വർഷങ്ങൾക്ക് മുമ്പ്. ഇന്നത്തെ കെ. എന്ന എഴുത്തുകാരന് അന്ന് ആറോ ഏഴോ വയസ്സുണ്ടാവും.
ഒരു ദിവസം അയാൾ തന്റെ അച്ഛന്റെയും അമ്മയുടെയും കയ്യിൽ പിടിച്ച് കൊളംബ് ബംഗ്ലാവിലേക്ക് നടന്നു വന്നു.
ദിമിത്രിക്ക് ആ ദിവസം നല്ല ഓർമ്മയുണ്ട്.
ബംഗ്ലാവിൽ പതിവുള്ള ഏതോ രാത്രിസൽക്കാരത്തിൽ പങ്കെടുക്കാനായിരുന്നു ആ വരവ്. അന്ന് അദ്ദേഹം വെളുത്ത് വല്ലാതെ മെലിഞ്ഞിട്ടായിരുന്നു. ചെറിയ കമ്പുകൾ പോലുള്ള കാലുകൾക്ക് യോജിക്കാത്തത്ര വലുപ്പമുള്ള കറുത്ത ട്രൗസർ. മുറിക്കയ്യൻ ക്രീംകളർ ഷർട്ട്. പരിഭ്രമിച്ചുള്ള നോട്ടമാണ്. ആൾ ശ്രദ്ധാപൂർവ്വം ചെരിപ്പ് അഴിച്ച് ചവിട്ടുപടിയിൽ വെച്ചു. ചെരിപ്പിന്റെ സുരക്ഷിതത്വത്തിൽ ആശങ്കപ്പെട്ട് ഒന്നു തിരിഞ്ഞു നോക്കി. വീട്ടിന്നകത്തെ ആൾക്കൂട്ടത്തിൽ പെട്ടപ്പോൾ തന്റെ അമ്മയുടെ സാരിത്തലപ്പിനുള്ളിലേക്ക് അയാൾ ഒളിക്കാൻ ശ്രമിച്ചു.
ദിമിത്രി പതിവുപോലെ തനിക്കു വിധിച്ചു കിട്ടിയ കോണിമുറിയിലെ ഇരുട്ടിൽ ഇരിക്കുകയായിരുന്നു. മണ്ണാൻതുരുത്തിലെ വീട്ടിൽ നിന്നും വെല്യമ്മ ബംഗ്ലാവിലേക്ക് കൊണ്ടുവന്നിട്ട് അധികകാലം ആയിരുന്നില്ല. സൽക്കാരത്തിന്റെ ദിവസമായതുകൊണ്ട് പുറത്തിറങ്ങാൻ അവന് അനുവാദമുണ്ടായിരുന്നില്ല. ആ സമയത്ത് ഇടനാഴിയിലെ തിരക്കിനിടയിൽ കെ.നിൽക്കുന്നത് അവൻ കണ്ടു.
കെ.യുടെ അച്ഛൻ രാജശേഖരൻ മാസ്റ്റരുടെ കുടുംബവും പുല്ലാനിക്കാട്ട് കുടുംബവും തമ്മിൽ തലമുറകളായി അടുപ്പം പുലർത്തിയിരുന്നു. ഇരുകുടുംബങ്ങൾക്കും നീണ്ടകാലത്തെ കൊളംബ് ബന്ധമുണ്ട്. കെ.യുടെ ഒരു മുത്തച്ഛൻ പിന്നീട് മറുദാന വേലുക്കുട്ടി എന്നറിയപ്പെട്ട ആളുടെ കൂടെയാണ് കറുപ്പയ്യാസ്വാമി സിലോണിൽ പോയത്. വേലുക്കുട്ടി അവിടത്തെ മുല്ലേരിയാവ മെന്റൽ ഹോസ്പിറ്റലിൽ അഡ്മിനിസ്‌ട്രേഷൻ വിഭാഗം സൂപ്രണ്ടായിരുന്നു. മഹായുദ്ധകാലത്ത് ആശുപത്രി ജപ്പാൻകാർ ബോംബുവെച്ചു തകർത്തു. അതിനു ശേഷം ആളെ കണ്ടിട്ടില്ല. മരിച്ചോ രക്ഷപ്പെട്ടോ എന്ന് ആർക്കും നിശ്ചയമില്ല.
സ്ത്രീകളായ അതിഥികളാൽ ശ്ലാഘിക്കപ്പെട്ട് മേലടുക്കളയിലെ പത്തായത്തിന്റെ മുകളിൽ കെ. ഇരുന്നു. അയാൾക്കു ചുറ്റും വിവിധയിനം പലഹാരങ്ങൾ പ്ലേറ്റുകളിൽ നിറഞ്ഞിരിപ്പുണ്ടായിരുന്നു. കെ. ഒരു പ്ലേറ്റിൽ നിന്നും പഞ്ചസാര ചേർത്ത അവലോസുപൊടി ശ്രദ്ധാപൂർവ്വം സ്പൂണുകൊണ്ട് കോരിത്തിന്നു.
"ഓ, ഇഷ്ടപ്പെട്ട പലഹാരം കിട്ട്യേല്ലോ? ഇനി അമ്മ ഇല്ലെങ്കിലും കൊഴപ്പല്യ അല്ലേ?'
കെ.യുടെ അമ്മ പറഞ്ഞു.
അയാളുടെ ചുണ്ടിലും കവിളത്തും പറ്റിയിരുന്ന അവലോസുപൊടി പുല്ലാനിക്കാട്ടെ വല്യമ്മ വാത്സല്യത്തോടെ തുടച്ചു കൊടുത്തു. വല്യമ്മ പറഞ്ഞു:
"പ്രസവിച്ചു കിടക്കുമ്പൊ കല്ലടത്തുരുത്തില് വന്ന് കണ്ടതാ ഞാൻ ഇവനെ.'
"അന്ന് പൊറത്തു നിന്ന് ആൾക്കാരു വന്ന് ഇവനെ കാണണത് ഇവന്റെ അമ്മമ്മക്ക് തീരെ ഇഷ്ടണ്ടാർന്നില്ല. കണ്ണു തട്ടുംന്ന്വെച്ചട്ട്. '
അതു പറഞ്ഞ് വല്യമ്മ പൊട്ടിച്ചിരിച്ചു.
കെ.യുടെ അമ്മയും ചിരിച്ചു. കണ്ണിനു ചുറ്റും കറുപ്പുരാശിയുള്ള വെളുത്തു മെലിഞ്ഞ ഒരു സ്ത്രീയായിരുന്നു കെ.യുടെ അമ്മ. ചെറിയൊരു സങ്കടം അവരുടെ മുഖത്ത് എപ്പോഴും ഉണ്ട്. ദുർബ്ബലമായ ആ ശരീരത്തിൽ വലിയ ഒരു സാരി എങ്ങനെയൊക്കെയോ വലിച്ചു വാരി ചുറ്റിയിരിക്കുകയാണ്.
