ചിത്രീകരണം: ഇ. മീര

കാട്ടൂർക്കടവ് 2018

20: ദേശാന്തരം

1928ലാണ്.
അക്കാലത്ത് കാട്ടൂർക്കടവിൽ നായാടിക്കുഞ്ചു എന്നൊരുത്തന്റെ ആക്രമണങ്ങൾ പതിവുണ്ടായിരുന്നു.
രാത്രി കാലങ്ങളിലാണത്.
പ്രത്യേകിച്ചും പുലർച്ചനേരങ്ങളിൽ.
യാത്രക്കാരെ അടിച്ചുവീഴ്ത്തുകയായിരുന്നു കുഞ്ചുവിന്റെ വിനോദം.
ആരെന്നില്ല അവന്. ഉത്സവക്കച്ചവടം കഴിഞ്ഞു വരുന്ന മാപ്പിളമാരും സംബന്ധവീടുകളിൽ നിന്ന് മടങ്ങുന്ന ബ്രാഹ്മണരും അവന്റെ ആക്രമണത്തിന് വിധേയമായിട്ടുണ്ട്. അതുകൊണ്ട് ഗുരുവിനെ കാണാൻ പാലക്കാട്ടേക്കുള്ള തന്റെ യാത്രയിൽ കറുപ്പയ്യ ചില മുൻകരുതലുകൾ സ്വീകരിച്ചിരുന്നു.

നായാടികൾ പൊതുവെ അദൃശ്യജീവികളാണ്. സവർണർക്കും അവർണർക്കും അപ്പുറത്താണ് അവരുടെ ജീവിതം. പാമ്പുകൾ, കീരികൾ, കാട്ടുമുയലുകൾ എന്നിവയേപ്പോലെയാണ്. എവിടെയാണ് അവർ പാർക്കുന്നത് എന്ന് ആർക്കും അറിയില്ല. ആമയെ ചുടുന്ന ഗന്ധം പുറത്തു വന്നാൽ അറിയാം അവിടെ എവിടെയോ ഒരു നായാടിക്കുടി ഉണ്ടെന്ന്. അപൂർവ്വം ചില നായാടികൾ പുറത്ത് പ്രത്യക്ഷപ്പെടും. അരയിൽ ഒരു കഷണം മുഷിഞ്ഞു കറുത്ത ശീല ചുറ്റി പലവിധ പണിയായുധങ്ങൾ നിറച്ച ഒരു ഭാണ്ഡവുമായി വന്ന് വീടുകളുടെ പടിക്കു പുറത്ത് ഇരുന്ന് നെഞ്ചത്തടിച്ച് നിലവിളിക്കും. അലറും; "പണ്ടാരടങ്ങട്ടെ.' വീട്ടുകാരെ പ്രാകുകയാണ്. ശാപം കിട്ടിയ ജന്മങ്ങളുടെ പ്രാക്ക് ഗുണകരമാണെന്ന് ആളുകൾ വിശ്വസിച്ചിരുന്നു.

ഏറെനേരം നായാടി വീട്ടുപടിക്കൽ ഇരിക്കും.
അതിനിടയിൽ അയാൾ എന്തെങ്കിലും പണി ചെയ്യുന്നുണ്ടാവും.
നാരുകൊണ്ട് കയറു പിരിക്കും. പിന്നെ കയറു കൊണ്ടുള്ള വിവിധ ഉപകരണങ്ങൾ. അടുക്കളയിൽ ഞാത്തിയിടാനുള്ള ഉറി. നിലമുഴുന്ന കാളക്ക് മോന്തക്കൊട്ട. ചാട്ട. ചെത്തുകാർക്കുള്ള കത്തിയുറ. അങ്ങനെ പലതും.
വീട്ടിലെ ധൈര്യശാലിയായ പുരുഷനോ സ്ത്രീയോ വന്ന് നായാടിക്ക് നെല്ലു കൊടുക്കും. ആ സമയത്തും അയാൾ പ്രാകും.

എന്നാൽ അപൂർവ്വസ്വഭാവമുള്ള നായാടിയായിരുന്നു കുഞ്ചു.
അവൻ യാചിക്കാനോ പ്രാകാനോ പോയില്ല. മിന്നലാക്രമണമായിരുന്നു അവന്റെ വഴി. അക്കാലത്ത് കൊച്ചി രാജ്യത്ത് മുഴുവൻ അവന്റെ വിക്രിയകൾ പ്രസിദ്ധമായിരുന്നു. അവനെ പിടിച്ചുകെട്ടാൻ തൃപ്പൂണിത്തുറയിൽ നിന്നു പ്രത്യക ഭടന്മാർ വന്നതാണ്. ഫലിച്ചില്ല.

എടക്കെട്ട് ഗോപാലൻ, ചിറയിൽ നാണു എന്നിങ്ങനെ എന്തിനും പോന്ന രണ്ട് യുവാക്കളാണ് കല്ലേറ്റുംകര റെയിൽവേ സ്റ്റേഷൻ വരെ കറുപ്പയ്യത്തണ്ടാരെ അനുഗമിച്ചത്. കൂടാതെ നിത്യസഹചാരി പറമ്പിലെ താമി ഉണ്ട്. കോമ്പാറ പൈലി തെളിക്കുന്ന ഒറ്റക്കാളവണ്ടിയിൽ എല്ലാവരും കയറിയിരുന്നു.

എടക്കെട്ട് ഗോപാലൻ ഒരു വടിവാൾ കരുതിയിരുന്നു.
അവൻ പറഞ്ഞു: "ഇപ്പൊ നായാടിക്കുഞ്ചു വന്നാല് കൃത്യം രണ്ടു തുണ്ടാവും. അതൊറപ്പാ.'

നാണു പറഞ്ഞു: "കാര്യല്യ ഗോപാലേട്ടാ, വെട്ടിതുണ്ടാക്ക്യാലും അവന്റെ തുണ്ടങ്ങൾ വന്ന് മുറി കൂടുന്നാ പറയണ്. ഒരു തുണ്ടം മലത്തീം ഒരു തുണ്ടം കമത്തീം ഇടണം. അപ്പൊ മുറി കൂട്യാല് നായാടിക്കുഞ്ചൂനെ കാണാൻ നല്ല ചേലുണ്ടാവും."

കറുപ്പയ്യത്തണ്ടാർ പറഞ്ഞു: "ഏയ് ഹിംസ ഒന്നും വേണ്ട. അവൻ എതിരിനു വന്നാല് വാള് കാണിച്ച് ഒന്നു ഭയപ്പെടുത്ത്യാൽ മാത്രം മതി."

