും.'
ആശാൻ പറഞ്ഞു.

"കണ്ടൻകുട്ടിയാശാൻ അങ്ങനെ പറയരുത്. നിങ്ങള് വരണില്ലെങ്കില് പിന്നെന്തിനാ പാർട്ടി? ബോർഡും കൊടീം ഒന്ന്വല്ലല്ലോ, മനുഷ്യമ്മാരല്ലേ പാർട്ടി?'

ആശാൻ മിണ്ടിയില്ല. പി.കെ.യും മൗനത്തിൽപ്പെട്ടു. അദ്ദേഹം ഓർമ്മിക്കുകയാണ്. നിമിഷങ്ങൾ കടന്നു പോയി. പിന്നെ പി.കെ. പറഞ്ഞു തുടങ്ങി:
"നാൽപ്പത്തൊമ്പതില് ബോസ് ഗോപാലന്റെ വീട്ടീന്ന് എന്നെ പിടിച്ച് ഇരിഞ്ഞാലക്കുട ലോക്കപ്പില് കൊണ്ടന്നപ്പോ ആശാൻ അവടെണ്ട്. സെല്ലിന്റെ മൂലേല് അടികൊണ്ട് അവശനായി ചുരുണ്ടു കെടക്കണത് ഞാൻ കണ്ടു. എന്റെ ശരീരത്തില് അവര് കേറി മെതിക്ക്യായിരുന്നു. എന്റെ ബോധം മറിഞ്ഞു. പിന്നെ എപ്പൊഴോ ബോധം വന്ന് കണ്ണുചിമ്മി നോക്കുമ്പൊ ആശാൻ അരീത്തു വന്നിരുന്ന് എന്റെ കാലുമ്മല് ഉഴീണതാണ് ഞാൻ കണ്ടത്.'

കണ്ടൻകുട്ടിയാശാൻ പറഞ്ഞു:
""അതൊക്കെ ഇനിക്ക് നല്ല ഓർമ്മേണ്ട് പി.കെ. നിങ്ങടെ ശരീരത്തില് അവര് എന്തൊക്ക്യാ ചെയ്തു കൂട്ട്യേന്ന് നിങ്ങളേക്കാളും നിശ്ചയം ഇനിക്കിണ്ട്. നിങ്ങക്കപ്പൊ ഓർമ്മണ്ടാർന്നില്ല. നിങ്ങ ഇപ്പഴും ബാക്ക്യായിട്ട് ഈ ഉമ്മറത്ത് ഇരിക്കണു കാണുമ്പൊ ഇനിക്ക് അതിശയണ്ട്. അതൊക്കെ ഒരു കാലം. അന്ന് രാജശേഖരൻ മാഷൂണ്ടാർന്നു ലോക്കപ്പില്.'

പെട്ടെന്നു പി.കെ.യുടെ മുഖം ചുവന്നു. നെറ്റി ചുളിഞ്ഞു.
"രാജശേഖരൻ പാർട്ടിയെ വഞ്ചിച്ചു. ജില്ലാ കൗൺസിലിൽ അവസാന നിമിഷം വരെ ഐക്യം ഐക്യംന്ന് പറഞ്ഞ് നിന്നു. രണ്ടു ഭാഗത്തിക്കും ഇല്ലാന്ന് പറഞ്ഞ് വീട്ടിൽ പോയി. ന്നട്ട് സി.എച്ച്.കണാരൻ വന്നു വിളിച്ചപ്പൊ അപ്രത്തിക്ക് പോയി. അവരുടെ പൊതുയോഗത്തില് അധ്യക്ഷനായി. ആരാ ഇയ്യ സി.എച്ച്? ദൈവാ? അച്ചുതമേന്നേക്കാളും വെല്യ നേതാവാണോ, ഈ സി.എച്ച്?'
ആശാൻ മറുപടി പറഞ്ഞില്ല.

ആ സമയത്ത് ദിമിത്രി മുറ്റത്തു കളിക്കുന്നുണ്ടായിരുന്നു. ചെണ്ടമേളമാണ്. എവിടെന്നോ കിട്ടിയ അമൂൽ ടിന്നിൽ വടികൊണ്ട് ആഞ്ഞു കൊട്ടുകയാണ്. അതു ശ്രദ്ധിച്ച പി.കെ. പറഞ്ഞു.
"ഇവൻ ഇടതുകയ്യനാണല്ലോ ആശാനെ?'
ആശാൻ ചിരിച്ചു.

അന്ന് പി.കെ. കാട്ടൂർക്കടവിലെ പല വീടുകളിലും പോയി. പ്രവർത്തകരെ കണ്ടു. പാർട്ടിയിലെ ഭിന്നിപ്പിനെക്കുറിച്ച് സംസാരിച്ചു. ഓരോ വീട്ടിൽ നിന്നിറങ്ങുമ്പോഴും അദ്ദേഹത്തിന്റെ മുഖം മ്ലാനമായിരുന്നു. വൈകുന്നേരമാണ് അന്ന് തെയ്യച്ചേരി മാധവനായിരുന്ന കൽക്കത്താ മാധവന്റെ വീട്ടിലെത്തിയത്. ഇറയത്ത് കയറി ബഞ്ചിലിരുന്ന് ക്ഷീണത്തോടെ അദ്ദേഹം പറഞ്ഞു:
"കാലിന്റടീന്ന് മണ്ണ്ങ്ങനെ ഒലിച്ചു പൂവ്വാണല്ലോ മാധവാ?'

