ചിത്രീകരണം: ശശി ഭാസ്കരൻ

12°38’10’’N

​അധ്യായം 35

കാലാവസ്ഥ അനുകൂലമായപ്പോൾ ഞങ്ങൾ ബോംബയിലേക്ക് പുറപ്പെടാൻ തയ്യാറായി. അവസാന പ്രതീക്ഷയെന്ന നിലക്ക്​ സഞ്ജയ് ക്യാപ്റ്റന്റെ തീരുമാനം മാറ്റാൻ ഒരു ശ്രമം നടത്തിയെങ്കിലും അദ്ദേഹമതിന് തയ്യാറായില്ല. പത്തു ജീവനുകൾ കടലിനു നൽകാൻ തയ്യാറല്ലെന്നാണ് അദ്ദേഹം അതിനെക്കുറിച്ചു പറഞ്ഞത്. കപ്പൽ പതിയെ അറബിക്കടലിലെ തിരകളെ വകഞ്ഞുമാറ്റി മുന്നോട്ടു കുതിച്ചു. പക്ഷേ, വെറും ഒരു മണിക്കൂർ മാത്രമായിരുന്നു ആ യാത്രക്ക്​ ആയുസ്സുണ്ടായിരുന്നുള്ളൂ.

അതിനിടക്ക്​ കപ്പൽ ജീവനക്കാരെ ഏറ്റവും ഭയപ്പെടുത്തുന്ന ഒരു തകരാറ് ഇന്ദിരക്ക്​സംഭവിച്ചു കഴിഞ്ഞിരുന്നു. സ്റ്റിയറിംഗ് ഷാഫ്റ്റ് പൊട്ടുകയെന്ന അതിഭീകരമായ അവസ്ഥ! യാതൊരു തരത്തിലും കപ്പലിനെ നിയന്ത്രിക്കാൻ കഴിയാത്ത ആ അവസ്ഥയെക്കുറിച്ച് കേട്ടതും കപ്പലിനകമാകെ നിശ്ശബ്ദതയുടെ ഇരുട്ടുതിങ്ങി. ഞങ്ങൾക്ക് സഞ്ചരിക്കേണ്ടതിനു നേരെ എതിരായിരുന്നു ആ സമയത്തെ കാറ്റും കടലിന്റെ ഒഴുക്കും. നിലയില്ലാക്കടലിൽ കാറ്റിന്റേയും ഒഴുക്കിന്റേയും കാരുണ്യത്തെ മാത്രം ആശ്രയിക്കുകയെന്നതായിരുന്നു ആ സമയത്ത് ഞങ്ങൾക്ക് മുന്നിലുള്ള ഒരേയൊരു വഴി. പുരാതന കാലം മുതൽ കടൽയാത്രകൾക്ക് മനുഷ്യനെ സഹായിച്ചിരുന്ന അതേ കാറ്റ്.

കഴിഞ്ഞ ദിവസങ്ങളെക്കാൾ ശാന്തമായ കടലാണെന്നതു മാത്രമാണ് ആശ്വസം. കണ്ണെത്താ ദൂരത്തോളം മറ്റു കപ്പലുകളോ ബോട്ടുകളോ തിരഞ്ഞെങ്കിലും കാണാൻ കഴിഞ്ഞതുമില്ല. രക്ഷകരെ കാത്തിരുന്നു. ആകാശത്തുനിന്നോ കടലിൽ നിന്നോ ആരെങ്കിലും ഞങ്ങളെ കണ്ടെത്തുമെന്ന വിദൂര പ്രതീക്ഷയിൽ അപകട സൂചന നൽകാനുള്ള കൊടി ഉയർത്തിവച്ചു. മനസ്സും ശരീരവും ആകെ നിർജ്ജലമായി. നൂലുപൊട്ടിയ പട്ടം കണക്കെ കപ്പൽ കടലിലൂടെ തെക്കോട്ട് ഒഴുകി. മൂന്നു ദിവസമായിട്ടും മറ്റാരും ഞങ്ങളെ കണ്ടെത്തിയില്ല. കപ്പലിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമായില്ലെങ്കിൽ മെഹ്ത്ത അറിയിക്കുന്നതനുസരിച്ച് ഇന്ത്യൻ നേവി രക്ഷാപ്രവർത്തനം നടത്തുമെന്ന പ്രതീക്ഷകളും മന്ദഗതിയിൽ അവസാനിച്ചു.

ആശാനും ട്രീസയും മുഴുവൻ സമയവും പ്രാർത്ഥനയിൽ മുഴുകി. മാത്യൂസും വിക്രമും രാവെന്നോ പകലെന്നോ ഇല്ലാതെ ബ്രിഡ്ജിൽ തന്നെ നിരീക്ഷണത്തിൽ ആയിരുന്നു. ഏതെങ്കിലും തരത്തിൽ കമ്യൂണിക്കേഷൻ സംവിധാനം ശരിയാക്കാനുള്ള പങ്കപ്പാടിലായിരുന്നു സഞ്ജയ്. ഭക്ഷണം പോലും കഴിക്കാതെ അവൻ അതിനു പരിശ്രമിച്ചെങ്കിലും നിരന്തരമായി പരാജയപ്പെട്ടു. അതയാളെ കടുത്ത വിഷാദത്തിലേക്ക് തള്ളിയിട്ടു. മുഴുവൻ സമയവും മുറിയടച്ചിരുന്ന് മദ്യപിച്ചു.

അഞ്ചാമത്തെ ദിവസം ഇന്ദിര ഒരു ദ്വീപിനു സമീപത്തേക്ക് അടുക്കുന്നത് ക്യാപ്റ്റൻ കണ്ടെത്തി. വിദൂര ദൃശ്യങ്ങളിൽ നിന്നും ജനവാസമില്ലത്ത ദ്വീപാണ് അതെന്നു തിരിച്ചറിഞ്ഞു. പക്ഷേ, ഞങ്ങളെ ഭയപ്പെടുത്തിയത് കടലിലേക്ക് തള്ളിനിൽക്കുന്ന കൂറ്റൻ പാറക്കെട്ടുകളാണ്. കപ്പലിനെ വിഴുങ്ങാൻ നാവുനീട്ടിനിൽക്കുന്ന കൂറ്റൻ വ്യാളിയെപ്പോലെ അത് അടുത്തടുത്തുവന്നു. കാറ്റിന് അൽപം ശക്തി കൂടിയാൽപ്പോലും കപ്പൽ അതിന്റെ കൂർത്ത പാറകളിൽ ഏതെങ്കിലുമൊന്നിൽ ചെന്നിടിക്കും. അങ്ങനെ സംഭവിച്ചാൽ നിമിഷാർദ്ധങ്ങൾക്കകം ഇന്ദിര പിളർന്നു പോവും.

