ചിത്രീകരണം : ഇ. മീര

കാട്ടൂർക്കടവ് 2018

17: നന്തുണി എന്ന വാദ്യോപകരണം

സെൻറ്​ ആൻസ് എൽ.പി.സ്‌കൂളിന്റെ ആപ്പീസുമുറിയുടെ ചുമരുകളിൽ ആരുടെയൊക്കെയോ ഫോട്ടോകൾ നിരക്കെ വലുപ്പത്തിൽ ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ട്. പക്ഷേ രൂപങ്ങൾ തെളിഞ്ഞു കിട്ടില്ല. ഒന്നാമത്തേത് കാലപ്പഴക്കം. പിന്നെ ആ കുടുസ്സുമുറിയിൽ ആധിപത്യം വഹിക്കുന്ന ഇരുട്ട്. ഏതിരുട്ടിലും മെല്ലെ മെല്ലെ വെളിച്ചം വരുമല്ലോ. ക്രമേണ ചില വസ്തുക്കൾ തെളിയും. രജിസ്റ്ററുകളും പുസ്തകങ്ങളും വെച്ച മരറാക്കുകൾ. ഞാത്തിയിട്ടിരിക്കുന്ന ഭൂപടം. അതാകട്ടെ പാടെ കീറിയതാണ്. മേശമേൽ ഇരിക്കുന്ന ഗ്ലോബ്. പിന്നെ ഹെഡ്മാസ്റ്റർ വാറുണ്ണി മാഷടെ മുഖത്തെ കണ്ണട.

പനി പിടിച്ചതുകൊണ്ട് രണ്ടാഴ്ച വീണ്ടും വൈകിയായിരുന്നു ദിമിത്രിയുടെ സ്‌കൂൾ പ്രവേശനം. പുല്ലാനിക്കാട്ടെ വല്യമ്മയോടെപ്പം ആപ്പീസുമുറിയിലേക്ക് കടന്നു ചെന്നപ്പോൾ വാറുണ്ണി മാഷ് പറഞ്ഞു:
‘ഇവനെ ഞാൻ കണ്ടട്ടുണ്ട്. നമ്മടെ കണ്ടൻകുട്ടിയാശാന്റെ തോളത്തുണ്ടാവൂലോ എപ്പഴും. നന്തുണി മാതിരി.'

ആ സമയത്ത് ആപ്പീസുമുറിയിൽ വേറെയാരും ഉണ്ടായിരുന്നില്ല. പറയാനാവില്ല. ഏതെങ്കിലും അദൃശ്യശക്തികൾ ഉണ്ടായിരുന്നിരിക്കണം. അവരായിരിക്കണം ‘നന്തുണി' എന്ന വാക്ക് അവിടെന്ന് ചോർത്തി നിമിഷം കൊണ്ട് സ്‌കൂൾ മുഴുവൻ പരത്തിയത്. പിന്നീട് കുട്ടികളും അധ്യാപകരും ആ പേരിലാണ് ദിമിത്രിയെ വിളിച്ചത്. ഓരോ തവണ ആ വിളി കേൾക്കുമ്പോഴും അവൻ തോറ്റു കൊണ്ടിരുന്നു.

‘ജോർജി ദിമിത്രോവ്. എന്തൊരുവക പേരാത് വല്യമ്മേ? വല്ല മാലാഖേടേം പേരാവ്വോ ഇത്? ഇത്തിരി കടുപ്പം കൂടീന്നൊരു സംശയം’; അപേക്ഷാഫോറം എഴുതുന്നതിനിടയിൽ മാഷ് ചോദിച്ചു.

‘കണ്ടൻകുട്ടിക്ക് ഞാൻ ഒറപ്പുകൊടുത്തതാ. ഈ പേര് മാറ്റില്ലാന്ന്. ഇവനെ ഇത്രേം കാലം വളർത്തീതല്ലേ ആ മനുഷ്യൻ?’; വല്യമ്മ പറഞ്ഞു.

മാഷ് പിന്നെയും ചിന്തിച്ച് പറഞ്ഞു: ‘ഇവന് ഇവന്റെ അമ്മേടെ ജാതി ചേർക്ക്വാണെങ്കില് ഭാവീല് പഠിപ്പിനും ഉദ്യോഗത്തിനും കൂടുതൽ ആനുകൂല്യം കിട്ടും. അങ്ങനെ ചേർക്കട്ടെ?'

ആ ചോദ്യം കേട്ട് വല്യമ്മ വലുതായി രോഷം കൊണ്ടു. അവർ ഉച്ചത്തിൽ സംസാരിച്ചു: ‘പുല്ലാനിക്കാട്ടെ കരുണൻ മാഷടെ പേരക്കുട്ടി എങ്ങന്യാ മണ്ണാനാവണത്? മാഷെന്താ തെമ്മാടിത്തം പറയണ്? ഒരവകാശോം ആവശ്യല്യ. അത്യാവശ്യം ഉണ്ണാനും ഉടുക്കാനും ഒളള വക ഞങ്ങക്ക് പാടത്തുന്നും പറമ്പീന്നും ആയിട്ട് കിട്ടും. കുടുംബസ്വത്ത് ഇവന് കിട്ടീല്യാന്നു വെച്ചാല് പൈക്കണ്ണിനടക്കല് എന്റെ പേരില് ഒരേക്ര പറമ്പുണ്ട്. മുറിപ്പറമ്പ്. അമ്മമ്മ എന്റെ പേരില് എഴുതി വെച്ച സ്ഥലം. അത് ഞാൻ ഇവന് കൊടുക്കും. ഞാനത് നിശ്ചയിച്ചട്ടുണ്ട്. അതിന് ഇനിക്കാരോടും ചോദിക്കണ്ട കാര്യല്ല്യ.'

വാറുണ്ണി മാഷ് തെല്ലു വിഷമത്തോടെ പറഞ്ഞു: ‘ഞാൻ പറഞ്ഞൂന്നേള്ളൂ വല്യമ്മേ. അത് ഓർമ്മിപ്പിക്കണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ഭാവീല് ഒരു ധർമ്മസങ്കടം ണ്ടാവാൻ പാടില്ലല്ലോ.'

