ചിത്രീകരണം: സുധീഷ്​ കോ​ട്ടേ​മ്പ്രം

നെെതികമണ്ഡലം

അധ്യായം: 10 ഹോളോകോസ്റ്റ്

‘കോളനി ഭരണത്തിനൊടുവിൽ ലോകം കണ്ടതിൽവെച്ച് ഏറ്റവും വലിയ ഭക്ഷ്യക്ഷാമം അതിജീവിച്ചവരാണ് ബംഗാളികൾ. പട്ടിണി ഇതിനെക്കാൾ രൂക്ഷമായി മറ്റൊരു നാട്ടുകാരും അനുഭവിച്ചിട്ടില്ല. കൊളോണിയലിസത്തിന്റെ നികൃഷ്ടമായ മനുഷ്യനിർമിത ഹോളോകോസ്റ്റായിരുന്നു അത്; 1943’ - ഈ അഭിപ്രായം പങ്കുവച്ച പ്രശസ്ത ചരിത്രകാരി മധുശ്രീ മുഖർജി ബെഹാല ചൗരംഗിയിലെ ഒബ്‌റോയ് ഗ്രാൻഡ് ഹോട്ടലിൽ തങ്ങുന്നുണ്ടെന്ന വാർത്തയുമായാണ് വീരഭൈരപ്പ എത്തിയത്. ബംഗാളിലെ ഭക്ഷ്യക്ഷാമത്തെക്കുറിച്ച് വിവാദപുസ്തകമെഴുതിയ മുഖർജി ജർമനിയിലാണ് താമസം. ക്ഷാമം നേരിട്ട് അനുഭവിച്ച അമ്മയുടെ അനുഭവവിവരണമാണ് അവരെ ബംഗാൾ ക്ഷാമത്തിന്റെ ഉള്ളറകളിലേക്ക് കടക്കാൻ പ്രേരിപ്പിച്ചത്.
‘മധുശ്രീ മുഖർജിയെ നേരിട്ടുകാണാൻ കഴിയുന്നത് ഭാഗ്യമാ. സ്വദേശം കൊൽക്കത്തയാണെങ്കിലും വല്ലപ്പോഴുമേ വരൂ. തിരക്കുള്ള എഴുത്തുകാരിയും പ്രഭാഷകയും. തന്റേടമുള്ള ചരിത്രകാരിയാ. ഒരു പെണ്ണെന്ന നിലയിൽ അഭിമാനം തോന്നുന്ന വർക്ക് ഉണ്ട്.’ അഥീന വിലയിരുത്തലോടെ താൽപര്യം അറിയിച്ചു.

‘ക്ഷാമത്തെ അവർ എങ്ങനെ നിർവചിച്ചെന്നാ പറഞ്ഞേ’? ഉമ്മിണി തലനീട്ടി.
‘Man made Holocaust’‘Wonderful! How?' ഉമ്മിണി വാതുറന്നപ്പോൾ നാവും നിവർന്ന് കണ്ടു.‘What’? Famine?‘No....’
‘മധുശ്രീയെ കാണുവാൻ നമ്മെ ആര് സഹായിക്കും’?
‘ജോജീ.... ഒന്നാലോചിക്ക്’
“ഭൈരപ്പക്ക് ഇങ്ങനെ സമാധാനം കെടുത്താൻ മാത്രമേ അറിയൂ.”‘Who told you about her’? അഥീന ഭൈരപ്പയോട് ചോദിച്ചു.‘From todays newspaper, only, By Guess, I took Obreoy’s no and confirmed.’‘Good investigator’

ഭൈരപ്പ തലകുനിച്ച് അഭിനന്ദനം ഏറ്റുവാങ്ങി.

