ചിത്രീകരണം: ശശി ഭാസ്കരൻ

12°38’10’’N

ആറ്

തായത്, സാധാരണഗതിയിൽ യാതൊരു കാരണവശാലും കൈരളി ഇത്രയും ദൂരം വഴി മാറി സഞ്ചരിക്കേണ്ട ആവശ്യമില്ല. മറിച്ച്, അതിനുമുമ്പുതന്നെ കടക്കൊള്ളക്കാർ, അല്ലെങ്കിൽ പാലസ്തീൻ വിമോചനപ്പോരാളികൾ കപ്പലിനെ അപഹരിച്ചിരിക്കാം.

മദുരഗെ പറഞ്ഞതനുസരിച്ച് എൺപതടിയിലധികം ഉയരമുള്ള തിരമാലകൾ വരെ അന്നുണ്ടായിരുന്നു. കൈരളിയുടെ ഉയരം അറുപത് അടിയായിരുന്നെന്നതും ഓർക്കണം. ഇതേ സമയത്തുതന്നെയാവും കൈരളിക്കുനേർക്ക് അക്രമണം നടന്നത്. ധീരനായ ക്യാപ്റ്റന്റെ നേതൃത്വത്തിൽ അവരെ ചെറുത്തു നിൽക്കുകയും അവസാനം അവരുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയോ ജീവനോടെ അവരെ കടലിലേക്ക് എറിയുകയോ ചെയ്തിരിക്കാം. അതല്ലെങ്കിൽ കൈരളിയിലെ ജീവനക്കാരെ ലൈഫ് ബോട്ടിൽ കയറ്റി വെറുതെ വിട്ടിരിക്കാം. ആ ലൈഫ് ബോട്ട് ദിശതെറ്റി, കാറ്റും ഒഴുക്കും പേമാരിയും അവരെ മാന്നാർ ഉൾക്കടലിലെ ആഴമുള്ള ഭാഗത്തിലൂടെ ബംഗാൾ കടലിലേക്ക് എത്തിച്ചതായിരിക്കും. അവിടെനിന്ന്​ കാറ്റ് അവരെ ഇപ്പറയുന്ന സെന്റിനന്റൽ ദ്വീപുകൾക്കുസമീപം എത്തിച്ചു.

കരയോടുചേർന്ന്​ കടലിലകപ്പെട്ട അവർ ജീവൻരക്ഷാർത്ഥം ദ്വീപിലേക്ക് നീന്തിക്കയറുകയും അവിടെ വെച്ച് സെന്റീനോസിന്റെ അക്രമണത്തിൽ കൊല്ലപ്പെട്ടതുമാവും. പക്ഷേ, 51 മനുഷ്യരിൽ ഒരാളെങ്കിലും രക്ഷപ്പെടാനുള്ള സാധ്യതയുമുണ്ട്.

അതിനോടൊപ്പം സാർ മറ്റൊരു കാര്യം കൂടെ സൂചിപ്പിച്ചു. റിട്ടയർമെൻറ്​ പാർട്ടിക്കിടയിൽ സാറിന്റെ കൂടെ മുൻപ് ജോലി ചെയ്തിരുന്ന കർണ്ണാടകക്കാരനായ ഒരു റെഡ്ഡിയുടെ വീരസ്യകഥകളിൽ കൈരളിയെ കാണാതായ അതേവർഷം സെന്റിനോസ് ദ്വീപിൽ നിന്ന്​ ഒരു തമിഴനെ രക്ഷിച്ചെന്നും അയാളെ പോർട്ട് ബ്ലയർ പോലീസിന് കൈമാറിയെന്നായിരുന്നത്. മാത്രമല്ല, വെള്ളം കുടിച്ച് അവശനായ അയാൾക്ക് ബുദ്ധിഭ്രമം ബാധിച്ചിരുന്നെന്നും അയാൾ ആന്തമാനിലെ ഏതോ ജയിലിലുണ്ടെന്നുമാണ് റെഡ്ഡി പറഞ്ഞത്.

അതുകേട്ടിരിക്കുമ്പോൾ സെന്തിലിന്റെ കണ്ണുകൾ കടലുപോലെ നിറഞ്ഞു. അത് അവന്റെ, അച്ഛൻ അൻപരസ് തന്നെയാവണമെന്ന് ഞാൻ മനസ്സുരുകി പ്രാർത്ഥിച്ചു.

ആ നിമിഷത്തിൽ മറ്റെല്ലാം മറന്ന് അയാളെ കണ്ടെത്താനാണ് തോന്നിയത്.

പക്ഷേ, കള്ളുകുടിച്ച് വീരസ്യം പറയുന്ന റെഡ്ഡിയെ വിശ്വസിക്കാൻ കഴിയില്ലെന്നായിരുന്നു സാറിന്റെ അഭിപ്രായം. റെഡ്ഡിയെ കണ്ടാൽ ഒരുപക്ഷേ കാര്യങ്ങൾ കുറേക്കൂടെ വ്യക്തമാവുമെന്ന സെന്തിലിന്റെ അപേക്ഷ സാറ് അംഗീകരിച്ചു. ഉടൻതന്നെ റെഡ്ഡിയെ കാണാനുള്ള കാര്യങ്ങൾ ഏർപ്പാടാക്കാമെന്ന് ഞങ്ങൾക്ക് വാക്കു തന്നു. അതിനായി രണ്ടുമൂന്നു ദിവസം അവിടെ നിൽക്കേണ്ടി വന്നു. ടൗണിനടുത്ത ഒരു ചെറിയ ലോഡ്ജിൽ മുറിയെടുത്തു.

കടലിലേക്ക് കണ്ണെത്തുന്ന തരത്തിലുള്ള ജാലകങ്ങളുള്ള ആ മുറിയിൽ ഇരിക്കുമ്പോൾ കടൽക്കാറ്റ് ഞങ്ങളെ തൊട്ടുകൊണ്ടേയിരുന്നു. കടൽ വിഴുങ്ങിയ അനേകം മനുഷ്യർ ഊഴമിട്ട് വന്ന്​ തങ്ങളുടെ കഥകൾ പറയുകയാണ് അതെന്ന് തോന്നി. അതിൽ കൈരളിയിലെ 51 മനുഷ്യരുമുണ്ടാവും, അല്ല സെന്തിലിന്റപ്പൻ അൻപരസെഴികെ 50 മനുഷ്യർ...

എനിക്കപ്പോൾ അപ്പനെ കാണണമെന്നു തോന്നി. കാരണം അപ്പനന്ന് ഇതേ കാര്യം പറഞ്ഞതാണ്. എവിടെയെങ്കിലും ഒരാൾ ജീവിച്ചിരിക്കുന്നുണ്ടാവുമെന്ന്. ഞാനതത്ര കാര്യമാക്കിയില്ല.അതിപ്പോൾ പാതി സത്യമായിരിക്കുന്നു.

