ചിത്രീകരണം: രാജേഷ്​ ചിറപ്പാട്​

മൂന്നു കല്ലുകൾ

രണ്ട് (തുടർച്ച)

ടീ ഷർട്ടും ബർമുഡയാണു വേഷം. തോളത്തേക്കു അഴിഞ്ഞുപരന്നും നെറ്റിത്തടമാകെ മറച്ചും മുടിയിഴകൾ കാറ്റിൽ പറക്കുന്നു. വിയർത്ത നേരിയ മീശയ്ക്കു താഴെ ചുണ്ടുകൾ വിടർന്നു ചിരി പടരുന്നു. ഞാൻ കുറച്ചുനേരത്തേയിറങ്ങി നടന്നു, ഞാൻ പറഞ്ഞു. ഞാനിവിടെ അടുത്താണു താമസം, കബീർ സ്ഥലം പറഞ്ഞു, പന്തു കളിക്കാൻ ചില ദിവസങ്ങളിൽ വരും, കബീർ പറഞ്ഞു. നീ ചായ കുടിക്കുന്നോ,ഞാൻ ചോദിച്ചു. വേണ്ട, അവൻ പറഞ്ഞു. എവിടെയാണു താമസിക്കുന്നതെന്ന് അവൻ ചോദിച്ചു. ഞാൻ ആ സ്ഥലം പറഞ്ഞു. അവന് ആ ലോഡ്ജ് അറിയാമെന്നു പറഞ്ഞു, ഞങ്ങൾ കുറച്ചുനേരം കൂടി സാസംരിച്ചു. നമുക്കു കുറച്ചു നടന്നാലോ എന്നു പറഞ്ഞ് അവൻ എണീറ്റു. ഞങ്ങൾ നടപ്പാതയിലൂടെ നടക്കാൻ തുടങ്ങി, പെട്ടെന്നു ഞാൻ നടന്റെ വീട്ടിലെ കബീറിന്റെ പെയിന്റിങ് കണ്ട കാര്യം പറഞ്ഞു. അവന്റെ മുഖം വികസിച്ചു, ഞാൻ ആ സീരിസിൽ ആറു ചിത്രങ്ങൾ ചെയ്തു, അവൻ പറഞ്ഞു
-അതൊരു പരമ്പര ആണോ, ഞാൻ ചോദിച്ചു
അതെ അത് എന്റെ ഒരു സുഹൃത്തിന്റെ ജീവിതാനുഭവത്തെ ആശ്രയിച്ചു ചെയ്തതാണ്.
ആരുടെ കഥയാണ്? എന്താണത്?
അത് ആരും എഴുതിയ കഥയല്ല, എഴുതാത്ത കഥയാണ്, ഞാനത് എഴുതാൻ നോക്കുന്നു,
കബീർ വളരെ ഗൗരവത്തോടെ സംസാരിക്കുന്നു. വാക്കുകൾ ആലോചിച്ചുറപ്പിച്ചു പറയുന്നു. ഞാൻ നിൽക്കുന്നു.
-എനിക്കു മനസിലായില്ല, കബീർ കഥ എഴുതാറുണ്ടോ?
-ഇല്ല. ഞാൻ സാഹിത്യം അല്ല ഉദ്ദേശിച്ചത്. എനിക്കറിവുള്ള കുറേപ്പേരുടെ ജീവിതമാണ്, ശരിക്കുമുള്ള ജീവിതം, കബീർ പറഞ്ഞു. നിഗൂഢതയുടെ ഒരു ആവരണം പൊടുന്നനെ അവനെ പൊതിഞ്ഞതായി എനിക്കു തോന്നി.
അപ്പോഴാണ് അവൻ മാധവന്റെ കാര്യം പറഞ്ഞത്. അയാളെ ഒരു ദിവസം ഒരുമിച്ചു കാണാൻ പോകാമെന്നും പറഞ്ഞു.

ഒരു കൗതുകമുണ്ട്, ഞാനതു പറയാൻ വിട്ടു, മാധവന്റെ അച്ഛന്റെ പേരും കറുപ്പൻ എന്നാണ്, കബീർ പറഞ്ഞു. ഞാൻ വിചാരിച്ചത് എന്റെ പേരു മറ്റാർക്കും ചേരില്ലെന്നാണ്. പക്ഷേ, കബീറിന്റെ അവശേഷിക്കുന്ന പെയിന്റിങ്ങുകൾ കൂടി കാണണം എന്ന് എനിക്കു തോന്നുന്നു. എനിക്കു പെയിന്റിങ്ങുകളെ പറ്റി ഒന്നുമറിയില്ല. ജീവിതത്തിൽ ഇതുവരെയും ഞാൻ ഒരു ആർട്ട് ഗാലറിയിലും ചെന്ന് ഒരു ചിത്രത്തിനു മുന്നിലും പോയി നിന്നിട്ടില്ല. ഒരു ചിത്രത്തെയും ഓർമിക്കുകയോ മനസ്സിൽ കൊണ്ടുനടക്കുകയോ ചെയ്തിട്ടില്ല. എന്നാൽ കബീറിന്റെ മനസ്സിനെ പലതരം പെയിന്റിങ്ങുകൾ വിരിയുന്ന നിറങ്ങളുടെയും ഭാവനയുടെയും ഒരു ഉദ്യാനമായി അപ്പോൾ ഞാൻ സങ്കൽപിച്ചു. താൻ വരച്ചതിനെപ്പറ്റി അവൻ താൽപര്യത്തോടെ പറഞ്ഞു. അതിനു പിന്നിൽ ഒരു വലിയ കഥയുണ്ടെന്നും പറഞ്ഞു, ആ കഥ, സാഹിത്യകഥയല്ലെങ്കിൽ അത് എന്തായിരിക്കും? ഞാൻ ആലോചിച്ചു. കടപ്പുറത്തെ അന്നത്തെ പുലരിവെയിലിന്റെ ചൂട് എന്റെ ജിജ്ഞാസകളുടെ മേലാണു വീണത്. തിരഞ്ഞുചെല്ലാൻ കഴിയുന്ന ആനന്ദങ്ങൾ ജീവിതത്തിൽ ഉണ്ടെന്ന് എനിക്കു തോന്നി. കബീർ ഒരു ആനന്ദമാർഗമാണെന്ന് എനിക്കു പെട്ടെന്നു തോന്നി, ഉള്ളിൽ ഒരു വെളിച്ചം വിറയാർന്നു നിന്നു, അത് ഉടൻ കെടുമോ ആളിക്കത്തുമോ എന്നറിയാതെ ഞാൻ ഒന്നു പകച്ചു.
ഞാനും കബീറും ഒരുമിച്ചാണ് അന്ന് നടന്റെ വീട്ടിലേക്കു നടന്നത്. വിയർപ്പിൽ മുങ്ങിയെങ്കിലും ഇളം തണുപ്പുള്ള കാറ്റ് ഇടയ്ക്കിടെ വന്നുപോയി. ബാൽക്കണിയിൽ ചെടി നനയ്ക്കുന്നതിനിടെയാണു നടൻ വാതിൽ തുറന്നത്. ഞങ്ങളെ ഒരുമിച്ചു കണ്ടതോടെ അയാൾ അദ്ഭുത സ്വരം പുറപ്പെടുവിച്ചു. കബീർ അടുക്കളയിൽ പ്രവേശിച്ചപ്പോൾ ഞാൻ നടനു പിന്നാലെ ബാൽക്കണിയിലേക്കു പോയി. അതിരാവിലെ എഴുന്നേറ്റു ബീച്ചിലേക്കു നടന്നതും കബീറിനെ കണ്ടതും സംസാരിച്ചു. പരിസരത്തെ വീടുകളുടെ മട്ടുപ്പാവിലേക്കും ഇടവഴികളിലേക്കും കടപ്പുറത്തേക്കു നീളുന്ന, ഞങ്ങൾ നടന്നുവന്ന പ്രധാന വഴിയിലേക്കും നോക്കി ഞാൻ അവിടെ നിന്നു. നടൻ ഇടയ്ക്കിടെ എന്നെ നോക്കുന്നു. നിങ്ങൾ പ്രസന്നനായി കാണുന്നു, നടൻ പറഞ്ഞു,
ഞാൻ എന്നെത്തന്നെ നിരീക്ഷിക്കുന്നതുപോലെ ഒരു നിമിഷം അയാൾക്കു മുന്നിൽ നിന്നു. കഴിഞ്ഞ ദിവസങ്ങളിൽ എനിക്കു പ്രസന്നത ഇല്ലായിരുന്നു എന്നല്ലേ ഇതിനർത്ഥം?, ഞാൻ ചോദിച്ചു. അതെ, അതാണു ഞാൻ ഉദ്ദേശിച്ചത്, നടൻ മറുപടി പറഞ്ഞു. വിശദമായി പറഞ്ഞാൽ, കരിങ്കല്ലിൽ കൊത്തിവച്ചതുപോലെയായിരുന്നു നിങ്ങളുടെ മുഖത്തെ നിസ്സംഗത, ഒരേ നിശ്ചലത, മാറ്റമില്ലാതെ, നടൻ പറഞ്ഞു.
എനിക്ക് ഷോക്കേറ്റതുപോലെ തോന്നി. അടുത്ത നിമിഷം നടന്റെയും മുഖം വിളറി, അയാൾ ക്ഷമാപണം പ്രകടിപ്പിച്ചു. ഞാൻ ചിരിക്കാൻ ശ്രമിച്ചു. എന്തായാലും ഞാൻ മെച്ചപ്പെട്ടിട്ടുണ്ടല്ലോ, വരുന്ന ദിവസങ്ങളിലും പ്രസന്നമാകാൻ ശ്രമിക്കാം, ഞാൻ പറഞ്ഞു.