സ്‌കൂൾ അപ്പോൾ പൊതുവെ നിശ്ശബ്ദമായിരുന്നു.
ഏതോ ക്ലാസിലിരുന്ന് കുട്ടികൾ ഏറ്റുചൊല്ലുന്നതിന് ശബ്ദം മാത്രം.
ആപ്പീസിന്റെ മുറ്റത്ത് ചെറുതായി വളർന്ന ഒരു ബദാംമരം നിന്നിരുന്നു.
ഇറയത്തിനു ചാരെ നനച്ചു വളർത്തിയിരുന്ന ചില ചെമ്പരത്തിച്ചെടികളും. കൈ കഴുകാനുള്ള വെള്ളം വെച്ച മൺകലത്തിന് അടുത്തിരുന്ന് ഒരു കാക്ക കരഞ്ഞു. ആ കാക്കക്ക് ദാഹിക്കുന്നുണ്ടാവുമെന്ന് ദിമിത്രി വിചാരിച്ചു. വാറുണ്ണി മാഷടെ മേശപ്പുറത്ത് വിരിച്ച വിരിയിൽ രണ്ടു പക്ഷികളുടെ ചിത്രമുണ്ടായിരുന്നു. അത് കാക്കകളാണോ എന്നു നിശ്ചയമില്ല. മേശവിരി പഴകി മുഷിഞ്ഞ് മങ്ങിയിരുന്നു.

‘നന്നായി പഠിക്കണം ട്ടോ’; ക്ലാസിലേക്ക് കയറുന്ന നേരത്ത് തലയിൽ തലോടിക്കൊണ്ട് വെല്യമ്മ പറഞ്ഞു.

‘ക്ലാസുതൊടങ്ങീട്ട് നാലു മാസായി. എവെട്യാർന്നു ഇത്രകാലം? കളിച്ച് തിമർത്ത് നടക്ക്വായിരുന്നൂല്ലേ?'; ത്രേസ്യാമ്മ ടീച്ചർ ചോദിച്ചു.

ഏറ്റവും പിറകിലെ ബഞ്ചിൽ പോയി ഇരിക്കാനാണ് ദിമിത്രിക്ക് ആജ്ഞ കിട്ടിയത്. അവിടെ സ്ഥലം കുറവായിരുന്നു. അടുത്തിരുന്ന മത്തക്കണ്ണുള്ള ഒരുത്തന് പുതിയവന്റെ സാന്നിദ്ധ്യം ഇഷ്ടമായില്ല. അവൻ ഉന്തി. ദിമിത്രി തിരിച്ചും ഉന്തി. മത്തക്കണ്ണൻ വിളിച്ചു പറഞ്ഞു: ‘ദേ, ഈ നന്തുണി എന്നെ ഉന്തണ്.'

മത്തക്കണ്ണൻ ക്ലാസിലെ ഒരു പ്രമാണിയായിരുന്നു.
ഫ്രെഡ്ഡി എന്നാണ് പേര്. കറുത്തിരുണ്ട് നല്ല തടിയും കൈക്കരുത്തുമുള്ള ഒരുത്തൻ. ഒന്നാം ക്ലാസിലായിരുന്നെങ്കിലും അവന് എട്ടു പത്തു വയസ്സു പ്രായമുണ്ടായിരുന്നു. സ്‌കൂൾ മാനേജർ തട്ടിൽ പാലപ്പുറത്ത് വറീതിന്റെ വീടിനു പിന്നിലെ ചായ്പ്പിലാണ് അവനും അമ്മയും താമസിച്ചിരുന്നത്. അമ്മ അവിടത്തെ അടുക്കളയിൽ പണിക്കാരിയായിരുന്നു. സ്‌കൂൾ ഇല്ലാത്ത സമയങ്ങളിൽ പോത്തുകളേയും കൊണ്ട് അവൻ പാടത്തേക്കിറങ്ങും.

ഫ്രെഡ്ഡി മറ്റു കുട്ടികളെ ഇടിക്കും. കുട്ടികളുടെ കയ്യിൽ കന്യാകുമാരി പെൻസിലോ മഷിക്കുപ്പിയോ, മണമുള്ള റബ്ബറോ കണ്ടാൽ അവൻ ചോദിക്കും. ചോദിച്ചാൽ കൊടുത്തുകൊള്ളണം എന്നാണ് വ്യവസ്ഥ. ഇല്ലെങ്കിൽ ഇടി ഉറപ്പാണ്. ഹെഡ്മാസ്റ്റർ വാറുണ്ണി മാഷ് തന്റെ വകയിലെ ചിറ്റപ്പനാണെന്ന് അവൻ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ട് കുട്ടികൾ ഭയപ്പെട്ടു.

ഉച്ചക്ക് ഊണുകഴിഞ്ഞു വന്നാൽ ഫ്രെഡ്ഡി അന്ന് തട്ടിലെ വീട്ടിലെ അടുക്കളയിൽ നിന്ന് കിട്ടിയ വിഭവങ്ങളെപ്പറ്റി വിവരിക്കും. ഉച്ചപ്പട്ടിണിക്കാരായ കുട്ടികൾ അതുകേട്ട് ഉമിനീരിറക്കും. അവരോട് തന്റെ കൈ മണപ്പിക്കാൻ അവൻ പറയും. പറഞ്ഞാൽ അനുസരിക്കണമെന്നുണ്ട്. പിന്നെ ചോദ്യവും ഉത്തരവുമാണ്. തെറ്റിപ്പറഞ്ഞാൽ അടിയുണ്ട്.
‘എന്തൂട്ടായിരുന്നു ഇന്ന് എന്റെ കൂട്ടാൻ? പറയ്.'
‘എറച്ചി.'
‘എന്തെറച്ചി?'
"ആട്ടെറച്ചി.'
‘അല്ല', അടി വീഴുന്നു.
"കോഴ്യെറച്ചി.'
‘അല്ല.'
‘പോത്തെറച്ചി.'
‘വെച്ചതോ വരട്ടീതോ?'
‘വരട്ടിത്.'
‘ഹ ഹ ഹ.' ഫ്രെഡ്ഡി പൊട്ടിച്ചിരിക്കുന്നു.
‘നീയ്യ് തിന്നട്ടുണ്ടോ പോത്തെറച്ചി വരട്ടീത്?'
‘ഉവ്വ.'
‘നൊണ.'
വീണ്ടും അടി.