മുറിയിൽ നിന്ന്​ പുറത്തിറങ്ങി, ലോഡ്ജിൽ നിന്ന്​ അധികം അകലയല്ലാത്ത കടപ്പുറത്തേക്ക് നടന്നു. നടക്കുമ്പോൾ സെന്തിൽ സംസാരിച്ചത് മുഴുവൻ അവന്റെ അച്ഛനെക്കുറിച്ചാണ്. ചെറുപ്പം മുതലുള്ള അയാളുടെ ആഗ്രഹമായിരുന്നു കടലിലൂടെ ലോകം ചുറ്റുകയെന്നത്. അതിനായി ഇല്ലായ്മയിൽ നിന്ന്​ കഠിനമായി പരിശ്രമിച്ചു. അവസാനം ഒരു സ്റ്റുവാർഡിന്റെ ജോലിയിൽ കപ്പലിൽ കയറി. ക്യാപ്റ്റൻ മറിയാ ദാസിന്റെ കൂടെയായിരുന്നത്. അദ്ദേഹം മുഖേനയാണ് കൈരളിയിൽ എത്തിയതും.

മറിയ ദാസിനെക്കുറിച്ച് പറയുമ്പോൾ സെന്തിലിന്റെ ശബ്ദത്തിലെ സ്‌നേഹം മാത്രം മതിയായിരുന്നു, അദ്ദേഹമൊരു നല്ല നാവികനും മനുഷ്യനുമായിരുന്നെന്ന് തിരിച്ചറിയാൻ. ആ രണ്ടു ദിവസങ്ങൾ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രികളും പകലുകളുമായിരുന്നു. കയ്യിലാണെങ്കിൽ അരിഷ്ടിച്ചു കഴിയാനുള്ള പണം മാത്രമായിരുന്നു ഉണ്ടായിരുന്നുള്ളൂ. പരിചയക്കാരായിട്ടും ആരുമില്ല. അരവയറ് കഴിച്ചാണ് ആ ദിവസങ്ങൾ കഴിച്ചുകൂട്ടിയത്.

മുറിയിലിരിക്കുമ്പോൾ ഞാൻ മേരിക്കുട്ടി പറഞ്ഞ മറ്റൊരു കാര്യമോർത്തു. അതായത്, ബോംബയിൽ നിന്ന്​ 270 മൈൽ പടിഞ്ഞാറായി കാണപ്പെട്ട ഒരു ലൈഫ് ജാക്കറ്റ്. ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ നേതാജി സുഭാഷ് ചന്ദ്രബോസ് എന്ന കപ്പലിലെ ജീവനക്കാർ ബോംബൈയിൽ നിന്ന്​ 17.70 ഡിഗ്രി വടക്കും 68.20 കിഴക്കുമായി ആളില്ലാതെ ഒഴുകി നടക്കുന്ന ലൈഫ് ജാക്കറ്റ് കണ്ടു. ഇതേ മേഖലയിൽ നിന്നായിരുന്നു കൈരളി അവസാനമായി സന്ദേശം അയച്ചതും. കൃത്യമായി പറഞ്ഞാൽ 17°40'N-ലും 65°30'E-മായി. പക്ഷേ ആ ലൈഫ് ജാക്കറ്റ് കടലിൽ നിന്ന്​ പൊക്കിയെടുക്കാൻ കഴിഞ്ഞില്ലെന്നാണ് ചന്ദ്രബോസിന്റെ ക്യാപ്റ്റൻ റിപ്പോർട്ട് ചെയ്തത്.

വെങ്കിടാചലം സാറ് പറയുന്ന കാര്യവുമായി പൊരുത്തപ്പെടുന്ന സംഗതിയാണിത്.

മൂന്നാമത്തെ ദിവസം അതിരാവിലെ തന്നെ വെങ്കിടാചലം സാറിന്റെ വീട്ടിലേക്ക് ചെന്നു. ഒരു ദിവസംകൂടെ ലോഡ്ജിൽ തങ്ങാനുള്ള പണം കയ്യിലില്ലായിരുന്നതു കൊണ്ടാണ് അന്നു തന്നെ മുറി ഒഴിവാക്കിയത്. ഞങ്ങൾ ചെല്ലുമ്പോൾ മത്സ്യപ്രിയനായ സാറ് ഭക്ഷണം കഴിക്കുകയായിരുന്നു. ഗേറ്റ് കടക്കുമ്പോൾ തന്നെ ചൂടുള്ള മീൻകറിയുടെ ഗന്ധം മൂക്കിലേക്കടിച്ചുകയറി. അദ്ദേഹം കഴിക്കാൻ ക്ഷണിച്ചെങ്കിലും ദുരഭിമാനം ആ ക്ഷണം സ്വീകരിക്കാൻ അനുവദിച്ചില്ല. വീടിന്റെ സിറ്റൗട്ടിലിരിക്കുമ്പോൾ രാവിലെ കുടിച്ച എരുമപ്പാൽ ഒഴിച്ചുണ്ടാക്കിയ ചായ തികട്ടി വന്നു.

അര മണിക്കൂറോളം കഴിഞ്ഞാണ് സാർ അവിടേക്കുവന്നത്. അടുത്ത ആഴ്ച റിട്ടയർമെൻറ്​ ജീവിതത്തിന്റെ ആഘോഷങ്ങൾക്കായി കേരളത്തിലേക്ക് വരുന്നെന്ന് പറഞ്ഞാണ് അദ്ദേഹം സംസാരം തുടങ്ങിയത്. വീണ്ടുമൊരു അര മണിക്കൂർ കഴിഞ്ഞെന്നല്ലാതെ റെഡ്ഡിയെക്കുറിച്ച് സാറൊന്നും പറഞ്ഞില്ല. അതിന്റെ അസ്വാരസ്യങ്ങൾ സെന്തിലിന്റെ മുഖത്ത് പ്രകടമാവുന്നത് ഞാൻ ശ്രദ്ധിച്ചു.

സാറിനെ പിണക്കാതെ എങ്ങിനെയത് ചോദിക്കുമെന്നോർത്ത് എനിക്കാകെ വിഷമമായി. അവസാനം ഗദ്യന്തരമില്ലാതെ ഞങ്ങൾ വന്ന കാര്യം സൂചിപ്പിച്ചു.

