സരവണന്റെ തീസിസ് കൊള്ളണമോ തള്ളിക്കളയണോ എന്നറിയാതെ നിൽക്കുകയാണ് സൺഫ്‌ളവർ ജോജി. ബംഗാളികൾ വിചിത്ര ജനതയുടെ കൂട്ടമാണ്.
ജോജിയുടെ ഇന്നത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ പ്രത്യേകിച്ചും.
അറിവും ആരോഗ്യവുമാണ് അടിസ്ഥാന വികസനത്തിന്റെ അളവുകോലെന്ന് കരുതുന്നവനാണ് ജോജി. ഉമ്മിണി അതിനോട് സമ്പത്തുകൂടി ചേർക്കണമെന്ന് വാദിക്കും. വിദ്യാഭ്യാസം വികസിച്ചാൽ സാമ്പത്തിക വികസനമൊക്കെ തനിയെ ഉണ്ടാവുമെന്നായി ജോജി. രോഗം വന്ന് ചത്തൊടുങ്ങാതിരിക്കാൻ ആശുപത്രികൾ വേണം. ബോധം നൽകാൻ വിദ്യാലയങ്ങളും. ബാക്കിയെല്ലാം ഇതിനു പൂരകമായി വരും. വ്യവസായം വിദ്യാഭ്യാസത്തിൽ നിന്നാണുണ്ടാവുന്നത്. കൃഷി വിദ്യാഭ്യാസത്തിൽ നിന്നാണുണ്ടാവുന്നത്. എല്ലാ സാങ്കേതികവിദ്യകളും വിദ്യയാണെന്നോർക്കുക. നാടിനെക്കുറിച്ച് ധാർമിക സ്വപ്നങ്ങളുള്ളവർ രാഷ്ട്രീയ നേതൃത്വമായി വരും. ഇതിനെല്ലാം വേണ്ടത് ശരാശരി 65 വയസ്സുവരെയുള്ള ആയുസ്സാണ്. ആശുപത്രികൾ ഏറ്റെടുക്കുന്നത് അതാണ്.
മരണത്തിന്റെ ഏറുമാടം കാണിച്ചുതരുമ്പോൾ വിറക്കാത്തവർ ആരാണുള്ളത്? വെറുതെയാണോ ആശുപത്രികൾ സോഷ്യലിസത്തിന്റെ പ്രായോഗിക സ്ഥാപനം എന്ന് പറയുന്നത്.
പർഗാനയിലെ ഇടത്തരം ആശുപത്രിയിലെ അന്തേവാസിയേയാണ് കൂട്ടിനു കിട്ടിയത്.
ഉദ്ധരാപീനർ എന്ന ഞൊണ്ടുകാലൻ.
അയാൾക്ക് കാഴ്ചയും കുറവായിരുന്നു.
കണ്ണുചുരുക്കിക്കൊണ്ടാണയാൾ നോക്കുന്നുണ്ടായിരുന്നത്.
ഞങ്ങൾ ഒരു ചായയുടെ അപ്പുറവും ഇപ്പുറവുമിരുന്ന് കൂട്ടുകാരായി.
കേരളത്തിൽ നിന്നാണെന്നൊന്നും പറഞ്ഞില്ല.
അൽപം ദൂരെ എന്നു മാത്രമാണ് വെളിപ്പെടുത്തിയത്.
ദൂരെ എന്ന വാക്ക് ആളുകളെ പറ്റിക്കാൻ ഏറെ സഹായിക്കുന്ന ഒന്നാണ്.
ദൂരെയോട് വിശേഷണങ്ങൾ ചാർത്തി അർത്ഥത്തെ നമുക്കിഷ്ടമായ രീതിയിൽ വ്യാഖ്യാനിക്കാം.
അതുതന്നെയാണല്ലോ ഞാൻ പറഞ്ഞത്, ഞാനുദ്ദേശിച്ചത് അതാണ്, എന്നൊക്കെപ്പറഞ്ഞ് തടിതപ്പാം. എന്നാൽ ഉദ്ധരാപീനറെന്ന മങ്ങിയ കാഴ്ചകളുള്ള അന്തേവാസിക്കു മുന്നിൽ അതിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല. അയാൾ ഏറെ ശുദ്ധഗതിക്കാരനായ മധ്യവയസ്‌കനായിരുന്നു.
