ചിത്രീകരണം: ശശി ഭാസ്കരൻ

12°38’10’’N

നാല്.

സെന്തിൽ വഴിയാണ് ശ്രീലങ്കയിലെ കൊളമ്പ് സ്വദേശിയായ മദുഗരയെ പരിചയപ്പെട്ടത്. ഈഴത്തിന്റെ പ്രവർത്തകനായ അയാൾ കുളച്ചലിൽ ഒളിച്ചു താമസിക്കുകയാണ്. സെന്തിലിനെക്കുറിച്ചുള്ള എന്റെ സംശയങ്ങൾ ശരിയാണെന്ന് മനസ്സിലായതും അവിടെ വച്ചാണ്. യഥാർത്ഥത്തിൽ അവനും ഒരു എൽ.ടി.ടി അനുയായി ആയിരുന്നു. മദുഗരയുമായി സംസാരിച്ചപ്പോൾ യാലയിൽ വച്ച് ശ്രിലങ്കൻ സൈന്യം എൽ.ടി.ടിയുടെ ഒരു കപ്പൽ തകർത്തത് സത്യമാണെന്ന് മനസ്സിലായി. പക്ഷേ, അതൊരു ചരക്കുകപ്പൽ ആയിരുന്നില്ലെന്ന് അയാൾ ഉറപ്പിച്ചു പറഞ്ഞു. കാരണം അന്നത്തെ ആ സംഭവത്തിൽ നിന്നും രക്ഷപ്പെട്ട മൂന്നു പേരിൽ ഒരാൾ മാത്രമായിരുന്നില്ല മദുഗരെ. ആ കപ്പലിനെ നിയന്ത്രിച്ചിരുന്നതും അയാളായിരുന്നു! അയാളത് പറഞ്ഞപ്പോൾ അതുവരെ ഉണ്ടായിരുന്നു ധൈര്യമെല്ലാം ഒറ്റയടിക്കു ചോർന്നു. എങ്ങാനും രഹസ്യാന്വേഷണ ഏജൻസിയുടെ കയ്യിൽ അകപ്പെട്ടാൽ അവരുടെ കൂടെ ഞാനും കുറ്റവാളിയാവുമെന്ന് ഓർത്തായിരുന്നത്. പക്ഷേ, അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് സെന്തിൽ ഉറപ്പു തന്നു. കൈരളിയെക്കുറിച്ചുള്ള മുഴുവൻ സംഭവങ്ങളും കേട്ടു കഴിഞ്ഞപ്പോൾ മദുഗരെ, കൈരളിക്ക് സംഭവിച്ചിരിക്കാൻ സാധ്യതയുള്ള മറ്റു ചില കാര്യങ്ങൾ സൂചിപ്പിച്ചു.

