ചിത്രീകരണം: ശശി ഭാസ്കരൻ

12°38’10’’N

അധ്യായം 21

മാത്യൂസും ഞാനുമാണ് ഇത്തവണ വെങ്കിടാചലത്തിനെ കാണാൻ പോയത്. സമാന്യം വലുപ്പമുള്ള ബാഗുമായി വന്ന മാത്യൂസിനെ കണ്ടപ്പോൾ ഇയാളിനി ഇന്നു തന്നെ കടലിലേക്ക് ഇറങ്ങാനുള്ള പുറപ്പാടിലാണോ എന്നു ഞാൻ ആലോചിച്ചു. ജോലിത്തിരക്കു കാരണം കൃഷ്ണപ്രസാദിന് വരാൻ കഴിഞ്ഞില്ല. ഏതു സമയത്ത് കന്യാകുമാരിയിലെത്തിയാലും നേരെ വീട്ടീലേക്ക് വന്നേക്കാൻ കഴിഞ്ഞ തവണ സാറ് ഓർമിപ്പിച്ചിരുന്നു. അതുകൊണ്ട്, രാത്രിയായിട്ടും ഞങ്ങൾ നേരെ സാറിന്റെ വീട്ടിലേക്ക് കയറിച്ചെന്നു.

മാത്യൂസിനെ സാറിനു പരിചയപ്പെടുത്തേണ്ടി വന്നില്ല. ഒരു കപ്പിത്താനെ മറ്റൊരു കപ്പിത്താന് മനസ്സിലാക്കാൻ ചില രഹസ്യ അടയാളങ്ങൾ ഉണ്ടെന്നാണ് അക്കാര്യത്തെക്കുറിച്ച് അവരിരുവരും പറഞ്ഞത്. ഞാനതു കേട്ട് ചിരിച്ചു. ഞാനൊരു ഡ്രാഫ്റ്റ് ചെയ്തിട്ടുണ്ടെന്നു പറഞ്ഞ് മാത്യൂസാണ് സംസാരിച്ചു തുടങ്ങിയത്. അപ്പോഴാണ് അയാൾ ബാഗിനകത്തു നിന്ന്​ കുറച്ചു പേപ്പറുകൾ എടുത്തു നിവർത്തിയിട്ടു.

ആദ്യത്തെ ചിത്രത്തിൽ വെങ്കിടാചലം സാറ് പറഞ്ഞ കപ്പലിന്റെ രേഖാചിത്രമായിരുന്നു.

രണ്ടാമത്തേതിൽ കൈരളിയുടെ ചിത്രം.

മൂന്നാമത്തേതും ഏറ്റവും വലുതുമായ കടലാസിൽ ബോംബൈയിൽ നിന്നും ഗൾഫ് ഓഫ് ഏദൻ വരെയുള്ള അറബിക്കടലിന്റെ സമഗ്രമായ വിവരണങ്ങളായിരുന്നു. അക്ഷാംശവും രേഖാംശവുമെല്ലാം വിശദമായി രേഖപ്പെടുത്തിയ അസ്സലൊരു മറൈൻ മാപ്പ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്യൂസ് സ്വയം വരച്ചെടുത്തതായിരുന്നു അത്!

അത്രയും തയ്യാറെടുത്താണ് മാത്യൂസ് വരുന്നതെന്ന്​ ഞാനോ സാറോ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, അതൊരു വലിയ പദ്ധതിയിലേക്കുള്ള ആദ്യത്തെ ചുവടുവയ്പായിരുന്നു. രണ്ടു ദിവസം സാറിനൊപ്പം താമസിച്ചു. അതിനിടയിൽ ഞങ്ങൾ മൂവരും പസന്തിയെ ചെന്നു കണ്ടു. ഞാൻ കരുതിയത് അയാളൊരു വയസ്സനായിരിക്കുമെന്നാണ്. ആദ്യ കാഴ്ചയിൽ തന്നെ അതു മാറി. ചുറുചുറുക്കുള്ള ആരോഗ്യവാനുമായിരുന്ന പസന്തി. സംസാരത്തിൽ നിന്ന്​ അയാളുടെ പ്രായം മുപ്പതുകളുടെ അവസാനത്തിലാണെന്നും മനസ്സിലായി. പസന്തിയോട് സാറ് കാര്യങ്ങളെല്ലാം മുൻപ് സംസാരിച്ചിരുന്നു. അതുകൊണ്ട് പ്രത്യേകിച്ചൊരു മുഖവുരയുടെ ആവശ്യം വന്നില്ല. കടലിനടിയിൽ കിടക്കുന്ന വസ്തുക്കളെ, അത് കപ്പലായാലും മറ്റെന്തു വസ്തുക്കളായാലും കണ്ടെത്താൻ, സഹായിക്കുന്ന കുറച്ച് ഉപകരണങ്ങളും അത്യാവശ്യമാണെന്നാണ് പസന്തിയുടെ അഭിപ്രായം. വിദേശങ്ങളിലൊക്കെ അതിനായി ചില ഉപകരണങ്ങളുണ്ട്. പ്രത്യേകിച്ച് സോണാർ പോലുള്ള ഉപകരണങ്ങൾ. അതൊക്കെ വിലക്കു വാങ്ങിക്കാൻ വലിയ തുക ചെലവു വരും. അതൊക്കെ സ്വയം നിർമിക്കാം എന്നാണ് പസന്തിയുടെ തീരുമാനം.