കൊൽക്കത്തയിലിറങ്ങിയ ശേഷം വല്ലാത്ത ചുമയും എക്കിളും പിടികൂടുന്നുണ്ട്. തൊണ്ടയ്ക്ക് ശമനം കിട്ടാനായി ചായകുടിച്ചശേഷം, ‘സമയമുണ്ടെങ്കിൽ ചുമ്മാ ആശുപത്രിയിലേക്ക് വരൂ, അവിടെ സംസാരിച്ചിരിക്കാം’ എന്ന് ഉദ്ധരാ പറഞ്ഞപ്പോൾ ജോജി ചോദിച്ചു. ‘ഡോക്ടറെ കാണാൻ കഴിയുമോ’? ‘പിന്നെന്താ ഇന്നത്തെ ആദ്യത്തെ ടോക്കൺ ഞാൻ നിനക്ക് വാങ്ങിത്തരാം’ ഉദ്ധരാ ഉഷാറിലായി.
‘എന്താണ് അസുഖം’?
ജോജി ഒന്ന് ചുമച്ചു കാണിച്ചു.
‘ഓ ചുമ അസുഖമൊന്നുമല്ല. പക്ഷേ ഇതിപ്പോൾ കാണിക്കേണ്ടെന്ന് ഞാൻ പറയുകയില്ല. നീ കൂടെ വന്നാൽ എനിക്കത്ര നേരം വല്ലതും പറഞ്ഞിരിക്കാമല്ലോ. പിന്നെ ഏത് ചുമയാണ് പ്രശ്‌നക്കാരനെന്ന് നമുക്ക് പറയാൻ പറ്റില്ലല്ലോ.’
ഉദ്ധര അതുംപറഞ്ഞ് നടന്നുകഴിഞ്ഞിരുന്നു.
രണ്ട് മൊസാന്തകൾ പൂവിട്ട കുടുസ്സായ ആശുപത്രിമുറ്റവും നീണ്ട പുരാതനമായ രണ്ട് ഇടനാഴികളുമായിരുന്നു ആശുപത്രിയുടെ മുഖ്യ ആകർഷണം. ഉദ്ധരാ തനിക്കു മുറിയുണ്ട് എന്നു പറഞ്ഞത് നുണയായിരുന്നു. പെയിന്റടിച്ച ചാക്കുപുരയായിരുന്നു അയാളുടെ മുറി.
ഒന്നാമത്തെ ഇടനാഴിയുടെ അറ്റത്തുനിന്ന് കൗണ്ടറിലെ സ്ത്രീയോട് കാര്യംപറഞ്ഞ് അയാൾ ടോക്കണുമായി തിരിച്ചെത്തി. ടോക്കൺ കൈയിൽ തന്നുകൊണ്ട് പറഞ്ഞു, ‘അരമണിക്കൂർ കഴിയും.’
അയാൾ ചാക്കുപുരയിലേക്ക് ക്ഷണിച്ചു. ആശുപത്രി നടന്നുകാണാനുള്ള അവസരമായി കണ്ട് അയാളുടെ പുറകെ നടന്നു.
അയാൾ പാൻ വായിലിട്ടു ചവച്ചു.
‘ഇരിയ്ക്ക്’ ഉദ്ധരാ ആതിഥ്യമര്യാദയോടെ പറഞ്ഞു.
മരപ്പടി മാത്രമേ ഉള്ളൂ. മരപ്പടിയിൽ പിൻഭാഗം മുട്ടിച്ച് നിന്നു.
‘ഇന്ന് കുറച്ചു കുറവുണ്ട് തിരക്കിന്’
ആശുപത്രിയിൽ വരികയും പോവുകയും ചെയ്യുന്ന ആളുകളിൽനിന്ന് ഏറെ പഠിക്കാൻ കിട്ടുമെന്ന് ഉദ്ധരാ പറഞ്ഞു. ‘ബംഗാളികളെ ബാധിക്കാത്ത ഒരു രോഗവുമില്ലെന്ന് ഇവിടെയിരുന്നാൽ മനസ്സിലാവും. കുപ്പായമിടാൻ തുടങ്ങിയതോടെയാണ് നമുക്ക് ഇത്രക്ക് അസുഖങ്ങൾ വരാൻ തുടങ്ങിയത്.’