പെ​ട്ടെന്ന് സാറിന്റെ മുഖം മാറി. സാറിന് എന്റെ ചോദ്യം ഇഷ്ടമായില്ലെന്ന് ഉറപ്പായി. ‘റെഡ്ഡിയെ ബന്ധപ്പെടാൻ ഞാൻ ശ്രമിച്ചിരുന്നു. പക്ഷേ, അയാളിപ്പോൾ പോർട്ട് ബ്ലയറിലെ മകന്റെ അടുത്തേക്ക് പോയിരിക്കുകയാണ്’, നിരാശയോടെ അത് കേൾക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഒന്നുമില്ലായിരുന്നു.

പക്ഷേ, സാറിന് ഞങ്ങളുടെ നിരാശ മനസ്സിലായി. അഞ്ചു മിനിറ്റെന്നുപറഞ്ഞ് വീടിനുള്ളിലേക്കുപോയ സാറ് സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു കത്തുമായിട്ടാണ് വന്നത്. റെഡ്ഡി പോർട്ട്ബ്ലയറിൽ തന്നെ ഉണ്ടാവുമെന്നും അതിനിടയിൽ എപ്പോഴെങ്കിലും അവിടേക്ക് പോവാൻ കഴിഞ്ഞാൽ ഈ കത്ത് നൽകിയാൽ മതിയൊന്നും പറഞ്ഞു.

യാത്ര പറഞ്ഞിറങ്ങാൻ നേരത്ത് എന്റെ കയ്യിൽ മൂന്നൂറു രൂപയും തന്നു. റെയിൽവേ സ്റ്റേഷനടുത്തുള്ള ഹോട്ടലിൽ കയറി മീൻകറിയുംകൂട്ടി വല്ലതും കഴിച്ചിട്ട് തീവണ്ടി കയറിയാൽ മതിയെന്നുപറയുമ്പോൾ ഒരു പിതാവിന്റെ സ്‌നേഹവാത്സല്യമായിരുന്നു അദ്ദേഹത്തിന്റെ മുഖത്ത്.

മരിച്ചെന്നു തോന്നിയിടത്തു നിന്ന്​ ഒരു പിടിവള്ളി കിട്ടിയതുപോലെ ആ കത്ത് നെഞ്ചിലേക്ക് അമർത്തിപ്പിടിച്ചുകൊണ്ട് ഞങ്ങൾ നാട്ടിലേക്ക് വണ്ടി കയറി. പോർട്ട്ബ്ലയറിനും ഞങ്ങൾക്കുമിടയിൽ ഒരു കടൽ ദൂരമുണ്ടെന്ന് ഓർക്കാൻ പോലും തോന്നിയില്ല. അനേകം മനുഷ്യരുടെ വേദനകളിൽ കരയുന്നതെന്നോണം തീവണ്ടി മുന്നോട്ടോടി.

തുറയിലെത്തുമ്പോൾ മദുഗരെ ഞങ്ങളേയും തേടി എത്തിയിരുന്നു. അയാളുടെ പാസ്‌പോർട്ടിന്റെ കാര്യം അന്വേഷിക്കാനായിരുന്നു വന്നത്. ഒറ്റയടിക്ക് പറ്റില്ലെന്ന് പറയാൻ തോന്നിയില്ല.

സെന്തിൽ അയാളോട് കുറച്ചുകൂടെ സമയം ആവശ്യപ്പെട്ടു. അയാൾക്കതിനു സമ്മതമായിരുന്നു. പക്ഷേ, അത്രയും നാൾ അയാൾക്ക് ഞങ്ങളോടൊപ്പം താമസിക്കാനുള്ള സൗകര്യം ഒരുക്കേണ്ടി വരുമെന്ന് ചിന്തിച്ചിരുന്നില്ല. പക്ഷേ, അതിന് ഞങ്ങൾ നിർബന്ധിതരായി. കുളച്ചലിലെ അയാളുടെ താമസസ്ഥലത്ത് രഹസ്യാന്വേഷണ ഏജൻസിയുടെ നിരീക്ഷണം ശക്തമായിരുന്നു. അക്കാരണം കൊണ്ടാണ് അയാൾ കുറച്ചുകൂടെ സുരക്ഷിതമായി താമസിക്കാൻ ഇവിടെ തിരഞ്ഞെടുത്തത്. പാസ്‌പോർട്ടിന്റെ കാര്യത്തെക്കാൾ അയാൾക്ക് അത്യാവശ്യം ഒരു ആ സമയത്തൊരു താമസസ്ഥലമായിരുന്നു. അതിനുള്ള വഴിയും അപ്പനാണ് ഉപദേശിച്ചത്.

അതുപ്രകാരം ഞാനും സെന്തിലും മദുഗരയും ഞങ്ങളുടെ ബോട്ടിൽ തന്നെ താമസിക്കാൻ തീരുമാനിച്ചു. അതൊരു കണക്കിനൊരു നല്ല തീരുമാനമായിരുന്നു. അയാളുമായി കൂടുതൽ അടുക്കാൻ അത് സഹായകരമായി. പ്രതിസന്ധികളിൽ അകപ്പെട്ട മനുഷ്യർ ഒരുമിച്ചു കൂടുമ്പോൾ അതിജീവനത്തിനുള്ള സാധ്യതകൾ പലതും തെളിയും. ഒറ്റൊക്കൊരാൾക്ക് ചിന്തിക്കുന്നതിന്റെ പരിധികളെ മറികടക്കാനത് എളുപ്പമാണ്.

