കൊള്ളക്കാർ കൈരളിയെ കൊണ്ടുപോയിട്ടില്ലെടോ, എനിക്കതുറപ്പാണ്. ഞാൻ കൈരളിയെ കണ്ട ദിവസം ആ റൂട്ടിൽ ഞങ്ങളുടെ കപ്പലോ മറ്റേതെങ്കിലും കപ്പലോ ആക്രമിക്കപ്പെട്ടിട്ടില്ല. പക്ഷേ, പല കപ്പലുകളും അവിടെ അപകടത്തിൽ പെട്ടതായി പുരാതന കാലം മുതലുള്ള ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടത് സാമാന്യം വലുപ്പമുണ്ടായിരുന്ന മരിയ എന്ന കപ്പലിന് സംഭവിച്ച അപകടമാണ്.
ഈസ്റ്റിന്ത്യാ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആ കപ്പലിൽ ഇന്ത്യയിൽ നിന്നുള്ള വിലപിടിപ്പുള്ള വസ്തുക്കളായിരുന്നു. ലഭ്യമായ ചരിത്രരേഖകൾ പ്രകാരം 1697-ലാണത് സംഭവിച്ചത്. ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ നിന്ന് കൊള്ളയടിച്ച രത്‌നങ്ങളും സ്വർണങ്ങളും മറ്റു വിലപിടിച്ച വസ്തുക്കളുമടങ്ങിയ ആ കപ്പലിന് മറ്റൊരു പേരുകൂടെയുണ്ടായിരുന്നു- ട്രഷർ; അതായിരുന്നു അതിന് ഈസ്റ്റിന്ത്യാ കമ്പനി വിളിച്ചിരുന്ന രഹസ്യമായ പേര്. അതെന്താണെന്നു ഊഹിക്കാവുന്നതേയുള്ളൂ.
മരിയയിൽ ക്യാപ്റ്റനടക്കം 117 ജീവനക്കാരാണുണ്ടായിരുന്നത്. കൂടാതെ 43 പീരങ്കികളും അതിനകത്ത് സ്ഥാപിച്ചിരുന്നു. കാരണം, അക്കാലത്ത് കടൽക്കൊള്ളക്കാരുടെ വസന്തകാലമായിരുന്നു. പ്രത്യേകിച്ച് അതിന്റെ തൊട്ടുമുന്നത്തെ വർഷം അറ്റ്‌ലാന്റിക്കിൽ നിന്ന് ആഫ്രിക്കൻ മുനമ്പ് ചുറ്റി, അറബിക്കടലിലെത്തിയ ഹെൻറി എവരിയെന്ന കടൽക്കൊള്ളക്കാരൻ അന്നോളം ലോകം കണ്ട ഏറ്റവും വലിയ കൊള്ള നടത്തിയിരുന്നു. ഔംറഗസേബിന്റെ കപ്പലുകളെയാണ് അന്ന് അയാളും കൂട്ടരും ആക്രമിച്ചത്. അതുകൊണ്ടു തന്നെ മരിയ തനിച്ചായിരുന്നില്ല യാത്ര തുടങ്ങിയത്. അഞ്ചുകപ്പലുകളുടെ ഒരു വ്യൂഹമായി ബോംബൈ തുറമുഖത്തു നിന്നാണത് പുറപ്പെട്ടത്.
അറ്റലാന്റ, ക്രൗൺ, ഈസ്റ്റേൺ, ഏയ്ഞ്ചൽ എന്നീ പേരുകളുള്ള നാലു കപ്പലുകളും മരിയയും ശാന്തമായ അറബിക്കടലിന്റെ കാറ്റേറ്റ് നീങ്ങി. യാതൊന്നും പേടിക്കാനില്ലാത്ത സുഖകരമായ കാലാവസ്ഥയിൽ കപ്പലിലെ ക്യാപ്റ്റനും മറ്റു ജീവനക്കാരും ഇന്ത്യയിൽ നിന്ന് കൊള്ളയടിച്ചുകൊണ്ടുപോവുന്ന വിലമതിക്കാനാവാത്ത നിധിയുടെ ആഹ്‌ളാദത്തിലായിരുന്നു. രാജ്ഞിയുടെ അടുത്ത ബന്ധുവായ ഒരു യുവതിയും ആ കപ്പലിലുണ്ടായിരുന്നു. അവരോടുള്ള ബഹുമാനാർത്ഥമായിട്ടാണ് കപ്പലിന് അവരുടെ പേരിട്ടത്. മരിയയെന്ന അതിസുന്ദരിയായ യുവതിയുടെ പരിചാരകരായി ഇരുപതു പേരുണ്ടായിരുന്നു.