അതിലേറ്റവും പ്രധാനപ്പെട്ടത് കപ്പലിന് അപകടം സംഭവിച്ചിരിക്കുക ഇന്ത്യൻ സമുദ്രാതിർത്തിക്ക് പുറത്തുവെച്ചാണെന്നതാണ്. കാരണം ആ കപ്പൽ റൂട്ടിൽ അപകടകരമായതും ആൾത്താമസം ഇല്ലാത്തതുമായ അനവധി ദ്വീപുകളുണ്ട്. ദ്വീപുകൾക്ക് ചുറ്റിലും പെട്ടന്ന് കണ്ണിൽപെടാത്ത പാറക്കൂട്ടങ്ങളുമുണ്ട്. സാദാരണഗതിയിൽ അതിലേതേങ്കിലും ഒന്നിലേക്ക് കപ്പൽ ഇടിച്ചുകയറാനുള്ള സാധ്യത തുലോം കുറവാണ്. വലിയ കപ്പലുകൾ ആ വഴി സഞ്ചരിക്കാറില്ലെന്നതാണ് കാരണം. പക്ഷേ, അന്നത്തെ കാലവസ്ഥയും കപ്പലിന് ഉണ്ടായിരുന്നെന്ന് പറയുന്ന സാങ്കേതിക തകരാറുകളും മൂലം കപ്പലിന്റെ സഞ്ചാരപദം മാറിയിട്ടുണ്ടാവും. ഒന്നോ രണ്ടോ നോട്ടിക്കൽമൈൽ മാറിയാൽ പോലും കടലിൽ വലിയ വ്യത്യാസം സംഭവിക്കുമെന്ന മദുഗരയുടെ അഭിപ്രായം സത്യമായിരുന്നു. ആശാന്റെ കൂടെ ബോട്ടിൽ പോയ സമയത്ത് ഞാനത് നേരിട്ട് അനുഭവിച്ചതാണ്. സെക്കോട്ര ദ്വീപിൽ കൈരളിയെ കണ്ടെന്ന നേവി ഉദ്യോഗസ്ഥന്റെ സൂചന വച്ച് മദുഗരെ പറയുന്നതിൽ കാര്യമുണ്ട്. മറ്റൊന്ന് ഇതേ പാതയിൽ വച്ച് കൊള്ളക്കാരുടെ കയ്യിൽ അകപ്പെട്ടതാവാം എന്നതാണ്. അങ്ങിനെയാണെങ്കിൽ കൈരളി ഇപ്പോൾ എവിടെയുണ്ടെന്ന് കണ്ടെത്താൻ സഹായിക്കാൻ താൻ ഒരുക്കമാണെന്ന് മദുഗരെ അറിയിച്ചു. പക്ഷേ, അതിന് പകരമായി അയാൾക്ക് ഞാൻ ചില സഹായങ്ങൾ ചെയ്യണമായിരുന്നു. കേരളത്തിൽ നിന്നും ഒരു പാസ്‌പോർട്ട് സംഘടിപ്പിച്ചു കൊടുക്കണം എന്നായിരുന്നു അയാളുടെ ആവശ്യം! ആ നിമിഷം തന്നെ അവിടെ നിന്നും രക്ഷപ്പെടാനാണ് തോന്നിയത്. പക്ഷേ, ഒന്നാലോചിച്ചപ്പോൾ തന്ത്രപൂർവ്വം മദുഗരയെ കൈകാര്യം ചെയ്യാമെന്ന് തീരുമാനിച്ചു. പാസ്‌പോർട്ടിന്റെ കാര്യത്തിനായി ശ്രമിക്കാമെന്ന് കേട്ടപ്പോൾ അയാൾ മറ്റുചില കാര്യങ്ങൾ പറയാൻ തയ്യാറായി.

അതിലൊന്ന് മർമ്മഗോവയിൽ നിന്നും പുറപ്പെട്ട കൈരളി പതിവ് പാതയിൽ നിന്നും, ഏകദേശം പതിനൊന്ന് നോട്ടിക്കൽമൈൽ വടക്കുപടിഞ്ഞാറായിട്ടാവും സഞ്ചരിച്ചതെന്നാണ്. 1979-ജൂൺ മുപ്പതാം തിയ്യതി കനത്ത മഴയും കാറ്റുംകാരണം കപ്പലിന്റെ യാത്ര പതിവിലും കുറഞ്ഞ വേഗതയിലായിരിക്കും. അതായത് മണിക്കൂറിൽ വെറും പത്ത് നോട്ടിക്കൽ മൈൽ. ആ സമയത്ത് ക്യാപ്റ്റന്റെ കണക്കുകൂട്ടലുകളിൽ സംഭവിച്ച വളരെച്ചെറിയൊരു പിഴവോ, കാലാവസ്ഥയിൽ പെട്ടന്നുണ്ടായ മാറ്റം കാരണമോ കപ്പലിന്റെ വേഗത വീണ്ടും കുറക്കേണ്ടി വന്നിരിക്കാം. ഇതിനിടയിൽ കപ്പലിന്റെ സാങ്കേതിക തകരാറുകൾ കൂടുതൽ സങ്കീർണ്ണമാവുകയും ചെയ്തിരിക്കാം. പ്രത്യേകിച്ച്, മേരിക്കുട്ടിക്ക് വന്ന കത്തിൽ പറഞ്ഞ റഡാർ തകരാറ്. ഇക്കാര്യം അറിയണമെങ്കിൽ ജൂലൈ രണ്ടാം തിയ്യതി വന്ന റേഡിയോ സന്ദേശത്തിൽ കപ്പലിലെ ബോയ്‌ലറിലറിനോട് അനുബന്ധിച്ചുള്ള ഒരു പൈപ്പ് പൊട്ടിയതായി ക്യാപ്റ്റൻ അറിയിച്ചിരുന്നു. അത് നന്നാക്കാനുള്ള ശ്രമം അവർ നടത്തിയിരിക്കും. ബോയ്‌ലർ കേടുവന്നാൽ കപ്പൽ ഓടിക്കാനുള്ള ഫർൺസ് ഓയിൽ ചൂടാക്കാനാവില്ല. പക്ഷേ ഫർൺസ് ഓയിലിനു പകരം ഡീസൽ ഉപയോഗിക്കാൻ കഴിയും. മൂന്നാം തിയ്യതി ലഭിച്ച റേഡിയോ സന്ദേശം പ്രകാരം പോർട്ട് സെയ്ദ് വരെ എത്താനുള്ള ഇന്ധനവുമായ ഗോവയിൽ നിന്നും പുറപ്പെട്ട കൈരളി, ജിബൂത്തിയിൽ നിന്നും കൂടുതൽ ഡീസൽ ഓർഡർ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. അങ്ങിനെയാണെങ്കിൽ മദുഗരെ മറ്റൊരു പ്രഹേളികയുടെ വാതിലാണ് എനിക്ക് മുന്നിൽ തുറന്നിട്ടത്. പക്ഷേ, കപ്പലിന്റെ സഞ്ചാരപഥം മാറിയതിനെക്കുറിച്ച് അയാൾ പറഞ്ഞ കാര്യങ്ങൾ എനിക്കത്ര വിശ്വാസം തോന്നിയില്ല. അത് സെന്തിലിനോട് സൂചിപ്പിച്ചു. അവൻ അക്കാര്യത്തിലുള്ള എന്റെ സംശയങ്ങൾ മാറ്റാനായി മറൈൻ മാപ്പ് ഉപയോഗിച്ച് വിശദീകരിച്ചു.