"പതിനാറ് വയസ്സുള്ളപ്പഴാ നീ ഇവനെ പെറ്റത്.'
വല്യമ്മ പറഞ്ഞു.
ആ സ്ത്രീ മന്ദഹസിച്ചു. ചെറിയ പാവാടയുടുത്ത്, കണ്ടൻകുട്ടിയാശാൻ സമ്മാനിച്ച ഭംഗിയുള്ള പനയോലക്കുട ചൂടി സ്ലേറ്റും പുസ്തകവുമായി കോട്ടപ്പാടം കടന്ന് ഇവർ കിഴുത്താണിയിലെ രാജർഷി മെമ്മോറിയൽ പ്രൈമറി സ്‌കൂളിലേക്ക് നടന്നത് ഏതാനും വർഷങ്ങൾക്കു മുമ്പു മാത്രമാണ്. കല്ലടത്തുരുത്തിലെ ഇവരുടെ വീട് അന്നു കമ്യൂണിസ്റ്റു പാർടിയുടെ പ്രധാന ഷെൽറ്ററായിരുന്നു. തന്റെ വീടിന്റെ കയ്യാലയിൽ നേതാക്കൾ ഒളിച്ചു താമസിക്കുന്നുണ്ട് എന്ന വിവരം കൂട്ടുകാരികളോട് പറയരുതെന്ന് എന്ന നിർദ്ദേശം തെല്ലു വിമ്മിട്ടതോടെ അവർ അന്നു പാലിച്ചു.
വല്യമ്മ പറഞ്ഞു:
"എന്തൊക്കെ അതിക്രമങ്ങളാ കല്ലടത്തുരുത്തില് ഒരു കാലത്ത് ണ്ടായത്. രാഷ്ട്രീയം, വിപ്ലവം, പോലീസുവണ്ടി. ഞാൻ ആലോചിക്കാറുണ്ട്. എന്നും പോലീസുകാര് വന്ന് വാതിൽ ചവിട്ടിപൊളിക്കണ ഒരു വീട്ടില് മോളെങ്ങന്യാ കെടന്നൊറങ്ങീരുന്നതെന്ന്. കൊച്ചുകുട്ട്യായിരുന്നു നിയ്യ് അന്ന്. അന്നല്ലേ ഒടിമറഞ്ഞൂന്ന് പറഞ്ഞട്ട് മ്മടെ കണ്ടൻകുട്ടീനെ പോലീസുകൊണ്ടായി തല്ലീത്? അതൊരു വല്ലാത്ത കാലാർന്നു.'
ആ സ്ത്രീ വീണ്ടും മന്ദഹസിച്ചു.
1948ൽ കൽക്കത്തയിൽ നടന്ന രണ്ടാമത്തെ കോൺഫ്രൻസിനെ തുടർന്ന് കമ്യൂണിസ്റ്റു പാർടി നിരോധിച്ചിരുന്നു. അക്കാലത്താണ് കല്ലടത്തുരുത്ത് പാർടിയുടെ പ്രധാന ഒളിസങ്കേതമായത്. ഇടത്തരം കർഷകർ താമസിക്കുന്ന പ്രദേശമാണത്. കല്ലടക്കാവിനു ചുറ്റുമായി പത്തു മുപ്പതു വീടുകൾ. കെ.യുടെ അമ്മയുടെ അച്ഛൻ വടക്കൂട്ടെ ഉണ്ണിയുടെ വീടായിരുന്നു പ്രധാന ഷെൽട്ടർ. യുദ്ധം കഴിഞ്ഞ് മടങ്ങി വന്ന ഒരു പട്ടാളക്കാരനായിരുന്നു ഈ പറയുന്ന ഉണ്ണി. കറുത്ത നിറമുള്ള ഒരു കരുത്തൻ. സാമാന്യം ഭൂസ്വത്തും ഭേദപ്പെട്ട വീടും ഉണ്ടായിരുന്നു. പ്രജാമണ്ഡലകാലത്തെ പരിചയം വെച്ച് ഇ.ഗോപാലകൃഷ്ണമേനോനാണ് ആ ഷെൽറ്റർ കണ്ടു പിടിച്ചത്. പിന്നിട് കൊച്ചിയിലെ പ്രധാന നേതാക്കൾ പലരും അവിടെ എത്തി. 1950ൽ ടെക്മാൻ രാവുണ്ണി നായർ അങ്കമാലിയിൽ വെച്ച് അറസ്റ്റു ചെയ്യപ്പെട്ടതിനേ തുടർന്ന് ഒളിസങ്കേതങ്ങൾ എല്ലാം പൊളിഞ്ഞു. നേതാക്കൾ മിക്കവരും അറസ്റ്റു ചെയ്യപ്പെട്ടു. വടക്കൂട്ടെ ഉണ്ണിക്കും സഹായി കണ്ടൻകുട്ടിയാശാനും ഇരിങ്ങാലക്കുട ലോക്കപ്പിൽ നിന്നും ഭീകരമായ മർദ്ദനമാണ് ലഭിച്ചത്.
1956ൽ കമ്യൂണിസ്റ്റു പാർടിയുടെ തിരുക്കൊച്ചി സ്റ്റേറ്റു സമ്മേളനം കഴിഞ്ഞ് ആലുവയിൽ നിന്ന് മടങ്ങുകയായിരുന്നു വടക്കൂട്ടെ ഉണ്ണി. നെല്ലായി വണ്ടിയാപ്പീസിൽ ഇറങ്ങിയപ്പോൾ രാജശേഖരനെക്കണ്ടു. അയാളും അതേവണ്ടിയിൽ വന്നിറങ്ങിയതാണ്. ഉണ്ണിക്ക് ആ യുവാവിനെ മുൻപരിചയം ഉണ്ട്. ഒളിവു ജീവിതത്തിന്റെ കാലത്ത് നേതാക്കളെ കാണാനായി പലവട്ടം അയാൾ വീട്ടിൽ വന്നിരുന്നു. തിരു കൊച്ചി സമ്മേളനത്തിന്റെ ക്രെഡൻഷ്യൽ റിപ്പോർട്ടിൽ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി എന്ന നിലയിൽ അയാളെ പരാമർശിച്ചിരുന്നു. അന്നത്തെ പ്രായം കൂടിയ പ്രതിനിധി കെ.സി.ജോർജ് ആയിരുന്നു.
സമയം ഏതാണ്ട് പാതിരയോടടുത്തിരുന്നു അപ്പോൾ. ഇരുവരും നാട്ടിലേക്ക് നടക്കാൻ തീരുമാനിച്ചു. മുരിയാട് കായൽ നിലങ്ങളിലൂടെ അവർ നടന്നു. പുഞ്ചക്കൊയ്ത്ത് കഴിഞ്ഞ് നിലം ഉണങ്ങിയിരുന്നു. പോരാത്തതിന് നല്ല നിലാവും.