കടലിലെ അന്വേഷണങ്ങൾ തുടരുമ്പോൾ തന്നെ, പോർട്ട്ബ്ലയറിലേക്കുള്ള യാത്രയുടെ കാര്യങ്ങൾ എങ്ങിനെയെങ്കിലും ശരിയാക്കാൻ കിണഞ്ഞു ശ്രമിച്ചു. മദുഗരയാണ് അതിനുള്ള ഉപായം കണ്ടെത്തിയത്. പക്ഷേ, അതൊരു അപകടം പിടിച്ച വഴിയായിരുന്നു. ഞങ്ങളുടെ പഴഞ്ചൻ ബോട്ടുമായി ആന്തമാനിലേക്ക് പോവാം എന്നായിരുന്നു മദുരഗെ അഭിപ്രായപ്പെട്ടത്! അവിടെ എത്തിയാൽ അയാൾക്കും സുരക്ഷിതമായിരുന്നു. സെന്തിൽ എന്തിനും തയ്യാറായി. പക്ഷേ, എനിക്കതിനോട് യോജിപ്പില്ലായിരുന്നു. ദിവസങ്ങളും ആഴ്ചകളും കടൽത്തിരകൾ പോലെ കടന്നു പോയി. ആയിടക്കാണ് ഗോവയിൽ ചെന്ന് എസ്തനോസിനെ കാണാനുള്ള തീരുമാനെടുത്തത്. സത്യത്തിൽ മറ്റെല്ലാ വഴികളും അടഞ്ഞുകഴിഞ്ഞിരുന്നപ്പോഴാണത് തീരുമാനിച്ചത്. അവിടെ എത്തിയാൽ തന്നെ അയാളെ കണ്ടെത്താൻ കഴിയുമെന്ന് യാതൊരു ഉറപ്പുമില്ലായിരുന്നു. വെങ്കിടാചലം സാർ പറഞ്ഞ സൂചനകൾ മാത്രമേയുള്ളൂ. ഞങ്ങളുടെ ബോട്ടിനാണെങ്കിൽ ചില കുഴപ്പങ്ങളും കണ്ടുതുടങ്ങി. കുറച്ചധികം പണം ചിലവഴിച്ചാല്ലാതെ അത് ശരിയാക്കാൻ കഴിയില്ലായിരുന്നു. മെക്കാനിക്കൽ പണികളെല്ലാം മദുരഗെ ചെയ്യുമായിരുന്നു. പക്ഷേ, അത്യാവശ്യം മാറ്റിസ്ഥാപിക്കേണ്ട യന്ത്ര ഭാഗങ്ങൾ വാങ്ങാനുള്ള പണമായിരുന്നു പ്രശ്‌നം. അവസാനം തീവണ്ടി മാർഗ്ഗം ഗോവയിലേക്ക് പോവാൻ തീരുമാനിച്ചു ഗോവയിൽ എത്തിയാൽ താമസവും ഭക്ഷണവും വലിയ ബുദ്ധിമുട്ടാവും എന്നത് അറിയാമായിരുന്നതുകൊണ്ട്, പറ്റാവുന്നത്ര പണം സമ്പാദിക്കാനായി തത്കാലം ഒരുമാസം ആശാന്റെ ബോട്ടിൽ കയറിപ്പറ്റി. സാധാരണ ആശാന്റെ കൂടെ പോവുന്ന നാലുപേർ അവധിയിലായിരുന്നത് അക്കാര്യം എളുപ്പമാക്കി.

അസ്സല് മീൻ പിടുത്തക്കാരനായിരുന്ന മദുരഗരയെ ആദ്യ ദിവസം തന്നെ ആശാന് ബോധിച്ചു. സെന്തിലും മോശമായിരുന്നില്ല. രണ്ടാഴ്ചത്തെ പണികൊണ്ട് ഗോവയിൽ ഒരാഴ്ച കഴിയാനുള്ളത് ലഭിച്ചു. അടുത്ത ദിവസം തന്നെ അപ്പനോട് മാത്രം പറഞ്ഞ് ഗോവയിലേക്ക് പുറപ്പെട്ടു. മറ്റാരോടും പറയാനോ ചോദിക്കാനോ ഇല്ലായിരുന്നു. അപ്പനാവട്ടെ, തീർത്തും അവശനായിട്ടുണ്ട്.

യാത്ര പറഞ്ഞപ്പോൾ അപ്പന്റെ കണ്ണുകൾ എന്തിനെന്നില്ലാതെ കുതിർന്നു. അതിനിടയ്ക്ക്, മദുഗരയുടെ സംഘടനയിലെ ഒന്നുരണ്ടുപേരെ ഹാർബറിൽ വച്ച് കണ്ടു. കുളച്ചുലുകാരുടെ ബോട്ടിൽ പണിയെടുക്കുകയാണ് അവർ. മദുഗരെയാണ് ഇവിടെ അവരുടെ നേതാവെന്ന് അപ്പോഴാണ് എനിക്കും സെന്തിലിനും മനസ്സിലായത്. അവരുമായുള്ള മദുഗരയുടെ രഹസ്യ സംഭാഷണത്തിൽ നിന്നും ഞങ്ങൾ മാറി നിന്നു. ചില എഴുത്തുകൾ മദുഗരയും അവരും പരസ്പരം കൈമാറി. തന്റെ ഗോവൻ യാത്രയെക്കുറിച്ച് മദുരഗെ അവരോട് സൂചിപ്പിച്ചിരുന്നെന്ന് അപ്പോൾ വെറുതെ തോന്നിയിരുന്നു. ആ തോന്നൽ സത്യമാണെന്ന് ഗോവയിൽ എത്തിയപ്പോൾ തന്നെ മനസ്സിലായി.

തീവണ്ടി ഇറങ്ങിയയുടനെ, മർമ്മഗോവൻ തുറമുഖത്തിനോട് ചേർന്നുള്ള ഒരു മീൻപിടുത്ത ഗ്രാമത്തിലേക്ക് മദുഗരെ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. അവിടെയുള്ള ചില തമിഴ് യുവാക്കൾ ഒരുമിച്ച് താമസിക്കുന്നൊരു പഴയ കെട്ടിടത്തിലേക്കാണ് കയറിച്ചെന്നത്.. കുളച്ചലിൽ നിന്നും കന്യാകുമാരിയിൽ നിന്നുമുള്ളവരായിരുന്നു അവർ. അവരിൽ ചിലരോട് മദുരഗരെ, ഞങ്ങൾ വന്ന കാര്യം പറഞ്ഞു. എസ്തനോസിനെക്കുറിച്ച് അവരും കേട്ടിട്ടുണ്ടെന്നറിഞ്ഞപ്പോൾ ആശ്വാസമായി. ഇല്ലായെങ്കിൽ ഒരു പേര് മാത്രം വച്ച് ഗോവയിൽ അലഞ്ഞു നടക്കേണ്ടി വന്നേനെ.

അക്കൂട്ടത്തിൽ പ്രായമായ ഒരാൾക്ക് ‘കിറുക്കൻ ക്യാപ്റ്റനെ' നേരിട്ട് പരിചയമുണ്ടായിരുന്നു. എഴുപത് വയസ്സിനടുത്ത് പ്രായമുള്ള അയാളാണ് ഞങ്ങളെ എസ്തനോസിന്റെ സ്ഥിരം താവളത്തിലേക്ക് കൊണ്ടുപോയത്. അതൊരു വാറ്റുകേന്ദ്രമായിരുന്നു. കുടിച്ച് ലക്കുകെട്ടു വീണുകിടക്കുന്നവർക്ക് ഇടയിലൂടെ ഒരു ചെറിയ കുടിലിലേക്ക് കയറി. കുടിലെന്ന് പറയാൻ പറ്റില്ല. അതൊരു ബാറ് തന്നെയായിരുന്നു.

