ചിത്രീകരണം : സുധീഷ് കോട്ടേമ്പ്രം

നെെതികമണ്ഡലം

അധ്യായം ഏഴ്: ആസാമി

‘നീ പോടാ തമിഴാ’ ഇലഞ്ചിപ്പഴത്തിന്റെ ഒരു കഷണവുമായി ഇരിക്കുന്ന സരവണനോട് ജോജി പറഞ്ഞു.

‘ഉം എന്തേ, സരവണനിട്ടു ചാമ്പുന്നത്. വിട്ടേക്ക് ജോജി’.
‘ഏയ് അങ്ങനെയൊന്നുമല്ല, ഇവൻ പറയുന്നത് കേട്ടില്ലേ.’
കുറച്ചുനേരം ജോജിയും ഉമ്മിണിയും മിണ്ടിയില്ല. സരവണൻ ഇലഞ്ഞിപ്പഴം മുഴുവൻ കടിച്ചുതീർത്തു. അവന്റെ മുടിയിഴകൾ നെറ്റിയിലേക്കു തൂങ്ങിനിന്ന മുഖത്ത് കള്ളച്ചിരി.
‘ഇന്ത ബംഗാളികൾ, വിട്ട പുള്ളൈകളല്ലൈ!’

‘നീ ഒന്നുകിൽ തമിഴ് പറയ് അല്ലെങ്കിൽ മലയാളത്തിൽ പറയ്. ഒരുമാതിരി കാച്ചിലും തൈരും തമ്മിൽ കുഴക്കാതെ.’
‘ഇവൻ പറയുകയാ ബംഗാളികളെ അത്ര നല്ലവരായി കണക്കാക്കരുതെന്ന്.’
‘ഓ. വേണ്ട; എന്താ കാരണം പറയുന്നേ’?
‘ബംഗാളികൾ ആസാമിനെ ഇല്ലാതാക്കുകയാണെന്നാ അവന്റെ പരാതി.’
‘ഓഹോ. അതും ഉണ്ടായോ? അതെങ്ങനെ?’
‘എഴുപതുകളിലെ യുദ്ധവേളയിൽ ബംഗ്ലാദേശികളും ചൈനക്കാരും അലവലാതി പേടിത്തൂറികളായ പട്ടാളക്കാരും ആസാമിലേക്ക് കുടിയേറിയിട്ടുണ്ട്. അവരോടൊപ്പം കുബുദ്ധികളായ ബംഗാളികളും കൂടിയിട്ടുണ്ടത്രേ. ഇവരങ്ങ് കുടിയേറി ആസാമിനെ കച്ചവടംചെയ്തു. ദുർഗാഷ്ടമി നടത്തിയും ബംഗാളി പറഞ്ഞും മാറ്റിയെടുത്തെന്നാ പറയുന്നത്.’

‘സരവണാ, നീ ഇന്നലെ സ്വപ്നം കണ്ടതാണോ?’
‘അവൻ ഇലഞ്ചിവിത്ത് വലിച്ചെറിഞ്ഞു. ‘നാൻ മലയാളത്തിൽ ശൊല്ലട്ടുമാ’; അവൻ ലുങ്കി ഒതുക്കി ഇരുന്നു.

‘ബംഗാളികൾ ആസാമിൽ കേറിമറിഞ്ഞു. വെളുത്ത ബംഗാളികളെ സായിപ്പിനു തുല്യമായി ആസാമികൾ കാണാൻ തുടങ്ങി. ബംഗാളി ശ്രേഷ്ഠഭാഷയാണെന്ന് പ്രചരിപ്പിച്ചു. ബംഗാളികൾ ആസാമി സംസ്‌കാരത്തിനു മുകളിലാണ് കയറിയിരുന്നത്. ആദ്യം ഭാഷയിൽ പിടിച്ചു. പിന്നെ ആചാരങ്ങളിൽ, വീട്ടിൽ തൂക്കുന്ന ഫോട്ടോകളിൽ, ആസാമെന്നത് തൽക്കാലം താമസിക്കാനുള്ള സ്ഥലമാണെന്നും മറ്റൊരു കാലത്ത് ഇവിടന്ന് കുറ്റിയുംപറിച്ച് പോകേണ്ടവരാണ് തങ്ങളെന്നും ജനങ്ങളിൽ വിപരി ദേശീയത വളർത്തി. ആസാമീസ് ഭാഷ സംസാരിക്കുന്നതിനിടയിലേക്ക് കുട്ടികൾപോലും ബംഗാളിയിലെ തൊലിവെളുപ്പുള്ള വാക്കുകൾ തിരുകിക്കയറ്റി. പരമാനന്ദം, ആവേശം.