ജോജി മറ്റൊരു വിവരം അറിയിച്ചു; ‘അവർ മൂന്നുമണിക്ക് മുറി വെക്കേറ്റ് ചെയ്യുമത്രെ.’
‘ഹൊ കൃത്യം രണ്ടുമണിക്കൂറുമാത്രം’
‘എന്തുവേണം’‘Come on, hurry up’

ഊബർ മൂന്നു മിനിറ്റുകൊണ്ട് വണ്ടി എത്തിക്കാമെന്നേറ്റു.
ഡ്രൈവർ സുഷുതോഷ്.
വെളുത്ത ചുണ്ടെലിയുടെ മുഖംപോലുള്ള സുഷുതോഷിനോട് ഭൈരപ്പ പറഞ്ഞു; ‘ഒബ്‌റോയിലേക്ക് കഴിയുന്ന വേഗം എത്തിക്കണം. കട്ട് റോഡുണ്ടെങ്കിൽ അത് തെരഞ്ഞെടുത്തോളൂ. പൈസ കാര്യമാക്കണ്ട’.
ഭൈരപ്പയുടെ ഹിന്ദി മനസ്സിലാവാൻ കുറച്ച് സമയമെടുത്തെങ്കിലും അവൻ പറഞ്ഞു; ‘വലിയ ട്രാഫിക്കായിരിക്കും, ഈ സമയം. എന്നാലും നോക്കട്ടെ.’
ഫൈവ് പോയിൻറ്​ ക്രോസിംഗ്, ത്രീ പോയിൻറ്​ ക്രോസിംഗ് എന്നിങ്ങനെ റോഡുകൾ നീണ്ടുപോയി. കരിമ്പിന്റെ മണമുള്ള ഒരു ഗല്ലി കടന്നു. എല്ലാവരും ടെൻഷനിലായിരുന്നതിനാൽ ആരും ഒന്നും മിണ്ടിയില്ല. തല പുറത്തിട്ട് നോക്കുക മാത്രമാണ് ചെയ്യുന്നത്. എന്നാൽ ഒരിടത്തും കാഴ്ച ഉറയ്ക്കുന്നില്ല.

ആളെ ഇരുത്തി ഉന്തുവണ്ടി വലിക്കുന്നവർ ഇടയ്ക്ക് ബ്ലോക്കുണ്ടാക്കി. സുഷുതോഷ് അവരെ ചില്ലുതാഴ്​ത്തി തെറി പറഞ്ഞു. ട്രാമിന്റെ ഡ്രൈവറെ രൂക്ഷമായി നോക്കി ദേഷ്യം പ്രകടിപ്പിക്കുകയും ഫോണിൽ അടുത്ത ട്രിപ്പിനായി വന്ന കോൾ അവൻ കട്ട് ചെയ്യുകയും ചെയ്തു.

ഭൈരപ്പ മധുശ്രീയെക്കുറിച്ചാലോചിച്ചു.
ചിക്കാഗോയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ നേടിയ ഗവേഷണ ബിരുദം വലിച്ചെറിഞ്ഞ് ആൻഡമാനിലെ മനുഷ്യരോടൊപ്പം കൂടിയവൾ. പിന്നീടാണ് ക്ഷാമകാലത്തെക്കുറിച്ച് പഠിച്ചത്. അതാകട്ടെ, ബംഗാൾ ക്ഷാമത്തിന്റെ അന്നുവരെ നിലവിലിരുന്ന ധാരണ തിരുത്താൻ പോന്നതായി. നിഷ്‌കളങ്കമായ പ്രകൃതിയുടെ വിളയാട്ടമായിരുന്നില്ല ക്ഷാമമെന്ന് മധുശ്രീ കണ്ടെത്തി. ബംഗാൾ ക്ഷാമത്തിനു പിന്നിൽ മറഞ്ഞിരുന്ന വില്ലനെ അവർ പുറത്തുകൊണ്ടുവന്നു. വിൻസ്റ്റൺ ചർച്ചിൽ! 1942ന്റെ മദ്ധ്യത്തിൽ ബംഗാളിന്റെ കിഴക്കുഭാഗത്തുനിന്ന് ശക്തമായ ചുഴലിക്കൊടുങ്കാറ്റ് രംഗപ്രവേശം ചെയ്ത് തീരപ്രദേശത്തെ നക്കിക്കൊണ്ടുപോയി. തൊട്ടുപിന്നാലെ അപകടകാരിയായ കീടാണു - ബിൽമിന്തോസ് പോറിയം ഒറൈസ - മൊത്തം വിളകളെ ആക്രമിക്കുകയും ചെയ്തു. എന്നാൽ ഈ ചുഴലിക്കൊടുങ്കാറ്റോ ഫംഗസോ ആയിരുന്നില്ല ക്ഷാമത്തിന്റെ യഥാർത്ഥ കാരണം.
ക്ഷാമം ചർച്ചിലിന്റെ സംഭാവനയായിരുന്നു.

