ചിത്രീകരണം : സുധീഷ് കോട്ടേമ്പ്രം

നെെതികമണ്ഡലം

അധ്യായം ആറ്: ഹിൽസ

ആദ്യനവാബിന്റെ വരവുതന്നെ ശ്രദ്ധിക്ക്.
ഖുർഷിദ് ഖുലിഖാൻ ജനിക്കുമ്പോൾ സൂര്യനാരായൺ മിശ്രയായിരുന്നു. നിത്യദാരിദ്ര്യത്തിൽ കഴിയവെ വെളുത്ത സൂര്യനാരായണനെ കുഞ്ഞുങ്ങളില്ലാതിരുന്ന മുഗൾ ഓഫീസർ ഷാജി ഷാഫിക്ക് ഇഷ്ടമായി. കുഞ്ഞിനെ ദത്തെടുക്കാൻ കുടുംബനിയമം അനുവദിക്കില്ല. കുടുംബക്കാരുടെ നാക്കും വംശശാപവും ഭയന്ന ഷാഫി സൂര്യനാരായണനെ സ്വന്തമാക്കാൻ വഴിതിരഞ്ഞു. ഓരോ ദിവസത്തേയും യാത്രയിൽ സൂര്യനാരായണന്റെ വീടു കടന്നുപോകുമ്പോൾ അയാൾ കരുതലോടെ ഗൃഹത്തിനകത്തേക്ക് നോക്കും. കൂട്ടക്കരച്ചിലും തുറിച്ച കണ്ണുകളും പൂജാപാത്രങ്ങളുമല്ലാതെ യാതൊന്നും കാണുകയില്ല. കൂട്ടക്കരച്ചിൽ കുഞ്ഞുങ്ങളുടേതും തള്ളയുടേതുമായിരുന്നു. കരളലിഞ്ഞ ഷാഫിക്ക് നിയമാനുസൃതമായ തന്ത്രം തെളിഞ്ഞു. അടിമകളെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന കാലമാണ്. രാജവിളംബരത്തിന്റെ പിൻബലത്തോടെ ഷാഫി സൂര്യനാരായണനെ അടിമയായി വാങ്ങുകയും കുടുംബത്തെ നികുതികളിൽനിന്ന് ഒഴിവാക്കുകയും വീടിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് നൽകുകയും ചെയ്തു. അടിമയെന്നത് നിയമാനുസൃതമായി പങ്കുവെക്കപ്പെട്ട സ്ഥാനം മാത്രമായിരുന്നു. ഷാജിഷാഫിയുടെ പിതൃസ്‌നേഹത്തിൽ അവൻ വളർന്നു. എല്ലാ ശുഭാന്ത്യ കഥകളുടേയും വഴിത്തിരിവുപോലെ ഷാഫി അകാലത്തിൽ മരണമടഞ്ഞു. നേരത്തേ ഷാഫിയുടേയും സൂര്യനാരായണന്റേയും അടിമക്കഥ അറിയാവുന്ന വിദർഭ ദിവാൻ സൂര്യനാരായണനെ വിളിപ്പിച്ചു. മുഹമ്മദ് ഖുലിഖാനായാണ് സൂര്യൻ പുതിയ ഉദ്യോഗത്തിൽ പ്രവേശിച്ചത്. വിദർഭയുടെ രാഷ്ട്രതന്ത്രം മുഹമ്മദ് ഖുലിഖാൻ വളരെപ്പെട്ടെന്ന് പഠിച്ചു. ദിവാന്റെ പ്രവർത്തനങ്ങൾക്ക് ഔറംഗസേബിന്റെ പ്രശംസവരെ വന്നെത്തി. വിദർഭയുടെ വളർച്ചയുടെ സൂത്രധാരനെ കാണണമെന്നായി ഔറംഗസേബ്. ഔറംഗസേബിനെ മുഖംകാണിക്കാൻ ചെന്ന ആദ്യനിമിഷത്തിൽ തന്നെ മുഹമ്മദ് ഖുലിഖാന്റെ നേതൃപാടവം മണത്തറിഞ്ഞ മുഗൾരാജാവ് ബംഗാളിലെ ദിവാനായി ഖുലിഖാനെ അവരോധിക്കാൻ തീരുമാനിച്ചു.

