ചിത്രീകരണം: ജാസില ലുലു

വരാൽ മുറിവുകൾ

""എന്റെ ദൈവത്തിനു തംബുരുമീട്ടി
ഒരു ഗാനമാരംഭിക്കുവിൻ.
എന്റെ നാഥനു കൈത്താളം കൊട്ടി
ഒരു നവ കീർത്തനം
ആലപിക്കുവിൻ. അവിടുത്തെ പുകഴ്ത്തുവിൻ,
അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിൻ.''
യൂദിത്തിന്റെ കീർത്തനം. 16:2

ഒന്ന്

""എടീ അന്നമ്മേ നമ്മളെന്തിനാ മരിക്കുന്നെ?
​""ആവോ എനിക്കറിയത്തില്ല. നീ വിളിച്ചോണ്ട് ഇങ്ങ് പോന്നതാണ്. പക്ഷേ ഈ നിലാവത്ത് ആകാശം നോക്കിക്കിടക്കാൻ വല്ലാത്തൊരു സുഖമുണ്ട്.''
""എവിടെ നിന്നോ പുറപ്പെട്ട തീവണ്ടിയുടെ ഒച്ച ഈ ഇരുമ്പുപാളത്തെ കുലുക്കുന്നുണ്ട്. ഇനിയത് നമ്മളെ നെഞ്ചിലെ മിടിപ്പാണോന്നും സംശയമൊണ്ട്.''
""അത് ശരിയാ ഇനീം ഇരുപത് മിനിറ്റു കൂടിയേയുള്ള രാജധാനി നമ്മളെ നെഞ്ചിലൂടെ കയറി ഇറങ്ങാൻ.''

""അപ്പോൾ നമ്മള് മരിക്കുമെന്ന് നീയുറപ്പാക്കിയോ അന്നമ്മോ?''
​""ഉറപ്പുള്ള എന്താണിവിടെ ഉള്ളത് ? ഞാനും നീയുമൊന്നും ഉറപ്പുള്ളതല്ല.''
""ഹെന്റെ അന്നമ്മോ ചാവാൻ പോവുമ്പോഴും നീ ഫിലോസഫി പറയല്ലേ.''
""ഫിലോസഫി അല്ല. ഞാനൊരു സത്യം പറഞ്ഞതാടീ.''
""ഉവ്വ നിന്റെയൊരു സത്യം.''
""ഇലേ ഇതിലേത് ട്രാക്കിലൂടാ തീവണ്ടി വരുന്നത്?''
""അതെന്ത് ചോദ്യമാണ് അന്നമ്മോ? നമ്മളീ കെടക്കണ ട്രാക്കിലൂടെ തന്നെയാണത്.''
""ഒറപ്പല്ലേ?''
""നിനക്കെന്താണ് ഒരു സംശയം?''
""ദേ നമ്മള് കിടക്കുന്നന്റെ അപ്പുറത്തും ട്രാക്കൊണ്ടെ.''
""ഓ, അത് തെക്കോട്ട് പോവുന്ന വണ്ടിയോടുന്നതിനുള്ളതാ.''
""ഭാഗ്യം നമ്മളപ്പോൾ തെക്കോട്ട് കെട്ടിയെടുക്കത്തില്ല.''
""എടീ ഒരു മാതിരി ഊള കോമഡി പറയാതെ.''

""ഇലേ ''
""ന്താടീ.''
""എടീന്ന് നീ വിളിക്കുമ്പോൾ മാത്രം ഒരു സുഖമുണ്ട്.''
""നിനക്ക് സുഖം തോന്നിയാലും, ഇല്ലേലും ഞാനങ്ങനെ തന്നെ വിളിക്കും.''
""അന്നമ്മോ, വേറെ ആരേലും എന്നയങ്ങനെ വിളിക്കുമ്പോൾ ദേഷ്യം വരും. ഒരുമാതിരി അധികാരസ്വഭാവമാണ്''
​""അത് നീ പറഞ്ഞത് ശരിയാണ്. മെയിൽഷോവനിസമാണത്.''

""രാജധാനി ലേറ്റാണെന്നാണ് ഈ ആപ്പിൽ കാണിക്കുന്നെ. നമുക്ക് കുറച്ചുനേരം എണീറ്റിരുന്നാലോ ഇലേ?''
""ഞാനുമത് ഇപ്പോൾ ഓർത്തേയുള്ളു. കുറേനേരം ഒരേ കിടപ്പ് കിടന്നിട്ട് കഴുത്ത് വേദനിക്കുന്നുണ്ട്. ഇന്നലെ ഈ സമയത്ത് നമ്മൾ ഹോസ്റ്റലിലായിരുന്നു. അവിടാണേൽ ഒച്ചേം ബഹളോം കൊണ്ട് ആകെ സമാധാനം ഇല്ലാതാവും. ഇവിടാണേൽ നമ്മള് രണ്ടാളെ ഒച്ചയേയുള്ളൂ''
""ഇലേ നിനക്കത് പറയാം. ഞാനാണേൽ ഒറ്റക്കിരുന്ന് സങ്കടം തിന്നുകയാണ്. ചുറ്റിലും മനുഷ്യര് വേണം. അവരോടിങ്ങനെ മിണ്ടിക്കൊണ്ടിരിക്കണം.''

""മനുഷ്യരുടെ രൂപമുള്ള ചെകുത്താന്മാരാണ് അന്നമ്മോ എനിക്ക് ചുറ്റിലുമുള്ളത്. എല്ലാവരേം സ്വപ്നമാണ് ഒരു വീട്. അതിനുള്ളിൽ കയറുമ്പോഴെങ്കിലും എല്ലാത്തീന്നും സമാധാനം ലഭിക്കുന്നത്. പക്ഷേ എന്റെ കാര്യത്തീ നേരെ തിരിച്ചാണ്. വീട്ടിനുള്ളിൽ കയറുമ്പോൾ സമാധാനം ഇല്ലാതാവും. പറഞ്ഞുവരുമ്പോഴത് ക്ലീഷെ ആണ്. കള്ളുകുടിച്ച് വരുന്ന അപ്പൻ. ആങ്ങളച്ചെക്കന്റെ ദുർനടപ്പ്. പക്ഷേ അവര് രണ്ടുപേർക്കും എന്നേം അമ്മച്ചിയെയും വലിയ കാര്യമാണ്. ഞങ്ങളെ മുന്നിലവർ നല്ല പുള്ളികളാണ്. കുടിച്ച് വന്നാലും അപ്പൻ മറ്റുള്ളവരെ പോലെ ഉപദ്രവം ഒന്നുമില്ല. അവനാണേൽ ഞാനുള്ള ദിവസം കുടിക്കാതെ തന്നെ വരും. കായലീന്ന് ഒറ്റാല് വെച്ച് പിടിക്കുന്ന മീനും കൊണ്ടാണ് അവൻ വരുന്നത്. എനിക്കത് ഇഷ്ടമാണെന്ന് അവനറിയാം. ലക്ഷംവീട് ആയതോണ്ട് തൊട്ടപ്പുറത്തെ വീട്ടിന്ന് അപ്പാപ്പിയും, ഭാര്യേം മക്കളും കൂടെ ഒച്ചയെടുക്കും. അനിയനാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. അപ്പന്റെ നേരെ എതിർസ്വഭാവമാണ് അയാൾക്ക്. അയാളെ പേടിച്ചാണ് ഞാനിപ്പോൾ മരിക്കാൻ പോലും വന്നിരിക്കുന്നത്''

