ചിത്രീകരണം: ഇ. മീര

കാട്ടൂർക്കടവ് 2018

16: കുന്നുകളും വയലുകളും

ല്യമ്മ വന്ന് പുല്ലാനിക്കാട്ടെ ബംഗ്ലാവിലേക്ക് കൂട്ടിക്കൊണ്ടു പോയതോടെ ദിമിത്രി എന്ന ജോർജി ദിമിത്രോവിന്റെ ജീവിതം രണ്ടാം അധ്യായത്തിലേക്കു കടക്കുന്നു. ഇനിയും എത്രയോ അധ്യായങ്ങൾ നീണ്ടു കിടക്കുന്നു. അന്നത്തെ ആ കൂട്ടിക്കൊണ്ടു പോകൽ വാർത്തയറിഞ്ഞ് ആളുകൾ ആശ്ചര്യപ്പെട്ടു.
"ആ കുട്ടീടെ ഭാഗ്യം’; പൈക്കണ്ണിനടക്കലെ ആൽത്തറയിലിരുന്ന് ഒരാൾ പറഞ്ഞു.
മറ്റൊരാൾ എതിർത്തു; "എന്തു ഭാഗ്യം? കടുവാക്കുടിലിക്കാ അതിനെ കൊണ്ടോയേടുക്കണ്.'

അന്ന് ദിമിത്രിക്ക് അഞ്ചു വയസ്സുണ്ട്. അക്കാലത്ത് അവൻ മണ്ണാൻ തുരുത്തിലും ചുറ്റുമുള്ള പാടത്തും മേഞ്ഞു നടക്കുകയാണ്. അമ്മ നടുമ്പോഴും കൊയ്യുമ്പോഴും ആൾ വരമ്പത്തുണ്ടാവും. നോക്കെത്താതെ നീണ്ടു കിടക്കുന്ന ആ വയൽ അവന്റെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു. ശിവരാമനോ ദേവുവോ കൂട്ടിനുണ്ടെങ്കിൽ അവൻ പാടത്തേക്കിറങ്ങും. വരമ്പിലൂടെ നടന്ന് ഏതാണ്ടൊരു ദൂരം പിന്നിടുമ്പോൾ ദിക്കുകൾ തെറ്റും. കരകൾ വീദൂരത്താണ്. ഏതു കരയിൽ നിന്നാണ് തങ്ങൾ പുറപ്പെട്ടതെന്ന് തിരിച്ചറിയാതെ അവർ അമ്പരക്കും.

തണ്ണിച്ചിറ കോൾപ്പാടം പലകാലങ്ങളിൽ പലരൂപത്തിലാണ്.
എല്ലാ കാലത്തും അവിടെ കാറ്റ് വീശിക്കൊണ്ടിരിക്കും.
ഓരോ കാലത്തും കാറ്റിന് വ്യത്യസ്ത മണമാണ്.
നെല്ലുപൂക്കുമ്പോൾ അതിന് ചെറിയ സുഗന്ധമുണ്ട്.
ഞാറ്റുപണിക്കാലത്ത് ചേറിന്റെ മണം വരും. മീൻപിടുത്തക്കാലത്ത് മത്സ്യഗന്ധം. മഴക്കാലം കഴിഞ്ഞ് വെള്ളമിറങ്ങുമ്പോൾ പലയിനം ആമ്പലുകളുടെ മണമാണ്. നടീൽക്കാലത്തും കൊയ്ത്തുകാലത്തും അവിടെ ഉത്സവം പോലെ ആൾക്കാരുണ്ടാവും. പലവിധ ശബ്ദങ്ങൾ, വായ്ത്താരികൾ, പാട്ടുകൾ, പൊട്ടിച്ചിരികൾ കേൾക്കും. ഞാറുപറിക്കുമ്പോഴും നടുമ്പോഴും സ്ത്രീകൾ പാടിയിരുന്നു.
പലതരം പാട്ടുകളാണ്. ചിലർ സിനിമാപ്പാട്ടുകളും പാടാറുണ്ട്.
രാത്രിയിൽ ചക്രംചവിട്ടുന്നവരാണ് പാടുക. അതില്ലാത്തപ്പോൾ മൂകതയെ മുറിച്ചുകൊണ്ട് തേമാലിത്തേക്കിൽ വെള്ളം ചാടിയൊഴുകുന്ന ഒച്ച കേൾക്കും.

കൊയ്ത്തുകാലത്ത് മറ്റൊരു ലോകമാണ്.
പലദേശങ്ങളിൽ നിന്നുള്ള സംഘങ്ങളാണ് കൊയ്യാൻ വരുന്നത്.
ഉച്ചനേരത്ത് കുടംപുളിമരങ്ങളുടെ തണലിൽ പണിക്കാർ വിശ്രമിക്കും.
അവരവിടെ അടുപ്പുകൂട്ടി ഭക്ഷണമുണ്ടാക്കാറുണ്ട്. ചെറിയമട്ടിലുള്ള കച്ചവടങ്ങളും ആഘോഷങ്ങളും ഉണ്ടാവും. വ്യത്യസ്ത ദേശങ്ങളിൽ നിന്നുള്ളവർ ഒത്തുചേരുന്നതു കൊണ്ട് ചില പ്രണയങ്ങളും കല്യാണനിശ്ചയങ്ങളും അവിടെ നടന്നിരുന്നു.

ആമ്പൽപൂക്കൾ പറിക്കാനായിരുന്നു ദിമിത്രിക്ക് താൽപ്പര്യം. പലയിനം ആമ്പലുകളാണ്. പല വലുപ്പത്തിലും നിറത്തിലുമുള്ളതുണ്ട്. വിടർന്നു കൊഴിഞ്ഞ ആമ്പലുകളിലെ അരി പോലുള്ള വിത്തുകൾ തിന്നാൻ പറ്റും. അടിയിൽ നിന്ന്​പറിച്ചെടുക്കുന്ന കിഴങ്ങും കുട്ടികൾ ശാപ്പിടും. വരമ്പിൽ നിറയെ മാങ്ങനാറി ഉണ്ട്. പിന്നെ ഒരിനം കമ്മൽ പൂക്കൾ. അത് കടിച്ചാൽ വായ തരിക്കും. പല്ലുവേദനപ്പൂവ് എന്നാണ് പറയുക. നന്നായി വെളുത്ത് ഹോമിയോ ഗുളികകൾ കൂട്ടിവെച്ച പോലെ വരമ്പത്ത് കണ്ടാൽ ശിവരാമൻ വിളിച്ചും പറയും; "ചവിട്ടല്ലേ ദിമിത്രി, അത് ഞൗണിക്കയുടെ മുട്ടകളാണ്.'

