ചിത്രീകരണം: ശശി ഭാസ്കരൻ

12°38’10’’N

പതിനാല്

ശ്വാസമടക്കിപ്പിടിച്ചാണ് ഞങ്ങൾ ഇക്കാര്യങ്ങൾ മുഴുവൻ കേട്ടത്. അല്ല ഞങ്ങളെല്ലാവരും കൈരളിയിലെ യാത്രക്കാരായി മാറുകയായിരുന്നു.

ത്യാഗരാജൻ പറഞ്ഞ ഓരോ വാക്കുകൾക്കിടയിലും അയാളുടെ കണ്ണുകളിലെ ഭയം ഓരോരുത്തരും മനസ്സിലാക്കി. പക്ഷേ, പൊടുന്നനെ അയാൾ ഒന്നും മിണ്ടാതെ ദിശ നഷ്ടമായ കപ്പലിനെപ്പോലെ ആയിരിക്കുന്നു. കണ്ണുകൾ നിറഞ്ഞൊഴുകുന്നതും ശ്വാസമെടുപ്പിന്റെ ഉയർച്ചതാഴ്ചയും മാത്രമാണ് അയാൾ ഇപ്പോഴും ജീവനോടെ ഇരിക്കുന്നതെന്നതിന്റെ ഒരേയൊരു അടയാളം!

സെന്തിലെന്തോ ചോദിക്കാൻ തുനിഞ്ഞെങ്കിലും അതികൻ അവനെ തടഞ്ഞു. ത്യാഗരാജനൊന്നു സ്വസ്തമാവട്ടെയെന്ന അതികന്റെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. ആശുപത്രിയിൽ വച്ചുതന്നെ അയാൾ ചില മാനസിക അസ്വസ്തകൾ കാണിച്ചത് ട്രീസയും ഓർമിപ്പിച്ചു. ഞാനാവട്ടെ കൈരളിക്ക് എന്താവും സംഭവിച്ചതെന്ന് അറിയാനുള്ള ആകാംക്ഷയിൽ മറ്റെല്ലാം മറന്നതായിരുന്നു.

ത്യാഗരാജന്റെ കിടപ്പുകണ്ടിട്ട് സങ്കടം തോന്നി. ഉള്ളിലിത്രനാളും കെട്ടിക്കിടന്ന കടലുമായാവും അയാൾ ഇത്രകാലവും ജീവിച്ചത്. പെട്ടന്നതിങ്ങനെ ഒഴുകിത്തുടങ്ങിയതിന്റെ സമ്മർദം താങ്ങാൻ കഴിയാതെ തളർന്നതാവും. ത്യാഗരാജനെ മുറിയിൽ തനിച്ചാക്കി ഞങ്ങൾ പുറത്തോട്ടിറങ്ങി. മായാബന്ദറിന്റെ തിരക്കിലൂടെ ഊളിയിട്ടു. ക്ലോക് ടവറിനു താഴെയുള്ള പടികളിൽ ഇരുന്നു. നേർത്തു ചാറുന്ന മഴയും വൈകുന്നേരത്തെ വെയിലും ക്ലോക്ടവറിലും പടികളിലും ചിതറിവീഴുന്നത് അവിടെ പതിവാണെന്ന് ട്രീസയാണ് പറഞ്ഞത്. അവിടെ ഇരിക്കുന്നവരുടെ കലപിലകൾക്ക് ഇടയിൽ അതികനാണ് ത്യഗരാജൻ പങ്കുവച്ച കാര്യങ്ങളുടെ ഗൗരവത്തെക്കുറിച്ചു സംസാരിച്ചത്.

അതായത്, ത്യാഗരാജൻ പറഞ്ഞതുവച്ചുനോക്കുമ്പോൾ കൈരളിയിൽ ഉണ്ടായിരുന്നവരിൽ മിക്കവാറും ആളുകൾ ജീവനോടെയുണ്ടാവും. പാക് ജയിലുകളിൽ അവരിപ്പോഴും ജീവിക്കുന്നു. അത്​ കണ്ടുപിടിക്കാൻ ഞങ്ങൾ മാത്രം ശ്രമിച്ചാൽ കഴിയില്ല. സർക്കാർ മുഖേനെ മാത്രമെ അതിനു കഴിയുകയുള്ളൂ. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തിൽ അതത്ര എളുപ്പത്തിൽ സാധ്യമല്ല. ഇക്കാര്യങ്ങളെല്ലാം വിശദമായി വിവരിച്ച് കേരള സർക്കാറിന് ഒരു പരാതി നൽകുന്നതാണ് ഉചിതമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അക്കാര്യത്തിൽ കൃഷ്ണപ്രസാദിന്റെ സഹായം തേടാം. പക്ഷേ, അതിനു മുൻപ് ത്യാഗരാജൻ കൈരളിയിൽ യാത്രചെയ്തിരുന്നെന്നു തെളിയിക്കണം. അതേ ത്യാഗരാജനെയാണ് ഞങ്ങൾ കണ്ടെത്തിയതെന്നും സർക്കാറിന് ബോധ്യപ്പെടണം. ഈ കാര്യങ്ങളെല്ലാം നടക്കണമെന്നുണ്ടെങ്കിൽ ആദ്യം അയാളുടെ സഹോദരിയെ കണ്ടെത്തേണ്ടതുണ്ട്. അവരെ സംബന്ധിച്ച് കൃഷ്ണപ്രസാദിന്റേതായി വന്ന ടെലിഗ്രാമല്ലാതെ മറ്റൊരു വിവരങ്ങളുമില്ല. അന്നുതന്നെ ഈ വിവരങ്ങളെല്ലാം വ്യക്തമാക്കി കൃഷ്ണപ്രസാദിന് ഒരു ടെലഗ്രാംകൂടെ അയച്ചു. മദുഗരെ അഭിപ്രായപ്പെട്ടതനുസരിച്ച് തമിഴൻ ഒരു ഫോട്ടോഗ്രാഫറെ ഏർപ്പാടാക്കി. ത്യാഗരാജന്റെ ഒരു ഫോട്ടോ എടുത്ത് കൃഷ്ണപ്രസാദിന്​ ഒരു കത്തുമയച്ചു. അടുത്ത മൂന്നുദിവസങ്ങൾ ത്യാഗരാജൻ ഒന്നും മിണ്ടാൻ പോലും തയ്യാറായില്ല. ഒന്നു രണ്ടുതവണ സംസാരിക്കാൻ ചെന്ന സെന്തിലിനെ അയാൾ ആട്ടിയോടിക്കുകയായിരുന്നു. അനുനയിപ്പിക്കാൻ ചെന്ന എന്നെയവൻ മുറിയിലെ കസേരയെടുത്തെറിഞ്ഞു. ഭാഗ്യത്തിനാണ് തലയിലത് കൊള്ളാതിരുന്നത്.