അതിനായി അയാളൊരു കഥയും പറഞ്ഞു.

ന്യൂസിലാന്റിലെ ഓക്​ലാൻറ്​ തീരത്തു നിന്ന്​ ഏകദേശം 26 നോട്ടിക്കൽ മൈൽ ദൂരത്ത് പസഫിക് സമുദ്രത്തിൽ നടന്നൊരു സംഭവമായിരുന്നത്. കൃത്യമായി പറയുകയാണെങ്കിൽ രണ്ടാംലോക മഹായുദ്ധത്തിന്റെ തുടക്കകാലത്ത് ബ്രിട്ടനിൽ നിന്ന്​ എട്ടരടൺ സ്വർണവുമായി അമേരിക്കയിലേക്ക് പുറപ്പെടുകയും ജർമ്മൻ സേന വിതറിയ നേവൽ മൈനിൽ തട്ടി പസഫിക്കിന്റെ ആഴങ്ങളിലേക്ക് ആണ്ടുപോകുകയും ചെയ്​ത കപ്പലിൽ നിന്ന്​ ആ സ്വർണം വീണ്ടെടുക്കാനുള്ള ശ്രമം.

ഓക്​ലാൻറ്​ തുറമുഖത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ക്ലൈമോർ എന്നുപേരുള്ള, 40 വർഷം പഴക്കമുള്ള ഒരു ആവിക്കപ്പൽ ഈയൊരു ദൗത്യത്തിനായി ക്യാപ്റ്റൻ ജോൺ വില്യംസ് എന്ന ആസ്‌ത്രേലിയക്കാരൻ വാങ്ങുകയായിരുന്നു. ഒന്നാംലോക മഹായുദ്ധകാലത്ത് യുദ്ധത്തിൽ പങ്കെടുത്ത വിദഗ്ദനായൊരു കപ്പിത്താനായിരുന്നു വില്യംസ്. പഴയ ക്ലൈമോറിനെ അദ്ദേഹം അറ്റകുറ്റപ്പണികൾ നടത്തി. പക്ഷേ, പസഫിക്കിൽ തകർന്നു കിടക്കുന്ന കപ്പൽ വളരെ ആഴത്തിലായതുകൊണ്ട് നല്ലൊരു ഡ്രൈവറെ വില്യംസിന് ആവശ്യമായിരുന്നു.

അനേകം നാളുകളുടെ അന്വേഷണത്തിനൊടുവിൽ യോനയെന്നു പേരുള്ള ഒരു ഡ്രൈവറെ വില്യംസ് കണ്ടെത്തി. അതിനിടയിൽ ഈ വില്യംസ്, യോനയെ കടലിന്റെ അടിത്തട്ടിൽ ഇറക്കാനുള്ളൊരു ഡൈവിംഗ് ബെൽ സ്വന്തമായി ഉണ്ടാക്കുകയും ചെയ്തു. അതുവച്ചാണ് അവർ ആ ബ്രിട്ടീഷ് കപ്പലിൽ നിന്നും സ്വർണക്കട്ടികൾ കണ്ടെടുത്തത്.

ഏകദേശം ഇതേ പദ്ധതി തന്നെയായിരുന്നു പസന്തിയുടെ മനസ്സിലും.

ക്യാപ്റ്റൻ വില്യംസ് എന്താണോ ചെയ്തത് അതെല്ലാം തന്നെ ആവർത്തിക്കുക എന്നതായിരുന്നില്ല അത്. മറിച്ച്, കൂടുതൽ മെച്ചപ്പെട്ട രീതിയിലുള്ള പുതിയ സംവിധാനങ്ങൾ കണ്ടെത്തി, അത് സ്വയം നിർമിക്കുക എന്നതായിരുന്നു.

മാത്യൂസും വെങ്കിടാചലവും അയാളുടെ പദ്ധതിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. പസന്തി ഉദ്ദേശിക്കുന്ന തരത്തിൽ കാര്യങ്ങൾ നടന്നാൽ ഞങ്ങൾക്ക് വലിയൊരു പ്രശ്‌നത്തിൽ നിന്ന്​ രക്ഷപ്പെടാൻ കഴിയുമെന്ന ആശ്വാസമായിരുന്നു അതിനു പിന്നിലുണ്ടായിരുന്നത്. അതായത് അത്രയും ഉപകരണങ്ങൾ സംഘടിപ്പിക്കുന്നതിനു വേണ്ട എല്ലാ ബാധ്യതകളും ഒഴിവാകുമെന്നത്. അക്കാര്യത്തിൽ എനിക്കും മറിച്ചൊന്നും ചിന്തിക്കാനില്ലായിരുന്നു.