പക്ഷേ, മരിയയുടെ യാത്ര വലിയൊരു ദുരന്തത്തിലേക്കാണെന്ന് ആരും പ്രതീക്ഷിച്ചില്ല. ബോംബൈയിൽ നിന്ന് പുറപ്പെട്ട് കറാച്ചിയുടെ അൻപത് നോട്ടിക്കൽ മൈൽ ഉൾക്കടലിലൂടെ അത്യാവശ്യം വേഗതയിൽ തന്നെയാണ് മരിയയും മറ്റു നാലു കപ്പലുകളും സഞ്ചരിച്ചത്. അതിനിടിയിൽ മരിയയിൽ മദ്യസൽക്കാരം നടന്നെന്നും പറയപ്പെടുന്നുണ്ട്. എന്തുതന്നെയായാലും മൂന്നാമത്തെ ദിവസം മരിയ വലിയൊരു കൊടുങ്കാറ്റിലകപ്പെട്ടു. ഈ സമയം കൂടെയുണ്ടായിരുന്ന മറ്റു മൂന്നുകപ്പലുകളും മരിയയിൽ നിന്ന് അൽപ്പം തെക്കുപടിഞ്ഞാറായാണ് സഞ്ചരിച്ചിരുന്നത്. ആ കൊടുങ്കാറ്റിനൊപ്പം ഉയർന്നടിച്ച തിരകളിൽ മരിയ ഒരു കടലാസു തോണിപോലെ ചാഞ്ചാടി. തിരക്കും കാറ്റിനുമെതിരെ പ്രതിരോധിച്ചുനിൽക്കാൻ കഴിയാതെ രണ്ടോ മൂന്നോ മിനുറ്റുകൾക്കുള്ളിൽ മരിയ എന്നെന്നേക്കുമായി അറബിക്കടലിന്റെ അടിത്തട്ടിലേക്ക് ആണ്ടുപോയി. ആർത്തനാദങ്ങൾ കാറ്റിലലിഞ്ഞുചേർന്നു.
കൂടെയുണ്ടായിരുന്ന നാലുകപ്പലുകൾ ഈ ദൃശ്യം കണ്ട് മരിയയിലുള്ളവരെ രക്ഷിക്കാൻ പാഞ്ഞടുത്തെങ്കിലും നിമിഷങ്ങൾക്കകം അവർക്കും മരിയയുടെ ഗതി വന്നു. ഒരേ സമയം നാലുകപ്പലുകൾ അറബിക്കടൽ വിഴുങ്ങി. രണ്ടു ഭാഗങ്ങളായി പിളർന്ന മരിയയുടെ മുൻവശത്തോടുചേർന്ന ഭാഗം അപകടം നടന്നതിന് അൽപ്പം അകലെയായാണ് കടലിൽ താഴ്ന്നത്. അളവറ്റ നിധിയുമായി പോയ മരിയക്ക് സംഭവിച്ച ഈ അപകടത്തിന് സാക്ഷിയായത് ആ കപ്പൽ വ്യൂഹത്തിലുണ്ടായിരുന്ന ക്രൗൺ എന്ന കപ്പലിലെ ക്യാപ്റ്റനും മറ്റു ജീവനക്കാരമാണ്. അവർക്കും മറ്റു നാലു കപ്പലിലുണ്ടായിരുന്ന ആരെയും രക്ഷിക്കാൻ കഴിഞ്ഞില്ല. ആകെ 212 മനുഷ്യരെ അറബിക്കടൽ വിഴുങ്ങി.
ക്രൗണിന്റെ ക്യാപ്റ്റൻ നൽകിയ വിവരമനുസരിച്ച് ഈസ്റ്റിന്ത്യാകമ്പനി മരിയയിൽ നിന്നും നഷ്ടമായ നിധികണ്ടെടുക്കാൻ പലതവണ ശ്രമിച്ചെങ്കിലും കടലിന്റെ ആഴവും ഒഴുക്കും ആ ശ്രമം പരാജയപ്പെടുത്തി. മറ്റു ചില പര്യവേഷണ കപ്പലുകളും കമ്പനികളും പിൽക്കാലത്തും ഈ അളവറ്റ സമ്പത്തിനു വേണ്ടി കിണഞ്ഞു ശ്രമിച്ചിരുന്നു. പക്ഷേ, ഇന്നോളം ആർക്കുമത് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കൈരളിയും ഇതുപോലെ കടലിന്റെ ആഴങ്ങളിൽ എവിടെയോ ഒളിഞ്ഞു