ചിത്രീകരണം: ശശി ഭാസ്കരൻ

12°38’10’’N

പന്ത്രണ്ട്

ല്ലാം കേട്ടപ്പോൾ സെന്തിലൊന്നു കരയുകപോലും ചെയ്തില്ല. അവനൊരു കൽപ്രതിമ പോലെ അന്നു മുഴുവൻ ഇരുന്നു. ഞങ്ങളെത്ര നിർബന്ധിച്ചിട്ടും ഭക്ഷണം പോലും കഴിച്ചില്ല.

അടുത്ത ദിവസം രാവിലെ ഈഴത്തിന്റെ ഓഫീസിലേക്ക് ചെന്നു. അച്ഛന്റെ അന്ത്യകർമങ്ങൾ ചെയ്യണമെന്ന്​ സെന്തിലിന് നിർബന്ധമായിരുന്നു. തമിഴാണ് അതിനായി സഹായിച്ചത്. തമിഴ് പറഞ്ഞതനുസരിച്ച് മായാബന്ദറിലുള്ള ഒരു പൂജാരിയെ കണ്ടു. അടുത്ത ദിവസം തന്നെ കർമങ്ങൾ ചെയ്യാൻ തീരുമാനിച്ചു. രണ്ടുദിവസങ്ങൾ അങ്ങനെ കടന്നുപോയി. കർമങ്ങൾ ചെയ്തുകഴിഞ്ഞപ്പോൾ സെന്തിൽ യഥാർത്ഥ്യത്തെ അംഗീകരിക്കാൻ മനസ് പാകപ്പെടുത്തി. ഈ ദിവസങ്ങളിതത്രയും അതികൻ ത്യാഗരാജനെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു.

അവസാനം അദ്ദേഹമത് കണ്ടെത്തുക തന്നെ ചെയ്തു. അതനുസരിച്ച് പുതിയ ജയിലിലുള്ള ത്യാഗരാജനുമായി സംസാരിക്കാൻ അവസരം ലഭിക്കുമെന്ന് ഉറപ്പായി. ഈഴത്തിന്റെ രഹസ്യ പ്രവർത്തകരിൽ ഒരാൾ പുതിയ ജയിലിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. അയാൾ വഴിയാണ് അതികൻ ത്യാഗരാജനുമായുള്ള കൂടിക്കാഴ്ച ശരിപ്പെടുത്തിയത്. അതേസമയം ത്യാഗരാജനെ ജയിലിൽ നിന്നും പുറത്തിറക്കാനുള്ള ശ്രമങ്ങളും തുടങ്ങി. അതിനായി പലരേയും കണ്ടു. ആർക്കും അക്കാര്യത്തിൽ വലിയ താത്പര്യമില്ലായിരുന്നു. എല്ലാവരും പറഞ്ഞത് ഒന്നുകിൽ സർക്കാർ തലത്തിലുള്ള ഇടപെടലുകൾ വേണം, അല്ലെങ്കിൽ അയാളുടെ രക്തബന്ധുക്കൾ നേരിട്ടുവരണം എന്നായിരുന്നു. എല്ലാ കാര്യങ്ങളും സൂചിപ്പിച്ച് കൃഷ്ണപ്രസാദിന്, ഈഴത്തിന്റെ ഓഫീസിലെ ടെലഗ്രാം നമ്പർ ഉൾപ്പെടെ കത്തയച്ചു. കത്ത് കിട്ടിയ ഉടനെ മുത്തുലക്ഷ്മിയെ പോയി കാണാനും ത്യാഗരാജനെ വിട്ടുകിട്ടാനുള്ള അപേക്ഷകൾ തയ്യാറാക്കാനുമാണ് അതിലെഴുതിയത്. ചുരുങ്ങിയത് ഒരു മാസമെങ്കിലും കഴിയും കൃഷ്ണപ്രസാദിന് ആ കത്ത് കിട്ടാനെന്ന് അറിയാമായിരുന്നു. അതിന്റെ നാലാം നാളാണ് ഞങ്ങൾ പുതിയ ജയിലേക്ക് പോയത്. ഈഴത്തിന്റെ പ്രവർത്തകനായ ഉദ്യോഗസ്ഥനായിരുന്നു അന്നവിടെ ജയിൽ ഡ്യൂട്ടി.

ഞങ്ങൾ നാലുപേരും സന്ദർശകർക്കുള്ള മുറിയിൽ കാത്തുനിന്നു.

ആ നേരത്തെ ആകാംക്ഷയെ പറഞ്ഞറിയിക്കാൻ കഴിയില്ല.

നിലത്ത് കാലുറക്കാത്ത മട്ടിൽ ഞാനാ മുറിക്കുള്ളിൽ ഉലാത്തുകയായിരുന്നു. ഏകദേശം പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ആ ഉദ്യോഗസ്ഥന്റെ കൂടെ 45 വയസ്സ് തോന്നിക്കുന്ന ഒരാൾ വന്നുനിന്നു. അയാൾ ഞങ്ങളെ അത്ഭുതത്തോടെ നോക്കുന്നത് കണ്ടപ്പോൾ പേടി തോന്നി. ആറു വർഷമായി ജയിലിനുള്ളിൽ കിടക്കുന്നതിന്റെ എല്ലാ നിരാശകളും പ്രതിഷേധങ്ങളും ആ ക്ഷീണിച്ച ശരീരത്തിലുണ്ടായിരുന്നു.