‘നന്തുണി' എന്ന വിളി മറ്റുകുട്ടികളും ഏറ്റെടുത്തു. ആദ്യമൊന്നും ആ വിളിയിലെ ആക്ഷേപം ദിമിത്രിക്കു മനസ്സിലായില്ല. പിന്നെ അതൊരു മോശപ്പെട്ട വാക്കാണെന്ന് അവൻ കരുതി. ഓരോ തവണ വിളിക്കുമ്പോഴും അവന് പ്രാന്തു പിടിക്കാൻ തുടങ്ങി. വിളിക്കുന്നവനോട് അവൻ അങ്കത്തിനു നിന്നു.

അത് യുദ്ധകാലമായിരുന്നു. ഇന്ത്യാ ചൈനാ യുദ്ധം. യുദ്ധഫണ്ടിലേക്കുള്ള പിരിവും ലേലവുമായിരുന്നു സ്‌കൂളിലെ പ്രധാന പരിപാടികൾ. ഇടക്ക് അധ്യാപകരുടെ നേതൃത്തത്തിൽ കുട്ടികൾ വീരജവാന്മാർക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ടുള്ള ഘോഷയാത്രകൾ നടത്തും. ഘോഷയാത്ര ബോട്ടുകടവ് അങ്ങാടി വരെ പോയി തിരിച്ചു വരികയാണ് പതിവ്.

ജാഥ കഴിഞ്ഞു വന്ന ഉത്സാഹത്തിൽ കുട്ടികൾ ക്ലാസിൽ ഇരുന്ന് ഉല്ലസിച്ചു. പാട്ടും താളവും ഉണ്ടായി. ‘മഞ്ഞത്തലയാ, പതിയൻ മൂക്കാ, ചൈനക്കാരാ മൂരാച്ചീ' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ അവർ ആർത്തു വിളിച്ചു. ഒരു കൂട്ടം കുട്ടികൾ ഉപ്പുമാവ് പിഞ്ഞാണങ്ങൾ കൊണ്ട് താളംകൊട്ടി ദിമിത്രിയുടെ അടുത്തുചെന്ന് വിളിച്ചു: ‘നന്തുണി, നന്തുണി, നന്തുണി; മൂരാച്ചി.'

ദിമിത്രി സർവ്വശക്തിയുമെടുത്ത് ആ സംഘത്തെ നേരിട്ടു. അവനും അടികൊണ്ടു. പിന്നെ കൂട്ടക്കരച്ചിലായി.

ത്രേസ്യാമ്മ ടീച്ചർ ക്ലാസിൽ വന്നപ്പോൾ ദിമിത്രി പ്രതിയായി. കുട്ടികൾ ഒന്നടക്കം വിളിച്ചു പറഞ്ഞു:
‘ഇയ്യ നന്തുണ്യാണ് ആദ്യം രമണനെ അടിച്ചത്.'

ടീച്ചർ ചൂരലെടുത്തു.
‘ഇങ്ങട്ട് വാടാ നന്തുണ്യേ. നിനക്ക് ഞാൻ തരണ്ട്.'

ചുട്ടുനീറുന്ന അടിയായിരുന്നു. ദിമിത്രി വാവിട്ട് കരഞ്ഞു. ത്രേസ്യാമ്മ ടീച്ചറേയും ക്ലാസിലെ എല്ലാ കുട്ടികളേയും കൊല്ലണമെന്ന് അവനു തോന്നി. പിന്നെ കരച്ചിലടക്കി അവൻ കണ്ണടച്ചിരുന്നു. ഉള്ളിൽ തേങ്ങുന്നുണ്ടായിരുന്നു.

ആ സമയത്ത് ഒരാൾ വന്ന് അവനെ കെട്ടിപ്പിടിച്ചു. അത് അബു ആയിരുന്നു. അബൂബക്കർ. തലേക്കല്ലൻ എന്നു കുറ്റപ്പേരുള്ളവൻ. അവൻ പറഞ്ഞു:
‘കരയണ്ട.'

പുണ്യാളന്റെ കുളത്തിന്റെ കരയിലേക്ക് അവർ നടന്നു. കുളപ്പടവുകളിൽ ഇരുന്ന് അബു അവനെ സമാധാനിപ്പിച്ചു. ഇപ്പോൾ നമ്മൾ കുട്ടികളാണ്. കിട്ടുന്ന ചീത്തയും വഴക്കും അടിയുമെല്ലാം സഹിക്കുകയേ നിർവ്വാഹമുള്ളൂ. പക്ഷേ ഇതെല്ലാം ഒന്നൊന്നായി മനസ്സിൽ ഓർത്തുവെക്കണം.

‘വെലുതായാല് നമ്മക്ക് പ്രതികാരം ചെയ്യാൻ പറ്റും’, അവൻ പറഞ്ഞു.

പ്രതികാരം എന്ന വാക്ക് ആദ്യമായി കേട്ടതുകൊണ്ട് ദിമിത്രിക്ക് അബു പറഞ്ഞത് മനസ്സിലായില്ല. അങ്ങനെ ഒരു സംഭവം ഉണ്ടെന്ന് അബു വിവരിച്ചു. കുറച്ചൊന്നു വലുതായി കഴിഞ്ഞാൽ കള്ളവണ്ടി കയറി നാടുവിടണം. ബോംബെയിലോ മദ്രാസിലോ ചെന്നുപെടും. ഹോട്ടലിലാണ് ജോലി കിട്ടുക. ആദ്യം മേശ തുടക്കുന്ന പണിയായിരിക്കും. നിലം അടിച്ചു വാരേണ്ടി വരും. പിന്നെ പാത്രം കഴുകൽ. ഹോട്ടൽ മുതലാളി ചിലപ്പോൾ തലയിൽ കിഴുക്കും. അതു സഹിക്കണം. പിന്നെ സപ്ലെയറാവും. അവസാനം മാനേജർ. കണ്ടമാനം കാശുണ്ടാവും കയ്യിൽ. അതുംകൊണ്ട് നാട്ടിൽ വരണം. പാന്റും ഷർട്ടും കൂളിംഗ് ഗ്ലാസും ഉണ്ടാവും. കുട്ടിക്കാലത്ത് ഉപദ്രവിച്ചവരെയെല്ലാം ചെന്നു കാണണം. അവരെ നോക്കി ചിരിക്കണം. അതാണ് പ്രതികാരം.