ബംഗാളിനെ തിനപ്പൂവുപോലെയും മാഹുവൃക്ഷംപോലെയും അതിൽ തൂങ്ങിക്കിടക്കുന്ന വവ്വാലുകളെപ്പോലെയും ഹുഗ്ലിനദി പോലെയും വിശുദ്ധമായ ഗ്രന്ഥംപോലെയും പരിപാലിക്കാമെന്ന ആദ്യ നവാബിന്റെ രാഷ്ട്രീയമോഹത്തെ പ്രവിശ്യാ സുബേദാർമാർ തോൽപ്പിക്കാൻ ശ്രമിച്ചെങ്കിലും നിരവധി ആഭ്യന്തര പ്രത്യാക്രമണങ്ങളെ അതിജീവിച്ച് ജസ്മാനിരീതി ഔദ്യോഗികമാക്കി. പിന്നീട് സെമിന്ദാരി സമ്പ്രദായമായി മാറിയ ജസ്മാനി മുഗൾ ഖജനാവിലേക്ക് കാർഷിക ധാന്യസമ്പത്തിന്റെ കുത്തൊഴുക്കുണ്ടാക്കി. ബംഗാൾ സമ്പന്നമാണെന്നും ബംഗാളികൾ എന്ന നിലയിൽ അഭിമാനിയായി നടക്കാമെന്നും ജനങ്ങളേയും മുഗൾരാജാക്കൻമാരേയും അറിയിക്കുകയായിരുന്നു മുഹമ്മദ് ഖുലിഖാൻ. നൂറുവർഷത്തിനപ്പുറം സെമിന്ദാർമാരെന്ന ധൂർത്തപുത്രൻമാർ തന്റെ നിയമപുസ്തകത്തിനിടയിലൂടെ കടന്നുവന്ന് പത്തിവിടർത്തുമെന്ന് ആദ്യ നവാബ് അറിഞ്ഞിരുന്നില്ല....’

‘കോൺവാലീസ് ശാശ്വത ഭൂനികുതി വ്യവസ്ഥയെക്കുറിച്ച് ചിന്തിക്കുന്നതിനു മുമ്പുതന്നെ രസസൂത്രം ഉണ്ടായി. നവാബ് ഗണപതിക്കൈ അടിച്ചു.’

‘സെമിന്ദാർമാരെ വകഞ്ഞുമാറ്റി ജോതെമാർ വരുമെന്നും’.... ‘കുതിര കടിഞ്ഞാൺവിട്ട് ഓടുന്നതുപോലെ കുതിക്കാനാണ് ഇത്തരം പ്രതിഭാസങ്ങൾ ഉണ്ടാകുന്നത്. ഒരു കുതറിത്തുള്ളൽ എപ്പോഴും പ്രതീക്ഷിക്കണം. മനുഷ്യൻ ജീവിക്കുന്നത് കുതറിത്തുള്ളലിനാണ്.’

‘ബംഗാളി രണ്ടുവിധത്തിൽ മനുഷ്യനായി നിവരാൻ ശ്രമിച്ചു. ഒന്ന് ദേശീയബോധ്യത്തിലൂടെ. രണ്ട് ആധ്യാത്മികബോധ്യത്തിലൂടെ. നോക്കൂ, സ്വാതന്ത്ര്യസമരത്തിലേക്ക് ഇത്രയധികം നേതാക്കളെ സംഭാവന ചെയ്ത വേറെ ഏത് പ്രദേശമുണ്ട്? സുഭാഷ്ചന്ദ്രബോസ്, സുരേന്ദ്രനാഥ ബാനർജി, ബിപിൻ ചന്ദ്രപാൽ, ആധ്യാത്മികതയുടെ നിരയിൽ റാം മോഹൻ റോയ്, വിവേകാനന്ദൻ’

‘രാജാറാം മോഹന്റോയ് സതി നിർത്തലാക്കാൻവേണ്ടി അവതരിച്ച വ്യക്തിയായല്ലേ നമ്മൾ പഠിച്ചത്.’

