ചിത്രീകരണം: സുധീഷ്​ കോ​ട്ടേ​മ്പ്രം

നെെതികമണ്ഡലം

അധ്യായം 11 : നക്‌സൽബാരി

Silence! Here sleeps my brother. Don't stand by him with a pale face and a sad heart. For He is laughter! Don't cover his body with flowers, What is the use of adding flowers to a flower? If you can, Bury him in your heart. You will find all the twittering of the bird of the heart Your sleeping soul has woken up. If you can, shed some tears. And- All the blood of your body.
(സ: പ്രബിർ റോയ് ചൗധരി പൊലീസുകാരാൽ കൊല്ലപ്പെട്ട വാർത്തയറിഞ്ഞ കൽക്കത്തയിലെ പ്രസിഡൻസി ജയിലിലെ തടവുകാർ കല്ലുകൊണ്ട് സെൽമുറിയിൽ എഴുതിയിട്ട കവിത)

കൊൽക്കത്തയിൽ നിന്ന് നക്‌സൽബാരിയിലെത്താൻ 11 മണിക്കൂറെടുത്തു.
ഹൂഗ്ലിനദിക്ക് മുകളിൽ ദക്ഷിണേശ്വർപാലത്തിലൂടെ കുതിക്കുന്ന വണ്ടി. സരവണന്റെ പെരുമാറ്റമായിരുന്നു അപ്പോൾ എല്ലാവരും ശ്രദ്ധിച്ചത്. എല്ലാവരും തന്നെ ശ്രദ്ധിച്ച സ്ഥിതിക്ക് തന്റെ അന്വേഷണത്തെക്കുറിച്ചുതന്നെ പറയാമെന്നവന് തോന്നി. അഥവാ അന്വേഷണത്തിന്റെ അവസാനത്തെക്കുറിച്ച്. സ്ഫുടമലയാളത്തിൽ തന്നെയാണ് അവൻ പറഞ്ഞത്.

‘കുറച്ചുനാളായല്ലോ ബംഗാളികളെ കാണാൻ തുടങ്ങിയിട്ട് ഇപ്പോൾ എനിക്ക് തോന്നുന്നു. വൈരുദ്ധ്യങ്ങളേയില്ലാത്തവരാണ് ഇവരെന്ന്.’
‘അതെന്താ’
‘നമ്മൾ പറയുന്ന വൈരുദ്ധ്യമുണ്ടല്ലോ. അവയൊന്നും ഒരു തരത്തിലും ഇവരെ സ്പർശിച്ചിട്ടേയില്ല.’
‘എന്നുവച്ചാൽ’?
‘ജീവിക്കുന്ന നിമിഷത്തിൽ ഏറ്റവും സത്യസന്ധരായ മനുഷ്യർ. കാളിപൂജ നടത്തുമ്പോൾ ഭക്തിയോട് ആത്മാർത്ഥത. പാർട്ടി പ്രവർത്തകനാവുമ്പോൾ പാർട്ടിയോട് പ്രതിബദ്ധത. സിനിമ കാണുമ്പോൾ ആസ്വാദനത്തോടുള്ള ഉത്തരവാദിത്തം. ഫുട്‌ബോൾ കളിക്കുമ്പോൾ പ്രതിപത്തി. പന്തിനോടുമാത്രം.... എന്തിനാണ് അനാവശ്യമായി ഇവ തമ്മിൽ കൂട്ടിക്കലർത്തുന്നത്? ചരിത്ര സംസ്‌കാരജീവിയായി മനുഷ്യനെ കാണുന്നവർക്ക് ബംഗാളികളാണ് കൂടുതൽ ശരിയെന്ന് സമ്മതിക്കേണ്ടിവരും.’
‘സരവണാ... അപ്പോൾ പറഞ്ഞുവരുന്നത്....?’
‘അതെ, ഞാനെന്റെ പഠനം ഇവിടെവച്ചു നിർത്തുകയാണ്.’
‘അതെന്തിന്? ബംഗാളികളെക്കുറിച്ചുള്ള ക്രിട്ടിക്കൽ അനാലിസിസിന്റെ പ്രൊപ്പോസൽ തയ്യാറാക്കിയതല്ലേ നീ.... ഇത് കൂടി ചേർത്ത് വിപുലപ്പെടുത്തി അയക്ക്. ഓറിയന്റൽ സംസ്‌കാരവിഭാഗം ഫണ്ട് തരും.’