കല്ലേറ്റുംകര തീവണ്ടിയാപ്പീസ് അന്ന് ഓലമേഞ്ഞ ഒരു നീട്ടുപുരയായിരുന്നു. റോബർട്ട് പെരേര എന്ന ചട്ടക്കാരനായിരുന്നു അന്നത്തെ സ്റ്റേഷൻ ചാർജ് ആപ്പീസർ. അദ്ദേഹം കറുപ്പയ്യയെ സ്വീകരിച്ച് തന്റെ ക്യാബിനിൽ ഇരുത്തി. പുലർച്ച നാലര മണിക്കാണ് വണ്ടിസമയം നിശ്ചയിച്ചിരുന്നതെങ്കിലും അതു പുകതുപ്പിക്കൊണ്ട് വന്നപ്പോൾ നേരം പുലർന്ന് സമയം ഏഴുമണി കഴിഞ്ഞിരുന്നു. ഗോപാലനും നാണുവും മടങ്ങി. താമിയുടെ ആദ്യത്തെ തീവണ്ടി യാത്രയായിരുന്നു അത്. വലിയ ഭയത്തോടെ അവൻ പെട്ടിയിലേക്ക് കയറി. തിരിച്ചു വന്ന താമിയുടെ ആവേശകരമായ വിവരണങ്ങളിൽ നിന്നാണ് ആ യാത്രയുടെ ഗാംഭീര്യം കാട്ടൂർക്കടവുകാർ അറിഞ്ഞത്.

"തണ്ടാര് വണ്ടീല് കേറീട്ട് കസേലേമ്മല് ചമ്രം പടിഞ്ഞിട്ടാ ഇരുന്നത്. എടക്കെടക്ക് കെട്ടീന്ന് ഓലേം കടലാസും ഒക്കെ ഇടുത്തു വായിക്കണുണ്ടാർന്നു. പാലം കടക്കുമ്പൊ പൊഴേനെ നമസ്ക്കരിച്ചു.'

ഷൊർണ്ണൂരിൽ ഇറങ്ങിയപ്പോഴേക്കും വെസ്റ്റു കോസ്റ്റ് മെയിൽ പോയിരുന്നതുകൊണ്ട് അവർക്ക് ഒരു ദിവസം അവിടെ തങ്ങേണ്ടി വന്നു. സ്റ്റേഷൻ മാസ്റ്ററുടെ ആപ്പീസിൽ ചെന്ന് കറുപ്പയ്യ ഇംഗ്ലീഷിൽ അഭ്യർത്ഥിച്ചതിന്റെ ഫലമായി റെയിൽവേ സത്രം അനുവദിച്ചു കിട്ടി.
സത്രത്തിന്റെ മാനേജർ അരുപ്പുകോട്ടൈക്കാരൻ ഒരു തമിഴ് തേവരായിരുന്നു. താടിയും മുടിയുമൊക്കെ വളർത്തിയ ഒരാൾ. നാരായണഗുരുവിന്റെ ശിഷ്യനാണ് എന്നറിഞ്ഞപ്പോൾ അദ്ദേഹം കറുപ്പയ്യയോട് രമണമഹർഷിയെക്കുറിച്ച് പറഞ്ഞു. മഹർഷി തന്റെ അമ്മയുടെ മരണാനന്തരം ഒരു ആശ്രമം പണിത് അരുണാചലത്തിന്റെ ചുവട്ടിൽ താമസിക്കുന്നുണ്ട്.
"മഹാസിദ്ധനാണ്. മരണം അനുഭവിച്ചറിഞ്ഞ ആളാണ്.'
കറുപ്പയ്യ സ്വാമി ശ്രദ്ധയോടെ കേട്ടു.

പക്ഷേ പിന്നീട് തേവർ രമണമഹർഷിയെക്കുറിച്ചല്ല, മരണം എന്ന പ്രതിഭാസത്തെക്കുറിച്ചാണ് വിവരിച്ചത്.
"മരണത്തോടെ എല്ലാം അവസാനിക്കുന്നില്ല. ഭൂമി വിട്ട് സ്വർഗ്ഗത്തിലേക്കോ പാതാളത്തിലേക്കോ ആരും പോകുന്നില്ല. ശരീരം നഷ്ടപ്പെട്ട് പ്രപഞ്ചത്തിന്റെ ശ്രുതിയിലേക്ക് അലിഞ്ഞു ചേരുന്നത് നമ്മൾക്ക് മനസ്സിലാവും. അസാമാന്യമായ അനുഭൂതിയാണ് അപ്പോൾ ഉണ്ടാവുക. പിന്നെ പ്രപഞ്ചമാണ് നമ്മുടെ ജീവൻ. ശരീരം. വസ്ത്രം. ഭക്ഷണം.'

ഒരാഴ്ച മുമ്പ് മരണത്തെക്കുറിച്ച് ഇരിഞ്ഞാലക്കുടയിലെ എം.സി.ജോസഫ് വക്കിൽ പറഞ്ഞത് കറുപ്പയ്യ ഓർത്തു.
എം.സി. പറഞ്ഞു: "മരണത്തോടെ എല്ലാം അവസാനിക്കുന്നു.'

വൈകുന്നേരം താമിയേയും കൂട്ടി കറപ്പയ്യ നടക്കാനിറങ്ങി. അവർ പുഴയിലേക്കു കടന്നു. വിശാലമായ മണൽത്തിട്ടുകൾ അവശേഷിപ്പിച്ചു കൊണ്ട് പുഴ ഒഴുകുന്നു. ഇരു ഭാഗങ്ങളിലും ഇടതൂർന്ന വനപ്രകൃതി. ചായുന്ന സൂര്യവെളിച്ചം ജലത്തിൽ പ്രതിഫലിച്ച് തിളങ്ങുന്നുണ്ടായിരുന്നു. കറുപ്പയ്യ ആശ്ചര്യംപൂണ്ടു.
"പ്രകൃതീശ്വരിയുടെ ദേവാലയം തന്നെ.'

കൂടെ നടക്കുന്ന താമി പറഞ്ഞു:
"ഉവ്വ.'

പുഴയിൽ ആ സമയത്ത് ധാരാളം ആളുകളുണ്ടായിരുന്നു. കുളിക്കുന്നവരും അലക്കുന്നവരും. അലസ സഞ്ചാരത്തിനിറങ്ങിയവരും. മണൽത്തിട്ടിൽ ഒരിടത്ത് ശവദാഹത്തിനായി ഒരു ചിത ഒരുങ്ങുന്നുണ്ട്. വിറകുകൾ അടുക്കി മൃതദേഹം വെച്ചു കഴിഞ്ഞു. ഒരു സത്രീയുടേതാണെന്നു തോന്നുന്നു. അത്ര പ്രായമില്ല. കുളിച്ചു വന്ന അനന്തരവന്മാർ ഈറനുടുത്ത് വിറച്ച് തൊഴുതു നിൽക്കുന്നു.