പിന്നീട് ആ സന്ദർശനം ഓർമ്മിച്ച് കൽക്കത്താ മാധവൻ ദിമിത്രിയോട് പറഞ്ഞു:
"ഇനിക്കും അന്ന് വെല്യ സങ്കടായിരുന്നു. നമ്മക്കന്ന് പ്രായം തീരെ കൊറവാണ്. ആരടേങ്കിലും വെഷമം കണ്ടാല് സഹിക്കില്ല. ഞങ്ങള് കൊറേ സമയം മുഖത്തോട് മുഖം നോക്കിയിരുന്നു.'

"പിന്നെ പി.കെ. എന്നോട് പറഞ്ഞു: കാണുമ്പൊ സഖാക്കള് മുഖം തിരിക്ക്യാണ്. വീട്ടിൽ കേറിച്ചെന്നാല് മിണ്ടാട്ടല്യ. എന്തെങ്കിലും ഒന്നു പറഞ്ഞൂടെ? വഴക്കാണെങ്കില് അങ്ങനെ വല്ലതും? മീറ്റിംഗിന് വിളിച്ചാൽ വരാന്ന് പറയും. പിന്നെ മുങ്ങും. കാര്യങ്ങൾ മനസ്സിലാക്കണ്ടെ? പാർട്ടി പിളർന്നു. ആരാണ് അതിന് കാരണക്കാര്? വിഷയത്തിലെ രാഷ്ട്രീയം മനസ്സിലാക്കണം. ഈ ജില്ലേല് പാർട്ടിക്ക് എത്രെത്ര നേതാക്കളുണ്ട്? കെ.കെ.വാര്യരുണ്ട്. അച്ചുതമേനോനുണ്ട്. സി. ജനാർദ്ദനനുണ്ട്. ഗോപാലകൃഷ്ണമേന്നുണ്ട്. അവര് എന്താ പറയണ്ന്ന് കേക്കാൻ തയ്യാറാവണ്ടെ?'

അവിടെന്ന് മാധവനേയും കൂട്ടി പി.കെ. കൊളംബ് ബംഗ്ലാവിലേക്കു പോയി. അവിടെ പുല്ലാനിക്കാട് ചന്ദ്രശേഖരൻ പാർട്ടി പ്രവർത്തനത്തിൽ നിന്നെല്ലാം അകന്ന് വീട്ടിൽത്തന്നെ ഇരിക്കുകയാണ്. പുറത്തേക്ക് ഇറങ്ങാറില്ല. വായനയുമില്ല, എഴുത്തുമില്ല. അയാളപ്പോൾ അക്കാലത്തെ ദു:ഖിതരുടെ മട്ടിൽ താടിവളർത്തിയിട്ടുണ്ട്. പി.കെ.മീനാക്ഷിയുമായി രജിസ്ട്ര് കച്ചേരിയിൽ വെച്ചു നടത്തിയ വിവാഹം അയാളെ മാനസികമായി അത്രകണ്ട് തളർത്തിയിരുന്നു. അച്ഛൻ കരുണൻ മാഷുമായിട്ട് അയാൾ സംസാരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു.

ബംഗ്ലാവിലെ മുകൾനിലയിലെ മുറിയിലേക്ക് കോവണി കയറിച്ചെന്നപ്പോൾ പി.കെ.യോട് ചന്ദ്രശേഖരൻ അതൃപ്തിയോടെ ചോദിച്ചു:
"എന്തിനാ പി.കെ. വന്നത്? ഞാൻ മരിച്ചോന്ന് അറിയാൻ വേണ്ടിയാണോ?'

പി.കെ.പറഞ്ഞു:
"നിങ്ങൾ വെറുമൊരു വ്യക്തിയാവരുത് ചന്ദ്രൻ. പാർട്ടിസഖാവാകണം. ആ നിലക്ക് സംസാരിക്കണം. നമ്മുടെ പാർട്ടി ഇപ്പോൾ വലിയ പ്രതിസന്ധിയിലാണ്.'

ചന്ദ്രശേഖരൻ: എന്നെ അപമാനിക്കാനും തകർക്കാനും ശ്രമിച്ചവർക്കൊപ്പം പാർട്ടി നിന്നു. ഞാൻ മനസ്സിലാക്കിയത് പി.കെ.യും അച്ചുതമേനോനും എന്റെ ശത്രുക്കൾക്കൊപ്പമായിരുന്നു എന്നാണ്. ഈ നിൽക്കുന്ന തെയ്യച്ചേരി മാധവൻ വരെ എന്നെ കൊല്ലാനായിട്ട് കത്തീം കൊണ്ടു നടന്നു. ഇല്ലേ?

പി.കെ: നമ്മുടെ പാർട്ടിയെ ഇന്നു ബാധിച്ചിരിക്കുന്നത് ഗൗരവപ്പെട്ട ചില അന്താരാഷ്ട്ര പ്രശ്‌നങ്ങളാണ്. സിനോ- സോവിയറ്റ് സ്പ്‌ളിറ്റ് പോലെ ചില സംഗതികൾ. അതിനെ നിങ്ങൾ കാട്ടൂർക്കടവിലെ സഖാക്കൾക്കിടയിലുണ്ടായ ചില്ലറ സൗന്ദര്യപ്പിണക്കങ്ങളുമായി കൂട്ടിക്കലർത്തരുത്.