‘അപ്പൊ അവരെ തല്ലണ്ടേ?', ദിമിത്രി ചോദിച്ചു.

‘വേണ്ട. തല്ലാൻ പാടില്ല. അപ്പഴക്കും അവര് വയസ്സായി കയ്യിൽ കാശില്യാണ്ട് തെണ്ടിത്തിരിഞ്ഞ് നടക്കാവും. നിവൃത്തില്ല്യാണ്ട് നമ്മടെ അടുത്തിക്ക് വരും. ഒരു അരച്ചായ കുടിക്കാൻ പത്തുകാശു ചോദിച്ച്. പാന്റിന്റെ കീശേലെ പേഴ്‌സ് എടുത്ത് തൊറന്ന് നമ്മള് ഒരു മുഴ്വേൻ ഉറുപ്പിക കൊടുക്കും. ആ പൈസേമലിക്ക് നോക്കീട്ട് അവര് കരയും. അങ്ങന്യാണ്.'

‘അതു പോര', ദിമിത്രി പറഞ്ഞു: ‘ഇനിക്കയാളെ കൊല്ലണം.'

‘രമണന്യോ?'
‘അല്ല.'
‘പിന്നെ?'
‘ആ വാറുണ്ണി മാഷെ.'
അബു ആശ്ചര്യപ്പെട്ടു.
‘വാറുണ്ണി മാഷ്യോ? അയാളെ എന്തിനാ കൊല്ലണ്? അതൊരു പാവാണ്. പറങ്കിപ്പെരേലാ ആള് താമസിക്കുന്ന്​.'

പീടികക്കുന്നിന്റെ തെക്കേ താഴത്താണ് പറങ്കിപ്പെര.
പറങ്കിപ്പെര എന്ന് നാട്ടുകാർ വിളിക്കുന്നതാണ്. പണ്ട് കർമ്മലനാഥ പള്ളിയിലെ സെന്റ് വിൻസൻറ്​ ഡി പോൾ സംഘം പാവപ്പെട്ടവർക്ക് പണിതു കൊടുത്ത പത്തു വീടുകളാണ്. ഒരു മുറിയും അടുക്കളയും മാത്രമുള്ള വീടുകൾ. പല നാടുകളിൽ നിന്നു വന്നവർ അവിടെ താമസിക്കുന്നു. അക്കൂട്ടത്തിൽ രണ്ടു പറങ്കികളും ഉണ്ടായിരുന്നു. ഡിസൂസയും എഞ്ചിൻ തോംസും. അതുകൊണ്ട് ആ ചെറിയ കോളനിയെ നാട്ടുകാർ പറങ്കിപ്പുര എന്നു വിളിച്ചു പോന്നു.

ഓയിൽ മില്ലുകളിൽ പണിയെടുക്കാൻ വേണ്ടി അക്കാലത്ത് ധാരാളം പേർ തെക്കൻദേശങ്ങളിൽ നിന്ന് വന്ന് കാട്ടൂർക്കടവിൽ താമസിച്ചിരുന്നു. അക്കൂട്ടത്തിൽ പെട്ടവരാണ് ഡിസൂസയും തോംസും. ഡിസൂസ ചുമട്ടുകാരനാണ്. തോംസ് എഞ്ചിൻ മെക്കാനിക്കായിരുന്നു. പക്ഷെ ഇരുവരും ഒരുപോലെ നിർദ്ധനരായിരുന്നു. ഇറച്ചിക്കടയിൽ അവശേഷിക്കുന്ന വെട്ടിക്കൂട്ടും പണ്ടവും എല്ലുകളും മുഴുവൻ അവരാണ് വാങ്ങിയിരുന്നത്. കൂടാതെ പൊടിക്കിഴങ്ങും വാങ്ങും. ഓരോ ചന്തദിവസവും ഡസൻ കണക്കിന് ലോറികളാണ് മരച്ചീനിയുമായി അങ്ങാടിയിൽ എത്തിയിരുന്നത്. ലോറിയിൽ നിന്ന് നിലത്തു വീഴുന്ന ചീനിയുടെ പൊട്ടും പൊടിയും നിലത്തു നിന്ന് പെറുക്കിയെടുത്ത് വിൽക്കുന്ന കുട്ടികളും വൃദ്ധകളും അക്കാലത്ത് അവിടെ ഉണ്ടായിരുന്നു. ഞായറാഴ്ച വാങ്ങിക്കുന്ന ഇറച്ചി അടുത്ത ശനിയാഴ്ച വരെ പറങ്കികൾ ഭക്ഷിച്ചിരുന്നു എന്നാണ് കേട്ടിരുന്നത്. എത്ര വലിയ എല്ലും അവർ കടിച്ചു ചവച്ചു തിന്നാറുണ്ടെന്ന് ആളുകൾ പറഞ്ഞു.

മഴക്കാലത്ത് ഇടിവെട്ടുകേൾക്കുമ്പോൾ ആളുകൾ രസത്തോടെ പറയും:
‘പറങ്കികൾ എല്ലുകടിക്കണ ശബ്ദം.'

