ചിത്രീകരണം: ഇ. മീര

കാട്ടൂർക്കടവ് 2018

15: ആത്മാവിന്റെ ശരികൾ

വിജിലൻസ് കേസിൽ മുപ്പതു ദിവസത്തേക്കാണ് ദിമിത്രിയെ റിമാണ്ട് ചെയ്തത്. നഗരത്തിൽ നിന്ന് തെല്ലുമാറി തിരക്കൊഴിഞ്ഞ സ്ഥലത്ത് ഒരു കൽമതിലിനകത്തെ പറമ്പിലായിരുന്നു വിജിലൻസ് കോർട്ട്. ഏതോ പഴയ കോവിലകമാണ്. കൽമതിൽ പൂപ്പൽ പിടിച്ചു കറുത്തിരുന്നു. ഒരു ഇരുനില വീട്. കാട്ടൂർക്കടവിലെ പഴയ കൊളംബ് ബംഗ്ലാവ് പോലെ തോന്നിച്ചു. പറമ്പിൽ വലുതും ചെറുതുമായ ധാരാളം മരങ്ങൾ. പൂമരങ്ങളുമുണ്ട്. അതിരിൽ മഞ്ഞമുളങ്കൂട്ടങ്ങൾ. ചവിട്ടുപടികൾ കയറിച്ചെല്ലുന്നത് ഒരു വലിയ ഹാളിലേക്കാണ്. അവിടെ വെച്ചായിരുന്നു നടപടികൾ.
"താങ്കൾക്ക് എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ തോന്നുന്നുണ്ടോ?'
ജഡ്ജി ചോദിച്ചു.
"ഇല്ല.' അയാൾ മറുപടി പറഞ്ഞു.

ജെയിലിലേക്കുള്ള ജീപ്പിൽ കയറുമ്പോൾ വിജിലൻസ് ഓഫീസർ പറഞ്ഞു:
"ഞങ്ങളോട് വിരോധം തോന്നരുത്. ഞങ്ങൾ വെറും ഉപകരണങ്ങളാണ്. താങ്കൾ പരിഭ്രമിക്കാതിരിക്കൂ. എല്ലാം നല്ലതിനാന്ന് വിചാരിക്ക്യാ. എന്റെ അപ്പൻ അങ്ങന്യാ പറയാറ്. കർത്താവിനു പോലും അവസാനം കുരിശല്ലേ കിട്ട്യേത്?'

പക്ഷേ ദിമിത്രിക്ക് അപ്പോൾ പരിഭ്രമമൊന്നും തോന്നിയില്ല. ആദ്യഘട്ടത്തിലുണ്ടായ അസ്വസ്ഥതകളൊക്കെ അവസാനിച്ചിരുന്നു. കുളിർകാറ്റ് കൊണ്ടപോലെ അയാൾ ദീർഘമായി ഒന്നു ശ്വസിച്ചു. കോർട്ടിന്റെ പരിസരത്തെ നാനാതരം ചെടികളിലേക്കും മരങ്ങളിലേക്കും അയാൾ നോക്കി. അതിൽ ചിലത് പരിചയമുള്ളവയായിരുന്നു. വെളുത്ത പൂക്കളുള്ള ഒരിനം മന്ദാരം. ഒരു പാരിജാതം. നീലശംഖുപുഷ്പങ്ങൾ പടർത്തിയത് കണ്ടു. പിന്നെ പലനിറങ്ങളിലുള്ള രാജമല്ലികൾ. മുള്ളുകളുള്ള ഒരു ചെടിയാണത്. പുല്ലാനിക്കാട്ടെ കയ്യാലക്കപ്പുറത്ത് കനാൽ വരെയുള്ള നടപ്പാതയിൽ അത്തരം ചെടികൾ ധാരാളമുണ്ടായിരുന്നു. പൂ കൊഴിഞ്ഞാലുണ്ടാവുന്ന അതിന്റെ കായയിൽ അടുക്കി വെച്ചപോലെ വിത്തുകൾ ഉണ്ടാകും. കുട്ടികൾ അതു തിന്നാറുണ്ട്.

സത്യത്തിൽ ഒരുവക നിർവ്വികാരതയാണ് അയാൾക്കനുഭവപ്പെട്ടത്. മനുഷ്യർ കലമ്പുന്ന ലോകങ്ങൾ വിട്ടുപോന്ന പോലെ തോന്നി. സസ്യങ്ങൾ മാത്രമുള്ള പ്രകൃതിയിലേക്ക് കടന്നിരിക്കുന്നു. നീർച്ചാലുകൾ. ചെറിയ പൊയ്കകൾ. അരയന്നങ്ങൾ നീന്തുന്നു. അയാൾ ഭാരം നഷ്ടപ്പെട്ട് അന്തരീക്ഷത്തിൽ പറക്കുകയാണ്. അതിന്റെ ഭാഗമായ ആശ്വാസം അനുഭവപ്പെട്ടു.

ഉച്ചക്ക് മുമ്പ് പതിനൊന്ന് മണിക്ക് ആരംഭിച്ച റെയ്ഡിന്റെ നടപടികൾ പൂർത്തീകരിച്ച് കച്ചേരി ബംഗ്ലാവിൽനിന്നിറങ്ങിയപ്പോൾ മൂന്നുമണി കഴിഞ്ഞിരുന്നു. ഒരുപാട് മൊഴികളും മഹസ്സറുകളും റിപ്പോർട്ടുകളും എഴുതാനുണ്ടായിരുന്നു. സാക്ഷിയായി കൊണ്ടുവന്ന ഡെപ്യുട്ടി തഹസിൽദാർ അക്ഷമ പ്രകടിപ്പിച്ചു.
"ഇപ്പൊത്തന്നെ തിരിച്ചു പൂവ്വാന്നെച്ചട്ടാ ഞാൻ വന്നത്. നാളെ ഒന്നാം തീയതിയാണ്. കളക്ടറേറ്റില് കോൺഫ്രൻസൊള്ളതാ. കൊറേ സ്റ്റേറ്റുമെന്റുകള് കമ്പയിൽ ചെയ്തുണ്ടാക്കണം. അതിന്റെ എടേന്നാ ഞാൻ എണീറ്റു പോന്നിരിക്കണ്.'
വിജിലൻസ് ഓഫീസർ ആ വർത്തമാനത്തെ ഗൗനിച്ചില്ല.

ആപ്പീസറുടെ ചോദ്യങ്ങൾക്കെല്ലാം ദിമിത്രി കൃത്യമായ മറുപടികൾ നൽകി. എല്ലാ കടലാസുകൾക്കു താഴെയും "മൊഴി വായിച്ചു കേട്ടു, ശരി' എന്നെഴുതി ഒപ്പിട്ടു. ആപ്പീസുമുറിയിൽ പലയിടങ്ങളിലായി പ്രതിമകൾ പോലെ നിശ്ശബ്ദം നിൽക്കുന്ന റിക്കാർഡ്‌സ് ആപ്പീസറേയും ക്ലർക്കുമാരെയും നോക്കി ചെറിയമട്ടിൽ ചിരിക്കാനും അയാൾക്ക് കഴിഞ്ഞു.