ചന്ദ്രശേഖരൻ: എന്തുകൊണ്ട് കൂട്ടിക്കലർത്താൻ പാടില്ല? വ്യക്തിപരമായി എന്നെ നശിപ്പിക്കാൻ ശ്രമിച്ചവരാണ് ഇവിടെ ഇപ്പോൾ കാട്ടൂർക്കടവിൽ പാർട്ടി പിളർത്താൻ നടക്കുന്നത്. എത്രകാലമായി അവർ കുത്തിത്തിരിപ്പ് നടത്താൻ ശ്രമിക്കുന്നു. ചെറുവത്തേരി വാര്യരും കുഞ്ഞുമൊയ്തീനും കൂടി ചിന്ത മാസിക വരുത്തി വായിക്കാൻ തുടങ്ങിയിട്ട് എത്ര കാലമായി. ഞാനത് പാർട്ടിക്ക് റിപ്പോർട്ട് ചെയ്തിരുന്നതാണ്. ആരും ഗൗനിച്ചില്ല.

പി.കെ. നീണ്ടസമയം സംസാരിച്ചു. അദ്ദേഹം ചോദിച്ചു:
"സോവിയറ്റ് പാർട്ടിക്കാണോ ചൈനീസ് പാർട്ടിക്കാണോ കൂടുതൽ അനുഭവമുള്ളത്? അതാണ് നമ്മൾ അന്വേഷിക്കേണ്ടത്.'

"സാംസ്‌കാരിക രംഗത്തെ അവഗണിച്ചതിന്റെ ചില പ്രശ്‌നങ്ങൾ ഉണ്ട്.'
ചന്ദ്രശേഖരൻ പറഞ്ഞു: "ഞങ്ങളേപ്പോലുള്ള കവികളും കലാകാരന്മാരും പാട്ടുപാടിയും നാടകമഭിനയിച്ചിട്ടും ആണ് അമ്പത്തേഴിലെ സർക്കാരിനെ കൊണ്ടുവന്നത്. എന്നാൽ ആ കലാകാരന്മാരോട് പാർട്ടി നീതി കാണിച്ചോ? ഇല്ല. കറിവേപ്പില പോലെ എടുത്തുകളയുകയായിരുന്നു. സാംസ്‌കാരിക രംഗമാണ് പാർട്ടിയെ ഒരുമിപ്പിച്ചു നിർത്തുന്നത്. പുരോഗമന സാഹിത്യ സംഘടനയിൽ സെക്ടേറിയനിസം കൊണ്ടുവരാൻ പാടില്ലായിരുന്നു. ഇ.എം.എസാണ് അതിന് നേതൃത്വം കൊടുത്തത്. ഇ.എമ്മിനെ എല്ലാവരും പുകഴ്ത്തി. പണ്ഡിറ്റ് നെഹ്രു കഴിഞ്ഞാൽ അദ്ദേഹമാന്നല്ലേ എല്ലാവരും പറഞ്ഞു നടന്നത്. ഇപ്പൊ എന്തായി?'

"അതു ശരിയാണ്.'
പി.കെ. പറഞ്ഞു:
"സെൻട്രിസ്റ്റും ലെഫ്റ്റ് സെൻട്രിസ്റ്റുമൊക്കെയായി നിന്ന് അദ്ദേഹം പാർട്ടിയെ ചതിക്കുകയായിരുന്നു.'

അവസാനം പുല്ലാനിക്കാട്ട് ചന്ദ്രശേഖരൻ വഴങ്ങി. അദ്ദേഹം പറഞ്ഞു:
"രാജശേഖരനും വാര്യരും കൂടി കാട്ടൂർക്കടവിലെ പാർട്ടീനെ എടതര്ക്ക് അടിയറ വെക്കാനാണ് ഭാവംന്ന്ച്ചാൽ ഞാൻ അടങ്ങിയിരിക്കില്ല. കഴിഞ്ഞെതെല്ലാം മറന്ന് ഞാൻ കൂടെയുണ്ടാവും പി.കെ.'

"നേരം കൊറെ വൈകി അന്ന് ബംഗ്ലാവീന്നെറങ്ങീപ്പൊ.'
കൽക്കത്താ മാധവൻ പറഞ്ഞു:
"ഞാൻ സൈക്കളിന്റെ പിന്നിലിരുത്തി പീക്കേനെ പുല്ലൂരുവരെ കൊണ്ടാക്കി. അണ്ടിക്കമ്പനീരെ മുമ്പില് എറങ്ങുമ്പൊ പി.കെ. എന്നോട് പറഞ്ഞു: "മാധവൻ പാർട്ടിക്കൊപ്പം ഉണ്ടാവണം. ഈ ചന്ദ്രശേഖരനെ അങ്ങനെ വിശ്വസിക്കാൻ പറ്റില്ല. അയാള് വ്യക്തിവാദിയും ദുരഭിമാനിയുമാണ്.'

മാധവൻ സമ്മതിച്ചു. അയാൾക്ക് പികെ.യെ ഉപേക്ഷിക്കാൻ കഴിയുമായിരുന്നില്ല. കുട്ടിക്കാലം മുതലേ ആരാധനയോടെ കാണുന്നതാണ്. എസ്.എൻ.ഡി.പി.യുടെ മുകുന്ദപുരം താലൂക്ക് സെക്രട്ടറി ആയിരുന്ന കാലം മുതലേ അദ്ദേഹം വീട്ടിൽ വരുന്നുണ്ട്. അന്ന് മാധവന്റെ അച്ഛനുമായിട്ടായിരുന്നു ബന്ധം. അദ്ദേഹം കറുപ്പയ്യാസ്വാമി വഴി ഗുരുഭക്തനായിത്തീർന്ന ആളായിരുന്നു. കുറച്ചൊരു ജാതിസ്പിരിറ്റും ഉണ്ട്. ക്രിസ്ത്യാനികളോടായിരുന്നു വിരോധം.