വിളകൾ ചിലവ നശിച്ചു. ബാക്കിയുള്ളവ കാലേക്കൂട്ടി കൊയ്യിച്ചു. ധാന്യസംഭരണം നടന്നു. വിളവ് മുഴുവൻ കടത്തിക്കൊണ്ടുപോയി. കൃഷിയില്ല... ഭക്ഷണമില്ല. വിലക്കയറ്റം രൂക്ഷം. ബംഗാളി ഗ്രാമങ്ങൾ മുഴുപ്പട്ടിണിയിൽ. ധാന്യശാലകൾ അടച്ചു. ചുഴലിക്കാറ്റ് വീണ്ടും പ്രവചിക്കപ്പെട്ടതോടെ ഗ്രാമങ്ങളെ ഭരണസംവിധാനം കൈയ്യൊഴിഞ്ഞു. കൽക്കത്ത നഗരം മാത്രം സംരക്ഷിക്കപ്പെട്ടു.
അനാഥമായ ഗ്രാമങ്ങളിൽ നിലവിളിയും കൂട്ട പലായനങ്ങളും പതിവായി.
ജനങ്ങൾ വിശപ്പുകൊണ്ട് ചത്തുവീണു.

ഗ്രാമീണർ സംഘടിച്ച് നഗരങ്ങളിലേക്ക് ചേക്കേറാനാരംഭിച്ചു. സാമഗ്രികളും കൈക്കുഞ്ഞുങ്ങളുമായുള്ള നീണ്ട നടത്തത്തിനിടയിൽ പലരും വെള്ളം കിട്ടാതെ കുഴഞ്ഞുവീണു. വഴിയോരങ്ങളിൽ ശവങ്ങൾ സാധാരണ കാഴ്ചയായി. ജീവനറ്റ അങ്ങാടികളിലും ബ്രിട്ടീഷ് മന്ദിരങ്ങളുടെ ചുറ്റിലും പട്ടിണിക്കോലങ്ങൾ അരിച്ചുനടന്നു. ശവങ്ങൾ മറവുചെയ്യാൻ പ്രത്യേക ജീവനക്കാരെ നിയോഗിക്കേണ്ടിവന്നു. കറുത്ത കോലങ്ങളുടേതാണ് ബംഗാളെന്ന് പത്രങ്ങൾ എഴുതിയപ്പോൾ ക്ഷാമം എന്നുപയോഗിക്കുന്നത് വിലക്കി.
ക്ഷാമത്തിന്റെ ഇരുപത്തെട്ടാം നാൾ ഇന്ത്യൻ വൈസ്രോയി വെവെൽ നിർദ്ദേശിച്ച, ഗ്രാമങ്ങളിലേക്ക് ഭക്ഷണം എത്തിച്ചുകൊടുക്കാനുള്ള നടപടിക്കായുള്ള കത്ത് വിൻസ്റ്റൺ ചർച്ചിൽ ഒരു തമാശയോടെ നിരസിച്ചു. ‘ഈ വലിയ ക്ഷാമത്തിലും ഗാന്ധിജി മരിച്ചിട്ടില്ലല്ലോ!’
ഇംഗ്ലണ്ടിന്റെ അന്നത്തെ ഇറക്കുമതിക്കണക്കുകളിലേക്ക് മധുശ്രീ കണ്ണയച്ചപ്പോൾ ഞെട്ടിക്കുന്ന നെറികേടുകൾ പുറത്തുവന്നു. ധാന്യശേഖരണം നടത്തിയ കമ്പനി കോർപ്പറേറ്റ് കയറ്റുമതിയിലൂടെ രണ്ടാംലോകയുദ്ധത്തിലെ സഖ്യകക്ഷി സൈനികരെ തീറ്റിപ്പോറ്റുകയായിരുന്നു. യുദ്ധം കൊണ്ടുവന്ന ക്ഷാമം! തൊട്ടുമുമ്പത്തെ വർഷത്തേതിനേക്കാൾ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുടെ ബജറ്റ് മൂന്നിരട്ടിയായതെങ്ങനെ? മുമ്പെങ്ങുമില്ലാത്ത വിധമുള്ള ധാന്യശേഖരണത്തിന്റെ ആസൂത്രണത്തിനു കാരണമെന്ത്? ധന യാഥാസ്ഥിതികത്വത്തിനു പേരുകേട്ട കമ്പനി വിപരീത നയങ്ങൾ ധൃതിപിടിച്ച് നടപ്പിലാക്കിയതെന്തിന്? നാലു മില്യൻ ഗോതമ്പ് ഇംഗ്ലണ്ടിലേക്ക് കയറ്റുമതി ചെയ്തതെന്തിന്? ഓസ്‌ട്രേലിയയിൽ നിന്നു വന്ന ഗോതമ്പു വഹിച്ച ചരക്ക് കപ്പൽ ഇന്ത്യൻ തുറമുഖത്ത് അടുപ്പിക്കാതിരുന്നതെന്തിന്? ബംഗാൾ ജനത അനുഭവിച്ച ക്ഷാമം കൃഷിനാശമോ ചുഴലിക്കാറ്റോ ഗ്രാമീണരുടെ പിടിപ്പുകേടോ ഫംഗസോ കൊണ്ട് ഉണ്ടായതല്ല. അത് ആസൂത്രിതമായ കൂട്ടക്കൊലയായിരുന്നു. ചർച്ചിൽ കോളനിഇന്ത്യയുമായി നടത്തിയ രഹസ്യയുദ്ധം. ഒരുവർഷം കൊണ്ട് നാൽപ്പത് ലക്ഷംപേരെ കൊന്നൊടുക്കിയ ക്രൂരത.

