ചിത്രീകരണം: രാ​ജേഷ്​ ചിറപ്പാട്​

മൂന്നു കല്ലുകൾ

കഥ കബീർ എന്നോടു പറഞ്ഞതാണ്, ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്ന ആ ദിവസങ്ങളിൽ. ഞങ്ങൾ അവസാനമായി കണ്ട ദിവസം സംസാരം രാത്രി വൈകിയും നീണ്ടു. ഇതു കബീർ തന്നെ എഴുതിയാൽ മതി, ഒടുവിൽ ഞാൻ പറഞ്ഞു. സത്യം പറയൂ, ഈ കഥ എഴുതണമെന്ന് ഏട്ടനു തോന്നുന്നില്ലേ, കബീർ ചോദിച്ചു. ശരിയാണ്, ഞാൻ ഈ കഥ മാത്രം എഴുതും, ഇതുവരെയുള്ള ഞാൻ അതോടെ ഇല്ലാതാകും, ഞാൻ മനസ്സിൽ പറഞ്ഞു. ഏട്ടൻ മനസ്സിൽ പറയുന്നത് എനിക്കു വായിക്കാനാകുന്നു, കബീർ പുഞ്ചിരിച്ചു. നീ എന്നെ വായിക്കുന്നു, ഞാൻ നിന്നെ എഴുതുന്നു, ഞാൻ പറഞ്ഞു. അതായിരുന്നു ഞങ്ങളുടെ അവസാന കൂടിക്കാഴ്ച. ഞാനും കബീറും കുറച്ചു നാളുകൾ മാത്രമാണ് ഒരുമിച്ചുണ്ടായത്, എനിക്കു മനുഷ്യരിൽ താൽപര്യമില്ലായിരുന്നു. പക്ഷേ കബീർ ആ കഥ പറഞ്ഞുതുടങ്ങിയപ്പോൾ ഞാൻ മനുഷ്യർക്കിടയിലേക്കു വന്നതായി എനിക്കു തോന്നി, അവൻ ഉണ്ടാക്കിത്തന്ന ഭക്ഷണം കഴിച്ച അന്നു മുതൽ ഞങ്ങൾ പിരിഞ്ഞ ദിവസം വരെ ഓരോന്നും ഓരോ നിമിഷവും എനിക്കോർമയുണ്ട്. എന്നിട്ടും എനിക്ക് ആധി തോന്നുന്നു, ഞങ്ങൾ പങ്കിട്ട ഏതെങ്കിലും നിമിഷം നഷ്ടമായിട്ടുണ്ടോ, ഞാൻ എന്റെ ഉള്ളിൽ സൂക്ഷ്മമായി തിരയുന്നു, എന്തെങ്കിലും വീണുപോയിട്ടുണ്ടെങ്കിൽ അതു കണ്ടെടുക്കുമെന്നു ദൃഢനിശ്ചയം ചെയ്യുന്നു. ആ ദിവസങ്ങൾക്കു മുൻപു ഞാൻ ഒരു വ്യക്തിയായി ഈ ഭൂമിയിൽ ജീവിച്ചിരുന്നില്ല എന്നും തോന്നുന്നു. അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങൾ. എന്റെ സ്മരണകളിൽ അതിനു മുൻപുണ്ടായിരുന്ന എല്ലാം മാഞ്ഞുപോകണമെന്നും ഞാൻ ആഗ്രഹിച്ചു. കാരണം ഞാൻ കബീറിനെ എഴുതുകയാണ്, മറ്റെന്തെങ്കിലും അതുമായി കലരരുത്. അവനെ എഴുതുമ്പോൾ അവൻ എനിക്കു കാട്ടിത്തന്ന മനുഷ്യരെയും എഴുതുന്നു. ആ മനുഷ്യരിലൂടെ അവർക്കു പിന്നിലേക്കു വീണുപോയ ഓരോ നിമിഷവും ഞാൻ പെറുക്കിയെടുക്കുന്നു. വരണ്ട പ്രദേശത്തേക്കു നീർച്ചാലുകൾ ഒഴുകിപ്പരക്കുംപോലെ വാക്കുകൾ അതിനു നാവു നനച്ചു പോകാവുന്നത്ര പരപ്പിലേക്കും ആഴത്തിലേക്കും പോകുന്നു. കബീർ ഇതു വായിക്കുമ്പോൾ അവന് ഇഷ്ടമാകുമോ എന്നു ഞാൻ വിചാരിക്കും. അവന് ഉപമകൾ ഇഷ്ടമാണ്. ദുഃഖത്തിൽനിന്നാണ് ഉപമകൾ ഉണ്ടാകുന്നതെന്ന് അവൻ പറയാറുണ്ട്. ഞങ്ങളുടെ അവസാന സന്ധ്യയിൽ മേൽപാലത്തിലൂടെയും അതിനു താഴെയുള്ള നിരത്തിലൂടെയും പോകുന്ന വണ്ടികൾ കണ്ട് റോഡരികിലെ കടയിലെ ബെഞ്ചിൽ ഇരുന്നു ഞങ്ങൾ ചായ കുടിച്ചു. ഈ എഴുതുന്നതെല്ലാം നിന്റെ പേരിൽ വായിക്കപ്പെടണം, ഇതെല്ലാം നിന്റെ ഉള്ളിൽനിന്നാണ് എനിക്കു കിട്ടിയത്, ഞാൻ പറഞ്ഞു. കബീർ എന്റെ തോളത്തു സ്പർശിച്ചു. സത്യത്തിൽ ഇത് എനിക്കുള്ളിൽനിന്നല്ല, നമ്മുടെ ഉള്ളിൽനിന്നാണു വന്നത്, ഏട്ടൻ എഴുതുമ്പോൾ അതു നമ്മുടേതായി തുടരുകയും ചെയ്യുന്നു, കഴുത്തിലൂടെ കൈചുറ്റി അവൻ എന്റെ കാതിൽ മന്ത്രിച്ചു. കബീർ പോയതിനുശേഷം ഞാൻ ഇത് എവിടെത്തുടങ്ങും എന്നറിയാതെ നഗരത്തിൽ ഒരിക്കൽ ഞങ്ങൾ പോയിരുന്നു സംസാരിച്ച പല സ്ഥലങ്ങളിൽ ഞാൻ അലഞ്ഞു. ആ ദിവസങ്ങളിൽ കബീർ ഓരോ ദിവസവും എന്റെ വിചാരങ്ങളിൽ വന്ന് ഓരോന്ന് എന്നെ ഓർമിപ്പിക്കും. കബീറിന്റെ എനിക്കേറ്റവും പ്രിയങ്കരമായ കണ്ണുകൾ എന്നെ നോക്കുന്നത് ഞാൻ അറിഞ്ഞു.

ഒരു ദിവസം പൊലീസ് എന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. കമ്മിഷണറുടെ ഓഫിസിൽ പകൽ മുഴുവനും ഞാനിരുന്നു. അവർക്ക് ആവശ്യമുള്ളതെന്നും എന്നിൽനിന്നു കിട്ടിയില്ല. നഗരം വിട്ട് എവിടേക്കും യാത്ര ചെയ്യരുത്, ഫോൺ സ്വിച് ഓഫ് ചെയ്യരുത് എന്നെല്ലാം പറഞ്ഞ് എന്നെ മടക്കി അയച്ചു. അന്നു സന്ധ്യക്കു ആ പഴയ കുടുസ്സു ഫ്ലാറ്റിന്റെ ബാൽക്കണിയിൽനിന്നു താഴെ തെരുവിലെ ബഹളവും ചലനങ്ങളും കാണുമ്പോൾ, എനിക്ക് എന്നെത്തന്നെ തെളിയാൻ തുടങ്ങി, എന്റെ ഉള്ളിൽ കബീർ വച്ചുപോയ കാലം, അതിലെ മിടിപ്പുകൾ, അനന്തകോടി നിശബ്ദതയിലേക്ക് ഇല്ലാതായിത്തീരും മുൻപേയുള്ള പ്രാണന്റെ വെമ്പൽ.... ഞാൻ എന്തെഴുതിത്തുടങ്ങിയാൽ ഒടുവിൽ ആ ഇടത്തിലേക്കു തന്നെ എന്റെ ഭാഷ എത്തിച്ചേരും. എനിക്കത് ഉറപ്പായി.