പക്ഷേ പുറത്തേക്കു നോക്കിയപ്പോൾ അയാൾ അമ്പരന്നു. നിരവധി കാഴ്ചക്കാരുണ്ട്. കച്ചേരിയുടെ ഇറയത്തും മുറ്റത്തും പറമ്പിലും റോട്ടിലും ആളുകളുണ്ട്. മരണവീട്ടിൽ ശവമെടുപ്പ് കാത്ത് എന്നപോലെ ജനങ്ങൾ ഓരോരോ ചെറിയ കൂട്ടങ്ങളായി നിന്നു സംസാരിക്കുന്നു. വിവരം കേട്ടറിഞ്ഞ് എത്തിയിരിക്കുന്നവരുടെ സൈക്കിളുകളും ബൈക്കും കൊണ്ട് അവിടെ നിറഞ്ഞു. ബദാംമരത്തിൽ ചാരിവെച്ചിരുന്ന കുറേ സൈക്കിളുകൾ നിലത്തു വീണുകിടക്കുന്നത് ദിമിത്രി കണ്ടു.

"ആളുകൾ അൽപ്പമൊന്ന് ഒഴിഞ്ഞുമാറി നിൽക്കണം. പ്രതിയെ പുറത്തേക്കു കൊണ്ടുവരികയാണ്. മാറിനിൽക്ക്. മാറാനല്ലേ പറഞ്ഞത്.'
വിജിലൻസ് അസിസ്റ്റന്റ് ശബ്ദമുയർത്തി.

ആപ്പീസറുടെ പിന്നിലായി കച്ചേരിബംഗ്ലാവിന്റെ പടികൾ ഇറങ്ങുമ്പോൾ തുണിനടുത്തെ ജനക്കൂട്ടത്തിൽ നികുഞ്ജത്തിൽ മാധവമേനോൻ നിൽക്കുന്നത് ദിമിത്രി കണ്ടു. ക്ഷോഭവും സന്തോഷവും കൂടിക്കലർന്ന് ആ ചെറിയ മുഖം ഗൗരവാകൃതി പൂണ്ടു. അദ്ദേഹം ഒന്നും പറഞ്ഞില്ല. പക്ഷേ തൂണിനു പിന്നിൽ നിന്ന് ചില അനുയായികൾ സംസാരിച്ചു:
"മാസാമാസം ട്രഷറീന്ന് ശമ്പളം എണ്ണി വാങ്ങണ ശവികളാണ് ഈ കൈക്കൂലി മേടിക്കണ്. ഇവറ്റകൾക്ക് പോയി തുങ്ങിച്ചത്തൂടെ?'

"അട്ടേപ്പിടിച്ച് മെത്തേക്കെടത്ത്യാ അത് കെടക്കോ? എവടെച്ചെന്നാലും മനുഷ്യൻ ജന്മസ്വഭാവം കാണിക്കും. ഈ കച്ചേരി ബംഗ്ലാവില് ഇങ്ങനെ ഒരു സംഭവം മുമ്പുണ്ടായിട്ടില്ല. എത്ര തമ്പുരാമ്മാരും തിരുമേനിമാരും ഇരുന്ന് ജോലി ചെയ്ത ആപ്പീസാ ഇത്. കാലം മാറി. പുരോഗമനം വന്നു. അലവലാതികള് കേറി വന്നു.'

"മണ്ണാൻതുരുത്തിലെ ഒടിയൻ കണ്ടൻകുട്ടീരെ പേരച്ചെക്കൻ കൊളംബ് ബംഗ്ലാവിലെ കാർന്നോരാന്ന് വിചാരിച്ച് ഒന്ന് നെഗളിച്ചു. ഒരു തറവാട് കൊളംതോണ്ട്യ അന്തകവിത്താണ്. മാന്യമ്മാരെ കണ്ടാ തിരിച്ചറിയായ വന്നു. അതാപ്പൊണ്ടായേ.'

"ആദ്യം ആപ്പീസും കസേരേം ചാണോംവെള്ളം തെളിച്ച് ശുദ്ധിയാക്കണം. ന്നട്ട് പൈക്കണ്ണീന്ന് പുണ്യാഹം കൊണ്ടരണം.'
ആരോക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
​ദിമിത്രി തിരിഞ്ഞു നോക്കാതെ ജീപ്പിലേക്കു കയറി. ആളുകൾ ജീപ്പിനടുത്തേക്ക് ഇരച്ചു വന്നു. ഒരു കൂട്ടം ആളുകൾ വലിയ വായിൽ കൂവി വിളിച്ചു. ആ സമയത്താണ് ഒരു സംഘം പാട്ടകൊട്ടുകാർ വന്നത്. ഒഴിഞ്ഞ ബിസ്‌ക്കറ്റ് പാട്ടകളാണ്. അതിന്മേൽ വടികൊണ്ടടിച്ച് വലിയ ശബ്ദമുണ്ടായി.

"കൈക്കൂലി മഹാരാജാവ് എഴുന്നുള്ളുന്നേയ്, ആർപ്പെയ്, ആർപ്പെയ്.'
എല്ലാവരും ചേർന്നു വിളിച്ചു. ആരോ പടക്കം പൊട്ടിച്ചു. കയ്യിൽ ഞാത്തിയിട്ടു പൊട്ടിക്കാവുന്ന മാലപ്പടക്കമാണ്.

ഒരാൾ ഒരു ചെരിപ്പുമാല ഉയർത്തിപ്പിടിച്ചു. അയാൾ ഓഫീസറോട് ആവശ്യപ്പെട്ടു.
"ഞങ്ങൾക്കിയാളെ ഈ മാല ഇടീക്കണം.'

"സാധ്യമല്ല.'
ഓഫീസർ പറഞ്ഞു.
രംഗം സംഘർഷഭരിതമായി. ആളുകൾ വീണ്ടും ഒച്ചവെച്ചു.

"ഞാൻ ഇവിടത്തെ കരയോഗം സെക്രട്ടറിയാണ്. ഈ മാല ഇയാളുടെ കഴുത്തിലിടണമെന്ന് യോഗത്തിന്റെ തീരുമാനമാണ്. പോലീസ് സഹകരിക്കണം.'

"ദയവ് ചെയ്ത് നിങ്ങൾ അകന്നു നിൽക്കണം. നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കാൻ കഴിയില്ല. മാറിയില്ലെങ്കിൽ ഞങ്ങൾ ബലം പ്രയോഗിക്കും.'