മടങ്ങാൻ തുടങ്ങിയ ഞങ്ങളെ പസന്തി അവിടെതന്നെ താമസിക്കാൻ നിർബന്ധിപ്പിച്ചു. ഇടക്കിടെ കന്യാകുമാരിയിൽ വന്നുപോവുന്നത് ഒഴിവാക്കാനും മറ്റു കാര്യങ്ങൾ വേഗത്തിൽ നടത്താനും അതുപകരിക്കും. മാത്രവുമല്ല, കുടുംബം മറ്റൊരിടത്ത് താമസിക്കുന്നതുകൊണ്ട് പസന്തിയുടെ പരിശീലന കേന്ദ്രമായി ഉപയോഗിക്കുന്ന വീട്ടിൽ ഞങ്ങൾക്ക് താമസിക്കാനുള്ള എല്ലാ സൗകര്യവും ഉണ്ടായിരുന്നു. ആകെയുണ്ടായിരുന്ന വിഷമം ട്രീസയെ കാണാൻ കഴിയില്ലെന്നതാണ്. എന്തായാലും കുറച്ചു ദിവസങ്ങൾ ഞങ്ങളെ കാണാതായാൽ കൃഷ്ണപ്രസാദ് അന്വേഷിച്ചു വരുമെന്നു എനിക്കുറപ്പായിരുന്നു.

എല്ലാ ദിവസവും രാവിലെ എട്ടരമണിയാവുമ്പോൾ വെങ്കിടാചലം സാറ് ഞങ്ങളുടെ താമസസ്ഥലത്തേക്ക് എത്തും.

ആദ്യത്തെ ഒന്നു രണ്ടു ദിവസങ്ങൾ അദ്ദേഹം വന്നു കഴിഞ്ഞാണ് മാത്യൂസ് എഴുന്നേറ്റിരുന്നത്.

മൂന്നാമത്തെ ദിവസം മുതൽ അതിരാവിലെ തന്നെ എഴുന്നേറ്റ് വ്യയാമങ്ങൾ ചെയ്ത് വസ്ത്രം മാറി ഇരിക്കാൻ തുടങ്ങി. സത്യം പറഞ്ഞാൽ പുറപ്പെടാൻ ഒരുങ്ങി നിൽക്കുന്ന കപ്പലിലെ ക്യാപ്റ്റന്റെ ഭാവമായിരുന്നു മാത്യൂസിനപ്പോൾ. അതെന്നേയും മാറ്റിയെടുത്തു. അലസതകൾ ഒഴിവാക്കി ഞാനും കുളിച്ച് തയ്യാറായി നിൽക്കാൻ തുടങ്ങി.

ഞങ്ങളുടെ ഈ മാറ്റം ഏറ്റവും സന്തോഷിപ്പിച്ചത് സാറിനെയാണ്. നേവി മേധാവിക്ക് സമർപ്പിക്കാനുള്ള സമഗ്രമായ അപേക്ഷ തയ്യാറാക്കലായിരുന്നു ആ ദിവസങ്ങളിൽ ഞങ്ങൾ ചെയ്തത്. തൊട്ടടുത്ത ആഴ്ച സാറ് ബോംബൈയിലേക്ക് പോയി. വൈസ് അഡ്മിറലിനെ കാണാനുള്ള ആ യാത്രയിൽ ഡ്രാഫ്റ്റുകൾ ഉൾപ്പെടെ 50-പേജുകളുള്ള ഫയലുമായാണ് സാറ് ബോംബൈയിലേക്ക് പുറപ്പെട്ടത്. പോവുന്നതിനുമുൻപ് സാറും മാത്യൂസും ഒരുമിച്ചിരുന്ന് ആ ഫയലുകളെല്ലാം തന്നെ സൂക്ഷ്മപരിശോധന നടത്തുകയും യാതൊരു വീഴ്ചകളും ഇല്ലെന്നുറപ്പിക്കുകയും ചെയ്തിരുന്നു.