എതിരേ വന്ന ഒരു കാരണവരോട് കറുപ്പയ്യ അന്വേഷിച്ചു: "ആരാണത്? എങ്ങനെ മരണപ്പെട്ടതാണ്?'

കാരണവർ ഒരു നിമിഷം നിന്നു. പിന്നെ തോളിലെ തോർത്തുകൊണ്ട് നെറ്റിയിലെ വിയർപ്പു തുടച്ച് അദ്ദേഹം പറഞ്ഞു: "എന്താപ്പൊ ഞാൻ പറയ്യാ? എന്റെ ഒരു മരുമകളായിട്ടു വരും. മരണകാരണം പട്ടിണിതന്നെ. വയറ്റിലിക്ക് അന്നം ചെല്ലാണ്ട് എത്രകാലം മനുഷ്യന് ജീവിക്കാൻ പറ്റും? ഒരുപിടി അരി കിട്ടാനില്ല പീടികേല്. അപ്പൊ ചത്തുകെട്ടുപൂവലുതന്നെ മനുഷ്യന് ശരണം."
ആളിക്കത്താൻ തുടങ്ങിയ ചിതയെ കറുപ്പയ്യ നമസ്ക്കരിച്ചു.

പിറ്റേന്ന് പുലർച്ചക്ക് വന്ന വണ്ടിയിൽ പുറപ്പെട്ട് അവർ ഒലവക്കോട് ഇറങ്ങി. ആപ്പീസിൽ നിന്നും പുറത്തു കടന്ന് ഒരു റിക്ഷാവണ്ടി വിളിച്ചു. കറുപ്പയ്യതണ്ടാർ വണ്ടിക്കാരനോട് പറഞ്ഞു: ‘ക്നാവില്ലയിലേക്ക്.'

വണ്ടിക്കാരൻ ഒന്നു തിരിഞ്ഞു നോക്കി.
"പാത്തിക്കിരീടെ ബംഗ്ലാവിലിക്കാണോ?’
"അതെ.’

താമി റിക്ഷയിൽ കയറിയില്ല. ഒപ്പം നടന്നു.
വണ്ടിക്കു വേഗം വന്നപ്പോൾ അവൻ പിറകെ ഓടി.

ദിവാൻ ബഹദൂർ ഡോക്ടർ കെ.കൃഷ്ണൻ എന്ന കോടായി കൃഷ്ണൻ താമസിക്കുന്ന വീട് അന്ന് പാലക്കാട്ട് എല്ലാവർക്കും അറിവുണ്ട്. കണ്ണൂരിൽ ജനിച്ച അദ്ദേഹം മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് ബിരുദമെടുത്ത ശേഷം സിവിൽ അപ്പോത്തിക്കേരി ആയി തെലുങ്കുദേശത്തും വടക്കൻ മലബാറിലും ജോലി ചെയ്തു. പിന്നീടാണ് ഇവിടെ എത്തിയത്. തിയ്യസമുദായക്കാരനായ കൃഷ്ണന്റെ നിയമനത്തിനെതിരെ ഇവിടത്തെ മുനിസിപ്പൽ കൗൺസിൽ മേലാവിലേക്ക് പ്രമേയം പാസ്സാക്കി അയച്ചിരുന്നു.

ബ്രാഹ്മണ അഗ്രഹാരങ്ങൾ ധാരാളമുള്ള പട്ടണമാണ് പാലക്കാട്. ഡോക്ടർക്ക് ചികിത്സക്കു വേണ്ടി സവർണ്ണ ഭവനങ്ങളിലേക്കു പ്രവേശിക്കേണ്ടി വരും. അധസ്ഥിതനായാൽ അതിനു നിവൃത്തിയില്ല. അതുകൊണ്ട് മേൽജാതി ഹിന്ദുവിനേയോ ക്രിസ്ത്യാനിയേയോ മുസ്ലീമിനേയോ നിയമിക്കണം എന്നായിരുന്നു പ്രമേയം. പക്ഷേ മലബാർ കളക്ടർ ആർ.എച്ച്.എല്ലീസ് ഐ.സി.എസ്. പ്രമേയം പരിഗണിച്ചില്ല.

ചികിത്സക്കും വിശ്രമത്തിനുമായി നാരായണഗുരു പാലക്കാട് എത്തിയിട്ടുണ്ട് എന്ന വിവരം കറുപ്പയ്യത്തണ്ടാർ അറിത്തത് ഇരിഞ്ഞാലക്കുട പട്ടണത്തിലെ വക്കീൽ എം.സി.ജോസഫിൽ നിന്നാണ്. വക്കീലിന്റെ മൂക്കഞ്ചേരിൽ ഭവനത്തിൽ സൗഹൃദസംഭാഷണത്തിനു ചെന്നതായിരുന്നു തണ്ടാർ. ഏതാണ്ട് ഒരു പകൽ മുഴുവൻ അവർ അവിടെയിരുന്ന് ലോകകാര്യങ്ങൾ സംസാരിച്ചു. സഹോദരസംഘത്തിലെ പ്രധാന പ്രവർത്തകനായിരുന്നു വക്കീൽ. അയ്യപ്പൻ മാഷും രാമവർമ്മത്തമ്പാനുമായി ചേർന്ന് ദൈവമില്ല എന്നൊരു വാദഗതിക്ക് രൂപം കൊടുക്കാനാണ് ഇപ്പോൾ ശ്രമം. കറുപ്പയ്യത്തണ്ടാർ ചോദിച്ചു.