വലിയശബ്ദത്തിൽ ഹോണടിച്ച് ജീപ്പ് മുന്നോട്ട് നീങ്ങി. പണ്ടെന്നോ കണ്ടു മറന്ന ലോകങ്ങളിലൂടെയുള്ള ഒരു യാത്രയായിട്ടാണ് അത് ദിമിത്രിക്ക് തോന്നിയത്. കാട്ടൂർക്കടവ് അങ്ങാടി. കനാൽ വക്കത്തെ മരങ്ങൾ. വഴിയരികിലെ വീടുകൾ. പോംപെ മാത ഹൈസ്‌കൂൾ കവല. തെക്കേക്കര സോമിൽ. ചെറുപുഷ്പം മിഷൻ ഹോസ്പിറ്റൽ. സെന്റ് സെബാസ്റ്റിനോസ് പള്ളി. ബണ്ട് റോഡ്. തണ്ണിച്ചിറകായൽ കോൾപ്പടവുകൾ. പൈക്കണ്ണി മൈതാനത്തെ ആൽത്തറകളിൽ പതിവുപോലെ ആളുകൾ ഇരിക്കുന്നുണ്ട്. പോലീസ് ജീപ്പ് കടന്നു പോകുന്നത് അവർ ശ്രദ്ധിക്കുന്നു.

കോർട്ടിലെ നടപടികൾ പൂർത്തിയായപ്പോൾ ദിമിത്രി, നിത്യാനന്ദസ്വാമി ഉപദേശിച്ചു കൊടുത്ത അഷ്ടാക്ഷരി മന്ത്രം മനസ്സിൽ ഉരുവിട്ടു.
"ഓം നമോ നാരായണായ
ഓം നമോ നാരായണായ
ഓം നമോ നാരായണായ.'

ഈ സമയത്ത് ഉരുവിടേണ്ടത് ദുർഗ്ഗാമന്ത്രമാണെന്ന് അയാൾ ഓർത്തു. പക്ഷേ എത്ര ആലോചിച്ചിട്ടും അത് ഓർമ്മയിൽ വന്നില്ല. മന്ത്രങ്ങൾ എഴുവെച്ച കൈപ്പുസ്തകം ആപ്പീസിനകത്ത് മേശവലിപ്പിലാണ് ഉള്ളത്. ആ ലോകം ഇപ്പോൾ ഏറെ പിന്നിലാണ്.

ജില്ലാ റിക്കാർഡ്‌സ് ആപ്പീസിലെ പഴയ സഹപ്രവർത്തകൻ മഹർഷി ജയദേവൻ ചേട്ടനാണ് ദിമിത്രിയെ നിത്യാനന്ദന്റെ അടുത്തേക്ക് കൊണ്ടുപോയത്. അന്ന് ആശ്രമത്തിലെ ഒട്ടുമിക്ക പേരെയും പരിചയപ്പെട്ടു. പുരുഷോത്തമൻ വക്കീലും അവിടെ വന്നിരുന്നു.

നിത്യാനന്ദസ്വാമി ദിമിത്രിയോട് പറഞ്ഞു:
"ഇന്ന് ഇവിടെ വെച്ച് കണ്ടുമുട്ടുന്ന ഓരോരുത്തരും നിർണ്ണായക ഘട്ടങ്ങളിൽ നിങ്ങൾക്ക് തുണയായി വരും.'

"ജീവിതത്തിൽ ഒരുപാട് ദു:ഖങ്ങൾ അനുഭവിച്ച മനുഷ്യനാണ്.'
അങ്ങനെ പറഞ്ഞാണ് ജയദേവൻ ചേട്ടൻ ദിമിത്രിയെ നിത്യാനന്ദന് പരിചയപ്പെടുത്തിയത്. നിത്യാനന്ദൻ കുറേസമയം ദിമിത്രിയെ നോക്കിയിരുന്നു. എന്നിട്ടു മെല്ലെ ചിരിച്ചു.
"പൂർവ്വികരുടെ കൂട്ടത്തിൽ ഒരു ലോകസഞ്ചാരി ഉള്ളതായി കാണുന്നു.'

ദിമിത്രി കറുപ്പയ്യ സ്വാമിയെ ഓർത്തു.
"ഉവ്വ് കറുപ്പയ്യസ്വാമി എന്നു പറയും. ശ്രീനാരായണഗുരുവിന്റെ ശിഷ്യനായിരുന്നു. ജീവിതാന്ത്യത്തിൽ സന്യാസിയായി അലഞ്ഞു നടന്നു.'

നിത്യാനന്ദൻ പറഞ്ഞു:
"അതു കൊണ്ടായില്ല. സന്യാസവും കാവിയും കൊണ്ട് പൂർവ്വജന്മത്തിലെ പാപങ്ങൾ കഴുകിക്കളയാം എന്നു കരുതുന്നതിൽപ്പരം അബദ്ധമില്ല. ആ ആത്മാവിന് ഇപ്പോഴും ശാന്തി ലഭിച്ചിട്ടില്ല.'

വിജിലൻസ് കോർട്ട് വിട്ട് സെൻട്രൽ ജയിലിലേക്കുള്ള വഴിയിൽ ജീപ്പ് നഗരഹൃദയത്തിലേക്ക് കടന്നു. പ്രസിദ്ധമായ സ്വരാജ് റൗണ്ട്. പഴയതും പുതിയതുമായ കെട്ടിടങ്ങൾ. തേക്കിൻകാട് മൈതാനം. വൈകുന്നേരം നഗരത്തിലെ സർക്കാർ ആപ്പീസുകൾ വിട്ടു മടങ്ങുന്ന ഗുമസ്തന്മാർ ഒഴിഞ്ഞ ചോറ്റുപാത്രം വെച്ച ബാഗ് തൂക്കി മൈതാനത്ത് ചെന്നിരിക്കാറുണ്ട്. രണ്ടോ മൂന്നോ പേർ അടങ്ങുന്ന സംഘങ്ങളായിട്ടാണ് പോവുക. തെക്കേ ഗോപുരനടക്കു താഴെയോ മരങ്ങൾക്ക് ചുറ്റും കെട്ടിയ തറകളിലോ ഇരിക്കും. പകൽ ആപ്പീസിൽ നടന്ന കാര്യങ്ങളെക്കുറിച്ചാണ് അവർ സംസാരിക്കുക. പിന്നെ ജീവിതം എന്ന മഹാപ്രഹേളികയെക്കുറിച്ചുള്ള ചില തത്വവിചാരങ്ങൾ. എന്തുകൊണ്ട് ഈ ലോകം ഇത്രക്കും കൊള്ളരുതാത്തതായി? മനുഷ്യരെല്ലാം സ്വാർത്ഥരും കാപട്യക്കാരുമായിരിക്കുന്നു. നന്മയുടെ വെളിച്ചം കെട്ടുപോയിരിക്കുന്നു.