മറ്റൊരു സംഗതി മീനുകളാണ്. വരമ്പുകൾക്കിടയിലുള്ള കൈത്തോടുകളിൽ പരൽമീനുകൾ കിടന്നു കളിക്കുന്നുണ്ടാവും. വെള്ളത്തിലേക്ക് കാൽ വെച്ചാൽ അവ വന്ന് മുട്ടിയുരുമ്മും. ശിവരാമനും ദേവുവും ചേർന്ന് തോർത്തുമുണ്ടുകൊണ്ട് മീൻപിടിക്കാനുള്ള ശ്രമത്തിലായിരുന്നു. വെള്ളത്തിൽ താഴ്ത്തിയ മുണ്ട് പൊക്കിയെടുത്തപ്പോൾ അതിൽ ഒന്നുമില്ല. വലിയ സാമർത്ഥ്യക്കാരാണ് ഈ പരൽമീനുകൾ. അവർ വീണ്ടും ഉത്സാഹിച്ചു.

ആ സമയത്താണ് വരമ്പത്തുകൂടെ കുടചൂടിക്കൊണ്ട് പ്രൗഡയായ ഒരു സ്ത്രീ നടന്നു വരുന്നത് അവർ കണ്ടത്. അവർ തമ്മിൽ വാദിച്ചു.
"അച്ചു കുത്തണ ആയമ്മ’; ദേവു പറഞ്ഞു.
"അല്ല. പറൂരുന്ന് വന്ന ചേടത്ത്യാരാണ്. സിസിലിയാമ. സൂസിയാമേരെ മര്വോള്. നെലത്തില് വെള്ളം എറങ്ങ്യോന്ന് നോക്കാൻ വര്വാണ്. കന്നുപൂട്ടി വെതക്കണ്ടെ?';
ശിവരാമൻ സഗൗരവം പറഞ്ഞു.

പക്ഷേ ആ സ്ത്രീ പാടത്തുനിന്ന് തുരുത്തിലേക്കു കയറി. കുട മടക്കി ഒന്നു സംശയിച്ചു നിന്നശേഷം അവർ പുല്ലുകൾക്കും ചെറുമരങ്ങൾക്കും ഇടയിൽ തെളിഞ്ഞു കണ്ട വഴിത്താരയിലൂടെ നടന്നു. കണ്ടൻകുട്ടിയാശാന്റെ കുടിലിന്റെ മുറ്റത്ത് ചെന്നാണ് അവർ നിന്നത്.

ഇറയത്തിരുന്ന് ചെണ്ടമുറുക്കുകയായിരുന്ന ആശാൻ അവരെക്കണ്ട് വല്ലാതെ പരിഭ്രമിച്ചു. അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു; "മീനൂ, ദേ നോക്ക്യേ. വിരുന്നാരുണ്ടല്ലോ മോളേ?'

മീനാക്ഷി അകത്തുനിന്ന് ഒരു പുല്ലുപായ കൊണ്ടുവന്ന് ഇറയത്ത് വിരിച്ചിട്ടു.

പുല്ലാനിക്കാട്ടെ വെല്യമ്മ പുല്ലുപായയിൽ ഇരുന്നു.
മീനാക്ഷി അവരെ നോക്കി. നിയമപ്രകാരം തന്റെ ഭർത്താവായിരിക്കുന്ന ആളുടെ അമ്മയാണത്. തന്റെ അമ്മായിയമ്മ. അങ്ങനെ ആലോചിച്ചപ്പോൾ മീനാക്ഷിക്ക് ഉള്ളിൽ ചിരി വന്നു. രണ്ടുഘട്ടങ്ങളിൽ അവർ തനിക്ക് കഞ്ഞി വിളമ്പി തന്നിട്ടുണ്ട്. അവരുടെ ബംഗ്ലാവിന്റെ വടക്കേത്തിണ്ണയിൽ വെച്ചും പിന്നെ അകത്തെ മുറിയിലെ ഇരുട്ടിൽ വെച്ചും. എപ്പോൾ കിട്ടിയ കഞ്ഞിയിലെ ഉപ്പുരസമാണ് തന്റെ നാവിൽ ബാക്കി കിടക്കുന്നതെന്ന് അവൾ ഓർത്തുനോക്കി.

രണ്ടു കാലങ്ങളിൽ ജനിച്ച ആ സ്ത്രീകൾ കുറച്ചുസമയം പരസ്പരം നോക്കി.
രണ്ടു ജീവിതക്രമങ്ങളാണ് അവരുടേത്. രണ്ടുലോകങ്ങൾ. രണ്ടുവഴികൾ. കുട്ടിക്കാലം മുതലേ തന്റെ വീട്ടിലെ തുണിയലക്കാനും പിന്നെ കൊയ്യാനും മെതിക്കാനും വന്നിരുന്ന ആ മെലിഞ്ഞ പെൺകുട്ടിയെ വെല്യമ്മ ഓർത്തു. മിടുക്കിയും വാചാലയും ആയിരുന്നതുകൊണ്ട് അവളോട് അക്കാലത്ത് അവർക്ക് ചെറിയ ഇഷ്ടമുണ്ടായിരുന്നു. പിന്നീടവൾ അവരുടെ മകനെ നിയമാനുസൃതം വിവാഹം കഴിച്ച് വീട്ടിലേക്കു കയറിവന്നു. തനിക്ക് അവളോടുണ്ടായിരുന്ന ഇഷ്ടം ആ സമയത്ത് കുറയുകയാണോ കൂടുകയാണോ ഉണ്ടായത്? താൻ അവൾക്ക് ഭക്ഷണം കൊടുത്തു. എന്നാൽ അവളെ മരുമകളായി അംഗീകരിക്കാൻ മനസ്സുകൊണ്ട് തനിക്കു കഴിഞ്ഞുവോ?