അന്ന് ക്രിസ്ത്യാനികളും ഈഴവരും തമ്മിലായിരുന്നു കാട്ടൂർക്കടവിലെ കിടമത്സരം. അങ്ങാടിയും ബാങ്കുകളും ഓയിൽ മില്ലുകളുമായി ബന്ധപ്പെട്ട് പൊതുവെ ക്രിസ്ത്യാനികൾക്കായിരുന്നു സാമ്പത്തിക മേധാവിത്തമുണ്ടായിരുന്നത്. അതിനെതിരെ കൊളംബിൽ പോയി പണമുണ്ടാക്കി വന്ന ഈഴവർ പ്രതികരിക്കാൻ തുടങ്ങി. അവർ ഭൂസ്വത്ത് സമ്പാദിച്ചു. ഗുരുമന്ദിരങ്ങളും ക്ഷേത്രങ്ങളും ഉണ്ടാക്കി. പി.ഗംഗാധരന്റെ നേതൃത്വത്തിൽ കൊച്ചി എസ്.എൻ.ഡി.പി. രൂപീകരിച്ചപ്പോൾ അവർ ആവേശഭരിതരായി. ഈഴവരെല്ലാം കമ്യൂണിസ്റ്റു പാർട്ടിയിൽ ചേർന്നു. വിമോചന സമരക്കാലത്ത് കിടമത്സരം ശക്തി പ്രാപിച്ചു.

ഒരു ഭാഗത്ത് പുല്ലാനിക്കാട്ടെ ചന്ദ്രശേഖരന്റെയും മറുഭാഗത്ത് രാജശേഖരൻ മാഷുടെയും നേതൃത്വത്തിലാണ് കമ്യൂണിസ്റ്റു പാർട്ടിയുടെ കാട്ടൂർക്കടവിലെ ധ്രുവീകരണം ഉണ്ടായത്. ചെറുവത്തേരി ചക്രപാണിവാര്യർ രാജശേഖരനൊപ്പം നിന്നു. ഇടക്ക് വന്നുള്ള സി.എച്ച്.കണാരന്റെ ഇടപെടലാണ് കാര്യങ്ങൾ മാറ്റി മറിച്ചത്. തൂക്കം ഇടത്തോട്ടായി. ശരിക്കു പറഞ്ഞാൽ സി.അച്ചുതമേനോന് നേരിട്ടറിയാവുന്നവരായിരുന്നു കാട്ടൂർക്കടവിലെ മുഴുവൻ പ്രവർത്തകരും. പക്ഷേ അദ്ദേഹം അങ്ങനെ ആളെ പിടിക്കാൻ ഇറങ്ങിയില്ല.

സി.എച്ച്.കണാരൻ ഊണും ഉറക്കവുമില്ലാതെ കേരളം മുഴുവൻ സഞ്ചരിക്കുകയായിരുന്നു അന്ന്. പാർട്ടി പിളർന്നതിന്റെ സങ്കടത്തിൽ നിഷ്‌ക്രിയരായി വീട്ടിൽ തന്നെ ഇരിക്കുന്ന ആയിരക്കണക്കിനു പ്രവർത്തകരുണ്ടായിരുന്നു. സി.എച്ച്. ചെല്ലുമ്പോൾ പലരും കിടക്കുകയാണ്. നിരാശ ബാധിച്ച് പകലും രാത്രിയും ഉറക്കം. ഊണും കുളിയും ഇല്ല. ലോകത്തോടു തന്നെ വിരോധമാണ്.

"ഞാൻ ഒരെടത്തിക്കും ഇല്ല സിയെച്ചേ.'
ചിലർ ഉറക്കച്ചടവോടെ പറഞ്ഞു.
"താൻ ഒരെടത്തേക്കും പോണ്ട. എന്റെ കൂടെ വന്നാ മതി. ഏക്കെജി പറഞ്ഞയച്ചട്ടാ ഞാൻ വന്നേക്കണ് അറിയ്യോ?'
സി.എച്ച് എല്ലാവരേയും കുത്തിയിളക്കി. കമ്മിറ്റികൾ കൂടി ചർച്ച നടത്തി. പൊതുയോഗങ്ങൾ സംഘടിപ്പിച്ചു.

അദ്ദേഹം രാജശേഖരൻ മാഷുടെ വീട്ടിലെത്തിയത് ഒരു പുലർച്ചക്കാണ്. കുളിക്കാമെന്ന് മാഷ് പറഞ്ഞപ്പൊ സി.എച്ച്.പറഞ്ഞു:
"കുളീം പല്ലുതേപ്പും ഒന്നൂല്യാണ്ടായിട്ട് മാസങ്ങളായി. അതിനൊന്നും ഇപ്പൊ നേരല്യ. അവരടെ കയ്യില് പാർട്ടീടെ പേരും കൊടീം അടയാളോം പത്രോം ആപ്പീസുകളും ഉണ്ട്. നമ്മടെ കയ്യില് ജനങ്ങള് മാത്രേള്ളു. ഇവടത്തെ ആൾക്കാരെ വിളിച്ചു കൂട്ടാൻ തനിക്കു പറ്റ്വോ? അവരെ കാര്യങ്ങള് പറഞ്ഞ് ബോധ്യപ്പെടുത്തണ കാര്യം ഞാനേറ്റു.'