അവിടെ നിന്നും എഴുന്നേറ്റ് അവർ റൗണ്ടിലെ ഏതെങ്കിലും ഒരു ഇടത്തരം റെസ്റ്ററന്റിലേക്കു പോകും. മണീസിൽ നിന്നാണെങ്കിൽ നന്നായി മൊരിഞ്ഞ ഉഴുന്നുവടയും കാപ്പിയും. രാധാകൃഷ്ണയിലെ തെരക്കിനിടയിൽ ഇരുന്ന് മസാലദോശ. ശമ്പളദിവസമോ പതിവിൽ കവിഞ്ഞ കൈക്കൂലി കിട്ടിയ ദിവസമോ ആണെങ്കിൽ ഏതെങ്കിലും ഒരു ബാറിൽ കയറും. ബസ്സിന്റെ സമയം നോക്കി കൗണ്ടറിൽ ചെന്ന് നിന്ന് രണ്ട് ലാർജ് ഒറ്റവലിക്ക് കഴിക്കുകയാണ് പതിവ്. അതിനെ നിൽപ്പൻ എന്നാണ് അവർ പറയുക. സാവകാശമുണ്ടെങ്കിൽ എന്തെങ്കിലുമൊക്കെ മിണ്ടിയും പറഞ്ഞും അവിടത്തെ മങ്ങിയ വെളിച്ചത്തിൽ ഇരിക്കും.

അപുർവ്വം ചില സന്ദർഭങ്ങളിൽ ദിമിത്രിയും മദ്യശാലയിൽ പോകാറുണ്ട്. കൂട്ടുകൂടിയുള്ള മദ്യപാനത്തിന് അയാൾ ഒരിക്കലും ഒരുമ്പെട്ടിട്ടില്ല. മദ്യപിക്കുമ്പോൾ ഒറ്റക്കിരിക്കാനാണ് അയാൾ എപ്പോഴും ആഗ്രഹിച്ചിട്ടുള്ളത്. ഒറ്റക്കിരുന്ന് തന്നോടു തന്നെ സംസാരിക്കാനും സ്വയം വിചാരണ ചെയ്യാനുമുള്ള സ്ഥലമായി അയാൾ ബാറുകളെ കരുതി. ആളുകൾ ഒത്തുകൂടി ബഹളം വെക്കുന്ന സായാഹ്നങ്ങളല്ല, ചില ഉച്ചനേരങ്ങളാണ് അയാൾ അതിനു വേണ്ടി തെരഞ്ഞെടുക്കുക. ആപ്പീസിൽ നിന്നും രണ്ടു മണിക്കൂർ നേരത്തേക്ക് പെർമിഷൻ വാങ്ങും.

ഉച്ചസമയത്ത് ബാറിനകത്തെ മങ്ങിയ വെളിച്ചത്തിലേക്ക് കയറിച്ചെല്ലുമ്പോൾ ചെറിയമട്ടിൽ സംഭ്രമം തോന്നും. കുറച്ചു സമയത്തേക്ക് ചുറ്റുമുള്ളതൊന്നും കാണാനാവുകയില്ല. തപ്പിപ്പിടിച്ച് കസേരയിൽ ഇരുന്നു കഴിഞ്ഞാൽ അരികിൽ വരുന്ന ബെയററുടെ വെളുപ്പുടുപ്പും ശബ്ദവും മാത്രമേ തിരിച്ചറിയൂ.

"എന്താണ് സർ വേണ്ടത്?'
"രണ്ട് സ്മിർനോഫ് കൊണ്ടുവരൂ. ഒരു സ്‌പ്രൈറ്റും.'

പിന്നെ വെളിച്ചം തെളിഞ്ഞു വരുമ്പോൾ പരിസരം മെല്ലെ കാണാനാവും. മേശകൾ, കസേരകൾ. കൂടിയിരിക്കുന്ന ആളുകൾ. ചില ബാറുകളിൽ അലങ്കാര മത്സ്യങ്ങളുള്ള ചില്ലുപെട്ടികൾ ഉണ്ടായിരിക്കും. പ്ലാസ്റ്റിക്കു കൊണ്ടു നിർമ്മിച്ച ചെടികളും പൂക്കളും. ആ സമയം ആയതുകൊണ്ട് ചില ടേബിളുകളിൽ മാത്രമേ ആളുകൾ ഉണ്ടാവൂ. അവരും ഒറ്റക്കാണ്. ഇത് ഏകാകികളുടെ സമയമാണ്. അങ്ങനെയുള്ള ഒരു ഉച്ചക്കാണ് ദിമിത്രി അവിടെ കെ.എന്ന എഴുത്തുകാരനെ കണ്ടത്. പാതിയവശേഷിച്ച ഗ്ലാസിനു മുന്നിൽ അദ്ദേഹം കണ്ണടച്ചിരിക്കുകയാണ്.

ദിമിത്രിക്ക് അന്ന് തെല്ല് ആശ്ചര്യം തോന്നി. പൊതുവെ മദ്യവിരോധിയായി അറിയപ്പെടുന്നയാളാണ് കെ. മാത്രമല്ല ആയിടക്കാണ് റിക്കാർഡ്‌സ് വകുപ്പിലെ ജീവനക്കാരുടെ അമിത മദ്യപാനത്തെക്കുറിച്ച് അദ്ദേഹം ഒരു പത്രത്തിൽ ലേഖനമെഴുതിയിരുന്നത്. അനധികൃതമായ വരുമാനമാണോ അതിന്റെ ഭാഗമായ കുറ്റബോധമാണോ അവരെ മദ്യത്തിലേക്ക് ആകർഷിക്കുന്നതെന്ന് അദ്ദേഹം അതിൽ വിചാരപ്പെട്ടിരുന്നു. ചില കണക്കുകൾ കെ. ഉദ്ധരിച്ചു. സർവ്വീസിലിരിക്കെ മരിക്കുന്നവരുടെ കണക്കിൽ റിക്കാർഡ്‌സ് വകുപ്പ് ഏറെ മുന്നിലാണ്. അതിൽ തൊണ്ണൂറു ശതമാനം പേരും കരൾരോഗം മൂലമാണ് മരിക്കുന്നത്. അതുകൊണ്ട് ഡയിംഗ് ഹാർനെസ്സ് സ്‌കീം മുഖേന ജോലി കിട്ടുന്നവർ ഏറെയും ഈ വകുപ്പിലാണുള്ളത്.