"ദൈവമില്ലെങ്കിൽ പിന്നെ ഈ ഭൂമിയിലെ മനുഷ്യജീവിതത്തിന് എന്താണ് ഒരു അവലംബം?"
മനുഷ്യജീവിതത്തിന്റെ നിലനിൽപ്പിന് അങ്ങനെയൊരു അവലംബത്തിന്റെ ആവശ്യമില്ലെന്ന് വക്കീൽ പറഞ്ഞു. മനുഷ്യജീവി അസാമാന്യ കഴിവുകളുള്ളവനാണ്. ശാസ്ത്രമാണ് ഇനി അവന്റെ മാർഗ്ഗദർശി. പലവിധ ശാസ്ത്രങ്ങളുണ്ട്. അതിൽ ആധുനിക വൈദ്യശാസ്ത്രം വളരെ പ്രധാനപ്പെട്ടതാണ്. ഏതു രോഗവും ചികിത്സിച്ചു ഭേദമാക്കാൻ കഴിയും. ശരീരത്തിലുണ്ടാകുന്ന വേദനയെ പാടെ ഒഴിവാക്കാനാവും. യന്ത്രസഹായത്തോടെ നടത്തുന്ന ശസ്ത്രക്രിയകളുണ്ട്. രോഗം ബാധിച്ച ശരീരഭാഗങ്ങൾ മുറിച്ചു മാറ്റാനാവും. ശരീരത്തിൽ മരുന്നു കുത്തിവെച്ച് രോഗകാരണമായ അണുക്കളെ നശിപ്പിക്കാം. പെനിസിലിൽ എന്നാണ് ആ ദിവ്യൗഷധത്തിന്റെ പേര്. പകർച്ചവ്യാധികൾക്കെതിരായ മുൻകരുതൽ കുത്തിവെയ്പ്പുകൾ ഉണ്ട്. രോഗം എന്ന സംഗതി ഇനിമേൽ മനുഷ്യരാശിക്ക് ഒരു ഭീഷണി അല്ല.

"വസൂരി വരാതിരിക്കാനുള്ള കുത്തിവെയ്പ് കൊളംബിൽ നടത്തുന്നുണ്ട്.'
കറുപ്പയ്യ പറഞ്ഞു.

വക്കീൽ തുടർന്നു:
"തണ്ടാർക്ക് അറിയാമോ? ഇവിടെ ഈ ഇരിങ്ങാലക്കുടയിൽ വന്നശേഷം ഞാൻ അഞ്ച് ചാത്തനുപദ്രവങ്ങൾ ശമിപ്പിച്ചു. ചാത്തൻ എന്ന ഒരു സംഗതി ഇല്ല. മനുഷ്യന്റെ ചില ഉൾഭയങ്ങളാണ് അതിന് കാരണം.'

ബാധ കയറി തുള്ളിയിരിക്കുന്ന സ്ത്രീകളെ തന്റെ അരികിൽ കൊണ്ടുവരികയാണെങ്കിൽ യാതൊരുവിധ മന്ത്രവാദവും ഇല്ലാതെ അവരെ ശാന്തരാക്കാൻ തനിക്ക് കഴിയുമെന്ന് ജോസഫ് വക്കീൽ പറഞ്ഞു. ഏതു ശ്മശാനത്തിലും ഉൾനാട്ടിലെ ചുടലക്കാട്ടിലും തനിച്ചിരിക്കാൻ താൻ തയ്യാറാണ്. മനുഷ്യൻ മരിച്ചാൽ കഴിഞ്ഞാൽ പിന്നെ ഒന്നുമില്ല. പ്രേതാത്മാക്കൾ എന്ന സംഗതിയില്ല. വെളുത്തു സുഭഗനായ വക്കീൽ വലിയ ആത്മവിശ്വാസത്തോടെയാണ് കാര്യങ്ങൾ വിശദീകരിച്ചത്. തണ്ടാർക്ക് അതിനെ നിരാകരിക്കാൻ കഴിഞ്ഞില്ല.

ആ സമയത്ത് തെല്ലു കറുത്തു മെലിഞ്ഞ ഒരു യുവാവ് ചില പുസ്തകങ്ങളും കൊണ്ട് മുറിയിലേക്ക് കടന്നു വന്നു. വക്കീൽ പരിചയപ്പെടുത്തി:
"ഇത് മി.പനമ്പിള്ളിൽ ഗോവിന്ദമേനോൻ. മദ്രാസ് ലോ കോളേജിൽ പഠിക്കുന്നു. വലിയ സാഹിത്യരസികനാണ്. ടഗൂറിന്റെ വലിയ ആരാധകനാണ്. സാമൂഹ്യവിഷയങ്ങളിൽ നല്ല താൽപ്പര്യമുണ്ട്.'
ഇരുവരും അഭിവാദ്യം ചെയ്തു.

അന്നു തിരിച്ച് കാട്ടൂർക്കടവിലക്ക് നടക്കുമ്പോൾ കറുപ്പയ്യത്തണ്ടാർ വളരെ അസ്വസ്ഥനായിരുന്നു. രോഗങ്ങളും വേദനയുമില്ലാത്ത ഒരു കാലം വരുന്നു. പക്ഷേ മരണം ഉണ്ടായിരിക്കും. മരണത്തോടെ എല്ലാം അവസാനിക്കുന്നു. ആത്മാവ് എന്ന സംഗതിയില്ല. സ്വർഗ്ഗവും നരകവുമില്ല. അപ്പോൾ മനുഷ്യജീവിതം എന്നത് ചെറിയ ഒരു കാലയളവാണ്. ജീവിതമെന്നത് ഇത്രക്ക് ക്ഷണികവും നശ്വരവുമാണെങ്കിൽ എന്തു മാഹാത്മ്യമാണ് അതിനുള്ളത്? അതിന്മേൽ വെച്ചു കെട്ടുന്ന ഈ അലങ്കാരത്തൊങ്ങലുകൾക്ക് എന്താണ് പ്രസക്തി? മരണമാണ് മഹാതിരശ്ശീലയെങ്കിൽ ഈ ജീവിതനാടകം ഹാ, എത്ര തന്നെ ശോചനീയം! അന്തമില്ലാത്ത സ്വപ്നങ്ങൾ എത്ര പരിഹാസ്യം? മരണത്തിൽ മാത്രം പ്രതീക്ഷ വെച്ച് ഈ പ്രപഞ്ചത്തിൽ ഒരാൾക്ക് ജീവിതം സാധ്യമാകുമോ?

പാലക്കാട്ടു പോയി ഗുരുവിനെ കാണണമെന്ന് കറുപ്പയ്യ അപ്പോൾത്തന്നെ നിശ്ചയിച്ചു.

