ചിത്രീകരണം : ജാസില ലുലു

വരാൽ മുറിവുകൾ

മൂന്ന്""ചേട്ടൻ ബി.എസ്.എഫിൽ ആയിരുന്നു, സെലക്ഷൻ കിട്ടിയതിന്റെ ഏഴാം മാസത്തിലാണ് മരിച്ചത്. ഛത്തീസ്ഗഡീന്നാണ്. ഞങ്ങളെറീന്നത് മൂന്നാമത്തെ ദിവസാണ്. ചേട്ടനും കുറേ പേരും കയറിയ വണ്ടി ഏതോ കാട്ടിലൂടെ പോവുമ്പോഴാണ് കുഴിബോംബ് പൊട്ടീത്. നമ്മളെ നാടുപോലയല്ല അവിടെയെന്ന് പാപ്പനെപ്പോഴും പറയാറുണ്ട്. അവിടെയുള്ള കാട്ടിലായിരുന്നു അവന് ട്രൈനിങ്. വിളിക്കുമ്പോഴക്കെ നല്ല കഷ്ടപ്പാടാണ് അവിടെയെന്നും തിരിച്ചുപോന്നാല്ലോന്നും അവൻ പറയാറുണ്ടായിരുന്നു. പാപ്പൻ തന്നെയാണവനെ സമാധാനിപ്പിച്ചിരുന്നത്.

ആദ്യത്തെ മൂന്നാല് മാസം കഴിഞ്ഞപ്പോൾ അവനുമത് വലിയ ഇഷ്ടമായി. അവിടെ പലനാടുകളീന്നുള്ള കൂട്ടുകാരുണ്ടായി. വിളിക്കുമ്പോൾ അവരെക്കുറിച്ചെല്ലാം ഞങ്ങളോട് പറഞ്ഞിരുന്നു. പക്ഷെ സന്തോഷങ്ങൾക്ക് ആയുസ്സ് കുറവായിരുന്നു. അവര് ട്രൈനിങ്ങിന് പോവുന്ന സമയത്ത് മാവോയിസ്റ്റേുകാര് കരുതിക്കൂട്ടിത്തന്നെ ചെയ്തതാ. നമ്മക്കറിയാത്ത എന്തെല്ലാമോ അതിലൊണ്ട്. പാപ്പനങ്ങനാ പറയുന്നെ. പത്രത്തിലൊക്കെ വന്നിരുന്നത്. ആദ്യം കരുതീത് ചേട്ടായിനെ കാണാതായെന്നാ. പിന്നെയാ അറിഞ്ഞത് വണ്ടീലുണ്ടായിരുന്ന ഏഴുപേരോടൊപ്പം ചേട്ടനുമങ്ങ് മരിച്ച് പോയെന്ന്. പത്രക്കാരൊക്കെ വീട്ടില് വന്നിരുന്നു. ഞാനും അമ്മച്ചീം കുറെ കരഞ്ഞു. പാപ്പനാണ് അന്ന് എല്ലാ കാര്യോം നോക്കീത്.

പട്ടാളക്കാര് വീട്ടിലെത്തിച്ച ചേട്ടനെ ഞങ്ങക്ക് ശരിക്കൊന്ന് കാണാൻ കൂടെ പറ്റീട്ടില്ല. അവരെല്ലാരും കൂടെ തന്നെയാ അടക്ക് നടത്തീത്. ഞങ്ങളെ പറമ്പിൽ തന്നെ. അതുകഴിഞ്ഞ് കൊറേ ദിവസം ആരെല്ലാമോ വരേം പോവേം ചെയ്തു. പിന്നെ ഞങ്ങള് മാത്രമായി. സത്യം പറയാണേൽ എല്ലാരും കൂടെ വന്നപ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടലായിരുന്നു. പാപ്പനെ ഒന്ന് ശരിക്ക് കാണാൻ പോലും പറ്റിയില്ല. പക്ഷേ പാപ്പന് നല്ല സങ്കടമുണ്ടായിരുന്നു. ചിതേൽ തീ കൊളുത്തുമ്പോൾ പാപ്പൻ കരയുന്നത് ഞാൻ കണ്ടിരുന്നു. അകത്തെ മുറീലിരുന്ന് ഞാനുമപ്പോൾ നിലവിളിച്ചു. ആകെ ഭ്രാന്തായത് പോലെ. ചടങ്ങെല്ലാം കഴിഞ്ഞപ്പോൾ ചേട്ടന്റെ ഡ്രസ്സൊക്കെ ഞാനെടുത്ത് കത്തിച്ചുകളഞ്ഞു. എന്തോ അതെല്ലാം കാണുമ്പോൾ എനിക്കാകെ സങ്കടോം ദേഷ്യോം വന്നിരുന്നു. പാപ്പനും ഞാനും അന്നാദ്യമായി വഴക്കിട്ടു. ചേട്ടന്റെ മണം പാപ്പന് വേണമെന്ന് പറഞ്ഞായിരുന്നു വഴക്ക്.