എന്റെ നാൽപതാം വയസ്സിൽ, മറ്റൊരു നഗരത്തിൽ ഞാൻ താമസിച്ചിരുന്ന വാടകമുറിയിലേക്ക് ഒരു ദിവസം രാവിലെ ഞാൻ ജോലിചെയ്യുന്ന പ്രസാധക സ്ഥാപനത്തിന്റെ ഉടമ വന്നു. എട്ടുമണിയായിട്ടില്ല. മുറിയുടെ വരാന്തയിൽ സിഗരറ്റ് വലിച്ചു നിൽക്കവേ ഒരു കാർ വന്നു. പ്രസാധകനാണ് അതെന്ന് എനിക്കു മനസിലായി. നീ ബ്രേക്ഫാസ്റ്റ് കഴിച്ചോ എന്നു ചോദിച്ച് അടുത്തേക്കു വന്നു. ഇല്ലെന്നു ഞാൻ പറഞ്ഞു. നമ്മുക്കു പുറത്തുപോയി കഴിക്കാം, വേഗം റെഡിയാകൂ, എന്നു പറഞ്ഞ് അയാൾ എന്റെ മുറിയിലേക്കു കയറി, മേശയോ കസേരയോ ഇല്ലാത്ത മുറിയാണ്. ഇവിടെ ഒരു മാറ്റവും ഇല്ലെന്നു പറഞ്ഞു പ്രസാധകൻ കട്ടിലിരുന്നു. അയാൾക്ക്, കിഷൻ എന്നാണ് അയാളുടെ പേര്, അറുപതോ അറുപത്തഞ്ചോ വയസ്സുണ്ട്, മെലിഞ്ഞുനീണ്ട അയാളുടെ വയർ മാത്രം ഉരുണ്ടു തള്ളിനിൽക്കുന്നു. പ്രത്യേകിച്ചു കാരണമില്ലാതെ ചിരിക്കുന്ന മുഖം, അവിടെ പാതിനരച്ച കുറച്ചു താടിരോമങ്ങൾ എപ്പോഴും കാണാം , ചായം തേച്ചിട്ടുണ്ടോ എന്നു തോന്നുംവിധം ചുണ്ടുകൾക്കു തിളക്കമുണ്ട്. എന്റെ ഇരുപതാം വയസ്സിൽ ഞാൻ അയാളുടെ സ്ഥാപനത്തിൽ ജോലിക്കു കയറി. പ്രൂഫ് റീഡറാണു ഞാൻ. ഒരു പക്ഷേ ഈ പ്രസാധകന്റെ കൂടെ ഏറ്റവുമധികം വർഷം ജോലി ചെയ്ത ആളും ഞാനായിരിക്കും. അയാളുടെ സ്ഥാപനത്തിൽ ആരും അധികകാലം ജോലിയെടുക്കാറില്ല. ലോകത്തിലെ ഏറ്റവും വിരസമായ ജോലിസ്ഥലമാണത്, ശമ്പളവും കുറവ്. വർഷം തോറും പുതിയവർ വരും, പഴയവർ പോകും. എങ്കിലും ഞാൻ തുടരുന്നു, ഞാൻ വിചാരിക്കുന്നത് ഇവിടെയല്ലാതെ മറ്റൊരിടത്തും എനിക്കു സ്വസ്ഥമായി ജോലി ചെയ്യാനാവില്ല എന്നാണ്, കാരണം ഇത്രത്തോളം വിരസമായ ജോലിസ്ഥലം മറ്റൊരിടത്തുമുണ്ടാവില്ല, വിരസമായ അന്തരീഷത്തിലാണ് ഞാൻ സ്വസ്ഥമായി ഇരിക്കുക, എനിക്ക് ആഘോഷമോ ചിരിയോ ഇഷ്ടമാകാറില്ല. എനിക്കു ജീവിക്കാൻ ഏറ്റവും കുറച്ചു പണം മതി. കാരണം പണം ചെലവാക്കേണ്ട ആവശ്യം എനിക്കു വരാറില്ല. എനിക്കു കിട്ടുന്ന ശമ്പളം നന്നേ കുറവാണെന്നു എനിക്കു നന്നായി അറിയാം, അതു പ്രസാധകനും അറിയാം. നിനക്ക് ഒരു മേശയും കസേരയും വാങ്ങാൻ ഇത്രകാലമായി കഴിഞ്ഞിട്ടില്ലേ? അയാൾ ചോദിച്ചു, ഇല്ല എനിക്കാവശ്യമില്ല, അതിനു പണവും എന്റെ കയ്യിലില്ല, ഞാൻ പറഞ്ഞു. പണം ഞാൻ കടം തരാം, നീ തവണകളായി തന്നാൽ മതി, പ്രസാധകൻ ഉദാരത പ്രകടിപ്പിച്ചു. വേണ്ട,എനിക്ക് മേശയോ കസേരയോ ആവശ്യമില്ല, ഞാൻ നിഷേധിച്ചു. ആരെങ്കിലും വന്നാൽ ഇരിക്കാൻ ഒരു പ്ലാസ്റ്റിക് കസേരയെങ്കിലും, പ്രസാധകൻ നിർബന്ധിച്ചു. ഇവിടെ ആരും വരാറില്ല, ഞാൻ ആരെയും ക്ഷണിക്കാറുമില്ല, ഞാൻ പറഞ്ഞു. പക്ഷേ ക്ഷണിക്കാതെ എന്നെപ്പോലെ ആരെങ്കിലും വരാമല്ലോ, പ്രസാധകൻ ചിരിച്ചു. എന്താണു വരവിന്റെ ലക്ഷ്യമെന്നു പറയൂ, ഞാൻ ആവശ്യപ്പെട്ടു. പറയാം, ആദ്യം ബ്രേക് ഫാസ്റ്റിന് ഒരു നല്ല റസ്റ്ററന്റിലേക്കു പോകാം, അവിടെ ചെന്നു ഭക്ഷണം കഴിച്ചുകൊണ്ടു സംസാരിക്കാം, അയാൾ പറഞ്ഞു. ഞാൻ ഉടുപ്പു മാറി പ്രസാധകനൊപ്പം കാറിൽ കയറി, ഇത്രയും കാലത്തിനിടെ കുറച്ചു തവണ മാത്രമാണ് അയാളുടെ കാറിൽ കയറിയിട്ടുള്ളത്, ആദ്യം ഇവിടെ ജോലിക്കു ചേരാൻ വന്ന ദിവസം പ്രസാധകശാലയുടെ ഓഫിസിലേക്കുള്ള യാത്രയിൽ. മുൻസീറ്റിൽ പ്രിന്റെടുത്ത കടലാസുകളുടെ ഒരു കെട്ട് ഉണ്ടായിരുന്നു. ഞാൻ അതു മടിയിൽ വച്ചാണ് ഇരുന്നത്. ഏപ്രിലിലെ കടുത്ത ചൂടിൽ വിയർത്തൊലിച്ചാണു ഞാൻ അവിടെ കാത്തുനിൽക്കുകയായിരുന്നു, ഞാൻ ആ വഴിക്കാണു പോകുന്നത്, നീ റോഡിൽ കയറിനിന്നാൽ മതി, പ്രസാധകൻ പറഞ്ഞു. എനിക്കു കുടയുണ്ടായിരുന്നില്ല, അയാൾ പറഞ്ഞ സ്ഥലത്തു റോഡരികിൽ കയറിനിൽക്കാനും ഒരിടമില്ലായിരുന്നു. കുറച്ചുമാറി ഒരു ബസ് വെയിറ്റിങ് ഷെഡ് ഉണ്ട്. അവിടേക്കു പോയാൽ തണലിൽ നില്ക്കാമായിരുന്നു പക്ഷേ പറഞ്ഞസ്ഥലത്തുനിന്നു മാറിനിന്നാൽ അയാൾ വരുമ്പോൾ എന്നെ കണ്ടില്ലെങ്കിലോ. അര മണിക്കൂറോളം വൈകിയാണ് അന്നു പ്രസാധകൻ എത്തിയത്, വിയർത്തു കുളിച്ചു വാടിയ മുഖത്തോടെയാണു ഞാൻ ഈ വണ്ടിയിൽ ആദ്യം കയറിയത്. മുൻവശത്തെ സീറ്റിൽ വച്ചിരുന്ന കടലാസുകൾ എടുത്തു ഞാൻ മടിയിൽ വച്ചു. അത് ഏതോ പുസ്തകത്തിന്റെ മാനുസ്‌ക്രിപ്റ്റ് ആയിരിക്കുമെന്നു ഞാൻ കരുതി. പ്രസാധകൻ പുഞ്ചിരിയോടെ സംസാരിച്ചു, ഇത്ര വെയിലുണ്ടാകുമെന്ന് ഓർത്തില്ല, കുറച്ചുവൈകി, നിനക്ക് ആ ബസ് സ്റ്റോപ്പിലേക്കു മാറിനിൽക്കാമായിരുന്നുവല്ലോ, നിനക്ക് വാടക വീട് ഏർപ്പാടാക്കിയിട്ടുണ്ട്, മൂന്നുമാസത്തെ അഡ്വാൻസ് കൊടുക്കേണ്ടി വേണ്ടിവരും, അയാൾ പറഞ്ഞുകൊണ്ടിരുന്നു. ഞാൻ ഈ നഗരത്തിൽ കുട്ടിക്കാലത്തു വന്നിട്ടുണ്ട്, അമ്മയുടെ വീട്ടിൽ താമസിച്ചിരുന്ന കാലത്ത്, നഗരത്തിലല്ല, നഗരത്തിന് അടുത്തുള്ള ഒരു ചെറിയ പട്ടണത്തിലായിരുന്നു അമ്മവീട്. ഞാനും അമ്മയും കൂടി ബസിൽ കയറി പലവട്ടം നഗരത്തിലേക്കു പോയിട്ടുണ്ട്, പക്ഷേ ഞാൻ ഈ നഗരത്തിൽ താമസിച്ചിട്ടില്ല, ഇവിടെ തനിച്ച് ഒരു വാടകമുറിയിൽ താാമസിക്കാനായി ഞാൻ പോകുമെന്ന് അമ്മയും കരുതിയിട്ടുണ്ടാവില്ല. ഞാൻ ആദ്യം ഈ കാറിൽ യാത്ര ചെയ്യുമ്പോൾ മടിയിൽ എടുത്തുവച്ച കടലാസുകൾ യഥാർഥത്തിൽ ഒരു പുസ്തകത്തിന്റെ പ്രൂഫ് കോപ്പിയായിരുന്നു. ഏതു റസ്റ്ററന്റിലാണു പോകുക എന്ന് ആത്മഗതം പോലെ പ്രസാധകൻ ചോദിച്ചു, ഞാൻ മറുപടി പറഞ്ഞില്ല, അയാൾ വണ്ടിയോടിക്കുന്നതിനിടെ ഇടത്തോട്ടും വലത്തോട്ടും നോക്കി, കടകൾ ശ്രദ്ധിച്ച്, ട്രാഫിക് വിളക്കുകളെയും മറ്റു വണ്ടികളെയും ശ്രദ്ധിച്ച്, അപ്രതീക്ഷിതമായി വഴി മുറിച്ചു കടക്കുന്ന ആളുകൾക്കായി വണ്ടി നിർത്തിക്കൊടുത്ത്, ഏതു റസ്റ്ററന്റിലാണു പോകുകയെന്നു പിന്നെയും ചോദിച്ചു. ഞാൻ മുന്നിലോട്ടുനോക്കി മിണ്ടാതെയിരുന്നു. കടലാസുകൾക്കുമേൽ കൈവച്ചതോടെ വിയർപ്പ് അതിലേക്കു പടർന്നതു കുറച്ചു കഴിഞ്ഞാണു ഞാൻ ശ്രദ്ധിച്ചത്. അത് എന്താണെന്നു മനസ്സിലായോ, ഞാൻ കടലാസിലേക്ക് ഉറ്റുനോക്കുന്നതു കണ്ട് കിഷൻ ചോദിച്ചു, ഇല്ലെന്നു ഞാൻ പറഞ്ഞു. അതിലെ അക്ഷരങ്ങളിലേക്ക് എന്റെ ശ്രദ്ധപോയിരുന്നില്ല, ഞാൻ അതു വായിക്കാൻ ശ്രമിച്ചു. ""നിഷ്‌ക്രോധാ ക്രോധശമിനീ, നിർല്ലോഭാ ലോഭാനാശിനീ''... ഇതു ലളിതാ സഹസ്രനാമം അല്ലേ, ഞാൻ ചോദിച്ചു. അതെ, നിനക്കതു മനസ്സിലായല്ലോ, നന്നായി, അതിന്റെ പ്രൂഫ് നോക്കലാണു നിന്റെ ആദ്യജോലി, ഞാൻ കടലാസുകൾ മറിച്ചുനോക്കി, പക്ഷേ ഈ താളുകൾ ക്രമത്തിലല്ലല്ലോ, മുഴുവനും ഇല്ലെന്നു തോന്നുന്നു, ഇല്ലേ, ഇല്ലെങ്കിൽ ബാക്കി ഓഫിസിൽ ഉണ്ടാകും, അവിടെച്ചെന്നു നോക്കാം.