ഇരിങ്ങാലക്കുട ആൽത്തറയിലാണ് അന്ന് യോഗം ചേർന്നത്. സംഗതി വലിയ വിജയമായി. നൂറുകണക്കിന് ആളുകൾ വന്നു. സി.എച്ച്.കണാരൻ നാലു മണിക്കൂറാണ് പ്രസംഗിച്ചത്. സി.എച്ച്. ചോദിച്ചു:
"സഖാവ് ഏക്കേജീനെ ഒറ്റികൊടുക്കാനാണ് അവര് ശ്രമിച്ചത്. രാജ്യത്തെ ജനങ്ങൾ പട്ടിണി കെടക്കണ് കണ്ട് സഹിക്കവയ്യാണ്ട് ബ്രിട്ടീഷുകാരടെ വെല്ലൂർ ജയിലീന്നു ചാടിപ്പോന്ന ആളാണ് എ.കെ.ജി. സഖാവിനെ ചതിക്കാൻ ശ്രമിച്ച വലതൻമാരെ അങ്ങനെ വെറുതെ വിടാൻ പാടുണ്ടോ? നിങ്ങള് പറയ്?'

"ഇല്ല, പാടില്ല. വെക്കട വലതാ ചെങ്കൊടി താഴെ. വെച്ചില്ലെങ്കിൽ വെപ്പിക്കും.'
ആളുകൾ അത്യുച്ചത്തിൽ ആർത്തുവിളിച്ചു.

കൽക്കത്താ മാധവൻ പറഞ്ഞു.
"ഏക്കേജീരെ ഫോട്ടോ വെച്ചട്ടായിരുന്നു എടതരടെ കളി മുഴ്വേനും. അവര് അദ്ദേഹത്തിന്റെ ഷഷ്ഠിപൂർത്തി കെങ്കേമായിട്ട് ആഘോഷിച്ചു. ഏക്കേജി അന്ന് ജയിലിലാണ്. എടതുപക്ഷത്തെ മുഴുവൻ നേതാക്കളേം ചൈനാച്ചാരന്മാരാന്ന് പറഞ്ഞട്ട് അന്ന് ജയിലിലിട്ടു. ഈയെമ്മസ്സ് മാത്രണ്ട് പൊറത്ത്. മതീലോ! അപ്പഴാണ് അറുപത്തഞ്ചിലെ എലക്ഷൻ വരണത്. എലക്ഷനില് രണ്ടു പാർട്ടികളും ഒന്നിച്ച് മത്സരിക്കാൻ ആലോചിച്ചതാണ്. അതുണ്ടായെങ്കില് ചരിത്രം വേറൊന്നായേനെ. അന്ന് മുന്നണി സർക്കാരുണ്ടാവും. എമ്മനോ, കെ.സി.ജോർജോ മുഖ്യമന്ത്രിയാവും. സി.പി.ഐ. ഒന്നാമത്തെ പാർട്ടി ആയേനെ. ഒറ്റക്ക് മത്സരിച്ചപ്പൊ എലക്ഷൻ ആളെണ്ണിക്കാണിച്ചു തന്നു. നമ്മള് നെരപ്പായി. ആകെ കിട്ടിയത് മൂന്ന് സീറ്റ്.'

അന്നത്തെ പരാജയത്തിന്റെ ഭാരം ഇപ്പോഴുമുള്ള പോലെ കൽക്കത്താ മാധവൻ തലകുനിച്ചു നിന്നു. നരച്ച താടിരോമങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ ചുണ്ടുകൾക്ക് ചുവപ്പുനിറം ഏറിയതായി ദിമിത്രിക്കു തോന്നി. കവിളുകൾ ചീർത്തു തൂങ്ങിയിരിക്കുന്നു. കണ്ണുകളിൽ ചോരപ്പടർപ്പ്. വസ്ത്രങ്ങൾ വല്ലാതെ മുഷിഞ്ഞതാണ്. പാന്റിന്റെ പോക്കറ്റിൽ നിന്നും പുകയിലയെടുത്ത് അയാൾ ചവച്ചു.

"എന്തൊരു വക ധർമ്മസങ്കടാന്ന് ആലോചിക്ക്യാ.'
അദ്ദേഹം പറഞ്ഞു.

പുല്ലാനിക്കാട് ബംഗ്ലാവിൽ വെച്ച് പി.കെ.കുമാരനുമായി ആലോചിച്ചതിന്റെ വെളിച്ചത്തിൽ മാധവനും ചന്ദശേഖരനും രംഗത്തിറങ്ങിയിരുന്നു. അവർ വീടുകളിൽ കയറിയിറങ്ങി. കുറച്ചു പേരെ അവരുടെ പക്ഷത്തേക്ക് കിട്ടിയിരുന്നു. പൈക്കണ്ണിനടയിൽ കാളവേല നടക്കുന്ന കാലമാണ്. മൈതാനത്ത് അവർ പൊതുയോഗം സംഘടിപ്പിച്ചു. യുവനേതാവ് വി.വി.രാഘവനാണ് പ്രസംഗിക്കാൻ വന്നത്. നല്ലൊരു കൂട്ടം ആളുകൾ വി.വി.യെ കേൾക്കാൻ വന്നു.