""ഒരാള് മരിച്ച് പോവാണേൽ അയാളെ ഓർമകളേം കൊണ്ടുപോവണം.''
""ഞാനിത് പറഞ്ഞതിന് പാപ്പനെന്നെ തറപ്പിച്ചുനോക്കി. പിന്നെ പതിവുപോലെ സിഗററ്റും കത്തിച്ച് ഷെഡിലേക്ക് നടന്നുപോയി. ഞാനെത്ര വിളിച്ചിട്ടും ഒന്നു തിരിഞ്ഞുനോക്കീതു പോലുമില്ല''
""അന്നമ്മോ... തീവണ്ടി വന്നില്ലല്ലോ? നമ്മള് എന്തിന്റെ വെളിച്ചമായിരുന്നു കണ്ടത്? പാപ്പന്റെ കഥ കേൾക്കുന്നത് മടുത്തിട്ടല്ലാട്ടോ.''
""ഞാനുമതാണ് ഓർക്കുന്നെ. പട്ടികൾ ഓരിയിടുന്നുമുണ്ട്. ഇനി വേറെ വല്ലവരും നമ്മളെ പോലെ മരിക്കാൻ വന്നതാണോ?''
""ഏയ് അങ്ങനെ ആരേലുമാണേൽ വെളിച്ചം അടിച്ച് വരില്ലല്ലോ. ഇത് വേറേ ആരേലുമാവും. ഈ ട്രാക്ക് മുറിച്ചുകടന്നാൽ റോഡിലേക്ക് എളുപ്പത്തിൽ എത്തുന്ന വഴിയുണ്ടെന്ന് കിളി ഒരിക്കെ പറഞ്ഞിരുന്നു.''
""ഇലേ. ഇനി കിളിയാവോ അത്?''
""അവനാവത്തില്ല. ഈ സമയത്തവൻ പുറത്തിറങ്ങൂല്ല. അവനും അമ്മയും മാത്രേള്ളൂ വീട്ടിൽ. പാവം അവർക്ക് കണ്ണു കാണത്തില്ല. ഷുഗറ് കൂടി കണ്ണിന്റെ കാഴ്ച പോയതാണ്. പാപ്പായിയുടെ ഭാര്യക്കും ഷുഗറാണ്. പാവത്തിന്റെ കാഴ്ചയും പോവും. അയാളെ പേടിച്ചിട്ട് അവരൊന്നും മിണ്ടത്തില്ല.''

""ഇലേ. നീയന്ന് മഠത്തീ ചേർന്നോ?
""പിന്നല്ലാതെ, ആ സിസ്റ്ററ് ഞായറാഴ്ച ഉച്ചയാവുമ്പോൾ വീട്ടിൽ വന്നു. അമ്മച്ചിയെന്നെ രാവിലെ തന്നെ ഒരുക്കി നിർത്തിയിരുന്നു. എന്തിനാണ് പോവുന്നതെന്ന് എനിക്കൊരു പിടീം ഇല്ലായിരുന്നു. പക്ഷേ സിസ്സറ് വന്ന ജീപ്പില് കൊറേ ദൂരം പോവാമെന്നത് എനിക്ക് സന്തോഷമായിരുന്നു. അമ്മച്ചി എന്റെ നാലഞ്ച് ഉടുപ്പെല്ലാം ഒരു പഴേ ബാഗിലാക്കി തന്നു. അന്ന് ഞങ്ങള് നേരത്തെ ചോറുണ്ടു. അപ്പൻ രാവിലെ പോയി ഇറച്ചി വാങ്ങിയിരുന്നു. അമ്മച്ചീന്റെ സ്‌പെഷ്യൽ കോഴി പെരട്ടാണ് അന്ന് വെച്ചത്. എനിക്കാണേൽ അന്നുമിന്നും കോഴി പെരട്ടിനോട് ഇഷ്ടമാണ്. പക്ഷേ അന്നത്തെ അത്രേം രുചി പിന്നൊരിക്കലും ഇല്ലായിരുന്നു. ചോറുണ്ണാൻ അപ്പാപ്പിയും വന്നിരുന്നു. അയാള് എന്റെ അടുത്ത് ഇരിക്കാതിരിക്കാൻ അമ്മച്ചി എന്നേം അനിയനേം ചേർത്തിരുത്തി. ഞങ്ങള് ചോറുണ്ട് തീരുന്നത് വരെ സിസ്റ്ററ് പുറത്ത് വണ്ടീലിരുന്നു. കഴിക്കാൻ അവരേം വിളിച്ചിരുന്നു. പക്ഷെ അവര് കഴിച്ചില്ല. ഊണ് കഴിഞ്ഞപ്പോൾ അപ്പനുമമ്മേം എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞ്.