‘ഇങ്ങനെ പഠിക്കുന്നതിന് പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല. ബംഗാളികളെക്കുറിച്ച് ചിലർ നല്ലതുപറയും. മറ്റു ചിലർ തിരിച്ചും. നിങ്ങൾ കേരളക്കാർ എപ്പോഴും നല്ലതുമാത്രം ചൊരിഞ്ഞുകൊണ്ടിരിക്കും. ആരെന്തുപറഞ്ഞാലും’!
‘അതെന്തുകൊണ്ടായിരിക്കും?’
‘അത് ഒരാൾക്കും കണ്ടെത്താൻ കഴിയുമെന്നു തോന്നുന്നില്ല. നരവംശശാസ്ത്രമൊക്കെ പഠിച്ചു തോറ്റുപോയതാണ്. ബംഗാളത്തോട് ഒരു ശസ്ത്രക്രിയക്ക് ഞാനേതായാലും തയ്യാറല്ല.’

താഴെ നിന്ന് അഥീന ഇടപെട്ടു. ‘കുറേക്കാലം മുമ്പൊക്കെ കേരളം ബംഗാളാവണമെന്ന് ആഗ്രഹിച്ചിരുന്നു. ഇപ്പോൾ ബംഗാൾ കേരളമായിക്കിട്ടണമെന്ന് ഇവർ ആഗ്രഹിക്കുന്നുണ്ടാവുമോ?’
സരവണൻ അതർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞു. വാദപ്രതിവാദത്തിൽനിന്നുള്ള പിൻവാങ്ങൽ നയം അവൻ സ്വീകരിച്ചുകഴിഞ്ഞു.
ഉമ്മിണിയും ജോജിയും സുമയും ഉൾക്കൊണ്ട് ചിരിച്ചു. എഞ്ചിനും പാളങ്ങളും താളമിട്ടു.

വണ്ടി ക്രോസിംഗിനായി പിടിച്ചിട്ടിരിക്കുന്നു.
ഗംഗാനദിയുടെ വിശാലമായ ഹൃദയം പുറത്ത് കണ്ടു. വംഗദേശത്തെ നനച്ചെടുക്കുന്ന ഗംഗ.
‘സരവണാ, നീയിനി എന്തുചെയ്യാൻ പോകുന്നു’?
‘ഞാനെന്റെ തമിഴ്മക്കളെക്കുറിച്ചു പഠിക്കും. ആദിവാസിത്തമിഴിൽ നിന്നാരംഭിക്കും.’
തീവണ്ടിയിൽ കയ്യടി.