‘ഉദ്ധരാദാദക്ക് എന്തു തോന്നുന്നു’?
‘ചിലപ്പൊ തോന്നും ശരിയാണെന്ന്. മറ്റു ചിലപ്പോ മുത്തച്ഛൻമാരുടേയും മുതുമുത്തച്ഛൻമാരുടേയും കഥകൾ കേൾക്കുമ്പോൾ അന്നുമിന്നും ഒരുപോലെയാണ് രോഗങ്ങളുടെ ആക്രമണമെന്നു തോന്നും.’
ചിരിക്കാനാണ് തോന്നിയത്. ഉദ്ധരായുടെ നിരീക്ഷണത്തെ അഭിനന്ദിക്കാനും.
ചാക്കുപുരയിൽ ഇരിക്കാൻ കൈയാളച്ചെക്കനെ വിളിച്ചേർപ്പാടാക്കി ഉദ്ധരാ ആശുപത്രി നടന്നുകാണിക്കാൻ വന്നു. നന്മ നിറഞ്ഞുനിൽക്കുന്ന മനുഷ്യനാണ് അയാളെന്ന് തോന്നി.
മുറികളിലെല്ലാം പലതരം രോഗികളായിരുന്നു. മലേറിയ, മഞ്ഞപ്പിത്തം, കോളറ, മസ്തിഷ്‌ക രോഗങ്ങൾ, വേനൽ നൽകിയ സമ്മാനങ്ങൾ. വർഷകാലം പനിയും സന്നിപാതവും ടൈഫോയ്ഡും നൽകുന്നു. രോഗികളെ ശുശ്രൂഷിക്കാനായിരിക്കുന്നവരും രോഗത്തെ ഭയക്കുന്നതുപോലെ തോന്നിച്ചു. എല്ലാവരിലും ഒരുതരം മടുപ്പുണ്ടായിരുന്നു. വരാന്തയിലൊരിടത്ത് റേഡിയോവിൽനിന്ന് അറിയിപ്പു വരുന്നുണ്ടായിരുന്നെങ്കിലും ആരുടെ ചെവിയിലുമത് കയറിയില്ല.
അവിടെവച്ചാണ് മാലിനിയെ പരിചയപ്പെടുന്നത്.
അവളെ പരിചയപ്പെട്ടത് നല്ല സന്ദർഭത്തിലല്ല എന്നിരിക്കിലും അത് തന്ന അറിവ് ചെറുതല്ല. രണ്ടുപേർ താങ്ങിയാണ് അവളെ ആശുപത്രിയിൽ കൊണ്ടുവന്നത്. അവളുടെ മുഖം ദീർഘമായ ശ്വാസമെടുപ്പിനാൽ വലിഞ്ഞുമുറുകിയിരുന്നു. തലമുടി പാറിപ്പറന്നിരുന്നു. കണ്ണുകൾ നിരാലംബമായി തുറിച്ചിരുന്നു. അവൾ ഇരുകൈകൊണ്ടും സകലരേയും ആട്ടുകയായിരുന്നു. വസ്ത്രത്തിന്റെ തലപ്പിലൂടെ അവൾ കൈകളോടിച്ചു. അധികം വൈകാതെ അവൾ ഒരു വശത്തേക്ക് ചെരിഞ്ഞുകൊണ്ട് ശരീരം ഇളക്കി. വായിൽനിന്ന് നുരയും പതയും വഴിഞ്ഞൊഴുകി. അവളുടെ ശരീരത്തിന്റെ ശക്തിയൊന്നു കുറഞ്ഞപ്പോഴാണ് അവളെ കിടത്തിയിരുന്നവർ മുഖത്ത് വെള്ളം തെളിച്ചത്. അവർ തുരിശുഗന്ധമുള്ള പനമ്പുകൊണ്ടവളെ മൂടി.