മഠത്തീ ചെന്നാൽ നല്ല ആഹാരോം, പഠിപ്പും കിട്ടുമെന്ന് പറഞ്ഞു. അപ്പോഴാണ് എനിക്ക് മനസിലായത് ഞാനിനി വീട്ടിലേക്ക് വരാൻ കുറേ നാള് കഴിയുമെന്ന്. അതോർത്തപ്പോൾ എനിക്ക് കരച്ചില് വന്നു. ഞാനോടി അകത്തേക്ക് കയറി. സിസ്റ്ററെ കൂടെ പോവുന്നില്ലെന്ന് കരഞ്ഞ് പറഞ്ഞു. അനിയനെ കെട്ടിപ്പിടിച്ചു. അപ്പനുമമ്മേം എന്റെ അടുത്തുവന്നു. മോള് പോവണമെന്ന് പറഞ്ഞു. ഞാനൊന്നും മിണ്ടിയില്ല. കരച്ചിലിന്റെ ഇടേൽ ഒച്ചയൊന്നും പുറത്ത് വരാത്തതായിരുന്നു. അപ്പന്റെ കണ്ണ് നിറഞ്ഞിരുന്നപ്പോൾ. അതിനെടേൽ സിസ്റ്റർ അകത്തേക്ക് വന്നു. അവരന്റെ നെറ്റീൽ പിന്നേം കുരിശ് വരച്ചു. ഞാനോടി അമ്മച്ചീനെ കെട്ടിപ്പിടിച്ച് നിന്നു. സിസ്റ്ററാരെയോ വിളിച്ചു. അപ്പോൾ അവര് വന്ന ജീപ്പിന്റെ ഡ്രെവർ ഓടി വന്നു. അയാളെ കാണുമ്പേൾ തന്നെ പേടിയാവും. നീണ്ട് മെലിഞ്ഞ് കണ്ണൊക്കെ പുറത്തേക്ക് വീണുകിടക്കുന്ന പോലുള്ള ആളായിരുന്നത്. അയാള് വന്നെന്നെ ഒറ്റക്കുതിപ്പിന് പിടിച്ചു. അമ്മച്ചിയെന്നെ അയാൾക്ക് പിടിച്ചുകൊടുത്തതാണ്. കുതറാൻ പോലും കഴിയാതെ അയാളെന്നെ ജീപ്പിനുള്ളിലിട്ടു. അപ്പനും അമ്മേം അനിയനുമപ്പോൾ സിസ്റ്ററുടെ കൂടെ ജീപ്പിനടുത്തേക്ക് വന്നു. ജീപ്പിനുള്ളിലൂടെ തലയിട്ട് അപ്പനെന്നെ ഉമ്മ വെച്ചു. അമ്മച്ചീടെ കണ്ണപ്പോഴും നിറഞ്ഞിരുന്നു. കോളനിക്കാാരെല്ലാം പല സ്ഥലത്ത് നിന്ന് ഇതൊക്കെ കാണുന്നുണ്ടായിരുന്നു. അവരെ നോട്ടം കണ്ടപ്പോൾ ഞാൻ ചുരുളൻ പുഴുവിനെപ്പോലെ ജീപ്പിനുള്ളിലേക്ക് ചുരുണ്ടിരുന്നു.''

""ഇലേ.എനിക്കിച്ചരെ വെള്ളം വേണം.''
""അന്നമ്മോ, ദാ കയ്യിങ്ങനെ കൂട്ടിവെച്ച് വെള്ളം കുടിക്കാനെ പറ്റത്തുള്ളു. ഈ മഴത്ത് വേറൊന്നും പറ്റില്ല.''
""ഇലേ... മുഖത്തോട്ട് വീഴുന്ന മഴവെള്ളം ഞാനങ്ങനെ കുറെ കുടിച്ചു. ഇല മഠത്തീ പോയ കഥ പറയുമ്പോൾ ഞാൻ ചേട്ടൻ പട്ടാളത്തീ പോയത് ഓർക്കുവായിരുന്നു.''