കിഷൻ എന്ന പ്രസാധകനു വേറെയും പലതരം കച്ചവടങ്ങളുണ്ട്. എന്നാൽ പ്രസാധനവും അച്ചടിയും അയാൾ അഭിമാനമായി കാണുന്നു. താൻ ഒരു സഹൃദയനാണെന്ന് അയാൾ വിശ്വസിക്കുന്നു. അവിടെ ആദ്യം അച്ചടിച്ചത് പഞ്ചാംഗമായിരുന്നു. പിന്നീട് ആദ്ധ്യാത്മിക സാഹിത്യഗ്രന്ഥങ്ങൾ അച്ചടിക്കാൻ തുടങ്ങി. പുസ്തകാവകാശം ഇല്ലാത്ത ഗ്രന്ഥങ്ങൾ തപ്പിപ്പിടിച്ചാണ് അച്ചടി. അതു കൂടാതെ കാര്യമായി ചെലവില്ലാതെ പുസ്തകങ്ങൾ സംഘടിപ്പിക്കാനും അയാൾക്ക് അറിയാം. അത്തരത്തിലെഴുതിയ ഒരു ദീർഘകാവ്യം പ്രസിദ്ധീകരിക്കാനായി ഒരിക്കൽ ഒരാൾ വന്നു. അയാളെക്കൊണ്ടു നാലഞ്ചു ആദ്ധ്യാത്മിക കൃതികൾ എഴുതിപ്പിച്ചു. എന്നിട്ടും കവിതയും അച്ചടിച്ചുകൊടുത്തു. അയാളുടെ ദീർഘകാവ്യം പിന്നീട് അച്ചടിക്കേണ്ടിവന്നിട്ടില്ല. അതു മുഴുവനും പ്രൂഫ് വായിച്ചതു ഞാനാണ്. അതിൽ ഒരിടത്തും പിഴവുണ്ടായിരുന്നില്ല. ഞാൻ നേരത്തേ പറഞ്ഞില്ലേ, ഏറ്റവും വിരസമായ ഒരു സ്ഥലത്തിരുന്നു മടുപ്പിക്കുന്ന എന്തെങ്കിലും പ്രൂഫ് വായിക്കാനാണ് എനിക്കിഷ്ടം. പുസ്തകാവകാശമില്ലാതെ അയാൾ എഴുതിക്കൊടുത്ത ആദ്ധ്യാത്മിക സാഹിത്യം ഇപ്പോഴും വിൽക്കുന്നു.

രാവിലെ പെറോട്ടയും മീൻകറിയും കിട്ടുന്ന ഒരു റസ്റ്ററന്റ് കിഷൻ ഒടുവിൽ കണ്ടുപിടിച്ചു. നീയിവിടെ മുൻപ് വന്നിട്ടുണ്ടോ എന്ന് അയാൾ ചോദിച്ചു. ഞാൻ അവിടെ പലവട്ടം പോയിട്ടുണ്ട്, എന്നിട്ടും "ഞാൻ ഇവിടെ വന്നിട്ടില്ല, ഈ സ്ഥലം എനിക്കറിയില്ല' എന്നു ഞാൻ അയാളോടു പറഞ്ഞു. പെട്ടെന്ന് പ്രസാധകൻ ഉറക്കെ ചിരിച്ചു, നിന്നെ ഞാൻ ഇവിടെ മുൻപൊരിക്കൽ കൊണ്ടുവന്നിട്ടുണ്ട്, അയാൾ പറഞ്ഞു. എന്നാണത്, ഞാൻ ചോദിച്ചു. എട്ടു പത്തു വർഷം മുൻപാണ്, അന്നു നീ പറഞ്ഞു നിനക്കു പെറോട്ടയും മീൻകറിയും ഇഷ്ടമാണെന്ന്, അതാണ് ഇന്നും ഇങ്ങോട്ടു തന്നെ വന്നത്, അയാൾ വീണ്ടും ചിരിച്ചു. എനിക്കോർമ വരുന്നില്ല, എന്തായാലും ഇവിടെ വന്നത് എനിക്ക് ഇഷ്ടമായി, ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ ഞാൻ പറഞ്ഞു. കഴിഞ്ഞ 20 വർഷത്തിനിടെ കിഷനൊടൊപ്പം ഞാൻ മൂന്നോനാലോ വട്ടമേ ഭക്ഷണം കഴിച്ചിട്ടുള്ളു. അപ്പോഴെല്ലാം അയാൾക്ക് എന്നെക്കൊണ്ട് എന്തെങ്കിലും ആവശ്യമുണ്ടായിരുന്നു. ഓഫിസ് ജോലികൾക്കു പുറത്തു ഞാൻ ചെയ്തു കൊടുക്കേണ്ട എന്തെങ്കിലുമായിരിക്കും. ഒരിക്കൽ അയാളുടെ കാഞ്ഞിരപ്പളളിയിലെ തോട്ടത്തിൽ രണ്ടു ഉത്തരേന്ത്യക്കാർ വിരുന്നു വന്നപ്പോൾ അവരുടെ ഗൈഡായി ഞാനാണു പോയത്. കിഷനു വിശ്വസ്തനായ ആൾ എന്ന പേരിൽ ഞാൻ നാലഞ്ചുദിവസം അവർക്കൊപ്പം നടന്നു. മറ്റൊരിക്കൽ അയാളുടെ അമ്മ ഐസിയുവിൽ കിടന്നപ്പോൾ ആശുപത്രിവരാന്തയിൽ രണ്ടാഴ്ചയോളം ഞാൻ ഇരുന്നു. ഇത്തവണയും അതുപോലെ എന്തെങ്കിലുമായിരിക്കുമെന്നു ഞാൻ ഊഹിച്ചു.

പ്രഭാതഭക്ഷണം കഴിഞ്ഞ് തിരിച്ചു കാറിൽ കയറാൻ നടക്കുമ്പോഴാണ് പ്രസാധകൻ കാര്യം പറഞ്ഞത്, നീ ഒരു ആത്മകഥയെഴുതണം, ഞാനോ.. എന്തിന്, ഞാൻ അമ്പരന്നു. നീ ഒരെണ്ണം എഴുതണം, നിന്റെ ആത്മകഥ അല്ല മറ്റൊരാളുടെ,അയാൾ പറഞ്ഞു, കോഴിക്കോട്ടു താമസിക്കുന്ന ഒരു പഴയകാല നടനാണ്. അയാൾക്ക് ആത്മകഥ എഴുതണം, വലിയ ഓഫറാണ്, നീ എഴുതണമെന്ന് അയാൾ ആവശ്യപ്പെടുകയും ചെയ്തു, പ്രസാധകൻ പറഞ്ഞു. എനിക്കതു മനസിലായില്ല, സിനിമാനടൻ എന്തിന് എന്നെ ആവശ്യപ്പെടണം? പ്രസാധകൻ കാര്യങ്ങൾ വിശദീകരിക്കാൻ തുടങ്ങി. കഴിഞ്ഞ വർഷം നാം കോഴിക്കോട്ടെ ഒരു മരക്കച്ചവടക്കാരന്റെ ആത്മകഥ അച്ചടിച്ചില്ലേ, അതു നീയല്ലേ എഴുതിയത്! പ്രസാധകൻ ചിരിച്ചു. പക്ഷേ, പക്ഷേ, അതെങ്ങനെ അയാൾ അറിഞ്ഞു, ഞാൻ ചോദിച്ചു. അതു ഞാൻ പറഞ്ഞു, അയാൾ സ്വരം താഴ്ത്തി എന്നെ തോണ്ടി. നിങ്ങൾ എന്താണീ ചെയ്തത്, പുറത്തുപറയാൻ പാടില്ല എന്ന കരാറിലല്ലേ നാം അതു ചെയ്തത്, ഞാൻ ചോദിച്ചു. അതു ശ്രദ്ധിക്കാതെ പ്രസാധകൻ മുന്നോട്ടു നടന്നു. ഹോട്ടലിനു മുന്നിൽ ഒരു ചെറിയ ഉദ്യാനമുണ്ട്. അതിന്റെ അതിരിൽ വലിയൊരു തണൽമരവും. മരത്തോടു ചേർന്നുള്ള സിമന്റ് ബഞ്ചിൽ പ്രസാധകൻ ഇരുന്നു, അയാളുടെ വെള്ളമുണ്ട് ചീത്തയാകുമല്ലോ അവിടെ ഇരുന്നാൽ എന്നു ഞാൻ ശങ്കിച്ചു. നോക്കൂ, പ്രസാധകൻ പറയാൻ തുടങ്ങി, മരക്കച്ചവടക്കാരന്റെ ആത്മകഥ നീ മനോഹരമായി എഴുതി, അതു വായിച്ച നടനും ആത്മകഥ എഴുതണമെന്നു കലശലായ ആഗ്രഹം വന്നു, അയാൾ എന്നോടു ഫോണിൽ ആദ്യം പറഞ്ഞത് മരക്കച്ചവടക്കാരന്റെ ആത്മകഥ യഥാർഥത്തിൽ എഴുതിയ ആളെ വേണം എന്നാണ്, അയാൾക്കും ആത്മകഥ എഴുതിക്കണം, പക്ഷേ മരക്കച്ചവടക്കാരന്റെ ആത്മകഥ എഴുതിയ ആൾ തന്നെ വേണം...

