ചിത്രീകരണം: രാ​ജേഷ്​ ചിറപ്പാട്​

മൂന്നു കല്ലുകൾ

രണ്ട്​

നുഷ്യന് ഏറ്റവും ആനന്ദം ലഭിക്കുന്നത് ആവർത്തനങ്ങളിലാണ്.
ശരിയായ ആവർത്തനങ്ങൾ ആയിരിക്കണമെന്നുമാത്രം.
ആവർത്തനം കൃത്യമായി മുന്നോട്ടുപോകുന്നതിനെയാണു നാം ജീവിതം എന്നുവിളിക്കുന്നത്. എല്ലാ ദിവസവും ട്രെയിനും ബസും കൃത്യമായ സമയത്തു വരണം, കൃത്യം സമയം ട്രാഫിക് വിളക്കുകൾ തെളിയണം, എന്നും കൃത്യം ജോലിസമയമാകണം. ഈ ആവർത്തനചക്രത്തിൽ എവിടെയാണ് ക്രമരഹിതമായ ഒരു ചലനമുണ്ടാകുക എന്ന് ആർക്കറിയാം, ഏതു ക്രമഭംഗമാണു കഥയാകുക മുൻകൂട്ടി അറിയാനാവില്ല.

കഴിഞ്ഞ ഇരുപതു വർഷമായി ഞാൻ ദിവസവും രാവിലെ എഴുന്നേറ്റ് തൊട്ടടുത്ത ചായക്കടയിലേക്കു നടക്കുന്നു, കുറച്ചുപേർ മാത്രം പ്രഭാതഭക്ഷണം കഴിക്കാൻ പോകുന്ന ഒരു പഴയ കടയാണത്. വൃത്തിഹീനമായ ചുവരുകൾ, പഴയ കസേരകൾ,തീൻമേശകൾ, നിറംമങ്ങിയ ഗ്‌ളാസുകൾ, ആറര മണിയോടെ ആ കട തുറക്കുന്നു, വൈകാതെ ഞാൻ അവിടേക്കു നടന്നുചെല്ലുന്നു, കടയ്ക്കു പുറത്തുള്ള ഒരു മരത്തിനു ചുറ്റുമുള്ള സിമന്റുകെട്ടിലിരുന്നു ചായ കുടിക്കുന്നു- വർഷങ്ങൾ കടന്നുപോയതായി ആ മരത്തിനോ ആ കടയ്‌ക്കോ തോന്നുമോ? എന്റെ ജീവിതകഥ പറയുകയാണെങ്കിൽ ആ ഇടത്തിനു പ്രധാന്യമുണ്ട്, പക്ഷേ കേൾക്കുന്നവർക്ക് ആ ചായക്കടയും പരിസരവും അപ്രധാനമായ ഒന്നായി തോന്നാം, ഓ, ഞാൻ എന്തിനാണ് ഇപ്പോൾ എന്റെ ജീവിതത്തിലേക്കു പോയത്? കോഴിക്കോട്ടെ രണ്ടാം ദിവസം രാവിലെ എഴുന്നേറ്റ് ഒരു ചായ കുടിക്കാൻ കട അന്വേഷിച്ചു നടന്നതാണ്, ആ നടത്തം തൊട്ടടുത്ത കവലയിൽ എത്തിച്ചു. എഴുതുമ്പോൾ അനുഭവങ്ങളെ ഇനം തിരിക്കൽ ബുദ്ധിമുട്ടാണ്. ആവർത്തിക്കുന്ന അനുഭവങ്ങളിലെ രസം എഴുത്തിൽ വരണമെന്നില്ല. അതാകണം എന്റെ ചിന്ത എന്നിലേക്കു വേഗം പോയത്. പക്ഷേ ഞാൻ മരക്കച്ചവടക്കാരന്റെ ജീവിതമെഴുതിയപ്പോൾ ഒന്നിനെയും കുറിച്ചു വേവലാതിപ്പെട്ടില്ലല്ലോ, ആ ജോലി എത്രയും വേഗം തീർക്കണമെന്നല്ലാതെ. അക്കാലത്ത് എന്റെ വലതുകൈവിരലുകൾക്കു വേദനയുണ്ടായിരുന്നു. പേന പിടിച്ചെഴുതുമ്പോൾ ആ വേദന കൂടി. കംപ്യൂട്ടർ ഉപയോഗിച്ചാൽ ഈ പ്രയാസം ഒഴിവാക്കാമെന്ന് പ്രസാധകനാണ് എന്നെ ഉപദേശിച്ചത്. എനിക്കു സ്വന്തമായി ഒരു ലാപ്‌ടോപ്പോ ഡെസ്‌ക് ടോപ്പോ ഉണ്ടായിരുന്നില്ല. മരക്കച്ചവടക്കാരൻ അക്ഷമത കാട്ടിയില്ല. ഞാൻ പണിയെടുക്കുന്നുണ്ടെന്ന് അയാൾ മനസിലാക്കി. അയാൾക്കു കാത്തിരിക്കാൻ മടിയില്ലായിരുന്നു. മരക്കച്ചവടക്കാരനെക്കാൾ വേഗത്തിൽ എനിക്കു നടനെ എഴുതാൻ പറ്റുമെന്നു തോന്നി, അയാളുടെ സിനിമാക്കാലം കൗതുകകരവും സംഭവബഹുലവുമായിരിക്കുമെന്നും എനിക്കു തോന്നി.

ചായ കുടിച്ചശേഷം ലോഡ്ജിലേക്കു തിരിച്ചെത്തിയപ്പോൾ, പിന്നെയും നേരം കിടക്കുന്നതു കാണുന്നു. എട്ടര മണിക്ക് നടന്റെ അടുത്ത് എത്തിയാൽ മതിയാകും. ഇപ്പോൾ ഏഴാകുന്നതേയുള്ളു. ബസിൽ കയറിയാൽ ഏറിയാൽ രണ്ടു കിലോമീറ്റർ യാത്രയേ കാണൂ. പക്ഷേ നടന്റെ ഫ്‌ലാറ്റിലേക്കു നടന്നുപോകാമെന്നു ഞാൻ തീരുമാനിച്ചു.

ലാപ്‌ടോപ് വച്ച ബാക് പാക്കുമായി പുറത്തിറങ്ങി.
ബസിനു പോകാമല്ലോ, ഒരാൾ പറഞ്ഞു.
വേണ്ട, നടന്നുപോകണം, ഞാൻ പറഞ്ഞു.