നാല്

""പാപ്പനായിരുന്നു അവൻ പട്ടാളത്തീ ചേരണമെന്ന് നിർബന്ധം. പാപ്പൻ തന്നാണ് അവനെ രാവിലെ ഓടാനും ചാടാനുമൊക്കെ കൊണ്ടുപോയത്. ഇടയ്ക്ക് ഞാനും അവരോടൊപ്പം പോവും. ആറ്റിനോടു ചേർന്നുള്ള വലിയ മൈതാനത്തിലാണ് അവന്റെ ഓട്ടവും ചാട്ടവും. അവൻ അതൊക്കെ ചെയ്യുമ്പോൾ ഞാൻ പാപ്പന് അടുത്തിരിക്കും. ഇടക്ക് പാപ്പന്റെ മടീൽ കിടക്കും. എനിക്കത് ഇഷ്ടമാണ്. പുലർച്ചെയുള്ള ആ കിടത്തം. പാപ്പനതിന് സമ്മതിക്കത്തില്ല. എല്ലാം കഴിഞ്ഞ് വരുമ്പോൾ ഞങ്ങള് മൂന്നുപേരും കൂടെ ഹോട്ടലീ കയറും. വയറ് നെറച്ച് തിന്നും. സെലക്ഷൻ സമയം അടുത്തപ്പോൾ നല്ല പുലർച്ചെ തന്നെ ചേട്ടനെഴുന്നേറ്റ് പാപ്പന്റെ വീട്ടിലേക്ക് ചെല്ലുമായിരുന്നു. എന്നെയപ്പോൾ കൂടെ കൂട്ടത്തില്ല.

ഒരു ദിവസം പാതിരാക്ക് ഞാൻ ഞെട്ടി എഴുന്നേറ്റപ്പോൾ ചേട്ടന്റെ മൂറീൽ അവനെ കണ്ടില്ല. എനിക്കെന്തൊ സംശയമായി. ഞാനന്ന് ഡിഗ്രി സെക്കന്റ് ഇയർ പഠിക്കുവാണ്. അമ്മച്ചി അറിയാതെ ഞാൻ പതുക്കെ എണീറ്റ് പാപ്പന്റെ ഷെഡിലേക്ക് ചെന്നു. നല്ല നിലാവുള്ള ദിവസമായിരുന്നത്. പകൽ മുഴുവൻ ഞാൻ നടന്നുകളിക്കുന്ന സ്ഥലങ്ങളെല്ലാം നിലാവിൽ വല്ലാത്തൊരു ഭംഗിയായിരുന്നു. അവിടെ അവര് രണ്ട് പേരുമില്ലായിരുന്നു. ഞാനപ്പോൾ പകല് ഞങ്ങള് മൂന്നുപേരും പോയിരിക്കുന്ന കൈത്തോടിന് അടുത്തുള്ള കലുങ്കിലേക്ക് നടന്നു. പത്ത് പതിനഞ്ച് മിനിറ്റ് നേരത്തെ ദൂരമുണ്ട് അവിടേക്ക്. പരിചിതമായ സ്ഥലമായതോണ്ട് എനിക്കൊട്ടും പേടി തോന്നിയില്ല. ഞാനങ്ങ് നടന്നു. രാത്രിയുടെ ഒച്ച മാത്രം കേട്ടു.