സാറ് പോയതിന്റെ മൂന്നാമത്തെ ദിവസം പ്രതീക്ഷിച്ചിരുന്ന പോലെ കൃഷ്ണപ്രസാദ് കന്യാകുമാരിയിലെത്തി. അവൻ ആദ്യം ഞങ്ങളെ അന്വേഷിച്ചത് ലോഡ്ജിലാണ്. അവിടെ ഞങ്ങൾ എത്തിയില്ലെന്നറിഞ്ഞപ്പോൾ അവൻ നേരെ സാറിന്റെ വീട്ടിലേക്ക് ചെന്നു. അവിടെ നിന്നാണ് പസന്തിയുടെ താമസസ്ഥലം മനസ്സിലാക്കിയത്. ആദ്യമൊന്ന് ദേഷ്യപ്പെട്ടെങ്കിലും കാര്യങ്ങളുടെ ഗൗരവം മനസ്സിലായപ്പോൾ അവൻ അയഞ്ഞു. രണ്ടുദിവസം ഞങ്ങളുടെ കൂടെ താമസിച്ചാണ് അവൻ മടങ്ങിയത്. ഇതിനിടയിൽ പസന്തി, ഡൈവിംഗ് ബെല്ലിന്റെ പ്രാഥമിക രൂപം നിർമിച്ചു. അയേൺ കാസ്റ്റും സ്റ്റീലും ഉപയോഗിച്ച് നിർമിക്കേണ്ട എട്ടുകോണുകളുള്ള ചേംബറിന്റെ ചെറുമാതൃക കാർഡ്‌ബോർഡ് കടലാസിൽ നിർമിക്കുകയായിരുന്നു. ജീവവായു തങ്ങി നിർത്താനുള്ള മറ്റൊരു ചെറിയൊരു ഉപകരണവും പസന്തി നിർമിച്ചിരുന്നു. അതുമാത്രമല്ല, ഈ ഉപകരണം എങ്ങനെയാണ് പ്രവർത്തിക്കുക എന്നത് വ്യക്തമാക്കുന്ന ആറോളം ചിത്രങ്ങളും വരച്ചു. അതനുസരിച്ച്, കടലിനുമുകളിൽ നിൽക്കുന്ന കപ്പലിൽ നിന്ന്​ വലിയൊരു ഇരുമ്പുവടം ഉപയോഗിച്ച് ഈ ചേംബർ കടലിലേക്ക് ഇറക്കും. ചേംബറിനെ നിയന്ത്രിക്കാൻ ചെറുതും വലുതുമായ എട്ടു കപ്പികളും ഉണ്ടാവും. അതുകൂടാതെ കപ്പലിലുള്ളവരുമായി ബന്ധപ്പെടാൻ വയർകൊണ്ട് ബന്ധിപ്പിക്കുന്ന വാക്കിടോക്കിയും ഉണ്ടാവും. അടിത്തട്ടിലെ കാഴ്ചകൾ വ്യക്തമായി കാണാൻ ചേംബറിലെ ഇരുപതു ചില്ലുജാലകങ്ങൾ സഹായിക്കും.

ഇതൊന്നും കൂടാതെ, ജലോപരിതലത്തിൽ നിൽക്കുന്ന കപ്പലിനെ ഒരിടത്തുതന്നെ നിർത്താൻ കുറച്ചധികം കോൺക്രീറ്റ് ബ്ലോക്കുകൾ ആവശ്യമുണ്ട്. അതായത്, കപ്പലിന്റെ ആട്ടം കൂടുന്തോറും ചേംബറിനകത്തുള്ള ആൾക്ക് പരിക്കേൽക്കാനും ചിലപ്പോൾ മരണം തന്നെ സംഭവിക്കാനും സാധ്യതയുണ്ട്. അതു മറികടക്കാനാണ് കോൺക്രീറ്റ് ബ്ലോക്കുകൾ. കപ്പലിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്​ ഇരുമ്പുവടത്തിൽ കെട്ടിയിറക്കുന്ന ഈ ബ്ലോക്കുകൾ കപ്പലിനെ സ്റ്റഡിയായി നിർത്തുമെന്ന്.

പസന്തി വരച്ചുണ്ടാക്കിയത് മാത്യൂസ് സൂക്ഷ്മമായി പരിശോധിച്ചു. കടലിന്റെ അപ്രതീക്ഷിത സ്വഭാവമാറ്റങ്ങൾ സംഭവിച്ചില്ലെങ്കിൽ ഇതെല്ലാം മികച്ച പദ്ധതിയാണെന്ന് സാക്ഷ്യപ്പെടുത്തി. പക്ഷേ, ബോംബൈയിലേക്ക് ചെന്ന വെങ്കിടാചലത്തിന്റെ യാതൊരു വിവരവും ഇല്ലാത്തത് ഞങ്ങളെ ആശങ്കപ്പെടുത്തി. പ്രത്യേകിച്ച്, അനുമതി കിട്ടുകയോ, അതിനുള്ള സാധ്യതയുണ്ടെന്നു തോന്നുകയോ ചെയ്താൽ ഉടൻ തന്നെ കമ്പിയടിക്കാം എന്ന് പോവുന്നതിനു മുൻപ് സാറ് സൂചിപ്പിച്ചതാണ്. പോയിട്ടിപ്പോൾ ഒരാഴ്ച കഴിഞ്ഞു. ദിവസങ്ങൾ കഴിയുന്തോറും ആധികൂടി.

ഈ സമയത്തൊന്നും മാത്യൂസ് വെറുതെ ഇരുന്നില്ല.