കറുപ്പയ്യത്തണ്ടാർ കൊളംബ് നഗരം ഉപേക്ഷിച്ച് പോന്നിട്ട് അന്നേക്ക് രണ്ടുവർഷം തികഞ്ഞിരുന്നു. അദ്ദേഹം സ്ഥാപിച്ച വ്യാപാരസ്ഥാപനങ്ങളും കെട്ടിടങ്ങളും അവിടെയുണ്ട്. ആരൊക്കെയോ അവ നോക്കി നടത്തുന്നു. തിരിച്ചു പോകണം എന്ന ആഗ്രഹം ചിലപ്പോൾ മനസ്സിലേക്ക് കടന്നുവരാറുണ്ട്. സിലോൺ എന്ന മരതകദ്വീപിന്റെ സൗന്ദര്യം ഇടക്കിടെ മനസ്സിലേക്ക് തിരയടിച്ചു വരും. അവിടത്തെ കടൽത്തിരങ്ങൾ. മലയടിവാരങ്ങൾ. തന്റെ വിയർപ്പും രക്തവും വീണ തുറമുഖം. ക്ലബ്ബുകൾ. സൽക്കാരങ്ങൾ. പ്രിയപ്പെട്ട സുഹൃത്തുകൾ. ശ്രീവിജ്ഞാനോദയസഭ. പ്രിൻസ് ഓഫ് വെയിൽസിൽ പണിതുയരുന്ന ഗുരുസ്മാരകം. പക്ഷേ ഇനിയും കച്ചവടം ചെയ്യാൻ മനസ്സ് അനുവദിക്കുന്നില്ല. കണക്കുകൂട്ടലുകളോട് വെറുപ്പു തോന്നുന്നു. എന്തിനാണ് ഇങ്ങനെ സ്വത്ത് സമ്പാദിക്കുന്നത്? പണം പെരുപ്പിച്ച് കൂട്ടിവെക്കുമ്പോൾ ആദ്യമൊക്കെ ഒരുവക സംതൃപ്തി തോന്നിയിരുന്നു. ദാരിദ്ര്യം അനുഭവിച്ച് വളർന്ന കാലത്ത് മനസ്സിൽ കയറിയ ഒരു വാശി തീർക്കുകയായിരുന്നു അപ്പോൾ.

പല ആളുകളോടും വാശിയും വൈരാഗ്യവും തോന്നിയിട്ടുണ്ട്. കറുപ്പയ്യ കൊളംബിൽ എത്തുന്ന കാലത്ത് അവിടെ അധികം മലയാളികൾ ഇല്ല. ഉള്ളത് മാടുകളേപ്പോലെ ജീവിക്കുന്ന കുറേ കൂലിക്കാർ മാത്രം. തമിഴരുടെ ആധിപത്യമാണ്. പിന്നെ സിംഹളർ. ബ്രിട്ടീഷ് യജമാനന്മാരും തമിഴ് വേലക്കാരും തമ്മിലുള്ള സംഘർഷങ്ങൾ ആരംഭിച്ചിരുന്നു. പോർട്ടിൽ ഒരു തമിഴ് ചെട്ടിയുടെ ഗോഡൗണിലാണ് കറുപ്പയ്യക്ക് പണി കിട്ടിയത്. തലച്ചുമട്. വിശപ്പും ദാഹവും ക്ഷീണവും കൊണ്ട് ചുമടോടെ തലചുറ്റി വീണു. മുഖം തണുത്തപ്പോൾ ഉണർന്നു. ചെട്ടിയാർ മുഖത്ത് വെള്ളം തെളിക്കുകയാണ്. പരിഭ്രമിച്ച് എഴുന്നേറ്റിരുന്നപ്പോൾ ചെകിട്ടത്ത് അടി വീണു. വീണ്ടും ബോധംകെട്ടു. പിന്നെ അവിടെ നിന്നില്ല.
ഭക്ഷണവും വെള്ളവും കിട്ടാതെ പോർട്ടിലും പരിസരത്തും അലഞ്ഞു നടന്നു.

ലേഡി ക്ലോഡ ഗ്രേ എന്ന ഐറിഷ് മദാമ്മ വിളിച്ചു കൊണ്ടുപോയി ഭക്ഷണം കൊടുത്തു. അവരുടെ വീട്ടിലെ ആശ്രിതനായി. അവരുടെ ബോയ്ഫ്രണ്ട് ഡെക്ലാൻ സായിപ്പാണ് അയാളെ വാർഫിലെ ഷിപ്പുകളിലേക്ക് കൊണ്ടുപോയത്. റിപ്പയർ പണികളെല്ലാം വേഗം പഠിച്ചു. മറൈൻ എഞ്ചിനീയർമാർ തോളിൽ തട്ടി അഭിനന്ദിച്ചു:
"കറപ്പൻ, യു ആർ വെരി ഗുഡ്.’

അപ്പാഴേക്കും ധാരാളം മലയാളികൾ കൊളംബിൽ എത്തിയിരുന്നു. മലയ വിട്ടു വന്നവർക്ക് തൊഴിൽ പരിചയം ഉണ്ടായിരുന്നു. തമിഴർക്ക് പുറമേ മലയാളികൾ കൂടി പെരുകിയതോടെ തൊഴിൽ മത്സരം വർദ്ധിച്ചു. സിംഹളർക്ക് വൈരാഗ്യമായി. ഇംഗ്ലീഷുകാർ തദ്ദേശീയരെ ഉപേക്ഷിച്ച് മലയാളികളെ നിയമിച്ചപ്പോൾ സംഘർഷമുണ്ടായി. മലയാളികൾ ഇംഗ്ലീഷ് സായിപ്പുമാരുടെ ചാരന്മാരും ഒറ്റുകാരുമാണെന്ന് സിംഹളരും തമിഴരും സംശയിച്ചു. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമുണ്ടായി. "കൊച്ചിയാന്മാർ" എന്നാണ് മലയാളികളെ ആക്ഷേപിച്ച് വിളിച്ചിരുന്നത്. ഒറ്റക്ക് കണ്ടാൽ അടി ഉറപ്പ്. ആ സമയത്തൊക്കെ കറുപ്പയ്യ തയ്യാറെടുത്തു തന്നെയാണ് നടന്നിരുന്നത്. തല്ലിനാണെങ്കിൽ തല്ലിന്‌. സംവാദത്തിനാണെങ്കിൽ അങ്ങനെ. അദ്ദേഹം ലേബർ പാർടിയിൽ ചേർന്നു. മലയാളിസമാജം ഉണ്ടാക്കി. വ്യവസായസാമ്രാജ്യം വികസിച്ചു.

അവസാനം എല്ലാം ഇട്ടെറിഞ്ഞ് ഇങ്ങോട്ടു പോന്നു. ഇങ്ങനെയാണോ ജീവിക്കേണ്ടത് എന്ന തോന്നലാണ് ആദ്യമുണ്ടായത്. ഈ ജീവിതയാത്ര എവിടേക്കാണ്? യാത്രാവസാനം എന്ത്?

നാട്ടിൽ തിരിച്ചു വന്ന ഉടനെ കറുപ്പയ്യ ആലുവ അദ്വൈതാശ്രമത്തിൻ പോയി ഗുരുവിനെ കണ്ടിരുന്നു. ബോധാനന്ദ സ്വാമികൾ അപ്പോൾ അവിടെ ഉണ്ട്. ഗുരുവിന്റെ മുന്നിൽ ചെന്ന് കണ്ണടച്ച് തൊഴുതു നിന്നു.