അയാൾ കൈ ചൂണ്ടി വഴി പറയുന്നു, സൂചനകൾ തരുന്നു, ഞാൻ മെല്ലെ നടക്കുന്നു, ഇടവഴികൾ, കാറുകളും ബൈക്കുകളും തിക്കിതിരക്കുന്ന ഇടവഴികൾ, അതിലൂടെ നടന്ന് 20 മിനിറ്റ് കഴിഞ്ഞു പ്രധാനവഴിയിലേക്കു കയറുന്നു, സ്‌കൂൾ ബസ് കാത്തുനിൽക്കുന്ന കുട്ടികൾ, അവരെ യാത്രക്കാൻ ഒപ്പം നിൽക്കുന്ന മുതിർന്നവർ, ഓരോ ഇടവഴികളിൽനിന്നും കൂടുതൽപേർ ബസ് കാത്തുനിൽക്കാനായി എത്തുന്നു, ബീച്ച് റോഡ് എന്ന ബോർഡ് കാണുന്നു, രാവിലെ നടത്തത്തിൽ പിൻകഴുത്തും നെറ്റിയുമാണ് ആദ്യം വിയർക്കുന്നത്, ബീച്ച് റോഡിലേക്കു കയറിയപ്പോഴേക്കും കക്ഷവും പുറവും നെഞ്ചും വിയർപ്പിൽ മുങ്ങുന്നു, ഒരിടത്ത് ചായക്കടയിൽനിന്നുള്ള കറിമണം എന്നെ പിടിച്ചുനിർത്തുന്നു, ബീച്ചിലേക്ക് എത്താനായി മനസ്സിൽ കരുതിയതിലും സമയമെടുക്കുന്നു, പ്രഭാതത്തിലെ തീക്കൊള്ളി പോലത്തെ വെയിൽ മുഖത്തടിക്കുന്നു, കടപ്പുറത്തു വോളിബോൾ കളിക്കുന്നവരെ കാണുന്നു, നടക്കുന്നവരെയും ഇരിക്കുന്നവരെയും കാണുന്നു, ചായയും കടിയും വിൽക്കുന്ന തട്ടുകട കാണുന്നു, ഫ്‌ളാറ്റിലേക്കുള്ള വഴി കണ്ടപ്പോൾ ആശ്വാസം തോന്നുന്നു, പിറ്റേന്നു മുതൽ കുറച്ചുകൂടി നേരത്തേ ഇറങ്ങിനടക്കണം, ബീച്ചിലെ തട്ടുകടയിൽനിന്നു ചായ കുടിക്കണം, പറ്റുമെങ്കിൽ കുട്ടികൾ പന്തുതട്ടുന്നതുനോക്കി അവിടെ നിൽക്കണം എന്നെല്ലാം വിചാരിക്കുന്നു.
നടൻ മുൻവാതിൽ ചാരിയിട്ടു പുറത്തെ ചലനങ്ങൾ കാതോർത്ത് ഇരിക്കുകയായിരുന്നു. ഞാൻ വന്നത് അറിഞ്ഞു വേഗം വന്നു വാതിൽതുറന്നു, ആകെ വിയർത്തുവല്ലോ, ബസ് കിട്ടിയില്ലേ, അയാൾ ചോദിച്ചു. ഞാൻ നടന്നുപോന്നു, ഞാൻ പറഞ്ഞു. അവിടെനിന്നോ, അയാൾ അതിശയിച്ചു. അതെ, ബീച്ച് റോഡിലൂടെ നടന്നു പോന്നു, ഞാൻ പറഞ്ഞു. എനിക്ക് ഒരു ബൈക്ക് ഉണ്ട്, അതു വേണമെങ്കിൽ ഉപയോഗിക്കാം, നടൻ പറഞ്ഞു. വേണ്ട, എനിക്ക് ബൈക്കോടിക്കാൻ അറിയില്ല, ഞാൻ പറഞ്ഞു.

അയ്യോ.. അപ്പോൾ എന്തു ചെയ്യും, നടൻ എന്നെ നോക്കിനിന്നു. എനിക്ക് പ്രശ്‌നമില്ല, വേണമെങ്കിൽ എനിക്കു ബസിനും വരാമല്ലോ, ഞാൻ പറഞ്ഞു.
നീളമുള്ള മേശയ്ക്കു എതിർവശം നടൻ ഇരുന്നു, ഞാൻ ബാഗ് തുറന്ന് ലാപ്‌ടോപ്പും നോട്ട് പാഡും പേനയും എടുത്തു മേശപ്പുറത്തുവച്ചുകൊണ്ടു നടനെതിരെ ഇരുന്നു. ഇന്നലെ എഴുതിയത് വായിക്കാം, ഞാൻ പറഞ്ഞു. നിൽക്കൂ, ബ്രേക് ഫാസ്റ്റ് കഴിച്ചാലോ? നടൻ പറഞ്ഞു.

ആ ഫ്‌ളാറ്റിൽ ഞങ്ങൾ രണ്ടുപേരുമല്ലാതെ മറ്റൊരാൾ കൂടിയുണ്ടോയെന്ന് അകത്തുകയറിയപ്പോൾ തന്നെ ഞാൻ സംശയിച്ചതാണ്. ശരിയാണ്, ഇവിടെ മൂന്നാമതൊരാൾ ഉണ്ട്, അന്തരീഷത്തിൽ അത്ര കാതോർത്താൽ മാത്രം അറിയുംവിധം ഒരു ചലനം ഉണ്ട്, അടുക്കളയിൽനിന്നു ഗന്ധം പരക്കുന്നു, അവിടെ പാത്രങ്ങൾ മുട്ടുന്ന സ്വരവും കേൾക്കുന്നു. ഞാൻ ഒരാളെ പരിചയപ്പെടുത്താമെന്നു പറഞ്ഞ് നടൻ അടുക്കളയിലേക്കു പോകുന്നു, എന്നോടു പിന്നാലെ ചെല്ലാൻ പറയുന്നു, ഞാൻ പാചകഗന്ധമുള്ള ഒരു അടുക്കളയിൽ കയറിയിട്ട് എത്രയോ വർഷങ്ങളായിരിക്കുന്നു, അമ്മ പാചകം ചെയ്യുമ്പോൾ ഞാൻ മിക്കവാറും അടുക്കളയിൽത്തന്നെ ഇരിക്കുമായിരുന്നു, അവധിദിവസങ്ങളിൽ അമ്മ ഓരോ പുതിയ വിഭവങ്ങൾ തയാറാക്കുമായിരുന്നു. ആ വീട് ഇടുങ്ങിയതും ഭിത്തിയിൽ വിള്ളലുകൾ വീണതുമായിരുന്നു. ഞാൻ അടുക്കളയിലേക്കു കയറിയപ്പോൾ അവിടെ നീണ്ട തലമുടി പിന്നിലോട്ടു ഉയർത്തി കെട്ടിവച്ച് ദോശ ചുട്ടുകൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരനെ കണ്ടു. ഇതാ കഴിഞ്ഞു, ഒരു മിനിറ്റ്, അവൻ പറഞ്ഞു. പുഞ്ചിരിയോടെ എനിക്കു നേരെ തിരിഞ്ഞു, ഇടതുകൈ അന്തരീഷത്തിൽ ഇളക്കി. ഞാൻ പുഞ്ചിരിച്ചു, തലയാട്ടി, അവനെ നോക്കി. ചുട്ടുവച്ച ദോശയിലേക്കു നോക്കി ഇതു മതിയാവുമെന്നു നടൻ പറഞ്ഞ് ചമ്മന്തിപ്പാത്രം തുറന്നു നോക്കി. ഈ സാമ്പാറുമെടുക്കാം, എന്ന് അവൻ കൈചൂണ്ടി. ഉച്ചഭക്ഷണത്തിനുണ്ടാക്കിയതിൽനിന്നു മാറ്റിവച്ചതാണ്, ചമ്മന്തിയും സാമ്പാറും കലർത്തി ദോശ കഴിക്കാൻ നല്ല രസമാണ്, അവൻ പറഞ്ഞു. ശരിയാണ്, എനിക്കത് ഇഷ്ടമാണ്, നിങ്ങൾക്കോ, നടൻ എന്നോടു ചോദിച്ചു. എനിക്കും ഇഷ്ടമാണെന്നു ഞാൻ തലകുലുക്കി. അവന്റെ നോട്ടം എനിക്കു നേരെയായപ്പോൾ ഞാൻ വീണ്ടും പുഞ്ചിരിച്ചു. തുറന്നിട്ട അടുക്കജനാലയിലൂടെ നേരിയ കാറ്റ് വരുന്നുണ്ട്, അത് സ്റ്റൗവിലെ നാളം മെല്ലെ ഇളക്കുന്നുണ്ട്, ഉടനെ അവൻ ജനാല അടച്ചേക്കുമെന്നു എനിക്കു തോന്നി. അടുക്കളയിൽ നിന്നു പുറത്തേക്കു നോക്കുമ്പോൾ തൊട്ടടുത്ത പള്ളിയുടെ മിനാരം കാണാം. നടന്റെ അടുക്കളയിൽ പള്ളിമിനാരത്തിൽ മിന്നുന്ന പ്രഭാത വെളിച്ചത്തിലേക്കു ചെറുപക്ഷികൾ കൂട്ടം ചേരുന്നതു നോക്കി ഞാൻ നിൽക്കേ, അവൻ സ്റ്റൗ നിർത്തുന്നു. തിടുക്കം കൂട്ടാതെ ഭക്ഷണപാത്രങ്ങൾ എടുക്കുന്നു, ഓരോന്നായി തീൻമേശയിലേക്കു കൊണ്ടുപോകുന്നു, ഞാൻ അവനു പിന്നാലെ പോകുന്നു.