പറങ്കികളുടെ വീട്ടിലെ സ്ത്രീകൾ പുറത്തിറങ്ങുന്നത് അന്ന് ആളുകൾക്ക് കൗതുകമായിരുന്നു. മുട്ടുവരെ ഇറക്കമുള്ള സ്‌ളീവ്‌ലെസ് ഉടുപ്പാണ് അവർ ധരിച്ചിരുന്നത്. തലമുടി കഴുത്തൊപ്പം വെച്ച് മുറിച്ചിരുന്നു. വേണ്ടത്ര ഭക്ഷണം കഴിക്കാത്തതു കൊണ്ട് പ്രകാശം മങ്ങിയ കണ്ണുകളും മെലിഞ്ഞ കാലുകളുമായിരുന്നു അവർക്ക്. ഉടുപ്പിടുന്ന ആ സ്ത്രീകൾ ഒന്നര ഉടുക്കുന്നുണ്ടോ എന്നൊരു ചർച്ച അക്കാലത്ത് കാട്ടൂർക്കടവിലെ പീടികകളിൽ, പ്രധാനമായും ടൈലറിംഗ് കടകളിലും ബാർബർഷാപ്പുകളിലും കൊണ്ടു പിടിച്ചു നടന്നിരുന്നു. ഉടുപ്പിടുന്നവർ അടിയുടുപ്പുകൾ പൊതുവെ ധരിക്കാറില്ല എന്ന നിഗമനത്തിലാണ് ചർച്ചകൾ എത്തിയത്.

‘മദാമ്മകൾ ഇരിക്കുമ്പോൾ കാലിന്മേൽ കാൽ കയറ്റി വെക്കുന്നത് എന്തുകൊണ്ടാണ്?'
‘എന്തുകൊണ്ടാണ്?'
‘ങ്ങാ, അതിനാണ് ലോകവിജ്ഞാനം വേണംന്ന് പറയണ്. എന്നേപ്പോലെ നാടു ചുറ്റിസഞ്ചരിക്കണം.ഇന്റർനാഷണൽ പൊളിറ്റിക്‌സ് മനസ്സിലാക്കണം.'

പറങ്കിപ്പുരയിലാണ് താമസിച്ചിരുന്നതെങ്കിലും വാറുണ്ണി മാഷ് പറങ്കി ആയിരുന്നില്ല. അദ്ദേഹം എല്ലാ ഞായറാഴ്ചയും കാലത്ത് സൈക്കിൾ ചവുട്ടി പുല്ലാനിക്കാട്ട് ബംഗ്ലാവിൽ എത്താറുണ്ട്. വരുമ്പോൾ തേക്കിലയിൽ പൊതിഞ്ഞ ഇറച്ചി കൊണ്ടുവരും. നല്ലയിനം ഇറച്ചി നോക്കി വാങ്ങാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രശംസിക്കപ്പെട്ടിരുന്നു. സൂപ്പിനുള്ള ആട്ടിൻതലയോ പോത്തിൻകാലോ കൊണ്ടുവരുന്ന ദിവസം അടുക്കളപ്പുറത്ത് ചെന്ന് അത് വെട്ടിയൊരുക്കാനായി അദ്ദേഹം സഹായിക്കാറുണ്ട്. തല അദ്ദേഹം ഒറ്റ വെട്ടിനു പൊളിക്കും. കുഴലുപോലുള്ള എല്ലുകൾക്കകത്ത് വിരൽ കടത്തി അതിവിദഗ്ധമായി മജ്ജ പുറത്തെടുക്കും.

സമയമുള്ള ദിവസം വാറുണ്ണി മാഷ് തിണ്ണയിലിരുന്ന് കരുണൻ മാഷോട് സംസാരിക്കാറുണ്ട്. വല്യമ്മ അദ്ദേഹത്തിന് കാപ്പിയും പലഹാരങ്ങളും ആ തിണ്ണയിൽ തന്നെ വെച്ചു കൊടുക്കും. കറുത്തു കരുവാളിച്ച ശരീരവും നരച്ച മുടിയുമാണ് വാറുണ്ണി മാഷ്‌ക്ക്. കുപ്പായത്തിലും മുണ്ടിലുമെല്ലാം പലവിധ കറകൾ പാടുപിടിച്ചു കാണും. കാപ്പി കുടിച്ചു കഴിഞ്ഞാൽ അദ്ദേഹം ഗ്ലാസും പിഞ്ഞാണവും കിണറ്റിൻകരയിൽ കൊണ്ടുപോയി കഴുകി വടക്കേപ്പുറത്തെ ഇറയത്ത് കമിഴ്ത്തിവെക്കാറുണ്ട്.

‘ഈ വാറുണ്ണി മാഷക്ക് ഒരു കൊഴപ്പേള്ളൂ. വന്നാല് അയാള് തിണ്ണേമലിരുന്ന് കളത്തിലിക്ക് തുപ്പും.'
വല്യമ്മ പറഞ്ഞു.
‘അയാളെ ഇനിക്ക് കൊല്ലണം.'
ദിമിത്രി വല്യമ്മയോട് പറഞ്ഞു.

‘അയാളെക്കൊന്നാല് പിന്നെ എറച്ചി മേടിച്ചോണ്ടുവരാൻ ആരാ? ആട്ടെറച്ചി, പോത്തെറച്ചി. അതൊക്കെ തെരഞ്ഞ് നോക്കി വാങ്ങാൻ അറിയണം. ഇബടത്തെ ചേന്ദൻ പോയാല് പശൂന്റെ എറച്ചി കൊടുത്തയക്കും മാപ്ലാര്. ചെലപ്പൊ പോർക്കിന്റെ എറച്ച്യാ കൊടുക്ക്വാ. കിട്ടുന്നത് മേടിച്ചു പോരും ചേന്ദൻ. അവന് മണ്ണും പിണ്ണാക്കും തിരിച്ചറിയില്ല. പശൂം പോർക്കും മ്മള് കഴിക്കില്ല.'

വാറുണ്ണി മാഷ് ജന്മംകൊണ്ട് കാട്ടൂർക്കടവുകാരനല്ല. വരത്തനാണ്. സ്‌കൂൾ മാനേജർ തട്ടിൽ പാലപ്പുറത്ത് വറീതിന്റെ കെട്ടിയവളുടെ നാട്ടുകാരനാണ്. വരാപ്പുഴക്കാരൻ. അവിടെന്ന് കുട്ടിക്കാലത്ത് തന്നെ വന്നതാണ്. വന്നകാലത്ത് പാടത്തും പറമ്പിലും കാലികളെ മേക്കലായിരുന്നു പണി. വറീത് അയാളെ സ്‌കൂളിൽ ചേർത്തു. ഭാഗ്യത്തിന് അയാൾ പഠിച്ചു ജയിച്ചു മാഷായി.