അപ്പോഴേക്കും ദിമിത്രി പാടത്തുനിന്നും കയറി വന്നു. അവന്റെ കയ്യിൽ ഒരു പാട് ആമ്പൽ പൂക്കൾ ഉണ്ടായിരുന്നു. കാലിൽ മുഴുവൻ ചേറാണ്. അർദ്ധനഗ്‌നമായ ശരീരത്തിൽ ചേറുണങ്ങിയതിന്റെ പാടുകൾ. അവനെ ചേർത്ത് പിടിച്ച് വെല്യമ്മ പറഞ്ഞു; "പുല്ലാനിക്കാട്ടെ ആണുങ്ങളുടെ മൂക്ക്. അതേ നിറം.'
ദിമിത്രി മിണ്ടാതെ നിന്നു.
അവർ ചോദിച്ചു; "നിനക്ക് നിന്റെ വീട്ടിലിക്ക് വരണ്ടേ? ഇവടെ ഇങ്ങനെ പാടത്തും വെയിലത്തും മേഞ്ഞു നടന്നാൽ മത്യോ? സ്‌കൂളില് പോയി പഠിക്കണ്ടേ? വെല്യ ആളാവണ്ടെ? ഉദ്യോഗം കിട്ടി കോട്ടും സൂട്ടും ഒക്കെ ഇട്ടു വരണ പ്രമാണീനെ അച്ഛമ്മക്ക് കാണണ്ടേ? ഇനിക്ക് വേറെ ആരാ ഒള്ളത്.'
അവർ കരഞ്ഞു.

ദിമിത്രി ആശ്ചര്യപ്പെട്ട് അവന്റെ അമ്മയെ നോക്കി. അമ്മ അകലേക്കെങ്ങോ നോക്കി നിൽക്കുകയാണ്. അന്നേരം വയലിൽ നിന്ന് ശബ്ദമുണ്ടാക്കിക്കൊണ്ട് കാറ്റടിച്ചു. പറമ്പിലെ മരങ്ങളിലേക്ക് അതു പടർന്നു. വെല്യമ്മ കണ്ണുതുടച്ചു.

കണ്ടൻകുട്ടിയാശാൻ അപ്പോൾ പറഞ്ഞു; "മ്മടെ കണ്ണൻകുട്ടി നല്ല മിടുക്കനാണ്. പാട്ടും വർത്താനോം ഒക്കെ ഉണ്ട്.'

വെല്യമ്മ തിരിഞ്ഞ് മീനാക്ഷിയോടായി പറഞ്ഞു; ""മീനാക്ഷി, ഞാൻ ഒരു കാര്യം നിശ്ചയിച്ചൊറപ്പിച്ചിട്ടാണ് വന്നിരിക്കണ്. എന്തു ഭൂകമ്പണ്ടായാലും ഞാനത് ചെയ്യും. ഇത്രകാലം ആരുക്കൊക്ക്യോ വേണ്ടിയാണ് ഞാൻ ജീവിച്ചത്? ആരെങ്കിലും പറയും. ഞാനത് ചെയ്യും. പെണ്ണങ്ങളായി ജനിച്ചാല് അതല്ലേ നിവർത്തീള്ളു. ഉമ്മറത്തുന്ന് കൽപ്പിക്കണത് കേക്ക്വാ. അതനുസരിക്ക്യാ. ഇനി സ്വന്തം മനസ്സിൽ തോന്ന്യ ഒരു കാര്യം ചെയ്തട്ട് കണ്ണടക്കണംന്ന്ണ്ട് ഇനിക്ക്. ഞാൻ ഇവനെ വീട്ടിലിക്ക് കൂട്ടിക്കൊണ്ട് പൂവ്വാണ്. ഇവൻ അവടെ വളരട്ടെ. കൊറേ കാലംകൊണ്ട് ഞാൻ ആലോചിച്ചെടുത്ത തീരുമാനമാണ്. ചെലപ്പൊ അവടെ ഭൂകമ്പക്കെണ്ടാവും. സാരല്യ. ഇതിന് ആരെങ്കിലും വന്ന് തടസ്സം നിന്നൂന്ന് വെച്ചാല് പിന്നെ ഇനിക്കൊരു ജീവിതല്യ. പറയണ്ടവരോട് ഞാനത് പറഞ്ഞട്ടുണ്ട്.'’

മീനാക്ഷി അമ്പരപ്പോടെ അവരെ നോക്കി. അവർ തുടർന്നു; ‘‘ഒരു കടുംകയ്യാണ് ചെയ്യണതെന്ന് എനിക്ക് നിശ്ചയണ്ട്. മീനാക്ഷീ, നീ എന്നെ ശപിക്കരുത്. നിന്റെ ജീവിതാവലംബം ഞാൻ തട്ടിക്കൊണ്ടു പോണു. ഇത് നീ സഹിക്കണം. ഇവൻ ഇവടെ ജീവിക്കുന്ന കാലംവരെ എന്റെ ചങ്കിലെ തീ കെടില്ല. മരിച്ചാലും എന്റെ കണ്ണടയുന്ന് തോന്നണില്ല. ഞാൻ ജീവിച്ചിരിക്കണ കാലംവരെ ഇവന് ആ വീട്ടില് സംരക്ഷണണ്ടാവും. അമ്മയ്ക്ക് ഒപ്പാവ്വ്വോ അച്ഛമ്മാന്ന് ചോദിച്ചാല് ഇനിക്കു പറയാൻ പറ്റില്ല. എന്നാലും ഇവനവടെ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല. അതിനെടക്ക് ഞാൻ ഇല്ല്യാണ്ടായാല് നീ വന്ന് ഇവനെ തിരിച്ചു കൊണ്ടോണം. സെന്റ് ആൻസ് എൽപീല് ഇവനെ ചേർക്കണ കാര്യം ഞാൻ വാറുണ്ണി മാഷോട് പറഞ്ഞട്ടുണ്ട്. ’’