അവൻ വിളമ്പുന്ന പാത്രത്തിനു മുന്നിൽ ഞാൻ ഇരുന്നു.
ഇതാണു കബീർ. ഇന്നലെ ഞാൻ പറഞ്ഞ ആൾ, നടൻ പറഞ്ഞു.
അവനു പത്തൊൻപതോ ഇരുപതോ വയസ്സുണ്ടാകുമെന്നു ഞാൻ ഊഹിച്ചു. പ്രഫഷനൽ കുക്ക് ആണ്. അതുകൊണ്ടു പല ദിവസവും ആളെ എനിക്കു കിട്ടാറില്ല, നടൻ പറഞ്ഞു. പ്രഫഷനൽ കുക്ക് ഒന്നുമല്ല, ഞാൻ ഇടയ്ക്കിടെ മുടങ്ങുന്നതിനു സാർ എന്നെ ഒന്നു കുത്തിയതാണ്, കബീർ എതിർവശത്തെ കസേരയിൽ ഇരുന്ന് എന്നെ നോക്കി പറഞ്ഞു. ഞാൻ കബീറിനെ നോക്കി, തിളങ്ങുന്ന, ആഴമുള്ള കണ്ണുകളാണ് അവന്റേത്. ഞങ്ങൾക്ക് ഇടയിൽ സംസാരം ഉദാരമായി നിറയാൻ തുടങ്ങി. നടൻ എന്നെ അദ്ദേഹത്തിന്റെ സുഹൃത്ത് എന്നാണു പരിചയപ്പെടുത്തിയത്. ഞാൻ ഒരു പ്രൂഫ് റീഡറാണ് എന്നു പറഞ്ഞപ്പോൾ, കബീറിന്റെ മുഖം വികസിച്ചു. അവന്റെ കീഴ്ച്ചുണ്ടിനു താഴെ ഒരു ചെറിയ മറുകു ഞാൻ കണ്ടു. പ്രസാധകശാലയെപ്പറ്റി അവൻ ചോദിച്ചു, ഭക്ഷണത്തിനുശേഷം പാത്രങ്ങളെടുത്തു കബീർ അടുക്കളയിലേക്കു പോയി. ആ സമയം നടൻ ഞാനെഴുതിയത് ലാപ് ടോപ്പിൽ വായിക്കാൻ തുടങ്ങി. അടുക്കളയിലെ ചലനങ്ങൾ നേർത്തുവന്നു. കുറച്ചുകഴിഞ്ഞ് അടുക്കള വാതിൽ അടയുന്ന സ്വരം കേട്ടു. കബീർ ഒരു തോൾ സഞ്ചിയും തൂക്കി പുറത്തേക്കു വന്നു. യാത്ര പറഞ്ഞ് അവൻ മുൻവാതിൽ തുറന്നു പുറത്തേക്കുപോയി.

എനിക്ക് അസ്വസ്ഥത തോന്നി, നാളെ അവൻ വീണ്ടും വരുമ്പോൾ ഞാൻ ഗോസ്റ്റ് റൈറ്ററാണെന്ന് നടൻ അവനോടു പറയുമോ എന്നോർത്തു. നടന് തലേന്നത്തെ ഭാഗങ്ങൾ ഇഷ്ടമായി, അയാൾ സീരിയൽ ഷൂട്ടിങ്ങിനിടെ ഏണിയിൽ കയറുന്ന രംഗം ചേർത്തത് അയാൾക്ക് ഇഷ്ടമായി. എല്ലാ അപമാനങ്ങളും എപ്പോഴെങ്കിലും രേഖപ്പെടുത്തപ്പെടണെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. നോക്കൂ, ഞാൻ അപമാനിതനായിരുന്നു. അപമാനങ്ങൾ ഞാൻ മറന്നിട്ടില്ല എന്നു പറയാൻ ഒരു അവസരത്തിനു വേണ്ടി ഓരോ മനുഷ്യനും കാത്തിരിക്കുന്നു.
കബീറിനോടു എന്തു പറയും? മറ്റാരും അറിയാതിരിക്കുന്നതാണു നല്ലതെന്ന് ഞാൻ നടനെ ഓർമിപ്പിച്ചു, കബീറിനോടു ഉള്ളതു പറയാം, അവൻ വിശ്വസ്തനാണ്. അവനും വാപ്പയും സിഎച്ച് മേൽപാലത്തിനു താഴെ ഒരു തട്ടുകട നടത്തുന്നുണ്ട്. അവൻ പ്രൈവറ്റായി ഇപ്പോൾ എംഎയ്ക്കു ചേർന്നിരിക്കുന്നു. പക്ഷേ അവനു താൽപര്യം ചിത്രംവരയിലാണ്. എനിക്ക് അവൻ രണ്ടു പെയിന്റിങ് ചെയ്തു തന്നിട്ടുണ്ട്. ദാ നോക്കൂ, നടൻ ഭിത്തിയിലേക്കു വിരൽ ചൂണ്ടി. ഞാൻ പെയിന്റിങ് തലേന്നു തന്നെ ശ്രദ്ധിച്ചിരുന്നു. ആ പെയിന്റിങ്ങിലെ ദൃശ്യം എനിക്കു വിചിത്രമായി തോന്നുകയും ചെയ്തു.