സിനിമയിലാണ് ആദ്യം മാറ്റം പ്രത്യക്ഷമായത്.
ആസാമീ സിനിമകളിൽ നല്ലവരായ ബംഗാളി കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെട്ടു.
ഒരു നാട്ടിൽ നുഴഞ്ഞുകയറി, അവരുടെ സംസ്‌കാരത്തിനു മുകളിൽ കൊശളൻ പൂക്കൾ വിതറിയവർ കരുണയുടേയും സ്‌നേഹവായ്പിന്റേയും പ്രതിനിധികളായി സിനിമയിൽ വന്നു. നിത്യജീവിതത്തിലെ അനുഭവങ്ങളല്ല തിരശീലയുടെ തൂവെള്ളയാണ് സത്യമെന്ന് നാട്ടുകാർ ഒന്നടങ്കം കരുതി. സിനിമ കൊട്ടകകളിൽ എപ്പോഴും ഇരുട്ടായിരിക്കുമല്ലോ. ഇരുട്ടത്തെ സത്യങ്ങളാണ് യഥാർത്ഥ സത്യങ്ങളെന്നു കരുതിയാൽ പിന്നെ എന്തുചെയ്യാൻ കഴിയും?’

ഇരുവരും സരവണന്റെ ആഖ്യാനപാടവത്തിൽ കൗതുകം പൂണ്ടു.
‘ആസാമീ സംഗീതത്തിന്റെ പാരമ്പര്യത്തെക്കുറിച്ച് അറിയാമോ? പ്രകൃതിയുടെ സംഗീതമായിരുന്നു അത്. കാട്ടിലെ മുളയീറലിൽനിന്ന് ഒഴുകിയെത്തുന്നപോലെ മനോഹരം. തടാകത്തിന്റെ ശുദ്ധ നീലിമ പോലെ ആസ്വദിക്കുന്തോറും പൊന്തിവരുന്നത്. കാടിന്റേയും പുഴയുടേയും ലയനമായിരുന്നു അത്.
ബിഹുവിൽ ലയിച്ചുചേരുന്ന രാഗത്തെക്കുറിച്ച് ഓർക്കൂ. ബിഹുവിന്റെ വൈവിധ്യങ്ങൾ കേട്ടുനോക്കൂ. എന്നാലിന്നോ? ആസാം ജനങ്ങൾക്ക് അവരുടെ സംഗീതം വേണ്ട. ബിഹുർക്ക് അവ പഴമയുടെ പ്രതീകം മാത്രം. ബംഗാളി സംഗീതമാണ് ഇന്ന് അടിച്ചുകയറുന്നത്.’

‘സരവണാ സംസ്‌കാരത്തെക്കുറിച്ച് പറയുമ്പോൾ ഇങ്ങനെ മൗലികവാദിയാവരുത്. എടോ, അണ്ണാവി, ഇങ്ങനെ പലരും കലർന്നാണെടോ സംസ്‌കാരം നിലനിൽക്കുന്നത്. അതിങ്ങനെ മാറിക്കൊണ്ടിരിക്കും. പെൻഡുലമല്ല അത്.’
‘ആയ്‌ക്കോട്ടെ, മാറുകയല്ലെങ്കിലോ മാറ്റുകയാണെങ്കിലോ?' തിന്നാൻ തരുന്ന മണ്ണിനോട് നിങ്ങൾക്ക് കൂറുണ്ടോ?’
‘സരവണാ നിനക്കെന്തുപറ്റി?’
‘ആസാമിന്റെ സംഗീതം പൊയ്‌പ്പോയി. ചലച്ചിത്രങ്ങൾ ആസാമികളിൽ നിന്നും പറിച്ചുമാറ്റപ്പെട്ടു. ബംഗാളികൾ എല്ലായിടത്തും ആധിപത്യം സ്ഥാപിച്ചു. നിങ്ങൾക്കറിയാമോ, ചുരുക്കമായി ഇറങ്ങുന്ന ആസാമീസ് ചലച്ചിത്ര പ്രവർത്തകരോട് കാര്യം തിരക്കൂ. അവർ പറയും ബംഗാളികളെക്കുറിച്ച്.
നന്മയുടെ മാത്രം വിളനിലങ്ങളല്ല ബംഗാളികൾ.’