അതിനകത്തെ പലയിടങ്ങളിലായി ചിതറി നിൽക്കുന്ന ഓരോ മനുഷ്യരുടെ മുഖത്തും ഞാൻ സൂക്ഷിച്ചുനോക്കി. ഇക്കൂട്ടത്തിൽ ആരാണ് എസ്തനോസ് എന്ന മുൻ കപ്പിത്താനെന്ന് തിരഞ്ഞു. കൂടെ വന്ന വയസ്സനായ മനുഷ്യനാവട്ടെ യാതൊരു തിരക്കുമില്ലാതെ പിന്നേയും മുന്നോട്ടു നടന്നു. അവസാനം ആ കെട്ടിടത്തിന്റെ ഇടുങ്ങിയൊരു മൂലയിൽ മദ്യക്കുപ്പികൾക്ക് മുന്നിൽ കൂനിയിരുന്ന കഷണ്ടിക്കാരനായ ഒരാൾക്ക് മുന്നിൽ നിന്നു. കണ്ണുകൾകൊണ്ട് ഞങ്ങളോട് ഇതാണ് എസ്തനോസെന്ന് പറയാതെ പറഞ്ഞു. അയാൾ അടുത്തേക്ക് ചെന്ന് എസ്തനോസിന്റെ ചെവിയിൽ എന്തോ പറഞ്ഞു. അതുകേട്ട അയാളൊന്നു തലയുയർത്തി. നീരുവച്ച കണ്ണുകൾകൊണ്ട് ഞങ്ങളെയൊന്നു നോക്കി. പിന്നെ തന്റെ മുന്നിലെ കുപ്പി അതേപോലെ വായിലേക്ക് കമിഴ്ത്തി, ഞങ്ങളെ മാടി വിളിച്ചു. അതിനിടയിൽ തന്നെ അടുത്ത കുപ്പിക്ക് പറയുകയും ചെയ്തു. അതും മുഴുവനായി കുടിച്ചു തീരുന്നതുവരെ ഞങ്ങൾ കാത്തു നിന്നു.

ആടിയാടി എഴുന്നേറ്റ അയാളെ കണ്ടപ്പോൾ സങ്കടം വന്നു. തന്റെ വലിയ കുടവയർ താങ്ങി നടക്കാൻ അയാൾ ബുദ്ധിമുട്ടുന്നതായി തോന്നി. പക്ഷേ, അയാൾക്ക് അതൊരു പ്രശ്‌നമേയല്ലായിരുന്നു. അരയിൽ നിന്നും താഴ്ന്നു പോയ പാൻറ്​ മുകളിലേക്ക് വലിച്ചുകയറ്റി അയാൾ നടന്നു. പിന്നാലെ ഞങ്ങളും പുറത്തേക്ക് ഇറങ്ങി. പഴയൊരു ഫിയറ്റ് കാറിന് മുകളിലേക്ക് ചാരി നിന്നുകൊണ്ട് എന്താണ് കാര്യമെന്ന് അന്വേഷിച്ചു.

ആ സമയത്ത് കടലുകൾ കീഴടക്കിയ നാവികന്റെ ശരീരഭാഷയിലേക്കുള്ള അദ്ദേഹത്തിന്റെ പരിണാമം എന്നെ അത്ഭുതപ്പെടുത്തി. അയാളിൽ നിന്ന്​ യാതൊരു വിവരങ്ങളും ലഭിക്കില്ലെന്ന് അത്രനേരവും ഉണ്ടായിരുന്ന സംശയങ്ങൾ ഒരുനിമിഷത്തിൽ കടൽകടന്നു. ഒരു ചുരുട്ടുകത്തിച്ച്, അയാൾ ശ്രദ്ധാപൂർവ്വം കാര്യങ്ങൾ മുഴുവൻ കേട്ടു. അതുകഴിഞ്ഞ് ഞങ്ങളേയും കാറിൽകയറ്റി നേരെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി. ഏകദേശം ഒരു മണിക്കൂർ ദൈർഘ്യമുള്ള ആ യാത്രയിലുടനീളം എസ്തനോസ് സംസാരിച്ചത് തന്റെ കടലിലെ ജീവിതത്തെക്കുറിച്ചാണ്. പിന്നീടെപ്പെഴോ മദ്യത്തിൽ അഭയം പ്രാപിച്ചതിന്റെ സ്വകാര്യ വിഷമങ്ങളും പറയുന്നുണ്ടായിരുന്നു. സ്വയം ജീവിക്കാൻ മറന്നു പോയതിന്റെ തീരാത്ത സങ്കടങ്ങളായിരുന്നത്. തനിച്ചു താമസിക്കുന്ന ആ വീട്ടിൽ കുറച്ചു നാളുകൾ കഴിയാൻ എസ്തനോസ് ഞങ്ങളെ ക്ഷണിച്ചു. ആ ക്ഷണം ഞങ്ങൾ നിരസിച്ചില്ല. സൗജന്യമായി താമസിക്കാൻ കഴിയുന്നത് ഞങ്ങൾക്ക് വലിയൊരു ആശ്വാസമായിരുന്നു.

ആ ഒരാഴ്ചകൊണ്ട് എസ്തനോസ് പറഞ്ഞ ഓരോ കാര്യങ്ങളും കൈരളിയെക്കുറിച്ചുള്ള അന്വേഷണത്തിന് പുതിയ മാനങ്ങൾ നൽകി. അതിലേറ്റവും പ്രധാനപ്പെട്ടത് അന്നത്തെ അപകടസമയത്ത് അദ്ദേഹം കണ്ടതായി, വെങ്കിടാചലം സാറ് സൂചിപ്പിച്ച കപ്പൽ കൈരളി ആയിരുന്നില്ലെന്നാണ്.! ആഞ്ചലോസ് കണ്ടതും മറ്റേതെങ്കലും കപ്പൽ തവന്നെയാവുമെന്നാണ് എസ്തനോസ് ഉറപ്പിച്ചു പറഞ്ഞു. അതു മാത്രമല്ല ക്യാപ്റ്റൻ മറിയാദാസുമായി എസ്തനോസിന് അടുത്ത സൗഹൃദമുണ്ടായിരുന്നു. കൈരളിക്ക് സംഭവിക്കാൻ സാധ്യയുള്ള കാര്യങ്ങൾ എസ്തനോസ് കാര്യകാരണ സഹിതം വിവരിച്ചു. കാതിൽ എസ്തനോസ് പറയുന്ന അനുഭവങ്ങൾ മാത്രം നിറഞ്ഞു.

ഏഴ്

ർമ്മഗോവയിൽ നിന്ന്​ ജൂൺ മുപ്പതാം തിയ്യതി പുറപ്പെട്ട കപ്പൽ, ഏകദേശം നൂറുനോട്ടിക്കൽ മൈൽ ദൂരെയെത്തിയപ്പോൾ എഞ്ചിൻ തകരാറോ മറ്റെന്തെങ്കിലും സാങ്കേതിക പിഴവുകളോ സംഭവിച്ചതാവും. എഞ്ചിനീയറും ക്യാപ്റ്റനും ചേർന്ന് അത് പരിഹരിക്കാൻ ശ്രമിക്കുകയും അതിലവർ ഭാഗികമായി വിജയിക്കുകയും ചെയ്തുകാണും. പ്രത്യേകിച്ച് മറിയാ ദാസ് മിടുക്കനായ ഒരു നാവികനായിരുന്നതുകകൊണ്ട്. പക്ഷെ, സാധാരണഗതിയിൽ കപ്പലിന്റെ വേഗത കുറക്കേണ്ടി വന്നു.