തമിഴ് കലർന്ന മലയാളത്തിൽ അതികൻ, ത്യാഗരാജന് ഞങ്ങളെ പരിചയപ്പെടുത്തി. കേരളത്തിൽ നിന്നാണ് വന്നതെന്നു കേട്ടപ്പോൾ ത്യാഗരാജന്റെ മുഖത്ത് എന്തെന്നില്ലാത്തൊരു സന്തോഷം തെളിഞ്ഞു. അതുകണ്ടപ്പോൾ എനിക്കും സമാധാനമായി. പെ​ട്ടെന്ന് ചാടിക്കേറി കൈരളിയെക്കുറിച്ച് ഒന്നും ചോദിക്കരുതെന്ന് ജയിലിലേക്ക് പോവുന്നതിന്​ അതികൻ മുൻപ് സൂചന തന്നിരുന്നതുകൊണ്ട് ക്ഷമയോടെ നിന്നതാണ്. എന്നിട്ടും സെന്തിൽ അൻപരസിനെക്കുറിച്ച് ചോദിച്ചപ്പോൾ പൊടുന്നനെ ത്യാഗരാജന്റെ മുഖം വാടി. അൻപരസിന്റെ മകനാണ് താനെന്നു സെന്തിൽ പറഞ്ഞപ്പോൾ ത്യാഗരാജനൊന്ന് വിതുമ്പി. അയാളുടെ ഇരു കണ്ണുകളിൽ നിന്ന്​ ഒരോ കടലുകൾ ഉരുണ്ടുവീണു.

ഓർമകളെ വീണ്ടെടുക്കാനെന്നോണം അയാൾ സെന്തിലിനെ ആലിംഗനം ചെയ്തു. അതിനുശേഷം ത്യഗരാജനോട് അതികൻ തന്നെയാണ് കൈരളിയെക്കുറിച്ച് സൂചന നൽകിയത്. അതു കേട്ടതും അയാളൊന്നു ഞെട്ടിമാറി. ഏതോ ദുരന്തവാർത്തകേട്ട മട്ടായിരുന്നപ്പോൾ! ത്യാഗരാജനെന്തോ പറയാൻ തുടങ്ങിയതും ഒരു ഉദ്യോഗസ്ഥൻ വന്ന് സമയം കഴിഞ്ഞെന്ന് അറിയിച്ചു. അഞ്ചു മിനിറ്റുകൂടെ തരണമെന്ന് അതികൻ കെഞ്ചിയപ്പോൾ അയാൾ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു.

ആ അഞ്ചുമിനിറ്റിൽ കൈരളിയെക്കുറിച്ചുള്ള ഏകദേശ വിവരങ്ങൾ ഞാൻ ത്യാഗരാജനോട് പറഞ്ഞു. കൂടാതെ, കൃഷ്ണപ്രസാദിനയച്ച കത്തിനെക്കുറിച്ചും സൂചിപ്പിച്ചു. ഉദ്യോഗസ്ഥൻ ഒച്ചയെടുത്തപ്പോൾ ത്യാഗരാജൻ പറയാനുള്ളതെല്ലാം ബാക്കിയാക്കി മടങ്ങി. പക്ഷേ, തന്നെ ഇവിടെ നിന്നും എങ്ങനെയെങ്കിലും രക്ഷിക്കണം എന്ന് തമിഴ് കലർന്ന മലയാളത്തിൽ അപേക്ഷിച്ചാണ് ഉള്ളിലേക്ക് കയറിയത്. ജയിലിന്റെ വാതിലടഞ്ഞെങ്കിലും ഞങ്ങൾക്ക് മുന്നിൽ പ്രതീക്ഷയുടെ വലിയൊരു വാതിൽ തുറക്കപ്പെട്ടു.

കാത്തിരിപ്പിന്റെ വിരസമായ ദിനങ്ങൾ ഓരോന്നായി കഴിഞ്ഞുകൊണ്ടേയിരുന്നു. ഇതിനിടയിൽ പലതവണ ത്യാഗരാജനെ ജയിലിൽ സന്ദർശിച്ചു. കൈരളിയെ കപ്പൽക്കൊള്ളക്കാർ തട്ടിയെടുത്തതായിരുന്നില്ലെന്ന് ത്യാഗരാജൻ സംശയലേശമന്യേ ഉറപ്പുനൽകി. അത് കപ്പലിനെക്കുറിച്ചുള്ള അന്വേഷണത്തിന് പുതിയൊരു വഴി നൽകി. പക്ഷേ, വെറും അഞ്ചോ പത്തോ മിനിറ്റുകൾ മാത്രമുള്ള ആ കൂടിക്കാഴ്ചകൾ കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ ഞങ്ങൾക്കൊരു തടസ്സമായി. കൃഷ്മപ്രസാദിന്റെ മറുപടിക്കായി കാത്തിരുന്നു. ഈഴത്തിന്റെ ഓഫീസിലെ ടെലഗ്രാംനമ്പർ കത്തിൽ എഴുതിയത് ഉപകാരമായി. കത്തയച്ച് കൃത്യം മുപ്പത്തിയഞ്ചാമത്തെ ദിവസം കൃഷ്ണപ്രസാദിന്റെ ടെലഗ്രാം ലഭിച്ചു. അതൊട്ടും പ്രതീക്ഷ നൽകുന്ന വിവരമായിരുന്നില്ല. കത്തു കിട്ടിയ ഉടനെ മുത്തുലക്ഷ്മിയെ അന്വേഷിച്ചു ചെന്നെങ്കിലും അവർ മറ്റെവിടേക്കോ വീടുമാറിപ്പോയെന്ന വിവരമാണ് കൃഷ്ണപ്രസാദിന് ലഭിച്ചത്. അപ്രതീക്ഷിതമായ ആ വാർത്ത എന്നെയാകെ തളർത്തി. കൺമുന്നിലുണ്ടായിട്ടും തൊടാൻ കഴിയാതെ അകന്നുപോവുന്ന കടലാസ് തോണി പോലെ ആയിരുന്നത്. ത്യാഗരാജനോട് ഇനിയെന്തു പറയുമെന്നതും സങ്കടപ്പെടുത്തി. അവസാനം കണ്ടപ്പോഴും അയാൾ ചോദിച്ചത് തന്നെ പുറത്തിറക്കുന്നത് എപ്പോഴാണെന്നാണ്.