ചാരുകസേരയിൽ കിടന്ന് കരുണൻ മാഷ് പറഞ്ഞു: ‘ഡോ വാറുണ്ണി മാഷെ, തന്റെ അപ്പൻ തോമക്കുട്ടീനെ കണ്ട ഓർമ്മ ഇനിക്കിണ്ട്. കൊയ്ത്തിന്റെ കാലായാല് അയാള് എട്ടുപത്തു പണിക്കാരേം കൂട്ടി വരാപ്പൊഴേന്ന് വഞ്ചീല് വരും. പിന്നെ കൊയ്ത്തു കഴിഞ്ഞ് മെതിച്ച് ഒണക്ക്യ നെല്ലും കൊണ്ടാ പുവ്വാ.'

പണ്ടുകാലത്ത് കൊയ്ത്തു കഴിഞ്ഞാൽ അതിന്റെ സന്തോഷത്തിന് ബോട്ടുബംഗ്ലാവിൽ സൽക്കാരം നടക്കാറുണ്ട്. അത് സായിപ്പുള്ള കാലമാണ്. പ്രത്യേകം വാറ്റിയെടുത്ത മദ്യവും ഇറച്ചിയും മീനും ഉണ്ടാവും. പത്തോ പന്ത്രണ്ടോ പേരുണ്ട് അന്ന് തണ്ണിച്ചിറ തെക്കുമ്പാടത്തെ നിലമുടമകൾ. വാറുണ്ണി മാഷടെ അപ്പൻ തോമക്കുട്ടിയുടെ പാചകമാണ്. കള്ള് തലക്കു പിടിക്കുമ്പോൾ തട്ടിൽ പാലമറ്റം വറീത് തോമക്കുട്ടിയെ മേശയുടെ അടുത്തേക്ക് വിളിച്ചു വരുത്തും. അവനെ പ്രശംസിക്കും: ‘ഇയ്യ തോമക്കുട്ടീരെ വൈഭവാ ഇതൊക്കെ. ഈ ആട്ടെറച്ചി കണ്ടോ? തൊട്ടാൽ നാവു പൊന്നാവും. ഈ കാട്ടൂക്കടവ് അങ്ങാടീല് ആരുക്കൂണ്ടാക്കാൻ പറ്റില്ല ഇങ്ങനെ. ഇസ്ലാമിയ്യ സായ്വിന് പറ്റ്വോ? ഞാൻ വെല്ലുവിളിക്ക്യാണ്. ഇതാണ് വരാപ്പൊഴോടെ കൈപ്പുണ്യം. എലീശാമ്മ കെടക്കണ മണ്ണല്ലേ അത്? വരാപ്പൊഴേലെ എറച്ചീം, വരാപ്പൊഴേലെ മീനും പിന്നെ വരാപ്പൊഴേലെ പെണ്ണും അസ്സലാ. അനുഭവിച്ചട്ടൊള്ള കാര്യങ്ങളാ ഞാൻ ഈപ്പറയണേ.'
അതു പറഞ്ഞ് വറുത് പൊട്ടിച്ചിരിക്കും.

‘അപ്പൻ മരിച്ചിട്ട് ഇപ്പൊ നാൽപ്പത് കൊല്ലം കഴിഞ്ഞു’; വാറുണ്ണി മാഷ് പറഞ്ഞു.

ശരിക്കു പറഞ്ഞാൽ ഈ വാറുണ്ണി മാഷും അപ്പൻ തോമക്കുട്ടിയും വരാപ്പുഴക്കാരുമല്ല. അവരുടെ വേരുകൾ കിടക്കുന്നത് പിന്നെയും തെക്ക് ചേർത്തലയിലാണ്. അവിടെ കായൽനിലങ്ങൾക്കിടയിൽ കിഴക്കേക്കരി എന്ന തുരുത്തുണ്ട്. കിഴക്കേക്കരി തോമ വാറുണ്ണി എന്നാണ് രേഖകളിലെ നാമധേയം. പെരിയാറിന്റെ തീരത്തെ കായലുകൾ വറ്റിച്ച് നെൽകൃഷി തുടങ്ങിയ കാലത്താണ് അവർ വരാപ്പുഴ എത്തിയത്.

വാറുണ്ണി മാഷ് പറഞ്ഞു: ‘വറുത് മാനേജരടെ അമ്മായ്യപ്പന്റെ അപ്പാപ്പൻ ചേർത്തല പോയി മേടിച്ചു കൊണ്ടന്നതാ എന്റെ അപ്പാപ്പനെ. കിഴക്കേക്കരി സ്വാമിക്ക് രണ്ടുപണം കൊടുത്തൂന്നാ കേൾവി. ഞങ്ങള് പെലേമ്മാരാർന്നു. വരാപ്പൊഴേല് വന്നപ്പൊ റോട്ടീക്കൂടി നടക്കാൻ പാടില്ല. കറ്റ തൊടാൻ പാടില്ല. അപ്പൊ തമ്പ്രാൻ പറഞ്ഞു: "ഇതുപ്പൊ മാരണായല്ലോ. പെലേനെ പൊറത്തെറക്കാൻ പറ്റണില്ലാന്ന്ച്ചാ എങ്ങനെ കൃഷിപ്പണി നടത്തും? ഡാ, നീയ്യൊരു കാര്യം ചെയ്യ്. മാർക്കം കൂടീക്കോ.' ന്റെ അപ്പാപ്പൻ അപ്പൊ മാർക്കം കൂടി.'

‘വരാപ്പൊഴേലെ ചെറത്തിണ്ടുമ്മലായിരുന്നു മ്മടെ വീട്. വീടുന്ന് പറയാൻ ഒന്നൂല്യ. നാല് ഓല കുത്തിച്ചാരി വെച്ചട്ടുണ്ടാവും. അന്ന് അവടത്തെ കൊയ്ത്തു കഴിഞ്ഞട്ടാ ഇവടത്തെ കൊയ്ത്ത്. ഒരിക്കെ ഒരു കമ്പത്തിന് അപ്പന്റെ കൂടെ ഞാനും വഞ്ചീൽ കേറിപ്പോന്നു. അന്ന് ആറേഴ് വയസ്സുണ്ട്. സ്‌കൂളില് കുട്ടികള് കൊറവു വന്നപ്പൊ മാനേജര് എന്നേം കൊണ്ടിരുത്തി.'