ഞാൻ വിശ്വാസം വരാതെ പ്രസാധകനെ നോക്കിയിരുന്നു. ഇതൊരു കെണിയാണ്. ഞാൻ എഴുത്തുകാരനല്ല, എഴുത്തു തിരുത്തുന്നയാളാണ്. എനിക്ക് ഇപ്പോൾ സിഗരറ്റ് വലിക്കാൻ തോന്നുന്നുണ്ട്, അവിടെനിന്നു രക്ഷപ്പെടണമെന്നുമുണ്ട്. പ്രസാധകൻ തന്ത്രശാലിയാണ്. മരക്കച്ചവടക്കാരന്റെ ആത്മകഥ അച്ചടിച്ചുകൊടുത്തതിനാൽ, കിഷൻ പുതിയ വീട് പണിതപ്പോൾ ഒന്നാന്തരം ഫർണിച്ചർ എത്തിച്ചുകൊടുത്തത് അയാളാണ്. ഇതുപോലെയുള്ള ഉപകാരങ്ങൾ തേടിയാവും ഈ ജോലിയും ഇയാൾ പിടിച്ചത്. എനിക്ക് എഴുതാൻ ഇഷ്ടമില്ല, ഞാൻ അന്ന് അതു മനസ്സിലാമനസ്സോടെ ചെയ്തതാണ്, ഇനി എഴുത്തു ജോലി കഴിയിലില്ലെന്നു ഞാൻ ഇയാളോടു അന്നു പറയുകയും ചെയ്തതാണ്. പ്രസാധകന് ഇത്തരം ഒഴികഴിവുകൾ പ്രശ്‌നമല്ല. നിനക്ക് ഒരു ചെയ്ഞ്ചാകും, നീ കോഴിക്കോട്ടു പോയി രണ്ടാഴ്ച താമസിക്കൂ, ശമ്പളത്തോടെ കൂടിയുള്ള അവധിയാണ്, താമസവും ഭക്ഷണവും അയാൾ ഏർപ്പാടാക്കിയിട്ടുണ്ട്, നിനക്ക് വലിയൊരു തുക അയാൾ എഴുത്തുകൂലിയായി തരും, അയാൾ പറഞ്ഞു. എത്രയാണത്, ഞാൻ ചോദിച്ചു. അയാൾ ഒരു സംഖ്യ പറഞ്ഞു. അതു വലിയ തുകയായി എനിക്കു തോന്നിയില്ല. നിങ്ങൾക്ക് ഇതിലെന്താ ലാഭം, ഞാൻ ചോദിച്ചു, എനിക്കോ, എനിക്കു ലാഭമില്ലെങ്കിൽ ഞാൻ ഇതിന് ഇറങ്ങുമോ, പ്രസാധകൻ വാ തുറന്നു ചിരിച്ചുകൊണ്ടു സംസാരം തുടർന്നു, അയാൾ അച്ചടിയുടെ ചെലവുകൾ വഹിക്കും, കോഴിക്കോട്ടെ കുറെ സ്‌കൂളുകളിൽനിന്നു പാഠപുസ്തകങ്ങളുടെ ഓർഡർ എനിക്കു സംഘടിപ്പിച്ചു തരും. അയാൾ എഴുന്നേറ്റു. നീ തയാറല്ലേ , നാളെയോ മറ്റെന്നാളോ പുറപ്പെടാം. ഞാൻ അയാളെ നോക്കി, ഇത്രേം താല്പര്യം ഈ കാര്യത്തിലെന്താണെന്ന് എനിക്കു മനസ്സിലാകുന്നില്ല, ഞാൻ പറഞ്ഞു. പ്രസാധകൻ ഒരു നിമിഷം ആലോചിച്ചുനിന്നു. എന്നിട്ടു എന്റെ തോളിൽ കൈവച്ചു. ഞാനീപ്പറഞ്ഞതു മാത്രമല്ല, നിന്നെക്കൊണ്ട് എഴുതിപ്പിക്കുന്നതിന്റെ പേരിൽ ഞാൻ ഈ ബുക്കിന്റെ മുഴുവൻ അവകാശവും വാങ്ങുകയാണ്, അറിയാമോ സിനിമാ നടന്റെ ആത്മകഥ മരക്കച്ചവടക്കാരന്റെ ആത്മകഥ പോലെയല്ല, ജനം വായിക്കും, പ്രസാധകൻ ആത്മവിശ്വാസത്തോടെ പറഞ്ഞു.

കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കുമുൻപേ പ്രസാധകൻ എനിക്ക് ലാപ്ടോപ് തന്നു. നടന്റെ ചില പഴയകാല സിനിമകൾ ഞാൻ അതിൽ കണ്ടു. ബോറൻ സിനിമകളായിരുന്നു. യൂട്യൂബിൽ തിരഞ്ഞപ്പോൾ കുറെ ഗാനരംഗങ്ങൾ കിട്ടി. നിറഞ്ഞുതൂവിയ തലമുടിയും നീണ്ട സുന്ദരൻ മീശയും മെലിഞ്ഞ കവിളുകളുമുള്ള ഒരു ചെറുപ്പക്കാരൻ. എഴുപതുകളിലിറങ്ങിയവയാണ് ആ സിനിമകളെല്ലാം. പിന്നീട് അയാൾ രംഗത്തില്ല. അയാൾക്ക് ഇപ്പോൾ എഴുപതു വയസ്സെങ്കിലും കാണും. നടന്റെ സമീപകാല ഫോട്ടോ തിരഞ്ഞെങ്കിലും കിട്ടിയില്ല. എന്തിനായിരിക്കും അയാൾക്ക് ഒരു ആത്മകഥ വേണമെന്നു തോന്നിയത്, എന്തായിരിക്കും അയാൾക്കു പറയാനുള്ളത്. മരക്കച്ചവടക്കാരന് അറുപതു കഴിഞ്ഞിരുന്നു. തൃപ്പൂണിത്തുറയ്ക്ക് അടുത്ത് ഒരു വലിയ വീട്ടിൽ രണ്ടാഴ്ചയോളം വന്നു താമസിച്ചു. എന്റെ താമസസ്ഥലത്തു നിന്ന് അവിടേക്ക് എട്ടുപത്തു കിലോമീറ്ററുണ്ട്. ഞാൻ ദിവസവും രാവിലെ ബസിൽ കയറി അവിടേക്കു പോകും. മരക്കച്ചവടക്കാരൻ സംസാരിക്കുമ്പോൾ ഞാൻ ഫോണിലെ വോയ്‌സ് റിക്കോർഡർ ഓൺചെയ്തു വയ്ക്കും. അയാളുടെ സംസാരം നല്ല രസമായിരുന്നു, കൗമാരത്തിലെയും യൗവനത്തിലെയും ദിവസങ്ങൾ അയാൾ ഏറെയും മറന്നുപോയിരുന്നു, ചുമട്ടുകാരനായും മരംവെട്ടുകാരനായും കൂപ്പിലെ പണിക്കാരനാായും നടന്ന ദിവസങ്ങളിൽനിന്നും കാര്യമായൊന്നും ഓർത്തു പറയാൻ അയാൾക്കായില്ല. ഓർമയാണു നാം എഴുതുന്നത്, അതില്ലെങ്കിൽ ആത്മകഥയില്ല, ഞാൻ അയാളോടു പറഞ്ഞു. ഓർമകൾക്ക് ഇത്രേം ഗുണമുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ എല്ലാം ഓർത്തുവച്ചേനെ, അയാൾ ഒരു വിഡ്ഢിയെപ്പോലെ പറഞ്ഞു. എന്റെ കയ്യിൽ ഓർമകൾ വളരെ കുറച്ചേയുള്ളു, മരക്കച്ചവടക്കാരൻ തുടർന്നു, സ്‌കൂളിൽ പോകാനൊന്നും എനിക്ക് കഴിഞ്ഞിട്ടില്ല, ദാരിദ്ര്യം ഉണ്ടായിരുന്നു. പക്ഷേ ആത്മകഥയിൽ ഞാൻ സ്‌കൂളിൽ പോയിരുന്നുവെന്ന് എഴുതണം, അതിനുപറ്റിയ എന്തെങ്കിലും കഥകളൊക്കെ നീ ചേർക്കണം. മരിച്ചുപോയ ഭാര്യയെക്കുറിച്ചു സംസാരിച്ചപ്പോൾ മാത്രമാണ് അയാൾ ഓർമയിൽ എന്തോ പരതുന്നതായി എനിക്ക് അനുഭവപ്പെട്ടത്. ഭാര്യയെക്കുറിച്ചു പറഞ്ഞപ്പോൾ മാത്രം സ്വന്തം ഉള്ളിലെ ശൂന്യതയിൽ ഖേദം തോന്നിയതുപോലെ കണ്ടു. ഭാര്യ ജീവിച്ചിരുന്നപ്പോൾ അയാൾക്ക് അവർ വീട്ടിലെ പലവസ്തുക്കൾക്കിടയിൽ ഒന്നു മാത്രമായിരുന്നു. അവൾക്ക് എന്താണ് ഇഷ്ടങ്ങൾ, അവൾ ബസ്സിൽ പുറത്തേക്കു നോക്കിയിരിക്കുമ്പോൾ എന്താവും വിചാരിക്കുന്നത്, ദൂരെ ഏതെങ്കിലും സ്ഥലത്ത് പോകണമെന്ന് അവൾക്ക് ആഗ്രഹമുണ്ടായിരുന്നോ എന്നിങ്ങനെ ഭാര്യയുടെ ജീവിതത്തിലെ ഒരു ദിവസമോ സന്ദർഭമോ പോലും അയാൾ ഓർത്തില്ല. എന്നാൽ ഭാര്യ മരിച്ചശേഷം ആ വീട്ടിൽ താമസിച്ചപ്പോൾ, അയാൾക്ക് അവൾ ഒരിക്കൽ അവിടെ ശരിക്കും ഇവിടെയുണ്ടായിരുന്നുവല്ലോ എന്ന ചിന്ത ആദ്യമായി വന്നു, അവൾ ഇവിടെയുണ്ടെങ്കിൽ ഇപ്പോൾ എന്തെല്ലാം ചെയ്‌തേനേ, എന്ന് ആലോചിച്ചു. അവൾ മരിച്ചപ്പോൾ അവൾ ഈ ഭൂമിയിലെ എന്തെല്ലാം വസ്തുക്കളാവും ഒപ്പം കൊണ്ടുപോയിട്ടുണ്ടാവുക എന്നിങ്ങനെ കാടുകയറി ആലോചിക്കാനും തുടങ്ങി. അയാളുടെ കൈവശം ഭാര്യയുടെ ഒരു ഫൊട്ടോഗ്രാഫ് പോലും ഇല്ലായിരുന്നു. ദൂരെയുള്ള മക്കളോട് അയാൾ അയാൾ വിളിച്ചുചോദിച്ചു, അമ്മയുടെ ഫോട്ടോ വല്ലതും ഉണ്ടോ, മൊബൈൽ ഫോൺ വ്യാപകമാകും മുൻപേ അവൾ മരിച്ചുപോയി. അല്ലായിരുന്നുവെങ്കിൽ ഒരു പടമെങ്കിലും കിട്ടിയേനെ, മരക്കച്ചവടക്കാരൻ പറഞ്ഞു. ഫോട്ടോ ഒരു പ്രധാന വസ്തുവായി നാം സൂക്ഷിച്ചുവച്ചിരുന്ന കാലത്ത്, ഓരോ ജീവിതഘട്ടത്തിലും നാം ഫോട്ടോകളെടുത്തു. ""എന്റെ നാട്ടിൽ സ്റ്റുഡിയോ നടത്തിയിരുന്ന ആൾ പുഴയിൽ വീണു മരിച്ചപ്പോഴാണ് അറിഞ്ഞത് അയാളുടെ ഒരു ഫോട്ടോ പോലും ഇല്ലെന്നത്, അയാളുടെ സ്റ്റുഡിയോയിൽ ആ നാട്ടിലെ മിക്കവാറും പേരുടെ പടങ്ങളുണ്ടായിരുന്നു, അയാളുടേത് ഒഴികെ.,'' മരക്കച്ചവടക്കാരൻ പറഞ്ഞു. എനിക്ക് അയാൾ സ്റ്റുഡിയോക്കാരനെക്കുറിച്ചു പറഞ്ഞത് ഇഷ്ടമായി. ഭാര്യയെക്കുറിച്ചുള്ള ഓർമകൾ ആ സ്റ്റുഡിയോക്കാരന്റെ കഥ വിവരിച്ചുതുടങ്ങാമെന്നു ഞാൻ അയാളോടു പറഞ്ഞു. ഞാൻ ഭാര്യയുടെ ഫോട്ടോ തിരഞ്ഞത് അവളെ എപ്പോഴും കണ്ടുകൊണ്ടിരിക്കാനായിരുന്നില്ല, മരക്കച്ചവടക്കാരൻ പറഞ്ഞു, എന്റെ മക്കൾ പക്ഷേ അങ്ങനെയാണു കരുതിയത്, ജീവിതത്തിലാദ്യമായി അവർ അച്ഛനെ ഓർത്തു സങ്കടപ്പെട്ടു, ജീവിച്ചിരുന്നപ്പോൾ അവളെ എന്നും കണ്ടുകൊണ്ടിരുന്നതിനാൽ, ഞാൻ അവളെ ഓർത്തതേയില്ല, ഒരു ഫോട്ടോ ഉണ്ടെങ്കിൽ അവൾ ഉള്ളതായി എനിക്കു വീണ്ടും തോന്നിയേനെ, അങ്ങനെയെങ്കിൽ എനിക്ക് അവളെ ഓർക്കാതെ കഴിയാമായിരുന്നു, മരക്കച്ചവടക്കാരൻ പറഞ്ഞു.

ദിവസവും രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്കു ഒരു മണി വരെ ഇങ്ങനെ ഞാൻ ഓരോന്നു ചോദിക്കുന്നതിനു മറുപടിയായി അയാൾ സംസാരിച്ചുകൊണ്ടിരിക്കും, എവിടെയാണു നിർത്തേണ്ടതെന്ന് അയാൾക്കറിയില്ല, തലേന്നു പറഞ്ഞതു പിറ്റേന്നു ചിലപ്പോൾ വീണ്ടും ആവർത്തിക്കും, അല്ലെങ്കിൽ സംസാരിച്ചുവന്നതു വിട്ടു മറ്റു വിഷയങ്ങളിലേക്കു പോകും.ഞാൻ തടയില്ല. പകരം ചോദ്യം പുതുതായ പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെട്ടു ചോദിക്കും, ചില ചോദ്യങ്ങളോട് മരക്കച്ചവടക്കാരൻ പ്രതികരിക്കില്ല, ആത്മകഥയിൽ ഇതെല്ലാം വേണ്ടതാണോ? ഇതൊന്നും എനിക്കു താൽപര്യമില്ല എന്നു പറഞ്ഞ് ഒഴിയും, പക്ഷേ ഇതും കൂടി അറിഞ്ഞാലേ എനിക്ക് ഈ ഭാഗങ്ങൾ ഒഴിവാക്കി വേറെ എന്തെങ്കിലും എഴുതാനാവൂ എന്നു ഞാൻ പറയും. എന്റെ യുക്തി മനസ്സിലാകാതെ ആ മനുഷ്യൻ എന്നെ തുറിച്ചുനോക്കും.

അവിടെ ഞാൻ സംസാരിച്ചിരുന്ന ആ വീട്ടിന്റെ തിണ്ണയിലും അരഭിത്തിയിലും ചിലപ്പോൾ പൂച്ചകൾ വരാറുണ്ട്. അക്കൂട്ടത്തിൽ ഇരുണ്ട മുഖമുളള ഒരു പൂച്ച പറമ്പിലെ ചെറുമരത്തിന്റെ ചാഞ്ഞ ചില്ലയിൽ കയറിയിരുന്ന് ഞങ്ങളെ നോക്കുന്നു. ഇടയ്ക്കിടെ തണുത്ത കാറ്റു വരുന്നു, ചിലപ്പോൾ മുറ്റത്തുകൂടി വീട്ടിലെ പെണ്ണുങ്ങളോ അയൽക്കാരോ നടന്നുപോകുന്നു, രാത്രി ഞാൻ വോയ്‌സ് റിക്കോർഡർ ഓൺചെയ്ത് അതു കേട്ടു സിഗരറ്റ് വലിക്കുന്നു. ഇഴയുന്ന സ്വരം, പക്ഷേ എത്ര ഇഴഞ്ഞാലും ആശയവ്യക്തതയുള്ള വർത്തമാനം എന്നെ ആകർഷിക്കുന്നു. ഞാൻ രണ്ടോ മൂന്നോ മണിക്കൂർ എഴുതുന്നു. പിറ്റേന്ന് ആ കടലാസുകൾ അയാളെ വായിച്ചുകേൾപ്പിക്കുന്നു. ഞാൻ വായിച്ചുതുടങ്ങുമ്പോൾ അയാൾ കണ്ണട എടുത്തു അരഭിത്തിയിൽ വയ്ക്കുന്നു, കണ്ണുകൾ ഇടയ്ക്കിടെ തടവി തല കുനിച്ചിരുന്നു ശ്രദ്ധയോടെ കേൾക്കുന്നു, ചില ഭാഗങ്ങൾ രണ്ടാമതു വായിക്കാൻ പറയുന്നു, ചില സ്ഥലത്തു പുഞ്ചിരിക്കുന്നു, വായന കഴിഞ്ഞാൽ മിനിറ്റുകളോളം മിണ്ടാതിരിക്കുന്നു, ആ സമയം ഞാൻ സിഗരറ്റ് കത്തിച്ചു വലിക്കുന്നു, ഞങ്ങളുടെ ഒരുമിച്ചുള്ള പകൽനേരങ്ങളിൽ ഞാൻ ആവശ്യപ്പെട്ടത് ഇങ്ങനെ ഇടയ്ക്ക് അയാൾക്കു മുന്നിലിരുന്നു പുകവലിക്കാനുള്ള അനുമതിയാണ്, അയാൾ അതു സമ്മതിക്കുകയും ചെയ്തു. സ്വന്തം കഥ കേട്ടു മരക്കച്ചവടക്കാരൻ നിശബ്ദനാകുന്ന മിനിറ്റുകളിൽ എനിക്ക് സിഗരറ്റ് വലിക്കാനുള്ള മൗനം കിട്ടുന്നു.