അക്കാലത്ത് പൈക്കണ്ണി മൈതാനത്തെ വടക്കേ ആലിന്റെ ചുവട്ടിൽ ഒരു "തത്വവിചാരസംഘം' പ്രവർത്തിച്ചിരുന്നു. എന്നു വെച്ചാൽ ഏതാണ്ട് പകൽ മുഴുവൻ ഒരു കൂട്ടം ആളുകൾ ആൽമരത്തണലിൽ കൂടിയിരുന്ന് സംസാരിക്കും. രാഷ്ട്രീയം, സാഹിത്യം, തത്വചിന്ത, യുദ്ധം എന്നിവയായിരുന്നു പ്രധാന വിഷയങ്ങൾ. മദ്രാസിലെ റോയൽപേട്ടിലെ കേരളാമെസ്സിൽ കുക്കായിരുന്ന പോള രാമകൃഷ്ണനായിരുന്നു അതിന്റെ നേതാവ്. പിന്നെ ബാർബർഷാപ്പ് മകനെ ഏൽപ്പിച്ചു കൊടുത്ത നേതാജി സഹദേവൻ. പണിക്കിടയിലെ ഇടവേളകളിൽ ചില ചെത്തുതൊഴിലാളികളും എത്തിയിരുന്നു. തത്വവിചാരക്കാർ ഏതെങ്കിലും പാർട്ടിയിലോ സാമൂഹ്യസംഘങ്ങളിലോ പ്രവർത്തിച്ചിരുന്നില്ല. എല്ലാത്തിൽ നിന്നും സമദൂരത്തിൽ അകന്നു നിൽക്കുകയാണ് അവർ പതിവ്. വീടുകളിൽ നിന്ന് പ്രാതൽ കഴിച്ച് പത്തു മണിയോടു കൂടി എല്ലാവരും എത്തും. ഉച്ചക്ക് വീട്ടിൽ പോയി ഊണു കഴിച്ച് ചെറിയ ഒരു ഉച്ചമയക്കം കഴിഞ്ഞ് തിരിച്ചു വരും. ബോംബെയിൽ നിന്ന് വടശ്ശേരി രാമൻ നായർ വന്ന് തന്റെ അമ്മ അമ്മാളുക്കുട്ടിയമ്മയുടെ സ്മരണക്കായി വടക്കേ ആലിന് ആൽത്തറ പണിതതോടെ സംഘം അതിന്റെ മുകളിൽ കയറിയിരിക്കാൻ തുടങ്ങി.

പൈക്കണ്ണിനടയിലാണ് അക്കാലത്ത് എല്ലാ രാഷ്ട്രീയപാർട്ടികളും പൊതുയോഗങ്ങൾ നടത്തിയിരുന്നത്. തത്വവിചാരസംഘത്തിലെ അംഗങ്ങൾ എല്ലാ യോഗങ്ങളിലും സംബന്ധിക്കുക പതിവുണ്ട്. പ്രാസംഗികരോട് അവർ ചോദ്യങ്ങൾ ഉന്നയിക്കും. ഇതുമായി ബന്ധപ്പെട്ട് ചിലപ്പോൾ തർക്കങ്ങളും സംഘർഷങ്ങളും ഉണ്ടാവാറുണ്ട്.
കാളവേലക്കാലത്ത് പൈക്കണ്ണി നടയിൽ ചേർന്ന യോഗത്തിൽ ഹാജരായി അവർ വി.വി.രാഘവനു നേരെ താഴെപ്പറയുന്ന ചോദ്യങ്ങൾ ഉന്നയിച്ചു.

1. സോഷ്യലിസ്റ്റ്, സാമ്രാജ്യത്ത ക്യാമ്പുകൾ തമ്മിൽ സമാധാനപരമായ സഹവർത്തിത്തമാണ് വേണ്ടതെന്നാണ് പുതിയ സി.പി.എസ്.യു. പ്രമേയം പറയുന്നത്. സഖാവ് അതിനോട് യോജിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ രാജ്യത്ത് ഒരു വിപ്ലവപാർട്ടിയുടെ ആവശ്യമുണ്ടോ?

2. ചൂഷണവും മർദ്ദനവും അതേപടി തുടരുകയും ബഹുഭൂരിപക്ഷം ജനങ്ങൾ പട്ടിണി കിടക്കുകയും ചെയ്യുന്ന ഒരു രാജ്യം സ്വാതന്ത്ര്യവും പരമാധികാരവും നേടി എന്നു പറയുന്നത് എന്ത് അർത്ഥത്തിലാണ്?

3. ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിൽ വന്നതാണ് 1957ലെ കേരള സർക്കാർ. സാമാജ്യത്വശക്തികളുടെ പിൻബലത്തോടെയാണ് ഇവിടെ വിമോചന സമരം എന്ന പേരിൽ ജാതിമത പേക്കൂത്ത് നടന്നത്. ആ സമരത്തിന്റെ പേരിൽ ഇവിടത്തെ സർക്കാരിനെ പിരിച്ചുവിട്ട ജവഹർലാൽ നെഹ്രു എങ്ങനെയാണ് സാമ്രാജ്യത്വ വിരോധി ആവുന്നത്?

4. സ്വാതന്ത്ര്യ സമ്പാദനത്തിനു ശേഷം പതിനേഴു വർഷങ്ങൾ പിന്നിട്ടു. രാജ്യത്ത് നിലനിൽക്കുന്ന അറു പിന്തിരിപ്പൻ ഫ്യൂഡൽ നാടുവാഴി വ്യവസ്ഥക്കെതിരെ ദേശീയ ബൂർഷ്വാസിയുടെ നേതൃത്വത്തിലുള്ള സർക്കാർ എന്താണ് ചെയ്തത്?