മുണ്ടും നീല ഷർട്ടുമിട്ട ഒരു ചെറുപ്പക്കാരൻ കസേരയിൽ ഇരിക്കുന്നു. മഞ്ഞപൂക്കളുള്ള ഫ്രോക്ക് ധരിച്ച ഒരു പെൺകുട്ടി കുനിഞ്ഞിരുന്നു അവന്റെ വലതുകാലിൽ ഒരു ചിലങ്കയിട്ടു കൊടുക്കുന്നതാണു ദൃശ്യം. ഒരു മണ്ണെണ്ണ വിളക്കിൽനിന്നെന്നപോലെ ഇടറുന്ന വെളിച്ചം അവിടെയുണ്ട്. ചെറുപ്പക്കാരനു പിന്നിൽ ഒന്നലധികം പേർ ഇരിക്കുന്നുണ്ട്, ഒരു പന്തലിലെന്ന പോലെ. പെൺകുട്ടി ഒറ്റയ്ക്കാണ്. എന്താണു സന്ദർഭമെന്നു വ്യക്തമല്ല. എന്നാൽ ആ പെയിന്റിങ്ങിൽ ചെറുപ്പക്കാരന്റെ മുഖം ലജ്ജ കൊണ്ടു തുടുത്തിരുന്നു. പെൺകുട്ടിയാകട്ടെ ചിലങ്ക കെട്ടുകയാണെങ്കിലും അവന്റെ മുഖത്തേക്കു പാളിനോക്കുന്നു. കുറച്ചുകൂടി പ്രകാശമുള്ള ഒരിടത്താണു അവൻ ഇരുന്നതെങ്കിൽ ആ ചിത്രത്തിലെ നിഴലുകൾക്ക് കുറച്ചുകൂടി ജീവൻ വയ്ക്കുമായിരുന്നു എന്ന് എനിക്കുതോന്നി. രണ്ടാമത്തേത് എന്റെ ബെഡ് റൂമിലാണ്, വരൂ കാണിക്കാം, നടൻ എണീറ്റു നടന്നു. കിടപ്പുമുറിയിലേതു കുത്തനെയുള്ള ഒരു ചിത്രമായിരുന്നു. കടുനിറങ്ങളില്ലാതെ. ഒരു പഴയ കെട്ടിടത്തിലെ ഇടുങ്ങിയ പടികൾ. അപാർട്‌മെന്റാകാം. ആ പടികൾ കയറി പോകുന്ന ഒരു ചെറുപ്പക്കാരന്റെ പിൻഭാഗത്തു നിന്നുള്ള ദൃശ്യമാണ്. ആ പെയിന്റിങ്ങിലെ അതേ ചെറുപ്പക്കാരൻ തന്നെയാണോ ഇത്, ഞാൻ ചോദിച്ചു. നടൻ ഒന്നും പറഞ്ഞില്ല. പക്ഷേ ഇയാൾക്കു കുറച്ചുകൂടി പ്രായം തോന്നുന്നുണ്ട്, പക്ഷേ മുഖം വ്യക്തമല്ലല്ലോ, ഞാൻ തുടർന്നു. നടൻ ഞാൻ നിൽക്കുന്നിടത്തേക്കു വന്നിട്ട് ആ പെയിന്റിങ്ങിലേക്ക് ഉറ്റുനോക്കി. അയാൾ അഭിനയിച്ച ഒരു സിനിമയിലെ രംഗമാകുമോ അതെന്ന് അയാൾ സംശയിക്കുകയാണോ എന്ന് എനിക്ക് പെട്ടെന്നു തോന്നി. നടൻ മുഖപേശികൾ ചലിപ്പിച്ച് എന്നെ നോക്കി, നല്ലതല്ലേ, നല്ല ചിത്രമല്ലേ, നടൻ ചോദിച്ചു. അതെ നല്ലതാണ്, ഞാൻ പറഞ്ഞു.

കബീർ ഫൈൻ ആർട്ട്‌സ് കോളജിൽ പോയാൽ നന്നായിരുന്നു, നടൻ പറഞ്ഞു, പക്ഷേ അവനു താൽപര്യമില്ല. അവനു കോഴിക്കോടു വിട്ട് എങ്ങും പോകാൻ താൽപര്യമില്ല, അവൻ എനിക്ക് ഇവിടെ വലിയ ആശ്വാസവും സഹായവുമാണ്. ചില ആഴ്ചകളിൽ ജോലിയൊന്നുമില്ലാതെ ഇവിടെ കുത്തിയിരിക്കുമ്പോൾ ഞാൻ കാണുന്ന ഏക മനുഷ്യനും അവനാണ്, നടൻ പറഞ്ഞു.
അന്നത്തെ സംസാരത്തിനിടെ വോയ്‌സ് റിക്കോർഡറിലേക്കും ഇടയ്ക്കിടെ നോട്ട്പാഡിലേക്കും നോക്കി ഞാൻ വിവശതോടെയാണ് അവിടെ ഇരുന്നത്, കബീർ ഇടയ്ക്കിടെ മനസ്സിലേക്കു കയറിവരുന്നു, മനസ്സിൽ ഒരു ഭാരം പോലെ എനിക്കു തോന്നി. എനിക്ക് എഴുത്ത് അവസാനിപ്പിച്ചു സ്ഥലം വിടണമെന്നു തോന്നി. എനിക്ക് എന്തെങ്കിലും അസ്വസ്ഥതയുണ്ടോയെന്നു നടൻ ചോദിച്ചു. മൂഡ് തോന്നുന്നില്ലെങ്കിൽ നിർത്താം, നടൻ എന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു. പ്രശ്‌നമില്ല,ഞാൻ ആ പെയിന്റിങ്ങുകൾ ഓർക്കുകയായിരുന്നു. നമുക്കു തുടരാം, ഞാൻ പറഞ്ഞു.

ഞാൻ എനിക്കൊപ്പം പല സിനിമകളിൽ അഭിനയിച്ച ഒരു നടിയെയാണു വിവാഹം ചെയ്തത്, നടൻ പറഞ്ഞു, വിവാഹശേഷം ഞങ്ങൾ തനിച്ചാകുന്ന വീട്ടിലെ സമയങ്ങളിൽ ഞങ്ങൾക്കു സംസാരിക്കാൻ ഒന്നുമില്ലായിരുന്നു. ആദ്യമൊക്കെ അതൊരു പ്രശ്‌നമായി തോന്നിയില്ല, എന്നാൽ ഒരു വീട്ടിൽ രണ്ടുപേർ വർണഭരിതവും ശബ്ദമുഖരിതവുമായ പുറംലോകം സ്വന്തമായുള്ളവർ നിശബ്ദരായി കഴിയേണ്ടി വരിക എത്ര പ്രയാസകരമാണെന്ന് അറിയുമോ? നടൻ ഒന്നു നിർത്തി. നിങ്ങൾ വിവാഹിതരാനാണോ ? എന്നോടു പെട്ടെന്ന് ചോദിച്ചു, ഞാൻ മറുപടി പറയാതിരുന്നപ്പോൾ നടൻ ക്ഷമ ചോദിച്ചു. മറന്നുപോയി. നിങ്ങളുടെ സ്വകാര്യവിഷയങ്ങൾ ഇവിടെ വിഷയമല്ലല്ലോ, നടൻ പറഞ്ഞു. ഇല്ല, ഞാൻ വിവാഹം ചെയ്തിട്ടില്ല, ഞാൻ പറഞ്ഞു. നടൻ അതു പ്രതീക്ഷിച്ചിരുന്നില്ലെന്ന് എനിക്കു തോന്നി, എനിക്ക് ഭാര്യയും മക്കളും ഉണ്ടെന്ന് അയാൾ വിചാരിച്ചിട്ടുണ്ടാവും, കുടുംബം പോറ്റാനും മക്കളെ വളർത്താനും വേണ്ടിയാകും ഞാൻ ഈ പണിക്കിറങ്ങിയതെന്നും കരുതിയിട്ടുണ്ടാകും, പക്ഷേ ഞാൻ വിവാഹം ചെയ്തിട്ടില്ല, എനിക്കു വിവാഹം വേണമെന്നു തോന്നിയിട്ടില്ല.