ബോധാനന്ദസ്വാമി പറഞ്ഞു:
"കറപ്പൻ ഇനി സിംഹളത്തിന് പോണില്ല്യാന്ന് പറയണു. കച്ചവടത്തിൽ താൽപ്പര്യല്യാന്ന്.’

ഗുരു നോക്കി. ആ കണ്ണുകളിൽ നിന്നുള്ള വെളിച്ചം ഒരനുഭൂതി പോലെ തന്റെ ആത്മാവിൽ നിറയുന്നതായി കറുപ്പയ്യക്കു തോന്നി. ഗുരു പറഞ്ഞു.
"കച്ചവടം മോശപ്പെട്ട കാര്യമല്ല. എന്നാൽ ആത്മാവിന്റെ നിർദ്ദേശങ്ങൾ അനുസരിക്കുക എന്നതാണ് പ്രധാനം. അറിവും അറിയാനിരിക്കുന്നതും അറിയാനാവത്തതും ചേർന്ന ഒരാത്മചൈതന്യം കടലിൽ തിരമാലകൾ എന്ന പോലെ നമ്മോടു സദാ സംവദിച്ചുകൊണ്ടിരിക്കുന്നുണ്ട്. ആ നിർദേശങ്ങൾ അനുസരിക്കുക. കറപ്പന് കൊളംബിൽ സാമൂഹ്യപ്രവർത്തനവും ഉണ്ടായിരുന്നുവല്ലോ?’

"ഉണ്ടായിരുന്നു സ്വാമി.' ഗുരു പിന്നെ ഒന്നും പറഞ്ഞില്ല.

അന്നത്തെ കൂടിക്കാഴ്ചയിൽ വിട്ടകന്ന ആശങ്കകൾ കറുപ്പയ്യയെ വീണ്ടും ബാധിച്ചു. ഗുരുവുമായി കുറേകൂടി നീണ്ട ഒരു സംവാദം സാധ്യമായെങ്കിൽ എന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. അവനവനെ മാത്രം കാണുന്ന ഒരു ജീവിയായി മനുഷ്യൻ ചുരുങ്ങുന്നുണ്ടോ എന്നതായിരുന്നു പ്രധാന സംശയം. സ്വന്തം സുഖത്തിനും പ്രമാണിത്തത്തിനും വേണ്ടി എല്ലാവരും ഉത്സാഹിക്കുന്നു. അതിന്റെ ഫലമായി സമുദായ പ്രവർത്തനരംഗത്ത് മത്സരങ്ങൾ ഉണ്ടാകുന്നു. ആത്മീയാചാര്യന്മാർ പോലും അസൂയയും കുശുമ്പും പകയും വെച്ചു പുലർത്തുന്നു. മോചനം കിട്ടിയ അടിമകൾ യജമാനന്മാരാകാൻ പരിശ്രമിക്കുന്നു. അവർ തങ്ങളുടെ പഴയ യജമാനന്മാരേക്കാൾ ക്രൂരത കാണിക്കുന്നു. അന്യനല്ലലുണ്ടാക്കിയാലാണ് തനിക്കു ഗുണമുണ്ടാവുക എന്ന് ആളുകൾ കരുതുന്നു.

മരണം എന്ന ഒന്നിന്‌ മുന്നിൽ മാത്രമാണ് മനുഷ്യൻ ആദരവോടെ നിൽക്കുന്നത്. മരണമാണ് മനുഷ്യന്റെ വഴികാട്ടിയും പരിഷ്കർത്താവും. അതൊരു നിർണായകമായ രൂപാന്തരമായിട്ടാണ് അവൻ കരുതുന്നത്. അവിടെ വിചാരണയും വിധിയുമുണ്ട്. പക്ഷേ എം.സി.ജോസഫ് വക്കീൽ പറയുന്നത് മരണത്തോടെ എല്ലാം അവസാനിക്കുന്നു എന്നാണ്. സഹോദരൻ അയ്യപ്പനും അങ്ങനെ കരുതുന്നു. രണ്ടുപേരും ഗുരുവിന്റെ ശിഷ്യന്മാരാണ്.

റിക്ഷാവണ്ടി കോർട്ട് റോഡിലൂടെ നീങ്ങി. നേരം വെളുത്തു വരുന്നതേയുള്ളു. സുൽത്താൻ പേട്ടയിലെ കോവിലിനു മുന്നിലായി കുട്ടകളിൽ പൂക്കൾ നിരത്തി വെച്ചിരിക്കുന്നു. മുനിസിപ്പൽ ആശുപത്രിയിൽ നിന്ന് മരുന്നിന്റെ മണം വന്നു. കുതിരയെ കെട്ടിയ ജഡ്ക്കാ വണ്ടികൾ ശബ്ദമുണ്ടാക്കിക്കൊണ്ട് പോകുന്നുണ്ട്. ബ്രാഹ്മണത്തെരുവുകളിൽ സ്ത്രീകൾ കോലം വരക്കുന്നു. കുട്ടികൾ കൂടിയിരുന്ന് പാടിപ്പഠിക്കുന്നുണ്ട്. അകലെ മൈതാനത്തിനപ്പുറം കോട്ടയുടെ കറുത്ത കല്ലുകൾ തെളിഞ്ഞു. റിക്ഷ മറ്റൊരു വഴിയിലേക്ക് തിരിഞ്ഞു.

"ക്നാവില്ല’ എന്ന വീട് ആ പുലർച്ച നേരത്തു തന്നെ സജീവമായിരുന്നു. നാലഞ്ചു വണ്ടികൾ കിടക്കുന്നുണ്ട്. വണ്ടിക്കാർ മുറ്റത്തെ മണ്ണിൽ കുന്തുകാലിൽ ഇരിക്കുകയാണ്. മുറ്റത്തെ മാവിനു കെട്ടിയ തറയിലും ആളുകളുണ്ട്. ഡോക്ടർ കൃഷ്ണൻ തന്റെ പരിശോധനാ മുറിയിലാണ്.

ഗുരുപ്രസാദ് സ്വാമി പുറത്തു വന്നു സ്വീകരിച്ചു.

"കറുപ്പയ്യത്തണ്ടാർ! വരൂ. ഇരിക്കൂ. യാത്ര സുഖമായിരുന്നോ? തീവണ്ടിയിലാണോ വന്നത്?’

ആ സമയത്ത് ഡോക്ടർ പുറത്തുവന്നു. ഗുരുപ്രസാദ് അദ്ദേഹത്തിന് കറുപ്പയ്യയെ പരിചയപ്പെടുത്തി. ഡോക്ടർ പറഞ്ഞു: "എനിക്ക് അറിവുണ്ട്.’