താനും ഡയിംഗ് ഹാർനെസ്സിൽ ജോലി കിട്ടിയ ആളാണല്ലോ എന്ന് ദിമിത്രി അപ്പോൾ ഓർത്തു. കെ.യുടെ കണക്കുകൾ സത്യമാണോ എന്നു നിശ്ചയമില്ല. അദ്ദേഹം പലപ്പോഴും നയചാതുരിയോടെ കള്ളക്കണക്കുകൾ അവതരിപ്പിക്കാറുണ്ട്. തന്റെ അച്ഛൻ പുല്ലാനിക്കാട്ട് സുഗതൻ എന്നയാൾ കുടിച്ചു കുടിച്ചു കരളുവീർത്താണ് മരിച്ചത്. പക്ഷേ അദ്ദേഹം ഒരിക്കൽ പോലും കൈക്കൂലിയോ മറ്റ് അനധികൃതമായ പണമോ സ്വീകരിച്ചിട്ടില്ല. അതോർത്ത് ദിമിത്രി ചിരിച്ചു.

ആ സമയം ബയറർ അടുത്തുവന്നു.
"ഇനിയെന്തെങ്കിലും വേണോ സർ?'

"വേണ്ട.'

മദ്യപാനത്തിന് കൈക്കൂലിയുമായി ബന്ധമുണ്ടോ? എന്തിനാണ് ആളുകൾ കൈക്കൂലി വാങ്ങിക്കുന്നത്? മദ്യപിക്കാൻ വേണ്ടിയാണോ? കൈക്കൂലി കിട്ടുന്നവർക്ക് കൂടുതൽ വലിയ വീടും വാഹനവും വാങ്ങിക്കാൻ കഴിയും. ഭാര്യക്ക് വില കൂടിയ ആഭരണങ്ങളും വസ്ത്രവും വാങ്ങിക്കൊടുക്കാനാവും. കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ. അവരെ മികച്ച വിദ്യാലയങ്ങളിൽ ചേർത്ത് ഫീസു കൊടുത്ത് പഠിപ്പിക്കാം. കുടുംബവുമൊത്ത് ഉല്ലാസയാത്രക്ക് പോകാം. ജീവിതമാകുന്ന ചുരുങ്ങിയ ഇടവേളയിൽ ഇങ്ങനെയൊക്കെ സുഖിച്ചു ജീവിക്കുന്നതല്ലേ ശരി?

താൻ എന്തിനാണ് കൈക്കൂലി വാങ്ങിക്കുന്നത് എന്ന് ദിമിത്രി സ്വയം ചോദിച്ചു. സാമ്പത്തിക പ്രശ്‌നങ്ങൾ ഇല്ല എന്നു പറയാം. അയാൾക്കും ഭാര്യക്കും ജോലിയുണ്ട്. കുട്ടികൾ ഇല്ല. പുല്ലാനിക്കാട്ട് വല്യമ്മ എഴുതിക്കൊടുത്ത അമ്പതു സെന്റ് പറമ്പ് അയാളുടെ കൈവശമുണ്ട്. ഭാര്യയുടെ പേരിൽ ബാങ്കിലുണ്ടായിരുന്ന പണംകൊണ്ട് അവിടെ ഭേദപ്പെട്ട ഒരു വീട് പണിതിരിക്കുന്നു. കിട്ടുന്ന ശമ്പളം കൊണ്ട് ജീവിച്ചുപോകാവുന്നതേയുള്ളു. റിട്ടയർ ചെയ്താൽ മരിക്കുന്നതു വരെ പെൻഷൻ കിട്ടും.

"പിന്നെ താനെന്തിനാണ് കഴുതേ, കൈക്കൂലി വാങ്ങിക്കുന്നത്?'
ദിമിത്രി തെല്ലുറക്കെത്തന്നെ ചോദിച്ചു. അപ്പോഴും ബെയറർ അടുത്തുചെന്നു.
"സർ, ഇനിയെന്തെങ്കിലും?'
"വേണ്ട.'

ആ സമയത്ത് ചുറ്റും നോക്കിയപ്പോൾ ബാറിലെ മേശകളെല്ലാം ഒഴിഞ്ഞുകണ്ടു. കെ.യും സ്ഥലം വിട്ടിരിക്കുന്നു.

ജീപ്പിൽ അടുത്തിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ സൗഹാർദ്ദം ഭാവിച്ചു ചിരിച്ചു. അദ്ദേഹം ദിമിത്രിയോടു ചോദിച്ചു:
"സാറിന് ശത്രുക്കളാരോ ഉണ്ടെന്നു തോന്നുന്നു?'
"ഉണ്ട്.'
"ആരാദ്?'
"കെ.എന്ന എഴുത്തുകാരൻ.'
"ആര്?'
ദിമിത്രി പിന്നെ മിണ്ടിയില്ല.

പോലീസ് ഉദ്യോഗസ്ഥൻ ഡ്രൈവറോട് പറഞ്ഞു.
"വേഗം വിട്ടോ വാസ്വോ. നേരം വൈക്യാല് അവടെ ചെല്ലുമ്പൊ അതിന് വേറെ കടലാസെഴുതാൻ നിക്കണം.'

അന്നു കാലത്ത് കെ. എന്ന എഴുത്തുകാരൻ ഫേസ് ബുക്കിൽ എഴുതിയ പോസ്റ്റിനെക്കുറിച്ച് ദിമിത്രി അപ്പോൾ ഓർത്തു. അതിന് താൻ എഴുതിയ കമന്റ്: "താങ്കൾക്ക് കാത്തുനിൽക്കാനായി തൃശൂരിലെ അഴിക്കോടൻ മന്ദിരത്തിന്റെ മുറ്റം മണൽ വിരിച്ച് വെടിപ്പാക്കിയിട്ടുണ്ട്.'

കെ. അത് ഡിലീറ്റ് ചെയ്തു കാണുമോ? മറുപടി പറയാൻ കഴിയാത്ത കമന്റുകൾ ഡിലീറ്റ് ചെയ്യുന്ന ഒരു സ്വഭാവം അദ്ദേഹത്തിനുണ്ട്. ജനാധിപത്യം സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് നെടുനീളത്തിൽ എഴുതുമ്പോഴും വിമർശനങ്ങളുടെ നേർക്ക് കെ.അസഹിഷ്ണുവായിരുന്നു. കൽബുർഗിക്കും നരേന്ദ്ര ധബോൽക്കർക്കും ഗൗരിലങ്കേഷിനും കിട്ടിയ പുരസ്‌കാരത്തിനായി താൻ കാത്തിരിക്കുകയാണെന്ന് അദ്ദേഹം കൂടെക്കൂടെ എഴുതാറുണ്ട് ("ആദരിച്ച് ഏതു സ്ഥാനമാണ് നിങ്ങൾ തരിക? പാക്കിസ്ഥാനോ, ഖബർസ്ഥാനോ? മരണത്തെ ഭയമില്ല. കൊലപാതകമാണെങ്കിൽ അത് ഒരു മതരാഷ്ട്രവാദിയുടെ കൈ കൊണ്ടായാൽ കൊള്ളാമെന്ന് ആഗ്രഹമുണ്ട്. അവരിൽ തലവെട്ടുന്നവരും കൈവെട്ടുന്നവരും ഉണ്ടല്ലോ. തലവെട്ടുന്നവരോടാണ് താൽപ്പര്യം. അവർക്കാണ് കരുണയുള്ളത്. അറ്റുപോയ കയ്യുമായി ജീവിക്കുന്നതിൽ അർത്ഥമില്ല. മറ്റൊരു കാര്യം: കണ്ണ് ചൂഴ്‌ന്നെടുക്കാനാണ് വരുന്നതെങ്കിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ കൊണ്ടുവരണം. കാരണം ഞാൻ നേത്രദാന വാഗ്ദത്തം ചെയ്തിട്ടുണ്ട്'). ഈയിടെയായി സദാ തന്റെ ഭയാശങ്കകൾ ഫേസ് ബുക്കിലൂടെ കെ.വെളിപ്പെടുത്തിക്കൊണ്ടിരുന്നു. ശരിക്കു പറഞ്ഞാൽ വലിയാരു ഭീരുവാണ് അദ്ദേഹം. അതു കൊണ്ടായിരിക്കും കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപാർടിയെ ചാരി നിൽക്കുന്നത്.