ഒഴിഞ്ഞ വയലുകളിൽ ദേഹത്ത് എല്ലുമാത്രം എറിച്ചുനിൽക്കുന്ന കർഷകർ കൂട്ടത്തോടെ എത്തി. ഒരു ധാന്യമണി പോലും ബാക്കിയില്ലാത്തവർ. വയലിലേക്ക് പറന്നുവന്ന പ്രാണികൾ അവരുടെ ദേഹത്തുതട്ടി വീണു. പച്ചനിറത്തിലുള്ള പ്രാണിയെ വായിലിട്ടുതിന്നാനും അവർക്ക് മടിയുണ്ടായില്ല. പിന്നീട് മരത്തിൽ തുണികെട്ടി പ്രാണികളെ പിടിക്കുന്നതും പതിവായി. പൊരിക്കാൻ പോലും കാത്തുനിൽക്കാതെ പ്രാണികളെ അവർ ചവച്ചരച്ചു.

ഷപൂരപോതെ ഗ്രാമം.
മുസൽമാനായ കുടുംബനാഥനെ ദിവസങ്ങളായി കാണാനില്ല.
രണ്ടു മക്കളുണ്ട്. പുകയാതെ അടുപ്പിനു മുന്നിൽ അവന്റെ പെണ്ണ് ഇരുന്നു കരഞ്ഞു. ഭർത്താവ് എന്താണ് തിരികെയെത്താത്തത്? ഞങ്ങളുടെ അവസ്ഥ കാണുന്നില്ലേ! ഈ കുട്ടികളെ ഞാനെന്തു ചെയ്യും? ജീവിക്കാൻ ഒരു നിവൃത്തിയുമില്ല. ആരും ഒന്നും പറയുന്നില്ല. എന്റെ നാഥന് എന്തുപറ്റിയെന്ന് പറയൂ. ഭർത്താവ് കാഷായ നദിയിൽ തിരികെ വരുമ്പോൾ തോണി മറിഞ്ഞ് മുങ്ങിമരിച്ചതായി നദി അവളോടു പറഞ്ഞു. നദികൾ സത്യം പറയുന്നു. അവൾക്ക് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. മൂത്തമകനെ യാചനത്തിനു പറഞ്ഞയച്ച് ചെറിയ കുഞ്ഞിനെ കാഷായ നദിയിലേക്ക് എടുത്തെറിഞ്ഞ് അവൾ നദിയിലെ ഭർത്താവിനോട് പറഞ്ഞു: ‘നമ്മുടെ മകന് വല്ലതും കൊടുക്കണേ. ദിവസവും വേണ്ട. രണ്ടോ മൂന്നോ ദിനം കൂടുമ്പോൾ ഇത്തിരി വറ്റ്....’