സ്വാഭാവിക പതനത്തിനു തയ്യാറെടുത്തതു പോലെ ഇന്ദിര ഒന്നുലഞ്ഞു. ക്യാപ്റ്റന്റെ നിർദ്ദേശമനുസരിച്ച് ലൈഫ് ബോട്ടുകൾ തയ്യാറാക്കി. നിഗൂഢശാന്തതയിലുള്ള കടൽ വല്ലാതെ ഭയപ്പെടുത്തി. കാറ്റിന്റെ ദിശയും വേഗതയുമനുസരിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ കപ്പലിന്റെ മുൻവശം ആ പാറകളിൽ ചെന്നിടിക്കുമെന്ന് ഉറപ്പായി.

സൂര്യനസ്തമിച്ച് കടലാകെ ഇരുട്ടുപാകി.
കാറ്റ് പതിയെ ശക്തമായി.
കപ്പലിനു മുകളിലെ കാറ്റിന്റെ ദിശ കാണിക്കുന്ന ഉപകരണത്തിൽ അപ്പോൾ കിഴക്ക് മാറിയാണ് കാറ്റിന്റെ സഞ്ചാരമെന്ന് കാണിച്ചു. അതൊരു വലിയ ആശ്വാസമായി. കാരണം ആ ദിശയിൽ സഞ്ചരിച്ചാൽ ഇന്ദിര പാറകളിൽ ഇടിക്കാതെ മാറിപ്പോവും. നിരാശയുടെ അഗാതമായ ആഴത്തിലും പ്രതീക്ഷയുടെ ചെറിയൊരു കുമിള ലഭിച്ചു.

രാത്രിയ്ക്ക് കൂടുതൽ കനം വെച്ചു. കാറ്റിന്റെ സ്വഭാവവും മാറി. പൊടുന്നനെ ആകാശത്ത് മേഘങ്ങളുടെ കാടു മുളച്ചു. മഴതിങ്ങിയ ആ കാട് ഏതു നിമിഷവും കടലിലേക്ക് ആഞ്ഞുവീഴുമെന്നുറപ്പായി. പിന്നാലെ വടക്കു കിഴക്കു നിന്നൊരു ചുഴലി രൂപപ്പെടുന്നത് ഞങ്ങളെ കൂടുതൽ ഭീതിയിലാഴ്ത്തി. കടൽപ്പരപ്പിൽ നിന്ന്​ ജലം വലിയൊരു കുഴലിനുള്ളിലെന്നോണം കാറ്റിന്റെ കരങ്ങളിൽ ഉയർന്നു പിടഞ്ഞു. നോക്കി നിൽക്കേ അതിന്റെ വ്യാസം വലുതായി. ഒരു കപ്പലിനെയൊന്നാകെ വിഴുങ്ങാൻ കെൽപ്പുള്ളത്രയും വിസ്താരം. ചുഴലിയുടെ മൂളക്കവും കറക്കവും ഓരോ നിമിഷത്തിലും രൗദ്രത പൂണ്ടു. ആരോ പിടുച്ചയർത്തിയ പോലെ കടലൊന്നുലഞ്ഞു. പിന്നെയത് ഉയർന്നു പൊങ്ങുന്ന തിരമാലകളായി മാറി. കാറ്റും പേമാരിയും തിരയും ഭീതിമായ അന്തരീക്ഷം തീർത്തു.

കപ്പൽ ഏതു ദിശയിലാണ് ഒഴുകുന്നതെന്നു പോലും മനസ്സിലാക്കാൻ കഴിയുന്നില്ല. സങ്കീർണമായ ആ രാത്രി ഞങ്ങളുടെ അവസാന രാത്രിയാവുമെന്ന് പറഞ്ഞുകൊണ്ട് മാരി, സങ്കിതയെ കെട്ടിപ്പിടിച്ച് ഏങ്ങലടിച്ചു. അവളാവട്ടെ ഉറച്ചുപോയൊരു ശില പോലെ ഒന്നും മിണ്ടുന്നില്ല. കണ്ണുകൾ പോലും അതിശാന്തതയിൽ വരണ്ടു. ഒരു പക്ഷേ, തന്റെ അമ്മയെ കൊന്നവരോട് പ്രതികാരം ചെയ്യാൻ കഴിയാതെ മരിച്ചു പോവേണ്ടി വരുമെന്ന സങ്കടത്തിലവൾ സ്വയം നിലച്ചതാവും. ട്രീസയാവട്ടെ ആർത്തലയ്ക്കുന്ന കടലിനെ നോക്കി നിൽക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകളായി.

തിരമാലകൾ കപ്പലിനെ എടുത്തയർത്തുമ്പോഴെല്ലാം ആശാൻ ഉച്ചത്തിൽ ഈശോയെ വിളിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ആശാന്റെ മനസ്സ് കൈവിട്ടുപോയതായി എല്ലാരും പറയുന്നുണ്ട്. വിചിത്രമായ പെരുമാറ്റങ്ങളാണ് ആശാൻ കാണിക്കുന്നത്. ഒരു പാസ്റ്ററുടെ ശരീരഭാഷയാണിപ്പോൾ. കപ്പലിലേതോ പ്രേതം കയറിയതാണെന്നു പറഞ്ഞ് എല്ലായിടത്തും ഹാനാൻ വെള്ളം തളിക്കുകയാണ്. കപ്പലിൽ ശേഖരിച്ചിരുന്ന കുടിവെള്ളം കഴിഞ്ഞ രാത്രിയിൽ കർത്താവു വന്ന് പുണ്യപ്പെടുത്തിയെന്നാണ് ആശാൻ പറയുന്നത്. ഭയം മനസ്സിൽ നിറഞ്ഞു കഴിഞ്ഞാൽ ഭ്രാന്തുവരുമെന്നാണ് അതിനെക്കുറിച്ച് വിക്രം പറഞ്ഞത്.