ഒരു മാസം കൊണ്ട് മരക്കച്ചവടക്കാരന്റെ ആത്മകഥ ഞാൻ എഴുതിപൂർത്തിയാക്കി. "ഒരു മരക്കച്ചവടക്കാരൻ എഴുതിയ ആത്മകഥ' എന്നു തലക്കെട്ടു വേണമെന്ന് അയാൾ നിർദേശിച്ചു. "മരക്കച്ചവടക്കാരന്റെ ആത്മകഥ' എന്ന പോരേ ഞാൻ ചോദിച്ചു. പോരാ, "ഒരു മരക്കച്ചവടക്കാരൻ എഴുതിയ ആത്മകഥ' എന്നു തന്നെ വേണം, ആർക്കും ഒരു സംശയവും ഉണ്ടാവാൻ പാടില്ല ഞാൻ ഇതെഴുതിയതാണ് എന്നതിൽ, അയാൾ പറഞ്ഞു.

പഴയകാല സിനിമാനടൻ, കോഴിക്കോട് നഗരത്തിൽ കടപ്പുറത്തേക്കു പോകുന്ന വഴിയിലെ ഓവർബ്രിഡ്ജിനോടു ചേർന്നുള്ള ഫ്ലാറ്റിലെ ആറാം നിലയിലാണു താമസിക്കുന്നത്. അയാളുടെ ബാൽക്കണിയിൽനിന്നു നോക്കിയാൽ കടൽത്തീരത്തേക്കു വഴി നീളുന്നതു കാണാം, കടൽ ആ ദിക്കിലാണ് എന്നു നമ്മെ അറിയിക്കുന്നതുപോലെ ആകാശത്തിന്റെ അഗാധത വർധിക്കുന്നതും കാണാം. നടൻ ഒരിക്കൽ തന്റെ ഫ്ലാറ്റിലേക്കു ഫർണിച്ചർ വാങ്ങാൻ പോയപ്പോഴാണ് മരക്കച്ചവടക്കാരന്റെ ആത്മകഥ അയാൾക്കു കിട്ടിയത്. നടന്റെ പേരെഴുതി സ്‌നേഹപൂർവം എന്നെഴുതി അതിനു താഴെ ഒപ്പിട്ടാണു മരക്കച്ചവടക്കാരൻ പുസ്തകം കൈമാറിയത്, അതു നിരസിക്കുന്നതു മര്യാദയല്ലാത്തതുകൊണ്ടു നടൻ അതു വാങ്ങി. പത്രം വായിച്ചാൽ പോലും ഉറക്കം വരാറുള്ള നടൻ ജീവിതത്തിൽ ഒരു പുസ്തകം പോലും വായിച്ചിട്ടില്ല. അഭിനയമല്ലാതെ മറ്റൊന്നിലും അയാൾ മനസ്സർപ്പിച്ചില്ല. ജീവിതത്തിൽ എന്നെങ്കിലും ഒരു പുസ്തകം താൻ വായിച്ചേക്കുമെന്ന് അയാൾ ഒരിക്കലും സങ്കൽപിച്ചിട്ടുമില്ല. സിനിമയിൽനിന്നു പുറത്തായകാലത്ത് അയാൾ അമിത മദ്യപാനിയായിരുന്നു. താമസിയാതെ അയാൾക്ക് അവസരങ്ങൾ കുറഞ്ഞു, അക്കാലത്തു പ്രശസ്തയായ മറ്റൊരു നടിയുടെ കൂടെയായിരുന്നു അയാൾ താമസം. നടൻ സിനിമയിൽനിന്നു പുറത്തായതോടെ നടി വീടുവിട്ടുപോയി, അക്കാലത്തു മകനെ സഹായിക്കാനായി വയസ്സു ചെന്ന നടന്റെ അമ്മ കുറേക്കാലം കൂടെവന്നു താമസിച്ചു. സാവധാനം നടൻ മദ്യപാനവും പുകവലിയും നിർത്തി സാധാരണ ജീവിതത്തിലേക്കു മടങ്ങിവന്നു. സമീപകാലത്ത് അയാൾക്കു സന്തോഷം പകർന്നു ചില സീരിയലുകളിൽ വേഷം കിട്ടി. അഭിനയിക്കാനുള്ള കൊതികൊണ്ട് സീരിയൽ വേഷം എത്ര ചെറുതായാലും സ്വീകരിക്കും. ഒരിക്കൽ സീരിയലിൽ അയാൾ ഒരു ഏണിയിൽ പിടിച്ചു കയറുന്ന രംഗം ഉണ്ടായിരുന്നു. കോണി കയറിത്തുടങ്ങിയപ്പോഴാണ് കാൽമുട്ടിലെ അസഹ്യമായ വേദന അറിഞ്ഞത്, ഒരുവിധത്തിൽ കയറിയെങ്കിലും ആ രംഗം വീണ്ടും ആവർത്തിക്കാൻ സംവിധായകൻ ആവശ്യപ്പെട്ടു. എനിക്കു കാൽമുട്ടു വേദനിക്കുന്നു, നടൻ പറഞ്ഞു. താൻ ഒരിക്കൽ ഒരു താരമായിരുന്നു എന്ന് അപ്പോൾ നടൻ ഓർത്തു. പക്ഷേ അയാൾക്ക് ആ രംഗത്ത് ഇളവൊന്നും കിട്ടിയില്ല, മുട്ടുവേദന സഹിച്ച് കണ്ണുനിറഞ്ഞ് അയാൾ പടികൾ വീണ്ടും കയറി. ഷൂട്ടിങ് കഴിഞ്ഞ് അന്നു രാത്രി തിരിച്ചെത്തിയപ്പോൾ ഫ്ലാറ്റിലെ പിന്നിൽ കടലിന് അഭിമുഖമായ ബാൽക്കണിയിൽ അയാൾ കുറേനേരം വെറുതെ നിന്നു, സിഗരറ്റ് വലിയും മദ്യപാനവും നിർത്തിയതു നന്നായി എന്ന് അപ്പോൾ തോന്നി. അല്ലെങ്കിൽ ആ രാത്രി മുഴുവനും കുടിച്ചേനെ, വലിച്ചേനെ. അപ്പാർട്ട്‌മെന്റുകളിലെ വിളക്കുകൾ ഓരോന്നായി അണയുകയും നിരത്തിലെ ശബ്ദങ്ങൾ നേർത്തുവരികയും ചെയ്തു. ആ രാത്രിയിലെ ഉറക്കത്തിൽ വിചിത്രമായ കുറെ സംഭവങ്ങൾ അയാൾ സ്വപ്നം കണ്ടു. ഉറക്കം ഞെട്ടി ഉണർന്നപ്പോൾ പുലരുവാൻ പിന്നെയും മണിക്കൂറുകളുണ്ടെന്നു കണ്ടു. നെഞ്ചു വേദനിക്കുന്നതായും അതു കൂടിക്കൂടി വരുന്നതായും അയാൾ അറിഞ്ഞു. താൻ പുലരിയിലേക്ക് എത്തില്ലെന്ന് ആ മനുഷ്യനു തോന്നി, കിടക്കയിൽനിന്നെണീററു പോയി അയാൾ വെള്ളം കുടിച്ചു. എന്നിട്ടു ഇരിപ്പുമുറിയിലെ വിളക്കു തെളിച്ച് സോഫയിൽ ഇരുന്നു. ടിവി ഓൺ ചെയ്തു. കുറച്ചുനേരം ടിവിയിലെ പല ചാനലുകൾ മാറ്റിക്കൊണ്ടിരുന്നു. അപ്പോൾ ഒരു ചാനലിൽ പഴയ പാട്ടുകൾ വന്നു. ആ ഗാനദൃശ്യങ്ങളിലെ പല അഭിനേതാക്കളെയും അതു ചിത്രീകരിച്ച സ്ഥലങ്ങളും വേഗം തിരിച്ചറിഞ്ഞു. താൻ അഭിനയിച്ച ഗാനരംഗങ്ങളും ഇടയ്ക്കു കയറിവന്നു, കാലത്തിനകത്തേക്കു നഷ്ടമായിപ്പോയ തന്റെ യൗവനം അയാൾ അമ്പരപ്പോടെ കണ്ടു, ആ സമയം, ഒരു പാട്ടിൽ ഒപ്പമുള്ള ആ നടിയെ ഓർമിക്കാൻ ശ്രമിച്ചു, മനോഹരമായ ഗാനമാണത്. താമസിയാതെ നടൻ മടുപ്പോടെ ടിവി ഓഫ് ചെയ്തു. അപ്പോഴാണതു സംഭവിച്ചത്. ആ പുസ്തകം, മരക്കച്ചവടക്കാരൻ എഴുതിയ ആത്മകഥ, അയാൾക്കു മുന്നിൽ ടിപ്പോയിയിൽ ഇരിക്കുന്നു, ദിവസങ്ങളായി അത് അങ്ങനെ തന്നെ അവിടെയിരിക്കുന്നു, നടൻ മെല്ലെ അത് എടുത്തു മറിച്ചുനോക്കി. ഒരു പുസ്തകം പോലും വായിച്ചുശീലമില്ലാത്ത തനിക്ക് ഇതു വായിക്കാനാവുമോ എന്ന സംശയത്തോടെ താളുകൾ മറിച്ചു. അദ്ഭുതം തന്നെ, വായിക്കാൻ കഴിയുന്നു, അതെഴുതിയ മരക്കച്ചവടക്കാരന്റെ ജീവിതത്തിൽ താല്പര്യം തോന്നുന്നു, മറ്റൊരാൾ ജീവിച്ച ജീവിതം അറിയാൻ കൗതുകം തോന്നുന്നു, അയാൾ എഴുന്നേറ്റു ഇരിപ്പുമുറിയിലെ കൂടുതൽ വിളക്കുകൾ തെളിക്കുന്നു, അടുക്കളയിൽ ചെന്ന് ഒരു ചായ ഇടുന്നു, അപ്പോൾ തൊട്ടുമുൻപ് കണ്ട, താൻ അഭിനയിച്ച ആ രംഗത്തിലെ ഗാനം ചുണ്ടിലേക്കു വരുന്നു, പുഞ്ചിരിയോടെ അയാൾ ചായക്കപ്പുമായി തിരികെ പുസ്തകത്തിനു മുന്നിലിരുന്നു, മനസ്സിലേക്കു ശാന്തത ഒരു പക്ഷിയെപ്പോലെ പറന്നെത്തുന്നത് അയാൾ അറിയുന്നു.