ആകെ വഴിയടഞ്ഞ് നിരാശനായിരിക്കുമ്പോൾ സെന്തിലാണ് റെഡ്ഡിയെ ചെന്നു കാണാമെന്നു പറഞ്ഞത്. മദുഗരെയും തമിഴും അത് എതിർത്തു. പക്ഷെ, അവസാന ശ്രമം എന്ന നിലയിൽ അയാളെ കാണുന്നത് ഉപകാരപ്പെടുമെന്ന അതികന്റെ അഭിപ്രായം തന്നെയായിരുന്നു എനിക്കും. മാത്രമല്ല, വെങ്കിടാചലത്തിന്റെ കത്തുമായി ചെന്നാൽ അയാൾ കുറച്ചെങ്കിലും കരുണ കാണിക്കുമെന്ന് തോന്നി. അറിഞ്ഞിടത്തോളം അവർ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. അതുമാത്രമാണ് ഏക പ്രതീക്ഷയും. പക്ഷേ, തമിഴും മദുഗരെയും തങ്ങൾ വരില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിന്നു. അത് ഞങ്ങൾക്കിടയിൽ ചെറിയൊരു തർക്കത്തിനും വാഗ്വാദത്തിനും ഇടയാക്കി. അവസാനം ഞാനും സെന്തിലും തനിച്ചുപോവാൻ തീരുമാനിച്ചു. ഡിഗ്ഗിപ്പൂരേക്ക് പോവുന്ന ഒരു ബോട്ടിനു വേണ്ടിയുള്ള അന്വേഷണമായിരുന്നു അടുത്ത കടമ്പ. തമിഴ് മനസുവെച്ചാൽ എളുപ്പത്തിൽ നടക്കുമായിരുന്നത്. പക്ഷേ, തന്റെ അഭിപ്രായം എതിർത്ത ഞങ്ങൾക്ക് വേണ്ടി ബോട്ട് ഏർപ്പാടാക്കാൻ കഴിയില്ലെന്ന വാശിയായിരുന്നു തമിഴിന്. മനുഷ്യർ എത്ര പെട്ടന്നാണ് അവനവനിലേക്ക് മാത്രം ചുരുങ്ങുന്നത്! അതോർത്തപ്പോൾ സങ്കടം തോന്നി. പക്ഷേ, ത്യാഗരാജനെ ജയിലിൽ നിന്നും പുറത്തിറക്കാൻ മറ്റു വഴികളൊന്നുമില്ലായിരുന്നു.

അതികൻ തന്നെയാണ് അതിനും വഴികണ്ടത്.

അദ്ദേഹത്തിന്റെ ഒരു സുഹൃത്തിന്റെ ബോട്ടിൽ ഞങ്ങൾ ദിഗ്ഗിപ്പൂരിലേക്ക് യാത്രതിരിച്ചു. യാത്രയിലുടനീളം സെന്തിൽ സംസാരിച്ചത് കൈരളിയെക്കുറിച്ചാണ്. ദിഗ്ഗിപ്പൂരിൽ എത്തിയതിനുശേഷം നേരെ റെഡ്ഡിയെ കാണാൻ ചെന്നു. വലിയൊരു ബംഗ്ലാവ് തന്നെയാണ് അയാളുടെ വീട്. ഗേറ്റിൽ നിന്ന കാവൽക്കാരൻ അപരിചിതരായ ഞങ്ങളെ അകത്തേക്ക് കയറ്റി വിടാൻ തയ്യാറായില്ല. കുറേ നേരം കെഞ്ചിയിട്ടും അയാൾ സമ്മതിച്ചില്ല. അതെന്റെ നിയന്ത്രണം നഷ്ടമാക്കി. പെട്ടന്നുണ്ടായ ദേഷ്യത്തിൽ അയാളെ പിടിച്ചു തള്ളി. അതൊരു സംഘർഷത്തിനു വഴിവെക്കുമെന്ന് കരുതിയില്ല.

പക്ഷേ സംഭവിച്ചത് അതാണ്. വീണുകിടന്ന അയാളുടെ അലർച്ച കേട്ട് മറ്റുജോലിക്കാരും ഓടിയെത്തി. അവരുടെ കൈക്കരുത്തിനു മുന്നിൽ ഞാൻ തളർന്നു പോയി. മുഖത്തും കൈയ്യിലും മുറിവേറ്റു. ആ ബഹളത്തിനിടയിൽ സെന്തിൽ എങ്ങിനെയോ ആ വലിയ വീടിനകത്തേക്ക് ഓടിക്കയറിയിരുന്നു. അവൻ റെഡ്ഡിയോട് വെങ്കിടാചലം പറഞ്ഞിട്ടാണ് ഞങ്ങൾ വന്നതെന്ന് അറിയിച്ചു. അയാൾ പുറത്തേക്കിറങ്ങി വന്ന് ജോലിക്കാരുടെ പിടിയിൽ നിന്ന്​ എന്നെ മോചിപ്പിച്ചു. ഞങ്ങളെ അകത്തേക്ക് കൊണ്ടുപോയി. വെങ്കിടാചലം സാറിന്റെ കത്തു വായിച്ചു കഴിഞ്ഞപ്പോൾ അയാൾ ഒന്നുകൂടെ അയഞ്ഞു. ജോലിക്കാരിൽ ഒരാളെ വിളിച്ച് എന്റെ മുറിവുകളിൽ മരുന്നുവെച്ചു കെട്ടാൻ നിർദ്ദേശിച്ചു. അതിനു ശേഷം റെഡ്ഡി എല്ലാകാര്യങ്ങളും ചോദിച്ചറിഞ്ഞു. അൻപരസ് മരിച്ചുപോയെന്നു കേട്ടപ്പോൾ അയാളിലൊരു നെടുവീർപ്പുതിർന്നു. എത്ര കഠിനമായ മനുഷ്യരിലും അൽപ്പം കരുണയുണ്ടാവുമല്ലോ?