കൽക്കത്തയിലെ കെട്ടിടങ്ങളിൽ നിന്ന് നോക്കിയാൽ ദൂരെ ഗ്രാമങ്ങളിൽ നിന്ന് ആളുകൾ കൂട്ടത്തോടെ വരുന്നതു കാണാം. നഗരത്തിലെ സൗഭാഗ്യരോട് അന്നമോ പണമോ വാങ്ങാമെന്ന ധാരണയിലാണ് വരുന്നത്. അതിർത്തിയിൽ പോലീസ് നിൽക്കുന്നുണ്ടാവും. നീണ്ട വടികൊണ്ട് അവരെ ഓടിക്കാൻ ശ്രമിക്കും. ചിലർ തല്ലുകൊണ്ടാലും പോലീസിന്റെ കുപ്പായം കീറിപ്പറിക്കും. മർദ്ദനത്തിൽ വീഴുന്നവന്റെ സഞ്ചിയിലെ പാത്രത്തിലെ വെള്ളമെടുത്ത് ആർത്തിയോടെ കുടിക്കും. ഇത് ബംഗാളി നാടോടിക്കഥയായി ഫോക്‌ലോറിസ്റ്റുകൾ കണ്ടെടുത്തു. ജീവിതസംഭവമായി പരിഗണിക്കാൻ എന്തുകൊണ്ടോ പലരും തയ്യാറായിരുന്നില്ല.

ജവഹർലാൽ നെഹ്‌റു റോഡിലെത്തുമ്പോഴേയ്ക്കും ഒന്നരമണിക്കൂർ പിന്നിട്ടിരുന്നു. തിരക്കുപിടിച്ച ഹോണടികൾകൊണ്ട് അവരുടെ ചെവികൾ നിറഞ്ഞു. ഡ്രൈവർ സുഷുതോഷ് പ്രതീക്ഷ കൈവിട്ടിരുന്നില്ല. വാഹനങ്ങൾ ഒന്നൊന്നായി മുട്ടിയുരുമ്മി നീങ്ങുന്നു. ഒരിഞ്ച് മുന്നോട്ടെടുക്കാൻ എട്ടും പത്തും മിനിറ്റുകൾ കഴിയണം.
‘ഇറങ്ങി നടന്നാലോ’ അഥീന അക്ഷമയായി. ഭൈരപ്പ ചുണ്ടുകടിച്ചിരുന്നു.

ഒബ്‌റോയ് ഗ്രാൻഡിലെത്തിയതും ഭൈരപ്പ ചാടിയിറങ്ങി. ‘വാടക നിങ്ങൾ കൊടുക്ക്. ഞാൻ പോയി ചോദിക്കട്ടെ’ അവൻ ഓടിയിറങ്ങി. ഇൻചെയ്ത ഷർട്ട് പുറത്തേക്കു ചാടി. റിസപ്ഷനിലെ ഗ്ലാസ്‌ഡോർ തുറന്നു. അഥീനയും ഉമ്മിണിയും ജോജിയും കാറിൽനിന്നിറങ്ങി. ഒബ്‌റോയുടെ പടികളിലെത്തിയപ്പോൾ കണ്ണുനിറഞ്ഞ് ഭൈരപ്പ. ‘എന്തുപറ്റി’?
‘ചരിത്രകാരി പറ്റിച്ചു. നേരത്തേ ഇറങ്ങിയിരിക്കുന്നു!’
‘എവിടേക്ക്?’
‘എയർപോർട്ടിലേയ്ക്ക്’
‘എന്നാൽ നേരെ വിടാം എയർപോർട്ടിലേക്ക്’
മറ്റൊരു വാഹനം കണ്ടെത്തി എയർപോർട്ടിലേക്ക് കുതിക്കുമ്പോൾ അവർ ഓരോരുത്തരും സ്വയം ആലോചിച്ചു. ചരിത്രകാരിയുടെ പിറകേ ഇങ്ങനെ പോകുവാൻ പ്രേരിപ്പിക്കുന്നതെന്താണ്? ബംഗാളികൾ - 1943ൽ ക്ഷാമം അനുഭവിച്ചവർ - തങ്ങളുടെ ആരുമല്ലാതിരുന്നിട്ടും അവരുടെ ഇന്നലെകളിലേക്ക് സഞ്ചരിക്കുന്നവർ. തെറ്റിപ്പോകുമായിരുന്ന ചരിത്രത്തെ ശരിയായി കണ്ടെത്താൻ സഹായിക്കുന്നതല്ലേ ചരിത്രനീതി?