""അയാള് എന്ത് ചെയ്‌തെന്നാ ഇലേ? എനിക്കാണേൽ ഇതൊക്കെ കേൾക്കുമ്പോൾ സങ്കടാവാണ്. ഒറ്റ വീടാണ്. ചുറ്റിലുമുള്ള ആൾക്കാരെല്ലാം അവരവരുടെ തിരക്കുകളിലാണ്. അച്ഛനുണ്ടായിരുന്നത് എന്റെ ഓർമയ്ക്ക് മുൻപെ മരിച്ചുപോയതാണ്. അമ്മച്ചി പറയുന്നതുപോലെ ആണേൽ എന്റെ തലവെട്ടം കണ്ടതും അങ്ങേരെ മരിപ്പും ഒരുമിച്ചായിരുന്നു. പിന്നെ ഒണ്ടായിരുന്നത് എന്നെക്കാളും രണ്ട് വയസിന് മൂത്തവനാണ്. അവനാണ് കഴിഞ്ഞ കൊല്ലം മാവോയിസ്റ്റുകാര് വെച്ച കുഴിബോംബ് പൊട്ടി മരിച്ചത്. അവൻ മരിച്ചതിന് പകരമായി കുറേ പൈസ കിട്ടി. പക്ഷേ എനിക്ക് പോയ ആങ്ങളയെ വാങ്ങാൻ ആ പൈസയൊന്നും തെകയത്തില്ല. കാശ് കൊടുത്താൽ മേടിക്കാൻ പറ്റാത്ത കുറേ കാര്യങ്ങള് ഈ ലോകത്തൊണ്ടടീ. അമ്മച്ചി ദിവസോം അവനെപ്പറ്റി പറയും. അവനുണ്ടായിരുന്നേൽ പാപ്പൻ എന്നേം അമ്മയേം ഉപദ്രവിക്കില്ലായിരുന്നുന്ന്. പാപ്പൻ പാവമാണ്. അമ്മച്ചിക്ക് വെർതെ ഓരോ തോന്നലുകളാണ്. ഇലേ മഴ പെയ്യോ? നല്ല തണുത്ത കാറ്റടിക്കുന്നുണ്ട്, നീയത് മുഴുമിപ്പിച്ചില്ല.''

""മഴ പെയ്യെട്ടെടീ. മരണത്തിന്റെ നേരത്ത് മഴ പെയ്യുന്നത് വലിയ ഭാഗ്യമാണ്. അപ്പാപ്പി കോയമ്പത്തൂരെ ഒരു മില്ലിലെ അക്കൗണ്ടന്റാണ്. കുറച്ച് രാഷ്ട്രീയവും ഉണ്ട്. ഞങ്ങടെ ജാതീടെ യുവജനവിഭാഗം പ്രസിഡന്റാണ്. പകല് മുഴുവൻ മില്ലിലും നാട്ടുകാർക്കിടയിലും ആണ് അയാൾ. നാട്ടുകാർക്കെല്ലാം വേണ്ടപ്പെട്ടവനാണ്. എല്ലാവർക്കും നല്ല അഭിപ്രായവുമാണ്. പക്ഷേ രാത്രി ആയാൽ അയാളുടെ തനികൊണം പുറത്തുവരും. ഒരു മതിലിന്റെ അകലത്താ ഞങ്ങടേം അയാളുടേം കെടപ്പ്. ഈ ലക്ഷംവീട്ടിൽ ഞങ്ങൾ മൂന്നോ നാലോ വീട്ടുകാര് മാത്രെ ഇപ്പഴും ഓടിട്ട വീട്ടിലുള്ളൂ. മറ്റുള്ളോരെല്ലാം ഓട് പൊളിച്ച് വാർത്തിട്ടുണ്ട്. ചിലരൊക്കെ രണ്ടുനില കെട്ടീണ്ട്. മേൽക്കൂര ഓട് ആയതോണ്ട് തന്നെ അട്ടം കെട്ടീട്ടില്ല. അയാളെ വീട്ടിന്ന് ഇങ്ങോട്ടും ഇവിടെന്ന് അങ്ങോട്ടും എല്ലാം കേൾക്കാം. ഒന്നുറക്കെ തുമ്മാൻ വരെ പറ്റില്ല. ഒരു കസേര എടുത്തുവെച്ച് കയറിനിന്നാൽ അപ്പുറോം ഇപ്പുറോം കാണാനും പറ്റും. ഞാനിതൊക്കെ എന്തിനാണ് പറയുന്നേ എന്നല്ലേ നീയിപ്പോൾ ആലോചിക്കുന്നത്?'''

""ഇല്ലെടീ, ഇലേ. ഞാനിങ്ങനെ ഇരുന്ന് നിന്നെ കേൾക്കുകയായിരുന്നു. ഇടയ്ക്ക് ഞാനൊരു പാട്ടു കേൾക്കേം ചെയ്തു''
""ഹരിഹരന്റെ പാട്ടാവുമല്ലേ.?''

""അതെ. അതെന്താ ഈ സമയത്ത് അങ്ങേരെ പാട്ട് കേൾക്കാൻ പറ്റില്ലേ?''
""പാടില്ലെന്നൊന്നുമില്ലെന്നേ, നിന്റെ സ്ഥിരം ഗസലുകളാവുമല്ലേ? അതാണേൽ എന്നോട് കൂടുതൽ പറയണ്ട.''
""ഇതങ്ങനെ വിഷാദമുള്ളതല്ല. എന്തോ അയാളെ എനിക്ക് വല്ലാത്ത ഇഷ്ടമാണ്. ഒരിക്കൽ നേരിട്ട് കാണണം. നമ്മള് ശരിക്കും ആത്മഹത്യ ചെയ്യോ ഇലേ?''
""ചെയ്യാനാണ് ഞാൻ വന്നിരിക്കുന്നത്. നിനക്ക് വേണേൽ പോവാം.''
""എടീ, ഞാനീ പാതിരാക്കിനി എവിടെ പോവാനാണ്. അമ്മച്ചിയോട് നൂറ് കള്ളം പറഞാണ് ഇവിടെ എത്തിയത് തന്നെ.''
""നീയെന്താ കള്ളം പറഞ്ഞത്?''
""ഇലേന്റെ കൂടെ എറണാകുളത്ത് ഇന്റർവ്യൂന് പോവാന്ന്.''
""ഹാ. നല്ല ക്ലീഷേ കളവ് തന്നെ.''
""ജീവിതം തന്നെ ക്ലീഷേ ആണെന്നേ, അപ്പോഴാണ് ഒരു കളവ്. ഇലേ നമ്മൾ ആദ്യം കണ്ടത് നിനക്കോർമയുണ്ടോ?''
""പിന്നില്ലാതെ. കോട്ടയത്തൂന്ന് രാവിലെ പുറപ്പെടുന്ന തീവണ്ടീന്ന്. പിഎസ്.സി. പരീക്ഷയ്ക്ക് ആലുവ വരെ പോവുകയായിരുന്നു നമ്മളന്ന്. നിന്റമ്മച്ചിയാണ് നിന്നെ എന്നെ ഏൽപ്പിച്ചത്. പാവം അമ്മച്ചിയന്ന് കരുതീത് ഞാൻ സ്ഥിരായി തീവണ്ടിൽ പോവുന്നു എന്നാണ്.''
""അതുശരി. നീയുമന്ന് ആദ്യമായിട്ടായിരുന്നല്ലെ?''
""ആദ്യമായിട്ടൊന്നുമല്ല. അപ്പന്റേം അമ്മച്ചീടേം കൂടെ പോയിട്ടുണ്ടായിരുന്നു. പക്ഷേ ഒറ്റയ്ക്ക് ആദ്യമായിരുന്നു. പിന്നത് സ്ഥിരമായി. പിഎസ്.സി. കിട്ടീല്ലേലും നമ്മളൊരേ കമ്പനീൽ ജോലിക്ക് കയറീത് കർത്താവിന്റെ തീരുമാനം ആയിരുന്നു. അങ്ങേരാണല്ലോ എല്ലാം തീരുമാനിക്കുന്നെ. അല്ലേൽ അന്നത്തെ പരീക്ഷയ്ക്കുശേഷം നമ്മൾ ഒരേ കൂട്ടാവേണ്ടതില്ല. മരിക്കാൻ തീരുമാനിച്ചപ്പോൾ ആദ്യം വിളിക്കാൻ തോന്നീത് നിന്നെയാ. അതിന്റെ കാരണം ഒന്നുമറിയില്ല. കുറേ ദിവസം എങ്ങനെ മരിക്കാം എന്ന് ആലോചിച്ചതാ. അവസാനമാണ് ഇവിടെ തിരഞ്ഞെടുത്തത്. തൊട്ടടുത്ത് ഒരാറുണ്ട്.''