റെഡ്ഡിയുടെ അഭിപ്രായത്തിലും കൈരളി കടലിൽ മുങ്ങിയതാണ്. അയാൾ പറഞ്ഞത് പ്രകാരം 15° നോർത്തിൽ നിന്ന്​ 20° നോർത്ത് 60° ഈസ്റ്റ് വഴി ഒമാൻ തീരത്തുകൂടെ ജിബൂട്ടി ലക്ഷ്യം വച്ചായിരുന്നു സഞ്ചരിച്ചത്. ജൂലൈ നാലാം തിയ്യതി പുലർച്ചയോടെ അറബിക്കടലിൽ രൂപം പ്രാപിച്ച കൊടുങ്കാറ്റിൽ കപ്പലിന്റെ ദിശ മാറുകയും കാറാച്ചിക്കടുത്ത് മുങ്ങിയതുമാണ്. ഏകദേശം 24° നോർത്തും 66° ഈസ്റ്റുമാണത്. അതിനിടയിൽ കപ്പലിന്റെ എഞ്ചിൻ റൂമിൽ തീപിടിക്കുകയും കപ്പൽ രണ്ടായി പിളരുകയും ചെയ്തതിരിക്കാം. രക്ഷപ്പെടാൻ ശ്രമിച്ച ചിലർ ആ കാറ്റിന്റെ ശക്തിയിൽ 64° പടിഞ്ഞാറ് മാറുകയും ശ്രീലങ്കക്കും തമിഴ് നാടിനും ഇടയിലെ മാന്നാർ കടലിടുക്ക് വഴി. ബേ ഓഫ് ബംഗാൾ ഉൾക്കടലിലേക്ക് എത്തിയതാവും.

അതിൽപ്പെട്ടവരാവും അൻപരസും സെന്തിലും. മറ്റുള്ളവർ പാക് തീരസേനയുടെ പിടിയിൽ അകപ്പെടാനാണ് കൂടുതൽ സാധ്യത. അതുകൊണ്ടാണ് അവരെക്കുറിച്ചുള്ള യാതൊരു സൂചനകളുമില്ലാത്തത്. മിക്കവാറും ഏതെങ്കിലും പാക് ജയിലിൽ അവരിപ്പോഴും നരകയാതന അനുഭവിക്കുന്നുണ്ടാവും!

റെഡ്ഡിയുടെ ഈ നിഗമനങ്ങളിലും കാര്യമില്ലാതില്ല. പക്ഷേ,എല്ലാം അറിയുന്ന ഒരേയൊരാൾ ത്യാഗരാജൻ മാത്രമാണ്. അയാളെ രക്ഷിക്കാൻ ഇനി റെഡ്ഡി തന്നെ വിചാരിക്കണം. ആദ്യമതിന് അയാൾ തയ്യാറായില്ല. കാലിൽ വീണ് കരഞ്ഞു പറഞ്ഞപ്പോൾ ഒരു എഴുത്തു തന്നു. അതുമായി പോർട്ടബ്ലയറിലെ പോലീസ് ആസ്ഥാനത്ത് ചെന്നാൽ മതിയെന്നും അവർ സഹായിക്കുമെന്നും ഉറപ്പു നൽകി.

അന്നു തന്നെ ഞങ്ങൾ മായാബന്ദറിലേക്ക് തിരിച്ചു. ബോട്ടിലിരുന്ന് ഉപ്പുകാറ്റു കൊണ്ടപ്പോൾ മുറിവുകളിൽ നിന്നുള്ള നീറ്റൽ അസഹ്യമായി. ശരീരമാസകലം അടികിട്ടി ചതഞ്ഞിരുന്നു. കഴുത്തിൽ നീരുവച്ചതുകാരണം നേരെ ഇരിക്കാൻ പോലും പറ്റുന്നില്ല. ആടിയുലയുന്ന ബോട്ടിൽ, അതിലേറെ വേദനയോടെ മായബന്ദറിൽ എത്തി. നടക്കാൻ പോലും കഴിയാതിരുന്ന എന്നെ സെന്തിൽ താങ്ങിയെടുത്താണ് താമസസ്ഥലത്തേക്ക് എത്തിച്ചത്. അതുകണ്ട് മദുഗരെ ആകെ ഭയന്നു. റെഡ്ഡിയെന്നെ ഉപദ്രവിച്ചെന്നാണ് അവൻ കരുതിയത്. രാത്രി മുഴുവൻ അവൻ ചുടുവെള്ളത്തിൽ തുണിമുക്കി തിരുമ്മിത്തുടച്ചു.