അയാളുടെ മാനസിക പ്രശ്‌നം ഞങ്ങൾ കരുതുന്നതിലും ഗുരുതരമാണെന്ന് മനസ്സിലായി. വീടിനുള്ളിലെ കത്തികളും മറ്റും അയാളുടെ കണ്ണെത്താത്തിടത്തേക്ക് മാറ്റിവച്ചു. ത്യാഗരാജന്റെ പെരുമാറ്റം കടലുപേലെ തന്നെ തികച്ചും അപ്രതീക്ഷിതമായി മാറുന്ന കാഴ്ചകളായിരുന്നു പിന്നീടുള്ള ഒരാഴ്ചക്കാലം. തീരെ നിവൃത്തിയില്ലാതായപ്പോൾ മദുഗരെ ത്യാഗരാജന്റെ കൈകാലുകൾ കെട്ടിയിട്ടു. ആ ദിവസങ്ങൾ ശരിക്കും ഭയപ്പെട്ടു. പ്രത്യേകിച്ച് ത്യാഗരാജന്റെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുക്കാമെന്നു അതികൻ എഴുതി ഒപ്പിട്ടുകൊടുത്തതിനു ശേഷമാണ് അയാളെ ജയിലിൽ നിന്നും മോചിപ്പിച്ചത്. അതിനെന്തെങ്കിലും വീഴ്ച വന്നാൽ എല്ലാവരും കുടുങ്ങും. വല്ല പോലീസ് അന്വേഷണവും നടന്നാൽ ആദ്യം ജയിലിൽ പോവുക ഞാനും സെന്തിലും മദുഗരേയുമാവുമെന്ന് ഉറപ്പാണ്. ട്രീസ ഇക്കാര്യം പലതവണ ഓർമ്മിപ്പിച്ചതുമാണ്. എങ്ങിനെയെങ്കിലും ത്യാഗരാജനെ അനുനയിപ്പിക്കുക മാത്രമേ ഞങ്ങൾക്കു മുന്നിൽ വഴിയുണ്ടായിരുന്നുള്ളൂ.

പതിനഞ്ച്

കൃഷ്ണപ്രസാദിന്റെ മറുപടി ടെലഗ്രാം വന്നതറിഞ്ഞ് മദുഗരയെ ത്യാഗരാജന് കാവലിരുത്തി ഞാനും സെന്തിലും ഈഴത്തിന്റെ ഓഫീസിലേക്ക് ചെന്നു. മുത്തുലക്ഷ്മിയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അവർ ഭർത്താവിനൊപ്പം തമിഴ്നാട്ടിലേക്കു പോയെന്നുമായിരുന്നു അതിലുണ്ടായിരുന്നത്. എനിക്കാകെ നിരാശയായി. തിരികെ നാട്ടിലേക്ക് മടങ്ങിയാലോ എന്നാലോചിച്ചു. അക്കാര്യം അതികനോടു പറഞ്ഞു. സത്യത്തിൽ ശരിക്കും മടുത്തിരുന്നു. ഇതുവരെ നടത്തിയ അന്വേഷണങ്ങളും കണ്ടെത്തലും പാഴാവില്ലേയെന്ന അതികന്റെ ചോദ്യമാണ് അതിൽ നിന്നും പിന്തിരിപ്പിച്ചത്. അന്ന് അതികൻ മറ്റു ചില സംശയങ്ങൾ സൂചിപ്പിച്ചു. അതനുസരിച്ച് കൈരളി സുകൂത്രയ്ക് അടുത്തുവരെ എത്തിയിട്ടുണ്ടാവുമെന്നാണ്. എട്ടുമീറ്റർ വരെ ഉയരമുള്ള തിരമാലകൾ അടിച്ചുകൊണ്ടിരിക്കുന്ന സ്ഥലമാണത്. കപ്പലുകൾ അതിനകത്തേക്ക് കയറുകയാണെങ്കിൽ ഉറപ്പായും അപകടത്തിൽ പെടും. മാത്രമല്ല, സുകൂത്രക്കടുത്ത് വേലിയിറക്കത്തിൽ മാത്രം ദൃശ്യമാവുന്ന ചില ദ്വീപുകളുണ്ട്. സാങ്കേതികമായി ദ്വീപുകളെന്ന്​ അവയെ വിളിക്കാൻ പറ്റില്ല. ഒന്നോ രണ്ടോ ചതുരശ്ര കിലോമീറ്ററുകളുള്ള വലിയ പാറക്കൂട്ടങ്ങളാണത്. ഇനിയൊരുപക്ഷേ കൈരളി അതിലേക്ക് ഇടിച്ചുകയറിയതുമാവും. പക്ഷേ, ത്യാഗരാജൻ പറഞ്ഞതനുസരിച്ച് പാക് തീരത്തോടു ചേർന്നാണ് അപകടം നടന്നിരിക്കുന്നത്. അതിനെക്കുറിച്ച് അയാൾ കൂടുതൽ ഒന്നും പറയാത്തതാണ് ആകെ കുഴപ്പിക്കുന്നത്. അതിനിടയിൽ ട്രീസ പ്രധാനപ്പെട്ടൊരു വിവരം അറിയിച്ചു. അതാവട്ടെ കാര്യങ്ങൾ കൂടുതൽ അനിശ്ചിതാവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നതായിരുന്നു. ഞങ്ങളുടെ കൂടെയുള്ള ത്യാഗരാജൻ ജയിൽ രേഖകൾ പ്രകാരം 1979-ആഗസ്റ്റ് മാസത്തിലാണ് ജയിലിൽ എത്തിയത്. അതായത്, രാജേഷ് ഖന്ന എന്ന അൻപരസ് ജയിലിലേക്ക് എത്തി, ഏകദേശം ഒരുമാസം കഴിഞ്ഞ്.