കിടക്കുന്നുണ്ട്. അല്ലെങ്കിൽ അത്രയൊന്നും കേട്ടുപരിചയമില്ലാത്ത ഏതോ ഒരു ദ്വീപിലെ പവിഴപ്പുറ്റുകളിലോ പാറക്കെട്ടിലോ ഇടിച്ചു തകർന്ന് ദ്രവിച്ച് നശിക്കുകയാണ്. കൈരളിയെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ ഇനി നടത്തേണ്ടത് കടലിലാണ്. കരയിലതിനെക്കുറിച്ചുള്ള ഊഹങ്ങൾ മാത്രമേയുള്ളൂ. സെബാനത് കണ്ടെത്തിക്കഴിഞ്ഞു. അതിൽക്കൂടുതലൊന്നും കിട്ടാനുമില്ല. ഒന്നുകിൽ കൈരളിയെക്കുറിച്ചുള്ള അന്വേഷണങ്ങൾ ഇവിടെ അവസാനിപ്പിക്കാം. അല്ലെങ്കിൽ കേരളത്തിൽ ഇന്നോളം ആരും ചെയ്യാൻ ധൈര്യപ്പെടാത്ത, എന്നാൽ എല്ലാതരത്തിലും അപകടം പിടിച്ചൊരു കടൽ പര്യവേഷണത്തിന് തയ്യാറാവുക. ഈ രണ്ടു വഴികൾ മാത്രമാണ് നമുക്ക് മുന്നിലുള്ളൂ. ആദ്യത്തേത് എളുപ്പമാണ്. രണ്ടാമത്തേതാണെങ്കിൽ അതൊരു പുതിയ ചരിത്രമാണ്. തന്റെ കൂടെ ഞാനുണ്ടാവും. എന്റെ എല്ലാ അറിവുകളും അനുഭവങ്ങളും നൽകാനും തയ്യാറാണ്. ഇനിയെന്താണെന്നു തീരുമാനിക്കേണ്ടത് സെബാനാണ്- മാത്യൂസത് പറഞ്ഞു തീർത്തപ്പോൾ സത്യത്തിൽ എന്റെ മുന്നിൽ യാതൊരു വഴികളുമില്ലായിരുന്നു. കൃഷ്ണപ്രസാദാവട്ടെ ഇതൊന്നും നടക്കാൻ പോവുന്നില്ല മട്ടിലായിരുന്നു. അതിനൻ നിരത്തിയ കാരണങ്ങളെല്ലാം തന്നെ സത്യമായിരുന്നു. പ്രത്യേകിച്ച് വലിയൊരു സാമ്പത്തിക സഹായം അതിനാവശ്യമാണ്. ഏറ്റവും പ്രഥമികമായി വേണ്ടത് സാമാന്യം സൗകര്യങ്ങളുള്ള ഒരു ചെറുകപ്പലാണ്. മാത്യൂസ് അല്ലാതെ കടലിനെക്കുറിച്ചും കപ്പലിനെക്കുറിച്ചു ധാരണകളുള്ള ഒന്നോ രണ്ടോ ആളുകൾ വേണം. ഇതൊന്നും നടക്കില്ല സെബാനെ... മാത്യൂസിന്റെ വീട്ടിൽ നിന്നിറങ്ങുമ്പോൾ കൈരളിയെ മറന്നേക്കാനാണ് അവൻ പറഞ്ഞത്. പക്ഷേ, എനിക്കത് മറക്കാൻ കഴിയുമായിരുന്നില്ല. എന്തെങ്കിലും വഴി കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചാണ് മാത്യൂസ് ഞങ്ങളെ യാത്രയാക്കിയത്.
തിരികെ വലിയ തുറയിലെത്തിയെങ്കിലും എന്റെ മനസ്സ് മുഴുവൻ കടലിലായിരുന്നു. എങ്ങനെയെങ്കിലും കൈരളിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാതെ യാതൊരു സമാധാനവുമില്ല. ഉറങ്ങാൻ പോലും കഴിയാത്ത രീതിയിലത് മനസ്സിനെ കുഴക്കുകയാണ്. എന്തുചെയ്യണമെന്ന ആലോചനകൾ ദിവസങ്ങളോളം നീണ്ടു.