‘രാമകൃഷ്ണപരമഹംസനെ മിഷൻ സ്ഥാപകനായും’
‘അരബിന്ദോവിനെ അനുകരിക്കാൻ കഴിയാത്ത സ്വാമിയായും’
‘ബംഗാളി നേതൃത്വങ്ങളുടെ പരിണാമമുണ്ട്. അത് നാം മനസ്സിലാക്കിയിട്ടില്ല.’
‘നായകൻമാരുടെ പരിണാമമോ’?
‘ബംഗാളിനായകർ ആരുമാകട്ടെ, ആദ്യം പ്രാദേശികവാദിയായി തുടങ്ങുകയും നവോത്ഥാനത്തിന്റെ ഉണർവിൽ ദേശീയവാദിയാവുകയും ഒപ്പം കവിയോ പ്രകൃതിവാദിയോ ആവുകയും പിന്നീട് യോഗിയോ ഗുരുവോ ആയി മാറുകയുമാണ് ഉണ്ടായത്.’

‘മറ്റൊന്നുകൂടി. പ്രാദേശികവാദിയാവുകയും കർഷകവാദിയാവുകയും തൊഴിലാളിവാദിയാവുകയും കമ്മ്യൂണിസ്റ്റാവുകയും മാർക്‌സിസ്റ്റാവുകയും കുതറിത്തെറിക്കലിനു വിധേയമാവുകയും ചെയ്യുന്നവർ.....’
‘ഓരോ ബംഗാളിയും അപരസ്വത്വത്തെക്കൂടി ഉൾവഹിക്കുന്നത് കണ്ടെത്താനാവും.... ദേശീയതയിൽ പ്രാദേശികവാദിയെ, കർഷകനിൽ വ്യവസായിയെ, ഉൽപാദകനിൽ ഉപഭോക്താവിനെ, കമ്യൂണിസ്റ്റിൽ ദുർഗാപൂജക്കാരനെ, രാജ്യതന്ത്രജ്ഞരിൽ അരാജകവാദിയെ... ഈ കലർപ്പാണ് ബംഗാളിയെ ബംഗാളിയായി നിലനിർത്തുന്നത്.’

ജോജിയും അഥീനയും തമ്മിൽ രാവിലെ നടന്ന ചർച്ചയായിരുന്നു അത്. ഇടയ്ക്ക് പൊട്ടവീണ ചോദ്യങ്ങൾ ഉമ്മിണി കള്ളാറിന്റേത്. ബാക്കിയുള്ളവർ കേൾവിക്കാർ.
‘ബ്രാഹ്‌മണനോട് സംസാരിക്കണമെന്നു പറഞ്ഞത് ആരാണ്? ഈ നമ്പറിൽ അസ്സൽ ഒരാളുണ്ട്. വിളിച്ച് കാണണമെങ്കിൽ പോകാം.’ ഹോട്ടൽബോയ് പെട്ടെന്നു വന്നു പറഞ്ഞു. ആരും മിണ്ടാതിരുന്നപ്പോൾ അവൻ അരിശപ്പെട്ടു. ‘നിങ്ങളിലാരെങ്കിലും തന്നെയല്ലേ നമ്പർ ആവശ്യപ്പെട്ടത്’? അവൻ തുണ്ടുകടലാസ് എറിഞ്ഞിട്ടുപോയി. ‘നമ്മുടെ ബംഗാളിക്കാഴ്ച വർണാശ്രമം പാലിക്കുകയാണോ’? അഥീന കുതിരവാൽമുടി കുലുക്കിക്കൊണ്ട് പറഞ്ഞു. അവളുടെ കൈയിലുണ്ടായിരുന്ന തുറന്ന ലെയ്‌സ് പായ്ക്കറ്റ് ജോജിക്കും ഉമ്മിണിക്കും ഭൈരപ്പക്കും നീട്ടി.

‘ബംഗാളി ബ്രാഹ്‌മണനെക്കുറിച്ച് അറിയാതിരിക്കാനാവില്ല, താൽപര്യമില്ലാത്തവർ വരേണ്ട. ഇരുപതുമിനിറ്റ് മാത്രമേ ഉള്ളൂ.’ കടലാസിലെ നമ്പറും സ്ഥലവും നോക്കി ജോജി ഇങ്ങനെ വായിച്ചു: Mr. Mrs...
‘ഇതെന്താ മിസ്റ്റർ ആന്റ് മിസിസ്?’