സെന്റിനന്റൽ ദ്വീപിൽ നിന്ന്​ നാല് നോട്ടിക്കൽ മൈൽമാറി ഒരു പലകയിൽ അള്ളിപ്പിടിച്ചു ബോധമില്ലാതെ കിടന്ന അയാളെ നേവിയുടെ നിരീക്ഷണ ബോട്ടാണ് രക്ഷിച്ചത്. മർദ്ദനമേറ്റ പാടുകളുണ്ടായിരുന്ന അയാളെ അവരാദ്യം ആശുപത്രിയിലാക്കി. അവിടെ വച്ച് ജീവനക്കാരെ അക്രമിച്ചപ്പോഴാണ് ജയിലിലേക്ക് മാറ്റിയത്. എന്നിരുന്നാലും ഒരു കാര്യം സത്യമായിരുന്നു. അതായത് രാജേഷ് ഖന്നയുമായി ജയിലിനകത്ത് കൂട്ടുണ്ടായിരുന്നത് അയാൾ മാത്രമാണ്.

‘‘അപ്പോൾ അയാൾ പറഞ്ഞ കൈരളിയെക്കുറിച്ചുള്ള കഥകൾ?''

‘‘അൻപരസ് പലസമയങ്ങളിലായി അയാളോട് പറഞ്ഞതായിരിക്കുമത്.'' സെന്തിലിന്റെ ചോദ്യത്തിന് തമിഴാണ് മറുപടി നൽകിയത്. പിന്നീടവൻ ഒന്നും ചോദിച്ചതുമില്ല.

ട്രീസയും അതികനും ഞങ്ങളുടെ കൂടെ മായാബന്ദറിലെ താമസസ്ഥലത്തേക്ക് വന്നു. ഞങ്ങളെത്തുമ്പോൾ മുൻവശത്തു തന്നെ ചോരയൊലിച്ചു കിടക്കുന്ന മദുഗരയെയാണ് കണ്ടത്. മാത്രമല്ല, വീടാകെ അലങ്കോലമായി കിടന്നിരുന്നു. ആകെയുള്ള മൂന്നു കസേരകളും മേശയും മറ്റും മറിച്ചിട്ട് വലിയൊരു ആക്രമണം നടന്നതു പോലെയായിരുന്നത്.

ത്യാഗരാജൻ കിടന്നിരുന്ന മുറിയിലേക്ക് ഓടിച്ചെന്ന ഞാൻ കണ്ടത് ശൂന്യമായ കട്ടിലാണ്. അതിനിടക്ക്​ അതികനും മറ്റും ചേർന്ന് മദുഗരയെ പിടിച്ചെഴുന്നേൽപ്പിച്ചു. മുഖത്ത് വെള്ളം കുടഞ്ഞപ്പോൾ അവനൊന്നു ഞരങ്ങി. ഒരു നിമിഷം പേടിച്ചതുപോലെ ഞങ്ങളെ നോക്കി. മുറിവുകൾ ഗുരുതരമല്ലായിരുന്നു. എന്നിട്ടും അൽപ്പനേരം കഴിഞ്ഞാണ് മദുഗരെക്ക്​ സംസാരിക്കാൻ കഴിഞ്ഞത്. ഞങ്ങൾ എത്തുന്നതിനു തൊട്ടുമുൻപ് വിശക്കുന്നെന്നു പറഞ്ഞ, ത്യാഗരാജന് ഭക്ഷണം കഴിക്കാൻ വേണ്ടി കെട്ടഴിച്ചപ്പോൾ ത്യാഗരാജൻ കസേരയെടുത്ത് ആക്രമിച്ചതാണ്. പെട്ടന്നുള്ള ആ അക്രമത്തിൽ പകച്ചുപോയെന്നും അതിനിടയിൽ, അവൻ വീടിനുള്ളില മേശയും കസേരയും തട്ടിമറിച്ചിടുകയും തടയാൻ ചെന്ന തന്നെ ചവിട്ടി വീഴ്ത്തി ഓടിയെന്നും മദുരഗരെ നിരാശയോടെ വിവരിച്ചു.

അതികൻ നിർദ്ദേശിച്ചതനുസരിച്ച്, സെന്തിൽ തമിഴിനെ ചെന്നുകണ്ട് നടന്ന കാര്യങ്ങൾ മുഴുവൻ അറിയിച്ചു. അവൻ അപ്പോൾ തന്നെ കുറച്ചുപേരെ ത്യാഗരാജനെ തിരയാൻ ഏർപ്പാടാക്കി. തമിഴന്റെ അഭിപ്രായത്തിൽ മായാബന്ദറിൽ നിന്ന്​ അവൻ പുറത്തുകടക്കാൻ സാധ്യതയില്ലായിരുന്നു. അവനെ കണ്ടെത്താമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു തമിഴ്.