കബീർ പുട്ടും കടലയുമാണ് ഉണ്ടാക്കിയത്. ഞങ്ങൾ ഭക്ഷണം കഴിച്ചു തീർന്നതിനു പിന്നാലെ അടുക്കള വൃത്തിയാക്കി ആ ചെറുപ്പക്കാരൻ പോയി. ഞാൻ വോയ്‌സ് റിക്കോർഡർ ഓൺ ചെയ്തു. അയാളുടെ വാക്കുകൾക്കൊപ്പം സഞ്ചരിക്കാൻ ഇടയ്ക്കിടെ ചില കുറിപ്പുകൾ എടുക്കാനും ശ്രദ്ധിച്ചു. അയാൾ നല്ല വാക്യങ്ങൾ പറയുന്നുണ്ടെന്നത് ഞാൻ ആദ്യം മുതൽക്കേ ശ്രദ്ധിച്ചു. ഇത് വേഗം എഴുതിത്തീർക്കാനാകും. പക്ഷേ, ഇടയ്ക്കിടെ ഞാൻ ആ പെയിന്റിങ്ങിലേക്കു നോക്കുന്നു, വെളിച്ചമുള്ളിടത്തു വച്ചിരുന്നുവെങ്കിൽ പെയിന്റിങ്ങിലെ ആ നിഴലുകൾ, ഇടറുന്ന പ്രകാശം എന്ന പോലെ അനുഭവപ്പെട്ടേനെ.
ഒരാളെ വീണ്ടും കാണാൻ തോന്നുക, കാണുകയും സംസാരിക്കുകയും ചെയ്യുക, അതു തുടർന്നുകൊണ്ടേയിരിക്കുക, ഇത് എല്ലായിപ്പോഴും സംഭവിച്ചുകൊള്ളണമെന്നില്ല, നാം ഒരു വ്യക്തിയെ പരിചയപ്പെടുന്നു, അയാൾക്കൊപ്പം കുറച്ചുദൂരം പോകണമെന്നു കരുതുന്നു, പക്ഷേ അതു സംഭവിക്കുന്നില്ല, അയാളെ വീണ്ടും കണ്ടിരുന്നെങ്കിൽ നന്നായേനെ എന്നു ദിവസവും ഓർമിക്കുന്നു, ഒരു ദിവസം ഞാൻ എത്തുമ്പോൾ കബീറിനെ കണ്ടില്ല. അവൻ അന്നു വരില്ലെന്ന് നടൻ പറഞ്ഞു, അയാൾ ചായ ഉണ്ടാക്കി, ബ്രഡ് പൊരിച്ചു, പഴം പുഴുങ്ങി, ബ്രേക് ഫാസ്റ്റ് അതു മതിയെന്ന് ഞാനും പറഞ്ഞു, ഉച്ചയ്ക്കു പുറത്തുനിന്നു വരുത്താമെന്നും.

പിറ്റേന്നു കൊണ്ട് സംസാരം അവസാനിപ്പിക്കാമെന്നു ഞാൻ നടനോടു പറഞ്ഞു, ആത്മകഥയ്ക്കു വേണ്ടതെല്ലാമായിട്ടുണ്ട്, ഇനി അധ്യായങ്ങളായി തിരിച്ച്, ആവശ്യത്തിനു വിവരങ്ങളും വിശദാംശങ്ങളും ചേർത്ത് എഴുതിയാൽ, പരമാവധി രണ്ടു മാസം കൊണ്ട് എഴുതിത്തീർക്കാം എന്നു ഞാൻ പറഞ്ഞു. നടന്റെ മുഖത്തു സന്തോഷം പരക്കുന്നതു ഞാൻ കണ്ടു. ഞങ്ങൾ തമ്മിൽ ഒരു ദിവസം കൂടി മാത്രം കൂടിക്കാണും. അയാൾ എനിക്ക് എഴുത്തുകൂലി തരുന്നതോടെ ആ ബന്ധം അവസാനിക്കും, പിന്നീടുള്ള ഇടപാടുകൾ പ്രസാധകനും അയാളും തമ്മിലായിരിക്കും, സത്യമാണ്, കഴിഞ്ഞ ഇരുപതു വർഷത്തെ ജീവിതത്തിനിടെ വീണ്ടും കാണണമെന്നു ഞാൻ ആരെക്കുറിച്ചും ആഗ്രഹിച്ചിട്ടില്ല. സഹപ്രവർത്തകർ എന്റെ ഉദാസീനതകളെ സംശയത്തോടെ നോക്കി. പ്രസാധകൻ ചിക്കൻപോക്‌സ് പിടിച്ചു ആഴ്ചകളോളം വരാതിരുന്നപ്പോഴും ഞാൻ അയാളുടെ ക്ഷേമം തിരക്കാൻ പോയില്ല, അയാൾ തിരിച്ചു ഓഫിസിൽ വന്നപ്പോഴും ആ മുറിയിൽ അവസാനം കയറിയതു ഞാനായിരുന്നു, ക്ഷേമം തിരക്കാനായിരുന്നില്ല, പ്രൂഫ് വായിച്ച പുസ്തകങ്ങളുടെ കാര്യങ്ങൾ സംസാരിക്കാനായിരുന്നു. നടന് എന്നെപ്പറ്റി കൂടുതൽ കേൾക്കണമെന്നുണ്ട് കാരണം ഒരു പുസ്തകമെഴുത്തിന്റെ കാര്യത്തിനുവേണ്ടിയാണെങ്കിലും അയാൾ തന്റെ സ്വകാര്യജീവിതവും രഹസ്യങ്ങളും ദുഃഖങ്ങളും സന്തോഷങ്ങളും എനിക്കു മുന്നിൽ തുറന്നിട്ടു. നാം നമ്മുടെ ഇതുവരെ പറയാത്ത കഥകൾ മറ്റൊരാളോടു ലജ്ജാരഹിതമായി വിവരിക്കുമ്പോൾ തിരിച്ച് അത് കേൾക്കുന്നയാളും തന്റെ സ്വകാര്യതയിലേക്ക് ഒരു ഞൊടിയെങ്കിലും പ്രവേശനം കൊടുക്കണമല്ലോ. ഇക്കാര്യത്തിൽ എനിക്ക് നടന്റെ നൈരാശ്യം മനസ്സിലാകുന്നുണ്ട് പക്ഷേ അങ്ങനെ പറയാൻ കഴിയുംവിധം സംഭവങ്ങൾ എന്റെ ജീവിതത്തിൽ ഇല്ലെന്നതാണു വാസ്തവം, നാൽപതിലേറെ വർഷങ്ങൾ ഈ ഭൂമിയിൽ ജീവിച്ചിട്ടും എന്തുകൊണ്ടാണു എന്റെ ഭൂതകാലം ഇത്രയേറെ ശുഷ്‌കമായിപ്പോയത് എന്നു ഞാൻ നടനു മുന്നിലിരുന്ന് ചിന്തിച്ചു.
എന്താണ് ആലോചിക്കുന്നത്, നടൻ ചോദിച്ചു.
ഒരു ചോദ്യം മനസ്സിൽ വന്നതാണ്, ഞാൻ പറഞ്ഞു.
മടിക്കേണ്ട, ചോദിക്കൂ, നടൻ പോത്സാഹിപ്പിച്ചു.
എത്ര പേരെ പ്രേമിച്ചിട്ടുണ്ട് ? ഞാൻ ചോദിച്ചു.
ആത്മകഥ എഴുതണമെന്ന ആഗ്രഹം വന്നത് എങ്ങനെയെന്ന് കഴിഞ്ഞ ദിവസം ഞാൻ ചോദിച്ചത് അപ്പോൾ എന്നെ അയാൾ ഓർമിപ്പിച്ചു. തനിയെ എഴുതാൻ ശ്രമിച്ചു പരാജയപ്പെട്ടതെല്ലാം എന്നോടു പലവട്ടം നടൻ ആവർത്തിച്ചിരുന്നു. എനിക്ക് കഠിനമായ ദുഃഖങ്ങളുണ്ട്. ദുഃഖത്താൽ മരിക്കരുതെന്നു ഞാൻ നിശ്ചയിച്ചു, നടൻ തുടർന്നു, അതാണ് എന്റെ കഥ എഴുതണമെന്നു തോന്നിയത്. എഴുതാൻ കഴിയാതെ വന്നപ്പോൾ അത് പറഞ്ഞ് എഴുതിപ്പിക്കണമെന്നു ഞാൻ തീരുമാനിച്ചു. അങ്ങനെയാണു താങ്കൾ ഇവിടെയെത്തിയത്. താങ്കൾക്ക് ഇപ്പോൾ എന്നെക്കുറിച്ചു വിശദമായ ഒരു ചിത്രം ലഭിച്ചിട്ടുണ്ടാവും, നടൻ പറഞ്ഞു.

ഞാൻ അയാളുടെ ജീവിതത്തിലേക്ക് എല്ലാ ദിവസവും നോക്കുന്നു; അയാൾ ഒരുകാലത്ത് അറിയപ്പെടുന്ന സിനിമാ താരമായിരുന്നു, റോഡിൽ ഇറങ്ങി നിന്നാൽ ആരാധകർ പൊതിയുമായിരുന്നു, ദിവസവും പ്രേമാഭ്യർഥനകൾ കിട്ടിയിരുന്നു, ധാരാളം പണവും കയ്യിലുണ്ടായിരുന്നു, മദിരാശിയിലെ വർഷങ്ങളിൽ ഷൂട്ടിങ് കഴിഞ്ഞ് പാതിരാത്രി കാറിൽ സംഘം ചേർന്ന് കടപ്പുറത്തുപോകുമായിരുന്നു. പിന്നീടു ലോകം മാറിമറിഞ്ഞുപോയി. ഇപ്പോൾ അയാൾ ടിവി സിരീയലിലെ ചെറിയ വേഷങ്ങൾ ചെയ്യുന്ന ആളാണ്. റോഡിൽ ഇറങ്ങിനിന്നാൽ അയാളെ തിരിച്ചറിയുന്ന ആരുമില്ല, അയാൾക്കു പ്രായമേറി, തലമുടി നഷ്ടമായി, ചുമലുകൾ ഇടിഞ്ഞു, നടത്തത്തിനു ബലം കുറഞ്ഞു, നഷ്ടപ്പെട്ട വർഷങ്ങളിലെ പ്രേമങ്ങളും അയാളെ ദുഃഖിപ്പിക്കുന്നുണ്ടാവും, പക്ഷേ എനിക്കു തോന്നിയത് അയാൾ തന്റെ ജീവിതത്തിൽ ഇപ്പോൾ സന്തോഷം കണ്ടെത്താൻ പഠിച്ചുവെന്നാണ്. അയാളിൽ നന്മയുണ്ട്, അത് ഞാൻ എല്ലാ ദിവസവും അറിയുന്നുണ്ട്, എനിക്ക് അയാളോട് ഇഷ്ടം തോന്നുന്നത് അതുകൊണ്ടാവാം, കാരണം ഞാൻ ഇപ്പോൾ എന്റെ ജീവിതത്തിനുനേരെയും നോക്കാറുണ്ട്. കണ്ണാടിയിൽ നോക്കുമ്പോൾ ഞാൻ ആലോചിക്കുന്നു, എന്റെ ജീവിതത്തിൽ എത്ര സന്തോഷങ്ങളുണ്ട് എത്ര ദുഃഖങ്ങളുണ്ട്...?