നടൻ എഴുന്നേറ്റുപോയി ഫ്രിഡ്ജിൽനിന്നു കുപ്പിവെള്ളം എടുത്തുകൊണ്ടു വന്നു ഗ്‌ളാസിൽ ഒഴിച്ചുകുടിച്ചു, എനിക്കും ഒരു ഗ്ലാസിൽ ഒഴിച്ചു, എനിക്കു ദാഹം തോന്നുന്നുണ്ടായിരുന്നു, ഞാനും കുടിച്ചു.

ഞാൻ വിവാഹം ചെയ്തു, നടൻ തുടർന്നു, അതിനു മുൻപേയും അതിനുശേഷവും കുറെ പെണ്ണുങ്ങളെ പ്രേമിച്ചു. പലരുടെയും പേരുകൾ എനിക്കോർമയില്ല, എന്റെ ഭാര്യയും എന്നെപ്പോലെ സിനിമയിൽ അവസരമില്ലാതെ പുറത്തായി, സീരിയൽ അഭിനയം വരെ കാത്തിരിക്കാതെ അവൾ മരിച്ചുപോയി, എന്നെ പിരിഞ്ഞ് കുറെ വർഷങ്ങൾ കഴിഞ്ഞ് അവൾ രണ്ടാമതും വിവാഹം ചെയ്തു, ഒരു കുട്ടിയുണ്ടായി സുഖമായി കഴിയുമ്പോഴാണു മരണം, അവളില്ലാതെ വന്നപ്പോൾ എനിക്ക് അതിയായ സ്വാതന്ത്ര്യം തോന്നി, ഞാൻ ദിവസവും കാര്യമായി മദ്യപിച്ചിരുന്നു. 30 സിഗരറ്റ് വരെയൊക്കെ വലിക്കുമായിരുന്നു. അക്കാലത്ത് ഒരു കാമുകി എനിക്കു ഒരു സ്വർണമത്സ്യത്തെ ഒരു അക്വേറിയത്തിൽ എന്റെ വീട്ടിൽ കൊണ്ടുവന്നു വച്ചു, ദാ നോക്കൂ, അവിടെ, നടൻ കൈ ചൂണ്ടി അക്വേറിയം വച്ചിരുന്ന സ്ഥലം കാട്ടിത്തന്നു. എനിക്ക് പൂച്ചയോ പട്ടിയോ ഒന്നും വളർത്തി ശീലമില്ല, എന്റെ തറവാടുവീട്ടിൽ എന്റെ ചെറുപ്പത്തിൽ ഉമ്മയ്ക്കു കുറെ പൂച്ചകൾ ഉണ്ടായിരുന്നു, അവ കട്ടിലിലും തിണ്ണയിലും പറമ്പിലുമായി നടക്കും, പൂച്ചയ്ക്കു വരാനും പോകാനുമായി ഒരു ചെറിയ വിടവ് മേൽഭിത്തിയിൽ ഉണ്ടായിരുന്നു. അതിലൂടെ പൂച്ചകൾ വരികയും പോകുകയും ചെയ്തു. ഒരുദിവസം സന്ധ്യക്ക് ഒരു പൂച്ച ഒരു ചെറിയ പാമ്പിനെ കൊണ്ടുവന്നു അടുക്കള ഇറയത്ത് ഇട്ടു. അടുക്കള മുറ്റത്തെ വിളക്ക് തെളിഞ്ഞപ്പോൾ അതു തിളങ്ങി. അതിനടുത്തിരുന്നു പൂച്ച അതിനെ കടിച്ചുകുടഞ്ഞു കളിപ്പിച്ചു. ഉമ്മ വന്നുനോക്കുമ്പോഴും അതിനു പാതി ജീവനുണ്ടായിരുന്നു, അതോടെ ഉപ്പയും മറ്റും ചേർന്ന് വീട്ടിൽനിന്നു പൂച്ചകളെ ഒഴിവാക്കി, എന്റെ കാമുകി, തീകൊണ്ടു കരുവാളിച്ച മണ്ണിഷ്ടിക പോലെ ഉടൽനിറമുള്ള ഒരുത്തി, ദിവസവും ഇവിടെ വന്നു, അവൾ ചില ദിവസം എന്തെങ്കിലും തിന്നാൻ ഉണ്ടാക്കും, മീനിനു തീറ്റ കൊടുക്കും, അക്വേറിയത്തിനു സമീപം ഒരു പൂച്ചട്ടിയും കൊണ്ടുവച്ചു. അതിനടുത്ത് ഒരു കസേരയിട്ട് അതിലിരുന്നു എന്നോടു സംസാരിച്ചുകൊണ്ടു മുടി ചീകിക്കെട്ടും. എനിക്കു സിനിമയിലെ അവസരങ്ങൾ ഇല്ലാതായ വർഷങ്ങളായിരുന്നു അത്, കലശലായ മദ്യപാനം ഉണ്ട്. ഒരു രാത്രി ഞാൻ ഞെട്ടിയെണീറ്റു, എനിക്കതു ചെറുപ്പം മുതൽക്കേ പ്രശ്‌നമാണ്. രണ്ടുമണി മൂന്നുമണി രാത്രിയിൽ ഞെട്ടിയുണരും.പിന്നെയുറങ്ങാൻ പറ്റില്ല.എന്തൊരു പുകിലാണെന്ന് അറിയുമോ..!

ഉറക്കം വിദൂരമായ ഒരു അനുഗ്രഹമായി അപ്പോൾ കാണാം, അങ്ങനെ ഒരു രാത്രി ഉറക്കമില്ലാതെ ഉണർന്നിരിക്കുകയാണ്, ഗ്ലാസും കുപ്പിയും എടുത്തു, ഇരിപ്പുമുറിയിൽ പോയി, വിളക്കു തെളിക്കാതെ സെറ്റിയിലിരുന്നു കുടിച്ചുതുടങ്ങി, രാത്രി മുഴുവനും അക്വേറിയത്തിനു സമീപം ഒരു ചെറിയ വിളക്കു തെളിഞ്ഞുകിടക്കുന്നു. അന്ന് നോക്കുമ്പോൾ ഇരുളിൽ ആ ഭീമൻ മത്സ്യം തിളങ്ങുന്നു. ഇരുൾമുറിയിൽ സ്ഫടികപാത്രത്തിൽ ഇളകുന്ന മത്സ്യത്തിനൊപ്പം ഒറ്റയ്ക്ക് ഇരുന്നിട്ടുണ്ടോ അതിന്റെ ഏകാന്തമായ ചലനങ്ങൾ എത്ര ഭീതിദമാണെന്ന് അറിയാമോ, ആ സ്ഫടികപരിധിയിലെ ജലത്തിൽ അതിന്റെ മൂകമായ ചലനങ്ങളിലും നിശ്ചലതയിലും പ്രാണന്റെ അസഹ്യത എനിക്കു പെട്ടെന്നു മനസിലായി, ഞാൻ എന്റെ പ്രാണന്റെ അസഹ്യതയാൽ നിലവിളിക്കും പോലെ ആ മീൻ അതിന്റെ സൗമ്യചലനങ്ങളാൽ തന്റെ നിലവിളിയെ വിളംബരം ചെയ്യുകയാണെന്ന് എനിക്കു മനസിലായി. മീനിനു പ്രാണൻ പോകുമ്പോൾ അതിന്റെ തുറന്ന വായിൽനിന്ന്, ആ ചലനമല്ലാതെ ഒച്ച വരുമോ ? ജീവിതകാലമത്രയും ഒരു സ്വരവുമില്ലാത്ത ആ പ്രാണന് ഇത്രമേൽ പീഢയാെണങ്കിൽ എത്ര ഉച്ചത്തിൽ നിലവിളിച്ചാലും മതിയാവാത്ത മനുഷ്യനോ? , നടൻ പറഞ്ഞു.