നൈതികമണ്ഡലത്തിന്റെ മീറ്റ് അനിശ്ചിതമായി നീട്ടിക്കൊണ്ടു പോവുന്നതിൽ എല്ലാവർക്കും പരിഭവമുണ്ടായിരുന്നു. സൈറ്റിൽ മിക്കവാറും പേർ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. തിയ്യതി മാത്രമേ മാറുന്നുള്ളൂവെന്നും തീരുമാനിച്ച അതേ സ്ഥലത്ത് ഒരു മുടക്കവുമില്ലാതെ മീറ്റ് നടക്കുമെന്നുള്ള സംഘാടകരുടെ കുറിപ്പാണ് സൈറ്റ് ഓപ്പണായാൽ ഇപ്പോൾ ആദ്യം തെളിയുന്നത്. പുതിയ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനാലും മീറ്റിന്റെ തൽസമയ സംപ്രേഷണത്തിനുള്ള സോഫ്റ്റ്‌വേർ പ്രിപ്പറേഷൻ നടക്കുന്നതിനാലുമാണ് സൈറ്റ് ഇടക്ക് ലഭ്യമാവാതെ പോകുന്നത്. അരബിന്ദോയിലെ താമസത്തിന് ഡിസ്‌കൗണ്ട് അനുവദിക്കുമെന്നും എല്ലാവരും സഹകരിക്കണമെന്നുമുണ്ട്. കൂടുതൽ അംഗങ്ങൾക്ക് പങ്കെടുക്കാനുള്ള അവസരമായി തിയ്യതി നീട്ടൽ മാറുമെന്ന പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്. മൂന്നുദിവസത്തിനകം ഏതായാലും നടക്കാൻ സാധ്യതയില്ലെന്നറിഞ്ഞപ്പോഴാണ് ഭൈരപ്പ കാഞ്ചൻജംഗയിലെ പകൽയാത്രയെക്കുറിച്ച് ചോദിച്ചത്. എല്ലാവരുടേയും യാത്രാലിസ്റ്റിൽ നക്‌സൽബാരി ഉണ്ടായിരുന്നതിനാൽ ആരും കൈപൊക്കാതിരുന്നില്ല. പാടങ്ങളും തരിശുനിലങ്ങളും പിന്നിട്ട് സൂര്യാസ്തമനത്തിന്റെ ശിഥിലസമാധിയും കണ്ട് ഇരുട്ടിന് നേരിയ കനമുള്ള ജൽപായ്ഗുരിയിലിറങ്ങി. എങ്ങും മഞ്ഞവെളിച്ചം. ഓട്ടോകൾക്കും മഞ്ഞനിറം. സിലിഗുഡിയിൽ താമസിക്കാനെടുത്ത ഹോട്ടലിലെ കോൺട്രാസ്റ്റ് കളർ മഞ്ഞയായിരുന്നു. റിസപ്ഷൻ ലോഞ്ചിൽ, വാൻഗോഗിന്റെ പടം ചുവരിൽ കണ്ടപ്പോൾ ഇന്റീരിയർ എഞ്ചിനീയറുടെ കലാപരത മനസ്സിലായി. ഓരോരുത്തരും മുറിയിലെത്തി, അവരവരുടെ ജോലികളിൽ മുഴുകി. ഭൈരപ്പ വിവർത്തനം ചെയ്തുകൊണ്ടിരുന്ന പുസ്തകത്തിന്റെ എഡിറ്റിങ്ങ് നിർവഹിച്ചു. അഥീന ഓൺലൈൻ മാഗസിന്റെ അസൈൻമെന്റിലേക്ക് തലപൂഴ്ത്തി. ഉമ്മിണി ജോലിചെയ്യുന്ന കടയുടമയുടെ ഇൻകംടാക്‌സ് കണക്കുകൂട്ടി നൽകി.

വൈകീട്ട് ചെറിയൊരു കലഹം നടന്നു. സോനാഗച്ചിയിലേക്ക് ജോജിയും ഉമ്മിണിയുംസരവണനും പോകുമെന്നു പറഞ്ഞു. പെണ്ണുങ്ങൾ അവിടേക്ക് വന്നാൽ ശരിയാവില്ലെന്ന് ജോജി പറഞ്ഞു നാവെടുത്തതേയുള്ളൂ, ‘ആണത്തം ഹുഗ്ലിയിലിട്ടേക്ക്’ എന്ന് അഥീനയുടെ മറുപടി. രണ്ട് ദിവസം കഴിഞ്ഞാലോചിക്കാമെന്ന കോംപ്രമൈസിലാണ് തർക്കം തീർന്നത്.

രാവിലെ ടുട്ടോ എന്ന വണ്ടി വന്നു. ‘ഓട്ടോറിക്ഷയെ വലുതാക്കി മാറ്റിപ്പണിഞ്ഞിരിക്കയാണ്’, ഭൈരപ്പ വണ്ടിയുടെ നിർമ്മിതി രഹസ്യം പറഞ്ഞു. എട്ടോ പത്തോ പേർക്ക് മുഖത്തോടു മുഖം നോക്കി ഇരിക്കാവുന്ന വണ്ടിയാണ് ടുട്ടോ. ചെറിയ ഓട്ടങ്ങൾക്ക് പറ്റിയത്. ഇലക്ട്രിക്കിലായതിനാൽ ശബ്ദവും കുറവ്. ‘ചുരുങ്ങിയ ചെലവിൽ ഇവൻ നൊക്ഷൽബാഡിയിലെത്തിക്കും’ ജോജി ബംഗാളി ഉച്ചാരണം അനുകരിച്ചുകൊണ്ട് പറഞ്ഞു. ഒരു ചരിത്ര ഖണ്ഡത്തിലേക്ക് പറിച്ചെറിഞ്ഞവരെപ്പോലെ പെട്ടെന്നവർക്ക് തോന്നി.