എന്റെ സംശയം തെറ്റിയില്ല. ദൂരെ നിന്ന് ഞാനവരെ രണ്ടു പേരേം കണ്ടു. പക്ഷേ ഒട്ടും കാണാൻ പറ്റാത്ത രീതിയിലാണ് ഞാനവരെ കണ്ടത്. പാപ്പൻ ചേട്ടനെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കായിരുന്നു. ആ സമയത്ത് എന്റെ കാലിന്റെ പെരുവിരലീന്ന് മുകളിലേക്ക് ഒരു വെറയൽ കയറി. ശ്വാസത്തിന്റെ ഒച്ച പോലും പുറത്ത് വരാതിരിക്കാൻ ഞാൻ എന്റെ വാ പൊത്തിപ്പിടിച്ചു. അവര് രണ്ടാളും കൂടെ പലതും ചെയ്തു. ശരിക്കും ഞാൻ അതൊക്കെ കാണുന്നത് അവര് അറിഞ്ഞിരുന്നില്ല. നിലാവിൽ തോട്ടിലേക്ക് വീഴുന്ന അവരുടെ നിഴൽ മീനുകൾ ഇണചേരുന്നത് പോലെ ഇളകി. എനിക്കെന്തോ അടിവയറ്റീന്നൊരു വേദനയോ മറ്റെന്തൊ ആണെന്ന് പറയാൻ പറ്റാത്ത അവസ്ഥയുണ്ടായി. ഞാനവിടെ തളർന്ന് വീണുപോവുമെന്ന് തോന്നി. എവിടെനിന്നോ കിട്ടിയ ധൈര്യത്തീൽ ഞാൻ തിരിച്ച് വീട്ടിലേക്ക് ഓടി. വീടെത്തിയപ്പോൾ ഞാനാകെ വിയർത്തിരുന്നു. മുറീൽ കയറി കതകടച്ച് ഞാനിട്ടതെല്ലാം അഴിച്ചു കിടന്നു. കണ്ണടച്ച് പിടിച്ചുറങ്ങാൻ നോക്കി. പക്ഷേ കണ്ണടയ്ക്കുമ്പോൾ തോട്ടീന്ന് രണ്ടു വലിയ മീനുകൾ കരയിൽ കയറിവന്ന് ഇണ ചേരുന്നത് മാത്രമെ കാണാൻ പറ്റിയിരുന്നുള്ളു.''

""ഇലേ. നീയെന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ?''
""ഞാനാ നിലാവത്തൂടെ നടക്കായിരുന്നു. കലുങ്കിൽ കയറിയിരിക്കുന്ന രണ്ട് മീനുകളെ കണ്ടതാ. അവരിങ്ങനെ ഇണ ചേരുമ്പോൾ എന്റെ മുന്നിലൂടെ വലിയൊരു വരാല് തുപ്പലിറ്റിച്ച് പോയി. അതോടു കൂടെ നിലാവ് മാറി നെറയെ ഇരുട്ടായി.''
""എടീ, മഴയിങ്ങനെ പെയ്താൽ തീവണ്ടി വരാൻ ലേറ്റാവുമെന്നാ തോന്നുന്നെ. ആഗ്രഹിച്ച് വന്നിട്ട് മരണത്തെ കാത്തിരിക്കുന്നത് എത്ര ബോറാണ്. വൈകുന്തോറും മരിക്കാൻ പേടിയാവുകയാണ്. പിന്നെ അയാളെ കുറിച്ചോർക്കുമ്പോൾ മരിച്ചാൽ മതീന്ന് തോന്നാണ്. അന്നമ്മോ, എനിക്കൊന്ന് കിളിയെ വിളിക്കണമെന്നുണ്ട്. പക്ഷേ നമ്മള് മിരിച്ച് കഴിഞ്ഞാൽ അവനെയത് ബുദ്ധിമുട്ടിക്കും. രണ്ട് പെണ്ണുങ്ങളെ മരണത്തിന് പിന്നിലും അവനെ ആളുകൾ നിർത്തും. പാവം അവനെ വിളിക്കണ്ട. അന്നമ്മേ, നമുക്കൊന്ന് പാളം മാറി കെടന്നാല്ലോ തെക്കോട്ടേക്ക് ഇനിയേതേലും ചരക്ക് വണ്ടി കൂടെ വരാനുണ്ടാവും.''