അന്നു മുഴുവൻ തിരഞ്ഞെങ്കിലും ആർക്കും അവനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഡിഗ്ഗിപ്പൂരേക്ക് പോവുന്ന ഒരു ബോട്ടിൽ അവൻ കയറിയെന്ന വ്യക്തമല്ലാത്തൊരു വിവരം മാത്രമാണ് ലഭിച്ചത്. ത്യാഗരാജന്റെ തിരോധാനം മറ്റൊരു കുരുക്കിലേക്കാണത് ഞങ്ങളെ തള്ളിയിട്ടത്. ട്രീസയ്ക്ക് മാത്രമെ അക്കാര്യത്തിൽ ഞങ്ങളെ സഹായിക്കാൻ കഴിയുകയുള്ളൂ. ഞാൻ അപേക്ഷിക്കുന്ന മട്ടിൽ അവളെയൊന്നു നോക്കി.

‘‘ശ്രമിക്കാം, ഉറപ്പൊന്നുമില്ല'', അവളുടെ ആ മറുപടിയെന്നെ കൂടുതൽ ഭയപ്പെടുത്തി. എവിടെയാണ് പിഴച്ചതെന്നറിയാതെ ഞാനാകെ ഉഴറി. രണ്ടാഴ്ച ഞങ്ങൾ അവനെ അന്വേഷിച്ചു നടന്നു. കൃഷ്ണപ്രസാദിന് അയക്കാൻ വേണ്ടിയെടുത്ത ത്യാഗരാജന്റെ ഫോട്ടോയുടെ നെഗറ്റീവ് ഫോട്ടോഗ്രാഫർ സൂക്ഷിച്ചുവച്ചത് ഉപകാരപ്പെട്ടു. ഈഴത്തിന്റെ പ്രവർത്തകർ അതുവച്ച് അന്വേഷണം നടത്തി. പക്ഷേ, ആർക്കും എവിടെയും ത്യാഗരാജനെ കണ്ടെത്താൻ കഴിഞ്ഞില്ല. കൈരളിയെപ്പോലെ അവനും ദൂരൂഹമായി മാഞ്ഞു. നാട്ടിലേക്ക് മടങ്ങമെന്നാണ് സെന്തിലും ഇപ്പോൾ പറയുന്നത്. അവനേയും മടുപ്പ് ബാധിച്ചിരിക്കുന്നു. അല്ലെങ്കിൽ അവൻ അന്വേഷിച്ചിരുന്നത് അവന്റെ അച്ഛനെ മാത്രമായിരിക്കും. അതുകണ്ടെത്തുകയും ചെയ്തു.

മദുഗരയാവട്ടെ, ഉടൻ തന്നെ ബർമയിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനുള്ള എല്ലാ ഏർപ്പാടുകളും തമിഴ് ചെയ്തു കഴിഞ്ഞു. അതികനും ട്രീസയും മാത്രമാണ് ഇപ്പോഴും പ്രതീക്ഷ നൽകുന്നത്. ദിവസങ്ങൾ കാറ്റുപോലെ ഓടുകയാണ്. അതിനിടയിൽ അപ്രതീക്ഷിതമായി കൃഷ്ണപ്രസാദിന്റെ ഒരു കത്ത് ലഭിച്ചു. ഈഴത്തിന്റെ ഓഫീസ് അഡ്രസിലാണത് വന്നത്. കൃഷ്ണപ്രസാദ്, മുത്തുലക്ഷ്മിയെ കണ്ടെത്തിയെന്നും ഞാൻ അയച്ച ഫോട്ടോയിൽ കാണുന്ന വ്യക്തി ത്യാഗരാജനല്ലെന്നും അവൾ തീച്ചപ്പെടുത്തി. അവസാനമായി അയാൾ വീട്ടിൽ വന്നപ്പോൾ എടുത്ത, അൽപം പഴകിയൊരു ഫോട്ടോയും ആ കത്തിനൊപ്പം ഉണ്ടായിരുന്നു. ത്യഗരാജൻ എന്നു കരുതി ഞങ്ങളുടെ കൂടെ താമസിച്ചവനുമായി യാതൊരു സാമ്യവും ആ ഫോട്ടോക്കുണ്ടായിരുന്നില്ല. ഇനി ത്യാഗരാജനെക്കൂടെ അന്വേഷിക്കണം.

‘‘യഥാർത്ഥത്തിൽ ആരായിരുന്നു ത്യാഗരാജൻ എന്ന പേരിൽ നിങ്ങളുടെ കൂടെ ഇത്രനാളും താമസിച്ചത്?’’, തമിഴിന്റെ ആ ചോദ്യം ഞങ്ങളെ ഒരു കടൽച്ചുഴിൽ പെടുത്തി.

ആർക്കുമതിന് ഉത്തരമില്ലായിരുന്നു. ഇനിയും ഇവിടെ നിൽക്കുന്നതിൽ കാര്യമില്ലെന്ന് ഞാനും തീർച്ചപ്പെടുത്തി. അതികന്റേയും ട്രീസയുടേയും സ്‌നേഹപൂർവ്വമുള്ള ശ്വാസനകളും പ്രതീക്ഷപ്പെടുത്തലും കണ്ടില്ലെന്നു നടിക്കാൻ തന്നെ തീരുമാനിച്ചു. എല്ലാം അന്വേഷണങ്ങളും ആന്തമാനിൽ തന്നെ കുഴിച്ചുമൂടുകയല്ലാതെ എനിക്കുമുന്നിൽ മറ്റു വഴികളൊന്നും ഇല്ലാതായി. ബോംബയിലേക്കോ മദ്രാസിലേക്കോ പോവുന്ന ഏതെങ്കിലുമൊരു കപ്പലിൽ എങ്ങിനെയെങ്കിലും കയറിപ്പറ്റാൻ സഹായിക്കാൻ അവരോട് അപേക്ഷിച്ചു. രണ്ടാഴ്ച കാത്തു നിന്നിട്ടും ഒരൊറ്റ കപ്പലിൽ പോലും യാത്ര തരപ്പെട്ടില്ല! സെന്തിലാവട്ടെ എന്നോടിപ്പോൾ സംസാരിക്കുന്നതുപോലുമില്ല. ഞാനായിട്ട് കുരുക്കിട്ട് നിർത്തുകയാണെന്ന് അവൻ തമിഴിനോടും മദുഗരയോടും പലവട്ടം സൂചിപ്പിച്ചു. നിരാശ മനുഷ്യരെ തീർത്തും മറ്റൊരാളാക്കി മാറ്റുമെന്നത് അനുഭവിച്ചറിഞ്ഞു.