മർമഗോവ മുതൽ ജിബൂട്ടി വരേയുള്ള അറബിക്കടലിനെ അയാൾ കുറച്ചധികം കടലാസുകളിലേക്ക് പകർത്തുകയായിരുന്നു. രാവും പകലും അതിനായി ഇരുന്നു. ആദ്യം അത്രയും പ്രദേശത്തെ ഇരൂന്നൂറ് ഭാഗങ്ങളായി തിരിച്ചു. പിന്നെ ഓരോ ഭാഗങ്ങൾക്കും പ്രത്യേകം പ്രത്യേകം നമ്പറുകളിട്ടു. അതിനു ശേഷം ആ പ്രദേശങ്ങളെ ഇരുപത് നോട്ടിക്കൽ മൈലുകളായി വീണ്ടും വിഭജിച്ചു. ഓരോ പ്രദേശത്തിന്റേയും അക്ഷാംശവും രേഖാംശവും രേഖപ്പെടുത്തി. ആ ഭാഗത്തെ കടലിന്റെ സ്വഭാവങ്ങളും പ്രത്യേകതകളും എഴുതിവച്ചു. നിറം, മണം, കാറ്റ്, ഒഴുക്ക്, മറ്റെന്തെങ്കിലും എന്നിങ്ങനെ ആയിരുന്നത്. ദ്വീപുകളെ മറ്റൊരു വിഭാഗമായി തിരിച്ചു. ചെറുത്, വലുത്, ആൾത്താമസമുള്ളത്, ഇല്ലാത്തത്, ലൈറ്റ് ഹൗസുകൾ ഉള്ളവ, അല്ലാത്തവ, അവയുടെ റീഫുകളുടെ വിസ്തതാരം ഇതെല്ലാം മാത്യൂസ് പറയുന്നതനുസരിച്ച് ഞാൻ എഴുതിയെടുത്തു. ഇതേതരത്തിൽ കടലിലുള്ള പാറക്കൂട്ടങ്ങളേയും അടയാളപ്പെടുത്തി. അതിൽത്തന്നെ വേലിയിറക്കത്തിൽ പ്രത്യക്ഷമാവുന്നതും അല്ലാത്തവയും ഉണ്ടായിരുന്നു. ഇതൊന്നും കൂടാതെ കപ്പൽച്ചാലുകളെക്കുറിച്ചുള്ള ചെറിയ ചിത്രങ്ങൾ അടങ്ങിയ മറ്റൊരു എഴുത്തും തയ്യാറാക്കി. അതിൽ തന്നെ കപ്പലപകടങ്ങൾ നടന്ന പ്രദേശങ്ങൾ അടയാളപ്പെടുത്തുകയും ഏത് കാരണത്താലണത് നടന്നതെന്നു രേഖപ്പെടുത്തുകയും ചെയ്തു. അക്കൂട്ടത്തിൽ ചില റൂട്ടുകളിൽ നൂറ്റാണ്ടുകളായി രേഖകൾ പ്രകാരം ഒരു കപ്പൽ പോലും സഞ്ചരിച്ചിട്ടില്ലെന്നത് പുതിയ അറിവായിരുന്നു.

എനിക്കിതെല്ലാം വലിയ അത്ഭുതമായിരുന്നു.
മാത്രമല്ല, ഇവയെല്ലാം തന്നെ തന്റെ ഓർമ്മകളിൽ നിന്നാണ് മാത്യൂസ് ചെയ്യുന്നത്. അനുഭവങ്ങൾ തന്നെയാണ് ഏറ്റവും വലിയ അറിവെന്ന് ഒരിക്കൽകൂടെ മനസ്സിലായി. പതിനൊന്നാമത്തെ ദിവസം ബോംബയിൽ നിന്നും സാറിന്റെ കമ്പി ലഭിച്ചു. പസന്തിയാണ് ആ വിവരം ഞങ്ങളെ അറിയിച്ചത്.

അധ്യായം 22

‘Prepare for a long journey' ഇതായിരുന്നാ സന്ദേശം.

എല്ലാം ഞങ്ങൾ ഉദ്ദേശിക്കുന്ന തരത്തിൽ സാധ്യമായെന്നാണ് അതിനെക്കുറിച്ച് പസന്തി അഭിപ്രായപ്പെട്ടത്. മാത്യൂസിന് മറിച്ചൊരു അഭിപ്രായമായിരുന്നു. അതായത് ലക്ഷ്യത്തിലേക്ക് ഇനിയും കൂറേദൂരം സഞ്ചരിക്കണം അതിനായി മാനസികമായി തയ്യാറെടുക്കാനാണ് സാറ് പറഞ്ഞതെന്ന്.