""വണ്ടി വരുവോളം നീ പാപ്പന്റെ കഥ പറയ്.''
""അന്ന് മുഴുവൻ ഞാൻ പൊറത്തിറങ്ങീല്ല. അമ്മച്ചി വന്ന് ചോദിച്ചപ്പോൾ വയറു വേദനയാണെന്ന് പറഞ്ഞു. ഉലുവകാച്ചിയ വെള്ളോം കഞ്ഞീം മുറീൽ കൊണ്ടത്തന്നതിന് ശേഷമാണ് അമ്മച്ചിയന്ന് റബറ് വെട്ടാൻ പോയത്. പതിവിലും വൈകിയാണ് ചേട്ടൻ അന്നു വന്നത്. വരുമ്പോൾ പാപ്പൻ ഹോട്ടലീന്ന് എനിക്ക് തരാൻ വാങ്ങിച്ച് കൊടുത്ത കപ്പേം പോത്തിറച്ചീം ഉണ്ടായിരുന്നു. അവൻ തന്നെയത് അടുക്കളേൽ വച്ചു. ടൗണീ പോവാണ് പറഞ്ഞ് പാപ്പന്റെ കൂടെ ഓട്ടോറിക്ഷേൽ കയറി പോയി. ഞാനപ്പോൾ വീണ്ടും അവരെ കുറിച്ചോർത്തു. അവര് അവരെ ഇഷ്ടത്തിന് ജീവിച്ചോട്ടേന്ന്. പക്ഷേ പാപ്പനെ ഓർത്തപ്പോൾ എനിക്ക് അടിവയറ്റീന്ന് പിന്നേമൊരു മീൻ മോളിലേക്ക് ഓടിക്കയറി. വെള്ളത്തിന്റെ മോളിലെത്തീട്ടത് കണ്ണും ചെകിളേം ഇളക്കി ശ്വാസമെടുത്തൂ. അതിന്റെ തലയപ്പോൾ ഇച്ചരെ കൂടെ മോളിലേക്ക് പൊന്തിനിൽക്കുന്നുണ്ടായിരുന്നു. എനിക്ക് സങ്കടം വന്നു. ഞാൻ മുറിയിൽ തന്നെ കിടന്നു. പിന്നെപ്പെഴോ ഉറങ്ങിപ്പോയി. എഴുന്നേറ്റപ്പോൾ നല്ല വെശപ്പായിരുന്നു. അടുക്കളേൽ ചെന്ന് വാട്ടിയ വാഴയിലേൽ പൊതിഞ്ഞ ബീഫും കപ്പേം എടുത്തു. രാവിലെ പൊതിഞ്ഞ് കെട്ടിയതിന്റെ പുളിപ്പുണ്ടായിരുന്നതു കൊണ്ട് ഞാനത് ചട്ടീൽ വെച്ചു ചുടാക്കി. ചൂട് തട്ടിയപ്പോൾ കുഴഞ്ഞുനിന്ന പോത്തെറച്ചി തെളിഞ്ഞുവന്നു. ഞാനപ്പോഴും പാപ്പനെ ഓർത്ത്. എന്തിനെനില്ലാതെ കണ്ണ് നെറഞ്ഞു. അടുക്കളേലെ നെലത്തിരുന്നു. കരഞ്ഞ് കരഞ്ഞ് നല്ല വെശപ്പായി. ഞാനൊറ്റയ്ക്കത് മുഴുവനും കഴിച്ചു.

""നെനക്ക് ഇപ്പോ വെശപ്പുണ്ടോ?''
""വെശപ്പില്ല. പക്ഷേ എനിക്കൊരു സിഗററ്റ് വലിക്കാൻ തോന്നുവാ. അന്നുണ്ടായ പോലൊരു വിറയലുമുണ്ട് വയറ്റീന്ന്. നീയിങ്ങനെ കെട്ടിപ്പിടിക്കുമ്പോൾ അത് കുറയുന്നുമുണ്ട്. എടീ, ഇലേ, ഇങ്ങനെ ഒരു മഴ ഞാൻ എന്റെ ജീവിതത്തീ നനഞ്ഞിട്ടില്ല. ഉടുപ്പ് ദേഹത്ത് ഒട്ടുന്നത് ആദ്യമായിട്ടല്ല. പക്ഷേ മഴ കൂടുന്തോറും എല്ലായിടത്തും മഴയിറങ്ങാണ്. ഹാ. ശരിക്കും മഴയ്ക്ക് വിരലുണ്ടെന്നാണ് തോന്നുന്നത്. എത്ര പതുക്കയാ അതെന്നെ തൊടുന്നത്.''