ഒന്നുനിർത്തി സരവണൻ നിരത്തിൽ കുൾഫി ഐസ് വിൽപ്പനക്കാരന്റെ പെട്ടിവണ്ടിയിലേക്ക് ഓടിപ്പോയി. അത് ഐസ് വാങ്ങാനായിരുന്നില്ല. എതിർവാദങ്ങൾ ശക്തമാണെങ്കിൽ പ്രതിരോധിക്കാൻ വയ്യാഞ്ഞിട്ടാവും. കണ്ടെത്തിയ വിവരങ്ങളിൽ മാത്രം വാദിച്ച് ജയിക്കാനാണ് അവനിഷ്ടം. പോകുന്നതിനു മുമ്പ് അവൻ ഒന്നു പറഞ്ഞു; ‘പാവം ആസാമികൾ അവർ മാറിപ്പോയത് അവർ മാത്രം അറിഞ്ഞില്ല.’

ജോജിയും ഉമ്മിണിയും അൽപനേരം മുഖത്തോട് മുഖം നോക്കി. മഞ്ഞുകൊള്ളാതിരിക്കാൻ ഉമ്മിണി ഷാളെടുത്ത് തലയിലൂടെ ചുറ്റി. മൂക്കിൻതുമ്പിൽ തണുപ്പ്. ഷാളിന്റെ തലപ്പെടുത്ത് മൂക്കു പുതച്ചപ്പോൾ മൂക്ക് പതുക്കെ ചൂടായി.

മുമ്പൊക്കെ ആസാം എന്ന് പറഞ്ഞിരുന്നത് പിന്നീടെപ്പോഴോ അസം എന്നായി മാറിയതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു അപ്പോൾ ഉമ്മിണി. സരവണൻ പറയുന്നതിലും ചില സത്യങ്ങൾ ഉണ്ടാവാം. അധിനിവേശമെന്നത് ലോകത്തെവിടെയും നടക്കുന്ന സ്വാഭാവിക പ്രതിഭാസമാകുന്നു. മനുഷ്യൻ എന്ന നരവംശജീവിയുടെ അടിസ്ഥാനം തന്നെ ഗോത്രപരതയാണ്. അത് സ്ഥിരമായി ഗോത്രങ്ങൾ സൃഷ്ടിക്കുകയും സ്വന്തം ഗ്രൂപ്പിൽ അഭിമാനം കണ്ടെത്താനുമാണ് ശ്രമിക്കുക.
അടുത്തപടി കീഴ്‌പ്പെടുത്തലാണ്.
അന്യഗോത്രത്തെ ഏതെങ്കിലും പടി നശിപ്പിച്ച് അവരിൽ അധിനിവേശിച്ച് സ്വന്തം തനിമയെ അന്യരിൽ ഉൽപ്പാദിപ്പിക്കാൻ മുതിരും.
ആക്രമിച്ചു കീഴടക്കി തന്നിലാക്കുന്ന സൂത്രവിദ്യയാണ് മനുഷ്യന് എല്ലാകാലത്തും പ്രിയം.

ഇങ്ങനെയൊക്കെ ചിന്തിച്ചെങ്കിലും ഉമ്മിണിക്ക് ബംഗാളികളോടുള്ള ദോഷാരോപണം സമ്മതിച്ചുകൊടുക്കാൻ മനസ്സുണ്ടായില്ല. തമിഴർക്ക് പൊതുവെ ഹിന്ദിയോടും ഉത്തരേന്ത്യക്കാരോടുമുള്ള വെറുപ്പും വിദ്വേഷവും ഇതിന് കാരണമാണെന്ന് സാമാന്വീകരിച്ചു. ഈ വിഷയം കുറച്ചുകൂടി ചർച്ച ചെയ്യേണ്ടതാണെന്ന് ജോജിക്കും തോന്നിയിരുന്നുവെന്നത് വാസ്തവം.