നടന്റെ പ്രശസ്തമായ സിനിമയിലെ ഒരു ഗാനരംഗം തലേന്നു ഞാൻ മുറിയിലിരുന്നു കുറേനേരം കണ്ടു. അയാളും അവളും ഏതോ ഒരു തടാകക്കരയിൽ, ചിലപ്പോൾ അതൊരു സെറ്റാവും, ഇരിക്കുന്ന രംഗത്തോടെയാണ് ആ ഗാനം അവസാനിക്കുന്നത്. ആ ഗാനരംഗം കണ്ടപ്പോൾ എനിക്ക് എന്തോ ഒരു വിഷാദമാണു തോന്നിയത്. ആ വിഷാദം ഇപ്പോൾ പൊടുന്നനെ തിരിച്ചെത്തുന്നു. എന്റെ തൊണ്ട വരണ്ടു. ആ മത്സ്യത്തിന് എന്തു സംഭവിച്ചു? ഞാൻ ചോദിച്ചു. പിറ്റേന്നു പകൽ കാമുകി വന്നപ്പോൾ ഞാൻ അവളോട് ഇക്കാര്യം പറഞ്ഞു. അവൾ തുണിയുടുക്കാതെ എന്റെ മടിയിൽ ഇരിക്കുകയായിരുന്നു. ഞാൻ പറയുന്നതു കേട്ട് അവൾ പിടഞ്ഞെണീറ്റു. കുടിച്ചുകുടിച്ചു സമനില തെറ്റിയോ ? അവൾ ചോദിച്ചു. ഞാൻ അതു ശ്രദ്ധിച്ചില്ല. എത്രയും വേഗം ഫിഷ് ടാങ്ക് അവിടെനിന്ന് എടുത്തു കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടു. അവൾ ഒന്നും പറഞ്ഞില്ല. കുറച്ചുനേരം കഴിഞ്ഞ് അവൾ ആ ഫിഷ്ടാങ്ക് എടുത്തു പുറത്തേക്കു പോയി, ഞാൻ പിന്നാലെ ചെന്ന് ആ വാതിൽ അടച്ചു. പിന്നീട് അവൾ ഇവിടെ വന്നിട്ടില്ല.

ഒരു ദിവസം വയസ്സു ചെന്ന എന്റെ അമ്മ ഇവിടെ വന്ന് എന്റെ കൂടെ താമസിക്കാൻ തുടങ്ങി. എന്റെ കുടി നിർത്താൻ അവർ ചിലതു മനസ്സിൽ കണ്ടിരുന്നു. ഒന്നുരണ്ടു ദിവസം കഴിഞ്ഞ് അവർ രാവിലെ എന്നെ വിളിച്ചെണീപ്പിച്ച് ഫ്‌ലാറ്റ് മുഴുവൻ തൂത്തുവാരാനും നിലവും ജനാലകളും തുടയ്ക്കാനും പറഞ്ഞു. മൂന്നാലു മണിക്കൂർ നേരം കൊണ്ടു ഞാൻ വീടു മുഴുവൻ വൃത്തിയാക്കി. ഒഴിഞ്ഞ കുപ്പികളും കൂടുകളും സിഗരറ്റുകുറ്റികളുമെല്ലാം ഞാൻ തന്നെ നീക്കം ചെയ്തു. ആ ദിവസങ്ങളിൽ ഞാൻ കുടിക്കാത്തതിന്റെ യാതനകളിൽ ഭ്രാന്തെടുത്തുവെങ്കിലും അമ്മ ഉണ്ടായിരുന്നതുകൊണ്ടാവാം ഞാൻ അതെല്ലാം എങ്ങനെയോ അതിജീവിച്ചു. അതിനുശേഷം, അമ്മയും പോയശേഷവും എന്റെ ഈ വീട് ഞാൻ തന്നെയാണ് തൂത്തുവാരുന്നതും വൃത്തിയാക്കുന്നതും. എനിക്കു സിനിമ നഷ്ടമായി, കൂട്ടുകാരു പോയി, ഭാര്യയായിരുന്ന സ്ത്രീ മരിച്ചുപോയി, കാമുകി അകന്നുപോയി, അമ്മ മരിച്ചു, പക്ഷേ ഞാൻ കുടി നിർത്തി, പുകവലിയും പ്രേമങ്ങളും നിർത്തി, ഞാൻ എന്ന സിനിമാനടനെ എല്ലാവരും വിസ്മരിച്ചതു സീരിയലിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ എനിക്കു ബോധ്യമായി. അതെനിക്കു പുതിയ അറിവും പക്വതയും തന്നു. ഏതു ദിവസും ബഹളങ്ങളില്ലാതെ, സന്ദർശനങ്ങളില്ലാതെ, യാത്രകളില്ലാതെ കടന്നുപോകുന്നത് എനിക്ക് ഉൾക്കൊള്ളാനായി, നടൻ പറഞ്ഞു.
ഉച്ചയൂണിനു അവിയലും സാമ്പാറും മീൻ വറുത്തതും കൂട്ടി ഞങ്ങൾ ചോറുണ്ടു. ഞാൻ കബീറിനെ ഓർത്തു. അവന്റെ മെലിഞ്ഞു നീണ്ട വിരലുകൾ ഓർത്തു. പിറ്റേന്ന് അവനെ കാണുന്ന രംഗം ഞാൻ മനസ്സിൽ സങ്കൽപിച്ചു. എനിക്ക് ഉള്ളിൽ ഒരു മർമ്മരം അനുഭവപ്പെട്ടു. തലയണയിൽ കവിൾ ചേർത്ത് ചെരിഞ്ഞുകിടന്ന് ഉറങ്ങാൻ തോന്നി.