കൂടിയവർ പിരിഞ്ഞുപോയതോടെ ആശുപത്രി വരാന്ത വീണ്ടും പഴയതാളത്തിലായി. അവൾ കിടന്നിടത്തുതന്നെ കിടക്കുന്നു. വിറക്കുന്ന ശരീരത്തെ പാതി ബോധത്താൽ നിയന്ത്രിക്കാൻ ശ്രമിക്കുന്നു. ഏറെനേരം കഴിഞ്ഞിട്ടും അവളെയാരും വകവെച്ചില്ല. അവൾ അവിടെചൂരൽക്കട്ടിലിലേറ്റി ദൂരേക്ക് കൊണ്ടുപോകുമ്പോൾ പിന്നാലെ ചെന്നു.
പിന്നിൽ നിന്നവനോട് ചോദിച്ചു; ‘എവിടേക്കാണ് കൊണ്ടുപോകുന്നത്’?
‘മേത്ത്‌വ ഡോക്ടറെ കാണിക്കാൻ’
‘സ്‌പെഷലിസ്റ്റ് ആണോ?’
ഉദ്ധരാ തോളിൽ തട്ടി പറഞ്ഞു. ‘മേത്ത്‌വ ഗോത്രക്കാരെ ഡോക്ടർമാർ പൊതുവെ നോക്കാറില്ല. ഝാമേലാബാദ്1.’
‘അതെന്താ’
‘മേത്ത്‌വക്കാർക്ക് അവരുടേതായ ചികിത്സാരീതിയുണ്ട്. മരണമടുക്കുവോളം അവർ സ്വന്തം ചികിത്സ നോക്കും. നിവൃത്തിയില്ലാതായാലേ ആശുപത്രി കാണിക്കൂ. ആൾ മരിച്ചാൽ ഡോക്ടറുടെ മെക്കിട്ടു കയറുകയും ചെയ്യും.’
‘അതാണോ കാര്യം. എന്താണിവരുടെ ചികിത്സാരീതി’?
‘മുഴുവനൊന്നും നമുക്കറിയില്ല, നിനക്ക് വേണമെങ്കിൽ അവരോട് ചെന്ന് ചോദിക്ക്.’
അങ്ങനെയാണ് മാലിനി കിടന്ന മുറിക്കു സമീപം എത്തിയത്. സഹോദരത്തുണയായി ഒരുവൻ അവിടെ ഉണ്ടായിരുന്നു.
‘എന്തുപറ്റി ഇവൾക്ക്’?
‘പ്രേതം മൂക്കിൽ കടിച്ചതാണ്. ശ്വാസംമുട്ടൽ’
‘ഡോക്ടർ എന്താ പറഞ്ഞത്’?
‘ഓ ഡോക്ടർ ഇയാൾ ഡോക്ടറാണെന്ന് എനിക്ക് തോന്നിയിട്ടില്ല. അയാളും മേത്ത്‌വക്കാരനാണല്ലോ. അപസ്മാരമാണെന്നാ അവൻ പറയുന്നത്. ഇനി അവൻ രക്ഷിക്കട്ടെ.’
അവനിൽ വെല്ലുവിളിഭാവം.
‘മൂക്കിൽ കിഴവൻമാരിട്ട തുകൽച്ചെരിപ്പ് കത്തിച്ച് പുകച്ചിട്ടുണ്ട്. ഇനിയും നാലഞ്ചുമാർഗങ്ങൾ കൂടിയുണ്ട്. അത് ചെയ്താലേ പ്രേതം ഒഴിയൂ.’
മേത്ത്‌വക്കാരുടെ ചികിത്സയെപ്പറ്റി ഉദ്ധരാ വിശദീകരിച്ചു: ഒരർത്ഥവുമില്ലാത്ത ചികിത്സാരീതികളാണവർക്കുള്ളത്. അപസ്മാരം വന്നാൽ മരിച്ച പിതൃക്കളുടെ തുകൽചെരിപ്പ് തീയിലിട്ടു പുകച്ച് മണപ്പിക്കും. കുടൽപ്പുണ്ണിന് ഉറുമ്പിൻമുട്ടയും നരിപ്പാലും ചേർത്ത് നൽകും. കണ്ണിന്റെ കാഴ്ചപോയാൽ കല്ലുകൊണ്ട് സർജറിവരെ ചെയ്ത് കളയും പഹയൻമാർ. വിശ്വാസമാണ് ഇവർക്ക് വലുത്. ഇങ്ങനെ കണ്ണുകുത്തിപ്പൊട്ടിച്ച് ചോരയൊലിച്ച ഒരു പെണ്ണിനെ കഴിഞ്ഞദിവസം കൊണ്ടുവന്നു. ഇവിടെ പറ്റില്ലെന്നു പറഞ്ഞ് കൊൽക്കത്തയിലേക്ക് പറഞ്ഞുവിട്ടു.