മീനാക്ഷി നിശ്ശബ്ദത പാലിച്ചു. താൻ ഈ ലോകത്തൊന്നുമല്ല എന്ന മട്ടിലായിരുന്നു അവളുടെ നിൽപ്പ്. അവൾ കരഞ്ഞില്ല. പക്ഷേ കണ്ടൻകുട്ടിയാശാൻ കരഞ്ഞു. ചുണ്ടുകൾ വിറച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു; "ഇവൻ ഇവടന്നു പോയാപ്പിന്നെ ഞങ്ങള് ജീവിച്ചട്ട് കാര്യല്ല്യ.'
വെല്യമ്മ പറഞ്ഞു; "കണ്ടൻകുട്ടി വെഷമിക്കരുത്. പഠിച്ചു മിടുക്കനായിട്ട് ഇവൻ കണ്ടൻകുട്ട്യേ കാണാൻ വരും.'

പിന്നെ കുറച്ചിട ആലോചിച്ച് അവർ പറഞ്ഞു; "നമ്മള് വിചാരിച്ചാല് എന്താ കൂട്ട്യാക്കൂട്വാ കണ്ടൻകുട്ട്യേ? ഭഗവാന്റെ നിശ്ചയങ്ങൾക്കനുസരിച്ച് നീങ്ങാനേ നമുക്ക് പറ്റൂ. മീനാക്ഷീനീം ബംഗ്ലാവിലിക്ക് ഞാൻ കൂട്ടിക്കൊണ്ടു പോണ്ടതാണ്. ചന്ദ്രൻ എന്തു വിചാരിച്ചാലും അവന്റെ കുട്ടീടെ അമ്മയാണ് അവള്. ന്നാല് അവളെ ആ ഏടാകൂടത്തിലിക്ക് കൊണ്ടുചെല്ലാനുള്ള ത്രാണി എനിക്കില്ല. ഞാനും ഒരു പെണ്ണാണ്. വയസ്സും കൊറെ ആയി. ഇനി എത്ര നാളുണ്ട്ന്ന്ച്ചട്ടാ?'

ആ സമയത്ത് മീനാക്ഷി ശബ്ദിച്ചു; "എന്റെ കാര്യം ഓർത്തട്ട് പുല്ലാനിക്കട്ടെ വെല്യമ്മ വെഷമിക്കണ്ട. അവടെ വന്ന് പാർക്കാൻ ഞാൻ ഇല്ല. അത് തീരുമാനിച്ചട്ടുണ്ട്. വല്ല കൃഷിപ്പണീംണ്ടെങ്കില് ആളെ വിട്ടു വിളിപ്പിച്ചോളൂ. അപ്പൊ വരാം.'

കല്ലടക്കാവിലെ വേലക്കു പോകാനായി ഇരുമ്പുപെട്ടിയിൽ എടുത്തു വെച്ചിരുന്ന ഷർട്ടും ട്രൗസറുമാണ് ദിമിത്രി ധരിച്ചത്. ട്രൗസറിന് ഒരു കുടുക്ക് കുറവുണ്ടായിരുന്നു. വല്യമ്മക്ക് പിന്നിലായി അവൻ നടന്നു. വയലിലെ വരമ്പുകൾ പിന്നിട്ടപ്പോൾ മുകളിൽ ചോപ്പുനിറം വഹിച്ചു നിൽക്കുന്ന ഒരു കുന്നു കണ്ടു. താഴ്വാരത്ത് പച്ചമരങ്ങൾ ഇടതൂർന്ന് കൂട്ടമായി നിന്നിരുന്നു. വളഞ്ഞു പുളഞ്ഞു പോകുന്ന വഴി കയറി തടിയൻ നാട്ടുമാവുകളും കൊന്നമരങ്ങളും നിൽക്കുന്ന കുന്നിൻ നെറുകയിലെത്തി. മാവുകൾ പൂത്തു തുടങ്ങിയിരുന്നു. കുന്നിറങ്ങുന്നേടത്ത് ലക്ഷംവീടു കോളനിയാണ്. പിന്നെയുള്ള ഇടവഴിയുടെ ഇരുഭാഗത്തും റബ്ബർ തോട്ടങ്ങൾ. എങ്ങനെ നോക്കിയാലും വരിയൊപ്പിച്ചു നിൽക്കുന്ന മരങ്ങൾ. കരിയിലകളിൽ വൈകുന്നേരത്തിന്റെ സൂര്യവെളിച്ചം പതിഞ്ഞു. ദിമിത്രി വഴിയിൽ വീണു കിടന്ന റബ്ബർ കായകൾ പെറുക്കി ട്രൗസറിന്റെ പോക്കറ്റിലിട്ടു.

വെല്യമ്മചാദിച്ചു; "എന്തിനാ ഈ കായകൾ പെറുക്കണത്?'