കോഴിക്കോട്ടു ചെന്ന് നടനെ കണ്ടപ്പോൾ ഞങ്ങളുടെ ആദ്യകൂടിക്കാഴ്ചയിൽ ഈ രംഗം നടനാണ് എന്നോടു വിവരിച്ചത്. സംസാരിക്കുമ്പോൾ അയാൾ ഇടയ്ക്കിടെ മുഖം തുടച്ചു. അയാളുടെ തലമുടിയാകെ കൊഴിഞ്ഞുപോയിരുന്നു. കറുപ്പിച്ച നേരിയ മീശ വെട്ടിയൊതുക്കി, ക്ഷൗരം ചെയ്തു മിനുസപ്പെടുത്തിയ മുഖത്തോടെ, കഴിയുന്നത്ര പ്രസന്നതയോടെ നടൻ എനിക്കു മുന്നിലിരുന്നു, ഞങ്ങൾ പരസ്പരം ഗാഢമായി നിരീക്ഷിക്കുകയും മെല്ലെ സംസാരത്തിലേക്കു പ്രവേശിക്കുകയും ചെയ്തു. ആത്മകഥാമോഹം എങ്ങനെയുണ്ടായി എന്ന് അയാൾ എന്നോടു തുറന്നുപറഞ്ഞു. ഉറക്കം ഞെട്ടിയുണർന്ന ആ പുലർച്ചെ ചായക്കപ്പ് ചുണ്ടോടടുപ്പിച്ച് മെല്ലെ അയാളുടെ കണ്ണുകൾ താളുകളിലൂടെ സഞ്ചരിക്കുന്നു. രണ്ടുദിവസത്തെ വായനയ്‌ക്കൊടുവിൽ താനും ഇതുപോലെ ഒന്ന് എഴുതുമെന്നു നിശ്ചയിക്കുന്നു. എഴുതാനായി കടലാസും പേനയുമെടുത്തിരുന്ന്, എന്തൊക്കെയോ എഴുതാൻ നോക്കി, അതൊന്നും താൻ വായിച്ച പുസ്തകത്തിലേതു പോലെ ആയിട്ടില്ലെന്നു നിരാശയോടെ നടൻ മനസിലാക്കുന്നു, എന്തുകൊണ്ടാണ് ഒരു മരക്കച്ചവടക്കാരനു സാധിച്ചത് തനിക്കു കഴിയാത്തതെന്നും അമ്പരക്കുന്നു. മരക്കച്ചവടക്കാരന്റെ സ്‌കൂൾ പഠനകാലത്തെ ഓർമകളാണ് ആ പുസ്തകത്തിൽ ആദ്യത്തെ അധ്യായം. അയാൾ സ്‌കൂളിൽ പോയിട്ടുണ്ടാകാൻ സാധ്യതയില്ലല്ലോ എന്നും നടൻ വിചാരിച്ചു. ആഴ്ചകളോളം നടൻ ഈ വിചാരങ്ങളുമായി നടന്നു. ഒരു ദിവസം ഒരു സുഹൃത്ത് വന്നു. നടൻ ചിന്താധീനനാണെന്നു കൂട്ടുകാരനു മനസിലായി. അയാൾ ചോദിച്ചു എന്താണു പ്രശ്‌നം. നടൻ ഒഴിയാൻ ശ്രമിച്ചു. എന്നോടു പറയൂ, കൂട്ടുകാരൻ നിർബന്ധിച്ചു, അപ്പോൾ നടൻ ആത്മകഥയുടെ പ്രശ്‌നം വിവരിച്ചു. സുഹൃത്തിനെ ആ പുസ്തകം കാട്ടിക്കൊടുത്തു. അയാൾ അതു മറിച്ചുനോക്കി. പുസ്തകം തിരികെ വച്ചു. എനിക്കു വയ്യ, എനിക്ക് ആത്മകഥ എഴുതണം, എഴുതാതെ എനിക്ക് മരിക്കണ്ട, നടൻ പറഞ്ഞു. എന്തിനാണ് ആത്മകഥ, എന്താണു നിനക്ക് എഴുതാനുള്ളത്, ആളുകളെ വെറുപ്പിക്കാനാണോ, കൂട്ടുകാരൻ ചോദിച്ചു.

നടന് ആരെയും വെറുപ്പിക്കേണ്ട, സ്വന്തം കഥ പറഞ്ഞാൽ മതി, എങ്കിൽ സമാധാനത്തോടെ മരിക്കാമെന്ന് അയാൾ വിശ്വസിച്ചു. എന്താണ് എനിക്ക് എഴുതാൻ പറ്റാത്തത്? ഇതു നോക്കൂ, മരക്കച്ചവടക്കാരൻ എത്ര രസമായി അയാളെപ്പറ്റി എഴുതിയിരിക്കുന്നു. എനിക്ക് എന്തെല്ലാം അനുഭവങ്ങളാണ് ഉള്ളത്. എന്നിട്ടും എനിക്ക് എന്നെ പുറത്തേക്കു കൊണ്ടുവരാനാകുന്നില്ലല്ലോ, നടൻ ഖേദിച്ചു. നടന്റെ സുഹൃത്ത് വീണ്ടും പുസ്തകം എടുത്തുനോക്കി, നടൻ ചില താളുകൾ കാട്ടിക്കൊടുത്തു, വായിച്ചുനോക്കൂ എന്നു പറഞ്ഞു, സുഹൃത്ത് വായിച്ചു. ശരിയാണ്, നല്ല രസമുണ്ട് വായിക്കാൻ.. പക്ഷേ....

""ചിലപ്പോൾ ഇതൊരു ഗോസ്റ്റ് റൈറ്റർ ആകും'', സുഹൃത്ത് പറഞ്ഞു.
""ഗോസ്റ്റോ! എനിക്കു മനസിലാകുന്നില്ല'', നടന് ആകാംഷയായി.
"" മരക്കച്ചവടക്കാരനു വേണ്ടി മറ്റൊരാൾ എഴുതിയതാകും. മരക്കച്ചവടക്കാരൻ പറയുന്നു. മറ്റൊരാൾ അതെഴുതുന്നു. ശേഷം മരക്കച്ചവടക്കാരന്റെ പേരിൽ അച്ചടിക്കുന്നു.''
""അപ്പോൾ ഗോസ്റ്റാണോ എഴുത്തുകാരൻ?''
""അതെ. എഴുത്തുകാരൻ ഇവിടെ ഗോസ്റ്റാണ്. അയാൾ മറ്റൊരാൾക്കുവേണ്ടി എഴുതുന്നു. പണിക്കൂലി വാങ്ങുന്നതോടെ അയാൾക്ക് താനെഴുതിയ വസ്തുവുമായുള്ള ബന്ധം തീരുന്നു.''
""കൊള്ളാം! നല്ലതുതന്നെ.''
""നീ ഒരു എഴുത്തുകാരനെ കണ്ടെത്തൂ. അയാളെക്കൊണ്ട് എഴുതിക്കൂ. എന്നിട്ടു നിന്റെ പേരിൽ അച്ചടിക്കൂ..''

അന്നു രാത്രി നടൻ സുഖമായി ഉറങ്ങി. അയാൾ രാവിലെ പ്രസാധകന്റെ ഫോൺ നമ്പർ കണ്ടെത്തി. വിളിച്ചു. എനിക്കു മരക്കച്ചവടക്കാരന്റെ ആത്മകഥ എഴുതിയ ആളെ വേണം, നടൻ പറഞ്ഞു. പ്രസാധകൻ ഒന്നു ഞെട്ടി, അതു മരക്കച്ചവടക്കാരനോടു ചോദിക്കൂ, അയാളല്ലേ എഴുതിയത്, അയാൾ പറഞ്ഞു. നുണ പറയരുത്, എനിക്കറിയാം അയാളല്ലെന്ന്, എനിക്ക് യഥാർഥ എഴുത്തുകാരനെ വേണം, നടൻ ഒഴിയാതെ സംസാരം തുടർന്നു. ഒടുവിൽ പ്രസാധകനും നടനും തമ്മിൽ ഒരു കരാർ രൂപംകൊണ്ടു.

ആ കരാറിന്റെ ഭാഗമായി ഞാൻ കോഴിക്കോട്ടു നടന്റെ വസതിയിൽ എത്തിയത്. എന്താണു സംസാരിക്കേണ്ടതെന്നു നടനു നന്നായി അറിയാമെന്ന് എനിക്ക് ആദ്യ ദിവസം തന്നെ മനസ്സിലായി. തന്റെ ജീവിതത്തിൽ ഇനി മറച്ചുവയ്ക്കാൻ ഒന്നുമില്ലെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ഒരു നിലയിലേക്ക് കാലം അയാളെ എത്തിച്ചിരുന്നു. തന്നിൽ അകലെയായതും തന്നിൽ ഇപ്പോഴും ജീവിക്കുന്നതുമായ എല്ലാത്തിനെയും പറ്റി അയാൾക്ക് ഓർമയുണ്ട്.