അതിനിടക്ക് ട്രീസയുടെ ഒരു കത്തു വന്നു. ത്യാഗരാജനെ കണ്ടെത്തിയെന്ന വാർത്തയായിരുന്നു അതിലുണ്ടായിരുന്നത്. ഈഴത്തിന്റെ പ്രവർത്തകർ ഡിഗ്ഗിപ്പൂരിൽ വച്ചാണ് അയാളെ കണ്ടെത്തിയത്. അവർ പറഞ്ഞതനുസരിച്ച്, ഡിഗ്ഗിപ്പൂരുകാരനായൊരു തമിഴ് വംശജനായിരുന്നു അവൻ. കുറേക്കാലം അവിടത്തെ മലയാളികളുടെ കൂടെ ജോലിചെയ്തിരുന്നു. റെഡ്ഡിയുടെ കമ്പനിയിൽ ജോലി ചെയ്തിരുന്ന സമയത്ത് അവരുമായി എന്തോ പ്രശ്‌നങ്ങളുണ്ടാവുകയും ബീഹാറി ഗുണ്ടകൾ അവനെ മർദ്ദിച്ചവശനാക്കി സെന്റിനൽ ദ്വീപിന് സമീപത്ത് ഉപേക്ഷിക്കുകയുമായിരുന്നു. അവിടെ നിന്ന് നേവിക്കാർ രക്ഷിച്ചാണ് ജയിലിൽ എത്തിയത്. അന്നു തൊട്ട് ചെറിയ മാനസിക പ്രശ്‌നങ്ങൾ കാണിച്ചിരുന്നെങ്കിലും അവന് ഗുരുതരമായ മാനസികാസ്വസ്ഥതകളുണ്ടായിരുന്നില്ല. ജയിലിൽ നിന്നും പരിചയപ്പെട്ട അൻപരസ് അയാളുടെ കഥകൾ അവനോട് പറഞ്ഞതായി അവൻ സമ്മതിച്ചു.. ഒരുപക്ഷേ, താൻ മരിച്ചുപോയാലും കൈരളിയെക്കുറിച്ച് പുറംലോകം അറിയാൻ വേണ്ടി അൻപരസ് തീരുമാനിച്ചിരിക്കാം!
ഏകദേശം മാത്യൂസിന്റെ കണക്കുകൂട്ടൽ പോലെ തന്നെ ആയിരുന്നത്. ഈഴത്തിന്റെ പ്രവർത്തകരോട് അവൻ പറഞ്ഞത് അങ്ങനെയാണ്. അക്കൂട്ടത്തിൽ അവന്റെ അതേ പേരുള്ള ത്യാഗരാജനെക്കുറിച്ചും പറഞ്ഞു. എങ്ങനെയെങ്കിലും ജയിലിൽ നിന്നും രക്ഷപ്പെടാൻ ആഗ്രഹിച്ച സമയത്താണ് ഞങ്ങൾ അവിടെ എത്തുന്നത്. അൻപരസിനെ അന്വേഷിച്ച് കുറച്ചുപേർ വന്നത് ജയിൽ ഉദ്യോഗസ്ഥരിൽ നിന്നും അവനുമറിഞ്ഞു. അത് അവൻ ഒരു അവസരമാക്കി മാറ്റി. മാത്രമല്ല, ജയിലിനുള്ളിൽ അൻപരസുമായി ബന്ധമുണ്ടായിരുന്ന തന്നോട് അയാളെക്കുറിച്ച് അന്വേഷിക്കുമെന്നും അവനുറപ്പായിരുന്നു. പലസമയങ്ങളിലായി അൻപരസ് പങ്കുവച്ച എല്ലാ കാര്യങ്ങളും അവൻ ഞങ്ങളോട് പറയുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ അറിയില്ലാത്തതുകൊണ്ടാണ് അവൻ മാനസികരോഗത്തിന്റെ ലക്ഷണങ്ങൾ കാണിച്ചത്. മറ്റൊരു വഴിയും ഇല്ലാത്തതുകൊണ്ടാണ് മദുഗരയെ ആക്രമിച്ച് രക്ഷപ്പെട്ടത്. ഇതുകൂടാതെ കൈരളിയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പുരോഗതികളെക്കുറിച്ചും ട്രീസ അന്വേഷിച്ചിരുന്നു. അന്നുതന്നെ ഞാൻ ട്രീസയ്ത് മറുപടി അയച്ചു. മാത്യൂസ് സൂചിപ്പിച്ച പര്യവേഷണത്തെക്കുറിച്ച് വിശദമായി തന്നെ അതിലെഴുതി. സത്യത്തിൽ അവളോട് മാത്രമായിരുന്നു എനിക്കെല്ലാം പറയാൻ തോന്നിയത്.
ദിവസങ്ങൾ കഴിയുന്തോറും എന്തുചെയ്യണമെന്ന കാര്യത്തിൽ യാതാരു നിശ്ചയവുമില്ലായിരുന്നു. അതേസമയം, കൈരളിയെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാനും തോന്നിയില്ല. അങ്ങനെയാണ് ഒരു കപ്പൽ സ്വന്തമാക്കുന്നതിനെക്കുറിച്ച് ആലോചിച്ചു തുടങ്ങിയത്. ഒരു മരക്കഷ്ണം പോലും വാങ്ങാൻ കഴിവില്ലാത്തവർ കപ്പൽ വാങ്ങാനിറങ്ങിയിരിക്കുന്നു. ഞാനിക്കാര്യം സൂചിപ്പിച്ചപ്പോൾ കൃഷ്ണപ്രസാദിന്റെ മറുപടി ഇതായിരുന്നു. അവനെ കുറ്റം പറയാൻ പറ്റില്ല. അവൻ യഥാർത്ഥ്യ ബോധത്തോടെയാണ് കാര്യങ്ങളെ കാണുന്നത്. ഞാനാണെങ്കിൽ ഏതോ സ്വപ്നലോകത്തുമാണ്. എന്നു കരുതി ഞാനത് ഉപേക്ഷിച്ചില്ല. ഇക്കാര്യങ്ങൾ എല്ലാമെഴുതി ട്രീസക്ക് ഒരു കത്തു കൂടി അയച്ചു. രണ്ടുമാസം കഴിഞ്ഞിട്ടും അവളുടെ മറുപടിയൊന്നും ലഭിച്ചില്ല. അതെന്നെ സങ്കടപ്പെടുത്തി.