അതുപ്രകാരം ഒരു ചുറ്റൽ ഒഴിവാക്കാൻ കപ്പൽ മദുഗരെ സൂചിപ്പിച്ച ദ്വീപുകൾക്ക് സമീപത്തുകൂടെയാണ് സഞ്ചരിച്ചത് അതിനിടയ്ക് കപ്പലിന്റെ തകരാറുകൾ പരിഹരിക്കാനായി തീരത്തോട് അടുത്തു. ആ യാത്രക്കിടയിൽ കപ്പൽ ഏതെങ്കിലും പാറയിൽ ചെന്ന് ഇടിച്ചതാവും. ഇടിയുടെ ആഘാതത്തിൽ മിക്കവാറും കപ്പലിന്റെ മുൻവശം രണ്ടായി പിളരാം. മാത്രവുമല്ല കപ്പലിൽ കയറ്റാവുന്ന ഭാരത്തിലും അധികമായിരുന്നു ഇരുമ്പയിര് കയറ്റിയത്. കപ്പൽ ജീവനക്കാരുടെ കുടുംബാംഗങ്ങളിൽ ചിലരത് എന്നോട് സൂചിപ്പിച്ചിരുന്നു. പ്രത്യേകിച്ച് കൈരളിയുടെ രണ്ടാമത്തേയും അഞ്ചാമത്തേയും കള്ളികളിൽ ചരക്ക് കയറ്റുന്നത് അപകടമാവുമെന്ന് മുൻപ് തന്നെ സൂചനയുണ്ടായിരുന്നു. ആ കള്ളികളിൽ ഇരുമ്പയിര് കയറ്റിയിരുന്നെങ്കിൽ? അപകടത്തിലേക്കുള്ള എല്ലാ സാധ്യതകളും ശരിയാണ്. പക്ഷേ, ഒരു എണ്ണപ്പാടയോ, കപ്പലിലെ മറ്റു വസ്തുക്കളോ കണ്ടെത്താൻ കഴിയാത്തത് ദുരൂഹമാണ്. ഇതിന് സെന്തിൽ ഒരു മറുവാദം പറയുന്നുണ്ട്. അതായത് ഏതെങ്കിലും വിദേശ രാജ്യത്തിന്റെ സമുദ്രാതിർത്തിയിലാവും ഇത്തരം വസ്തുക്കൾ അടിഞ്ഞിട്ടുണ്ടാവുക. പ്രത്യേകിച്ച് ആ ഭാഗത്തെ കടലിന്റെ ഒഴുക്കും അന്നത്തെ മോശം കാലാവസ്ഥയും അതിന് കാരണമായതാവും. സൊമാലിയ പോലുള്ള രാജ്യങ്ങൾ ഈ പ്രദേശത്താണെന്നതും ഓർക്കണം. സെന്തിലിന്റെ വിശദീകരണം തൃപ്തികരമാണ്. പക്ഷേ, കൈരളിക്ക് ഇതൊന്നുമല്ല സംഭവിച്ചതെന്ന് മനസ് പറയുന്നു.