അവർ തങ്ങളെ സ്വയം നിർവചിക്കുന്നതിന്റെ അടയാളം. ഉമാമഹേശ്വര സങ്കൽപം.
‘എന്തോ എനിക്കു തോന്നുന്നില്ല.’ ഉമ്മിണി പറഞ്ഞു.
‘ഗുപ്തരാജാക്കൻമാരുടെ കാലത്തുതന്നെ ഇവിടെ ബ്രാഹ്‌മിണിക് സെറ്റിൽമെന്റ് ആരംഭിച്ചിട്ടുണ്ട്. കുമാരഗുപ്തന്റെ ചെമ്പുപട്ടയത്തിൽ വരാഹസ്വാമിൻ എന്ന ബ്രാഹ്‌മണന് സ്ഥലവും ജംഗമങ്ങളും നൽകുന്നു. വേണമെങ്കിൽ, അഥീനാ നിനക്ക് സംശയം വരാം. എന്തുകൊണ്ടാണ് എല്ലായിടത്തും ബ്രാഹ്‌മണർക്ക് എല്ലാം ദാനം കിട്ടിയിരിക്കുന്നതെന്ന്. കൊടുക്കുന്നതാകട്ടെ രാജാവും. ഭൗതികമായ സമ്പത്തിന്റെ ഉടമയായ രാജാവിന് ആത്മീയമായ അസ്തിത്വത്തിന് ബ്രാഹ്‌മണരെ ഉൾക്കൊള്ളേണ്ടിവരുന്നു. പിന്നെ മറ്റൊരു ഗുണംകൂടിയുണ്ട്. ബ്രാഹ്‌മണർ ആരെയും നേരിട്ട് ആക്രമിക്കുന്നില്ല. വേദാന്തികളും പൂജാരികളും അറിവുഗുരുക്കളുമായി പാർശ്വത്തിൽ കഴിയുന്നവരാണ്. എന്നാൽ അവരുടെ സാന്നിദ്ധ്യമുണ്ടാക്കുന്ന മൂലധനമുണ്ടല്ലോ, capital, അത് വിലയിടാൻ ബുദ്ധിമുട്ടാണ്. ബ്രാഹ്‌മണരെ കൂടെ നിർത്തിയാൽ ലഭിക്കുന്ന ആ മൂലധനത്തിലായിരുന്നു രാജാക്കൻമാരുടെ കണ്ണ്.’

‘പോരാത്തതിന് so called ബുദ്ധിജീവികളും’! അഥീന പിറുപിറുത്തു. ബുദ്ധിജീവി എന്നുപറയുമ്പോൾ അഥീന എപ്പോഴും ‘so called’ എന്നുപയോഗിക്കുന്നത് സുമ ശ്രദ്ധിച്ചിരുന്നു.

‘ഗംഗാസമതലത്തിൽ നദിയോരത്ത് താമസമുറപ്പിച്ച സംഘങ്ങൾ. ഗംഗയും ബ്രഹ്‌മപുത്രയും ഭാഗീരഥിയും ആവാസത്തിനു യോജിച്ച ഭൂമികളെന്നു തിരിച്ചറിഞ്ഞവർ. ബ്രഹ്‌മജ്ഞാനവും വേദേതിഹാസവും ഹൃദിസ്ഥമാക്കിയ ഇവരെ ബ്രാഹ്‌മണർ എന്ന് വിളിച്ചു. ഗംഗാസമതലത്തിന്റെ തെക്കുപടിഞ്ഞാറു പാർത്തവർ രാഥികൾ. വടക്കുകിഴക്ക് താമസമാക്കിയവർ വരേന്ദ്രക്കാർ. ഇതു രണ്ടുമല്ലാതെ വേദം പഠിച്ച് പലനാടു സഞ്ചരിക്കുന്നവർ വൈദികർ.’

‘ഗുപ്തരാജാക്കൻമാരുടെ മധ്യഘട്ടത്തിൽതന്നെ ബ്രാഹ്‌മണർ ഏറ്റവും ഉയർന്ന പദവിയിലെത്തി. പിന്നീട് കുറച്ചുവർഷങ്ങൾ ഇരുട്ടറയിൽ. ഈസ്റ്റിന്ത്യാ കമ്പനിയുടെ സമയത്ത് പതുക്കെ വീണ്ടും തലയുയർത്തി. സ്വാതന്ത്ര്യസമരപോരാട്ടങ്ങളിൽ മുൻപന്തിയിൽ അവരെത്തി. ചാറ്റർജി, ബാനർജി, മുഖർജികളായി ബംഗാളിന്റെ സിരാകേന്ദ്രത്തിൽ എപ്പോഴും അവരുണ്ടായിരുന്നു. അവരെ ഒഴിവാക്കിക്കൊണ്ട് ഒരധികാരഘടന സാധ്യമല്ലായിരുന്നു. ഇപ്പോഴുമതെ.’