അന്നു വൈകീട്ട് അരബിന്ദോ ലോഡ്ജിന്റെ പരിസരത്തുള്ള പ്യൂനോർ മൈതാനത്തിന്റെ പിൻകവാടത്തിലെ മരക്കുടിലിൽ ഇരുന്നുകൊണ്ട് നേരത്തേയെത്തിയ ഉമ്മിണിയും അഥീനയും വിഷയം ചർച്ചയ്ക്കിട്ടു.
‘അടിസ്ഥാന ലോജിക്കില്ലാതെ പറയുന്നവനാണ് സരവണൻ. അവഗണിക്കാവുന്നതേയുള്ളൂ’; കോംവറുഗീസ് മണ്ടയിലെ കഷണ്ടിയുടെ ഓരത്ത് വിരൽ തുടച്ച് വിഷയം നിസ്സാരമാക്കി. അഥീനയും ശരീരഭാഷകൊണ്ട് അതിനോട് ഏതാണ്ട് യോജിക്കുകയായിരുന്നു.
എന്നാൽ ജോജി മറിച്ചു ചിന്തിക്കുകയാണ്: ‘അങ്ങനെ ചെറുതാക്കല്ലേ. ഒന്നോർത്താൽ നമ്മൾ മലയാളികൾക്ക് എന്നോ നഷ്ടപ്പെട്ടഒരു താക്കോലുപോലെയാണ് ബംഗാൾ. അതിന് നരവംശശാസ്ത്രപരമായ കാരണങ്ങളുണ്ടായിരിക്കാം. നമുക്ക് സത്യം പറഞ്ഞാൽ ബംഗാളെന്നത് കാൽപനികമായ സുന്ദരസ്വപ്നമല്ലേ? അത് തച്ചുടക്കാൻ നാമാരെയും അനുവദിക്കില്ല. ബംഗാളികളുടെ പുറത്ത് ആരെങ്കിലും അടിച്ചാൽ പാറശ്ശാലയിലെ സഖാവിന് വേദനിക്കും.’
‘ഏതോ ഒരു കവി, ആഫ്രിക്കൻ അടിമയുടെ പുറത്തെ മർദനം തന്റെ പുറത്തുകൂടി അടിക്കുന്നതിനു സമമാണെന്നു പറഞ്ഞിട്ടുണ്ട്.’
‘ആഫ്രിക്കവരെയൊന്നും പോകേണ്ട...’

മലയാളിക്ക് ഒരു ധാരണയുണ്ട്.
ബംഗാളിസാഹിത്യം അവൻ മുഴുക്കെ ഹൃദിസ്ഥമാക്കിയെന്ന്.
സത്യത്തിൽ ബംഗാളിസാഹിത്യത്തിന്റെ ഇരുപത് ശതമാനമേ മലയാളി വായിച്ചിരിക്കാനിടയുള്ളൂ. കുറച്ച് റേ, കുറച്ച് ബിഭൂതി. കുറച്ച് ടാഗോർ. കുറച്ച് താരാശങ്കർ. മിഴിച്ചുകണ്ട പഥേർ പാഞ്ചലി. നമ്മൾ തൊട്ടുനക്കിയതാണ് അവരെന്ന് നമ്മളങ്ങ് നിരൂപിച്ചുകളഞ്ഞു.
അത്രടം മതി എന്ന മട്ട്. Early Perception-ന്റെ കേരള മോഡൽ!