നടനോടു ചോദിക്കേണ്ട കാര്യങ്ങൾ ഞാൻ നോട്ട്പാഡിൽ എഴുതിക്കൊണ്ടുപോകും. അതിൽനിന്ന് ഓരോന്ന് സൗകര്യം പോലെ ചോദിക്കും. സംസാരം വഴിമുട്ടി എന്നു തോന്നുമ്പോഴാണ് അത്. ചില കാര്യങ്ങൾ പറയരുതെന്നു നടനു തോന്നുമ്പോൾ അയാൾ പെട്ടെന്നു സംസാരം നിർത്തി ചായ ഉണ്ടാക്കാമെന്നോ ജ്യൂസ് എടുക്കാമെന്നോ പറഞ്ഞ് എഴുന്നേറ്റു പോകുന്നു. ആ സമയം ഞാൻ നോട്ട്പാഡ് നോക്കി മറ്റൊരു ചോദ്യം കണ്ടുവയ്ക്കുന്നു, ഞങ്ങളുടെ സംസാരത്തിന്റെ അഞ്ചാം ദിവസം കബീർ വന്നില്ല. ആറാം ദിവസവും അവനെ കണ്ടില്ല. വീട്ടിൽ അത്യാവശ്യമുണ്ടായിട്ടു വരാത്തതാണെന്നു നടൻ പറഞ്ഞു. ഒരു ദിവസം കൂടി മാത്രമേ ഞാൻ കോഴിക്കോട്ടുള്ളു. പ്രസാധകൻ ദിവസവും വിളിക്കുന്നുണ്ട്, അയാൾക്കു പുതിയ ചില ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ അച്ചടിക്കാൻ ലഭിച്ചിട്ടുണ്ട്.
പെട്ടെന്നാണു മനസ്സിലേക്ക് ആ ചോദ്യം വന്നത്. എത്ര പേരെ പ്രേമിച്ചിട്ടുണ്ട്? നടന്റെ ആത്മകഥയിൽ നടന്റെ പിരിഞ്ഞുപോയ ഭാര്യയും അക്വേറിയം യുവതിയും ഉണ്ട്. നടന്റെ മുഖത്തു തളർന്ന ഒരു ചിരി വന്നതുപോലെ കണ്ടു, സത്യത്തിൽ ഞാൻ എന്റെ ഭാര്യയോടു മാത്രമാണു പ്രേമത്തിലായത്, നടൻ പറഞ്ഞു, പക്ഷേ അക്കാലത്തു മദ്യം എന്നെ തടവിൽ വച്ചു. അവളെ മതിമറന്നു പ്രേമിക്കാൻ എനിക്കു സമയം കിട്ടിയില്ല. നടന്റെ ഭാര്യയായിരുന്ന ആ സ്ത്രീയെ ഞാൻ ഓർത്തു. അവരുടെ ഫോട്ടൊഗ്രഫുകൾ മനസ്സിൽ വന്നു, നടന്റെ കിടപ്പുമുറിയിൽ ഇപ്പോഴും ഒരു ഫോട്ടോ വച്ചിട്ടുണ്ട്.
നോട്ട്പാഡിൽ കുത്തിക്കുറിക്കുന്ന എന്നെ നടൻ നോക്കി.നടനെ എന്നെ നോക്കി. നിങ്ങൾ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ എന്നു ഞാൻ ചോദിക്കുന്നില്ല, അതു കരാർ ലംഘനമാകും, നടൻ ചിരിച്ചുകൊണ്ടു പറഞ്ഞു. എനിക്കു സിഗരറ്റ് വലിക്കണം, ഞാൻ പറഞ്ഞു. ഞങ്ങൾ ബാൽക്കണിയിലേക്കു പോയി. അപരാഹ്നത്തിലെ പൊടി മൂടിയ വെയിൽ, അതു പാർപ്പിടങ്ങൾക്കും പള്ളിമിനാരത്തിനും മീതേ പടർന്നുകിടക്കുന്നു. കടലിനു മുകളിലെ ആകാശം ഇരുണ്ടുവരുന്നുണ്ട്. ബാൽക്കണിയിലെ എല്ലാ ചെടികളിലും പലവർണത്തിലുള്ള പൂക്കൾ. ഞാൻ അതു നോക്കി. ഒരു പ്രേമത്തെപ്പറ്റി പറയാം, ഞാൻ പറഞ്ഞു. നടന്റെ മുഖത്ത് ജിജ്ഞാസകലർന്ന സന്തോഷം പടർന്നു. ഉറപ്പായും പറയൂ, എനിക്കു കേൾക്കണം, അയാൾ അടുത്തേക്കു വന്നുനിന്നു. ഞാൻ ആ സംഭവം മറന്നുകിടക്കുകയായിരുന്നു. പതിനഞ്ചു വർഷം മുൻപാണ്. പ്രസാധകശാലയോടു ചേർന്ന്, അതേ കെട്ടിടത്തിൽ ഫോട്ടോസ്റ്റാറ്റ് എടുക്കുന്ന ഒരു കടയിൽ ഒരു പെൺകുട്ടി ജോലി ചെയ്തിരുന്നു. അവളും ഞാനും കൂട്ടുകാരായി.ഒരുദിവസം ഒരുമിച്ചു സിനിമയ്ക്കു പോയി, തിയറ്ററിൽ ഞങ്ങൾ കൈ വിരലുകൾ കോർത്തിരുന്നു. അതു കഴിഞ്ഞ് ഒരു ഞായറാഴ്ച ഞാൻ അവളുടെ വീട്ടിൽ പോയി. ഫോർട്ട് കൊച്ചിയിൽ കനാലിന്റെ ദുർഗന്ധമടിക്കുന്ന ഒരു തെരുവിലായിരുന്നു അവളുടെ വീട്. ഞാൻ അവളെ പ്രേമിച്ചു എന്നതല്ലാതെ അവളുടെ വീട്ടുകാരെപ്പറ്റിയോ സാഹചര്യങ്ങളോ അന്വേഷിച്ചിരുന്നില്ല. അവൾ, സ്വന്തം ചേട്ടന്റെയും ഭാര്യയുടെയും കൂടെയായിരുന്നു താമസം.. അവളുടെ അമ്മ കുറച്ചുവർഷം മുൻപ് കാൻസർ വന്നു മരിച്ചുപോയി. ഞാൻ ചെല്ലുമ്പോൾ അവൾ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. ഞങ്ങൾ ഒരുപാടുനേരം കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും ചെയ്തു. ക്ഷീണിച്ചതെങ്കിലും ഭംഗിയുള്ള മുലകൾ അവൾ എന്നെ ഉടുപ്പഴിച്ചുകാണിച്ചുതന്നു. അവളുടെ ഉടൽ എന്റെ ജിജ്ഞാസകളെ കെടുത്തിക്കളയുകയാണു ചെയ്തത്, എന്നെ സ്‌നേഹിക്കുന്നുണ്ടോ, അവൾ ചോദിച്ചു. അപ്പോൾ എനിക്കു മനസ്സിലായി, അവളെ ഞാൻ സ്‌നേഹിക്കുന്നില്ല. എനിക്ക് ഒരു വികാരവുമില്ല. ഞാൻ മനസ്സില്ലാമനസ്സോടെ അവളെ സ്‌നേഹിക്കുന്നുവെന്നു പറഞ്ഞു. ആ ദിവസത്തിനുശേഷം ഞങ്ങൾ കുറേശ്ശേയായി അകന്നു. എല്ലാ പ്രേമത്തിലും ഇതു സംഭവിക്കുമോ എന്നറിയില്ല, ഒരു പെണ്ണ് പൊയ്ക്കഴിയുമ്പോഴാണ് അവളെ ഏറ്റവും വേണമെന്നു തോന്നുക. എന്നാൽ അവളെ പോകാതെ ഒപ്പം നിർത്താനുള്ള മനസ്സ് ഞാൻ ശീലിച്ചില്ല. ഒരുപക്ഷേ വീണ്ടും അവളെ കാണുകയും ഒരു കപ്പ് കോഫിയുമായി മുഖാമുഖം ഇരിക്കാൻ അവസരം ലഭിക്കുകയും ചെയ്താൽ തീർച്ചയായും ഞാൻ അവളോടു മാപ്പ് ചോദിക്കും. അവൾക്ക് എന്റെ മാപ്പ് ആവശ്യമുണ്ടായിട്ടല്ല. ഞാൻ അവളുടെ സന്തോഷത്തിന്റെ ഉറവിടമോ ആലയമോ ആയിരുന്നില്ല, എന്നെ അവൾക്ക് ഇപ്പോൾ ഓർമയുണ്ടാവില്ല. പക്ഷേ അവൾ അനുവദിക്കുമെങ്കിൽ ഞാൻ മാപ്പ് പറയും, ഞാൻ പറഞ്ഞു. നടൻ അടുത്തുവന്ന് എന്റെ തോളത്തു കൈവച്ചു. ഒരുദിവസം മറ്റൊരു സ്‌നേഹം താങ്കൾക്കു ലഭിക്കും, നടൻ മന്ത്രിച്ചു. ഇരുണ്ട മേഘങ്ങൾ കടലിനു മുകളിലെ ആകാശത്തുനിന്നു കിഴക്കോട്ടു നീങ്ങുന്നതു ഞങ്ങൾ ഒരുമിച്ചുനോക്കിനിന്നു. ഞങ്ങളുടെ ആ ദിവസം അവസാനിക്കുകയായിരുന്നു.