പതിനാറ്

പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു. അതിനിടയിൽ മദുഗര ബർമയിലേക്ക് കടന്നു. കൂട്ടത്തിൽ സെന്തിലും പോയത് എനിക്ക് താങ്ങാൻ കഴിയുന്നതിനുമപ്പുറമായിരുന്നു. അവനെന്നോട് ഒരു വാക്കുപോലും അതിനെക്കുറിച്ച് മിണ്ടിയിരുന്നില്ല. അവർ പോയതിനുശേഷം താമസിക്കുന്ന വീടൊഴിയുന്നതിനെക്കുറിച്ച് തമിഴ് സൂചിപ്പിച്ചത് ഇരുട്ടടിയായി. തെരുവിലേക്ക് ഇറങ്ങുകയല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നു. അതറിഞ്ഞ അതികൻ, താത്കാലികമായി ഈഴത്തിന്റെ ഓഫീസിൽ കിടക്കാനുള്ള സൗകര്യം ചെയ്തുതന്നു. അന്നുതന്നെ അതികൻ സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഏകദേശം ഒരുമാസം അതിനകത്തു കഴിഞ്ഞുകൂടി. ആഴ്ചാവസാനം വരുന്ന ട്രീസയുടെകൂടെ പുറത്തു പോവുന്നതു മാത്രമായിരുന്നു ആകെയുള്ള ആശ്വാസം.

മായാബന്ദറിലെ ക്ലോക്ല് വറിനു താഴെയും ജെട്ടിയ്ക്ക് അടുത്തും ചെന്നിരിക്കും. അവൾ പറയുന്ന കഥകൾ കേൾക്കും. രാത്രിയോടെ തിരികെ ഓഫീസിനുള്ളിലെ ചെറിയ മുറിക്കുള്ളിൽ ചുരുണ്ടുകൂടും. എല്ലാ ആഴ്ചയിലും മടങ്ങുന്നതിനു മുൻപ് ട്രീസ തരുന്ന തുക കൊണ്ടാണ് മൂന്നുനേരം വിശപ്പടക്കിയിരുന്നത്.

അങ്ങനെയൊരു ഞായറാഴ്ചയാണ് അപ്രതീക്ഷിതമായി മൂർത്തിയെ പരിചയപ്പെട്ടത്. ജെട്ടിയിലേക്ക് നടക്കുകയായിരുന്ന ട്രീസയെ പേരെടുത്തുവിളിച്ച് ഓടിവന്ന കുടവയറുകാരന് അവൾ എന്നെ പരിചയപ്പെടുത്തുമ്പോൾ കരകാണാതെ അലയുന്ന കപ്പലിനൊരു വഴികാട്ടിയാവും അതെന്ന് ഞാനോ അവളോ ഓർത്തിരുന്നില്ല. ആന്തമാനിലെ പോർട്ടോഫീസിൽ ജോലി ചെയ്യുന്ന ട്രീസയും മൂർത്തിയും ഒരേ നാട്ടുകാരായിരുന്നു.

‘‘ഇതാരാ പുതിയൊരാൾ'' എന്ന മൂർത്തിയുടെ ചോദ്യത്തിന് ട്രീസ തന്നെയാണ് മറുപടി പറഞ്ഞത്. ആ ചോദ്യത്തിനൊപ്പമുള്ള അയാളുടെ നോട്ടത്തിൽ എനിക്കെന്തോ പന്തികേട് തോന്നി. അവൾ വളരെ ശ്രദ്ധയോടെയാണ് പുതിയൊരു കളവുണ്ടാക്കിയത്. കൈരളിയെക്കുറിച്ചോ മറ്റുള്ള കാര്യങ്ങളെക്കുറിച്ചോ ഒരക്ഷരം മിണ്ടിയില്ല. മറിച്ച്, അവളുടെ അമ്മാവന്റെ മകനാണെന്നും നാട്ടിൽ ചില പ്രശ്‌നങ്ങൾ കാരണം കുറച്ചുനാളായി അവളുടെകൂടെ വന്നുനിൽക്കുകയാണെന്നുമാണ് പറഞ്ഞത്. അതായാൾ വിശ്വസിക്കുകയും ചെയ്തു. പക്ഷേ, പെ​ട്ടെന്ന്​നാട്ടിലേക്കെത്താനുള്ള അത്യാവശ്യമുണ്ടെന്നും അതിനായി ഒരു കപ്പൽടിക്കറ്റ് കിട്ടാനുള്ള അന്വേഷണത്തിലാണെന്നു പറഞ്ഞു.

‘‘ഞാനൊന്നു ആലോചിക്കട്ടെയെന്ന'' മൂർത്തിയുടെ മറുപടിയിൽ എനിക്കും ട്രീസയ്ക്കും യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. മാത്രമല്ല, അയാളിൽ നിന്ന്​ എത്രയും വേഗം രക്ഷപ്പെടാനുള്ള ധൃതി ട്രീസ കാണിക്കുകയും ചെയ്തു. അത്​ ഞാൻ ശ്രദ്ധിച്ചു. പതിവിലും നേരത്തെ ഞങ്ങൾ അവിടെ നിന്ന്​ മടങ്ങി. അപ്പോഴാണ് ട്രീസ മൂർത്തിയെക്കുറിച്ച് പറഞ്ഞത്. ഓരേ നാട്ടുകാരെന്ന നിലയിലാണ് അയാളെ ആദ്യമവൾ പരിചയപ്പെട്ടത്. ആദ്യമാദ്യം നല്ല സൗഹൃദമായിരുന്നു. ട്രീസ വിവാഹമോചിതയാണെന്നു അറിഞ്ഞതുമുതൽ അയാളുടെ മട്ടു മാറി. മൂർത്തിക്ക് ട്രീസയെ വിവാഹം കഴിക്കണമെന്ന ആഗ്രഹമായി. അവൾക്കാണേൽ അയാളെ കൺമുന്നിൽ കാണുന്നതു തന്നെ ഇഷ്ടമല്ലായിരുന്നു. അതായാളോട് പറയുകയും ചെയ്തതാണ്. പക്ഷേ, അയാൾ അതൊന്നും കേട്ടതായിപ്പോലും നടിച്ചില്ല. അയാൾ എന്നെ നോക്കിയതിലെ പന്തികേട് അപ്പോഴാണ് മനസ്സിലായത്.