റബ്ബർ കായകൾ കീശ നിറഞ്ഞപ്പോൾ കുടുക്കില്ലാതെ എടുത്തു കുത്തിയിരുന്ന ട്രൗസർ അഴിഞ്ഞു. ഒരു കൈകൊണ്ട് ട്രൗസർ പിടിച്ച് അവൻ നടന്നു. കുന്നിറങ്ങി വീണ്ടും വയലിലെത്തിയപ്പോൾ പൊന്തക്കാടുകളിലിരുന്ന് കുളക്കോഴികൾ ശബ്ദിച്ചു. തണ്ണിച്ചിറത്തോട്ടിൽ നിറയെ കുളവാഴകൾ പൂത്തു നിന്നിരുന്നു. വരമ്പുമുറിഞ്ഞൊഴുകുന്ന കഴായയിലെ വെള്ളത്തിന് നല്ല തണുപ്പ്. അവിടെ മീനുകളൊന്നും ഉണ്ടായിരുന്നില്ല. നടക്കുമ്പോൾ വല്യമ്മ അവനോടു പറഞ്ഞു;
"നിനക്ക് മനസ്സിലായോ? നമ്മള് നമ്മടെ വീട്ടിലാക്കാണ് പോണത്. എന്ന്വച്ചാ നിന്റെ അച്ഛന്റെ വീട്ടിലിക്ക്. നീ നിന്റെ അച്ഛനെ കണ്ടട്ടില്ലല്ലോ? അവടെച്ചെന്നാ കാണാം. ഞാൻ നിന്റെ അച്ഛന്റെ അമ്മ. അച്ഛമ്മ. നിന്റെ അച്ഛാച്ചൻ അവടെ ഉണ്ട്. അങ്ങോര് വെല്യ ദേഷ്യക്കാരനാണ്. നീ ആളടെ അടുത്തിക്കൊന്നും പൂവ്വാൻ നിക്കണ്ട. അങ്ങോര് അവടെ കസേരേല് പ്രമാണ്യായിട്ട് ഇരിക്കട്ടെ.
"നീയവടെ നല്ല കുട്ട്യായിട്ട് നിക്കണം. കുറുമ്പുകളൊന്നും കാണിക്കരുത്. മണ്ണാൻതുരുത്തിലും തണ്ണിച്ചെറപ്പാടത്തും മേഞ്ഞുനടന്നന്തി ഇനി നടക്കാനൊന്നും പറ്റില്ല. സ്‌കൂൾല് പോയിത്തൊടങ്ങ്യാല് പഠിക്കണം. നല്ല കുട്ടീന്നൊള്ള പേര് കേപ്പിക്കണം. പഠിച്ച് മിടുക്കനാവണം.'

കൊളംബു ബംഗ്ലാവിൽ അവർ എത്തിയപ്പോൾ സന്ധ്യയായിരുന്നു. കനാലിലേക്കിറങ്ങുന്ന ചവിട്ടുപടികളുടെ അടുത്തു നിന്നിരുന്ന രാജമല്ലികളിൽ തുമ്പികൾ പറന്നു കളിക്കുന്ന നേരം. പലതരം തുമ്പികളുണ്ട്. കല്ലൻ. കറുപ്പൻ. പയർപൂ പോല ഇളം വയലറ്റ്. കൊന്നപ്പൂ പോലെ മഞ്ഞ. കയ്യാലക്കും വീടിനുമിടയിലെ ചാണകം മെഴുകിയ കളത്തിൽ പുഴുങ്ങിയ നെല്ല് ഉണക്കാനിട്ടിരുന്നു. മറ്റൊരു ഭാഗത്ത് ജാതിക്കയും അടക്കയും.

ഇറയത്ത് ചാരുകസേരയിൽ കിടന്ന് കരുണൻ മാസ്റ്റർ ഏതോ മാസിക വായിക്കുന്നുണ്ടായിരുന്നു. അവർ ചെന്നിട്ടും അദ്ദേഹം വായനയിൽ നിന്ന് ശ്രദ്ധ തിരിച്ചില്ല.

"ഞാൻ ഈ കുട്ടീനെ ഇങ്ങട്ട് കൂട്ടിക്കൊണ്ടു പോന്നു’; വെല്യമ്മ പറഞ്ഞു.

കരുണൻമാഷ് മിണ്ടിയില്ല.

ദിമിത്രി നോക്കി. നരച്ചു വെളുത്ത മീശയാണ് കരുണൻ മാഷ്‌ക്ക്. മിൽശീല കൊണ്ടുള്ള ബനിയനും വെള്ളയിൽ വലിയ സമചതുരങ്ങളുള്ള മുണ്ടും അദ്ദേഹം ധരിച്ചിരുന്നു. ഇരിക്കുന്ന കസേരക്കു പിന്നിൽ നാരായണഗുരുവിന്റെ ചിത്രമുണ്ട്. ചിത്രത്തിലിരുന്ന് ഗുരു ദിമിത്രിയെ നോക്കി. ചെറുതായി ഒന്നു മന്ദഹസിച്ചു.

ചിത്രപ്പണികൾ ചെയ്ത് പിച്ചളഗോളകകൾ പിടിപ്പിച്ച വലിയ വാതിൽ തുറക്കുന്നത് ഒരു ഇടനാഴിയിലേക്കാണ്. കറുപ്പയ്യാസ്വാമിയുടെ ചിത്രം അവിടെ അലങ്കരിച്ചു വെച്ചിട്ടുണ്ട്. ഇടനാഴിയുടെ ഇടതു ഭാഗത്ത് കിടപ്പുമുറികളാണ്. വലത്തോട്ടു പോയാൽ അടക്കളക്കെട്ടിലേക്ക്. നേരെ മുന്നിൽ മരംകൊണ്ടു പണിഞ്ഞ ഒരറയാണ്. അതിൽ നെല്ലു സൂക്ഷിക്കുന്നു. തൊട്ടടുത്ത് മുകൾനിലയിലേക്കുള്ള ഗോവണി. അറയ്ക്കു പിന്നിലെ മുറിയിൽ വെച്ച വലിയ മൺകലങ്ങളിൽ കോഴികൾ പൊരുന്നിന് ഇരിക്കുന്നു. ഒരു തുള്ളക്കോഴി തലയുയർത്തി ദിമിത്രിയെ നോക്കി. അവൻ അതിനെ കണ്ണുരുട്ടി പേടിപ്പിച്ചു.

ചുവരിലെ ചിത്രങ്ങളിലിരുന്ന ശ്രീനാരായണഗുരുവും കറുപ്പയ്യാസ്വാമിയും മൺകലത്തിലിരിക്കുന്ന തള്ളക്കോഴിയും അല്ലാതെ മറ്റാരും ദിമിത്രിയെ നോക്കിയില്ല. രണ്ടു വാല്യേക്കാരാണ് അന്ന് പുല്ലാനിക്കാട്ട് സ്ഥിരമായി ഉണ്ടായിരുന്നത്. തെക്കേപറമ്പിലെ ചേന്ദനും ഭാര്യ കമലയും. കമല ഇരുട്ടുവീണ മുഖവുമായി ദിമിത്രിക്കടുത്തു കൂടെ അതിശീഘ്രം നടന്നു പോയി. എങ്ങോട്ടു തിരിയണം എന്തു ചെയ്യണം എന്നറിയാതെ ദിമിത്രി വിഷമിച്ചു.. അറമുറിയിയിലൂടെ പിന്നിലെ ഇറയത്തേക്ക് കടന്ന് അവൻ മുറ്റത്തേക്കിറങ്ങി.