അന്നു രാത്രി ഞാൻ നടന്റെ വാക്കുകൾ എഴുതിയില്ല. ലാപ്‌ടോപ് തുറന്നെങ്കിലും കുറച്ചുനേരം അതിനു മുന്നിലിരുന്നിട്ട് അടച്ചുവച്ചു. പ്രസാധകൻ എന്നോടു പണം കിട്ടിയോ എന്നു ചോദിച്ചു. മടങ്ങും മുൻപേ അതു വാങ്ങണമെന്ന് ഓർമിപ്പിച്ചു. എട്ടാം ദിവസം രാവിലെ ഞാൻ തിരിച്ചെത്തുമെന്നു പറഞ്ഞു സംസാരം അവസാനിപ്പിച്ചു. മുറിയിൽ താമസമാക്കിയതിനുശേഷം അന്നാദ്യമായി ഞാൻ ടിവി ഓൺ ചെയ്തു. ചെറുതും വലുതുമായ രണ്ടു റിമോട്ടുകൾ മാറിമാറി ഞെക്കിയശേഷമാണ് ആ ടിവി ഓണായത്. ഒരു ചാനലിൽ വാർത്ത വായന ആരംഭിക്കുകായിരുന്നു അപ്പോൾ. സായുധപൊലീസ് നഗരത്തിൽ റോന്ത് ചുറ്റുന്നതിന്റെ ദൃശ്യങ്ങൾ തെളിഞ്ഞു. രാവിലെ ബീച്ച് റോഡിൽ ഒന്നിലധികം പൊലീസ് വാഹനങ്ങൾ കണ്ടത് എനിക്ക് ഓർമ വന്നു. നഗരത്തനടുത്തുള്ള ചില പ്രദേശങ്ങളിൽ പൊലീസ് സംഘം നടത്തിയ തിരച്ചിലിൽ അറസ്റ്റിലായവരുടെ പേരുകൾ ന്യൂസ് റീഡർ വായിച്ചു, ചെറുപ്പക്കാരുടെ മങ്ങിയ പടങ്ങൾ സ്‌ക്രീനിൽ തെളിയാൻ തുടങ്ങി. അപ്പോൾ ഫോൺ ബെല്ലടിച്ചു. കബീറാണെന്ന് അറിഞ്ഞതോടെ ഞാൻ ടിവിയുടെ ഒച്ച കുറച്ചു. രണ്ടുദിവസം വല്ലാത്ത തിരക്കിൽ പെട്ടുപോയെന്ന് അവൻ ക്ഷമാപണം പോലെ പറഞ്ഞു. നാളെ വൈകിട്ടോടെ എന്റെ ജോലി തീരും, ഞാൻ പറഞ്ഞു. എനിക്കറിയാം, ഞാൻ രാവിലെ ബീച്ചിലുണ്ടാകും, നമുക്ക് ഒരുമിച്ചു ഫ്‌ലാറ്റിലേക്കു പോകാം, കബീർ പറഞ്ഞു. ഞാൻ എത്താമെന്നു പറഞ്ഞതും കബീർ ഫോൺ കട്ട് ചെയ്തു. അവൻ സ്വരം താഴ്ത്തിയാണു സംസാരിച്ചത്. മറ്റെവിടെയോ മറ്റാരുടെയോ കൂടെയിരുന്നു ഫോണിൽ സംസാരിക്കുന്നതുപോലെ,പക്ഷേ എനിക്കു തോന്നിയതാവാനും സാധ്യതയുണ്ട്.
രാത്രി മഴ പെയ്തിരുന്നു. രാവിലെ ഇറങ്ങി നടന്നപ്പോൾ ഇടവഴിയിൽ മഴവെള്ളം കെട്ടിക്കിടക്കുന്നു, പ്രധാനവഴിയിലേക്കു കയറുമ്പോൾ വശത്തെ ചതുപ്പിൽ വെള്ളം നിറഞ്ഞതായി കാണുന്നു. കുറ്റിക്കാടുകൾ ഒരു വശത്തേക്കു ചാഞ്ഞുകിടക്കുന്നു. കടപ്പുറത്തു നടത്തത്തിന് അധികമാരുമില്ല. പന്തു കളിക്കുന്നവരുടെ കൂട്ടത്തിൽ കബീറിനെ കണ്ടില്ല. തട്ടുകടയിൽനിന്നു ചായ ഗ്‌ളാസുമായി ബീച്ചിലേക്കിറങ്ങുന്ന പടികളിലിരുന്നു. ഇരുണ്ട ആകാശം. കാലവർഷം അടുത്തുവരുന്നതിന്റെ സൂചന പോലെ അന്തരീഷത്തിൽ തണുപ്പും ഈർപ്പും പറ്റിനിന്നു. വൈകാതെ കബീർ എത്തി. അവന്റെ കൈവശം ഒരു തുണിസഞ്ചി ഉണ്ടായിരുന്നു. ഇന്നു ബിരിയാണി ഉണ്ടാക്കാം, ഞാൻ ബീഫ് വാങ്ങാൻ പോയിരുന്നു. അതാണു വൈകിയത്, കബീർ പറഞ്ഞു. അതു നല്ല തീരുമാനം, ഞാൻ ബിരിയാണി കഴിച്ചിട്ടു കുറേയായി.ഞാൻ പറഞ്ഞു. ഞങ്ങൾ ചെല്ലുമ്പോൾ പതിവിനു വിരുദ്ധമായി നടൻ വിഷണ്ണതയോടെ ചടഞ്ഞിരിക്കുന്നു. രാത്രി കടുത്ത തലവേദന. ഉറക്കം ശരിയായില്ലെന്നു പറഞ്ഞ് നടൻ നെറ്റി തടവി, കണ്ണുകൾ തിരുമി. നടന്റെ മുഖത്ത് ക്ഷീണം പ്രകടമായിരുന്നു. പക്ഷേ ഞങ്ങളെ കണ്ടതും ഉഷാറാകാൻ ശ്രമിച്ചു. കബീർ വേഗം ചായയിട്ടു കൊണ്ടുവന്നു. ഞാൻ സിഗരറ്റുമായി ബാൽക്കണിയിലേക്കു പോയി. വെയിൽ മെല്ലെ തെളിയുന്നുണ്ട്. ഇന്നിനി മഴയുണ്ടാവില്ലെന്നു പറഞ്ഞ് നടൻ ചായയുമായി എനിക്കു പിന്നാലെ വന്നു. ഞാൻ നിനക്ക് ഒരു കവർ എടുത്തുവച്ചിരുന്നു. ഇന്നലെ തരാൻ മറന്നുപോയി, എന്നു പറഞ്ഞു എനിക്ക് നേരെ നീട്ടി. അതു പണമാണെന്ന് എനിക്കു മനസിലായി. ഞാനതു വാങ്ങി പോക്കറ്റിൽ വച്ചു. നാളെ രാവിലെയല്ലേ മടങ്ങൂ, നടൻ ചോദിച്ചു. ഞാൻ തലകുലുക്കി.
ഞാൻ ഒരു നിർദേശം വയ്ക്കട്ടെ- നടൻ ചോദിച്ചു.
പറയൂ, ഞാൻ അയാൾക്കു നേരെ തിരിഞ്ഞു.
രാവിലെ പോകാം. ഇന്നു രാത്രി ഇവിടെ കഴിയാം.
ഇവിടെയോ ?എനിക്ക് ലോഡ്ജ് ഒഴിയണം
ഇന്ന് ഉച്ചകഴിഞ്ഞു പോയി മുറിയൊഴിഞ്ഞ് മടങ്ങിവരൂ
വേണോ?
വേണം. കബീറും നിൽക്കാമെന്നു പറഞ്ഞിട്ടുണ്ട്. നമുക്ക് സന്തോഷത്തോടെ പിരിയാം...
നടൻ പുഞ്ചിരിച്ചുകൊണ്ട് എന്റെ കയ്യിൽ പിടിച്ചു. ആ വികാരവായ്പിൽ എനിക്ക് പെട്ടെന്നു തൊണ്ടയിൽ സ്വരം കുടുങ്ങി. ആശുപത്രിയിൽ അമ്മയോട് അവസാനം സംസാരിക്കുമ്പോൾ അമ്മ എന്റെ കയ്യിൽ പിടിച്ച് കരുണയിലെ ഏറ്റവും മനോഹരമായ ഭാഗം ഓർത്തുചൊല്ലാൻ തുടങ്ങി.
....ബദ്ധപങ്കമായോടുന്നിതൊരുകാലം നദി പിന്നെ
ശുദ്ധികലർന്നൊരു കാലം ശോഭതേടുന്നു.....''