പക്ഷേ, രണ്ടാമത്തെ ദിവസം അയാളൊരു ടിക്കറ്റ് ശരിയാക്കി. നേരെ ട്രീസയുടെ ഓഫീസിൽചെന്നാണ് അയാളത് അറിയിച്ചത്. അന്നും പഴയ പല്ലവി ആവർത്തിക്കുകയും ചെയ്തു. എല്ലാവരുടെയും മുൻപിൽ വച്ചുള്ള അയാളുടെ ആ പ്രവൃത്തിയിൽ അവൾക്ക് ദേഷ്യം വന്നെങ്കിലും എനിക്കുവേണ്ടി മാത്രം ക്ഷമിച്ചു. മറ്റൊരു അവസരത്തിലായിരുന്നെങ്കിൽ ആ ടിക്കറ്റ് വലിച്ചുകീറി അയാളുടെ മുഖത്തേക്ക് എറിഞ്ഞേനെ എന്നാണവൾ അതിനെക്കുറിച്ച് പറഞ്ഞത്.

അതിന്റെ കൃത്യം നാലാമത്തെ ദിവസമായിരുന്നു മദ്രാസിലേക്കുള്ള കപ്പൽ പുറപ്പെടുന്നത്. തമിഴിനോടും മായാബന്ദറിലെ മറ്റു പരിചയക്കാരോടും ഈഴത്തിന്റെ ഓഫീസിലുള്ളവരോടും യാത്ര പറഞ്ഞു. ട്രീസ ചെറുതല്ലാത്തൊരു സംഖ്യയും തന്നു. നാട്ടിലെത്തിയ വിവരമറിയിച്ച് കത്തയക്കാനുള്ള മേൽവിലാസവും ടെലഗ്രാം നമ്പറും എഴുതി നൽകി. പോർട്ടിലേക്ക് കൊണ്ടുവിട്ടപ്പോൾ അവളെന്നെ കെട്ടിപ്പിടിച്ചു. അത്രനേരവും എന്റെയുള്ളിലും തൂവാതെ നിന്ന കരച്ചില് പൊട്ടിയൊലിച്ചു. അവളുടെ മുഖം അമർന്ന നെഞ്ചിലൊരു കടലൊഴുകി പരന്നു. കപ്പലിനകത്തേക്ക് കയറിയിട്ടും ആ നനവിൽ ഞാനുരുകി. കുറച്ചുമാസങ്ങളുടെ പരിചയക്കാര് മാത്രമായിരുന്നോ ഞങ്ങൾ? എത്ര ആലോചിച്ചിട്ടും അതിനൊരു ഉത്തരവും കിട്ടിയില്ല.

തിരയടിച്ചുയരുന്ന കടലിനെ മുറിച്ച് മദ്രാസിലേക്കുള്ള ആ ചെറുകപ്പൽ യാത്ര തുടങ്ങിയപ്പോൾ അപ്പർഡക്കിൽ നിന്ന്​ ഞാൻ ആന്തമാൻ ദ്വീപിനെ ഒരിക്കൽ കൂടെ നോക്കി . പതിയെ അതെന്നെ വിട്ട് ദൂരേക്ക് മാഞ്ഞു. ഓർമകളാവട്ടെ കൂടുതൽ കരുത്താർജ്ജിച്ച് ഹൃദയത്തിലേക്കാണ്ടു. ഒരിക്കലും തിരിച്ചെടുക്കാൻ സാധിക്കാത്ത വിധം മുങ്ങിപ്പോയ കപ്പലിനെപ്പോലെ. മൂന്നു ദിവസത്തെ ആ യാത്രയിലാണ് കൈരളിയെക്കുറിച്ചുള്ള അന്വേഷണങ്ങൾ ശരിയായ ദിശയിലേക്ക് ചെന്നെത്തിയത്. അതിനു കാരണക്കാരനായതാവട്ടെ മറ്റൊരു മുൻ കപ്പിത്താനും മലയാളിയുമായ മാത്യൂസാണ്.

മുഴുവൻ സമയവും കപ്പലിന്റെ അപ്പർഡക്കിൽ കഴിഞ്ഞുകൂടിയ എന്നെ കപ്പൽ യാത്ര പുറപ്പെട്ടതു മുതൽ മാത്യൂസ് ശ്രദ്ധിച്ചിരുന്നു. ഞാനുമത് കണ്ടിരുന്നു. ആരോടും ഒന്നും മിണ്ടാതെ കടലിലേക്ക് മാത്രം നോക്കി നിൽക്കുമ്പോഴും എന്റെയുള്ളിൽ കൈരളി കലങ്ങി മറിയുകയായിരുന്നു. വെങ്കിടാചലം സാറ് ആദ്യമായി പറഞ്ഞപ്പോൾ മുതൽ എന്നെ പിന്തുടർന്നുകൊണ്ടിരിക്കുന്ന കൈരളി എന്നെ വലിച്ചെടുത്തു. പക്ഷേ എല്ലാം ഉപേക്ഷിച്ചാണ് ഈ മടക്കമെന്നോർത്ത് എനിക്കാകെ പിടച്ചിലായി. ജീവനോടെ കരയിലിട്ടൊരു മത്സ്യത്തെപ്പോലെ പിടഞ്ഞു.