അന്നു നടന്റെ ഫ്‌ളാറ്റിൽനിന്നിറങ്ങി നഗരത്തിലൂടെ കുറച്ചുനേരം നടന്നു, രാത്രി കഴിക്കാനുള്ള ഭക്ഷണവും വാങ്ങി ബസിനാണു തിരിച്ചുപോയത്. മുറിയിൽ എത്തി വിളക്കു തെളിച്ചപ്പോൾ ടോയ്‌ലറ്റിന്റെ വാതിൽ പാതിതുറന്നു കിടക്കുന്നതു കണ്ടു, വേഗം പോയി ആ വാതിലടച്ചു. ഭക്ഷണപ്പൊതി മേശപ്പുറത്തുവച്ചു, ദേഹമാകെ വിയർത്തൊട്ടുന്നുണ്ട്. ഫോൺ ചാർജ് ചെയ്യാൻ വച്ചിട്ടു വേഗം ദേഹം കഴുകി വന്നു. എന്നിട്ടു കട്ടിലിൽ കയറിക്കിടന്നു. ഫോണിലെ വോയ്‌സ് റിക്കോർഡർ ഓൺ ചെയ്തു. നടന്റെ സ്വരം മുഴക്കമുള്ളതാണ്, സ്വരനിയന്ത്രണം മനോഹരമാണ്, പക്ഷേ വോയ്‌സ് റിക്കോർഡറിൽനിന്നുള്ള സ്വരം പതറുന്നതുപോലെ തോന്നുന്നു, അക്വേറിയത്തിലെ ഒറ്റ മത്സ്യം ഇളക്കുന്നു, ഫൈറ്റർ എന്നാണ് അതിന്റെ പേര്, ഏകാന്തതയോടാവും അതു പൊരുതുന്നത്, അമ്മ മകനെ വിളിച്ചുണർത്തുന്നു, അവനോടു വീട് അടിച്ചുവാരാനും നിലം തുടയ്ക്കാനും പറയുന്നു. വർഷങ്ങൾ കഴിയുമ്പോൾ നടന്റെ ഫ്‌ളാറ്റ് വെടിപ്പുള്ളതാണ്, അയാൾ അതു ദിവസവും ക്ലീൻ ചെയ്യുന്നു, സീരിയൽ അഭിനയമില്ലാത്ത ദിവസം പകൽ മുഴുവൻ അതു വൃത്തിയാക്കിക്കൊണ്ടിരിക്കുന്നു, അമ്മയെ ഓർക്കുകയാകുമോ അയാൾ, ഞാനും അമ്മയെ ഓർക്കാറുണ്ട്, എനിക്കു തന്നെ അദ്ഭുതം തോന്നാറുണ്ട്, അമ്മയെ അല്ലാതെ മറ്റാരെയും ഞാൻ ഓർമിക്കുന്നില്ലല്ലോ എന്ന്. എന്താണ് ആരും എന്റെ ഓർമയിൽ വസിക്കാത്തത്, ഞാനും ആരുടെയും ഓർമകളിൽ ജീവിക്കുന്നില്ലല്ലോ. അമ്മയുടെ കൂടെ ഞാൻ കുറെസ്ഥലങ്ങളിൽ പോയിട്ടുണ്ട്, എനിക്ക് എട്ടോ ഒൻപതോ വയസ്സുണ്ടാകും, ബസിലിരുന്നു പോകുമ്പോൾ മിക്കവാറും ഞാൻ ഉറങ്ങിപ്പോകുന്നു, ബാർബർഷോപ്പിൽ എന്റെ മുടി വെട്ടുന്നതും നോക്കി അമ്മ പിന്നിലിരിക്കുന്നു, മുറിച്ച മുടികൾ മുഖത്തേക്കു വീഴുമ്പോൾ ബാർബർ അതു ഒരു ബ്രഷ് വച്ചു ശ്രദ്ധാപൂർവം തുടച്ചു കളയുന്നു, പിൻകഴുത്തിൽ കത്രികയുടെ തണുപ്പുകൊള്ളുമ്പോൾ ഇക്കിളിയാകുന്നു, കത്രിക ചലിക്കുന്ന സ്വരം കാതിനോടടുത്തു വരുമ്പോഴും കുളിരു കോരുന്നു.

ഫോണടിക്കുന്ന സ്വരം കേട്ട് ഞാൻ ഞെട്ടി, പ്രസാധകനാണു വിളിക്കുന്നത്, അയാൾ ഉച്ചമുതൽ എന്നെ വിളിക്കുന്നു, ഫോണിൽ കിട്ടുന്നില്ലെന്നു പറയുന്നു. നമുക്ക് ഇവിടെ കുറെ ജോലികൾ തീരാൻ കിടക്കുന്നു, കോഴിക്കോട്ടേത് ഒരാഴ്ച കൊണ്ടു തീരുമോ? അയാൾ ചോദിച്ചു. എനിക്കറിയില്ല, ഒരാഴ്ച മതിയാവുമെന്നു കരുതുന്നു, ഒരാഴ്ച കഴിഞ്ഞാൽ ഞാൻ വരാം, ഞാൻ പറഞ്ഞു. അതാണു നല്ലത്, പ്രസാധകനു സന്തോഷമായി. ഞാൻ അയാളോട് അന്നേ പറഞ്ഞതാണ്, അയാൾക്ക് എറണാകുളത്തേക്കു വരാനും കഴിയില്ല, പക്ഷേ കുഴപ്പമില്ല, ചെലവ് അയാളാണല്ലോ എടുക്കുന്നത്, നമ്മുക്കു നഷ്ടവുമില്ല, പ്രസാധകൻ പറഞ്ഞു.
കോഴിക്കോട്ടെ മൂന്നാ ദിവസം രാവിലെ വെട്ടം വീഴും മുൻപേ ഉണർന്നു. മുറിയിലെ അരണ്ട പ്രകാശത്തിലൂടെ നടന്ന് ടോയ് ലറ്റിലെ വിളക്കു തെളിച്ച് അകത്തുകടന്നപ്പോൾ വാഷ്‌ബേസിനു സമീപം ഒരു എലി ഇരിക്കുന്നു. ചെറുതല്ല, വലുത്, എന്നെ കണ്ടിട്ടും തിടുക്കപ്പെടാതെ അത് താഴേക്കിറങ്ങി തുറന്ന ഓവുചാലിലൂടെയിറങ്ങി അപ്രത്യക്ഷമായി. മൂത്രമൊഴിക്കുമ്പോൾ നോട്ടം ഓവുചാലിൽ തന്നെയാണ്, അതു വീണ്ടും കയറിവരുന്നുണ്ടോ, ടോയ്‌ലറ്റിന്റെ വാതിൽ ഇനി മുതൽ തുറന്നിടരുതെന്നു നിശ്ചയിച്ചു. വാതിൽ തുറന്നു വരാന്തയിലെ ഇരുട്ടിൽ നിന്നു. ലോഡ്ജിലെയും മുറികളിലൊന്നിലും വെളിച്ചമില്ല, ആരുമുണരാറായിട്ടില്ല, വഴിയിലൂടെ സൈക്കിളുകൾ മണിയടിച്ചുപോകുന്നു. അമ്മയെ ഓർത്താണല്ലോ ഉറങ്ങിയത്, അമ്മയുടെ അവസാന വർഷങ്ങളിൽ മനസ്സിനു സുഖമില്ലായിരുന്നു, ഓർമയും കുറഞ്ഞുവന്നു. പക്ഷേ മലയാളം അധ്യാപികയായിരുന്നതുകൊണ്ടാവാം ചില പദ്യങ്ങൾ, ഈരടികൾ അമ്മ ഇടയ്ക്കു ചൊല്ലും. ലളിതാസഹസ്രാനാമം അമ്മ മരണത്തിനു തലേന്നു വരെ ഓർമയിൽനിന്നു ചൊല്ലി. ഓർമ നഷ്ടമാകുന്ന ആളിന്റെ തലച്ചോറിലെ ക്ഷയിക്കാത്ത ഏതു കാലത്തിൽനിന്നാണ് ആ വാക്കുകൾ വരുന്നത്, പിഴവു സംഭവിക്കാത്ത വാക്കുകൾ..