വാർഡിലെ മറ്റു രണ്ടു രോഗികൾ, സംസാരിക്കാൻ കഴിയാത്തവിധം മനോനില നഷ്ടമായവർ അവരുടെ കട്ടിലിൽനിന്ന് തലയുർത്തി അമ്മയുടെ ചുണ്ടുകളിലേക്കു നോക്കി. അമ്മയുടെ കൈകൾ എന്നെ ബലമായി പിടിച്ചിരിക്കുന്നു, അത് വർഷങ്ങൾക്കു മുൻപ് അമ്മ സ്‌കൂളിൽ പഠിപ്പിച്ചിരുന്ന കാലത്ത്, എന്നെ രാവിലെ ഒരുക്കിവിടുന്നതിനു മുൻപ് എന്റെ കയ്യിൽ പിടിച്ച് മോനേ നീ കാണാപാഠം പഠിച്ചതു ചൊല്ലൂ കേൾക്കട്ടെ എന്ന് എന്നോടു കണ്ണിൽ നോക്കി പറയുമ്പോൾ ഞാൻ അത് ചിലപ്പോൾ തെറ്റിച്ചും മറ്റു ചിലപ്പോൾ വരികൾ ആകെ മറന്നും പരിഭ്രമിക്കും അപ്പോൾ എനിക്കൊപ്പം ചൊല്ലി എന്റെ വരികൾ കൃത്യമാക്കും,പിഴവുകൾ തിരുത്തി വരികൾ ആവർത്തിക്കും,
ലോലമാം ക്ഷണമേ വേണ്ടൂ ബോധമുള്ളിൽ ജ്വലിപ്പാനും
മാലണയ്ക്കും തമസ്സാകെ മാഞ്ഞുപോവാനും..........
ശ്രദ്ധയാർന്നു വിദ്യയിനി ശ്രവിക്കുക പവിത്രയായ്
ബുദ്ധമാതാവെഴും പുണ്യലോകം പൂകുക!'
ഞാൻ ആശുപത്രി വാർഡിലിരുന്നു കരഞ്ഞു. അമ്മ പോയി. പക്ഷേ അന്നുഞാൻ ഒഴുക്കിയ കണ്ണീര് എന്റെ ഉള്ളിൽ ഉറഞ്ഞുകിടന്നു. അന്ന് അമ്മ എന്നെ പിടിച്ചതുപോലെ, എന്റെ കൈത്തലത്തിൽ ഇപ്പോൾ. ""ശരി, സമ്മതം, സമ്മതം'', ഞാൻ പറഞ്ഞു. എന്നിട്ടു വേഗം അടുക്കളയിലേക്കു ചെന്നു. അപ്പോൾ എല്ലാം സെറ്റായില്ലേ, കബീർ ചോദിച്ചു. ഇരുവരും നേരത്തേ ഇതു പ്‌ളാൻ ചെയ്തിരുന്നുവെന്ന് എനിക്കു മനസ്സിലായി. ഞാൻ അടുക്കളയിലെ മേശയ്ക്കരികെ ഇരുന്നു. മേശപ്പുറത്ത് ബിരിയാണിക്കുള്ള ചേരുവകൾ കബീർ ഒരുക്കിയിരുന്നു-കൈമ അരി, ബീഫ്, പച്ച മസാല, നെയ്യ്, സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, പൊടിച്ച മസാല, മല്ലിയില, പുതിനയില...
സിഗരറ്റും ചായയുമാണ് എനിക്കേറ്റവും പ്രിയപ്പെട്ട രുചികൾ. ചോറും മീൻകറിയും എനിക്കിഷ്ടമാണ്. കിട്ടുന്നതു കഴിക്കുക എന്നതല്ലാതെ ഇഷ്ടഭക്ഷണം തിരഞ്ഞെടുക്കാൻ എനിക്ക് ഒരു അവസരമുണ്ടായിട്ടില്ല. ഇരുപതു വർഷവും പാചകത്തിന് സൗകര്യമില്ലാത്ത ഒരു മുറിയിലാണു താമസിച്ചത്. മറ്റൊരിടത്തേക്കു താമസം മാറുന്നതും ഞാൻ ആലോചിച്ചിട്ടില്ല. ഒരു മേശയോ കസേരയോ പോലുമില്ലാതെ ഞാൻ ജീവിച്ചു. കബീർ ബിരിയാണി വിളമ്പിയപ്പോൾ എന്റെ ആഹ്ലാദം ഞാൻ മറച്ചുവച്ചില്ല. എനിക്കുവേണ്ടി ആദ്യമായി ഒരു ഇഷ്ടവിഭവം പാകമായിരിക്കുന്നു, ഞാൻ പറഞ്ഞു.
ഭക്ഷണം കഴിഞ്ഞു ബാൽക്കണിയിൽനിന്നു സിഗരറ്റ് വലിക്കുമ്പോൾ കബീർ അടുത്തേക്കു വന്നു. എന്റെയടുക്കൽ കുറച്ചുനേരം അവൻ മിണ്ടാതെ നിന്നു. ഉറക്കക്ഷീണം കലശാലയതിനാൽ നടൻ കിടപ്പുമുറിയിലേക്കു പോയി. വൈകിട്ടത്തേക്ക് എന്തു വയ്ക്കണമെന്നു കബീർ ചോദിച്ചു. കബീറിന് അടുക്കളയിലേക്കു കുറച്ചുസാധനങ്ങൾ വാങ്ങാനുണ്ട്. അതുകൊണ്ടു ഒരുമിച്ചിറങ്ങാമെന്ന് അവൻ പറഞ്ഞു. അവൻ സാധനങ്ങൾ വാങ്ങിച്ചുവരുമ്പോഴേക്കും എനിക്ക് എന്റെ മുറി ഒഴിഞ്ഞു തിരിച്ചെത്താനാകും. അഞ്ചുമണിയോടെ കാണാമെന്നു തീരുമാനിച്ചു ഞങ്ങൾ പിരിഞ്ഞു.
മുറിയിലെത്തി ഉടുപ്പുകളെല്ലാം ബാഗിലാക്കുമ്പോഴാണു നടൻ തന്ന കവർ ഓർമ വന്നത്. അതു തുറന്നുനോക്കി. നേരത്തേ പറഞ്ഞതിലും കൂടുതൽ പണം അതിലുണ്ടായിരുന്നു. അതു ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. മരക്കച്ചവടക്കാരന്റെ ആത്മകഥ എഴുതിയിട്ടു എനിക്ക് കുറച്ചു പണമേ ലഭിച്ചുള്ളു. അതുമായി നോക്കിയാൽ ഇതു വളരെ വലിയ തുകയാണ്. ഇത്രയും പണം എനിക്ക് ഒരുമിച്ച് ആദ്യമായാണു കയ്യിൽ കിട്ടുന്നതെന്നും ഞാൻ ഓർത്തു. അതിനകത്ത് ഒരു തുണ്ടുകടലാസിൽ നടൻ എഴുതി
'' പ്രിയപ്പെട്ട എഴുത്തുകാരാ,
പ്രസാധകനും ഞാനുമായി ഉണ്ടാക്കിയ കരാറിൽ പറഞ്ഞതിലും കൂടുതൽ ഇതിലുണ്ട്. പക്ഷേ കരാറിലുള്ളതു കിട്ടി എന്നേ അദ്ദേഹത്തോടു പറയാവൂ. കൂടുതലുള്ള തുക നമ്മൾ തമ്മിലുള്ള സ്‌നേഹമാണ്.
സ്‌നേഹപൂർവം സ്വന്തം നടൻ '
പുസ്തകത്തിനു വേണ്ടിയുള്ള ഞങ്ങളുടെ സംസാരം അവസാനിപ്പിക്കുമ്പോൾ ഉച്ചയ്ക്കു നടൻ പറഞ്ഞത് അപ്പോൾ ഒന്നുകൂടി കേൾക്കാൻ എനിക്കു തോന്നി. ഞാൻ വോയ്‌സ് റിക്കോർഡർ ഓൺ ചെയ്തു. ' അഭിനയിക്കുമ്പോൾ മാത്രമേ എനിക്കു സന്തോഷവും ശാന്തിയും അനുഭവപ്പെടാറുള്ളു. ക്യാമറയാണ് എനിക്ക് ഏറ്റവും ആഹ്ലാദം പകരുന്ന വസ്തു. ലെൻസിനറെ ആഴം എന്നും എന്നെ ഭ്രമിപ്പിക്കുന്നു. ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും സത്യസന്ധതയോടെ, അഹങ്കാരത്തോടെ, പ്രതീക്ഷയോടെ നിന്നത് അതിന്റെ മുന്നിലാണ്. ഉയരങ്ങളിലേക്കു ഞാൻ പോയതാണ്, പക്ഷേ പതനവും ഞാൻ അറിഞ്ഞു. എന്റെ അമ്മ മരിച്ചപ്പോൾ അവരുടെ പേരിലുണ്ടായിരുന്നത് സ്വത്തുവകകൾ എനിക്കു ലഭിച്ചു. ബാങ്കിൽ എനിക്കായി ഒരു വലിയ തുക അവർ നിക്ഷേപിച്ചിരുന്നു. സിനിമാതാരമായി ഉയർന്നെങ്കിലും ഞാൻ പരാജയപ്പെടുമെന്നും മദ്യപാനം എന്നെ ദരിദ്രനാക്കുമെന്നും അമ്മയ്ക്ക് അറിയാമായിരുന്നു. അതിനാൽ മരണം വരെ അവരെനിക്കു കാവൽ നിന്നു. കൈകൾ കൊണ്ട് അദ്ധ്വാനിക്കുന്നതാണു വിഷാദം അകറ്റാൻ ഏറ്റവും നല്ല വിദ്യ എന്ന് അമ്മ എപ്പോഴും എന്നോടു പറയുമായിരുന്നു. അമ്മയാണു ഗാർഡനിങ്ങും എന്നെ പഠിപ്പിച്ചത്. നടൻ എന്ന നിലയിൽ ഞാൻ വിജയിക്കുകയും പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. അതിൽ അസാധാരണമായി ഒന്നുമില്ലെന്ന് ഇപ്പോൾ എനിക്കറിയാം. സ്മരണകൾക്കു മുന്നിൽ ശാന്തമായിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. ശാന്തതയ്ക്കായുള്ള പരിശീലനത്തിനിടെ ഞാൻ എന്നോടു തന്നെ എന്നെപ്പറ്റി സംസാരിക്കുകയായിരുന്നു. അതാണ് ഈ പുസ്തകം സങ്കൽപിക്കാൻ എന്നെ പ്രേരിപ്പിച്ചത്..''