എന്നിട്ടും ആശാനെ ഞങ്ങളാരും തടഞ്ഞില്ല. ഭയം ഞങ്ങളിലും അത്രയുമാഴത്തിൽ വേരോടിയിരുന്നു. അതിനിടയിൽ ഇന്ദിരയെ ഉപേക്ഷിച്ച് ലൈഫ് ബോട്ടിൽ രക്ഷപ്പെടാമെന്ന മാത്യൂസിന്റെ നിർദ്ദേശത്തോട് ക്യാപ്റ്റൻ രൂക്ഷമായാണ് പ്രതികരിച്ചത്. അവർ തമ്മിൽ അതിന്റെ പേരിൽ കയ്യാങ്കളിയോളമെത്തിയ വഴക്കും നടന്നു. വിക്രമും ഞാനും ഇരുവരേയും അനുനയിപ്പിച്ച് പിടിച്ചു മാറ്റിയെങ്കിലും ഇന്ദിരക്കുള്ളിലെ ഒത്തൊരുമക്ക്​ പോറലേറ്റു.

പസന്തിയും മാരിയും സങ്കിതയും മാത്യൂസിന്റെ പക്ഷത്താണ്. ക്യാപ്റ്റൻ സമ്മതിച്ചാലും ഇല്ലെങ്കിലും പേമാരിയൊന്ന് അടങ്ങിയാൽ ലൈഫ് ബോട്ട് ഉപയോഗിച്ച് രക്ഷപ്പെടാൻ തന്നെയാണ് അവരുടെ തീരുമാനം. വിക്രമും സഞ്ജയും ക്യാപ്റ്റന്റെ പക്ഷത്തും നിലയുറപ്പിച്ചു. ഞാനും ട്രീസയും രണ്ടു കൂട്ടരുടെയും ഇടയിൽക്കിടന്ന് ഞെരുങ്ങി. ആശാനെപ്പോലെ മനസ്സിന്റെ താളം തെറ്റിയിരുന്നെങ്കിലെന്ന് ആശിച്ചു. ഒന്നിലും പെടാതെ, മരണത്തെപ്പോലും ഭയക്കാതെ നിൽക്കാമായിരുന്നെന്നു തോന്നി.

ക്യാപ്റ്റൻ പറയുന്നത്, ആ സമയത്ത് ലൈഫ് ബോട്ട് ഇറക്കുന്നത് മരണത്തിലേക്ക് എളുപ്പത്തിൽ ചെന്നെത്താനുള്ള വഴിയായി തീരുമെന്നാണ്. മാത്രമല്ല ഉടൻ തന്നെ ഇന്ത്യൻ നേവിയുടെ വിമാനം ഞങ്ങളെ കണ്ടെത്തുമെന്നാണ്. അതല്ലെങ്കിൽ സുരക്ഷിതമായൊരു ദ്വീപിൽ ഇറങ്ങാൻ കഴിയുമെന്നാണ്. രണ്ടും നടക്കില്ലെന്നാണ് മാത്യൂസ് പറഞ്ഞത്. മറിച്ച്, ലൈഫ്‌ബോട്ടിൽ കയറിയാൽ തൊട്ടടുത്തുള്ള യെമൻ തീരത്തേക്ക് എത്തുകയും അവരുടെ ഏതെങ്കിലും കപ്പലുകൾ സഹായിക്കുകയും ചെയ്യുമെന്നാണ്.

സത്യത്തിൽ ഇതെല്ലാം തന്നെ വിദൂരമായൊരു പ്രതീക്ഷയാണെന്ന് ഇരുകൂട്ടർക്കും അറിയാം. കാരണം ഞങ്ങളുടെ കയ്യിലുള്ള മാപ്പുകൾ പ്രകാരം കപ്പൽ നിൽക്കുന്ന പ്രദേശം വളരെ അപകടം പിടിച്ച സ്ഥലത്താണ്. യെമന്റെ അധീനതയിലാണെങ്കിലും ആ വഴി ഒരു കപ്പലും സഞ്ചരിക്കാറില്ല. യെമനിലെ ഉയർന്ന പ്രദേശത്തു നിന്നും വീശുന്ന കോടമഞ്ഞ് പരന്നു നിൽക്കുന്നതു കാരണം വിമാനങ്ങളും ആ വഴി പറക്കാറില്ല. രണ്ടാം മഹായുദ്ധകാലത്ത് വിതറിയ മറൈൻ മൈനുകൾ പലതും ഇപ്പോഴും സജീവമായി നിൽക്കുന്നതാണ് മറ്റൊരുപകടം.

അന്നു രാത്രി ആരും ഭക്ഷണം പോലും കഴിച്ചില്ല.
അതിനിടയിൽ വീണ്ടും കപ്പലിലെ വൈദ്യുതി നിലച്ചു. എങ്ങും കൂറ്റാകൂരിരുട്ട്. എല്ലാവരും അവരവരുടെ മുറികളുടെ ഏകാന്തതയിൽ അഭയം പ്രാപിച്ചു. ആശാൻ അപ്പോഴും വെള്ളം തളിക്കുകയാണ്. ഉയർന്നടിച്ചൊരു കൂറ്റൻ തിര കപ്പലിന്റെ നടുഭാഗം എടുത്തുയർത്തി, ഒരു നിമിഷം ആ തിരയൊരു ചുഴലിപോലെ ഇന്ദിരയെ കറക്കി. കണ്ണടച്ചു തുറക്കും മുൻപത് പാറക്കൂട്ടത്തിനുള്ളിൽ കുരുക്കി. ആ കറക്കത്തിന്റേയും ഇടിയുടേയും ആഘാതത്തിൽ ഞങ്ങളെല്ലാവരും തെറിച്ചു വീണു. പസന്തി കിടന്നിരുന്ന മുറി ഒരു തീപ്പെട്ടിക്കൂട് തകരുന്നതു പോലെ തകർന്ന് ആർത്തലയ്ക്കുന്ന തിരയിലേക്ക് വീഴുന്നത് നിസ്സഹയതോയെടെ കണ്ടു നിൽക്കേണ്ടി വന്നു. അയാളെ രക്ഷിക്കാനുള്ള സങ്കിതയുടെ ഉച്ചത്തിലുള്ള നിലവിളിയെ കാറ്റ് വിഴുങ്ങി. പസന്തി കടലിലേക്ക് മാഞ്ഞുപോവുന്നത് നോക്കി നിൽക്കാൻ മാത്രമെ കഴിഞ്ഞുള്ളൂ.