അപ്പോഴാണ്, ഒരു ചുരുട്ടുംകത്തിച്ചു പിടിച്ചുകൊണ്ട് മാത്യൂസ് അടുത്തേക്കു വന്നു. ചുരുട്ടിന്റെ പുകയോടൊപ്പം അദ്ദേഹത്തിന്റെ കൈകൾ എന്റെ ചുമലിലേക്കുവച്ചു. എന്തോ കുഴപ്പമുണ്ടല്ലോ? കടൽക്കാറ്റിനൊപ്പം അദ്ദേഹത്തിന്റെ ചോദ്യമെന്നെ ഉലച്ചു. അപരിചിതനായ മനുഷ്യനെ മറ്റൊരു മനുഷ്യൻ മനസ്സിലാക്കുന്നതിന്റെ അതിനിഗൂഡമായൊരു അനുഭവമാണത്. ഒന്നുമില്ലെന്നു പറഞ്ഞൊഴിയാൻ എനിക്കു തോന്നിയില്ല. നക്ഷത്രങ്ങൾ മീനുകളെന്നോണം തിളങ്ങിനിന്ന ആ രാത്രിയുടെ നേർത്ത വെളിച്ചത്തിൽ കടലൊന്നുകൂടെ നീലിച്ചു. ആ നീലിമയിലേക്ക് അലസമായി കണ്ണുകളെറിഞ്ഞു. ഉയർന്നു പൊന്തിയൊരു തിരയിൽ ചെറുതോണി പോലെയത് മാത്യൂസിന്റെ കണ്ണുകളിലേക്കു ദിശമാറി. അയാളുടെ നോട്ടക്കുരുക്കിൽ നിന്നും പിന്മാറാൻ കഴിഞ്ഞതുമില്ല.

പൈപ്പിൽ നിന്ന്​ ഒരു പുക കൂടെയെടുത്ത് അദ്ദേഹം പേരും മറ്റും ചോദിച്ചു. ഞാനതിനെല്ലാത്തിനും യാന്ത്രികമായി മറുപടി പറഞ്ഞു. ഞാനൊരു കപ്പിത്താനായിരുന്നു. അയാളതും പറഞ്ഞ് കൈകൾ ഇരുവശത്തേക്കും ചിറകുകണക്കെ വച്ചുകൊണ്ട് കടലിലേക്ക് നോക്കി. ‘‘മാത്യൂസിന് ഭ്രാന്താണെന്നുപറഞ്ഞ് ജോലീന്ന് പിരിച്ചു വിട്ടതാണ്'', ഉച്ചത്തിലുള്ള ചിരിയോടെ അയാളതു പറയുമ്പോൾ എന്റെ ഉള്ളിലേക്ക് കൈരളി വീണ്ടും കയറി വന്നെങ്കിലും ഞാനതിനെക്കുറിച്ച് മിണ്ടിയില്ല. പക്ഷേ, മാത്യൂസ് അയാളെക്കുറിച്ച് പറയാൻ ഒരാളെ തിരഞ്ഞു നടക്കുകയാണെന്നു തോന്നി.

ഇക്കണ്ട കടലുകൾ മുഴുവൻ യാത്രചെയ്ത കപ്പിത്താൻ. മാത്യൂസത് ആവർത്തിച്ചുകൊണ്ട് ഡക്കിലെ കസേരകളിലൊന്നിൽ ഇരുന്നു. എന്നേയും അടുത്തു വിളിച്ചിരുത്തി.

സെബാനേ, താൻ കരുതുന്നുണ്ടാവും എനിക്ക് വട്ടാണെന്നല്ലേ? അല്ലാതെ ഏതെങ്കിലും കപ്പിത്താനിങ്ങനെ വിളിച്ചുകൂവി നടക്കുമോ?

അതേടോ എനിക്ക് വട്ടാണ് നല്ലസ്സല് വട്ടുതന്നെ. പക്ഷേ, അതീ കടലിനോടു മാത്രമാണ്. എത്രകണ്ടാലും അറിഞ്ഞാലും തീരാത്ത കടലിനോടു മാത്രം. തനിക്കറിയുമോ ഓരോ കടലിനും ഓരോ മണമാണ്. ഓരോ നേരത്തും അതിന്റെ നിറം മാറുന്നുണ്ട്. അതുകാണുകയും അറിയുകയും ചെയ്യുന്നവനാണ് യഥാർത്ഥ കപ്പിത്താൻ. അല്ലാതെ കുറെ യാത്രചെയ്തിട്ടോ കൂടെയുള്ളവന്മാരെ ഭരിക്കുന്നതോയല്ല. കടലിനെ, ദേ ഈ ഉള്ളംകയ്യുപോലെ മനസ്സിലാക്കണം. അക്കാര്യത്തിൽ ഞാൻ ഭാഗ്യവാനാണെടോ. പക്ഷേ, അതാർക്കും മനസ്സിലായില്ല. അതാണവര് തലക്ക്​ ചെറിയൊരു കുഴപ്പമുണ്ടെന്നു പറഞ്ഞ് ജോലീന്ന് പിരിച്ചുവിട്ടത്. പക്ഷേ, ഏതിരുട്ടിലും മഴയത്തും മഞ്ഞത്തും ഇപ്പോഴും മറ്റാരെക്കാളും കടലിനെ എനിക്കു കാണാൻ പറ്റും. അത് ഞാനും കടലും തമ്മിലുള്ളൊരു ഉടമ്പടിയാണ്. തനിക്കറിയോ ഈ മാത്യൂസ് കണ്ട കാഴ്ചകൾ? അറിയത്തില്ലെന്നറിയാം. താൻ കൈരളിയെന്നൊരു കപ്പലിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

അത്രനേരവും അലസമായി ഉപ്പുകാറ്റേറ്റ് ഇരുന്ന എന്റെ മനസ്സ് അയാളുടെ ആ ചോദ്യത്തിൽ നങ്കൂരമിട്ടു.