"ഇരുപതാം പാർടി കോൺഗ്രസ്സ് കഴിഞ്ഞപ്പൊ റഷ്യേന്ന് കേക്കണ വിവരങ്ങള് അത്ര പന്തിയല്ല.'
ഉണ്ണി പറഞ്ഞു:
"സമാധാനപരമായ സഹവർത്തിത്തം. എന്താണത്? മുതലാളിത്ത ലോകവുമായിട്ട് തൊഴിലാളിവർഗ്ഗം എങ്ങനെയാണ് സഹകരിക്കുന്നത്? ഈ ക്രൂഷ്‌ച്ചേവിന് ഇതെന്തു പറ്റി?'
"സി.പി.എസ്.യു. കോൺഗ്രസ്സിന്റെ മുഴുവൻ വിവരങ്ങളും നമുക്ക് കിട്ടീറ്റില്ല. എന്തായാലും വർഗ്ഗസമരത്തിന്നു പകരം വർഗ്ഗസഹകരണം ഉണ്ടാവില്ല. അങ്ങനെ ഉണ്ടായാല് അതിനെ കമ്യൂണിസ്റ്റ് പാർടീന്ന് വിളിക്കാൻ പറ്റില്ല.'
രാജശേഖരൻ പറഞ്ഞു.
ലോകകാര്യങ്ങൾ പറയുന്നതു കൊണ്ട് നടത്തത്തിന്റെ ആയാസം അവർ അറിഞ്ഞില്ല. പാടംകഴിഞ്ഞ് നമ്പ്യേൻകാവും മങ്ങാടിക്കുന്നും പിന്നിട്ട് അവർ കല്ലടക്കാവിനടുത്തെത്തി. തന്റെ വീട്ടിലേക്ക് തിരിയും മുമ്പ് ഉണ്ണി ചോദിച്ചു:
"താനിനി ഈ രാത്രീല് ഒറ്റക്ക് നടക്കണ്ടെ? എന്റെ വീട്ടില് വന്ന് കെടന്ന് ഒന്ന് കണ്ണടച്ച് പുലർച്ചക്ക് എണീറ്റു പോയാൽപ്പോരെ?'
രാജശേഖരൻ സമ്മതിച്ചു. പിറ്റേന്ന് പുലർന്ന് കുളിച്ച് പ്രാതൽ കഴിച്ച ശേഷമാണ് അയാൾ അവിടെ നിന്ന് പോയത്. അതിനിടക്ക് ഉണ്ണിയുടെ മകളെ ഒരു മിന്നായം പോലെ അയാൾ കണ്ടിരുന്നു.
കയ്യാലക്കെട്ടിന്റെ മുകൾനിലയിലാണ് അയാൾ കിടന്നിരുന്നത്. പുലർന്നപ്പാൾ എഴുന്നേറ്റ് ജനലിലൂടെ നോക്കി. ഇരുട്ടു മാറിയാട്ടില്ല. ചുറ്റുമുള്ള വയലിൽ മൂടൽമഞ്ഞും സൂര്യവെളിച്ചവും കലരുന്നു. കാട്ടു പൊന്തകളുടെ പച്ചപ്പിൽ വെളിച്ചം പ്രതിഫലിക്കുന്നുണ്ട്. മുറ്റത്തെ ചെറിയ ഇരുട്ടിൽ പാവാടയും ജാക്കറ്റുമിട്ട ഒരു പെൺകുട്ടി നിന്ന് മുറ്റമടിക്കുന്നുണ്ടായിരുന്നു.
പക്ഷേ അയാൾ അപ്പോൾ ഓർത്തത് കഴിഞ്ഞ മൂന്നു ദിവസത്തെ പാർട്ടി സ്റ്റേറ്റ് കോൺഫ്രൻസിനെക്കുറിച്ചാണ്. അയാൾ അസ്വസ്ഥനായിരുന്നു. 1951 ലെ നയംമാറ്റത്തെ തുടർന്നുണ്ടായ ഉൾപ്പാർട്ടി സമരങ്ങൾ അവസാനിച്ചിരുന്നില്ല. രൂക്ഷമായ ആശയസംഘട്ടനം തന്നെ ആലുവയിൽ നടന്നു. പ്രാങ്മുതലാളിത്തത്തിന്റെ രാഷ്ട്രീയശക്തിയെ നേരിടുന്നതിന് ദേശീയ ബൂർഷാസിയുടെ സർക്കാരിന് പാർടി പിന്തുണ നൽകണം എന്ന അഭിപ്രായത്തിനായിരുന്നു മുൻതൂക്കം. കോൺഗ്രസ്സുമായി സഹകരിക്കണം. "പരവൂർ ടി.കെ.നാരായണപിള്ളയുടെ കോൺഗ്രസ്സിനെ തന്നെയാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്?' ശൂരനാട്ടുനിന്നു വന്ന ഒരു സഖാവ് പൊട്ടിക്കരഞ്ഞുകൊണ്ടു ചോദിച്ചു.
നാലാം പാർടി കോൺഗ്രസ്സ് പാലക്കാട്ടാണ് നടക്കുന്നത്. യോജിപ്പുണ്ടാവുമോ? പാർടി പിളരുമോ? എന്തും സംഭവിക്കാം. രാജശേഖരൻ നെടുവീർപ്പിട്ടു.
പിന്നീട് പാലക്കാട് കോൺഗ്രസ്സ് കഴിഞ്ഞ് പാർടി റിപ്പോർട്ടിങ്ങിനു വേണ്ടി വക്കീൽ കെ.വി.കെ.വാരിയർ കല്ലടത്തുരുത്തിൽ ചെന്നിരുന്നു. ഉണ്ണിയുടെ വീട്ടിൽ നിന്നാണ് അദ്ദേഹം ഭക്ഷണം കഴിച്ചത്. വർത്തമാനത്തിനിടയിൽ വാര്യർ പറഞ്ഞു:
"എടോ നമ്മടെ സഖാവ് രാജശേഖരന് വിവാഹം ചെയ്യണമെന്നുണ്ട്. പാർടിക്കമ്മിറ്റീം അതാലോചിച്ചു.'
"വേണ്ടതാണല്ലോ.'
ഉണ്ണി പറഞ്ഞു.
"യോഗ്യനായ ഒരു യുവാവല്ലേ അയാള്? ഇപ്പഴാണെങ്കിൽ ട്രെയിനിംഗ് കഴിഞ്ഞ് മാഷായിരിക്കുന്നു. കാറളത്ത് അവർ ചെറുപ്പക്കാർ ചേർന്ന് ഒരു സ്‌കൂള് തൊടങ്ങീരിക്കയാണ്.'
ഉണ്ണി മറുപടിയൊന്നും പറഞ്ഞില്ല. വാര്യർ തുടർന്നു:
"ഞാൻ ആലോചിക്ക്യാ. വേറെന്തിനാ അന്വേഷിച്ച് നടക്കണ്. ഇവെടിണ്ടല്ലോ ഒരു പെൺകുട്ടി. നമക്കത് ആലോചിച്ചാലോ?'