രക്ഷപ്പെടാൻ പഴുതുകൾ തിരഞ്ഞു. സഞ്ജയാണ് അതിനൊരു വഴി കണ്ടെത്തിയത്. സാവധാനം മുങ്ങുന്ന കപ്പലിനകത്തു നിന്നും അയാൾ ഒരു പാറയിൽ അള്ളിപ്പിടിച്ചു കയറി. അതിനു മുകളിൽ അൽപ്പം പരന്ന പ്രദേശമായിരുന്നു. അതു മനസ്സിലായ സഞ്ജയ് മറ്റുള്ളവരോടും ഉടനെ ആ പാറയിലേക്ക് കയറാൻ അലറി. വിക്രമും മാത്യൂസും ചേർന്ന് വലിയ വടം സഞ്ജയിന് എറിഞ്ഞുകൊടുത്തു. അയാളതൊരു പാറയിൽ മുറുക്കെ കെട്ടിയിട്ടു. മറ്റേയറ്റം കപ്പലിലേക്ക് എറിഞ്ഞുതന്നു. അതിൽപ്പിടിച്ചാണ് മറ്റുള്ളവർ മുകളിലേക്ക് കയറിയത്. എല്ലാവരും കയറിക്കഴിഞ്ഞിട്ടും ക്യാപ്റ്റൻ വെങ്കിടാചലത്തെ കാണാതായത് ആശങ്ക പരത്തി. പസന്തിയെപ്പോലെ ക്യാപ്റ്റനേയും കടൽ വിഴുങ്ങിയെന്നത് ആലോചിച്ചപ്പോൾ തന്നെ സങ്കടത്താൽ മുറിവേറ്റു. വെള്ളം കയറി മുങ്ങിത്തുടങ്ങിയ ഇന്ദിരയിൽ നിന്നും പറ്റാവുന്നത്ര ഭക്ഷ്യവസ്തുക്കളും ശുദ്ധജലവും മുകളിലേക്ക് എത്തിക്കാനുള്ള സഞ്ജയിന്റെ തീരുമാനമായിരുന്നു ആ സമയത്തെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം. അതിനായി അയാൾ തന്നെ പലവട്ടം കപ്പലിനും പാറക്കൂട്ടങ്ങൾക്കും ഇടയിലൂടെ റോപ്പിൽ തൂങ്ങിയിറങ്ങി.

അത്യാവശ്യം സാധനങ്ങൾ മുകളിലെത്തിയെങ്കിലും സഞ്ജയ് വിശ്രമിച്ചില്ല. വെള്ളം കയറിത്തുടങ്ങിയ കപ്പലിനകത്തെ ഓരോ മുറികളും സഞ്ജയ് വീണ്ടും പരിശോധിച്ചു. ആ ശ്രമത്തിലാണ് തന്റെ മുറിക്കുള്ളിലെ കക്കൂസിൽ അബോധാവസ്ഥയിൽ കിടന്ന ക്യാപ്റ്റനെ കണ്ടെത്തുന്നത്. ക്യാപ്റ്റനെ തന്റെ ചുമലിൽ കെട്ടിവച്ചു മുകളിലേക്ക് കൊണ്ടുവരികയും ചെയ്തു. അതിനുശേഷം ഒന്നു രണ്ടുതവണ കൂടെ സഞ്ജയ് ഇന്ദിരയ്ക്കുള്ളിലേക്ക് കയറുകയും ഇറങ്ങികയും ചെയ്തു. അവസാനമായി അയാൾ പാറയിലേക്ക് കയറുമ്പോൾ ആ ലൈറ്റ് മെഷീൻ ഗണ്ണും കയ്യാലുണ്ടായിരുന്നു.

തീർത്തും അവശനായ ക്യാപ്റ്റനെ ഞങ്ങൾ എല്ലാവരും ചേർന്നൊരു പാറയുടെ മറവിൽ കിടത്തി.ആ കനത്ത പേമാരിയിൽ നേരം വെളുക്കുവോളം അദ്ദേഹം ജീവിച്ചിരിക്കുമെന്ന് യാതൊരു ഉറപ്പുമില്ലായിരുന്നു. സഞ്ജയ് തന്നെയാണ് അതിനും പരിഹാരം കണ്ടെത്തിയത്. മിന്നലിന്റെ വെളിച്ചത്തിൽ അയാൾ ഞങ്ങൾ കുടുങ്ങിയ പ്രദേശമാകെ അരിച്ചുപെറുക്കി. അപ്പോഴാണ് ആ പാറക്കെട്ടിന്റെ ഇടതുഭാഗത്തായി ഒരു പരന്ന പാറക്കെട്ട് കണ്ടെത്തിയത്. ആ നേരത്ത് അവിടേക്ക് മാറുന്നത് സുരക്ഷിതമായിരുന്നില്ല. തത്കാലം ആ രാത്രി മുഴുവൻ കുത്തനെയുള്ള പാറക്കെട്ടിൽ അള്ളിപ്പിടിച്ച് കഴിച്ചുകൂട്ടാൻ തന്നെ തീരുമാനിച്ചു. ഏതു നിമിഷവും വീഴാനാഞ്ഞു നിൽക്കുന്ന, ഒരാൾക്ക് കഷ്ടിച്ച് നൂണ്ടുകയറാൻ കഴിയുന്ന തരത്തിലുള്ള ഒരു ചെറിയ ഗുഹയിൽ മാത്രമെ മഴ കയറാത്ത ഇടമുണ്ടായിരുന്നുള്ളൂ. വിക്രമും മാത്യൂസും ചേർന്ന് ക്യാപ്റ്റനെ അതിനകത്ത് കിടത്തി. നേർത്ത ശ്വാസവും തീ പോലെ പൊള്ളുന്ന ശരീരവും മാത്രമായിരുന്നു അദ്ദേഹത്തിനു ജീവനുണ്ട് എന്നതിനുള്ള സൂചന.

അധ്യായം 36

രാത്രി തീരുവോളം മഴ പെയ്തു. ആകാശത്തു നിന്ന്​ കടൽ ചൊരിയുന്നതു പോലുള്ള ആ മഴ മുഴുവൻ ഞങ്ങൾ നനഞ്ഞു. വിറച്ചുവിറച്ചാണ് എല്ലാവരും ആ രാത്രിയെ കടന്നു പോയത്. സൂര്യോദയത്തോടെ മഴ ശമിച്ചെങ്കിലും ക്യാപ്റ്റന്റെ ആരോഗ്യം അങ്ങേയറ്റം ഗുരുതരമായി മാറി. പനിച്ചു പൊള്ളിയ അദ്ദേഹത്തിന്റെ നാഡിമിടിപ്പ് കുറഞ്ഞിട്ടുണ്ടെന്ന് ട്രീസ പറഞ്ഞത് നിർവ്വികാരതയോടെ കേട്ടുനിൽക്കേണ്ടി വന്നു.