മാലിനിയോട് സംസാരിക്കണമെന്ന് അപ്പോഴാണ് തോന്നിയത്. മാലിനിയെ മാത്രമല്ല അവളെ ചികിത്സിച്ച ഡോക്ടറേയും കാണണം.
രണ്ടുമണിക്കൂർ കഴിഞ്ഞിരുന്നു. പ്രാഥമിക ചികിത്സ കിട്ടിയതിനാൽ മാലിനി കണ്ണുതുറന്നിട്ടുണ്ട്.
അവൾ ഭീതിയോടെ പരിസരം നോക്കുന്നു. കൂടെ ആശുപത്രിക്കാരനായി ഉദ്ധരായും വന്നതുതൊണ്ട് കുഴപ്പമില്ല.
‘ആദ്യമായാണോ വരുന്നത്’?
മാലിനി സാരിത്തുമ്പ് തലയിലൂടെ ചുറ്റി ഭവ്യത കാണിച്ചു.
‘അതെ’
‘എത്ര നാളായി തുടങ്ങിയിട്ട്’?
‘കുഞ്ഞുനാൾ മുതലേ ഉണ്ട്’
സഹോദരൻ മുറിയിലേക്ക് കടന്നുവന്നു.
അവന് സന്ദർശകർ വന്നത് പിടിച്ചിട്ടില്ല. ഉദ്ധരായോട് ആരാണിയാളെന്ന് അവൻ ചോദിച്ചു. ഡോക്ടറെപ്പോലെ വിവരമുള്ളയാളാണെന്ന് ഉദ്ധരാ പറയുന്നതു കേട്ടു.
‘കഴിഞ്ഞയാഴ്ച ഗോത്രക്കാരണവർ പറഞ്ഞതനുസരിച്ച് കിണറ്റിൽ മുക്കിയെടുത്തതാ ഇവളെ. നല്ല ആഴമുള്ള കിണറായിരുന്നു. മുളങ്കമ്പിൽ കെട്ടി താഴ്ത്തി. പക്ഷേ പ്രേതം പോയില്ല. ഡോക്ടർ വിചാരിച്ചാൽ ഒന്നും കഴിയില്ല. ഇനി അവസാനത്തെ ഒരു സൂത്രമുണ്ട്. രക്തം മുഴുവൻ പുറത്തെടുത്ത് പുതിയത് നിറക്കുന്ന രീതി. രണ്ടുദിവസമേ ഇവിടെ കിടത്തുകയുള്ളൂ. ഞങ്ങൾ തീരുമാനിച്ചാൽ തീരുമാനിച്ചതാ.’ സഹോദരൻ പ്രാതലിന്റെ പാത്രം മേശപ്പുറത്തുവെച്ച് പറഞ്ഞു.
ഇവൾ, മാലിനി ഒരുപാട് അനുഭവിച്ചിരിക്കുന്നു. അവന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ മറുത്തൊന്നും പറയാൻ വയ്യ.
മാലിനിയുടെ മുഖത്തേക്ക് ഒന്നുനോക്കി. തളർന്ന മുഖത്തോടെ അവൾ പുഞ്ചിരിച്ചു.
‘പേടിക്കേണ്ട. എല്ലാം മാറിക്കോളും’
സഹോദരൻ പുച്ഛത്തോടെ നോക്കി.
‘ഡോക്ടറോടൊന്നു സംസാരിച്ചു നോക്കാം.’
‘ഉദ്ധരാ ഒരുപകാരം ചെയ്യണം, എനിക്കിവരുടെ ഡോക്ടറോടൊന്ന് സംസാരിക്കണം.’
‘എന്താ ബാബൂ..... ആവശ്യമില്ലാത്ത കാര്യത്തിന് സമയം കളയണോ. അല്ല, നിങ്ങളുടെ ഇഷ്ടം.’
‘അല്ല, കാണണം. എനിക്കെന്തായാലും ഡോക്ടറെ കാണണമല്ലോ.’