""അന്നമ്മോ, നീ കേക്കണുണ്ടോ? അതോ നീയിപ്പോഴും പാട്ട് കേൾക്കാണോ?''
""ഏയ്. ഞാനിപ്പോ പാട്ട് കേൾക്കുന്നില്ല. നിന്നെയിങ്ങനെ നോക്കിയിരിക്കാണ്. നിലാവത്ത് നിനക്ക് നല്ല ഭംഗീണ്ട്. നീയെന്തിനാ മരിക്കാൻ ആറുള്ള സ്ഥലം തന്നെ കണ്ടുപിടിച്ചത്?''
""നിനക്കതാണ് ഇഷ്ടമെന്ന് എനിക്കറിയുന്നതല്ലേ, ഹോസ്റ്റലീന്ന് നമ്മളെത്ര തവണ കായല് കാണാൻ പോയിട്ടുണ്ടൊന്ന് ഓർമയൊണ്ടോ?''

""ഞാനുമത് ആലോചിച്ചു. രാത്രീൽ ആറിനോട് ചേർന്ന് ഇരിക്കുന്നത് നല്ല ഏർപ്പാടാണ്. അമ്മച്ചി പറയുന്ന അച്ചന്റെ കഥേലെല്ലാം മണിമലയാറും ആറ്റുമീനുമുണ്ട്. ഇടക്കെനിക്ക് തോന്നും അച്ഛനേതോ ആറ്റുമീനായിരുന്നൂന്ന്. അമ്മച്ചി എന്നെ പ്രസവിക്കുന്ന അതേ നേരത്ത് അച്ഛൻ ആരുടെയോ ചൂണ്ടേൽ കുരുങ്ങിതാ. അമ്മിച്ചിയ്ക്കെപ്പോഴും ആറ്റുമീനിന്റെ ഉളുമ്പുമണമാണ്. എത്ര ഉപ്പിട്ടുരച്ചാലും പോവത്തില്ലത്. എനിക്കത് ഇഷ്ടവുമാന്ന്. ഇടയ്ക്ക് ഞാൻ അമ്മച്ചീനെ കെട്ടിപ്പിടിച്ച് നിൽക്കും. പക്ഷേ അമ്മച്ചിയ്ക്കത് പിടിക്കത്തില്ല. പോത്തുപോലായിട്ടും പെണ്ണിന്റെ കുട്ടിക്കളി മാറീട്ടില്ലെന്നാണ് അമ്മച്ചി പറയാറുളത്. പക്ഷേ എനിക്കെന്റെ അച്ഛനും അമ്മച്ചി തന്നാണ്. ഇലേ ഒരു തീവണ്ടി വരുന്ന ഒച്ച കേൾക്കുന്നുണ്ട്. നീയൊറപ്പിച്ചതാണോ നമ്മള് മരിക്കാൻ?''

""മരിക്കണം, നിനക്കെന്നതാ ഒരു സംശയം, പേടിയുണ്ടോ?''
""അങ്ങനെ ചോദിച്ചാലൊണ്ട്, പക്ഷെ നിന്നെയൊറ്റയ്ക്ക് മരിക്കാൻ വിടത്തില്ല.''
""അന്നമ്മോ, നമ്മളെ രണ്ടാളേം കയ്യും കാലുമൊക്കെ തീവണ്ടീൽ കുരുങ്ങി ചിതറും. ചെലപ്പോ തീവണ്ടീന്റെ അടീലെവിടേലും കുരുങ്ങീ കൂറേ ദൂരം പോവേം ചെയ്യും. അതുമല്ല നമ്മുടെ ഉടലുകൾ മാറിമാറിയാവും വീട്ടുകാർക്ക് പെറുക്കി കിട്ടുന്നത്. നമ്മള് പരസ്പരം ഉടല് വെച്ചുമാറുന്നതിലും ഒരു സുഖമൊണ്ട്. അതിൽ കുറച്ച് പട്ടീം കുറുക്കനുമൊക്കെ കടിച്ച് കൊണ്ടോവേം ചെയ്യും. അവറ്റങ്ങളത് വെശപ്പിന് കഴിക്കുന്നതാണ്. പക്ഷേ ചെല മനുഷ്യര് കടിച്ചുതിന്നുന്നത് കാമം തീർക്കാനാന്ന്. അതിലും ഭേദാണിത്. ഏതായാലും നീ വന്ന് കണ്ണടച്ച് കിടക്ക്. പാളത്തീ ചെവി വെക്കണ്ട. തീവണ്ടി അടുത്തെത്തുമ്പോൾ പേടിയാവും.''

""ഓഹ് ഇനിയെന്നാത്തിനാ പേടിക്കുന്നെ, ചാവാൻ തീരുമാനിച്ചാൽ വല്ലാത്തൊരു ധൈര്യമാണ്. അതെനിക്കൊണ്ട്. ഈ തീവണ്ടി വന്ന് കയറിയാ മാത്രം മതി. പാളം കുലുങ്ങുന്നുണ്ട്. ഒന്ന് കണ്ണടച്ച് തുറക്കുന്ന നേരമേയുള്ളൂ ഇനി മരണത്തിന്. നീയെന്റെ കൈ പിടിച്ച് കെടക്ക്. കർത്താവിന്റെ അടുത്ത് ചെല്ലുമ്പോഴും നമ്മളൊരുമിച്ച് ചെല്ലണം. ഇല്ലേൽ കർത്താവ് പൊറുക്കത്തില്ല.''
​ഇരുട്ടിനെ രണ്ടു പാളങ്ങൾക്കപ്പുറവും ഇപ്പുറവും വീതിച്ചുകൊണ്ടൊരു തീവണ്ടിയവരെ കടന്നുപോയി. പാളത്തിന്റെ കുലുക്കം നിലച്ചതിന് ശേഷമവർ എഴുന്നേറ്റിരുന്നു.

രണ്ട്

""ഇലേ നമ്മള് മരിച്ചില്ലല്ലേ?''
""ഇല്ലെടീ, തീവണ്ടി നമ്മളെ പറ്റിച്ചു, സിമന്റും കൊണ്ട് തെക്കോട്ടുപോയ ചരക്ക് വണ്ടിയാണത്. ഇനീം കാത്തുനിൽക്കാമല്ലേ?''
""പിന്നല്ലാതെ ഇപ്പഴാണേൽ തീരെ പേടിയുമില്ല.''
""ഇലേ ഞാനൊന്നൂടേ ഹരിഹരന്റെ പാട്ട് കേൾക്കട്ടെ?''
""നീയൊറ്റയ്ക്ക് കേൾക്കണ്ട. ഉറക്കെ വെക്ക് നമ്മൾക്കൊന്നിച്ച് കേൾക്കാം. അതേ നീയെന്നിട്ട് പാപ്പനെ പറ്റി പറഞ്ഞില്ല. അടുത്ത വണ്ടി വരാൻ ഇനിയാകെ പത്തു മിനിറ്റേയുള്ളു''

""ഞാൻ പറയാം, പാപ്പന് ഇപ്പോൾ നാൽപ്പത് വയസുണ്ട്.അപ്പനെ പോലെ തന്നെ നല്ല അധ്വാനിയാണ്. ഇച്ചിരി കൃഷിയുമുണ്ട്. വാഴേം കപ്പേം പിന്നെ കുറച്ച് പന്നീം. അനിയന്റെ മരിപ്പടക്കിന്റെ അന്നാണ് പാപ്പൻ ആദ്യായി സങ്കടപ്പെടുന്നത് ഞാൻ കണ്ടത്. ഞങ്ങള് മൂന്നുപേരും പണ്ടേ നല്ല കൂട്ടായിരുന്നു. പാപ്പനാണ് അവനെ പട്ടാളത്തീ ചേർക്കാൻ ഉത്സാഹിച്ചത്. ഇലേ നീയെന്താ മിണ്ടാത്തെ?''