ജീപ്പിലിരുന്ന് ദിമിത്രി പോലീസുകാരോട് ചോദിച്ചു:
"ഫോൺ ഉപയോഗിക്കാമോ?'

"തീർച്ചയായും. വേണ്ടപ്പെട്ടവരെ വിവരം അറിയിക്കാം. ജയിലിൽ എത്തുന്നതു വരെ നിങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്.'
ഒരാൾ പറഞ്ഞു.

ദിമിത്രി മൊബൈൽ ഫോണിൽ ഫേസ്ബുക്ക് തുറന്നു.

വിചാരിച്ചതു തന്നെ സംഭവിച്ചിരിക്കുന്നു. കെ. ആ കമന്റ് ഡിലീറ്റ് ചെയ്തിരിക്കുന്നു. കമന്റ് ഉദ്ദേശിച്ചതു പോലെ കൊണ്ടു എന്നറിഞ്ഞ് ദിമിത്രി സന്തോഷിച്ചു. അയാൾ മറ്റൊരു കമന്റ് എഴുതി: "ഉന്മൂലനം വിപ്ലവത്തിന്റെ മാർഗ്ഗമായിരുന്നതായി കേട്ടിട്ടുണ്ട്. ഡിലീറ്റ് ചെയ്യലാണോ നിങ്ങളുടെ വിപ്ലവം? നിങ്ങൾക്ക് എന്റെ കമന്റ് ഡിലീറ്റ് ചെയ്യാനാവും. പക്ഷേ എന്നെ തോൽപ്പിക്കാനാവില്ല.'

ആ സമയത്ത് മഹർഷി ജയദേവൻ ചേട്ടന്റെ നമ്പർ സ്‌ക്രീനിൽ തെളിഞ്ഞു. അദ്ദേഹം വിളിക്കുകയാണ്.

"സംസാരിക്കാമല്ലോ?'
ദിമിത്രി പോലീസ് ഓഫീസറോട് വീണ്ടും അനുവാദം ചോദിച്ചു.

"ഉവ്വ്. സംസാരിക്കാം.'

ജയദേവൻ ചേട്ടൻ പറഞ്ഞു:
"ഒട്ടും ഭയപ്പെടരുത്. ഇതെല്ലാം നക്ഷത്രങ്ങളുടെ നിശ്ചയമാണ് എന്നു കരുതുക. നമ്മൾ നിയോഗങ്ങൾക്കനുസരിച്ച് ആടാൻ വിധിക്കപ്പെട്ടവരാണ്. എല്ലാത്തിനും ഒരു മറുകര ഉണ്ടായിരിക്കും. സ്വാമി നിത്യാനന്ദൻ വിവരങ്ങൾ എല്ലാം അറിഞ്ഞു. എല്ലാത്തിനും പുരുഷോത്തമൻ വക്കീലിനെ ഏർപ്പാടാക്കിയിട്ടുണ്ട്. ജയിലിലേക്ക് ആശ്രമത്തിൽ നിന്നു വിളിച്ചു പറഞ്ഞിട്ടുണ്ട്. ഒരു പ്രശ്‌നവും ഉണ്ടാകില്ല.'

"നന്ദിയുണ്ട് ചേട്ടാ.'
അയാൾ പറഞ്ഞു.

റിക്കാർഡ്‌സ് ജില്ലാ ബ്യൂറോയിൽ നിന്ന് വിരമിച്ച ശേഷം ജയദേവൻ ഇപ്പോൾ ആശ്രമത്തിന്റെ ആപ്പീസ് മാനേജരായി പ്രവർത്തിക്കുകയാണ്. ആശ്രമം നടത്തുന്ന സ്‌കൂളിന്റെ കറസ്പോണ്ടന്റാണ് അദ്ദേഹം.

ദിമിത്രി പാലക്കാട്ടു നിന്ന് സ്ഥലം മാറി തൃശൂരിൽ ചെന്ന സമയത്ത് അദ്ദേഹം അവിടെ സൂപ്രണ്ടായിരുന്നു. അതുവരെ സബ് ഓഫീസുകളിൽ മാത്രമാണ് ദിമിത്രി ജോലി ചെയ്തിരുന്നത്. ഡിസ്ട്രിക് ഓഫീസിലേക്കു ചെല്ലുമ്പോൾ ഭയമുണ്ടായിരുന്നു. ഉന്നത ഉദ്യോഗസ്ഥന്മാർ ഇരിക്കുന്ന സ്ഥലമാണ്. സബ് ബ്യൂറോകളിലേക്ക് ഇൻസ്‌പെക്ഷനും ഓഡിറ്റിനും വരുമ്പോൾ അഹങ്കാരം കാണിക്കാറുള്ള ഗുമസ്തന്മാർ. സൂപ്രണ്ടിന്റെ കസേരയിൽ അസ്ഥികൂടം പോലെ ഒരു മെലിഞ്ഞ മനുഷ്യനെ കണ്ടപ്പോൾ കൗതുകം തോന്നി. കാരണവന്മാർ ഉപയോഗിക്കുന്ന പോലത്തെ ലളിതമായ ഖദർ വസ്ത്രങ്ങളാണ് അദ്ദേഹം ധരിച്ചിരുന്നത്. മുടി പറ്റെ വെട്ടിയിരുന്നു.

അദ്ദേഹത്തിന്റെ മുന്നിൽച്ചെന്ന് സ്ഥലംമാറ്റ ഉത്തരവു കാണിച്ചു.
"സർ.'

അദ്ദേഹം തലയുയർത്തി. ഉത്തരവു നോക്കാതെ തന്നെ പതുക്കെ ചോദിച്ചു:
"ദിമിത്രി അല്ലെ? നിങ്ങളുടെ പേര് എന്നെ ആകർഷിച്ചു. എന്നെ സർ എന്നൊന്നും വിളിക്കണ്ട.'
പിന്നെ ഒരു ചിരി.