ക്ഷാമകാലത്ത് ബംഗാൾ നേതാക്കൾ ചേർന്ന് ബ്രിട്ടീഷ് സർക്കാരിനെതിരെ സമാന്തര ഗവൺമെൻറ്​ പ്രഖ്യാപിച്ചു. ദുർബലമായ ഒരു പ്രതിരോധം. പരിഹാരത്തിനായി അവർ ശ്രമിച്ചു. തകർന്നുപോകുന്ന മനുഷ്യർക്ക് താങ്ങാവാനാവുമോ എന്നാലോചിച്ചു. പ്രാദേശികമായ നാട്ടുകൂട്ടങ്ങളുണ്ടാക്കി സാധനസാമഗ്രികൾ വിതരണം ചെയ്തു. എന്നാൽ സമാന്തര ഗവൺമെൻറ്​ എന്ന പ്രവർത്തനം ഇന്ത്യൻ സമരശൈലിക്ക് വിരുദ്ധമായതിനാൽ ഗാന്ധിജി പിരിച്ചുവിടാൻ ആവശ്യപ്പെട്ടു.

അവരൊന്നും മറ്റൊന്നും കാണുന്നുണ്ടായിരുന്നില്ല. വാഹനങ്ങൾ കാണുന്നില്ല. ട്രാഫിക് അറിയുന്നില്ല. മുമ്പിൽ ചരിത്രത്തിലെ ഒരു വഴിക്കണക്കിന്റെ ക്രിയ പൂർത്തിയാക്കിയ മുഖർജി മാത്രം.
‘അവരെ ഒന്ന് കണ്ടാൽ മാത്രം മതി. സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലും കുഴപ്പമില്ല’ അഥീന നിരാശയോടെ പറഞ്ഞു. എയർപോർട്ടിന്റെ ട്രാഫിക്‌സോണിൽ വണ്ടിനിർത്തി ഇറങ്ങുമ്പോൾ ഭൈരപ്പ ഇത്തവണയും ഇറങ്ങിയോടുമെന്നു കരുതി. എന്നാൽ എവിടെ അന്വേഷിക്കണമെന്നറിയാതെ അവനും വിഷമിക്കുകയായിരുന്നു. പ്രവേശനകവാടത്തിൽ ട്രോളിബാഗുകളുമായി ക്യൂവിൽ നിൽക്കുന്ന യാത്രക്കാർ, കുടുംബങ്ങൾ, കുട്ടികൾ, വിവിധ നാട്ടുകാർ, വിവിധ ഫാഷൻ വസ്ത്രങ്ങൾ. ഭൈരപ്പ അവിടേക്ക് നോക്കി.

ഐ.ഡികാർഡും യാത്രാടിക്കറ്റും പരിശോധിച്ച് അകത്തേക്ക് കടത്തിവിടുന്ന സെക്യൂരിറ്റി. അകത്തേക്ക് കടത്തിവിടുമെന്നു തോന്നുന്നില്ല.
അതല്ലാതെ മറ്റൊന്നും ചെയ്യാനില്ല. മറ്റ് മൂന്നുപേരും അലസമായി നടക്കാൻ തുടങ്ങി. പെട്ടെന്ന് സെക്യൂരിറ്റിയോട് യാത്രാടിക്കറ്റും പാസ്‌പോർട്ടും കാണിച്ച് ചെറുചിരിയോടെ അകത്തേയ്ക്കു കടക്കുന്ന മധുശ്രീ മുഖർജിയെ ഒറ്റനോട്ടം കണ്ടു. ഭൈരപ്പ അലറിവിളിച്ച് കൈകാണിച്ചു. ‘മധുശ്രീമാം....’ അവർ തിരിഞ്ഞുനോക്കുമെന്നു കരുതി. എന്നാൽ ഭൈരപ്പയുടെ ശബ്ദം കേൾക്കാവുന്നതിനേക്കാൾ അകലത്തിലായിരുന്നു അവർ. ചെറുപുഞ്ചിരിയോടെ അവർ അകത്തേയ്ക്ക് നടന്നുപോയി.‘Don’t worry Bhairappa’ അഥീന അവനെ തലോടി. അൽപ്പദൂരം നടന്ന് അവർ സിമന്റുതിട്ടിലിരുന്നു.