സന്ധ്യക്ക് ഞങ്ങൾ നടന്റെ കാറിൽ നഗരം ചുറ്റി കടപ്പുറത്തുപോയി. കോഴിക്കോട്ട് ആദ്യം വന്നതിനെപ്പറ്റി നടൻ പറഞ്ഞു. ഹൽവാ ബസാറിൽ ഒരു സിനിമയുടെ ഷൂട്ടിനായിരുന്നു അത്. ഒരു ദിവസം രാവിലെ ഇവിടെ കടപ്പുറത്തു നടക്കാൻ വന്നു. നടപ്പാതയൊന്നും ഇല്ലാത്ത കാലമാണ്. അന്ന് ഇവിടെ വച്ചു കുറേപ്പേർക്ക് ഓട്ടഗ്രാഫ് കൊടുത്തിത്തു, നടൻ പറഞ്ഞു.
വോയ്‌സ് റിക്കോർഡറിൽ അവസാനം കേട്ട സ്വരം വീണ്ടും എന്റെ മനസ്സിലേക്കു വന്നു, ആ വാക്കുകൾ ഞാൻ കാണാതെ പഠിച്ചുകഴിഞ്ഞു, അസ്തമന കടലിനു മീതേ പരക്കുന്ന ഇരുളിൽ ഇളകുന്ന തോണികൾ നോക്കി നിൽക്കേ എനിക്കു ദുഃഖം തോന്നി. മടക്കയാത്രയിൽ നടൻ കോഴിക്കോട്ടെ ഷൂട്ടിങ്ങിനു സ്റ്റിൽ ഫൊട്ടോഗ്രഫറായിരുന്ന ഒരു യുവാവിനെപ്പറ്റി പറഞ്ഞു. മികച്ച കലാകാരനായിരുന്നു. അയാളുമായി നല്ല സൗഹൃദം ഉണ്ടായിരുന്നു. പിന്നീട് അയാൾ അരവിന്ദന്റെ കൂടെയൊക്കെ വർക് ചെയ്തു. ബോംബെക്കു പോയി. തിരിച്ചുനാട്ടിൽ വന്ന കാലത്ത് ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിലായി, വിവാഹത്തിനുശേഷം ആ പെൺകുട്ടിയുടെ നാട്ടിലേക്കു പോയി. മധ്യകേരളത്തിലെ ഒരു ചെറിയ പട്ടണമായിരുന്നു അത്. അവിടെ ഒരു ഫൊട്ടോ സ്റ്റുഡിയോ തുടങ്ങി. ഞാൻ സിനിമയൊക്കെ വിട്ട് ആൽക്കഹോളിക് ആയി നടക്കുന്ന കാലത്ത് ഒരു ദിവസം കോഴിക്കോട്ടെ ഒരു ബാറിൽ ഞങ്ങൾ കണ്ടുമുട്ടി. അവനും നല്ല കുടിയനായി മാറിയെന്ന് അന്നാണ് ഞാൻ അറിഞ്ഞത്. ജീവിതത്തിൽ ഒന്നും നേടിയില്ല, എല്ലാം നഷ്ടപ്പെടുത്തിയതല്ലാതെ, അന്ന് അയാൾ എന്നോടു പറഞ്ഞു. ഭാര്യയെയും മകനെയും വിട്ട് അയാൾ പലയിടത്തും അലഞ്ഞു. ഫൊട്ടോഗ്രഫി അയാളിൽ നിന്നു ദൂരേക്കു പോയി. ഒടുവിൽ കേരളത്തിലെ ഏതോ പട്ടണത്തിലെ ഒരു ലോഡ്ജിൽ മരിച്ചുകിടന്നു. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാണ് അയാൾ മരിച്ചതായി ലോഡ്ജുടമ കണ്ടെത്തിയത്. ഓരോ പരാജയത്തെയും തനിച്ചെടുത്തു നോക്കുകയാണെങ്കിൽ മനുഷ്യന്റെ അവസ്ഥ എത്ര പരിതാപകരമാണ്. ആ ചെറുപ്പക്കാരൻ നല്ലൊരു ഛായാഗ്രാഹകനായി മാറുകയും ഒരിക്കൽ അവന്റെ ക്യാമറയ്ക്കു മുന്നിൽ ഞാൻ അഭിനയിക്കുകയും ചെയ്തിരുന്നുവെങ്കിൽ. സന്തോഷങ്ങൾ ഓരോന്നായി സങ്കൽപിക്കുന്നതു തന്നെ എന്തു രസമാണ്, നടൻ പറഞ്ഞു.
അർധ സൈനികരുടെയും പൊലീസിന്റെയും സംഘങ്ങൾ വഴികളിൽ നിന്നു. ബീച്ചിൽനിന്നു നഗരത്തിലേക്കു പ്രവേശിക്കുന്ന വഴിയിൽ വാഹനങ്ങളുടെ നിര നീണ്ടു. വാഹന പരിശോധനയാണ്. പൊലീസ് സംഘം രണ്ടാഴ്ചയായി നഗരത്തിൽ പലയിടത്തും പരിശോധന നടത്തുന്നുണ്ടെന്ന് നടൻ പറഞ്ഞു. അവർ ചിലരെ തിരയുന്നു. മലയോരത്തു വനമേഖലയിൽ ഒരു ഏറ്റുമുട്ടൽ നടന്നു. അക്കൂട്ടത്തിലെ ചിലർ നഗരത്തിലേക്കു കടന്നുവെന്നാണു പൊലീസിന്റെ ഊഹം. പത്രം വായിക്കുകയോ വാർത്തകൾ പിന്തുടരുകയോ ചെയ്യുന്ന ശീലം ഇല്ലാത്തതു കൊണ്ടു ഞാൻ ഇതൊന്നും അറിഞ്ഞില്ല. രാത്രി വീട്ടിലേക്കു പോകുന്ന വഴിക്കു തലേന്നു തന്നെയും പൊലീസ് പിടികൂടിയെന്നു കബീർ പറഞ്ഞു. എന്റെ തലമുടിയാണു പ്രശ്‌നമായതെന്നു തോന്നുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥൻ കുറേയധികം നേരം എന്നെ ചോദ്യം ചെയ്തു. എത്ര ചോദ്യങ്ങൾ കഴിഞ്ഞിട്ടും സംശയം തീർന്നില്ല, മുടി വെട്ടി മര്യാദയ്ക്കു നടന്നോളണം എന്നു പറഞ്ഞാണു വിട്ടത്, കബീർ പറഞ്ഞു. ഫ്‌ലാറ്റിന്റെ പാർക്കിങ് ഏരിയയിൽ വണ്ടി നിർത്തി പുറത്തേക്കിറങ്ങുമ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ ഓടിയെത്തി നടനോടു സംസാരിച്ചു. അതിഥികൾ ഉണ്ടെങ്കിൽ അക്കാര്യം അറിയിക്കാൻ അസോസിയേഷനു പൊലീസ് നിർദേശം ഉണ്ട് എന്ന് അയാൾ അറിയിച്ചു. ശ്ശെടാ, ഇതു വലിയ ശല്യമായല്ലോ , നടൻ പറഞ്ഞു. സെക്യൂരിറ്റി കൊണ്ടുവന്ന റജിസ്റ്റർ വാങ്ങിയതു കബീറാണ്. കാറിന്റെ ബോണറ്റിൽ വച്ച് അവൻ എഴുതാൻ തുടങ്ങി. ഞാൻ വിലാസം പറഞ്ഞു കൊടുത്തു. എന്റെയും അവന്റെയും വിവരങ്ങൾ അവനെഴുതി. എന്റെ ഫോൺ നമ്പർ അവൻ കാണാതെ പഠിച്ചിട്ടുണ്ടെന്ന് എനിക്കപ്പോൾ മനസിലായി.