അസാധാരണമായ കുലുക്കമായിരുന്നു ടുട്ടോവിന്റെ പ്രത്യേകത. പരസ്പരം നോക്കുമ്പോൾ വിറയ്ക്കുന്നു. പതിഞ്ഞ മൂക്കും വൃത്തിയായി വെട്ടിയൊതുക്കിയ താടിയുമുള്ള ഡ്രൈവർ ഉദയ്പ്രകാശിന് ‘നൊക്ഷൽബാഡി’ കളിച്ചുവളർന്ന സ്ഥലമാണ്. ‘ടൂറിസ്റ്റുകളെയൊക്കെ ഞാനാണ് കൈകാര്യം ചെയ്യുക. വരത്തൻമാരായ ഡ്രൈവർമാർക്ക് ഒന്നുമറിയില്ല.’ അവൻ മേനി പറഞ്ഞു. ‘ഞങ്ങൾ ടൂറിസ്റ്റുകളല്ല’ എന്ന് ഉമ്മിണി പറഞ്ഞപ്പോൾ അവൻ ആകെയൊന്നു നോക്കി. പിന്നെ നിങ്ങൾ ആരാണ് മറുനാട്ടുകാരേ എന്ന മട്ടിൽ. അവന്റെ മുഖം ചുങ്ങി.

പൊടുന്നനെ ഭൈരപ്പ സൊബ്‌ദെല്ല എന്ന് ഇംഗ്ലീഷിൽ എഴുതിയ ബോർഡ് കണ്ടു. അവൻ ‘സൊബ്‌ദെല്ല സൊബ്‌ദെല്ല’ എന്ന് വിളിച്ചു. ഉദയ്പ്രകാശ് പുറകിലേക്ക് നോക്കി. എല്ലാവരുടേയും കണ്ണുകൾ കറുപ്പക്ഷരങ്ങളിലേക്ക്. നേരത്തേ പറഞ്ഞതനുസരിച്ച് ബികിദാസ് സ്റ്റുഡിയോക്കുമുന്നിൽ വണ്ടി ഒതുക്കി നിർത്തി. സുമ ക്യാമറയുമായി ഇറങ്ങി. ബാറ്ററി രണ്ടും ചാർജ് ഡൗൺ. അഥീനയും ജോജിയും സുമയുടെ കൂടെ പോയപ്പോൾ ബാക്കിയുള്ളവർ പുറത്തിറങ്ങി. ഉദയ്പ്രകാശ് ബാറ്ററിപ്രശ്‌നം സ്റ്റുഡിയോയിലെ വട്ടമുഖമുള്ള ബുൾഗാനിൻതാടിയോട് പറഞ്ഞു. ‘ക്യാമറ കേടായി’ എന്നവൻ പറഞ്ഞപ്പോൾ സുമ അത് തിരുത്തി. അവളുടെ ഹിന്ദികേട്ട് ‘ദില്ലിവാല ഹേ’ എന്നവൻ ചോദിച്ചപ്പോൾ സുമ ‘ന’ എന്ന് പറഞ്ഞു. രണ്ടു ബാറ്ററിയും ചാർജ് പോയിരിക്കുകയാണെന്ന് പരിശോധിച്ചശേഷം അയാൾ പറഞ്ഞു. അയാൾ തന്നെ പരിഹാരവും നിർദ്ദേശിച്ചു.