വലിയ പറമ്പാണ്. അതിൽ നിറയെ തെങ്ങും വാഴകളും വലിയ ഇലകളുള്ള കുളച്ചേമ്പുകളും. അതിരിനപ്പുറം അകലെ വയൽ കാണാം. കയ്യാലക്കു പിന്നിൽ ചുമരിനോട് ചേർത്ത് വലിയൊരു ചവിട്ടുചക്രം കെട്ടി വെച്ചിരുന്നു. കയ്യാലയിൽ നിന്ന് കനാലിലേക്കുള്ള വഴിയിൽ അക്കാലത്ത് മയിലാഞ്ചിച്ചെടികൾ വെച്ചുപിടിപ്പിച്ചിരുന്നു. അവ ക്രമംവിട്ടു വളർന്ന് പൂവിട്ടിരുന്നു.

വന്ന ദിവസം തന്നെ വല്യമ്മ അവനെ അച്ഛന്റെ അരുകിലേക്ക് കൊണ്ടു പോയിരുന്നു. മുകൾനിലയിലാണ് പുല്ലാനിക്കാട്ട് ചന്ദ്രശേഖരന്റെ സാമ്രാജ്യം. കോണികയറിച്ചെല്ലുന്ന ഒരു ഹാളും അതിനപ്പുറത്ത് ഒരു മുറിയുമാണ് അവിടെയുള്ളത്. മരയഴികളുള്ള വലിയ ജനലുകൾ. നിവർത്തി വിരിച്ചിട്ട കിടക്കയുള്ള ഒരു കട്ടിൽ. എഴുത്തുമേശ. ഇരുന്നെഴുതാനുള്ള കസേര. ഒരു ചാരുകസേരയും ഉണ്ടായിരുന്നു. പുസ്തകങ്ങൾ വെച്ച വലിയ അലമാരകൾ. ചുമരിൽ മാർക്‌സ്, ഏംഗൽസ്, ലെനിൻ, സ്റ്റാലിൻ, ജവഹർലാൽ നെഹ്‌റു, ചങ്ങമ്പുഴ എന്നിവരുടെ ചിത്രങ്ങൾ ഫ്രെയിം ചെയ്തു വെച്ചിരുന്നു. അച്ഛൻ വായിക്കുകയായിരുന്നു. കസേരയിൽ ഇരുന്ന് എഴുത്തുമേശയിലേക്ക് കാലെടുത്തു വെച്ചാണ് അദ്ദേഹത്തിന്റെ വായന.

മറ്റേതോ ലോകത്ത് ചെന്നപോലെ ദിമിത്രിക്കു തോന്നി. ആ മുറിയിൽ തങ്ങിനിന്നിരുന്ന സിഗരറ്റിന്റെ മണം അവന് ഇഷ്ടമായി. അച്ഛനെ അവൻ സൂക്ഷിച്ചു നോക്കി. ഒരുപക്ഷേ അതിനു മുമ്പോ പിമ്പോ ഒരു പുരുഷശരീരത്തിലേക്കും അവൻ അത്ര സൂക്ഷ്മമായി നോക്കിയിട്ടുണ്ടാവില്ല. മണ്ണാൻതുരുത്തിലോ തണ്ണിച്ചിറ കോൾപ്പടവുകളിലോ അവൻ കണ്ട ആളുകളിൽ നിന്നു വളരെ വ്യത്യസ്തമായിരുന്നു ആ രൂപം. അദ്ദേഹം അപ്പോൾ ഷർട്ടു ധരിച്ചിരുന്നില്ല. വെളുത്ത ശരീരത്തിൽ ചില കാക്കപ്പുള്ളികളും ഒരു ചെറിയ മറുകും ഉണ്ടായിരുന്നു. പുറകുവശത്തായി അതിസൂക്ഷ്മമായ ചില തിണർപ്പുകൾ. അദ്ദേഹം ചെറുതായി താടി വളർത്തിയിരുന്നു. കളമെഴുത്തിൽ ശാസ്താവിനുള്ള പോലെയായിരുന്നു ആ മൂക്ക്. ആ ശരീരത്തിൽ എവിടെയെങ്കിലും ഒന്നു തൊടണമെന്ന് അവൻ ആഗ്രഹിച്ചു.

കാൽപ്പെരുമാറ്റം കേട്ട് അദ്ദേഹം പിന്തിരിഞ്ഞു നോക്കി. ആ കണ്ണുകൾ തന്നിലേക്ക് എറിഞ്ഞു കൊള്ളുന്ന പോലെയാണ് ദിമിത്രിക്കു തോന്നിയത്. നോട്ടങ്ങൾ കൂട്ടിമുട്ടും മുമ്പെ അദ്ദേഹം കണ്ണുകൾ പിൻവലിച്ചു.

വെല്യമ്മ പറഞ്ഞു; "എടാ, നാളെത്തന്നെ നീ ഇവനെ വാറുണ്ണി മാഷടെ സ്‌കൂളില് കൊണ്ടുപോയി ചേർത്തണം. ചേർത്തണ്ട സമയൊക്കെ കഴിഞ്ഞു. ഇന്യത്തെ കൊല്ലം ചേർത്താന്ന് വെച്ചിരിക്ക്യാർന്നൂത്രെ അവര്. ഞാൻ വാറുണ്ണി മാഷോട് പറഞ്ഞട്ടുണ്ട്. മാഷ് കഴിഞ്ഞാഴ്ച സൂപ്പിനൊള്ള പോത്തുങ്കാലും കൊണ്ടുവന്നപ്പൊ.'