അടുക്കളയിൽ കബീറിനെ സഹായിക്കാൻ നടനും ചേർന്നു. സത്യത്തിൽ അവർ ഇരുവരും ഓരോന്നു ചെയ്യുന്നതു നോക്കി ഞാൻ അടുക്കള മേശയുടെ അടുത്ത് ഇരിക്കുക മാത്രം ചെയ്തു. ഇങ്ങനെയൊരു അന്തരീഷത്തിൽ ഞാൻ മുൻപ് ഇരുന്നിട്ടില്ല. ഞാൻ നടനോട് ഞാൻ പ്രതിഫലത്തിന്റെ കാര്യത്തിൽ നന്ദി പറഞ്ഞു. എന്റെ ജീവിതമെഴുതാൻ മാത്രമാണു താങ്കൾ ഇവിടെ വന്നു താമസിച്ചത് എന്നോർമിക്കണം, താങ്കൾ അത് അർഹിക്കുന്നു, നടൻ പറഞ്ഞു. ജോലി തീർത്തു വേഗം മടങ്ങണമെന്നു വിചാരിച്ചാണു ഞാൻ വന്നത്, പക്ഷേ ഒരാഴ്ച കൊണ്ട് എനിക്ക് എന്തൊക്കെയോ മാറ്റങ്ങൾ വന്നു, ഞാൻ പറഞ്ഞു. മാറ്റങ്ങളോ?, എങ്കിൽ അതെന്താണെന്നു പറയൂ, ഓറഞ്ച് ജ്യൂസ്, ഐസ് ചേർത്ത് ഗ്ലാസിലേക്കു പകർന്ന് നടൻ എനിക്കു മുന്നിൽ വച്ചു. ഞാൻ ഗ്ലാസിലേക്കു നോക്കിയിരുന്ന് ആലോചിച്ചു, മറ്റൊന്നും പ്രതീക്ഷിക്കാതെയാണ് ഇവിടെ വന്നത്. പ്രൂഫ് റീഡറായ ഞാൻ ഈ ഗോസ്റ്റ്‌റൈറ്റിങ് എന്റെ ജോലിയായല്ല ബാധ്യതയായാണു കരുതിയത്. സൗഹൃദമോ അടുപ്പമോ ആരിൽനിന്നും പ്രതീക്ഷിച്ചില്ല. ഇവിടെ വരുന്നതിനു മുൻപുള്ള ദിവസങ്ങളിൽ ഞാൻ പഴയ കുറെ പഴയ സിനിമകൾ കണ്ടു, മുപ്പതോ നാൽപതോ വർഷം മുൻപ് താങ്കൾ അഭിനയിച്ചത്, ആ നടൻ ഒരു മായാക്കാഴ്ചയായിരുന്നു. ഇവിടെ വന്നു താങ്കളുമായി സംസാരിച്ചശേഷം ആ സിനിമകൾ എനിക്കു മറ്റൊരു അനുഭൂതിയായി. അനുഭൂതിയെന്നാൽ നൊമ്പരത്തിന്റെ അലകൾ ഉള്ള അനുഭൂതി, ഞാൻ പറഞ്ഞു. കബീർ അപ്പോൾ സ്റ്റൗവിനു മുന്നിൽ നിന്ന് തിരിഞ്ഞ് എന്നെ നോക്കി. അവൻ തലമുടി പുറകിലേക്കു ചീകിയമർത്തി അതിനു മീതെ ഒരു ടവൽ കെട്ടിയിരുന്നു. നടൻ മേശമേൽ കയ്യൂന്നി പ്രകാശമറ്റു കുഴിഞ്ഞ കണ്ണുകൾ വിടർത്തി എന്നെ ഉറ്റുനോക്കി. തന്റെ ഇടതുകൈത്തലം ഉയർത്തി ക്ഷീണിച്ച മുഖം തുടയ്ക്കുകയും ചെയ്തു. താങ്കൾ ഇങ്ങനെ തുറന്നു സംസാരിക്കുമെന്നു ഞാൻ കരുതിയില്ല, നടൻ മന്ത്രിച്ചു. എന്നിട്ടു ചിരിക്കാൻ ശ്രമിച്ചു. ഞാൻ ഉള്ളിൽ എന്തെങ്കിലും ഒളിപ്പിച്ചുവച്ചിട്ടു സംസാരിക്കാഞ്ഞതല്ല, എനിക്ക് സംസാരിക്കാൻ ഒന്നുമില്ലായിരുന്നു, ഞാൻ പറഞ്ഞു. കബീറിന്റെ ആ പെയിന്റിങ്ങുകൾ.. അതാണ് ആദ്യം എന്നെ സ്പർശിച്ചത്. ചിത്രകലയെപ്പറ്റി എനിക്കൊന്നും അറിയില്ല. എനിക്ക് ആ ശീലമില്ല, പക്ഷേ ആ ചിത്രങ്ങൾ എനിക്ക് ഒരു രഹസ്യം തന്നതു പോലെ തോന്നി, ഞാൻ പറഞ്ഞു. ഞാൻ ജ്യൂസ് എടുത്തു കുടിക്കാൻ തുടങ്ങി,
എന്താണാ രഹസ്യം ? കബീർ ചോദിച്ചു
ആ പെയിന്റിങ്ങുകൾ കണ്ടിട്ട് എനിക്ക് ഇപ്പറഞ്ഞതു പോലെ അനുഭൂതിഒന്നും തോന്നിയില്ല, നടൻ ക്ഷമാപണം പോലെ പറഞ്ഞു.
എന്താണ് ആ രഹസ്യം? നടനും ചോദിച്ചു.
രഹസ്യം എന്ന വാക്ക് എന്റെ നാവിൽ നിന്ന് അറിയാതെ പുറത്തുചാടിയതാണ്. സത്യത്തിൽ അതുകൊണ്ട് ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്കറിയില്ല. അതു വിശദീകരിക്കുക എളുപ്പവുമല്ല. ആ പെയിന്റിലേക്കു നോക്കിയപ്പോൾ ഞാൻ അറിയാൻ പോകുന്ന ഏതോ രഹസ്യത്തിന്റെ സൂചന എനിക്കു കിട്ടി. വരാനിരിക്കുന്ന എന്തോ ഒന്ന്, ഏതോ നിഗൂഢതകൾ തുറക്കപ്പെടാനിരിക്കുന്ന രഹസ്യത്തിന്റെ കോഡ് പോലെ ഒന്ന് എനിക്കു കിട്ടി, ഞാൻ പറഞ്ഞു.
കോഡോ.. നടൻ എണീറ്റു, കബീറേ, എനിക്കത് ഒന്നു കൂടി നോക്കണമല്ലോ എന്നു പറഞ്ഞ് അടുത്ത മുറിയിലേക്കു നടന്നു. പറഞ്ഞതു നാണക്കേടാവുമോ എന്ന ചിന്തയിൽ മുൻപൊരിക്കലും തോന്നാത്ത ഒരു ലജ്ജ എനിക്കനുഭവപ്പെട്ടു. നടൻ ഇരുപ്പുമുറിയിലെ പെയിന്റിങ്ങ് നോക്കി, പിന്നീട് കിടപ്പുമുറിയിലേതും പോയി നോക്കി. എനിക്ക് ഒന്നും കിട്ടുന്നില്ല, നടൻ തിരിച്ചു വന്ന് എന്നോടും കബീറിനോടുമായി പറഞ്ഞു
കബീർ ആലോചനയോടെ എന്റെ അടുത്ത് സോഫയിൽ ഇരുന്നതേയുള്ളു. ആ സംസാരം അവിടെ അവസാനിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നതു പോലെ എനിക്കു തോന്നി. നടനും ആ വിഷയം വിട്ട് അടുത്തതിലേക്കു പോകാൻ ടിവി ഓൺ ചെയ്തു. പൊലീസ് തിരച്ചിൽ നഗരപ്രാന്തങ്ങളിലെ ചെറിയ ലോഡ്ജുകളിലേക്കു വ്യാപിച്ചു. ഒളിത്താവളം കണ്ടുപിടിച്ചു. പുലരും മുൻപേ അറസ്റ്റുണ്ടാകും എന്നിങ്ങനെ അപ്പോൾ കിട്ടിയ വാർത്തകൾ സ്‌ക്രീനിൽ ഓടിവന്നു. നടൻ ഉടൻ ചാനൽ മാറ്റിയതോടെ ആ വാർത്താവിവരങ്ങൾ മുറിഞ്ഞുപോയി.
നിറയെ വർത്തമാനങ്ങളുടെയുംചിരികളുടെയും ഇടയിലായിരുന്നു അന്നത്തെ അത്താഴം. ഭക്ഷണം കഴിഞ്ഞതും നടൻ ഉറങ്ങാൻ തിടുക്കം കൂട്ടി. കബീർ എന്നെ നോക്കി. നമുക്കു കുറച്ചുകൂടി സംസാരിച്ചിരിക്കാം എന്നു ഞാൻ പറഞ്ഞു. നടൻ ഉറങ്ങാൻ പോയിക്കഴിഞ്ഞു ഞാൻ സിഗരറ്റ് വലിക്കാൻ ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു. കടലിനു മീതേ ആകാശം വെളിച്ചമറ്റും നക്ഷത്രരഹിതമായും പരന്നുകിടന്നു. രാത്രി മഴ പെയ്‌തേക്കുമെന്നു തോന്നി. സിഗരറ്റ് വലിച്ചു തീരാറായപ്പോഴേക്കും കബീർ വന്നു. ശരിയാണ്, ആ വരകൾക്കു പിന്നിൽ കുറെ കഥകളുണ്ട്, കബീർ പറഞ്ഞു. അത് ഞാൻ വരച്ചതിന്റെ ക്വാളിറ്റിയല്ല, കഥയുടെ വേദനയാണ്, കബീർ പറഞ്ഞു. ഞാൻ കബീറിനു നേരെ ആകാംഷയോടെ നോക്കി. കബീർ സംസാരം തുടരാതെ ആലോചിച്ചുനിന്നു. താങ്കൾ ഇവിടെ കുറച്ചുദിവസം കൂടിയുണ്ടായിരുന്നുവെങ്കിൽ എന്റെ മറ്റു പെയിന്റിങ്ങുകളും കാണിക്കാമായിരുന്നു. അത് ഇവിടെയടുത്ത് എന്റെ സുഹൃത്തിന്റെ ഒരു വാടകമുറിയിലാണു വച്ചിട്ടുള്ളത്. നമുക്ക് അവിടെ പോകാമായിരുന്നു, കബീർ പറഞ്ഞു. എനിക്കു തോന്നുന്നു താങ്കൾ കോഴിക്കോട്ടേക്കുവന്നതിനു മറ്റെന്തോ കാരണമുണ്ടെന്ന്, കുറച്ചുകഴിഞ്ഞു കബീർ പറഞ്ഞു. വേറെ എന്താണ്.? പക്ഷേ, ഞാൻ രാവിലെ പോകും, ഞാൻ പറഞ്ഞു. എനിക്കറിയാം, ചിലപ്പോൾ മറ്റൊരു ദിവസം നാം വീണ്ടും കാണുമായിരിക്കും, കബീർ മെല്ലെ പറഞ്ഞു. ആ സംസാരം അവിടെ നിലച്ചു. വൈകാതെ ഞങ്ങൾ ഉറങ്ങാൻ കിടന്നു.