ഇക്കാര്യമെല്ലാം അതാത് ദിവസങ്ങളിൽ ഷിപ്പിംഗ് കോർപ്പറേഷനിലെ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുമുണ്ടാവും. പക്ഷേ, കപ്പലിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് തീർത്തും അജ്ഞരായിരുന്ന ഉദ്യോഗസ്ഥർ അതെല്ലാം അവഗണിച്ചുകൊണ്ട് യാത്ര തുടരാൻ ആവശ്യപ്പെട്ടു. അതിന്റെ പേരിൽ ക്യാപ്റ്റനുമായി വീണ്ടും വാക്കേറ്റം നടന്നിരിക്കാം. ഇക്കാര്യങ്ങൾ സ്ഥിതീകരിക്കാൻ ആകെയുള്ള വഴി അന്നത്തെ ഉദ്യോഗസ്ഥരിൽ ആരെങ്കിലും അന്ന് എന്താണ് സംഭവിച്ചതെന്ന് തുറന്നു പറയേണ്ടി വരും. പക്ഷേ, അതിനുള്ള സാധ്യത തുലോം കുറവാണ്.

മറ്റൊരു സാധ്യത, ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ട് വലിയ പ്രതീക്ഷകൾ ഇല്ലെന്ന് തിരിച്ചറിഞ്ഞ ക്യാപ്റ്റൻ സ്വയമേ കപ്പലിനെ തൊട്ടടുത്തുള്ള ഏതെങ്കിലും തുറമുഖത്തേക്ക് എത്തിക്കാൻ തീരുമാനിച്ചതാവും. അതായത് വെങ്കിടാചലം പറഞ്ഞ അതേ സാധ്യത. അത് ഏതു തുറമുഖമായിരുന്നെന്ന് അറിയാൻ യാതൊരു വഴിയുമില്ല. അതുമല്ല ആ ദിവസങ്ങളിൽ കടൽ തീർത്തും അപകടകരമായ അവസ്ഥയിലായിരുന്നെതും പരിഗണിക്കണം. പ്രത്യേകിച്ച് ജൂലൈ നാലാം തിയ്യതി തന്റെ കപ്പലിന് സംഭവിച്ച അപകടം. അത് പരിഗണിക്കാതെ കൈരളിയുടെ തിരോധാനം അന്വേഷിക്കാൻ സാധിക്കില്ല. മറ്റൊന്ന് പാകിസ്ഥാൻ സബ് മറൈന്റെ സാന്നിധ്യവും അതിനുശേഷമുള്ള നേവിയുടെ അന്വേഷണങ്ങളുമാണ്.

അന്നത്തെ സാഹചര്യം വച്ച് നേവി ഇന്ത്യൻ സമുദ്രാതിർത്തി മുഴുവൻ മാസങ്ങളോളം അലേർട്ടായിരുന്നു. ഒരു ബോട്ടു പോലും നേവിയുടെ പരിശോധനയില്ലാതെ കടന്നു പോയിട്ടുണ്ടാവില്ല. അങ്ങനെയൊരു സാഹചര്യത്തിൽ അപകടം നടന്നതിന്റെ എന്തെങ്കിലും വിവരം ലഭിക്കേണ്ടതാണ്. ഒരു ലൈഫ് ജാക്കറ്റോ കപ്പലിന്റെ മറ്റേതെങ്കിലും ഭാഗങ്ങളോ കടലിൽ ഉറപ്പായും കാണപ്പെടും. കൈരളിയുടെ കാര്യത്തിൽ അങ്ങനെ യാതൊന്നും കണ്ടെത്തിയിട്ടുമില്ല. ഇന്ത്യൻ സമുദ്രാതിർത്തിക്ക് പുറത്തുവച്ച് കൈരളിയെ കടൽക്കൊള്ളക്കാർ അപഹരിച്ചതാവാൻ വഴിയുണ്ട്. പക്ഷേ, റെഡ്ഡി പറയുന്നതു പ്രകാരമാണെങ്കിൽ ഇന്ത്യൻ അതിർത്തിക്കുള്ളിൽ വച്ചു തന്നെയാവും കപ്പലിനെ കൊള്ളക്കാർ തട്ടിയെടുത്തത്. അപ്പോഴും ദുരൂഹമായി തുടരുന്നത് ജൂലൈ മൂന്നാം തിയ്യതി രാത്രി എട്ടുമണിക്ക് ശേഷം കപ്പലിൽ നിന്നുള്ള സന്ദേശങ്ങൾ ലഭിച്ചില്ലെന്ന കാര്യമാണ്.

റേഡിയോ സംവിധാനം തകരാറിലായിരുന്നു എന്ന് അന്നത്തെ പത്രവാർത്തകളിൽ വന്നത് വിശ്വസിനീയമാണ്. പക്ഷേ, മദുഗരെയും സെന്തിലും വിശ്വസിക്കുന്നത് സെന്റിനൽ ദ്വീപുകൾക്ക് സമീപത്ത് വച്ച് തന്നെയാണ് കപ്പൽ തട്ടിയെടുത്തതെന്നാണ്. അതിനവർ പറയുന്ന കാരണങ്ങൾ എസ്തനോസിനും പൂർണ്ണമായും തള്ളിക്കളയാൻ കഴിഞ്ഞില്ല.