കൈരളി...
എന്തോ ചോദിക്കാനാഞ്ഞെങ്കിലും എനിക്കപ്പോൾ വാക്കുകൾ മുറിഞ്ഞു പോയി. അതേടോ കൈരളി തന്നെ, കേരളത്തിന്റെ സ്വന്തം കപ്പലായിരുന്നത്. പക്ഷേ, ഇപ്പോഴത് എവിടയാണെന്നോ എന്താണെന്നോ ആർക്കും അറിയത്തില്ല. അതിനെ അവസാനമായി കണ്ട എന്റെ വാക്കുകളാരും വിശ്വസിച്ചുമില്ല. അതവര് വിശ്വസിച്ചിരുന്നേല് അമ്പത്തൊന്നു മനുഷ്യരില് ഒരാളെങ്കിലും രക്ഷപ്പെട്ടേനെ...

കപ്പലിനെ ആട്ടിയെടുത്തൊരു തിരയപ്പോൾ ഡക്കിന്റെ കൈവരികളെ കടന്നുവന്നു ഞങ്ങളേയും നനച്ചു. മാത്യൂസ് കണ്ടതെന്താവും എന്നറിയാനായിരുന്നു എനിക്ക് ധൃതി. അതു ഞാൻ മറച്ചുവച്ചില്ല. അത്രയും നാൾ കൈരളിയെക്കുറിച്ച് അറിഞ്ഞതും അന്വേഷിച്ചതുമായ എല്ലാ കാര്യങ്ങളും ഒന്നുവിടാതെ ഞാനയാൾക്കു മുൻപിൽ കുമ്പസരിച്ചു. നടുക്കടലും രാത്രിയും മാത്യൂസും മാത്രം അതു കേട്ടു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അയാൾ ഇരുന്നിടത്തു നിന്ന്​ എഴുന്നേറ്റു. പിന്നെയൊരു ധ്യാനത്തിലെന്നോണം കടലിന്റെ വിദൂരതകളിലേക്ക് നോക്കി. ആ കാഴ്ച കണ്ടപ്പോൾ അയാളൊരു കടൽമത്സ്യമാണെന്നു തോന്നി. അപ്പൻ പറയാറുള്ള കഥകളിലെ ഈശോയുടെ രൂപമുള്ള മത്സ്യം. അതിനെ ഒരൊറ്റ മനുഷ്യരും പിടിക്കാറില്ലായിരുന്നു. എങ്ങാനും വലയിൽ കയറിയാൽ തന്നെ വല മുഴുവനായും മുറിച്ചു മാറ്റിയിട്ടാണേലും കടലിലേക്കു തന്നെ പറഞ്ഞയക്കുന്ന മിശിഹാ മീൻ.

ഇരുന്നിടത്തു നിന്നെഴുന്നേറ്റ് അയാൾക്കരികിൽ ഞാനും നിന്നു. രാത്രിക്കാണോ കടലിനാണോ കൂടുതൽ ഇരുട്ടെന്നു തിരിച്ചറിയാൻ കഴിയാത്തൊരു കറുപ്പായിരുന്നപ്പോൾ ആകാശത്തിനും ചുറ്റിലുമുള്ള കടലിനും. പൈപ്പിൽ നിന്നുമൊരു പുകയെടുത്ത് ആ ഇരുട്ടിലേക്ക് നീട്ടിയൂതിക്കൊണ്ട് കൈരളിയെക്കുറിച്ച് ഞാൻ കണ്ടെത്തിയതും കരുതുന്നതും യഥാർത്ഥ്യത്തോട് ഒട്ടും ചേരുന്നില്ലെന്ന്​ യാതൊരു ദയയുമില്ലാതെ മാത്യൂസ് പറഞ്ഞു.

അതുകേട്ടതോടെ അതുവരെയുണ്ടായിരുന്ന മുഴുവൻ ആത്മവിശ്വാസവും കടലിലേക്ക് ചോർന്നുവീണു. അപ്പോൾ ആകാശത്ത് പ്രത്യക്ഷപ്പെട്ട ചന്ദ്രന്റെ വലുപ്പവും നിറവും എന്നെ ഭയപ്പെടുത്തി. ചുവന്ന്, തീയാളുന്നതു പോലെയുള്ളൊരു ചന്ദ്രൻ!

‘സെബാനെ’, അയാളെന്റെ ചുമലിൽ കൈയ്യിട്ടു പേരുവിളിച്ചു. എത്രയോ നാളുകളായി പരിചയമുള്ളൊരു കൂട്ടുകാരനാണ് അയാളെന്നു തോന്നിപ്പിച്ചത്. അതിനുശേഷം അയാൾ പറഞ്ഞ കാര്യങ്ങൾ കൈരളിയെക്കുറിച്ചുള്ള എന്റെ അന്വേഷണങ്ങൾ കരയിലുറച്ചു പോയൊരു കപ്പലു പോലെ ആയിരുന്നെന്ന് മനസ്സിലായി.

മദ്രാസിൽ എത്തുന്നതു വരെ ഞങ്ങൾ കൈരളിയെക്കുറിച്ചു മാത്രമാണ് സംസാരിച്ചത്. മദ്രാസിൽ നിന്ന്​ നാട്ടിലേക്ക് മടങ്ങിയതും ഞങ്ങൾ ഒരുമിച്ചാണ്. ▮

(തുടരും)


റിഹാൻ റാഷിദ്

നോവലിസ്​റ്റ്​. സമ്മിലൂനി, അഘോരികളുടെ ഇടയിൽ, ലക്ഷദ്വീപ് ഒരു സൂഫി ലാൻറ്​, ഡോൾസ്, പ്രണയ ജിന്നുകൾഎന്നിവ പ്രധാന കൃതികൾ.

Comments