തന്റെ ബാല്യവും കുടുംബമാഹാത്മ്യവുമെല്ലാം സന്ദർഭമുണ്ടാക്കി കെ. വിസ്തരിച്ച് എഴുതാറുണ്ട്. രാഷ്ട്രീയ പ്രവർത്തകരുടെ കുടുംബത്തിലാണ് താൻ ജനിച്ചത്. പിന്നീട് കേരളത്തിന്റെ ഭരണാധികാരികളായവരിൽ ചിലർ തന്റെ അമ്മക്ക് കുട്ടിക്കാലത്ത് ഇംഗ്ലീഷ് അക്ഷരമാല പറഞ്ഞു കൊടുത്തിട്ടുണ്ട്. പലവട്ടം ആവർത്തിക്കപ്പെട്ട് അത്തരം വിവരണങ്ങൾ ഏതാണ്ടൊരു കോമാളിത്തം കൈവരിച്ചിരുന്നു.
വിദ്യാർത്ഥി ജീവിതത്തിനു ശേഷം കാട്ടൂർക്കടവിൽ രാഷ്ട്രീയപ്രവർത്തകനായി നടന്ന തന്റെ ജീവിതകാലത്തെക്കുറിച്ചും കെ. എഴുതാറുണ്ട്. ചില വീരസാഹസികകഥകളാണ്. വളരെ ആലങ്കാരികമായിട്ടാണ് വിവരണം. കുടിലുകളിലെ മണ്ണെണ്ണ ചിമ്മിനി വെളിച്ചത്തിൽ പാതിര വരെ നീളുന്ന ബ്രാഞ്ചുയോഗങ്ങൾ. ദിഗോഗാർഷ്യ മുതൽ പട്ടാട്ടെ ജാനകിച്ചേച്ചിയുടെ കാൻസർ രോഗം വരെ നീണ്ടുപോകുന്ന ചർച്ചകൾ. പാർടി ആപ്പീസിലേക്ക് കയറാനുള്ള പടികൾ നഷ്ടപ്പെട്ട ഗോവണി. പിടിച്ചു കയറാനുള്ള കയർ. കട്ടൻചായ, ബീഡി, പരിപ്പുവട. പൂതലിച്ച ബഞ്ചിൽ കിടന്നുള്ള ഉറക്കം. രാത്രിയിലെ നടത്തങ്ങൾ. സമരങ്ങൾ, കാൽനടജാഥകൾ, പോലീസ് ലോക്കപ്പ്.
സത്യസ്ഥിതി പരിശോധിക്കുമ്പോൾ തന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ തന്നെ കെ. സർക്കാർ സർവ്വീസിൽ ചേർന്നിട്ടുണ്ട് എന്നു കാണാം. മൂന്നോ നാലോ വർഷം മാത്രം നീണ്ടു നിന്ന ഒരു യുവജന സംഘടനാബന്ധത്തെയാണ് അദ്ദേഹം വാക്കുകൾ കൊണ്ട് ഇങ്ങനെ പൊലിപ്പിക്കുന്നത്. വാക്കിനെ ചൊൽപ്പടിയിൽ നിർത്തി ഉപയോഗിക്കാനുള്ള ആ സാമർത്ഥ്യത്തെ സമ്മതിക്കുക തന്നെ വേണ്ടിയിരുന്നു. സത്യത്തിൽ രാഷ്ട്രീയം അദ്ദേഹത്തിന് ഒരു കവചമാണ്. സ്വന്തമായി ഒരു പുറന്തോടില്ലാത്തതു കൊണ്ട് അദ്ദേഹം അതു സ്വീകരിച്ചിരിക്കുന്നു. അതുകൊണ്ട് തന്റെ ദൗർബല്യത്തേയും കഴിവുകേടുകളേയും മറച്ചുവെക്കാൻ അദ്ദേഹത്തിനു കഴിയുന്നുണ്ട്. ആ സുരക്ഷിതത്തിൽ ഇരുന്ന് ഇടക്ക് പുറത്തേക്ക് തലനീട്ടുന്നു.
ഇവിടെ ജോർജി ദിമിത്രാവ് എന്ന ദിമിത്രിയും കെ. എന്ന എഴുത്തുകാരനും തമ്മിലുള്ള ചില സാമ്യങ്ങളെ സൂചിപ്പിക്കേണ്ടതുണ്ട്. ദിമിത്രിയേ പോലെത്തന്നെ അങ്ങേയറ്റം അന്തർമുഖനും നിശ്ശബ്ദനുമാണ് കെ. നാട്ടിൽ വളരെ കുറച്ചു പേരോടു മാത്രമേ അദ്ദേഹം സംസാരിക്കുക പതിവുള്ളു. കൂടുതലും തന്നോടു തന്നെ സംസാരിക്കാനാണ് ഇഷ്ടപ്പെടുന്നത്. കുട്ടിക്കാലത്ത് ഒരു ചെറിയ വടിയുമായി മരങ്ങൾക്കിടയിൽ നടന്ന് ഇലപ്പൊന്തകളിൽ തല്ലുകയും ചോദ്യം ചെയ്യുന്ന മട്ടിൽ അവയോട് സംസാരിക്കുകയും പതിവുണ്ടായിരുന്നു. പക്ഷേ കാലാന്തരത്തിൽ ആദൃശ്യമായ ചില മുഖാവരണങ്ങൾ കൊണ്ട് അദ്ദേഹം തന്റെ അന്തർമുഖത്വത്തെ മറച്ചു പിടിക്കുന്നു. പൂർവ്വികരുടെ മഹാത്മ്യത്തെ ആവർത്തിച്ച് വിവരിച്ച് താൻ അവരുടെ തുടർച്ചയാണെന്ന പ്രതീതിയുണ്ടാക്കാനാണ് ശ്രമം.
കൊളംബു ബംഗ്ലാവിൽ വെച്ചുണ്ടായ ആദ്യത്തെ കൂടിക്കാഴ്ചക്കു ശേഷം ദിമിത്രിയും കെ.യും മുഖാമുഖം വരുന്നത് വർഷങ്ങൾക്കു ശേഷം കാട്ടൂർക്കടവ് പ്രവ്ദ കലാസമിതി പതിനഞ്ചാം വാർഷികം ആഘോഷിച്ച കാലത്താണ്. അക്കാലത്ത് കെ. കോളേജിൽ പഠിക്കുകയാണ്. അദ്ദേഹമായിരുന്നു അന്ന് കലാസമിതിയുടെ സെക്രട്ടറി.