ഡിഗ്ഗിപ്പൂരിൽ സംഭവിച്ചതെല്ലാം സെന്തിലാണ് മദുഗരയോട് വിശദീകരിച്ചത്. കഴുത്തിൽ ആരോ അമർത്തിയതു കാരണം എനിക്ക് സംസാരിക്കാൻ പോലും കഴിഞ്ഞില്ല. ശ്വസമെടുക്കുമ്പോൾ പോലും വേദനിച്ചു. ആകെയുള്ള ആശ്വാസം റെഡ്ഡി തന്ന എഴുത്താണ്. സ്വന്തം ലെറ്റർപാഡിലെഴുതിയ അതിൽ എന്റേയും സെന്തിലിന്റേയും പേരും എഴുതിയിരുന്നു. അതിലെഴുതിയത് പ്രകാരം ത്യാഗരാജനെ മോചിപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ടതാണ്. ഒരാഴ്ച കിടന്ന കിടപ്പിൽ നിന്നും എഴുന്നേൽക്കാൻ പോലും കഴിഞ്ഞില്ല. അതികനും തമിഴും മിക്കവാറും എല്ലാ ദിവസങ്ങളിലും താമസ്ഥലത്തേക്ക് വന്നു. തമിഴിനാവട്ടെ എന്തോ കുറ്റബോധത്താൽ എന്നെ അഭിമുഖീകരിക്കാൻ പ്രയാസപ്പെട്ടു. ഞാൻ തന്നെ മുൻകൈയ്യെടുത്താണത് മാറ്റിയത്. മനുഷ്യനെ മനസ്സിലാക്കാൻ മനുഷ്യത്വമുള്ളവനാവുക എന്നത് മാത്രമാണ് പോം വഴി. അത്യവശ്യം നടക്കാൻ കഴിയുമെന്നായപ്പോൾ ഞങ്ങൾ ഓഫീസിലേക്ക് ചെന്നു. അതികൻ ഉണ്ടായിരുന്നതുകൊണ്ട് ഓഫീസിലേക്ക് കയറാൻ പ്രയാസമൊന്നും ഉണ്ടായില്ല.

ജയിൽ വകുപ്പിലെ ഉദ്യോഗസ്ഥനെ കണ്ടെത്താൻ കുറച്ച് ബുദ്ധിമുട്ടി. കണ്ടെത്തിയപ്പോഴത് ഒരു സ്ത്രീയായിരുന്നു. മലയാളിയായ ട്രീസാ മാത്യുവായിരുന്നത്. ഏഴു വർഷമായി ആന്തമാനിലുള്ള ട്രീസ ഞങ്ങളോട് അനുഭാവപൂർവ്വമായാണ് പെരുമാറിയത്. നഴ്‌സിംഗ് പഠനം കഴിഞ്ഞ്, ആന്തമാനിലുള്ള ഒരു ആശുപത്രയിലായിരുന്നു ട്രീസ ആദ്യം ജോലി ചെയ്തത്. രണ്ടാമത്തെ വർഷം അവിടെ വച്ചുതന്നെ എഴുതിയ മറ്റൊരു പരീക്ഷയിലാണ് ഇപ്പോഴത്തെ ജോലി ലഭിച്ചത്. അതൊരു വലിയ ആശ്വാസമായി.

ത്യാഗരാജന്റെ മോചനത്തിനുള്ള നടപടികൾ വേഗത്തിലാക്കാമെന്ന് ട്രീസ വാക്കുതന്നു. പക്ഷേ, ഒരാഴ്ചയെങ്കിലും കാത്തിരിക്കേണ്ടി വരേണ്ടിവരുമെന്നും അവൾ സൂചിപ്പിച്ചു. അതിനിടിയിൽ കൈരളിയെക്കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞു. അന്നു തന്നെ ഞങ്ങൾ ജയിലിൽ ത്യാഗരാജനെ കാണാൻ ചെന്നു. മറ്റൊരു പ്രതിസന്ധി കാത്തുനിൽക്കുന്നത് അറിഞ്ഞത് അപ്പോഴാണ്. ഞങ്ങൾ എത്തുന്നതിനു ഏകദേശം ഒരുമണിക്കൂർ മുൻപ് ത്യാഗരാജൻ കുഴഞ്ഞു വീണ് ആശുപത്രിയിൽ അഡ്മിറ്റാണെന്നും ഉദ്യോഗസ്ഥരിൽ നിന്നുമറിഞ്ഞത് ആഘാതമായി. കൂടുതൽ അന്വേഷിച്ചപ്പോൾ ത്യഗരാജന്റെ നില അൽപ്പം ഗുരുതരമാണെന്നു മനസ്സിലായി.

മുൻപ് തന്നെ അയാൾക്ക് പ്രഷർ താഴ്ന്നു പോകുന്ന അസുഖമുണ്ടായിരുന്നെന്ന് അറിഞ്ഞു. അതുമാത്രമല്ല, ചെറിയതരത്തിലുള്ള മാനസിക അസ്വസ്ഥ്യവും അയാൾക്കുണ്ടെന്ന് അവര് പറഞ്ഞു. ആശുപത്രിയിൽ ചെന്ന്​ ത്യാഗരാജനെ കണ്ടപ്പോൾ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നയാൾ. അതികൻ ഡോക്ടർമാരുമായി സംസാരിച്ചപ്പോൾ സ്‌ട്രോക്കാണ് സംഭവിച്ചതെന്നും ഒരാഴ്ച കഴിഞ്ഞല്ലാതെ ത്യാഗരാജന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ഒന്നും പറയാൻ കഴിയില്ലെന്ന മറുപടിയാണ് അവരിൽ നിന്നും ലഭിച്ചത്. അപ്പോൾ അവിടെനിന്നും താമസസ്ഥലത്തേക്ക് മടങ്ങുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു.