സെന്തിലിന്റെ കയ്യിലെ മാപ്പ് ഞാൻ സൂക്ഷിച്ച് പരിശോധിച്ചു. അതിനകത്ത് അനേകം ദ്വീപുകളുടെ സ്ഥാനം അടയാളപ്പെടുത്തിയിട്ടുണ്ട്. മിക്കവാറും എല്ലാ ദ്വീപുകളും വളരെ ചെറുതും കടലിലേക്ക് തള്ളി നിൽക്കുന്ന കൂറ്റൻ പാറക്കെട്ടുകൾ നിറഞ്ഞതുമാണ്. അതുമാത്രമല്ല, കപ്പൽ പാതയിൽ വളരെ അകന്നു നിൽക്കുന്ന ആ ദ്വീപുകൾക്ക് അടുത്തേക്ക് കൈരളി എങ്ങനെ എത്തിയെന്ന് സെന്തിലിനും കൃത്യമായ ഉത്തരമില്ലായിരുന്നു. മദുഗരെ പറഞ്ഞത് തന്നെയാണ് അവനും പറയുന്നത്. അതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കണമെങ്കിൽ റേഡിയോ സന്ദേശം പരിശോധിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന കാര്യം ഉറപ്പായി. പക്ഷേ, എങ്ങിനെ, ആരാണ് അതിനായി സഹായിക്കുക? കാറ്റില്ലാത്ത കടലിൽ അകപ്പെട്ടതു പോലെ മനസ് ഉഴറി. വീട്ടിലേക്ക് തിരിച്ചെത്തിയതിനു ശേഷം ഇതുവരെ കണ്ടെത്തിയ എല്ലാകാര്യങ്ങളും ഒന്നുകൂടെ പരിശോധിച്ചു. അപ്പൻ പറഞ്ഞത് പോലെ കൈരളിയിലെ ആരെങ്കിലും ഒരാളെ കണ്ടെത്താൻ കഴിഞ്ഞെങ്കിൽ... വിദൂരമായൊരു സാധ്യത മാത്രമാണത്. എന്നിട്ടും പ്രതീക്ഷിച്ചു. അധികം വൈകാതെ അങ്ങനെ ഒരാളെ കണ്ടുമുട്ടുമെന്ന്.

അടുത്ത ദിവസം വീണ്ടും ബോട്ടിൽ കയറി. ഇത്തവണ ദീർഘമയാെരു യാത്രയാണെന്ന് ആശാൻ ഓർമ്മിപ്പിച്ചു. മീൻ പിടിച്ചു കഴിഞ്ഞ് മുനമ്പത്തോട്ടാണ് പോയത്. ബോട്ടിന് ചില തകരാറുകൾ ഉണ്ടായിരുന്നത് പരിഹരിക്കാൻ രണ്ടു ദിവസം അവിടെ കിടന്നു. അവിടെ നിന്നും മംഗലാപുരത്തോട്ടായിരുന്നു ചെന്നത്. ആ യാത്ര എന്നെ സംബന്ധിച്ച് വലിയൊരു ആശ്വസമായിരുന്നു. ആശാനുമായി കൂടുതൽ അടുത്തു. ആശാനും ബോട്ടിലുള്ള മറ്റുചിലർക്കും കൈരളിയെക്കുറിച്ചുള്ള എന്റെ അന്വേഷണം അറിയാമായിരുന്നു. ആ യാത്രയിൽ അവർ ഓരോ അനുഭവങ്ങൾ പറഞ്ഞു. അക്കൂട്ടത്തിൽ അപ്രതീക്ഷിതമായി കേട്ട ഒരു കാര്യം എന്നെ കൊളുത്തി വലിച്ചു. അതായത്, ആഞ്ചലോസ് അപകടത്തിൽപ്പെട്ട അതേ ദിവസം പൂന്തുറയിലെ ചിലർക്ക് കടലിൽ നിന്നും കപ്പലിന്റെ ഭാഗങ്ങൾ എന്നു കരുതുന്ന വിലപിടിപ്പുള്ള വസ്തുക്കൾ ലഭിച്ചിരുന്നു. അതറിഞ്ഞ മറ്റു ചിലരും വിളങ്കിലേക്ക് പുറപ്പെട്ടു.. അവർക്ക് ആകെക്കൂടെ കിട്ടിയത് കുറച്ച് മരത്തടികളാണ്. പക്ഷേ, അന്ന് വിളങ്കിൽ മുഴുവൻ എണ്ണപ്പാട പരന്നിരുന്നു. അതായത് ഒരു കപ്പൽ അപകടം നടന്നെന്ന് ഉറപ്പാണ്. പക്ഷേ, അങ്ങനെയൊരു അപകടത്തിന്റെ മറ്റ് സൂചനകളൊന്നും ലഭിച്ചതുമില്ല.! അതിനെക്കുറിച്ച് ആശാൻ പറയുന്നത് പ്രകാരം അന്നത്തെ ഒഴുക്ക് പടിഞ്ഞാറ്റു നിന്നും തെക്കോട്ടായിരുന്നെന്നാണ്. എന്നു പറഞ്ഞാൽ വിളങ്കിൽ നിന്നും മൈലുകൾക്ക് ദൂരത്ത് ഒരു പക്ഷേ, ഏതെങ്കിലും ഒരു കപ്പലപകടം നടന്നിരിക്കാമെന്ന്. ഇതുവരെ ലഭ്യമായ വിവരങ്ങൾ പ്രകാരം അത് വെങ്കിടാചലം പറഞ്ഞ ബ്രിട്ടീഷ് കപ്പല് തന്നെയാവും.