വാർഷികാഘോഷത്തിന് എസ്സെൽപുരം സദാനന്ദന്റെ "നല്ലവരുടെ രാത്രി' എന്ന നാടകം അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നു. പട്ടണത്തെരുവിലെ രാത്രിജീവിതത്തിന്റെ കഥയാണത്. നാലഞ്ചു മുറികളിലായി സ്ത്രീകൾ വിളമ്പിക്കൊടുക്കുന്ന ഒരു കള്ളുഷാപ്പിന്റെ മുൻവശം. പകൽ മാന്യന്മാരായ രാഷ്ട്രീയനേതാവും, എം.എൽ.എ.യും, സ്‌കൂൾ ഹെഡ്മാസ്റ്റരും, പത്രാധിപരും, നാടകസംവിധായകനും തലയിൽ മുണ്ടിട്ട് മദ്യപിക്കാൻ വരുന്നു. തെരുവിൽ നിലക്കടല വിൽക്കുന്ന ഒരു ചെറിയകുട്ടിയുടെ വേഷം ഉണ്ട്. അതിനായി ദിമിത്രിയെയാണ് അവർ കണ്ടത്. അന്ന് അവൻ പോംപെ മാതാ ഹൈസ്‌കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുകയാണ്. കലാസമിതി പ്രവർത്തകർ കൊളംബ് ബംഗ്ലാവിൽ വന്ന് അവനോട് ആജ്ഞാപിച്ചു.
"നാളെയാണ് നാടകത്തിലെ റോളുകൾ തീരുമാനിക്കുന്നത്. നീ നേരത്തേ കലാസമിതിയിൽ വന്നേക്കണം.'
"നിന്നെ ഞങ്ങൾ ഈ കേരളത്തിലെ ഏറ്റവും മികച്ച നടനാക്കി മാറ്റും.'
"ഭാവിയിലെ സത്യൻ. അല്ലെങ്കിൽ പി.ജെ.ആന്റണി.'
"പ്രവ്ദയിൽ വന്ന് നാടകം കളിച്ചയാളാണ് മോണോ ബാലൻ. ആള്‌പ്പൊ വസ്താക്ഷേപം എന്ന നാടകം എഴുതി. അത് കഴിഞ്ഞ മാസം പാലക്കാട് കളിച്ചു. ആളിപ്പൊ സിനിമേലും കേറീട്ടുണ്ട്.'
സത്യത്തിൽ ദിമിത്രി പകച്ചു പോയി. അവന് അഭിനയിക്കാൻ ഒട്ടും താൽപ്പര്യമുണ്ടായിരുന്നില്ല. ആളുകളെ കാണുന്നതു പോലും അന്നു ഭയമായിരുന്നു. വീട്ടിലെ കോണിച്ചുവടും സ്‌കൂളിലെ ക്ലാസുമുറിയും മാത്രമായിരുന്നു ലോകം. പറമ്പിലെ മരങ്ങളും ജീവികളുമായിരുന്നു അക്കാലത്ത് അവന്റെ സുഹൃത്തുക്കൾ. പാഠപുസ്തകത്തിലെ 'കാളയും കഴുതയും' എന്ന കഥയിലെ കർഷകനേപ്പോലെ സസ്യങ്ങളുടെയും ജന്തുക്കളുടേയും സംസാരം ഗ്രഹിക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് അവൻ വിശ്വസിച്ചിരുന്നു. പരിസരത്തെ മരങ്ങളും ജീവികളും സദാസമയം തന്നെപ്പറ്റി സംസാരിക്കുന്നതായി അവൻ സങ്കൽപ്പിച്ചു.
പുളിയൻ മാവ്: എന്താണ് ഈ കുട്ടി കൂട്ടത്തിലൊന്നും ചേരാതെ തനിച്ചു വന്നിരിക്കുന്നത്?
അണ്ണാർക്കണ്ണൻ: അതിനു പേടിയാണ്. ആളുകളെല്ലാം ഈ കുട്ടിയെ പരിഹസിക്കുന്നു.
മാവിൽ പടർന്ന ഇത്തിക്കണ്ണി: ഇങ്ങനെ ഭയപ്പെടുന്നത് ബുദ്ധിയുടെ ലക്ഷണമാണ്.
ചെമ്പോത്ത്: ഞാൻ പ്രവചിക്കുന്നു. ഇപ്പോൾ പേടിച്ചും ഒറ്റപ്പെട്ടും ഇരിക്കുന്ന ഈ കുട്ടി നാളെ ലോകപ്രശസ്തനായി മാറും. വിവിധ രാജ്യങ്ങളിലെ ജനക്കൂട്ടങ്ങൾ ആവേശത്തോടെ ഇയാളെ സ്വീകരിക്കും.
പുളിയൻമാവും അണ്ണാർക്കണ്ണനും ഇത്തിൾക്കണ്ണിയും ഒന്നിച്ച്: താങ്കളുടെ പ്രവചനം സഫലമാകട്ടെ.
അക്കാലമായപ്പോഴേക്കും അബു പഠിപ്പു നിർത്തിയിരുന്നു. മറ്റൊരു കൂട്ട് ദിമിത്രിക്ക് ഉണ്ടായില്ല. പോംപെ മാതാ സ്‌കൂളിനു പിറകിൽ ഒരിടവകപ്പള്ളിയും സെമിത്തേരിയും ഉണ്ടായിരുന്നു. ഉച്ചനേരങ്ങളിൽ വിജനമായിരുന്ന പള്ളിയുടെ പരിസരത്തായിയിരുന്നു അവൻ ഒഴിവു സമയങ്ങൾ ചിലവഴിച്ചിരുന്നത്. സെമിത്തേരിയിലെ കല്ലറകൾക്ക് മേലെ വിരിച്ച മാർബിൾ ഫലകങ്ങളിൽ മരിച്ചവരുടെ നാമവും ഖ്യാതിയും കൊത്തി വെച്ചിട്ടുണ്ട്. കുറച്ചുമാറി വെള്ളമില്ലാത്ത ഒരു കിണറ്റിൽ അസ്ഥികളും തലയോടുകളും കിടക്കുന്നു. അതിലേക്ക് എത്തിനോക്കാൻ ദിമിത്രിക്ക് ഭയമുണ്ടായിരുന്നില്ല. തലയോടുകൾ പരസ്പരം സംസാരിക്കുന്നത് അവൻ കേട്ടിരുന്നു.
തലയോട് ഒന്ന്: കുട്ടികളുടെ കൗതുകം മുഴുവൻ നഷ്ടപ്പെട്ടുവോ? ഒരാൾ പോലും ഈ കിണറിലേക്ക് എത്തി നോക്കാൻ വരുന്നില്ലല്ലോ.
തലയോട് രണ്ട്: എത്തിനോക്കി കുട്ടികൾ ഭയപ്പെടുന്നതു കാണാനാണോ താങ്കൾ ആഗ്രഹിക്കുന്നത്?
തലയോട് ഒന്ന്: ഒരിക്കലുമല്ല സുഹൃത്തേ. എനിക്ക് കുഞ്ഞുങ്ങളുടെ മുഖങ്ങൾ കാണാനാണ്. ഇവിടെക്കിടന്ന് ആയിരം കുഞ്ഞുങ്ങളെ കണ്ടുകഴിഞ്ഞാൽ എനിക്ക് പുനർജ്ജന്മം കിട്ടും.