‘ഹ... ഹ... അത് വേറെ ഡോക്ടറല്ലേ’?
‘എന്ത്?’
‘ജോജീ ബബൂ... ഇത് മേത്ത്‌വ ഡോക്ടറാണ്. ഇവറ്റകളെ നോക്കാനായി മാത്രമുള്ളയാൾ. നിങ്ങൾ മാന്യനല്ലേ? നിങ്ങളെ എങ്ങനെ അയാൾ നോക്കും?”
‘അത് ശരി. മേത്ത്‌വ ഗോത്രക്കാരെ ചികിത്സിക്കാനായി അതേ സമുദായത്തിൽ നിന്നൊരാളെ നിർത്തിയിരിക്കുകയാണല്ലേ?’
‘പിന്നെ ആര് വന്ന് ചികിത്സിക്കും’?
‘ഇതൊക്കെയാണ് രീതി. അതിനവർക്ക് കുഴപ്പമൊന്നുമില്ലല്ലോ.’
‘ശരി, എനിക്കാദ്യം മേത്ത്‌വ ഡോക്ടറെ കാണണം.’
‘ഇത് നല്ല കൂത്ത്. നിങ്ങളെന്താ മേത്ത്‌വ സമുദായത്തിൽ ചേരാൻ പോവുകയാണോ. ഹ... ഹ....’ ഉദ്ധരാ ചിരിച്ചപ്പോൾ പാൻ തെറിച്ചു.
‘ഉം നടന്നേ, ഞാനയാളുടെ മുറി കാണിച്ചുതരാം. നിന്റെ ഉദ്ദേശ്യം എന്താണെന്നറിയുന്നില്ല. മാലിനിപ്പെണ്ണിനെ കണ്ടതുകൊണ്ട് മനസ്സലിഞ്ഞതാണോ?’
ഡോക്ടറുടെ മുറിക്കു മുന്നിലെത്തിയപ്പോൾ ഉദ്ധരാ, ‘നീ ഡോക്ടറെ കാണ്. കഴിഞ്ഞാൽ വിളിക്ക്. ഇയാളെ കണ്ടിട്ട് ഗുണമൊന്നുമുണ്ടാവില്ലെന്ന് നേരത്തേ പറഞ്ഞേക്കാം.... അസുഖം മാറണമെങ്കിൽ പ്രധാന ഡോക്ടറെ കാണണം. അത് മറക്കേണ്ട.’
ഒരു ചെറിയ ടേബിൾ. മൂന്നുനാലു പേനയിട്ട സ്റ്റാൻറ്. ഒരു ബെഞ്ച്. മരക്കസേര. സ്റ്റെതസ്‌കോപ്പ്. ഇതുമാത്രമേ ഉണ്ടായിരുന്നുള്ളൂ. കറുത്ത് ഉയരം കുറഞ്ഞ മേത്ത്‌വ ഡോക്ടർ കൈ കഴുകി കുടഞ്ഞുകൊണ്ട് വന്നു. അയാൾ അവസാനത്തെ രോഗിയേയും പറഞ്ഞ് വിട്ടിരുന്നു. ഡോക്ടർ ചോദിച്ചു.
‘ശീട്ടെവിടെ’?
സഹായിയായ നേഴ്‌സ് ആശ്ചര്യത്തിൽ നോക്കി.
‘ചികിത്സിക്കാൻ വന്നതല്ല. കുറച്ചു ദൂരെനിന്നു വരികയാണ്. ആശുപത്രിയൊന്ന് കാണാൻ. ബുദ്ധിമുട്ടാവില്ലെങ്കിൽ എനിക്കൽപ്പം സംസാരിക്കണം.’
‘ഇതാദ്യമായാ ഒരാൾ ആശുപത്രി കാണാൻ വരുന്നത്. കൊള്ളാം. എന്താ അറിയേണ്ടത്?’
‘മറ്റൊന്നുമല്ല. മാലിനിയുടെ രോഗത്തെപ്പറ്റി, മേത്ത്‌വക്കാരെപ്പറ്റി, അവരുടെ ചികിത്സ... ഇവിടെ അപ്പുറത്ത് പ്രധാന ഡോക്ടർ....’