""അന്നമ്മോ, ഞാനിപ്പോൾ അപ്പനെ ഓർക്കുവാ. പാവം ഈ മഴയത്തും ആറ്റിൽ പോയിട്ടുണ്ടാവും. മഴക്കാലത്ത് രാത്രിലാണ് കൂടുതൽ മീൻ വന്ന് കേറുക. അവനുമുണ്ടാവും കൂടെ. രണ്ടുപേരും കൂടെ ഒരു വള്ളത്തിലാ പോവുക. അപ്പനും അവനും തിരിച്ച് വരുന്നതുവരെ ഞാനും അമ്മച്ചീം ഉറങ്ങാതിരിക്കും. അമ്മച്ചിയപ്പോൾ പഴയ കഥകൾ പറയും. അപ്പനെ പ്രേമിച്ച് ഒളിച്ചോടിയ കഥ. പത്തിരുപത് കൊല്ലം മുന്നത്തെ കഥയാണത്. അമ്മച്ചി വല്യമ്മച്ചിയെയും കൊണ്ട് ആശുപത്രീൽ നിൽക്കുമ്പോഴാണ് അപ്പനെ ആദ്യമായി കാണുന്നത്. അമ്മച്ചിയന്ന് നെടുങ്കണ്ടത്തായിരുന്നു. വല്യമ്മച്ചിക്ക് ആസ്ത്മ കൂടിട്ട് ആശുപത്രീൽ അഡ്മിറ്റായതാണ്. അപ്പാപ്പൻ അവരെ രണ്ടാളേം ഇട്ടേച്ച് അമ്മച്ചീടെ ചെറുപ്പത്തിൽ തന്നെ പോയതായിരുന്നു. നെടുങ്കണ്ടത്ത് തന്നെയുള്ള ഒരു വലിയ മാവിന് മോളിൽ കയറിയാണ് വല്യച്ഛൻ പോയത്. കാല് വേദന സഹിക്കാൻ പറ്റാണ്ട് തൂങ്ങിച്ചത്തതാന്നാ അമ്മച്ചി പറഞ്ഞത്. അതും കഴിഞ്ഞ് നാല് കൊല്ലം കഴിഞ്ഞപ്പോയാണ് സർക്കാർ ആശുപത്രീന്ന് അപ്പനെ കാണുന്നത്. അപ്പനന്ന് അവിടെ ആർക്കോ കൂട്ടിരിപ്പിന് വന്നതാ.

""കണ്ടും മിണ്ടീം ഞങ്ങളങ്ങ് സ്‌നേഹത്തിലായി.''
""അതിനെക്കുറിച്ച് അമ്മച്ചി പറഞ്ഞതിങ്ങനാണ്. വല്യമ്മച്ചീടെ ആസ്ത്മ മാറും മുൻപ് അപ്പൻ അമ്മച്ചീനേം കൂട്ടി മണിമലയാറ്റിലെത്തി. പാവം വല്യമ്മച്ചി ആരുമില്ലാതായി. പിന്നേതോ കുടുംബക്കാര് വന്ന് കൊണ്ടുപോയതാ. പക്ഷേ അമ്മച്ചിക്കതിൽ സങ്കടമൊന്നുമില്ല.''
""ഇരുപത്തിമൂന്ന് വയസായിട്ടും കല്യാണം നടന്നില്ലായിരുന്നു. പലരും വന്നു അപ്പന്റെ കൊണമറിഞ്ഞപ്പോൾ തിരിച്ചുപോയി. പിന്നെ ഇങ്ങനെ ഒരവസരം കിട്ടിയപ്പോൾ ഞാനൊന്നും ആലോചിച്ചില്ല.''

അമ്മച്ചി ചെയ്തത് കൊണക്കേടല്ലേ എന്ന് ചോദിക്കുമ്പോൾ ഇതാണ് പറയാറുള്ളത്. ആരുമില്ലാത്തവര് ഇങ്ങനെ തന്നെയാവും ജീവിതം. വല്യമ്മച്ചി മരിച്ചേന്റെ പിറ്റേന്നാണ് അമ്മച്ചി അവസാനമായി നെടുങ്കണ്ടത്ത് പോയത്. അന്ന് ഒക്കത്ത് ഞാനുമുണ്ടായിരുന്നു. ഒണ്ടായിരുന്ന ഏഴ് സെന്റ് പുരയിടം വല്യമ്മച്ചി സ്വന്തം അനിയത്തീടെ പേരിൽ എഴുതിവെച്ചിരുന്നു. അവരതിന് അർഹരാണ്. ആസ്ത്മ വന്ന വല്യമ്മച്ചീന്റെ തീട്ടോം മൂത്രോം വാരീതിന് കൂലി കൊടുത്തതാ. കഥ തീരുന്നതിന് മുൻപേ അപ്പനുമവനും കേറി വരും. ഞങ്ങള് മീൻ വൃത്തിയാക്കി കറി വെക്കാൻ അടുക്കളേൽ കയറും. അവൻ അപ്പോൾ തന്നെ പുറത്തേക്ക് പോവും. അപ്പൻ കുളിക്കാനും കയറും. ഞാനും അമ്മച്ചീം മീൻ വെട്ടി പുളിയിട്ട് കറിവെക്കും. മീനിന് പുളിപിടിച്ച് വെളുത്തുള്ളി മൂത്ത മണം വരുമ്പോൾ അവൻ കയറി വരും. അവനുള്ളത് മുഴുവൻ വയറ്റിലും, അപ്പനുള്ളത് ഒരു കുപ്പീലും കൊണ്ടാണ് ആ വരവ്. അപ്പനത് അടുക്കളേൽ ഇരുന്ന് തന്നെ കുടിക്കും. കുടിച്ച് തീരുന്നതിന് മുൻപ് ഞങ്ങള് കഞ്ഞീം മീങ്കറീം കഴിച്ച് തൊടങ്ങും. അപ്പനും അവനുമപ്പോൾ ആറ്റില് മീൻപിടിക്കാൻ പോയപ്പോഴുള്ള കഥ പറയും. അതിനെടേൽ അമ്മച്ചി അടുക്കളപ്പുറത്തൂടെ ലീനേന്ന് നീട്ടി വിളിക്കും. അപ്പാപ്പിയുടെ ഭാര്യയപ്പോൾ പുക പിടിച്ച കോലത്തിൽ അടുക്കള വാതിക്കല് വരും.