എനിക്കാണെങ്കിൽ എന്താണ് സാറ് ശരിക്കും ഉദ്ദേശിക്കുന്നതെന്ന് അറിയാഞ്ഞിട്ടുള്ള പങ്കപ്പാടായിരുന്നു. ആ അഞ്ചു ദിവസം ഞങ്ങൾ മൂവരും ഇതുമാത്രമാണ് സംസാരിച്ചത്. പസന്തി തന്റെ ചേംബർ നിർമ്മിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. മാത്രമല്ല ഏതു കപ്പലാണ് ഞങ്ങൾക്ക് ലഭിക്കാൻ പോവുന്നതെന്നുവരെ അവൻ കണക്കുകൂട്ടി. അതനുസരിച്ച്, ഇപ്പോൾ കൽക്കത്ത ഡോക്കിലുള്ള വിരാട് എന്ന കപ്പലാണ് ലഭിക്കുക എന്നാണ്. 1949-ൽ ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങിയ ഒരു ചെറുകപ്പലായിരുന്നു വിരാട്. ആദ്യകാലത്ത് ഇന്ത്യൻ നാവികസേനക്കുവേണ്ടി പ്രവർത്തിച്ചെങ്കിലും പിന്നീടത് മറൈൻ സർവ്വേക്കുവേണ്ടിയാണ് ഉപയോഗിച്ചത്. അതുകൊണ്ടുതന്നെ അതിൽ ഞങ്ങൾക്ക് ആവശ്യമുള്ള സാങ്കേതിക സംവിധാനങ്ങളുമുണ്ട്. വിരാട് ലഭിക്കുകയാണെങ്കിൽ അതിൽ ഡൈവിംഗ് ചേംബർ സ്ഥാപിക്കാൻ ചില സാങ്കേതിക മാറ്റങ്ങൾ ആവശ്യമായി വരുമെന്നും അത് താൻ ചെയ്യുമെന്നുമാണ് പസന്തി പറഞ്ഞത്.

മാത്യൂസ് ഇതിനൊന്നും യാതൊരു പ്രതികരണവും നടത്തിയില്ല. അതിനൈാരു കാരണവും ഉണ്ടായിരുന്നു. അതായത് പസന്തിയുടെ വിചിത്രമായ സ്വഭാവമായിരുന്നത്. അയാൾക്ക് തന്നെ ആരും എതിർക്കുന്നത് ഇഷ്ടമല്ല. ഇഷ്ടമല്ലെന്നു പറഞ്ഞാൽ താൻ പറയുന്നതു മാത്രമാണ് ശരിയെന്ന നിലപാടായിരുന്നത്. അയാളുടെ കൂടെ താമസിക്കാൻ തുടങ്ങിയ ആദ്യ ദിവസങ്ങളിൽ തന്നെ ഞങ്ങൾക്ക് ഇക്കാര്യം ബോധ്യപ്പെട്ടതാണ്. പക്ഷേ, പുതിയൊരു ഉപകരണം നിർമ്മിക്കുന്നതിലും അത് പ്രവർത്തിപ്പിക്കുന്നതിലും അയാൾ മറ്റാരെക്കാളും മിടുക്കനാണ്. അതുകൊണ്ടു തന്നെ പസന്തിയെ പിണക്കരുതെന്ന് മാത്യൂസ് സ്വയം തീരുമാനിക്കുകയും എന്നെ ഇടയ്കിടെ ഓർമ്മപ്പെടുത്തുകയും ചെയ്തു.

വീണ്ടും ഒരാഴ്ച കഴിഞ്ഞാണ് വെങ്കിടാചലം സാറ് തിരികെയെത്തിയത്. ഒരു ദിവസം വീട്ടിൽ വിശ്രമിച്ചതിനു ശേഷം ഞങ്ങളുടെ അടുത്തേക്ക് വന്നു. സാറിന്റെ നടപ്പിലും മുഖഭാവത്തിലുമാണ് ഞാൻ ശ്രദ്ധിച്ചത്. പോയ കാര്യത്തിൽ വലിയ പ്രതീക്ഷകൾ ഒന്നുമില്ലെങ്കിൽ സാറാകെ തളർന്നവനെപ്പോലെ ആവുമെന്ന് എനിക്കറിയാമായിരുന്നു. നേവിയിൽ വച്ചേ സാറ് അങ്ങിനെയാണ്. കൂടെയുള്ള ആർക്കെങ്കിലും ഒരു അസുഖമോ മറ്റോ വന്നാൽ പോലും സാറിന്റെ മുഖത്തത് പ്രതിഫലിക്കുമായിരുന്നു. പക്ഷേ, സാറ് പഴയതിലും ഊർജ്ജസ്വലനയാരുന്നു. നെഞ്ചുയർത്തി നടന്നു വന്ന സാറിനെ കണ്ടപ്പോൾ കുറച്ചുകൂടെ ചെറുപ്പമായതു പോലെ തോന്നി. ഞങ്ങൾ മൂവരും അക്ഷമരായി ഇരിക്കുകയാണെന്ന് സാറിന് മനസ്സിലായി. അതുകൊണ്ടാവും മുഖവുരകളൊന്നുമില്ലാതെ സാറ് സംസാരിച്ചത്.