"ക്ഷമിക്കണം, ഇപ്പോൾ ഞാൻ പുറത്ത് പോവുകയാണ് മി.തണ്ടാർ. ധോണിയിലെ ചക്കിലിയക്കുടികളിൽ കോളറയുണ്ടെന്ന അറിവു കിട്ടിയിരിക്കുന്നു. ഉച്ചവരെ അവിടെ ചെലവഴിക്കേണ്ടി വരും. എന്തായാലും താങ്കൾ ഇന്നു പോകരുത്. യാത്ര കഴിഞ്ഞതല്ലേ? ഇപ്പോൾ കുളിച്ച് ഭക്ഷണം കഴിച്ച് വിശ്രമിക്കൂ. നമുക്ക് രാത്രിയിൽ കുറേ കാര്യങ്ങൾ സംസാരിക്കാനുണ്ട്.’
ഡോക്ടർ തന്നെ കാത്തു നിന്ന ജഡ്ക്കയിലേക്കു കയറി.

"ഗുരു?’
കറുപ്പയ്യ ചോദിച്ചു.

ഗുരുപ്രസാദിന്റെ മുഖം മങ്ങി.
"അകത്ത് വിശ്രമിക്കുകയാണ്. ഇപ്പോൾ ഈ പുലർച്ച നേരത്താണ് തെല്ലൊരു മയക്കം കിട്ടിയത്.'

ഗുരു രോഗബാധിതനാണ് എന്നറിഞ്ഞ കറുപ്പയ്യ പകച്ചു. അദ്ദേഹം സ്വീകരണമുറിയിലെ സെറ്റിയിൽ ഇരുന്നു. ഗുരുപ്രസാദ് പറഞ്ഞു:
"വലിയ വിഷമത്തിലാണ്. രോഗം കലശലായിരിക്കുന്നു. വൈക്കത്ത് വെല്ലൂർ മഠത്തിൽ വെച്ചു തന്നെ അസ്വാസ്ഥ്യം തുടങ്ങി. ഞങ്ങൾ ശിവഗിരിയിൽ എത്തിച്ചു. അവിടത്തെ സർക്കാർ ഡോക്ടർ മൂത്രവസ്തിയന്ത്രം കൊണ്ടുവന്നിരുന്നു. മൂത്രമെടുത്തപ്പോൾ കുറച്ചു ഭേദം തോന്നി. അവിടെ ചോലയിൽ മാമി വൈദ്യർ ഉണ്ടായിരുന്നു. വയസ്ക്കര മൂസ്സിനേയും വരുത്തി. ഇവിടെന്ന് ഡോക്ടർ കൃഷ്ണൻ മകൻ രാഘവനെ അങ്ങോട്ട് അയച്ചിരുന്നു. അദ്ദേഹം പറഞ്ഞതനുസരിച്ചാണ് ഇങ്ങോട്ടു കൊണ്ടുവന്നത്.’

"സ്പെഷൽ ബോട്ടിനാണ് കൊച്ചി വരെ എത്തിയത്. ജെട്ടിയിൽ പൊളിറ്റിക്കൽ ഏജണ്ട് മി.കൊട്ടൻ ഐ.സി.എസ്. വന്ന് ക്ഷേമം അന്വേഷിച്ചു. അന്നത്തെ വണ്ടി വിട്ടു പോയതുകൊണ്ട് അവിടെ തങ്ങി പിറ്റേന്നാണ് പോന്നത്. ഇപ്പോൾ ഡോക്ടർ കൃഷ്ണന്റെ പരിചരണമാണ്. രാഘവനും ഉണ്ടല്ലോ. മദിരാശിയിൽ നിന്ന് മേജർ ഡോക്ടർ പാണ്ടാല ഐ.എം.എസ്. വരാം എന്നു കമ്പിയടിച്ചിട്ടുണ്ട്. ഞങ്ങൾ കാത്തിരിക്കുകയാണ്.’

കറുപ്പയ്യ മിണ്ടിയില്ല. കൊണ്ടുവന്ന കാഴ്ചദ്രവ്യങ്ങളടങ്ങിയ ചാക്ക് താമി സ്വീകരണ മുറിയുടെ മൂലയിൽ വെച്ചു.

"കറുപ്പയ്യത്തണ്ടാർ അകത്തു പോയി ഗുരുവിനെ കണ്ടോളൂ. ഉണർത്തരുത്.'

വിസ്താരമേറിയ ആ മുറിയിൽ അവിടവിടങ്ങളിലായി എണ്ണ വിളക്കുകൾ കത്തിച്ചു വെച്ചിരുന്നു. മരുന്നിന്റെ നേർത്ത ഗന്ധം അവിടെ തങ്ങി നിന്നു. ഗുരു നീണ്ടുനിവർന്നു കിടക്കുകയാണ്. അഗാധനിദ്ര പോലെ തോന്നിച്ചു. ഒരു മനക്ലേശവും കാണിക്കാത്ത ശാന്തഗംഭീരമായ മുഖം.
കറുപ്പയ്യത്തണ്ടാർ തൊഴുതു കണ്ണടച്ചു നിന്നു.

"അമ്മേ!'
കരച്ചിൽ പോലെ ദയനീയമായ ഒരു ശബ്ദം കേട്ടതു പോലെ തണ്ടാർക്ക് തോന്നി. അദ്ദേഹം ഗുരുവിനെ നോക്കി. ഗുരുവിന്റെ ചുണ്ടുകൾ അനങ്ങുന്നില്ല. മുഖത്ത് ഭാവഭേദമൊന്നുമില്ല.

വീണ്ടും അതേ ശബ്ദം അശരീരിയായി മുഴങ്ങി.
"അമ്മേ വയ്യല്ലോ!'

കറുപ്പയ്യ പുറത്തു കടന്നു.

ഗുരുപ്രസാദ് പറഞ്ഞു:
"മദിരാശിയിലേക്ക് കൊണ്ടു പോകേണ്ടി വരും എന്നാണ് കരുതുന്നത്. ഡോക്ടർ കോമന്റെ വിധവയ്ക്ക് കമ്പിയടിച്ചിട്ടുണ്ട്. എന്തായാലും മിസ്റ്റർ പാണ്ടാല വന്നു നോക്കട്ടെ. ഇന്നലെ രാത്രിയിൽ ഡോക്ടർ കൃഷ്ണൻ മൂന്നുവട്ടം മരുന്നു കൊടുത്തിട്ടും ഉറക്കം ഉണ്ടായില്ല.’