കാട്ടൂർക്കടവിലെ ക്രിസ്ത്യാനികൾക്ക് വാറുണ്ണി മാഷെ കാണുമ്പോൾ ഒരു അസ്ഖിത ഉണ്ട്. പ്രത്യേകിച്ചും അദ്ദേഹം പള്ളിയിൽ വരുമ്പോൾ. തങ്ങൾ നമ്പൂരിയിൽ നിന്ന് മതം മാറി വന്നവരാണെന്ന് കാട്ടൂർക്കടവുകാർ കരുതുന്നു. സഹികെട്ടപ്പോൾ വാറുണ്ണി മാഷ് അച്ചനോട് പറഞ്ഞു: ‘അച്ചോ, പള്ളീലിക്ക് എന്നെ കാക്കണ്ടാട്ടാ. വരിസംഖ്യ എന്താന്ന്ച്ചാ ഞാൻ തരും.'
‘അതിനിപ്പൊ എന്തൂട്ടാണ്ടാ വാറുണ്ണി മാഷെ ഇവടെണ്ടായത്?'
അച്ചൻ ചോദിച്ചു.
‘അച്ചന് പറഞ്ഞാ മനസ്സിലാവില്ല അത്’, മാഷ് പറഞ്ഞു.

കരുണൻ മാഷ് പറഞ്ഞു: ‘ഇവടത്തെ ക്രിസ്ത്യാനികളേപ്പോലെ അതിക്രമികള് വേറെ ഇല്ല. പെലേരോടും ചോമ്മാരോടും എന്തൊക്കെ അതിക്രമാ അവര് ചെയ്‌തേക്കണ്. എത്ര കീഴ്ജാതിക്കാരെ അവര് കനാലില് ചവിട്ടിത്താഴ്ത്തീറ്റ്ണ്ട്ന്നാ വിചാരം?'

അദ്ദേഹം ഒരു ഗുരുശ്ലോകം ചൊല്ലി.‘മനുഷ്യാണാം മനുഷ്യത്വം ജാതിർ ഗോത്വം ഗഹാം യഥാ. ന ബ്രഹ്‌മണാദിരസൈവ്യം ഹാ! തത്വം വേത്തി കോപി ന.'

‘ഗഹാന്ന്ച്ചാ ഗോക്കൾക്ക്. ന്ന്ച്ചാ പശുക്കൾക്ക്. പശുക്കൾക്ക് പശുത്വം എപ്രകാരമാണോ; അതുപോലെ മനുഷ്യർക്ക് മനുഷ്യത്വം. മനുഷ്യൻ എന്നതാണ് ജാതി. അതില് താഴെ വേറെ ജാതീല്യ. ബ്രാഹ്‌മണാദികൾ അതായത് ബ്രാഹ്‌മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിങ്ങനെ ചാതുർവർണ്ണ്യണ്ടല്ലോ. അതൊക്കെ ശുദ്ധ അബദ്ധാണ്. ന വേത്തി. ഇതൊന്നും അറിയണില്ലല്ലോ. കഷ്ടം.'

കരുണൻ മാഷ് വാറുണ്ണി മാഷോട് പറഞ്ഞു: ‘താൻ എണീറ്റ് അവടെ വാതുക്കല് നിന്നട്ട് അകത്തിക്ക് നോക്ക്വാ.'

മുൻപ് പലവട്ടം കരുണൻ മാഷടെ അഭ്യർത്ഥന മാനിച്ച് അങ്ങനെ എഴുന്നേറ്റ് വാതിൽക്കൽ ചെന്ന് അദ്ദേഹം നോക്കിയിട്ടുണ്ട്. അത് ആവർത്തിച്ചു. അവിടെ കറുപ്പയ്യാസ്വാമിയുടെ ചിത്രം അലങ്കരിച്ചു വെച്ചിട്ടുണ്ട്.
‘കണ്ടോ? ഫോട്ടം കണ്ടോ?'
‘ഉവ്വ.' വാറുണ്ണി മാഷ് തിരിച്ചു വന്ന് തിണ്ണയിൽ ഇരുന്നു.

‘കറുപ്പയ്യാസ്വാമീന്ന് പറയും. എന്റെ അച്ഛന്റെ മൂത്ത ജേഷ്ടനാണ്. സന്യാസം സ്വീകരിച്ച് ദേശാന്തരം പോയ ആള്. ഈ കാട്ടൂർക്കടവില് അത്രക്കും യോഗ്യനായിട്ടൊള്ള ഒരാളില്ല. കറുപ്പയ്യാസ്വാമി പണികഴിപ്പിച്ചതാണ് ഈ കൊളംബ് ബംഗ്ലാവ്. അദ്ദേഹം കൊളംബ് വിട്ടു വന്നേനു ശേഷാണ് ഇവടെ മാപ്ലാരടെ നെഗളിപ്പ് നിന്നത്.'

‘ഈ കറുപ്പയ്യാസ്വാമി ഒരിക്കെ ആലുവ അദ്വൈതാശ്രമത്തില് ചെന്നപ്പൊ അവടെ മരത്തണലില് ഗുരുവിന്റെ ചുറ്റും കുറേ പുലയക്കുട്ടികൾ ഇരിക്കുന്നതു കണ്ട് അതിശയപ്പെട്ടു. കുളിച്ച് നല്ല വെളുത്ത വസ്ത്രങ്ങൾ ധരിച്ച് അവർ ഗുരുവിന്റെ അടുത്തിരുന്ന് സംസ്‌കൃതം ചൊല്ലിപ്പഠിക്ക്യാണ്. അപ്പൊ കറുപ്പയ്യാസ്വാമി ഗുരുവിനോട് ചോദിച്ചു:
‘പുലയർക്ക് വേദമന്ത്രങ്ങൾ ചൊല്ലാമോ സ്വാമി?'
‘ഗുരു പറഞ്ഞു: നാവുണ്ടെങ്കിൽ ചൊല്ലാം.'