ഒരാഴ്ചക്കിടയിൽ ട്രീസയുടെ പരിശ്രമത്താൽ ത്യാഗരാജന്റെ ജയിൽ മോചനത്തിനുള്ള എല്ലാ നടപടികളും പൂർത്തിയായി. പക്ഷേ, അയാൾ ഇതൊന്നുമറിയാതെ ആശുപത്രിയിൽ തന്നെയായിരുന്നു. അവിടെ അന്വേഷിച്ചപ്പോൾ ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെന്ന് അറിയാൻ കഴിഞ്ഞു. അതൊരു ശുഭസൂചനയായിരുന്നു. അന്നുതൊട്ട് ഞാൻ തന്നെയാണ് ത്യാഗരാജന് ആശുപത്രിയിൽ കൂട്ടിരുന്നത്. മുഖം ഒരുഭാഗത്തേക്ക് കോടിപ്പോയതുകൊണ്ട് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്. സത്യം പറഞ്ഞാൽ ത്യാഗരാജൻ പലതും പറയുന്നുണ്ടെങ്കിലും എനിക്കത് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. മുറിഞ്ഞും അയഞ്ഞും കുരുങ്ങിയും അയാൾ വാക്കുകൾ ഉതിർക്കുമ്പോൾ ഞാൻ നിസ്സഹായതയോടെ തലയാട്ടിയും മൂളിയുമിരുന്നു. ഇടയ്ക് ട്രീസയും അവിടേക്ക് വരാറുണ്ടായിരുന്നു. ജയിലിൽ മോചിതാനായെന്ന് ത്യാഗരാജന് മനസ്സിലായത് മാത്രമായിരുന്നു ഏക ആശ്വാസം. ഒരു മാസം കഴിഞ്ഞപ്പോൾ ആശുപത്രിയിൽ നിന്നും ത്യാഗരാജനെ ഞങ്ങൾ താമസിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുവന്നു. ഈഴത്തിന്റെ സഹായത്താലാണ് ഇത്രയും കാലം ജീവിച്ചത്. അതിനിടയ്ക് മദുഗരയും സെന്തിലും മായാബന്ദറിൽ ചില ജോലികൾ ചെയ്യാൻ ആരംഭിച്ചിരുന്നു. മറ്റുള്ളവരുടെ കാരുണ്യത്തിൽ കഴിയുന്നത് എനിക്കും ഒട്ടും സുഖകരമായിരുന്നില്ല. ത്യാഗരാജനെ പരിചരിക്കേണ്ടതുകൊണ്ടു വീടുവിട്ടു പുറത്തേക്ക് പോവാൻ പോലും എനിക്ക് കഴിഞ്ഞില്ല. വല്ലപ്പോഴും വരാറുണ്ടായിരുന്ന ട്രീസ സ്ഥിരം സന്ദർശകയായി. മിക്കവാറും ദിവസങ്ങളിൽ ഞങ്ങൾക്ക് കഴിക്കാനുള്ള ഭക്ഷണവുമായാണ് ട്രീസയുടെ വരവ്. പതിയെ അവളും ഞങ്ങളിലൊരാളായി മാറി. വിവാഹ മോചിതയായതിനു ശേഷം സർക്കാർ ക്വാർട്ടേസിൽ തനിച്ചായിരുന്നവൾ. ആ വരവുകളിലവൾ തന്റെ ജീവിതം ഞങ്ങൾക്ക് മുന്നിൽ തുറന്നുവച്ചു. ആയിടയ്ക് ത്യാഗരാജന്റെ സംസാരശേഷിയും ആരോഗ്യവും പയ്യെ തിരികെ ലഭിച്ചു. പിടിച്ചെഴുന്നേറ്റ് നടക്കാനും തുടങ്ങി. കൈരളിയെക്കുറിച്ചുള്ള ഓർമ്മകൾ മെല്ലമെല്ലെ അയാൾ പങ്കുവച്ചു. യാത്ര പുറപ്പെടുന്നതിനു മുൻപ് ഗോവയിൽ വച്ചു നടന്ന സത്കാരത്തിൽ ക്യാപ്റ്റൻ മരിയാ ജോസഫ് ഉദ്യോഗസ്ഥരുമായി തർക്കിച്ചെന്നും സോസർ വലിച്ചെറിഞ്ഞ് ആ സത്കാരത്തിൽ നിന്നും ഇറങ്ങിപ്പോയതും വിവരിച്ചു. നോർവേയിൽ നിന്നും വാങ്ങിയ സമയത്ത് നടത്തിയ അറ്റകുറ്റപ്പണികൾ അല്ലാതെ ഇടവേളകളിൽ നടത്തേണ്ടിയിരുന്ന പ്രധാനപ്പെട്ട അറ്റകുറ്റപ്പണികളൊന്നും കൈരളിക്ക് നടത്തിയിരുന്നില്ലെന്നും അപ്പോൾ മാത്രമാണ് ഞാൻ അറിഞ്ഞത്. മിക്കവാറും കോർപ്പറേഷൻ ഇക്കാര്യം മറച്ചുവച്ചതാവും.

പതിമൂന്ന്

ജൂൺ ഇരുപത്തിയെട്ടാം തിയ്യതിയാണ് ഷിപ്പിംഗ് കോർപ്പേഷൻ ഉദ്യേഗസ്ഥരുടെ നേതൃത്തിൽ ജോലിക്കാർക്ക് വിരുന്നൊരുക്കിയത്. ക്യാപ്റ്റനും മറ്റെല്ലാ ജോലിക്കാരും അന്നത്തെ ആ വിരുന്നിൽ പങ്കെടുത്തിരുന്നു. ഫർണസ് പൈപ്പിലെ തകരാറും സിഗ്‌നൽ സംവിധാനങ്ങളിലെ തകരാറും അതിനുമുൻപ് തന്നെ ക്യാപ്റ്റൻ കോർപ്പറേഷന് റിപ്പോർട്ട് ചെയ്തിരുന്നു. പക്ഷേ, അവരത് ഗൗരവത്തോടെ എടുത്തില്ല. അത് പരിഹരിക്കാതെ ലോഡുമായി പുറപ്പെടാൻ പറ്റില്ലെന്നായിരുന്നു ക്യാപ്റ്റന്റെ നിലപാട്. അതിനവര് സമ്മതിച്ചുമില്ല. ജർമ്മനിയിൽ നിന്നും തിരിച്ചെത്തിയാലുടൻ കപ്പൽ അറ്റകുറ്റപ്പണികൾ നടത്താം എന്നായിരുന്നു അവരുടെ വാദം. തർക്കങ്ങൾക്കും പിണക്കങ്ങൾക്കും ശേഷം മനസ്സില്ലാ മനസ്സോടെ ക്യാപ്റ്റൻ അത് അംഗീകരിച്ചതാണ്. പക്ഷേ, വരാനുള്ള ദുരന്തത്തിന്റെ സൂചനകൾ അന്നു തന്നെ തുടങ്ങിയിരുന്നു.