ദിവസം ചെല്ലുന്തോറും കാര്യങ്ങൾ വർഷകാലത്തെ കടലുപോലെ കലങ്ങി മറിയുകയാണ്. മംഗലാപുരത്തു നിന്നും മടങ്ങിയെത്തിയതിനു ശേഷം ഒരാഴ്ച വിശ്രമിച്ചു. അതിനിടയിൽ കൃഷ്ണപ്രസാദ് വഴി റേഡിയോ സന്ദേശത്തിന്റെ നിജസ്ഥിതി അറിയാൻ ശ്രമിച്ചു. ഒന്നും നടന്നില്ലെന്നു മാത്രമല്ല, അന്നത്തെ ഉദ്യോഗസ്ഥരിൽ ചിലരിൽ നിന്നും മോശമായ പ്രതികരണങ്ങൾ നേരിടേണ്ടിയും വന്നു. ഒരു മുക്കുവൻ കാണാതായ കപ്പൽ അന്വേഷിക്കുന്നത് അവർക്കാർക്കും ഇഷ്ടപ്പെട്ടില്ല.! അവർ എന്തോ മറച്ചുവെക്കാൻ ശ്രമിക്കുന്നുണ്ട്. അക്കാര്യത്തിൽ എന്റെ അതേ അഭിപ്രായമായിരുന്നു കൃഷ്ണപ്രസാദിനും. മറ്റെന്തെങ്കിലും വഴിയിലൂടെ അത് കണ്ടെത്താൻ കഴിയുമെന്നായിരുന്നു പ്രതീക്ഷ. അതിനുള്ള പരിശ്രമങ്ങൾ തുടർന്നു. അക്കാര്യത്തിനായി പലരേയും കണ്ടു. ആർക്കും അതിനെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും നൽകാനായില്ല. അവസാനം അപ്പനാണ് പറഞ്ഞത് വെങ്കിടാചലം സാറിനെ പോയൊന്നു കാണാൻ. അപ്പൻ കരുതുന്നത്ര എളുപ്പമല്ലായിരുന്നത്. പക്ഷേ, എനിക്ക് മുൻപിൽ മറ്റ് വഴികളൊന്നുമില്ലായിരുന്നു.

