ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം

നെെതികമണ്ഡലം

അധ്യായം ഒൻപത്: കോം

ർച്ചകളിൽ നിന്നും യാത്രകളിൽനിന്നും വഴുതിമാറി സഞ്ചരിക്കുന്ന കോം വറുഗീസിനെ ഉമ്മിണി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ചോദിച്ചപ്പോൾ അത് അവന്റെ മാത്രം സംശയമായിരുന്നില്ല. സംഘത്തിലെ ഒറ്റയാനായാണ് വറുഗീസിനെ എല്ലാവരും കണ്ടത്.Don’t know why he is so much reserved എന്ന് ഭൈരപ്പ.Character difference എന്ന് അപ്പാഗോകുലു.
‘പുരിയറതേ ഇല്ലൈ’ എന്ന് സരവണൻ.

മിക്കവാറും വറുഗീസിന്റെ മുറി പൂട്ടിക്കിടക്കുകയാവും.
​എപ്പോഴാണ് വരുന്നതെന്നോ പോകുന്നതെന്നോ ഒരറിയിപ്പും തരാതെ വറുഗീസ് വരികയും പോവുകയും ചെയ്തു.
‘പുള്ളി കുറച്ച് സീനിയറല്ലേ. കൂടുതൽ ദിവസം ഉണ്ടതിന്റെ സങ്കടമുണ്ടാവും’ കാരംസ് ബോർഡിൽ പൗഡർ വിതറിക്കൊണ്ട് അഥീന എല്ലാവരേയും ക്ഷണിച്ചു.

വറുഗീസ് വയനാട്ടുകാരനാണ്; ഓർമഭാരങ്ങളിൽ വിഷാദിയാകുവാനാണ് അവന്റെ നിയോഗം. മെല്ലിച്ച ശരീരവും കഷണ്ടിയും. വറുഗീസിന്റെ ചിരിയാണ് അവനെ പാതിയും രക്ഷിച്ചെടുക്കുന്നത്. സന്തോഷത്തിന്റെ കണികപോലും കണ്ടെടുക്കാനാവില്ല. പറഞ്ഞതിനോട് യോജിപ്പാണെന്നു മാത്രം അറിയാം.
‘സുമയ്ക്ക് വറുഗീസ് ചേട്ടനെപ്പറ്റി അറിയാമല്ലോ നന്നായിട്ട്.’
നന്നായിട്ട് എന്നു പറയാനാവില്ല. ഞാൻ പറഞ്ഞിട്ടുണ്ടല്ലോ യാദൃച്ഛികമായാണ് വറുഗീസ് ചേട്ടൻ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്.

അപകടത്തിനുശേഷം ഒരാളോടും സമ്പർക്കമില്ലാതെ മാസങ്ങൾ കഴിച്ചുകൂട്ടിയ വീട്ടിലെ പവർ സപ്ലൈ പ്രശ്‌നങ്ങൾ തീർക്കാൻ വന്ന ഇലക്ട്രീഷ്യൻ എനിക്ക് പ്രകാശം തന്നു. ഞാൻ പതുക്കെ എഴുന്നേൽക്കുകയായിരുന്നു. വിശദീകരിക്കാനാവാത്ത ഇന്നർ എനർജി തന്ന ആ മനുഷ്യൻ കാറപകടത്തിൽപ്പെട്ടപ്പോൾ
ഞാൻ വീണ്ടും തളർന്നു. അത് അപകടമല്ല, കൊലപാതകമാണെന്ന് എനിക്കറിയാമായിരുന്നു. കേസിലെ എന്റെ ശത്രുക്കൾ അത്രയ്ക്ക് വലുതായിരുന്നു. ഒന്നും തിരികെ ചെയ്യാൻ പറ്റാത്തവിധം വലിപ്പമുള്ളവർ. ആ തളർച്ചയിലാണ് ജ്ഞാനിയെപ്പോലെ മെലിഞ്ഞ വറുഗീസ് കടന്നുവന്നത്. അവന് ആരുമില്ലായിരുന്നു. വയനാട്ടിൽനിന്ന് എന്നേ നാടുവിട്ടവൻ. ഒന്നിനുംവേണ്ടിയല്ലാതെ ഒറ്റപ്പെട്ടവരോടൊപ്പം നിൽക്കും. നൈതികമണ്ഡലത്തിലെത്തിയശേഷം ക്യാമറയും തൂക്കി നിവർന്നു നടക്കാറായപ്പോൾ ഞാനാണയാളെ കൊമ്രേഡ് എന്നു വിളിച്ചത്, വിളിച്ചുപോയത്. കാരംസിൽ താൽപര്യമില്ലാത്ത സരവണൻപോലും ബോർഡിനടുത്ത് വന്ന് സ്റ്റൂളിലിരുന്നു.