തലയോട് രണ്ട്: ഹ ഹ ഹ! താങ്കൾ ഒരു മടയൻ തന്നെ. പുനർജ്ജന്മം കിട്ടിയാൽ അതു മനുഷ്യന്റേതാകുമെന്ന് എന്താണ് ഉറപ്പ്? വല്ല പാറ്റയുടേയോ പഴുതാരയുടേയോ ജന്മമായിരിക്കും ലഭിക്കുക. പഴുതാരയുടെ ജീവിതം താങ്കൾക്ക് യോജിക്കുമെന്ന് എന്റെ മനസ്സു പറയുന്നു.
തലയോട് ഒന്ന്: മരിച്ച് ദ്രവിച്ചു തുടങ്ങിയ അസ്ഥിയായി മാറിയിട്ടു പോലും ദുഷിച്ച കാര്യങ്ങൾ മാത്രമേ താങ്കൾക്ക് പറയാനുള്ളൂ.
കലാസമിതിക്കാരുടെ ആജ്ഞ അനുസരിച്ച് പിറ്റേന്ന് ദിമിത്രി അവരുടെ ഓഫീസിൽ ചെന്നു. അവിടെ കസേരയിൽ മേശപ്പുറത്തേക്ക് കാൽ കയറ്റി വെച്ച് കെ. ഇരിപ്പുണ്ടായിരുന്നു. അദ്ദേഹം ദിമിത്രിയെ തെല്ലു പുച്ഛത്തോടെ നോക്കി. എന്നിട്ടു ചോദിച്ചു:
'ഇയാളാണോ? നേരെയാവുമോ? എന്തായാലും ഡയലോഗ് വായിക്ക്, കേൾക്കട്ടെ.'
പുസ്തകത്തിൽ നോക്കി ദിമിത്രി വായിച്ചു. പരിഭ്രമിച്ചപ്പോൾ അക്ഷരങ്ങൾ തെറ്റി. കെ.ക്ക് ദേഷ്യം വന്നു.
"എന്താടാ പയ്യൻ ഇത്? സ്‌കൂളിൽ പോയിട്ട് നീയെന്താ പഠിക്കണത്? ഇപ്പഴത്തെ പിള്ളേരടെ ഒരു കാര്യം! മര്യാദക്ക് മലയാളം ഉച്ചരിക്കാൻ പോലും വശമില്ല. അധ്യക്ഷൻ കവി സീതാരാമൻ സാർ ഇമ്മാതിരി വർത്തമാനം കേട്ടാൽ തലക്കു കൈവെക്കും. ഈ പയ്യന്മാരെ പറഞ്ഞിട്ടു കാര്യമില്ല. സ്‌കൂളിലെ മലയാളം ടീച്ചർമാരുടെ സ്ഥിതിയെന്നാണ്? എന്തെങ്കിലും ഒരു പുസ്തകമോ മാസികയോ അവരു വായിക്കുന്നുണ്ടോ? ഓ, എന്തിനാ വായിക്കുന്നത്? ബിരുദ സർട്ടിഫിക്കറ്റ് കയ്യിലുണ്ടല്ലോ.'
പക്ഷേ ദിമിത്രി രക്ഷപ്പെട്ടില്ല. അവനെ നാടകത്തിലേക്ക് സെലക്ട് ചെയ്തു. കെ. പറഞ്ഞു:
"ഇനീപ്പോ ആരെ അന്വേഷിക്കാനാണ്? ബോഡി ഫിഗർ എന്തായാലും തെരുവു പയ്യൻ എന്ന കഥാപാത്രത്തിന് ഫിറ്റാണ്. പിന്നെ മൂടുകീറിയ ഒരു ട്രൗസർ സംഘടിപ്പിച്ചാൽ മതി. കുറച്ചു ഡയലോഗല്ലേ ഉള്ളൂ.'
റിഹേഴ്‌സൽ ഏതാണ്ട് ഒരു മാസത്തോളം നീണ്ടുനിന്നു. അവസാനത്തെ രണ്ടുദിവസങ്ങളിൽ മാത്രമാണ് സ്ത്രീ ആർടിസ്റ്റുകളും സംഗീതവിദ്വാന്മാരും വന്നത്. അതോടെ അന്തരീക്ഷം സംഗീത നിർഭരമായി. വികാരഭരിതമായ ഡയലോഗുകൾക്കിടയിൽ വയലിനും തബലയും ശബ്ദമുണ്ടാക്കി.
സ്ത്രി: സാധ്യമല്ല. എന്നെ തൊട്ടു പോകരുത്.
പുരുഷൻ: നീ എന്റെ ഭാര്യയാണ്.
സ്ത്രി: പക്ഷേ, നിങ്ങൾ എന്റെ ഭർത്താവല്ല.
പുരുഷൻ: ഞാൻ നിന്റെ കഴുത്തിൽ താലി കെട്ടിയവനാണ്.
സ്ത്രി: ഭർത്താവെന്നു പറയുന്നത് താലിയാണോ മിസ്റ്റർ ശ്രീധരൻ? (പൊട്ടിച്ചിരി)
നാടകത്തിന്റെ ദിവസം അടുത്തതോടെ ദിമിത്രിയുടെ പരിഭ്രമം കൂടി വന്നു. പൈക്കണ്ണിക്കാവ് നട ആ സമയത്ത് നന്നായി അലങ്കരിക്കപ്പെട്ടിരുന്നു. ചെറുപ്പക്കാർ വീട്ടുപറമ്പുകളിൽ കയറി കവുങ്ങുകൾ മുറിച്ചു കൊണ്ടുവന്ന് തട്ടടിച്ച് സ്റ്റേജ് പണിതിരുന്നു. കാറളം കലാസമിതിയിൽ നിന്നും കടം വാങ്ങിച്ച ചുവന്ന സാറ്റിൻ കർട്ടൺ മിന്നിതിളങ്ങി. മൈതാനം കുരുത്തോല കെട്ടി അലങ്കാരിച്ചിരുന്നു. ഇരിങ്ങാലക്കുട നിന്ന് ഷാരടി വന്ന് ഗ്യാസ് വിളക്കുകൾ സ്ഥാപിച്ചു. ബീരുക്കയും കുടുംബവും എത്തി താൽക്കാലിക ടീ ഷോപ്പ് ആരംഭിച്ചു. പക്ഷേ അവയൊന്നും ദിമിത്രിയെ ആശ്വസിപ്പിച്ചില്ല. എവിടേക്കെങ്കിലും നാടുവിട്ടു പോയാലോ എന്നുപോലും അവൻ ആലോചിച്ചു.