‘കൃതഹസ്തനായ ഭവനനിർമാണ വിദഗ്ധന്റെ കഥപോലെയാണോ നമ്മൾ? കഥയിൽ അയാൾ നിരവധി ശിൽപഗുണമുള്ള വീടുകളുണ്ടാക്കി. ഏറെക്കാലം അങ്ങനെ ഉണ്ടാക്കിയപ്പോൾ പിന്നെ പുതുമ കണ്ടെത്താൻ പറ്റാതെയായി. എങ്ങനെ പ്ലാൻ വരച്ചാലും താൻ മുമ്പു നിർമിച്ച ഏതെങ്കിലും വീടുമായി സാമ്യമുണ്ടാവും. ഒടുവിൽ അയാൾ സ്വയം ഒരു മുറിയിൽ കയറിനിന്ന് വാതിലില്ലാത്ത മുറി പണിതു. മേൽത്തട്ടും വാർത്തു. ആ മുറിയിൽനിന്ന് പുറത്തുവരാൻ കഴിയാതെ അയാൾ നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. ഇതാണ് ബംഗാളികളെക്കുറിച്ച് മലയാളികളുടെ മനോഭാവം. നമുക്കവരെക്കുറിച്ച് നല്ലതുമാത്രമേ കേൾക്കാനിഷ്ടമുള്ളൂ.’
‘ബംഗാളി നന്മയിൽ കുറേയൊക്കെ നമ്മൾ നിർമ്മിച്ചുകൊടുത്തതാണ്.’ അന്ന് വായിച്ച ചിലത് ഓർത്തെടുത്തുകൊണ്ട് ജോജി പറഞ്ഞു.
‘‘വലിയ അധിനിവേശങ്ങൾ ബംഗാളിൽ നടന്നിട്ടുണ്ട്. മറാത്തക്കാരുടെ അധികാരമോഹങ്ങൾ ബംഗാളിനെ 18-ാം നൂറ്റാണ്ടിൽ കുറേ പ്രാവശ്യം തകർത്തിട്ടുണ്ട്. നവാബുമാരുടെ കാലത്ത് ബംഗാൾ മറ്റൊരു തരത്തിൽ വെട്ടിയൊതുക്കപ്പെട്ടു. ഇല്ല്യാസ് ഷാ ബംഗാളിനെ നാട്ടുരാജ്യമാക്കി അംഗീകരിച്ചതിനുശേഷവും ബംഗാളികൾ എന്നും നാലുപാടും ഭയത്തോടെ നോക്കിയിരുന്നവർ തന്നെ.”
‘എന്നും പേടിച്ചു കഴിഞ്ഞാൽ ചില അവസരത്തിൽ കൈയോങ്ങാനും സാധ്യതയുണ്ടല്ലോ.’
‘എപ്പോഴും അവർ പേടിച്ചത് തങ്ങളുടെ ശൈലിമാറ്റാൻ വരുന്നവരെക്കുറിച്ച്’.
‘ആയിരിക്കാം’.
‘‘1757ൽ കമ്പനി ബംഗാളിൽ ആദ്യ കല്ലിടുമ്പോഴും ബംഗാളികൾ’ ‘നൊമൊഷ്‌കാർ’ പറഞ്ഞിരുന്നു. മധുരപ്രിയരായിരുന്നു. ദുർഗാപൂജയ്ക്ക് ദീപം തെളിച്ചിരുന്നു. സോഷ്യലിസ്റ്റ് രാഷ്ട്രം കിനാവു കണ്ടിരുന്നു.’’
‘എന്നാലവർ ആസാമികളെ പരിഗണിച്ചില്ല. മറാത്തഭാഷയോട് പുച്ഛമായിരുന്നു. ആധുനിക ഉപാധി എന്ന നിലയിൽ മാത്രം ഇംഗ്ലീഷിനെ കണ്ടു. അവരെന്നും ബംഗാളിനു വേണ്ടിയാ ജീവിച്ചത്.’