""ഒന്നുല്ലടീ. ഞാനിങ്ങനെ പാപ്പായിയെ പറ്റി ഓർക്കുവാണ്. മൂപ്പത്താറോ മുപ്പത്തേഴോ വയസേ അയാൾക്ക് കാണത്തുള്ളൂ. എന്റെ കുഞ്ഞിലേ ഞാനയാളെ കാണുന്നതിൽ ഇപ്പഴും ഒരു മാറ്റവുമില്ല. ഇരുപത്തിമൂന്ന് കൊല്ലം കൊണ്ട് ഒരാൾക്ക് വലിയ മാറ്റം ഒന്നും വരാത്തത് അത്ഭുതമാണെനിക്ക്. അയാളെ കാണുമ്പോഴെല്ലാം എനിക്ക് ഓക്കാനം വരും. ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണത് തുടങ്ങീത്. അനിയനേം കൊണ്ട് അപ്പനുമമ്മേം ആശുപത്രീ പോയതായിരുന്നന്ന്. സ്‌കൂളൊക്കെ അടച്ചൊരു ചൂടുള്ള മെയ് മാസം ആയിരുന്നത്. ഞാനൊറ്റയ്ക്കാണ് വീട്ടിലിരുന്നെ. അയാളന്ന് കേറിവന്നു. എല്ലാ ദിവസത്തേം പോലെ ഒരു മിഠായീം കൊണ്ടാണ് അയാള് വന്നത്. വന്നയുടനെ ഞാനോടി അയാളെ അടുത്തുചെന്നു. മിഠായി തരുമ്പോൾ അയാൾ എന്നെ അമർത്തിപ്പിടിച്ച്. ഞാനൊട്ടും ചിണുങ്ങീല്ലപ്പോൾ. അടുക്കളേൽ ചെന്ന് നുറുക്കും ചായേം എടുത്തുവന്നു. അയാൾ വന്നാൽ അമ്മയെപ്പോഴും അങ്ങനെ ആയിരുന്നു. അന്നയാൾ അകത്തെ മുറീൽക്ക് വന്നു. ചായേം നുറുക്കും കയ്യിലെടുത്താ വന്നത്. ഒരിറക്ക് ചായ കുടിച്ചതിനുശേഷം അയാളെന്നെ കെട്ടിപ്പിടിച്ചു. ഞാനപ്പോഴും ഒന്നും മിണ്ടീല്ല. ഒരുജാതി ഉളുമ്പുമണമായിരുന്നയാൾക്ക്. അന്നമ്മേ, നിന്റേൽ വെള്ളമിരിപ്പുണ്ടോ? നല്ല ദാഹം.''

""ഞാനൊന്ന് ബാഗിൽ നോക്കട്ടെ. കാണണ്ടതാണ്.''
""നീ പാപ്പനെ പറ്റി പറഞ്ഞില്ലല്ലോ? ഞാനീ കുപ്പി പൊന്തേൽക്ക് എറിയുവാന്നെ. ''
""ചത്തു മേലോട്ടുപോവുമ്പോൾ കുടിക്കാൻ വെള്ളം ആവശ്യമില്ല, നീയത് എന്താന്ന് വെച്ചാ ചെയ്യ്, പാപ്പനെ പറ്റി കുറെ പറയാനുണ്ടെടീ.''
""എന്നാൽ പറയണ്ട. അന്നമ്മോ, മുഴുവൻ കഥേം കേൾക്കാതെ മരിച്ചാൽ ഒരു സമാധാനോം കാണത്തില്ല. അല്ലാതെ നിന്നോട് കെറുവല്ല. നിന്റെ ബാഗിനെന്താ ഇത്ര വണ്ണം?''
""ഓ അതിച്ചിരി ചക്കവറുത്തതാ, നിനക്ക് തരാൻ അമ്മച്ചി തന്നതായിരുന്ന്.''
""എന്നിട്ടാണോടീ നീയത് തരാതെ പൂഴ്ത്തിവെച്ചത്?''
""എന്റെ ഇലേ നമ്മള് മരിക്കാനുള്ള വെപ്രാളത്തീ ഞാനത് മറന്നതാ. ഇനിയേതായാലും ഇത് മുഴുവൻ തിന്നിട്ട് ചാവാമല്ലോ?''

""നീയാ പൊതിയെടുക്ക്, നമുക്കൊരുമിച്ച് കഴിക്കാം.''
""ഇലേ നമ്മളിത് മുഴുവൻ തിന്നുതീരുന്നതിന് മുൻപ് തീവണ്ടി വരോ?''
""ഓ അതിനിനീം സമയമൊണ്ട്. നീയെന്തായാലും പാപ്പന്റെ കഥ പറയ്. കഥേം ചക്കവറുത്തതും നല്ല കോംബോയാണ്.''
""അത് ശരിയാ. പാപ്പനെ പറയുമ്പോൾ എന്റെ ചേട്ടനേം പറയണം. അവര് രണ്ടുപേരും നല്ല കൂട്ടായിരുന്നു എന്നത് ഞാൻ ചുമ്മാ പറഞ്ഞതല്ല. പാപ്പനിത്രേം പ്രായമായിട്ടും കല്യാണം കഴിച്ചിട്ടില്ല. ഞാനാദ്യം പാപ്പനെ കാണുന്നത് അച്ഛന്റെ കുടുംബത്തിലെ ഏതോ ഒരു കല്യാണ വീട്ടിന്നാണ്. ഞാനന്ന് മൂന്നിലാണ് പഠിക്കുന്നെ. അതുവരേം പാപ്പൻ കുടകിലായിരുന്നു. മൂന്നോ നാലോ കൊല്ലം കൂടുമ്പോൾ മാത്രമെ നാട്ടിൽ വരാറുള്ളൂ. പക്ഷേ ആ പ്രാവശ്യം പാപ്പൻ കുടകിലോട്ട് തിരിച്ചുപോയില്ല. സ്വത്ത് ഭാഗിച്ചപ്പോൾ കിട്ടിയ സ്ഥലത്ത് പാപ്പനൊറ്റയ്ക്ക് തന്നെ ഒരു ഷെഡ് കെട്ടി താമസിച്ചു. കൃഷീം തൊടങ്ങി. ഭാഗ്യത്തിന് ഞങ്ങളെ വീടിനോട് ചേർന്നായിരുന്നത്. അച്ഛൻ മരിച്ചതിനുശേഷവും അമ്മച്ചി പണിക്ക് പോവുന്നത് തുടർന്നു. റബർ വെട്ടായിരുന്നു അമ്മച്ചിക്ക് പണി. പുലർച്ചെ തന്നെ അമ്മച്ചി കത്തിയുമായി പോവും. ഞാനും ചേട്ടനും വീട്ടിലൊറ്റക്കിരിക്കും. പോണേന്റെ മുന്നേ അമ്മച്ചി ഞങ്ങക്കുള്ള കാപ്പി റെഡിയാക്കി വെക്കും. ഞങ്ങള് രണ്ടും കൂടെ ഒറ്റയ്ക്ക് ഒരുങ്ങി സ്‌കൂളീ പോവും. പാപ്പൻ വന്നേപ്പിന്നെ ഞങ്ങളെ രണ്ടുപേരേം ഒരുക്കുന്ന പണി പാപ്പൻ ഏറ്റെടുത്തു. സത്യം പറയാണേൽ അമ്മച്ചിക്കത് ഒട്ടും ഇഷ്ടമല്ലായിരുന്നു. പക്ഷേ പാപ്പനോട് നേരിട്ട് പറയാൻ പേടിയാണ്. ഞങ്ങളോട് പറയും പാപ്പൻ കൊള്ളത്തില്ലെന്ന്. ഞങ്ങക്കത് വിശ്വാസമില്ലായിരുന്നു. എന്നും രാവിലെ തലേന്നത്തെ ചോറും കട്ടൻ കാപ്പീം കുടിച്ചിരുന്ന ഞങ്ങൾക്ക് ദോശേം ഇഡ്ഢലീം പുട്ടുമൊക്കെ തന്നത് പാപ്പനായിരുന്നു.''