""അവനെന്തിയേ''
""അങ്ങെര് വന്നില്ല, മൂന്ന് ദെവസായി പോയിട്ട്.''
""അപ്പന്റെ കഞ്ഞിക്കൊപ്പമുള്ള ചോദ്യം പതിവാണ്. അമ്മായീടെ ഉത്തരവും അധിക ദിവസേം ഒന്നു തന്നാവും.
""ഞങ്ങക്കിച്ചെരെ ആറ്റുമീൻ കിട്ടി. നീയിതങ്ങ് എടുത്തോന്ന്'' പറഞ്ഞ് അമ്മച്ചി മീൻകറിയുടെ ചട്ടി അമ്മായിക്ക് നേരെ നീട്ടും, അമ്മച്ചീടെ കയ്യിലെ ചട്ടി വാങ്ങുമ്പോൾ അമ്മായി ഞങ്ങളെല്ലാരേം നോക്കി ചിരിക്കും. അവരെ മുന്നോട്ടുന്തിയ പല്ലപ്പോൾ ഊർന്നുവീഴുന്നത് പോലെ തോന്നും.
""ഞാനിത് കൊച്ചുങ്ങക്ക് കൊടുക്കട്ടെ.''
അമ്മായീടെ നീണ്ട കഴുത്ത് മതിലിനപ്പുറത്ത് നിന്നാണത് പറയുക.
""അവൻ നന്നാവത്തില്ല.''
അപ്പനതും പറഞ്ഞ് എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങും. അനിയനും ഞാനും മീങ്കറിക്ക് അടികൂടുമപ്പോൾ. അവസാനം അവന്റെ പ്ലേറ്റിലെ മീനും എനിക്ക് തരും.
""കൊതിച്ചി തിന്ന് തൂറ്.''
അതും പറഞ്ഞവൻ അരേന്ന് ഒരു ബീഡി എടുത്ത് കത്തിച്ച് അടുക്കളേടെ ജനലീക്കൂടെ ഊതിവിടും. അമ്മച്ചിയപ്പോൾ മുറ്റത്ത് ചെന്ന് അപ്പന് അടുത്തിരിക്കും. ഇച്ചിരെ മുറ്റമാണേലും അപ്പൻ മുളവച്ച് കെട്ടിയൊരു ബെഞ്ചുണ്ട്. മുറ്റത്ത് നെറച്ചും ആറ്റുമണൽ വാരി ഇട്ടിട്ടുണ്ട്. അമ്മച്ചീടെ കോറേ ചെടീം, ഒരു കപ്ലങ്ങാ മരോം വല്ലപ്പോഴും പൂവിടുന്നോരു റോസാച്ചെടിയും ഉണ്ട്. തൊട്ടപ്പുറത്താന്ന് ഈപ്പൻ കുഴി. ▮

(തുടരും)​​​​​​​


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


റിഹാൻ റാഷിദ്

നോവലിസ്​റ്റ്​. സമ്മിലൂനി, അഘോരികളുടെ ഇടയിൽ, ലക്ഷദ്വീപ് ഒരു സൂഫി ലാൻറ്​, ഡോൾസ്, പ്രണയ ജിന്നുകൾഎന്നിവ പ്രധാന കൃതികൾ.

Comments