ചന്ദ്രശേഖരൻ മിണ്ടിയില്ല. വെല്യമ്മ വീണ്ടും പറഞ്ഞു; "നീ കൊണ്ടോണം ഇവനെ. അവടെച്ചെന്നട്ട് അപേക്ഷ പൂരിപ്പിച്ച് കൊടുക്കണം.'

"അമ്മ തന്നെ കൊണ്ടോയാൽ മതി’; അദ്ദേഹം പറഞ്ഞു.

"അപ്പൊ അപേക്ഷേല് ഒപ്പിട്ടു കൊടുക്കണ്ടെ?'

"അമ്മ ഒപ്പുവെച്ചാലും ചേർത്താൻ പറ്റും.'

"ഞാൻ തന്നെ പോണം അല്ലേ? നിനക്കെന്താ പോയാല്?'

അദ്ദേഹം മിണ്ടാതിരുന്നു.
വല്യമ്മ പറഞ്ഞു; "സ്‌കൂള് തൊറന്നട്ട് മാസം നാലു കഴിഞ്ഞു. ഇനി വൈകിക്കാൻ പറ്റില്ല. എടുത്തു കഴിഞ്ഞ പാഠങ്ങള് ആരാ ഈ കുട്ടീനെ പഠിപ്പിക്ക്യാന്ന് ഓർക്കുമ്പഴാ ഇനിക്കു സംഭ്രമം. എഴുതാനും വായിക്കാനും അറിയാത്ത കുട്ടി എങ്ങന്യാ പുത്യേ പാഠങ്ങള് വായിക്ക്യാ?'

ദിമിത്രിക്ക് വലിയ ജാള്യത തോന്നി. സത്യത്തിൽ അവന് എഴുതാനും വായിക്കാനും നല്ല വശമുണ്ടായിരുന്നു. വീട്ടിൽ വെച്ച് നിത്യവും അമ്മ പഠിപ്പിക്കാറുണ്ട്. മലയാളം ഇംഗ്ലീഷ് അക്ഷരങ്ങൾ എഴുതാനും വായിക്കാനും അറിയും. കണ്ടൻകുട്ടി മുത്തപ്പൻ കൊടുങ്ങല്ലൂർ താലപ്പൊലിക്കു പോയി വന്നപ്പോൾ കൊണ്ടുവന്നിരുന്ന ഇംഗ്ലീഷ് ചിത്രപാഠപുസ്തകം ഒന്നുപോലും തെറ്റാതെ അവൻ വായിച്ചിരുന്നു. അമ്മമ്മ ചകിരിക്കമ്പനിയിൽ ചേർന്നിരുന്ന ചിട്ടിയുടെ പണം അടുത്ത വർഷം കിട്ടും. അപ്പോൾ കുടയും ചോറുപാത്രവും പുസ്തകവും വാങ്ങിക്കണം, സ്‌കൂളില് ചേരണം എന്ന് അമ്മ പറഞ്ഞിരുന്നു. "സ്‌കൂളില് ചെല്ലുമ്പൊ ഇത്രേം നന്നായിട്ട് എഴുതേം വായിക്കേം ചെയ്യണ കുട്ടീനെക്കണ്ട് വാറുണ്ണിമാഷും ജാനകി ടീച്ചറും അതിശയിക്കണം.'

അപമാനകരമായ ആ അന്തരീക്ഷത്തിൽ നിന്ന് രക്ഷപ്പെടണമെന്ന് അവനു തോന്നി. അവൻ പറഞ്ഞു; "ഇനിക്ക് എഴുതാനും വായിക്കാനും അറിയാം. നൂറുവരെ എണ്ണാൻ പറ്റും. ഇംഗ്ലീഷും ഞാൻ പഠിച്ചിട്ടുണ്ട്. എ ബി സി ഡി ഇ ...'
അവൻ ഇംഗ്ലീഷ് അക്ഷരമാല മുഴുവൻ ചൊല്ലി.
"പൂച്ചക്ക് ക്യാറ്റ്ന്നാ പറയ്യാ. പട്ടിക്ക് ഡോഗുന്ന്.'
അതു കേട്ട് വല്യമ്മ പൊട്ടിച്ചിരിച്ചു. അവർ പറഞ്ഞു; "നല്ല മിടുക്കനാണല്ലോ ന്റെ കുട്ടി. ഇവന് നന്നായി പാട്ടറിയ്യാന്ന് കണ്ടൻകുട്ടി പറഞ്ഞേർന്നു.'

ദിമിത്രിക്ക് വലിയ ഉത്സാഹമായി. മുത്തപ്പൻ പാടാറുള്ള തോറ്റംപാട്ടുകൾ ഏതാണ്ടും അവൻ കേട്ടുപഠിച്ചിരുന്നു. മേശമേൽ താളമിട്ട് ചെറിയ ഒരാട്ടത്തോടെ അവൻ പാടി.

"ദേവ്യേ....... ആലില മാവില അടക്കാമര പൂക്കില വെറ്റിലടക്ക അരങ്ങുപാകി. പട്ടെന്ന പട്ട് വിതാനിച്ചു നല്ലമ്മ മാവിലണിപ്പട്ട് വിതാനം ചെയ്‌തേ. മൂവർണ്ണ പൂവ് വിതാനിച്ചു നല്ലമ്മ ചെന്താമരപ്പൂവ്വ് വിതാനം ചെയ്തു.... '

"നിറുത്ത്’; ചന്ദ്രശേഖരൻ എഴുന്നേറ്റു നിന്ന് അലറി.

ദേഷ്യം സഹിക്കാനാവാതെ അദ്ദേഹം മേശപ്പുറത്തെ മഷിക്കുപ്പി എടുത്ത് ഊക്കോടെ ചുമരിലെറിഞ്ഞു. കുപ്പി പൊട്ടി തകർന്നു വീണു. വെള്ളച്ചുമരിൽ ഭൂപടം വരച്ച് മഷി താഴോട്ടൊഴുകി. ദിമിത്രി പകച്ചു.

"ഈ വക പാട്ടൊന്നും ഇവിടെ പാടരുത്’; ചന്ദ്രൻ ഉറക്കെ പറഞ്ഞു.