"ആ സംബോധന അടിമത്തത്തെ സൂചിപ്പിക്കുന്നതാണ്. നൂറ്റാണ്ടുകളായി നമ്മുടെ മാതൃഭൂമിക്ക് അടിമത്വത്തിൽ കഴിയേണ്ടിവന്നു. വൈദേശിക അക്രമികൾ അന്യചിന്തകളും ആശയങ്ങളും ജീവിതശൈലികളും നമ്മളിൽ കലർത്തിയിട്ടുണ്ട്. നമ്മൾ ബോധപൂർവ്വം തന്നെ വിശുദ്ധി കൈവരിക്കണം. എന്നെ സഹോദരാ എന്നു വിളിച്ചു കൊള്ളൂ. അങ്ങനെ വിളിക്കാൻ ബുദ്ധിമുട്ടാണ് അല്ലേ? ബ്രദർ എന്നു വിളിക്കാൻ ബുദ്ധിമുട്ടില്ലല്ലോ.'
അദ്ദേഹം വീണ്ടും ചിരിച്ചു.

"നിങ്ങൾക്ക് ഈശ്വരനിൽ വിശ്വാസം ഉണ്ടോ?'
ജയദേവൻ ചേട്ടൻ ചോദിച്ചു.

ദിമിത്രി കുറച്ചു സമയം ആലോചിച്ചു. അങ്ങനെ ഒരു സംഗതിയെക്കുറിച്ച് അതുവരെ അയാൾ ആലോചിച്ചിരുന്നില്ല. ഉണ്ടോ? ഒരു പക്ഷേ ഉണ്ടാവാം. വലുതായശേഷം ക്ഷേത്രങ്ങളിലൊന്നും അയാൾ പോയിട്ടില്ല. കുട്ടിക്കാലത്ത് പുല്ലാനിക്കാട്ട് ബംഗ്ലാവിലെ നടുമുറിയിൽ അലങ്കരിച്ചു വെച്ചിട്ടുള്ള കറുപ്പയ്യ സ്വാമിയുടെ ചിത്രത്തിനു മുന്നിൽ നിന്ന് തൊഴുതു നമസ്‌ക്കരിച്ചിട്ടുണ്ട്. അത് വല്യമ്മ പറഞ്ഞിട്ടാണ്.
"മനസ്സിൽ വിഷമവും സങ്കടവും ഉണ്ടാവുമ്പോൾ നീ സ്വാമിയുടെ മുന്നിൽ ചെന്നു നിന്നു നമസ്‌ക്കരിക്കണം. അപ്പോൾ എല്ലാത്തിനും ശമനമുണ്ടാവും.'

വല്യമ്മയുടെ കൂടെ ചിലപ്പാഴൊക്കെ പൈക്കണ്ണി ക്ഷേത്രത്തിൽ പോയിട്ടുണ്ട്. അയാൾക്ക് ആ ക്ഷേത്രത്തെ ഭയമായിരുന്നു. അകത്ത് എണ്ണത്തിരിവിളക്കുകളുടെ പ്രകാശത്തിനിടയിലെ ഇരുട്ടിൽ നിന്ന് അഴുക്കുപിടിച്ച പൂണൂലും തോർത്തുമുടുത്ത എമ്പ്രാന്തിരിമാർ വെളിപ്പെടുന്നു. ഉരുട്ടിയ ചന്ദനവും പൂവും വെച്ച ഒരു ചെറിയ ഇലച്ചീന്ത് വല്യമ്മയുടെ കയ്യിലേക്ക് അവർ ഇട്ടു കൊടുക്കും. ശേഷം അവർ അയാളെ തുറിച്ചു നോക്കും. ചിലർ വല്യമ്മയോട് ചോദിക്കും:
"ഇത്?'

"ചന്ദ്രന്റെ മകനാണ്.'
വല്യമ്മ മറുപടി പറയും.

അമർത്തിയൊന്നു മൂളിയ ശേഷമായിരിക്കും അവർ അകത്തു പോവുക.

ജയദേവൻ ചേട്ടൻ പൊട്ടിച്ചിരിച്ചു:
"ഇത്ര സമയം ആലോചിക്കേണ്ട ഒരു വിഷയമാണോ അത്? വളരെ ലളിതമായ ഒരു ചോദ്യമല്ലേ?'

"ക്ഷേത്രത്തിൽ പോകാറില്ല.'
ദിമിത്രി പറഞ്ഞു.

"അതിന്റെ ആവശ്യമില്ല. ഞാനും പോകാറില്ല. ക്ഷേത്രത്തിൽ ദൈവമുണ്ട് എന്ന് കരുതുന്നവർ അങ്ങനെ കരുതട്ടെ. പക്ഷേ ക്ഷേത്രത്തിനും പുറത്തുമൊക്കെയായി ഒരു പ്രപഞ്ചശക്തി ഉണ്ട്. അതിനെ വേണമെങ്കിൽ ദൈവമെന്നു വിളിക്കാം. വിളിക്കാതിരിക്കാം. ഞാൻ പറയട്ടെ. ആ പ്രപഞ്ചശക്തിയാണ് നിങ്ങളെ ഇപ്പോൾ എന്റെ മുന്നിൽ കൊണ്ടു നിർത്തിയിരിക്കുന്നത്.'

ദിമിത്രിക്ക് ആശ്ചര്യമാണ് തോന്നിയത്. എന്തൊരു വലിയ സ്‌നേഹവും കാരുണ്യവുമാണ് ഈ മനുഷ്യൻ കാണിക്കുന്നത്. ആ സമയത്ത് ചുറ്റുമുള്ള ഉദ്യോഗസ്ഥരെല്ലാം അവരവരുടെ സീറ്റിലിരുന്ന് അയാളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ആപ്പീസ് ഹാളിന്റെ എതിർവശത്ത് കുറച്ച് അകലെയായി കെ. എന്ന എഴുത്തുകാരൻ ഇരിക്കുന്നത് ദിമിത്രി കണ്ടു. അദ്ദേഹം അന്നവിടെ മറ്റൊരു സെക്ഷനിൽ സൂപ്രണ്ടായിരുന്നു. ഫയൽ നോക്കുകയാണ് എന്ന നാട്യത്തിൽ അദ്ദേഹവും ജയദേവനേയും ദിമിത്രിയേയും നിരീക്ഷിച്ചു.

രണ്ട് സൂപ്രണ്ടുമാരെക്കുറിച്ചും അക്കാലത്ത് ആപ്പീസിൽ നിരന്തരം ചർച്ചകൾ പതിവുണ്ട്. പൊതുവായ ഒരു സവിശേഷത ഇരുവരും കൈക്കൂലി വാങ്ങിച്ചിരുന്നില്ല എന്നതാണ്. സമ്മിശ്ര വികാരമായിരുന്ന മറ്റുള്ളവർക്ക് അവരോട്. എന്നുവെച്ചാൽ ഭയവും എതിർപ്പും ബഹുമാനവും. അപൂർവ്വജീവികളായിട്ടാണ് എല്ലാവരും അവരെ കണ്ടത്.