‘കണ്ടോ. നിങ്ങൾ ആളു വിജ്ഞാനദാഹിയാണ്. ഒരുപാടു വിവരങ്ങൾ അറിയണമെന്നുണ്ട് അല്ലേ. ആട്ടെ, ഇതറിഞ്ഞിട്ടെന്താ ഗുണം നിങ്ങൾക്ക്?’ അയാൾ മുഖം വക്രീകരിച്ചു.
‘ഒന്നുമില്ല. ഇവിടെ ബംഗാൾ സന്ദർശിക്കാൻ വന്നതാണ്. ബംഗാളികളെ ഏറെ ആദരിക്കുന്ന നാട്ടിൽനിന്നാണ് വരുന്നത്.’
ഇങ്ങനെ പറഞ്ഞതോടെ അയാൾ ഗൗരവക്കാരനായി: ‘സോറി. നിങ്ങൾ തമാശ പറയുകയാണെന്നാണ് കരുതിയത്. സത്യം പറയട്ടെ. ഞാൻ ഡോക്ടറൊന്നുമല്ല. ഗോത്രക്കാരെ ചികിത്സിക്കാൻ മറ്റാരും തയ്യാറാവാത്തതിനാൽ ചെയ്യുന്ന സഹായ ഏർപ്പാട്.’
മുഖം തുടക്കുകയും കോളർ ശരിയാക്കുകയും ചെയ്തുകൊണ്ട് അയാൾ പറഞ്ഞു; ‘നമുക്ക് പ്രധാന ഡോക്ടറുടെ അടുത്തേക്ക് പോകാം.’
‘പേടിക്കേണ്ട. ഞാനൊരു സന്ദർശകൻ മാത്രമാണ്. നിങ്ങൾ ഏത് മെഡിക്കൽ കോളേജിലാണ് പഠിച്ചത്?’
‘പറഞ്ഞല്ലോ. ഞാൻ സഹായം ചെയ്യുകയാണ്. ഞാൻ മേത്ത്‌വക്കാരനാണെന്നേയുള്ളൂ. കുറച്ചുകാലം പ്രധാന ഡോക്ടറുടെ കൂടെ നിന്നിട്ടുണ്ട്.’
‘പക്ഷേ മരുന്നു കുറിച്ചുകൊടുക്കാൻ താങ്കൾക്ക് കഴിയുന്നുണ്ടല്ലോ.’
‘പ്രാക്ടീസ് കൊണ്ട് പഠിക്കാൻ പറ്റാത്തതായി എന്തുണ്ട്? പിന്നെ ഫോണും മൊബൈലും ഉള്ളതിനാൽ സംശയത്തിന് മെയിൻ ഡോക്ടറെ വിളിച്ച് ചോദിക്കാം. ഒന്നോർക്കണം, മേത്ത്‌വക്കാരെ നോക്കാൻ ഞാനില്ലെങ്കിൽ വേറെയാരുമില്ല.’
അയാൾക്ക് വിശദീകരിച്ച് മതിയായിരുന്നില്ല. ഇത്തവണ എഴുന്നേറ്റു നിന്നുകൊണ്ടാണ് പറഞ്ഞത്.
‘ബഡാ ഡോക്ടറെ കണ്ടിട്ടുണ്ടോ? അറിവും ജ്ഞാനവുമുള്ള തപസ്വിയെപ്പോലെയാണദ്ദേഹം. അദ്ദേഹത്തെ ഞങ്ങടെ സമുദായക്കാർ തൊട്ടശുദ്ധമാക്കാതിരിക്കുന്നതല്ലേ നല്ലത്?’
സ്വന്തം സമുദായത്തിന്റെ ചരിത്രവും വഴിത്തിരിവുകളും ഓർമയുടെ ഇന്നലെകളും തെളിഞ്ഞതിനാലായിരിക്കാം അയാൾ മൗനത്തിലായി. പുറത്തിറങ്ങവേ അയാൾ വിളിച്ചുചോദിച്ചു.
‘ശരി, ബംഗാളികളെ ആദരിക്കുന്ന നിങ്ങളുടെ നാട്ടുരാജ്യം ഏതാ?’
‘കേരള’ ചിരിച്ചുകൊണ്ട് പറഞ്ഞു.
അയാൾ തുറിച്ചുനോക്കി.