കൃഷ്ണപ്രസാദ് കരുതുന്നതു പോലെ എനിക്ക് ഭ്രാന്താണെന്ന് ട്രീസയും കരുതുന്നുണ്ടാവമെന്ന് ആലോചിച്ച് മാത്രമായിരുന്നില്ലയത്. മറിച്ച് ഈ ലോകത്ത് എന്നെ മനസ്സിലാക്കാൻ ആരുമില്ലെന്ന വിഷമമായിരുന്നു. അപ്പനുണ്ടായിരുന്നെങ്കിൽ ആരുടേയും ആവശ്യമില്ലായിരുന്നു. സങ്കടം സഹിക്കാൻ വയ്യാതായപ്പോൾ ഞാൻ നേരെ ഞങ്ങളുടെ പഴയ ബോട്ടിനകത്തു ചെന്നിരുന്നു. കടലിന്റെ ആട്ടത്തിൽ അതിനകത്തു കിടക്കുമ്പോൾ അപ്പന്റെ ചുമലിൽ കിടക്കുന്ന മൂന്നു വയസ്സുകാരനായി.
പിന്നെയും ഒരുമാസം കഴിഞ്ഞാണ് ട്രീസയുടെ കത്തുകിട്ടുന്നത്. ഓഫീസിലെ ചില തിരക്കുകളും മറ്റും കാരണം മറുപടി എഴുതാൻ താമസിച്ചതിൽ ക്ഷമ ചോദിച്ചുകൊണ്ടാണ് അവൾ കത്ത് തുടങ്ങിയത്. ഒരു കപ്പൽ വാങ്ങാനുള്ള സാമ്പത്തിക ബാധ്യതയെക്കുറിച്ചു തന്നെയാണ് അവളും സൂചിപ്പിച്ചത്. വെങ്കിടാചലത്തിനേയും എസ്തനോസിനേയും ചെന്നു കണ്ടാൽ ഇക്കാര്യത്തിൽ ആവശ്യമായ ഉപദേശം ലഭിക്കുമെന്ന പ്രതീക്ഷയും അവൾക്കുണ്ടായിരുന്നു. മാത്രമല്ല, ഒന്നോ രണ്ടോ മാസത്തിനകം നാട്ടിലേക്കു വരുന്നെന്നും ആ കത്തിൽ സൂചിപ്പിച്ചു. എനിക്കതൊരു പുതിയ വെളിച്ചമായിരുന്നു. എന്തുകൊണ്ട് വെങ്കിടാചലത്തിനേയും എസ്തനോസിനേയും ചെന്നു കാണാൻ തോന്നിയില്ലെന്നത് ആലോചിച്ച് സ്വയം പുശ്ചം തോന്നി. അന്നു തന്നെ ഇക്കാര്യങ്ങൾ കൃഷ്ണപ്രസാദിനോട് ചർച്ച ചെയ്തു. പ്രതീക്ഷയൊന്നും ഇല്ലെങ്കിലും അവനും വരാമെന്നേറ്റു. പക്ഷേ, ആദ്യം ആരെ കാണണം എന്നതായിരുന്നു എന്റെ സംശയം. അവസാനം കാണുന്ന സമയത്ത് എസ്തനോസിന്റെ ആരോഗ്യം വളരെ മോശം അവസ്ഥയിലായിരുന്നു. ഇനി അയാൾ മരിച്ചോ അതോ കിടപ്പിലാണോ എന്നുമറിയില്ല. അവസാനം ആദ്യം വെങ്കിടാചലത്തിനെ തന്നെ കാണാൻ തീരുമാനിച്ചു. മൂന്നു ദിവസം കഴിഞ്ഞാണ് കന്യാകുമാരിക്ക് ചെന്നത്. കയ്യിൽ പണമില്ലാത്തതു കാരണമായിരുന്നത്. ആബേലാശാനാണ് സഹായിച്ചത്. എന്തിനും കൂടെയുണ്ടെന്ന് ആശാനെന്നെ കെട്ടിപ്പിടിച്ചു പറഞ്ഞപ്പോൾ വല്ലാത്തൊരു ധൈര്യം തോന്നി.