വിക്രമിന്റേയും മാത്യൂസിന്റേയും അവസ്ഥയും മോശമായി. നിരാശ അവരെ കീഴ്‌പ്പെടുത്തിയതാണ്. ഒന്നും മിണ്ടാതെ കുനിഞ്ഞ് ഒരേ ഇരിപ്പായി. സങ്കിതയും മാരിയും ആശാനും എന്തു ചെയ്യണമെന്നറിയാതെ എന്നെ നോക്കി. ഞാനാവട്ടെ ഇവിടെ നിന്ന്​ ഒരിക്കലും രക്ഷപ്പെടാൻ കഴിയില്ലെന്ന് ഉറപ്പിച്ചു. പക്ഷേ, സഞ്ജയ് മാത്രം രക്ഷപ്പെടുമെന്ന് ഉറപ്പിച്ചു പറഞ്ഞു. ഞങ്ങളൾക്കത് ഒരു സൂചിമുനയുടെ കനത്തിൽ പോലും പ്രതീക്ഷ നൽകിയതുമില്ല. രാത്രിയിൽ കണ്ടെത്തിയ പരന്ന പ്രദേശത്തേക്ക് മാറാൻ പോലും കഴിഞ്ഞില്ല. അവിടേക്കുള്ള വഴി അത്യന്തം അപകടം പിടിച്ചതുകാരണമായിരുന്നു അത്​.

വീണുകിടന്നൊരു മരത്തിന്റെ കമ്പും മറ്റും സഞ്ജയ് ഒടിച്ചെടുത്തു കൊണ്ടുവന്നു. അയാൾ തന്നെ അടുപ്പുകൂട്ടി. ഇന്ദിരയിൽ നിന്ന്​ പുറത്തേക്ക് എത്തിച്ച അരിയും മറ്റും ഉപയോഗിച്ച് ഭക്ഷണം ഉണ്ടാക്കി. അറവുമാടുകൾക്ക് മരണത്തിനു തൊട്ടുമുൻപ് നൽകുന്ന, അവസാനത്തെ വെള്ളമാണ് അതെന്നു പറഞ്ഞുകൊണ്ടാണ് മാരി അത് കഴിച്ചത്. കരഞ്ഞ്, കണ്ണുകൾ വീങ്ങിയ അവനെ എന്തു പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടതെന്ന് ആർക്കും അറിയില്ലായിരുന്നു. ആശാനാവട്ടെ അപ്പോഴും പ്രാർത്ഥനയിലാണ്. മരണ സമയത്തെ ഒപ്പീസു പ്രാർത്ഥനായിരുന്നത്. ട്രീസയ്കും എനിക്കും മാത്രമെ അതു മനസ്സിലായുള്ളൂ. ആശാനെ തടയാൻ പലവട്ടം ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കാതിൽ കടൽ മാത്രം നിറഞ്ഞു.

എന്തെങ്കിലും ഉടനെ ചെയ്തില്ലെങ്കിൽ അധിക ദിവസം അവിടെ കഴിച്ചുകൂട്ടാൻ കഴിയില്ലെന്നുറപ്പായി. സഞ്ജയ് പറയുന്നത് അനുസരിക്കുക മാത്രമെ വഴിയുണ്ടായിരുന്നു. കഴിഞ്ഞ രാത്രി മുതൽ അയാളാണ് ഒമ്പതു പേരുള്ള സംഘത്തെ നയിക്കുന്നത്. സൂര്യന്റെ ചൂട് ഓരോ നിമിഷവും കൂടിക്കൂടി വന്നു. മേലാകെ തീ വിതറിയതു കണക്കേയുള്ളള ചൂട്. അൽപം കൂടെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറിയില്ലെങ്കിൽ ഓരോരുത്തരായി മരണത്തിന്റെ തണുപ്പിലേക്ക് വീഴുന്നത് കണ്ടുനിൽക്കേണ്ടി വരുമെന്ന സഞ്ജയിന്റെ മുന്നറിയിപ്പ് കൂടുതൽ ഭയം വിതറി.

ആരും മരിക്കാതിരിക്കാൻ തന്റെ കൂടെ രണ്ടു പേരെങ്കിലും നിൽക്കണമെന്ന അയാളുടെ അപേക്ഷ അനുസരിക്കാതിരിക്കാൻ കഴിഞ്ഞില്ല. സങ്കിതയാണ് ആദ്യം അതിനായി തയ്യാറാണെന്നു പറഞ്ഞത്. ഞാനും ട്രീസയും അവർക്കൊപ്പം കൂടി. സംഘത്തെ രണ്ടായി പിരിക്കുകയാണ് സഞ്ജയ് ആദ്യം ചെയ്തത്. അതനുസരിച്ച് മുങ്ങിക്കൊണ്ടിരിക്കുന്ന ഇന്ദിരയിൽ നിന്ന്​ പറ്റാവുന്നത്ര സാധനങ്ങൾ കരയിലേക്ക് എത്തിക്കുന്നത് സങ്കിതയും സഞ്ജയും ഞാനും ട്രീസയും ആഹാരമുണ്ടാക്കാനും മറ്റുള്ളരെ ശ്രുശ്രൂഷിക്കുന്നതും ഏറ്റെടുത്തു. സഞ്ജയിന്റെ പരിശ്രമവും നേതൃപാടവവും ആരംഭിക്കുന്നത് അവിടം മുതലാണ്. ഒരിക്കൽ എല്ലാവരും വെറുത്തിരുന്ന അതേ മനുഷ്യൻ രക്ഷകനാവുന്നതിന്റെ തുടക്കം. കടലുപോലെ മനുഷ്യരും തീർത്തും പ്രവചാനാതിതരാണല്ലോ?