ഞാൻ ദിവസവും രാവിലെ അഞ്ചരയ്ക്ക് എണീറ്റ് ബീച്ചിലേക്കു നടക്കുന്നു, നടൻ സംസാരിക്കാൻ തുടങ്ങി, പുലരിനടത്തത്തിൽ പഴയകാലം മുതൽക്കേ അറിയുന്ന പലരെയും കാണാനാകും, ചിലപ്പോൾ വളരെ അപൂർവമായി ആരെങ്കിലും തിരിച്ചറിയുന്നു, സിനിമയിൽ അല്ല, സീരിയലിൽ എന്നെ കണ്ടു പരിചയമുള്ളവർ. നടത്തം കഴിഞ്ഞു മടങ്ങിവന്നാൽ നിലം തൂത്തുതുടയ്ക്കുന്നു. ജനാലകളും വീട്ടുപകരണങ്ങളും പൊടിതട്ടുന്നു.ഏഴരയോടെ ആ ചെറുപ്പക്കാരൻ, കബീർ, വരുന്നു, പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും തയാറാക്കി മടങ്ങുന്നു. വൈകിട്ടും വന്ന് അവൻ അത്താഴം തയാറാക്കുന്നു. ചില വാരാന്ത്യങ്ങളിൽ ചില സുഹൃത്തുക്കൾ പ്രത്യക്ഷപ്പെടുന്നു, എന്റെ മാതാപിതാക്കൾ മരിച്ചുപോയി. എന്റെ ഭാര്യ വിവാഹമോചനം നേടി വേറെ താമസിക്കുന്നു. ഞാൻ അരങ്ങൊഴിഞ്ഞ നടനാണ്. ഒരിക്കൽ നന്നായി മദ്യപിക്കുകയും പുകവലിക്കുകയും കണ്ണിൽകാണുന്നവരുമായി കലഹം ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അതൊന്നുമില്ല. ഏതാനും വർഷങ്ങളായി ടിവി സീരിയലുകളിൽ ചില വേഷങ്ങൾ ചെയ്തു. ഇരുന്നു മടുത്തപ്പോൾ ഞാൻ അങ്ങോട്ടു വിളിച്ച് അവസരം തേടിയതാണ്.ഇപ്പോഴും അതു ചെയ്യാറുണ്ട്. അങ്ങനെ ചിലപ്പോഴെല്ലാം ചില വേഷങ്ങൾ കിട്ടുന്നു. ഞാൻ നിങ്ങളോട് എന്റെ ജീവിതം മുഴുവനും പറയാൻ പോകുകയാണല്ലോ, അപ്പോൾ നിങ്ങളെപ്പറ്റിയും ഞാൻ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണമല്ലോ അല്ലേ?, ആദ്യ ദിവസം നടൻ എന്നോടു ചോദിച്ചു. ഞാൻ എന്റെ സ്വകാര്യത പങ്കുവയ്ക്കാറില്ല, നമ്മുടെ കരാർ പ്രകാരം ജോലി ചെയ്യുകയാണ് എന്റെ ഉത്തരവാദിത്തം, എനിക്ക് എന്നെപ്പറ്റി സംസാരിക്കാൻ ഒന്നുമില്ല, ഞാൻ പറഞ്ഞു. നടന്റെ മുഖം വാടി. എങ്കിലും ഞാൻ പറഞ്ഞത് അംഗീകരിച്ചതുപോലെ അയാൾ തലയാട്ടി.

ദിവസവും രാവിലെ എട്ടരയോടെ ഞാൻ നടന്റെ ഫ്ലാറ്റിൽ ചെല്ലണം,എനിക്കുള്ള പ്രഭാതഭക്ഷണം അവിടെ ഉണ്ടാവും, അതുകഴിഞ്ഞ് സംസാരം, ഉച്ചഭക്ഷണവും അവിടെത്തന്നെ. മൂന്നുമണിയോടെ ഞങ്ങൾ പിരിയും, ഓരോദിവസവും ഞാൻ തയാറാക്കുന്ന ഭാഗങ്ങൾ പിറ്റേന്നു വായിച്ചുകേൾപ്പിക്കണം, നടന്റെ നിർദേശങ്ങൾ, പെട്ടെന്ന് ഓർമ വരുന്ന ചില സംഭവങ്ങൾ, ആത്മകഥയിൽ വേണമെന്നു നിർബന്ധമുള്ള സന്ദർഭം അതെല്ലാം എപ്പോൾ മനസ്സിൽ വരുന്നുവോ അപ്പോൾ വാട്‌സാപ് സന്ദേശമായി അയയ്ക്കും. നടനു സീരിയൽ അഭിനയം ഉള്ള ദിവസങ്ങളിൽ ഫ്ലാറ്റിലെ കൂടിക്കാഴ്ച ഉണ്ടാവില്ല- ഈ ദിനക്രമം ഞാൻ അംഗീകരിച്ചു.

ഇനി നിങ്ങൾക്കു എന്തെങ്കിലും ഞാൻ ചെയ്തു തരേണ്ടതുണ്ടോ, നടൻ ചോദിച്ചു. ""സാധാരണ നിലയിൽ മാസങ്ങളും വർഷങ്ങളുമെടുത്തു ചെയ്യേണ്ട ജോലിയാണിത്. പക്ഷേ ഞാനിത് രണ്ടോ മൂന്നോ മാസം കൊണ്ട് പൂർത്തിയാക്കും അതുകൊണ്ട് എനിക്ക് ആവശ്യമായ എല്ലാ വിവരങ്ങളും രണ്ടാഴ്ചയ്ക്കിടെ നമ്മുടെ സംസാരത്തിൽനിന്നു ലഭിക്കണം, അതിനാൽ സംസാരിക്കാൻ മടി കാണിക്കരുത് ', ഞാൻ പറഞ്ഞു. ഫ്‌ലാറ്റിനുള്ളിൽ സിഗരറ്റ് വലിക്കാൻ പാടില്ലെന്നു നടൻ പറഞ്ഞു. നിർബന്ധമാണെങ്കിൽ ബാൽക്കണിയിൽ നിന്നു വലിക്കാം. അതു ഞാനും സമ്മതിച്ചു.

നഗരത്തിൽ നടന്റെ ഫ്ലാറ്റിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെയുള്ള ഒരു ചെറിയ ലോഡ്ജിലാണ് എനിക്കു താമസമൊരുക്കിയിരുന്നത്. ഞാൻ വർഷങ്ങളായി താമസിക്കുന്ന എറണാകുളത്തെ ലോഡ്ജു മുറിയേക്കാൾ വലുപ്പമുണ്ട്. എഴുത്തുമേശ, കസേര എന്നിവ കൂടാതെ ഒരു ചെറിയ ടിവിയും ഉണ്ട്. കക്കൂസും കുളിമുറിയും മുറിയോടു ചേർന്നുതന്നെയുണ്ട്. വരാന്തയിലേക്ക് ഇറങ്ങിയാൽ മുന്നിൽ ഇടവഴിയാണ്. അതിലെ വാഹനങ്ങൾ പോകുന്നുണ്ട്. എങ്കിലും കാര്യമായി ബഹളമില്ലാത്ത അന്തരീഷം..

കോഴിക്കോട്ടെത്തി നടനെ കണ്ടതിനുശേഷം വൈകിട്ടോടെ ഞാൻ മുറിയിലേക്കുള്ള അത്യാവശ്യം സാധനങ്ങൾ തൊട്ടടുത്ത ജംക്ഷനിലെ കടകളിൽനിന്നു വാങ്ങി. അത്താഴവും വാങ്ങി മുറിയിൽ തിരിച്ചെത്തി. സിഗരറ്റ് വലിച്ചു. ടിവി ഓൺ ചെയ്തു. അതു പ്രവർത്തിക്കുന്നുണ്ട്. ലാപ്‌ടോപ് തുറന്നു നടന്റെ പഴയ സിനിമകളിലെ ചില രംഗങ്ങൾ കണ്ടു. ആദ്യ ദിവസത്തെ സംസാരം വോയ്‌സ് റിക്കോർഡറിൽ ഞാൻ ഒരിക്കൽ കൂടി കേട്ടു. നടന്റേത് മുഴക്കമുള്ള സ്വരമാണ്. പക്ഷേ ഇടയ്ക്ക് അയാൾക്കു ശ്വാസം നഷ്ടമാകുന്നതുപോലെ തോന്നി. പണ്ട് അയാൾ നാടകത്തിൽ അഭിനയിച്ചിട്ടുണ്ടാകും എന്നു തോന്നി. സംഭാഷണങ്ങളിൽ ചില നാടകീയമായ നിർത്തലുകൾ, ഞാൻ പറഞ്ഞുകഴിഞ്ഞുവെന്ന് ഉറപ്പുവരുത്തിയശേഷമുള്ള മറുപടികൾ എന്നിവ എനിക്ക് ഇഷ്ടമായി. ആദ്യദിവസം രാത്രിയിലെ ഉറക്കം ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ സുഖകരമായിരുന്നു. ഒരു പ്രഭാതത്തെയും ഞാൻ കാത്തിരുന്നിട്ടില്ല. അതിനാൽ കോഴിക്കോട്ടെ രണ്ടാം പുലരിയെക്കുറിച്ചും ഞാൻ ഒന്നും കരുതിയില്ല. പിറ്റേന്ന് എന്റെ ജീവിതം എങ്ങനെയാണു മാറിമറിയാൻ പോകുന്നതെന്ന് എനിക്ക് എന്തെങ്കിലും സൂചന ലഭിച്ചിരുന്നുവെങ്കിൽ തീർച്ചയായും ഞാൻ, എന്റെയും നടന്റെയും ജീവിതത്തിലെ രണ്ടാമത്തെ ദിവസത്തിനായി ജിജ്ഞാസയോടെ കാത്തിരുന്നേനെ.▮

(തുടരും)

(അജയ് പി. മങ്ങാട്ടിന്റെ ‘മൂന്ന് കല്ലുകൾ’ ഡി.സി. ബുക്‌സ് ഉടൻ പ്രസിദ്ധീകരിക്കും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


അജയ് പി. മങ്ങാട്ട്

മാധ്യമപ്രവർത്തകൻ, നോവലിസ്റ്റ്, വിവർത്തകൻ. സൂസന്നയുടെ ഗ്രന്ഥപ്പുര, പറവയുടെ സ്വാതന്ത്ര്യം, മൂന്നു കല്ലുകൾ തുടങ്ങിയവ പ്രധാന കൃതികൾ.

Comments