ഇരുപത്
രാത്രിയോടെ കന്യാകുമാരിയിലെത്തിയ ഞങ്ങൾ, ആ പഴയ ലോഡ്ജിൽ തന്നെ മുറിയെടുത്തു. അവിടെയിരുന്ന് കടലിനെ നോക്കിയപ്പോൾ സെന്തിലിന്റെ അസ്സാന്നിദ്ധ്യം എന്നെ വേട്ടയാടി. അവനിപ്പോൾ എവിടെയായിരിക്കുമെന്ന എന്റെ ആത്മഗതം കേട്ട കൃഷ്ണപ്രസാദ് പള്ളുവിളിച്ചു. എന്നിട്ടും സെന്തിലിനെ മറക്കാൻ കഴിഞ്ഞില്ല. മദുഗരയുടെ കൂടെ അവനുമിപ്പോൾ ഈഴത്തിന്റെ സൈന്യത്തിലായിരിക്കുമോ?
അതാലോചിക്കുന്തോറും എന്തിനെന്നില്ലാതെ ഭയം എന്നെയാകെ മൂടി. മാത്യൂസ് പറഞ്ഞിരുന്ന കടലിലെ മഞ്ഞുപോലെ അത് ഓരോ നിമിഷത്തിലും കൂടിക്കൂടി വന്നു. പലരൂപങ്ങളായി മാറിമറിഞ്ഞു. അതിലൊരു രൂപം സാക്ഷാൽ സെന്തിൽ തന്നെയായിരുന്നു. ഒരു തോക്കുമായി, ഈഴത്തിന്റെ യൂനിഫോം ധരിച്ച് ബോട്ടിന്റെ അറ്റത്തു നിൽക്കുന്ന സെന്തിൽ! അന്നു രാത്രി അക്കാര്യം ആലോചിച്ച് ഉറങ്ങാൻ കഴിഞ്ഞില്ല. പിറ്റേന്നു പകൽ വെങ്കിടാചലം സാറിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. പറ്റിയാൽ സാറിന്റെ ഒരു ഇന്റർവ്യൂകൂടെ സംഘടിപ്പിക്കണമെന്ന് അപ്പോഴാണ് കൃഷ്ണകുമാർ പറഞ്ഞത്. അതിനായിരുന്നവൻ വന്നതുപോലും! എല്ലാ മനുഷ്യർക്കും അവരവരുടേതായ ലക്ഷ്യങ്ങൾ പൂർത്തീകരിക്കണം. അതിനവര് ഏത് അവസരവും ഉപയോഗിക്കുക തന്നെ ചെയ്യും. അല്ലാത്തവര് ബുദ്ധിശൂന്യരാണെന്നാണ് കൃഷ്ണപ്രസാദിന്റെ അഭിപ്രായം. എനിക്കതിനോട് യോജിക്കാൻ കഴിഞ്ഞില്ല. പക്ഷേ, ആ നേരത്ത് അവനോടൊരു തർക്കത്തിനുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു. അതുകൊണ്ടുമാത്രം പ്രത്യേകിച്ചൊന്നു പറഞ്ഞില്ല. എല്ലാം മൂളിക്കേട്ടു.
അപ്രതീക്ഷിതമായി എന്നെ കണ്ടതിന്റെ അത്ഭുതം സാറ് മറച്ചുവച്ചില്ല. ആന്തമാനിൽ എത്തിയതുമുതൽ മാത്യൂസിന്റെ വീട്ടിൽ വച്ച നടന്നതു വരേയുള്ള എല്ലാ കാര്യങ്ങളും സാറിനോട് പറയാൻ ഏകദേശം ഒരുമണിക്കൂർ സമയമെടുത്തു. സാറാവട്ടെ, ഒരു കുഞ്ഞിന്റെ കൗതുകത്തോടെയാണ് കേട്ടിരുന്നത്. ഇടയ്ക്ക് ഒന്നു രണ്ടുതവണ എന്തോ ആവശ്യത്തിനു വീടിനുള്ളിലേക്ക് കയറിയെന്നല്ലാതെ യാതൊരു മുഷിച്ചിലും കാണിച്ചില്ല. അതെനിക്ക് വലിയ ആശ്വാസമായി. സാറ് വല്ല മുഷിപ്പും കാണിക്കുമെന്ന പേടി എന്റെയുള്ളിൽ ഉണ്ടായിരുന്നെന്നത് സത്യമാണ്. പ്രത്യേകിച്ച്, റിട്ടയർ ലൈഫ് ആഘോഷിക്കാൻ തീരുമാനിച്ച ഒരാളായതുകൊണ്ട്. പക്ഷേ, എന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടാണ് സാറിന്റെ പ്രതികരിച്ചത്. നേവിയിൽ നിന്നും പിരിഞ്ഞ് മൂന്നു വർഷം കഴിഞ്ഞ എന്റെ ജീവിതത്തിന്റെ മൂന്നാമത്തെ ഭാഗത്തിന്റെ തുടക്കം ആ നിമിഷത്തിലായിരുന്നു!. മാത്യൂസ് പറഞ്ഞതു തന്നെയാണ് ഇനി ചെയ്യേണ്ടതെന്നു അഭിപ്രായപ്പെട്ടാണ് സാറ് സംസാരിച്ചു തുടങ്ങിയത്. അതിനു വേണ്ടി വീണ്ടും കപ്പിത്താന്റെ കുപ്പായം അണിയാൻ തയ്യാറാണെന്ന് സാറ് ആവേശത്തോടെ പറഞ്ഞപ്പോൾ എന്റെ രോമങ്ങൾ എഴുന്നേറ്റു നിന്നു. സന്തോഷംകൊണ്ടെന്റെ കണ്ണുകൾ നിറഞ്ഞു.