‘വറുഗീസിനെപ്പോലെ മറ്റൊരാളെ നമുക്കു കാണാനാവില്ല.’
ബോർഡിൽ കോയിനുകൾ വൃത്താകാരത്തിൽ അടുക്കിവച്ച് അഥീന രണ്ടുകൈയ്യും ചേർത്തുപിടിച്ച് ആരോലൈനിനു നേരെ തിരിച്ചു.
‘പലപ്പോഴും അടുത്തറിയാൻ ശ്രമിച്ചപ്പോഴൊക്കെ വറുഗീസ് ഒഴിഞ്ഞുമാറി. അവനവനിൽ തീരെ താൽപര്യമില്ലാത്ത ഒരാളെ ഞാനാദ്യമായി കാണുകയാണ്.’
‘നമ്മുടെ കാഴ്ചകളല്ല അയാളുടെ കാഴ്ചകൾ. നമ്മുടെ തോന്നലുകളല്ല അയാളുടേത്. നമ്മൾ ഓരോരുത്തരേയും നന്നായി ഹൃദിസ്ഥമാക്കിയവൻ.’

‘കോമ്രേഡ് എന്നു വിളിച്ചപ്പോൾ വറുഗീസ് വല്ലാതെ മൗനവികാരം കൊണ്ടു. കൺപീലികൾ നിശ്ചലമായി നിന്നു. അപ്പോഴാണ് മറ്റൊരു രഹസ്യം പുറത്തുവിട്ടത്. തിരുനെല്ലിയിലെ വർഗീസിന്റെ ചാർച്ചക്കാരനാണയാൾ. ഏതോ അലച്ചിൽപാളയത്തിൽ വച്ച് വയനാട്ടിൽ നിന്നാണെന്നു പറഞ്ഞപ്പോൾ ഒരു വൈദികൻ ചോദിച്ചുപോയതാണ്. "പേരെന്താണെന്നാ പറഞ്ഞേ'?. പറഞ്ഞുകഴിഞ്ഞതല്ലേ, ഒരിക്കലേ പറയൂ എന്നായി ആഗതൻ. പരീക്ഷിക്കല്ലേ, വറുഗീസല്ലേ എന്ന് പാവം വൈദികൻ. "അതെ, ഞാൻ വറുഗീസാണ്. വറുഗീസല്ലാതെ മറ്റെന്താണാവുക'? അവൻ തിരിച്ചുചോദിച്ചു. പാരിതോഷികമായി കിട്ടിയ വേദപുസ്തകം തലയിണയ്ക്കടിയിൽവച്ച് വീണ്ടും യാത്ര.

ഒറ്റ സ്‌ട്രോക്കിന് മൂന്ന് കോയിനുകൾ കാരംബോർഡിന്റെ മൂന്ന് ദ്വാരങ്ങളിൽ വീണു. അവയെല്ലാം അനുകൂലമായ വെളുത്തവയല്ലേ എന്ന് ഉമ്മിണി പരിശോധിച്ചു. രണ്ടെണ്ണം വെള്ളയും ഒരെണ്ണം കറുത്തതുമായിരുന്നു.
‘അവനെ വെറുതെ വിടാം. അവനെപ്പോഴും നമ്മോടൊപ്പമുണ്ട്.’
‘എന്നാലും ഹോട്ടൽ റിസപ്ഷൻ ഫയലിൽ വരെ കോം എന്നെഴുതേണ്ടയാവശ്യമെന്ത്?’ ഭൈരപ്പ ആലോചിച്ചു.

‘അതിനെന്താ’? കണ്ണു മുഴുവൻ കാരംസിലാണെങ്കിലും അഥീന.
‘കോം എന്നുവച്ചാൽ കോം എന്നുകൂടി അർത്ഥമില്ലേ’?
‘എന്താ’
‘കോം... കമ്പനി....’
ഉമ്മിണിക്കപ്പോൾ ദാമുവിന്റെ ചിത്രകഥാശകലമാണ് ഓർമവന്നത്. നന്ദികേശ്വരൻ സ്റ്റാന്റ്, ദാമു സിറ്റ്, ശ്രീപരമേശ്വരൻ മൂന്നു കറക്കം കറങ്ങി, മൂക്കുംകുത്തി ഡൗൺ.1’
‘ഭൈരപ്പ നിന്നെക്കൊണ്ട് ഒരു രക്ഷയുമില്ല.’ അഥീന ജോജിക്ക് കോയിൻ കൈമാറി. കോയിനുകൾ നീളൻ രേഖകളിൽ സഞ്ചരിച്ചു.