തന്റെ പ്രസംഗം നിർത്തി കസേരയിൽ ഇരുന്നു കൊണ്ടാണ് വി.വി. ചോദ്യങ്ങൾ ശ്രവിച്ചത്. പിന്നീട് എഴുന്നേറ്റു നിന്ന് അദ്ദേഹം പറഞ്ഞു:

"പണ്ഡിതന്മാരായ എന്റെ സ്‌നേഹിതന്മാർ വളരെ പ്രധാനപ്പെട്ട ചോദ്യങ്ങളാണ് ഇവിടെ ഉന്നയിച്ചിട്ടുള്ളത്. ഇതിലെ പല ചോദ്യങ്ങൾക്കമുള്ള ഉത്തരം എനിക്കും ലഭിച്ചിട്ടില്ല എന്ന സത്യം ഞാൻ പറയട്ടെ. പലതും എന്റെ മനസ്സിൽ ചുട്ടുനീറിക്കിടക്കുന്നുണ്ട്. എന്തായാലും ഇവക്കുള്ള ഉത്തരം മുഴുവൻ ഈ പൈക്കണ്ണി മൈതാനത്ത് വെച്ച് പറഞ്ഞു തീർക്കേണ്ടതാണെന്ന് ഞാൻ കരുതുന്നില്ല. സമൂഹം കരുതലോടെ ചർച്ച ചെയ്ത് കണ്ടത്തേണ്ടതാണ്. ഇത്തരം സമുന്നതമായ ചോദ്യങ്ങൾക്ക് കൂട്ടായ ചിന്തയിലൂടെ മറുപടി കണ്ടെത്തുന്നതാണ് കമ്യൂണിസ്റ്റ് രീതി. അതിനു പകരം തങ്ങൾ പിടിച്ച മുയലിന്റെ കൊമ്പിനെക്കുറിച്ച് അഹങ്കരിച്ച് ജനലക്ഷങ്ങളുടെ കമ്യൂണിസ്റ്റു പാർട്ടിയിൽ നിന്ന് ചിലർ ഇറങ്ങിപ്പോയതിനെയാണ് ഞാൻ വിമർശിക്കുന്നത്. രക്തസാക്ഷികളുടെ പാർട്ടിയെ പിളർത്താൻ ആരാണ് അവർക്ക് അധികാരം കൊടുത്തിട്ടുള്ളത്?'

പൊതുവെ സമാധാനപരമായിട്ടാണ് ഇരുപക്ഷത്തേയും യോഗങ്ങളും പ്രകടനങ്ങളും കടന്നു പോയത്. പക്ഷേ കാട്ടൂർക്കടവിന് തെക്ക് പടിയൂരിലെ ചെട്ടിമുക്കിൽ ഒരു പൊതുയോഗം കഴിഞ്ഞ രാത്രി ഇരുപക്ഷത്തുമുള്ള ചില വീടുകൾ ആക്രമിക്കപ്പെട്ടു. സംഘർഷം തൽക്കാലം ശമിച്ചുവെങ്കിലും 1967 ലെ സർക്കാരിന്റെ പതനത്തിനു ശേഷം മൂർച്ഛിച്ചു. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിരന്തരം ഉണ്ടായി. ചില ഗുണ്ടകൾ രൂപപ്പെട്ടു വന്നു. ഒന്നോ രണ്ടോ കൊലപാതകങ്ങളും ഉണ്ടായി.

1965 ലെ തെരഞ്ഞെടുപ്പിൽ പി.കെ.ചാത്തൻ മാസ്റ്റരായിരുന്നു ഇരിഞ്ഞാലക്കുടയിൽ സി.പി.ഐ.യുടെ സ്ഥാനാർത്ഥി. അരിവാളും കതിരും അടയാളം. സി.പി.എമ്മിന് ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്നു. ഒരു വക്കീൽ അപ്പുക്കുട്ടമേനോൻ. തുലാസ് അടയാളം. ഇരുപാർട്ടികളും പരാജയപ്പെട്ടു. കോൺഗ്രസ്സിലെ കെ.ടി.അച്ചുതൻ വക്കീലാണ് ജയിച്ചത്.

കൽക്കത്താ മാധവൻ പറഞ്ഞു:
"തെരഞ്ഞെടുപ്പിന്റെ എടേലാണ് പി.കെ.മീനാക്ഷി ഇടതുപക്ഷത്താന്ന് ഞങ്ങള് അറിയണ്. ആ കുടുംബം എവടെക്കും ഇല്ലാണ്ട് അങ്ങനെ നിക്ക്വാർന്നു. എടതുകാരടെ തെരഞ്ഞെടുപ്പ് റാലി നമ്മുടെ ആപ്പീസിന്റെ മുമ്പീക്കൂടി പൂവാർന്നു. അപ്പൊ അവടെ അന്ന് ഇ.ഗോപാലകൃഷ്ണമേനോൻണ്ട്. അദ്ദേഹം പറഞ്ഞു:
"മീനാക്ഷ്യല്ലേ ആ പോണത്? ആ കുട്ടീം അപ്രത്തിക്ക് പോയോ?'