എന്നാൽ ദിമിത്രിയുടെ ഭാഗ്യം എന്നു പറയട്ടെ; വേഷം കെട്ടിയെങ്കിലും അവന് സ്റ്റേജിൽ കയറേണ്ടി വന്നില്ല. നാടകം നടന്നില്ല. അതിനു മുമ്പ് പൊതുയോഗത്തിൽ അധ്യക്ഷനായി വന്ന സീതാരാമൻ ശ്രീരംഗം എന്ന കവി അന്തരീക്ഷം കലുഷിതമാക്കിയിരുന്നു.
ശ്രീരംഗം നേരത്തേ തന്നെ എത്തിയിരുന്നു. അക്കാലത്ത് അദ്ദേഹത്തിന് കാട്ടൂർക്കടവിൽ നിരവധി ആരാധകർ ഉണ്ട്. കൂടാതെ നാലു ചാരായഷാപ്പുകളിലെ മാനേജർമാർ. എല്ലാവരും ചേർന്നു വന്ന് ആളെ ഏറ്റെടുത്തു. പകൽ മുഴുവൻ പലവീടുകളിലായി അദ്ദേഹം സൽക്കരിക്കപ്പെട്ടു. എല്ലായിടത്തും അദ്ദേഹം തന്റെ കവിതകൾ ഉറക്കെ ചൊല്ലി.
"കാലൻകോഴി ഉറങ്ങാപ്പാതിരതൻ
കായൽക്കടവുകളിൽ
കടവുകളിൽ
ഏകാന്തതയുടെ പടവിലിരിക്കും വഴിയാത്രക്കാരേ!
തകർന്ന ജലയാനവുമായ് രക്ഷകനടുത്തു വന്നേക്കാം.
ഒടിഞ്ഞ പാമരമടിഞ്ഞ പായകളഴിഞ്ഞ ജീവിതമല്ലാതെന്തഭയം?
.............'
പൊതുയോഗം കഴിഞ്ഞാൽ ഉടനെ നാടകം തുടങ്ങേണ്ടതുകൊണ്ട് നടീനടന്മാർ മേക്കപ്പിട്ടിരുന്നു. സ്റ്റേജിന്റെ പിന്നാമ്പുറത്ത് ഓലവെച്ചു കെട്ടിമറച്ചതാണ് ഗ്രീൻ റൂം. അവിടെ നിലത്ത് ആശങ്കയോടെ ദിമിത്രി ഇരുന്നു. അവന്റെ മുഖത്ത് സിങ്ക്വൈറ്റും ചുണ്ടിൽ ചുവന്ന ചായവും ശരീരത്തിൽ കരിയും പുരട്ടിയിരുന്നു. ശരീരം കറുത്തും മുഖം വെളുത്തുമുള്ള ഒരു വിചിത്ര രൂപമായി അവൻ മാറി. തന്റെ കാലുകളിലേക്ക് മാത്രമാണ് അവനപ്പോൾ നോക്കിയിരുന്നത്. ധരിച്ചിരുന്ന കാക്കിട്രൗസർ അവനെ കൂടുതൽ അപമാനിതനാക്കി. അത് പാകമുള്ളതായിരുന്നില്ല. എഴുന്നേറ്റുനിന്നാൽ അതഴിഞ്ഞു വീഴുമോ എന്ന് അവൻ ശങ്കിച്ചു.
പ്രാർത്ഥന കഴിഞ്ഞു. തുടർന്ന് അധ്യക്ഷനുള്ള ഹാരാർപ്പണം. മുട്ടിറങ്ങിക്കിടക്കുന്ന ജൂബ്ബ ധരിച്ച് ശ്രീരംഗം വേദിയിൽ പ്രത്യക്ഷപ്പെട്ടു. സദസ്സിനെ തൊഴുതശേഷം ഹാരം സ്വീകരിച്ച് അദ്ദേഹം കസേരയിൽ ഇരുന്നു. തുടർന്ന് സെക്രട്ടറി കെ. തന്റെ സ്വാഗതപ്രസംഗം തുടങ്ങി.
ഒരുപക്ഷേ കെ.എന്ന എഴുത്തുകാരൻ പിന്നീടു നടത്തിയിട്ടുള്ള അസംഖ്യം സാഹിത്യപ്രസംഗങ്ങളുടെ തുടക്കമായിരിക്കും അത്. അന്ന് കെ. എഴുത്തു തുടങ്ങിയിട്ടില്ല. പക്ഷേ അന്നത്തെ പ്രസംഗത്തിലൂടെ തന്റെ വ്യാജമുഖം അദ്ദേഹം പ്രദർശിപ്പിച്ചു. നാട്ടിലെ ഇടതുപക്ഷ യുവജന സംഘടനയുടെ പ്രവർത്തകനായിട്ടാണ് അദ്ദേഹം അന്ന് അറിയപ്പെട്ടിരുന്നത്. പക്ഷേ പുരോഗമന സാഹിത്യത്തെ വിമർശിക്കാനും കല പരിശുദ്ധമായിരിക്കണമെന്ന് വാദിക്കാനുമാണ് അദ്ദേഹം ശ്രമിച്ചത്. അക്കാലത്ത് ബദലായി വന്ന ആധുനികസാഹിത്യത്തെ വിലയിരുത്തുകയും പുകഴ്ത്തുകയും ചെയ്തു. പുതിയ തലമുറ വലിയ നിരാശയിലും മോഹഭംഗത്തിലുമാണ്. പ്രതീക്ഷിക്കാൻ ഒന്നുമില്ല. മരണമാണ് ആത്യന്തികസത്യം. ദൈവം മരിച്ചു കഴിഞ്ഞു. പകരം വന്ന ശാസ്ത്രം പരാജയപ്പെട്ടു. ദു:ഖങ്ങളുടെയും വേദനകളുടേയും കഥകളും കവിതകളും മാത്രമേ എഴുത്തുകാർക്ക് എഴുതാനുള്ളു. ആധുനികതയുടെ വക്താവും പ്രായോക്താവുമാണ് സീതാരാമൻ ശ്രീരംഗം എന്ന് അദ്ദേഹം സമർത്ഥിച്ചു. മലയാള കവിതയുടെ ജ്വലിക്കുന്ന മുഖമാണ് അദ്ദേഹം.
സ്വാഗതപ്രസംഗം വളരെ നീണ്ടു പോയതുകൊണ്ടാവണം ശ്രീരംഗം വേദിയിലിരുന്ന് അസ്വസ്ഥനായി. അദ്ദേഹം സംഘാടകരോട് എന്തോ തർക്കിച്ചു. എഴുന്നേറ്റപ്പോൾ അഴിഞ്ഞ മുണ്ട് ഉടുക്കാനായിരുന്നു പിന്നെ ശ്രമം. ജുബ്ബ പൊക്കി പിടിച്ചുകൊണ്ട് സംഘാടകർ സഹായിച്ചു.
മൈക്കിനടുത്ത് ചെന്ന് അതിന്റെ തണ്ടിൽ താങ്ങിപ്പിടിച്ച് ശ്രീരംഗം പ്രസംഗമാരംഭിച്ചു.