""എടീ, എനിക്കൊന്ന് മുള്ളണം.''
""എന്നാലെനിക്കും . മുള്ളിക്കഴിഞ്ഞ് പറയാം പാപ്പനെ പറ്റി.''
""എടീ. ശ്രദ്ധിക്കണം. ഇരുട്ടത്ത് വല്ല പാറ്റയോ പാമ്പോ വന്നുകേറും.''
""ഇലേ. ഞാനുമതാ ആലോചിക്കുന്നെ. പക്ഷേ ഈ കുറ്റിക്കാട്ടിൽ മുള്ളുന്നതും ഒരു രസാണ്. തൊടേൽ പുല്ലൊരയുമ്പോൾ എനിക്കിക്കിളിയാവും. ''
""നീയൊന്ന് വേം മുള്ള്. തീവണ്ടി വരുന്നുണ്ടോന്ന് നോക്കണം. പാളത്തിന് എന്തോ കുലുക്കമുണ്ട്. ഇപ്രാവശ്യം തെറ്റരുത്. അന്നമ്മോ നീ കേൾക്കുന്നുണ്ടോ?''
""ഒണ്ട്, ഞാൻ കേൾക്കുന്നുണ്ട്. പക്ഷേ ഇപ്രാവശ്യോം തെക്കോട്ടുള്ള വണ്ടി തന്നെയാണോന്നാ എന്റെ സംശയം.''

""ഇലേ...''
""ന്താടി''
""ഒന്നൂല്ല. ചക്കവറുത്തേന് നല്ല എരിവുണ്ടല്ലെ?''
""ഇച്ചരെ എരീവുണ്ട്. നീ വന്ന് കെടന്നെ. പാളത്തീന്ന് കുലുക്കമുണ്ട്''
""ഇലേ. നെനക്ക് തോന്നീതാണ് തീവണ്ടി വരുന്നൂന്ന്, മൂന്നാല് മിനിറ്റായി നമ്മളീ കെടത്തം തുടങ്ങീട്ട്. നീയാ ഫോണിലൊന്ന് വണ്ടി സമയം ശരിക്കും നോക്കിയെ.''
""എടീ, ഇത് പിന്നേം നമ്മളെ പറ്റിച്ച്. ഇനീം സമയൊണ്ട്.''

""ഇലേ. നീയിത് വരേം മരിക്കാൻ തോന്നീത് എന്നതാന്ന്, പറഞ്ഞില്ലല്ലോ?''
""അയ്യോ. ഞാനത് മറന്നു, മഴച്ചാറലുണ്ട്. അന്നമ്മോ.''
""ആഹ്. ഞാനുമത് നോക്കായിരുന്നു. എവടന്നാ വെള്ളം തെറിക്കുന്നേന്ന്. ഞാൻ കരുതി ഇനി വല്ല പട്ടിയോ പൂച്ചയോ മുള്ളി കാറ്റടിക്കുമ്പോൾ തെറിച്ചതാന്ന്. ഈ മഴ പെയ്താൽ മതിയായിരുന്നു. ഇടിച്ചുകുത്തി പെയ്ത ഒരു മഴ നനഞ്ഞിട്ട് കാലം കൊറേ ആയി.''

​""ഈ മഴയത്ത് തന്നെ നമ്മള് മരിക്കണം. പണ്ടാരം തീവണ്ടി വരുന്നേന് മുന്നേ ഈ മഴയൊന്ന് പെയ്തിരുന്നേല് നനയായിരുന്നു. എടീ ചെറുപ്പത്തിൽ ഞാനൊത്തിരി മഴ കൊണ്ടിട്ടുണ്ട്. ഞങ്ങടെ വീട്ടിനുള്ളിൽ തന്നെ. രാത്രീലാണത്. അമ്മച്ചീം, അപ്പനും, അനിയനും ഞാനും എഴുന്നേറ്റിരിക്കും. കൊറേ പാത്രങ്ങളും ചുറ്റിലും നിരത്തി വെക്കും. ഈ പാത്രങ്ങളിലേക്ക് മഴ വന്നുവീഴും. ഉരുളൻകല്ല് വീഴുന്നതുപോലെ ഒച്ചയാണപ്പോൾ. അപ്പനും അമ്മേം വഴക്ക് കൂടിയിരുന്നതും അതിനായിരൂന്നു. പൊട്ടിയ ഓട് മാറ്റാത്തതതിന്. അപ്പാപ്പിയതിന് സമ്മതിക്കുന്നില്ലായിരുന്നു. അക്കൊല്ലത്തെ മഴേൽ ഞങ്ങടെ വീട് പൊളിഞ്ഞ് വീഴണം എന്നാണ് അങ്ങേരെ മനസിലിരിപ്പ്.
പഞ്ചായത്ത് ഭരണസമിതി അന്ന് കമ്മ്യുണിസ്റ്റുകാരായിരുന്നു. അപ്പാപ്പിക്കാണേൽ അവരെ കണ്ടുകൂടാ. ഞങ്ങടെ വീട് വീണാൽ പഞ്ചായത്തിനെതിരെ സമരം ചെയ്യാൻ ആയിരുന്നു അയാളുടെ പ്ലാൻ. പക്ഷേ അക്കൊല്ലം മഴ ശരിക്ക് പെയ്തില്ല. വീടിന് മേലേയ്ക്ക് വീണുപോവും എന്നുകരുതിയ ആഞ്ഞിലിപ്ലാവ് പഞ്ചായത്തീന്ന് ആളുവന്ന് മുറിക്കേം ചെയ്തു. ഇപ്രാവശ്യമവര് അവറാച്ചാൻ കുഴീന്റെമേലെ കോൺക്രീറ്റ് മൂടിയുണ്ടാക്കുമെന്നും കോളനിക്കാർക്ക് ഒറപ്പ് കൊടുത്തിട്ടുണ്ട്. ഓർമവെച്ച നാളുമുതൽ ഞാനും അതേന്നുള്ള പുളിച്ചുനാറ്റം സഹിക്കുന്നു. പഞ്ചായത്തൂന്ന് കഴിഞ്ഞ ആഴ്ചയും ആൾക്കാര് വന്നിരുന്നു. പഞ്ചായത്തിലെ വെയ്സ്റ്റ് മുഴുവൻ അതിലിട്ട് മുടാനുള്ള അവരെ പ്ലാന് ഞങ്ങൾ കോളനിക്കാര് എതിർത്തതാണ്, പക്ഷെ അവരത് തന്നെ ചെയ്യത്തുള്ളൂന്ന് വാശിയിലാന്ന് അപ്പൻ പറഞ്ഞിരുന്നു.''

​""ഇലേ.''
​""എന്താടീ പിന്നേം മുള്ളണോ?''
​""മുള്ളണ്ട. ഈ മഴ പെയ്യുന്നേന് മുൻപെ എനിക്കൊന്ന് അമ്മച്ചിേയേം പാപ്പനേം വിളിക്കണം.''
​""ഒറപ്പായും വേണോ?''
​""വേണം ഇലേ. നമ്മള് മരിച്ച് കഴിഞ്ഞാൽ പിന്നെ സംസാരിക്കാൻ ഒക്കത്തില്ലല്ലോ?''
​""നീ വിളിച്ചോടീ. പക്ഷേ ഈ കാറ്റത്ത് നീ പറയുന്നത് ശരിക്കും അവർക്ക് കേൾക്കാൻ പറ്റോ?''
​""അതിനല്ലേ ഞാനിങ്ങനെ ഇലേടെ അടുത്ത് ചാരിനിൽക്കുന്നെ. നിന്റെ മറവുള്ളതോണ്ട് കാറ്റിന്റെ ശബ്ദം കൊറയും. ഞാൻ ഹെഡ്‌സെറ്റ് കുത്തേം ചെയ്യും. പിന്നെ അമ്മച്ചിക്കൊന്നും മനസിലാവത്തില്ല. പാപ്പന് ചിലപ്പോ മനസിലാവും നമ്മള് പൊറത്തെവിടെയോ ആണെന്ന്.''
​""എടീ. പാപ്പനെ പറയുമ്പോൾ നിനെക്കെന്നാ ഒരു മാറ്റം. ഞാൻ നേരത്തെ ശ്രദ്ധിക്കുന്നുണ്ടത്''
​""ഓഹ്, എന്നാ മാറ്റം നിനക്ക് തോന്നുന്നതാവും.''
​""ഉവ്വ്. നീ എന്തായാലും ഫോൺ വിളിക്ക്. പിന്നെ അമ്മച്ചീനോട് ചക്കവറുത്തത് ടേസ്റ്റി ആയിരുന്നുന്ന് പറഞ്ഞേര്, എനിക്ക് ഫോണ് തരാൻ നിക്കരുത്. അമ്മച്ചീന്റെ ഒച്ച കേട്ടാൽ ഞാൻ ചെലപ്പോ കരയും. നീയൊറ്റക്ക് തന്നെ വിളിക്ക്. ചോദിച്ചാൽ ഞാൻ കുളിമുറിലോ, കക്കൂസിലോ ആണെന്ന് പറഞ്ഞേര്.''