‘നൊക്ഷൽബാഡി കാണാനല്ലേ പോകുന്നത്. അവിടെ കാണാനൊന്നുമില്ല. കൂടിയത് രണ്ടോ മൂന്നോ പടങ്ങളെടുക്കാനുണ്ടാവും. പത്ത് മിനിറ്റ് നിന്നാൽ അതിനുവേണ്ട ചാർജ് ബാറ്ററിയിലാക്കിത്തരാം. മറ്റേ ബാറ്ററി തിരികെ പോകുമ്പോൾ എടുത്താൽ മതി. മാക്‌സിമം ചാർജ് അപ്പോഴേക്കും കയറിക്കോളും.’
അൽപനേരം ചുറ്റിപ്പറ്റിനിന്നു. ഇപ്പോൾ നിങ്ങൾക്ക് പത്തിരുപത് പടമെടുക്കാനുള്ള ചാർജ് കയറിയിട്ടുണ്ടാവും.’ അയാൾ ബാറ്ററി ക്യാമറിയിലിട്ടുകൊണ്ട് നീട്ടി. സുമ നീട്ടിയ നൂറുരൂപ അയാൾ നിരസിച്ചെങ്കിലും അവൾ പലതരം ഫോട്ടോകൾ നിറഞ്ഞ മേശപ്പുറത്ത് നോട്ട് വച്ചു.

അപ്പാഗോകുലു മൗനത്തിലിരുന്നു. അവനിതുവഴി ബൈക്കിൽ കടന്നുപോയതാണ്. ഒരാഴ്ചയായിട്ടുണ്ടാവില്ലല്ലോ. അധികമാരോടും അന്ന് സംസാരിക്കാൻ നിന്നില്ല. ഹതിഘിഷയിലെ നീണ്ട പാതയിലൂടെ കുറേ നേരം പോയി. ‘വരുന്നവരെല്ലാം സന്ദർശിക്കുന്ന ഒരു വീടുണ്ട് കാണുന്നോ’ എന്ന് സർബത്തു കടക്കാരൻ ചോദിച്ചപ്പോഴാണ് ആ കുടിലിലെത്തിയത്. കുടിലിലെ വൃദ്ധൻ ആത്മഹത്യ ചെയ്തതാണെന്നു പറഞ്ഞു. ആത്മഹത്യയുടെ വീട്. പത്തുവർഷം മുമ്പ് മരണം വന്നു കടന്നുപോയ മുറ്റം. ഒറ്റമുറിയുടെ മൂലയിൽ നിന്നും പഴകിയ പുസ്തകം കൈക്കലാക്കി. മരിച്ചവന്റെ അക്ഷരങ്ങൾ അവന് പ്രിയപ്പെട്ടതായിരുന്നു. ടുട്ടോ വണ്ടി ഹമ്പിൽനിന്ന് രക്ഷപ്പെടാൻ ബ്രേക്കിട്ടപ്പോൾ അപ്പാഗോകുലു ഓർമയിൽ നിന്ന് പുറത്തുകടന്നു.

കുട്ടികളും നാട്ടുകാരുമൊക്കെ വണ്ടിയിലേക്ക് നോക്കി. നീണ്ട ടാർപാത. ദൂരെ മെയ്ഛി നദി റോഡിനു സമാന്തരം. അപ്പുറം നിത്യഹരിത മഴക്കാട്. നാട്ടുകാർ കുറഞ്ഞു. ഷീറ്റുമറച്ച കൊച്ചുവീടുകൾ. പുൽപ്പരപ്പുകൾ. ഒറ്റക്കവുങ്ങുകൾ. മഞ്ഞനിറം ബാധിച്ച മുളങ്കൂട്ടങ്ങൾ.