"ഞാൻ ആധുനിക സാഹിത്യകാരനാണെന്ന് ഇവിടെ ഒരുത്തൻ നിന്ന് വിസ്തരിക്കുകയുണ്ടായി. പച്ചക്കള്ളമാണത്. ഞാൻ നിഷേധിക്കുന്നു. ഞാൻ ആധുനികനല്ല; അത്യാധുനികനുമല്ല; അത്യന്താധുനികനുമല്ല. വിപ്ലവസാഹിത്യകാരനാണ്.'
പറഞ്ഞതിന്റെ ഊക്കിൽ അദ്ദേഹം ഒന്നു ഉലഞ്ഞു കാണും. ആൾ മൈക്കോടു കൂടി മറിഞ്ഞു വീണു.
സദസ്സിന്റെ ഒരു ഭാഗത്തുനിന്ന് ചെറിയ കൂവലുണ്ടായി. കൂവൽ കേട്ടതോടെ രോഷാകുലനായ ശ്രീരംഗം എഴുന്നേറ്റു നിന്നു. അദ്ദേഹം മൈക്കിലൂടെ ഉച്ചത്തിൽ ചോദിച്ചു:
"ഏതു നായിന്റെ മോനാടാ കൂവുന്നത്?'
അതോടെ കൂവൽ അത്യുച്ചത്തിലായി. ശ്രീരംഗം രോഷം കൊണ്ട് ജ്വലിച്ചു:
"എനിക്കറിയാം. സ്വന്തം വീട്ടില് പെറ്റ തന്തേടെ താടിക്കുപിടിച്ച് കൂവണ നായിന്റെ മക്കളാണ് ഇയ്യ കാട്ടൂക്കടവില് ഒള്ളത്.'
പിന്നെ അന്തരീക്ഷം കലങ്ങി. സദസ്സിലെ പുരുഷന്മാർ ഒന്നിച്ച് സ്റ്റേജിലേക്ക് കയറി വന്നു. കശപിശയും ചെറിയമട്ടിൽ അടിപിടിയും ഉണ്ടായി. ഒരു കൂട്ടർ സീതാരാമൻ ശ്രീരംഗത്തിന്റെ മുണ്ട് ഉരിഞ്ഞു കൊണ്ടുപോയി. ഇറക്കമുള്ള കട്ടിഖദർ ജുബയുടെ സംരക്ഷയിലാണ് അദ്ദേഹം പിന്നെ നിന്നത്. ആരാധകരിൽ ചിലർ വന്ന് അദ്ദേഹത്തെ അനുനയിപ്പിച്ച് പുറത്തേക്കിറക്കി. അപ്പോഴേക്കും സദസ്സ് ഏതാണ്ട് ശൂന്യമായി കഴിഞ്ഞിരുന്നു. ഇനി കലാപരിപാടികൾ നടത്തേണ്ടെന്ന് ഭാരവാഹികൾ നിശ്ചയിച്ചു.
പിന്നെ അവിടെ നിൽക്കണമെന്ന് ദിമിത്രിക്ക് തോന്നിയില്ല. ചായംതേച്ച മുഖവുമായി കീറിയ ട്രൗസറുമിട്ട് അവൻ ഇരുട്ടിലൂടെ ഒറ്റക്ക് വീട്ടിലേക്ക് നടന്നു. വഴിയിലൂടെ നടക്കുമ്പോൾ ആരോ ഒരാൾ തിരക്കിട്ട് മുന്നിൽ നടക്കുന്നത് കണ്ടു. അത് കെ. ആണെന്ന് അവന് മനസ്സിലായി.
പിന്നീട് ദിമിത്രി പ്രവ്ദ കലാസമിതിയിൽ എത്തിയത് അവിടെ നടന്നിരുന്ന സംഗീതക്ലാസിൽ ചേരാനാണ്. സ്‌കൂളിൽ വന്ന് അയാളുടെ അമ്മ അവശ്യപ്പെട്ടതു പ്രകാരമാണത്. മുൻകൂർ അടക്കേണ്ട രണ്ടു മാസത്തെ ഫീസ് പത്തു രൂപ അവർ കലാസമിതിയിൽ അടച്ചിരുന്നു. ആദ്യം അയാൾക്കതിന് സമ്മതമുണ്ടായിരുന്നില്ല. പിന്നെ പുല്ലാനിക്കട്ടെ വല്യമ്മയും നിർബന്ധിച്ചു.
"മനസ്സിരുത്തി പഠിക്കണം.'
അമ്മ പറഞ്ഞു.
വായ്പ്പാട്ടും ഉപകരണ സംഗീതവും അവിടെ ഉണ്ടായിരുന്നു. വേനലൊഴിവുകാലം ആയതുകൊണ്ട് കുറേ കുട്ടികൾ വന്നു. മിക്കവരും വായ്പ്പാട്ട് പഠിക്കാനാണ് താൽപ്പര്യപ്പെട്ടത്. ദിമിത്രിക്ക് അതിനുള്ള ധൈര്യമുണ്ടായില്ല. അവൻ തബല തെരഞ്ഞെടുത്തു. വയലിനിസ്റ്റ് കലാനിലയം ചാക്കോ മാഷാണ് എല്ലാം പഠിപ്പിച്ചിരുന്നത്. സത്യത്തിൽ അദ്ദേഹത്തിന് തബല വശമുണ്ടായിരുന്നില്ല. തബലയുടെ ചരിത്രവും നിർമ്മാണരീതിയും അതിൽ ശബ്ദമുണ്ടാക്കുന്ന വിധവും പഠിപ്പിച്ച ശേഷം അദ്ദേഹം പറഞ്ഞു:
'ഇനി നിങ്ങൾ തന്നെ പഠിച്ചോളുക. ജന്മസിദ്ധി ഒന്നുണ്ട്. അതുണ്ടെങ്കിൽ ആരെയും ആരും ഒന്നും പഠിപ്പിക്കേണ്ടതില്ല. ഇല്ലാത്തവരെ ആരു പഠിപ്പിച്ചിട്ടും കാര്യമില്ല.'
പിന്നെ അദ്ദേഹം വരാതായി. കുട്ടികൾ തനിയെ ഇരുന്ന് സംഗീതോപകരണങ്ങളിൽ തട്ടിമുട്ടി ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു.
തബലയെടുത്ത് മുന്നിൽ വെച്ചപ്പോൾ ദിമിത്രിയുടെ കൈകളിലേക്ക് ചില പ്രാചീനതാളങ്ങൾ ഒഴുകി വന്നു. രക്തത്തിൽ കലർന്നതാവണം അത്. കൈകൾ അതിന്റെ വഴിക്ക് സഞ്ചരിച്ചു ബാധയേറ്റ പോലെ അവൻ ആവേശം കൊണ്ടു.
"ധന ധന തിന തിന'
ഒരൊഴുക്കിൽ എന്നപോലെ അവൻ ഒലിച്ചുപോയി. ▮
(തുടരും)