അടുത്ത ദിവസം തന്നെ വിവരങ്ങളെല്ലാം അറിയിച്ചുകൊണ്ട് അദ്ദേഹത്തിന് കത്തെഴുതി. അതിനിടയിൽ മദുഗരെയും സെന്തിലും തുറയിലേക്ക് വന്നു. മദുഗരയ്ക് പാസ്‌പോർട്ട് ശരിയാക്കാൻ സഹായിക്കാമെന്ന് ഏറ്റത് ഞാൻ മറന്നിരുന്നു. അവര് വന്നപ്പോഴാണ് ഒരു നിമിഷത്തെ വാക്ക് വലിയൊരു അപകടത്തിന്റെ വക്കത്താണ് എത്തിച്ചതെന്ന് മനസ്സിലായത്. അതു പുറത്തു കാണിച്ചില്ല. എന്തെല്ലാമോ പറഞ്ഞ് മദുഗരയെ അനുനയിപ്പിച്ചു. പക്ഷേ, സെന്തിലിന് എന്റെ നിസ്സഹയാവസ്ഥ മനസ്സിലായി. അവൻ തന്നെ മുൻകയ്യെടുത്ത് മദുഗരയെ മടക്കി അയച്ചു. അന്നാണ്, കൈരളിയുടെ തിരോധാനത്തിനു കാരണമായേക്കാവുന്ന സൈക്ലോണിനെക്കുറിച്ച് സെന്തിൽ പറഞ്ഞത്. 1977- നവംബറിൽ ആന്ധ്രാപ്രദേശിലെ തീരമേഖലയെ കശക്കിയെറിഞ്ഞ അതിതീവ്രചുഴലി പോലെ, നേരത്തെയവൻ സൂചിപ്പിച്ച ദ്വീപുകൾക്ക് സമീപം 1979-ജൂൺ ആദ്യവാരത്തിൽ ഗോവൻ തീരത്ത് ഒരു സൈക്ലോൺ രൂപപ്പെട്ടിരുന്നെന്നും അത് ആന്തമാൻ ദ്വീപിന് സമീപത്തുകൂടെ ബർമ്മയിലേക്ക് കരകയറിയതായും സെന്തിലിന്റെ കയ്യിലുള്ള രേഖകളിൽ പറയുന്നുണ്ട്. കടലിനെക്കുറിച്ചുള്ള രേഖകൾ അവന്റെ കയ്യിൽ എങ്ങനെ വന്നുപെട്ടന്ന് അറിയാനായിരുന്നു ആ സമയത്ത് എന്റെ തിടുക്കം.

അഞ്ച്.

ദ്യമൊക്കെ അവൻ ഒഴിഞ്ഞുമാറിയെങ്കിലും എന്റെ നിർബന്ധത്തിനു മുന്നിലവൻ തന്നെക്കുറിച്ച് പറയാൻ തയ്യാറായി. അപ്പോഴാണ് കൈരളിയെക്കുറിച്ച് ഞാൻ അന്വേഷിക്കുന്നതിനു മുൻപ് തന്നെ അവൻ അന്വേഷണം ആരംഭിച്ചത് അറിഞ്ഞത്.! അപ്പന്റെ കൂട്ടുകാരനായിരുന്ന അൻപരസിന്റെ മകനാണ് സെന്തിൽ! അപ്രതീക്ഷിതമായ ആ വഴിത്തിരിവ് ആദ്യമെന്നെയൊന്ന് അത്ഭുതപ്പെടുത്തി. പക്ഷേ, സ്വന്തം അച്ഛനെ തിരഞ്ഞിറിങ്ങിയ സെന്തിലിനോട് വല്ലാത്ത ബഹുമാനം തോന്നി. അന്നു തന്നെ ഇക്കാര്യം അപ്പനേയും അറിയിച്ചു.. അപ്പനതു കേട്ടപ്പോൾ സന്തോഷമായി. അതിനു വേണ്ടിയായിരുന്നു അവൻ ആഴക്കടലിൽ മുങ്ങാനുള്ള സർട്ടിഫിക്കറ്റ് നേടിയത്. ഏതെങ്കിലും കപ്പലിൽ കയറിപ്പറ്റി അന്വേഷണങ്ങൾ നടത്താനായിരുന്നു അവന്റെ തീരുമാനം. അതിനുള്ള ശ്രമങ്ങളാണ് മദുഗരയുടെ അടുത്തേക്ക് എത്തിച്ചത്. മദുഗരയുമായുള്ള സൗഹൃദത്തിന്റെ പുറത്ത് അവരുടെ ആൾക്കാരിൽ നിന്നും കുറേ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞു. അതിലേറ്റവും പ്രധാനപ്പെട്ടതാണ് അവന്റെ കയ്യിലുള്ള മാപ്പ്. മദുഗരെ സ്വന്തം നിലക്ക് ബോട്ടിലും മറ്റും സഞ്ചരിച്ച് ഡ്രാഫ്റ്റ് ചെയ്തതാണത്.!