"തെരഞ്ഞെടുപ്പിന്റെ റിസൽറ്റ് ങ്ങനെ വന്നോണ്ടിരുന്നു. ആലപ്പൊഴേല് സുഗതൻ സാറ് തോറ്റുന്നറിഞ്ഞപ്പൊ പിന്നെ ഞാൻ നിന്നില്ല. രാത്ര്യാണ് സമയം. ചെറബണ്ടുമ്മക്കൂടെ നേരെ നടന്നു. പുലർച്ച നേരത്ത് തൃശൂരെത്തി. സ്റ്റേഷനില് ചെന്ന് കിട്ട്യ വണ്ടിക്ക് കേറി. ആദ്യം ബോംബേലാ എത്തീത്. അവടെ നിന്നട്ട് ഗതി പിടിക്ക്യാണ്ടായപ്പൊ കൽക്കത്തക്ക് പോയി.'

കെ.എന്ന എഴുത്തുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടരുന്നു:
"ഏതാണ്ട് മുവ്വായിരം ചികിരിപ്പണിക്കാർ അന്ന് കാനോലിക്കനാലിന്റെ കരകളിൽ ഉണ്ടായിരുന്നു. കാട്ടൂർക്കടവിൽത്തന്നെ രണ്ടു യൂണിറ്റുകൾ. തൊഴിലാളികളിൽ തൊണ്ണൂറു ശതമാനവും സ്ത്രീകളാണ്. എ.ഐ.ടി.യു.സി.യുടെ നേതൃത്വത്തിലുള്ള ഒരു യൂണിയൻ മാത്രമാണുണ്ടായിരുന്നത്. സമരകാലത്ത് കെ.കരുണാകരൻ വന്ന് ഐ.എൻ.ടി.യു.സി. സ്ഥാപിച്ചു.

"മിനിമം വേജസിനു വേണ്ടിയായിരുന്നു സമരം. അംഗീകരിക്കപ്പെട്ട വേതനം നൂറ് തൊണ്ടിന് ഒരു രൂപ രണ്ടണ ആയിരുന്നു. അത് കൊടുക്കാൻ മുതലാളിമാർ തയ്യാറായിരുന്നില്ല. ഡിമാന്റ് നോട്ടീസ് കിട്ടിയപ്പോൾ അവർ യൂണിറ്റുകൾ അടച്ചിട്ടു. കുഴികളിൽ കിടക്കുന്ന അഴുകിയ തൊണ്ട് പുറത്ത് കൊണ്ടുപോകാനായിരുന്നു പിന്നെ അവരുടെ ശ്രമം. അതു തടയലായിരുന്നു സമരം.

"അന്ന് പനമ്പിള്ളി ഗോവിന്ദമേനോനായിരുന്നു തിരുകൊച്ചി മുഖ്യമന്ത്രി. ജോസഫ് മുണ്ടശ്ശേരിയും കെ.കെ.വാര്യരും മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഫലമുണ്ടായില്ല. സമരകേന്ദ്രങ്ങളിൽ പൊലീസ് കടന്നു. ഭീകരമായ ലാത്തിച്ചാർജ് ആയിരുന്നു. അറസ്റ്റ് ചെയ്തവരെ ലോക്കപ്പിൽ കൊണ്ടുപോയി മർദ്ദിച്ചു. ആലപ്പുഴ നിന്ന് ആർ.സുഗതന്റെ നേതൃത്വത്തിൽ സമരസഹായ ജാഥ കയർ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് കണ്ടശ്ശാൻകടവിൽ എത്തി.

"ആറു സുഗതനല്ല; നൂറു സുഗതൻ വന്നാലും അടിച്ചമർത്തുമെന്ന് കെ.കരുണാകരൻ പ്രഖ്യാപിച്ചു.

"1955 ഒക്ടോബർ വരെ 236 സ്ത്രീകൾ ഉൾപ്പടെ 418 പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കാട്ടൂർക്കടവിലെ മണ്ണാൻതുരുത്തിൽ നിന്ന് കൗസല്യ എന്ന സ്ത്രീ പത്തു വയസ്സുള്ള മകൾ മീനാക്ഷിയോടൊപ്പമാണ് അറസ്റ്റ് വരിച്ചത്. ലോക്കപ്പിൽ വെച്ച് മർദ്ദനമേറ്റ കൗസല്യ പിന്നീട് രോഗിയായി അകാലത്തിൽ മരിച്ചു. മകൾ പി.കെ.മീനാക്ഷി പിന്നീട് സാമൂഹ്യപ്രവർത്തരംഗത്ത് സജീവമായി. ഒരു ഘട്ടത്തിൽ അവർ കാട്ടൂർക്കടവ് പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു.'

സമരചരിത്രത്തെ ഓർമ്മപ്പെടുത്തിയതിന് ആരാധകർ കമന്റുകളിലൂടെ കെ.യെ അഭിനന്ദിച്ചു. അതിനിടയിൽ ഡി.കാട്ടൂർക്കടവ് എഴുതി:
"ചകിരിപ്പണിക്കാരെ ചട്ടുകമാക്കി ഞങ്ങൾ അധികാരം പിടിച്ചു എന്നെഴുതിയാൽ മതിയല്ലോ. എന്തിനാണ് ഇത്രക്കും ഡെക്കറേഷൻ.'

(തുടരും)


അശോകൻ ചരുവിൽ

കഥാകൃത്ത്, നോവലിസ്റ്റ്. സാംസ്​കാരിക പ്രവർത്തകൻ. 2018 മുതൽ പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി. സൂര്യകാന്തികളുടെ നഗരം, അശോകൻ ചരുവിലിന്റെ കഥകൾ, ആമസോൺ, ജലജീവിതം, മരിച്ചവരുടെ കടൽ, കങ്കാരുനൃത്തം, കാട്ടൂർ കടവ്​ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

Comments