​""ഇലേ...''
​""എന്നതാടി നെന്റെ കൊഞ്ചൽ കഴിഞ്ഞോ? അമ്മച്ചി എന്നാ പറഞ്ഞു.''​
""അമ്മച്ചിക്ക് കാലുവേദനയാണ് പോലും. ഇന്നലേം ആശുപത്രിയിൽ പോയിരുന്നു. വെരിക്കോസ് വെയിനാണെന്നാ പാപ്പൻ പറയുന്നെ. അമ്മച്ചി തീരെയത് സമ്മതിക്കൂല്ല. വാതത്തിന്റെന്നാ അമ്മച്ചി പറയുന്നത്. പക്ഷേ എനിക്കുറപ്പാണത് വെരിക്കോസ് വെയിനാണെന്ന്.''
​""പാപ്പൻ പറഞ്ഞോണ്ടാവുമല്ലേ?''
​""പാപ്പനൊന്നുല്ലേൽ ഞങ്ങളെക്കാളും ലോകപരിചയമൊണ്ട്. അതോണ്ടാണല്ലോ ചേട്ടനെ പട്ടാളത്തീ ചേർത്തത്. ഇലേ മഴ പെയ്യാൻ തൊടങ്ങീട്ടോ. ഉടുപ്പൊക്കെ നനയുമല്ലോയിനി.''
​""മരിക്കാൻ പോവുന്ന നമ്മളെ ഉടുപ്പിത്തിരി നനഞ്ഞാൽ ഒരു കുഴപ്പോം സംഭവിക്കത്തില്ല. അല്ലേലും നമ്മളൊന്ന് മഴ കൊള്ളാൻ എത്ര ആശിച്ചാലും സമ്മതിക്കത്തില്ലല്ലോ?''
​""പെണ്ണങ്ങനെ പൊറത്തിറങ്ങാൻ പറ്റുകേല.''
​""എന്റെമ്മച്ചി ഇങ്ങനാ പറയാറ്.''​
""ഇലേ എന്റമ്മച്ചീം അങ്ങനെ തന്നാണ്. പക്ഷേ അമ്മച്ചി ഉറങ്ങീന്ന് ഉറപ്പായാൽ ഞാനെണീറ്റ് മുറ്റത്തേക്കിറങ്ങും. ഇറങ്ങുന്നേന് മുന്നെ പാപ്പനൊരു മിസ്‌കോൾ അടിക്കും. അതു കാണുന്ന പാപ്പനറിയാം ഞാൻ പുറത്തിറിങ്ങീന്ന്. ഞങ്ങള് രണ്ടുപേരും കൂടെ മഴ നനയും''

​""എടീ. നിനക്കതൊക്കെ പറയുമ്പോൾ നല്ല സന്തോഷം തോന്നണില്ലേ?''
​""ഉണ്ട്. ഇലേ, മരിക്കുന്നതിൽ ആകെ സങ്കടം പാപ്പനെ കുറിച്ചോർത്താ. പക്ഷേ നിന്റെ കൂടെ ആണെന്നത് സന്തോഷാന്ന്.''

​""പക്ഷേ, എനിക്കെന്റെ അപ്പാപ്പിയെ ഓർക്കുമ്പോൾ സന്തോഷം തോന്നുന്നില്ല. ചൂണ്ടേൽ തുങ്ങുന്ന വരാല് മീനിന്റെ വഴുപ്പിൽ തൊടുന്നതുപോലെ അറപ്പാണത്. എത്ര ഉപ്പും ചാരോം ഇട്ട് ഉരച്ചുകഴുകീട്ടും അതിന്റെ ഉളുമ്പുമണം പോണില്ല. അന്നയാൾ അരിനുറുക്കിന്റെ പാത്രം നിലത്തേക്കിട്ട ഒച്ചയെനിക്ക് ഇപ്പോഴും ഓർമയുണ്ട്. ഒരു കിലുക്കമായിരുന്നത്. സ്റ്റീൽ പാത്രം ചാടിച്ചാടി പോയതിനൊപ്പം അയാൾ എന്റെ ഉടുപ്പഴിച്ചിരുന്നു. ഞാനപ്പോഴും ഒന്നും മിണ്ടീല്ല. പാപ്പായിയെന്താ ചെയ്യുന്നേന്ന് അറിയാതെ അന്തം വിട്ടതാണ് ഞാനപ്പോൾ. എന്റെ ഉടുപ്പഴിച്ച് അയാൾ അയേലിട്ടു. പിന്നെ കൊറേനേരം എന്നെ നോക്കിനിന്ന്. ഞാനോ അയാളോ ഒന്നും മിണ്ടിയില്ല. അയാളെ കയ്യപ്പോൾ എന്റെ മേലാകെ പരതി.
അയാളെ വിരലുകൊണ്ടെനിക്ക് വേദനിപ്പിച്ചപ്പോൾ ഞാൻ നിലവിളിച്ചു. വായും, മൂക്കും പൊത്തിവെച്ച് അയാൾ ഒന്നൂടെ കെട്ടിപ്പിടിച്ചു. ഇപ്രാവശ്യം അയാളെ മീശ എന്റെ മുഖത്ത് കുത്തി. കള്ളിന്റെം സിഗരറ്റിന്റെം മണമടിച്ച് ഓക്കാനം വന്നു. ഓക്കാനിച്ചപ്പോൾ അയാളെന്റെ പുറകിൽ അമർത്തി നുള്ളി. ഭാഗ്യത്തിന് കൊച്ചേന്നുള്ള അപ്പന്റെ വിളി വേലിക്കപ്പുറത്തൂന്ന് കേട്ടു. അയാളന്നെ തറപ്പിച്ചൊന്ന് നോക്കി. ആരോടേലും പറഞ്ഞാൽ കൊന്നുകളയുമെന്നു പറഞ്ഞോണ്ട് മുണ്ട് നേരയാക്കി അടുക്കളപ്പുറത്തൂടെ ഇറങ്ങിപ്പോയി ഞാനപ്പോൾ അയേന്ന് ഉടുപ്പെടുത്തിട്ടു. പോവുന്ന പോക്കിലയാളുടെ കയ്യിലൊരു നീളൻ വരാലുണ്ടായിരുന്നു. അതെന്നെ തന്നെ നോക്കി തുപ്പലിറ്റിച്ചിരുന്നു.''

​""ഇലേ. തീവണ്ടി വരുന്നൂന്ന് തോന്നുന്നുണ്ട്. ഹോണടിക്കുന്ന ഒച്ച കേക്കുന്നുണ്ട്.''
​""നിക്കെടീ ഞാനൊന്ന് നോക്കട്ടെ.''
​""ഇലേ.''
​""എന്താടീ. ഞാനൊറ്റയ്ക്ക് ചത്തൂന്ന് കരുതീട്ടിണോ നീയിങ്ങനെ കിതക്കുന്നെ?''​""സത്യായും ഞാൻ പേടിച്ചു. നീയാ പാളത്തീ കയറിയപ്പോഴാണ് എൻജിൻ പാഞ്ഞു വന്നെ. അതീന്ന് രണ്ടുപേര് നമ്മളെ കണ്ടോന്ന് തോന്നുണ്ട്.''
​""അവരൊന്നും കണ്ട് കാണത്തില്ല. ഞാനെങ്ങിനെയോചാടി രക്ഷപ്പെട്ടതാ. ഇല്ലേലാ എൻജിൻ തട്ടിയേനെ.''
​""ഇലേ. നീയൊറ്റയ്ക്ക് മരിച്ചെങ്കി ഞാനെന്ത് ചെയ്യുമെന്ന് നീയോർത്തോ?''​""ഞാനതൊന്നുമോർത്തില്ല. നമ്മളിത്രേം കഷ്ടപ്പെട്ട് വന്നിട്ട് വെറുതെ പോയൊരു എൻജിനുള്ളിൽ കുടുങ്ങിയേനെ. ചാവത്തുമില്ല. നീയോറ്റക്കാവേം ചെയ്‌തേനെ.''