പുല്ലാനിക്കാട്ടെ കയ്യാലയിൽ മാസത്തിലൊരിക്കൽ ഗുരുപൂജ നടന്നിരുന്നു. അതിന്റെ മുന്നൊരുക്കമായി വീടും പരിസരവും അടിച്ചു തുടച്ചു വൃത്തിയാക്കും. കളത്തിൽ ചാണകം മെഴുകും. പൂക്കളൊരുക്കി നാക്കിലയിൽ വെക്കും. അന്ന് ദിമിത്രിയോട് നേരത്തേ ഭക്ഷണം കഴിച്ചു കിടക്കാൻ വല്യമ്മ ആവശ്യപ്പെടാറുണ്ട്.
‘ഇനി നിന്നെ അവടെ കണ്ടട്ട് ആരുക്കും കലിയെളകണ്ട’; അവർ പറയും.

കിടന്നാലും ദിമിത്രി ഉറങ്ങാറില്ല.
കയ്യാലയിൽ നിന്നുള്ള എല്ലാ ശബ്ദങ്ങളും അവൻ കേൾക്കും.
​പൂജ, മണിയടി, സ്‌ത്രോത്രാലാപനങ്ങൾ. ഹോമകുണ്ഡത്തിൽ നിന്നുള്ള പുക. നിവേദ്യം വേവുന്ന മണം. ചില ശബ്ദങ്ങളും മണങ്ങളും അവനെ ഭയപ്പെടുത്താറുണ്ട്.

ആയിടെ പട്ടാളത്തിൽ നിന്നു പെൻഷൻ പറ്റിവന്ന ഒരു കളപ്പുര മാധവജിയായിരുന്നു പുജാരി. നിവേദ്യം വിളമ്പിക്കഴിഞ്ഞാൽ അദ്ദേഹത്തിന്റെ പ്രഭാഷണമുണ്ട്:
‘അമ്പത്തഞ്ചാളുണ്ട് ഇവടത്തെ ഗുരുസഭേല്. എത്രാള് വന്നട്ടുണ്ടുന്ന് നോക്ക്വാ. ഈ പൊടിക്ക്ടാങ്ങളെ കൂടിക്കൂട്ട്യാല് പതിനഞ്ച്. ഇങ്ങനെ ഐക്യല്ല്യാത്തൊരു സമുദായണ്ടാവില്ല. ഈഴവരടെ എടേല് യുവാക്കളും യുവതികളും ഇല്യാണ്ടായോ? രാഷ്ട്രീയക്കാരടെ പിന്നാലെ പൂവ്വാൻ അവര്ക്ക് ഒരു മടീല്യ. ഇത്രകാലം പിന്നാലെ നടന്നട്ട് നമ്മക്ക് എന്തൂട്ടാ കിട്ട്യേന്ന് ആലോചിക്കണം. ക്രിസ്ത്യാനികളില് ഞായറാഴ്ച പള്ളീപ്പൂവ്വാത്തോര് ആരെങ്കിലൂണ്ടോ? മരിയ്ക്കാൻ കെടക്കണ തന്തവരെ വടീം കുത്തിപ്പിടിച്ച് പൂവ്വും. പോയില്ലെങ്കില് ചോദിക്കാൻ അവടെ ആളുണ്ട്. അതിന്യാണ് ഐക്യംന്ന് പറയണ്.

‘എന്താപ്പൊ നമ്മടെ കൂട്ടരടെ സ്ഥിതി? ഈ കാട്ടൂക്കടവിലെ സ്ഥിതി ഒന്നാലോചിക്ക്യാ. ആർക്കാ മേൽഗതീള്ളത്? ക്രിസ്ത്യാനികൾക്ക്. അങ്ങാടീലെ പീടികകൾ മുഴുവൻ അവരടെ. ഗുദാമുകള് അവരടെ. എണ്ണമില്ലുകള് അവരുടെ. പൊഴവക്കത്തെ തെങ്ങിൻ തോപ്പുകള് ആരടെയാണ്? കോൾപ്പാടത്തെ കൃഷി? സ്‌കൂള്? ആസ്പത്രി? ബാക്ക്യോള്ളോരടെ ഗതി എന്താണ്? പെലേനും പറേനും സർക്കാരിന്റെ സൗജന്യണ്ട്ന്ന് വെക്ക്യാ. നൂറുവാര ഓട്ടത്തില് അവര് അമ്പതു വാര ഓട്യാ മതിലോ. അതിന്റെ എടേല് പെട്ട നമ്മടെ ഗതി അധോഗതി. ചെകുത്താനും കടലിനും നടുക്കല്ലേ നമ്മള്?

‘നമ്മടെ സമുദായത്തിന് ഒരു നാഥനുണ്ടെന്ന ഓർമ്മ എല്ലാരുക്കും വേണം. അതാണ് ഗുരുദേവൻ. വിഷ്ണുഭഗവാന്റെ അവതാരാണ്. എപ്പഴും ഗുരുവിനെ മനസ്സിൽ ധ്യാനിക്കണം. കാലത്തും വൈകുന്നേരോം വെളക്ക് വെച്ച് പ്രാർത്ഥിക്കണം. ദേവീസ്തവം ചൊല്ലാം. അവരുടെ യേശൂനേക്കാളും മറ്റോരടെ മൊഹമ്മദിനെക്കോളും ശക്തീണ്ട് നമ്മടെ ഗുരുവിന്. വിളിച്ചാൽ വിളിപ്പുറത്തുണ്ടാവും.'

രാത്രി എപ്പോഴോ വന്ന് വെല്യമ്മ ദിമിത്രിയെ വിളിക്കും. നിവേദിച്ച പായസം കൊടുക്കാനാണ്.
‘നല്ല മധരണ്ട്. കഴിച്ചോ.' ▮

(തുടരും)


അശോകൻ ചരുവിൽ

കഥാകൃത്ത്, നോവലിസ്റ്റ്. സാംസ്​കാരിക പ്രവർത്തകൻ. 2018 മുതൽ പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി. സൂര്യകാന്തികളുടെ നഗരം, അശോകൻ ചരുവിലിന്റെ കഥകൾ, ആമസോൺ, ജലജീവിതം, മരിച്ചവരുടെ കടൽ, കങ്കാരുനൃത്തം, കാട്ടൂർ കടവ്​ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

Comments