അവരിൽ നിന്നാണ് 79-ജൂൺ 6ാം തിയ്യതി ഒമാൻ തീരത്ത് രൂപപ്പെട്ട്, 180 മൈൽ വേഗതയിൽ വീശിയ കാറ്റിനെക്കുറിച്ച് അറിഞ്ഞത്. ആ കാറ്റിൽ പല കപ്പലുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ശ്രീലങ്കൻ സൈന്യത്തിന്റെ ഒരു ബോട്ടും അതിലുണ്ടായിരുന്നു. പതിനേഴ് സൈനികരേയും ആ കാറ്റിൽപ്പട്ട് കാണാതായിരുന്നു. അവരിൽ ചിലരുടെ മൃതദേഹങ്ങൾ യാലയ്ക് സമീപത്താണ് അടിഞ്ഞത്. സെന്തിലിന്റെ സംശയം ആ കാറ്റിൽ കൈരളിയും അകപ്പെട്ടുകാണുമെന്നാണ്. അതിനെ ന്യായീകരിക്കുന്ന സംഭവങ്ങളാണ് മദുഗരെ പറഞ്ഞ കാര്യങ്ങൾ. പക്ഷേ, അങ്ങിനെയൊരു അപകടം നടന്നിട്ടിണ്ടെങ്കിൽ കടലിൽ എണ്ണപ്പാട കാണേണ്ടതാണ്. ആ ദിവസങ്ങളിൽ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും നിരീക്ഷണം നടത്തിയ ഐ.എൻ.എസ് വിക്രാന്ത് അടക്കമുള്ള നേവിയുടെ കപ്പലുകളോ ഹെലിക്കോപ്റ്ററുകളോ അത്തരത്തിലുള്ള യാതൊരു അപകട സൂചനകളും റിപ്പോർട്ട് ചെയ്തിട്ടില്ല. മാത്രമല്ല 15 ഡിഗ്രീ വടക്ക് നിന്നും പുറപ്പെട്ട്, കപ്പൽ 260-250 തെക്ക് പടിഞ്ഞാറ് കോസ്റ്റിലൂടെയായിരുന്നു കപ്പലിന്റെ യാത്രാ പദം. യാതൊരു കാരണവശാലും അത് പത്ത് ഡിഗ്രി കിഴക്കോട്ട് സഞ്ചരിക്കേണ്ടതില്ല.

കടലിലും കരയിലും ഒരുപോലെ അന്വേഷിച്ചാൽ മാത്രമേ വല്ല സൂചനകളും ലഭിക്കുകയുള്ളൂവെന്ന് ഉറപ്പായി. അതിനിടയിൽ അപ്പന്റെ ശ്രമഫലമായി ഞങ്ങൾക്ക് ഒരു പഴയ ബോട്ട് വാങ്ങാൻ കഴിഞ്ഞു. ഞാനും സെന്തിലും ആ ബോട്ടിൽ ദിവസങ്ങളോളം കടലിൽ ചുറ്റിക്കറങ്ങി. മീൻ പിടിച്ചും സെന്തിലിന്റെ കൈവശമുള്ള മാപ്പുകൾ ഉപയോഗിച്ചും പറ്റാവുന്ന സ്ഥലങ്ങൾ മുഴുവൻ തിരഞ്ഞു. ആഴക്കടലിൽ മുങ്ങാനുള്ള സെന്തിലിന്റെ ലൈസൻസ് ആ സമയത്ത് വലിയ ഉപകാരമായി. സംശയം തോന്നിയ സ്ഥലങ്ങളിൽ മുങ്ങിനോക്കി. അതിനിടയിൽ പുറങ്കടലിൽ വച്ച് ഒന്നു രണ്ടു തവണ നേവിയുടെ പതിവ് പരിശോധന സംഘത്തിന്റെ മുന്നിൽ പെടുകയുമുണ്ടായി. ഒരുവിധമാണ് അവരിൽ നിന്നും രക്ഷപ്പെട്ടത്. കടലിനെ കൂടുതൽ മനസ്സിലാക്കാൻ പറ്റിയെന്നല്ലാതെ മറ്റൊരു സൂചനകളും ലഭിച്ചില്ല. മനസ്സിനും ശരീരത്തിനും മടുപ്പ് ബാധിക്കാൻ ആരംഭിച്ചു. അപ്പനും സെന്തിലുമാണ് അതിൽ നിന്നും രക്ഷപ്പെടുത്തിയത്. ആ പഴയ ബോട്ടിൽ പലപ്പോഴായി ഗോവൻ തീരത്തുവരെ ചെന്നു. എവിടെയെന്നറിയാതെ കടല് മുഴുവൻ തിരയുന്നത് ആശാവഹമല്ലെന്ന് മനസ്സിലായി. പക്ഷേ, മുൻപത്തെ പോലെ ഷിപ്പിംഗ് കോർപ്പറേഷന്റെ ഭാഗത്തു നിന്നും അനുകൂലമായ യാതൊരു പ്രതികരണങ്ങളും ലഭിച്ചില്ല. അതിനിടയിൽ ഞങ്ങൾ, പാൻ അറബ് ഷിപ്പിംഗ് ആൻഡ് ട്രാൻസ്‌പോർട്ടിംഗ് കോർപറേഷനുമായി ബന്ധപ്പെട്ടു. അവരിൽ നിന്നും കൈരളിയെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്ന മറുപടിയാണ് ലഭിച്ചത്. അതോടെ ആ വഴിക്കുള്ള അന്വേഷണം അവസാനിപ്പിച്ചു.