‘വലിയ ഫാസിസ്റ്റ് ആരെന്ന് ആലോചിക്കുകയാണ്.
​ഹിറ്റ്‌ലർ 60 ലക്ഷം പേരെ കൊന്നൊടുക്കിയത് പന്ത്രണ്ട് വർഷമെടുത്താണ്. കമ്പോഡിയയിലെ പോൾപോട്ട് നാല് വർഷമെടുത്ത് 20 ലക്ഷം. വിൻസ്റ്റൺ ചർച്ചിൽ ഒരുവർഷംകൊണ്ട് 40 ലക്ഷം പേരെ പട്ടിണിക്കിട്ടു കൊന്നിരിക്കുന്നു.’ അഥീന ചർച്ചക്ക് തുടക്കമിടുന്നു.
‘എത്ര പെട്ടെന്നാണ് ഹിറ്റ്‌ലർ പാവമായിത്തീരുന്നത്!’
‘ചിത്തൊപ്രൊസാദിനൊപ്പം സുനിൽജാന എടുത്ത ക്ഷാമകാല പടങ്ങൾ കണ്ടിട്ടുണ്ട്’ ജോജി കൂട്ടിച്ചേർത്തു.
‘പലാശ് ആർഘോഷും ഉത്‌സറേയും കൂട്ടക്കുരുതിയാണെന്നു തന്നെ കരുതുന്നു, ഇപ്പോൾ നിരവധി പേർ...’
‘ബംഗാളിയെ 60 വർഷം പിന്നോട്ടുകൊണ്ടുപോയ നിർമിതബുദ്ധിയായിരുന്നു അത്.’

‘എന്നാൽ മധുശ്രീയെ ഇംഗ്ലണ്ടിലെ കൺസർവേറ്റീവ് പാർട്ടിക്കാർ ഇന്നും ആദരവോടെ കാണുന്നു. ഇത് തന്ത്രമാണോ അതോ അംഗീകാരമാണോ’?
‘അത് പറയാൻ ബുദ്ധിമുട്ടാണ്.’‘Yes very difficult to....’
‘ങേ! ഭൈരപ്പ മലയാളം പഠിച്ചിരിക്കുന്നു.’ മൂവരും ഒരുമിച്ചു പറഞ്ഞു.
അവൻ വിഷാദത്തിൽതന്നെ. തിരികെ ഹോട്ടലിലേക്ക് യാത്രതിരിക്കവെ അതൊരു യാത്രയായി അവർക്ക് തോന്നിയില്ല. എന്നാൽ ഓർക്കുമ്പോൾ അവർ ചെലവഴിച്ച സമയം നിഗൂഢമായി അവരെ ഉറ്റുനോക്കി. ഭൈരപ്പയെ സമാധാനിപ്പിക്കേണ്ടതെങ്ങനെയെന്ന് ഓരോരുത്തരും ചിന്തിച്ചു. വിഷമിക്കേണ്ട ഭൈരപ്പ. മധുശ്രീക്ക് ഇ-മെയിൽ അയക്കാം. [email protected] ഇതാണ് അവരുടെ മെയിൽ ഐഡി. അഥീന മൊബൈൽ കാണിച്ച് പറഞ്ഞു. ഭൈരപ്പ അത് കേൾക്കുന്നുണ്ടായിരുന്നില്ല. അവനും സമയത്തിന്റെ നിഗൂഢമായ ഉറ്റുനോക്കലിന് കീഴ്‌പ്പെട്ടിരുന്നു. ▮

(തുടരും)


സി. ഗണേഷ്

കഥാകൃത്ത്​, നോവലിസ്​റ്റ്​. തുഞ്ചത്തെഴുത്തച്​ഛൻ മലയാളം സർവകലാശാലയിൽ ക്രിയേറ്റീവ് റൈറ്റിംഗ് അധ്യാപകൻ.ക്രിയാത്മക കഥാപാത്രങ്ങൾ, നനഞ്ഞ പതിവുകൾ, ചിങ്ങവെയിലിനെ തൊടാമോ, ചങ്ങാതിപ്പിണർ, കേരള ഭക്ഷണത്തിന്റെ സംസ്​കാര ചരിത്രം, കാണം വിറ്റും ഓണം ഉണ്ണണോ എന്നിവ പ്രധാന കൃതികൾ.

Comments