നമ്മളുദ്ദേശിക്കുന്ന കാര്യങ്ങൾ നടക്കും, പക്ഷേ കുറച്ചുകൂടെ സമയമെടുക്കും- സാറെന്താണ് പറഞ്ഞു വരുന്നതെന്ന് മനസ്സിലാവാതെ ഞാനും പസന്തിയും മുഖാമുഖം നോക്കി. മാത്യൂസ് പ്രതീക്ഷിച്ച മട്ടിൽ യാതൊരു തിരക്കുമില്ലാതെയാണ് കേട്ടത്. അതിനുശേഷം സാറ് കാര്യങ്ങൾ വിശദീകരിച്ചു. അതനുസരിച്ച് ബോംബൈയിലെത്തിയ അന്നു തന്നെ വൈസ് അഡ്മിറലിനെ കാണാൻ പറ്റുമെന്നാണ് കരുതിയത്. മുൻകൂട്ടി അതിനുള്ള അനുമതി നേടിയിരുന്നു. പക്ഷേ പെട്ടന്നുണ്ടായൊരു സർക്കാർ തീരുമാനം മൂലം അദ്ദേഹത്തിന് രണ്ടുദിവസം ഒരു പ്രധാനപ്പെട്ട യോഗത്തിൽ പങ്കെടുക്കേണ്ടിവന്നു.

പ്രധാനമന്ത്രിയും മൂന്നു സൈനിക മേധാവികളും പങ്കെടുത്ത അതിപ്രാധാന്യമുള്ള ഒരു കൂടിക്കാഴ്ചയായിരുന്നത്. ബോംബൈയിൽ തന്നെയുള്ള സുഹൃത്തായ ക്യാപ്റ്റൻ മെഹ്ത്തയുടെ കൂടെയാണ് താമസിച്ചത്. അതൊരു പതിവാണ്. ക്യാപ്റ്റൻ ജോലി വിട്ടതിനു ശേഷം കോൺഗ്രസിന്റെ കേന്ദ്ര കമ്മിറ്റി ഭാരവാഹി ആയിരുന്നു അദ്ദേഹം. അന്നത്തെ സർക്കാറിലെ പ്രമുഖരുമായി അടുത്ത ബന്ധവും ഉണ്ടായിരുന്നു. മെഹ്ത്തയുമായും സാറ് തന്റെ വരവിന്റെ ഉദ്ദേശം ചർച്ച ചെയ്തു. അദ്ദേഹവും ഞങ്ങളെ സഹായിക്കാൻ തയ്യാറാണെന്ന് അറിയിച്ചു.

പ്രധാനമന്ത്രിയുമായുള്ള യോഗം കഴിഞ്ഞ് വൈസ് അഡ്മിറലിന്റെ വസതിയിൽ വച്ചാണ് സാറ് അദ്ദേഹത്തെ കാണുന്നത്. പഴയ പരിചയം പുതുക്കാൻ മാത്രമാവും സാറ് അവിടെ എത്തിയതെന്നാണ് അദ്ദേഹം കരുതിയത്. അതിനു മാത്രമല്ല താൻ വന്നതെന്നു സാറ് സൂചിപ്പിപ്പോൾ അടുത്ത ദിവസം രാവിലെ ഓഫീസിൽ വച്ചു കാണാമെന്നു വാക്കുകൊടുത്തു. അപ്പോൾ തന്നെ തന്റെ ജൂനിയറിനെ വിളിച്ച് ഓഫിസിൽ സാറിനു വേണ്ട സൗകര്യം ഏർപ്പാടാക്കാൻ ഉത്തരവിട്ടു. തൊട്ടടുത്ത ദിവസം നേവീ ആസ്ഥാനത്തേക്ക് സാറിന്റെ കൂടെ മെഹ്ത്തയും ചെന്നു. ഞങ്ങൾ ഇവിടെ നിന്ന്​ തയ്യാറാക്കിയ ഫയലുകൾ അദ്ദേഹം സൂക്ഷ്മമായി പരിശോധിച്ചു. മറ്റുള്ള കാര്യങ്ങൾ സാറും മെഹ്ത്തയും വിശദീകരിച്ചു. അഡ്മിറൽ എന്ന നിലയിൽ തനിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്ക് പരിമിതിയുണ്ടെന്ന അദ്ദേഹത്തിന്റെ മറുപടിയിൽ സാറൊന്നു തളർന്നു. അത്രകാലവും അതീവ രഹസ്യമായി സൂക്ഷിക്കുന്ന ഒരു സംഭവത്തെിനെക്കുറിച്ച് അന്വേഷിക്കുമ്പോൾ സംഭവിച്ചേക്കാവുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളാണ് അദ്ദേഹത്തെ പിന്നോട്ടു വലിച്ചത്.