"അടിവയറ്റിൽ ആരോ ഇരുമ്പ് ഉരുക്കിയൊഴിക്കുന്ന പോലെയുള്ള വേദനയാണെന്നാണ് ഗുരു പറയുന്നത്. അതു പറയുമ്പോഴും ഗുരുവിന്റെ മുഖത്ത് പതിവുള്ള മന്ദഹാസവുണ്ടായിരുന്നു. ഒരു ചാഞ്ചല്യവുമില്ല. എന്തുമാത്രം സഹിക്കുന്നു.'

ഗുരുപ്രസാദ് എഴുന്നേറ്റു.
"വരൂ കറുപ്പയ്യാ. കുളിച്ച് കുറച്ചു ഭക്ഷണം കഴിക്കൂ. ഞാൻ അതിനുള്ള ഏർപ്പാടുകൾ ചെയ്യാം.'
"വേണ്ട സ്വാമി. ഞാൻ ഇപ്പോൾത്തന്നെ മടങ്ങുകയാണ്.'

തിരിച്ച് ഒലവക്കോട് തീവണ്ടിയാപ്പീസിലേക്കുള്ള മടക്കം കാൽനടയായിട്ടായിരുന്നു. കറുപ്പയ്യത്തണ്ടാർക്കൊപ്പമെത്താൻ താമിക്ക് വല്ലാതെ ശ്രമപ്പെട്ട് ഓടേണ്ടി വന്നു. റിക്ഷക്കു പിന്നാലെയുള്ള ഓട്ടത്തേക്കാൾ കഠിനമായി തോന്നി അവന്. കാലും തലയും പൊള്ളുന്ന പാലക്കാടൻ വെയിൽ ആ സമയത്ത് ഏതാണ്ടും വ്യാപിച്ചു കഴിഞ്ഞിരുന്നു.

"തണ്ടാര് വെയിലത്തൂടെ നടന്നു. എന്നോടൊന്നും മിണ്ടിയില്ല’; താമി പറഞ്ഞു.

ഷൊർണൂരിലിറങ്ങിയ ശേഷമാണ് അവർ പ്രാതൽ കഴിച്ചത്.
കൈ കഴുകിയ ശേഷം കറുപ്പയ്യത്തണ്ടാർ പറഞ്ഞു: "ഇനി കാട്ടൂർക്കടവിലേക്ക് താമി തനിച്ചു പോകണം.'
"അയ്യോ!'
താമി കരഞ്ഞു.

"എന്താണ്? നിനക്ക് ഒറ്റക്കു പൂവ്വാൻ ഭയമുണ്ടോ? ഭയത്തിന്റെ കാര്യമില്ല. ഞാൻ ടിക്കറ്റെടുത്ത് നിന്നെ പെട്ടിയിൽ കയറ്റിയിരുത്താം. ആപ്പീസുകൾ കഴിയുന്ന മുറയ്ക്ക് കൈവിരലുകളിൽ എണ്ണണം. ഒരു കയ്യിലെ വിരൽ മുഴുവൻ കഴിഞ്ഞ് പിന്നെ വരുന്ന ആപ്പീസിൽ ഇറങ്ങണം. ജനലിലൂടെ നോക്കി ഇരുന്നാൽ മതി. കണ്ടാൽ നിനക്കു മനസ്സിലാവും. കുറുമാലിപ്പുഴ കഴിഞ്ഞാൽ കന്നാറ്റുപാടം. അവിടെ കൃഷിപ്പണിയുണ്ടാകും. കലപ്പക്കു പിന്നാലെ വെള്ളക്കൊക്കുകൾ പറക്കുന്നുണ്ടാവും. ജനതാ ഓട്ടുകമ്പനിയിൽ നിന്ന് മണ്ണുവെന്ത മണം വരും. രണ്ട് വാകമരങ്ങൾ. അപ്പോൾ എഴുന്നേറ്റ് തയ്യാറാവണം. നമ്പീശന്റെ കാപ്പി ക്ലബ്ബ് കാണും.'

"അപ്പൊ തണ്ടാര്?'
താമി നിന്നു കിതച്ചു.

"എന്നെ കാക്കണ്ട. ഞാൻ പോവുകയാണ്.'
"ഏടെക്ക്?'

"ഈ ലോകം വല്ലാണ്ട് നീണ്ടു കിടക്കുകയാണ് താമി. അവിടെ
ഏതെങ്കിലും ഒരിടത്ത് കുറ്റിയടിച്ചു കിടക്കുന്നതിൽ അർത്ഥമില്ല. ഇത്രകാലം ജീവിച്ചിട്ടും ഞാൻ ഒന്നും അറിഞ്ഞില്ല. ഒരു ഭ്രമത്തിലങ്ങനെ ജീവിച്ചു പോന്നു. എന്റെ ശരീരത്തിലേക്കു നോക്കൂ. ഇഷ്ടഭക്ഷണം നൽകി, ചന്ദനം പൂശി, കുങ്കുമം തൊട്ട് പരിപാലിച്ചു നിർത്തിയിരിക്കുന്ന ഈ വസ്തു എത്രമാത്രം അസംബന്ധമായ ഒന്നാണ്. വേദനയുടെ ഒരു കൽപ്പനാരൂപമാണിത്. മിടിക്കുന്ന പ്രാണനാണത്രെ ഇതിലെ പ്രമാണി. ഇലയിലെ നീർത്തുള്ളി പോലെ നശ്വരമാണത്. ഒരിളം കാറ്റടിച്ചാൽ വീണുപോകാവുന്നത്.'
താമിക്ക് യാതൊന്നും മനസ്സിലായില്ല. അവൻ വീണ്ടും ഉച്ചത്തിൽ നിലവിളിച്ചു.

"ഞാൻ എവിടെയെങ്കിലുമൊക്കെ ഉണ്ടാവും താമി. എന്നെങ്കിലും ഒരിക്കൽ തിരിച്ചെത്തുമെന്ന് കുടുമ്മക്കാരോട് പറയണം.'
താമി തിരിച്ചു വന്ന് ബംഗ്ലാവിൽ അറിയിച്ചു:
"തണ്ടാര് ദേശാന്തരം പോയി.' ▮

(തുടരും)


അശോകൻ ചരുവിൽ

കഥാകൃത്ത്, നോവലിസ്റ്റ്. സാംസ്​കാരിക പ്രവർത്തകൻ. 2018 മുതൽ പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി. സൂര്യകാന്തികളുടെ നഗരം, അശോകൻ ചരുവിലിന്റെ കഥകൾ, ആമസോൺ, ജലജീവിതം, മരിച്ചവരുടെ കടൽ, കങ്കാരുനൃത്തം, കാട്ടൂർ കടവ്​ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

Comments