പനമ്പുകെട്ടിയ ഒറ്റക്കുടിലിനു മുന്നിൽ ഉദയ്പ്രകാശ് വണ്ടിനിറുത്തി. ടുട്ടോ വണ്ടിയുടെ കമ്പിമറവിലൂടെ അവർ കണ്ടു. കനു സന്യാലിന്റെ വീട്. ഉദയ്പ്രകാശ് പ്രീതീപ്പെടുത്താനെന്നവണ്ണം പറഞ്ഞ ഫലിതം അവരാരും അന്നേരം കേട്ടില്ല. ഈറ്റച്ചതുരവേലി കടന്ന് നേരിയ ചാണകഗന്ധമുള്ള മുറ്റത്ത് അവർ ഓരോരുത്തരായി കടന്നുനിന്നു. നിശ്ശബ്ദത അവരെ വരിഞ്ഞുമുറുക്കിയിരുന്നു. സ്വപ്നങ്ങളുടെ വലിയ ഭാരം അവരുടെ മേൽ പതിച്ചു. വട്ടക്കഴുത്തുള്ള ബനിയനിട്ട കനു സന്യാൽ കുടിലിനുള്ളിൽ ഉണ്ടെന്നുതന്നെ അവർക്ക് തോന്നി. മുറ്റത്തെ കൊടിമരത്തിന്റെ അറ്റത്ത് ചുവന്ന കൊടി. തിട്ടിൽ ചാരിവച്ച ബോർഡ്, ബംഗാളി തനിക്ക് കൃത്യമായി വായിക്കാനറിയില്ലെന്ന കുറ്റസമ്മതം നടത്തി ഉദയ്പ്രകാശ് വായിക്കാൻ ശ്രമിച്ചു.

‘ചാരുമജുംദാർ നിർദേശിതോ ഒ ഉന്നീശൊ സൊഞ്ഞാർ സാലെ ഗോഡിതോ സി.പി.ഐ.എം.എൽ. ഒനുശീലിതോ സൊംഘൊടൊൻ ഒ കോനൊ ആന്ദൊലൻ കേ ബാതിൽ കൊരേ ഖൊതാം ബാ ബ്രൊക്തിഹൊത്യ ബേചെ നേവാ പൊഥ് നൊയ്...’
ഉദയ്പ്രകാശ് ചമ്മലോടെ ചിരിച്ചു.

ആർക്കും പരസ്പരം മിണ്ടാൻ കഴിഞ്ഞില്ല. ഈറ്റവേലിയുടെ അരികിൽ ഉപയോഗിച്ചു തേഞ്ഞുപിഞ്ഞിയ ചുവന്നകൊടി ജോജി പതുക്കെ ഉയർത്തിനോക്കിയത് സുമ ക്ലിക്ക് ചെയ്തു. മുളങ്കമ്പുചാരുപടി തുറന്ന് അവർ തിണ്ണയിൽ കയറിനിന്നു. ജനലിന്റെ അഴികൾ രണ്ടും മൂന്നുമായി ചേർത്തുകെട്ടിയ മുളഞ്ചീന്തുകളായിരുന്നു. അവരുടെ ഹൃദയം മിടിക്കാൻ തുടങ്ങി. ജാലകത്തിലൂടെ ആദ്യം കോം വറുഗീസും പിന്നാലെ ഓരോരുത്തരും തല ഉള്ളിലേക്കിട്ടുനോക്കി. മുകളിൽനിന്ന് പൊട്ടിയ പരമ്പിന്റെ വിടവിലൂടെ വരുന്ന വെയിലിൽ അവർ കണ്ടു. തറയിൽ അലസമായി കിടക്കുന്ന പായ. ചുവരിൽ മാർക്‌സ്, എംഗൽസ്, മാവോ, ലെനിൻ പടങ്ങൾ. കുറേ പുസ്തകങ്ങൾ. സർപ്പിളക്കമ്പിയുള്ള സ്റ്റൂൾ. ചാരത്തെ തലയിണ. ദീർഘചതുരത്തിൽ ഇരുമ്പുപെട്ടി. മരണാനന്തരം വച്ചിട്ടുള്ള കനുസന്യാലിന്റെ വലിയ പടം. അതിലെ പൊടിപിടിച്ച സ്വർണ്ണക്കടലാസുമാല. ഏജന്റ് ‘മൊനോതോഷ് റോയിയുടെ എൽ.ഐ.സി. കലണ്ടർ.

ദേബനാഥിന്റെ മകൻ പ്രദീപ് വന്ന് വാതിലിലെ അരയിഞ്ചു നീളത്തിലുള്ള പൂട്ടുതുറന്നു തന്നു. അവർ അകത്തു കടന്നു; അത്യന്തം ഹൃദയവേദനയോടെ. വേദനയുടെ ഉൽഭവം അവർക്ക് മനസ്സിലായതേയില്ല.