""നീയെന്തിനാ ഇലേ കരയുന്നെ?''
""കണ്ണീര് പിടിച്ചുവെക്കാൻ പറ്റുന്നില്ല. അപ്പനേം, അനിയനേം ഓർക്കുമ്പോൾ നെഞ്ച് കീറാണ്. പാടത്ത് ട്രാക്ടറോടിച്ച് മണ്ണിളക്കുന്നത് പോലെയാണത്. അിനെടേൽ കൊറേ ഓർമകളും വന്നുചേരുവാണ്. പുഴുക്കളെ കൊത്തിപ്പെറുക്കാൻ വന്ന കൊറ്റികളെ പോലെ.''
""സാരമില്ല. ഇലേ നമുക്കിങ്ങനെ കുറേനേരം മഴ കൊള്ളാം.''

""അന്നമ്മോ, നമ്മള് രണ്ട് പെണ്ണുങ്ങള് മാത്രം ഈ രാത്രീൽ ഇവിടെ നിക്കണത് ആരും കാണത്തില്ല... അതാ ഞാനീ പൊന്തേടെ മറവിൽ തന്നെ മരിക്കാൻ തീരുമാനിച്ചെ. ഈ പൊന്തേന്റെ അപ്പുറത്ത് റോഡാണ്. അവിടെ ഒരു ബസ്റ്റോപ്പുണ്ട്. കിളിയുടെ വീട് അതിനടുത്താണ്.''
""ഇലേടെ കമ്പനീലെ ഡെലിവറി ബോയ് അല്ലേ?''
""അതേടീ. ജ്യേതീഷ് എന്നാ ശരിക്കുമവന്റെ പേര്. ഞങ്ങളെല്ലാരും കിളീന്നാ വിളിക്കുന്നത്. അവനുമത് ഇഷ്ടാണ്. എനിക്കിഷ്ടായിരുന്നവനെ, ഒരിക്കെ ഞാനതവനോട് പറയേം ചെയ്തു.''
""എന്നിട്ട്? അവൻ ഇലേനെക്കാളും ചെറുതല്ലേ?''
""അതിനെന്താടി. പ്രായത്തീലൊന്നും ഒരു കാര്യവുമില്ല. നിനക്ക് പാപ്പനോടുള്ളതും ഇഷ്ടല്ല?''
""മ്മ്. പാപ്പനോട് ഇഷ്ടാണെനിക്ക്. പാപ്പനെന്നേം. പക്ഷേ...''
""എന്നതാ ഒരു പക്ഷേ?

""ഇലേ. അമ്മച്ചി സമ്മതിക്കത്തില്ല. അമ്മച്ചി മാത്രമല്ല. ആരുമത് സമ്മതിക്കേല. പാപ്പനുമത് അറിയാം. പക്ഷേ ഞാനെപ്പോ വിളിച്ചാലും പാപ്പൻ എന്റെ അടുത്ത് വരും. ഇതുപോല ഇടിച്ചുകുത്തി പെയ്യുന്ന മഴയത്ത് ഞങ്ങൾ മുറ്റത്തെ പുളിമരചുവട്ടീ ചെന്നിരിക്കും. ഞാനിങ്ങനെ നനയുമ്പോൾ പാപ്പൻ എന്നെ അമർത്തിപ്പിടിക്കും. ദേഹത്താകെ ഒരു കുളിര് വരുമപ്പോൾ. പാപ്പന് എന്നെ ഒന്ന് ഉമ്മ വെച്ചൂടേന്ന് ഞാൻ കരുതും. നെഞ്ചിങ്ങനെ ഒരു കാര്യോല്ലാതെ ശ്വാസം കുരുങ്ങിയപോലെ മിടിക്കും. അടിവയറ്റീന്ന് മോളിലോട്ട് ഒരു തീവണ്ടി ഓടിക്കയറും. പക്ഷേ പാപ്പനിതൊന്നും അറിയത്തില്ല. ഉടുത്ത മുണ്ട് കൊണ്ട് എന്റെ തലതുവർത്തി തരും. ഞാനപ്പോൾ പാപ്പന്റെ ദേഹത്തേക്ക് അടുത്തുനിൽക്കും. പാപ്പനപ്പോൾ ഒരു സിഗററ്റ് കത്തിക്കും. രണ്ട് പുകയെടുത്ത് മഴേയിലേക്ക് ഊതിവിടും. എന്നിട്ട് പണ്ട് കുടകിൽ പോയ കഥ പറയും. എനിക്കപ്പോൾ എന്തോ പോലാവും. പാപ്പന്റെ മുഖത്തോട്ടുനോക്കും. പാപ്പനൊരു സിഗററ്റു കൂടെ കത്തിക്കും. ഒന്നെനിക്കും തരും. ഞാനത് ദേ ഇങ്ങനെ രണ്ട് വിരലും കൂട്ടിപ്പിടിക്കും ഉള്ളിലേക്ക് വലിക്കും. പിന്നെ മൂക്കിക്കൂടേം വായിക്കൂടേം പൊക വിടും. പൊക പാപ്പനേം എന്നേം വട്ടംവെച്ച് മഴയത്തോട്ട് ഇറങ്ങിപ്പോവും. പുളിമരത്തിന്റെ ഇടേൽക്കൂടെ മഴ പിന്നെയും വീഴും. ഞാനും പാപ്പനുമപ്പോൾ ചേട്ടനെ അടക്കിയ ഭാഗത്തോട്ട് നോക്കും. അവനവിടെ എഴുന്നേറ്റിരുന്ന് ഞങ്ങളെ കാണുന്നുണ്ടാവുമെന്ന് പറയും.''

""എടീ അന്നമ്മോ.''
""എന്താണ് ഇലേ?''
""നീയെന്നെ തീവണ്ടി വരുന്നേന് മുന്നെ കൊല്ലോ?''
""അതെന്താ ഇലേ അങ്ങനെ ചോദിച്ചെ. ഞാനെന്തേലും മെനകേട് കാണിച്ചോ?''
""ഇല്ലെടീ. നീയീ പറയുന്നതെല്ലാം കേട്ടപ്പോൾ പാപ്പായിനെ പിന്നേം ഓർമ വന്നു. കിളീനേം. അന്ന് അനിയനേം കൊണ്ട് തിരിച്ചുവന്ന അപ്പനുമമ്മേം കരച്ചീലോട് കരച്ചിലായിരുന്നു. അവന്റെ ഇടത്തെ കാല് ഇനിയൊരിക്കലും നേരെ ആവത്തില്ലെന്ന്. ഓപ്പറേഷൻ ചെയ്തിട്ടും കാര്യമില്ലെന്ന്. അവനാണേൽ അതൊന്നും ശ്രദ്ധിക്കാതെ അടുക്കളേൽ ആയിരുന്നു. അരിമുറുക്കിന് വേണ്ടി തെരഞ്ഞതാ. അത് കാണഞ്ഞിട്ട് അവൻ എന്നെ വന്ന് തല്ലി. അപ്പനന്ന് കൂടുതൽ കുടിച്ചാണ് വന്നത്. അന്നു രാത്രി കിടക്കുമ്പോൾ പാപ്പായി എന്റെ ഉടുപ്പഴിച്ചത് ഞാൻ അമ്മച്ചിയോട് പറഞു. അമ്മച്ചിയെന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഞാനുറങ്ങീന്ന് തോന്നിയപ്പോൾ അമ്മച്ചി എന്റെ ഉടുപ്പ് പൊന്തിച്ചു നോക്കീത് ഞാനറിഞ്ഞിരുന്നു. പക്ഷേ ഞാനോന്നും മിണ്ടീല്ല. ഉറങ്ങീത് പോലെ കിടന്നു. കുടിച്ച് പാമ്പായി കിടന്ന അപ്പനോട് അമ്മച്ചിയേതോ മഠത്തിന്റെ കാര്യം പറയുന്നുണ്ടായിരുന്നു.''