സരവണൻ, ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ എട്ട് പേജ് ലേഖനം തയ്യാറാക്കിയിട്ടുണ്ട്. ഇംഗ്ലീഷിൽ എഴുതാനുള്ള പരിജ്ഞാനമില്ലാത്തതിനാൽ തമിഴിൽ തയ്യാറാക്കിയ പ്രബന്ധത്തിന്റെ തീസിസ് വായിക്കാൻ വൈകീട്ട് കുളിക്കാതെ മുഖത്ത് പൗഡറിട്ടു വന്ന സരവണൻ വലിയ താൽപര്യം കാണിച്ചു. മരക്കുടിലിൽ ഒരു വള്ളിയിൽ ഇരുന്നും ഇടക്ക് നിന്നും സരവണൻ തമിഴ്‌മൊഴിയിൽ ബംഗാളികൾ എന്ന ശുദ്ധസ്വരൂപത്തെ കണക്കറ്റ് ആക്രമിച്ചു.
"ബംഗാളമക്കൾ പിറമാനിലങ്കളലിര്ന്ത് വേറ്‌പെട്ട കലാചാരത്തെയും സമൂഹഉണർവെയും പാരമ്പര്യത്തെയും കൊണ്ടവർകളാക ഉള്ളനർ. ബംഗാളത്തെ ചേർന്തവർകൾ മുരൺപാടുകളാൽ കട്ടമയ്‌ക്കൈപ്പെട്ട സമൂഹമാക തികഴ്കരാർകർ. കമ്യൂണിസ-സോഷ്യലിസ പാതയിൽ പയനിക്കുമ്പോതേ ഇവർ മനതിൻ മറുപാതിയേയ് ദുർഗാദേവിക്ക് സമർപ്പിക്കൻറണയ്. ഇതനെ ഇയൽഭാഗവും ഏറ്റുകൊൾവർ. അവർകൾ കാലൈയിൽ ഭൊദ്രാലോകത്തിൽ വാഴ്കിൻറണർ. ബ്രാഹ്‌മണ വിഴുപ്പിയങ്കിളിൻ ഉലകം. പൂജെക്ക് പിൻപ് അവർ വീട്ടൈവിട്ട് വെളിയേറിനാൽ ഒരു തീവ്രകമ്യൂണിസ്റ്റാക അവർകളാൽ വാഴമുടിയും. ഇരണ്ടിലും മുഴു ഈട്പാട്. ബംഗാളത്തെയ് ചേർന്തവൻ പല പിരിവുകളാക വാഴ കട്ട്‌ക്കൊണ്ടവൻ. അവർകൾ പെരുംകാവിയത്തിൻ തുണ്ടുകളൈപ്പോലെ വാഴ്കിൻറനർ.
സുതന്തിരപ്പോരാട്ടത്തിനുടൈയവും ദേശീയ ഉണർവിനൊടയവും മറ്റും ഏകാതിപത്യ എതിർപ്പ് നടവടിക്കൈകളോടയവും മുന്നണിയിൽ ഇരിക്ക ബംഗാളമക്കളാൽ മുടിന്തത്. എൻനിലയിലും അവർകൾ അവരോടയ അടയാളങ്കളേ ഉയർത്തിയേ പിടുത്തുള്ളണർ. എന്ത ഒരു മൊതലിലും തനത് സ്വന്ത അടയാളങ്കളേ വലിയുരുത്തിയ പോതിലും അതനെയ് ബംഗാളത്തവരിൻ അടയാളം എന്റ ഒരു അടയാളമാകക്കൊണ്ട് ഒതുക്കമുടിയാത്. ഇത് പല അടയാളങ്കളിൽ കലൈവറയാകും. ഇത് ഒര് തറ്കാല നികഴ്‌വ് അല്ലൈ. ഇത് പല കാലങ്കള്ക്ക് മുൻപേ നടന്തുവട്ടത്. ആനാൽ അവർകൾ തങ്കൾ സ്വന്ത അടൈയാളത്തെയ് നിലൈനിരുത്ത വെട്ടിപ്പിടിക്കും വഴിമുറൈയൈ കടൈപ്പിടിത്തുള്ളനർ. വങ്കാളികൾ പിറമക്കളെ അടക്കിയേ വളര്ന്തനർ. ആനാൽ ഇന്തിയാവിൽ വേറുഎന്ത മക്കള്ക്കും കിടൈക്കാത നറ്‌പ്പൈയരെയ് കലാച്ചാരരീതിയാകവും സമൂഹരീതിയാകവും പെറ വങ്കാള മക്കളാൽ മുടിന്തത്. ഇന്തിയ മക്കളൈപ്പറ്റി ആയ്‌വു ചെയ്‌വോര്ക്ക് ഇത് പുരിയാത പുതിരാകവേ നീടിക്കിറതു. എനിനും ഇന്തിയാവിൽ ഇത്തകൈയ നുണുക്കമാന പങ്കുപ്പായ്വു ചെയ്തവർകാന സൂഴ്‌നിലൈ ഇരുക്കിറതാ? അവ്വാറ് ആയ്‌വ് നടത്ത ഉങ്കളൈ യാരാവത് വിടുവാർകളാ'?
(മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായ സംസ്‌കാരവും സാമൂഹ്യബോധവും പാരമ്പര്യവും ഉള്ള ജനതയാണ് ബംഗാളികൾ. വൈരുദ്ധ്യങ്ങൾകൊണ്ട് നിർമിക്കപ്പെട്ട പൊതുസമൂഹമാണ് ബംഗാളിലേത്. കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പാതയിൽ സഞ്ചരിക്കുന്ന സമയത്ത് തന്നെ ഇവർ മനസ്സിന്റെ മറുപാതി ദുർഗാദേവിക്ക് അടിയറവ് വെക്കുന്നു. ഇത് സ്വാഭാവികമായി മനസ്സിലാക്കാൻ അവർക്ക് കഴിയുന്നു. രാവിലെ ഭൊദ്രലോകത്താണ് അവർ ജീവിക്കുക. ബ്രാഹ്‌മണിക്കൽ മൂല്യങ്ങളുടെ ലോകം. പൂജ കഴിഞ്ഞ് വീട്ടിൽനിന്ന് പുറത്തിറങ്ങിയാൽ ഉറച്ച കമ്യൂണിസ്റ്റ് അനുഭാവിയായി ജീവിക്കാൻ അവർക്ക് കഴിയും. ഒരു ശരാശരി ബംഗാളി നിരവധി സെഗ്മെന്റുകളായി ജീവിക്കാൻ പഠിച്ചവനാണ്. മഹാകാവ്യത്തിലെ ഖണ്ഡങ്ങൾപോലെ അവർ ജീവിക്കുന്നു. സ്വാതന്ത്ര്യസമരത്തിന്റേയും ദേശീയബോധത്തിന്റേയും സാമ്രാജ്യത്വവിരുദ്ധപ്രവർത്തനങ്ങളുടേയും മുൻപന്തിയിൽ നിൽക്കാൻ ബംഗാൾജനതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അവർ ഏത് നിലക്കും അവരുടെ സ്വത്വം ഉയർത്തിപ്പിടിച്ചു. ഏത് സംഘർഷത്തിലും സ്വത്വം ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞെങ്കിലും ബംഗാളിസ്വത്വം ഒരു പ്രത്യേകതയിൽ ഒതുക്കാൻ കഴിയില്ല, അത് പല സ്വത്വങ്ങൾ കൂടിച്ചേർന്നതാണ്. ഇതൊരു പുതിയ പ്രതിഭാസമല്ല. കാലങ്ങൾക്ക് മുൻപേ അങ്ങനെ സംഭവിച്ചുകഴിഞ്ഞു.എന്നാൽ സ്വന്തം സ്വത്വം ഉയർത്തിപ്പിടിക്കാൻ വെട്ടിപ്പിടിക്കൽമാർഗം അവർ സ്വീകരിച്ചിട്ടുണ്ട്.ഇതര ജനതയെ അടിച്ചമർത്തിതന്നെയാണ് ബംഗാളികൾ വളർന്നത്.എന്നാൽ ഇന്ത്യയിലെ മറ്റൊരു ജനതക്കും കിട്ടാത്ത സൽപ്പേര് സാംസ്‌കാരികമായും സാമൂഹ്യമായും നേടിയെടുക്കാനും ബംഗാളികൾക്ക് കഴിഞ്ഞിരിക്കുന്നു. ഇന്ത്യൻ ജനതയെപ്പറ്റി പഠിക്കാനുദ്ദേശിക്കുന്നവർക്ക് ഇതൊരു കീറാമുട്ടിയാണ്. എന്നാൽ ഇന്ത്യയിൽ ഇങ്ങനെ ഇഴകീറി പഠിക്കാനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ടോ? അങ്ങനെ പഠിക്കാൻ നിങ്ങളെ ആരെങ്കിലും അനുവദിക്കുമോ?)