പക്ഷേ, തുടർന്നു സാറ് സൂചിപ്പിച്ച കാര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല. അതായത് ഒരു ചെറുകപ്പല് സ്വന്തമാക്കാൻ പോലും വലിയ തുക ചിലവു വരും. മാത്രമല്ല, അതിന്റെ രജിസ്‌ട്രേഷനും മറ്റു നിയമനടപടികളും വലിയ പ്രയാസമാണ്. പിന്നെയുള്ള വഴി, സർക്കാർ തലത്തിൽ ഒരു പര്യവേഷണ കപ്പൽ സംഘടിപ്പിക്കലാണ്. അതിനൊരു വഴിയും സാറിന്റെ മനസ്സിലുണ്ടായിരുന്നു.
അതനുസരിച്ച്, 1975-ൽ പ്രധാനമന്ത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ മൂന്നാമത്തെ ദിവസം ഇന്ത്യയിൽ നിന്നും മഡഗാസ്‌കർ ദ്വീപിലേക്ക് പോയ ആർ.എം.എസ് എന്നു പേരുള്ള കപ്പൽ. അതിനകത്ത് ഏകദേശം മൂന്നു ട്രില്യൺ ഡോളർ വിലമതിക്കുന്ന സ്വർണ്ണവും വെള്ളിയും അപൂർവ്വ രത്‌നങ്ങളും ഉണ്ടായിരുന്നു. ചില പ്രധാനപ്പെട്ട രേഖകളും അതിലുണ്ടെന്ന് വ്യക്തമല്ലാത്ത സൂചനകളുമുണ്ടായിരുന്നു. അടിയന്തിരാവസ്ഥയുടെ മറവിൽ നടത്തിയൊരു കള്ളക്കടത്ത് ആയിരുന്നത്! അന്നത്തെ ചില ഉദ്യോഗസ്ഥരും ഒരു വ്യവസായ പ്രമുഖനുമാണ് അതിനു പിന്നിലുണ്ടായിരുന്നതെന്ന് രഹസ്യ വിവരമാണ്. അവരുടെ നിർഭാഗ്യത്തിന് ആ കപ്പൽ അറബിക്കടലിൽ 22°N-65°E നും സമീപത്തുവച്ച് മുങ്ങി. രണ്ടാം ലോകമഹായുദ്ധകാലത്ത് നിക്ഷേപിക്കപ്പെട്ട ഒരു നേവൽ മൈനിൽ തട്ടിയാണത് മുങ്ങിയതെന്നാണ് നിഗമനം.
അടിയന്തരാവസ്ഥക്കാലമായതുകൊണ്ട് അന്നത് വളരെ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ഒറ്റ പത്രക്കാരു പോലും ഈ വിവരമറിഞ്ഞിട്ടില്ല. ഇന്നുമതൊരു നിഗൂഢരഹസ്യമായി തന്നെ നിൽക്കുകയാണ്. അന്നത്തെ സർക്കാറിലുള്ള ഏതോ മന്ത്രിക്ക് ഈ ഇടപാടുമായുള്ള ബന്ധമാണെന്നാണ് അതിനു പറയുന്ന കാരണം.
ഈ സമയത്ത് നേവീ ഇന്റലിജൻസിൽ ജോലി ചെയ്തിരുന്ന വെങ്കിടാചലം സാറിന് ഇക്കാര്യം അറിയാമായിരുന്നു. മാത്രമല്ല, അത്രയും വിലപിടിപ്പുള്ള വസ്തുക്കൾ തിരിച്ചെടുക്കാൻ ആരും മെനക്കെട്ടിട്ടുമില്ല. ഈ വിവരങ്ങൾ വച്ച് ഇപ്പോഴത്തെ വൈസ് അഡ്മിറലിനെ ചെന്നു കാണാമെന്നാണ് സാറ് കണക്കുകൂട്ടുന്നത്. അവർ ഒരുമിച്ചു പഠിച്ചതുമാണ്. അദ്ദേഹം അതിനു സമ്മതിക്കുകയാണെങ്കിൽ ഒരു കപ്പൽ ലഭിക്കാൻ വലിയ പ്രയാസമില്ല. ഈ ദൗത്യത്തിന്റെ മറവിൽ കൈരളിയെ അന്വേഷിക്കുകയാണ് ലക്ഷ്യം 1957-ൽ റഷ്യയിൽ നിന്നു വാങ്ങിയ ഏകദേശം നാൽപ്പതുവർഷം പഴക്കമുള്ള ഒരു കപ്പൽ നേവി പൊളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആ കപ്പലാണ് സാറ് ലക്ഷ്യമിടുന്നത്.