നിൽക്കുകയായിരുന്ന സ്റ്റുവാർഡ് അൻപരസിന്റെ തലയിലേക്ക് ക്രൈനിന്റെ ചെറിയൊരു ഭാഗം വന്നിടിച്ചതാണ് ആദ്യത്തെ സംഭവം. ഭാഗ്യത്തിനാണ് അൻപരസ് ജീവനോടെ രക്ഷപ്പെട്ടത്. നെറ്റിയിൽ മൂന്നു തുന്നിക്കെട്ട് ഇടേണ്ടി വന്നെങ്കിലും അയാൾ യാത്ര തുടരാൻ തന്നെ തീരുമാനിച്ചു. അതൊരുവിധം അടങ്ങിയപ്പൊഴാണ് രണ്ടു ജോലിക്കാര് കടലിൽ വീണത്. അപ്രതീക്ഷിതമായ ആ സംഭവത്തിൽ ഞങ്ങളെല്ലാവരും ഭയന്നു. കപ്പൽ ജോലിക്കിടയിൽ ഇതെല്ലാം സാധാരണമാണെങ്കിലും കൈരളിയിൽ ഞങ്ങളൊരു കുടുംബം പോലെയാണ് ജീവിച്ചത്. മറ്റു കപ്പലുകളിലെ ജോലിക്കാരെപ്പോരെ പരസ്പരമുള്ള പകയോ കുശുമ്പോ ഒന്നുമില്ലായിരുന്നു.

അവരെ രക്ഷിച്ചെങ്കിലും അതുവരെയില്ലാത്ത ചില അപശകുനങ്ങൾ കപ്പലിനുണ്ടായിരുന്നു. സാധാരണ ഗതിയിൽ ടഗ്ഗുകൾ വന്ന കപ്പലിനെ തള്ളിവിടുന്നതാണ്. ടഗ്ഗുകൾക്ക് എന്തോ തകരാറുണ്ടായതുകൊണ്ട് അന്നതും വൈകി. നിശ്ചയിച്ച സമയത്തിലും മൂന്നുമണിക്കൂർ കഴിഞ്ഞാണ് കപ്പലിന് ചാലിലേക്ക് എത്താൻ കഴിഞ്ഞത്. അതും പെരുംമഴയത്ത്. പതിവില്ലാതെ തിരയടിച്ചുപൊന്തി കപ്പൽ ആടിയുലഞ്ഞു. ആ സമയത്ത് സൂറത്തിനു സമീപം 20° നോർത്തിൽ ഒരു ചുഴലിക്കാറ്റ് രൂപപ്പെട്ടെന്ന സന്ദേശം ലഭിച്ചു. അതനുസരിച്ച് കപ്പലിന്റെ വേഗത കുറച്ച് സഞ്ചാരം പതിവ് പാതയിൽ നിന്നും അൽപ്പം പടിഞ്ഞാറേക്ക് മാറ്റി. പക്ഷേ, ആ കാറ്റ് ഞങ്ങളെ ബാധിച്ചില്ല. പക്ഷേ വലിയ തിരകളുണ്ടായിരുന്നു. അപ്പോൾ കപ്പൽ ഏകദേശം തുറമുഖത്തു നിന്നും അമ്പത്താറ് നോട്ടിക്കൽ മൈൽ ദൂരത്ത് എത്തിയിരുന്നു. കപ്പലിന്റെ യാത്ര കൃത്യമായ പാതയിലേക്ക് മാറ്റി. കടൽ ശാന്തമായിരുന്നെങ്കിലും ആകാശത്ത് അഴിച്ചുവിട്ട കറുത്ത ആട്ടിൻ കൂട്ടങ്ങളെപ്പോലെ മേഘങ്ങൾ ഉണ്ടായിരുന്നു.