രാത്രിയെത്തി.
നിലാവിന്റെ ചങ്ങാതിക്കൂട്ടുമായി രാത്രി നേരത്തേ എത്തിയിരിക്കുകയാണ്. ലോഡ്ജുമുറിയിലെ ഉഷ്ണത്തിൽ നിന്ന് രക്ഷപ്പെടാനായി ഓരോരുത്തരായി വള്ളിക്കുടിൽ അന്വേഷിച്ചുവന്നു. സരവണന്റെ തീസിസ് വായിച്ചവസാനിക്കുമ്പോൾ അവിടെ ക്വോറം മുഴുഹാജരായിരുന്നു. പാതിയിലെത്തിയ സുമ പ്രത്യേകിച്ച് അഭിപ്രായമൊന്നും പറയാതെ ഇരിക്കുകയായിരുന്നു. പതുക്കെ വന്ന് മുടിയിലെ നനവുകൾ തുള്ളിയായി ഊറുന്നത് കൈവിരലിൽ സ്വീകരിച്ചുകൊണ്ട് സുമ ഒരു വള്ളിയിൽ പിടിച്ച് നിന്നു. അവൾ ആകാശത്തേക്കും വള്ളിക്കുടിലിന്റെ ഭംഗിയിലേക്കും നോക്കി. വള്ളികൾക്കിടയിലൂടെ ആകാശത്തിന്റെ ഭിന്നങ്ങൾ അവൾ ആസ്വദിക്കുകയായിരുന്നു.