അതിലേറ്റവും പ്രധാനപ്പെട്ടത് അന്ന് സംശയത്തിന്റെ നിഴലിൽ നിന്നിരുന്ന മന്ത്രി ഇപ്പോഴത്തെ മന്ത്രിസഭയിലെ പ്രധാനപ്പെട്ട വകുപ്പുമന്ത്രിയാണ്. പത്രക്കാരോ മറ്റോ അറിഞ്ഞാൽ സർക്കാറിനു തന്നെ ഭീഷണിയാവും. പക്ഷേ, വ്യക്തിപരമായി ആ അന്വേഷണത്തിൽ അദ്ദേഹത്തിനും താത്പര്യമുണ്ടായിരുന്നു. അതിന് അദ്ദേഹം തന്നെ ഒരു ഉപായം കണ്ടെത്തി.മെഹ്ത്തയുടെ സ്വാധീനം ഉപയോഗിച്ച് ഷിപ്പിംഗ് കോർപ്പറേഷൻ പൊളിക്കാൻ തീരുമാനിച്ച എം.വി സുഭാഷ് എന്ന കപ്പലിനെ ഇരുമ്പുവിലക്ക്​ വാങ്ങുക എന്നതായിരുന്നത്. അതിനാവശ്യമായി വരുന്ന എല്ലാ സഹായങ്ങളും വൈസ് അഡ്മിറൽ എന്ന നിലയിൽ തന്നെ അദ്ദേഹം വാഗ്ദാനം നൽകി.

അവിടെ നിന്ന്​ മെഹ്ത്തയുടെ കൂടെ മടങ്ങുമ്പോൾ മെഹ്ത്തയും സാറും അതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ചർച്ചചെയ്തു. വൈസ് അഡ്മിറലിനോടും മെഹ്ത്തയോടും കൈരളിയെക്കുറിച്ചാണ് അന്വേഷിക്കുന്നതെന്ന കാര്യം മറച്ചുവച്ചിരുന്നു. അക്കാര്യത്തിൽ അവര് സഹായിക്കില്ലെന്ന് സാറിനുറപ്പായിരുന്നു. കൈരളി കണ്ടെത്തിയാൽ അവർക്ക് പ്രത്യേകിച്ചൊരു നേട്ടവുമില്ല. പക്ഷേ ആർ.എം.എസ് എന്ന ആ കപ്പലിനകത്ത് നിന്നും ലഭിക്കുന്ന നിധിയിൽ മെഹ്ത്തക്ക്​ കണ്ണുണ്ട്. അതു മാത്രമാണ് ഏകപ്രതീകക്ഷ. താനൊന്നുകൂടെ ആലോചിച്ച് ഒരാഴ്ചക്കകം മറുപടി പറയാമെന്നാണ് മെഹ്ത്ത സാറിനോട് പറഞ്ഞിരിക്കുന്നത്. അങ്ങിനെയെങ്കിൽ ആർ.എം.എസ് കൂടെ കണ്ടെത്തേണ്ടത് ഞങ്ങളുടെ ബാധ്യതയായി മാറും. അതുമാത്രമായിരുന്നു സാറിന്റെ നിരാശ. മാത്യൂസ് ഇതിനെ മറ്റൊരു തരത്തിലാണ് കണ്ടത്. അതായത്, അവർക്കു വേണ്ടി ആർ.എം.എസിനെ തിരയാൻ തന്നെ പുറപ്പെടാം. അതിന് ശ്രമിക്കുകയും ചെയ്യാം. കരയിൽ നിന്നും വിട്ടുകഴിഞ്ഞാൽ കപ്പൽ പൂർണ്ണമായും ഞങ്ങളുടെ നിയന്ത്രണത്തിലാണ്. അവിടെ എന്തുചെയ്യണമെന്നു തീരുമാനിക്കുന്നത് ക്യാപ്റ്റനാണ്. അവിടെ മറ്റാരുടേയും തീരുമാനത്തിന് വിലയില്ല.

The ultimate power!

എന്തുതന്നെ ആയാലും മെഹ്ത്തയുടെ തീരുമാനം അറിയുന്നതുവരെ കാത്തിരിക്കാൻ തന്നെ തീരുമാനിച്ചു. അതിനിടയിൽ നാട്ടിലേക്ക് പോയി വരാൻ എനിക്കും മാത്യൂസിനും സാറ് അനുമതി തന്നു. എത്രനാളേക്കെന്നു പോലും നിശ്ചയമില്ലാത്ത ദീർഘയാത്രക്ക്​ തയ്യാറെടുക്കാൻ മാത്യൂസിനത് അത്യാവശ്യമായിരുന്നു. ▮

(തുടരും)


റിഹാൻ റാഷിദ്

നോവലിസ്​റ്റ്​. സമ്മിലൂനി, അഘോരികളുടെ ഇടയിൽ, ലക്ഷദ്വീപ് ഒരു സൂഫി ലാൻറ്​, ഡോൾസ്, പ്രണയ ജിന്നുകൾഎന്നിവ പ്രധാന കൃതികൾ.

Comments