ഏകദേശം ഒരുമാസം കഴിഞ്ഞ് വെങ്കിടാചലം സാറിന്റെ മറുപടി ലഭിച്ചത് വലിയ ആശ്വാസമായി. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഞാനും സെന്തിലും അടുത്തദിവസം തന്നെ കന്യാകുമാരിയിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോഴാണ് അദ്ദേഹം വിരമിച്ച വിവരം അറിഞ്ഞത്. ഞങ്ങളുടെ കണ്ടെത്തലുകളും മറ്റും അദ്ദേഹം വിശദമായ കേട്ടു. റേഡിയോ സന്ദേശം എന്തായിരുന്നെന്ന് അറിയണമെങ്കിൽ അന്നത്തെ ഉദ്യേഗസ്ഥർ തന്നെ കനിയണമെന്ന് വ്യക്തമായി. അതൊരിക്കലും സാധ്യമല്ലെന്ന് അദ്ദേഹത്തിനും ഉറപ്പായിരുന്നു. കാരണം അവർക്ക്, കൈരളിയെക്കുറിച്ചുള്ള അന്വേഷണത്തിനോട് എതിർപ്പാണെന്ന് അദ്ദേഹത്തിനും മനസ്സിലായിരുന്നു.

അദ്ദേഹം മറ്റു ചില നിഗമനങ്ങൾ പങ്കുവച്ചു. അതായത്, മദുഗര സൂചിപ്പിച്ചതുപോലെ ഒരുപക്ഷേ ഗുരുതരമായ എഞ്ചിൻ തകരാറുകൾ കാരണം ക്യാപ്റ്റനും ഫസ്റ്റ് ഓഫീസറും എഞ്ചിനിയേറും കൂടിയാലോചിച്ചതിനു ശേഷം കപ്പലിന്റെ സഞ്ചാരപദം, തൊട്ടടുത്തുള്ള ഏതെങ്കിലും തുറമുഖത്തേക്ക് മാറ്റിക്കാണും. മദുഗരെ നൽകിയ സൂചനകൾ വെച്ച് ജൂലൈ ആറാം തിയ്യതി വീശിയടിച്ച കൊടുങ്കാറ്റിൽ കപ്പൽ പത്ത് ഡിഗ്രി ചാനലിലേക്ക് എത്തിപ്പെടുകയും ആന്തമാന് സമീപത്തുള്ള ഏതെങ്കിലും ദ്വീപിനടുത്ത് വച്ച് അപകടത്തിൽപെടാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് നോർത്ത് സെന്റിനൽ ദ്വീപിന് സമീപം. അവിടെയുള്ള സെന്റിനലീസുകാരുടെ വിഷം പുരട്ടിയ അമ്പുകൾക്ക് മുന്നിൽ ക്യാപ്റ്റനടക്കമുള്ളവർ ജീവത്യാഗം ചെയ്തതുമാവും.''പക്ഷേ, അത്രയും വലിയ കപ്പലിനെ അവരെന്തു ചെയ്തു?'' സെന്തിലിന്റെ അതേ സംശയം തന്നെയായിരുന്നു എനിക്കും. ''ഞാനൊന്നു പറഞ്ഞ് തീർക്കട്ടെ'' സ്വദസിദ്ധമായ ഗൗരവത്തോടെ സാറ് തുടർന്നുപറഞ്ഞ കാര്യങ്ങൾ അന്നോളം ഞങ്ങൾ കണ്ടെത്തിയ നിഗമനങ്ങളെക്കാളും വിശ്വാസ്യയോഗ്യമായിരുന്നു. ▮

(തുടരും)


റിഹാൻ റാഷിദ്

നോവലിസ്​റ്റ്​. സമ്മിലൂനി, അഘോരികളുടെ ഇടയിൽ, ലക്ഷദ്വീപ് ഒരു സൂഫി ലാൻറ്​, ഡോൾസ്, പ്രണയ ജിന്നുകൾഎന്നിവ പ്രധാന കൃതികൾ.

Comments