‘ബംഗാളിന്റെ മുഖ്യമന്ത്രി? മമതാ ബാനർജി, അതിനുമുമ്പ് ബുദ്ധദേവ ഭട്ടാചാര്യ. ബംഗാളിൽനിന്നുള്ള പ്രസിഡന്റ് പ്രണബ് മുഖർജി... ആ ഭൂതം വിടാതെ കൂടെ കൂടുകയായിരുന്നു. ബ്രാഹ്‌മണ്യം എന്ന ഭൂതം.’
‘രാഷ്ട്രീയത്തിൽ ഇവരെത്തിയത് ബ്രാഹ്‌മണത്വം ഉപേക്ഷിച്ചുകൊണ്ടാ, അത് മറക്കാൻ പാടില്ല.’
‘മറക്കുന്നില്ലേ...!’
‘ശരി, ബംഗാളിബ്രാഹ്‌മണനെ സന്ദർശിക്കാനാരുണ്ട്?’

അഥീന രണ്ടുകൈയും ശക്തിയായി താഴ്ത്തി, തള്ളവിരൽ, താഴോട്ടുവിട്ട് അതൃപ്തിയിൽ പിറുപിറുത്തു. ‘Waste of time.....’ ഉമ്മിണിക്ക് വരണമെന്നുണ്ട്. വന്നുകഴിഞ്ഞാൽ പിന്നീടത് കുത്തുപറച്ചിലിലെത്തിക്കുമോയെന്നും പൊളിറ്റിക്കലായി ശരിയാണോയെന്നുമുള്ള സംശയത്തിൽ അവൻ അർദ്ധസമ്മതത്തിൽ. കൂട്ടുണ്ടെങ്കിൽ വരാമെന്ന മട്ട്.

അപ്പാഗോകുലു കൈപൊക്കി. ഉടൻ ഉമ്മിണിയും. ‘ഒരു വീടല്ലേ? അധികമൊന്നും ആലോചിക്കേണ്ട’ സുമ അഥീനയെ വിളിച്ചു. ജോജിയും അപ്പാഗോകുലുവും ഉമ്മിണിയും സുമയും ഓട്ടോയിൽ തിക്കിത്തിരക്കി ചൗരംഗിറോഡിലെ പോലീസ് എയ്ഡ്‌ പോസ്റ്റിനുശേഷമുള്ള മൂന്നാമത്തെ വളവുകഴിഞ്ഞ് എൽ.ഐ.സി.യുടെ ബിൽഡിംഗിനടുത്തുള്ള മായാനഗർ കോളനിയിലെത്തി.

ആൾ അവിടത്തെ അറിയപ്പെടുന്ന ആളായിരുന്നു. വലിയ കണ്ണുകളും ദീർഘമായ നെറ്റിയുമായി ആജാനുബാഹുവായ മനുഷ്യൻ. ത്രിശൂലത്തിന്റെ മാതൃകയിലുള്ള ഗെയിറ്റിൽ വെൽവെറ്റ് തോരണങ്ങൾ. സാമ്പ്രാണിയുടെയും മധുരപലഹാരങ്ങളുടേയും മണം. ‘സർവേ ജന സുഖിനോ ഭവന്തു’ അയാൾ അങ്ങനെ പറഞ്ഞുകൊണ്ട് അകത്തുപോയി ക്രീം നിറത്തിൽ ഷാൾ കഴുത്തിലുടെ അണിഞ്ഞു.

‘നിങ്ങൾ വിദ്യാർത്ഥികളാണോ ജോലിക്കാരാണോ’? ചിരി തൂവിക്കൊണ്ട് അയാൾ ചോദിച്ചു: ‘കൊൽക്കത്ത ചുറ്റിക്കാണാൻ വന്നവരാണെന്ന് ഹോട്ടൽബാബു പറഞ്ഞിരുന്നു.’

പൂജാമുറി തുറന്നു കിടന്നിരുന്നു. നടുവിൽ വലിയ കാളി. പിന്നിലും വശങ്ങളിലുമായി നിരവധി ശാക്തേയദൈവങ്ങൾ. ഒപ്പം മഹാവിഷ്ണു, മഹാദേവൻ, ബ്രഹ്‌മാവ്.