ജോജിയോട് അപ്പോൾ സൺഫ്‌ളവറിന്റെ പിന്നിലെ കഥ പറയാൻ പറഞ്ഞു.
‘ചുങ്കത്തറയിലെ സൺഫ്‌ളവർ പായ്ക്കിങ് കമ്പനിയുടെ മറവിൽ ജലചൂഷണമാണ് നടക്കുന്നതെന്ന് സംശയമുണ്ടായിരുന്നു. നൂറിലധികം കുഴൽക്കിണറുകൾ. പഞ്ചായത്തും കമ്മിറ്റിയും എല്ലാം സൂര്യകാന്തിയെണ്ണയെ വാഴ്ത്തി. പ്രാദേശിക ലേഖകനോടൊപ്പം ഒരു രാത്രി കമ്പനിയിൽ പോയപ്പോൾ വെള്ളം കടത്താൻ വന്ന ലോറികൾ കണ്ടു. മിനറൽവാട്ടർ കമ്പനിക്കായി വെള്ളം ചോർത്തൽ. ലേഖകന് വാർത്ത പത്രത്തിൽ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല. മാനേജ്‌മെന്റിന് താൽപര്യമില്ല. എന്തുചെയ്യണമെന്നാലോചിച്ചപ്പോൾ പാരലൽകോളേജിലെ വിദ്യാർത്ഥികളുടെ സന്ദർശനം എന്ന നിലയിൽ കൂട്ടത്തോടെ കമ്പനി വളപ്പിലേക്കെത്തുകയാണ് മാർഗമെന്നു തോന്നി. പിള്ളേർ ഓഫീസ് ഫയൽ വലിച്ചിട്ട് ഓടി. വലിയ വാർത്തയായി. ഫയലുകൾ പരിശോധിക്കപ്പെട്ടു. സൂര്യകാന്തിയെണ്ണയല്ല ജലമാണ് പ്രശ്‌നമെന്ന് തെളിഞ്ഞു. ഒതുക്കാൻ ശ്രമിച്ചവർപോലും ജലസമരത്തിന് രംഗത്തുവന്നു. ഒരു ജില്ലയിലെ മുഴുവൻ ജനങ്ങൾക്കുമായി പത്തുദിവസത്തിനുവേണ്ട വെള്ളമാണ് ഒറ്റദിനംകൊണ്ട് കുഴൽക്കിണറുകൾ വലിച്ചെടുത്തിരുന്നത്.’

‘പിന്നെ എല്ലാ വർഷവും ജലദിനത്തിന് നീയായി മുഖ്യാതിഥി, ശരിയല്ലേ’. ഉമ്മിണി ചോദിച്ചു.
‘പായ്ക്കിങ് കമ്പനിയേയും കുഴൽക്കിണറുകളേയും ജലദിനത്തേയും നാട്ടുകാർ മറന്നു. സൺഫ്‌ളവർ എന്ന വിളിപ്പേർ മാത്രം ബാക്കി.’
‘ശേഷമോ’?
‘എല്ലാ തൊഴിൽ ഇന്റർവ്യൂവിലും നെഗറ്റീവ് മാർക്കുമായി പിൻതള്ളപ്പെട്ടു. ഞാനെത്തുംമുമ്പേ കാരക്ടർ അവിടെ ഒളിഞ്ഞെത്തും. "നിഷേധി.’
ജോജി കളി മതിയാക്കി എഴുന്നേറ്റുപോയി. ▮

1. ദാമുവിന്റെ തലമാറട്ടെ എന്ന ജനപ്രിയചിത്രകഥ.

(തുടരും)


സി. ഗണേഷ്

കഥാകൃത്ത്​, നോവലിസ്​റ്റ്​. തുഞ്ചത്തെഴുത്തച്​ഛൻ മലയാളം സർവകലാശാലയിൽ ക്രിയേറ്റീവ് റൈറ്റിംഗ് അധ്യാപകൻ.ക്രിയാത്മക കഥാപാത്രങ്ങൾ, നനഞ്ഞ പതിവുകൾ, ചിങ്ങവെയിലിനെ തൊടാമോ, ചങ്ങാതിപ്പിണർ, കേരള ഭക്ഷണത്തിന്റെ സംസ്​കാര ചരിത്രം, കാണം വിറ്റും ഓണം ഉണ്ണണോ എന്നിവ പ്രധാന കൃതികൾ.

Comments