ഇത്രയും കേട്ടപ്പോൾ തന്നെ കൃഷ്ണപ്രസാദിന്റെയും മനസ് മാറി. എത്രയും പെട്ടന്ന് അതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങണം എന്നായി അവൻ. മാത്രമല്ല അന്നു തന്നെ ഈ ദൗത്യത്തിൽ ആരെയെല്ലാം പങ്കെടുപ്പിക്കാം എന്നതിനെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു. മാത്യൂസ് എന്തായാലും കൂടെയുണ്ടാവുമെന്ന് സാറിന് ഉറപ്പായിരുന്നു. കാരണം അയാളാണ് ഇങ്ങനയൊരു ആശയം മുന്നോട്ടു വച്ചതു തന്നെ. പക്ഷേ, എസ്തനോസിനെ ഈ ദൗത്യത്തിൽ കൂടെക്കൂട്ടാൻ സാറിനൊട്ടും താത്പര്യമില്ല. അവര് തമ്മിലുള്ള എന്തോ വ്യക്തിവൈരാഗ്യമാണ് അതിനു പിന്നിലെന്നാണ് കൃഷ്ണപ്രസാദ് പറഞ്ഞത്. പക്ഷേ, ഞങ്ങൾ നാലു പേർ മാത്രം മതിയാവുകയുമില്ല. ഒരു മുങ്ങൽ വിദഗ്ദനില്ലാതെ കടലിൽ ഒന്നും ചെയ്യാൻ സാധിക്കുകയുമില്ല. അതിനും സാറ് തന്നെ ഒരാളെ ചൂണ്ടിക്കാണിച്ചു. മുൻ നേവിക്കാരനും ഇപ്പോൾ കന്യാകുമാരിയിൽ സ്വന്തം നിലക്ക് മുങ്ങൽ പരിശീലനവും നൽകുന്ന പസന്തി ആയിരുന്നത്. പസന്തിയുമായി സാറ് തന്നെ സംസാരിക്കാമെന്നേറ്റു..
സാറ് പറഞ്ഞതനുസരിച്ച് നേരെ മാത്യൂസിന്റെ വീട്ടലേക്കു ചെന്നു. വെങ്കിടാചലത്തിന്റെ പദ്ധതികൾ കേട്ടുകഴിഞ്ഞപ്പോൾ മാത്യൂസ് ഒന്നുകൂടെ ആവേശത്തിലായി. ഒരാഴ്ച കഴിഞ്ഞ് കന്യാകുമാരിയിലേക്കുചെന്ന് വെങ്കിടാചലത്തെ നേരിട്ടുകണ്ട് കൂടുതൽ വ്യക്തത വരുത്തണമെന്നും അതിന് തയ്യാറെടുത്തു നിൽക്കാൻ ഓർമിപ്പിച്ചുമാണ് ഞങ്ങളെ മാത്യൂസ് യാത്രയാക്കിയത്. പക്ഷേ, ഇതെല്ലാം നടക്കുമോ, നടന്നാൽ തന്നെ എത്രസമയമെടുക്കും എന്ന ആശങ്കയിലായിരുന്നു ഞാൻ. സെന്തിൽ കൂടെയുണ്ടായിരുന്നെങ്കിലെന്ന് വീണ്ടും വീണ്ടും തോന്നി. പ്രത്യേകിച്ച് അവൻ നല്ലൊരു ഡൈവർ ആയതുകൊണ്ട്. തിരികെ തുറയിലെത്തിയ ഉടനെ ഈ വിവരങ്ങളെല്ലാം അറിയിച്ച് ട്രീസയ്ക് കമ്പിയടിച്ചു. അടുത്ത ദിവസം തന്നെ ട്രീസയുടെ മറുപടി ടെലഗ്രാമും ലഭിച്ചു. അവൾ നാട്ടിലേക്ക് പുറപ്പെടുന്നതിനെക്കുറിച്ചാണ് അതിലുണ്ടായിരുന്നത്. വന്നാൽ ഉടനെ ചെന്നുകാണണമെന്ന് തീരുമാനിച്ചു. ▮
(തുടരും)