‘കൊൽക്കത്തയിൽ എന്തുകാണാനാണ്? നിങ്ങൾ ദില്ലിയിൽ പോകൂ. അവിടെയല്ലേ ഇപ്പോൾ എല്ലാം വേണ്ടതുപോലെ നടക്കുന്നത്. കൊൽക്കത്തയിൽ എന്നും ബഹളങ്ങളേ ഉള്ളൂ. എനിക്ക് ബഹളം തീരെ ഇഷ്ടമല്ല. രാവിലെ സൂര്യോദയത്തിനു മുമ്പെ എഴുന്നേറ്റ് ദന്തധാവനമന്ത്രത്തോടെയേ ഇന്നുവരെ ശൗചങ്ങൾ ചെയ്തിട്ടുള്ളൂ. തർപ്പണങ്ങൾ അനുഷ്ഠിക്കും. ഭൂതയജ്ഞവും മനുഷ്യയജ്ഞവും ചെയ്യും. വീട്ടിലെങ്കിൽ പ്രഭാതത്തിലും സന്ധ്യക്കും പൂജകൾ ചെയ്യും. ജോലിത്തിരക്കുകാരണം ചിലപ്പോൾ ചെയ്യാൻ പറ്റില്ല.’ ഉയരംകൂടിയ ഒരാൾ അകത്തുനിന്നു വന്നു. മകനാണ്. എൽ.ഐ.സി.യിലാണ് ജോലി. നെറ്റിയിൽ ചന്ദനവും കുങ്കുമവും വാരിപൂശിയിരിക്കുന്നു. അയാൾ തൊഴുതു. ഗെയിറ്റിൽ രണ്ടുപേർ വന്നു. പിതാവ് മകനോട് ആംഗ്യം കാട്ടിയപ്പോൾ മകൻ പോയി. ‘പാടത്ത് പണിയെടുക്കുന്നവരാണ്. ഒക്കെ മടിയൻമാർ’ അയാൾ പറഞ്ഞു. മകൻ ഗെയിറ്റിലെ തൊഴിലാളികളോട് പോയി സംസാരിച്ച് ദേഷ്യത്തോടെ വന്നു. ‘മുഴുവൻ ആളുകളും വന്നില്ലെന്ന്’ മകൻ അച്ഛനോട് പറഞ്ഞു. അയാൾ കണ്ണുരുട്ടി. ‘എന്നാൽ മുഴുവനാളുകൾ വരുന്ന ദിവസം ചെയ്താൽ മതിയെന്ന് പറയ്.’ മകൻ ഗെയിറ്റിലേക്ക് നോക്കി പിന്നെ വരാൻ കൈകൊണ്ട് കാണിച്ചു. ‘പാടം നോക്കി നടത്താൻ ഏൽപ്പിച്ചതാ. വിശ്വസിച്ച് ഏൽപ്പിച്ചാൽ പറ്റിക്കുന്നവർ’... ‘85 ഏക്കറേ ഉള്ളൂ... ഗുണമില്ല. പണിക്കാരെ തീറ്റിപ്പോറ്റാനായി നടത്തുന്നു. നിങ്ങളുടെ നാട്ടിലൊക്കെ കൃഷി ലാഭമായി നടക്കുന്നുണ്ടോ’ എന്നയാൾ ചോദിച്ചു. കൃഷിയുടെ പാട്ടമാണ് ഉദ്ദേശിച്ചതെന്ന് ഞങ്ങൾക്കൊക്കെ മനസ്സിലായി. ഉത്തരമൊന്നും ആവശ്യമില്ല. ‘കഷ്ടമായിരിക്കും അല്ലേ?’ അയാൾ പിന്നെയും.

ദക്ഷിണേന്ത്യയിലെ ബ്രാഹ്‌മണരെക്കുറിച്ച് അയാൾക്ക് മതിപ്പില്ലായിരുന്നു. കഠിനമായ വേദാന്തികളാണെന്നും തർക്കമാണ് തെക്കൻമാരുടെ ജീവസ്വഭാവമെന്നും പാണ്ഡിത്യമാണ് ബംഗാളിബ്രാഹ്‌മണരുടെ യോഗ്യതയെന്നും അയാൾ പറഞ്ഞു.