അതായത്, ജൂലൈ അഞ്ചാം തിയ്യതി വൈകിട്ട് മൂന്നുമണിക്കാണ് ഗുജറാത്തിലെ സിഗ്‌നൽ സ്റ്റേഷനിൽ പാക് സബ് മറൈന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. അതിനു ശേഷമാണ് നേവി അലർട്ടായത്. അതിനു മുൻപ്, കൃത്യമായി പറഞ്ഞാൽ നാലാം തിയ്യതി പുലർച്ചെ ബോട്ടുകളുമായി വന്ന് കപ്പലിലേക്ക് ഇരച്ചു കയറിയ കൊള്ളക്കാർ ജീവനക്കാരെ മുഴുവൻ ബന്ധിയാക്കുകയും കൈരളിയെ ആന്താമാൻ തീരത്തേക്ക് കൊണ്ടുപോവാൻ ശ്രമിക്കുകയും ചെയ്തു. അതിൽ എതിർപ്പു പ്രകടിപ്പിച്ചവരെ കടലിലേക്ക് നിർദാക്ഷിണ്യം വലിച്ചെറിയുകയും ചെയ്തതാണ്. അക്കൂട്ടത്തിൽ ഒരുപക്ഷേ ക്യാപ്റ്റനും ഉണ്ടായിരിക്കാം. അതല്ലെങ്കിൽ ക്യാപ്റ്റനെ അക്രമികൾ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച സ്റ്റുവാർഡായ അൻപരസിനെ അവർ കടലിലേക്ക് വലിച്ചെറിഞ്ഞതാവും. അതിനുശേഷം ശ്രീലങ്കൻ തീരം ചുറ്റി, ലക്ഷദ്വീപ് ഭാഗത്തേക്ക് കയറാതെ സോമാലിയൻ തീരത്ത് എവിടെയെങ്കിലും എത്തിയതാവും. മദുഗരയും സെന്തിലും ഇക്കാര്യങ്ങൾ സംസാരിക്കുമ്പോൾ എസ്തനോസ് അന്നത്തെ മൂന്നാമത്തെ കുപ്പി മദ്യവും കഴിച്ചു തീർക്കുന്ന തിരക്കിലായിരുന്നു.

മദ്യം മുഴുവൻ കഴിച്ചു കഴിഞ്ഞ ഉടനെ എസ്തനോസ് തന്റെ സ്വകാര്യ മുറിയിൽ ചെന്ന് ഒരു മറൈൻ മാപ്പുമായി വന്നു. ഞങ്ങൾ ഇരുന്ന നടുമുറിയിലെ വലിയ മരമേശയിൽ അയാളത് നിവർത്തി വച്ചപ്പോൾ ഒരു കടൽ മുന്നിൽ വിരിച്ചിട്ടതു പോലെയായിരുന്നു എസ്തനോസിന്റെ മുഖഭാവം. അരികുകൾ മടങ്ങി ചുരുങ്ങിച്ചുളുങ്ങിയ ആ പഴയ കട്ടിക്കടലാസിൽ പലതരം അടയാളങ്ങൾ രേഖപ്പെടുത്തിയിരുന്നു. ഓരോന്നിനു സമീപത്തും അതേത് ഡിഗ്രി ചാനലിനു സമീപത്താണെന്ന് അയാളുടെ കൈപ്പടയിൽതന്നെ എഴുതി വച്ചിരുന്നു. അയാൾ അതിനെക്കുറിച്ച് വിവരിക്കുമ്പോൾ ഒന്നര വർഷം കൊണ്ട് ഞങ്ങൾ താണ്ടിയ ദൂരം കടലിലെ ഒരു പൊട്ടു കണക്ക് ചെറുതായി.

യെമനിന്റെ അധീനതയിലുള്ള സെക്കോട്ര ദ്വീപിനുസമീപത്ത് കൈരളിയെ കണ്ടെന്ന കാര്യം ആദ്യം തന്നെ എസ്തനോസ് തള്ളിക്കളഞ്ഞു. അതിനയാൾക്ക് വ്യക്തമായ കാരണങ്ങൾ ഉണ്ടായിരുന്നു. പ്രത്യേകിച്ച്, കൈരളി യാത്ര പുറപ്പെടുന്നതിനു മുൻപ് തന്നെ സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നെന്നതും മൂന്നാം തിയ്യതി കൈരളിയിൽ നിന്നും ലഭിച്ച സന്ദേശത്തിൽ ബോയിലർ പൈപ്പിന് സംഭവിച്ച തകരാറുമായിരുന്നത്. ആ തകരാറ് ഗുരുതരമായ ഒന്നായിരുന്നു. അതുകൊണ്ട് തന്നെ കൈരളി യെമൻ തീരത്ത് എത്തിയിരുന്നില്ല. മറിച്ച് ജൂലായ് മൂന്നാം തിയ്യതി തന്നെ കൈരളിയുടെ എല്ലാ വാർത്താ വിനിമയ സംവിധാനങ്ങളും നിശ്ചലമായിരുന്നു. അതിനെ സാധൂകരിക്കുന്നതാണ് കൊച്ചിയിലെ ടെലിഗ്രാഫ് ഓഫീസിൽ നിന്നും ലഭിച്ച വിവരങ്ങൾ. ജൂലൈ നാല്, അഞ്ച്, ആറ്, പതിനൊന്ന് തിയ്യതികളിൽ കേരള ഷിപ്പിംഗ് കോർപറേഷൻ അയച്ച സന്ദേശങ്ങൾ കൈരളിയിൽ എത്തിയിരുന്നില്ല. പക്ഷേ, ആ വിവരം കൊച്ചിയിലെ ടെലഗ്രാം ഓഫീസിൽ നിന്നും കേരള ഷിപ്പിംഗ് കോർപറേഷനെ അറിയിക്കുന്നത് ജൂലൈ പതിനാറാം തിയ്യതിയാണ്! അതും ഒരു സാധാരണ തപാലിൽ! കൈരളിയിൽ നിന്നുമുള്ള വിവരങ്ങൾ ലഭ്യമല്ലെന്ന് നാലാം തിയ്യതി തന്നെ അറിഞ്ഞിരുന്നെങ്കിൽ അന്വേഷണങ്ങൾ വേഗതയിൽ നടന്നേനെ. ഒരുപക്ഷേ, കപ്പലിലുള്ള ജീവനക്കാരെയെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞേനെ...ആരാണ് കുറ്റക്കാർ?

51 മനുഷ്യരെ ആരും പരിഗണിച്ചില്ല. ചട്ടങ്ങളിൽ തൂങ്ങി അവരവരുടെ ഭാഗങ്ങൾ ന്യായകരിച്ചവർക്ക് ഒന്നും നഷ്ടമായില്ല. മനുഷ്യനെക്കുറിച്ച് ആലോചനകളില്ലാത്ത നിയമങ്ങൾക്കും നിബന്ധനകൾക്കും മുന്നിൽ എക്കാലത്തും മനുഷ്യൻ നിസ്സഹയതോടെ നിലവിളിക്കുകയാണ്.