അന്നു രാത്രിയോടെ കപ്പലിലുണ്ടായിരുന്ന റേഡിയോ ഓഫീസറുടെ ഭാര്യക്കും മക്കൾക്കും ചിക്കൻപോക്‌സ് പിടിപെട്ടു. അവർക്കുള്ള ഭക്ഷണവുമായി ചെന്ന അൻപരസാണ് കുട്ടികളുടെ ദേഹത്തുകണ്ട കുമിളകൾ ആദ്യം ശ്രദ്ധിച്ചത്. വല്ല കൊതുകോ പ്രാണിയോ കടിച്ചെന്ന് കരുതി അവരത് കാര്യമാക്കാതെ വിട്ടതാണ്. മാത്രവുമല്ല തുറമുഖത്തുനിന്നും പുറപ്പെടുമ്പോൾ സംഭവിച്ച തിരക്കുകൾക്ക് ഇടയിൽ ഭാര്യയേയും കുട്ടികളേയും ശ്രദ്ധിക്കാൻ റേഡിയോ ഓഫീസർക്കും സാധിച്ചിരുന്നുമില്ല. വിവരമറിഞ്ഞ ക്യാപ്റ്റൻ അവരോട് മുറിയിൽ നിന്നും പുറത്തിറങ്ങരുതെന്നു കൽപ്പിച്ചു. അവർക്കുള്ള ഭക്ഷണവും മരുന്നുകളും എത്തിക്കുന്നത് അൻപരസ് തന്നെ ഏറ്റെടുത്തു. വല്ല വിധേനയും കപ്പലിലുള്ള മറ്റുള്ളവർക്ക് രോഗം പടർന്നാൽ ആകെ കുഴങ്ങുമായിരുന്നു. അത് അറിയാവുന്ന അൻപരസ് മറ്റുള്ളവരിൽ നിന്നും കൃത്യമായ അകലം പാലിച്ചു. സ്വന്തം മക്കളെപ്പോലെ അയാൾ തന്റെ മക്കളേയും നോക്കുമെന്നാണ് അക്കാര്യം അറിഞ്ഞ ബേബിസാറ് പറഞ്ഞത്. അത് സത്യവുമായിരുന്നു. ഒരു സ്റ്റുവാർഡ് എന്നതിനപ്പുറം അൻപരസ് ഞങ്ങൾക്കെല്ലാവർക്കും സഹോദരതുല്യനായിരുന്നു. അന്ന് യാത്ര പുറപ്പെടുന്നതിനു മുൻപ് സഹോദരിക്കുള്ള കത്തെഴുതാൻ അൻപരസ് ഓർമ്മിപ്പിച്ചതാണ് . പക്ഷേ തിരക്കുകൾക്കിടിയിൽ അതിനു കഴിഞ്ഞില്ല. അവസാനം അവൻ തന്നെയാണ് ഗ്രീറ്റിംഗ് കാർഡ് വാങ്ങി അയച്ചത്. എന്റെ അഡ്രസ് അവന് മനപ്പാഠമായിരുന്നു. ആദ്യത്തെ ദിവസം അങ്ങിനെ പ്രശ്‌നങ്ങളൊന്നുമില്ലാതെ കടന്നു പോയി. പക്ഷേ, രണ്ടാമത്തെ ദിവസം അതായത് ജൂലൈ ഒന്നാം തിയ്യതി, എഞ്ചിൻ റൂമിൽ തകരാറുകൾ കണ്ടുതുടങ്ങി. ഫർണസ് ഓയിലിന്റെ ഒരു പൈപ്പിനു ലീക്ക് സംഭവിച്ചതായിരുന്നത്. എല്ലാം പ്രശ്‌നങ്ങളുടേയും തുടക്കമായിരുന്നത്. താത്കാലികമായി അതു പരിഹരിച്ചെങ്കിലും കപ്പലിന്റെ വേഗത പരമാവധി കുറക്കേണ്ടി വന്നു. ഒന്നാമത് ആ യാത്രയിൽ ചരക്കുകൾ നിറക്കാൻ പാടില്ലെന്ന് നിഷ്‌കർഷിച്ചിരുന്ന രണ്ടാമത്തേയും അഞ്ചാമത്തേയും കള്ളികളിൽ ഇരുമ്പയിര് നിറച്ചിരുന്നു. ഞങ്ങളെ ഏറ്റവും ഭയപ്പെടുത്തിയത് അക്കാര്യമാണ്. പ്രത്യേകിച്ച് മുൻപത്തെ റോട്ടർഡാം യാത്രയിൽ അവിടത്തെ സർവ്വേയർ ആ കള്ളികളിൽ ചരക്കു നിറച്ചാൽ യാത്രാനുമതി നിഷേധിക്കുമെന്ന് പറഞ്ഞിരുന്നു. ആ കള്ളികളാണ് ഉദ്യോഗസ്ഥരുടെ പിടിവാശികാരണം നിറച്ചത്.

കപ്പലിന്റെ വേഗത കുറച്ചെങ്കിലും പ്രശ്‌നങ്ങൾ ശ്വാശ്വതമായി പരിഹരിച്ചിരുന്നില്ല. ഒമാൻ തുറമുഖത്ത് കപ്പൽ അടുപ്പിക്കാനുള്ള അനുമതിക്കായി കോർപ്പറേഷന് സന്ദേശം അയച്ചെങ്കിലും അനുകൂലമായ മറുപടിയല്ല ലഭിച്ചത്. സ്വതേ ശാന്തനായിരുന്ന ക്യാപ്റ്റനെയത് ചൊടിപ്പിച്ചു. എന്തുവന്നാലും വേണ്ടിയില്ല ഒമാനിൽ കപ്പലിനെ അടുപ്പിക്കാം എന്ന തീരുമാനത്തിൽ അദ്ദേഹം ഉറച്ചുനിന്നു. അതിനിടയിൽ ബേബിസാറിന്റെ ഭാര്യയുടെയും മക്കളുടേയും ആരോഗ്യസ്ഥിയും മോശമായി. കപ്പലിലെ മറ്റുരണ്ടു പേർക്കുകൂടെ ചിക്കൻപോക്‌സിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുകയും ചെയ്തു. അവരേയും മറ്റൊരു മുറിയിലേക്ക് മാറ്റി. ജൂലൈ രണ്ടാം തിയ്യതി ഫർണസ് ഓയിലിന്റെ പൈപ്പ് പൊട്ടുകയും ചെയ്തു. അതോടുകൂടെ കപ്പലിന്റെ വേഗത തീർത്തും കുറക്കേണ്ടി വന്നെു. മാത്രമല്ല, അതിന്റെ അറ്റകുറ്റപ്പണികൾക്കായി എഞ്ചിൻ ഓഫ് ചെയ്യേണ്ടി വന്നു. പക്ഷേ, ആകാശം ഇരുണ്ടത് ആശങ്കപ്പെടുത്തിയെങ്കിലും മറ്റുവഴികൾ ഒന്നുമില്ലായിരുന്നു. ആ സമയത്ത് ക്യാപ്റ്റൻ എന്താണോ ഭയപ്പെട്ടത് അതുതന്നെ സംഭവിച്ചു. ▮

(തുടരും)


റിഹാൻ റാഷിദ്

നോവലിസ്​റ്റ്​. സമ്മിലൂനി, അഘോരികളുടെ ഇടയിൽ, ലക്ഷദ്വീപ് ഒരു സൂഫി ലാൻറ്​, ഡോൾസ്, പ്രണയ ജിന്നുകൾഎന്നിവ പ്രധാന കൃതികൾ.

Comments