മുക്കാൽ ഭാഗത്തോളം മുങ്ങിയ ഇന്ദിരയിൽ നിന്ന്​ അടർന്നു പോയ പലകകളാണ് സഞ്ജയ് ആദ്യം പാറപ്പുറത്തേക്ക് എത്തിച്ചത്. വൈകുന്നേരത്തോളം അധ്വാനിച്ചാണ് അവരിരുവരും അത്രയും ചെയ്തത്. വലിയൊരു തിരയിലകപ്പെട്ട് ഇന്ദിര എന്നെന്നേക്കുമായി കടലിന്റെ അടിത്തട്ടിലേക്ക് ആണ്ടു. ഉണരാത്ത ജല വിശ്രമം! കാലങ്ങൾക്കുശേഷം ഇന്ദിര മറ്റൊരു ലോകമായി തീരും. മീനുകളും മറ്റുജീവികളും അതിനകത്ത് താവളമുറപ്പിക്കും. അക്രമകളിൽ നിന്ന്​ അതിജീവനം തേടാനുള്ളൊരു മറയായി അതു മാറും.

പക്ഷേ, ഞങ്ങൾ ഒമ്പതു മനുഷ്യരുടെ നിലവിളികൾ ആരാണ് കേൾക്കുക?
ചുറ്റിലും കടൽ മാത്രമാണ്. ഭീകരമായ അലർച്ചയുള്ള കടൽ. കരയും കടലും ഇരുട്ടു നിറയുന്നതിന്റെ ലക്ഷണങ്ങൾ ആകാശത്ത് പ്രത്യക്ഷമായി. കടലിനു നടുക്കാവുമ്പോൾ ആ കാഴ്ച ഭീതി മാത്രമാണ് പരത്തുന്നത്.

ആകാശമാദ്യം നേർത്ത ചുവപ്പു പരന്നു. പിന്നെയത് ചുവപ്പിന്റെ പലനിറഭേദങ്ങളണിഞ്ഞു. പല രൂപങ്ങൾ, പല വർണങ്ങൾ. വിദൂരതയിലേക്ക് സൂര്യൻ പൂർണമായും ഒളിച്ചു. രാത്രി അതിന്റെ എല്ലാ തീവ്ര വേഷങ്ങളുമെടുത്തണിഞ്ഞു. നക്ഷത്രങ്ങൾ നീലവെളിച്ചം തൂവി. കടലും മാനവും അനന്ത നിശ്ശബ്ദതയിൽ അലിഞ്ഞു. പകൽ അസഹ്യമായ ചൂടായിരുന്നെങ്കിൽ രാത്രി അസ്ഥിയുരുക്കുന്ന തണുപ്പായിരുന്നു. അതേറ്റവും ബാധിച്ചത് ക്യാപ്റ്റനെയാണ്. പനിച്ചു വിറച്ച ക്യാപ്റ്റന്റെ നെറ്റിയിൽ ട്രീസ തുണിനനച്ചിട്ടു. മുഴുവൻ സമയവും അദ്ദേഹത്തെയവൾ മരണത്തിനു വിട്ടുകൊടുക്കാതെ കാവലിരുന്നു. മറ്റുള്ളവർ തീ കാഞ്ഞു. രണ്ടു ദിവസത്തെ നിരാശയിൽ നിന്നും മാത്യൂസ് പതിയെ യഥാർത്യത്തോട് സമരസപ്പെട്ടത് വലിയ ആശ്വാസമായി. ആഞ്ഞു വീശുന്ന കാറ്റും തണുപ്പും രാത്രിയെ കൂടുതൽ ഭീകരമാക്കി. ഉറങ്ങാതെയുറങ്ങി ആ രാത്രിയെ അതിജീവിച്ചു.

പിറ്റേന്ന്​ പകൽ മാത്യൂസും സഞ്ജയും ചേർന്ന് ആ ചെറിയ ദ്വീപ് മുഴുവൻ പരിശോധിച്ചു. ഏകദേശം ഇരുപത്തഞ്ച് സ്‌കയർ കീലോമീറ്റർ മാത്രമാണ് അതിന്റെ വിസ്തീർണം. ഭൂരിഭാഗവും ഞങ്ങൾ അകപ്പെട്ട പാറക്കെട്ടു പോലെ കൂർത്തതും ഉയർന്നതുമായ പാറക്കെട്ടുകൾ തന്നെയാണ്. കടലിൽ നിന്നോ ആകാശത്തു നിന്നോ പെട്ടന്ന് ആരുടേയും ശ്രദ്ധയിൽ പെടാത്ത നിഗൂഢമായൊരു പ്രദേശം. തെക്കുപടിഞ്ഞാറ് ഭാഗത്ത്, അൽപം കരയുണ്ട്. ഏതു നിമിഷവും കടലെടുത്തു കൊണ്ടുപോയേക്കാവുന്നൊരു മണൽത്തിട്ട മാത്രമാണത്. പിന്നെയുള്ളത് ഞങ്ങൾ അകപ്പെട്ടിടത്തു നിന്ന്​ കുത്തനെയുള്ള പാറക്കെട്ടുകൾ ഇറങ്ങിയാൽ എത്തുന്ന അൽപം കുഴിഞ്ഞൊരു പാറക്കൂട്ടമാണ്. പക്ഷേ അതിനകത്ത് പത്തമ്പതു പേർക്ക് ഇരിക്കാൻ കഴിയുന്നത്ര വിസ്തീർണ്ണമുണ്ട്. അതൊരു കുഴിയോ ഗുഹയോ ആണെന്നാണ് മാത്യൂസ് പറഞ്ഞത്. അതുകൊണ്ടു തന്നെയത് സുരക്ഷിതമല്ല. പ്രത്യേകിച്ച് പാറക്കെട്ടുകളിൽ പലതിലേക്കും കടൽ കയറി ഇറങ്ങുന്നുണ്ട്. കടലിലേക്ക് തുറക്കുന്ന ഗോപ്യമായ ഗുഹാമുഖങ്ങളിലൂടെയാണ് ജലം ഇരച്ചു കയറുന്നതും തിരിച്ചിറങ്ങുന്നതും.