കെ.തന്റെ എഴുത്തിലൂടെയും എഴുത്തുകാരൻ എന്ന നിലക്ക് തനിക്കു ലഭിക്കുന്ന വേദികളിലൂടെയും താൻ അഴിമതിക്കാരനല്ല എന്ന വിവരം കൊട്ടിഘോഷിച്ചിരുന്നു. എന്നാൽ മഹർഷി ജയദേവൻ തന്റെ മഹത്വം ഉദ്‌ഘോഷിച്ചിരുന്നില്ല. അദ്ദേഹം തന്റെ ചുമതലകളിൽ മാത്രം ശ്രദ്ധിച്ചു. ജോലി അദ്ദേഹത്തിനു ഹരമായിരുന്നു. മേശപ്പുറത്ത് ഫയലുകൾ ഒന്നുമില്ലെങ്കിൽ അദ്ദേഹം പുതിയ രജിസ്റ്റർ ബുക്കുകൾ എടുത്ത് അവക്ക് റൂൾത്തടി കൊണ്ട് വരയിടുകയും നമ്പറിട്ട് പേജ് സർട്ടിഫിക്കറ്റഴുതുകയും ചെയ്യും.

അതേസമയം ജോലിയിൽ നിന്നും ഔദ്യോഗികമായ ഉത്തരവാദിത്തങ്ങളിൽ നിന്നും പരമാവധി തെന്നി അകന്നു നിൽക്കാനാണ് കെ. ശ്രമിച്ചത്. മേശപ്പുറത്തെ ട്രേയിൽ വരുന്ന ഫയലുകളിൽ പെട്ടെന്നു തന്നെ അഭിപ്രായമെഴുതി അദ്ദേഹം തന്റെ സ്വകാര്യതയിലേക്കു മടങ്ങും. ഏറ്റവും ജോലി കുറഞ്ഞ സെക്ഷനുകളാണ് അദ്ദേഹം ഏറ്റെടുത്തിരുന്നത്. കൈക്കൂലിയുമായി സഹകരിക്കാത്തതു കൊണ്ട് ഏജന്റുമാരുമായി ബന്ധപ്പെട്ട വിഷയങ്ങളും ഫയലുകളും കെ.യെ ഏൽപ്പിക്കാതിരിക്കാൻ ഓഫീസ് മേധാവികൾ ശ്രദ്ധിച്ചിരുന്നു. കെ. അതൊരു അവസരമായി ഉപയോഗിച്ചു.

മറ്റുള്ളവരുടെ നടപടികളെ നിരീക്ഷിക്കാനോ, വിമർശിക്കാനോ ജയദേവൻ മുതിർന്നില്ല. റിക്കാർഡ്‌സ് ആപ്പീസിലെ കൈക്കൂലി വ്യവസ്ഥയെക്കുറിച്ച് അദ്ദേഹം ദിമിത്രിയുമായി സംവാദത്തിൽ ഏർപ്പെട്ടിട്ടുണ്ട്. അദ്ദേഹം പറഞ്ഞു:
"എന്റെ ആത്മാവു നിർദ്ദേശിക്കുന്നതിനനുസരിച്ച് ഞാൻ പ്രവർത്തിക്കുന്നു. ഓരോരുത്തരും അവരുടെ ജന്മനിയോഗങ്ങൾ ചെയ്യാൻ ബാധ്യസ്ഥരാണ്. ഞാൻ ആരെയും കുറ്റവിചാരണ ചെയ്യാറില്ല. പ്രപഞ്ചനാഥൻ സദാ ഉണർന്നിരിക്കെ കുറ്റപ്പെടുത്താനും വിചാരണ നടത്താനും നമ്മൾ ആരാണ്? അന്യരുടെ തെറ്റും ശരിയും, വിലയിരുത്താൻ നമുക്ക് അധികാരമില്ല. ഒരാൾ ചെന്നു തിരുത്തിയാലോ, സ്വയം വിചാരിച്ചാലോ സ്വകർമ്മങ്ങളിൽ നിന്ന് ഒരാൾക്കും മോചനം നേടാനാവില്ല. ഓരോ ജീവജന്തുവിനും നിരവധി ജന്മങ്ങളിലൂടെ കടന്നു പോകേണ്ടി വരും. പല പേരുകളിൽ അറിയപ്പെടുന്ന ജീവികളായി. പ്രാണി, പാറ്റ, കൊതുക്, പുഴു, പഴുതാര, തിമിംഗലം എന്നിങ്ങനെയൊക്കെയാവും ജന്മപരമ്പര. ആന വിചാരിക്കുകയാണ് തനിക്ക് പുലിയുടെ കർമ്മങ്ങൾ ചെയ്യണമെന്ന്. സാധിക്കുമോ? കൽപ്പിച്ചു കിട്ടിയ ശരീരവും കർമ്മവും വിധിയും സ്വീകരിക്കുക. അത്രതന്നെ. ഒരു രാത്രിയിലെ ഉറക്കം കൊണ്ട് പ്രപഞ്ചം അവസാനിക്കുന്നില്ലല്ലോ.'

ജീപ്പ് ജയിൽ വളപ്പിലേക്കു കടന്നു. ദിമിത്രി വീണ്ടും ഫേസ് ബുക്കിലേക്ക് നോക്കി. കെ.യുടെ പോസ്റ്റിലെ വെള്ളപ്രാവിനു കീഴെ ലൈക്കുകളും കമന്റുകളും പെരുകുകയാണ്.

ആ സമയത്ത് ദിമിത്രിക്ക് ദുർഗ്ഗാമന്ത്രം ഓർമ്മ വന്നു. അതു ഉരുവിട്ടു. കണ്ണടച്ച് പലതവണ.
"ഓം, സർവ്വസ്വരൂപേ സർവ്വേശേ സർവ്വശക്തി സമന്വിതേ
ഭയേഭ്യസ്ത്രാഹിനോ ദേവീ നമോസ്തുതേ.' ▮

(തുടരും)


അശോകൻ ചരുവിൽ

കഥാകൃത്ത്, നോവലിസ്റ്റ്. സാംസ്​കാരിക പ്രവർത്തകൻ. 2018 മുതൽ പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി. സൂര്യകാന്തികളുടെ നഗരം, അശോകൻ ചരുവിലിന്റെ കഥകൾ, ആമസോൺ, ജലജീവിതം, മരിച്ചവരുടെ കടൽ, കങ്കാരുനൃത്തം, കാട്ടൂർ കടവ്​ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

Comments