മുറിയിൽ പൊടിയുടെ നൃത്തമായിരുന്നു. പൊടികണികകൾ വെയിൽച്ചതുരത്തിലൂടെ തെളിഞ്ഞുകാണാമായിരുന്നു. അഥീനയും ഉമ്മിണിയും ചുവരിലൂടെ കണ്ണോടിച്ചു. അവരുടെ കണ്ണുകൾ നിറഞ്ഞു.

സരവണൻ മുറിയുടെ മൂലയിലെ സ്റ്റൂളിലേക്ക് കണ്ണയച്ചു. അവൻ നടന്നുചെന്ന് അതെടുത്ത് നേരെയാക്കിവച്ചു. തലയിണ പുറത്തുകാണുന്ന മടക്കിവച്ച കോസറിയിൽ തടവി, ഭൈരപ്പ.

രാജമന്ത്രി രങ്കയ്യയുടെ തെരുവുപാട്ട് അപ്പാഗോകുലുവിന്റെ തൊണ്ടയിൽ വന്ന് മുട്ടിനിന്നു.
വിലാപങ്ങൾ ഏറ്റെടുത്ത് ശക്തനാവുന്നു.
വിധിവിലാപങ്ങളെ നെയ്ത് മാറ്റുന്നു.
കടലുമാറും കനലുമാറും
പർവ്വതങ്ങൾ വിണ്ടുകീറും
അവൻ വരുന്നു. അവൻ വരുന്നു
വേരിൽനിന്നും പൂവിൽനിന്നും
കായിൽ നിന്നും കയ്പിൽനിന്നും
മണ്ണിൽനിന്നും മാമരത്തിൻ ഉച്ചിയിൽനിന്നും
നീരിൽനിന്നും നേരിൽനിന്നും
ആകാശഗുഹയിൽനിന്നും
അവൻ വരുന്നു അവൻ വരുന്നു
അവൻ മാത്രം നിലനിൽക്കുന്നു.

അപ്പാഗോകുലു വിറച്ചുകൊണ്ട് ദ്രാവിഡത്തിൽ പാടി. അവൻ കുപ്പായം വലിച്ചെറിഞ്ഞു. മനുഷ്യവിലാപങ്ങളുടെ പനമ്പുമുറിയിൽനിന്ന് പാട്ടുയർന്നു. കോം വറുഗീസ് ഏറ്റുപാടിയപ്പോൾ അവിടം മുഴക്കമായി. തീരാത്ത സങ്കടങ്ങളുടെ പ്രാണരേണുക്കൾ അവരുടെ തൊണ്ടയിൽ നിറഞ്ഞു. ഏവരും ഏറ്റുപാടിക്കൊണ്ട് സങ്കടങ്ങളോട് സഖ്യരായി.

പാട്ട് അവസാനിച്ചപ്പോൾ കനത്ത നിശ്ശബ്ദത. ഒരു ചെറിയ ശബ്ദംപോലും സ്‌ഫോടനമാവും. അത് ഏറെനേരം തുടർന്നു.
ഏകാന്തതയുടെ വന്യമായ തുരുത്തിൽ അവരോരുത്തരും തടവുകാരായി. ഇനി സമാധി മാത്രം. ▮

(അവസാനിച്ചു)


സി. ഗണേഷ്

കഥാകൃത്ത്​, നോവലിസ്​റ്റ്​. തുഞ്ചത്തെഴുത്തച്​ഛൻ മലയാളം സർവകലാശാലയിൽ ക്രിയേറ്റീവ് റൈറ്റിംഗ് അധ്യാപകൻ.ക്രിയാത്മക കഥാപാത്രങ്ങൾ, നനഞ്ഞ പതിവുകൾ, ചിങ്ങവെയിലിനെ തൊടാമോ, ചങ്ങാതിപ്പിണർ, കേരള ഭക്ഷണത്തിന്റെ സംസ്​കാര ചരിത്രം, കാണം വിറ്റും ഓണം ഉണ്ണണോ എന്നിവ പ്രധാന കൃതികൾ.

Comments