""രാവിലെ എണീറ്റപ്പോൾ അമ്മച്ചിയെന്നെ കുളിമുറീൽ കയറ്റി. ഉടുപ്പൊക്കേ അഴിച്ചിടീപ്പിച്ചു. എല്ലായിടത്തും തൊട്ടുനോക്കി. വേദന ഉണ്ടോ ചോദിച്ചു. അമ്മച്ചിയങ്ങനെ തൊടുമ്പോൾ എനിക്കാകെ നാണമായി. ഇക്കിളീം വന്നു. അമ്മച്ചീടെ കണ്ണൊക്കെ നിറഞ്ഞിരുന്നു. അന്ന് അമ്മച്ചി തന്നെ എന്നെ തേച്ച് കുളിപ്പിച്ചുതന്നു. ഇനിയാരേം കൊണ്ട് ദേഹത്ത് തൊടാൻ സമ്മതിക്കരുതെന്ന് പറഞ്ഞു. പാപ്പായി മിഠായി തന്നാ വാങ്ങരുതെന്നും പറഞ്ഞു. ഞാനെല്ലാം തലയാട്ടി കേട്ടു. അതിന്റെ പിറ്റേന്നിന്റെ പിറ്റേന്ന് വയസ്സായ ഒരു സിസ്റ്ററ് വീട്ടീ വന്നു. അമ്മച്ചീം അപ്പനുമായി സംസാരിച്ച് കഴിഞ്ഞപ്പോൾ അവർ എന്റെ അടുത്തുവന്നു. ഞാനാണേൽ മുറ്റത്തൂന്ന് കളിക്കായിരുന്നു. ആകെ അഴുക്കുപിടിച്ച് നിൽക്കുകയിരുന്നു. എന്നെ അവര് നെറ്റീൽതൊട്ടു. മോൾക്ക് സുഖാണോ ചോദിച്ചു. ഞാനാകെയപ്പോൾ അന്തിച്ചുപോയി. അവരെന്റെ കൈപിടിച്ചു, കൊറേ ചോക്ലേറ്റ് വെച്ചുതന്നു. ഞാനമ്മച്ചീനെ നോക്കി. അമ്മച്ചിയപ്പോൾ തലയാട്ടി വാങ്ങിക്കോ പറഞ്ഞു. ഞാനതും വാങ്ങി നിക്കുമ്പോൾ അവർ എന്റെ നെറ്റീൽ കുരിശ് വരച്ചു. അടുത്ത ആഴ്‌ച സിസ്റ്ററെ കൂടെ എലീന മഠത്തീ വരില്ലേന്ന് ചോദിച്ചു. ഞാനപ്പോൾ ഒന്നും മിണ്ടീല്ല. സത്യത്തിൽ എലീനാന്ന് അവര് വിളിച്ചപ്പോഴാണ് അങ്ങാനാണ് പള്ളീലീട്ട പേരെന്ന് ഞാനുമോർത്തത്.

""ഇലേ.''
""എന്താടീ.''
""ഞാനൊരുമ്മ വെക്കട്ടെ?''
""നീയിങ്ങ് വന്ന് വെച്ചോ. ഇലേ മഴയിനീം തോരുന്നില്ലല്ലോ?''
""മഴ പെയ്യട്ടെടീ, നമ്മളെ തീവണ്ടി വരാറായി.''
""ഇലേ, നമ്മള് മരിക്കാൻ ഇനി കുറച്ചൂടെ നേരമല്ലേയുള്ളൂ.''
""അതേടീ. എന്നതാ നെനക്ക് ചാവണ്ടെ?''
""ചാവണം. പക്ഷേ അതിനുമുൻപ് കിളീടെ കഥ കേൾക്കണം. ചത്ത് പോയാപ്പിന്നെ നീയത് പറഞ്ഞുതരത്തില്ലല്ലോ?''
""നീയിങ്ങനെ അമർത്തി ഉമ്മവെക്കാതെ അന്നമ്മോ, എനിക്കെന്തോ ആവുന്ന്.'' ""ആവട്ടെടീ. നീ മാത്രമാണെന്നെ അന്നമ്മോന്ന് വിളിക്കുന്നത്. മറ്റെല്ലാവരും അഞ്ചൂന്ന് തന്നാണ് വിളിക്കാറ്. നീയെന്നാത്തിനാണ് അന്നമ്മേന്ന് വിളിക്കുന്നേന്ന് എനിക്കറിയത്തില്ല. പക്ഷേ അതുകേൾക്കാനൊരു സുഖമൊണ്ട്.''

""ഇലേ, അഞ്ചൂന്ന് വിളിക്കുമ്പോൾ നമ്മള് തമ്മീൽ തീരെ അടുപ്പം കുറഞ്ഞുപോവുമെന്ന പേടിയാന്ന്. അന്നമ്മോന്ന് ചുരുക്കിവിളിക്കുമ്പോൾ നീയത്രേം കനം കുറഞ്ഞ് ഒട്ടിനിൽക്കണത് പോലെയന്ന്. അപ്പനാണെന്നെ ഇലേന്ന് വിളിച്ചുതുടങ്ങീത്. ഏതോ സിനിമ കണ്ടേൽപ്പിന്നെയാണ്. അങ്ങനെ വിളിച്ചതെന്നാ അമ്മച്ചി പറഞ്ഞത്. എന്തായാലും എലീനാന്നുള്ള വിളി എനിക്കിഷ്ടമല്ല.''

""എടീ നോക്കിയെ തീവണ്ടിയല്ലേ ആ വരുന്നെ? ഈ മഴേടെ ഒച്ചേല് വണ്ടീടെ ശബ്ദം കേൾക്കാഞ്ഞിട്ടാ. വണ്ടീടെ ഹെഡ് ലൈറ്റ് തന്നാണത്. ഇലേ ഞാനിങ്ങനെ കെട്ടിപ്പിടിച്ച് നിക്കാം. നിന്റെ നെഞ്ചെന്തിനാണ് ഇങ്ങിനെ മൂളുന്നെ?''
""ആ, എനിക്കറിയത്തില്ല. ചെലപ്പോൾ മരിക്കാൻ പോണേന്റെ സന്തോഷത്തിലാവും.''

""ഇലേ...''
""മ്മ്.''
""ഞാനൊന്നൂടെ പാട്ട് വെക്കട്ടെ?''
""ഹരിഹരന്റെതാണോ. ഈ മഴയത്ത് ഫോണ് നനയില്ലെ?''
""നനയത്തില്ല. ഞാനൊരു പ്ലാസ്റ്റിക് കവറിലിട്ടതാണ്. അല്ലേലും നമ്മള് മരിച്ചാൽ ഈ ഫോണ് ആർക്കേലും കിട്ടോന്ന് പോലുമുറപ്പില്ല. ചെലപ്പോൾ തീവണ്ടീന്റെ ചക്രം കേറി പൊടിഞ്ഞുപോവും. ഇല്ലേലാ പൊന്തേലേ ട്രാക്കിലോ തെറിച്ചുവീഴും. പാട്ട് സിതാരേച്ചീന്റതാ.''
""നീ വെക്ക്. മഴേം, പാട്ടും, തീവണ്ടീം കഥേലും, സിനിമേലുമെല്ലാം നല്ല രസാണ്, പക്ഷെ ചാവാൻ നേരത്ത് പാട്ടു കേക്കണത് നമ്മള് മാത്രാവും.''

""അന്നമ്മോ നീയാ പാട്ടൊന്ന് ഓഫ് ചെയ്യ്.''
""എന്നാ പറ്റിയെടീ, പെട്ടെന്നൊരു വാട്ടമെന്നാ?''
""ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് പിന്നേം അപ്പാപ്പിയെ ഓർമ വരുന്ന്. നിന്റെ ചേട്ടൻ എങ്ങനാ മരിച്ചതെന്ന് പറയ്, ഒരു ധൈര്യത്തിന് മരിക്കുന്നതിന് മുൻപ് വേറൊരു മരണത്തെക്കുറിച്ച് കേൾക്കുന്നത് നല്ലതായിരിക്കുമെന്ന് തോന്നുവാ.''▮

(തുടരും)​​


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


റിഹാൻ റാഷിദ്

നോവലിസ്​റ്റ്​. സമ്മിലൂനി, അഘോരികളുടെ ഇടയിൽ, ലക്ഷദ്വീപ് ഒരു സൂഫി ലാൻറ്​, ഡോൾസ്, പ്രണയ ജിന്നുകൾഎന്നിവ പ്രധാന കൃതികൾ.

Comments