വലിയ പൊട്ടണിഞ്ഞ ഒരു സ്ത്രീ അടുത്തുവന്നു. മസ്ലിൻ പരുത്തികൊണ്ടുള്ള സാരിയായിരുന്നു അണിഞ്ഞിരുന്നത്. കൈയ്യിൽ ശംഖുവളകൾ. അറുപതിനോടടുത്തെത്തിയ അവരുടെ മുഖകാന്തിക്ക് കുറവില്ല. ഭർത്താവ് പറയുന്നതിനൊക്കെ അവർ ചിരിച്ചു. നമസ്‌തെ ചെയ്തു. ബംഗ്ലയിൽ എന്തോ പറഞ്ഞപ്പോൾ അവർ പോയി.

ഊണു കഴിഞ്ഞു പോകാമെന്ന് നിർബ്ബന്ധിച്ചു. ‘നിങ്ങൾ അതിഥികൾ ദയവായി സ്വീകരിക്കണം. ഞങ്ങളുടെ വിശ്വാസമനുസരിച്ച് അതിഥിയെന്നാൽ ദൈവമാണ്.’ അയാൾ പറഞ്ഞപ്പോൾ ലഘുഭക്ഷണം ആവാമെന്ന തീരുമാനത്തിലെത്തി.

മഹിഷാസുരമർദ്ദനത്തിന്റെ സ്റ്റിക്കർ ടൈലിൽ പതിച്ച വാഷ്‌ബേസിനിൽ കൈകഴുകി ഓരോരുത്തരായി ഡൈനിംഗ് ടേബിളിൽ ഇരുന്നു.

ചപ്പാത്തിയും ചോറും രണ്ട് തരം കറികളും. കുറച്ച് മധുരവും. ഓരോ ചപ്പാത്തിവീതം എല്ലാവരും എടുത്തു. ഒന്നാമത്തെ കറിയും വിളമ്പി. രണ്ടാമത്തേത് ഹിൽസ മത്സ്യക്കറിയായിരുന്നു. ‘വിഷ്ണുവിന്റെ അവതാരമായ മത്സ്യം ചൊവ്വാഴ്ചകളിൽ മാത്രം വെയ്ക്കും. ഭജിച്ച് കഴിച്ചോളൂ. നല്ല ടേസ്റ്റാ’ അയാൾ പറഞ്ഞു. ‘ഞാനിപ്പോൾ കഴിക്കുന്നില്ല. ഉച്ചയ്ക്ക് ഗുളിക തിന്നാൻ നേരമായിട്ടില്ല.’

ചപ്പാത്തിയിൽ ഒഴിച്ച മത്സ്യക്കറി എന്തുചെയ്യുമെന്നറിയാതെ സുമ ഇരുന്നു. ബാക്കി മൂന്നുപേരും രണ്ടാമത്തെ ചപ്പാത്തിയിലേക്ക് കൈവെച്ചു. അഥീനയെ കൊണ്ടുവരാമായിരുന്നുവെന്ന് ഉമ്മിണിക്ക് തോന്നി. നിറയെ മുള്ളുകളുള്ള ഹിൽസ സൂക്ഷിച്ച് കഴിക്കണമായിരുന്നു. അപ്പാഗോകുലു തൊണ്ടയിൽ കുടുങ്ങിയ മുള്ള് കഷ്ടപ്പെട്ട് ഇറക്കി. ദുർഗാപ്രസാദമായി വിളമ്പിയ പാൽക്കട്ടിക്കഷ്ണങ്ങളുടെ വെണ്ണനിറം ആകർഷകമായിരുന്നു. സുമ അതുമാത്രം കഴിച്ചപ്പോൾ, ഉമ്മിണിക്ക് പാൽക്കട്ടികൾ തിന്നാൻ വയറ്റിൽ ഇടമില്ലായിരുന്നു. ▮

(തുടരും)


സി. ഗണേഷ്

കഥാകൃത്ത്​, നോവലിസ്​റ്റ്​. തുഞ്ചത്തെഴുത്തച്​ഛൻ മലയാളം സർവകലാശാലയിൽ ക്രിയേറ്റീവ് റൈറ്റിംഗ് അധ്യാപകൻ.ക്രിയാത്മക കഥാപാത്രങ്ങൾ, നനഞ്ഞ പതിവുകൾ, ചിങ്ങവെയിലിനെ തൊടാമോ, ചങ്ങാതിപ്പിണർ, കേരള ഭക്ഷണത്തിന്റെ സംസ്​കാര ചരിത്രം, കാണം വിറ്റും ഓണം ഉണ്ണണോ എന്നിവ പ്രധാന കൃതികൾ.

Comments