ദിമിത്രി പെട്ടെന്ന് പൊട്ടിക്കരഞ്ഞു. വെല്യമ്മ അവനെ അണച്ചു പിടിച്ചു.
"നിനക്കെന്താ ചന്ദ്രാ പറ്റിത്? ഭ്രാന്തു പിടിച്ചോ? കുട്ട്യല്ലേ അവൻ? നിന്റെ രക്തല്ലേ ഇത്? അല്ലാന്ന്ച്ചാ അത് പറയ്.'

"എന്റെ രക്തല്ല; എന്റെ നരകാണ് ഇത്. എന്റെ ജീവിതം തകർന്നു. നാട്ടുകാരടെ മുന്നില് എനിക്കു മുഖമുയർത്താൻ വയ്യാണ്ടായി.'

"നീയ്യല്ലാണ്ട് ആരാണ് നിന്റെ ജീവിതത്തിന്റെ ഉത്തരവാദി? പൊറമേന്ന് ആരെങ്കിലും വന്ന് നിന്നെ ഉപദ്രവിച്ചോ? നിന്നെ ഞങ്ങൾ ആരെങ്കിലും ഉപദ്രവിച്ചോ?; വെല്യമ്മ തെല്ലുറക്കെ ചോദിച്ചു.

താൻ എഴുതിയ നാടകങ്ങളിലെ ഡയലോഗു പോലെയാണ് ചന്ദ്രൻ പിന്നെ സംസാരിച്ചത്. വികാരഭരിതനായ ഒരു നടന്റെ ഭാവമായിരുന്നു അദ്ദേഹത്തിന്.
"അതെ. എന്റെ തെറ്റു തന്നെ. ഞാൻ തെറ്റു ചെയ്തു. വലിയ തെറ്റ്. വലിയ പാപം. അതിന്റെ ശിക്ഷ ഞാൻ ഏറ്റുവാങ്ങുന്നു. വിചാരണ കഴിഞ്ഞു. വിധിയും. ജീവിതമാണ് എനിക്കുള്ള ശിക്ഷ. ഭൂമിയിലെ നരകത്തിലേക്ക് ഞാൻ പ്രവേശിക്കുകയാണ്. തീക്കടലിനു മേലെ മുടിപ്പാലത്തിലൂടെ ഞാനിതാ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഇതിൽ നിന്നു രക്ഷപ്പെടാൻ ഒരു വാതിലേ ഉള്ളു. മരണത്തിന്റെ വാതിലാണത്. മരണം എത്രയും വേഗം വന്ന് എന്നെ അനുഗ്രഹിക്കട്ടെ.'

അദ്ദേഹം തന്റെ അമ്മക്കു മുന്നിൽ ചെന്നു കൈകൂപ്പി.
"ആ വാതിൽ തുറന്നു തന്ന് നിങ്ങൾക്ക് എന്നെ സഹായിക്കാമോ?'

"എന്താണവിടെ.'
കരുണൻ മാഷാണ്. അദ്ദേഹം തന്റെ വാക്കിംഗ് സ്റ്റിക്കിൽ ഊന്നി ഗോവണിപ്പടിക്കു താഴെ നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹം ചോദിച്ചു.
"വേലമ്മാരടെ കുടിലായി മാറിയോ ഈ വീട്?'

വല്യമ്മയുടെ കൈപിടിച്ച് താഴേക്കിറക്കുമ്പോൾ കരുണൻ മാഷ് ദിമിത്രിയെ നോക്കി. തീ പാറുന്ന നോട്ടമായിരുന്നു അത്.

കരുണൻ മാഷ് ഭാര്യയെ താക്കീതു ചെയ്തു:
"ഒരു കാര്യം ഞാൻ പറഞ്ഞേക്കാം നളിനി. നീ വലിച്ചു വാരിക്കൊണ്ടു വന്ന ബാധ്യതയാണ്. നിനക്കു മാത്രമാണ് ഇതിന്റെ ഉത്തരവാദിത്തം.'

"അതെനിക്ക് നിശ്ചയണ്ട്’; വല്യമ്മ പറഞ്ഞു.

അന്നുരാത്രി ദിമിത്രിക്കു പനിച്ചു. ഒരാഴ്ച അവർ സുഖമില്ലാതെ കിടന്നു.
"ഇത് ജലദോഷപ്പന്യാണ്. വേഗം മാറും.'
വല്യമ്മ പറഞ്ഞു. ചന്ദനമുട്ടി അരച്ചത് അവർ അവന്റെ നെറ്റിയിൽ പുരട്ടി. ചന്ദനം നെറ്റിയെ തണുപ്പിച്ചു. പക്ഷേ വേഗമത് ഉണങ്ങി കട്ടപിടിച്ചു. രാത്രി കിടന്നു കിടുകിടുത്തപ്പോൾ തുരുത്തിൽ നിന്നും അമ്മ വന്ന് തന്നെ ചേർത്തു പിടിച്ചു കിടക്കുന്നതായി അവൻ സങ്കൽപ്പിച്ചു. മുത്തപ്പൻ കണ്ടൻകുട്ടിയാശാൻ ചെണ്ടക്കുറ്റിയിൽ നിന്ന് മരുന്നെടുത്ത് കയ്യുരലിലിട്ട് ഇടിക്കുന്നതും അവൻ കണ്ടു.

"പേടി തട്ടിറ്റാണ്'; അദ്ദേഹം പറയുന്നു.
"പേടീനെ മ്മക്ക് ഊതിപ്പറത്താം ട്ടോ.' ▮

(തുടരും)


അശോകൻ ചരുവിൽ

കഥാകൃത്ത്, നോവലിസ്റ്റ്. സാംസ്​കാരിക പ്രവർത്തകൻ. 2018 മുതൽ പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി. സൂര്യകാന്തികളുടെ നഗരം, അശോകൻ ചരുവിലിന്റെ കഥകൾ, ആമസോൺ, ജലജീവിതം, മരിച്ചവരുടെ കടൽ, കങ്കാരുനൃത്തം, കാട്ടൂർ കടവ്​ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

Comments