മദ്യക്കുപ്പിയിൽ നിന്നും ഒരിറക്ക് കൂടെ കുടിച്ചുകൊണ്ട് എസ്തനോസ് സംസാരം തുടർന്നു. പിന്നെയൊരു സാധ്യതയുള്ളത് കപ്പൽ പൂർണമായും തകർന്നെന്നാണ്. പ്രത്യേകിച്ച്, അപകട മുന്നറിയിപ്പ് അവഗണിച്ച് കപ്പലിന്റെ അഞ്ചും മൂന്നും കള്ളികളിൽ ലോഡ് നിറച്ചിരിക്കാം. അങ്ങനെയാണെങ്കിൽ വെറും രണ്ടേ രണ്ട് മിനിറ്റിനുള്ളിൽ കപ്പൽ അറബിക്കടിലിന്റെ അഗാതതയിലേക്ക് ഈളിയിട്ടിരിക്കാം. അത് കൃത്യമായി മനസ്സിലാക്കാൻ കപ്പൽ അപകടങ്ങൾ സംഭവിക്കുമ്പോൾ ഉണ്ടാവുന്ന കാര്യങ്ങൾ അറിയണം. സാധാരണ ഗതിയിൽ മുങ്ങിയ കപ്പലുകളിൽ ലൈഫ് ബോട്ടുകളും ജാക്കറ്റുകളും പൊങ്ങുന്നത് പതിവാണ്. കൈരളിയുടെ കാര്യത്തിൽ യന്ത്രത്തകരാർ മൂലം എല്ലാ സാധ്യതകളും അവസാനിച്ച് കടലിൽ അലഞ്ഞപ്പോൾ ബോട്ടുകളിൽ ജീവനക്കാരെ കയറ്റി ക്യാപ്റ്റൻ കപ്പൽ കടലിൽ ഉപേക്ഷിച്ചതാവും.

തങ്ങളെ രക്ഷിക്കാൻ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിൽ നിലയില്ലാകടലിൽ വിശപ്പും ദാഹവും സഹിച്ച് അലഞ്ഞ നിർഭാഗ്യവാന്മാരയ അവരെ ആരും കണ്ടെത്തില്ല. അവരെ കടൽ വിഴുങ്ങി. മുപ്പതും നാൽപ്പതുമടി ഉയരമുള്ള തിരമാലകളിൽ അവരെത്ര മണിക്കൂറുകൾ പിടിച്ചു നിന്നിട്ടുണ്ടാവും? റെഡ്ഡി സൂചിപ്പിച്ചത് പ്രകാരം ഒരാൾ രക്ഷപ്പെട്ടു എന്നത് സത്യമാവാനാണ് സാധ്യത. അയാൾ മാത്രമായിരുന്നു ഭാഗ്യവാൻ! പക്ഷേ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തണമെന്ന് യാതൊരു ഉറപ്പുമില്ല. പ്രത്യേകിച്ച് കടലിന്റെ അടിഴൊയുക്കിൽ കപ്പൽ മറ്റേതെങ്കിലും വിജന ദ്വീപുകൾക്ക് സമീപത്തോ ഏതെങ്കിലും രാജ്യത്തിന്റെ തീരമേഖലയിലോ അടിയാൻ സാധ്യത കൂടുതലാണ്. ഇങ്ങനെ സംഭവിച്ചാൽ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിയില്ല. പ്രത്യേകിച്ച് പാക് തീരങ്ങളിലാണ് അതടിഞ്ഞതെങ്കിൽ. യുദ്ധം കഴിഞ്ഞ് അധികകാലം കഴിയാത്ത സാഹചര്യം ആലോചിക്കാവുന്നതേയുള്ളൂ. ആകെയുള്ള പ്രതീക്ഷ, പോർട്ട്ബ്ലയർ ജയിലിൽ ഉണ്ടെന്ന് പറയുന്ന ആളെ കണ്ടെത്തുകയാണ്.

എസ്തനോസും ആ സാധ്യതെയക്കുറിച്ച് പറഞ്ഞപ്പോൾ ഏതുവിധേനെയും പോർട്ട്ബ്ലയറിലേക്ക് എത്താൻ തിടുക്കമായി. അതിനിടക്ക്​ മദുരഗെ സ്വന്തം നിലയിൽ ചില അന്വേഷണങ്ങൾ നടത്തി. കേരളത്തിൽ നിന്ന്​ പാസ്‌പോർട്ട് സംഘടിപ്പിക്കാൻ കഴിയില്ലെന്ന് അയാൾക്ക് മനസ്സിലായിരുന്നു. അക്കാര്യത്തിൽ എന്നോടോ സെന്തിലിനോടോ യാതൊരു പരിഭവവും കാണിച്ചില്ല. പറ്റാവുന്ന രീതിയിൽ ഞങ്ങളെ സഹായിക്കാനാണ് ശ്രമിച്ചത്. അക്കാര്യത്തിൽ ഞങ്ങളുടെ നിസ്സഹായവസ്ഥ മറ്റാരെക്കാളും അയാൾക്ക് മനസ്സിലായിരുന്നു. പോർട്ട്ബ്ലയറിൽ എത്തിയാൽ അവിടെ നിന്നും ബർമ്മയിലേക്കോ തായ്‌ലാന്റിലേക്കോ കടക്കാമെന്നായിരുന്നു അയാളുടെ കണക്കുകൂട്ടൽ.

എസ്തനോസിനോട് മാത്രം ഇക്കാര്യം പറഞ്ഞില്ല. തന്റെ യഥാർത്ഥ വ്യക്തിത്വം മറ്റാരും അറിയാതിരിക്കാൻ മദുഗരെ ജാഗ്രതയിലായിരുന്നു. ഞങ്ങളുടെ നിസ്സഹായവസ്ഥ മനസ്സിലാക്കിയ എസ്തനോസ് വലിയൊരു സഹായം വാഗ്ദാനം ചെയ്തു. അടുത്ത മാസം പതിനൊന്നാം തിയ്യതി മർമ്മഗോവയിൽ നിന്നും യാത്ര തിരിക്കുന്ന ഒരു ചെറുചരക്കുകപ്പലിൽ ജോലിക്കാർ എന്നെ വ്യാജേനെ പോർട്ട് ബ്ലയറിൽ എത്താൻ സഹായിക്കാമെന്നായിരുന്നത്. അവിടെ നിന്നും പുറത്ത് കടന്നാൽ എന്തുചെയ്യുമെന്നത് അപ്പോഴും വലിയൊരു ചോദ്യചിഹ്നമായി അവശേഷിച്ചു. അതിനെക്കുറിച്ച് അവിടെയെത്തിയതിനു ശേഷം ആലോചിക്കാമെന്ന സെന്തിലിന്റെ അഭിപ്രായം തന്നെയായിരുന്നു മദുഗരയ്കും. അടുത്ത ദിവസം തന്നെ ഞങ്ങൾ നാട്ടിലേക്ക് മടങ്ങി. ▮

(തുടരും)


റിഹാൻ റാഷിദ്

നോവലിസ്​റ്റ്​. സമ്മിലൂനി, അഘോരികളുടെ ഇടയിൽ, ലക്ഷദ്വീപ് ഒരു സൂഫി ലാൻറ്​, ഡോൾസ്, പ്രണയ ജിന്നുകൾഎന്നിവ പ്രധാന കൃതികൾ.

Comments