അവസാനം ആദ്യം മണൽത്തിട്ടയിലേക്ക് മാറാൻ തീരുമാനിച്ചു. അതൊട്ടും എളുപ്പമായിരുന്നില്ല. കുത്തനേയുള്ള, വഴുക്കലുള്ള പാറകളിൽക്കൂടെ അവിടേക്ക് എത്തുക സാഹസികതയാണ്. പക്ഷേ, ജീവിച്ചിരിക്കുകയെന്ന സാഹസത്തിലും വലുതായിരുന്നില്ല അത്. രാവിലെ പുറപ്പെട്ട ഞങ്ങൾ തിരിച്ചെത്തുമ്പോൾ രാത്രിയായിരുന്നു. ക്യാപ്റ്റന്റെ ആരോഗ്യം അൽപ്പം മെച്ചപ്പെട്ടന്നതു മാത്രമായിരുന്നു ഞങ്ങളെ കാത്തിരുന്ന ശുഭവാർത്ത. മൂന്നു ദിവസമായി ബോധമില്ലാതെ കിടന്ന അദ്ദേഹത്തിന് ബോധം തിരികെ ലഭിച്ചു. രാവും പകലും അദ്ദേഹത്തെ ചികിത്സിച്ച ട്രീസ ഇല്ലായിരുന്നെങ്കിൽ. ഓർക്കാൻ കൂടി വയ്യ.

വിക്രമും തന്റെ നിരാശകൾ വെടിഞ്ഞ് എന്തിനും ഞങ്ങൾക്കൊപ്പം ചേരാൻ തയ്യാറായി. അന്നു രാത്രി സഞ്ജയിന്റെ നേതൃത്തിലൊരു യോഗം ചേർന്നു. ഇന്ദിരയിൽ നിന്ന്​ ലഭിച്ച പലകകൾ ഉപയോഗിച്ച് മണൽത്തിട്ടയിൽ സുരക്ഷിതമായൊരു താമസസൗകര്യം ഒരുക്കാനുള്ള തീരുമാനമെടുത്തു. അതനുസരിച്ച്, മാരിയും ട്രീസയും ക്യാപ്റ്റനെ ശുശ്രൂശിച്ച് അവിടെ തന്നെ ഇരിക്കാനും മറ്റുള്ളവർ പലകകൾ മണൽത്തിട്ടയിലേക്ക് എത്തിക്കാനും തീരുമാനമെടുത്തു.

അന്നത്തെ രാത്രി വലിയ ബുദ്ധിമുട്ടുകളില്ലാതെ കടന്നു പോയി. തണുപ്പിന്റെ കാഠിന്യം കുറഞ്ഞിരുന്നു. പക്ഷേ, കയ്യിലുള്ള ഭക്ഷ്യവസ്തുക്കളുടെ അളവ് ഗണ്യമായി കുറഞ്ഞത് എന്നെ ഭയപ്പെടുത്തി. പ്രത്യേകിച്ച് ശുദ്ധജലത്തിന്റെ കാര്യം. ഞാനതാരോടും പങ്കുവെച്ചില്ല. കാരണം, ആ സമയത്ത് നിരാശയുടെ നേർത്തൊരു മണൽത്തരിപോലും വീഴാൻ പാടില്ലായിരുന്നു. പക്ഷേ, സഞ്ജയ് മറ്റൊരു തീരുമാനമെടുത്തു. അതനുസരിച്ച് ഭക്ഷണത്തിന് റേഷൻ സംവിധാനം ഏർപ്പെടുത്തി. ഓരോരുത്തർക്കും രണ്ടു നേരത്തെ ഭക്ഷണവും ഒരു ഗ്ലാസ് വെള്ളവും മാത്രമായിചുരുക്കി.

മൂന്നു ദിവസം കൊണ്ടാണ് പലകകൾ മണൽത്തിട്ടയിലേക്ക് എത്തിക്കാൻ കഴിഞ്ഞത്. ഈ ദിവസങ്ങളിൽ എഴുന്നേറ്റ് നടക്കാൻ കഴിയുന്ന രീതിയിൽ ക്യാപ്റ്റന്റെ ആരോഗ്യം മെച്ചപ്പെട്ടു. സംഭവിച്ച കാര്യങ്ങളെല്ലാം സഞ്ജയ് തന്നെയാണ് അദ്ദേഹത്തോട് വിശദീകരിച്ചത്. പസന്തിയുടെ മരണവാർത്ത അദ്ദേഹത്തെയാകെ ഉലച്ചു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ക്യാപ്റ്റൻ തന്റെ കുപ്പായത്തിൽ നിന്നും ബാഡ്ജ് ഊരിയെടുത്ത് സഞ്ജയിനെ ധരിപ്പിച്ചു.

എല്ലാവരേയും സങ്കടപ്പെടുത്തിയൊരു കാഴ്ചയായിരുന്നത്. സഞ്ജയിന്റെ കണ്ണുകൾ നിറഞ്ഞു തൂവി. ഇത്രനാളും ഞങ്ങളെ നയിച്ച, നിയന്ത്രിച്ചൊരു മനുഷ്യൻ തന്റെ എല്ലാ അധികാരങ്ങളും ഒറ്റ നിമിഷത്തിൽ ഉപേക്ഷിച്ചിരിക്കുന്നു. അതൊരു പ്രഖ്യാപനമായിരുന്നു. ഇനിയങ്ങോട്ട് ഞങ്ങളുടെ ക്യാപ്റ്റൻ സഞ്ജയ് ആണെന്ന പ്രഖ്യാപനം. വിക്രമോ മാത്യൂസോ അത് എതിർത്തതുമില്ല. കാരണം അവർക്കറിയാമായിരുന്നു ഇപ്പോൾ തങ്ങൾ ജീവനോടെയിരിക്കുന്നത് അവൻ കാരണമാണെന്ന്.

പലകകൾ മുഴുവൻ എത്തിച്ചു കഴിഞ്ഞതിന്റെ അടുത്ത ദിവസം വെങ്കിടാചലം സാറിനെ ചുമലിലേറ്റി സഞ്ജയിന്റെ നേതൃത്തിൽ ഞങ്ങൾ ആ പാറപ്പുറം ഉപേക്ഷിച്ചു. ഒരോരുത്തരുടെ ചുമലിലും ഭക്ഷണവും മരുന്നുകളും ശുദ്ധജലവും പേറിയുള്ള ആ യാത്ര കഠിനമായൊരു പാലായനത്തിനു തുല്യമായിരുന്നു. ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തിന്റെ അതിർത്തിയിലേക്കുള്ള നരക യാത്ര പോലെ.

കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും മാത്രമായിരുന്നില്ല അത്. കാലോ കണ്ണോ ഒന്നു തെറ്റിയാൽ അഗാതമായ ഗർത്തങ്ങളിലേക്ക് വീണുപോവുന്ന തരത്തിലുള്ള വഴുക്കലുള്ള പാറകളായിരുന്നത്. പാറയിലേക്ക് അടിച്ചു ചിതറുന്ന കൂറ്റൻ തിരമാലകൾ പലപ്പോഴും തലക്കുമുകളിലൂടെ ഊർന്നിറങ്ങുന്നുണ്ടായിരുന്നു. അതിലും അപകടകരമായത്, മൂർച്ചയുള്ള ഒരുതരം അടിക്കാടാണ്. കാൽപ്പാദം മുതൽ തുടവരെ അതിന്റെ കമ്പുകൾകൊണ്ട് മുറിവേറ്റ്, ചോരയൊലിപ്പിച്ചാണ് നടത്തം. ഉപ്പുജലം തട്ടുമ്പോഴുള്ള നീറ്റലിൽ മാരി പലവട്ടം ഉച്ചത്തിൽ നിലവിളിച്ചു. ആശാനാവട്ടെ അപ്പോഴും പ്രാർത്ഥനയിലായിരുന്നു. ഞങ്ങളെ കടൽച്ചെകുത്താൻ കുരിശേറ്റത്തിനു കൊണ്ടുപോവുകയെന്നാണ് ആശാൻ പറഞ്ഞുകൊണ്ടിരുന്നത്! സത്യത്തിൽ കുരിശേറ്റത്തേക്കാളും കഠിനമായിരുന്നു ആ യാത്ര.

വൈകുന്നേരത്തോടെ മണൽത്തിട്ടയിലേക്ക് എത്തിയ മാരിയും ട്രീസയും കുഴഞ്ഞു വീണു. അവരുടെ നിലവിളി അസഹ്യമായപ്പോൾ എന്റെ നിയന്ത്രണങ്ങൾ കൈവിട്ടുപോയി. ഞാൻ ഇരുവരേയും പള്ളുവിളിച്ചു. അതവരെ കൂടുതൽ വേദനിപ്പിക്കുക മാത്രമായിരുന്നു. മൂന്നു ദിവസമാണ് അതിന്റെ പേരിൽ ട്രീസയെന്നോട് മിണ്ടാതെ നിന്നത്. ആ ദിവസങ്ങളിലാണ് അവളോട് സംസാരിക്കുമ്പോൾ മാത്രമായിരുന്നു നിരാശകൾക്ക് അറുതി വന്നിരുന്നതെന്നു തിരിച്ചറിയാൻ കഴിഞ്ഞത്. നഷ്ടപ്പെടുമ്പോൾ മാത്രം തിരിച്ചറിവു നൽകുന്ന സ്‌നേഹം. ആ മൂന്നു ദിവസങ്ങൾകൊണ്ട് സഞ്ജയിന്റെ നേതൃത്തിൽ മാത്യൂസും വിക്രമും ചേർന്ന് സാമാന്യം വലുപ്പമുള്ളൊരു കുടിൽ കെട്ടി. കപ്പൽപലകകൾ മണലിൽ നാട്ടി നിർത്തിയാണത് ചെയ്തത്. ആഞ്ഞുവീശുന്ന കാറ്റിനെയത് അതിജീവിക്കാൻ സാധ്യതയില്ലെന്ന് അവർക്കും അറിയാമായിരുന്നു. പക്ഷേ, ആ സമയത്ത് ഞങ്ങൾക്കതൊരു കൊട്ടാരം തന്നെയായിരുന്നു. ഒരൊറ്റ മുറിയിൽ വെറും മണലിൽ കിടക്കേണ്ടി വന്നെങ്കിലും പാറപ്പുറത്ത് കഴിച്ചുകൂട്ടിയ ദിവസങ്ങളെക്കാളും സുരക്ഷിതമായിരുന്നു അത്​.

പക്ഷേ, ഓരോ ദിവസം കഴിയുന്തോറും ഭക്ഷണം കുറഞ്ഞു വന്നു. ഒരു ദിവസം വെറും ഒരു ഗ്ലാസ് കുടിവെള്ളം മാത്രമായി. ഒരു മഴ പെയ്തിരുന്നെങ്കിലെന്ന് ആശിച്ച പകലുകളും രാത്രികളും. ആകാശത്ത് മേഘങ്ങളുടെ നിഴൽപോലും പ്രത്യക്ഷപ്പെട്ടില്ലെന്നു മാത്രം. സദാസമയവും വീശിയടിക്കുന്ന ഉപ്പുകാറ്റേറ്റ് തളർന്നു. പരസ്പരം തിരിച്ചറിയാൻ പോലും കഴിയാതെ ശരീരമാകെ ക്ഷീണിച്ചു. മാരി വെറുമൊരു എല്ലിൻകൂടായി മാറി. സങ്കിതയും ട്രീസയും ഏതോ പുരാതന മനുഷ്യരുടെ രൂപത്തിലായി. മറ്റുള്ളവരുടെ അവസ്ഥയും ഇതു തന്നെയായിരുന്നു. വെങ്കിടാചലം സാറിനു മാത്രമായിരുന്നു വെള്ളത്തിന്റേയും ഭക്ഷണത്തിന്റേയും കാര്യത്തിൽ യാതൊരു നിയന്ത്രണവും ഏർപ്പെടുത്താതിരുന്നത്. എന്നിട്ടും അദ്ദേഹമത് സ്വീകരിച്ചില്ല. മറ്റുള്ളവർക്കില്ലാത്ത യാതൊരു പരിഗണനയും തനിക്കും ആവശ്യമില്ലെന്നാണ് അതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. പലപ്പോഴും തന്റെ പങ്കിലൊരു ഭാഗം അദ്ദേഹം നിർബന്ധിച്ച് ട്രീസയെക്കൊണ്ട് കഴിപ്പിക്കുകയും ചെയ്തു. അവളത് നിരാകരിച്ചെങ്കിലും സാറതിനു സമ്മതിച്ചില്ല. തന്റെ ജീവനെ പിടിച്ചു നിർത്തിയതിന് അദ്ദേഹം നൽകിയ പ്രതിഫലമായിരിക്കാം അതെന്നാണ് ഞാൻ കരുതുന്നത്. ▮

(തുടരും)


റിഹാൻ റാഷിദ്

നോവലിസ്​റ്റ്​. സമ്മിലൂനി, അഘോരികളുടെ ഇടയിൽ, ലക്ഷദ്വീപ് ഒരു സൂഫി ലാൻറ്​, ഡോൾസ്, പ്രണയ ജിന്നുകൾഎന്നിവ പ്രധാന കൃതികൾ.

Comments