ഗർത്തത്തിലേക്കു കാൽവഴുതി വീണതുപോലെ, നടുങ്ങിയാണ് ഉണർന്നത്. പാതി തുറന്ന വാതിലിലൂടെ ഇരിപ്പുമുറിയിലെ ചെറുവിളക്കിന്റെ പ്രകാശമുണ്ട്. കണ്ണുകൾ തുറന്ന് അങ്ങനെ കിടന്നു. അപ്പോൾ, അപ്പോൾ മാത്രമാണ് അതു തെളിഞ്ഞുകേട്ടത്, ആഴമുള്ള കുഴിയിലോ ചതുപ്പിലോ പെട്ടു പോയ ഒരു മൃഗം ഒച്ചയുയർത്താനാവാതെ മോങ്ങുന്നതുപോലെ. കട്ടിലിൽ എഴുന്നേറ്റിരുന്നു വീണ്ടും കാതോർത്തു. ഏറിയും കുറഞ്ഞുമതു കേൾക്കുന്നു, തൊട്ടടുത്തുനിന്ന്. ഒരു നടുക്കം സിരകളിൽ പടർന്നു. ഉള്ളിൽ പേടി ഇഴയാൻ തുടങ്ങി. മെല്ലെ എണീറ്റ്, പാതിവെട്ടത്തിലൂടെ നടന്നു ഇരിപ്പുമുറിയിലെത്തിയപ്പോൾ സോഫയിൽ കബീർ ഉറങ്ങുന്നു. അവിടെ കുറച്ചു നിമിഷങ്ങൾ ഞാൻ അനങ്ങാതെ നിന്നു. നടന്റെ മുറിയിൽനിന്നാണ് ആ രോദനം കേൾക്കുന്നത്. ഞാൻ ഇരിപ്പുമുറിയിലെ വിളക്കിട്ടു. വെളിച്ചം പരന്നതും കബീർ മെല്ലെ കണ്ണുതുറന്നു. ഞാൻ അടുത്തേക്കു ചെന്നു, കബീർ,കബീർ എന്നു വിളിച്ചതോടെ അവൻ വേഗമെണീറ്റു. അപ്പോൾ അവനും അതു കേട്ടു. ഞങ്ങൾ വേഗം നടന്റെ മുറിയിലേക്കു നടന്നു. കട്ടിലിൽ ആളുടെ നിഴൽരൂപം കണ്ടു. വിളക്കു തെളിച്ചു. നടൻ വാ തുറന്ന് മലർന്നുകിടക്കുകയായിരുന്നു. ഞങ്ങൾ മാറിമാറി വിളിച്ചത് അയാൾ കേൾക്കുന്നുണ്ടായിരുന്നില്ല. നഗ്‌നമായ അയാളുടെ ചുമലുകൾ തണുത്തിരുന്നു. ശ്വാസകോശത്തിന്റെ ആഴത്തിലേക്കു വായു വലിക്കുന്നതിന്റെ ഒച്ച മാത്രം. കണ്ണുകൾ പാതിതുറന്ന്, മുഖം കരുവാളിച്ച്. അല്ലാഹുവേ, പടച്ചവനേ.. കബീർ നിലവിളിച്ചു. വേഗം ആശുപത്രിയിലെത്തിക്കണം, ഞാൻ പറഞ്ഞു. കബീർ വേഗം സെക്യൂരിറ്റി റൂമിലേക്ക് ഇന്റർകോമിൽ വിളിച്ചു. ഞങ്ങൾ പിന്നെയും നടനെ പലവട്ടം വിളിച്ചെങ്കിലും അയാൾ അതു കേൾക്കുന്ന ദൂരം പിന്നിട്ടിരുന്നു. ശ്വാസോച്ഛ്വാസത്തിനു പകരം നീണ്ട വലിവിന്റെ ഏകസ്വരം മാത്രം ഇടവിട്ടു കേട്ടു. കബീർ അയാളെ ഉയർത്തി. ഞാനും കൂടി സഹായിച്ചു. ഞങ്ങൾ രണ്ടാളും ചേർന്ന് ലിഫ്റ്റിൽ എത്തിച്ച് താഴെ നിലയിലേക്ക് എത്തുമ്പോഴേക്കും സെക്യൂരിറ്റി ജീവനക്കാരൻ അവിടേക്ക് എത്തി. അയാൾ കണ്ണുകൾ തുറിച്ച നിലയിൽ നോക്കി നിന്നതേയുള്ളു. ഞാൻ കബീറിനോടു വണ്ടിയെടുക്കാൻ പറഞ്ഞു. കബീർ ഒന്നു ശങ്കിച്ചുനിന്നശേഷം കാറിനടുത്തേക്ക് ഓടി. ഞാനും സെക്യൂരിറ്റി ജീവനക്കാരനും കൂടി പിൻസീറ്റിലേക്ക് നടനെ കിടത്താൻ നോക്കി. ദുർബലമായി ഒന്നു പിടഞ്ഞതുപോലെ തോന്നി. ആശുപത്രി തൊട്ടടുത്താണ്. ആറോ ഏഴോ മിനിറ്റിനകം അവിടയെത്തുമെന്നു കബീർ പറഞ്ഞു. ആശുപത്രിയിലെ എമർജൻസി വിഭാഗം വളപ്പിലേക്കു കാർ ഓടിച്ചുകയറ്റി കവാടത്തോടു ചേർത്തു നിർത്തിയിട്ടു കബീർ ഭയവിവശമായ കണ്ണുകളോടെ തിരിഞ്ഞുനോക്കി. എന്റെ കരങ്ങളിൽ അവസാന ചലനവും തേങ്ങലും അവസാനിപ്പിച്ചു നടൻ കിടന്നു.
അവർ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടർ പറഞ്ഞു. അടുത്ത ഫ്‌ലാറ്റിലെ ഒന്നു രണ്ടുപേരും അപ്പോഴേക്കും ആശുപത്രിയിലേക്കു പിന്നാലെ വന്നിരുന്നു. നടന്റെ സഹോദരിയുടെ നമ്പർ അവരിലൊരാളുടെ കയ്യിലുണ്ടായിരുന്നു. പുലർച്ചെ രണ്ടു മണിയായിരിക്കുന്നു. അപ്പോൾത്തന്നെ അവരെ വിളിച്ചു. ഒരു മണിക്കൂറിനകം ഒരു കാർ എത്തി. നടന്റെ സഹോദരിയും ഭർത്താവും മറ്റൊരാളും കൂടി എത്തി. കബീറിനെ അവർക്കു പരിചയമുണ്ടായിരുന്നു. പൊലീസിൽ അറിയിക്കണമെന്നു ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പറഞ്ഞു. ഫ്‌ലാറ്റ് അസോസിയേഷൻ സെക്രട്ടറി അങ്ങനെ ചെയ്യാമെന്നു പറഞ്ഞു. ഞാൻ ആശുപത്രി മുറിയിലെ ബെഞ്ചിൽ ഇരുന്നു. അതിരാവിലെ പോകുന്ന ഏതോ ട്രെയിനിന്റെ ഒച്ച അധികമകലെയല്ലാതെ കേട്ടു. കബീർ വീട്ടുകാരുമായി സംസാരിക്കുകയായിരുന്നു. ആ സ്ത്രീ, നടന്റെ സഹോദരി, കുറച്ചുകഴിഞ്ഞ് എന്റെ അടുക്കൽ വന്ന് കുറെ ചോദ്യങ്ങൾ ചോദിച്ചു. കറുപ്പൻ എന്ന എന്റെ പേരും അതിനൊത്ത നിറവും അവരെ അമ്പരിപ്പിച്ചതായി ഞാൻ കണ്ടു. എന്റെ പൊട്ടിക്കീറിയ ചെരുപ്പുകളിലേക്കു പലവട്ടം നോക്കി അവർ എഴുന്നേറ്റു നടന്നുപോയി. ആശുപത്രി മുറ്റത്തേക്ക് പൊലീസ് വാഹനം കൂടി താമസിയാതെ എത്തി.
-നിങ്ങൾ മലയാളിയാണോ? ചെറുപ്പക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ എതിരെ ഇരുന്നു.
-അതെ മലയാളിയാണ്, ഞാൻ സ്ഥലവും സ്വദേശവും പറഞ്ഞു.
-എന്താണു ജോലി ?
-പ്രൂഫ് റീഡറാണ്, ഞാൻ സ്ഥാപനത്തിന്റെ പേരു പറഞ്ഞു. സ്ഥാപനമുടമയുടെ നമ്പർ ചോദിച്ചു. ഞാൻ അതു കൈമാറി.
-എന്തിനാണു കോഴിക്കോട്ടു വന്നത്? മറ്റൊരു പൊലീസുകാരനൊപ്പം കബീറും അവിടേക്കു വന്നു. ഞാൻ എന്റെ ജോലിയെക്കുറിച്ചു പറഞ്ഞു. അതവർക്കു വിശ്വസനീയമായില്ലെന്നു തോന്നി. തിരിച്ചറിയൽ രേഖകൾ പരിശോധിച്ചശേഷം തിരികെ തന്നു..
ഞങ്ങൾ ആശുപത്രിക്കു പുറത്തിറങ്ങിറങ്ങുമ്പോഴേക്കും നടന്റെ മൃതദേഹം ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയിരുന്നു. നേരം ഇനിയും സമയമുണ്ട്. ആശുപത്രി മുറ്റത്ത് ഞങ്ങൾ മാത്രം. ഹൈമാസ് വിളക്കിന്റെ വെളിച്ചത്തിൽ ഞങ്ങൾ നിന്നു. ഞാൻ കബീറിന്റെ തോളത്തു കൈവച്ചു. അവൻ മുഖം കുനിച്ചു ശബ്ദമില്ലാതെ കരഞ്ഞു. ▮

(അജയ് പി. മങ്ങാട്ടിന്റെ ‘മൂന്ന് കല്ലുകൾ’ ഡി.സി. ബുക്‌സ് ഉടൻ പ്രസിദ്ധീകരിക്കും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


അജയ് പി. മങ്ങാട്ട്

മാധ്യമപ്രവർത്തകൻ, നോവലിസ്റ്റ്, വിവർത്തകൻ. സൂസന്നയുടെ ഗ്രന്ഥപ്പുര, പറവയുടെ സ്വാതന്ത്ര്യം, മൂന്നു കല്ലുകൾ തുടങ്ങിയവ പ്രധാന കൃതികൾ.

Comments