മൂക്കിൻതുമ്പത്തെ ജലാംശം തുടച്ചുകൊണ്ട് ചോദ്യരൂപേണ മുക്രയിട്ടു.
‘കേർള?’
പുറത്തിറങ്ങി, കടയിൽനിന്ന് കുറേ നേപ്പാൾ ആപ്പിൾ വാങ്ങി പൊതിയാക്കി തിരികെയെത്തിയപ്പോഴേക്കും ഉദ്ധരാ മറ്റൊരാളായി മാറിയിരുന്നു.
‘ആശുപത്രി കാണാൻ വന്നതൊക്കെ ശരി, ഡോക്ടറോട് തട്ടിക്കയറാൻ നിനക്കെന്തവകാശം? നമ്മൾ തമ്മിൽ ഒരു ചായയുടെ ബന്ധമേ ഉള്ളൂ. പറഞ്ഞേക്കാം... ഞാനീ ചാക്കുപുരയിൽ പണിചെയ്ത് ജീവിച്ചോട്ടെ.’
‘നിങ്ങൾക്ക് ഒരു പ്രശ്‌നവും ഞാനുണ്ടാക്കിയില്ലല്ലോ?”
അയാൾ കൈകൊണ്ട് ആട്ടി.
‘മതി. മതി. ഉണ്ടാക്കിയ കുഴപ്പംതന്നെ ധാരാളം. കൈയിലെന്താ പൊതി? അല്ല, തെളിച്ചുപറ നിന്റെ ഉദ്ദേശ്യമെന്താ?’
‘നിങ്ങളോട് എനിക്കിനി സംസാരിക്കാനൊന്നുമില്ല. കഴിയുമെങ്കിൽ ഈ ആപ്പിളുകൾ മാലിനിക്ക് എത്തിക്കൂ.’
‘എന്നിട്ടുവേണം മേത്ത്‌വത്തെണ്ടികൾ എന്നെ പിടിച്ചുകീറാൻ.’
‘എന്നാൽ ഞാൻ തന്നെ....’
‘എടാ... പുറത്തു നില്ലെടാ. ഇനി ഒരടി വെച്ചാൽ....’ ഉദ്ധരാ അലർച്ചയായി. ആപ്പിൾപ്പൊതി പിടിച്ചുവാങ്ങിക്കൊണ്ട് അയാൾ വീണ്ടും: ‘പോയേ’. ആശുപത്രിയിൽ പ്രശ്‌നമുണ്ടാക്കാൻ വന്ന അന്യനാട്ടുകാരനെ പുറത്താക്കാൻ ഉദ്ധരായ്ക്ക് നിർദ്ദേശം കിട്ടിയിരിക്കുന്നു. നിന്നിട്ട് കാര്യമില്ല. ഇറങ്ങി നടന്നു. സന്ദർശകൻ പോയെന്ന് ഉറപ്പുവരുത്തി, മടങ്ങിക്കിടന്ന ചാക്കിനുള്ളിലേക്ക് പോയ ആപ്പിൾ അയാൾ കുനിഞ്ഞെടുത്തു.
‘ആശുപത്രിയിൽ സോഷ്യലിസത്തെക്കുറിച്ച് മിണ്ടരുത്’ എന്നൊരു കുറിപ്പ് ബ്ലോഗിൽ പോസ്റ്റുചെയ്യാനായി ജോജി എഴുതിവച്ചു. ജീവിതത്തിനും മരണത്തിനുമിടയിൽ വിലങ്ങനെ അള്ളിച്ചേർന്നു കിടക്കുന്നത് സമുദായമാണെന്ന് ബോൾഡു ചെയ്തപ്പോൾ മാത്രമാണ് തലയിൽനിന്നും ഭാരം കുറച്ചെങ്കിലും ഒഴിഞ്ഞുപോയത്.
എല്ലാ കുറിപ്പുകളിലേയുംപോലെ ഒടുവിൽ ഒരു ചോദ്യവും ചോദിച്ചു.
‘ഞാനും നിങ്ങളും ജീവിക്കുന്നത് 21-ാം നൂറ്റാണ്ടിലാണ്, അല്ലേ’? ▮
1. പ്രശ്‌നക്കാരാണ്.
(തുടരും)