സരവണൻ വായിച്ചവസാനിപ്പിച്ചപ്പോൾ മൗനം കനത്തു.
ആർക്കുമൊന്നും മിണ്ടാൻ കഴിയുന്നില്ല. അനുകൂലമോ പ്രതികൂലമോ ആയ പ്രതികരണമേതും അവനെ സന്തോഷിപ്പിക്കുമായിരുന്നു.
പിന്നെയും നിശ്ശബ്ദത.
അഥീന കാൽമടക്കിയത് നിവർത്തി. എല്ലാവരും അഥീനയെ നോക്കി.
അപ്പാഗോകുലു ഉടൻ പ്രതികരണത്തിനു തയ്യാറായില്ല. കുപ്പായ അലർജി കാരണം അവൻ വേഗം മുറിയിലേക്ക് പോയി.

ഒടുവിൽ പ്രതികരിച്ചത് സുമ മാത്രമായിരുന്നു സരവണനോടുള്ള കൃത്യമായ പ്രതികരണമായിരുന്നില്ല അത്. അവനെ സന്തോഷിപ്പിക്കണമെന്നോ എതിർവാദം ഉന്നയിച്ച് കഷ്ടത്തിലാക്കണമെന്നോ ആഗ്രഹിക്കാത്ത മറുപടി. അവൾ പറഞ്ഞു ‘ഉം. ഇപ്പൊ മനസ്സിലായി. കരുത്തോടെ നിന്ന ബംഗാളി ഒരു ഘട്ടത്തിൽ കരുത്തരോട് ചേർന്നു നിൽക്കുക മാത്രം ചെയ്തു. ഇതായിരുന്നു ബംഗാളികളുടെ കുഴപ്പം!’ ▮

​​​​​​​(തുടരും)


സി. ഗണേഷ്

കഥാകൃത്ത്​, നോവലിസ്​റ്റ്​. തുഞ്ചത്തെഴുത്തച്​ഛൻ മലയാളം സർവകലാശാലയിൽ ക്രിയേറ്റീവ് റൈറ്റിംഗ് അധ്യാപകൻ.ക്രിയാത്മക കഥാപാത്രങ്ങൾ, നനഞ്ഞ പതിവുകൾ, ചിങ്ങവെയിലിനെ തൊടാമോ, ചങ്ങാതിപ്പിണർ, കേരള ഭക്ഷണത്തിന്റെ സംസ്​കാര ചരിത്രം, കാണം വിറ്റും ഓണം ഉണ്ണണോ എന്നിവ പ്രധാന കൃതികൾ.

Comments