അമ്മയുടെ ഒരു സഹോദരൻ മരണം വരെ അമ്മയെയും എന്നെയും പരിചരിച്ച് കൂടെ നിന്നു. അതിന്റെ പേരിൽ സ്വന്തം കുടുംബം അമ്മാവനെ ശപിച്ചു. അമ്മ മരിക്കുമ്പോൾ എന്നെ ആ വീട്ടിലേക്കു കൊണ്ടുചെല്ലുമെന്ന് അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ഭയന്നിരിക്കാം, അദ്ദേഹത്തിന് അത് അറിയാമായിരുന്നു. അതാണു അമ്മയുടെ മരണശേഷം അധികം വൈകാതെ അദ്ദേഹം എന്നെ കോളജിൽ ചേർക്കാതെ പ്രസാധകന്റെ അടുത്തേക്കു കൊണ്ടുപോയത്. നീ വീട്ടിലേക്ക് വരരുത്, അമ്മാവൻ പറഞ്ഞു, നീ നാട്ടിലേക്കും വരരുത്, ഇവിടെ ഞാൻ നിനക്ക് താമസിക്കാൻ ഒരു മുറിയെടുത്തിട്ടുണ്ട്, അവിടെ താമസിച്ചാൽ മതി, ഞാൻ കുറച്ചു പണം തരാം, ശമ്പളം കിട്ടിത്തുടങ്ങിയാൽ നിനക്കെന്റെ സഹായം വേണ്ട, അമ്മാവൻ പറഞ്ഞു. അദ്ദേഹം കെട്ടിപ്പിടിക്കുകയോ തൊടുകയോ ചെയ്തില്ല, കുറേ നേരം എന്നെ നോക്കിനിന്നു, യാത്ര പറഞ്ഞു ലോഡ്ജിനു മുന്നിലെ വഴിയിലെ വെയിലിലേക്ക് ഇറങ്ങിനിന്നു. കുറേനേരം അങ്ങനെ വെയിലേറ്റ് അനക്കമറ്റുനിന്നു. ഒടുവിൽ പിന്തിരിഞ്ഞു എന്നെ ഒന്നു നോക്കിയിട്ട്, കാറിൽ കയറി ഓടിച്ചുപോയി.
കോഴിക്കോട്ടെ മൂന്നാം ദിവസം അതിരാവിലെ നഗരത്തിലെ ഒരു പഴയ ലോഡ്ജിനു മുന്നിൽ നേരം പുലരുന്നതും നോക്കി നിൽക്കെ, മുന്നിലെ റോഡിലൂടെ ഒരു കാർ മെല്ലെ കടന്നുപോയി. പെട്ടെന്ന് ബീച്ചിൽ രാവിലെ ചായയും കടിയും വിൽക്കുന്ന ആ തട്ടുകട ഓർമ വന്നു, അതിപ്പോൾ തുറന്നിട്ടുണ്ടാകുമോ, അങ്ങനെയാണ് ഒരാശയം ഉദിച്ചത്, അപ്പോൾ തന്നെ ബീച്ചിലേക്കു നടന്നുപോകുക, എന്നിട്ട് അവിടെനിന്ന് എട്ടരയാകുമ്പോഴേക്കും നടന്റെ വീട്ടിലേക്ക് എത്തുക...

അരമണിക്കൂറിനകം ഞാൻ ലാപ്‌ടോപ്പും നോട്ട്പാഡും പേനയും വച്ച ബാഗും തൂക്കി പുറത്തേക്കിറങ്ങി, തലേന്നു നടന്ന അതേ വഴിയിലൂടെ നടന്നു. ഇരുവശത്തും വീടുകളുള്ള ഇടവഴിയിൽ തിരക്കിനു സമയമായിട്ടില്ല. നെറ്റും കഴുത്തും വിയർത്തൊഴുകാൻ തുടങ്ങിയപ്പോഴേക്കും ബീച്ച് റോഡിലെത്തി. കടലോര നടപ്പാതയിലൂടെ നടന്നപ്പോൾ ആ തട്ടുകട കാണാം, അതിനു പിന്നിലായി കടപ്പുറത്തു വോളിബോൾ കളിക്കുന്ന കുട്ടികളുടെ കൂട്ടം. നടക്കാനിറങ്ങിയവർ തിരികെപോയിത്തുടങ്ങിയിരുന്നു. തട്ടുകടയ്ക്കു ചുറ്റും നാലഞ്ചുപേർ നിന്നു ചായ കുടിക്കുന്നുണ്ട്, ഞാൻ മരത്തിന്റെ ചുവട്ടിലിരുന്നു ചായ പറഞ്ഞു, കടക്കാരൻ കുറച്ചുകഴിഞ്ഞ് ഒരു ചായ കൊണ്ടുതന്നു. ചായക്ലാസ് പിടിച്ചു ഞാൻ കടലിനെനോക്കി, കടലിറങ്ങിയ യുവാക്കളെ നോക്കി, വോൾബോളിനൊപ്പം ഉയരുന്ന ഒച്ചകൾ ശ്രദ്ധിച്ചു, ഫോർട്ട്‌കൊച്ചി കടപ്പുറത്തു അതിരാവിലെയും സന്ധ്യക്കും പോയിട്ടുണ്ട്. രാവിലെയാണു മനോഹരം, വൈകിട്ടു ആൾക്കൂട്ടം വെറുപ്പിക്കും, അതിരാവിലെ മൂടൽമഞ്ഞിലൂടെ കപ്പലുകൾ പോകുന്നതു കാണാം, കാക്കകൾ പാറുന്ന തീരത്ത്, കുറേനേരം അങ്ങനെയിരുന്നിട്ടുണ്ട്, ഓർത്തുനോക്കിയാൽ അതു നന്നായിരുന്നുവെന്നു തോന്നും, ഇന്ന് ഇവിടെയിരിക്കുമ്പോൾ ഈ പുലരിയിലേക്ക് ഞാൻ എങ്ങനെ വന്നുചേർന്നു എന്നാണ് അമ്പരപ്പ് തോന്നുന്നത്. ചായഗ്ലാസ് കാലിയാകുന്നേരം, അടുത്തൊരാൾ വന്നിരുന്നു.
കബീർ! ▮

(തുടരും)

(അജയ് പി. മങ്ങാട്ടിന്റെ ‘മൂന്ന് കല്ലുകൾ’ ഡി.സി. ബുക്‌സ് ഉടൻ പ്രസിദ്ധീകരിക്കും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


അജയ് പി. മങ്ങാട്ട്

മാധ്യമപ്രവർത്തകൻ, നോവലിസ്റ്റ്, വിവർത്തകൻ. സൂസന്നയുടെ ഗ്രന്ഥപ്പുര, പറവയുടെ സ്വാതന്ത്ര്യം, മൂന്നു കല്ലുകൾ തുടങ്ങിയവ പ്രധാന കൃതികൾ.

Comments